ദീർഗ്ഘതമഃപുത്രൻ കക്ഷീവാൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.
ഒരു പെറ്റുവീണ പൈതൽപോലെ, ആർ ജലത്തിൽ ഒലിയിടുമോ; ഒരു കുതിരപോലെ പായുന്ന ആർ സ്വർഗ്ഗത്തിലെയ്ക്കു നടകൊള്ളുമോ; ആർ പാൽ വളർത്തുന്ന വെള്ളവുമായി വാനിൽനിന്നു വന്നെത്തുമോ; അവനോടു ഞങ്ങൾ നല്ല സ്തുതിയാൽ വമ്പിച്ച ഗൃഹം യാചിയ്ക്കുന്നു. 1
വിണ്ണിന്നൂന്നും (മന്നിന്നു) താങ്ങുമായി, പാരം പരന്നു നിറഞ്ഞ ആർ സർവത്ര ചുറ്റിനടക്കുന്നുവോ; ആർ ഈ വലിയ വാനൂഴികളെ വഴിപോലെ യജിച്ചു, കൂട്ടിയിണക്കിനിർത്തിയോ; ആ കവി അന്നങ്ങൾ കല്പിച്ചുനല്കട്ടെ! 2
വെടുപ്പുവരുത്തപ്പെട്ട വളരെസ്സോമമധു, ഭൂമിയുടെ വിശാലമാർഗ്ഗത്തിലൂടേ യജ്ഞത്തിലെഴുന്നള്ളുന്ന നേതാവിന്നു കുടിപ്പാനുള്ളതാണ്: ഈ മഴയുടെ ഉടയോനും, ജലവർഷിയും, ഗോഹിതനുമാണല്ലോ, അവിടുന്ന്; ഇങ്ങാഗമിയ്ക്കുന്ന സ്തുത്യനുമാണല്ലോ, അവിടുന്നു്! 3
സാരവത്തായ പാലും നെയ്യും വാനിങ്കൽനിന്നു കറന്നെടുക്കുന്നു. യജ്ഞത്തിന്റെ നാഭിയായ ജലവും ഉണ്ടാകുന്നു. ആ (സോമത്തെ) ശോഭനദാനന്മാർ ഒത്തൊരുമിച്ചു പ്രീതിപ്പെടുത്തുന്നു. നേതാക്കളായ, രക്ഷിതാക്കളായ അതിന്റെ രശ്മികൾ സംഭൃതമായ ജലം കീഴ്പോട്ടു പൊഴിയ്ക്കുന്നു! 4
സോമം ജലത്തോടു ചേരുമ്പോൾ ശബ്ദിയ്ക്കുന്നു; ദേവരക്ഷകമായ ദേഹത്തെ മനുഷ്യന്നുവേണ്ടി ഒഴുക്കുന്നു. ഭൂമിയുടെ സമീപത്തു ഗർഭം ധരിപ്പിയ്ക്കുന്നു: ഇതിൽനിന്നാണല്ലോ, നമുക്കു പുത്രപൗത്രന്മാരെ കിട്ടുന്നതു്! 5
ആയിരം ജലധാരകളുള്ള മൂന്നാംലോകത്തിൽ വെവ്വേറെ സ്ഥിതിചെയ്യുന്ന പ്രജാവതികളായ നാലു കലകൾ താഴത്തെയ്ക്കു വരട്ടെ: ഇവയാണല്ലോ, ദ്യോവിന്നു താഴേ നിർത്തപ്പെട്ടു വെള്ളം പൊഴിച്ചു, ഹവിസ്സും പയസ്സും ഉളവാക്കുന്നതു്! 6
സ്വർഗ്ഗത്തിലെയ്ക്കു പോകുമ്പോൾ ധവളരൂപം ധരിയ്ക്കുന്നവനും, (അഭീഷ്ട)വർഷിയും ബലവാനുമായ സോമത്തിന്നറിയാം, വളരെദ്ധനം കൊടുപ്പാൻ. തന്തിരുവടി പ്രജ്ഞാനത്താൽ, മികച്ച കർമ്മമനുഷ്ഠിയ്ക്കുന്നു; വാനിൽനിന്നു നീർമുകിലിനെ തുറക്കുന്നു! 7
പില്പാട്, ആ വാജി വെളുത്ത ജലകലശം പൂകാൻ താവളത്തിൽ കേറുന്നു; ദേവകാമന്മാർ മനംകൊണ്ടു സ്തുതികൾ അയയ്ക്കുന്നു; താൻ നൂറുഹേമന്തം കണ്ട കക്ഷീവാന്നു ഗോക്കളെയും! 8
പവമാനസോമമേ, വെള്ളത്തോടു ചേർന്ന ഭവാന്റെ നീര് കമ്പിളിയരിപ്പയിലെയ്ക്കോടുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന പവമാനമേ, അങ്ങനെ കവികളാൽ അരിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ രുചികരമായിത്തീർന്നാലും! 9
[1] പൈതൽപോലെ – കുട്ടി കരയുന്നതുപോലെ. ജലത്തിൽ – വെള്ളത്തിൽ പതിയ്ക്കുമ്പോൾ.
[2] ആ കവി – സോമരസം. നല്കട്ടെ – സ്തോതാക്കൾക്കു്.
[3] വിശാലമാർഗ്ഗം – നൂറും ആയിരവും അശ്വങ്ങളോടുകൂടിയ ഇന്ദ്രന്നെഴുന്നള്ളാൻ വഴി വിസ്തീർണ്ണമായിത്തീരുന്നു എന്നർത്ഥം. നേതാവ് – ഇന്ദ്രൻ. ഇങ്ങാഗമിയ്ക്കുന്ന – നമ്മുടെ യജ്ഞത്തിൽ വരുന്ന.
[4] നാഭി – പ്രധാനാംഗം. ശോഭനദാനന്മാർ – ഹവിസ്സു നല്കുന്ന യജമാനന്മാർ. കീഴ്പോട്ടു – ഭൂമിയിലെയ്ക്ക്.
[5] ഒഴുക്കുന്നു – പാത്രങ്ങളിലെയ്ക്ക്. ഗർഭം ധരിപ്പിയ്ക്കുന്നു – ഓഷധികളെ.
[6] മൂന്നാംലോകം – സ്വർഗ്ഗം. പ്രജാവതികൾ – സന്താനദായിനികൾ എന്നർത്ഥം. കലകൾ – തേജോംശങ്ങൾ. പയസ്സും – പാലും.
[8] ആ വാജി – സോമമാകുന്ന അശ്വം. ദേവകാമന്മാർ – ഋത്വിക്കുകൾ താൻ – സോമം. നൂറുഹേമന്തം കണ്ട – ശതവയസ്കനായ. കക്ഷീവാൻ – ഞാൻ.