ഭരദ്വാജൻ, കശ്യപൻ, ഗോമതൻ, അത്രി, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ, അംഗിരഃപുത്രൻ പവിത്രൻ എന്നിവർ ഋഷികൾ; ഗായത്രിയും ദ്വിപദാഗായത്രിയും അനുഷ്ടുപ്പും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും പവമാനസവിതാവും വിശ്വേദേവകളും പവമാനമണ്ഡലാധ്യേതൃസ്തുതിയും ദേവതകൾ.
സോമമേ, തുലോം മത്തുപിടിപ്പിയ്ക്കുന്നവനും, തുലോം ബലിഷ്ഠനും, അധ്വരത്തിൽ ഒഴുകാനിച്ഛയ്ക്കുന്നവനുമാണല്ലോ, ഭവാൻ; അവിടുന്നു ധനം നല്കിക്കൊണ്ടു് അരിയ്ക്കപ്പെട്ടാലും! 1
നേതാക്കളെ ഇമ്പപ്പെടുത്തുന്ന, ദാതാവായ, പ്രാജ്ഞനായ ഭവാൻ പിഴിയപ്പെട്ട്, ഇന്ദ്രനെ അന്നംകൊണ്ടു് അത്യന്തം മത്തുപിടിപ്പിച്ചാലും! 2
അമ്മിക്കുഴകൊണ്ടു പിഴിയപ്പെടുന്ന ഭവാൻ ഒച്ചമുഴക്കിക്കൊണ്ട് തിളങ്ങുന്ന മികച്ച കെല്പെടുത്താലും! 3
പിഴിയപ്പെടുന്ന പച്ചസ്സോമം കമ്പിളിയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അന്നത്തെ ശബ്ദിപ്പിയ്ക്കുന്നു! 4
ഇന്ദോ, സോമമേ, ഭവാൻ കമ്പിളിയിലണയുന്നു; അന്നങ്ങളിലണയുന്നു; ധനങ്ങളിലണയുന്നു; പശുക്കളിലും ബലങ്ങളിലുമണയുന്നു! 5
ഇന്ദുവേ, സോമമേ, അവിടുന്നു ഞങ്ങൾക്കു നൂറുഗോക്കളോടും മാടുകളോടും അശ്വങ്ങളോടുംകൂടിയ ആയിരം ധനം കൊണ്ടുവന്നാലും! 6
പവമാനസോമം അരിപ്പയിൽനിന്നു ചിക്കെന്നൊഴുകി, ഇന്ദ്രങ്കൽ ചെന്നെത്തുന്നു! 7
സർവോൽക്കൃഷ്ടമായ ഇന്ദു – പണ്ടേ ഉള്ള സോമരസം – സഞ്ചരിഷ്ണുവായ ഇന്ദ്രങ്കൽ ചെല്ലാൻ അരിയ്ക്കപ്പെടുന്നു! 8
മധു തൂകുന്ന സുവീര്യമായ പവമാനത്തെ വിരലുകൾ പിഴിയുന്നു; സ്തോതാക്കൾ വഴിപോലെ സ്തുതിയ്ക്കുന്നു. 9
മേഷവാഹനനായ പൂഷാവു യാത്രയിൽ ഞങ്ങളെ രക്ഷിയ്ക്കട്ടെ; കന്യകന്മാർ ഞങ്ങളോടു ചേരുമാറാകട്ടെ! 10
ഇതാ, സോമം കപർദ്ദിയ്ക്കായി, മത്തുണ്ടാക്കുന്ന നെയ്യുപോലെ ഒഴുകുന്നു. കന്യകന്മാർ ഞങ്ങളോടു ചെരുമാറാകട്ടെ! 11
എങ്ങും വിളങ്ങുന്നവനേ, ഇതാ, അങ്ങയ്ക്കയി പിഴിഞ്ഞതു, പരിശുദ്ധമായ നെയ്യുപോലെ ഒഴുകുന്നു. കന്യകമാർ ഞങ്ങളോടു ചേരുമാറാകട്ടെ! 12
സോമമേ, കവികൾക്കു വാക്കുളവാക്കുന്ന ഭവാൻ ധാരയായൊഴുകിയാലും: ദേവന്മാർക്കു രത്നം കൊടുക്കുന്നവനാണല്ലോ, അവിടുന്നു്! 13
കലശങ്ങലിലെയ്ക്കു പായുന്നു: പരുന്തുകൂട്ടിൽ കടക്കുന്നു – ഒച്ച മുഴക്കിക്കൊണ്ടു ദ്രോണത്തിൽ പൂകുന്നു! 14
സോമമേ, കലശത്തിൽ പിഴിഞ്ഞ ഭവാന്റെ നീരു് പകർന്നു വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ഇതു പരുന്തുപോലെ പറന്നുചെല്ലട്ടെ! 15
സോമമേ, ഇനിപ്പേറിയ ഭവാൻ ഇന്ദ്രന്നായി, ഇമ്പപ്പെടുത്തിക്കൊണ്ടൊഴുകിയാലും! 16
അന്നദാനപരം ദേവകൾക്കു കുടിപ്പാൻ, തേർപോലെ അയയ്ക്കപ്പെടുന്നു. 17
ആ പിഴിയപ്പെട്ടു തിളങ്ങുന്ന അതിമാദകം ഒച്ച പുറപ്പെടുവിയ്ക്കുന്നു! 18
സോമമേ, അമ്മിക്കുഴകൊണ്ടു ചതയ്ക്കപ്പെട്ട ഭവാൻ സ്തുതനായി, സ്തോതാവിന്നു സുവീര്യം നല്കാൻ, അരിപ്പയിലെയ്ക്കു പോകുന്നു. 19
ഇതാ, ചതച്ചു സ്തുതിയ്ക്കപ്പെട്ട രക്ഷോഹന്താവു കമ്പിളിയരിപ്പവിട്ട് ഉൾപ്പൂകുന്നു. 20
ഇവിടെ അരികത്തോ, അകലത്തോ യാതൊരു ഭയം എന്നെ ബാധിയ്ക്കുമോ; പവമാനമേ, അതിനെ ഭവാൻ നശിപ്പിയ്ക്കണം! 21
സർവദ്രഷ്ടാവായ നമ്മുടെ പവമാനൻ തേജസ്സുകൊണ്ടു നമ്മെ ഇപ്പോൾത്തന്നെ വിശുദ്ധിപ്പെടുത്തട്ടെ: പരിശുദ്ധനാണല്ലോ, താൻ! 22
അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളുടെ ഇടയിൽ പരന്നിരിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളുടെ ദേഹം വിശുദ്ധിപ്പെടുത്തിയാലും! 23
അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളിൽ വർത്തിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും – സോമാഭിഷവങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 24
സവിതാവേ, ദേവ, നിന്തിരുവടി തേജസ്സുകൊണ്ടും സവനം കൊണ്ടും – രണ്ടു കൊണ്ടും – എന്നെ എങ്ങും വിശുദ്ധിപ്പെടുത്തിയാലും! 25
ദേവ, സവിതാവേ, സോമമേ, അഗ്നേ, അവിടുന്നു ത്രാണിയുള്ള തടിച്ച, മൂന്നു ശരീരങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 26
ദേവന്മാർ എന്നെ വിശുദ്ധനാക്കട്ടെ; വസുക്കൾ കർമ്മത്താൽ വിശുദ്ധനാക്കട്ടെ; വിശ്വേദേവകളേ, നിങ്ങൾ എന്നെ വിശുദ്ധനാക്കുവിൻ; ജാതവേദസ്സേ, ഭവാൻ എന്നെ വിശുദ്ധനാക്കുക! 27
സോമമേ, അവിടുന്നു തുലോം വർദ്ധിപ്പിച്ചാലും – എല്ലാ ലതകൾക്കൊണ്ടും ദേവന്മാർക്കു് ഉത്തമഹവിസ്സ് ഒഴുക്കിയാലും! 28
ഒച്ചമുഴക്കുന്ന, ആഹുതിവർദ്ധനീയനായ പ്രിയയുവാവിനെ നാം നമസ്സോടേ സമീപിയ്ക്കുക! 29
ദേവ, സോമമേ, എതിരിടുന്നവന്ന് ഒരു കോടാലിയായ ഭവാൻ അവനെത്തന്നെ – ദേവ, സോമമേ, ആ ദ്രോഹിയെത്തന്നെ – നശിപ്പിച്ചാലും; ഇങ്ങോട്ടെഴുനള്ളിയാലും! 30
ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം യാവചിലർ ജപിയ്ക്കുമോ, അവർക്കെല്ലാം വായുവിനാൽ മധുരിതമായ പരിശുദ്ധാന്നം കിട്ടും! 31
ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം ആർ ജപിയ്ക്കുമോ, അവന്നു പാലും നെയ്യും മധുരസവും സരസ്വതി കറന്നുകൊടുക്കും! 32
[2] അന്നം – നീരാകുന്ന ഹവിസ്സ്.
[4] അന്നത്തെ – തന്റെ നീരിനെ.
[5] അന്നാദികൾ ഞങ്ങൾക്കു കിട്ടിച്ചാലുമെന്നു ഹൃദയം.
[10] ചേരുമാറാകട്ടെ – ഞങ്ങൾക്കു നല്ല കന്യകമാരെയും തരിക എന്നർത്ഥം.
[11] കപർദ്ദി – പൂഷാവ്.
[12] പൂഷാവിനോടു്: പിഴിഞ്ഞതു – സോമരസം.
[13] കവികൾ – സ്തോത്രകാരർ. ദേവന്മാർ – കർമ്മികൾ.
[14] സോമം കലശങ്ങളിലെയ്ക്കു പായുന്നതു, പരുന്തു കൂട്ടിൽക്കടക്കുന്നതു പോലെയാണെന്നു, ലുപ്തോപമ. ദ്രോണം – മൂന്നു പാത്രങ്ങളിലൊന്ന്.
[15] വെയ്ക്കപ്പെട്ടിരിയ്ക്കുന്നു – ചമസങ്ങളിൽ. പറന്നുചെല്ലട്ടെ – ദേവന്മാരുടെ അടുക്കൽ.
[17] അന്നദാനപരം – സോമം. അയയ്ക്കപ്പെടുന്നു – ഋത്വിക്കുകളാൽ.
[18] അതിമാദകം – സോമം.
[20] രക്ഷോഹന്താവ് – സോമം. ഉൾപ്പൂകുന്നു – കലശത്തിൽ.
[23] പവമാനാഗ്നിയോടു്:
[25] സവിതാവേ, ദേവ – സർവപ്രേരകനായ സോമമേ.
[28] വർദ്ധിപ്പിച്ചാലും – ഞങ്ങളെ ഹവിസ്സ് – നീര്.
[29] പ്രിയയുവാവ് – സോമം.
[30] കോടാലിയായ – കോടാലിപോലെ ശത്രുവിനെ വെട്ടിവീഴ്ത്തുന്ന അവനെത്തന്നെ – അനപരാധരായ ഞങ്ങളെയല്ല.
[31] സത്ത് – വേദങ്ങളുടെ സാരം. വായു – അരിപ്പ. മധുരിതം = സ്വാദൂകൃതം.
[32] മധുരസം – മദകരമായ സോമനീർ.