അംഗിരോഗോത്രൻ പവിത്രൻ ഋഷി. ഛന്ദോദേവതകൾ മുമ്പേത്തവ.
കിറിയിൽ പിഴിയുന്ന സോമലതകൾ ശബ്ദം പുറപ്പെടുവിച്ചു; നീരുകൾ യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഒത്തുചേർന്നു! പ്രാണദാതാവായ അവിടുന്നു മൂന്നുതലകളെ സഞ്ചാരത്തിന്നുണ്ടാക്കി. സത്യഭൂതന്റെ തോണികൾ സുകർമ്മാവിനെ പൂരിപ്പിച്ചു! 1
കാമയമാനന്മാരായ മഹാന്മാർ ഒത്തൊരുമിച്ചു വഴിപോലെ പിഴിഞ്ഞു; തണ്ണീരുകളിൽ പകർന്നിളക്കി. ആ മധുധാരകളാൽ, സ്തോത്രം ചൊല്ലിക്കൊണ്ടു് ഇന്ദ്രന്റെ അരുമത്തിരുവുടൽ തടിപ്പിച്ചു! 2
വാക്കിങ്കൽ വർത്തിയ്ക്കുന്ന പാവനരശ്മികളൂടെ നാഥനായ പുരാതനൻ കർമ്മത്തെ രക്ഷിയ്ക്കുന്നു: മഹത്തായ അന്തരിക്ഷത്തെ മറച്ച ആ വരുണനെ നിഷ്പ്രയാസം വെള്ളത്തിൽ പകരുവാൻ പ്രാജ്ഞന്മാർ ശക്തരായിത്തീരുന്നു! 3
തന്തിരുവടിയുടെ ആ കാതൽക്കതിരുകൾ വൃഷ്ടിപദത്തിൽ കുനിഞ്ഞുനിന്ന് ഒച്ച മുഴക്കുന്നു. സ്വർഗ്ഗത്തിന്റെ മുകളിൽ, തുമ്പത്തു മധുവുമായി വെവ്വേറെ പാഞ്ഞുനടക്കുന്ന അവ ഇമവെട്ടാറില്ല: ഓരോ സ്ഥലത്തും ചെന്നെത്തി, വലയെറിയും! 4
അച്ഛനമ്മമാരിൽനിന്നു പുറപ്പെട്ട ആ രശ്മികൾ ഋക്കുകളാൽ തിളങ്ങി, കർമ്മഹീനരെ ചുട്ടെരിയ്ക്കും; ഇന്ദ്രനെ ദ്വേഷിച്ച രാത്തൊലിയെ ബുദ്ധികൗശലംകൊണ്ടു മന്നിൽനിന്നും വിണ്ണിൽനിന്നും ആട്ടിപ്പായിയ്ക്കും! 5
സ്തുതിയ്ക്കു വഴങ്ങുന്നവയും, വേഗമേറിയവയുമായി അന്തരിക്ഷത്തിൽനിന്ന് ഒപ്പം പുറപ്പെട്ട ഇവയെ കുരുടരും ചെകിടരുമേ കൈവെടിയൂ: സത്യമാർഗ്ഗത്തിൽ കേറില്ലല്ലോ, പാപികൾ! 6
ആയിരം ജലധാരകളുള്ള പരന്ന പരിപാവനത്തിന്റെ വാക്കിനെ മനീഷികളായ കവികൾ പുകഴ്ത്തിപ്പോരുന്നു; അവർക്കു വശരായിത്തീരുന്നു, ശോഭനമാംവണ്ണം സഞ്ചരിയ്ക്കുന്ന ഗമനശീലരും, അഹിംസ്യരും, നല്ല കാഴ്ചയുള്ളവരും, നേതാക്കളെ നോക്കുന്നവരുമായ രുദ്രപുത്രന്മാർ. 7
അടക്കിനിർത്താവുന്നവനല്ല, യാഗത്തിന്റെ കാവല്ക്കാരനായ സുകർമ്മാവ്: താൻ മൂന്നു പരിശുദ്ധരെ നെഞ്ചിൽ ചേർത്തിരിയ്ക്കുന്നു. അദ്ദേഹം ലോകത്തെയെല്ലാം അറിഞ്ഞുകൊണ്ടു നോക്കുന്നു; കർമ്മിയ്ക്കുവേണ്ടി, അപ്രിയരായ കർമ്മരഹിതരെ മണ്ണുകപ്പിയ്ക്കുന്നു! 8
അരിപ്പയിൽ പരത്തപ്പെട്ട യജ്ഞനൂലു നീണ്ടു വരുണന്റെ നാവിൻതുമ്പത്തെത്തി. ധീമാന്മാർമാത്രം അതിനെ ചെന്നു ചുഴന്നു. കർമ്മത്തിന്നാളല്ലാത്തവൻ ഇവിടെത്തന്നേ വീണടിയും! 9
[1] കിറി – യജ്ഞത്തിന്റെ ഓഷ്ഠപ്രാന്ത്രം, പലക. അവിടുന്നു – സോമം. മൂന്നുതലകൾ – മൂവുലകങ്ങൾ. സഞ്ചാരത്തിന്ന് – മനുഷ്യദേവാദികൾക്കു സഞ്ചരിപ്പാൻ. സത്യഭൂതന്റെ തോണികൾ – നാലു തളികകൾ. സുകർമ്മാവിനെ പൂരിപ്പിച്ചു – യജമാനന്നു സർവാഭീഷ്ടങ്ങളും നല്കി.
[2] കാമയമാനന്മാർ – സ്വർഗ്ഗാദിഫലകാംക്ഷികൾ. മഹാന്മാർ – ഋത്വിക്കുകൾ.
[3] വാക്ക് – അന്തരിക്ഷശബ്ദം. പുരാതനൻ – സോമം. കർമ്മം – വെളിച്ചം പരത്തുകയാകുന്ന കർമ്മം. രക്ഷിയ്ക്കുന്നു – അനുഷ്ഠിച്ചുപോരുന്നു. മറച്ച – രശ്മികൾകൊണ്ടു മൂടിയ. വരുണൻ – മറയ്ക്കുന്ന സോമം.
[4] കാതൽക്കതിരുകൾ – സാരഭൂതങ്ങളായ രശ്മികൾ. വൃഷ്ടിപദം – അന്തരിക്ഷം. ഒച്ച മുഴക്കുന്നു – മഴ പെയ്യിയ്ക്കുന്നു എന്നു സാരം. തുമ്പത്തു മധുവുമായി – സോമരശ്മികളുടെ അഗ്രഭാഗത്തുനിന്നാണല്ലോ, മധുവുണ്ടാകുന്നത്. ഇമവെട്ടാറില്ല – സദാ പാപികളെയും സുകൃതികളെയും ഉറ്റുനോക്കും. വലയെറിയും – പാപികളെ കുടുക്കാൻ.
[5] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. ഋക്കുകൾ – ഋത്വിക്കുകളുടെ സ്തുതികൾ. രാത്തൊലിയെ – കറുത്ത രക്ഷസ്സിനെ, രാക്ഷസ്സരെ.
[6] ഇവയെ – സോമരശ്മികളെ കണ്ണും ചെവിയുമുള്ളവർ കൈവെടിയില്ല, സ്തുതിയ്ക്കയേ ചെയ്യൂ.
[7] പരിപാവനത്തിന്റെ – ശുദ്ധികരമായ സോമത്തിൽ വർത്തിയ്ക്കുന്ന.
[8] സുകർമ്മാവ് – സോമം. മൂന്നു പരിശുദ്ധർ – അഗ്നിവായുസൂര്യന്മാർ.
[9] യജ്ഞനൂല് – യാഗവസ്ത്രം നെയ്യാനുള്ള നൂലായ സോമം. വരുണന്റെ നാവിൻതുമ്പത്തു – വെള്ളത്തിൽ. അതിനെ – വെള്ളത്തെ. വീണടിയും – ഉദ്ഗതി നേടില്ല.