ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
അന്നഹിതനായ മഹാൻ, തന്നെ വളർത്തിയ അരുമത്തണ്ണീരിലെയ്ക്കൊഴുകുന്നു; ശരിയ്ക്കു നോക്കിക്കാണാനായി, – പെരിയ പകലോന്റെ ചുറ്റിനടക്കുന്ന പെരുംതേരിൽ കേറുന്നു! 1
യാഗത്തിന്റെ നാവും ഈ കർമ്മത്തിന്റെ പാലകനുമായ അഹിംസ്യൻ മൂളിക്കൊണ്ട് അരുമമധു ഒഴുക്കുന്നു: സ്വർഗ്ഗത്തിന്റെ തിളക്കത്തിലത്രേ, അച്ഛനമ്മമാർ അറിഞ്ഞിട്ടില്ലാത്ത മൂന്നാംപേര് മകന്നുണ്ടാകുന്നതു്! 2
നേതാക്കളാൽ പൊന്നണിത്തോലിലാക്കപ്പെട്ട ദീപ്തിമാൻ കലശത്തെക്കുറിച്ച് ഒലിക്കൊള്ളുന്നു: തന്തിരുവടിയെ യജ്ഞക്കറവുകാർ പുകഴ്ത്തുന്നു. മൂന്നു മുതുകുകളുള്ള അവിടുന്ന് ഉഷസ്സുകളിൽ വിശേഷേണ വിളങ്ങുന്നു! 3
സ്തുതിപൂർവം അമ്മിയിൽ പിഴിയപ്പെട്ട വിശുദ്ധനായ അന്നഹിതൻ ഇരുതായമാരായ വാനൂഴികളെ പ്രശോഭിപ്പിച്ചുകൊണ്ടു, കമ്പിളിയിലെയ്ക്കൊഴുകുന്നു: തഴച്ച മധുധാരകൾ നാളിൽ നാളിൽ ഒഴുകുന്നു. 4
സോമമേ, അവിടുന്നു സ്വസ്തിയ്ക്കായി ചുറ്റും നടന്നാലും: നേതാക്കളാൽ അരിയ്ക്കപ്പെട്ടു, കൂട്ടുദ്രവ്യം ഉടുത്താലും. കേറിത്തല്ലുന്ന പെരിയ മധുക്കളുണ്ടല്ലോ, അങ്ങയ്ക്ക്; അവകൊണ്ട് ഇന്ദ്രനെ ധനം തരാൻ പ്രേരിപ്പിച്ചാലും! 5
[1] അന്നഹിതൻ – അന്നവർദ്ധകൻ. മഹാൻ – സോമം. നോക്കിക്കാണ്മാൻ – ലോകത്തെ.
[2] നാവ് – പ്രധാനാംഗം. അഹിംസ്യൻ – സോമം. മൂളിക്കൊണ്ട് – സ്തോതാക്കളുടെ സ്തുതികളെ അഭിനന്ദിയ്ക്കയാണെന്നു തോന്നുമാറു ശബ്ദിച്ചുകൊണ്ട്. മധു – മത്തുണ്ടാക്കുന്ന നീർ. സ്വർഗ്ഗത്തിന്റെ തിളക്കത്തിൽ – സോമം പിഴിയുമ്പോൾ. മൂന്നാംപേർ – ഇട്ട പേരിന്നും വിളിയ്ക്കുന്ന പേരിന്നും പുറമേ, സോമയാജി എന്ന പേർ. മകന്ന് – യജമാനന്ന്. മകൻ സോമയാജിയാകുമെന്ന് അച്ഛനമ്മമാർ നാമകരണാവസരത്തിൽ അറിയില്ലല്ലോ.
[3] പൊന്നണിത്തോൽ – പൊന്മോതിരമിട്ട കയ്യിലെടുത്ത കാളത്തോൽ. ദീപ്തിമാൻ – തിളങ്ങുന്ന സോമം. കലശത്തെക്കുറിച്ച് – കലശത്തിലെയ്ക്കിറങ്ങുമ്പോൾ. യജ്ഞക്കറവുകാർ – യജ്ഞം കറന്നെടുക്കുന്നവർ, ഋത്വിക്കുകൾ. ഉഷസ്സുകൾ – യാഗദിവസങ്ങൾ.
[4] അന്നഹിതൻ – സോമം. തഴച്ച – വെള്ളം കൂട്ടിയതിനാൽ. നാളിൽ നാളിൽ – ദീർഘസത്രങ്ങളിൽ.
[5] നടന്നാലും – പാത്രങ്ങളിലെയ്ക്ക്. കൂട്ടുദ്രവ്യം – ക്ഷീരാദി. കേറിത്തല്ലുന്ന – ശത്രുക്കളെ ചെറുത്തു ഹനിയ്ക്കുന്ന. മധുക്കൾ – മദകരനീരുകൾ. തരാൻ – ഞങ്ങൾക്ക്.