കഴിഞ്ഞ അദ്ധ്യായത്തിൽ ഭാഷാസാഹിത്യപിപഠിഷുക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട ആദികേരളചരിത്രസംഭവങ്ങളെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. ആ സംഭവങ്ങൾ ഭാഷാകോശത്തെ എത്രമാത്രം സ്പർശിച്ചിട്ടുണ്ടെന്നു് ഇനി നമുക്കു ചിന്തിക്കാം. ക്രിസ്തുവർഷാരംഭത്തിനു് അനേക ശതവർഷങ്ങൾക്കുമുമ്പു മുതല്ക്കേ കേരളത്തിനു് ഫിനിഷ്യന്മാരോടും ഗ്രീക്കുകാരോടും മിശ്രദേശീയരോടും വാണിജ്യസംബന്ധമുണ്ടായിരുന്നതിനാൽ, അവരുടെ ഭാഷകളിൽ നിന്നു് ചില ശബ്ദങ്ങൾ കൈരളിയിലേക്കു സംക്രമിച്ചുകാണുമെങ്കിലും, അതുകൊണ്ടു പറയത്തക്ക വികാസമൊന്നും ഭാഷയ്ക്കു സിദ്ധിച്ചുകാണുകയില്ല. അകാരാദിയേയും സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള ഭാഷകൾ ചെന്തമിഴും സംസ്കൃതവുമാകുന്നു. അതിപുരാതനകാലത്തു തന്നെ ചെന്തമിൾസാഹിത്യത്തിനു് അത്ഭുതാവഹമായ അഭിവൃദ്ധിയുണ്ടായതിനാൽ, അതു കേരളത്തിലും വിദ്വജ്ജനഭാഷയായിത്തീർന്നു. ചോളപാണ്ഡ്യദേശങ്ങളോടു് രാഷ്ട്രീയമായുണ്ടായ വേഴ്ചയും ഈ രണ്ടു ഭാഷകൾ തമ്മിലുള്ള ബന്ധത്തെ ദൃഢീകരിക്കുന്നതിനു് അത്യന്തം ഉപകരിച്ചു. തന്മൂലം വളരെക്കാലത്തേക്കു് മലയാളഭാഷയ്ക്കു് സാഹിത്യാദർശങ്ങൾ നൽകിക്കൊണ്ടിരുന്നതു് ചെന്തമിഴായിരുന്നുവെന്നു് നിസ്സംശയം പറയാം.
മലയാളഭാഷയോടു് ആദ്യകാലത്തു് കേരളബ്രാഹ്മണർക്കു് ലേശംപോലും ബഹുമാനമുണ്ടായിരുന്നില്ലെങ്കിലും, മലയാളികളോടു് പല സംഗതികളിൽ അടുത്തു പെരുമാറേണ്ട ആവശ്യം വന്നിരുന്നതിനാൽ, അവർ മലയാളം പഠിക്കുന്നതിനു് നിർബന്ധിതരായി. കാലക്രമേണ രാഷ്ട്രീയവും സാമുദായികവും പ്രകൃതികവും ആയ ഹേതുക്കളാൽ അവർക്കു കേരളത്തിനുവെളിയിലേ ബ്രാഹ്മണരോടുണ്ടായിരുന്ന ബന്ധം അറ്റുപോകുന്നതിനും കേരളത്തിൽ നേരേമറിച്ചു്, അധികാരശക്തി വർദ്ധിക്കുന്നതിനും ഇടയായതിനാൽ അവർ കേരളീയ ജനമണ്ഡലത്തിന്റെ അഗ്രസ്ഥാനത്തിൽ പ്രതിഷ്ഠിതരാവുകയും മലയാളഭാഷയെ വ്യവഹാരഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ കേരളീയരായിത്തീർന്ന മലയാളബ്രാഹ്മണരിൽ നിന്നു് ഭാഷയ്ക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ള ഗുണഗണങ്ങളെ എത്ര വർണ്ണിച്ചാലും ഒടുങ്ങുകയില്ല. അവർനിമിത്തം ഭാഷാകോശം സമ്പുഷ്ടമാവുകയും ഗദ്യപദ്യാത്മകങ്ങളായ നവ്യസാഹിത്യമാതൃകകളാൽ സാഹിത്യം വികസിച്ചുതുടങ്ങുകയും ചെയ്തു. മലയാളഭാഷ ക്രിയാശബ്ദങ്ങൾക്കുള്ള പുരുഷപ്രത്യയങ്ങളെ നിരസിച്ചുതുടങ്ങിയതു് ആര്യഭാഷാസമ്പർക്കത്തിന്റെ ഫലമായിട്ടായിരിക്കണം. ഈ വിഷയത്തെപ്പറ്റി അന്യത്ര പറയേണ്ടിയിരിക്കുന്നതുകൊണ്ടു് ഇവിടെ തല്ക്കാലം ചുരുക്കുന്നു.
ബുദ്ധമതപ്രചാരവും ഭാഷാഭിധാനത്തിന്റെ അഭിവൃദ്ധിക്കു സഹായിച്ചിട്ടുണ്ടു്. കേരളീയരിൽ ഒരു വലിയവിഭാഗം, ആദികാലത്തു ബുദ്ധമതം അവലംബിച്ചിരുന്നതിലാൽ പാലിഭാഷാശബ്ദങ്ങളിൽ പലതും ഭാഷയിലേയ്ക്കു കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ല. ഇതുകൂടാതെ ഹീബ്രു, അറബി, സുറിയാനി മുതലായ ഭാഷകളിൽനിന്നും മലയാളത്തിനു് പലേ ശബ്ദങ്ങൾ ലഭിച്ചിട്ടുണ്ടു്.
പെരുമാൾവാഴ്ചയുടെ അവസാനഘട്ടംവരെ മലയാളഭാഷയിൽ കടന്നുകൂടീട്ടുള്ള ചില വിദേശപദങ്ങളെ മാത്രം താഴെ ചേർക്കുന്നു.
- അറബി:
- ഇനാം, ഉമ്മ, ഉൽവ, കത്തു്, കറാർ, തകരാർ, ദീൻ, പക്കീർ, ബദൽ, ബദാം, മസ്സാല, റാത്തൽ, സലാം. ഇപ്പോൾ ഇരുന്നൂറോളം അറബിശബ്ദങ്ങൾ ഭാഷയിലുണ്ടെങ്കിലും, അവ പിന്നീടു് ഹിന്ദുസ്ഥാനിവഴിക്കു സംക്രമിച്ചവയായിരിക്കണം.
- സിറിയൻ:
- കപ്പിയാർ, കവർ, കശീശ, കുർബാന, കൂദാശ, നസ്രാണി, മശീഹ, മാമോദീസ.
- ഹീബ്രുപദങ്ങൾ:
- ഹോശാനാ, ഏബ്രായം.
- പാലി:
- അച്ഛൻ, പള്ളി.
എല്ലാ ജീവൽഭാഷകളും, അവയെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജനമണ്ഡലങ്ങളെപ്പോലെ തന്നെ, കാലദേശാദിഭേദങ്ങൾക്കു വഴിപ്പെട്ടു് പരിണാമോന്മുഖമായിരിക്കുന്നു. കാലഭേദംകൊണ്ടു് ഭാഷയ്ക്കുണ്ടായിട്ടുള്ള മാറ്റങ്ങളിൽ പ്രധാനമായവ അക്ഷരലോപം, ഉച്ചാരണഭേദം, പര്യായവിസർജ്ജനം, അർത്ഥവ്യത്യാസം, പ്രത്യയനിരാസം, വിദേശശബ്ദസ്വീകരണം, നൂതനപദസൃഷ്ടി എന്നീ കാരണങ്ങളാലാണു് സംഭവിച്ചിട്ടുള്ളതു്.
ദേശഭേദത്താൽ മലയാളത്തിനു് വടക്കൻഭാഷ, മദ്ധ്യഭാഷ, തെക്കൻ ഭാഷ എന്നു് മൂന്നുവിധരൂപങ്ങൾ ഏർപ്പെട്ടു. കർണ്ണാടകം, തുളു എന്നീഭാഷകളോടുള്ള സമ്പർക്കം നിമിത്തം വടക്കൻമലയാളത്തിനു് ചില വിശിഷ്ടലക്ഷണങ്ങൾ കാണുന്നു. വ്യഞ്ജനത്തിന്റെ പിന്നിലുള്ള സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം കർണ്ണാടകത്തിനും തുളുവിനും സാധാരണമാണു്. മലയാളത്തിലെ ‘എരുതു്’ തുളുവിൽ എരുവും കന്നടത്തിൽ എർദുവും, മലയാളത്തിലെ ‘എരുമ’ തുളുവിൽ എർമ്മേയും കന്നടത്തിൽ എമ്മെയും ആകുന്നു. തുളുവിൽ ‘ഒടേഗ് പോപ്പർ’ എന്നുപറഞ്ഞാൽ, എവിടെയ്ക്കുപോകുന്നു എന്നാണർത്ഥം. ‘ഒടേഗ്’ എന്ന പദത്തിൽ വകാരം കാണുന്നേയില്ല. വടക്കൻ മലയാളത്തിലും ഈമാതിരി അക്ഷരലോപം സാമാന്യേന കാണുന്നു. ചുരുക്കിപ്പറഞ്ഞാൽ വടക്കൻമലയാളത്തിലെ മിക്ക ശബ്ദങ്ങളും തീരെ സങ്കുചിതങ്ങളായിത്തീർന്നിട്ടുണ്ടു്. ഇതിനുപുറമെ വടക്കൻ ഭാഷയിൽ അനേകം കർണ്ണാടകശബ്ദങ്ങളും തുളുശബ്ദങ്ങളും തത്സമങ്ങളായിട്ടു തന്നെ സ്ഥലം പിടിച്ചിട്ടുമുണ്ടു്.
തെക്കൻഭാഷ നേരേമറിച്ചു് തമിൾഭാഷാസാങ്കര്യത്താൽ മലിനമായിരിക്കുന്നു. തനി വടക്കൻഭാഷ സംസാരിച്ചാൽ തെക്കർക്കും, തെക്കൻഭാഷ സംസാരിച്ചാൽ വടക്കർക്കും സുഗമായിരിക്കയില്ല. ഈ രണ്ടു കൂട്ടരുടേയും ഇടയ്ക്കു ജീവിക്കുന്നവരുടെ ഭാഷ ഏറെക്കുറെ ശുദ്ധമായിരിക്കും. അതുകൊണ്ടു് മദ്ധ്യകേരളഭാഷയാണു് സാഹിത്യഭാഷയായി പരിണമിച്ചതു്.
മദ്ധ്യകേരളം എവിടംമുതൽ എവിടംവരെ എന്നുള്ളതിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയ്ക്കു് വലുതായ അഭിപ്രായഭേദം കാണുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ചെമ്പകശ്ശേരിരാജ്യം മുതല്ക്കു് വെട്ടത്തുനാടുവരേയുള്ള ഭാഗമാണ് മദ്ധ്യകേരളം.
വിദേശീയസമ്പർക്കം കൊണ്ടു് മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള സമ്പാദ്യങ്ങളിൽ പ്രധാനമായിട്ടുള്ളതു് വട്ടെഴുത്തു് എന്നുപറയപ്പെടുന്ന ലിപിവിന്യാസമാകുന്നു. കേരളത്തിലും മധുര, തിരുനൽവേലി മുതലായ പൂർവദേശങ്ങളിലും അതിപുരാതനകാലം മുതല്ക്കേ വട്ടെഴുത്തു നടപ്പിലിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
വട്ടെഴുത്തു് തമിഴക്ഷരമാലയെക്കാൾ പ്രാകൃതമാണെന്നും, അതിനു് കേരളത്തിലെന്നപോലെ മറ്റെങ്ങും പ്രചാരമുണ്ടായിട്ടില്ലെന്നും, കുറൾ, ചിലപ്പതികാരം, തൊൽകാപ്പിയം മുതലായ പുരാതന തമിൾ ഗ്രന്ഥങ്ങളെല്ലാം ആദ്യം എഴുതിയിരുന്നതു് വട്ടെഴുത്തിലായിരിക്കണമെന്നും, ഈ അക്ഷരമാല ലഭിച്ചതു് അർമ്മിയക്കു് അക്ഷരമാലയിൽനിന്നോ ഫിനിഷ്യന്മാരിൽനിന്നോ ആയിരിക്കണമെന്നും ഡാക്ടർ ബർണ്ണൽ ഊഹിക്കുന്നു. ഗോപിനാഥറാവുമുതൽപേരുടെ അഭിപ്രായത്തിൽ വട്ടെഴുത്തിന്റെ ഉല്പത്തി അശോകന്റെ ബ്രാഹ്മിഅക്ഷരമാലയിൽ നിന്നാണു്. ഈ അഭിപ്രായം തീരെ അസംഗതമാണെന്നു് ബർണ്ണൽ സായ്പു് തെളിയിച്ചിട്ടുണ്ടു്. ഡാക്ടർ ബൂഹ്ലരാകട്ടേ, അതു തമിഴക്ഷരമാലയിൽ നിന്നുണ്ടായതാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ അഭിപ്രായവും സാധുവല്ലെന്നു് ഈ രണ്ടു അക്ഷരമാലകളുടേയും ചരിത്രം പരിശോധിക്കുന്നവർക്കു് എളുപ്പത്തിൽ കാണാൻകഴിയും.
പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോപ്പോളോ മലയാളികൾക്കു് പ്രത്യേക ഭാഷയും അക്ഷരമാലയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിൽനിന്നു് തമിൾദേശങ്ങളിൽ അക്കാലത്തു് വട്ടെഴുത്തിന്റെ പ്രചാരം കുറഞ്ഞുതുടങ്ങിയെന്നു ഗ്രഹിക്കാം. തിരുക്കുളമെന്ന സ്ഥലത്തുള്ള കുറ്റാലനാഥസ്വാമിക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്ത അവസരത്തിൽ, വട്ടെഴുത്തു് ഒഴിച്ചുള്ള അവിടത്തെ രേഖകളെല്ലാം തമിഴക്ഷരമാലയിൽ പുതുക്കി എഴുതിച്ചുവെന്നും, എന്നാൽ തിരിച്ചറിവാനുള്ള ബുദ്ധിമുട്ടുകൊണ്ടു് വട്ടെഴുത്തു ലേഖനങ്ങൾ മാത്രം വിട്ടുകളഞ്ഞുവെന്നും രേഖപ്പെടുത്തീട്ടുള്ളതിനാൽ പതിനഞ്ചാം ശതകത്തിൽ വട്ടെഴുത്തു് തമിൾദേശങ്ങളിൽ തീരെ വിസ്മൃതപ്രായമായെന്നു തെളിയുന്നു. കേരളത്തിലാകട്ടെ, വട്ടെഴുത്തു് അടുത്ത കാലംവരെ നിലനിന്നു. [1] പതിനേഴാം ശതകത്തിലെ, ഈടു വായ്പകളിൽപോലും വട്ടെഴുത്തുതന്നെ ഉപയോഗിച്ചുകാണുന്നു.
അക്ഷരങ്ങളുടെ ഉരുണ്ട വടിവുനിമിത്തം ആയിരിക്കണം വട്ടെഴുത്തു് എന്ന പേരു് അതിനു സിദ്ധിച്ചതു്. അതിനു കാലക്രമേണ തെക്കൻ എന്നും വടക്കൻ എന്നും രണ്ടു സമ്പ്രദായഭേദങ്ങൾ ഏർപ്പെട്ടു. സംസ്കൃതലിപികളെല്ലാം വട്ടെഴുത്തിൽ ഇല്ലാതിരുന്നതുകൊണ്ടു് ആ ലിപികളെ കുറിക്കുന്നതിനു് തമിഴരും കേരളീയരും ഗ്രന്ഥാക്ഷരങ്ങൾ കടംവാങ്ങുന്ന പതിവായിരുന്നു വെന്നു് വീരരാഘവചക്രവർത്തി ഇരവികോർത്തനു കൊടുത്ത ചെമ്പുപട്ടയത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ മലയാളികൾ ഈ ദോഷത്തെ പരിഹരിക്കുന്നതിനു് പ്രായേണ തുളുമലയാളമാണു് ഉപയോഗിച്ചുവന്നതു്. എഴുത്തച്ഛൻ നടപ്പിൽവരുത്തിയ ആര്യലിപികൾതന്നെ തുളുമലയാളത്തിന്റെ ഒരു വകഭേദമാണത്രേ.
മലയാളസാഹിത്യചരിത്രത്തെ സൗകര്യാർത്ഥം നാലു കാലഘട്ടങ്ങളായി വേർതിരിക്കാം.
- അതിപ്രാചീനകാലം മുതല്ക്കു് പെരുമാൾ വാഴ്ചയുടെ അവസാനഘട്ടംവരെ സാഹിത്യോപക്രമണകാലം.
- ക്രിസ്ത്വബ്ദം എട്ടാം ശതകം മുതല്ക്കു് ക്രിസ്ത്വബ്ദം പതിനാലാം ശതകം വരെ ദ്രാവിഡപ്രഭാവകാലം.
- പതിനാലാം ശതകം മുതല്ക്കു് ആധുനികകാലം.
സാഹിത്യചരിത്രത്തെ ചില ഉപാധികളനുസരിച്ചു് ഇങ്ങനെ നാലു കാലഘട്ടങ്ങളായി വിഭജിക്കാമെങ്കിലും, അവയെ പ്രത്യേകം അതിരിട്ടു് വേലികെട്ടി വേർതിരിക്കാൻ സാധിക്കയില്ല. യൗവനമാരംഭിച്ച ശേഷവും ചിലർക്കു് ബാല്യത്തിന്റെ ലക്ഷണങ്ങൾ കാണാറുള്ളതുപോലെ സാഹിത്യചരിത്രത്തിലെ ഒരു കാലഘട്ടം അവസാനിച്ചശേഷവും അതിന്റെ വിശിഷ്ടലക്ഷണങ്ങളിൽ പലതും അടുത്ത കാലഘട്ടങ്ങളിലെ സാഹിത്യത്തിൽ കണ്ടുവെന്നു വരാം. അതുകൊണ്ടു് നിഷ്കൃഷ്ടമായ ഒരു വിഭാഗം ദുസ്സാധ്യമെന്നല്ല, അസാധ്യം തന്നെയാണെന്നു നിസ്സംശയം പറയാം. എന്നുവരികിലും ചരിത്രകാരന്മാർ വിമർശനസൗകര്യാർത്ഥം ചില സാമാന്യലക്ഷണങ്ങളെ ആസ്പദമാക്കി കാലവിഭാഗം ചെയ്തുവരുന്നു.
ഇടയ്ക്കു വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തും നടപ്പിൽ വന്നു.