അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
സ്തുതി, വില്ലിന്മേൽ അമ്പുപോലെ വെയ്ക്കപ്പെടുന്നു; തള്ളയുടെ അകിട്ടിലെയ്ക്കു കന്നെന്നപോലെ അയയ്ക്കപ്പെടുന്നു. തന്തിരുവടി, ഒരു പയസ്വിനിപോലെ, മുമ്പിൽച്ചെന്നു ചുരത്തും. തനിയ്ക്കുള്ള കർമ്മങ്ങളിലും വേണമല്ലോ, സോമം. 1
സ്തുതി ചേർക്കപ്പെടുന്നു; മധു സേചിയ്ക്കപ്പെടുന്നു. മത്തുപിടിപ്പിയ്ക്കുന്ന നീര് തിരുവായിൽ വീഴ്ത്തപ്പെടുന്നു. മത്തുണ്ടാക്കുന്ന പവമാനം, യോദ്ധാക്കളുടെ ശരംപോലെ, പാഞ്ഞു കമ്പിളിയിലണയുന്നു. 2
പച്ചനിറം പൂണ്ട യഷ്ടവ്യനായ സോമം വധൂക്കളോടുകൂടി കമ്പിളിയിൽ ചുറ്റി നടക്കുന്നു; പൃഥിവിയിൽ പിറന്ന മക്കളെ യഷ്ടാവിന്നായി വിടർത്തുന്നു; എടുക്കപ്പെട്ടു കേറുന്നു; കെല്പു മൂർച്ചപ്പെടുത്തി, ഒരു മഹാൻപോലെ ശോഭിയ്ക്കുന്നു! 3
കൂറ്റൻ മുക്രയിടുന്നു, പൈക്കൾ പിറകേ ചെല്ലുന്നു – അതുപോലെ ദേവിമാർ ദേവനെ സമീപിയ്ക്കുന്നു. ആ സോമം വെള്ളക്കമ്പിളി വിട്ടിറങ്ങി, ഒരു കവചമെന്നപോലെ കൂട്ടുപദാർത്ഥം ധരിയ്ക്കുന്നു! 4
പച്ചവർണ്ണമിയന്ന അമർത്ത്യൻ നീരാടിയ്ക്കപ്പെട്ടിട്ട്, അലക്കാഞ്ഞാലും നിറപ്പൊലിമയുള്ള പുടവകൊണ്ടു പുതയ്ക്കുന്നു. പാപങ്ങളെ കഴുകാൻ ആദിത്യനെയും, ദ്യാവാപൃഥിവികൾക്കുടുക്കാൻ തത്തേജസ്സിനെയും താൻ നിർമ്മിച്ചു! 5
സൂര്യരശ്മികൾപോലെ ഒഴുകുന്ന, മത്തുണ്ടാക്കുന്ന, ഉറക്കുന്ന, വ്യാപിയ്ക്കുന്ന സോമനീരുകൾ വസ്ത്രം ഒപ്പമുടുക്കുന്നു: ഇന്ദ്രനൊഴിച്ചു മറ്റൊരു ശരീരത്തിലെയ്ക്കും അവ പോകാറില്ല! 6
ഋത്വിക്കുകളാൽ ഒഴുക്കപ്പെട്ട മദകരങ്ങൾ, നദീജലങ്ങൾ നിമ്നസ്ഥലത്തെയ്ക്കെന്നപോലെ നടകൊള്ളുന്നു; സോമമേ, അങ്ങ് ഞങ്ങളിൽ എഴുന്നള്ളി, ഇരുകാലികൾക്കും നാല്ക്കാലികൾക്കും സുഖം വരുത്തുക; അന്നങ്ങളും ആളുകളും ഞങ്ങളുടെ അടുക്കൽ സ്ഥിതിചെയ്യട്ടെ! 7
അങ്ങ് ഞങ്ങൾക്കു സ്വർണ്ണവും, അശ്വവും, ഗോവും, യവവുമാകുന്ന സുവീര്യമായ ധനം ഒഴുക്കിയാലും: സോമമേ, സ്വർഗ്ഗത്തിന്റെ തലകളും കർമ്മൈകതാനരും ഹവിസ്സുണ്ടാക്കുന്നവരുമായ എന്റെ അച്ഛന്മാരാണല്ലോ, നിങ്ങൾ! 8
ഈ പവമാനസോമങ്ങൾ ഇന്ദ്രങ്കലെയ്ക്കു, തേരുകൾ പോരിലെയ്ക്കെന്നപോലെ പായുന്നു; പിഴിയപ്പെട്ടു, കമ്പിളിയരിപ്പയിൽ കേറിയിറങ്ങുന്നു; ജര വെടിഞ്ഞു, പച്ചക്കുതിരകളായിച്ചമഞ്ഞു മഴയ്ക്കു ചെല്ലുന്നു! 9
ഇന്ദോ, അതീവ സുഖകരനും അനവദ്യനും അരിന്ദമനുമായ ഭവാൻ പെരിയ ഇന്ദ്രന്നായി ഒഴുകിയാലും; സ്തോതാവിന്ന് ഇമ്പപ്പെടുത്തുന്ന സമ്പത്തു കൊണ്ടുവന്നാലും. ദ്യാവാപൃഥിവികളേ, നിങ്ങളും ഞങ്ങളെ ധനംകൊണ്ടു കാത്തരുളുവിൻ! 10
[1] വെയ്ക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. അയയ്ക്കപ്പെടുന്നു – ഇന്ദ്രങ്കലെയ്ക്ക്. പയസ്വിനിപോലെ – പാലേറിയ പയ്യു കുട്ടിയ്ക്കു പാൽ ചുരത്തിക്കൊടുക്കുന്നതുപോലെ, തന്തിരുവടി (ഇന്ദ്രൻ) സ്തോതാക്കളുടെ മുമ്പിൽ ചെന്ന് അഭീഷ്ടങ്ങൾ നല്കും തനിയ്ക്ക് – ഇന്ദ്രന്ന്.
[2] ചേർക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. മധു – മദകരമായ സോമം. തിരുവായിൽ – ഇന്ദ്രന്റെ.
[3] വധൂക്കൾ – തണ്ണീരുകൾ. മക്കളെ – ഓഷധികളെ. വിടർത്തുന്നു – ഫലവതികളാക്കാൻ തുമ്പത്ത് വിടർത്തുന്നു. കേറുന്നു – പാത്രങ്ങളിൽ.
[4] ദേവിമാർ – സ്തുതികൾ. ദേവനെ – സോമത്തെ. കൂട്ടുപദാർത്ഥം – ക്ഷീരാദി.
[5] നീരാടിയ്ക്ക – കഴുകുക. പുടവ – പാൽ. താൻ – സോമം.
[6] ഉറക്കുന്ന – ശത്രുക്കളെ ദീർഘനിദ്രയിൽ കിടത്തുന്ന, കൊല്ലുന്ന. വസ്ത്രം – അരിപ്പ.
[7] ആളുകൾ – പുത്രാദികൾ. സ്ഥിതിചെയ്യട്ടെ – ഉണ്ടായിവരട്ടെ എന്നർത്ഥം.
[8] തലകൾ – പ്രധാനഭൂതർ. എന്റെ അച്ഛന്മാർ – അംഗിരസ്സുകൾ. നിങ്ങൾ – അങ്ങും അങ്ങയുടെ വർഗ്ഗക്കാരും.
[9] തേരുകൾ – ഇന്ദ്രന്റെതന്നെ. ജര വെടിഞ്ഞു – യുവാക്കളായി (കരുത്തരായി)ത്തീർന്ന്. മഴയ്ക്കു – മഴപെയ്യിയ്ക്കാൻ. പച്ചക്കുതിരകൾ – നിറംകൊണ്ടും, വേഗംകൊണ്ടും.