SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
കേ​ര​ളീ​യ​ച​രി​തം (തു​ടർ​ച്ച)

പെ​രു​മാ​ക്ക​ന്മാ​രു​ടെ വാഴ്ച ക്രി​സ്തു​വർ​ഷം എട്ടാം ശത​ക​ത്തോ​ടു​കൂ​ടി അവ​സാ​നി​ച്ചു​വെ​ന്നു് വി​ചാ​രി​ക്കാ​നാ​ണു് ന്യാ​യം. ഒടു​വി​ല​ത്തെ പെ​രു​മാൾ ഭാ​സ്ക​ര​ര​വി​വർ​മ്മ​യാ​യി​രു​ന്നു​വെ​ന്നും അദ്ദേ​ഹം ക്രി​സ്തു​വർ​ഷം 345-ൽ രാ​ജ്യ​ഭാ​രം തു​ട​ങ്ങി​യെ​ന്നും പന്ത്ര​ണ്ടു​കൊ​ല്ലം വളരെ ശോ​ഭ​ന​മായ വി​ധ​ത്തിൽ നാ​ടു​വാ​ണ​ശേ​ഷം തി​രി​ച്ചു​പോ​കാൻ ഭാ​വി​ച്ച​പ്പോൾ, ബ്രാ​ഹ്മ​ണർ തട​ഞ്ഞ​തി​നാൽ ക്രി​സ്തു​വർ​ഷം 428-വരെ രാ​ജ്യം ഭരി​ച്ചു​വെ​ന്നും, അദ്ദേ​ഹ​ത്തി​ന്റെ കൊ​ട്ടാ​ര​ത്തിൽ സു​ന്ദ​ര​സ്വാ​മി എന്നു് ഒരു കവി​യു​ണ്ടാ​യി​രു​ന്നെ​ന്നും ഭാ​ഷാ​ച​രി​ത്ര​കർ​ത്താ​വു് അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ ഈ കാ​ല​ഗ​ണന ശരി​യാ​വാൻ തര​മി​ല്ലെ​ന്നു് തപ​തീ​സം​വ​ര​ണാ​ദി നാ​ട​ക​ങ്ങ​ളു​ടെ കർ​ത്താ​വായ കു​ല​ശേ​ഖ​ര​പ്പെ​രു​മാ​ളെ​പ്പ​റ്റി പറ​ഞ്ഞി​ട്ടു​ള്ള​തിൽ​നി​ന്നും തെ​ളി​യു​ന്നു. ‘ഭൂമം ഭു​പോ​യം പ്രാ​പ്യ’ എന്ന ഒരു കലി​ദി​നം കേ​ര​ള​പ്പ​ഴ​മ​ക​ളിൽ കാ​ണു​ന്നു​ണ്ടു്. എന്നാൽ കേ​ര​ള​മാ​ഹാ​ത്മ്യ​ത്തേ​യും കേ​ര​ളോ​ല്പ​ത്തി​യേ​യും നമു​ക്കു് പ്ര​മാ​ണ​ഗ്ര​ന്ഥ​ങ്ങ​ളാ​യി അം​ഗീ​ക​രി​ക്കാൻ നി​വൃ​ത്തി​യി​ല്ല. ഒടു​വി​ല​ത്തേ പെ​രു​മാൾ മഹ​മ്മ​ദു​മ​തം സ്വീ​ക​രി​ച്ച​താ​യി പറ​ഞ്ഞി​ടു​ള്ള​തു​ത​ന്നെ അതി​ന്റെ അവി​ശ്വാ​സ്യ​ത​യ്ക്കു നി​ദർ​ശ​ക​മാ​യി​രി​ക്കു​ന്നു. ക്രി​സ്തു​വർ​ഷം നാലാം ശത​ക​ത്തിൽ മഹ​മ്മ​ദു നബി ജനി​ക്കാൻ ഭാ​വി​ക്ക​പോ​ലും ചെ​യ്തി​ട്ടി​ല്ല​ല്ലോ.

ഇക്കാ​ല​ത്തി​നി​ട​യ്ക്കു് കേ​ര​ള​ത്തിൽ വലിയ മാ​റ്റ​ങ്ങൾ പലതും സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ബ്രാ​ഹ്മ​ണർ ക്ഷേ​ത്ര​ങ്ങൾ സ്ഥാ​പി​ച്ചും നയ​വൈ​ദ​ഗ്ദ്ധ്യം കൊ​ണ്ടും ക്ഷ​ത്ര​തേ​ജ​സ്വി​ക​ളാ​യി​രു​ന്ന നാ​യ​ന്മാ​രെ കീ​ഴ​ട​ക്കു​ക​യും ജാ​തി​ക്കോ​ട്ട അല്പാ​ല്പ​മാ​യി കെ​ട്ടി​യു​റ​പ്പി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തു. ഇപ്പോൾ കി​ട്ടീ​ട്ടു​ള്ള​തും മു​മ്പു സൂ​ചി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മായ മൂ​ന്നു ലേ​ഖ​ന​ങ്ങ​ളിൽ​നി​ന്നും ജാ​തി​വ്യ​ത്യാ​സം ഉറ​ച്ചു​തു​ട​ങ്ങി​യെ​ന്നു് നമു​ക്കു് നി​ഷ്പ്ര​യാ​സം ഗ്ര​ഹി​ക്കാം. ചരി​ത്ര​പി​പ​ഠി​ഷു​ക്കൾ​ക്കു് അത്യ​ന്തം ഉപ​യോ​ഗ​പ്ര​ദ​മാ​യ​തു​കൊ​ണ്ടു് ആ താ​മ്ര​ശാ​സ​ന​ങ്ങ​ളെ ഇവിടെ ഉദ്ധ​രി​ക്കു​ന്നു.

ഒന്നാം ശാസനം

സ്വ​സ്തി​ശ്രീ കോ(ഗോ)ണ്മൈ​ക്കൊ​ണ്ടാൻ കോ​ശ്രീ​പാർ​ക്കര ഇര​വി​വർ​മ്മൻ തി​രു​വ​ഡി പല​നൂ​റാ​യി​ര​ത്താ​ണ്ടും ചെം​കോൽ നട​ത്തി​യാ​ളാ​നി​ന്റ​യാ​ണ്ടു ഇര​ണ്ടാ​മാ​ണ്ടേ​ക്കു് എതിർ മു​പ്പ​ത്താ​റാ​മാ​ണ്ടു മു​യി​രി​ക്കോ​ടു ഇരു​ന്ത​രു​ളിയ നാൾ പി​ര​ശാ​ദി​ച്ചു അരു​ളിയ പി​ര​ശാ​തം ആവതു്. ഇസൂ​പ്പ ഇരു​പ്പാ​നു​ക്കു് അഞ്ചു​വ​ണ്ണം പി​ടി​യാ​ളും വാ​യ​ന​ത്താ​ളും പകു​ത​മും അഞ്ചു​വ​ണ്ണ​പ്പേ​രും പകൽ വി​ള​ക്കും പാ​വാ​ട​യും അയ്ന്തോ​ള​ക​മും മക​ക​ല​മും, അയ്ക്കൊ​ള​മും കു​ട​യും വടു​ക​പ്പ​റ​യും മല​ക​ല​മും ഇടു​പി​ടി​യും തോ​ര​ണ​വും തോ​ര​ണ​വി​ദാ​ന​മും സർവം മി​ക്കും എഴു​പ​ത്തി​ര​ണ്ടു വീ​ടു​പേ​രും, കൂടെ കു​ടു​ത്തോം. ഉലകിൽ തല കൂ​ലി​യും വിടോം. മറ്റും നഗ​ര​ത്തിൽ കു​ടി​കൾ കോ​യിൽ​ക്ക് ഇറ​ക്കു​മ​തു ഇവൻ ഇര​മെ​യും പെ​റു​മ​തു​പെ​റു​വും ആക ചെ​പ്പേ​ടു ചെ​യ്തു കു​ടു​ത്തോം. അഞ്ചു​വ​ണ്ണ​മു​ടയ ഇസൂ​പ്പ ഇറു​പ്പാ​നു​ക്കും പെൺ​മ​ക്ക​ളെ​ക്കൊ​ണ്ടു മരു​മ​ക്കൾ​ക്കും സന്തി​തി​പി​ര​കി​രി​തി ഉലകം ശന്തി​ര​നും ഉള്ള അളവും അഞ്ചു​വ​ണ്ണം സന്തി​തി​പ്പി​ര​കി​രി​തി (ശ്രീ) ഇപ്പ​രി അറി​വേൻ വേ​ണാ​ടു​ട​യ​കോ​വർ​ത്ത​ന​മാർ​ത്താ​ണ്ഡൻ. ഇപ്പ​രി അറി​വേൻ പെൺ​പ​ലി​നാ​ടു​ടയ കോതൈ ശി​തി​ക​ണ്ടൻ. ഇപ്പ​രി അറി​വേൻ എറ​ള​നാ​ടു​ടയ ഇരാ​യി​രൻ ശാ​ത്തൻ. ഇപ്പ​രി അറി​വേൻ കീ​ഴ്ച​ണ്ടി​നാ​യ​കം ശെ​യ്യി​ന്റെ മൂർ​ക്കൻ ശാ​ത്തൻ വന്റ​ല​ശേ​രി​ക്ക​ണ്ടൻ കു​ന്റ​പ്പൊ​ഴ​നായ കീ​ഴ്‌​വാ​യി​ക്കേ​ള​പ്പ​നെ​ഴു​ത്തു.

രണ്ടാം ശാസനം

ഹരി​ശ്രീ​മ​ഹാ​ഗ​ണ​പ​ത​യേ നമഃ ശ്രീ​ഭൂ​പാല നരപതി വീ​ര​കേ​ര​ള​ച​ക്ര​വർ​ത്തി ആതി​യാ​യി മു​റ​മു​റൈ​യേ പല നൂ​റാ​യി​ര​ത്താ​ണ്ടു ചെ​ങ്കോൽ നട​ത്താ​യി​നി​ന്റ ശ്രീ വീ​ര​രാ​ഘ​വ​ശ​ക്ര​വർ​ത്തി തി​രു​വി​രാ​ജ്യം ചൊ​ല്ലാ​യി​ന്റെ മക​ര​ത്തുൾ​വി​യാ​ഴം മീ​ന​ഞാ​യ​റ്റു ഇരു​പ​ത്തൊ​ന്റു ചെന്റ ശനി​രോ​ഹ​ണി​നാൾ പെ​രിൻ​കോ​യി​ല​ക​ത്തി​രു​ന്ന​രു​ളെ മകോ​തൈ​യർ പട​ണ​ത്തു ഇര​വി​കോർ​ത്ത​നാന ചേ​ര​മാൻ ലോ​ക​പെ​രും​ചെ​ടി​ക്കു് മണ​ക്കി​രാ​മ​പ്പ​ടം കു​ടു​ത്തോം. വി​ളാ​പാ​ട​യും പവ​ന​ത്താ​ങ്കും വെ​റു​പേ​രും കട​ത്തു​വ​ളെ​ഞ്ചി​യ​വും വള​ഞ്ചി​യ​ത്തിൽ തനി​ച്ചെ​ടും, മു(ൻ)ച്ചൊ​ല്ലും, മു​ന്ന​ടൈ​യും, പഞ്ച​വാ​ദ്യ​മും ശംഖും, പകൽ​വി​ള​ക്കും, പാ​വാ​ടാ​യും, അയ്ന്തോ​ള​വും കൊ​റ്റ​ക്കു​ട​യും, വടു​ക​പ്പ​റ​യും, ഇടു​പി​ടി​ത്തോ​ര​ണ​വും, നാ​ലു​ചേ​രി​ക്കും തനി​ച്ചെ​ടും കു​ടു​ത്തോം. വാ​ണി​യ​രേ​യും, കമ്മാ​ള​രേ​യും അടിമ കു​ടു​ത്തോം. നഗ​ര​ക്കൂ​ത്തു കർ​ത്താ​വായ ഇരവി കൊർ​ത്ത​നു​ക്കു് പറ​കൊ​ണ്ട​ള​ന്തു നി​റ​കൊ​ണ്ടു തൂ​ക്കി നൂൽ​കൊ​ണ്ടു പാ​കി​യെ​ണ്ണി​ന്റ​തി​ലും ഉവി(പ്പി)നോടു ശർ​ക്ക​ര​യോ​ടു കസ്തൂ​രി​യോ​ടു വി​ള​ക്കെ​ണ്ണ​യോ​ടു ഇടയിൽ ഉള്ള​തു് എപ്പേർ​പെ​ട്ട​തി​നും തരകും അതി​ന​ടു​ത്ത ചു​ങ്ക​വും കൂട കൊ​ടു​ങ്ക​ല്ലൂർ അഴി​വി​യോ​ടു, ഗോ​പു​ര​ത്തോ​ടു, വി​ശേ​ഷാൽ നാ​ലു​ത​ളി​യും തളി​ക്ക​ടു​ത്ത കി​രാ​മ​ത്തോ​ടി​ട​യിൽ നീർ​മു​ത​ലാ​യി ചെ​പ്പേ​ടു എഴു​തി​ക്കു​ടു​ത്തോം. ചേ​ര​മാൻ ലോ​ക​പ്പെ​രും​ചെ​ടി​യാന ഇരവി കൊർ​ത്ത​നു​ക്കു് ഇവൻ മക്കൾ മക്കൾ​ക്കെ വഴി​വ​ഴി​യെ വേറാക കു​ടു​ത്തോം. ഇത​റി​യും പൻ​റി​യൂർ കി​രാ​ത​മും ചൊ​കി​ര​കി​ര​മ​മും അറിയ കു​ടു​ത്തോം. ഏറ​നാ​ടും പു​ള്ളു​വ​നാ​ടു​മ​റി​യ​ക്കു​ടു​ത്തോം. ചന്ദ്രാ​ദി​ത്യ​ക​ളു​ള്ള നാ​ളെ​ക്കു കു​ടു​ത്തോം. ഇവർകൾ അറിയെ ചെ​പ്പേ​ടെ​ഴു​തിയ ചെ​ര​മാൻ ലോ​ക​പ്പെ​രു​ന്ത​ടാൻ നമ്പി​ച്ച​ട​യൻ കയ്യെ​ഴു​ത്തു്.

മൂ​ന്നാം ശാസനം

സ്വ​സ്തി കൊ​ത്താ​ണു ഇര​വി​കു​ത്താൻ പല നൂ​റാ​യി​ര​ത്താ​ണ്ടും മമ​കു​ത​ലൈ ശി​റ​ന്ത​ടി​പ്പ​ടു​ത്താ​ളാ നി​ന്റ​യാ​ണ്ടുൾ ശെ​ല്ലാ​നി​ന്റെ​യാ​ണ്ടൈ​ന്തു​ളർ​വാ​ണ്ടു വേ​ണാ​ടു വാ​ഴ്കി​ന്റ അയ്യ​ന​ടി​ക​ടി​രു​വ​ടി​യു​മ​തി​കാ​ര​രും പി​ര​കി​രു​തി​യു​മ​ഞ്ചൈ വർ​ണ്ണ​വും പു​ന്നൈ​ത്ത​ലേ​പ്പ​തി​യു​മുൾ​വൈ​ത്തു​ക്കു​ര​ക്കേ​ണി​ക്കൊ​ല്ല​ത്തു​ഈ​ശോ തവി​രാ​യി​ശെ​യ​വി​ത്ത തരു​സാ​പ്പ​ള്ളി​ക്കു അയ്യ​ന​ടി കടി​രു​വ​ടി കു​ടു​ത്ത​വി​ടു​പെ​റാ​വ​തു. നാ​ങ്കു​ടി ഈഴ​വ​രും മയ്ക്കു​ടി​ക്കെ​റു​മി​ഴ​കൈ​യ​രെ​ത്ത​മ​രും ഇവ(ർ)കൾ വന്നി​രു​പ​മൊ​രു വണ്ണാ​ക്കു​ടി​യും മി​വ്വ​തി​ന​വർ​ക്കു​ന്ത​ളൈ​ക്കാ​ണ​മു​മേ​ണി​ക്കാ​ണ​മു​മാ​നൈ​മേ​യി​പ്പാൻ കൊ​ള്ളു​മി​റൈ​യു​ഞ്ചാൻ​റാൻ ചാ​ടു​മെ​രി പൊ​ന്നും​പൊ​ലി​പൊ​ന്നു​മി​ര​പു​ശോ​ഭ​ങ്കെ ള്ള​പ്പെ​രാർ വാ​ര​ക്കൊ​ലു​ങ്കു​വ്വാ​നും പൈ​ഞ്ചക കണ്ടി​യും മു​ന്ന​മ് പെ​റ്റു​ടൈ​യൻ താ​നു​മ്വി​ടു​പെ​റാക അട്ടി​കു​ടു​ത്തെൻ. ഇന്നം​ക്കു​ടി ഈഴ​വ​രു​മൊ​രു​ക്കു​ടി​വ​ണ്ണാ​രു(മ്) ഇര​ണ്ടു കു​ടി​യ​രും ഒ(ഇ)രു​ക്ക​ടി തച്ച​രു​മ​ടൈ(പൈ)യപൂ​മി​യ്ക്കു് കാ​രാ​ഴർ നാ​ങ്കു​ടി വെ​ള്ളാ​ള​രും ഇവ്വ​നൈ​വ​രും തേ​വർ​ക്കു നടു​വൻ​ന​ടു ഇടുവൻ ഇട്ടു​പ​ള്ളി​യ്ക്ക് എണ്ണൈ​യ്ക്കും മറ്റു​മ്ചെ​ണ്ടു​ഞ്ച​ട​ങ്ക​റ​വു പാ​രാ​തെ​യ് ശെ​യ്യ​ക്ക​ട​വ​രാക ശമൈ​ച്ചു ഇന്ന​ക​ര​മ്ക​ണ്ട നീ​രെ​റ്റ​മ​രു​വാൻ സവി​രീ​ശോ​ശെ​യ്വി​ത്തു് തരി​സാ​പ്പ​ള്ളി​ക്കു​ക്കു​ടു​ത്ത ഭൂ​മി​യാ​വ​തു്. കോ​യി​ല​തി​കാ​രി​കൾ വി​ജ​യ​രാ​കു​തേ​വർ ഉൾ​പ്പട ഇരു​ന്ത​രു​ളി പി​ടി​ന​ട​ത്തി നീർ​ത്തു​ള്ളി​യൊ​ടു​കൂട അയ്യ​ന​ടി​കൾ തി​രു​വ​ടി​യും, ഇളം​കൂർ​വാ​ഴി​ന്റെ രാ​മ​തി​രു​വ​ടി​യും അതി​കാ​ര​രും, പ്ര​കൃ​തി​യും, അറു​നൂ​റ്റു​വ​രും, പു​ന്നൈ​ത്ത​ലൈ​പ്പ​തി​യും, പൂ​ളൈ​ക്കു​ടി​പ്പ​തി​യും, ഉൾ​പ്പ​ട​വ​ച്ചു ഇപ്പൂ​മി​ക്കെ​ല്ലൈ കി​ഴ​ക്കു വയലു് കാ​ടെ​യെ​ല്ലൈ​യാ​ക​വും കോ​വ​ലുൾ​പ്പെ​ട​ത്തെൻ​കി​ഴ​ക്കു ശി​റു​വാ​തിൽ​ക്കാൽ മതി​ലെ​യെ​ല്ലൈ​യാ​ക​വും പടി​ഞ്ഞാ​റു കട​ലെ​യെ​ല്ലൈ​യാ​ക​വും വട​ക്കു​ത്തൊ​ര​ണ​ത്തൊ​ടു​മെ​യെ​ല്ലൈ​യാ​ക​വും വട​കി​ഴ​ക്കു​പു​ന്നൈ​ത്ത​ലൈ അണ്ടി​ലൻ തൊടുമെയെല്ലയാകവുമ്-​ഇന്നാൻ കെ​ല്ലൈ​ക്കു​മ് അക​പ്പെ​ട്ട ഭൂ​മി​പി​ടി​ന​ട​ത്തി ഉലകും ശന്തി​രാ​തി​ത്തി​യ​രും ഒള്ള​നാ​ളെ​ല്ലാ​ഞ്ചെ​പ്പു പത്തി​രാ​ശെ​യി​തു കു​ടു​ത്തേൻ അയ്യ​ന​ടി​കൾ തി​രു​വ​ടി​യും ഇരാ​മ​തി​രു​വ​ടി​യും കൊ​യി​ല​തി​കാ​രി​ക​ളും പടമൈ(വ)ത്ത​രു​ളി ഇപ്പൂ​മി​യിൽ കു​ടി​ക​ള​യും എപ്പി​ഴൈ​ശൊ​ല്ലി​യും പള്ളി​യാ​രെ​യി​പ്പി​ഴൈ​യു​മ​യ​ഴി​യും തലൈ​വി​ലൈ​യും മു​ലൈ​വി​ല​യും പള്ളി​യാ​രെ കൊള്ളപ്പെറുവാർ-​നന്തമർ എപ്പേർ​പെ​ട്ടോ​രും എപ്പി​ഴൈ​ശൊ​ല്ലി​യും പൂ​മി​ത്ത​ലൈ​യും കു​ടി​കൾ പാ​ട​ഞ്ചൊ​ല്ല​പ്പെ​റാർ. അറു​ന്നൂ​റ്റു​വ​രും അഞ്ചു​വർ​ണ്ണ​മും മണി​ക്കി​രാ​മ​മും ഇര​ക്ഷി​ക്ക​ട​വർ പള്ളി​യൈ​യും ഭൂ​മി​യും ഉല​കു​ശ​ന്തി​രാ​തി​ത്തി​യ​രു​മ് ഒള്ള നാ​ളെ​ല്ലാ​ഞ്ചെ​പ്പു​പ​ത്തി​ര​ത്തിൽ​പ്പട വണ്ണ​ഞ്ചെ​യ്തു കൊ​ള്ള​ക്ക​ട​വർ. അഞ്ചു​വ​ണ്ണ​മും മണി​ക്കി​രാ​മ​മു​മ് ഇവ(ർ)കൾ​ക്കു് കൊ​യി​ല​തി​കാ​രി​കൾ വി​യ​രാ​കു(ശ?) തേ​വ​രുൾ​പ്പ​ട്ട ഇരു​ന്ത​രു​ളി ഇവ(ർ)കൾ​ക്കു കു​ടു​ത്ത വി​ടു​പൊ​റാ​വ​തു അറു​പ​തി​നൊൻ​റു​ല​ക​ങ്കൾ പ(വ)പര​ത്തി​ലു​ല​കി​ലൈ​യാ​ക​വും അഴി​വു​ല​കി​ല്ലൈ​യാ​ക​വും ഇവ(ർ)കൾ കൊ​ള്ളു​മ് അടി​മൈ​ക്കു ആൾ​കാ​ശു​കൊ​ള്ള​പ്പെ​റാ​രാ​ക​വും പാ​യി​ന​മ് വരു​മ​തിൽ വര​ത്തി​ലും പോ​ക്കി​ലും എടുകാശുകൊള്ളക്കടവാരാകവും-​ പെ​ടി​യി​ലും പട​കി​ലും പോ​കി​ലും വര​ത്തി​ലു​ന്നാ​ലു​കാ​ശു കൊ​ള്ള​ക​ട​വ​രാ​ക​വും ഉല​കു​പ​ടു​ഞ്ച​ര​ക്കു ഇവ(ർ)കളൈ കൂ​ട​വ​ച്ചു ഉല​കു​വി​ടു​പ്പ​താ​കു​മു​മ് ശര​ക്കു​മി​ലൈ യി​ടു​മി​ട​ത്തും മറ്റു​മേ സാ​മി​കാ​രി​യം എക്കാ​രി​യ​മു​മ് ഇവ(ർ)കളെ കൂ​ടി​യെ ശെഴ്‌വതാകുവുമ്-​അന്റന്റു പടു​മു​ല​കു അഞ്ചു​വ​ണ്ണ​വു​മ് മണി​ക്കി​രാ​മ​വും ഇല​ച്ചി​ച്ചു വൈ​യ്യ​താ​ക​വു​മ് നാ​ലു​വാ​തി​ല​ക​ത്തു​മ് വി​ള​ക്കും പൂ​മി​യാക കാ​രാൺ​മൈ കൊ​ടു​ക്കു​മെ​ടു​ത്തും കൊ​പ്പ​ത​വാ​രം കോയിൽ കൊ​ണ്ടു​പ​തി​പ്പ​ത​വാ​രം അഞ്ചു​വ​ണ്ണ​വും മണി​ക്കി​രാ​മ​വു​ങ്കൊൾ വതാക-​ഇവ(ർ)കൾ​ക്ക് മങ്ക​ല​ത്തു​ക്ക് ആനൈ​മൈൽ മണ്ണു​നീർ മു​ത​ലാക എഴു​പ​ത്തി​ര​ണ്ടു വി​ട​പെ​റും വച്ചു​കു​ടു​ത്താർ.–കോ​യി​ല​തി​കാ​രി​കൾ വി​യ​രാക തേവർ ഉൾ​പ്പ​ട്ട ഇരു​ന്ത​രു​ളി അയ്യ​ന​ടി​കൾ തി​രു​വ​ടി​യും രാ​മ​തി​രു​വ​ടി​യും, പ്ര​കൃ​തി​യും, അതി​കാ​ര​രും, അറു​ന്നൂ​റ്റു​വ​രും പു​ന്നൈ​ത്ത​ലൈ​പ്പ​തി​യും പൂ​ളൈ​ക്കു​ടി​പ്പ​തി​യും ഉൾ​പ്പെട വൈ​ത്തു ഉലകം ശന്തി​രാ​തി​ത്തി​യ​രും ഒള്ള നാ​ളെ​ല്ലാ​വും ഇപ്പ​ടി​പേ​റെ​ല്ലാ​ഞ്ചെ​പ്പു പത്തി​ര​ത്തിൽ​പ്പ​ട​വ​ണ്ണ​ഞ്ചെ​യ്തു​കൊ​ള്ള​പ്പെ​റു​വർ. അഞ്ചു വർ​ണ്ണ​മു​മ് മണി​ക്കി​രാ​മ​വു​മ് ഇവ(ർ)കൾ​ക്കു് അന്നി​യാ​യം ഒണ്ടാ​യാൽ ഉലകു തു​ലാ​ക്കൂ​ലി തടു​ത്തു​ന്ത​ങ്കൾ അഞ്ഞ്യാ​യം തീ​ത്തു​കൊ​ള്ള​ക്ക​ട​വർ താ​ങ്കൾ ചെ​യ്യും പി​ഴെ​യു​ണ്ടാ​കി​റ്റ​ങ്ക​ളൈ​ക്കൊ​ണ്ടെ​യാ​രാ​ഞ്ഞു കൊ​ള്ള​ക്ക​ട​വ​രാ​ക​വും ഇന്ന​ര​ക​ത്തു​ക്കു കാ​രാ​ള​രാ​ക​ന്നീ​രേ​റ്റാർ അഞ്ചു​വ​ണ്ണ​വും മണി​ക്കി​രാ​മ​വും ഇവകളി രണ്ടു​ത​ലൈ​യാ​രും​കൂ​ടി ചെ​യ്വ​തെ​യ് കരു​മ​മാ​ക​വും ഇന്ന​ക​രം കണ്ടു നീ​രെ​റ്റാർ മരു​മാൻ സവി​രീ​ശോ മു​ന്നം പള്ളി​യാർ പെ​റ്റു​ടൈ​യ​വാ​ര​ക്കൊ​ലുർ​വ്വ​ഞ്ച​ക്ക​ണ്ടി​യും മറൈ​വാ​ന​സ​പി​രീ​ശൊ പെ​റു​ത്തു നി​റൈ​ക്കൂ​ലി പള്ളി​ക്കു കു​ടു​ക്ക​ക്ക​ട​വർ. ഇതു​വു​മ് അടി​വ​പ്പെ​റാക കൊടുത്തേൻ-​ ഉല​കു​ശ​ന്തി​രാ​തി​ത്തി​യ​രും ഉള്ള​നാ​ളെ​ല്ലാം മെ​വ്വ​ക്കൈ​പ്പട ഇറൈ​യു​ന്തി​രി​സാ​പ്പ​ള്ളി​യാർ​ക്കു വിടുപെറാകശെപ്പുപ്പത്തിരഞ്ചെയ്തടിക്കുടുത്തെൻ-​ഇപ്പിഴവർ തമപ(വ)ണ്ടി​കു​ണ​ന്ത​ങ്കാ​ടി​യി​ലും മതി​ലി​ലും വി​യാ​പ​രി​ക്ക​പ്പെ​റു​വർ​വ​ണ്ണാ​നും വന്ത​ങ്കാ​ടി​യി​ലും മതി​ലി​ലും വന്തു തൻ പണി​ചെ​യ്തു കൊ​ള്ള​പ്പെ​റു​ന്തീ​യ​വാൾ വാനും മതി​നാ​യ​ക​നും മറ്റു മെർ​വ്വ​കൈ​പ്പ​ടാ​രും മെ​പ്പി​ഴൈ ശൊ​ല്ലി​യു​മിവ(ർ)കളെ തടുമാറുപ്പേറാർ-​ഇവ(ർ)കളൈ​പ്പി​ഴൈ ശെ​യ്യി​ലും പള്ളി​യാ​രെ​യി ആരാ​ന്തു കൊ​ള്ള​പ്പെ​റു​വർ ഉലകും ശന്തി​രാ​തി​ത്ത​രും ഉള്ള നാ​ളെ​ല്ലാം ചെ​പ്പു​പ്പ​ത്തി​ര​ത്തിൽ പട​വ​രി​തു വീ​ടു​പേ​രു ആടി​പ്പേ​റാക അടിക്കുടുത്തേൻ-​ഇപ്പരിതു വീ​ടു​പെ​റു അടി​പ്പേ​റാ​കു അയ്യ​ന​ടി കടി​രു​വ​ടി​യാൽ തരി​സാ​പ​ള്ളി​ക്കു അടു​പി​ടു​ത്തു​ക്കു​ടു​ത്തു മരു​വാ​ന് സപീ​രി​ശോ ഇതു​കാ​ല​ത്തില(ച്ചി)ക്കിൽ കെ​തി​ക്കും മവർ​കു​ത്തെ​വ​രൈ​യ​ന​ക്കി​രാ​മ​ഞ്ചൈ​യ്വാ​റാക അയ​നെ​ഴു​ത്തു–വെൾ​ക്കു​ല​ശൂ​ന്ത​ര​നു​ക്കു​മൊ​ക്കും വിശൈയ.

ഈ ലേ​ഖ​ന​ങ്ങ​ളിൻ​നി​ന്നു് ജാ​തി​വ്യ​ത്യാ​സം കേ​ര​ള​ത്തിൽ ഏറെ​ക്കു​റെ പ്ര​ബ​ല​പ്പെ​ടു​തു​ട​ങ്ങി എന്നു വ്യ​ക്ത​മാ​കു​ന്നു.

ഇവ​യു​ടെ കാ​ലം​നിർ​ണ്ണ​യി​ക്കു​ന്ന കാ​ര്യം വളരെ വി​ഷ​മ​മാ​യി​ടാ​ണു് ഇരി​ക്കു​ന്ന​തു്. ശ്രീ. വീ​ര​രാ​ഘ​വ​പ്പെ​രു​മാ​ളി​ന്റെ കാലം ഏ. ഡി.230 ആണെ​ന്നു് മി​സ്റ്റർ ശങ്കു​ണ്ണി​മേ​നോൻ പറ​യു​ന്നു. മക​ര​വ്യാ​ഴം, മീ​ന​ഞാ​യർ 21-​ാനു-രോഹിണി നക്ഷ​ത്രം ഇവ​യൊ​ക്കെ ശരി​യാ​യി​ഒ​ക്കു​ന്ന ഒരു വർ​ഷ​മാ​ണെ​ന്നു മാ​ത്ര​മേ ഈ ലേ​ഖ​ന​ത്തിൽ​നി​ന്നും ഗ്ര​ഹി​ക്കാ​വു. സ്ഥാ​ണു​ര​വി​ഗു​പ്ത​പെ​രു​മാ​ളി​ന്റെ ശാസനം 280-ലും ഭാ​സ്ക​ര​ര​വി​വർ​മ്മ​യു​ടേ​തു് 381-ലും ആയി​രു​ന്നു​വെ​ന്നാ​ണു് ഭാ​ഷാ​ച​രി​ത്ര​കാ​രൻ പറ​യു​ന്ന​തു്. ഈ കാ​ല​ഗ​ണ​ന​ങ്ങൾ ശരി​യാ​ണെ​ങ്കിൽ ഒടു​വി​ല​ത്തെ​പെ​രു​മാൾ ഭാ​സ്ക​ര​ര​വി​വർ​മ്മ ആയി​രി​ക്കാൻ ഇട​യി​ല്ലെ​ന്നു​മാ​ത്ര​മേ തല്ക്കാ​ലം പറയാൻ നി​വൃ​ത്തി​യു​ള്ളു. പ്ര​സ്തുത ശാ​സ​ന​ങ്ങൾ കൊ​ല്ല​വർ​ഷാ​രം​ഭ​ത്തിൽ ഉണ്ടാ​യ​താ​ണെ​ന്നാ​ണു് ബർ​ണ്ണ​ലി​ന്റെ അഭി​പ്രാ​യം.

കൊ​ല്ല​വർ​ഷാ​രം​ഭം

കലി​വർ​ഷം 3926-നു് ക്രി​സ്ത്വ​ബ്ദം 825-ൽ തി​രു​വി​താം​കൂർ രാ​ജ്യ​ഭാ​രം ചെ​യ്തി​രു​ന്ന ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ മഹാ​രാ​ജാ​വു് കൊ​ല്ല​ത്തു് എഴു​ന്ന​ള്ളി കേ​ര​ള​ത്തി​ലെ സകല വി​ദ്വാ​ന്മാ​രേ​യും വരു​ത്തി സൂ​ര്യ​ന്റെ ഗതി കണ​ക്കു​കൂ​ടി നോ​ക്കി ചി​ങ്ങ​മാ​സം ഒന്നാം​തി​യ​തി മു​തൽ​ക്കു് ഒരു പുതിയ വർഷം നി​ശ്ച​യി​ച്ചു. അതി​നു് കൊ​ല്ല​വർ​ഷ​മെ​ന്ന പേർ വി​ളി​ച്ചു. കേ​ര​ള​ത്തി​ലെ സകല ജന​ങ്ങ​ളും അതിനെ സമ്മ​തി​ക്കു​ക​യും ചെ​യ്തു. ഇങ്ങ​നെ ഭാ​ഷാ​ച​രി​ത്ര​കർ​ത്താ​വു പ്ര​സ്താ​വി​ച്ചി​രു​ക്കു​ന്നു. കൊ​ല്ല​വർ​ഷം ആരം​ഭി​ച്ച​തു് ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ​രാ​ജാ​വാ​യി​രു​ന്നു​വെ​ന്നു നി​സ്സം​ശ​യം പറയാം. ഒന്നാം കൊ​ല്ല​വർ​ഷം അഞ്ചാം തീയതി വേ​ണാ​ടി​ലെ അഞ്ചു​ശാ​ഖ​ക​ളി​ലേ​യും മൂ​ത്ത​രാ​ജാ​ക്ക​ന്മാ​രും സ്വാ​മി​യാ​രും മാ​ട​മ്പി​മാ​രും പത്മ​നാ​ഭ​ക്ഷേ​ത്ര​ത്തിൽ കൂടി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​ദി​ക​ളെ സം​ബ​ന്ധി​ച്ച ചില നി​ശ്ച​യ​ങ്ങൾ ചെ​യ്ത​താ​യി ക്ഷേ​ത്ര​ഗ്ര​ന്ഥ​വ​രി​യിൽ കാ​ണു​ന്നു. [1] അഞ്ചാ​മാ​ണ്ടു് ഈ വീ​ര​ഉ​ദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ നാ​ടു​നീ​ങ്ങി.

കോ​ളം​ബാ​ബ്ദം തു​ട​ങ്ങി​യ​തു് ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ ആയി​രു​ന്ന​താ​നാൽ അതിനെ ഉദ​യ​വർ​ഷാ​ബ്ദം ​എന്നുകൂടി പറ​ഞ്ഞു​വ​ന്നു. ഇപ്പോൾ കേ​ര​ള​ത്തിൽ മാ​ത്ര​മേ ഈ കാ​ല​ഗ​ണ​ന​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ള്ളു​വെ​ങ്കി​ലും, ഒരു കാ​ല​ത്തു് ചേ​ര​രാ​ജ്യ​ത്തി​ലുൾ​പ്പെട എല്ലാ ദി​ക്കു​ക​ളി​ലും കോ​യ​മ്പ​ത്തുർ, തി​രു​നൽ​വേ​ലി, മധുര മു​ത​ലായ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉപ​യോ​ഗി​ച്ചു വന്ന​താ​യി ലക്ഷ്യ​ങ്ങ​ളു​ണ്ടു്.

ഇങ്ങ​നെ ഇരി​ക്കേ പ്ര​സ്തു​ാ​ബ്ദ​ത്തെ ശങ്ക​രാ​ചാ​ര്യ​രു​ടെ പേ​രി​നോ​ടു ചിലർ ഘടി​പ്പി​ക്കാൻ ശ്ര​മി​ക്കു​ന്ന​തും യു​ക്തി​യ്ക്കും പ്ര​മാ​ണ​ങ്ങൾ​ക്കും പ്ര​തി​കൂ​ല​മാ​യി​രി​ക്കു​ന്നു. ശങ്ക​രാ​ചാ​ര്യർ ‘ആചാ​ര്യ​വാ​ഗ​ഭേ​ദ്യാ’ എന്ന കലി​ദി​ന​ത്തിൽ, കൊ​ല്ല​ത്തു​വ​ച്ചു് എല്ലാ രാ​ജാ​ക്ക​ന്മാ​രേ​യും വി​ളി​ച്ചു​കൂ​ടി കേ​ര​ളാ​ചാ​ര​ങ്ങ​ളെ ക്രോ​ഡീ​ക​രി​ച്ചു് ഒരു പുതിയ ആചാ​ര​പ​ദ്ധ​തി പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്നാ​ണു് ഐതി​ഹ്യം. ഈ ഐതി​ഹ്യ​ത്തെ വി​ശ്വ​സി​ക്കാൻ ഒരു നി​വൃ​ത്തി​യും ഇല്ല. ആചാ​ര്യർ ഏർ​പ്പെ​ടു​ത്തി​യ​താ​യി പറ​യ​പ്പെ​ടു​ന്ന അറു​പ​ത്തി​നാ​ലു അനാ​ചാ​ര​ങ്ങൾ നോ​ക്കി​യാൽ തന്നെ അതി​ന്റെ യു​ക്തി​ഹീ​നത പ്ര​സ്പ​ഷ്ട​മാ​കു​ന്ന​താ​ണു്. കേവലം ഒരു സന്യാ​സി​യു​ടെ–അതും കേ​ര​ള​ബ്രാ​ഹ്മ​ണ​രു​ടെ പ്രീ​തി​ബ​ഹു​മാ​ന​ങ്ങൾ​ക്കു് അക്കാ​ല​ത്തു് പാ​ത്രീ​ഭ​വി​ക്കാ​തി​രു​ന്ന ഒരു സന്യാ​സി​യു​ടെ–ആജ്ഞ അനു​സ​രി​ച്ചു് എല്ലാ രാ​ജാ​ക്ക​ന്മാ​രും കൊ​ല്ല​ത്തു​വ​ന്നു​കൂ​ടുക എന്നു​ള്ള​തു് തീരെ സം​ഭാ​വ്യ​വു​മ​ല്ല. ‘ശിവോ ഹം’ ‘ശിവോ ഹം’ എന്നു പാ​ടി​ക്കൊ​ണ്ടു നട​ന്നി​രു​ന്ന ഒരു സർ​വ്വ​സം​ഗ​പ​രി​ത്യാ​ഗി​യും അദ്വൈ​ത​വാ​ദി​യും ആയി​രു​ന്ന ശങ്ക​രാ​ചാ​ര്യർ, ഒരു തൊ​ഴി​ലും ഇല്ലാ​ത്ത​വ​നെ​പ്പോ​ലെ നി​രർ​ത്ഥ​ങ്ങ​ളായ ആചാ​ര​ങ്ങ​ളെ ഉദ്ഘോ​ഷി​ച്ചു​കൊ​ണ്ടു് കേ​ര​ള​ത്തി​ന്റെ ഒര​റ്റം മുതൽ മറ്റേ അറ്റം​വ​രെ നട​ന്നു എന്നു​വി​ചാ​രി​ക്കു​ന്ന കാ​ര്യം തന്നെ വി​ഷ​മ​മാ​യി​രി​ക്കു​ന്നു. അതി​നും പുറമേ, കൊ​ല്ല​വർ​ഷാ​രം​ഭ​ത്തിൽ, കൊ​ല്ല​ത്തു​വ​ച്ചു് അനാ​ചാ​ര​ങ്ങ​ളെ പ്ര​ഖ്യാ​പ​നം ചെ​യ്തി​ട്ടു് ഉട​നേ​ത​ന്നെ വട​ക്കോ​ട്ടു തി​രി​ച്ചു​വെ​ന്നു വരണം. അല്ലാ​ത്ത​പ​ക്ഷം, പത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ പൂജയെ സം​ബ​ന്ധി​ച്ചും മറ്റും ആലോ​ചി​ക്കാ​നാ​യി കൊ​ല്ല​വർ​ഷം ഒന്നാ​മാ​ണ്ടു ചി​ങ്ങ​മാ​സം അഞ്ചാം​തീ​യ​തി കൂടിയ മഹാ​യോ​ഗ​ത്തി​ലേ​യ്ക്കു അധി​കാ​രി​കൾ ഈ പു​ണ്യ​പു​രു​ഷ​നെ​ക്കൂ​ടി ക്ഷ​ണി​ക്കു​മാ​യി​രു​ന്നു. അങ്ങ​നെ ചെ​യ്തു കാ​ണു​ന്നു​മി​ല്ല. അതി​നും പുറമെ കേ​ര​ള​ത്തി​ന്റെ ഒരു പകു​തി​യിൽ ചി​ങ്ങം ഒന്നാം​തി​യ​തി മു​ത​ല്ക്കും, മറ്റേ പകു​തി​യിൽ കന്നി ഒന്നാം​തി​യ​തി മു​തൽ​ക്കും നവ​വ​ത്സ​രാ​രം​ഭം തു​ട​ങ്ങു​ന്ന​തി​നും കാരണം കാ​ണു​ന്നു​മി​ല്ല. ശങ്ക​രാ​ചാ​ര്യർ ആചാ​ര​ങ്ങ​ളെ നാ​ടു​തോ​റും പ്ര​ഖ്യാ​പ​നം ചെ​യ്തു​ചെ​യ്തു് ഉത്ത​ര​കേ​ര​ള​ത്തിൽ എത്തി​യ​പ്പോൾ കന്നി ഒന്നാം​തി​യ്യ​തി ആയി​പ്പോ​യ​തു​കൊ​ണ്ടു് അന്നു​മു​തൽ അവിടെ പു​തു​വ​ത്സ​രം തു​ട​ങ്ങി​യെ​ന്ന പറ​യു​ന്ന​തു് ഒരു മു​ട​ന്തൻ സമാ​ധാ​ന​മാ​കു​ന്നു. ഒരു പുതിയ അബ്ദം തു​ട​ങ്ങ​ണ​മെ​ണ​മെ​ങ്കിൽ അതിനു മതി​യായ കാരണം കൂ​ടി​യേ മതി​യാ​വു. പര​ശു​രാ​മൻ ഏർ​പ്പെ​ടു​ത്തിയ ആചാ​ര​ങ്ങ​ളെ താൻ പു​തു​ക്കു​ക​മാ​ത്ര​മേ ചെ​യ്തി​ടു​ള്ളു എന്നു് ശങ്ക​രാ​ചാ​ര്യ​രെ​ക്കൊ​ണ്ടു ശങ്ക​ര​സ്മൃ​തി​കാ​രൻ​ത​ന്നെ പറ​യി​ച്ചി​ടു​മു​ണ്ടു്.

ശങ്ക​രാ​ചാ​ര്യ​രു​ടെ ജീ​വി​ത​കാ​ലം ഏതെ​ന്നു ഖണ്ഡി​ത​മാ​യി ഇതേ​വ​രെ നിർ​ണ്ണ​യി​ച്ചി​ടു​മി​ല്ല. ആദി​മ​ശ​ങ്ക​ര​ന്റെ കാ​ല​ത്തി​നു​ശേ​ഷം എത്ര ശങ്ക​രാ​ചാ​ര്യ​ന്മാർ ഉണ്ടാ​യി​രി​ക്കു​ന്നു. അദ്ദേ​ഹം സ്ഥാ​പി​ച്ചി​ടു​ള്ള മഠ​ങ്ങൾ ഭാ​ര​ത​ഖ​ണ്ഡ​ത്തി​ന്റെ എല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഉണ്ടെ​ന്നു​മാ​ത്ര​മ​ല്ല, അദ്ദേ​ഹ​ത്തി​നെ സർ​വ്വാ​ത്മ​നാ പൂ​ജി​ച്ചു​വ​രു​ന്ന​തു് വി​ദേ​ശീ​യ​രു​മാ​കു​ന്നു. കേ​ര​ളീ​യർ അദ്ദേ​ഹ​ത്തി​നെ അനാ​ചാ​ര​ക്കോ​ട​യു​ടെ പി​താ​വാ​യി​ട​ല്ലാ​തെ അറി​യു​ന്നു​ണ്ടോ എന്നു സം​ശ​യ​മാ​ണു്. എല്ലാ മഠ​ങ്ങ​ളി​ലും ഓരോ ഗ്ര​ന്ഥ​വ​രി സൂ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക​വ​യും ഭാ​ഗ്യ​ദോ​ഷ​ത്താൽ അസ​മ്പൂർ​ണ്ണ​മാ​യി​ടാ​ണി​രി​ക്കു​ന്ന​തു്. അതു​കൊ​ണ്ടു് ഓരോരോ ദേ​ശ​ക്കാർ അവ​ര​വ​രു​ടെ മനോ​ധർ​മ്മം​പോ​ലെ ശങ്ക​രാ​ചാ​ര്യ​ച​രി​തം നിർ​മ്മി​ച്ചു​വ​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ജന്മ​ഭൂ​മി കേ​ര​ള​മ​ല്ലെ​ന്നു പറ​യു​ന്ന​വ​രും ധാ​രാ​ള​മു​ണ്ടു്. ഈയിടെ സിൻ​ഡി​ലോ മറ്റോ ഉള്ള ഒരു ശങ്ക​രാ​ചാ​ര്യ​മ​ഠ​ത്തി​ലെ ഗ്ര​ന്ഥ​വ​രി പരി​ശോ​ധി​ച്ച​തിൽ​നി​ന്നു് അദ്ദേ​ഹം ക്രി​സ്തു​വർ​ഷാ​രം​ഭ​ത്തി​നു് അടു​ത്താ​ണു ജീ​വി​ച്ചി​രു​ന്ന​തെ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി ഒരു ശങ്ക​രാ​ചാ​ര്യ​ച​രി​ത​ത്തിൽ വാ​യി​ക്കാ​നും ഇട​യാ​യി. അതെ​ങ്ങ​നെ​യും ഇരി​ക്ക​ടെ. മറ്റു രാ​ജ്യ​ങ്ങ​ളിൽ മത​സ്ഥാ​പ​ക​ന്മാ​രു​ടെ ആവിർ​ഭാ​വ​ത്തെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി നവ്യ​കാ​ല​ഗ​ണന ആരം​ഭി​ച്ചു​കാ​ണു​ന്നു​ണ്ടെ​ങ്കി​ലും ഭാ​ര​ത​ഖ​ണ്ഡ​ത്തി​ലെ അബ്ദ​ങ്ങൾ എല്ലാം രാ​ഷ്രീ​യ​സം​ഭ​വ​ങ്ങ​ളെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണു് സമാ​രം​ഭി​ച്ചി​ടു​ള്ള​തു്. താഴെ ചേർ​ത്തി​രി​ക്കു​ന്ന പടിക നോ​ക്കുക.

വി​ക്ര​മാ​ബ്ദം ബി. സി. 58
ശകാ​ബ്ദം ഏ. ഡി. 78
ചേ​ദ്യ​ബ്ദം ഏ. ഡി. 249
ഹർ​ഷാ​ബ്ദം ഏ. ഡി. 605
നേ​വാ​രാ​ബ്ദം ഏ. ഡി. 879
ലക്ഷ്മ​ണ​സേ​നാ​ബ്ദം ഏ. ഡി. 1119

ഇവ​യി​ലൊ​ന്നെ​ങ്കി​ലും മത​സം​ബ​ന്ധ​മാ​യോ സാ​മു​ദാ​യി​ക​മാ​യോ ഉള്ള സം​ഭ​വ​ങ്ങ​ളെ അവ​ലം​ബി​ച്ചു് ഉണ്ടാ​യി​ടു​ള്ള​ത​ല്ല. അഥവാ അങ്ങ​നെ​യും സം​ഭ​വി​ക്കാ​മെ​ന്നു വന്നാൽ​ത​ന്നെ​യും ശ്രീ ശങ്ക​രാ​ചാ​ര്യർ ഒരു പുതിയ മത​ത്തെ സ്ഥാ​പി​ച്ചു​വെ​ന്നു് എങ്ങ​നെ പറയാം? വി​ശു​ദ്ധ​ദ്വൈ​ത​മ​ത​സ്ഥാ​പ​ക​നെ​ന്നു് അദ്ദേ​ഹ​ത്തി​നെ ഔപ​ചാ​രി​ക​മാ​യി പറ​ഞ്ഞു​വ​രാ​റു​ണ്ടെ​ങ്കി​ലും വാ​സ്ത​വ​ത്തിൽ മാ​ധ്യ​മി​ക​സ​മ്പ്ര​ദാ​യ​ത്തെ ഒന്നു പു​തു​ക്കി ബൗ​ദ്ധ​ന്മാർ​ക്കും ഹി​ന്ദു​ക്കൾ​ക്കും ഒരു​പോ​ലെ രോ​ച​ക​മായ വി​ധ​ത്തിൽ പ്ര​കാ​ശി​പ്പി​ക്ക​മാ​ത്ര​മേ അദ്ദേ​ഹം ചെ​യ്തി​ടു​ള്ളു. അതുകൊ​ണ്ടാണു് പ്ര​ച്ഛ​ന്ന​ബു​ദ്ധൻ എന്നു പ്ര​തി​പ​ക്ഷി​കൾ അദ്ദേ​ഹ​ത്തി​നെ ആക്ഷേ​പി​ക്കാൻ ഇട​വ​ന്ന​തും. ശങ്ക​രാ​ചാ​ര്യർ ലോ​ക​ത്തിൽ ഇതേ​വ​രെ ഉണ്ടാ​യി​ടു​ള്ള തത്വ​ചി​ന്ത​ക​ന്മാ​രിൽ​വ​ച്ചു് അഗ്ര​ഗ​ണ്യ​നാ​ണെ​ന്നു നി​സ്സം​ശ​യം പറയാം. എന്നാൽ അതു​കൊ​ണ്ടു​മാ​ത്രം അദ്ദേ​ഹ​ത്തി​ന്റെ നാ​മ​ത്തെ ഒരു പുതിയ അബ്ദ​ത്തോ​ടു ഘടി​പ്പി​ക്കേ​ണ്ട ആവ​ശ്യം ഒന്നു​മി​ല്ല.

ഈ കാ​ര​ണ​ങ്ങ​ളാൽ കൊ​ല്ല​വർ​ഷാ​രം​ഭ​ത്തി​നു് വേറെ ഹേ​തു​തേ​ടി​പ്പി​ടി​ക്ക​യേ നി​വൃ​ത്തി​യു​ള്ളു.

പെ​രു​മാ​ക്ക​ന്മാ​രു​ടെ വാഴ്ച അവ​സാ​നി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ സാ​മ​ന്ത​ന്മാ​രാ​യും കോ​വി​ല​ധി​കാ​രി​ക​ളാ​യും ഇരു​ന്ന പലരും ഏറെ​ക്കു​റെ സ്വ​ത​ന്ത്ര​നി​ല​യെ പ്രാ​പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ഒടു​വി​ല​ത്തെ പെ​രു​മാൾ സ്വർ​ഗ്ഗാ​രോ​ഹ​ണം പ്രാ​പി​ച്ച​ശേ​ഷം ആദി​ചേ​ര​വം​ശ​ജ​നായ വേ​ണാ​ടു തി​രു​വ​ടി​കൾ, ചേ​ര​മാൻ​പെ​രു​മാൾ എന്ന സ്ഥാ​നം​കൈ​യേ​റ്റു് തന്റെ അധി​കാ​ര​ശ​ക്തി​യെ വ്യാ​പി​പ്പി​ച്ചു​വെ​ന്നു് ഊഹി​ക്കു​ന്ന​തി​നു് മതി​യായ ലക്ഷ്യ​ങ്ങൾ ഉണ്ടു്. ഇങ്ങ​നെ അന്ന​ത്തെ വേ​ണാ​ടു തി​രു​വ​ടി​ക​ളായ ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ കൊ​ല്ല​ത്തു​വ​ച്ചു് കു​ല​ശേ​ഖ​ര​പ്പെ​രു​മാൾ​പ​ടം കൈ​ക്കൊ​ണ്ട ദി​ന​ത്തി​ന്റെ സ്മാ​ര​ക​മാ​യി കൊ​ല്ല​വർ​ഷം ആരം​ഭി​ച്ച​താ​യി വരാം. കൊ​ല്ല​വർ​ഷം ഒന്നാ​മാ​ണ്ടു് അഞ്ചാം​തി​യ്യ​തി തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു കൂടിയ യോ​ഗ​ത്തിൽ അഞ്ചു താ​യ്വ​ഴി​യി​ലെ രാ​ജാ​ക്ക​ന്മാ​രും സന്നി​ഹി​ക​രാ​യി​രു​ന്ന​തു നോ​ക്കു​മ്പോൾ, ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ​യു​ടെ നേ​തൃ​ത്വം എല്ലാ​വ​രും അം​ഗീ​ക​രി​ച്ച​താ​യി വി​ചാ​രി​ക്കാ​വു​ന്ന​താ​ണു്. മൂ​പ്പു​മു​റ​യ്ക്കു്, ഓരോ ശാ​ഖ​യി​ലേ​യും രാ​ജാ​ക്ക​ന്മാർ​ക്കു്, ഈ സ്ഥാ​നം ലഭി​ച്ചു​വ​ന്ന​താ​യി​രി​ക്ക​ണം. തി​രു​വി​താം​കോ​ടു്, വേ​ണാ​ടു്, തൃ​പ്പാ​പ്പൂർ, ദേ​ശി​ങ്ങ​നാ​ടു്, ചി​റ​വാ​യി ഇവ അഞ്ചും ആയി​രു​ന്നു ആ അഞ്ചു ശാഖകൾ.

ഭാ​സ്ക​ര​ര​വി​വർ​മ്മ​പ്പെ​രു​മാ​ളി​ന്റെ ചെ​മ്പു​പ​ട​യ​ത്തിൽ ഒന്നാം സാ​ക്ഷി​യാ​യി നി​ന്നു​കാ​ണു​ന്ന​തു് വേ​ണാ​ടു​ട​യ​അ​യ്യ​ന​ടി​കൾ തി​രു​വ​ടി​ക​ളാ​യ​തു​കൊ​ണ്ടും സ്താ​ണു​ര​വി​ഗു​പ്ത​പ്പെ​രു​മാൾ വേ​ണാ​ടു​തി​രു​വ​ടി​ക​ളു​ടെ അനു​വാ​ദ​ത്തോ​ടു​കൂ​ടി പടയം കൊ​ടു​ത്ത​താ​യി തെ​ളി​യു​ന്ന​തു​കൊ​ണ്ടും അക്കാ​ല​ങ്ങ​ളിൽ​പോ​ലും വേ​ണാ​ട​ധി​പ​തി​ക്കു് ഒരു മാ​ന്യ​സ്ഥാ​നം പെ​രു​മാൾ കല്പി​ച്ചു​വ​ന്ന​താ​യി ഊഹി​ക്കാം. അതി​നും പുറമേ, തി​രു​വി​താം​കൂർ രാ​ജാ​ക്ക​ന്മാർ, വഞ്ചീ​ശൻ, ചേ​ര​മാൻ​പെ​രു​മാൾ, കു​ല​ശേ​ഖ​രൻ ഇത്യാ​ദി സ്ഥാ​ന​ങ്ങൾ പര​മ്പ​ര​യാ​യി സ്വീ​ക​രി​ച്ചു കാ​ണു​ന്ന​സ്ഥി​തി​ക്കു് പെ​രു​മാ​ക്ക​ന്മാ​രു​ടെ കാ​ല​ശേ​ഷം അവ​രു​ടെ സ്ഥാ​നം വേ​ണാ​ട​ടി​കൾ​ക്കു കര​സ്ഥ​മാ​യെ​ന്നു ന്യാ​യ​മാ​യി വി​ചാ​രി​ക്കാ​വു​ന്ന​തു​മാ​ണു്. ഏ. ഡി. 1170-ൽ പന്ത​ള​ത്തേ​യ്ക്കും, 1189-ൽ പൂ​ഞ്ഞാ​റ്റി​ലേ​യ്ക്കും തി​രു​വി​താം​കൂർ രാ​ജാ​വു് ഓരോ ദേ​ശം​വി​ടു​കൊ​ടു​ത്ത​താ​യി കാ​ണു​ന്ന​തി​നാൽ അക്കാ​ല​ത്തു് വേ​ണാ​ടി​ന്റെ അധി​കാ​രം ആ ദി​ക്കു​ക​ളിൽ വ്യാ​പി​ച്ചി​രു​ന്നു​വെ​ന്നു തീർ​ച്ച​യാ​ണ​ല്ലോ. കൊ​ല്ല​വർ​ഷം ആറാം​ശ​ത​ക​ത്തി​ന്റെ ആരം​ഭ​ത്തിൽ ആദി​ത്യ​വർ​മ്മ എന്ന വേ​ണാ​ടർ​കോൻ വൈ​ക്കം​ക്ഷേ​ത്ര​ത്തിൽ അധി​കാ​രം നട​ത്തി​യ​താ​യും രേഖകൾ കാ​ണു​ന്നു. കൊ​ല്ല​വർ​ഷം 79 പൂ​രു​ടാ​ശി​മാ​സം 11-ാം തി​യ്യ​തി ഉണ്ടായ ഒരു താ​മ്ര​ശാ​സ​ന​വും ഈ അഭ്യൂ​ഹ​ത്തി​നു് അനു​കൂ​ല​മാ​യി​രി​ക്കു​ന്നു.

കേരളം അഥവാ ചേ​ര​രാ​ജ്യ​ത്തി​ന്റെ അതിർ​ത്തി​കൾ മാ​റി​മാ​റി​ക്കൊ​ണ്ടേ ഇരു​ന്നി​രു​ന്നു എന്നു് പു​രാ​തന രേഖകൾ നോ​ക്കി​യാൽ അറി​യാം. എന്നാൽ കമ്പ​രു​ടെ കാ​ല​ത്തു് അതി​ന്റെ അതിർ​ത്തി​കൾ എന്താ​യി​രു​ന്നു​വെ​ന്നു് അദ്ദേ​ഹം വ്യ​ക്ത​മാ​യി പറ​ഞ്ഞി​ടു​ണ്ടു്.

“വട​ക്കു​ത്ത​ലം പഴനി വാൻ കി​ഴ​ക്കു​ത്തെൻ​കാ​ശി
കു​ട​തി​ശൈ കോ​ഴി​ക്കോ​ടാ​കും കടർ കര​യി​തോ​ര​മ​തു
തെർ​ക്കാ​കു​മോ​രെൺ​പ​തിൻ​കാ​തം‌
ചേ​ര​നാ​ടെൽ​കൈ​യെ​നു​വ്വെ​പ്പു”

ഇതിൽ​നി​ന്നു് ഈ നാ​ടു​മു​ഴു​വൻ ഒരു രാ​ജാ​വി​ന്റെ അധി​കാ​ര​ത്തിൻ​കീ​ഴിൽ ഇരു​ന്ന​ക​ന്നു എന്നൊ​രു അഭ്യൂ​ഹ​ത്തി​നു വഴി​യും കാ​ണു​ന്നു. ആ ഊഹം ശരി​യാ​ണെ​ന്നു വി​ചാ​രി​ക്കാൻ വേറെ ചില ലക്ഷ്യ​ങ്ങൾ ഇല്ലാ​തെ​യു​മി​ല്ല. ഒടു​വി​ല​ത്തെ പെ​രു​മാൾ രാ​ജ്യ​ത്തെ മക്കൾ​ക്കാ​യും മരു​മ​ക്കൾ​ക്കാ​യും പങ്കി​ടു കൊ​ടു​ത്തി​ടു മക്ക​ത്തു​പോ​യ​താ​യി​ടാ​ണ​ല്ലോ കേ​ര​ളോ​ല്പ​ത്തി​യിൽ കാ​ണു​ന്ന​തു്. കേ​ര​ള​മാ​ഹാ​ത്മ്യ​ത്തി​ലാ​ക​ടെ രാ​ജ്യം പകു​ത്ത കഥയേ കാ​ണു​ന്നി​ല്ല. പര​ശു​രാ​മൻ ഉത്ത​ര​കേ​ര​ള​ത്തി​ലും ഓരോ രാ​ജ​കു​ടും​ബ​ങ്ങ​ളെ പ്ര​തി​ഷ്ഠി​ച്ചു​വെ​ന്നേ അതിൽ പറ​യു​ന്നു​ള്ളു. ആ കു​ടും​ബ​ങ്ങൾ കോ​ല​ത്തി​രി​യും വേ​ണാ​ടും ആണു്. തൃ​പ്പൂ​ണി​ത്തുറ ഗ്ര​ന്ഥ​വ​രി​യിൽ ഇങ്ങ​നെ പറ​ഞ്ഞി​രി​ക്കു​ന്നു.

“പെ​രു​മ്പ​ട​പ്പു സ്വ​രൂ​പ​ത്തിൽ ഇളയ താവഴി പ്ര​മാ​ണ​മാ​യി വന്ന​തു് “ഷോ​ഡ​ശാം​ഗം സു​രാ​ജ്യം” എന്ന കലി​യുഗ ദി​വ​സ​ത്തു​നാൾ ചേ​ര​മാൻ പെ​രു​മാൻ പെ​രു​മാൾ രാ​ജ്യം പകുതി ചെ​യ്തു് നീ​ലേ​ശ്വ​ര​ത്തി​നു വട​ക്കു പതി​നേ​ഴം​ശ​വും അതിനു തെ​ക്കു​പ​തി​നേ​ഴം​ശ​വും ഇങ്ങ​നെ മു​പ്പ​ത്തി​നാ​ലാ​യി അം​ശി​ച്ചു് എല്ലാർ​ക്കും പടും വാളും കൊ​ടു​ത്ത​തു മു​ത​ല്ക്കാ​കു​ന്നു. നെ​ടു​വി​രി​പ്പു സ്വ​രൂ​പ​ത്തി​ലേ​ക്ക് വാളും പു​ട​വ​യും കൊ​ടു​ത്തു. തന്റെ മരു​മ​ക്കൾ അഞ്ചു പെൺ​വ​ഴി​ത്ത​മ്പു​രാ​ക്ക​ന്മാർ ഉണ്ടാ​യി​രു​ന്ന​തിൽ ഇള​യ​ത​മ്പു​രാ​ന്റെ തി​രു​വ​യ​റു ഒഴി​ഞ്ഞു​ണ്ടാ​യി​രു​ന്ന തമ്പു​രാ​നു് കന്യാ​കു​മാ​രി ഗോ​കർ​ണ്ണ​ത്തി​ന​ക​ത്തു് മു​പ്പ​ത്തി​നാ​ലു രാ​ജ്യ​ത്തി​നും​മേൽ​ക്കോ​യ്മ​യാ​യി രക്ഷി​ക്ക​ത്ത​ക്ക​വ​ണ്ണം അന്യം വന്നു​പോ​യാൽ വേറെ ദത്തു​വേ​ണ​മെ​ങ്കിൽ പടും വാളും കൊ​ടു​ത്തു കല്പി​ക്ക​ത്ത​ക്ക​വ​ണ്ണ​വും മു​പ്പ​ത്തി​നാ​ലു സ്ഥാ​ന​ത്തു​നി​ന്നും ആണ്ടി​നാൽ തി​രു​വ​ഞ്ചി​ക്കു​ള​ത്തു ശി​വ​രാ​ത്രി അഹ​സ്സിൽ തങ്ങൾ തന്നെ എത്തീ​ടും തങ്ങ​ളു​ടെ തേ​വാ​രി​യു​ടെ പക്കൽ കൊ​ടു​ത്ത​യ​ച്ചി​ടും 360 അച്ചു​രാ​ശി മുതൽ 510 അച്ചു​രാ​ശി​വ​രെ രക്ഷാ​ഭോ​ഗം ദേ​വ​ന്റെ തൃ​പ്പ​ടി​മേൽ വെ​യ്ക്ക​ത്ത​ക്ക​വ​ണ്ണ​വും നി​ശ്ചി​യി​ക്ക​യും ചെ​യ്തു. ശേഷം താവഴി നാ​ലി​നും ആൺ​വ​ഴി​ത്ത​മ്പു​രാ​ക്ക​ന്മാർ അന്നു് ഉണ്ടാ​യി​ടു​മി​ല്ല.”

കൊ​ച്ചി രാ​ജ്യ​ത്തി​ന്റെ അതിർ​ത്തി പിൽ​ക്കാ​ല​ത്തു് തെ​ക്കോ​ടു് തി​രു​വ​ല്ല​വ​രെ​യും വട​ക്കോ​ടു് പൂ​ക്കൈ​ത​ക്കൽ​വ​രെ​യും വ്യാ​പി​ക്കാൻ ഇട​യാ​യെ​ങ്കി​ലും ഈ ഗ്ര​ന്ഥ​വ​രി​യിൽ പറ​ഞ്ഞി​ടു​ള്ള​തു​പോ​ലെ യാ​തൊ​ന്നും യാ​തൊ​രു​കാ​ല​ത്തും സം​ഭ​വി​ച്ചി​ടി​ല്ല. കന്യാ​കു​മാ​രി മുതൽ ഗോ​കർ​ണ്ണം​വ​രെ കൊ​ച്ചി അധി​കാ​രം നട​ത്തിയ കാലം ഒരി​ക്ക​ലെ​ങ്കി​ലും ഉണ്ടാ​യി​ടു​ണ്ടെ​ന്നു് തെ​ളി​വു​കി​ടു​ന്ന​പ​ക്ഷം ഈ ഗ്ര​ന്ഥ​വ​രി​യെ വി​ശ്വ​സി​ക്കാ​മാ​യി​രു​ന്നു. കേ​ര​ളോ​ല്പ​ത്തി​ക​ഥ​യേ അവർ പകർ​ത്തി​വെ​ച്ചി​രി​ക്കു​ന്നു​വെ​ന്നേ​യു​ള്ളു. ഒടു​വി​ല​ത്തെ​പ്പെ​രു​മാൾ മക്ക​ത്തു പോ​യ​ക​ഥ​യും ഗ്ര​ന്ഥ​വ​രി​യിൽ പകർ​ത്തി​യി​ടു​ണ്ടു്. ‘ഷോ​ഡ​ശാം​ഗം സു​രാ​ജ്യം’ എന്ന കലി​ദി​ന​ത്തിൽ മഹ​മ്മ​ദു​മ​തം ഉ​ണ്ടായിടേ ഇല്ല. അതാ​ണു് ഈ കഥ വി​ശ്വ​സി​ക്കു​ന്ന വി​ഷ​യ​ത്തിൽ മറ്റൊ​രു വൈ​ഷ​മ്യം.

ഗോ​കർ​ണ്ണം മു​തൽ​ക്കു് കന്യാ​കു​മാ​രി​വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ മേൽ​ക്കോ​യ്മ കൊ​ച്ചി​യി​ലേ​ക്കാ​യി​രു​ന്നു​വെ​ങ്കിൽ അതേ കാ​ല​ത്തു​ത​ന്നെ വേ​ണാ​ടു​തി​രു​വ​ടി​കൾ വഞ്ചീ​ശ​പ​ട​വും, കു​ല​ശേ​ഖ​ര​പ്പെ​രു​മാൾ സ്ഥാ​ന​വും കൈ​ക്കൊ​ണ്ട​തെ​ങ്ങ​നെ? അങ്ങ​നെ ആണെ​ങ്കിൽ ഈ രണ്ടു രാ​ജ​കു​ടും​ബ​ങ്ങൾ തമ്മിൽ ശത്രു​ത്വ​ത്തി​നാ​യി​രു​ന്ന​ല്ലോ അവ​കാ​ശം. നേരെ മറി​ച്ചു് തി​രു​വി​താം​കൂർ രാ​ജാ​വു് കൊ. വ. 938-​ാമാണ്ടുവരെ കൊ​ച്ചി രാ​ജാ​വി​നു പി​ന്തു​ണ​യാ​യി നി​ന്നു​വെ​ന്നാ​ണു് ചരി​ത്ര​ത്തിൽ കാ​ണു​ന്ന​തു്. കോ​ഴി​ക്കോ​ടേ ഓരോ രാ​ജാ​വും സിം​ഹാ​സ​നാ​രൂ​ഢ​നാ​യാ​ലു​ട​നേ കൊ​ച്ചി​യെ ആക്ര​മി​ച്ചു്, കീ​ഴ​ട​ക്കി, കപ്പം വാ​ങ്ങി​യ​തി​ന്റെ ശേഷമേ വാൾ ഉറയിൽ ഇടാ​റു​ണ്ടാ​യി​രു​ന്നു​ള്ളു. പു​റ​ത്തു കാൽ കൊ​ച്ചി​യിൽ കച്ച​വ​ട​ത്തി​നാ​യി വന്നു ചേർ​ന്ന​തു​വ​രെ തി​രു​വി​താം​കൂ​റി​ന്റെ സഹാ​യ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു കൊ​ച്ചി കോ​ഴി​ക്കോ​ടി​നെ അക​റ്റി നിർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​തു്.

പാ​ശ്ചാ​ത്യ​സ​ഞ്ചാ​രി​ക​ളും കൊ​ച്ചി​യു​ടെ അന്ന​ത്തെ ദയ​നീ​യ​സ്ഥി​തി​യെ രേ​ഖ​പ്പെ​ടു​ത്തീ​ടു​ണ്ടു്. അതു വളരെ ചെറിയ രാ​ജ്യ​മാ​യി​രു​ന്നെ​ന്നും സ്വ​ന്ത​മായ ഒരു നാ​ണ​യം​പോ​ലും അതി​നു് ഉണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അവ​രു​ടെ ലേ​ഖ​ന​ങ്ങ​ളിൽ നി​ന്നു ഗ്ര​ഹി​ക്കാം.

ഈ കാ​ര​ണ​ങ്ങ​ളാൽ പ്ര​ബ​ല​നാ​യി​രു​ന്ന ഒരു വഞ്ചി​രാ​ജാ​വു് സമാ​രം​ഭി​ച്ച​തായ കൊ​ല്ല​വർ​ഷ​ത്തെ മറ്റു കേ​ര​ള​രാ​ജാ​ക്ക​ന്മാ​രും സ്വീ​ക​രി​ച്ച​തിൽ അത്ഭു​ത​പ്പെ​ടാ​നി​ല്ല. കോ​ര​പ്പു​ഴ​യ്ക്കു് അപ്പു​റ​ത്തു് ഗോ​കർ​ണ്ണം​വ​രെ വഞ്ചി​രാ​ജ​വം​ശ​ത്തി​ന്റെ ഒരു അകന്ന ശാ​ഖ​ക്കാ​രായ കോ​ല​ത്തി​രി രാ​ജാ​ക്ക​ന്മാർ ഭരി​ച്ചു വന്ന​തി​നാ​ലും ഈ രണ്ടു രാ​ജ​വം​ശ​ങ്ങൾ തമ്മിൽ [2] ദത്തു​സം​ബ​ന്ധ​വും മറ്റു ഉണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​തി​നാ​ലും ഉത്ത​ര​കേ​ര​ള​വും കോ​ളം​ബാ​ബ്ദ​ത്തെ സ്വീ​ക​രി​ക്കാ​നി​ട​വ​ന്ന​താ​യി​രി​ക്ക​ണം.

ഇനി കേ​ര​ള​ത്തി​ലെ പ്ര​ധാന രാ​ജ​കു​ടും​ബ​ങ്ങ​ളെ​പ്പ​റ്റി ചി​ന്തി​ക്കാം.

വേ​ണാ​ടു്

തി​രു​വി​താം​കൂർ രാ​ജ്യ​ത്തി​ന്റെ പു​രാ​ത​ന​നാ​മം വേ​ണാ​ടെ​ന്നാ​യി​രു​ന്നു​വെ​ന്നു് നി​സ്സം​ശ​യം പറയാം. കൊ​ല്ല​വർ​ഷം ആറാം ശത​കം​വ​രെ ഉണ്ടാ​യി​ടു​ള്ള എല്ലാ രേ​ഖ​ക​ളി​ലും വേ​ണാ​ട​ടി​കൾ എന്നാ​ണു കാ​ണു​ന്ന​തു്. ഭാ​സ്ക​ര​ര​വി​വർ​മ്മ​യു​ടെ നാലു ശാ​സ​ന​ങ്ങ​ളി​ലും സ്താ​ണു​ര​വി​ഗു​പ്ത​ന്റെ ചെ​പ്പേ​ടി​ലും വേ​ണാ​ട​ടി​ക​ളെ​പ്പ​റ്റി പ്ര​സ്താ​വി​ച്ചി​ടു​ള്ള​തി​നു പുറമേ കൊ. വ. 343-​ാമാണ്ടുണ്ടായ കൊ​ല്ലം ശാ​സ​ന​ത്തി​ലും, 368-ലെ വീ​ര​കേ​ര​ള​ക്ഷേ​ത്ര​രേ​ഖ​യി​ലും, 389-ലെ കഠി​ന​ങ്കു​ളം മഹാ​ദേ​വ​ക്ഷേ​ത്ര​രേ​ഖ​യി​ലും, ‘വേ​ണാ​ടു​വാ​ഴ്‍ന്ത​രു​ളി​ന്റെ തി​രു​വ​ടി’കളെ കാ​ണു​ന്നു. കണ്ടി​യൂർ​രേ​ഖ​യിൽ (393) “വേ​ണാ​ടു​ട​യ​കീ​ഴ്പേ​രൂർ തൃ​പ്പാ​പ്പൂർ മൂ​പ്പു വാ​ഴ്‌​ന്ത​രു​ളി​ന്റെ ഇര​വി​കേ​ര​ള​വർ​മ്മ” എന്നു വി​ശ​ദ​മാ​യി പറ​ഞ്ഞി​ടു​മു​ണ്ടു്.

വേ​ണാ​ടു് എന്ന പദ​ത്തി​ന്റെ ഉത്ഭ​വ​ത്തെ​പ്പ​റ്റി പലരും പല​വി​ധം പറ​യു​ന്നു. അതു് വാ​ന​വ​നാ​ടി​ന്റെ തത്ഭ​വ​മാ​ണെ​ന്നാ​ണു് തി​രു​വി​താം​കൂർ​ച​രി​ത്ര​കാ​ര​നായ മി​സ്റ്റർ ശങ്കു​ണ്ണി​മേ​നോ​ന്റെ അഭി​പ്രാ​യം. അദ്ദേ​ഹ​ത്തി​ന്റെ പു​ത്ര​നും കേ​ര​ള​ച​രി​ത്ര​കാ​ര​നു​മായ മി​സ്റ്റർ കെ. പി. പത്മ​നാ​ഭ​മേ​നോ​നാ​ക​ട്ടെ മി​സ്റ്റർ ഗോ​പി​നാ​ഥ​റാ​വു​വി​ന്റെ ഊഹ​ത്തെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി അതിനെ വേൾ​നാ​ടെ​ന്നു വ്യാ​ഖ്യാ​നി​ക്കു​ന്നു. ‘വേൾ​നാ​ടു്’ എന്ന പദ​ത്തി​നു് കീ​ഴ​ട​ങ്ങിയ രാ​ജ്യ​മെ​ന്നർ​ത്ഥം. ദ്രാ​വി​ഡ​ദേ​ശ​ത്തു് ചേ​ര​ചോ​ള​പാ​ണ്ഡ്യ​രാ​ജാ​ക്ക​ന്മാർ, അഥവാ മൂ​വ​ര​ശർ മാ​ത്ര​മേ മു​ടി​യു​ട​യ​മ​ന്ന​രാ​യി​ടു​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും, അഗ​സ്ത്യ​മ​ഹർ​ഷി​യോ​ടു​കൂ​ടി ദ്വാ​ര​ക​യിൽ​നി​ന്നു ദ്രാ​വി​ഡ​ത്തിൽ വന്നു് അവി​ട​വി​ടെ​യാ​യി താ​മ​സി​ച്ചി​രു​ന്ന പതി​നെ​ട്ടു വൃ​ഷ്ണി​വം​ശ​ജ​രേ​യാ​ണു് വേ​ളാ​യർ​കു​ലം എന്നു വി​ളി​ച്ചു​വ​ന്ന​തെ​ന്നും ആണു് ശ്രീ​മാൻ ഗോ​പി​നാ​ഥ​റാ​വു സ്ഥാ​പി​ക്കുൻ ശ്ര​മി​ച്ചി​ട്ടു​ള്ള​തു്. ഈ വേൾ​നാ​ട്ടു അര​ച​ന്മാ​രിൽ ചി​ല​രു​ടെ പേ​രു​കൾ ദക്ഷി​ണതിരുവിതാംകൂറിലെ രേ​ഖ​ക​ളിൽ കാ​ണു​ന്നു​ണ്ടെ​ങ്കി​ലും, വേ​ണാ​ടു അവർ സ്ഥാ​പി​ച്ച​താ​യി​രി​ക്കാൻ ഇട​യി​ല്ല. വേൾ​നാ​ടു ആദ്യം വേ​ണ്ണാ​ടാ​യും പി​ന്നീ​ടു വേ​ണാ​ടാ​യും പരി​ണ​മി​ക്കാ​മെ​ങ്കി​ലും തൊൽ​കാ​പ്പി​യ​ക്കാ​ര​നും നന്നൂൽ​കാ​ര​നും ഈ രാ​ജ്യ​ത്തി​നെ വേണു എന്നാ​ണു പറ​ഞ്ഞി​ടു​ള്ള​തു്. വേൾ എന്ന​ല്ല, അതി​നും​പു​റ​മേ കു​രു​ന​ന്തൻ വി​ഴി​ഞ്ഞ​ത്തു​വ​ന്നു് യദു​വം​ശ​ത്തി​ന്റെ സ്ഥാ​ന​മു​റ​പ്പി​ച്ച​തു് ക്രി​സ്ത്വ​ബ്ദം എട്ടാം​ശ​ത​ക​ത്തി​ന്റെ അന്ത്യ​പാ​ദ​ത്തി​ലാ​യി​രു​ന്നു. ഏറെ​ക്കാ​ലം കഴി​യു​ന്ന​തി​നു മു​മ്പേ, ആ വം​ശ​ക്കാർ​ക്കു് അവി​ടം​വി​ട്ടു പോ​കേ​ണ്ട​താ​യും വന്നു. ഈ ചെറിയ രാ​ജ​വം​ശ​ത്തി​നു് 825-ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു് പത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ആലോ​ചി​ക്കു​ന്ന​തി​നാ​യി അഞ്ചു താ​യ്വ​ഴി​ത്ത​മ്പു​രാ​ക്ക​ന്മാർ കൂ​ടി​യി​രു​ന്ന​ല്ലോ. ഇങ്ങ​നെ​യും വേ​റെ​യും അനേക ശാ​സ​ന​ങ്ങ​ളിൽ കാ​ണു​ന്നു​ണ്ടു്.

വേ​ണാ​ട്ടു​രാ​ജ​കു​ടും​ബം അന്നും മരു​മ​ക്ക​വ​ഴി​യാ​യി​രു​ന്നു​വെ​ന്നു് [3] പു​രാ​ത​ന​രേ​ഖ​ക​ളിൽ​നി​ന്നും നി​ഷ്പ്ര​യാ​സം ഗ്ര​ഹി​ക്കാം. മു​മ്പു് ഉദ്ധ​രി​ച്ച ഒരു താ​മ്ര​ശാ​സ​ന​ത്തിൽ വേ​ണാ​ട​ടി​ക​ളും ഇളമുറ വാ​ഴു​ന്ന രാ​മ​തി​രു​വ​ടി​ക​ളും സാ​ക്ഷ്യം വഹി​ച്ചി​രി​ക്കു​ന്ന​തു നോ​ക്കുക. എന്നാൽ വി​ഴി​ഞ്ഞ​ത്തു വന്നു് ആയർ​വം​ശം സ്ഥാ​പി​ച്ച കു​രു​ന​ന്ത​ന്റെ ദാ​യ​ക്ര​മം മക്ക​വ​ഴി​യാ​യി​രു​ന്നെ​ന്നു കാ​ണു​ന്നു. കാ​ല​ക്ര​മം​കൊ​ണ്ടു് യദു​വം​ശ​ക്കാ​രും മരു​മ​ക്ക​വ​ഴി​ക്കാ​രാ​യി​ത്തീ​രു​ക​യും ആഭി​ജാ​ത്യ​മു​ള്ള​വ​രാ​യി​രു​ന്ന​തി​നാൽ വേ​ണാ​ടു​മാ​യി സം​ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കാം. അങ്ങ​നെ ആയി​രി​ക്ക​ണം വേ​ണാ​ടു​രാ​ജാ​ക്ക​ന്മാ​രും യദു​വം​ശ​ക്കാ​രാ​യി​ത്തീർ​ന്ന​തു്. ആദ്യ​മാ​യി വേ​ണാ​ട​ന്റെ ഒരു ശാ​ഖ​യാ​യി​രു​ന്ന ഓട​നാ​ടു രാ​ജ​കു​ടും​ബ​വും പി​ന്നീ​ടു ദേ​ശി​ങ്ങ​നാ​ടും യദു​വം​ശ​ക്കാ​രാ​യി. കേരളം ഒട്ടു​ക്കു കീ​ഴ​ട​ക്കി ഭരി​ച്ച രവി​വർ​മ്മ​ച​ക്ര​വർ​ത്തി​യു​ടെ പി​താ​വു് യദു​വം​ശ​ജ​നായ ജയ​സിം​ഹ​നാ​യി​രു​ന്നു. ആ ജയ​സിം​ഹൻ കൊ​ല്ലം രാ​ജാ​വാ​യി വാ​ണി​ട്ടു​ണ്ടെ​ന്നും അതു​കൊ​ണ്ടു് അക്കാ​ല​ത്തു് കൊ​ല്ലം രാ​ജാ​ക്ക​ന്മാർ മക്ക​ത്താ​യി​ക​ളാ​യി​രു​ന്നു​വെ​ന്നും ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടു്. എന്നാൽ ജയ​സിം​ഹൻ രാ​ജാ​വാ​യ​തു് ഉമാ​ദേ​വി​യു​ടെ ഭർ​ത്താ​വെ​ന്ന നി​ല​യിൽ മാ​ത്ര​മേ ആയി​രു​ന്നു​ള്ളു. പെ​രു​മാ​ക്ക​ന്മാ​രു​ടെ കാ​ല​ത്തു് അങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ടു്. പാ​ണ്ടി​രാ​ജാ​ക്ക​ന്മാർ പെ​രു​മാ​ക്ക​ന്മാ​രു​ടെ കു​ടും​ബ​ത്തിൽ വി​വാ​ഹം കഴി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു് തമിഴു സാ​ഹി​ത്യ​ത്തിൽ നി​ന്നു മന​സ്സി​ലാ​ക്കാം. ആ വഴി​ക്കാ​യി​രി​ക്ക​ണം ഒരു പാ​ണ്ടി​പ്പെ​രു​മാൾ കേ​ര​ള​ത്തി​ലു​ണ്ടാ​വാൻ ഇട​യാ​യ​തു്.

വേ​ണാ​ട​ടി​കൾ ചേ​ര​വം​ശ​ജ​രാ​യി​രു​ന്ന​തി​നാൽ അവർ മു​ടി​യു​ട​യ​വർ തന്നെ ആയി​രു​ന്നു. അവ​രു​ടെ രാ​ജ്യ​ത്തി​നു് വേ​ണാ​ടെ​ന്നും തി​രു​വ​ടി​ദേ​ശം എന്നും പേ​രു​കൾ പറ​ഞ്ഞു​വ​ന്നു. കു​ല​ശേ​ഖ​ര​പ​ട​വും ചേ​ര​മാൻ​പെ​രു​മാൾ​സ്ഥാ​ന​വും രവി​വർ​മ്മ​ച​ക്ര​വർ​ത്തി​യു​ടെ കാ​ല​ശേ​ഷ​മാ​ണു സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നു് ശ്രീ​പ​ത്മ​നാ​ഭ​മോ​ഹൻ പറ​ഞ്ഞി​രി​ക്കു​ന്ന​തു് ശരി​യാ​വാൻ തര​മി​ല്ല. കലി​വർ​ഷം 3412 ൽ ഒരു വീ​ര​കേ​ര​ള​കു​ല​ശേ​ഖ​ര​പ്പെ​രു​മാൾ ഉണ്ടാ​യി​രു​ന്ന​താ​യി ചരി​ത്ര​ത്തിൽ പറ​ഞ്ഞി​ട്ടു​ള്ള​തു് കേവലം ഐതി​ഹ്യ​ത്തെ അടി​സ്ഥാ​ന​പ്പെ​ടു​ത്തി മാ​ത്ര​മാ​യി​രു​ന്നാ​ലും 278-ലെ കൊ​ല്ലം​രേ​ഖ​യിൽ ഒരു കു​ല​ചേ​കിര ചക്ര​വർ​ത്തി​യെ കാ​ണു​ന്നു.

വേ​ണാ​ടി​നു് അഞ്ചു​ശാ​ഖ​കൾ ഉണ്ടാ​യി​രു​ന്ന​താ​യി മു​മ്പു പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട​ല്ലോ. അവയിൽ ഓരോ​ന്നി​നെ​പ്പ​റ്റി​യും സം​ക്ഷി​പ്ത​മാ​യി ഇവിടെ വി​വ​രി​ക്കാം.

തൃ​പ്പാ​പ്പൂർ

തൃ​പ്പാ​പ്പൂർ സ്വ​രൂ​പം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഏഴു മൈൽ വട​ക്കാ​ണു് സ്ഥി​തി​ചെ​യ്യു​ന്ന​തു്. തി​രു​വ​ടി​ദേ​ശം, ശ്രീ​പാ​ദം, തൃ​പ്പാ​ദ​പു​രം (തൃ​പ്പാ​പ്പൂ​രു്) ഈ ശബ്ദ​ങ്ങ​ളെ​ല്ലാം ഏകാർ​ത്ഥ​ങ്ങ​ളാ​യി​രി​ക്ക​യും, നാ​ടു​വാ​ഴു​ന്ന വഞ്ചി​രാ​ജാ​ക്ക​ന്മാർ ഇന്നും അവിടെ എഴു​ന്ന​രു​ളീ അരി​യി​ട്ടു​വാ​ഴ്ച നട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാൽ തൃ​പ്പാ​പ്പൂർ​സ്വ​രൂ​പ​ത്തി​ന്റെ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ന്നു. അതി​നും പുറമേ ആ പ്ര​ദേ​ശം വഞ്ചി​ശ​വം​ശ​സം​വർ​ദ്ധി​നി​ക​ളായ ആറ്റു​ങ്ങൽ തമ്പു​രാ​ടി​മാ​രു​ടെ കൈവശം ഏറിയ കാലം ഇരു​ന്നി​ട്ടു​ള്ള​തും പ്ര​ത്യേ​കം സ്മ​ര​ണീ​യ​മാ​ണു്. ഇന്നും ആറ്റു​ങ്ങൽ തമ്പു​രാ​ടി​മാ​രു​ടെ പ്ര​ത്യേക സ്വ​ത്തി​ന് ശ്രീ​പാ​ദം​സ്വ​ത്തു​ക്കൾ എന്നാ​ണു പറ​യാ​റു​ള്ള​തും.

തൃ​പ്പാ​ദ​സ്വ​രൂ​പം പര​ശു​രാ​മ​മ​ഹർ​ഷി ദക്ഷി​ണ​കേ​ര​ള​ത്തിൽ സ്ഥാ​പി​ച്ച​താ​ണെ​ന്നാ​ണു് കേ​ര​ള​മാ​ഹാ​ത്മ്യ​ത്തിൽ കാ​ണു​ന്ന​തു്. കോ​ര​ളോ​ല്പ​ത്തി​യി​ലും ഇപ്ര​കാ​രം പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്നു.

“തെ​ക്കു (കു​ല​ശേ​ഖ​ര​ന്റെ സ്വ​രൂ​പ​മായ) വേ​ണാ​ട​ടി​കൾ​ക്കു് 350000 നാ​യ​ന്മാ​രെ ഓമന പു​തി​യ​കോ​വി​ലി​ന​ക​ത്തു ചു​രി​ക​കെ​ടി ചേ​കി​പ്പാൻ തക്ക​വ​ണ്ണം നാ​ട്ടു​കോ​യ്മ​സ്ഥാ​ന​വും ഓണ​നാ​ട്ടും വേ​ണ​നാ​ടോ​ടു​ചേർ​ത്തും കല്പി​ച്ചു കൊ​ടു​ത്തു. കൂ​വ​ള​രാ​ജ്യ​ത്തു വാ​ഴു​വാൻ കല്പ​ന​യും ചെ​യ്തു.”

കൂ​വ​ള​രാ​ജ്യം കോ​ല​രാ​ജ്യ​മാ​ണെ​ന്നു ചി​ല​രും കൂ​പ​ക​രാ​ജ്യ​മാ​ണെ​ന്നു മറ്റു​ചി​ല​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടു്. കോ​ല​ത്തി​രി​വം​ശ​ത്തി​നും വേ​ണാ​ട്ടു രാ​ജ​വം​ശ​ത്തി​നും തമ്മിൽ പു​ല​സം​ബ​ന്ധം കാ​ണു​ന്ന​തി​നാൽ, ഇവിടെ വി​വ​ക്ഷി​ക്ക​പ്പെ​ടി​രി​ക്കു​ന്ന​തു് കോ​ല​ത്തി​രി​വം​ശം ആയി​രി​ക്ക​ണ​മെ​ന്നാ​ണു് ആദ്യ​ത്തെ​കൂ​ടർ പറ​യു​ന്ന​തു്. എന്നാൽ ശ്രീ​മാൻ സു​ന്ദ​രൻ​പി​ള്ള, പല രേ​ഖ​ക​ളേ​യും പരി​ശോ​ധി​ച്ചി​ട്ടു്, കൂവളം കൂപകം തന്നെ​യെ​ന്നു തീർ​ച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തോ​ടു യോ​ജി​ക്കാ​നേ ഇവിടെ തരം കാ​ണു​ന്നു​ള്ളു. ഒരു പെ​രു​മാ​ളി​ന്റെ വി​ഭ​ജ​നം അനു​സ​രി​ച്ചു് തെ​ക്കും​കൂ​റി​ന്റെ വട​ക്കേ അതിർ​ത്തി മു​തൽ​ക്കു് കന്യാ​കു​മാ​രി​വ​രെ​യു​ള്ള ദേ​ശ​ത്തെ കൂപകം എന്നു വി​ളി​ച്ചു​വ​ന്ന​താ​യി കേ​ര​ളോ​ല്പ​ത്തി പറ​യു​ന്നു​ണ്ടു്. പ്ര​മാ​ണ​ങ്ങ​ളും ആ വി​ഭ​ജ​ന​ത്തെ അനു​കൂ​ലി​ക്കു​ന്നു. ആറ്റു​ങ്ങൽ ഉള്ള ആവ​ണീ​ശ്വ​രം കോ​വി​ലി​നെ ജീർ​ണ്ണോ​ദ്ധാ​ര​ണം ചെ​യ്ത​തു് ഒരു കൂപക രാ​ജ്ഞി​യാ​ണെ​ന്നു് 751-ലെ ശി​ലാ​രേ​ഖ​യിൽ കാ​ണു​ന്നു. അതി​നു് ഒരു ശത​വർ​ഷ​ത്തി​നു മു​മ്പു് അതാ​യ​തു് കൊ. വ. 643-ൽ കു​ല​ശേ​ഖ​ര​ത്ത​മ്പു​രാ​ടി എന്ന കൂ​പ​ക​രാ​ജ്ഞി അഗ​സ്തീ​ശ്വ​രം താ​ലൂ​ക്കിൽ എം​പെ​രു​മാൾ​കോ​വിൽ പണി​യി​ച്ച​താ​യി രേ​ഖ​യു​ണ്ടു്. അതി​ന്റെ ജീർ​ണ്ണോ​ദ്ധാ​ര​ണം ചെ​യ്ത​തും കൂ​പ​ക​രാ​ജ്ഞി​യ​ത്രേ. പക്ഷേ, ആവ​ണീ​ശ്വ​രം ക്ഷേ​ത്ര​ത്തേ​യും എം​പെ​രു​മാൾ ക്ഷേ​ത്ര​ത്തേ​യും പു​തു​ക്കി​യ​തു് ഒരേ രാ​ജ്ഞി​ത​ന്നെ​യാ​യി​രി​ക്കാം. കൊ​ല്ല​വർ​ഷം 292-​ാമാണ്ടു് ചി​ങ്ങം 11-ാംനു ഒരു കൂ​പ​ക​രാ​ജാ​വു് പാ​ണ്ഡ്യ​രാ​ജാ​വായ രാ​ജ​സിം​ഹ​നെ തോ​ല്പി​ച്ചു് നാ​ഞ്ചി​നാ​ടു കൈ​വ​ശ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഈ മാ​തി​രി ലക്ഷ്യ​ങ്ങൾ നോ​ക്കി​യാൽ വേ​ണാ​ട്ടു രാ​ജ​വം​ശ​ത്തി​ന്റെ പ്ര​ധാ​ന​സ്ഥാ​നം തൃ​പ്പ​പ്പൂ​രാ​യി​രു​ന്നു​വെ​ന്നും, ‘വേ​ണാ​ട്ടു രാ​ജാ​ക്ക​ന്മാർ​ക്കു’ കൂ​പ​ക​രാ​ജാ​ക്ക​ന്മാർ എന്നു പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഊഹി​ക്കാം. ഈ രാ​ജാ​ക്ക​ന്മാർ തല​സ്ഥാ​നം കൊ​ല്ല​ത്തേ​ക്കു മാ​റ്റി​യ​തി​നു​ശേ​ഷം, തൃ​പ്പാ​പ്പൂർ വേ​ണാ​ടി​ന്റെ ഒരു ശാ​ഖ​യാ​യി ഗണി​ക്ക​പ്പെ​ട്ടു​പോ​ന്നു. കൊ​ല്ലം 480-ൽ കോ​യ​ത്തു​നാ​ടിൽ​നി​ന്നും വേ​ണാ​ടി​ലേ​യ്ക്കു് രണ്ടു റാ​ണി​മാ​രെ ദത്തെ​ടു​ത്തു​വെ​ന്നും, അവർ​ക്കാ​യി ആറ്റു​ങ്ങൽ ഒരു കൊ​ടാ​രം പണി​ക​ഴി​പ്പി​ച്ചു​വെ​ന്നും അതിനു ചു​റ്റു​മു​ള്ള ദേശം അവർ​ക്കാ​യി വി​ട്ടു​കൊ​ടു​ത്തു​വെ​ന്നും ചരി​ത്ര​കാ​ര​ന്മാർ പറ​യു​ന്ന​തിൽ വാ​സ്ത​വം ഉണ്ടാ​യി​രി​ക്ക​ണം. എന്തു​കൊ​ണ്ടെ​ന്നാൽ കൊ​ല്ലം അഞ്ചാം​ശ​ത​ക​ത്തി​നു​ശേ​ഷം കൂ​പ​ക​രാ​ജ്ഞി​മാ​രെ​യ​ല്ലാ​തെ കൂ​പ​ക​രാ​ജാ​ക്ക​ന്മാ​രെ ഒരു രേ​ഖ​ക​ളി​ലും കാ​ണു​ന്നി​ല്ല.

ദേ​ശി​ങ്ങ​നാ​ടു്

ഇതു് കൊ​ല്ല​ത്തി​നു​ള്ള മറ്റൊ​രു പേ​രാ​കു​ന്നു. ഈ ശാ​ഖ​യു​ടെ സ്ഥാ​പ​കൻ രവി​വർ​മ്മ​ച​ക്ര​വർ​ത്തി​യു​ടെ പി​താ​വായ ജയ​സിം​ഹ​നാ​യി​രു​ന്നു​വെ​ന്നു ചിലർ ഊഹി​ക്കു​ന്നു. എന്നാൽ ഈ ഊഹം ശരി​യാ​വാൻ ഇട​യി​ല്ല. ദേ​ശി​ങ്ങ​നാ​ടു് എന്ന പദ​ത്തി​ന്റെ അർ​ത്ഥം ജയ​സിം​ഹ​ന്റെ നാ​ടെ​ന്നു തന്നെ. എന്നാൽ ആ ജയ​സിം​ഹൻ, ഉമ​യ​മ്മ​റാ​ണി​യു​ടെ ഭർ​ത്താ​വും രവി​വർ​മ്മ ചക്ര​വർ​ത്തി​യു​ടെ പി​താ​വും ആയി​രു​ന്നോ എന്നു​ള്ള കാ​ര്യ​മേ സന്ദി​ഗ്ദ്ധ​മാ​യി​രി​ക്കു​ന്നു​ള്ളു. രവി​വർ​മ്മ ചക്ര​വർ​ത്തി​യേ പി​ന്തു​ടർ​ന്ന​തു് അദ്ദേ​ഹ​ത്തി​ന്റെ അനു​ജ​നായ ആദി​ത്യ​വർ​മ്മ ആയി​രു​ന്ന​തു​കൊ​ണ്ടു തന്നേ, അന്നും വേ​ണാ​ട്ടു​രാ​ജാ​ക്ക​ന്മാർ മരു​മ​ക്ക​ത്താ​യി​ക​ളാ​യി​രു​ന്നു​വെ​ന്നു തീർ​ച്ച​പ്പെ​ടു​ത്താം. ജയ​സിം​ഹൻ രാ​ജ്യം വാ​ണ​തു് ഉമാ​ദേ​വി​യു​ടെ ഭർ​ത്താ​വെ​ന്ന നി​ല​യിൽ മാ​ത്ര​മേ ആയി​രു​ന്നു​ള്ളു. എന്നാൽ ദേ​ശി​ങ്ങ​നാ​ടു സ്വ​രൂ​പ​ത്തി​ന്റെ സ്ഥാ​പ​ക​നായ ജയ​സിം​ഹൻ ആ പേരു് വെറും ബി​രു​ദ​നാ​മം ആയി​രു​ന്നു.

‘സ്വ​സ്ത്യ​സ്തു ജയ​സിം​ഹ​സ്യ വീ​ര​കേ​ര​ള​വർ​മ്മ​ണഃ’

എന്നു് കൊ​ല്ല​ത്തെ ഗണ​പ​തി​കോ​വി​ലിൽ കാ​ണു​ന്ന​തും കൊ. വ. 671-ൽ ഉണ്ടാ​യ​തും ആയ രേ​ഖ​യി​ലും ജയ​സിം​ഹ​ബി​രു​ദു​ധാ​രി​യായ ഒരു രാ​ജാ​വി​നെ കാ​ണ്മാ​നു​ണ്ടു്. രവി​വർ​മ്മ ചക്ര​വർ​ത്തി​യു​ടെ രേ​ഖ​ക​ളി​ലാ​ക​ടെ,

“സ്വ​സ്തി ശ്രീ​ജ​യ​സിംഹ ഇത്യ​ഭി​ഹി​ത​സ്സോ​മാ​ന്വ​യോ​ത്താ​സ​കോ
രാ​ജാ​സീ​ദിഹ കേ​ര​ളേ​ഷു വിഷയേ നാഥോ യദു​ക്ഷ്മാ​ഭൃ​താം”

എന്നു മാ​ത്ര​മ​ല്ലാ​തെ, ജയ​സിം​ഹൻ ദേ​ശി​ങ്ങാ​നാ​ടു​സ്വ​രൂ​പ​ത്തി​ന്റെ സ്ഥാ​പ​ക​നാ​ണെ​ന്നു് എടു​ത്തു​പ​റ​ഞ്ഞി​ടേ ഇല്ല. അദ്ദേ​ഹം ഒരു പുതിയ വം​ശ​ത്തി​ന്റെ സ്ഥാ​പ​ക​നാ​യി​രു​ന്നെ​ങ്കിൽ, അദ്ദേ​ഹ​ത്തി​ന്റെ പു​ത്രൻ ആ വി​ഷ​യ​ത്തെ​പ്പ​റ്റി മൗനം അവ​ലം​ബി​ക്കു​മാ​യി​രു​ന്നോ?

ഏതാ​യി​രു​ന്നാ​ലും കേരളം ഒട്ടു​ക്കു കീ​ഴ​ട​ക്കി​യ​തി​നു​പു​റ​മേ, പാ​ണ്ടി​രാ​ജാ​വി​നേ തോ​ല്പി​ച്ചു്, അദ്ദേ​ഹ​ത്തി​ന്റെ പു​ത്രി​യെ വി​വാ​ഹം കഴി​ച്ചു​കൊ​ണ്ടു​വ​ന്ന ആ ദക്ഷി​ണ​ഭോ​ജ​രാ​ജാ​വി​നെ​പ്പോ​ലെ വേ​റൊ​രു രാ​ജാ​വു് തി​രു​വി​താം​കൂ​റിൽ മാ​ത്ര​മ​ല്ല മല​നാ​ടി​ലൊ​രേ​ട​ത്തും പി​ന്നീ​ടു​ണ്ടാ​യി​ടി​ല്ല. അദ്ദേ​ഹ​ത്തി​ന്റെ ശാ​സ​ന​ങ്ങ​ളിൽ ഇങ്ങ​നെ കാ​ണു​ന്നു.

“സ്വ​സ്തി ശ്രീ​ജ​യ​സിംഹ ഇത്യ​ഭി​ഹി​ത​സ്സോ​മാ​ന്വ​യോ​ത്താ​സ​കോ
രാ​ജാ​സീ​ദിഹ കേ​ര​ളേ​ഷു വിഷയേ നാഥോ യദു​ക്ഷ്മാ​ഭൃ​താം,
ജാ​തോ​സ്മാ​ദ്ര​വി​വർ​മ്മ​ഭൂ​പ​തി​രു​മാ​ദേ​വ്യാം കുമാരശ്ശിവാ-​
‘ദ്ദേ​ഹ​വ്യാ​പ്യ’ ശകാ​ബ്ദ​ഭാ​ജി​സ​മ​യേ ദേഹീവ വീരോ രസഃ”
ക്ഷയം നീ​ത്വാ സോയം കലി​ബ​ല​മി​വാ​രാ​തി​നി​വ​ഹാൻ
ജയ​ശ്രീ​വ​ത് കൃ​ത്വാ നി​ജ​സ​ഹ​ച​രീം പാ​ണ്ഡ്യ​ത​ന​യാം;
ത്ര​യ​ത്രിം​ശ​ദ്വർ​ഷോ യശ ഇവ യയൗ കേ​ര​ള​പ​ദം
രരക്ഷ സ്വം രാ​ഷ്രം നഗ​ര​മിവ കോ​ളം​ബാ​ധി​പഃ.”

കാ​ഞ്ചീ​പു​ര​ത്തേ ശാ​സ​ന​ത്തിൽ​നി​ന്നു് അദ്ദേ​ഹ​ത്തി​ന്റെ പടാ​ഭി​ഷേ​കം വേ​ഗ​വ​തീ​തീ​ര​ത്തു​വ​ച്ചു് നാ​ല്പ​ത്തി​യാ​റാ​മ​ത്തെ വയ​സ്സി​ലാ​യി​രു​ന്നു​വെ​ന്നും മന​സ്സി​ലാ​ക്കാം.

“ഷച​ത്വാ​രിം​ശ​ദ​ബ്ദ​സ്ത​ട​ഭൂ​വി മകുടം ധാരയൻ വേ​ഗ​വ​ത്യാഃ
ക്രീ​ഡാം സിം​ഹാ​സ​ന​സ്ഥ​ശ്ചി​ര​മ​കൃ​ത​മ​ഹീ​കീർ​ത്തി​വാ​ണീ രമാ​ഭിഃ”

കേ​ര​ള​ചോ​ള​പാ​ണ്ഡ്യ​ന്മാ​രെ ജയി​ച്ച​ശേ​ഷം അദ്ദേ​ഹം കൊ​ങ്ക​ണ​രാ​ജ്യ​ത്തെ കീ​ഴ​ട​ക്കി​യെ​ന്നു് അതേ ശാ​സ​ന​ത്തിൽ തന്നെ പറ​ഞ്ഞി​ട്ടു​മു​ണ്ടു്.

“കൃ​ത്വാ കേ​ര​ള​ചോ​ള​പാ​ണ്ഡ്യ​വി​ജ​യം ക്ലിപ്താഭിഷേകോത്സവ-​
സ്സം​ഗ്രാ​മാ​പ​ജ​യേന കൊ​ങ്ക​ണ​ഗ​തം തം പാ​ണ്ഡ്യ​വീ​രം നൃപം;
നീ​ത്വാ സ്ഫീ​ത​ബ​ലം​ത​തോ​പി വി​പി​നം ജി​ത്വാ​ദി​ശാ​മു​ത്ത​രാം
കാ​ഞ്ച്യാ​മ​ത്ര ചതുർ​ത്ഥ​മ​ബ്ദ​മ​ലി​ഖ​ത്സം​ഗ്രാ​മ​ധീ​രോ നൃപഃ”

ആ രേ​ഖ​യിൽ താഴെ പറ​യു​ന്ന ബി​രു​ദ​നാ​മ​ങ്ങ​ളെ​ല്ലാം പ്ര​യോ​ഗി​ച്ചു​കാ​ണു​ന്നു.

‘സ്വ​സ്തി​ശ്രീ, ചന്ദ്ര​കു​ല​മം​ഗ​ള​പ്ര​ദീപ, യാ​ദ​വ​നാ​രാ​യണ, കേ​ര​ള​ദേ​ശ​പു​ണ്യ​പ​രി​ണാമ, നാ​മാ​ന്ത​ര​കർ​ണ്ണ, കൂ​പ​ക​സാർ​വ​ഭൗമ, കു​ല​ശേ​ഖ​ര​പ്ര​തി​ഷ്ഠാ​പി​ത​ഗ​രു​ഡ​ദ്ധ്വജ, കോ​ളം​ബ​പു​രാ​ധീ​ശ്വം, ശ്രീ​പ​ത്മ​നാഭ പദകമല പര​മാ​രാ​ധ​ക​പ്ര​ണത രാ​ജ​പ്ര​തി​ഷ്ഠാ​ചാ​ര്യ, വി​മ​ത​രാ​ജ​ബ​ന്ദീ​കര, ധർ​മ്മ​ത​രു​മൂ​ല​ക​ന്ദ സദ്ഗു​ണാ​ല​ങ്കാര, ചതുഷ് ഷഷ്ടി​ക​ലാ​വ​ല്ലഭ, ദക്ഷി​ണ​ഭോ​ജ​രാജ, സം​ഗ്രാ​മ​ധീര, മഹാ​രാ​ജാ​ധി​രാജ, പര​മേ​ശ്വര, ജയ​സിം​ഹ​ദേ​വ​ന​ന്ദന, രവി​വർ​മ്മ​രാ​ജ​കു​ല​ശേ​ഖ​ര​ദേവ, ത്രി​ഭു​വ​ന​ച​ക്ര​വർ​ത്തീ’-​ഇത്യാദി.

അദ്ദേ​ഹം ഒരു മഹാ​ക​വി​യാ​യി​രു​ന്നു​വെ​ന്നും പ്ര​ദ്യു​മ്നാ​ഭ്യു​ദ​യം തു​ട​ങ്ങിയ ഉത്ത​മ​കൃ​തി​കൾ രചി​ച്ചി​ട്ടു​ണ്ടെ​ന്നും കൂടി ഓർ​ക്കു​മ്പോൾ നമു​ക്കു് അദ്ദേ​ഹ​ത്തി​നോ​ടു് തോ​ന്നു​ന്ന ബഹു​മാ​നം ശത​ഗു​ണീ​ഭ​വി​ക്കു​ന്നു.

ഓണനാ (ഓടനാ)

ഈ രാ​ജ​വം​ശ​വും വേ​ണാ​ടി​ന്റെ ഒരു ശാ​ഖ​യാ​യി​രു​ന്നു. ദത്തു​വ​ഴി​യ്ക്കു് ചി​റ​വാ​സ്വ​രൂ​പ​വും ഓണാ​ടും ഒന്നാ​ക​യും പി​ന്നീ​ടു് രണ്ടി​നും കൂടി ചി​റ​വാ​സ്വ​രൂ​പം എന്നു പേർ വന്നു​കൂ​ടു​ക​യും ചെ​യ്തു. ചി​റ​വാ​യി മന്ന​ന്റെ മക​പ്പ​ട​യെ​പ്പ​റ്റി ഓണാ​ട്ടു​ക​രെ ഒരു ചോ​ല്ലു​ള്ള​തി​നു പുറമേ അവി​ടെ​വ​ച്ചു നട​ത്താ​റു​ള്ള ഓണ​ത്ത​ല്ലി​നെ​പ്പ​റ്റി ‘ഹര്യ​ക്ഷ​മ​സ​മ​രോ​ത്സ​വം’ എന്നൊ​രു പട​പ്പാ​ട്ടും ഉണ്ടാ​യി​ട്ടു​ണ്ടു്. കണ്ടി​യൂർ​ക്ഷേ​ത്ര​ത്തിൽ കൊ​ത്ത​ട്ടു​ള്ള ഒരു ശി​ലാ​ശാ​സ​ന​ത്തിൽ (കൊ.393) “ഓടൈ​നാ​ട്ടു വാ​ഴ്‌​ന്ത​രു​ളി​ന്റെ ഉതൈ​ചി​റ​മം​ഗ​ല​ത്തിൽ സ്ര​വി​ര​പെ​രു​മ​റ്റ​ത്തു കോ​ത​വർ​മ്മൻ തി​രു​വ​ടി” എന്നു കാ​ണു​ന്നു. ഓട​നാ​ട്ടു രാ​ജാ​വി​ന്റെ പേരു് ഭാ​സ്ക​ര​ര​വി​വർ​മ്മ​പ്പെ​രു​മാ​ളി​ന്റേ​യും വീ​ര​രാ​ഘ​വ​ച​ക്ര​വർ​ത്തി​യു​ടെ​യും ശാ​സ​ന​ങ്ങ​ളിൽ കാ​ണു​ന്ന​തി​നാൽ ആ രാ​ജ​വം​ശം അതി​പു​രാ​ത​ന​മാ​ണെ​ന്നു തെ​ളി​യു​ന്നു. തൃ​ക്ക​ണ​ങ്കു​ടി​ക്ഷേ​ത്ര​ത്തിൽ മണി​തൂ​ക്കിയ ആദി​ത്യ​വർ​മ്മ രാ​ജാ​വി​നെ ചി​റ​വാ​ങ്മ​ണ്ഡ​ലേ​ന്ദ്രൻ എന്നു​കൂ​ടി വി​വ​രി​ച്ചി​രി​ക്കു​ന്ന​താ​നാൽ, അക്കാ​ല​ത്തോ അതി​നു​മു​മ്പോ വേ​ണാ​ട്ടും ഓട​നാ​ട്ടും സം​ബ​ന്ധ​പ്പെ​ട്ടു കഴി​ഞ്ഞു​വെ​ന്നു് ഊഹി​ക്കാം. എന്നാൽ ഈ രാ​ജ​കു​ടും​ബ​ങ്ങൾ അതി​പു​രാ​ത​ന​കാ​ല​ത്തേ വേർ​പി​രി​ഞ്ഞ രണ്ടു ശാ​ഖ​ക​ളാ​യി​രു​ന്നി​രി​ക്കാ​നാ​ണു് അധികം സാം​ഗ​ത്യം.

തി​രു​വാം​കോ​ടു്

ഈ ശബ്ദ​ത്തെ ശ്രീ​വാ​ഴും​കോ​ടെ​ന്നു വ്യാ​ഖ്യാ​നി​ച്ചു​വ​രു​ന്നു. എന്നാൽ ഇതു തി​രു​ആ​യൻ​കോ​ടാ​യി വര​രു​തോ എന്നു സം​ശ​യി​ക്കു​ന്നു. തെ​ക്കു് തി​രു​വാം​കോ​ടെ​ന്നു് ഒരു സ്ഥലം ഇപ്പോ​ഴും ഉണ്ടു്. ആ സ്ഥ​ല​ത്തി​ന​ടു​ത്താ​ണു് പാ​ണ്ഡ്യ​രാ​ജ്യ​ത്തു​നി​ന്നു​വ​ന്ന യദു​വം​ശ​ജർ അഥവാ വേൾ​കു​ല​ത്ത​ര​ചർ സ്ഥാ​നം ഉറ​പ്പി​ച്ച​തും. ആയ​ക്കു​ടി എന്ന സ്ഥ​ല​ത്തി​രു​ന്നു് ദക്ഷി​ണ​തി​രു​വി​താം​കൂ​റി​നെ ഭരി​ച്ചി​രു​ന്ന ആയി ആന്തി​ര​വൻ എന്നൊ​രാ​ളി​നേ​പ്പ​റ്റി ശ്രീ​മാൻ കെ. പി. പത്മ​നാ​ഭ​മേ​നോൻ പറ​യു​ന്നു. ആയി എന്നൊ​രു ദി​ക്കി​നെ​പ്പ​റ്റി ഗ്രീ​ക്കു​കാർ പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​തും ഈ രാ​ജ്യ​ഖ​ണ്ഡ​ത്തെ​പ്പ​റ്റി ആയി​രി​ക്കാൻ ഇട​യു​ണ്ടു്. എന്നാൽ തി​രു​വി​താം​കൂർ രാ​ജ​വം​ശം മി​സ്റ്റർ പത്മ​നാ​ഭ​മേ​നോ​നും മി​സ്റ്റർ ഗോ​പി​നാ​ഥ​റാ​വു​വും ഊഹി​ക്കു​ന്ന​തു​പോ​ലെ ഈ ആയ​കു​ല​മ​ല്ല. ചോ​രാ​ജ​വം​ശം തന്നെ​യാ​ണു്. കാ​ല​ക്ര​മേണ ഈ ആയ​കു​ലം മരു​മ​ക്ക​ത്താ​യം സ്വീ​ക​രി​ച്ചു് വേ​ണാ​ട്ടു​രാ​ജ​വം​ശ​ത്തിൽ ദത്തു​വ​ഴി​ക്കോ മറ്റോ അന്തർ​ഭ​വി​ച്ചി​രി​ക്കാം. അതോ വേ​ണാ​ട്ടു രാ​ജാ​ക്ക​ന്മാർ അവ​രേ​യ​ട​ക്കി അവി​ടെ​യൊ​രു പുതിയ രാ​ജ​വം​ശം സ്ഥാ​പി​ച്ച​തോ എന്നും നി​ശ്ച​യ​മി​ല്ല. ഏതാ​യി​രു​ന്നാ​ലും ശ്രീ​വാ​ഴു​മ​കോ​ടി​ന്റെ ഇട​ത്തു​വ​ശ​ത്തു് സ്ഥി​തി​ചെ​യ്യു​ന്ന വീ​ര​കേ​ര​ള​പു​രം ഒരു കാ​ല​ത്തു് തി​രു​വി​താം​കൂ​റി​ന്റെ തല​സ്ഥാ​ന​ന​ഗ​രി​യാ​യി​രു​ന്നു. തി​രു​വി​താം​കോ​ടി​നു അടു​ത്തു​ള്ള ശ്രീ​വർ​ദ്ധ​ന​പു​രി​യും പു​രാ​ണ​പ്ര​സി​ദ്ധ​മാ​കു​ന്നു. അതി​നെ​പ്പ​റ്റി കേ​ര​ള​മ​ഹാ​ത്മ്യ​ത്തിൽ ഇങ്ങ​നെ പറ​ഞ്ഞി​രി​ക്കു​ന്നു:

“ഇത്യേ​വം കല്പി​യ​ത്വാഥ ജഗാമ ജമ​ദ​ഗ്നി​ഭൂഃ;
ശ്രീ​വർ​ദ്ധ​ന​പു​രീം തത്ര കാ​ര​യാ​മസ ശോ​ഭ​നാം.
നാ​നാ​ജാ​തി​നി​വേ​ശ്യാഥ പണ്യ​വീ​ഥി​ഷു വർ​ത്ത​കാൻ
നാ​നാ​വർ​ണ്ണോ​ത്ഭ​വാം​ശ്ചൈവ സ്ഥാ​പ​യാ​മാസ ഭാർ​ഗ്ഗ​വഃ.
കശ്ചി​ന്മൂ​ഷക സാ​മ​ന്ത ആഹൂ​ത​സ്തൽ​പു​രേ വസൻ;
സോ​മ​വം​ശേത ജാ​താ​യാം​ക​ന്യാ​യാം​ബ്രാ​ഹ്മ​ണോ​ത്ത​മാൽ.
ചത്വാ​രോ ജജ്ഞി​രേ വീ​ര​സ്സാ​മ​ന്താ​സ്സാ​മ​തേ​ജ​സഃ;
യോ​നു​ഷു ക്ഷ​ത്രി​യ​സ്ത്രീ​ണാ​മേ​വം ബ്രാ​ഹ്മ​ണ​വീ​ര്യ​തഃ.
ജാ​യ​ന്തേ താം​സ്തു ഭുവനേ സാ​മ​ന്താൻ വി​ബു​ധാ വി​ദുഃ‌;
ഭാനു വി​ക്ര​മ​സാ​മ​ന്ത​സ്ത​ത​ശ്ച​ര​ണ​വി​ക്ര​മഃ.
തയോ​ര​നു​ജ​സാ​മ​ന്തഃ കു​ല​ശേ​ഖ​ര​നാ​മ​കഃ‌
തത്സോ​ദ​ര്യ​സ്സു​തഃ കശ്ചിൽ ബാ​ല​വീംഃ പ്ര​താ​പ​വാൻ.”

(വീര) കേ​ര​ള​പു​രം എന്നൊ​രു നഗരി ഇപ്പോ​ഴും ഉണ്ടെ​ന്നും അതി​ന്റെ സ്ഥാ​പ​കൻ ആദ്യ​ത്തെ കേ​ര​ള​ച​ക്ര​വർ​ത്തി​യാ​യി​രു​ന്ന വീ​ര​കേ​ര​ള​ച​ക്ര​വർ​ത്തി​യാ​യി​രു​ന്നെ​ന്നും മി: ശങ്കു​ണ്ണി​മേ​നോൻ തി​രു​വി​താം​കൂർ​ച​രി​ത്ര​ത്തിൽ പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ടു്. പ്ര​സ്തുത നഗ​ര​ത്തി​ന്റെ അവ​ശേ​ഷ​ങ്ങൾ ഇപ്പോ​ഴും കാ​ണ്മാ​നു​ണ്ട​ത്രെ.

തി​രു​വി​താം​കൂർ രാ​ജ​വം​ശ​ത്തി​ന്റെ ഈ ശാ​ഖ​ക​ളി​ലെ മൂത്ത തമ്പു​രാ​ക്ക​ന്മാർ വേ​ണാ​ടു ഭരി​ച്ചു​വ​ന്നു. കാ​ല​ക്ര​മേണ ഓരോ ശാ​ഖ​ക്കാ​രും സ്വ​ത​ന്ത്ര​രാ​ക​യും ഒടു​വിൽ മാർ​ത്താ​ണ്ഡ​വർ​മ്മ മഹാ​രാ​ജാ​വു് അവരെ എല്ലാം കീ​ഴ​ട​ക്കി തി​രു​വി​താം​കൂർ രാ​ജ്യം സ്ഥാ​പി​ക്ക​യും ചെ​യ്തു.

കൊ​ച്ചി രാ​ജ​വം​ശം

കൊ​ച്ചി​യു​ടെ ഉല്പ​ത്തി​യെ​പ്പ​റ്റി പറ​യു​ന്ന കഥയും വളരെ രസാ​വ​ഹ​മാ​ണു്. പര​ശു​രാ​മൻ ലവ​പു​ത്ര​നെ അവിടെ കൊ​ണ്ടു​വ​ന്നു വാ​ഴി​ച്ചു​വെ​ന്നും വൈ​ശ്ര​വ​ണ​പു​ത്രി​യായ ബാല തന്റെ പേ​രി​നു് അനു​സാ​ര​മാ​യി ഒരു സ്ഥലം ഉണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നു് അപേ​ക്ഷി​ച്ച​ത​നു​സ​രി​ച്ചു്, പര​ശു​രാ​മൻ സമു​ദ്ര​ക്ക​ര​യിൽ ഉദ്ധ​രി​ച്ച സ്ഥ​ല​മാ​യ​തു​കൊ​ണ്ടു് കൊ​ച്ചി എന്നു പേ​രു​വ​ന്നു​വെ​ന്നു​മാ​ണു് കഥ. പെ​രു​മാ​ക്ക​ന്മാ​രു​ടെ ശാ​സ​ന​ക​ളി​ലെ​ല്ലാം അവ​രു​ടെ പേ​രി​നു മു​മ്പിൽ ഗോ​ശ്രീ എന്ന​തി​ന്റെ തത്ഭ​വ​മായ കൊ​ച്ചി​രി എന്ന പദം കാ​ണു​ന്നു​ണ്ടു്. കൊ​ച്ചി എന്ന പേ​രി​നു് അതി​നോ​ടു് വല്ല സം​ബ​ന്ധ​വും ഉണ്ടോ എന്തോ? ഇതു​പോ​ലെ തന്നെ പെ​രു​മ്പ​ട​പ്പു്, മാ​ട​സ്വ​രൂ​പം ഈ പേ​ര​കൾ​ക്കും രസാ​വ​ഹ​ങ്ങ​ളായ ഉപ​പ​ത്തി​കൾ പറ​ഞ്ഞു​കാ​ണു​ന്നു. പെ​രു​മ്പ​ട​പ്പു​ന​മ്പൂ​തി​രി തൃ​ത്താ​ലി ചാർ​ത്തി​യ​തി​നു​ശേ​ഷം ഉണ്ടാ​യ​തായ തമ്പു​രാ​നാ​യ​തു​കൊ​ണ്ടും ആ നമ്പൂ​തി​രി​ക്കു സന്താ​ന​മി​ല്ലാ​തെ വരി​ക​യാൽ അദ്ദേ​ഹ​ത്തി​ന്റെ വസ്തു​വ​ക​കൾ തമ്പു​രാൻ അട​ങ്ങി​യ​തു​കൊ​ണ്ടും പെ​രു​മ്പ​ട​പ്പു​സ്വ​രൂ​പ​മെ​ന്നു് പേർ സി​ദ്ധി​ച്ചു​പോ​ലും. മാ​ട​ത്തും​കീ​ഴ്സ്വ​രൂ​പം ക്ഷ​യി​ച്ചു​പൊ​യ​പ്പോൾ കൊ​ച്ചി​യി​ലെ എളയ താ​വ​ഴി​യിൽ​നി​ന്നു ദത്തു​കേ​റ്റി; അതി​ന്റെ മേൽ​ക്കോ​യ്മ​സ്ഥാ​നം രാ​ജാ​വു കൈ​യേ​റ്റ​തു​മു​ത​ല്ക്കു് അദ്ദേ​ഹ​ത്തി​നു് മാ​ട​ഭൂ​പ​തി എന്ന പേരും വന്നു​കൂ​ടി​യ​ത്രേ.

ചേ​ര​മാൻ​പെ​രു​മാൾ രാ​ജ്യം പകു​ത്തു​കൊ​ടു​ത്ത കഥ മു​മ്പു പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട​ല്ലോ. ആ കഥയെ അതേ​വി​ധ​ത്തിൽ വി​ശ്വ​സി​ക്കാൻ നി​വൃ​ത്തി ഇല്ലെ​ങ്കി​ലും, കൊ​ച്ചീ രാ​ജ​കു​ടും​ബം എന്നാൽ പര​ശു​രാ​മൻ അനേകം ക്ഷേ​ത്ര​ങ്ങൾ നിർ​മ്മി​ച്ചു്, ഓരോ​ന്നി​ലും ഓരോ കോ​വി​ല​ധി​കാ​രി​യെ നി​യ​മി​ച്ചി​രു​ന്നെ​ന്നും ആ കോ​വി​ല​ധി​കാ​രി​കൾ ക്ര​മേണ പ്ര​ബ​ല​ന്മാ​രാ​യി​ത്തീർ​ന്നു​വെ​ന്നും അങ്ങ​നെ പ്ര​ബ​ല​നായ ഒരു കോ​വി​ല​ധി​കാ​രി സ്ഥാ​പി​ച്ച ഒരു രാ​ജ്യ​മാ​ണു് കൊ​ച്ചി​യെ​ന്നും ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടു്. ഗം​ഗാ​ധര കോ​വി​ല​ധി​കാ​രി​കൾ എന്നൊ​രു സ്ഥാ​നം കൊ​ച്ചി രാ​ജാ​ക്ക​ന്മാർ​ക്കു് ഇപ്പോ​ഴും ഉണ്ട​ത്രേ. കേ​ര​ള​ത്തി​ലെ മിക്ക രാ​ജാ​ക്ക​ന്മാ​രെ​യും കോ​വി​ല​ധി​കാ​രി​ക​ളാ​യി പു​രാ​തന രേ​ഖ​ക​ളിൽ പറ​ഞ്ഞു​കാ​ണു​ന്നു​ണ്ടു്. എന്നാൽ കോ​വിൽ​ശ​ബ്ദ​ത്തി​നു് ക്ഷേ​ത്രം എന്ന അർ​ത്ഥം കല്പി​ക്കാ​മോ എന്നു സം​ശ​യ​മാ​യി​രി​ക്കു​ന്നു. കോവിൽ, കോയിൽ ഈ പദ​ങ്ങൾ​ക്കു് കൊ​ടാ​രം എന്ന അർ​ത്ഥം കൂടി ഉണ്ട​ല്ലോ. പെ​രു​മാൾ ജൂ​ത​ന്മാർ​ക്കു നൽകിയ ചെ​പ്പേ​ടിൽ വേ​ണാ​ട്ടു​ടയ ഗോ​വർ​ദ്ധൻ​മാർ​ത്താ​ണ്ഡ​നെ​യും പെൺ​പ​ല​നാ​ട്ടു​ടയ കോതൈ ശ്രീ​ക​ണ്ട​നേ​യും ഏർ​നാ​ട്ടു​ടയ മാ​ന​വ​പാ​ല​മാ​ന​വീ​യ​നേ​യും വള്ളു​വ​നാ​ട്ടു​ടയ ഇരാ​യിൻ ചാ​ത്ത​നേ​യും നെ​ടു​മ്പ​റ​യൂർ നാ​ട്ടു​ടയ കോതൈ ഇര​വി​യേ​യും സാ​ക്ഷി​ക​ളാ​ക്കി​യി​രി​ക്കെ, കൊ​ച്ചീ രാ​ജാ​വി​നെ​പ്പ​റ്റി ഒന്നും മി​ണ്ടീ​ടി​ല്ലാ​ത്ത​തു് അർ​ത്ഥ​വ​ത്താ​കു​ന്നു. പെ​രു​മ്പ​ട​പ്പു രാ​ജ​കു​ടും​ബം പെ​രു​മാ​ളി​ന്റെ അവ​കാ​ശി​ക​ളാ​ക​യാൽ സാ​ക്ഷി​വർ​ഗ്ഗ​ത്തിൽ ചേർ​ക്കാ​തി​രു​ന്ന​താ​ണെ​ന്നു​കൂ​ടി ആ പട​യ​ത്തി​ന്റെ അവ​സാ​ന​ത്തിൽ ചേർ​ത്തി​ട്ടു​ണ്ടെ​ന്നു് ഡോ​ക്ടർ.ഗു​ണ്ടർ പറ​ഞ്ഞി​രി​ക്കു​ന്നു. ആ സ്ഥി​തി​ക്ക്, ഒടു​വി​ല​ത്തെ പെ​രു​മാ​ളി​നു് അഞ്ചു സഹോ​ദ​രി​മാ​രു​ണ്ടാ​യി​രു​ന്നെ​ന്നും, അവരിൽ ഏറ്റ​വും ഇളയ തമ്പു​രാ​ടി​ക്കു മാ​ത്ര​മേ പു​രു​ഷ​സ​ന്താ​നം ഉണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും തൃ​പ്പൂ​ണി​ത്തുറ ഗ്ര​ന്ഥ​വ​രി​യിൽ കാ​ണു​ന്ന​ഭാ​ഗം വി​ശ്വ​സി​ക്കാ​വു​ന്ന​താ​ണു്. മൂ​ത്ത​താ​വ​ഴി, ഇളയ താവഴി, മു​രി​ഞ്ഞൂർ താവഴി, ചാ​ഴി​യൂർ താവഴി, പള്ളു​രു​ത്തി താവഴി ഈ അഞ്ചു​താ​വ​ഴി​ക​ളും ആ സഹോ​ദ​രി​മാ​രിൽ നി​ന്നും ഉണ്ടാ​യ​വ​യാ​ണ്. പെ​രു​മാൾ​വാ​ഴ്ച അവ​സാ​നി​ച്ച കാ​ല​ത്തു് ഇളയ താ​വ​ഴി​യിൽ മാ​ത്രം സന്താ​ന​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു് അവർ പ്ര​ബ​ല​ന്മാ​രാ​യി​ത്തീ​രു​ക​യും ശാഖകൾ തമ്മിൽ കൂ​ടെ​ക്കൂ​ടെ ശണ്ഠ​കൾ ഉണ്ടാ​കാൻ ഇട​വ​രി​ക​യും ചെ​യ്തു.

ഡച്ചു​കാ​രു​ടെ കാ​ല​ത്തു് പു​റ​ക്കാ, പറവൂർ, തെ​ക്കും​കൂർ, വട​ക്കൻ​കൂർ, മങ്ങാ ഈ അഞ്ചു​സ്വ​രൂ​പ​ങ്ങ​ളും കൊ​ച്ചി​യു​ടെ മേൽ​ക്കോ​യ്മ​യെ സ്വീ​ക​രി​ച്ചി​രു​ന്ന ഖണ്ഡാ​ധി​പ​തി​ക​ളാ​യി​രു​ന്നെ​ന്നു് ജേ​ക്ക​ബ് കാ​ന്റർ, വി​ഷ്ഷർ തു​ട​ങ്ങിയ പശ്ചാ​ത്യ​ന്മാ​രു​ടെ രേ​ഖ​ക​ളിൽ കാ​ണു​ന്നു.

വട​ക്കും​കൂർ

വട​ക്കൂം​കൂർ സ്വ​രൂ​പ​ത്തി​ന്റെ പു​രാ​ത​ന​നാ​മ​ധേ​യം വെൺ​പ​ല​നാ​ടെ​ന്നാ​യി​രു​ന്നു. ജൂ​ത​ന്മാർ​ക്കു​കൊ​ടു​ത്ത താ​മ്ര​ശാ​സ​ന​ത്തിൽ വെൺ​പ​ല​നാ​ട്ടു​ടയ കോതൈ ശീ​ക​ണ്ട​നും സാ​ക്ഷ്യം വഹി​ച്ചി​രു​ന്ന​തിൽ അവർ അക്കാ​ല​ത്തും ഏറെ​ക്കു​റെ പ്ര​ബ​ല​ന്മാ​ല​രാ​യി​രു​ന്നെ​ന്നു ഊഹി​ക്കാം. വെൺ​പ​ല​നാ​ട്ടു​ശ​ബ്ദ​ത്തി​ന്റെ ആഗ​മ​ത്തെ​പ്പ​റ്റി പണ്ഡി​ത​ന്മാർ മനോ​ധർ​മ്മം​പോ​ലെ ഓരോ​വി​ധം പറ​ഞ്ഞു​വ​രു​ന്നു. വെ​ണ്മ​ല​നാ​ട്ടു് പി​ന്നീ​ടു് വെൺ​പ​ല​നാ​ടാ​യും ഒടു​വിൽ വേ​മ്പ​നാ​ടാ​യും പരി​ണ​മി​ച്ച​താ​ണെ​ന്നാ​ണ് പ്ര​സി​ദ്ധ പണ്ഡി​ത​നായ മി: പി. കെ. നാ​രാ​യ​ണ​പി​ള്ള​യു​ടെ അഭി​പ്രാ​യം. എന്നാൽ ‘മ്പ’ ‘ംബ’ മു​ത​ലാ​യവ മല​യാ​ള​ത്തിൽ ‘മ്മ’ യായി മാ​റു​ന്ന​ത​ല്ലാ​തെ മറി​ച്ചു​കാ​ണാ​റി​ല്ല. ‘അം​ബു​ജാ​ക്ഷി’ ശബ്ദ​ത്തെ ‘അമ്മു​ജാ​ക്ഷി’ എന്നും വേ​മ്പ​നാ​ടി​നെ വേ​മ്മ​നാ എന്നു​മാ​ണു് മല​യാ​ളി​കൾ സാ​ധാ​രണ ഉച്ച​രി​ക്കാ​റു​ള്ള​തു്. അതു​കൊ​ണ്ടു് വെ​ണ്പ​ല​നാ വെ​ണ്മ​ല​നാ​ടാ​യി രൂ​പാ​ന്ത​ര​പ്പെ​ട​താ​ണെ​ന്നു വി​ചാ​രി​ക്കു​ന്ന​തു് ഭാ​ഷാ​ന​യ​ത്തി​നു കു​റേ​ക്കൂ​ടി അനു​യോ​ജി​ച്ചി​രി​ക്കു​ന്നു​വെ​ന്നു് പറയാം. വെ​പ്പിൻ നാടു് വേ​മ്പ​നാ​ടാ​യ​താ​ണെ​ന്നു് വേറെ ചിലർ പറ​യു​ന്നു. വെ​പ്പിൻ​മ​കൾ (പാർ​വ്വ​തി) എന്നും​മ​റ്റും രാ​മ​ച​രി​ത​ത്തിൽ പ്ര​യോ​ഗം കാ​ണു​ന്നു​മു​ണ്ടു്. ഇരു​മ്പു്, കറു​മ്പൻ, ഇത്യാ​ദി പദ​ങ്ങ​ളിൽ ‘പ്പ’ ‘മ്പ’ ആയി മാ​റി​ക്കാ​ണാ​റു​ള്ള​തി​നെ അവർ ഒരു പ്ര​മാ​ണ​മാ​യി ഉദ്ധ​രി​ക്കു​യും ചെ​യ്യു​ന്നു. എന്നാൽ വെൺ​പു​ലി​നാ, വെൺ​പ​ല​നാ​ടാ​യ​താ​ണെ​ന്നും, വ്യാ​ഘ്രാ​ല​യം എന്നു് വൈ​ക്ക​ത്തി​നു് ഒരു പേ​രു​ള്ള​തു​ത​ന്നെ അതി​നു് ഒരു ലക്ഷ്യ​മാ​ണെ​ന്നും ആരും പറ​ഞ്ഞു​കാ​ണാ​ത്ത​തു് എന്തു​കൊ​ണ്ടാ​ണാ​വോ?

വെൺ​പ​ല​ശ​ബ്ദ​ത്തി​ന്റെ സം​സ്കൃ​ത​രൂ​പ​മാ​ണു് ബിം​ബി​ലീ​ശ​ബ്ദം. വട​ക്കും​കൂർ​ശ​ബ്ദം കൊ. വ. ഏഴാം ശത​ക​ത്തി​നു​ശേ​ഷം മാർ​ത്താ​ണ്ഡ​വർ​മ്മ മഹാ​രാ​ജാ​വി​ന്റെ കാ​ലം​വ​രെ കൊ​ച്ചി​യു​ടെ കീ​ഴി​ലാ​യി​രു​ന്നു.

ചെ​മ്പ​ക​ശ്ശേ​രി

ഈ രാ​ജ്യം കൊ​ല്ല​വർ​ഷം അഞ്ഞൂ​റാ​മാ​ണ്ടി​നി​ട​യ്ക്കാ​ണു് ഉത്ഭ​വി​ച്ച​തു്. അതി​ന്റെ ഉത്ഭ​വ​ത്തെ​പ്പ​റ്റി പല കഥ​ക​ളു​മു​ണ്ടു്. സാ​ഹി​ത്യ​ച​രി​ത്ര​ത്തിൽ ഈ രാ​ജ്യ​ത്തി​നു​ള്ള സ്ഥാ​നം അദ്വി​തീ​യ​മാ​കു​ന്നു. ചെ​മ്പ​ക​നാ​ടി​ലെ ദേ​വ​നാ​രാ​യ​ണ​ന്മാർ കവി​കു​ല​ത്തി​നു കല്പ​വൃ​ക്ഷ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നു് എഴു​ത്ത​ച്ഛൻ, കു​ഞ്ചൻ​ന​മ്പ്യാർ, നാ​രാ​യണ ഭട​തി​രി മു​ത​ലായ മഹാ​ക​വി​കൾ അവരെ ആശ്ര​യി​ച്ചു ജീ​വി​ച്ചി​രി​ക്കു​ന്ന​തിൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്നു. ഈ രാ​ജ്യ​വും കൊ​ച്ചി​യു​ടെ മേൽ​ക്കോ​യ്മ​യെ സ്വീ​ക​രി​ച്ചി​രു​ന്നു.

എട​പ്പി​ള്ളി, ആല​ങ്ങാ, പറവൂർ എന്നീ ദേ​ശ​ങ്ങ​ളി​ലെ രാ​ജാ​ക്ക​ന്മാ​രും കൊ​ച്ചീ​രാ​ജ്യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ഖണ്ഡാ​ധി​പ​തി​കൾ ആയി​രു​ന്നെ​ന്നു് താഴെ ഉദ്ധ​രി​ച്ചി​രി​ക്കു​ന്ന പട​പ്പാ​ടിൽ നി​ന്നു് അറി​യാം.

“ചേ​തോ​മോ​ഹ​ന​രൂ​പൻ ബിം​ബി​ലീ​ശ​ച​ന്ദ്ര​നും
വൻ​പെ​ഴും നെ​ടും​ത​ളി​വാ​ഴും വിണ്ടണിക്കോട-​ [4]
ത്ത​മ്പെ​ഴും മഹീ​സു​ര​മ​ന്ന​നും തെ​ളി​ഞ്ഞി​തു.
ചെ​മ്പ​ക​ച്ചേ​രി​വാ​ഴും ദേവനാരായണർക്കു-​
മി​മ്പം വന്നി​തു മാ​ട​മ​ന്ന​വ​രു​ണ്ടാ​ക​യാൽ.
മങ്ങാ​ടു പടി​ഞ്ഞാ​റ്റു കൂ​റു​വാ​ഴു​ന്ന വീര-
നങ്ങ​നെ നി​ര​ന്നു സന്തോ​ഷ​വു​മു​ണ്ടാ​യ് വന്നു.”
പൂ​ഞ്ഞാ​റു്

ഈ രാ​ജ​കു​ടും​ബം മധു​ര​രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശ​ത്തിൽ​പ്പെ​ട​താ​കു​ന്നു. ഈ സ്വ​രൂ​പ​ത്തിൽ ഉൾ​പ്പെട ദേ​ശ​ങ്ങൾ പണ്ടു് തെ​ക്കും​കൂർ, വട​ക്കും​കൂർ എന്നീ രാ​ജാ​ക്ക​ന്മാ​രു​ടെ അടു​ക്കൽ​നി​ന്നു സമ്പാ​ദി​ച്ച​വ​യാ​ണു്. കണ്ണൻ​തേ​വ​ന്മല കൊ. വ. 427-ൽ കീ​ഴ്മ​ല​നാ​ടി​ലെ അധി​പ​തി​യും മഞ്ഞ​മല കൊ. വ. 594-ൽ വെൺ​മ​ല​നാ​ട്ടു ഗോ​ദ​വർ​മ്മ​രും പൂ​ഞ്ഞാ​റ്റി​ലേ​ക്കു നൽ​കി​യ​താ​യി രേ​ഖ​ക​ളു​ണ്ടു്. കൊ​ല്ല​വർ​ഷം 364-​ാമാണ്ടിടയ്ക്കു് ആദി​ത്യ​വർ​മ്മ എന്ന തി​രു​വി​താം​കൂർ മഹാ​രാ​ജാ​വി​ന്റെ കാ​ല​ത്തു് ഈ രാ​ജ​കു​ടും​ബം കു​ടി​യേ​റി​യ​താ​യും ആ മഹാ​രാ​ജാ​വു് ഒരു സ്ഥലം നൽ​കി​യ​താ​യും തി​രു​വി​താം​കൂർ ചരി​ത്ര​ത്തിൽ പ്ര​സ്താ​വി​ച്ചി​രു​ക്കു​ന്ന​തു വാ​സ്ത​വ​മാ​ണെ​ങ്കിൽ അക്കാ​ല​ത്തു്, തി​രു​വി​താം​കൂ​റി​ന്റെ ആധി​പ​ത്യം വട​ക്കൻ​ദി​ക്കു​ക​ളി​ലും വ്യാ​പി​ച്ചി​രു​ന്നി​രി​ക്ക​ണം.

പന്ത​ളം

കൊ. വ. 79 പൂ​രു​ടാ​ശി 11-​ാംതിയതിയിലെ ഒരു ശി​ലാ​ശാ​സ​ന​ത്തിൽ​നി​ന്നു് പാ​ണ്ഡ്യ​രാ​ജാ​വി​ന്റെ കീ​ഴി​ലി​രു​ന്ന ഒരു രാ​ജാ​വു് തി​രു​വി​താം​കൂ​റിൽ കു​ടി​പാർ​ത്ത​താ​യി കാ​ണു​ന്നു.

കോ​ഴി​ക്കോ​ടു്

കോ​ഴി​ക്കോ​ടു രാ​ജ​വം​ശ​ത്തി​ന്റെ ഉല്പ​ത്തി​യേ പറ്റി​യും ചില ഐതി​ഹ്യ​ങ്ങ​ളു​ണ്ടു്. മല​യാ​ള​ച​രി​ത്രം ഒന്നാം ഭാ​ഗ​ത്തിൽ കാ​ണു​ന്ന ഒരു ഐതി​ഹ്യ​ത്തെ അതേ​വി​ധ​ത്തിൽ​ത​ന്നെ ഇവിടെ പകർ​ത്തു​ന്നു.

“ഒരു ദിവസം ചേ​ര​മാൻ​പെ​രു​മാൾ ഉറ​ങ്ങാൻ പോ​യി​ക്കി​ട​ന്ന ശേഷം എന്തോ ആലോചന നി​മി​ത്തം ലേ​ശം​പോ​ലും ഉറ​ക്ക​മു​ണ്ടാ​യി​ല്ല. പി​ന്നെ അദ്ദേ​ഹം കി​ട​ന്ന ദി​ക്കിൽ​നി​ന്ന് എഴു​ന്നേ​റ്റു് മു​റ്റ​ത്തു​പോ​യി അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നട​ന്നു​തു​ട​ങ്ങി. അപ്പോൾ കി​ഴ​ക്കും പടി​ഞ്ഞാ​റും രണ്ടു പൂർ​ണ്ണ​ച​ന്ദ്ര​ന്മാർ ഉദി​ച്ചു​യ​രു​ന്ന​തും ക്ര​മേണ അവ രണ്ടും ഒന്നി​ച്ചു​കൂ​ടി പതി​വു​പോ​ലെ പടി​ഞ്ഞാ​റു് അസ്ത​മി​ക്കു​ന്ന​തും രാ​ജാ​വി​നു കാ​ണ്മാൻ സം​ഗ​തി​യാ​യി. ഇതു​ക​ണ്ടു് രാ​ജാ​വു് ഏറ്റ​വും ആശ്ച​ര്യ​പ്പെ​ടു​ക​യും പി​റ്റേ​ദി​വ​സം രാ​വി​ലെ യോ​ഗ്യ​ന്മാ​രായ പല വി​ദ്വാ​ന്മാ​രെ​യും വരു​ത്തി വിവരം അറി​യി​ക്കു​ക​യും ചെ​യ്തു. അവരിൽ യാ​തൊ​രാൾ​ക്കും ഇങ്ങ​നെ സം​ഭ​വി​ച്ച​തി​നു് യാ​തൊ​രു കാ​ര​ണ​വും പറവാൻ കഴി​യാ​ഞ്ഞ​തി​നാൽ രാ​ജാ​വു് ഏറ്റ​വും ചി​ന്താ​കു​ല​നാ​യി​ത്തീർ​ന്നു. കച്ച​വ​ട​ത്തി​നാ​യി കേ​ര​ള​ത്തിൽ വന്ന​വ​രോ​ടെ​ല്ലാം അടു​ത്ത​കാ​ല​ത്തു് അവ​രു​ടെ രാ​ജ്യ​ത്തിൽ വല്ല സവി​ശേ​ഷ​സം​ഭ​വ​വും ഉണ്ടാ​യി​ട്ടു​ണ്ടോ എന്നു് അദ്ദേ​ഹം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ അവ​സ​ര​ത്തിൽ അറ​ബി​ക്കാ​രായ ഒരു കൂടം കച്ച​വ​ട​ക്കാർ കേ​ര​ള​ത്തിൽ വന്നി​രു​ന്നു. അവ​രു​ടെ തലവൻ തങ്ങ​ളു​ടെ രാ​ജ്യ​ത്തിൽ പുതിയ മത​സി​ദ്ധാ​ന്ത​ത്തെ​പ്പ​റ്റി പ്ര​സം​ഗി​ച്ചു​വ​രു​ന്ന മഹാ​നായ മു​ഹ​മ്മ​ദു​ന​ബി അവി​ശ്വാ​സി​ക​ളെ വി​ശ്വ​സി​പ്പി​ക്കാൻ വേ​ണ്ടി ചന്ദ്ര​നെ രണ്ടാ​യി ഉദി​പ്പി​ച്ചു കാ​ണി​ച്ചി​രു​ന്നു​വെ​ന്നും മറ്റും രാ​ജാ​വി​നോ​ട​റി​യി​ച്ചു. രാ​ജാ​വു് അങ്ങ​നെ സം​ഭ​വി​ച്ച കാ​ല​ത്തേ​യും സം​ഭ​വ​ത്തേ​യും പറ്റി വീ​ണ്ടും അന്വേ​ഷി​ച്ച​തിൽ സംഭവം നട​ന്ന​താ​യി അവർ പറഞ്ഞ സമ​യ​വും താൻ (സ്വ​പ്നം) കണ്ട സമ​യ​വും ഒന്നു​ത​ന്നെ​യാ​ണെ​ന്നു തീർ​ച്ച​പ്പെ​ടു​ത്തു​ക​യും അവ​രു​ടെ​കൂ​ടെ അറബി രാ​ജ്യ​ത്തി​ലേ​ക്കു​പോ​യി മു​ഹ​മ്മ​ദു​ന​ബി​യെ കാ​ണ​ണ​മെ​ന്നു് ഉറ​യ്ക്കു​ക​യും ചെ​യ്തു. കുറേ കാ​ല​ത്തോ​ളം തന്റെ നി​ശ്ച​യ​ത്തെ ആരെ​യും അറി​യി​ച്ചി​ല്ല. രാ​ജ്യ​ത്തെ പ്ര​ധാന നാ​ടു​വാ​ഴി​കൾ​ക്കും ക്ഷ​ത്രി​യ​വം​ശ​ക്കാർ​ക്കും സാ​മ​ന്ത​ന്മാർ​ക്കും യഥാ​യോ​ഗ്യം ഭാ​ഗി​ച്ചു​കൊ​ണ്ടു് ഒരു നി​ശ്ച​യ​പ​ത്രം എഴു​തി​യു​ണ്ടാ​ക്ക​യും തനി​ക്കു പു​റ​പ്പെ​ടേ​ണ്ട ദിവസം അടു​ത്ത​പ്പോൾ മന്ത്രി​സ​ഭ​യേ​യും പ്ര​ധാന ഉദ്യോ​ഗ​സ്ഥ​ന്മാ​രേ​യും നാ​ട്ടു​പ്ര​മാ​ണി​ക​ളേ​യും വരു​ത്തി നി​ശ്ച​യ​പ​ത്രം വാ​യി​ച്ചു​കേൾ​പ്പി​ക്ക​യും ചെ​യ്തു. രാ​ജാ​വു് തന്റെ ഉദ്ദേ​ശം സാ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടി രാ​ജ്യ​ഭാ​രം ഒഴി​ഞ്ഞു് മെ​ക്ക​യി​ലേ​ക്കു പോവാൻ വി​ചാ​രി​ക്ക​യാ​ണെ​ന്നു് അപ്പോൾ മാ​ത്ര​മേ ജന​ങ്ങൾ അറി​ഞ്ഞു​ള്ളു. പി​ന്നെ സഭ​യു​ടെ മു​മ്പാ​കെ രാ​ജ്യ​ഭാ​രം പ്ര​ധാ​ന​മ​ന്ത്രി​യെ ഏല്പി​ച്ചു് യാ​ത്ര​യ്ക്കു് ആവ​ശ്യ​മായ ധനവും എടു​ത്തു​കൊ​ണ്ടു് അറ​ബി​ക്കാ​രു​ടെ കൂ​ട​ത്തിൽ കൊ​ടു​ങ്ങ​ല്ലൂ​രിൽ​നി​ന്നു് കപ്പൽ കയ​റു​ക​യും ചെ​യ്തു.”

ഇങ്ങ​നെ പെ​രു​മാൾ രാ​ജ്യം പങ്കി​ട്ടു കൊ​ടു​ത്ത സമ​യ​ത്തു് അദ്ദേ​ഹ​ത്തി​ന്റെ സേ​നാ​ധി​പ​ന്മാ​രായ മാ​നി​ച്ച​നും വി​ക്ര​മ​നും പാ​ല​ക്കാ​ട്ടു താ​ഴ്‌​വ​ര​യിൽ ശത്രു​ക്ക​ളോ​ടു യു​ദ്ധം ചെ​യ്തു​കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്ന​തി​നാൽ അവർ​ക്ക് ഒരു ഓഹരി നൽ​കു​ന്ന​തി​നു വി​സ്മ​രി​ച്ചു​പോ​യി. പെ​രു​മാൾ തങ്ങ​ളെ ഏല്പി​ച്ചി​രു​ന്ന കാ​ര്യം സാ​ധി​ച്ചി​ട്ടു് അവർ മട​ങ്ങി​വ​ന്ന​പ്പോൾ ആണു് രാ​ജ്യം ഭാ​ഗി​ച്ച കഥ അറി​ഞ്ഞ​തു്. അവർ വേ​ഗ​ത്തിൽ രാ​ജ​സ​ന്നി​ധി​യിൽ എത്തി. അപ്പോ​ഴും രാജസഭ പി​രി​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. പെ​രു​മാൾ ഈ സഹോ​ദ​ര​ന്മാ​രെ അടു​ക്കെ വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു രാ​ജ്യം ഭാ​ഗി​ച്ചു​കൊ​ടു​ത്തു​പോ​യെ​ന്നു പറ​ഞ്ഞ​പ്പോൾ അതു​കൊ​ണ്ടു തങ്ങൾ​ക്കു യാ​തൊ​രു വി​രോ​ധ​വു​മി​ല്ലെ​ന്നും രാ​ജ​കീ​യ​ഖ​ഡ്ഗം മാ​ത്രം കി​ട്ടി​യാൽ മതി​യെ​ന്നും അവർ മറു​പ​ടി പറ​ഞ്ഞു. പെ​രു​മാൾ പൊൻ​വി​ള​ക്കു കത്തി​ച്ചു വച്ചു് പൊൻ കി​ണ്ടി​യിൽ നീരും പകർ​ന്നു് “ചു​ള്ളി​ക്കാ​ടും കോ​ഴി​ക്കോ​ടും സമു​ദ്ര​വീ​ഥി​യിൽ കോഴി കൂ​കി​യാൽ കേൾ​ക്കു​ന്നി​ട​ത്തോ​ളം സ്ഥ​ല​വും നി​ങ്ങൾ​ക്കു തന്നി​രി​ക്കു​ന്നു” എന്നു പറ​ഞ്ഞു. ‘പെ​ണ്ണു​പി​ള്ള​യും പശു​വും രക്ഷി​ച്ചു് ബ്രാ​ഹ്മ​ണ​രെ ആന​ന്ദി​പ്പി​ച്ചു് മക്ക​ത്തു കപ്പൽ വെ​പ്പി​ച്ചു മാ​മാ​ങ്കം രക്ഷി​ച്ചു നാ​ട​ട​ക്കി സകല രാ​ജാ​ല​ങ്കാ​ര​ങ്ങ​ളോ​ടും കൂടി ഏക​ച്ഛ​ത്രാ​ധി​പ​തി​യാ​യി ആഴി​ചൂ​ടും ഊഴി​യി​ങ്കൽ കന്യാ​കു​മാ​രി ഗോ​കർ​ണ്ണ​പ​ര്യ​ന്തം അട​ക്കി വാഴുക’ എന്ന ആജ്ഞ​യും അനു​ജ്ഞ​യും കൊ​ടു​ത്തു. മല​നാ​ടിൽ കു​ന്ന​ല​ക്കോ​നാ​തി​രി രാ​ജാ​വു് എന്നു തി​രു​നാ​വു് ഒഴി​ഞ്ഞു. ‘ചത്തും കൊ​ന്നും അട​ക്കി​കൊൾക’ എന്നു പറ​ഞ്ഞു് വാളും വാ​ളി​ന്മേൽ നീരും കൂടി കൊ​ടു​ത്തു. ‘വള്ളു​വ​ക്കോ​നാ​തി​രി രാ​ജാ​വി​ന്നു തടു​ത്തു നി​ന്നു കൊൾക’ എന്നു പറ​ഞ്ഞു നീർ പകർ​ന്നു പരി​ശ​യും കൊ​ടു​ത്തു.

പെ​രു​മാൾ ജൂ​ത​ന്മാർ​ക്കു നൽകിയ ചെ​മ്പു​പ​ട്ട​യ​ത്തിൽ ‘ഏർ​നാ​ടു​ടയ മാനവ പാ​ല​മാ​ന​വീ​യ​നെ’ സാ​ക്ഷി​യാ​ക്കി​യി​രി​ക്കു​ന്ന​തി​നാൽ ഈ ഐതി​ഹ്യ​ത്തിൽ സത്യ​ത്തി​ന്റെ കണിക പോലും ഇല്ലെ​ന്നു പ്ര​ത്യ​ക്ഷ​മാ​ണു്. കോ​ഴി​ക്കോ​ട്ടു​രാ​ജാ​ക്ക​ന്മാർ​ക്കു് മാ​ന​വി​ക്ര​മൻ എന്ന മാ​റാ​പ്പേ​രു കാ​ണു​ന്ന​തി​നു പറ​ഞ്ഞു​വ​ന്ന കാ​ര​ണ​വും വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല. മാ​നി​ച്ചൻ, വി​ക്ര​മൻ എന്നീ പേ​രു​ക​ളെ രണ്ടി​നേ​യും കൂ​ടി​ച്ചേർ​ത്തു നിർ​മ്മി​ച്ച പേ​രാ​ണ​ത്രേ മാ​ന​വി​ക്ര​മൻ. ഏർ​നാ​ടു ഉടയവർ, ഏറ​നാ​ടിൽ പു​ലി​ക്കാ​വു​ദേ​ശ​ത്തു് നെ​ടി​യി​രു​പ്പു് എന്ന സ്ഥ​ല​ത്താ​യി​രു​ന്ന​തി​നാൽ, അവ​രു​ടെ സ്വ​രൂ​പ​ത്തി​നു് നെ​ടി​യി​രി​പ്പു​സ്വ​രൂ​പം എന്ന പേരു കൂടി സി​ദ്ധി​ച്ചു. കോ​ഴി​ക്കോ​ടു് രാ​ജാ​വി​നെ സാ​മൂ​തി​രി എന്നാ​ണു വി​ളി​ക്കാ​റു​ള്ള​തു്. ആ പദ​ത്തി​ന്റെ അർ​ത്ഥം സാ​മ​ന്ത​ന്മാ​രിൽ​വെ​ച്ചു് ശ്രേ​ഷ്ഠൻ എന്നാ​ണെ​ന്നു ചിലർ പറ​യു​ന്നു. [5]

വള്ളു​വ​നാ​ടു്

ഭാ​സ്ക്ക​ര​ര​വി​വർ​മ്മ​പ്പെ​രു​മാ​ളി​ന്റെ ശാ​സ​ന​ത്തിൽ ഇരാ​യി​രൻ പാ​ത്തൻ എന്ന വള്ളു​വ​നാ​ടു രാ​ജാ​വി​ന്റെ പേർ പറ​ഞ്ഞി​ട്ടു​ണ്ടു്. തി​രു​മാ​ന്ധ​ങ്കു​ന്നു ഭഗ​വ​തി​യാ​യി​രു​ന്നു വള്ളു​വ​നാ​ട്ടു രാ​ജാ​ക്ക​ന്മാ​രു​ടെ കു​ല​ദേ​വത. ഈ ദേശം ഇപ്പോൾ തെ​ക്കെ മല​യാ​ള​ത്തി​ലെ ഒരു താ​ലൂ​ക്കാ​കു​ന്നു.

വെ​ട്ട​ത്തു​നാ​ടു്

ഇതു് പൊ​ന്നാ​നി​ത്താ​ലൂ​ക്കി​ലെ വട​ക്കു​കി​ഴ​ക്കെ അം​ശ​മാ​കു​ന്നു. ഈ രാ​ജ​വം​ശം 18-ാം ശത​ക​ത്തിൽ സന്താ​ന​മി​ല്ലാ​തെ നി​ശ്ശേ​ഷം അറ്റു​പോ​യി.

പോർ​ളാ​തി​രി​നാ​ടു്

ഇപ്പോ​ഴ​ത്തെ കോ​ഴി​ക്കോ​ടി​നു സമീ​പ​മാ​യി​രു​ന്നു പോർ​ളാ​തി​രി​നാ​ടു്. കൊ. വ. 230-​ാമാണ്ടിടയ്ക്കു് ഈ രാ​ജ്യ​ത്തെ സാ​മൂ​തി​രി പി​ടി​ച്ച​ട​ക്കി.

പാ​ല​ക്കാ​ടു്

ഈ രാ​ജ്യം മല​യാ​ള​ജി​ല്ല​യു​ടെ ഏറ്റ​വും തെ​ക്കു​കി​ഴ​ക്കേ അറ്റ​ത്തു സ്ഥി​തി​ചെ​യ്യു​ന്നു. അതി​പു​രാ​ത​ന​കാ​ലം മു​ത​ല്ക്കേ ഇതു് ചേ​ര​രാ​ജാ​ക്ക​ന്മാ​രു​ടെ അധീ​ന​ത്തി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ടു രാ​ജ​വം​ശം ചേ​ര​വം​ശ​ത്തോ​ടു ബന്ധ​പ്പെ​ടി​രു​ന്നു​വെ​ന്നു വി​ചാ​രി​ക്കാ​നും അവ​കാ​ശം ഇല്ലാ​തി​ല്ല. കാ​ല​ക്ര​മേണ ഈ വംശം രണ്ടു ശാ​ഖ​ക​ളാ​യി​പ്പി​രി​ഞ്ഞു് ഒന്നു് അക​ത്തേ​ത്തറ എന്ന ദി​ക്കി​ലും മറ്റൊ​ന്നു് വട​ക്കു​ഞ്ചേ​രി​യി​ലും താ​മ​സ​മു​റ​പ്പി​ച്ചു. ഇപ്പോൾ അതി​നു് വേ​റെ​യും അനേക ഉപ​ശാ​ഖ​കൾ ഉണ്ടാ​യി​ടു​ണ്ടു്. കൊ​ല്ല​വർ​ഷാ​രം​ഭം മു​തൽ​ക്കു് ഒരു നൂറു കൊ​ല്ല​ത്തോ​ളം പാ​ല​ക്കാ​ടു് കൊ​ങ്ങ​രു​ടെ ആക്ര​മ​ണ​ത്തി​നു വഴി​പ്പെ​ടു​കൊ​ണ്ടി​രു​ന്നു. ക്രി. വ. 916-​ാമാണ്ടിടയ്ക്കു് രാ​ജ്യം ഭരി​ച്ചു​കൊ​ണ്ടി​രു​ന്ന ശേ​ഖ​ര​വർ​മ്മ എന്ന രാ​ജാ​വു് കൊ​ച്ചി, കോ​ഴി​ക്കോ​ടു്, വള്ളു​വ​നാ​ടു് എന്നീ രാ​ജ്യ​ങ്ങ​ളി​ലെ രാ​ജാ​ക്ക​ന്മാ​രു​ടെ സഹാ​യ​ത്തോ​ടു​കൂ​ടി ചി​റ്റൂ​രിൽ വെ​ച്ചു്, കൊ​ങ്ങ​രെ നി​ശ്ശേ​ഷം തോ​ല്പി​ച്ചു​വെ​ന്നും തനി​ക്കു​വേ​ണ്ടി കൊ​ച്ചീ​രാ​ജാ​വു ചെയ്ത സഹാ​യ​ത്തി​നു പ്ര​ത്യു​പ​കാ​ര​മാ​യി ചി​റ്റൂർ, അദ്ദേ​ഹ​ത്തി​നു വി​ടു​കൊ​ടു​ത്തു​വെ​ന്നും മല​യാ​ള​ച​രി​ത്ര​ത്തിൽ പറ​ഞ്ഞി​രി​ക്കു​ന്നു. പി​ന്നീ​ടു് കൊ​ങ്ങ​രു​ടെ ഉപ​ദ്ര​വം ഏറി​യ​കാ​ല​ത്തേ​യ്ക്കു് ഉണ്ടാ​യി​ട്ടി​ല്ല​ത്രേ. ഇപ്പോൾ പാ​ല​ക്കാ​ടു രാ​ജ്യ​ത്തിൽ തെ​മ്മ​ല​പ്പു​റം, വടു​വ​ടം, വട​മ​ല​പ്പു​റം എന്നീ മൂ​ന്നു നാ​ടു​കൾ ഉൾ​പ്പെ​ടി​രി​ക്കു​ന്നു. എന്നാൽ ഒരു കാ​ല​ത്തു് വട​മ​ല​പ്പു​റം വേ​ങ്ങ​നാ​ടു​ന​മ്പി​യു​ടെ അധീ​ന​ത്തി​ലാ​ണി​രു​ന്ന​തു്. ആ വം​ശ​ത്തിൽ​പ്പെ​ട​വ​രാ​ണു് ഇപ്പോ​ഴ​ത്തെ കൊ​ല്ലം​കോ​ട്ടു രാ​ജാ​ക്ക​ന്മാർ. വേ​ങ്ങ​നാ​ടി​ന്റെ തല​സ്ഥാ​ന​മാ​യി​രു​ന്നു കൊ​ല്ലം​കോ​ടു്.

കോ​ല​ത്തി​രി

ഈ രാ​ജ​വം​ശം തി​രു​വി​താം​കൂർ രാ​ജ​കു​ടും​ബം​പോ​ലെ ആദി​ചേ​ര​രാ​ജാ​ക്ക​ന്മാ​രു​ടെ പര​മ്പ​ര​യിൽ പെ​ട്ട​താ​ണു്. പെ​രു​മാ​ക്ക​ന്മാ​രു​ടെ ശാ​സ​ന​ങ്ങ​ളിൽ കോ​ല​ത്തി​രി രാ​ജാ​വി​നെ സാ​ക്ഷി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​തു് അക്കാ​ല​ത്തു് കോ​ല​ത്തു​നാ​ടു സ്വ​ത​ന്ത്ര​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം. ബ്ര​ഹ്മാ​ണ്ഡ​പു​രാ​ണ​ത്തിൽ ഈ രാ​ജ്യ​ത്തെ കേ​ര​ള​ത്തിൽ ഉൾ​പ്പെ​ടു​ത്താ​തെ പ്ര​ധാ​ന​പ്പെട നാലു ദാ​ക്ഷി​ണാ​ത്യ​രാ​ജ​കു​ടും​ബ​ങ്ങ​ളിൽ ഒന്നാ​യി പറ​ഞ്ഞി​രി​ക്കു​ന്ന​തു നോ​ക്കുക.

“പാ​ണ്ഡ്യാ​ശ്ച കേ​ര​ളാ​ശ്ചൈവ
ചോളാഃ കു​ല്യ​സ്ത​ഥൈവ ച”

‘കൂവള’ശബ്ദ​ത്തി​ന്റെ സങ്കു​ചി​ത​രൂ​പ​മാ​ണു് കോലം. തി​രു​വി​താം​കൂർ​രാ​ജ​കു​ടും​ബ​ത്തി​നും കൂ​വ​ള​ശ​ബ്ദം ഉപ​യോ​ഗി​ച്ചു​വ​ന്നി​രി​ക്കു​ന്നു​വെ​ന്നു​ള്ള സം​ഗ​തി​യും, വട​ക്കേ മല​യാ​ള​ത്തിൽ കോ​ല​ത്തു​നാ​ടി​നെ വട​ക്കൻ​കോ​ല​ത്തി​രി എന്നും, വേ​ണാ​ടി​നെ തെ​ക്കൻ കോ​ല​ത്തി​രി എന്നും വി​ളി​ക്കാ​റു​ണ്ടെ​ന്നു​ള്ള വസ്തു​ത​യും നോ​ക്കു​മ്പോൾ ഈ രണ്ടു രാ​ജ​കു​ടും​ബ​ങ്ങൾ​ക്കും തമ്മി​ലു​ള്ള വേഴ്ച കേവലം ദത്തു​സം​ബ​ന്ധം​കൊ​ണ്ടു​ണ്ടാ​യ​ത​ല്ലെ​ന്നു കാണാം. കേ​ര​ള​ത്തി​ലെ രാ​ജാ​ക്ക​ന്മാ​രിൽ ഈ രണ്ടു കു​ടും​ബ​ങ്ങ​ളോ​ളം പു​രാ​ത​ന​ത്വം മറ്റൊ​രു രാ​ജ​കു​ടും​ബ​ത്തി​നും ഇല്ലെ​ന്നു് മി​സ്റ്റർ ശങ്കു​ണ്ണി​മേ​നോൻ അഭി​പ്രാ​യ​പ്പെ​ടി​ടു​ള്ള​തു് ശരി​യ​ല്ലെ​ന്നു പറവാൻ സാ​ധി​ക്ക​യി​ല്ല. വട​ക്കൻ കോ​ല​ത്തി​രി വം​ശ​ത്തി​ലും ചിലർ തു​ലാ​ഭാ​രം, ഹി​ര​ണ്യ​ഗർ​ഭം മു​ത​ലായ വൈ​ദി​ക​ക്രി​യ​കൾ കഴി​ച്ചു് ചേ​ര​മാൻ പെ​രു​മാൾ​സ്ഥാ​നം വഹി​ച്ചി​രു​ന്നു. വട​ക്കേ മല​യാ​ള​ത്തി​ലേ ഏറ്റ​വും പ്ര​ധാ​ന​പ്പെട രാ​ജ​കു​ടും​ബം കോ​ല​ത്തി​രി​വം​ശ​മാ​യി​രു​ന്നെ​ന്നു നി​സ്സം​ശ​യം പറയാം. വട​ക്കൻ കൊ​ല്ലം​മു​തൽ പെ​രു​മ്പു​ഴ​വ​രെ​യു​ള്ള സ്ഥലം മു​ഴു​വ​നും പണ്ടു് കോ​ല​ത്തി​രി​ക്കാ​യി​രു​ന്നു. അവ​രു​ടെ ആദ്യ​ത്തെ തല​സ്ഥാ​നം കരി​പ്പ​ത്തു് എന്ന സ്ഥ​ല​ത്താ​യി​രു​ന്നു. ക്രി​സ്ത്വാ​ബ്ദം ഒൻ​പ​താം​ശ​ത​ക​ത്തിൽ അവർ തല​സ്ഥാ​ന​ത്തെ ഏഴി​മ​ല​യ്ക്കു മാ​റ്റു​ക​യാൽ അവർ​ക്കു് ഏഴി​ഭൂ​പ​ന്മാർ എന്ന പേർ കൂടി സി​ദ്ധി​ച്ചു. [6]

കോ​ല​ത്തി​രി രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്തു് ഏക​ദേ​ശം ഇരു​നൂ​റ്റി​അ​മ്പ​തോ​ളം തൗ​ള​വ​ബ്രാ​ഹ്മ​ണർ, ആ നാ​ടിൽ​കു​ടി​യേ​റി. അവർ പിൻ​കു​ടുമ വെ​യ്ക്ക​യും മല​യാ​ളാ​ചാ​രാ​ങ്ങൾ സ്വീ​ക​രി​ക്ക​യും ചെ​യ്തു. അവ​രു​ടെ വം​ശ​ക്കാ​രെ​യാ​ണു് എമ്പ്രാ​ന്മാർ എന്നു വി​ളി​ച്ചു​വ​രു​ന്ന​തു്.

നീ​ലേ​ശ്വ​രം

ഇത് കോ​ല​ത്തു​നാ​ടി​ന്റെ വട​ക്കേ ഖണ്ഡ​മാ​കു​ന്നു. കൊ. വ. 117-​ാമാണ്ടിടയ്ക്കു് ഒരു കോ​ല​ത്തി​രി രാ​ജാ​വു് തന്റെ പു​ത്ര​നെ അവി​ട​ത്തെ രാ​ജാ​വാ​യി വാ​ഴി​ച്ചു. നീ​ലേ​ശ്വ​രം​രാ​ജാ​ക്ക​ന്മാർ തെ​ക്കെ​ളം​കൂർ വം​ശ​ക്കാ​രാ​ണെ​ന്നു പറ​യ​പ്പെ​ടു​ന്നു. തെ​ക്ക​ളം​കൂർ എവിടെ ആണോ ആവോ?

കോ​ട്ട​യം

ഈ രാ​ജ​വം​ശ​ത്തെ​പ്പ​റ്റി ഉദ്ദ​ണ്ഡ​ശാ​സ്ത്രി​കൾ.

“യേഷാം വംശേ സമജനി ഹരി​ശ്ച​ന്ദ്ര​നാ​മാ നരേ​ന്ദ്രഃ
പ്ര​ത്യാ​പ​ത്തിഃ പതഗ്ര! യദു​പ​ജ്ഞ​ശ്ച കൗ​മാ​രി​ലാ​നാം”

എന്നു പറ​ഞ്ഞി​രി​ക്കു​ന്നു. കോ​ട്ട​യം രാ​ജ​വം​ശം തി​രു​വി​താം​കൂ​റി​ന്റെ ദക്ഷി​ണ​ഖ​ണ്ഡ​ത്തിൽ കൂ​ടി​പാർ​ത്ത​വ​രും ഒടു​വിൽ വേ​ണാ​ടു രാ​ജ​വം​ശ​ത്തിൽ ലയി​ച്ച​വ​രും ആയ യദു​വംശ രാ​ജാ​ക്ക​ന്മാ​രു​ടെ ഒരു ശാ​ഖ​യാ​യി​രി​ക്കാൻ ഇട​യു​ണ്ടു്. കോ​ട്ട​യം പുരളീ [7]

എന്നീ പേ​രു​കൾ ഈ ഊഹ​ത്തെ ബല​പ്പെ​ടു​ത്തു​ന്നു. പെ​രി​പ്ല​സ്സ് എന്ന ഗ്ര​ന്ഥ​ത്തി​ന്റെ കർ​ത്താ​വും ടോ​ള​മി​യും ദക്ഷി​ണേ​ന്ത്യ​യു​ടെ പടി​ഞ്ഞാ​റെ​ക്ക​ര​യിൽ പറേ​ലിയ എന്നൊ​രു രാ​ജ്യ​മു​ണ്ടെ​ന്നും, അതു കോ​ളം​ബ​പു​രം​മു​ത​ല്ക്കു് കന്യാ​കു​മാ​രി​ക്കും അപ്പു​റം കോൾ​ക്ക എന്ന പാ​ണ്ടി​ക്ക​ര​വ​രെ വ്യാ​പി​ച്ചു കി​ട​ക്കു​ന്നു​വെ​ന്നും രേ​ഖ​പ്പെ​ടു​ത്തീ​ടു​ണ്ടു്. ഈ പറേ​ലി​യ​യു​ടെ തല​സ്ഥാ​നം കൊ​ടി​യാ​റാ ആണെ​ന്നും അവർ പറ​ഞ്ഞി​രി​ക്കു​ന്നു. പ്ര​സ്തുത നഗരം കോ​ടാ​റാ​യി​രി​ക്ക​ണ​മെ​ന്നു​ള്ള കാൽ​ഡ്വൽ സാ​യ്പി​ന്റെ അഭി​പ്രാ​യം ശരി​യാ​യി​രി​ക്കാ​നേ തര​മു​ള്ളു. ഈ ലക്ഷ്യ​ങ്ങ​ളാൽ കോ​ട്ട​യം രാ​ജാ​ക്ക​ന്മാ​രു​ടെ പൂർ​വ്വ​കു​ടും​ബം തി​രു​വി​താം​കൂ​റി​ലാ​യി​രു​ന്നെ​ന്നു പറ​യാ​വു​ന്ന​താ​ണു്. കോ​ട്ട​യം കേ​ര​ള​വർ​മ്മ​രാ​ജാ കു​റെ​ക്കാ​ലം തി​രു​വി​താം​കൂർ ഭരി​ക്ക​യും ചെ​യ്തി​ടു​ണ്ട​ല്ലോ.

കട​ത്ത​നാ​ടു്

സാ​മൂ​തി​രി പോർ​ളാ​തി​രി​നാ​ടു പി​ടി​ച്ച​ട​ക്കി​യ​പ്പോൾ ആ രാ​ജ​കു​ടും​ബ​ത്തി​ലെ ചില അം​ഗ​ങ്ങൾ കോ​ല​ത്തി​രി​യെ അഭയം പ്രാ​പി​ച്ചു. കോ​ല​ത്തി​രി​യാ​ക​ടെ അവരെ ബഹു​മാ​ന​പൂർ​വ്വം സ്വീ​ക​രി​ച്ചു് അഭയം നല്കി. അങ്ങി​നെ അവിടെ വന്നു ചേർ​ന്ന​വ​രു​ടെ കൂ​ട്ട​ത്തിൽ ഒരു രാ​ജ​ക​ന്യ​ക​യും ഉൾ​പ്പെ​ടി​രു​ന്നു. ആ കന്യ​ക​യെ കോ​ല​ത്തി​രി വട​ക്കെ​ളം​കൂർ​രാ​ജാ​വു് വി​വാ​ഹം കഴി​ക്ക​യും അവ​രിൽ​നി​ന്നു​ണ്ടായ സന്താ​ന​ങ്ങൾ​ക്കാ​യി കോ​ല​ത്തു​നാ​ടി​ന്റെ തെ​ക്കെ അം​ശ​മായ കട​ത്ത​നാ​ടു ദാനം ചെ​യ്ക​യും ചെ​യ്തു. ഈ വി​ധ​ത്തി​ലാ​ണു് കട​ത്ത​നാ​ട്ടു പോർ​ളാ​ത​രി​വം​ശ​ത്തി​ന്റെ ഉത്ഭ​വം.

അറ​യ്ക്കൽ രാ​ജ​വം​ശം

ഈ രാ​ജ​വം​ശ​ത്തി​ന്റെ ഉത്ഭ​വം ക്രി​സ്ത്വാ​ബ്ദം പന്ത്ര​ണ്ടാം ശത​ക​ത്തി​ലാ​യി​രു​ന്നു. അര​യൻ​കു​ള​ങ്ങര നായർ എന്ന ഒരു വി​ശ്വ​സ്ത​മ​ന്ത്രി കോ​ല​ത്തി​രി രാ​ജാ​വി​നു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം മഹ​മ്മ​തു​മ​തം സ്വീ​ക​രി​ച്ചു. എന്നി​ടും രാ​ജാ​വു് അദ്ദേ​ഹ​ത്തി​നെ മന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വള​രെ​ക്കാ​ല​ത്തേ​ക്കു് അദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തിൽ​നി​ന്നു​ത​ന്നെ മന്ത്രി​മാ​രെ നി​യ​മി​ച്ചു​വ​രി​ക​യും ചെ​യ്തു. അഞ്ചാ​മ​ത്തെ തല​മു​റ​ക്കാ​ര​നായ ആലി​മൂസ കോ​ല​ത്തി​രി​യു​ടെ ആവ​ശ്യ​മ​നു​സ​രി​ച്ചു് ലക്ഷ​ദ്വീ​പും മാ​ല​ദ്വീ​പും പി​ടി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടു്, അദ്ദേ​ഹ​ത്തി​നാ​യി രാ​ജാ​വു് കണ്ണൂർ​തു​റ​യും ഏതാ​നും ദേ​ശ​ങ്ങ​ളും വി​ടു​കൊ​ടു​ത്തു. ഇങ്ങ​നെ​യാ​ണു് അറ​യ്ക്കൽ ആലി​രാ​ജ​കു​ടും​ബ​ത്തി​ന്റെ ഉത്ഭ​വം.

വേ​റെ​യും ചില രാ​ജ​കു​ടും​ബ​ങ്ങൾ ഉണ്ടാ​യി​രു​ന്നു. ഗ്ര​ന്ഥ​വി​സ്ത​ര​ഭ​യ​ത്താൽ, അവ​യെ​പ്പ​റ്റി യാ​തൊ​ന്നും പ്ര​സ്താ​വി​ക്കു​ന്നി​ല്ല.

കോ​ല​ത്തി​രി രാ​ജാ​ക്ക​ന്മാർ പെ​രു​മാ​ക്ക​ന്മാ​രു​ടെ കാ​ല​ത്തും സ്വ​ത​ന്ത്ര​ന്മാ​രാ​യി​രു​ന്നു​വെ​ന്നു് മു​മ്പു പ്ര​സ്താ​വി​ച്ച​ല്ലോ. മറ്റു രാ​ജാ​ക്ക​ന്മാ​രും പെ​രു​മാൾ​വാ​ഴ്ച അവ​സാ​നി​ച്ച​തി​നോ​ടു കൂടി സ്വാ​ത​ന്ത്ര്യം പ്രാ​പി​ച്ചു. എന്നാൽ പോർ​ട്ടു​ഗീ​സു​കാ​രു​ടെ ആഗ​മ​നം​വ​രേ​യു​ള്ള കേ​ര​ള​ച​രി​ത്രം മി​ക്ക​വാ​റും അജ്ഞാ​ത​മാ​യി​രി​ക്കു​ന്നേ ഉള്ളു. പു​രാ​തന വസ്തു​സം​ര​ക്ഷ​ക​ഡി​പ്പാർ​ടു​മെ​ന്റു​കാ​രു​ടെ പരി​ശ്ര​മ​ഫ​ല​മാ​യി നമു​ക്കു് ഈയിടെ വി​ശ്വാ​സ​യോ​ഗ്യ​മായ പല രേഖകൾ കി​ടീ​ടു​ണ്ടെ​ങ്കി​ലും സമ്പൂർ​ണ്ണ​മായ ഒരു കേ​ര​ള​ച​രി​ത്രം ഇനി​യും എഴു​തേ​ണ്ട​താ​യി​ത്ത​ന്നെ ഇരി​ക്കു​ന്നു. ചരി​ത്രം എന്ന നാ​മ​ധേ​യ​ത്തിൽ ഇപ്പോൾ പ്ര​ച​രി​ച്ചി​ടു​ള്ള ഗ്ര​ന്ഥ​ങ്ങൾ മി​ക്ക​വ​യും പ്ര​മാ​ദ​ജ​ടി​ല​ങ്ങ​ളും അസ​ത്യ​പ്ര​സ്താ​വ​ങ്ങൾ​കൊ​ണ്ടു നിർ​ഭ​ര​ങ്ങ​ളു​മാ​കു​ന്നു. ഈ വി​ഷ​യ​ത്തിൽ ശ്രീ​മാൻ ശങ്കു​ണ്ണി​മേ​നോ​നും അദ്ദേ​ഹ​ത്തി​ന്റെ പു​ത്ര​നായ മി: കെ. പി. പത്മ​നാ​ഭ​മേ​നോ​നും ചെ​യ്തി​ടു​ള്ള പ്ര​യ​ത്ന​ങ്ങൾ അത്യ​ന്തം സ്തു​ത്യർ​ഹ​ങ്ങ​ളാ​ണെ​ങ്കി​ലും, അവരെ പി​ന്തു​ട​രു​ന്ന​തി​നു് ആരും ഇല്ലാ​തെ പോ​യ​തു് പരി​താ​പ​ക​ര​മാ​യി​രി​ക്കു​ന്നു.

ക്രി​സ്ത്വ​ബ്ദം ഒൻ​പ​താം ശതകം അവ​സാ​നി​ച്ച​പ്പോൾ, ചോ​ള​രാ​ജാ​ക്ക​ന്മാർ പ്ര​ബ​ല​ന്മാ​രാ​യി​ത്തു​ട​ങ്ങു​ക​യും അവർ കൂ​ട​ക്കൂ​ടെ കേ​ര​ള​ത്തെ ആക്ര​മി​ക്ക​യും ചെ​യ്തി​ടു​ണ്ടു്. ക്രി. പി. 985-ൽ രാ​ജ​രാ​ജ​ദേ​വ​ചോ​ള​നും ക്രി. പി. 1070-നും 1118-നും മദ്ധ്യേ ഒന്നാ​മ​ത്തെ കു​ലോ​ത്തും​ഗ​ചോ​ള​നും​രാ​ജാ​വു് 1118-നും 1127-നും ഇട​യ്ക്കു് വി​ക്ര​മ​ചോ​ള​നും കേ​ര​ള​ത്തെ കീ​ഴ​ട​ക്കി​യ​താ​യി കാ​ണു​ന്നു. ഇവരിൽ വി​ക്ര​മ​ചോ​ളൻ തോ​ല്പി​ച്ച എടു രാ​ജാ​ക്ക​ന്മാ​രു​ടെ കൂ​ട​ത്തിൽ വേ​ണാ​ട്ടു​രാ​ജാ​വും ഉൾ​പ്പെ​ടി​രു​ന്ന​ത്രേ. കേ​ര​ള​രാ​ജാ​ക്ക​ന്മാർ തമ്മി​ലു​ണ്ടായ ശണ്ഠ​ക​ളും കേ​ര​ള​ത്തി​ന്റെ ശക്തി​യെ ഏറെ​ക്കു​റെ ക്ഷീ​ണി​പ്പി​ച്ചു. ഈ ക്ഷീ​ണം മല​യാ​ള​ബ്രാ​ഹ്മ​ണ​രു​ടേ​യും ഇട​പ്ര​ഭു​ക്ക​ന്മാ​രു​ടേ​യും ശക്തി​യെ വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു സഹാ​യ്യ​ക​മാ​യും തീർ​ന്നു. താ​വ​ഴി​കൾ തമ്മി​ലും മത്സ​ര​ങ്ങൾ ഉണ്ടാ​യി​ക്കൊ​ണ്ടി​രു​ന്നു. തി​രു​വി​താം​കൂ​റിൽ ആ വഴ​ക്കു് യോ​ഗ​ക്കാ​രു​ടേ​യും എടു​വീ​ട്ടിൽ​പി​ള്ള​മാ​രു​ടേ​യും ശക്തി വർ​ദ്ധി​പ്പി​ച്ച​തു​പോ​ലെ കൊ​ച്ചി​യി​ലെ മത്സ​രം സാ​മൂ​തി​രി​പ്പാ​ടി​ന്റെ ആക്ര​മ​ണ​ത്തി​നു പല​പ്പോ​ഴും ഇട​യാ​ക്കി.

സാ​മൂ​തി​രി, കോ​ല​ത്തു​നാ​ടു് ഒഴി​ച്ചു​ള്ള രാ​ജാ​ക്ക​ന്മാ​രെ ഓരോ​ന്നാ​യി തോ​ല്പി​ച്ചു. തന്റെ രാ​ജ്യ​ത്തി​ന്റെ അതിർ​ത്തി​ക​ളെ വർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. കൊ. വ. ഇരു​ന്നൂ​റാ​മാ​ണ്ടി​നു മു​മ്പേ തന്നെ സാ​മൂ​തി​രി ഏറ​നാ​ടി​നോ​ടു​കൂ​ടി പൊ​ല​നാ​ടു്, നെ​ടു​ങ്ങ​നാ​ടു് ഈ രണ്ടു ദേ​ശ​ങ്ങ​ളേ​യും ചേർ​ത്തു. ഇരു​ന്നൂ​റാ​മാ​ണ്ടു മു​ത​ല്ക്കു് രണ്ടു വർ​ഷ​ശ​ത​കാ​ല​ത്തോ​ളം സാ​മൂ​തി​രി​മാർ വള്ളു​വ​നാ​ടു​മാ​യി നി​ര​ന്ത​രം യു​ദ്ധ​ത്തിൽ ഏർ​പ്പെ​ടി​രു​ന്നു. തൽ​ഫ​ല​മാ​യി ആ ദേ​ശ​ത്തി​ന്റെ ചില അം​ശ​ങ്ങൾ സാ​മൂ​തി​രി​ക്ക് അട​ങ്ങു​ക​യും​ചെ​യ്തു. കു​റു​മ്പ്ര​നാ​ടും വാ​ള​നാ​ടും സാ​മൂ​തി​രി​യു​ടെ മേൽ​ക്കോ​യ്മ സ്വീ​ക​രി​ക്കേ​ണ്ട​താ​യി വന്നു. വട​ക്കേ മല​യാ​ള​ത്തിൽ കോ​ല​ത്തി​രി​യും തെ​ക്കേ മല​യാ​ള​ത്തിൽ വള്ളു​വ​നാ​ടു്, പാ​ല​ക്കാ​ടു്, വേ​ങ്ങ​നാ​ടു് എന്നീ നാ​ടു​ക​ളും മാ​ത്ര​മേ കോ​ഴി​ക്കോ​ടി​ന്റെ മേൽ​ക്കോ​യ്മ സ്വീ​ക​രി​ക്കാ​തെ ഇരു​ന്നു​ള്ളു.

കോ​ല​ത്തി​രി​യു​ടെ ശക്തി​യും ഉത്ത​രോ​ത്ത​രം വർ​ദ്ധി​ച്ചു​കൊ​ണ്ടേ ഇരു​ന്നു. കൊ​ല്ല​വർ​ഷം നാലാം ശത​ക​ത്തി​ന്റെ അവ​സാ​ന​ത്തോ​ടു​കൂ​ടി കോ​ല​സ്വ​രൂ​പം അത്യു​ന്ന​താ​വ​സ്ഥ​യെ പ്രാ​പി​ച്ചു. എന്നാൽ ഇതി​നി​ട​യ്ക്ക് അവി​ട​ത്തെ കോ​ല​ത്തി​രി, തെ​ക്കേ ഇളം​കൂർ, വട​ക്കേ ഇളം​കൂർ, നാ​ലാം​കൂർ, അഞ്ചാം​കൂർ എന്നി​ങ്ങ​നെ വയഃ​ക്ര​മം അനു​സ​രി​ച്ചു ചെയ്ത സ്ഥാ​ന​വി​ഭാ​ഗം പി​ല്ക്കാ​ല​ത്തു് പല ശണ്ഠ​കൾ​ക്കു് ഇട​വ​രു​ത്തു​ക​യും ഒടു​വിൽ രാ​ജ​വം​ശ​ത്തി​ന്റെ അധഃ​പ​ത​ന​ത്തി​നു കാ​ര​ണ​മാ​ക​യും ചെ​യ്തു.

രാ​ജ്യ​ഭ​ര​ണ​ക്ര​മം

രാ​ജാ​വു്, സ്വ​രൂ​പി​കൾ, ലോകർ ഇവ മൂ​ന്നും ആയി​രു​ന്നു രാ​ജ്യ​ഭ​ര​ണ​യ​ന്ത്ര​ത്തി​ന്റെ പ്ര​ധാ​നാം​ഗ​ങ്ങൾ. സ്വ​രൂ​പി​ക​ളു​ടെ കൂ​ട​ത്തിൽ സാ​മ​ന്ത​ന്മാ​രും, ഇട​പ്ര​ഭു​ക്ക​ന്മാ​രും, മാ​ട​മ്പി​ക​ളും ഉൾ​പ്പെ​ടി​രു​ന്നു. മേൽ​ക്കോ​യ്മ​യ്ക്കു് ശത്രു​ബാധ നേ​രി​ടു​ന്ന അവ​സ​ര​ങ്ങ​ളിൽ, അവരെ ആളു​കൊ​ണ്ടും ധനം കൊ​ണ്ടും രക്ഷി​ക്കേ​ണ്ട ചുമതല സ്വ​രൂ​പി​ക​ളായ ദേ​ശ​വാ​ഴി​കൾ​ക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ ദേ​ശ​വാ​ഴി​ക​ളു​ടെ കീ​ഴി​ലു​ള്ള നാ​ടു​ക​ളെ ഭരി​ക്കു​ന്ന വി​ഷ​യ​ത്തിൽ, മേൽ​ക്കോ​യ്മ​യ്ക്കു കൈ​ക​ട​ത്താൻ അവ​കാ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ലോ​ക​രിൽ പ്ര​ധാ​നി​കൾ നാ​യ​ന്മാ​രാ​യി​രു​ന്നു. [8] രാ​ജാ​ക്ക​ന്മാർ മാ​ലോ​ക​രു​ടെ അഭി​പ്രാ​യം​കൂ​ടി മുൻ​കൂ​ടി അറി​ഞ്ഞേ രാ​ജ്യ​ത്തി​നു പൊ​തു​വേ സം​ബ​ന്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളിൽ പ്ര​വേ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു​ള്ളു. കൊ​ല്ല​വർ​ഷം 410-​ാമാണ്ടു മേ​ട​മാ​സം 28-ാനു തി​രു​വി​താം​കൂർ രാ​ജാ​വാ​യി​രു​ന്ന ശ്രീ​വീര ഇര​വി​കേ​ര​ള​വർ​മ്മൻ തി​രു​വ​ടി കൃ​ഷി​പ്പിഴ വരു​ന്ന കാ​ല​ത്തു് നി​കു​തി പി​രി​ച്ചെ​ടു​ക്കേ​ണ്ട​വി​ധ​ത്തെ​പ്പ​റ്റി ചില തീ​രു​മാ​ന​ങ്ങൾ ചെ​യ്ത​തു് സ്വ​രൂ​പി​ക​ളേ​യും കോ​ത​ന​ല്ലൂർ സഭാ​വാ​സി​ക​ളേ​യും ഗ്രാ​മ​ക്കാ​രേ​യും വരു​ത്തി ആലോ​ചി​ച്ച​തി​ന്റെ ശേ​ഷ​മാ​യി​രു​ന്നു​വെ​ന്നു് അന്നു​ണ്ടായ തി​രു​വെ​ഴു​ത്തു​വി​ളം​ബ​ര​ത്തിൽ കാ​ണു​ന്നു. മധുര നാ​യ്ക്ക​ന്മാ​രു​ടെ ആക്ര​മ​ണ​കാ​ല​ത്തു് പുതിയ ചില കര​ങ്ങൾ ഏർ​പ്പെ​ടു​ത്തു​ന്ന​തി​നു് മഹാ​രാ​ജാ​വു് നിർ​ബ​ന്ധി​ത​നാ​യി. എടു​വീ​ട്ടിൽ പി​ള്ള​മാ​രും യോ​ഗ​ത്തിൽ പോ​റ്റി​മാ​രും നി​കു​തി പി​രി​ക്കു​ന്നു എന്ന വ്യാ​ജേന ജന​ങ്ങ​ളെ അത്യ​ന്തം പീ​ഡി​പ്പി​ക്ക​യാൽ 878 അല്പ​ശി 1-ാനു വട​ശ്ശേ​രി​യി​ലെ നാടാർ യോഗം കൂടി നി​ശ്ച​യ​ങ്ങൾ പാ​സ്സാ​ക്കി​യ​ത്രേ. മാർ​ക​ഴി​മാ​സം അശ്രാ​മ​ത്തു​വ​ച്ചും ഒരു യോഗം നട​ന്നു. രാ​ജ​സ്ഥാ​ന​ത്തെ​പ്പ​റ്റി തങ്ങൾ​ക്കു​ള്ള ഭക്തി​യെ പ്ര​ദർ​ശി​പ്പി​ക്കു​ന്ന​തോ​ടു​കൂ​ടി കീ​ഴ്‌​ന​ട​പ്പ​നു​സ​രി​ച്ചു് അഞ്ജ​ലി​മേൽ​വാ​രം മാ​ത്രം കൊ​ടു​ക്കു​മെ​ന്നും പതി​വി​ല്ലാ​ത്ത കോ​ട​പ്പ​ണം കൊ​ടു​ക്കു​ന്ന​ത​ല്ലെ​ന്നും തങ്ങ​ളു​ടെ പൂർ​വ്വി​ക​ന്മാർ അനു​ഭ​വി​ച്ചു വന്ന അവ​കാ​ശ​ങ്ങ​ളേ​യും നട​ത്തി​വ​ന്ന അധി​കാ​ര​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും, അങ്ങ​നെ ചെ​യ്യു​ന്ന​തി​നാൽ കോ​യ്മ​യി​ലെ ഉദ്യോ​ഗം കൊ​ണ്ടു കാ​ല​യാ​പ​നം ചെ​യ്യു​ന്ന​വർ​ക്കു വല്ല നഷ്ട​വും നേ​രി​ടു​ന്ന പക്ഷം ആ നഷ്ട​ത്തേ കൂ​ട​സ്വ​ത്തിൽ​നി​ന്നും പരി​ഹ​രി​ക്കേ​ണ്ട​താ​ണെ​ന്നും ആ യോ​ഗ​ത്തിൽ തീർ​ച്ച​യാ​ക്കി. [9]

ഭട​ജ​ന​ങ്ങ​ളിൽ അധി​ക​ഭാ​ഗ​വും നാ​യ​ന്മാ​രാ​യി​രു​ന്നു. ശത്രു​ബാധ ഉണ്ടാ​വു​ന്ന അവ​സ​ര​ങ്ങ​ളിൽ സൈ​ന്യ​ശേ​ഖ​രം സു​ക​ര​മാ​ക്കു​ന്ന​തി​ലേ​ക്കു്, രാ​ജ്യ​ത്തെ നാ​ടു​ക​ളാ​യും, നാ​ടു​ക​ളെ പകു​തി​ക​ളാ​യും, പകു​തി​ക​ളെ കര​ക​ളാ​യും വി​ഭ​ജി​ച്ചി​ട്ടു് കര​തോ​റും കര​നാ​ഥ​ന്മാ​രേ​യും, പകുതി (ദേശം) തോറും ദേ​ശ​വാ​ഴി​ക​ളോ​ടും, നാ​ടു​തോ​റും നാ​ടു​വാ​ഴി​ക​ളെ​ന്ന പേ​രോ​ടു​കൂ​ടി ഇട​പ്ര​ഭു​ക്ക​ന്മാ​രെ​യും നി​ശ്ച​യി​ച്ചി​രു​ന്നു. രാ​ജാ​വു് ആവ​ശ്യ​പ്പെ​ടു​ന്ന അവ​സ​ര​ത്തിൽ ദേ​ശ​വാ​ഴി​കൾ നാ​യ​ന്മാ​രോ​ടു​കൂ​ടി യു​ദ്ധ​സ​ന്ന​ദ്ധ​രാ​യി പു​റ​പ്പെ​ട​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. അങ്ങി​നെ യു​ദ്ധം ചെ​യ്യു​ന്ന കാ​ല​ത്തു് രാ​ജാ​വു് ഭട​ന്മാ​രു​ടെ ചെ​ല​വു​കൾ നട​ത്തി വന്നു. അല്ലാ​തെ അവർ​ക്കു മാ​സ​പ്പ​ടി കൊ​ടു​ക്കുക പതി​വി​ല്ലാ​യി​രു​ന്നു. ഓരോ ദേ​ശ​വ​ഴി​ക്കും ‘ചാർ​ന്ന’വരായി നൂ​റു​വ​രെ നാ​യ​ന്മാ​രു​ണ്ടാ​യി​രി​ക്കും. എന്നാൽ നാ​ടു​വാ​ഴി​ക്കു് മൂ​വാ​യി​ര​ത്തോ​ളം നാ​യ​ന്മാർ കാ​ണു​മാ​യി​രു​ന്നു. കയ്മൾ, കർ​ത്താ ഇത്യാ​ദി​യാ​യി​രു​ന്നു നാ​ടു​വാ​ഴി​ക​ളു​ടേ​യും ദേ​ശ​വാ​ഴി​ക​ളു​ടേ​യും സ്ഥാ​ന​ങ്ങൾ.

കേ​ര​ള​മാ​ഹാ​ത്മ്യ​കർ​ത്താ​വു് വർ​ഗ്ഗീ​യ​സ്പർ​ദ്ധ, കു​റു​മ്പു്, കൃ​ത​ഘ്നത ഇത്യാ​ദി ദുർ​ഗ്ഗു​ണ​ങ്ങ​ളു​ടെ വാ​സ​ഭൂ​മി​യാ​യി​രു​ന്നി​ടും ഇത്ത​രം സ്ഥാ​നി​ക​ളെ അപ​മാ​നി​ക്കാൻ ഒരു​മ്പെ​ടാ​തി​രു​ന്ന​തു്, അവ​രു​ടെ കൈ​യൂ​ക്കി​നെ ഭയ​പ്പെ​ടി​ടാ​യി​രി​ക്കു​മോ എന്തോ? എഴു​പ​ത്തി​ഏ​ഴു​വ​രേ​യു​ള്ള അദ്ധ്യാ​യ​ങ്ങൾ വാ​യി​ച്ചാൽ കേ​ര​ള​മാ​ഹാ​ത്മ്യ​കർ​ത്താ​വു് നാ​യ​ന്മാ​രെ ശൂ​ദ്ര​രാ​യി ഗണി​ച്ച​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നു​പോ​ലും ഊഹി​ക്കാം. ആയു​ധാ​ഭ്യാ​സ​ശാ​ല​ക​ല്പ​നാ​ദ്ധ്യാ​യ​ത്തിൽ ഇപ്ര​കാ​രം പറ​ഞ്ഞി​രി​ക്കു​ന്നു.

“അഷ്ടാ​ദ​ശ​വി​ധം പ്രോ​ക്ത​മാ​യു​ധാ​ഭ്യാ​സ​ശാ​സ്ത്ര​കം പതി​നെ​ട്ടു് അട​വു​കൾ
ദീർ​ഘ​ഞ്ച കട​ക​ഞ്ചൈവ ചടുലം മണ്ഡ​ലം തഥാ
വൃ​ത്ത​ച​ക്രം സു​ക​ങ്കാ​ളം വിജയം വി​ശ്വ​മോ​ഹ​നം
തി​ര്യങ മണ്ഡ​ല​മ​ന്യോ​ന്യം ഗദയാ ഖേ​ട​ഗ​ഹ്വ​രം
ശത്രു​ഞ്ജ​യ​ഞ്ച സൌ​ഭ​ദ്രം പട​ല​ഞ്ച പു​ര​ഞ്ജ​യം
കാ​യ​വൃ​ദ്ധി​ശ്ശി​ലാ​ഖ​ണ്ഡം ഗദാ​ശാ​സ്ത്ര​മ​നു​ത്ത​മം.”
ഇങ്ങ​നെ പതി​നെ​ട്ടു് അട​വു​ക​ളെ വി​വ​രി​ച്ചി​ട്ടു് ആയുധം അഭ്യ​സി​ക്കു​ന്ന​തി​നു് ശസ്ത്രാ​ഭ്യാ​സ​ശാ​ല​യിൽ ഒരു ‘നാ​യ​ക​നെ’ നി​യ​മി​ച്ച​താ​യി പറ​യു​ന്നു.
“നി​ത്യാ​ഭ്യാ​സായ തത്രാഥ
ഗവാ​ക്ഷ​നാ​മ​നാ​യ​കം
ഭാർ​ഗ്ഗ​വഃ കല്പ​യി​ത്വാഥ
വേ​ഷ്ട​ന​ഞ്ച ഗദാം ദദൗ”

പര​ശു​രാ​മൻ പി​ന്നീ​ടു് അവി​ടെ​നി​ന്നു് നാ​യ​ന്മാ​രോ​ടു കൂടി ലക്ഷ്മീ​പു​ര​ത്തു ചെ​ന്നു് അവിടെ ഒരു കളരി പണി​യി​ച്ചു് അവി​ടെ​യും ഒരു നാ​യ​ക​നെ ഗു​രു​വാ​യി കല്പി​ച്ചി​ടു് അദ്ദേ​ഹം നേരേ അം​ബി​കാ​പു​ര​ത്തേ​യ്ക്കു പു​റ​പ്പെ​ട്ടു. അവിടെ ആയു​ധ​ഗു​രു​വാ​യി നി​ശ്ച​യി​ച്ച​തു് ‘ക്ര​പ​നാ​യക’നെ ആയി​രു​ന്നു. അന​ന്ത​രം തി​രു​നാ​വാ​യിൽ എത്തി​യി​ട്ടു്, ഛത്രാ​ല​യ​നാ​യ​ക​നെ നി​യ​മി​ച്ചു.

നാ​യ​കാ​നാം ഗു​രുർ​ഭൂ​ത്വാ
തി​ഷ്ഠ​ത്വം ഛത്ര​നാ​യക
ഗദാ​ഞ്ച വേ​ഷ്ട​നം ദത്വാ
ബാ​ല​പൂ​ര്യാം യയൗ പ്ര​ഭുഃ.

ബാ​ല​പു​രി എന്നു് ഇവിടെ പറ​ഞ്ഞി​രി​ക്കു​ന്ന​തു് കൊ​ച്ചി​യേ​യാ​ണു്. അവിടെ പാ​ലി​യാ​ല​യ​സം​സ്ഥ​നായ നാ​യ​ക​ന്നാ​യി​രു​ന്നു ആ മാ​ന്യ​പ​ദ​വി സി​ദ്ധി​ച്ച​തു്. പാ​ലി​യാ​ലയ നായകൻ പാ​ലി​യ​ത്തു​മേ​നോൻ ആണെ​ന്നു് പ്ര​ത്യേ​കി​ച്ചു പറ​യേ​ണ്ട​തി​ല്ല​ല്ലോ. അവി​ടെ​നി​ന്നു് ഭാർ​ഗ്ഗ​വ​രാ​മൻ ശ്രീ​വർ​ദ്ധ​ന​പു​ര​ത്തു വന്നു് ‘അർ​ക്കാ​ല​യ​നാ​യക’നെ ‘ത്രി​ശ​താർ​ദ്ധ​സ​ഹ​സ്രാ​ണാം നായക’ (350,000നായ)ന്മാ​രു​ടേ​യും ഭൂ​പ​തി​യു​ടേ​യും ഗു​രു​വാ​യി കല്പി​ച്ചു​വ​ത്രേ. ഇങ്ങ​നെ അദ്ദേ​ഹം ദേ​ശം​തോ​റും നട​ന്നു് കള​രി​ക​ളെ സ്ഥാ​പി​ച്ച് ആയു​ധ​ഗു​രു​ക്ക​ന്മാ​രാ​യി നാ​യ​ന്മാ​രെ നി​യ​മി​ച്ചു​വെ​ന്നു പറ​ഞ്ഞി​രി​ക്കു​ന്നു. ഈ മൂ​ന്നു് അദ്ധ്യാ​യ​ങ്ങ​ളിൽ ഒരി​ട​ത്തും നാ​യ​ന്മാർ ശൂ​ദ്ര​രാ​ണെ​ന്നു പറ​ഞ്ഞി​ട്ടേ ഇല്ല. ആയു​ധ​ഗു​രു​ക്ക​ന്മാർ​ക്കു് പണി​ക്കർ, കു​റു​പ്പു് എന്നീ സ്ഥാ​ന​ങ്ങ​ളാ​ണു് ഉണ്ടാ​യി​രു​ന്ന​തു്. ഒരു നാ​യർ​കു​ടി ജനി​ച്ചാ​ലു​ട​നെ, വെടി വെ​യ്ക്കുക പതി​വാ​യി​രു​ന്നെ​ന്നും, അങ്ങ​നെ ചെ​യ്തു​വ​ന്ന​തു്, അവർ​ക്കു മേലിൽ ഭയം എന്നൊ​രു ചേ​തോ​വി​കാ​രം ഉണ്ടാ​കാ​തി​രി​ക്കാൻ വേ​ണ്ടി ആയി​രു​ന്നെ​ന്നും തച്ചോ​ളി​പ്പാ​ട്ടു​ക​ളിൽ പ്ര​സ്താ​വി​ച്ചി​ടു​ണ്ടു്. ഇപ്പോ​ഴും മട​ല​ടി​ച്ച ശബ്ദം ഉണ്ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും അതി​ന്റെ അർ​ത്ഥം മന​സ്സി​ലാ​ക്കീ​ട്ടു​ള്ള​വർ വളരെ ചു​രു​ക്ക​മാ​കു​ന്നു ഓരോ കു​ടി​യേ​യും മൂ​ന്നു വയ​സ്സിൽ മുടി കള​ഞ്ഞ്, അഞ്ചു വയ​സ്സിൽ എഴു​ത്തി​നി​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പഴയ കാ​ല​ത്തേ വ്യ​വ​സ്ഥ. മൂ​ന്നു കൊ​ല്ലം​വ​രെ എഴു​ത്തു പഠി​ച്ച​തി​നു​ശേ​ഷ​മേ ആയു​ധ​വി​ദ്യ അഭ്യ​സി​ച്ചു തു​ട​ങ്ങൂ. ശരീ​ര​ത്തി​നെ എണ്ണ തേ​ച്ച് ഉഴി​ഞ്ഞ് നല്ല​പോ​ലെ വശ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഓടം, ചാടം, മറി​ച്ചിൽ മു​ത​ലായ അഭ്യാ​സ​ങ്ങ​ളും വി​വി​ധ​ങ്ങ​ളായ ആയു​ധ​ങ്ങ​ളെ​ക്കൊ​ണ്ടു​ള്ള പ്ര​യോ​ഗ​ങ്ങ​ളും ആശാ​ന്മാർ അവരെ പഠി​പ്പി​ച്ചു​വ​ന്നു. ‘പടി​ച്ചാ​ലേ പണി​ക്കാ​രാ​വു’ എന്നൊ​രു പഴ​ഞ്ചൊ​ല്ലു കേ​ര​ള​ത്തി​ലു​ണ്ട​ല്ലോ. പതി​നെ​ട്ടു് അട​വു​ക​ളും പഠി​ക്കാ​ത്ത​വൻ പണി​ക്കർ​സ്ഥാ​ന​ത്തി​നു് അർ​ഹ​നാ​യി​രു​ന്നി​ല്ല.

ഇക്കാ​ല​ത്തു് ‘നായർ’ എന്ന പേരു് എല്ലാ​വ​രും ഉപ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും, പു​രാ​ത​ന​കാ​ല​ത്തു് അങ്ങ​നെ പതി​വി​ല്ലാ​യി​രു​ന്നെ​ന്നു് തച്ചോ​ളി​പ്പാ​ട്ടു​കൾ സാ​ക്ഷ്യം വഹി​ക്കു​ന്ന​തി​നു പുറമേ, വി​ദേ​ശി​യ​രും രേ​ഖ​പ്പെ​ടു​ത്തീ​ടു​ണ്ടു്.

ആയു​ധ​വി​ദ്യ സി​ദ്ധി​ച്ചി​ടു​ള്ള​വർ​ക്കു് നായർ എന്ന സ്ഥാ​ന​പ്പേ​രു വി​ശേ​ഷാൽ നൽ​കി​വ​ന്നു​വെ​ന്നു് പർ​ച്ചാ​സും പറ​ഞ്ഞി​ട്ടു​ണ്ടു്. ഈ സ്ഥാ​ന​ത്തി​നു് അർ​ഹ​ത​യു​ള്ള​വ​നെ വാൾ ധരി​പ്പി​ച്ചി​ട്ടു് രാ​ജാ​വു് അയാ​ളു​ടെ ശി​ര​സ്സിൽ കൈ​വ​ച്ചു് മന്ത്രോ​ച്ചാ​ര​ണ​പു​ര​സ്സ​രം ‘ബ്രാ​ഹ്മ​ണ​രേ​യും പശു​ക്ക​ളേ​യും രക്ഷി​ക്കുക’ എന്നു കല്പി​ക്കു​ന്നു. ഇങ്ങ​നെ ആയി​രു​ന്നു​വ​ത്രേ പണ്ടു് നാ​യർ​പ​ദ​ത്തിൽ ആളു​ക​ളെ അവ​രോ​ധി​ച്ചു​വ​ന്ന​തു്. യൂ​റോ​പ്പിൽ നൈ​റ്റ് സ്ഥാ​നം നൾകി വന്ന​തു​പോ​ലെ ആയി​രു​ന്നു കേ​ര​ള​ത്തിൽ നാ​യർ​സ്ഥാ​നം കല്പി​ച്ചു​വ​ന്ന​തും. [10]

കേ​ര​ളോ​ല്പ​ത്തി എഴു​തിയ വി​ദ്വാ​നാ​ണു് നാ​യ​ന്മാ​രെ പൊ​തു​വെ ശൂ​ദ്ര​വർ​ഗ്ഗ​ത്തിൽ​പ്പെ​ടു​ത്തി​യ​തു്. (1) കി​രി​യ​ത്തു നായർ. (2) ഇല്ല​ത്തു​നാ​യർ. (3) സ്വ​രൂ​പ​ത്തിൽ നായർ. (4) മേ​നോ​ക്കി. (5) പട്ടോല മേനോൻ. (6) മാ​രാ​രു്. (7) പാ​ദ​മം​ഗ​ലം. (8) പള്ളി​ച്ചാൻ. (9) ചെ​മ്പു​കൊ​ടി നായർ. (10) ഓട​ത്തു നായർ. (11) എട​ച്ചേ​രി നായർ. (12) വട​ക്കാ​ട്ടു നായർ (13) ആത്തൂർ നായർ. (14) അസ്തി​ക്കു​റി​ച്ചി നായർ. ഇങ്ങ​നെ പതി​ന്നാ​ലു വർ​ഗ്ഗ​ക്കാ​രായ നാ​യ​ന്മാ​രെ ആയു​ധാ​ഭ്യാ​സം ചെ​യ്തു യു​ദ്ധ​ത്തി​നു പോവാൻ അനു​വ​ദി​ച്ചി​രു​ന്ന​താ​യി കേ​ര​ളോ​ല്പ​ത്തി​യിൽ പ്ര​സ്താ​വി​ച്ചു കാ​ണു​ന്നു. ആകെ പതി​നെ​ട്ടു ജാ​തി​ക്കാർ ഉണ്ടാ​യി​രു​ന്ന​തിൽ ബാ​ക്കി നാലു ജാ​തി​ക്കാർ​ക്കു് താളി പി​ഴി​ഞ്ഞു കു​ളി​പ്പി​ക്ക, തണ്ടെ​ടു​ക്ക, ചുമടു കെടുക, എള്ളി​ടുക, പൂ​ഞ്ചേല മു​ക്കുക മു​ത​ലായ കൂ​ലി​ച്ചേ​വു​ക​ങ്ങ​ളാ​ണ​ത്രേ കല്പി​ച്ചി​രു​ന്ന​തു്. ഇപ്ര​കാ​രം നാ​യ​ന്മാർ പിൽ​ക്കാ​ല​ത്തു് ‘ശൂ​ദ്ര​രാ​യി’ എണ്ണ​പ്പെ​ട്ടു തു​ട​ങ്ങി​യെ​ങ്കി​ലും കേ​ര​ള​ക്ഷി​തി​ര​ത്ന​മാല എന്ന ഗ്ര​ന്ഥ​ത്തി​ന്റെ കർ​ത്താ​വു് ഇപ്ര​കാ​രം വി​ധി​ച്ചി​രി​ക്കു​ന്നു. [11]

“കേ​വി​ച്ഛ​സ്ത്ര​ഭൃ​താം വര്യാ​സ്സർ​വ​ശാ​സ്ത്ര​ഭൃ​താം വരാഃ;
തേഷാം വൈ ശസ്ത്ര​ശാ​ലാ​സു വർ​ത്ത​ന്തേ​ഖി​ല​ദേ​വ​താഃ”
“വി​പ്രൈ​ര​പി ച തേ മാ​ന്യാഃ പാ​ണി​പാ​ദ​ഭ​വാ അപി;
ഉത്ഥാ​ന​മാ​ച​രേ​ത്തേ​ഭ്യ​സ്സാർ​വ​ഭൗ​മോ​പ്യ​സം​ശ​യഃ.
ശസ്ത്രി​ണാം ഗു​ര​വ​സ്തേ​സ്വുഃ​പ്രാ​ണ​ശ്ശ​സ്ത്രേ ഫി ഭൂ​ഭു​ജാം.”

ഇങ്ങ​നെ ചില വി​ധി​കൾ കാ​ണു​ന്ന​തി​നാൽ ക്ഷാ​ത്ര​തേ​ജ​സ്വി​ക​ളായ നാ​യ​ന്മാ​രെ ബ്രാ​ഹ്മ​ണർ പൂ​ജി​ച്ചു​വ​ന്നു​വെ​ന്നു് ഊഹി​ക്കാം. ജാ​തി​വ്യ​ത്യാ​സം ഉറ​ച്ച​ശേ​ഷ​വും, ആയുധം എടു​ക്കാ​നാ​യി തലയിൽ കെ​ടി​ക്ക​ഴി​ഞ്ഞാൽ തി​രി​കെ അതു് അഴി​ക്കു​ന്ന​തു​വ​രെ മറ്റു ജാ​തി​ക്കാ​രെ തൊ​ട്ടാൽ അശു​ദ്ധി​യി​ല്ലെ​ന്നു് ഒരു നി​യ​മ​വു​മു​ണ്ടാ​യി​രു​ന്നു.

ഭട​ന്മാർ യു​ദ്ധ​ത്തി​നു പു​റ​പ്പെ​ടു​മ്പോൾ ഉടു​ത്തു​കെ​ടു​ന്ന​ത​ല്ലാ​തെ വി​ശേ​ഷ​വ​സ്ത്ര​ങ്ങ​ളൊ​ന്നും ധരി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. അമ്പ​ല​പ്പുഴ വേ​ല​ക​ളി​ക്കാ​രു​ടെ ഉടു​ത്തു​കെ​ട്ടു് കണ്ടി​ട്ടു​ള്ള​വർ​ക്കു് അതി​ന്റെ രീതി ഏതാ​ണ്ടു് ഊഹി​ച്ച​റി​യാം. തച്ചോ​ളി കു​ഞ്ഞി​ച്ച​ന്തു അങ്കം പൊ​രു​തു​ന്ന​തി​നു പു​റ​പ്പെ​ടു​ന്ന​തു് എങ്ങ​നെ എന്നു നോ​ക്കുക.

“……………ചന്തു
നി​ല​യ​റ​വാ​തിൽ തു​റ​ക്കു​ന്നു​ണ്ടു്
മെ​യ്യാ​ഭ​ര​ണ​പ്പെ​ടി വലി​ച്ചു​വ​ച്ചു
ചമ​യ​ങ്ങ​ളൊ​ക്കെ​യെ​ടു​ത്തു ചന്തു
അങ്ക​പ​ട്ടാട എടു​ക്കു​ന്നു​ണ്ടു്
പട്ടു​തെ​റു​ത്ത​ങ്ങു​ടു​ക്കു​ന്നു​ണ്ടു്”
നാ​ല്പ​ത്തി​രു​മു​ഴം പു​ള്ളി​ക്ക​ച്ച
കു​ഴ​ലീ​ന്നു കച്ച വലി​ച്ചെ​ടു​ത്തു
പന്തു​ക​ണ​ക്കിൽ ചു​രു​ട്ടി​ക​ച്ച
ആകാശം ചൂ​ണ്ടി എറി​ഞ്ഞു കച്ച
കച്ചേ​ടെ വാലും പി​ടി​ച്ചു ചന്തു
അയ്യാ​ളെ​ക​രം വരു​ന്ന മു​മ്പിൽ
പകിരി തി​രി​ഞ്ഞ​ങ്ങു കെ​ടു​ന്നു​ണ്ടേ
വട​ക്കൻ ഞെ​റി​വെ​ച്ചു ഞാ​യം​വെ​ച്ചും
തെ​ക്കൻ ഞെ​റി​വെ​ച്ചു കൂ​ന്തൽ​വെ​ച്ചും
ആന​മു​ഖം​വെ​ച്ചും കെ​ട്ടു​ന്നു​ണ്ടു്
കു​തി​ര​മു​ഖം​വെ​ച്ചും കെ​ട്ടു​ന്നു​ണ്ടു്
ചന്തം​പെ​രു​മ​യിൽ കെ​ട്ടു​ന്നു​ണ്ടു്
അങ്ക​പു​ലി​വാ​ലു​ഴി​ഞ്ഞു കെ​ട്ടി
കച്ച​ച​മ​യ​ങ്ങൾ ചമ​ഞ്ഞൊ​രു​ങ്ങി
ഏല​സ്സ​ര​ഞ്ഞാൺ അര​മു​റു​ക്കി
നാടു് വാ​ഴി​കൊ​ടു​ത്തൊ​രു പൊ​ന്നും​തൊ​പ്പി
തൊ​പ്പി​യെ​ടു​ത്തു തല​യ്ക്ക​ണി​ഞ്ഞു
… … …
ചന്ദ​ന​പ്പ​രിശ പൊ​ടി​തു​ട​ച്ചു
ഉറു​മി​പ്പ​രിശ തൊ​ഴു​തെ​ടു​ത്തു
വേ​ഗ​ത്തിൽ തന്നെ​യും പു​റ​പ്പാ​ടാ​യി”

യൂ​റോ​പ്യൻ യു​ദ്ധ​സ​മ്പ്ര​ദാ​യം നട​പ്പിൽ വരു​ന്ന​തി​നു മു​മ്പു് നാ​യ​ന്മാർ യു​ദ്ധം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്ന​തെ​ങ്ങ​നെ എന്നു് അറി​യു​ന്ന​തി​നു് വർ​ത്തി​മ​യു​ടെ ഒരു വി​വ​ര​ണം ഇവിടെ ഉദ്ധ​രി​ക്കാം. [12] സാ​ധാ​ര​ണ​യാ​യി അവർ ദി​വ​സം​പ്ര​തി വാൾ, പരിച, കു​ന്തം ഇവയെ പയ​റ്റി ശീ​ലി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടു​രാ​ജാ​വു് യു​ദ്ധ​ത്തി​നു പു​റ​പ്പെ​ടു​മ്പോൾ അദ്ദേ​ഹ​ത്തി​ന്റെ കീഴിൽ ലക്ഷ​ത്തിൽ കു​റ​യാ​തെ കാലാൾ ഉണ്ടാ​യി​രി​ക്കും. കു​തി​ര​ക​ളെ ഉപ​യോ​ഗി​ക്കാ​റി​ല്ല. എന്നാൽ രാ​ജാ​ക്ക​ന്മാർ ആന​പ്പു​റ​ത്തു കയ​റി​പ്പോ​കു​ന്നു. എല്ലാ​വ​രും കടും​ചു​വ​പ്പു​നി​റ​ത്തി​ലു​ള്ള പട്ടു തലയിൽ കെ​ട്ടി​യി​രി​ക്കും. അവ​രു​ടെ ആയു​ധ​ങ്ങൾ വാളു്, പരിച, കു​ന്തം, വി​ല്ലു് ഇതു​ക​ളാ​കു​ന്നു. കൊ​ടി​യു​ടെ സ്ഥാ​ന​ത്തു് രാ​ജാ​വു് ഒരു കുട പി​ടി​ക്കു​ന്നു.

“പട​നി​ല​ത്തു് എത്തി ഇരു​ഭാ​ഗ​ക്കാ​രും തമ്മിൽ രണ്ട​മ്പു് എയ്ത്തി​ന്റെ ദൂ​ര​ത്തി​ലാ​കു​മ്പോൾ രാ​ജാ​വു് ഒരു ബ്രാ​ഹ്മ​ണ​നെ വി​ളി​ച്ചു് ഇപ്ര​കാ​രം പറ​യു​ന്നു. ‘ശത്രു​വി​ന്റെ കൈ​നി​ല​യിൽ പോയി ശത്രു​രാ​ജാ​വോ​ടു് അദ്ദേ​ഹ​ത്തി​ന്റെ ആളു​ക​ളായ നൂറു നാ​യ​ന്മാ​രെ അയ​യ്ക്കാൻ പറയൂ. ഞാൻ എന്റെ ആളു​ക​ളായ നൂറു നാ​യ​ന്മാ​രോ​ടു കൂടി വരാം.” ഇങ്ങ​നെ ഓരോ ഭാ​ഗ​ത്തെ നൂറു നൂറു ആളുകൾ വീതം പട​നി​ല​ത്തി​ന്റെ നടു​വിൽ​വ​ന്നു് യു​ദ്ധം ആരം​ഭി​ക്കു​ന്നു. മൂ​ന്നു ദി​വ​സം​വ​രെ ഇങ്ങ​നെ നി​ന്നു പൊ​രു​തി​യാ​ലും അവർ ഒരി​ക്കൽ തല​യ്ക്കു നേരെ രണ്ടും കാ​ലി​ന്മേൽ ഒന്നും വീതം അടി​ക്ക​യോ ഇടി​ക്ക​യോ കു​ത്തു​ക​യോ ചെ​യ്യു​ന്ന​ത​ല്ലാ​തെ ഒന്നും പ്ര​വർ​ത്തി​ക്ക​യി​ല്ല. ഓരോ ഭാ​ഗ​ത്തും നാലോ ആറോ ആൾ മരി​ച്ചാൽ ഉടനെ പൊ​രു​തി നിൽ​ക്കു​ന്ന​വ​രു​ടെ ഇടയിൽ ബ്രാ​ഹ്മ​ണർ വന്നു് അവരെ വേർ​പെ​ടു​ത്തി അവ​രു​ടെ കൈ​നി​ല​യിൽ അയ​യ്ക്കും. എന്നി​ടു് ഈ ബ്രാ​ഹ്മ​ണർ ഇരു​ഭാ​ഗ​ത്തെ​യും സൈ​ന്യ​ത്തിൽ പോയി, ഇനി​യും യു​ദ്ധം വേണോ എന്നു ചോ​ദി​ക്കും. വേണ്ട എന്നു രാ​ജാ​ക്ക​ന്മാർ മറു​പ​ടി​യും പറയും. ഇങ്ങ​നെ ഓരോ ഭാ​ഗ​ത്തു​നി​ന്നു് നൂറു നൂറു നാ​യ​ന്മാർ വീതം വന്നു യു​ദ്ധം ചെ​യ്യു​ന്നു.

“അവർ പട​വെ​ടി​യ​തു് ഇപ്ര​കാ​ര​മാ​ണു്. രണ്ടു മൂ​വാ​യി​രം നാ​യ​ന്മാർ വാ​ദ്യ​ഘോ​ഷ​ത്തോ​ടും വെ​ടി​ക്കെ​ട്ടു​ക​ളോ​ടും ഓരോ മു​ക്കി​ലാ​യി പാ​ഞ്ഞു നേ​രി​ട്ടു് ഓടി​വ​ന്നു. അവർ പാ​ച്ചി​ലി​ന്റെ ഊക്കു​കൊ​ണ്ടു് പതി​നാ​യി​രം ആളു​ക​ളെ​ക്കൂ​ടി ഭയ​പ്പെ​ടു​ത്തി​ക്ക​ള​യും.” വേ​റെ​യും പല പാ​ശ്ചാ​ത്യ​ന്മാർ നാ​യർ​ഭ​ട​ന്മാ​രു​ടെ ധൈ​ര്യ​പ​രാ​ക്ര​മ​ങ്ങ​ളേ​യും സത്യ​നി​ഷ്ഠ​യേ​യും മറ്റും പറ്റി രേ​ഖ​പ്പെ​ടു​ത്തീ​ടു​ണ്ടു്.

രാ​ത്രി​കാ​ല​ത്തോ ഒളി​വിൽ പതു​ങ്ങി​യി​രു​ന്നോ അവർ ഒരു കാ​ല​ത്തും യു​ദ്ധം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നി​ല്ല. “സൂ​ര്യൻ ഉദി​ച്ചു പൊ​ങ്ങി​യ​തി​ന്റെ ശേഷം പകൽ സമ​യ​ത്തു മാ​ത്ര​മേ അവർ പട വെ​ട്ടു​ക​യു​ള്ളു. ഇരു​ഭാ​ഗ​ക്കാ​രു​ടേ​യും കൈ​നി​ല​കൾ അടു​ത്തി​രി​ക്കും. രാ​ത്രി മു​ഴു​വ​നും രണ്ടു ഭാ​ഗ​ക്കാ​രും അല്ലൽ കൂ​ടാ​തെ സു​ഖ​മാ​യി ഉറ​ങ്ങു​ന്നു. നേരം പു​ലർ​ന്നു് സൂ​ര്യോ​ദ​യ​മാ​യാൽ രണ്ടു കൂ​ട​രും കു​ള​ത്തി​ങ്കൽ കൂടി, കുളി മു​ത​ലായ [13]

നി​ത്യ​വൃ​ത്തി​ക​ളും സാ​പ്പാ​ടും കഴി​ച്ചു്, ചട കു​പ്പാ​യം മു​ത​ലാ​യ​തു ധരി​ച്ചു്, മു​റു​ക്കി വെ​ടി​യും നേ​ര​മ്പോ​ക്കും പറ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. പട​ഹ​ദ്ധ്വ​നി കേട ഉടനെ അവ​ര​വ​രു​ടെ കൈ​നി​ല​യി​ലേ​ക്കു പോ​ന്നു് അണി നി​ര​ക്കു​ന്നു. ആദ്യ​മാ​യി പട​ഹ​മ​ടി​ക്കു​ന്ന​തു മി​ടു​ക്കാ​യി വി​ചാ​രി​ച്ചു​വ​ന്നു​വെ​ങ്കി​ലും മറു​ഭാ​ഗ​ത്തെ പട​ഹ​ദ്ധ്വ​നി കേൾ​ക്കു​ന്ന​തി​നു മു​മ്പു് പട തു​ട​ങ്ങി​ക്കൂട. ആദ്യ​ത്തേ അണി​യിൽ വാൾ​ക്കാർ നിൽ​ക്കു​ന്നു. അവ​രു​ടെ പരി​ച​കൾ തമ്മിൽ​ത്ത​മ്മിൽ തൊ​ട്ടു് നി​ല​ത്തോ​ടു ചേർ​ത്തു പി​ടി​ച്ചും​കൊ​ണ്ടു് കു​നി​ഞ്ഞു താണു് പദം പദ​മാ​യി ചു​വ​ടു​വെ​ച്ചു് എത്ര​യും സാ​വ​ധാ​ന​ത്തിൽ മു​മ്പോ​ക്കം വന്നു​തു​ട​ങ്ങും. അതി​ന്റെ പി​ന്നാ​ലെ വി​ല്ലു​കാർ ശത്രു​സൈ​ന്യ​ത്തി​ന്റെ കാ​ലു​ക​ളി​ന്മേൽ കൊ​ള്ള​ത്ത​ക്ക​വ​ണ്ണം നി​ല​ത്തോ​ടു ചേർ​ത്തു് അമ്പു​പൊ​ഴി​ക്കും. അവ​രു​ടെ കൂ​ട​ത്തിൽ കരി​മ​രം​കൊ​ണ്ടു​ണ്ടാ​ക്ക​പ്പെ​ട്ട ഘന​മു​ള്ള ഗദകളോ മൂർ​ച്ച​യു​ള്ള ഇരി​മ്പു​ച​ക്ര​ങ്ങ​ളോ നി​ല​ത്തോ​ടു അടു​പ്പി​ച്ചു് ശക്തി​യോ​ടെ എറി​യു​ന്ന​വ​രും ഉണ്ടാ​കും. ഈ വക ആയു​ധ​ങ്ങൾ വല്ല എല്ലി​ന്മേ​ലും കൊ​ണ്ടാൽ ആ എല്ലു് തകർ​ന്നു​പോ​കും.

“എല്ലാ​ത്തി​നും പി​ന്നി​ലാ​യി ഈടി​ക്കാ​രും കു​ന്ത​ക്കാ​രും വരും. തമ്മിൽ ശണ്ഠ പി​ടി​ക്കു​ന്ന​തു് എപ്പോ​ഴും മൈ​താ​ന​മായ സ്ഥ​ല​ത്തു​വെ​ച്ചാ​ണു്. മു​മ്പോ​ടു​ള്ള എല്ലാ​വ​രു​ടേ​യും ഗതി കു​നി​ഞ്ഞും വളരെ സാ​വ​ധാ​ന​ത്തി​ലും ആണു്. ചു​വ​ടു​വെ​ച്ചു് മു​മ്പോ​ടു കട​ന്നു് പി​ന്നോ​ക്കം മാ​റി​യും, പി​ന്നെ​യും മു​മ്പോ​ടു​വ​ന്നും പി​ന്നെ​യും പി​ന്നോ​ക്കം ചെ​ന്നും ഇങ്ങ​നെ ചില സമയം ഒരു ദിവസം മു​ഴു​വ​നും കഴി​ച്ചു​കൂ​ടി എന്നു​വ​രും. പട​ഹ​ദ്ധ്വ​നി കേ​ട്ടാൽ എല്ലാ​വ​രും ശണ്ഠ​മ​തി​യാ​ക്കി അന്ന​ത്തേ പട​നിർ​ത്തു​ന്നു. എന്നാൽ ഇരു​ഭാ​ഗ​ക്കാ​രു​ടേ​യും മു​മ്പോ​ക്ക​മോ പി​ന്നോ​ക്ക​മോ ഉള്ള ഗതി നിൽ​ക്കു​മ്പോൾ മാ​ത്ര​മേ പട​ഹ​മ​ടി​ക്കാൻ പാ​ടു​ള്ളു.”

“പട​ഹ​ദ്ധ്വ​നി കേ​ട്ടാൽ ഉടനെ പട പി​രി​ഞ്ഞു് അതു വരെ തമ്മിൽ ശണ്ഠ​യി​ടി​രു​ന്ന​വർ ഒന്നാ​യി​ക്കൂ​ടി ഉല്ല​സി​ക്കു​ന്നു. ജ്യേ​ഷ്ഠാ​നു​ജ​ന്മാ​രെ ധർ​മ്മ​യു​ദ്ധ​ത്തിൽ കൊ​ല​പ്പെ​ടു​ത്തി​യ​വ​രു​ടെ മേൽ​പ്പോ​ലും മു​ഷി​ച്ച​ലും ദ്വേ​ഷ​വും വി​ചാ​രി​ക്ക​യി​ല്ല.” [14]

നാ​യ​ന്മാ​രു​ടെ ഇടയിൽ അക്കാ​ല​ത്തു നട​പ്പു​ണ്ടാ​യി​രു​ന്ന ചില ആചാ​ര​ങ്ങ​ളേ​യും ഈ സന്ദർ​ഭ​ത്തിൽ അറി​ഞ്ഞി​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടു്. ആയുധം കൂ​ടാ​തെ ഒരു നാ​യ​രും പു​റ​ത്തു സഞ്ച​രി​ക്ക പതി​വി​ല്ലാ​യി​രു​ന്നു. [15] ആരെ​ങ്കി​ലും ഒരു നായരെ അവ​മാ​നി​ക്ക​യോ ഉപ​ദ്ര​വി​ക്ക​യോ ചെ​യ്താൽ അവർ ഉടനെ അയാ​ളു​ടെ വാ​ളി​നു് ഇര​യാ​കും. പതി​നെ​ട്ടാം ശതകം വരെ​യും അതി​നി​പ്പു​റ​വും കേ​ര​ള​ത്തെ സന്ദർ​ശി​ച്ചി​ടു​ള്ള​വ​രെ​ല്ലാം ഈ വി​ഷ​യ​ത്തിൽ സാ​ക്ഷ്യം വഹി​ക്കു​ന്നു​ണ്ടു്. റോ​മി​ലും മറ്റും പണ്ടു നട​പ്പു​ണ്ടാ​യി​രു​ന്ന രീ​തി​യിൽ കു​ടി​പ്പക എന്നൊ​ന്നു് ഇവി​ടെ​യും ഉണ്ടാ​യി​രു​ന്നു. തന്റെ കു​ടും​ബ​ത്തിൽ ആരെ​യെ​ങ്കി​ലും അവ​മാ​നി​ക്ക​യോ വഞ്ചി​ക്ക​യോ ഉപ​ദ്ര​വി​ക്ക​യോ ചെയ്ത ഒരു​വ​നോ​ടോ, അവൻ മരി​ച്ചു​പോ​യാൽ അവ​ന്റെ കു​ടും​ബ​ത്തോ​ടോ പക വീ​ടാ​തെ ഒരു കേ​ര​ളീ​യൻ അട​ങ്ങാ​റി​ല്ലാ​യി​രു​ന്നു. ഒരു നായരെ ഒരാൾ കൊ​ല​പ്പെ​ടു​ത്തി എന്നി​രി​ക്ക​ടെ. മരി​ച്ച ആളുടെ അടു​ത്ത ചാർ​ച്ച​ക്കാർ അയാ​ളു​ടെ രക്ത​ത്തിൽ ഒരു തുണി മു​ക്കി​യെ​ടു​ത്തി​ടു്, ആ കു​ടി​പ്പക തീർ​ക്കു​ന്ന​തു​വ​രെ, അതിനെ സൂ​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്നു് ശപഥം ചെ​യ്യും. മൃ​ത​ശ​രീ​ര​ത്തെ ഘാ​ത​ക​ന്റെ ഗൃ​ഹ​ത്തിൽ കൊ​ണ്ടു​ചെ​ന്നി​ട്ടു് വീ​ടോ​ടു​കൂ​ടി ദഹി​പ്പി​ക്ക പതി​വാ​യി​രു​ന്നെ​ന്നു് മി​സ്റ്റർ ലോഗൻ പറ​യു​ന്നു. ഒരു നാ​യർ​സ്ത്രീ​യെ താ​ഴ്‌​ന്ന ജാ​തി​ക്കാ​രി​ലാ​രെ​ങ്കി​ലും തൊ​ടു​പോ​യാൽ അവനേ അവി​ടെ​വെ​ച്ചു​ത​ന്നെ കൊ​ല്ലു​ക​യും അവൾ​ക്കു ഭ്ര​ഷ്ടു​ക​ല്പി​ക്ക​യും ചെ​യ്തു​വ​ന്നു.

അങ്കം പൊ​രു​തുക എന്നൊ​രു സമ്പ്ര​ദാ​യം കേ​ര​ള​ത്തിൽ പ്ര​ച​രി​ച്ചി​രു​ന്നു. അന്യൻ ദു​ഷി​ക്ക​യോ മറ്റേ​തെ​ങ്കി​ലും വി​ധ​ത്തിൽ അവ​മാ​നി​ക്ക​യോ ചെ​യ്താൽ അവർ തമ്മി​ലോ അവ​രു​ടെ പ്ര​തി​നി​ധി​കൾ തമ്മി​ലോ അങ്കം​പൊ​രു​തു വന്നു. ഇതി​നു് യൂ​റോ​പ്പി​ലെ മല്ല​യു​ദ്ധ​ത്തി​നോ​ടു duelling സാ​ദൃ​ശ്യ​മു​ണ്ടാ​യി​രു​ന്നു. ഈ വി​ഷ​യ​ത്തിൽ നാ​ടു​വാ​ഴി​യാ​ണു് മാ​ദ്ധ്യ​സ്ഥ്യം വഹി​ച്ചു​വ​ന്ന​തു്. എന്നാൽ അപ്ര​കാ​രം മാ​ദ്ധ്യ​സ്ഥ്യം വഹി​ക്കു​ന്ന​വ​ക​യ്ക്ക് ഒരു നി​ശ്ചി​ത​സം​ഖ്യ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നിയമം. അവ​കാ​ശ​ത്തർ​ക്കം തീർ​ക്കു​ന്ന​തി​നും അങ്കം​പൊ​രു​താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു് തച്ചോ​ളി​പ്പാ​ടു​ക​ളിൽ നി​ന്നു ഗ്ര​ഹി​ക്കും. ‘ആരോമൽ ചേകവർ അങ്കം പൊ​രു​തു​ന്ന പാ​ട്ടു്’ ഈ മാ​തി​രി​യി​ലു​ള്ള ഒരു ദ്വ​ന്ദ്വ​യു​ദ്ധ​ത്തി​നെ സം​ബ​ന്ധി​ച്ചാ​ണു്.

പട​ക്ക​ളി അഥവാ ഓണ​ത്ത​ല്ലു് എന്നൊ​രു കാ​ര്യ​മായ വി​നോ​ദം ഈ അടു​ത്ത​കാ​ലം വരെ നി​ല​നി​ന്നു. ഒരു ദേ​ശ​ത്തു​ള്ള​വർ രണ്ടു സം​ഘ​ക്കാ​രാ​യി പി​രി​ഞ്ഞു് ഓണ​ത്തു​ന്നാൾ ഊണു​ക​ഴി​ഞ്ഞു് രാ​ജാ​ക്ക​ന്മാ​രു​ടേ​യും നാ​ടു​വാ​ഴി​ക​ളു​ടേ​യും സ്ത്രീ​ജ​ന​ങ്ങ​ളു​ടേ​യും മു​മ്പിൽ​വെ​ച്ചു് യു​ദ്ധം നട​ത്തു​ക​യാ​ണു് ഓണ​ത്ത​ല്ലി​ന്റെ പ്ര​ധാന ചട​ങ്ങു്. ഇപ്ര​കാ​ര​മു​ള്ള ഒരു യു​ദ്ധ​ത്തെ ആണു് ഹര്യ​ക്ഷ​സ​മ​രോ​ത്സ​വം എന്നു ഗാ​ന​ത്തിൽ വർ​ണ്ണി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ​ഭോ​ഗം

അക്കാ​ല​ത്തു നട​പ്പി​ലി​രു​ന്ന പല​മാ​തി​രി നി​കു​തി​ക​ളിൽ ചി​ല​തി​നെ​പ്പ​റ്റി താഴെ ഉദ്ധ​രി​ച്ചി​രി​ക്കു​ന്ന ശി​ലാ​ലേ​ഖ​ന​ത്തിൽ നി​ന്നു ഗ്ര​ഹി​ക്കാം.

“സ്വ​സ്തി ശ്രീ​കോ​നേർ ഇൽ​മൈ​കൊ​ണ്ടാൻ യാ​ണ്ടു നാ​ലു​നാൾ നൂ​റ്റൈ​മ്പ​ത്തു​നാ​ലി​നാൽ ഇര​ട്ടൈ പാടി ഏഴരൈ ഇല​ക്ക​മു കൊ​ണ്ടു പേ​രാ​റ്റം​ക​രൈ​യ്ക്കൊ​പ്പ​ത്തു ആഹവ മല്ല​നൈ അഞ്ചു​വി​ത്തു ആനൈ​യും കു​തി​ര​യും പെ​ണ്ടീർ പണ്ടാ​ര​മും കൈ​ക്കൊ​ണ്ടു വിജയ അപി​ഷേ​കം ചെ​യ്തു വീ​ര​സി​ഹാ​സ​ന​ത്തു വീ​റ്റി​രു​ന്ത​രു​ളിന കോ​പ്പ​റ​കേ​ച​രി ന്മാ​രായ ഉടൈ​യാർ ശ്രീ​രാ​ജേ​ന്തി​ര​തേ​വ​ര​കം കൈ​ക്കൊ​ണ്ടു ചോ​ഴ​പു​ര​ത്തു നാം കേരളൻ മാ​ളി​കൈ​യിൽ (തേ​വാ​താന)ത്തു കാ​ടു​വെ​ടി​യിൽ എഴു​ത്തി(ൽ വരി​യി​ലി​ട്ടി​രു)ന്ത രാ​ജ​രാ​ജ​പാ​ണ്ടി​നാ​ടു ഉത്ത​മ​ചോ​ഴ​വ​ള​നാ​ട്ടു​പ്പു​റ​ത്തായ നാ​ടു​ക്കു​മ​രി​യാ​ന​കം (കൈകൊ)ണ്ട ചേ​ര​ഴ​പു​ര​ത്തു കന്നി​പ്പി​ടാ​രി​യാർ തേ​വ​താ​ന​മാന വി​ട​ക്ക​ടവ ഊർ​ക്ക​ഴ​ഞ്ചു (1) കു​മ​രി​ക്ക​ച്ചാ​ണ​മു (2) മീൻ​പാ​ട​മും (3) തറി​പ്പു​ടൈ​വൈ​യും (4) തട്ടാ​ര​പ്പാ​ട​മും (5) ഉള്ളി​ട്ട കീ​ഴി​രൈ​പാ​ട​മും മേ​ര​മും​തി​ങ്കൾ കരമേ കാ​ല​ള​വു പാ​ട്ട​മും (6) കാ​വൽ​ക്കൂ​ലി​യും (7) കോൽ​ക്കൂ​ലി​യും (8) ആട്ടു​പ്പാ​ട്ട​മും (9) പേർ​മു​ത​ലാ​യ​മും (10) തര​കു​കൂ​ലി​യും (11) അന്ത​രാ​യ​ങ്കൾ കരൈ​ക്കു​ട​ലാ​യ് വരു​കി​റൈ പടി​യാ​ണ്ടു നാലിൽ പല​മു​തൽ തവിർ​ന്ത​രു​ളിന (കട​മൈ​വേ)ണ്ടും നി​വ​ന്ത​ങ്ക​ളു​ക്കു ഇരു​പ്പ​താ​ക​വും ഇവ്വൂർ രാ​ജ​രാ​ജേ​ശ്വ​ര​മു​ടൈയ തേ​വ​താ​ന​മാന ഊർകൾ, കടവ ഊർ​ക്ക​ഴ​ഞ്ചു കു​മ​രി​ക്ക​ച്ചാ​ണ​വും, മീൻ​പാ​ട​മും, തറി​ഇ​രൈ തടാ​ര​മും ഉള്ളി​ട​കീ​ഴി​രൈ​പ്പാ​ടം മു​ത​ലാന പാ​ട​വും പാ​ടി​കാ​വർ​കൂ​ലി​യും ആട്ടു​പ്പാ​ട്ട​മും (12) കാ​ല​ള​വു​പാ​ട്ട​മും പാ​ടി​കാ​വർ​കൂ​ലി​യും ആട്ടു​പ്പാ​ട്ട​മും പേർ മു​ത​ലാ​യ​മും തര​കു​കൂ​ലി​യും ഉള്ളിട അന്ത​രാ​യ​ങ്കൾ കരൈ​ക്ക​ട​ലാ​യ് വരു​കി​ന്റ പടി​യാ​ണ്ടു നാ​ല​വ​തു മുതൽ തവിർ​ന്തു ഇത്തേ​വർ​ക്കു​വേ​ണ്ടി നി​വ​ന്ത​ങ്ക​ളു​ക്കു ഇറ​പ്പ​താ​ക​വും ഇവ്വൂർ രാ​ജ​ന​രാ​ജൻ ചാ​ലൈ​ക്കു​പോ​ക​മാന ഊർകൾ കടവ ഊർ​ക്ക​ഴ​ഞ്ചു കു​മ​രി​ക്ക​ച്ചാ​ണ​മും മീൻ​പാ​ട്ട​മും ഇലൈ​വാ​ണി​യ​പ്പാ​ട്ട​മും കാ​ല​ള​വു പാ​ട്ട​മും പാ​ടു​കാ​വർ​കൂ​ലി​യും ആട്ടു​പ്പാ​ട്ട​മും നേർ മു​ത​ലാ​യ​മും തര​കു​കൂ​ലി​യും ഉള്ളിട അന്ത​രാ​യ​ങ്കൾ കരൈ​ക്കു​ട​ലാ​യ് വരു​കിൻറ പടി​യാ​ണ്ടു നാ​ലാ​വ​തു മുതൽ തവിർ​ന്തു​വേ​ണ്ടു നി​വർ​ന്ത​ങ്ക​ള​ക്കു ഇരു​പ്പ​താ​ക​വും. [16]

ഇപ്പ​ടി​യാ​ണ്ടു നാ​ലാ​വ​തു​മു​തൽ ഇര​യി​ലി​യാ​ക​വ​രി​യി​ല​ത്തി​രു​വാ​യ് മൊ​ഴി​ന്ത​രു​ളി​നാർ എൻറു തി​രു​മ​ന്തി​ര​വോ​ലൈ ജയം കൊ​ണ്ടു ചോ​ഴ​മ​കാ​രാ​ജൻ എഴു​പ​ത്തി​നാ​ലും തി​രു​മ​ന്തി​ര​വോ​ലൈ നായകം ഉത്ത​മ​ചോ​ഴ​കോ​നും രാ​ജ​രാജ ബ്ര​ഹ്മ​രാ​യ​നും കാ​ലി​ങ്ക​രാ​ജ​നും തൊ​ണ്ടൈ​മാ​നും തി​രു​പു​വ​ന​പ്പ​ല്ല​വൻ നാ​ടു​ടൈ​യോ​നും പൂ​പേ​ന്തി​ര​ചോഴ കകന തി​രു​വ​പ്പോ​ര​യ​നും ഒപ്പി​ട്ടു​പ്പു​ക​ന്ത കേൾവി വരി​യി​ട്ടു​കൊൾക എൻറു ചി​ല്ല​വ​രാ​ജ​രും കാ​ടു​വെ​ട്ടി​ക​ളും ഏവ ഇവർകൾ ഏവി​ന​പ​ടി ഉടൻ കൂ​ട​ത്തു അധി​കാ​രി​കൾ,

രാ​ജ​രാ​ജ​മ​ഴ​വ​രാ​യ​രും
രാ​ജ​രാജ ചോ​ഴ​ബ്ര​ഹ്മ​രാ​യ​രും–

491 കുംഭം 21-​ാംതീയതിയിലെ കേ​ര​ള​പു​രം രേ​ഖ​യിൽ ഓതിരൈ, അഴ​കെ​രു​തു, പന​ക്ക​രം, കരൈ​പ്പാ​ട്ടം, ആനൈ​വ​രി മു​ത​ലായ മറ്റു ചില കര​ങ്ങ​ളേ​യും പ്ര​സ്താ​വി​ച്ചി​ടു​ണ്ടു്.

ഏതൽ​ക്കാ​ല​സ്ഥി​തി​ഗ​തി​ക​ളെ രാ​മ​വർ​മ്മ അപ്പൻ​ത​മ്പു​രാൻ തി​രു​മ​ന​സ്സു​കൊ​ണ്ടു് ഭൂ​ത​രാ​യർ എന്ന ആഖ്യാ​യി​ക​യിൽ ഇങ്ങ​നെ സര​സ​മാ​യി വർ​ണ്ണി​ച്ചി​രി​ക്കു​ന്നു. [17]

“കൂ​രോ​ടു മേഞ്ഞ പുരകൾ കേ​ര​ള​ത്തിൽ അന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഓല​മേ​ഞ്ഞ അര​മ​ന​കൾ അര​ച​രു​ടെ അവ​സ്ഥ​യ്ക്കൊ​രു കു​റ​വും വരു​ത്തി​യി​രു​ന്നി​ല്ല. വയ്ക്കോൽ​പ്പു​ര​യിൽ പാർ​ത്തി​രു​ന്ന വലി​യ​വ​രെ​ക്കു​റി​ച്ചു കു​റ്റ​വും കു​റ​വും ആരും പറ​ഞ്ഞി​രു​ന്ന​തും ഇല്ല. എട്ടു​കെ​ടും നട​പ്പു​ര​യും തെ​ക്കേ​ക്കെ​ട്ടു​മാ​ളി​ക​യും ആയാൽ നാ​ടി​ന്നു​ട​യ​വ​ന്റെ പെ​രു​മ​യ്ക്കു പോ​ന്ന​താ​യി. നാ​ലു​കെ​ട്ടും പു​ര​യും നാ​ലു​പേർ കേടാൽ നി​ര​ക്കാ​തി​രു​ന്നി​ല്ല. പദ​വി​യി​ല്ലാ​ത്ത​വർ പടി​പ്പുര പണി​താൽ നാ​ട്ടി​ലൊ​ക്കെ കൂ​ട്ട​വും കു​റി​യു​മാ​യി. പാ​മ്പിൻ​കാ​വും മു​ല്ല​ത്ത​റ​യ്ക്കൽ ഭഗ​വ​തി​യും നടു​മു​റ്റ​ത്തു തു​ള​സി​ത്ത​റ​യും വട​ക്കി​നി​യി​ലോ പടി​ഞ്ഞാ​റ്റ​യി​ലോ പര​ദേ​വ​ത​യും ഇല്ലാ​ത്ത തറ​വാ​ടു​കൾ തറ​വാ​ടു​ക​ളാ​യി​രു​ന്നി​ല്ല. നാ​ല്പ​ത്തീ​ര​ടി നിലം വീതം നാ​ടു​തേ​ാ​റും കേ​ര​ള​ത്തിൽ കള​രി​കൾ​ക്കാ​യി ഉഴി​ഞ്ഞി​ട്ടി​രു​ന്നു. നൂ​റ്റെ​ട്ടു നാ​ല്പ​ത്തീ​ര​ടി നി​ല​ങ്ങൾ​ക്കു് ആശാ​യ്മ​സ്ഥാ​നം വഹി​ച്ചി​രു​ന്ന പണി​ക്ക​ന്മാ​രും കു​റു​പ്പ​ന്മാ​രും കു​ടി​വെ​ച്ചി​രു​ന്ന കാ​ര​ണ​വ​ന്മാർ​ക്കും കു​ല​ദൈ​വ​ങ്ങൾ​ക്കും കണ​ക്കിൽ കവി​ഞ്ഞു​കു​ടി​യി​രു​പ്പു​കൾ ഏർ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ലോ​കർ കു​ടി​പാർ​ത്തി​രു​ന്ന ഇട​ങ്ങ​ളിൽ അമ്പ​ല​ങ്ങ​ളും കു​ള​ങ്ങ​ളും ചി​റ​ക​ളും ചാ​ലു​ക​ളും പു​ഴ​ക​ളും പാ​ട​ങ്ങ​ളും അടി​പ​ര​ന്ന അര​യാ​ലു​ക​ളും മുടി കു​ളുർ​ത്ത മു​ല്ല​മ​ലർ​ക്കാ​വു​ക​ളും ഒത്തി​ണ​ങ്ങി ജല​സൗ​ഖ്യ​ത്തേ​യും ലോഭം കൂ​ടാ​തെ നൽ​കി​യി​രു​ന്നു. ഒരി​ട​ത്തു പട​നി​ലം, മറ്റൊ​രി​ട​ത്തു കൈ​നി​ലം. കോട, കൊ​ത്ത​ളം, കഴു​നി​ലം, കൂ​ത്തു​പ​റ​മ്പു്, നി​ല​വാ​ട്ടു​തറ, പട്ടി​ണി​പ്പുര മു​ത​ലാ​യി രക്ഷ​യ്ക്കും ശി​ക്ഷ​യ്ക്കും വി​നോ​ദ​ത്തി​നും വി​രോ​ധ​ത്തി​നും ഉത​കു​ന്ന സങ്കേ​ത​സ്ഥാ​ന​ങ്ങൾ അന്ന​ത്തെ നാ​ട്ടു​ന​ട​പ​ടി​ക​ളെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തു​ന്ന ലക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു.

“ഗ്രാ​മ​സ​ങ്കേ​ത​ങ്ങൾ വി​ട്ടാൽ പി​ന്നെ ഉൾ​നാ​ടെ​ന്നും പു​റ​നാ​ടെ​ന്നും ഉള്ള വ്യ​ത്യാ​സം അത്ര കാ​ര്യ​മാ​യി​രു​ന്നി​ല്ല. അവി​ട​ങ്ങൾ ആൾ പെ​രു​മാ​റ്റം കു​റ​ഞ്ഞും കാടു തോടു്, കു​ണ്ടു കുഴി, കല്ലു കരടു കാ​ഞ്ഞി​ര​ക്കു​റ്റി, മു​ള്ളു മു​ര​ട്ടു മൂർ​ക്കൻ​പാ​മ്പു മു​ത​ലാ​യി വി​ജ​ന​സ്ഥ​ല​ങ്ങൾ​ക്കു സഹ​ജ​ങ്ങ​ളായ സാ​മ​ഗ്രി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞും കി​ട​ന്നി​രു​ന്നു. മു​ന്നൂ​റ്റ​വർ, അഞ്ഞൂ​റ്റ​വർ, അറു​ന്നൂ​റ്റ​വർ, ഒന്നു​കു​റ​ഞ്ഞ് ആയി​ര​ത്ത​വർ, അയ്യാ​യി​ര​ത്ത​വർ എന്നു തു​ട​ങ്ങിയ നാ​ടു​വാ​ഴി​ത്ത​ല​വ​ന്മാ​രു​ടേ​യും തളി​യാ​തി​രി​മാ​രു​ടേ​യും ചേവകം ഏറ്റു​കൊ​ണ്ടും നാ​യാ​ട്ടു നട​ത്തി​ക്കൊ​ണ്ടും കാ​ല​ക്ഷേ​പം കഴി​ച്ച​പോ​ന്ന​കാ​വൽ​ച്ചെ​ങ്ങ തി​ക​ളു​ടെ കു​ടി​യി​ട​ങ്ങ​ളും അവർ വി​ല്ലു കു​ത്തി കണ്ണു​റ​പ്പി​ച്ചു നിൽ​ക്കു​ന്ന മാ​ടു​ക​ളും മേ​ടു​ക​ളും ഈ വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ളിൽ അവി​ട​വി​ടെ ചി​ന്നി​ച്ചി​ത​റി​ക്കി​ട​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. ഓരോരോ ചേ​രി​ക്കാർ പട​യാ​ളി​ക​ളെ പാർ​പ്പി​ച്ചി​രു​ന്ന​തും, കു​റ്റി​യും വാ​ട​യും തീർ​ത്തു​റ​പ്പി​ച്ചി​രു​ന്ന​തും ആയ ചേ​റ്റിൽ കൊ​ടി​ലു​ക​ളെ​ന്നും പട​ക്കൊ​ടി​ലു​ക​ളെ​ന്നും പറ​ഞ്ഞു​വ​ന്നി​രു​ന്ന സങ്കേ​ത​ങ്ങ​ളും എതി​രാ​ളി​ക​ളു​ടെ കയ്യേ​റ്റ​ങ്ങ​ളു​ണ്ടാ​വു​ന്ന അതി​രു​ക​ളിൽ അങ്ങു​മി​ങ്ങും കണ്ടി​രു​ന്നു.”

***

“ദേ​ശ​സ​ഞ്ചാ​ര​ത്തി​നെ​ന്ന​ല്ല ദേശം പക​രു​വാൻ തന്നെ, ഇന്ന​ത്തെ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും അന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഇട്ടു​പ​ടി ചാ​ടി​ക്ക​ട​ക്ക​ണം, കടമ്പ കേ​റി​ക്ക​ട​ക്ക​ണം, കല്ലും മു​ള്ളും നോ​ക്കി​ച്ച​വു​ട​ണം, കു​ണ്ട​നി​ട​വ​ഴി​യിൽ കു​നി​ഞ്ഞു​ന​ട​ക്ക​ണം, വര​മ്പ​ത്തു വഴു​ക്കാ​തെ നോ​ക്ക​ണം. വരു​ന്ന​വർ​ക്കൊ​ക്കെ വഴി മാ​റി​ക്കൊ​ടു​ക്ക​ണം, തോടു കവ​ച്ചു കട​ക്ക​ണം, ചാലു ചാ​ടി​ക്ക​ട​ക്ക​ണം, പുഴ നീ​ന്തി​ക്ക​ട​ക്ക​ണം, കു​ണ്ടി​റ​ങ്ങി​ക്ക​യ​റ​ണം, കു​ന്നു​കേ​റി മറി​യ​ണം. ഇങ്ങ​നെ​യു​ള്ള യാ​ത്ര​യ്ക്കു് ഏക​ദേ​ശം ഒത്ത​തു​ത​ന്നെ ആയി​രു​ന്നു അന്ന​ത്തെ വാ​ഹ​ന​ങ്ങ​ളും. തണ്ടിൽ കേറി മലർ​ന്നു​കി​ട​ന്നാൽ, തണ്ടെ​ല്ലു നി​വർ​ത്തു​വാൻ അമാ​ല​ന്മാ​രു​ടെ അനു​വാ​ദം വേണം. മഴ പെ​യ്താൽ മു​ക്കാ​ലും കൊ​ള്ളാം. തണ്ടെ​ടു​ത്തു മൂ​ളി​ക്കു​ന്ന​വ​രു​ടെ കാ​ലി​ട​റാ​തെ​യി​രു​ന്നാൽ വീ​ഴാ​തെ​യും കഴി​ക്കാം. കു​തി​ര​യെ നട​ത്തു​ന്ന​ത​ല്ലാ​തെ ഓടി​ക്കു​വാൻ അഭ്യാ​സി​കൾ​ക്കൊ​ഴി​കെ സാ​ധാ​ര​ണ​ക്കാർ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. അപൂർ​വ്വം ചി​ലർ​ക്കു​മാ​ത്ര​മേ ആന​പ്പു​റ​ത്തു കയറി നട​ക്കു​വാൻ അധി​കാ​ര​മു​ണ്ടാ​യി​രു​ന്നു​ള്ളു. പട​യ്ക്കു​പോ​കു​ന്ന പ്ര​മാ​ണി​ക​ളും കി​ടാ​ങ്ങ​ളും ഒഴികെ ആരും ആൾ​ക്ക​ഴു​ത്തിൽ കയറുക പതി​വു് ഉണ്ടാ​യി​രു​ന്നി​ല്ല.”

“വി​നോ​ദ​ങ്ങൾ​ക്കു​ള്ള വഴികൾ മലർ​ക്കേ തു​റ​ന്നു​ത​ന്നെ കി​ട​ന്നി​രു​ന്നു. ആചാ​ര​നി​ഷ്ഠ​യ്ക്കും മത​വി​ശ്വാ​സ​ത്തി​നും ഉറ​പ്പും പര​പ്പും കൂ​ടി​യി​രു​ന്നു. വീ​ര്യ​വും ശൗ​ര്യ​വും കൂ​റു​മ​ത്സ​ര​വും സ്ഥാ​ന​വ​ഴ​ക്കും മു​ഴു​ത്തി​രു​ന്ന കാ​ല​മാ​യി​രു​ന്ന​തു​കൊ​ണ്ടു് കാ​ല​ക്ഷേ​പ​ത്തി​ന്നു കഷ്ട​പ്പാ​ടൊ​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല. അങ്കം​വെ​ട്ടു്, പടകളി, ഓണ​ത്ത​ല്ലു തു​ട​ങ്ങിയ വീ​ര​പ​രീ​ക്ഷ​ക​ളും ചൂ​തു​ക​ളി, ചതു​രം​ഗം, തല​പ്പ​ന്തു മു​ത​ലായ വീ​ട്ടു​വി​നോ​ദ​ങ്ങ​ളും, കാരം, കടു​ന്തു​ടി തൊ​ടു​ള്ള കു​ടി​ക്ക​ളി​ക​ളും, കൈ​കൊ​ട്ടി​ക്ക​ളി, ഉഴി​ഞ്ഞാൽ എന്നു തു​ട​ങ്ങിയ അബ​ലാ​ലീ​ല​ക​ളും കൂ​ത്തും​പാ​ട്ടും, കൊ​ട്ടും വേ​ല​യും മറ്റു​മാ​യി നാ​നാ​ജാ​തി​കൾ​ക്കും പല പ്രാ​യ​ങ്ങൾ​ക്കും, അനേക രു​ചി​ഭേ​ദ​ങ്ങൾ​ക്കും, എല്ലാ സ്ഥാ​ന​ങ്ങൾ​ക്കും, ആണു​ങ്ങൾ​ക്കും പെ​ണ്ണു​ങ്ങൾ​ക്കും, പാ​ക​ത്തി​നു​ള്ള വിവിധ വി​നോ​ദ​ങ്ങൾ കാ​ണ്മാ​നും കേൾ​പ്പാ​നും അനു​ഭ​വി​പ്പാ​നും ഒത്ത​വ​ണ്ണം വേ​ണ്ടു​വോ​ള​മു​ണ്ടാ​യി​രു​ന്നു.”

“കല​ക്ക​മി​ല്ലാ​ത്ത കല്യാ​ണ​പ്പ​ന്തൽ മല​നാ​ട്ടി​ലെ​ങ്ങും ഉണ്ടാ​യി​രു​ന്നി​ല്ല. കൂറു ചൊ​ല്ലി​യും സ്ഥാ​നം പി​ടി​ച്ചും വഴ​ക്കി​ല്ലാ​ത്ത വീ​ടു​ക​ളി​ല്ല. അടി​പി​ടി​യി​ല്ലാ​ത്ത അടി​യ​ന്തി​ര​ങ്ങൾ ഇല്ല. പേ​രു​കേ​ട്ടോ​രു പൊ​ങ്കൊ​ടി​യാൾ​ക്കു വേ​ണ്ടി പ്രാ​ണൻ കളവാൻ മടി​ച്ചി​രു​ന്ന​വ​രി​ല്ല. തന്ന​തും തി​ന്ന​തും മറ​ക്കു​ന്ന​വ​രി​ല്ല. നാണം കെട്ട നാ​യ​രി​ല്ല. മാ​നം​കെ​ട്ട മനു​ഷ്യ​നി​ല്ല. നേ​രി​ല്ലാ​ത്ത​വ​രാ​രു​മി​ല്ല. കോ​ണ​വും കു​ടു​മ​യും നേരും നെ​റി​യും വി​ടു​ള്ള മര്യാ​ദ​ക​ളും അന്നൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.”

“കൊ​ടു​ക്കേ​ണ്ടും പണം കൊ​ടു​ക്കാ​തി​രു​ന്നാൽ പട്ടി​ണി​പ്പു​ര​യി​ലോ പടി​പ്പു​ര​യി​ലോ കു​ള​പ്പു​ര​യി​ലോ പട്ടി​ണി​കി​ട​ന്നു കട​ക്കാ​ര​ന്റെ കുടി കെ​ടു​ത്തോ, കള്ള​ക്കു​റ്റി പി​രി​ച്ചോ അല്ലാ​തെ പി​ന്തി​രി​ക​യി​ല്ല. തറ​വാ​ടു​കൾ തമ്മിൽ വൈ​ര​മു​ണ്ടാ​യാൽ വാ​ളെ​ടു​ത്തു കു​ടി​പ്പക വീടും. ‘ഇണ​ങ്ങീ​ടെ​ങ്കിൽ പൊ​ട്ടു്, പി​ണ​ങ്ങീ​ടെ​ങ്കിൽ വെ​ട്ടു്,’ എന്നാ​യി​രു​ന്നു അക്കാ​ല​ത്തെ ന്യാ​യം. കൂ​റു​ചൊ​ല്ലി വഴ​ക്ക​ടി​ച്ചാൽ പട​വെ​ടി കാ​ര്യം തീർ​ക്കും. ഇരു​പേർ തമ്മിൽ മത്സ​രി​ച്ചു മരണം വന്നു സം​ഭ​വി​ച്ചാൽ കൊ​ന്ന​വ​നെ​യും കൊ​ന്നു്, ചത്ത​വ​ന്റെ ശവം മാ​റ്റാ​ന്റെ മു​റ്റ​ത്തു വെ​ടി​ക്കൂ​ടി ദഹി​പ്പി​ച്ചു് കത്തു​ന്ന ചി​ത​യിൽ കാ​ളു​ന്ന കൊ​ള്ളി​യെ​ടു​ത്തു് പുര ചു​ട്ടു​ക​രി​ച്ചി​ല്ലെ​ങ്കിൽ, മറു​വീ​ട്ടു​കാ​രു​ടെ തല പി​ന്നെ താ​ഴ്ത്തീ​ട​ല്ലാ​തെ കാ​ണു​ക​യി​ല്ല. നാലാൾ കൂ​ടു​ന്ന കൂ​ടു​ന്ന ദി​ക്കിൽ അവരെ നോ​ക്കീ​ടും ആവ​ശ്യ​മി​ല്ല. യജ​മാ​ന​ന്മാ​രെ പ്രാ​ണ​നിൽ പരം സ്നേ​ഹി​ച്ചി​രു​ന്ന ചാവേർ എന്നു കേളി കേ​ട്ടു കൂ​ട​ക്കാർ മല​നാ​ടി​ലെ മാ​ന്യ​കു​ടും​ബ​ങ്ങ​ളിൽ​പ്പെ​ട്ട പ്ര​ധാ​നി​ക​ളാ​യി​രു​ന്നു. അവർ ആശ്ര​യി​ച്ചു നിൽ​ക്കു​ന്ന സ്ഥാ​നി​ക​ളു​ടെ മാ​ന​വും ജീ​വ​നും കാ​ക്കു​വാൻ വേ​ണ്ടി വാ​ളെ​ടു​ത്താൽ പി​ന്നെ ഉയി​ര​റ്റു​വീ​ഴു​ന്ന​തു​വ​രെ ഒഴി​ക്കു​ന്ന​ത​ല്ല.”

“പങ്ങ​ച്ചാ​രു, കേ​ള​ച്ചാ​രു, ഇടി​ണി​ക്ക​ണ്ടൻ, കു​ഞ്ഞി​ടു​ണ്ണാൻ തൊട പു​രു​ഷ​നാ​മ​ങ്ങൾ പെ​ണ്ണു​ങ്ങൾ​ക്കൊ​ടും പി​ടി​ക്കാ​യ്ക​യി​ല്ല. ആട്ടി, ഇടാ​ട്ടി, ഇട്ടി​ച്ചി​രി, ചക്കി, ചിരുത, നങ്ങ തു​ട​ങ്ങിയ കാ​മി​നീ​മ​ണി​കൾ​ക്കി​ട്ടി​രു​ന്ന ഓമ​ന​പ്പേ​രു​കൾ ആണു​ങ്ങൾ​ക്കു മധു​ര​ങ്ങ​ളാ​യി​ത്ത​ന്നെ​യാ​ണ് തോ​ന്നി​യി​രു​ന്ന​ത്. മൃ​ദു​ള​ങ്ങ​ളും സര​ള​ങ്ങ​ളും ആയ വർ​ണ്ണ​ങ്ങൾ ചേർ​ത്തു കോർ​ത്തു കർ​ണ്ണാ​ന​ന്ദ​മു​ള​വാ​ക്ക​ത്ത​ക്ക​വ​ണ്ണം ഉണ്ടാ​ക്കി​യി​ടു​ള്ള നാ​മ​ധേ​യ​ങ്ങ​ളിൽ പഴ​കീ​ട്ടു​ള്ള ഇപ്പോ​ഴ​ത്തെ പരി​ഷ്കൃ​ത​ലോ​കം പണ്ട​ത്തെ പേ​രു​കൾ​കേ​ടു് പരി​ഭ്ര​മി​ക്കു​ന്നു​വെ​ങ്കിൽ കാലം പോയ പോ​ക്കും, രുചി മാ​റു​ന്ന മടും, സമു​ദാ​യ​മ​ര്യാ​ദ​യു​ടെ നീ​ക്കു​പോ​ക്കും വഴി​പോ​ലെ വി​ചാ​രി​ച്ചു് പണ്ട​ത്തെ​പേ​രു​ക​ളു​ടെ സ്വ​ര​സം അനു​ഭ​വി​ക്കാൻ ഒരു​ങ്ങുക തന്നെ വേണം.”

***

“ഇന്ന​ലെ​ക്ക​ണ്ട​വ​സ്ത്ര​ങ്ങ​ളും ഭൂ​ഷ​ണ​ങ്ങ​ളും ഇന്നേ​ക്കു മാ​റി​മാ​റി കാ​ണു​ന്ന​തോർ​ത്താൽ ആയി​ര​ത്തെ​ണ്ണൂ​റു​കാ​ലം മു​മ്പു​ള്ള ആട​ക​ളും ആഭ​ര​ണ​ങ്ങ​ളും എങ്ങ​നെ ആയി​രു​ന്നു എന്നു​ചോ​ദി​ച്ചാൽ അങ്ങ​നെ​ത​ന്നെ എന്നേ മറു​പ​ടി പറവാൻ കാ​ണു​ന്നു​ള്ളു. അണി​യു​ന്ന ഇന​ത്തിൽ ആണും പെ​ണ്ണും എന്ന ഭേദം അക്കാ​ല​ങ്ങ​ളിൽ അത്ര കണ​ക്കാ​ക്കി​യി​രു​ന്നി​ല്ല. കാ​തി​ലോല, മണി​ക്കാ​തില, താലി, തണ്ടും മോ​തി​രം, തൂ​ക്കും​കു​ഴ​ലു്, കു​ഴൽ​മോ​തി​രം, തരിവള, നാ​ഗ​പൊ​ന്മ​ണി മോ​തി​രം, അര​ഞ്ഞാൺ, ചി​ല​മ്പു​തൊ​ടു​ള്ള പണ്ട​ങ്ങൾ അണി​ഞ്ഞ പൊ​ന്മ​കൾ​ക്കെ​തി​രാ​യി​ട്ടു്, പൊ​ന്മ​ക​നാ​ക​ടെ, നെ​റു​ക​യ്ക്കു് നീർ​പ്പൂ​വും നെ​റ്റി​ക്കു നെ​റ്റി​പ്പ​ട്ടം, കഴു​ത്തി​നു കൊ​ര​ലാ​രം, മാ​റി​ന്നു മാർ​ത്താ​ലി, വയ​റി​ന്നു ഉദ​ര​ബ​ന്ധം, അര​യ്ക്കു അല്ലി​ചൊട, കാ​ലി​ന്നു കാൽ​ചി​ല​മ്പു്, കൈ​ര​ണ്ടി​നും കനകവള, വിരൽ പത്തി​നും മണി​മോ​തി​ര​ങ്ങ​ളും ചേർ​ത്ത​ണി​ഞ്ഞ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​റി​ല്ല. മു​ടി​പ്പ​ടം കെ​ടാ​വു​ന്ന പു​രു​ഷ​ന്മാർ​ക്കേ മു​ട്ടി​നു താഴെ മു​ണ്ടു ചു​റ്റി​ക്കൂ​ടൂ. മടി​ക്കു​ത്തു​ര​ണ്ടും മു​യൽ​ച്ചെ​വി​യാ​ക്കി, മട​ക്കി​ക്കു​ത്തി, കോ​ന്തല രണ്ടും കേ​റ്റി​യു​ടു​ക്കും. പ്രാ​യം കവി​ഞ്ഞ പെ​ണ്ണു​ങ്ങ​ളാ​രും ഞാ​ത്തി​യു​ടു​ത്തു നട​ക്കാ​റി​ല്ല. പ്രാ​യം ചെന്ന പെൺ​കി​ടാ​ങ്ങൾ​മാ​ത്രം മു​ണ്ടു മട​ക്കി മാറു മറ​യ്ക്കും. ഇട​ക്കര, തു​ട​ക്കര, പട്ടു​ക്കര തൊ​ടു​ള്ള കര​മു​ണ്ടു​ക​ളാ​യി​രു​ന്നു പണ്ടു നട​പ്പു​ണ്ടാ​യി​രു​ന്ന​തു്.”

അന്യ​മ​ത​ക്കാർ

ബു​ദ്ധ​മ​ത​വും ജൈ​ന​മ​ത​വും കേ​ര​ള​ത്തിൽ​നി​ന്നു് നി​ശ്ശേ​ഷം മാ​ഞ്ഞു​പോ​യി​രു​ന്നി​ല്ല. നാ​ഗർ​കോ​വി​ലി​ലേ നാ​ഗ​രാ​ജ​ക്ഷേ​ത്ര​ത്തൂ​ണു​ക​ളിൽ എഴു​തി​യി​രി​ക്കു​ന്ന രണ്ടു ലേ​ഖ​ന​ങ്ങ​ളിൽ [18] ഗു​രു​വീ​ര​പ​ണ്ഡി​ത​നെ​ന്നും, കമ​ല​വാ​ഹന പണ്ഡി​ത​നെ​ന്നും രണ്ടു ജൈ​ന​പു​രോ​ഹി​ത​ന്മാർ​ക്കു ഭൂ​ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തി​നെ വി​വ​രി​ച്ചി​രി​ക്കു​ന്ന​തി​നാൽ ഏക​ദേ​ശം എഴു​നൂ​റാ​മാ​ണ്ടു​വ​രെ ജൈ​ന​മ​തം കേ​ര​ള​ത്തിൽ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ന്നു കാണാം.

മഹ​മ്മ​ദു​മ​ത​വും ക്രി​സ്തു​മ​ത​വും ഉത്ത​രോ​ത്ത​രം അഭി​വൃ​ദ്ധി​യെ പ്രാ​പി​ച്ചു​കൊ​ണ്ടി​രു​ന്നു. കേ​ര​ള​രാ​ജാ​ക്ക​ന്മാർ അവർ​ക്കു വേ​ണ്ടു​ന്ന സൗ​ക​ര്യ​ങ്ങൾ എല്ലാം ചെ​യ്തു​കൊ​ടു​ത്തു. 696 ചി​ത്തിര 15-നു കു​മ​രി​മു​ട​ത്തു കരി​ങ്കൽ​ത്തൂ​ണിൽ, കു​മ​രി​മു​ട​ത്തു റോമൻ കത്തോ​ലി​ക്കർ​ക്കു കു​മ​രി​മു​ട​ത്തേ​യും ചു​ങ്ക​ത്തീ​രു​വ​കൾ വി​ടു​കൊ​ടു​ത്ത​തി​നെ പ്ര​സ്താ​വി​ച്ചു​കാ​ണു​ന്നു.

കു​റി​പ്പു​കൾ
[1]

അനു​ബ​ന്ധം ‘ഡി’ നോ​ക്കുക

[2]

ക്രി​സ്ത്വ​ബ്ദം ആറാം നൂ​റ്റാ​ണ്ടോ​ടു​കൂ​ടി കദം​ബ​ചൗ​ലു​ക്യ രാ​ജ​വം​ശ​ക്കാർ മല​യാ​ള​ത്തിൽ പ്ര​വേ​ശി​ച്ചു. അപ്പോൾ തി​രു​വി​താം​കൂർ രാ​ജാ​വും കോ​ല​ത്തി​രി​യും യോ​ജി​ച്ചു് അവരെ കേ​ര​ള​ത്തിൽ​നി​ന്നു് ഓടി​ച്ചു​ക​ള​ഞ്ഞ (മി) സ്റ്റേ​റ്റു​മാ​നു​വൽ കൊ​ല്ല​വർ​ഷം 540-ൽ രണ്ടു റാ​ണി​മാ​രെ കോ​ല​ത്തു​നാ​ടിൽ​നി​ന്നു വേ​ണാ​ടി​ലേ​ക്കു ദത്തെ​ടു​ത്തു.

[3]

യദു​വം​ശ​ക്കാർ വി​ഴി​ഞ്ഞ​ത്തു​നി​ന്നും കൊ​ല്ല​ത്തേ​ക്കു​മാ​റി ആ നഗ​ര​ത്തെ ഉദ്ധ​രി​ച്ച​തി​ന്റെ സ്മാ​ര​ക​മാ​യി കൊ​ല്ല​വർ​ഷം ആരം​ഭി​ച്ച​താ​ണെ​ന്നാ​ണു് മി​സ്റ്റർ പത്മ​നാ​ഭ​മേ​നോ​ന്റെ ഊഹം. ഈ ഊഹം ശി​രി​യാ​വാൻ തര​മി​ല്ല. രണ്ടാം പരാ​ന്ത​ക​ച​ട​യ​നാ​ണു് യദു​വം​ശ​ത്തെ വി​ഴി​ഞ്ഞ​ത്തു നി​ന്നും ഓടി​ച്ച​തു്. അതു് ഏ. ഡി. പത്താം​ശ​ത​ക​ത്തി​ലു​മാ​യി​രു​ന്നു. എന്നു മാ​ത്ര​വു​മ​ല്ല, പത്താം​ശ​ത​ക​ത്തി​നി​ട​യ്ക്കു് അവ​രു​ടെ കു​ടും​ബ​ത്തിൽ ഒരു ഉദ​യ​മാർ​ത്താ​ണ്ഡ​വർ​മ്മ ഉണ്ടാ​യി​രു​ന്ന​താ​യി ലക്ഷ്യ​വു​മി​ല്ല.

[4]

പറവൂർ

[5]

കോ​ഴി​ക്കോ​ടു്, ഏറ​നാ​ടു്, വള്ളു​വ​നാ​ടു്, പൊ​ന്നാ​നി, പാ​ല​ക്കാ​ടു് മു​ത​ലായ താ​ലൂ​ക്കു​കൾ അട​ങ്ങിയ സ്ഥ​ല​ത്തി​നെ തെ​ക്കെ മല​യാ​ള​മെ​ന്നും ചി​റ​ക്കൽ, കോടയം, കു​റ​വ​നാ​ടു്, വയ​നാ​ടു് ഈ താ​ലൂ​ക്കു​കൾ ഉൾ​പ്പെട ദേ​ശ​ത്തി​നു് വട​ക്കേ മല​യാ​ള​മെ​ന്നും പേർ.

[6]

കോ​ല​ത്തി​രി രാ​ജാ​ക്ക​ന്മാ​രെ​പ്പ​റ്റി പല ഐതി​ഹ്യ​ങ്ങൾ കേ​ടി​ടു​ണ്ടു്. പര​ശു​രാമ മഹർ​ഷി​യാൽ നൽ​ക​പ്പെ​ടി​രു​ന്ന അവ​രു​ടെ അധി​കാ​ര​ങ്ങ​ളും പെ​രു​മാ​ക്ക​ന്മാർ അപ​ഹ​രി​ച്ചി​ല്ലെ​ന്നും ഭാ​സ്ക​ര​ര​വി​വർ​മ്മ​പ്പെ​രു​മാ​ളി​ന്റെ നാ​യർ​പ​ത്നി​യിൽ ഉണ്ടായ രണ്ടു പു​ത്ര​ന്മാ​രെ​യും ഒരു കോ​ല​ത്തി​രി ക്ഷ​ണി​ച്ചു​വ​രു​ത്തി ചൂ​ളി​യിൽ​നാ​യർ നീ​പ്പ​റ്റ നായർ എന്നി​ങ്ങ​നെ പ്ര​ത്യേക സ്ഥാ​ന​ങ്ങ​ളോ​ടു​കൂ​ടിയ ദേ​ശ​വാ​ഴി​ക​ളാ​ക്കി​യെ​ന്നും ആണു് ഒരു ഐതി​ഹ്യം. കോ​ല​ത്തി​രി തളി​പ്പ​റ​മ്പിൽ കരി​പ്പ​ത്തു വാ​ണി​രു​ന്ന കാ​ല​ത്തു് പെ​രി​ഞ്ച​ലൂർ ഗ്രാ​മ​ക്കാ​രായ നമ്പൂ​തി​രി​മാ​രോ​ടു പി​ണ​ങ്ങാൻ ഇട​യാ​യെ​ന്നും അവർ ക്ഷേ​ത്ര​ത്തിൽ കട​ക്കാ​താ​യ​തു​കൊ​ണ്ടു് പൂജ മു​ട​ങ്ങു​ന്ന​താ​യാൽ അദ്ദേ​ഹം ഏഴി​മ​ല​യി​ലേ​ക്കു താമസം മാ​റ്റീ​ടു് തു​ളു​നാ​ടിൽ നി​ന്നും കുറെ ബ്രാ​ഹ്മ​ണ​രെ കൊ​ണ്ടു​വ​ന്നു് അഞ്ചു ദേ​ശ​ങ്ങ​ളി​ലാ​യി താ​മ​സി​പ്പി​ച്ചു​വെ​ന്നും അവർ കാ​ല​ക്ര​മേണ മല​യാ​ളാ​ചാ​ര​ങ്ങൾ സ്വീ​ക​രി​ച്ചു​വെ​ന്നും അഞ്ചു​ദേ​ശി​കൾ എന്നു പറ​ഞ്ഞു​വ​രു​ന്ന​തു് അവരെ ആണെ​ന്നും വേ​റൊ​രു ഐതി​ഹ്യം.

[7]

പുരളീ വര​വ​ഞ്ചി​കേ​ര​ള​ന​ര​പാ​ലൻ കര​ളീ​ലി​രു​ന്ന​രു​ളീ​ടുക വാ​ണി​മാ​തേ —വൈ​രാ​ഗ്യ ചന്ദ്രോ​ദ​യം.

[8]

ഇന്നും നാ​യ​ന്മാ​രെ ചില വർ​ഗ്ഗ​ക്കാർ മാ​ളോ​രെ എന്നു വി​ളി​ക്കാ​റു​ണ്ട​ല്ലോ.

[9]

കൊ. ച.

[10]

“പു​ല​സ്യം അണി​ഞ്ഞാ​ലേ നാ​യ​രാ​വൂ പൂ​ണൂ​ലു​മി​ട്ടാ​ലേ നമ്പൂ​രി​യാ​വൂ മം​ഗ​ല്യ​മ​ണി​ഞ്ഞാ​ലേ നാ​രി​യാ​വൂ” —എന്നി​ങ്ങ​നെ തച്ചോ​ളി​പ്പാ​ടിൽ പറ​ഞ്ഞി​രി​ക്കു​ന്ന​തു നോ​ക്കുക.

[11]

ചിലർ സർ​വ​ശാ​സ്ത്ര​ഭൃ​ത്തു​ക​ളിൽ വെ​ച്ചു് ശ്രേ​ഷ്ഠ​ന്മാ​രും ആയു​ധ​പാ​ണി​ക​ളിൽ വെ​ച്ചു് ഉത്ത​മ​ന്മാ​രു​മാ​കു​ന്നു. അവ​രു​ടെ കള​രി​ക​ളിൽ അഖില ദേ​വ​ത​ക​ളും വർ​ത്തി​ക്കു​ന്നു. ആയു​ധ​പാ​ണി​കൾ പാ​ണീ​പാ​ദ​ഭ​വ​ന്മാ​രാ​യി​രു​ന്നാ​ലും വി​പ്ര​ന്മാ​രാൽ​പ്പോ​ലും മാ​ന്യ​ന്മാ​രാ​ണു്. സാർ​വ്വ​ഭൗ​മ​ന്മാർ​കൂ​ടി അവരെ കണ്ടാൽ എഴു​ന്നേ​ല്ക്ക​ണം. എന്തു​കൊ​ണ്ടെ​ന്നാൽ രാ​ജാ​ക്ക​ന്മാ​രു​ടെ പ്രാ​ണൻ ആയു​ധ​ത്തി​ലാ​ണി​രി​ക്കു​ന്ന​തു്. അവരോ രാ​ജാ​വി​ന്റെ ശാ​സ്ത്ര​ഗു​രു​ക്ക​ന്മാ​രാ​കു​ന്നു.

[12]

കൊ. ച. ഒന്നാം​ഭാ​ഗം.

[13]

അതി​രാ​വി​ലെ ഗം​ഗ​യു​ണർ​ത്തി​ക്കു​ളി​ച്ചു് കടവിൽ തേ​വാ​രം നട​ത്തിയ ശേഷമേ ഓരോ നാ​യ​രും അവ​ന​വ​ന്റെ ജോ​ലി​ക്കു പോ​കാ​റു​ണ്ടാ​യി​രു​ന്നു​ള്ളു.

“അര​യോ​ളം വെ​ള്ള​ത്തി​ലി​റ​ങ്ങി​നി​ന്നു
ഗം​ഗ​യു​ണർ​ത്തി​ക്കു​ളി​ച്ചി​ത​ല്ലോ
കു​ളി​യും കഴി​ഞ്ഞു കയ​റി​വേ​ഗം
കട​വ​ത്തു മന്ത്ര​വും ചൊ​ല്ലീ​ടു​ന്നു
കല്ലി​ന്മേൽ കർ​മ്മ​വും കു​ഴി​ച്ചി​ടു​ന്നു
സൂ​ര്യ​ന്നു വെ​ള്ളം ജപി​ച്ചെ​റി​ഞ്ഞു
കൈ​ര​ണ്ടും കൂ​പ്പി​ത്തൊ​ഴു​തു​നി​ന്നു.”
(തച്ചൊ​ളി​പ്പാ​ട്ടു​കൾ)
[14]

കൊ. ച. ഒന്നാം​ഭാ​ഗം വശം 81–82.

[15]

Camoens.

[16]

(1) Village tithes. (2)(11) Tax Marriage dues. (3) Fishery Tax. (4) Tax on looms. (5) Tax on Goldsmith. (6, 7, 8) Taxes on measure & measurements and protection dues. (9) Cattle Tax. (10) Tax on title deeds. on commissions. (12)Tax on oil merchants

[17]

ഗ്ര​ന്ഥ​കാ​രൻ പെ​രു​മാ​ക്ക​ന്മാ​രു​ടെ കാ​ല​ത്തെ ഉദ്ദേ​ശി​ച്ചാ​ണു് എഴു​തി​യി​രി​ക്കു​ന്ന​തു്. എന്നാൽ ഈ വി​വ​ര​ണം പെ​രു​മാൾ​വാ​ഴ്ച അവ​സാ​നി​ച്ച ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ന്നാ​ണു് അധികം യോ​ജി​ച്ചി​രി​ക്കു​ന്ന​തെ​ന്നു തോ​ന്നു​ന്നു. തച്ചൊ​ളി​പ്പാ​ട്ടു​ക​ളെ​പ്പ​റ്റി ഈ ഗ്ര​ന്ഥ​ത്തിൽ ചെ​യ്തി​രി​ക്കു​ന്ന വി​മർ​ശം വാ​യി​ച്ചു​നോ​ക്കുക.

[18]

ഒന്നു് 681 അല്പ​ശി 21-ാം തി​യ​തി​യും മറ്റൊ​ന്നു് 692 പൂ​രു​ടാ​ശി 29-ാം തീ​യ​തി​യും ഉണ്ടാ​യ​താ​യി​രു​ന്നു.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാ​രാ​യ​ണ​പ​ണി​ക്കർ, കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.