ഭലന്ദനപുത്രൻ വത്സപ്രി ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.
സോമങ്ങൾ ഇന്ദ്രന്നായി, മത്തുപിടിപ്പിയ്ക്കുന്ന നീർ, കറവപ്പൈക്കൾപോലെ ഒഴുകുന്നു; ദർഭയിൽ നില്ക്കുന്ന ഗോക്കൾ ഉമ്പയിട്ടുകൊണ്ടു്, അകിടുകളിൽ പരിശുദ്ധമായ രസം വഹിയ്ക്കുന്നു. 1
ആ ഒച്ചമുഴക്കുന്ന, പച്ചനിറം പൂണ്ട ദേവൻ മുഖ്യസ്തുതികളെക്കുറിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു; മുളച്ചുപൊന്തിയവയെ വിടർത്തി സ്വാദുപിടിപ്പിയ്ക്കുന്നു; അരിപ്പ വിട്ട്, അതിവേഗത്തിൽ ഒഴുകുന്നു; ഹന്തവ്യരെ തട്ടിനീക്കുന്നു; വരം നല്കുന്നു. 2
ഈ സോമം തമ്മിൽച്ചേർന്ന ഇരുവരെ വിനിർമ്മിച്ചു; ഒപ്പം വളർന്ന അവരെ, ശക്തകളാക്കാൻ പാൽകൊണ്ടു നനച്ചു; അറ്റമില്ലാത്ത വലുപ്പമുള്ള ഈ ദ്യാവാപൃഥിവികളെ വേർതിരിച്ചു, ചുറ്റും നടന്ന്, അക്ഷയമായ ബലം കൈക്കൊണ്ടു! 3
ആ മേധാവിയായ സോമം ഇരുമാതാക്കളിൽ സഞ്ചരിച്ചു, ജലം പൊഴിച്ച്, അന്നത്തോടുകൂടി സ്വസ്ഥാനം തടിപ്പിയ്ക്കുന്നു; നേതാക്കളാൽ എടുത്തു യവത്തോടു ചേർക്കപ്പെടുന്നു; വിരലുകളോടു ചേരുന്നു; ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു! 4
വളർന്ന മനസ്സോടേ. പിറന്ന കവി, തണ്ണീരിന്റെ ഗർഭമായി മുകളിൽ നിയമപൂർവം നിർത്തപ്പെട്ടു. യുവാക്കളായ രണ്ടു പേരും മുമ്പു തന്നെ അറിയപ്പെട്ടിരിയ്ക്കുന്നു: പകുതി ജനനം ഒളിവിലും പകുതി വെളിയിലുമാക്കുന്നു. 5
മനീഷികൾക്കറിയാം, മാദകമായ സോമത്തിന്റെ രൂപം: പരുന്തു ദൂരത്തുനിന്നു യാതൊരന്നം കൊണ്ടുവന്നുവോ, അതിനെ – വഴിപോലെ വളർന്ന, ദേവകാമമായ, ചുറ്റും നടക്കുന്ന, സ്തുത്യമായ സോമത്തെ – തണ്ണീരുകളിൽ കഴുകുന്നു. 6
സോമമേ, ഋഷിമാർ പിഴിഞ്ഞുവെച്ച അങ്ങയെ സ്തുതിയോടും കർമ്മത്തോടുംകൂടി പത്തുവിരലുകൾ കമ്പിളിയിൽ അരിയ്ക്കുന്നു; ദേവന്മാരെ വിളിയ്ക്കുന്ന നേതാക്കന്മാരാൽ എടുക്കപ്പെട്ട ഭവാൻ ദാനത്തിന്ന് അന്നം തുറക്കുകയും ചെയ്യുന്നു! 7
ചുറ്റും നടക്കുന്ന, കാമ്യമാനമായ, ശോഭനാഗമമായ സോമത്തെ മനീഷികൾ സ്തുതിയ്ക്കുന്നു: ഈ മധുമാൻ തണ്ണീരലയോടുകൂടി വാനിൽനിന്നു പൊഴിയുന്നു; സമ്പത്തടക്കുന്ന ഈ അമർത്ത്യൻ ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 8
ഈ സോമം വാനിൽനിന്നു വെള്ളമെല്ലാം ഇങ്ങോട്ടയയ്ക്കുന്നു; അരിയ്ക്കപ്പെട്ടു കലശങ്ങളിൽ കടക്കുന്നു. അമ്മികളിൽ പിഴിഞ്ഞ് അരിയ്ക്കപ്പെട്ട ഇന്ദു തന്നീരുകൾകൊണ്ടും ഗോരസങ്ങൾകൊണ്ടും ചമയിയ്ക്കപ്പെടുന്നു; അരിയ ധനം കിട്ടിയ്ക്കുന്നു! 9
സോമമേ, കയ്യിലെടുത്തിട്ടുള്ള ഭവാൻ, സേചിയ്ക്കപ്പെടുമ്പോൾത്തന്നെ, ഞങ്ങൾക്കു വിചിത്രമായ ധനം ഒഴുക്കിയാലും! ഞങ്ങൾ ദ്വേഷമില്ലാത്ത ദ്യാവാപൃഥിവികളെ വിളിയ്ക്കാം. ദേവന്മാരേ, നിങ്ങളും ഞങ്ങൾക്കു ധനവും നല്ല വീരരെയും തരുവിൻ! 10
[1] കറവപ്പൈക്കൾപോലെ – പൈക്കൾ കുട്ടിയ്ക്കു പാൽ ഒഴുക്കുന്നതുപോലെ. രസം – പാലായിത്തീർന്ന സോമരസം. വഹിയ്ക്കുന്നു – ഇന്ദ്രന്നായി.
[2] ശബ്ദം പുറപ്പെടുവിയ്ക്കുന്നു – സ്തുതി നന്നായി എന്നു പറകയാണെന്നു തോന്നും. മുളച്ചുപൊന്തിയവയെ – യ്സസ്യങ്ങളെ. ഹന്തവ്യർ – രാക്ഷസർ. വരം – ധനം. നല്കുന്നു – യജമാനന്മാർക്കു.
[3] ഇരുവർ – ദ്യാവാപൃഥിവികൾ. വിനിർമ്മിയ്ക്കുക – വിശേഷേണ നിർമ്മിയ്ക്കുക. ശക്തകൾ = ത്രാണിയുള്ളവർ. പാൽ – സ്വന്തം നീര്.
[4] ഇരുമാതാക്കൾ – ദ്യാവാപൃഥിവികൾ. യവം – യവമലർപ്പൊടി. ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു – ന്തളർച്ച പെട്ടവയ്ക്കു സ്വന്തം നീരുകൊണ്ടു വളർച്ച വരുത്തുന്നു.
[5] മുകളിൽ – അന്തരിക്ഷത്തിൽ. നിർത്തപ്പെട്ടു – ദേവന്മാരാൽ. രണ്ടുപേരും – സോമസൂര്യന്മാർ. ഒളിവിലും – രാത്രിയിലും. വെളിവിലും – പകലിലും. സോമൻ രാത്രിയിൽ; സൂര്യൻ പകലിൽ.
[8] കാമ്യമാനം – ദേവന്മാരാൽ കാംക്ഷിയ്ക്കപ്പെടുന്നതു്. പോഴിയുന്നു – കലശത്തിലെയ്ക്ക്. സമ്പത്ത് – ശത്രുധനം.
[10] കയ്യിലെടുത്തിട്ടുള്ള – ധനം.