വിശ്വാമിത്രപുത്രൻ രേണു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
പുരാതനമായ അന്തരിക്ഷത്തിൽ വർത്തിയ്ക്കുന്ന ഇദ്ദേഹത്തിന്നായി ഇരുപത്തൊന്നു കറവപ്പൈക്കൾ യഥാർത്ഥമായ കൂട്ടുപദാർത്ഥം ചുരത്തുന്നു; യജ്ഞത്താൽ വർദ്ധിയ്ക്കുമ്പോൾ ഇദ്ദേഹം വേറേ നാലു മനോജ്ഞജലങ്ങളെ ശുദ്ധീകരണത്തിന്നായി നിർമ്മിയ്ക്കുന്നു. 1
മനോജ്ഞമായ ജലം യാചിയ്ക്കപ്പെട്ടാൽ ദേവൻ വാനൂഴികൾ രണ്ടിനെയും മേധാവ്യാപാരംകൊണ്ടു തുറക്കും; തന്റെ ഇരിപ്പിടം അന്നയുക്തന്മാർ കണ്ടെത്തുന്നതോടേ, അവിടുന്നു തിളങ്ങുന്ന തണ്ണീരുകളെ മഹത്ത്വംകൊണ്ടു മൂടും! 2
തന്തിരുവടിയുടെ അനശ്വരങ്ങളും അഹിംസ്യങ്ങളുമായ രശ്മികൾ ഇരുജഗത്തുകളെയും രക്ഷിയ്ക്കട്ടെ: അവകൊണ്ടാണല്ലോ, താൻ ബലങ്ങളെയും ദേവാന്നങ്ങളെയും പുറപ്പെടുവിയ്ക്കുന്നതു് ഉടൻതന്നെ സ്തുതികൾ ഈ രാജാവിനെ സമീപിയ്ക്കും! 3
നല്ലതു ചെയ്യുന്ന പത്തിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്ന ആ മനുഷ്യദർശി സഹായഭൂതനായി അളക്കാൻ നടുവിലെ അമ്മമാരിൽ സ്ഥിതിചെയ്യുന്നു; മനോജ്ഞമായ ജലത്തിന്നായി കർമ്മങ്ങളെ രക്ഷിച്ചുകൊണ്ട്, ഇരുപ്രജകളെയും ഭരിച്ചുപോരുന്നു! 4
അരിയ്ക്കപ്പെടുന്ന ആ വൃഷാവു (ലോകത്തെ) താങ്ങുന്ന ഇന്ദ്രബലത്തിന്നായി വാനൂഴികളുടെ ഇടയിൽ വർത്തിച്ച്, എങ്ങും നടക്കുന്നു;
കെല്പിനാൽ ദുഃഖകാരികളായ ദുരാത്മാക്കളെ വിളിച്ചു വിളിച്ച്, ഒരെയ്ത്തുകാരൻപോലെ പീഡിപ്പിയ്ക്കുന്നു! 5
അവിടുന്ന് ഇരുമാതാക്കളെ നോക്കി നോക്കി, ഒരു കന്നെന്നപോലെ തുലോം ഒച്ചയിടുന്നു – മരുദ്ഗണംപോലെ ഇരമ്പുന്നു. വെള്ളം സവർഹിതവും പ്രധാനവുമാണെന്നറിയുന്ന ആ സുകർമ്മാവ് പ്രശസ്തിയ്ക്കായി ആരിൽ ചെല്ലും? 6
പേടിപ്പെടുത്തുന്ന വൃഷഭം – സുഷ്ഠുദർശിയായ സോമം – കെല്പിന്നായി, പച്ചനിറമാർന്ന ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു മുക്രയിടും; വഴിപോലെ നിർമ്മിയ്ക്കപ്പെട്ട സ്ഥാനത്തു വാണരുളും. തന്തിരുവടിയ്ക്കു കാളത്തോലിലും കമ്പിളിയിലുമത്രേ, ശുചീകരണം. 7
അനഘമായ ദേഹത്തെ ശുചീകരിച്ചു തിളക്കം പൂണ്ട ശ്യാമളവർണ്ണൻ ഉയർന്ന കമ്പിളിയിൽ ഒഴിയ്ക്കപ്പെടുന്നു. പിന്നീടു, സുകർമ്മാക്കൾ മിത്രവരൂണവായുക്കൾക്കു മതിയാവോളം മധു മൂന്നുംകൂട്ടി വെയ്ക്കുന്നു. 8
സോമമേ, വൃഷാവായ ഭവാൻ ദേവകൾക്കു കുടിപ്പാനായി ഒഴുകുക; ഇന്ദ്രന്നു പ്രിയപ്പെട്ട സോമപാത്രം പൂകുക. ഉപദ്രവം വരുന്നതിന്നുമുമ്പു ഞങ്ങളെ അരക്കരുടെ അപ്പുറത്താക്കുക: മാർഗ്ഗജ്ഞൻ ചോദിയ്ക്കുന്നവന്നു വഴികൾ പറഞ്ഞുകൊടുക്കുമല്ലോ! 9
ഇന്ദോ, തെളിയ്ക്കപ്പെട്ട കുതിരപോലെ ഭവാൻ കലശത്തിലെയ്ക്കു നടക്കുക; ഇന്ദ്രന്റെ വയറ്റിൽ കടക്കുക. അറിവുള്ള ഭവാൻ ഞങ്ങളെ തോണികൊണ്ടു പുഴയെന്നപോലെ കടത്തണം – ഒരു ശൂരനെന്നപോലെ പൊരുതി, ഞങ്ങളെ നിന്ദകർക്കപ്പുറത്താക്കണം! 10
[1] ഇദ്ദേഹം – പവമാനസോമം. കൂട്ടുപദാർത്ഥം – പാൽ. നാലു മനോജ്ഞജലങ്ങൾ – മൂന്നു വസതീവരികളും ഒരു ഏകധനയും.
[2] ദേവൻ – സോമം. മേധാവ്യാപാരം – ബുദ്ധിയെ വ്യാപരിപ്പിയ്ക്കൽ, വിചിന്തനം. അന്നയുക്തന്മാർ – ഋത്വിക്കുകൾ. തുറക്കും – വെള്ളംകൊണ്ടു നിറയ്ക്കുമെന്നർത്ഥം.
[3] ഇരുജഗത്തുകൾ – ചരങ്ങളും അചരങ്ങളും. അവ – രശ്മികൾ. ഉടൻതന്നെ – പിഴിഞ്ഞു കഴിഞ്ഞതോടേ. രാജാവ് – സോമം.
[4] പത്തിനാൽ – പത്തുവിരലുകളാൽ. അളക്കാൻ – ലോകങ്ങളെ. നടുവിലെ അമ്മമാർ – തണ്ണീരുകൾ. ഇരുപ്രജകൾ – ദേവന്മാരും മനുഷ്യരും.
[5] വൃഷാവ് – സോമം. ഇന്ദ്രബലത്തിന്നായി – ഇന്ദ്രന്നു ബലമുണ്ടാക്കാൻ. ദുരാത്മാക്കൾ – അസുരന്മാർ. വിളിച്ച് – യുദ്ധത്തിന്ന്. എയ്ത്തുകാരൻ – ശരപ്രയോഗകുശലനായ ശൂരൻ.
[6] ആ സുകർമ്മാവ് – സോമം. പ്രശസ്തിയ്ക്കായി – സ്തുതി കേൾപ്പാൻ. ആരിൽച്ചെല്ലും? – നമ്മളിലല്ലാതെ അന്യരിൽ പോകില്ല!
[7] പേടിപ്പെടുത്തുന്ന – ശത്രുക്കളെ. വൃഷഭം – അഭീഷ്ടവർഷിയായ സോമം; കാളയെന്നും. ഇരുകൊമ്പുകൾ – രണ്ടു നിർദ്ധാരകൾ. സ്ഥാനത്തു – കലശത്തിൽ.
[8] ഒഴിയ്ക്കപ്പെടുന്നു – ഋത്വിക്കുകൾ പകരുന്നു. സുകർമ്മാക്കൾ – ഋത്വിക്കുകൾ. മധു – മദകരമായ സോമരസം. മൂന്നുംകൂട്ടി – വെള്ളവും തയിരും പാലും ചേർത്ത്.
[10] കുതിരപോലെ – അശ്വം യുദ്ധത്തിലെയ്ക്കെന്നപോലെ. കടത്തണം എന്നതിന്റെ വിവരണമാണ്, അനന്തരവാക്യം.