ഏതെങ്കിലും ഒരു സാഹിത്യത്തിന്റെ ചരിത്രം നല്ലപോലെ ഗ്രഹിക്കണമെങ്കിൽ, ആ സാഹിത്യത്തിനു് ആധാരമായിരിക്കുന്ന ഭാഷ സംസാരിച്ചുവരുന്ന ജനമണ്ഡലത്തിന്റെ ചരിത്രം അവശ്യം അറിഞ്ഞിരിക്കണം. എന്തുകൊണ്ടെന്നാൽ സാഹിത്യം മനുഷ്യജീവിതത്തിന്റെ വാങ്മുഖേനയുള്ള ബഹിഃപ്രകാശനം മാത്രമാകുന്നു. മലയാളസാഹിത്യം സ്മരണാർഹങ്ങളായ ഗദ്യപദ്യങ്ങൾവഴിക്കു് മലയാളികളുടെ ജീവിതരീതികളേയും സ്വഭാവത്തേയും നല്ലപോലെ പ്രകാശിപ്പിക്കുന്നു. കേരളീയജനമണ്ഡലത്തിനു് എന്തെല്ലാം ദശാപരിണതികൾ സംഭവിച്ചിട്ടുണ്ടോ അവയൊക്കെ അതിന്റെ സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുണ്ടു്. തന്മൂലം കേരളീയരുടെ ചരിത്രത്തെ ദിങ്മാത്രമായിട്ടെങ്കിലും ഇവിടെ വിവരിക്കാതെ തരമില്ല.
കേരളം ചേരദേശത്തിന്റെ അളമാണെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് അവിടെ ആദ്യമായി കുടിപ്പാർത്തവർ ചേരളന്മാർ അഥവാ കേരളന്മാർ ആയിരിക്കണം. ആ കേരളന്മാർ ആരു്? ഒരു പുരാതന കേരളോല്പത്തിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“എങ്കിലോ പണ്ടു് ബ്രഹ്മനരുളാൻ അലകടലടിച്ചുകൊള്ളും എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവുവിട്ടപ്പിൻ വാങ്ങിക്കൊൾവൂതാകവേ, സമുദ്രരാജനായിരിപ്പൊരു വരുണരാജൻ മകിൾവുറ്റു താനേതാൻ പെറ്റുകൊൾവൂതും ചെയ്തു.”
ഈ വാക്യങ്ങളിൽനിന്നും സമുദ്രം ഈശ്വരജ്ഞയാ താനേ പിൻവാങ്ങിയതാണെന്നു വ്യക്തമാകുന്നു. പിന്നെയും പറയുന്നു:
“എങ്കിലോ അക്കടലുടയവർ നാകത്താന്മാരെല്ലോ ആകുന്നത്. അവർക്കല്ലോ ആദികാലത്തെ വരുണൻ ഒരു നൂറ്റെട്ടുക്കാതം കൊണ്ട തറമുഴുവതും കൊടുത്തു എന്നു ചൊല്ലിയതു്” ഈ ഭാഗത്തിൽനിന്നു് ആദ്യമായി കേരളത്തിൽ കുടിപാർത്തവർ ‘നാകന്മാർ’ ആണെന്നു തെളിയുന്നു. മഹാഭാരതത്തിൽ കേരളീയരുടെ യുദ്ധസാമർത്ഥ്യത്തെ വർണ്ണിച്ചിട്ടുണ്ടെങ്കിലും അവരുടെ വിലക്ഷണാചാരങ്ങളെ, വിശേഷിച്ച് മരുമക്കത്തായത്തെ ആക്ഷേപിച്ചിരിക്കുന്നതു നോക്കുമ്പോൾ, മഹാഭാരതകാലത്തു് കേരളത്തിൽ ‘നാക’ന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു് ഊഹിക്കാം.
മലയാളബ്രഹ്മണർ പിന്നീടു വന്നവരാണെന്നും, അവർക്കു് ആദ്യകാലത്തു് നാകന്മാരെപ്പറ്റി വലിയ ഭയം ഉണ്ടായിരുന്നെന്നും താഴെ ചേർക്കുന്ന ഖണ്ഡികയിൽനിന്നു കാണാം.
“… നാകരോചീറും പടിയാക മഹാബ്രാഹ്മണർക്കു വശമില്ലാഞ്ഞു; കാറിടിയൊത്തുച്ചീറിമിഴിക്കപ്പേടിമുഴുത്തുക്കൈകളൊതുക്കിക്കൂറുചുരുക്കിത്തലയതു താഴ്ത്തിക്കാതംവിട്ടുക്കണിയംവിട്ടുത്താനംവിട്ടു,ഇരവിൽ താനേ മൂട്ടുവിടാതപ്പാറപ്പറ്റപ്പലവഴി പോയാർ.”
ബ്രാഹ്മണനിർമ്മിതങ്ങളായ ചില പുരാണങ്ങളും ഈ കേരളോല്പത്തികഥയെ സ്ഥിരീകരിക്കുന്നുണ്ടു് (രണ്ടാം അദ്ധ്യായം നോക്കുക.).
വരുണൻ കേരളൻ എന്ന രാജാവിനു് തന്റെ പുത്രിയെ ദാനം ചെയ്തതായി പറയുന്ന കഥ സർവഥാ വിശ്വാസയോഗ്യമാണു്. കേരളരാജാവിന്റെ നേതൃത്വത്തിൽ കേരളീയർ, സമുദ്രം പിൻവാങ്ങിയ ഈ ഭൂപ്രദേശത്തു കുടിയേറിപ്പാർത്ത കഥയെ ആണു് അതു് ഉപലക്ഷിക്കുന്നതു്.
ക്രൈസ്തവവേദപ്രഖ്യാതനായ സോളമന്റെ കാലത്തുപോലും, കേരളീയർക്കു യവനദേശങ്ങളുമായി കച്ചവടമുണ്ടായിരുന്നുവെന്നു് ഇപ്പോൾ ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ടു്. അങ്ങനെ വിദേശീയരുമായി കച്ചവടം നടക്കണമെങ്കിൽ, തീർച്ചയായും അക്കാലത്തു് നല്ലനല്ല തുറമുഖങ്ങൾ ഉണ്ടായിരുന്നുവെന്നുവരണം. ‘കുരുവൂർ’ എന്നൊരു പട്ടണത്തെപ്പറ്റി ടോളമി മുതലായ പല യവനന്മാർ പറഞ്ഞുകാണുന്നുമുണ്ടു്.
ഒരു കാലത്തു് ചേരരാജാക്കന്മാരുടെ തലസ്ഥാനം ഈ കരുവൂർ പട്ടണമായിരുന്നുവെന്നു് ‘പുറനാനൂർ’ തുടങ്ങിയ പുരാതന ചെന്തമിൾ ഗ്രന്ഥങ്ങളിൽ നിന്നു തെളിയുന്നു. ‘കുരുവൂർ’ കൊടുങ്ങല്ലൂർ തന്നെയാണെന്നു തോന്നുന്നു. ‘കൊടുംകോരൂർ’ ശബ്ദം ആയിരിക്കാം കൊടുംകൊലൂർ ആയും പിന്നീടു കൊടുങ്ങല്ലൂരായും [1] പരിണമിച്ചതു്. കൊടുങ്ങല്ലൂരിനു സമീപത്തു് കരുപ്പടന്ന എന്നൊരു പ്രദേശമുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു.
“മന്നർകോൻചേരൻ വളവഞ്ചിനാൾ വേന്തൻ” എന്നു് ചിലപ്പതികാരത്തിലും
“തൺപൊരുനൈപ്പുനൽപായും, വിൺപൊരുപുകൾ വിറൽവഞ്ചി” എന്നു പുറനാനൂറിലും, പറഞ്ഞിരിക്കുന്ന വഞ്ചി അഥവാ [2] തിരുവഞ്ചിക്കുളത്തിന്റെ മറ്റൊരു പേരായിരിക്കും കോരൂർ. വാല്മീകിരാമായണത്തിലും രഘുവംശത്തിലും ‘മരുചി’ [3] എന്നൊരു പട്ടണത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ പ്രാചീന പാശ്ചാത്യ ഭൂസഞ്ചാരികൾ മുസ്സിരിസു് എന്നു വിളിച്ചുവന്നിരുന്നു. ഈ മുരചീപത്തനവും കൊടുങ്ങല്ലൂർ തന്നെയാണെന്നാണു് പലരുടേയും അഭിപ്രായം.
ക്രിസ്ത്വബ്ദം ആരംഭിക്കുന്നതിനു് അനേകശതവർഷങ്ങൾക്കുമുമ്പു്, കേരളൻ അഥവാ ചേരരാജാവിനാൽ ആനീതരായ നാകന്മാർ കേരളത്തിൽ സ്ഥിരവാസം തുടങ്ങിയെന്നും, സോളമന്റെ കാലത്തുപോലും കേരളം സർവസമ്പത്സമൃദ്ധമായും പരിഷ്കൃതാവസ്ഥയിലും ഇരുന്നിരുന്നുവെന്നും വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്.
ക്രിസ്തുവർഷാരംഭത്തിൽപോലും നാകന്മാരുടെ ഇടയ്ക്കു് ജാതിവ്യത്യാസം ആരംഭിച്ചിട്ടില്ലായിരുന്നുവെന്നു് തൊൽകാപ്പിയം, ചിലപ്പതികാരം മുതലായ ഗ്രന്ഥങ്ങളിൽ നിന്നു കാണാവുന്നതാണു്. കാഞ്ചീപുരത്തെ ഒരു രാജാവു് ഒരു നാകകന്യകയെ വിവാഹം ചെയ്തുവെന്നും, ആ സ്ത്രീയിൽ നിന്നു ജാതനായ ഇളന്തിരയൻ ആ രാജാവിന്റെ കാലത്തുതന്നെ രാജ്യാഭിഷിക്തനായെന്നും പെരുപാണാറ്റുപ്പടയിലും, ‘കിള്ളിവളവൻ’ എന്ന ചോളരാജാവു് നാകലോകത്തെ ചാവകനാടു ഭരിച്ചുവന്ന വളവണനെന്ന നാകരാജാവിന്റെ പുത്രിയായ പീലിവളയെ വിവാഹം ചെയ്തുവെന്നു് മണിമേഖലയിലും പറഞ്ഞിരിക്കുന്നതിനാൽ, അന്നത്തെ കേരളീയരാജാക്കന്മാരും നാകവംശജന്മാരായിരുന്നുവെന്നു തെളിയുന്നു. പ്രധാനമായി യുദ്ധവൃത്തി അവലംബിച്ചുവന്നു എന്നല്ലാതെ അവർ ചതുർവർണ്ണവിഭാഗത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. നാകന്മാരിൽ ചിലർ സർവസംഗപരിത്യാഗിയായ ജ്ഞാനികളായിരുന്നുവെന്നു്,
“ചുട്ടറവേവെട്ട വെളിതനിയായേങ്കി
മട്ടറവേ യടഞ്ഞ നില നില താനാകം
അന്നിലതാനഴിയാതൊരറവായൊരു
വിണ്ണിലൈയെന്നമതാകൻ വിളമ്പിനാരേ”
ഇത്യാദി പല പാട്ടുകളിൽനിന്നു വെളിപ്പെടുന്നു. ചിലപ്പതികാരം രചിച്ച കാലത്തു്, മലയാളബ്രഹ്മണരേക്കാൾ നാകവംശജരായ ‘തുറവരും’ (ത്യാഗികളും) അറവരും (ധർമ്മനിഷ്ഠരും) പൂജാർഹരായിരുന്നു എന്നുള്ളതിനു് അതിലെ ചില ഗാനങ്ങൾ സാക്ഷ്യം വഹിക്കുന്നു.
ക്രിസ്തുവർഷാരംഭത്തിനു മൂന്നു നാലു ശതകങ്ങൾക്കു മുമ്പുതന്നെ മലയാളബ്രാഹ്മണർ കേരളത്തിൽ പ്രവേശിച്ചുകാണണം. ആദ്യം വന്നവർ കേരളീയാചാരങ്ങളിൽ പലതും, മരുമക്കത്തായംപോലും സ്വീകരിച്ചു. രണ്ടാമതു വന്നവരും ഏറെക്കുറെ അവയ്ക്കു കീഴടങ്ങേണ്ടതായി വന്നു. ചിലർ തങ്ങളുടെ സമുദായ രക്ഷയ്ക്കുവേണ്ടി ആയുധവിദ്യ അഭ്യസിക്കുകയും, കളരികളും സംഘങ്ങളും സ്ഥാപിക്കുകയും ചെയ്തു; കാലക്രമേണ അവരുടെ സംഘങ്ങൾ പ്രബലാവസ്ഥയെ പ്രാപിച്ചു. നാകന്മാരുടെ അനൈകമത്യവും, താൻ താൻ വലിയവനെന്ന ഔദ്ധത്യാപരപര്യായമായ ദുരഭിമാനവും ഒരുവഴിക്കു ബ്രാഹ്മണശക്തി വർദ്ധിപ്പിക്കുന്നതിനു സഹായിച്ചുകൊണ്ടിരുന്നു. എന്നാൽ ക്ഷേത്രങ്ങൾ വഴിക്കാണു് അവരുടെ പ്രാബല്യം പ്രധാനമായി വർദ്ധിച്ചുവന്നതു്. ഇതിനിടയ്ക്കു് ഇടപ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അധ്യാത്മഗുരുക്കന്മാരെന്ന നില സമ്പാദിച്ച് ഒട്ടുവളരെ ഭൂസ്വത്തുക്കൾ കരസ്ഥമാക്കുന്നതിനും അവർക്കുസാധിച്ചു. എല്ലാംകൊണ്ടും കേരളീയരുടെ രാഷ്ട്രീയകാര്യങ്ങളിൽ കാര്യക്ഷമമാകുംവണ്ണം തലയിടുന്നതിനു് പര്യാപ്തമായ ശക്തി അവർക്കു വേണ്ടുവോളം ഉണ്ടായി. ചേരരാജാക്കന്മാരുടെ ഭരണദശ എന്തു കാരണവശാലോ അവസാനിച്ചപ്പോൾ, മലയാളബ്രാഹ്മണരെ നാം മുന്നണിയിൽ കണ്ടുതുടങ്ങി. ബ്രാഹ്മണരും നാകന്മാരും യോഗംകൂടി കേരളത്തെ നാലു തളികളായി വിഭജിച്ചു്, ഓരോ തളിയുടേയും രക്ഷാധികാരിയായി അതാതു തളിയിൽ നിന്നു് ഒരാളെ തിരഞ്ഞെടുത്തു് അവരോധിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഹ്മണനു് തളിയാതിരി എന്നായിരുന്നു പേർ. ഈ അവസരത്തിലും തളിയാതിരിമാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്നതു് നാകന്മാർ തന്നെയായിരുന്നു. അവരെ നിശ്ശേഷം അകറ്റിനിറുത്തുന്നതിനുള്ള പ്രാബല്യം അവർക്കു സിദ്ധിച്ചിരുന്നില്ലെന്നു് ഇതിൽനിന്നു നമുക്കു ഗ്രഹിക്കാം. തളിയാതിരിമാരുടെ വാഴ്ചക്കാലം മുമ്മൂന്നു് കൊല്ലത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെ ചേരരാജാക്കന്മാരുടെ കാലത്തിനുശേഷവും ജനാധിപത്യഭരണം നിലനിന്നുപോന്നു. ഈ കാലത്തായിരിക്കണം നാകന്മാരുടെ ഇടയ്ക്കും ജാതിവ്യത്യാസം ഏർപ്പെട്ടുതുടങ്ങിയതു്. ആദ്യമായി ക്ഷേത്രവൃത്തിയെ അവലംബിച്ചു സ്വതന്ത്രരായി ജീവിച്ചുവന്നവർ കിരിയത്തു നായന്മാരെന്ന നിലയിൽ മറ്റുള്ളവരിൽ നിന്നു് അകന്നുകാണണം. മലയാളബ്രാഹ്മണരുടെ ദാസ്യം കൈക്കൊണ്ടു് ജീവിച്ചവർ ‘ശൂദ്രനായ’ന്മാരായി പിരിഞ്ഞു. അവരോടു മറ്റുള്ളവർ വിവാഹബന്ധത്തിൽ ഏർപ്പെടാതായി. പക്ഷേ ബ്രാഹ്മണശക്തി അപ്രതിഹതമാകുംവണ്ണം സ്ഥാപിതമായപ്പോൾ ഈ ശൂദ്രനായന്മാർക്കും പ്രാമാണ്യം സിദ്ധിച്ചതിനാൽ, കിരിയത്തു നായന്മാരിൽ പലരും പിന്നീടു് ഓരോ ഇല്ലങ്ങളിൽ പര്യപ്പെട്ടു്, ശുദ്രനായന്മാർ അഥവാ ഇല്ലക്കാരായിത്തീർന്നുതുടങ്ങി. നായന്മാർക്കു പൊതുവെ ശൂദ്രരെന്നു പേരു വന്നുകൂടാൻ ഇടയാക്കിയതു്, ഈ ശൂദ്രനായന്മാരാണു്. ക്ഷേത്രപരികർമ്മങ്ങൾ ചെയ്തു ജീവിക്കാൻ തുടങ്ങിയ നാകന്മാർ അമ്പലവാസികളായിത്തീർന്നു. ഇങ്ങനെ വലിയവലിയ പരിവർത്തനങ്ങൾ ഇക്കാലത്തു് നാകന്മാരുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടു്.
മലയാളബ്രാഹ്മണരുടെ ഇടയ്ക്കും വിവിധ വിഭാഗങ്ങൾ ഇക്കാലത്തു തന്നെ ഉണ്ടാവാനിടയായി. രക്ഷാപുരുഷന്മാരുടെ വംശപരമ്പരയിൽപ്പെട്ടവരായിരിക്കണം അഷ്ടഗൃഹത്തിലാഢ്യന്മാർ. മലയാളബ്രാഹ്മണരുടെ ആധിപത്യസ്ഥാപനാർത്ഥം ആയുധം ധരിച്ചു് പതിനെട്ടു കളരികൾ സ്ഥാപിച്ച ശാസ്ത്രനമ്പൂരിമാർ കാലക്രമേണ ആഭിജാത്യം കുറഞ്ഞവരായി ഗണിക്കപ്പെട്ടുതുടങ്ങി. വേറെയും പല വിഭാഗങ്ങൾ വിവിധകാരണങ്ങളാൽ അവരുടെ കൂട്ടത്തിൽ ഉണ്ടാവാൻ ഇടയായിട്ടുണ്ടു്. അവയെപ്പറ്റി സവിസ്തരം പ്രതിപാദിക്കേണ്ട ആവശ്യം ഇവിടെ ഇല്ലാത്തതിനാൽ കഴിയുന്നത്ര ചുരുക്കുന്നു.
തളിയാതിരിമാർ, അധികാരഭ്രമത്താലും ധനതൃഷ്ണയാലും ജനങ്ങളെ പീഡിപ്പിച്ചുതുടങ്ങിയപ്പോഴാണു്, വേദോച്ചാരണ ചെയ്തു ജീവിക്കേണ്ടവർക്കു് രാജ്യശാസനം നടത്താൻ സാധിക്കയില്ലെന്നു പ്രത്യക്ഷപ്പെട്ടതു്. തളിയാതിരിമാർ അവരോധാവസരത്തിൽ ചെയ്തിട്ടുള്ള ശപഥത്തേ ലംഘിച്ചു മൂന്നു കൊല്ലം കഴിഞ്ഞിട്ടും സ്വാധികാരം അന്യനു വിട്ടുകൊടുക്കാതെ ആയി. രക്ഷാപുരുഷന്മാർക്കു ഭൂസ്വത്തുക്കൾ സമ്പാദിക്കാൻ പാടില്ലെന്നു ചെയ്തിരിക്കുന്ന വ്യവസ്ഥയ്ക്കു വിപരീതമായി അവർ, കഴിയുന്നത്ര സ്വത്തുക്കൾ തേടിവെയ്ക്കാൻ ശ്രമിച്ചു. അതിന്റെ ഒക്കെ ഫലമായി തളിയാതിരിമാരും മന്ത്രിയായ നായർപ്രഭുവും ഒരുവശത്തും, ബ്രാഹ്മണജന്മികളും നാകപ്രഭുക്കന്മാരും മറുഭാഗത്തും ആയി ഒരു ഘോരസമരം ആരംഭിച്ചു. [4] ആ സമരം കൊണ്ടു രാജ്യാധിപതിയുടെ നയവൈദഗ്ദ്ധ്യത്താൽ ഒട്ടു വളരെക്കാലത്തേയ്ക്കു നീണ്ടുനിന്നു. രണ്ടുകൂട്ടരും ജയിക്കയില്ലെന്ന മട്ടിലായപ്പോൾ, അവർ കൊങ്ങുരാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിച്ചു്, അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഒരു രാജവംശത്തെ രക്ഷാധികാരത്തോടു കൂടി വാഴിക്കാൻ തീർച്ചപ്പെടുത്തി. അവർ ‘ബാണവർമ്മൻ ഉദയൻ’ എന്ന ആ രാജാവിനെത്തന്നെ ആദ്യത്തെ പെരുമാളായി അഭിഷേകം ചെയ്തു. അദ്ദേഹത്തിനെ ആണത്രേ, മുരിങ്ങൂർ മുടിനാഗരാജൻ എന്ന കവി ഇപ്രകാരം വർണ്ണിച്ചിരിക്കുന്നതു്:
വെണ്ടലൈപ്പുണരിക്കുട കടർകളിക്കും
യാണർവൈപ്പി നിന്നാട്ടുപൊരുന
വാണവരമ്മെനൈ, നീയെ പെരുമ
വലം കളൈപ്പുരവി യൈവരോടു ചിനൈയി-
നിലന്തലൈക്കൈണ്ടു പൊലമ്പൂന്തുമ്പൈ
യിരെമ്പതിമ്മരും പൊരുതുകളൊത്തൊഴിയ-
പ്പെരുഞ്ചോറ്റു മികുപതംവരൈ യാതു കൊടുത്തോയ്”
ഈ സംഭവം ക്രിസ്തുവർഷാരംഭത്തിനു് 100-ൽപരം വർഷങ്ങൾക്കു മുമ്പായിരുന്നുവെന്നു ചെന്തമിഴു് ഗ്രന്ഥങ്ങളുടെ പരിശോധനയിൽ നിന്നു വെളിപ്പെടുന്നു. കേരളത്തിലെ ഐതിഹ്യപ്രകാരവും ആദ്യത്തെ പെരുമാളിന്റെ വാഴ്ച ആരംഭിച്ചതു് ‘ദദുർദ്ധരാം’ എന്ന കലിവത്സരത്തിൽ (ക്രി-മു-113) ആയിരുന്നു. പെരുമാക്കന്മാരുടെ വാഴ്ച ഏഴെട്ടു ശതവർഷകാലം നിലനിന്നു. ആ കാലം കേരളത്തിനു് പല വിധത്തിലുള്ള അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ടു്. കേരളീയചരിത്രത്തിലെ സുവർണ്ണകാലം അതുതന്നെ ആയിരുന്നുവെന്നു നിസ്സംശയം പറയാം. [5]
ആദ്യത്തെ പെരുമാളായ ഉദയനൻ നിമിത്തമായിരിക്കാം, തിരുവഞ്ചിപത്തനത്തിനു് മഹോദയപുരം (മാകോതയർ പത്തനം) എന്ന പേരു കൂടി സിദ്ധിച്ചതു്. ഈ നയവിദഗ്ദ്ധനായ പെരുമാൾ, പ്രജാധിപത്യഭരണത്തെ നശിപ്പിക്കാതെ, കീഴ്‌നടപ്പുകളിൽ ചിലതിനെ പുതുക്കിയും ചില പുതിയ വ്യവസ്ഥകൾ നടപ്പിൽ വരുത്തുകയും ചെയ്തു. തളികളിൽ ഓരോന്നിലും അദ്ദേഹം പഴയപോലെ ഓരോ തളിയാതിരിമാരെ മുമ്മൂന്നു കൊല്ലത്തേക്കു് സമ്യങ്നിയന്ത്രിതമായ അധികാരങ്ങളോടുകൂടി നിയമിക്കയും അവർ തലസ്ഥാനനഗരിക്കു സമീപംതന്നെ താമസിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതായി കേരളോല്പത്തിയിൽ നിന്നു ഗ്രഹിക്കാം. ഇതു ബ്രാഹ്മണരെ പിണക്കാതിരിക്കാനായി പ്രയോഗിച്ച കൗശലമായിരിക്കണം. പ്രജകളുടെ അഭാവാഭിയോഗങ്ങളെ യഥാകാലം അറിഞ്ഞു്, അവരുടെ ഇംഗിതാനുസരണം രാജ്യകാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനപ്രതിനിധിസഭ, മന്ത്രിസഭ, വൈദികസഭ, വൈദ്യസഭ, ജൗതിഷികസഭ എന്നു് അഞ്ചു മഹാ സഭകളും അദ്ദേഹം സ്ഥാപിച്ചു. ഈ ഭരണപടുവായ രാജാവിന്റെ കാലത്തു് അദ്ദേഹത്തിന്റെ മന്ത്രിമാരും മറ്റു ഭരണകർത്താക്കന്മാരും,
“പാൽപുളിപ്പിനും പകലിരുളിനും നാൽവേതനെറിതിരിയിനും, തിരിയാച്ചുറ്റമൊടുമുഴുതുചെൺവിളങ്കി” അത്രേ. അദ്ദേഹത്തിന്റെ പുത്രനും അടുത്ത പെരുമാളുമായ ഇവയവർമ്മൻ നെടുചേരനാഥൻ, ഇന്ത്യയുടെ വടക്കേ അറ്റംവരേ ജൈത്രയാത്ര ചെയ്തതായി പതിറ്റിപ്പത്തു്, ചിലപ്പതികാരം മുതലായ കൃതികളിൽ പറഞ്ഞിരിക്കുന്നു.
പൊൻപടനെടുവരൈ പുകന്തോനായിനും”
“വൻചൊൽ യവനർ വളനാടുവൻ പെരുങ്ക
റ്റെങ്കുമരിയാണ്ടചെറുവിർക്കയർ പുലിയാൻ.” (ചില. 28-29)
ഇക്കാലത്തിനുമുമ്പുതന്നെ കേരളത്തിൽ ബുദ്ധമതം പ്രചരിച്ചുതുടങ്ങിയിരിക്കണം. എന്നാൽ നെടുഞ്ചോരനാഥന്റെ കാലത്തു് ഒരു ചരിത്രപ്രധാനമായ സംഭവം നടന്നു. അദ്ദേഹത്തിന്റെ മിത്രവും ബുദ്ധമതപ്രചരണാർത്ഥം ലങ്കയിൽനിന്നു വന്ന ധർമ്മശാസനന്റെ ഉപദേശാനുസാരം ആ മതം അംഗീകരിച്ച ആളുമായ കോവലൻ തിരുവഞ്ചിനഗരത്തിൽ ഒരു ബുദ്ധചൈത്യം പണികഴിപ്പിച്ചു. നാലാമത്തെ പെരുമാളായ ബാണവർമ്മൻ നാർമുടിച്ചേരനാഥന്റെ മൂത്ത പുത്രൻ പോലും ബുദ്ധമതം സ്വീകരിച്ചു് വിഷയസംഗപരിത്യാഗം ചെയ്തുവത്രേ. ഇങ്ങനെ രാജകുടുംബാംഗങ്ങൾ പോലും സ്വീകരിക്കാൻ പ്രേരിതമായ ബുദ്ധമതത്തോടു് അക്കാലത്തു് ആർക്കും ബഹുമതിക്കുറവില്ലായിരുന്നുവെന്നു്, രാജസഭയിലും മറ്റും ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിൽ നിന്നു് ഊഹിക്കാം. ധർമ്മശാസനന്റെ കൂടെ ബുദ്ധമതപ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളായിരിക്കാം ഇന്നത്തെ ഈഴവർ. ചേരൻ ചെങ്കുട്ടുവന്റെ കാലത്തു് കേരളത്തിലെ ഫലവർഗ്ഗങ്ങളുടെ കൂട്ടത്തിൽ ‘തെങ്കിൽപഴനും തേമാങ്കനിയും’ ഉൾപ്പെടുത്തിയിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തിനു മുമ്പേതന്നെ ഈഴവർ തീർച്ചയായും കേരളത്തിൽ വന്നു കാണണം. ചെങ്കുട്ടുവന്റെ കാലം ക്രിസ്തുവർഷം രണ്ടാം ശതകമായിരുന്നു.
ഇമയവർമ്മൻ ചെങ്കുട്ടുവൻ പതിമൂന്നാമത്തെ പെരുമാളായിരുന്നത്രെ. അദ്ദേഹത്തിന്റെ അപദാനങ്ങളെ അന്നത്തെ അനേകകവികൾ കീർത്തിച്ചുകാണുന്നുണ്ടു്. വിദ്യാപ്രചാരണവിഷയത്തിൽ അദ്ദേഹം അത്യുൽസുകനായിരുന്നു. ചിലപ്പതികാരകർത്താവായ ഇളംകൂറടികൾ ചെങ്കുട്ടുവന്റെ അനുജനായിരുന്നുവെന്നാണു് ഐതിഹ്യം. പ്രസ്തുതകാവ്യത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളതു് ഈ പെരുമാളായിരുന്നുവെന്നു് തീർച്ചപ്പെടുത്താം. “പടുകടലോട്ടിയവെൻപുകൾക്കുട്ടുവൻ” എന്നു പതിറ്റുപത്തിലും, “പൊങ്കിരുമ്പരപ്പിൽ കടൽ പിറകോട്ടിയ” കുട്ടുവനെന്നു് ചിലപ്പതികാരത്തിലും, അദ്ദേഹത്തിനെ വർണ്ണിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കാലത്തു് ഒരു കടൽക്ഷോഭം ഉണ്ടായെന്നും തൽഫലമായി കേരളത്തിന്റെ ഒരു ഭാഗത്തു് കടൽവെച്ചു് കരയുണ്ടായെന്നും ഊഹിക്കാം. കരപ്പുറം ഇങ്ങനെ കടൽ പിൻവാങ്ങിയതിന്റെ ഫലമായുണ്ടായ ഭൂഭാഗമായിരിക്കാൻ ഇടയുണ്ടു്. ടോളമിയുടെ കാലത്തു് സമുദ്രം വേമ്പനാട്ടുകായലിന്റെ കിഴക്കേതീരംവരെ വ്യാപിച്ചിരുന്നതായി അദ്ദേഹത്തിന്റെ ലിഖിതങ്ങളിൽ നിന്നു കാണുന്നതും, ആധുനികഭൂഗർഭശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും ഈ ഊഹത്തിനു് അവഷ്ടംഭകമായിരിക്കുന്നു.
ആദിപെരുമാക്കന്മാരുടെ കാലം കേരളത്തിന്റെ സൗവർണ്ണദശയായിരുന്നുവെന്നു പറവാൻ പല കാരണങ്ങളുണ്ടു്. യവനന്മാരെപ്പോലും ആകർഷിക്കത്തക്കവണ്ണം ഉണ്ടായിരുന്ന സമ്പത്സമൃദ്ധിയോ പോകട്ടെ. ജനങ്ങൾ വളരെ ഐക്യമത്യത്തോടുകൂടിയാണു ജീവിച്ചുവന്നതു്. തീണ്ടൽ, തൊടീൽ ഇവയൊന്നും അക്കാലത്തു് അറിയപ്പെട്ടിരുന്നതേ ഇല്ല. പരമതാസഹിഷ്ണുത കേരളീയർക്കു കണികാണ്മാൻ പോലും ഇല്ലായിരുന്നു. ഒരേ കുടുംമ്പത്തിൽ തന്നെ വൈദികന്മാരോടുകൂടി ബുദ്ധമതക്കാരും ജൈനന്മാരും ജീവിക്കുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടായിരുന്നില്ലെന്നു് ചിലപ്പതികാരം വായിച്ചാൽ അറിയാം. അവർക്കു തമ്മിൽ വിവാഹബന്ധംപോലും നിഷേധിക്കപ്പെട്ടിരുന്നില്ല. ഇന്നു് നാം നിർദ്ദയം ആട്ടിയോടിക്കുന്ന കാണിക്കാർ, [6]
- കാണിക്കാർ ഇവർ പശ്ചിമഘട്ടത്തിനു് അപ്പുറം വാണിരുന്ന ശ്രീരംഗൻ, വീരപ്പൻ എന്നീ രണ്ടു മലയരയന്മാരുടെ സന്താനങ്ങളെന്നു് ഇപ്പോഴും അഭിമാനിച്ചുവരുന്നു. ഭാഷയ്ക്കും തമിഴിനോടാണു് അധികം അടുപ്പം, ദായക്രമം മക്കത്തായമാണു്.
- മുതുവർ ഇവർ പൂഞ്ഞാറ്റു തമ്പുരാനു വേണ്ടി മധുരയിൽ നിന്നു് മീനാക്ഷിയുടെ വിഗ്രഹം മുതുകത്തു വഹിച്ചുകൊണ്ടു വന്നവരുടെ സന്താനങ്ങളത്രെ.
- ഊരാളികൾ ഇവരും മധുരരാജാക്കന്മാരുടെ ആശ്രിതന്മാരായിരുന്നവരാണു്. തൊടുപുഴത്താലൂക്കിന്റെ ഒരു ഭാഗം ഒരു കാലത്തു് മധുരരാജ്യത്തോടു ചേർന്നിരുന്നു. അന്നു് മധുരരാജാക്കന്മാർ തൊടുപുഴയിലേക്കു ഘോഷയാത്ര പുറപ്പെടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ കുട പിടിക്കുന്ന ജോലി ഊരാളിമാർക്കായിരുന്നുവത്രെ. ആ ഊരാളിമാരിൽ ഒരുവനെ ആ ഊരിനെ ആളുന്നതിനായി മധുരരാജാവു വിട്ടും വെച്ചുപോയതായി ഒരു ഐതിഹ്യമുണ്ടു്.
- ചെറുമന്മാരിൽ പുലയർ, പറയർ, പള്ളർ എന്ന മൂന്നു വർഗ്ഗക്കാർ ഉൾപ്പെടുന്നുണ്ടു്. ഇവരെ ആദിചേരന്മാരെന്നു് സാധാരണ പറയാറുണ്ടെങ്കിലും ഇവർ പില്ക്കാലത്തു കേരളത്തിൽ വന്നവരാണെന്നുള്ളതിനു പല ലക്ഷ്യങ്ങൾ കാണുന്നു. മലയർ, കുറിച്ചിയർ തുടങ്ങിയവർക്കും അന്നു് പൊതു ജനതയുടെ ഇടയിൽ സ്വൈരമായി സഞ്ചരിക്കാമായിരുന്നു.
പെരുമാക്കന്മാരുടെ വാഴ്ചക്കാലത്താണു് ജൂതന്മാരും ക്രിസ്ത്യാനികളും മുഹമ്മദീയരും കേരളത്തിൽ ആദ്യമായി പ്രവേശിച്ചതു്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ സെന്റ് തോമസ് ഏ. ഡി. ഒന്നാം ശതകത്തിൽ മലയാളത്തിൽ വന്നു് നിരണം, ചായൽ, കൊല്ലം, പാലൂർ, കൊടുങ്ങല്ലൂർ, കോട്ടയ്ക്കായൽ ഇങ്ങനെ ഏഴുദിക്കുകളിൽനിന്നു് കേരളീയരിൽ പലരേയും ക്രിസ്തുമതം സ്വീകരിപ്പിച്ചതായി ഭാഷാചരിത്രകർത്താവു പറയുന്നു. അങ്ങനെ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവരിൽ കള്ളി, കാളിയാങ്ക, ശങ്കുപുരി, പകലോമറ്റം എന്നു നാലു കുടുംബക്കാർ ആഢ്യബ്രാഹ്മണരായിരുന്നത്രേ. സെന്റ് തോമസ്സിന്റെ കാലശേഷം ഒന്നുരണ്ടു ശതവർഷക്കാലത്തേയ്ക്കു് ക്രിസ്തുമതപ്രചരണാർത്ഥം, ഇവിടെ ആരും വന്നതായി അറിവില്ല. ഏ. ഡി. 345-ൽ തോമാക്കാനായുടെ നേതൃത്വത്തിൽ ബാഗ്ഡാഡ്, നിനീവ, ജറുസലേം എന്നീ പ്രദേശങ്ങളിൽ നിന്നു് ഏതാനും അർമ്മീനിയർ കേരളത്തിൽ മഹോദയപുരത്തു കുടിയേറി. തോമാക്കാനാ മലബാർതീരങ്ങളുമായി വാണിജ്യം നടത്തിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അന്നത്തെ പെരുമാൾ അവർക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തുവെന്നു മാത്രമല്ല, ജൂതന്മാർക്കെന്നപോലെ അവർക്കും മാന്യപദവികളും സ്ഥാനമാനങ്ങളും നൽകുകയും ചെയ്തു. അതിനുശേഷം ആണു് ക്രിസ്തുമതത്തിനു് ഉത്തരോത്തരം പ്രചാരം ഉണ്ടായിത്തുടങ്ങിയതു്.
ഭാസ്കരരവിവർമ്മ വെളുത്ത ജൂതന്മാർക്കു കൊടുത്ത ഒരു താമ്രശാസനവും, സ്താണുരവി ഗുപ്തപ്പെരുമാൾ സെന്റ് തെറിസ പള്ളിയിലേക്കു് കുറെ ഭൂമി അട്ടിപ്പേറായി കൊടുത്ത ഒരു ആധാരവും വീരരാഘവ ചക്രവർത്തി ക്രിസ്ത്യാനികൾക്കു നൽകിയ ഒരു താമ്രശാസനവും ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ടു്. ഇവയിൽ ഭാസ്കരരവിവർമ്മ ജൂതന്മാർക്കു നൽകിയ ശാസനം എട്ടാം ശതകത്തിനപ്പുറം ആവാൻ തരമില്ലെന്നു് ബർണ്ണലും, ഏ. ഡി. 192-ൽ ആണെന്നു് കനകസഭാപിള്ളയും പറയുന്നു. ആ കാരണത്താൽ ചക്രവർത്തി, പകൽ വിളക്കു്, നട, പല്ലക്കു്, കുട, കൊട്ടും കുഴലും എന്നീ പദവികൾ ജോസഫ് റബ്ബിനു നൽകിയതായി കാണുന്നു. വീരരാഘവ ചക്രവർത്തിയുടെ ശാസനം ഏ. ഡി. 774-ൽ ആണെന്നു് ഡാക്ടർ ബർണ്ണലും, 1320 മാർച്ച് 15-ാനു ആണെന്നു് ഡാക്ടർ കെയിൽ ഹോർണ്ണും വാദിക്കുന്നു. എന്നാൽ വി. നാഗമയ്യാ തിരുവിതാംകൂർ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നതു് ഏ. ഡി. 230-ൽ ആണെന്നത്രേ.
കേരളത്തിൽ ആദ്യമായി ഒരു പള്ളി സ്ഥാപിക്കുന്നതിനു് അനുവാദം കിട്ടിയ മഹമ്മദീയൻ അറേബിയായിൽനിന്നു് വന്ന ഷെയികു് ഇബിൻദീനാർ ആണെന്നു പറഞ്ഞുവരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരിൽ ഒരു പള്ളി സ്ഥാപിച്ചുവത്രേ. പിന്നീടു് അദ്ദേഹത്തിന്റെ ഉപദേശാനുസൃതം മാലികു് ഇബിൻ ഹബീബ് തന്റെ കുടുംബസമേതം കൊല്ലത്തുവന്നു് അവിടെയും ഒരു പള്ളി പണിയിച്ചു. അചിരേണ മഹമ്മദീയരുടെ സംഖ്യയും വർദ്ധിച്ചുവന്നു. പോർത്തുഗീസുകാരുടെ വരവുവരെ കേരളവുമായുള്ള കച്ചവടം മുഴുവനും അറബികളുടെ കൈവശമായിരുന്നു.
ഒടുവിലത്തെ പെരുമാൾ കപ്പൽ വഴി കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ചില മഹമ്മദീയരുടെ ഉപദേശപ്രകാരം ഇസ്ലാംമതം സ്വീകരിച്ചു് മക്കത്തേയ്ക്കു പോയതായി ഒരു കഥയുണ്ടു്. അദ്ദേഹം അതിനുമുമ്പായി രാജ്യത്തെ ഉറ്റ ബന്ധുക്കൾക്കും ആശ്രിതന്മാർക്കും പ്രഭുക്കന്മാർക്കും ആയി പങ്കിട്ടു കൊടുത്തുവത്രേ. ഈ കഥ വിശ്വാസയോഗ്യമല്ല. അതിനെപ്പറ്റി ആദ്യമായി പറഞ്ഞുകാണുന്നതു് കമോയൻസ് എന്ന പോർത്തുഗീസുകാരൻ എഴുതിയ ലൂസിയഡ് എന്ന കാവ്യത്തിലും 16-ാം ശതകത്തിൽ ഷെയികു് സെയിനുഡീൻ എഴുതിയ ചരിത്രത്തിലും ആകുന്നു. ഷെയികു് സെയിനുഡീൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രധാനമായി വിവരിച്ചിരിക്കുന്നതു് തഹാഫുടു് ഉൾമുജാഹുദീൻ എന്നു പേരായ അറബികൾ കേരളത്തിൽ കുടിപാർത്ത കഥയേയാണു്. മലയാളികൾ പെരുമാളിന്റെ മതംമാറ്റത്തെപ്പറ്റിപ്പറഞ്ഞുവരുന്ന കഥ [7] വിശ്വാസാർഹമല്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽതന്നെ നബിയുടെ സ്വർഗ്ഗാരോഹണാനന്തരം രണ്ടുശതവർഷം കഴിഞ്ഞായിരിക്കാനേ തരമുള്ളുവെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ക്രിസ്താബ്ദം ഒൻപതാം ശതകം മുതല്ക്കു് പതിനഞ്ചാംശതകം വരെ ഉണ്ടായിട്ടുള്ള പാശ്ചാത്യരേഖകളിലൊന്നിലും ഈ സംഭവത്തെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലതാനും. നേരേമറിച്ചു് അറബിവ്യാപാരിയായ സുലൈമാൻ (851–852) ഇങ്ങനെ എഴുതിയിരിക്കയും ചെയ്യുന്നു.
“ഇൻഡ്യാക്കാരിലോ ചീനക്കാരിലോ ഇസ്ലാംമതം അംഗീകരിച്ചവരോ അറബിഭാഷ സംസാരിക്കുന്നവരോ ആയി ആരെങ്കിലും ഉള്ളതായി അറിയുന്നില്ല.”
ഒടുവിലത്തെ പെരുമാൾ എഴുപത്തിമൂന്നു കൊല്ലത്തെ ഭരണശേഷം തിരുവഞ്ചിക്കുളത്തുവച്ചു് നൂറാമത്തെ വയസ്സിൽ ചരമഗതിയേ പ്രാപിച്ചതായിട്ടാണു് ഹിന്ദുക്കൾ രേഖപ്പെടുത്തിക്കാണുന്നതു്. പതിനൊന്നും പതിമൂന്നും ശതകങ്ങൾക്കു മദ്ധ്യേ ഉണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽ പെരുമാൾ സുന്ദരമൂർത്തി സ്വാമിയോടൊന്നിച്ചു് ഉടലോടെ സ്വർഗ്ഗത്തു പോയതായി വിവരിക്കയും ചെയ്തിരിക്കുന്നു. തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ അദ്ദേഹത്തിന്റേയും, ഗുരുവായിരുന്ന സുന്ദരമൂർത്തിയുടേയും പ്രതിമകൾ ഇപ്പോഴും കാണ്മാനുണ്ടു്. അദ്ദേഹം 352-ാം ആണ്ടുവരെ കൊച്ചിയിലുള്ള ഒരു ദേവാലയത്തിൽ ഏകാന്തവാസം ചെയ്തിരുന്നുവെന്നാണു് മേജർ ഡ്രൂറിയുടെ അഭിപ്രായം.
കേരളരാജാക്കന്മാർക്കു രാജസ്ഥാനം ലഭിച്ചതു് പെരുമാൾ വഴിക്കാണെന്നും പറയാവുന്നതല്ല. എന്തുകൊണ്ടെന്നാൽ ജൂതന്മാർക്കു പെരുമാൾ നൽകിയ താമ്രശാസനത്തിൽ “വേണാടുടയ ഗോവർദ്ധനൻ മാർത്താണ്ഡനും” “ഏർ നാടുടയ മാനവപാലമാനവീയനും” “വള്ളുവനാടുടയ രായിരൻ ചാത്തനും” “നെടുമ്പറയൂർ നാടുടയ കോതെ ഇരവിയും” ഒപ്പിട്ടുകാണുന്നു. വീരരാഘവചക്രവർത്തിയുടെ ചെമ്പുപട്ടയത്തിലും വേണാടു്, ഓടനാടു്, ഏർനാടു്, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാർ സാക്ഷി നിന്നിരിക്കുന്നു. അതിനാൽ ആ രാജ്യങ്ങളും രാജാക്കന്മാരും പെരുമാക്കന്മാരുടെ കാലത്തുതന്നെ ഉണ്ടായിരുന്നുവന്നു തീർച്ചയാണല്ലോ.
കൊടുംകൊയിലരായിരിക്കാനും മതി.
ഈ ശബ്ദം “തിരു + അഞ്ചൈ + കലം” (തിരുഅഞ്ചൈക്കുളം) എന്നതിന്റെ രൂപഭേദമാണെന്നു ചിലർ പറയുന്നു. “അഞ്ച” പദത്തിനു് അമ്മ എന്നർത്ഥം. എന്നാൽ ദേവീക്ഷേത്രം പണികഴിക്കുന്നതിനു മുമ്പുണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽപോലും “വഞ്ചി” ശബ്ദപ്രയോഗം കാണ്മാനുണ്ടു്.
മുരചീമാരുതോദ്ധ തമഗമൽകൈതകം രജഃ (രഘുവംശം) മുരചീപത്തനം ചൈവരമും ചൈവജടാപുരം (വാ. രാ.).
മുടിനാഗരാജൻ തുടങ്ങിയ തമിഴ് കവികൾ വർണ്ണിച്ചിരിക്കുന്ന ഈ യുദ്ധത്തെ ചിലർ കുരുപാണ്ഡവയുദ്ധമായി വ്യാഖ്യാനിച്ചിരിക്കുന്നതു ശരിയല്ല.
For much of what I have said in the latter part of this chapter, I am indebted to Mr. A. Krishna Pisharody, my revered Gurw.
കാണിക്കാർ, മലയർ, മുതുവർ, ഊരാളികൾ, കുറവർ, വേലന്മാർ, ചെറുമികൾ, പുലയർ, പറയർ ഇത്യാദി വർഗ്ഗക്കാർ കേരളത്തിലെ ആദിമനിവാസികളായിരുന്നെന്നാണു് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ അവർ പിന്നീടു കേരളത്തിൽ വന്നു കുടിപാർത്തവരാണെന്നു് അവരുടെ ഭാഷ, ആചാരങ്ങൾ, ദായക്രമങ്ങൾ, ഐതിഹ്യങ്ങൾ മുതലായവ നോക്കിയാൽ അറിയാം.
കൊച്ചി ചരിത്രം നോക്കുക.