നൂറുവൈഖാനസന്മാർ ഋഷികൾ; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും ദേവതകൾ.
എല്ലാം കാണുന്നവനേ, സഖാവായ ഭവാൻ സ്തുത്യനായിട്ടു, സഖാക്കളായ ഞങ്ങൾക്കായി സർവസ്തോത്രങ്ങളിലും സമാഗമിച്ചാലും! 1
പവമാനസോമമേ, ഇരുപേരുകളുണ്ടല്ലോ, തിരുമുമ്പിൽ വന്നു നില്ക്കുന്നു; അവമൂലം ഉലകിന്നൊക്കെ അരചനാണ്, നിന്തിരുവടി! 2
കവേ, പവമാനസോമമേ, എങ്ങുമുണ്ടല്ലോ, ഭവാന്റെ തേജസ്സുകൾ; അതിനാൽ ഭവാൻ ഋതുക്കളോടുകൂടി എല്ലാടത്തും വർത്തിയ്ക്കുന്നു. 3
സഖാവായ ഭവാൻ സഖാക്കൾക്കു ജീവിപ്പാൻ അന്നമുളവാക്കിക്കൊണ്ടു്, എല്ലാ സ്തുതികളിലും സമാഗമിച്ചാലും! 4
സോമമേ, തേജസ്വിയായ ഭവാന്റെ തെളിരശ്മികൾ ദ്യോവിന്നുതാഴേ തണ്ണീർ പരത്തുന്നു! 5
സോമമേ, ഈ സപ്തനദികൾ അങ്ങയുടെ ശാസനം അനുസരിച്ചുപോരുന്നു; കറവപ്പൈക്കൾ അങ്ങയ്ക്കായി പാഞ്ഞണയുന്നു! 6
സോമമേ, പിഴിയപ്പെട്ട ഭവാൻ ഇന്ദ്രന്നു മത്തുളവാക്കാനും, (ഞങ്ങൾക്ക്) അക്ഷയമായ അന്നം തരാനും ധാരയായൊഴുകുക! 7
മേധാവിയായ അങ്ങയെത്തന്നെയാണല്ലോ, സേവകന്റെ യജ്ഞത്തിൽ ഏഴുചാർച്ചക്കാർ സ്തോത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നതു്! 8
അങ്ങ് ഒച്ചയിട്ടു വെള്ളത്തിൽ നനയുന്നതോടേ, ഭവാനെ വിരലുകൾ തുലോം ഒലിക്കൊള്ളുന്ന, കല്മഷഘ്നമായ കമ്പിളിയിൽ വഴിപോലെ അരിയ്ക്കുന്നു. 9
കവേ, അന്നവാനേ, അരിയ്ക്കപ്പെടുന്ന ഭവാന്റെ നീരുകൾ അന്നം നല്കാനായി, കുതിരകൾപോലെ പുറപ്പെടുന്നു! 10
തേൻ തൂകുന്ന (സോമത്തെ) കലശത്തിലാക്കാൻ കമ്പിളിയിൽ പകരുന്നു; കൈവിരലുകൾ കൊതിയ്ക്കുന്നു! 11
സോമനീരുകൾ കലശത്തിലെയ്ക്കു, കറവപ്പൈക്കൾ തൊഴുത്തിലെയ്ക്കെന്നപോലെ ഗമിയ്ക്കുന്നു; യജ്ഞസ്ഥാനത്തുമെത്തുന്നു. 12
ഇന്ദോ, ഭവാനെ ഗോരസങ്ങളുടുപ്പിയ്ക്കുമ്പോഴെയ്ക്കും, ഞങ്ങളുടെ പെരിയ യജ്ഞത്തിന്ന്, ഒഴുകുന്ന തണ്ണീരുകൾ വരികയായി! 13
ഇന്ദോ, യജിപ്പാൻവേണ്ടി ഈ ഭവാന്റെ സഖ്യത്തിൽ നില്ക്കുന്ന ഞങ്ങൾ ഭവാന്റെ രക്ഷണത്താൽ സഖ്യം കാംക്ഷിയ്ക്കുന്നു. 14
സോമമേ, ഭവാൻ ഗോക്കളെ തിരഞ്ഞുപിടിച്ച മനുഷ്യദ്രഷ്ടാവായ മഹാന്നായി ഒഴുകിയാലും; എന്നിട്ട് ഇന്ദ്രന്റെ തിരുവയറ്റിൽ പ്രവേശിച്ചാലും! 15
സോമമേ, ഇന്ദോ, അവിടുന്നു മഹാനാണു്, മുതിർന്നവനാണു്, ബലിഷ്ഠരിൽവെച്ചു ബലിഷ്ഠനാണു്: അവിടുന്നു യുദ്ധംചെയ്ത് എന്നും ജയിച്ചിരിയ്ക്കുന്നു! 16
കരുത്തരെക്കാൾ പെരുംകരുത്തനും, ശൂരരെക്കാൾ തുലോം ശൂരനും, വളരെക്കൊടുക്കുന്നവരെക്കാൾ അത്യുദാരനുമത്രേ, അവിടുന്നു് ! 17
സോമമേ, സുവീര്യനായ ഭവാൻ അന്നങ്ങൾ കൊണ്ടുവന്നാലും; പുത്രപൗത്രന്മാർക്കും തന്നാലും: ഞങ്ങൾ (അങ്ങയെ) സഖ്യത്തിനു വരിയ്ക്കുന്നു; സാഹായ്യത്തിന്നു വരിയ്ക്കുന്നു! 18
അഗ്നേ, അവിടുന്നു ഞങ്ങൾക്കു ജീവനെ രക്ഷിപ്പാൻ അന്നരസങ്ങൾ അയച്ചാലും; രക്ഷസ്സുകളെ ദൂരത്തുവെച്ചുതന്നേ പീഡിപ്പിച്ചാലും! 19
ഋഷിയും, പഞ്ചജനഹിതനും പുരോഹിതനുമാണു്, പവമാനാഗ്നി: ആ മഹൽസ്തുത്യനോടു ഞങ്ങൾ യാചിയ്ക്കുന്നു! 20
അഗ്നേ, സുകർമ്മാവായ ഭവാൻ ഞങ്ങൾക്കു നല്ല വിര്യമുള്ള തേജസ്സു കിട്ടിച്ചാലും; എനിയ്ക്കു ധനവും പുഷ്ടിയും തന്നാലും! 21
പവമാനം പരിപന്ഥികളെ പിൻതള്ളുന്നു; നല്ല സ്തുതിയിലെയ്ക്കെഴുന്നള്ളുന്നു. സൂര്യൻപോലെ എല്ലാം കാണുന്നു! 22
മനുഷ്യരാൽ വെടുപ്പുവരുത്തപ്പെടുന്ന, അന്നവാനായ, ഹവിസ്സിന്നു ഹിതനായ, വിചക്ഷണനായ ആ ഇന്ദു പോയിക്കൊണ്ടിരിയ്കും! 23
പവമാനം കറുത്ത ഇരുട്ടിനെ അറുത്തു, യഥാർത്ഥ്യവും മഹത്തുമായ വെളുത്ത തേജസ്സിനെ ഉൽപാദിപ്പിച്ചു! 24
അറുത്തുവിടുന്ന, ഒളി വിതറുന്ന പച്ചപ്പവമാനത്തിന്റെ ഇമ്പപ്പെടുത്തുന്ന നീരുകൾ തെരുതെരെ ഒഴുകുന്നു! 25
മുന്തിയ തേരാളിയും, നിർമ്മലങ്ങളെക്കാൾ നിർമ്മലതരവും, പച്ചനിറം തിളങ്ങുന്നതും, മരുത്തുക്കളുടെ മിത്രവുമാണു്, പവമാനം; 26
ആ മികച്ച അന്നദാതാവായ പവമാനം സ്തോതാവിന്നു സുവീര്യം നല്കിക്കൊണ്ടു, രശ്മികൾ പരത്തട്ടെ! 27
പിഴിയപ്പെട്ട സോമം കമ്പിളിയരിപ്പയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അരിയ്ക്കപ്പെട്ട സോമം ഇന്ദ്രങ്കലണയുന്നു! 28
ഇതാ, സോമം ഇന്ദ്രനെ മത്തിന്നു വിളിച്ചുകൊണ്ടു, കാളത്തോലിൽ അമ്മിക്കുഴയുമായി കളിയാടുന്നു! 29
പവമാനമേ, അങ്ങയുടേതാണല്ലോ, സ്വർഗ്ഗത്തിൽനിന്ന് ആഹൃതമായ കീർത്തിപ്പെട്ട പാൽ; അതു ദീർഘായുസ്സിന്നായിത്തന്നു ഞങ്ങളെ സുഖിപ്പിച്ചാലും! 30
[2] ഇരുപേരുകൾ – അംശു(ലത), സോമൻ; അങ്ങ് ലതയായി ഭൂമിയെയും, സോമ (ചന്ദ്ര)നായി ആകാശത്തെയും ഭരിയ്ക്കുന്നു.
[4] സഖാക്കൾക്കു – ഞങ്ങൾക്ക്.
[5] തണ്ണീർ പരത്തുന്നു – മഴ പെയ്യിയ്ക്കുന്നു.
[6] അങ്ങയ്ക്കായി – അങ്ങയുടെ നീരിൽ പാൽ പകരാൻ.
[8] സേവകൻ – യജമാനൻ. ഏഴുചാർച്ചക്കാർ – സപ്തഹോത്രകന്മാർ.
[10] നല്കാനായി – യഷ്ടാക്കൾക്ക്. കുതിരകൾപോലെ – കുതിരകൾ ലായത്തിൽനിന്നെന്നപോലെ.
[11] കൊതിയ്ക്കുന്നു – വീണ്ടും വീണ്ടും ശുദ്ധീകരിപ്പാൻ.
[16] മഹാൻ – ഇന്ദ്രൻ.
[18] തന്നാലും – അന്നാദികൾ.
[20] മഹൽസ്തുത്യൻ – മഹാന്മാരായ ദേവന്മാരാൽപ്പോലും സ്തുതിയ്ക്കപ്പെടേണ്ടവൻ. യാചിയ്ക്കുന്നു – ധനവും മറ്റും.
[23] പോയിക്കോണ്ടിരിയ്ക്കും – ദേവന്മാരുടെ അടുക്കലെയ്ക്ക്.
[25] അറുത്തുവിടുന്ന – ഇരുട്ടിനെ നശിപ്പിയ്ക്കുന്ന. പച്ച – പച്ചനിറം. ഇമ്പപ്പെടുത്തുന്ന – ദേവന്മാരെ.
[30] ആഹൃതമായ – പരുന്തിനാൽ കൊണ്ടുവരപ്പെട്ട. പാൽ – സോമരസം.