അംഗിരോഗോത്രൻ ഹരിമന്തൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
അരിയ്ക്കപ്പെടുന്ന പച്ചസ്സോമം, ഒരശ്വംപോലെ ചെന്നുചേരുന്നു; കലശത്തിൽ ഗോരസങ്ങൾ തേപ്പിയ്ക്കപ്പെടുന്നു. അവിടുന്ന് ഒലിയുതിർക്കുമ്പോൾ, സ്തോത്രങ്ങളും മുഴങ്ങുന്നു; വളരെ സ്തോത്രം ചൊല്ലുന്നവന്നവന്ന് അദ്ദേഹം അരിമപ്പെട്ട ചിലതു കൊടുക്കും! 1
സോമത്തെ ഇന്ദ്രന്റെ വയറ്റിൽ പകരുമ്പോഴും, ശോഭനഭുജരായ നേതാക്കൾ ആ സ്പൃഹണീയമായ മാദകത്തെ ഒരിടത്തിലെപ്പത്തുകൊണ്ടു് അരിയ്ക്കുമ്പോഴും, പ്രാജ്ഞരായ വളരെപ്പേർ ഒപ്പം ഉരുവിടും! 2
അവിടുന്ന് ഇളവില്ലാതെ ഗവ്യങ്ങളിലെയ്ക്കു കേറും. സൂര്യപുത്രിയുടെ ഓമനസ്വനം മറയ്ക്കും: പുണ്യവചനനാൽ പുകഴ്ത്തപ്പെടും; രണ്ടിടത്തിലെ ചാർച്ചക്കാരായ സോദരിമാരോടിടചേരും! 3
ഋതുവിൽ ജനിച്ചു, നേതാക്കളാൽ അമ്മിമേൽ പിഴിഞ്ഞരിയ്ക്കപ്പെട്ടു വിശുദ്ധമായ, ഗോപതിയായ, പുരാതനമായ ഇന്ദു – മനുഷ്യന്നു യജ്ഞസാധനവും ബഹുകർമ്മയുക്തവുമായ അരുമസ്സോമം – ഇന്ദ്ര, യജ്ഞത്തിൽ അങ്ങയ്ക്കായി മുറിയാതെ ഒഴുക്കുന്നു! 4
ഇന്ദ്ര, നേതാക്കളാൽ കൈക്കൊണ്ടു പിഴിയപ്പെട്ട സോമം അങ്ങയ്ക്കു നുകരാനായി ഒഴുകുന്നു: അങ്ങ് യാഗം മുഴുമിപ്പിയ്ക്കുന്നതും, യജ്ഞത്തിൽ ഊറ്റക്കാരെ തോല്പിയ്ക്കുന്നതും ആരെക്കൊണ്ടോ, ആ ശ്യാമളവർണ്ണൻ, ഒരു പക്ഷി മരത്തിന്മേലെന്നപോലെ ഇരുപലകകളിൽ ഇരിയ്ക്കുന്നു! 5
ശബ്ദിയ്ക്കുന്ന, വാട്ടമില്ലാത്ത, കവിയായ സോമത്തെ കവികളും ബുദ്ധിമാന്മാരുമായ കർമ്മികൾ കറക്കുന്നു: പുനർഭൂക്കളായ പശുക്കളും സ്തുതികളും ഒത്തൊരുമിച്ചു, യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഇതിനോടു ചേരുന്നു. 6
വലിയ വിണ്ണിന്നു താങ്ങായ യാതൊന്നു ഭൂമിയുടെ നാഭിയിൽ, നദീജലൗഘത്തിൽ നനയ്ക്കപ്പെട്ടുവോ; ഇന്ദ്രന്നു വജ്രവും, വൃഷാവും, സമ്പത്തേറിയതുമായ ആ സോമം തിരുവുള്ളത്തിൽ മത്തുണ്ടാക്കാൻ അഴകിൽ ഒഴുകുന്നു! 7
സുകർമ്മാവേ, ആ ഭവാൻ സ്തോതാവിന്നും പകരുന്നവന്നും (ധനം) നല്കാനായി, ഭൂമിയിലെയ്ക്കെമ്പാടും ചിക്കെന്നൊഴുകുക; അങ്ങ് ഞങ്ങളെ തറവാടു പുലർത്തുന്ന ധനത്തിൽനിന്നു വേർപെടുത്തരുത്; മഞ്ഞച്ച വളരെ ദ്രവ്യം ഞങ്ങൾ ഉടുക്കുമാറാകണം! 8
ഇന്ദുവേ, അങ്ങ് ഞങ്ങൾക്കു ഒരുനൂറശ്വങ്ങളെയും ഒരായിരം പശുക്കളെയും പൊന്നും ക്ഷിപ്രം തന്നരുളുക; വളരെ അന്നവും സ്വത്തും ഉളവാക്കുക. പവമാനമേ, ഞങ്ങളുടെ സ്തോത്രത്തിന്നു വന്നാലും! 9
[1] ചെന്നുചേരുന്നു – ഇന്ദ്രാദികളോട് കലശത്തിൽ – കലശമുൾപ്പുക്കാൽ. ചിലതു – ധനങ്ങൾ.
[2] ഇന്ദ്രന്റെ വയർ – ദ്രോണകലശം. മാദകം – സോമം. ഒരിടത്തിലെപ്പത്തുകൊണ്ടു് – ഒരേകുലത്തിൽ (കൈകളിൽ) പിറന്ന പത്തു വിരലുകൾ. ഉരുവിടും – മന്ത്രങ്ങൾ ജപിയ്ക്കും.
[3] സൂര്യപുത്രി – ഉഷസ്സ്. മറയ്ക്കും – പിഴിയുമ്പോഴത്തെ ശബ്ദാധിക്യം കൊണ്ടു്. പുണ്യവചനനാൽ – സ്തോതാവിനാൽ. രണ്ടിടത്തിലെ (ഇരുകൈകളിലെ) സോദരിമാർ – വിരലുകൾ.
[5] ഊറ്റക്കാർ – ഗർവിഷ്ഠരായ ശത്രുക്കൾ.
[6] പുനർഭൂക്കൾ – വീണ്ടും ജനിച്ചവപോലെ ചൈതന്യം പൂണ്ടവ. യജ്ഞത്തിന്റെ ഉൽപ്പത്തിസ്ഥാനം ഉത്തരവേദി.
[7] ഭൂമിയുടെ നാഭി – ഉത്തരവേദി. വജ്രം – വജ്രംപോലെ വിജയസാധനം. തിരുവുള്ളത്തിൽ – ഇന്ദ്രന്റെ മനസ്സിൽ.
[8] സോമത്തോട്: പകരുക – നീർ പാത്രത്തിലെയ്ക്കൊഴിയ്ക്കുക. മഞ്ഞച്ച – സ്വർണ്ണമയമായ. ഉടുക്കുമാറാകണം – ലഭിയ്ക്കണമെന്നു സാരം.