വിശ്വാമിത്രപുത്രൻ ഋഷഭൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
ദക്ഷിണ കൊടുക്കപ്പെടുന്നു: പച്ചനിറമിയന്ന ബലവാൻ കലശം പൂകുന്നു; ദ്രോഹിയായ രക്ഷസ്സിൽനിന്ന് ഉണർവോടേ രക്ഷിയ്ക്കുന്നു; അന്തരിക്ഷത്തിൽ ജലം നിർത്തുന്നു; വാനൂഴികൾക്ക് ആച്ഛാദനത്തിന്നും, ശുചീകരണത്തിന്നും മേലാളെ വെയ്ക്കുന്നു! 1
ശത്രുകർശനൻ, ഒരു പടയാളിപോലെ അലറിക്കൊണ്ടു പായുന്നു; തന്റെ ആ അസുരപീഡകമായ പച്ചനിറം പുറപ്പെടുവിയ്ക്കുന്നു. ജര വെടിയുന്നു: അന്നഭൂതൻ ദ്രോണകലശം പ്രാപിയ്ക്കുന്നു; ദേഹം അരിപ്പയിലണയ്ക്കുന്നു! 2
താൻ അമ്മികൾകൊണ്ടും കൈകൾകൊണ്ടും പിഴിയപ്പെട്ട്, ഒരു കാളപോലെയായിച്ചമയുന്നു; സ്തുതിയ്ക്കപ്പെട്ട് അന്തരിക്ഷത്തിലൂടേ ലാത്തുന്നു; മോദിയ്ക്കുന്നു; ചേരുന്നു; സ്തോതാവിന്നു കിട്ടിയ്ക്കുന്നു; വെള്ളംകൊണ്ടു ശുദ്ധിപ്പെടുന്നു; യജ്ഞത്തിൽ പൂജിയ്ക്കപ്പെടുന്നു! 3
കെല്പുറ്റ മദകരങ്ങൾ സ്വർഗ്ഗത്തിൽ വാഴുന്ന മേഘവർദ്ധകനായ പുരന്ദരനെ സേചിയ്ക്കുന്നു; ഹവിസ്സു ഭുജിയ്ക്കുന്ന പൈക്കളാൽ മുന്തിയ അകിട്ടിലെ മുഖ്യവസ്തു മഹത്ത്വംമൂലം ഇന്ദ്രങ്കൽ കലർത്തപ്പെടുന്നു! 4
തന്തിരുവടിയെ ഇരുകൈകളിലെ പത്തുസോദരിമാർ പൃഥിവീ സമീപത്തെയ്ക്ക് ഒരു തേരിനെയെന്നപോലെ തെളിയ്ക്കുന്നു. ഗാഥാകാരന്മാർ അവിടെയ്ക്ക് ഇരിപ്പിടം നിർമ്മിച്ചുകഴിഞ്ഞാൽ, താൻ (പാത്രങ്ങളിൽ) പൂകുന്നു; പയ്യിന്റെ പാലോടും ചേരുന്നു! 5
ദേവൻ സ്വകർമ്മലബ്ധമായ സ്വർണ്ണാസനത്തിലെയ്ക്ക്, ഒരു പരുന്തു പാർക്കുന്ന കൂട്ടിലെയ്ക്കെന്നപോലെ ചെല്ലുന്നു. അപ്പോൾ യജ്ഞത്തിൽ ഈ അരിയ യഷ്ടവ്യൻ സ്തുതിയ്ക്കപ്പെടുന്നു; ഒരു കുതിരപോലെ, ദേവന്മാരുടെ അടുക്കലെയ്ക്കു പായുകയുംചെയ്യുന്നു! 6
വെളിപ്പെട്ടു വിളങ്ങിയ കവി അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു; മൂന്നു മുതുകുള്ള കാള സ്തുതികൾ കേട്ടു മൂളുന്നു. ഒരായിരം കൊണ്ടു പോകലുള്ളവൻ ചെന്ന് ഉൾപ്പൂകുന്നു. വളരെ ഉഷസ്സുകളിൽ ഒരു സ്തോതാവുപോലെ വിളങ്ങുന്നു! 7
തന്തിരുവടിയുടെ വർണ്ണം തിരുമെയ്യിനെ തിളങ്ങിയ്ക്കുന്നു! അതു, ചെന്ന യുദ്ധത്തിൽ പറ്റലരെ തട്ടിനീക്കും. ആ ജലപ്രദൻ ഹവിസ്സുമായി ദേവന്മാരുടെ ഇടയിലെയ്ക്കു പോകുന്നു; നല്ല സ്തുതിയോടും ഗോപ്രാർത്ഥനയോടും ചേരുന്നു! 8
സോമം, ഒരു കാള പൈക്കൂട്ടത്തിലെന്നപോലെ ചുറ്റിനടന്ന് ഒച്ചയിടുന്നു; സൂര്യന്റെ തേജസ്സിനെ വഹിയ്ക്കുന്നു. ഈ ദിവ്യനായ സുപർണ്ണൻ ഭൂമിയെ തൃക്കൺപാർക്കുന്നു; പ്രജകളെ അറിഞ്ഞുനോക്കുന്നു! 9
[1] ദക്ഷിണ – ഋത്വിക്കുകൾക്കു ഞങ്ങൾ ദക്ഷിണ കൊടുക്കുന്നു. ബലവാൻ – സോമം. മേലാളെ – സൂര്യനെ.
[2] ശത്രുകർശനൻ, അന്നഭൂതൻ എന്നിവ സോമവിശേഷണങ്ങൾ.
[3] ചേരുന്നു – പാത്രങ്ങളോട്. കിട്ടിയ്ക്കുന്നു – ധനാദി.
[4] മദകരങ്ങൾ – സോമങ്ങൾ. മുഖ്യവസ്തു – പാൽ. ഇന്ദ്രൻ – പവമാനേന്ദ്രൻ.
[5] സോദരിമാർ – വിരലുകൾ. പൃഥിവീസമീപം – യജനസ്ഥലം. ഗാഥാകാരന്മാർ – സ്തോതാക്കൾ.
[6] ദേവൻ – സോമം.
[7] കവി – സോമം: അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു – അരിപ്പയിൽനിന്നു കലശത്തിലെയ്ക്കൊഴുകുന്നു. മൂന്നു മുതുക് – സവനത്രയം. കാള – സോമം. മൂളുന്നു – ശബ്ദം പറപ്പെടുവിയ്ക്കുന്നു. ഒരായിരം – വളരെ ചമസങ്ങളിലെയ്ക്കും മറ്റും. ഉൾപ്പൂകുന്നു – പാത്രങ്ങളിൽ. സ്തോതാവുപോലെ – സശബ്ദനായി.
[8] ഗോപ്രാർത്ഥന – ‘ഞങ്ങൾക്കു ഗോക്കളെയും മറ്റും തരേണമേ’ എന്ന സ്തോതൃയാചനം.
[9] ചുറ്റിനടന്ന് – സ്തുതികളിൽ. വഹിയ്ക്കുന്നു – ആകാശത്തു സൂര്യാത്മനാ സ്ഥിതിചെയ്യുന്നു. സുപർണ്ണൻ – ശോഭനഗമനനായ സോമം.