images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
ശങ്കരാചാര്യരും അനാചാരങ്ങളും

യഥാർത്ഥ മഹത്വത്തിന്റെ ചരമാദർശത്തെ ഉദാഹരിക്കുന്ന ശ്രീമഛങ്കരാചാര്യ ഭഗവൽപാദപൂജ്യപാദരുടെ തിരുവവതാരം പോലെ ലോകഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള സംഭവങ്ങൾ വളരെ ചുരുക്കമാകുന്നു. അദ്ദേഹത്തിന്റെ ജനനി ആയ ആര്യാദേവിയെപ്പോലെ തന്നെ ജന്മഭൂമിയായ കേരളക്ഷിതിയും ധന്യയാണെന്നു നിസ്സംശയം പറയാം. തത്വദർശകന്മാർ മുമ്പും പിമ്പും ഉണ്ടായിട്ടുണ്ടു്. “എന്നാൽ ഊർജ്ജസ്വലവും സൂക്ഷ്മതത്വപ്രവിഷ്ടവുമായ ജഗദ്ഗുരുവിന്റെ ദർശനം ഒന്നുകൊണ്ടു മാത്രമാണു് നമ്മുടെ ജ്ഞാനശാസ്ത്രം അഭേദ്യവും സർവോൽകൃഷ്ടവുമായിരിക്കുന്നതു്. കലങ്ങി മറിഞ്ഞു് കുത്തിയൊലിച്ചു് തട്ടിത്തകർന്നൊഴുകുന്ന വെള്ളം നിരപ്പിലെത്തി നിലനിൽക്കുമ്പോൾ നിറഞ്ഞും തെളിഞ്ഞും അഗാധമായി അനക്കം കൂടാതെ ഇരിക്കുന്ന സമ്പ്രദായം ലോകത്തിലുള്ളിടത്തോളം കാലം ആ പൂജ്യപാദർ പ്രപഞ്ചകോലാഹലത്തിൽനിന്നു് മോക്ഷസ്ഥിതിയിലേക്കു കാണിച്ചുതന്നിട്ടുള്ള വഴിക്കും യാതൊരു നീക്കുപോക്കും വരുന്നതല്ല.” [1]

കേരളത്തിനു വെളിയിലുള്ളവരെല്ലാം ഈ ലോകഗുരുവിന്റെ ചരിത്രത്തെ അറിഞ്ഞും ആദരിച്ചും വരവേ, ദൈവദുർനിയോഗം കൊണ്ടായിരിക്കാം, കേരളീയർ അദ്ദേഹത്തിനെ അറുപത്തിനാലു അനാചാരങ്ങളുടെ പ്രതിഷ്ഠാപകൻ എന്ന നിലയിൽ മാത്രമേ അറിയുന്നുള്ളു. തങ്ങളുടെ നാടിനേയും വംശത്തേയും കളങ്കപ്പെടുത്താൻ യാതൊരു മടിയുമില്ലാതിരുന്ന ചില ക്ഷുദ്രബുദ്ധികൾ, കപടപ്രമാണങ്ങൾ ചമച്ചു്, അദ്ദേഹത്തിന്റെ തലയിൽ വെച്ചുകെട്ടിയതു നിമിത്തമാണു് ഇങ്ങനെ ഒരു വിശ്വാസം മലയാളനാടൊട്ടുക്കു പ്രചരിക്കാൻ ഇടയായതു്. ആചാര്യരുടെ യശശ്ചന്ദ്രനെ മറയ്ക്കുന്ന ഈ അപവാദധൂമികയെ അകറ്റുന്നതിനു് ഓരോ മലയാളിയും മനസ്സുറ്റു ശ്രമിക്കേണ്ടതാകുന്നു.

ശങ്കരാചാര്യരുടെ ജീവിതകാലം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു.

“ദുഷ്ടാചാരവിനാശായ
പ്രാദുർഭൂതോ മഹീതലേ;
സ ഏവ ശങ്കരാചാര്യഃ
സാക്ഷാൽ കൈവല്യനായകഃ
നിധിനാഗേ ഭവാന്യബ്ദേ (3889)
വിഭവേ ശങ്കരോദയഃ,
അഷ്ടവർഷേ ചതുർവേദാൻ
ദ്വാദശേ സർവശാസ്ത്രകൃൽ.
ഷോഡശേ കൃതവാൻ ഭാഷ്യം
ദ്വാത്രിംശേ മുനിരഭ്യഗാൽ;
കല്യബ്ദേ ചന്ദ്രനേത്രാങ്ക
വഹ്ന്യബ്ദേ തു ഗുഹാവശഃ (3922)
വൈശാഖേ പൂർണ്ണിമായാം തു
ശങ്കരഃ ശിവതാമഗാൽ.”

ഇത്യാദി പദ്യങ്ങളെ ആധാരമാക്കി മാക്സ്മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും മി: സുന്ദരൻപിള്ള, മി: സീ. എൻ. കൃഷ്ണസ്വാമി അയ്യർ മുതലായ പൌരസ്ത്യന്മാരും, ആചാര്യരുടെ ജീവിതകാലം ക്രി. വ. 788 മുതല്ക്കു് 820–വരെ ആയിരുന്നു എന്നു പറയുന്നു. പ്രൊഫസർ സുന്ദരമയ്യർ ആകട്ടേ ഈ അഭിപ്രായത്തോടു വിയോജിച്ചു്, ആചാര്യരുടെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നിരിക്കണമെന്നു് അഭിപ്രായപ്പെട്ടുകാണുന്നു. പ്രസിദ്ധ പണ്ഡിതനായ മി: ടി. സുബ്ബറാവു അദ്ദേഹത്തിനെ കൂറേക്കൂടി പ്രാചീനനാക്കിയിരിക്കുന്നു. ബുദ്ധമതക്കാരുടെ രേഖകൾ നോക്കിയാൽ, ആചാര്യർ ജനിച്ചതു് ബി. സി. 510–ആണെന്നു കാണാം. സുധന്വഭൂപതി ആചാര്യർക്കു നല്കിയ ഒരു താമ്രശാസനപട്ടം ഇപ്പോഴും ഉണ്ടെന്നും, അതിൽ 2663 എന്ന യൌധിഷ്ഠിരശകം ഉട്ടങ്കിതമായി കാണപ്പെടുന്നുവെന്നും ഒരു വിദ്വാൻ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ഒരു ലക്കത്തിൽ എഴുതിയിരിക്കുന്നതും ഇവിടെ പ്രസ്താവയോഗ്യമാണു്. ഈ വാദകോലാഹലങ്ങൾക്കിടയിൽ നമുക്കു് എന്താണ് ഗതി? ഈ അഭിപ്രായങ്ങൾ എല്ലാം ശരിയാവാൻ തരമില്ലല്ലോ.

ശങ്കരാചാര്യരുടെ ചരിത്രം നിർമ്മിക്കുന്നതിനു് ഉപകരിക്കുന്ന സാമഗ്രികൾ ഒട്ടു വളരെയുണ്ടു്. മാധവീയ ശങ്കരവിജയാദികൾ [2] നിഷ്പ്രയോജകങ്ങളാണെങ്കിലും, കാഞ്ചീശങ്കരാചാര്യമഠത്തിന്റെ അധ്യക്ഷന്മാരായിരുന്ന സർവ്വജ്ഞസദാശിവബോധൻ, ആത്മബോധൻ തുടങ്ങിയ ആചാര്യന്മാർ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും വ്യാഖ്യകളും വിലയേറിയ പ്രമാണങ്ങളാകുന്നു. സദാശിവബോധന്റെ പുണ്യശ്ലോകമഞ്ജരിയിൽ നിന്നു് അദ്ദേഹത്തിന്റെ പൂർവ്വികന്മാരായിരുന്ന മഠാധിപതികളെപ്പറ്റി പല വിവരങ്ങൾ ഗ്രഹിക്കാം. ആത്മബോധൻ ആ ഗ്രന്ഥത്തിനു് ഒരു പരിശിഷ്ടം രചിച്ച് അദ്ദേഹത്തിന്റെ കാലംവരെയുള്ള ഗുരുപരമ്പരയെ പൂർത്തിയാക്കിയിട്ടുമുണ്ടു്. അറുപതാമത്തെ മഠാധിപതിയായിരുന്ന പരമശിവേന്ദ്രസരസ്വതിയുടെ ശിഷ്യനായ സദാശിവബ്രഹ്മേന്ദ്രന്റെ ഗുരുരത്നമാലയും അതിനു് ആത്മബോധൻ രചിച്ചിട്ടുള്ള സുഷമാവ്യാഖ്യയും ആചാര്യരുടെ കാലനിർണ്ണയത്തിനു് അത്യന്തം ഉപകരിക്കുന്നു. ഈ രേഖകൾ കൂടാതെ ഓരോ മഠങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവരികളും സമകാലികകവിതകളുടെ പ്രസ്താവങ്ങളും ആചാര്യകൃതികളിൽ കാണുന്ന ആഭ്യന്തരലക്ഷ്യങ്ങളും ചേർത്തുവെച്ചു് പരിശോധിക്കാതെ ആദിശങ്കരനെപ്പറ്റി ഖണ്ഡിതമായി ഒന്നും നിർണ്ണയിക്കാവുന്നതല്ല.

ആദ്യമായി നമുക്കു് പ്രധാനപ്പെട്ട ശങ്കരാചാര്യമഠങ്ങളിൽനിന്നു ലഭിക്കുന്ന രേഖകളെ കൂലംകഷമായി പരിശോധിച്ചുനോക്കാം. ഈ മഠത്തിന്റെ സ്ഥാപകൻ ആദിശങ്കരൻ തന്നെ ആയിരിക്കണം.

ഗുരുപരമ്പര
ആദിശങ്കരൻ (ബി. സി. 44–12)

1. സുരേശ്വരാചാര്യർ. 2. നിത്യബോധഘനൻ. 3. തത്വബോധഘനൻ 4. ജ്ഞാനോത്തമൻ. 5. ജ്ഞാനഗിരി. 6. സിംഹഗിരീന്ദ്രൻ. 7. ഈശ്വരതീർത്ഥൻ. 8. നൃസിംസതീർത്ഥൻ. (1) 9. വിദ്യാശങ്കരതീർത്ഥൻ (1228–1331). 10. ഭാരതീകൃഷ്ണൻ (1331–1380). 11. വിദ്യാരണ്യൻ (1331–1386) 12. വിദ്യാചാര്യർ. 13. ശ്രീചന്ദ്രശേഖരഭാരതി (1). 14. നൃസിംഹഭാരതി (2). 15. ശങ്കരാചാര്യർ (2). 16. പുരുഷോത്തമഭാരതി (1). 17. ചന്ദ്രശേഖരഭാരതി (2). 18. നരസിംഹഭാരതി (3). 19. പുരുഷോത്തമഭാരതി (2). 20. രാമചന്ദ്രഭാരതി. 21. നരസിംഹഭാരതി (4). 22. നരസിംഹഭാരതി (5). 23. നൃസിംഹാഭിനവഭാരതി (6). 24. സച്ചിദാനന്ദൻ. 25. നരസിംഹഭാരതി (7). 26. സച്ചിദാനന്ദഭാരതി (2). 27. അഭിനവസച്ചിദാനന്ദഭാരതി (3). 28. അഭിനവനൃസിംഹഭാരതി (8). 29. സച്ചിദാനന്ദഭാരതി (4). 30. അഭിനവ സച്ചിദാനന്ദഭാരതി (5). 31. നൃസിംഹഭാരതി (9).

ഈ ഗ്രന്ഥവരിയെ മുഴുവനും വിശ്വസിക്കാൻ പാടില്ലെങ്കിലും വിദ്യാരണ്യരുടെ കാലം മുതല്ക്കുള്ള ചരിത്രം വിശ്വാസയോഗ്യമാണു്. വിദ്യാരണ്യൻ വിദ്യാതീർത്ഥന്റെ ശിഷ്യനും വിജയനഗരത്തിലെ ബുക്കരാജാവിന്റെ മന്ത്രിയും ആയിരുന്നു. ബുക്കന്റെ [3] കാലം സ്വതന്ത്രമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ടു്. ആ കാലവും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാരണ്യർക്കു പറഞ്ഞിരിക്കുന്ന കാലവും യോജിക്കുന്നതുകൊണ്ടു് ഈ സംഗതിയിൽ ഗ്രന്ഥവരിയെ വിശ്വസിക്കാം. വിദ്യാതീർത്ഥൻ കാഞ്ചിയിലെ കാമകോടിപീഠത്തിലെ 49-ാമത്തെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചകാലം 1297-മുതൽ 1385–വരെ ആയിരുന്നുവെന്നു് അവിടുത്തെ ഗ്രന്ഥവരിയിലും കാണുന്നുണ്ടു്. മാധ്വമതപ്രചാരത്തെയും വിദേശീയർ കൊണ്ടുവരുന്ന റോമൻകത്തോലിക്കമതത്തിന്റെ പ്രചാരത്തേയും തടഞ്ഞുനിർത്തുന്നതിനു വേണ്ടി വിദ്യാതീർത്ഥൻ കന്നടദേശത്തിന്റെ പല ഭാഗങ്ങളിലായി എട്ടു മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്, അവയിൽ ഒന്നായ വിരൂപാക്ഷമഠത്തിൽ തന്റെ പ്രധാനശിഷ്യനായ വിദ്യാരണ്യമാധവനെ [4] അവരോധിച്ചു. ശൃംഗേരി മഠത്തിലെ പരമ്പരയിലും ഈ വിദ്യാരണ്യന്റെ പേരു കൊള്ളിച്ചിട്ടുള്ളതു് ആ മഠത്തിന്റെ പുനരുദ്ധാരകൻ എന്ന നിലയിൽ മാത്രമായിരുന്നുവെന്നു്, അതേ കാലത്തു തന്നെ ഭാരതീകൃഷ്ണൻ വാണിരുന്നതായി പറഞ്ഞിട്ടുള്ളതിൽ നിന്നു് ഊഹിക്കാം. ശൃംഗേരി മഠം എട്ടു വർഷ ശതകാലങ്ങളോളം പൂട്ടിയിട്ടിരുന്നതായി ആത്മബോധൻ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണെന്നു് ശൃംഗേരിയിലെ ഗ്രന്ഥവരിയിൽനിന്നു നിഷ്പ്രയാസം തെളിയുന്നു. എന്തുകൊണ്ടെന്നാൽ വിദ്യാതീർത്ഥന്റെ ശിഷ്യനായ ഭാരതീകൃഷ്ണന്റെ പൂർവ്വികനായി അതിൽ കൊള്ളിച്ചിരിക്കുന്നതു് വിദ്യാശങ്കരനെയാണു്. ഈ വിദ്യാശങ്കരൻ ജീവിച്ചിരുന്നതോ എ. ഡി. ആറാം ശതകത്തിലുമായിരുന്നു. അദ്ദേഹം ബാംബെ നഗരത്തിന്റെ സമീപത്തു സ്ഥിതിചെയ്യുന്ന ‘നിർമ്മല’ എന്ന ദിക്കിൽ വെച്ചാണു് അന്ത്യസമാധി അടഞ്ഞതു്. ആ ദിനത്തെ അന്നാട്ടുകാർ ഇന്നും കൊണ്ടാടിവരുന്നുണ്ടു്. ആ ദിക്കിൽ നിന്നും കിട്ടീട്ടുള്ള രേഖകളാൽ, വിദ്യാശങ്കരന്റെ നിര്യാണകാലം എ. ഡി. 569 ആണെന്നു നിർണ്ണയിക്കാം. ​ എന്നിട്ടും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാശങ്കരന്റെ നിര്യാണകാലം 1333–ൽ ആയിരുന്നുവെന്നു പറഞ്ഞിരിക്കുന്നതു് എന്തുകൊണ്ടു്? 764 വർഷകാലത്തെ അന്തരം എങ്ങനെ വന്നുകൂടി? മുടങ്ങിക്കിടന്നിരുന്ന ആ മഠത്തെ വിദ്യാരണ്യർ പുനരുദ്ധരിച്ചതിനു ശേഷം, ആരോ ഗുരുപരമ്പരയെ പൂർത്തിയാക്കിക്കാണണം. ഓരോ ആചാര്യന്മാരുടേയും പേരുകളും വാഴ്ചക്കാലവും അവിടെത്തന്നെ ഉണ്ടായിരുന്നതു് എടുത്തുവെച്ചുകൊണ്ടു്, അയാൾ പുറകോട്ടു ഗണിച്ചു. ഒടുവിൽ വന്ന 764 കൊല്ലങ്ങളെ സുരേശ്വരന്റെ തലയിൽ വെച്ചുകെട്ടിയതായിരിക്കാം. [5] ആദിശങ്കരൻ മുപ്പത്തിരണ്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു എന്നു് എല്ലാവർക്കും അറിയാമായിരുന്നതിനാൽ ആയിരിക്കണം സുരേശ്വരാചാര്യർക്കു് ഇത്ര ദീർഘകാലത്തേ വാഴ്ച കല്പിക്കാൻ അയാൾ നിർബന്ധിതനായതു്. ആധുനിക പണ്ഡിതന്മാർ ആകട്ടെ, ഈ വസ്തുത ഗ്രഹിക്കാതെ, ശൃംഗേരിമഠം ഗ്രന്ഥവരിയിൽ ആദിശങ്കരാചാര്യർക്കു പറഞ്ഞിരിക്കുന്ന കാലത്തോടു ഈ ഏഴിൽ പരം ശതവർഷങ്ങളെ കൂട്ടിയിട്ടു് അദ്ദേഹം എട്ടാം ശതകത്തിൽ ജീവിച്ചിരുന്നതായി തീർച്ചപ്പെടുത്തിയിരിക്കുന്നു. അവരുടെ ഈ അഭിപ്രായത്തിനു് ഉപോദ്ബലകമായി മുമ്പു് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും മാധവാചാര്യരുടെ ഒരു പ്രമാദത്തിന്റെ ഫലകവുമായ പദ്യങ്ങൾ കിട്ടിയപ്പോൾ, അവർ ചരിതാർത്ഥരാവുകയും ചെയ്തു. എന്നാൽ ശൃംഗേരിയിൽ ഗ്രന്ഥവരി മാത്രം പരിശോധിച്ചിട്ടു്, ശങ്കരാചാര്യരുടെ കാലം നിർണ്ണയിക്കുന്നതിൽപരം അബദ്ധം മറ്റൊന്നുമില്ല. അതിനാൽ നമ്മുടെ ഊഹം ശരിയാണോ എന്നു് മറ്റു തെളിവുകളെ ആസ്പദമാക്കി ഒന്നു പരിശോധിച്ചുനോക്കുക.

[6] കാഞ്ചീപുരത്തെ ആചാര്യപരമ്പര താഴെ ചേർക്കുന്നു.

ആദിശങ്കരൻ (508 ബി. സി.–476 ബി. സി.) സുരേശ്വരൻ (476 ബി. സി.–406 ബി. സി.)

1. സർവ്വജ്ഞാത്മൻ 2. സത്യബോധൻ 3. ജ്ഞാനനന്ദൻ 4. ശുദ്ധാനന്ദൻ 5. ആനന്ദജ്ഞാനൻ 6. കൈവല്ല്യാനന്ദൻ (28–69) 7. കൃപാശങ്കരൻ (എ. ഡി. 28–68) 8. സുരേശ്വരൻ (69–127) 9. ചിദഘ്നൻ 10. ചന്ദ്രശേഖരൻ 11. സച്ചിദഘ്നൻ 12. വിദ്യാഘ്നൻ (1) 13. ഗംഗാധരൻ (1) 14. ഉജ്ജ്വലശങ്കരൻ (329–367) 15. സദാശിവൻ 16. സുരേന്ദ്രൻ 17. വിദ്യാഘനൻ 18. മൂകശങ്കരൻ (3) (398–437) 19. ചന്ദ്രചൂഡൻ (1) 20. പരിപൂർണ്ണബോധൻ 21. സച്ചിൽസുഖൻ 22. ചിൽസുഖൻ (1) 23. സച്ചിദാനന്ദഘനൻ (1) 24. പ്രജ്ഞാഘനൻ 25. ചിദ്വിലാസൻ 26. മഹാദേവൻ (1) 27. പൂർണ്ണബോധൻ 28. ബോധൻ 29. ബ്രഹ്മാനന്ദഘൻ (1) 30. ചിദാനന്ദഘനൻ 31. സച്ചിദാനന്ദഘനൻ (2) 32. ചന്ദ്രശേഖരൻ (2) 33. ചിൽസുഖൻ 34. ചിൽസുഖാനന്ദൻ 35. വിദ്യാഘനൻ (3) 36. അഭിനവശങ്കരൻ (4) (788–840) 37. സച്ചിദ്വലാസൻ 38. മഹാദേവൻ (2) 39. ഗംഗാധരൻ (2) 40. ബ്രഹ്മാനന്ദഘൻ (2) 41. ആനന്ദഘനൻ 42. പൂർണ്ണബോധൻ ബോധൻ (2) 43. പരമശിവൻ (1) 44. ബോധൻ (2) 45. ചന്ദ്രശേഖരൻ (3) 46. അദ്വൈതാനന്ദബോധൻ 47. മഹാദേവൻ (3) 48. ചന്ദ്രചൂഡൻ (2) (1247–99) 49. വിദ്യാതീർത്ഥൻ (1297–95) 50. ശങ്കരാനന്ദൻ (1385–1417) 51. പൂർണ്ണാനന്ദസദാശിവൻ 52. മഹാദേവൻ (5) 53. ചന്ദ്രചൂഡൻ (3) 54. സർവജ്ഞസദാശിവബോധൻ 55. പരമശിവൻ (2) 56. ആത്മബോധൻ 57. ബോധൻ (3) 58. അധ്യാത്മപ്രകാശൻ 59. മഹാദേവൻ (5) 60. ചന്ദ്രശേഖരൻ (1) 61. മഹാദേവൻ (6) 62. ചന്ദ്രശേഖരൻ (5) 63. മഹാദേവൻ (7) 64. ചന്ദ്രശേഖരൻ (6) 65. മഹാദേവൻ (8) (1428–1507) 66. ചന്ദ്രശേഖരേന്ദു സരസ്വതി. ഇനി ഈ പട്ടികയെ നമുക്കു് എത്രത്തോളം വിശ്വസിക്കാമെന്നു നോക്കാം.

മഹാദേവചതുർത്ഥന്റെ കാലം 1498–1507 ആണെന്നു് പട്ടികയിൽ കാണുന്നു. അതു ശരിയാണെന്നുള്ളതിനു് താൽക്കാലികചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ടു്. 1495–1509-വരെ വിജയനഗരം ഭരിച്ച നൃസിംഹദേവരായനും അദ്ദേഹത്തിനുശേഷം 1530 വരെ നാടു വാണ കൃഷ്ണദേവരായനും ഈ മഹാദേവനും അടുത്ത രണ്ടു ആചാര്യന്മാർക്കും താമ്രശാസന പട്ടയങ്ങൾ നൽകീട്ടുണ്ടു്. [7] വിദ്യാതീർത്ഥന്റെ വാഴ്ച 1297-നും 1385നും മദ്ധ്യേ ആണെന്നു പറഞ്ഞിരിക്കുന്നതു് തെറ്റാൻ ഇടയില്ലെന്നു്, അദ്ദേഹത്തിന്റെ ശിഷ്യനായ മാധവാചാര്യർ 1354 മുതല്ക്കു് 23 കൊല്ലം വിജയനഗരാധിപതിയായിരുന്ന വീരബുക്കന്റെ മന്ത്രിയായിരുന്നതിൽനിന്നു തെളിയുന്നു.

“ഇത്യുക്തോ മാധവര്യേണ വീരബുക്കമഹീപതിഃ”
(തൈത്തരീയ സംഹിതഭാഷ്യം.)

ശങ്കരാനന്ദനും (1385–1417) മാധവാചാര്യരും സതീർത്ഥ്യന്മാരായിരുന്നു. അവർ രണ്ടുപേരും ചേർന്നു് അനേകം മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. ബൃഹദാരണ്യകോപനിഷദ്ദീപികയിൽ ശങ്കരാനന്ദൻ ഗുരുവായ വിദ്യാതീർത്ഥനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.

“കാഞ്ചീപീഠജൂഷഃ കഠോരധിഷണാനിർദ്ധൂത ദുർദ്ധൂ വർഹ-
ദ്വൈതിവ്രാതദുരാഗ്രഹഗ്രഹഭയാൻ മായാവിദൂരക്രിയാൻ
ആചാര്യൻ മമ ചന്ദ്രമൌലിചാണധ്വാനൈകതാനാശയാൻ
വിദ്യാതീർത്ഥമഹേശ്വരാൻ ഹൃദിസദാ വിദ്യോതമാനാൻഭജേ.”

ഇത്രയും ലക്ഷ്യങ്ങൾ ഇരിക്കുന്നതുകൊണ്ടു് വിദ്യാതീർത്ഥൻ, വിദ്യാരണ്യൻ, ശങ്കരാനന്ദൻ ഇവരുടെ കാലത്തെപ്പറ്റിയുള്ള സംശയങ്ങൾ എല്ലാം നീങ്ങുന്നു.

ചന്ദ്രചൂഡദ്വിതീയൻ

രഘുവംശകുമാരസംഭവാദി കാവ്യങ്ങളുടെ വ്യാഖ്യാതാവും, ഒരു ശാക്തേയനും ആയിരുന്ന അരുണഗിരിയുടെ പുത്രനായിരുന്നു. അദ്ദേഹത്തിനു് ‘വിജയഗണ്ഡഗോപാലദേവൻ’ എന്ന ചോളരാജാവ് 1291–ൽ നൽകിയ ഒരു താമ്രശാസനം കണ്ടുകിട്ടീട്ടുണ്ടു്. അതിനാൽ ഈ ആചാര്യരെ സംബന്ധിച്ചും മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയെ വിശ്വസിക്കാം.

ചന്ദ്രശേഖര തൃതീയൻ (ചന്ദ്രചൂഢൻ എന്നും പേരുണ്ടു്) ശ്രീകണ്ഠചരിതകർത്താവായ മങ്ഖന്റേയും പ്രബോധ ചന്ദ്രോദയകർത്താവായ കൃഷ്ണമിശ്രന്റേയും, വൈദ്യാഭിധാനചിന്താമണികാരനായ സുഹലന്റേയും, പ്രസന്നരാഘവം ചന്ദ്രലോകം മുതലായവയുടെ കർത്താവായ ജയദേവന്റേയും സമകാലികനായിരുന്നു. അദ്ദേഹം വിദ്യാലോലകുമാരപാലന്റെ രാജസദസ്സിലെ അംഗവും കുമാരപാലചരിതത്തിന്റെ രചയിതാവും ആയ [8] ഹേമചന്ദ്രനെ തോല്പിക്കുകയും കാശ്മീരത്തിലെ ജയസിംഹന്റെ കൊട്ടാരത്തിൽ കുറേക്കാലം പാർക്കയും ചെയ്തിട്ടുണ്ടു്. ജയസിംഹൻ സിംഹാസനാരോഹണം ചെയ്തതു് എ. ഡി. 1128-ൽ ആയിരുന്നു എന്നു് കൽഹണൻ പറയുന്നു. ഈ രാജാവ്, കൽഹണന്റെ സമകാലികനായിരുന്നതിനാൽ ഈ വിഷയത്തിൽ രാജതരംഗിണിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം. ജയദേവന്റെ പീയൂഷവർഷത്തിൽ,

“ശ്രീചന്ദ്രചൂഡചരണാൻ ശ്രിതകാഞ്ചിപീഠാൻ
സർവ്വജ്ഞശേഖരമണീൻ സതതം ശ്രയാമഃ”

എന്നും സുഹലൻ, വൈദ്യാഭിധാനചിന്താമണിയിൽ,

“ദ്വാത്രിംശൽകവിരത്നമധ്യതരളശ്രീമംഖരാജാനക
പ്രേങ്ഖോലജ്ജയസിംഹകാഞ്ചനഗുണോദ്ദാമ പ്രഭാഭാസ്വരം;
കാശ്മീരേന്ദ്രസഭാവരോരുഹൃദയം ഗോശീർഷചര്യാരസൈ-
ശ്ചക്രേയഃ ശിശിരം ചകാസ്തു സ മമ ശ്രീചന്ദ്രചൂഡോ ഹൃദി”

എന്നും സ്തുതിച്ചു കാണുന്നു. [9] കൃഷ്ണമിശ്രൻ ഗുരുവിജയം എന്നൊരു ഗ്രന്ഥം ആ ആചാര്യരെപ്പറ്റി രചിച്ചിട്ടുള്ളതിൽ, അദ്ദേഹം ഹേമചന്ദ്രനെ തോല്പിച്ച സംഗതി ഇപ്രകാരം സൂചിപ്പിച്ചിരിക്കുന്നു.

ബോധദ്വിതീയൻ (1061–1098) കഥാസരിത്സാഗര കർത്താവായ സോമദേവനാകുന്നു. അദ്ദേഹത്തിനു് ധാരാധിപതിയായ ഭോജൻ മുത്തുപ്പല്ലക്കു സമ്മാനിക്കയുണ്ടായിട്ടുണ്ടു്. ഭോജരാജാവിന്റെ കാലം ഇപ്പോൾ നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ.

ഗംഗാധരദ്വിതീയൻ (915–950)

രാജശേഖരകവിക്കു് നഷ്ടപ്പെട്ടുപോയ കാഴ്ച വീണ്ടും വരുത്തിക്കൊടുത്തതായി പറയുന്നു. ഈ രാജശേഖരൻ ബാലരാമായണം, പ്രചണ്ഡപാണ്ഡവം, കർപ്പൂരമഞ്ജരി, വിദ്ധസാലഭഞ്ജിക എന്നീ കൃതികളുടെ കർത്താവാണു്. അദ്ദേഹത്തിനെ മാധവാചാര്യർ ശങ്കരാചാര്യരുടെ സമകാലികനാക്കിയിരിക്കുന്നതു പിശകാകുന്നു. യായാവര കുടുംബത്തിൽപെട്ട രാജശേഖരകവി കനൗജിലെ രാജാക്കന്മാരായ മഹേന്ദ്രപാലന്റെയും മഹപാലന്റെയും കാലത്തു ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടു്. [10]

അഭിനവശങ്കരൻ

ഇദ്ദേഹമാണു് 788 മുതൽ 840 വരെ ജീവിച്ചിരുന്ന ശങ്കരാചാര്യർ. ഈ ആചാര്യർ ആദിശങ്കരനെപ്പോലെ ദ്വിഗ്വിജയം നടത്തുകയും കാശ്മീരത്തുവെച്ചു് സർവ്വജ്ഞപീഠം കയറുകയും ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിന്റെ ശിഷ്യനായ വാക്പതിഭട്ടൻ നിർമ്മിച്ചിട്ടുള്ള ശങ്കരേന്ദ്രവിലാസത്തിൽ നിന്നു ഗ്രഹിക്കാം. വിധവാപുത്രൻ എന്നു് ആദിശങ്കരാചാര്യരെ ഉദ്ദേശിച്ചു് മാദ്ധ്വന്മാർ പറയാറുള്ള അപവാദം ചെന്നു പറ്റുന്നതു് അഭിനവശങ്കരനിലാണു്. മാധവാചാര്യർ ഈ വസ്തുത ഗ്രഹിക്കാതെ പ്രസ്തുത കളങ്കത്തെ ആദിശങ്കരനിലേക്കു പകർത്തുകയും മറ്റുള്ളവർ [11] അദ്ദേഹത്തിനെ അന്ധമായി പിന്തുടരുകയും ചെയ്തു. കേരളീയരുടെ ശങ്കരാചാര്യചരിതത്തിൽ അങ്ങനെ ഒരു കളങ്കം അദ്ദേഹത്തിൽ ആരോപിച്ചിട്ടില്ലെന്നുള്ളതും ഈ അവസരത്തിൽ സ്മർത്തവ്യമാണു്. അഭിനവശങ്കരനേയും മഹാദേവന്റെ അവതാരമായിട്ടാണു് ഗണിച്ചുവന്നതു്.

“ഹായനേഥ വിഭവേ വൃഷമാസേ
ശുക്ലപക്ഷദശമീദിനമധ്യേ
ശേവധിദ്വിപദിശാനലവർഷേ
തിഷ്യ ഏനമുദസോഷ്ടവിശിഷ്ടം”

എന്ന പദ്യം ആദ്യമായി കണ്ടുകിട്ടിയപ്പോൾ അതിൽ പറഞ്ഞിരിക്കുന്നതു് ആദിശങ്കരന്റെ ജനനകാലമാണെന്നു് പാശ്ചാത്യന്മാർ ഭ്രമിച്ചുപോയി. വാസ്തവത്തിൽ അഭിനവശങ്കരന്റെ ജനനത്തേയാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതെന്നു് ഗുരുരത്നമാല തുടങ്ങിയ ഗ്രന്ഥങ്ങളിൽനിന്നും കാഞ്ചീപുരത്തിലെ ഗ്രന്ഥവരിയിൽനിന്നും ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം. മീ. പഥക് കണ്ടുപിടിച്ചതും ഈ പ്രകരണത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചതുമായ പദ്യങ്ങളും അതുപോലെതന്നെ ഈ അഭിനവശങ്കരനെപ്പറ്റി രചിക്കപ്പെട്ടിട്ടുള്ളവയാണു്.

വാക്പതിഭട്ടൻ, ക്ഷീരസ്വാമി, ചടകൻ, മനോരഥേശൻ, സന്ധിമാൻ, ശംഖകൻ, ദാമോദരൻ, ഥക്യൻ, വാമന മഹോപാദ്ധ്യായൻ എന്നിവരെല്ലാം ഏ. ഡി. 780 മുതല്ക്കു് 810–വരെ കാശ്മീരം ഭരിച്ച ജയാപീഡവിനയാദിത്യന്റെ സദസ്യരായിരുന്നെന്നും അവരുടെ എല്ലാം അഗ്ര്യസ്ഥാനം വാക്പതി ഭട്ടനായിരുന്നെന്നും സദ്ഗുരുസന്താനപരിമളത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

“ക്ഷീരസ്വാമിമനോരഥേരശചടകശ്രീസന്ധിമച്ഛംഖക
ശ്രീദാമോദരഥക്യവാമനമഹോപാദ്ധ്യായമുഖ്യാൻകവീൻ;
അഷ്ടാവപ്യഭിഭൂയ ദുർജയതയാഭട്ടോൽഭടഃ പ്രത്യഹം
യോദീനാരകലക്ഷവേതനവഹഃ കോസ്യാഗ്രതഃസോപ്യഭൂൽ”

ഈ വാക്പതിഭട്ടനേയാണു് അഭിനവശങ്കരൻ ജയിച്ചു സർവ്വജ്ഞപീഠം കയറിയതെന്നു്.

‘ദേദീധ്യച്ശുക്രദത്തോത്ഭടനവഭടവാഗ്ബദ്ധബുദ്ധാധ്വമധ്വ
സ്വാദപ്രോദസ്ത വദാദൃതിരഥ സ ജയാപീഠസമ്രാഡപിദ്രാക്
യദ്വാഗുദ്ഭൂത ബാധശ്രുതിമഥവപുഷഃശാരദായാഃപുരസ്താൽ
പീഠേസർവജ്ഞയോഗ്യേനിദധദധിപദച്ഛായമാർച്ചീദ്യമർച്യം’

എന്ന പദത്തിൽനിന്നും വ്യക്തമാകുന്നു.

ഈ ശങ്കരാചാര്യരുടെ കാലത്തെപ്പറ്റി യാതൊരു ശങ്കയ്ക്കും അവകാശമില്ല. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം.

ബ്രഹ്മാനന്ദഘനൻ (1) (655–688)

ഈ ആചാര്യർ കാശ്മീരാധിപതിയായ ലളിതാദിത്യമുക്താപീഠന്റേയും ഭവഭൂതിയുടേയും പൂജയ്ക്കു പാത്രീഭവിച്ച ഒരു മഹാനായിരുന്നു. ഭവഭൂതിയുടെ കാലം ഇപ്പോൾ സുനിർണ്ണീതമായിട്ടുണ്ടു്. അതുപോലെ തന്നെ, യശോവർമ്മനെ തോല്പിച്ചശേഷം ദക്ഷിണേന്ത്യയെ ആക്രമിച്ച ലളിതാദിത്യന്റെ കാലവും ചരിത്രകാരന്മാർ നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. കാഞ്ചീഗ്രന്ഥവരിയിൽ ബ്രഹ്മാനന്ദഘനനു പറഞ്ഞിരിക്കുന്ന കാലവും ചരിത്രകാരന്മാർ ലളിതാദിത്യനു [12] പറഞ്ഞിരിക്കുന്ന കാലവും പരസ്പരം യോജിക്കുന്നുണ്ടു്.

സച്ചിൽസുഖൻ (481–512)

സച്ചിൽസുഖൻ ആര്യഭട്ടന്റെ സമകാലികനായിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലം ഇവിടെ പറഞ്ഞിരിക്കുന്നതു് ശരിയാണോ അല്ലയോ എന്നു നിർണ്ണയിക്കുന്നതിനു പ്രയാസമില്ല. ആര്യഭട്ടൻ ഒരു സൂര്യഗ്രഹണം നോക്കുന്നതിനായി ഒരിക്കൽ കപ്പൽ കയറി എവിടെയോ പോവാൻ ഇടയായി. സച്ചിൽസുഖൻ ഈ വിവരം അറിഞ്ഞു് അദ്ദേഹത്തിനെ ശാസിക്കയും ശുദ്ധികർമ്മം നടത്തുകയും ചെയ്തുവത്രേ. അവിശ്വാസിയായിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞനെ വൈദികധർമ്മ വിശ്വാസിയാക്കിതീർത്തതും ഈ സന്യാസിയായിരുന്നു. ആര്യഭട്ടൻ ഏ. ഡി. 499–ൽ ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ തീർച്ചപ്പെടുത്തീട്ടുള്ളതിനാൽ, ഈ സംഗതിയിലും നമുക്കു് കാഞ്ചീപുരത്തെ ഗ്രന്ഥവരിയെ വിശ്വസിക്കാം.

മൂകശങ്കരാചാര്യർ. (398–437)

ഇദ്ദേഹമാണു് മൂകപഞ്ചാശതിയുടെ കർത്താവു്. ആദിശങ്കരാചാര്യർ എട്ടാം ശതകത്തിനുമുമ്പു ജീവിച്ചിരുന്നു എന്നുള്ളതിനു് മൂകശങ്കരാചാര്യരുടെ പ്രാചീനശങ്കരവിജയം സാക്ഷ്യം വഹിക്കുന്നു. ഈ ഗ്രന്ഥത്തിൽ നിന്നു് ആത്മബോധൻ അനേകം പദ്യങ്ങൾ ഉദ്ധരിച്ചിട്ടുമുണ്ടു്. അതിൽനിന്നു് മൂകശങ്കരന്റെ കാലത്തും കാഞ്ചീമഠം സുസംഘടിതമായ ഒരു ഉത്തമസ്ഥാപനമായി വർത്തിച്ചിരുന്നുവെന്നു് ഊഹിക്കാം. ആദിശങ്കരന്റെ കാലം കലിവർഷം 2593 ആയിരുന്നുവെന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതും പ്രത്യേകം സ്മരണീയമാകുന്നു.

മൂകശങ്കരാചാര്യരുടെ കാലം സ്വതന്ത്രമായി നിർണ്ണയിക്കുന്നതിനു മാർഗ്ഗമുണ്ടു്.

മാതൃഗുപ്തൻ, രാമിലൻ, മേണ്ഠൻ, പ്രവരസേനൻ മുതലായ കവികളെല്ലാം മൂകശങ്കരാചാര്യരുടെ സമകാലികന്മാരായിരുന്നു. അന്നത്തെ ഭാരതചക്രവർത്തി ഹർഷാപര നാമധേയനായ വിക്രമാദിത്യശകാരിയായിരുന്നു എന്നു കാണുന്നു. എന്നാൽ ചിലർ, ഹർഷശബ്ദം കണ്ടു ഭ്രമിച്ചു് ആ രാജാവു് പില്ക്കാലത്തു ജീവിച്ചിരുന്ന സാക്ഷാൽ ശ്രീഹർഷനാണെന്നു് അഭിപ്രായപ്പെടുന്നുണ്ടു്. ആ അഭിപ്രായം സാധുവല്ലെന്നു് രാമിലകൃതമായ മണിപ്രഭയിലെ പ്രസ്താവന നോക്കിയാൽ അറിയാം.

സൂതഃ–ന ജാനാസി?–

ആചാര്യേശദ്വിജന്മാർഥ്യതിഥിഷുവിനതോവൈനതേയഃശകാ
കാശ്മീരാനേവ കാവ്യംകിമപികവയിതുദ്ദത്തവാനപ്രമത്തം(ഹേഃ‌
രക്ഷാദത്തപ്രഹർഷപ്രകൃതികൃതിശരുാധ്മാതഹർഷഃ സഹർഷഃ
കർണ്ണാഭ്യർണ്ണാവതീർണ്ണഃ കഥമഥതവ നോ വിക്രമീ”വക്രമാർക്കഃ

ഈ വിവരണം ഉജ്ജയിനിയിലെ വിക്രമാദിത്യശകാരിക്കല്ലാതെ സാക്ഷാൽ ശ്രീഹർഷനു് തീരെ യോജിക്കുന്നില്ലെന്നു് വിൻസന്റ് ഏ സ്മിത്തു തുടങ്ങിയ ചരിത്രകാരന്മാർ ഗുപ്തവംശജനായ ചന്ദ്രഗുപ്തവിക്രമാദിത്യനെപ്പറ്റിയും ശ്രീഹർഷനെപ്പറ്റിയും പറഞ്ഞിട്ടുള്ള ഭാഗങ്ങളിൽനിന്നു് നിഷ്പ്രയാസം ഗ്രഹിക്കാം. മാതൃഗുപ്തൻ വിക്രമാദിത്യശകാരിയെ ആശ്രയിച്ചുജീവിച്ച ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ കവിത കണ്ടു സന്തോഷിച്ചു്, ചക്രവർത്തി കാശ്മീരരാജ്യം ദാനം ചെയ്തതിനെയാണു് മുകളിൽ ഉദ്ദരിച്ച ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഏ. ഡി. 413–ൽ വിക്രമാദിത്യൻ പരലോകം പ്രാപിച്ചപ്പോൾ മാതൃഗുപ്തൻ രാജ്യമുപേക്ഷിച്ചിട്ടു് സന്യസിച്ചു. പിന്നീടു് യഥാർത്ഥാവകാശിയായ പ്രവരസേനദ്വിതീയൻ രാജാവായി. എന്നിട്ടും നികുതി പിരിഞ്ഞു കിട്ടിയ തുകയേ അദ്ദേഹം സന്യാസിയായി കാശിയിൽ താമസിച്ചിരുന്ന മാതൃഗുപ്തനു് അയച്ചുകൊടുത്തുകൊണ്ടിരുന്നു.

മേണ്ഠകൃതിയായ ഹയഗ്രീവവധത്തിൽ ശങ്കരാചാര്യരേയും ഈ കവികളേയും ചേർത്തു് ഒരു പദ്യം കാണുന്നു.

“ഖ്യാതശ്രീ ശംകരേന്ദ്രപ്രചുരതരകൃപാലബ്ധസാഹിത്യവിദ്യഃ
സദ്യഃസാധൂക്തിസമ്മോദ്യപിപരകവിതാമർഷിണോമാതൃഗുപ്താൽ
പ്രൌഢാഃപ്രൌഢോക്തിരൂഢൈർനിബിഡരസഭരെർഗ്ഗും
ഫനൈര്യത്രമേദു-
മ്മേർദുർമ്മോഹാദനാദീദ്ധയവദനവധം വാഗ്മ്യകുണ്ഠഃ സമേണ്ഠ”

നാലാം ശതകത്തിനു് അപ്പുറം ഉള്ള പതിനെട്ടു ആചാര്യന്മാരുടെ കാലം വിശ്വാസയോഗ്യമായിരിക്കുന്നില്ല. [13] അതുകൊണ്ടു് ശരാശരി ഇരുപത്തഞ്ചു കൊല്ലം വീതം തള്ളിയാൽ ആദിശങ്കരന്റെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിൽ വരും. അതിനപ്പുറമായിരിക്കാൻ ഇടയില്ല. എന്തുകൊണ്ടെന്നാൽ ശങ്കരാചാര്യർക്കു മഹാഭാഷ്യകർത്താവായ പതഞ്ജലിയെക്കാൾ പ്രാചീനത്വം കല്പിക്കുന്നതു സാഹസമാണു്. ആചാര്യരുടെ ഗുരുവായിരുന്ന ഗോവിന്ദഭഗവൽപാദർ ആണു് കാശ്മീരത്തിൽ ഇദം പ്രഥമമായി മഹാഭാഷ്യത്തെ പ്രചരിപ്പിക്കുന്നതെന്നു് രാജതരംഗിണിയിൽ കാണുന്നതിനെ അവിശ്വസിക്കാൻ ന്യായവുമില്ല. ഗോവിന്ദഭഗവൽപാദർ ഗൌഡപാദാചാര്യരുടെ ശിഷ്യനായിരുന്നുവെന്നു്, ശങ്കരാചാര്യർ അദ്ദേഹത്തിനെ പലേ സ്ഥലങ്ങളിൽ പരമഗുരുവായി വർണ്ണിച്ചിട്ടുള്ളതിൽ നിന്നും ഊഹിക്കാം. ഗൌഡപാദർ ജീവിച്ചിരുന്നതു് ബി. സി. ഒന്നാംശതകത്തിലായിരുന്നു. ഏ. ഡി. രണ്ടും മൂന്നും ശതകങ്ങളിൽ ജീവിച്ചിരുന്ന തമിൾ കവികളിൽ ശാങ്കരമതം പ്രതിഫലിച്ചുകാണുന്നതും നമ്മുടെ ഊഹത്തിനു് അവഷ്ഠാഭകമായിരിക്കുന്നു. ഏതൽക്കാരണങ്ങളാൽ ആചാര്യരുടെ കാലം ബി. സി. ഒന്നാംശതകത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താം.

ആചാര്യരുടെ ജീവിതചരിത്രസംക്ഷേപം

അദ്ദേഹം കുന്നത്തുനാടു താലൂക്കിൽ മഞ്ഞപ്രപ്രവൃത്തിയിൽ കാലടി എന്ന ദേശത്തു ജനിച്ചു. പിതാവായ ശിവഗുരുവും മാതാവായ ആര്യാംബയും സന്താനമില്ലാതെ ദുഃഖിച്ചു വളരെക്കാലം ശിവനേ ഭജിച്ചുവെന്നും ഒടുവിൽ ശിവൻ പ്രസന്നനായിട്ടു് താൻ അവരുടെ സന്താനമായി ജനിക്കാൻ പോകുന്നുവെന്നു് സ്വപ്നത്തിൽ അവരെ അറിയിച്ചുവെന്നുമാണു് ഐതിഹ്യം. [14] അഞ്ചാമത്തെ വയസ്സിൽ പിതാവു മരിച്ചു. ആര്യാംബ അമ്മാത്തുള്ളവരുടെ സഹായത്തോടുകൂടി ഉപനയനം നടത്തി. പതിനാറു വയസ്സുവരേയുള്ള വിദ്യഭ്യാസം വൈക്കത്തു മാതൃഗൃഹത്തിൽ വച്ചാണു് നടന്നതു്. കാവ്യനാടകാലങ്കാരാദികളും ഇതിഹാസപുരാണങ്ങളും ദർശനങ്ങളും അദ്ദേഹം അതിനിടയ്ക്കു വേണ്ടപോലെ പഠിച്ചുകഴിഞ്ഞു.

പ്രകൃത്യാ വിചിന്തനശീലനായ ഈ ബാലനിൽ വൈരാഗ്യം അതിബാല്യത്തിലേ ഉദിച്ചു. അതിനാൽ പതിനാറാമത്തെ വയസ്സിൽ അദ്ദേഹം പ്രിയമാതാവിന്റെ അനുവാദത്തോടുകൂടി ഒരു ഗുരുവിനെ തേടി പുറപ്പെട്ടു. കാശിയിൽ ചെന്നു് ഗോവിന്ദഭഗവൽപാദരുടെ കീഴിൽ വേദാന്തം അഭ്യസിച്ചു് തിരിയിൽനിന്നു കൊളുത്തിയ പന്തംപോലെ പ്രകാശിച്ചു. അവിടെവെച്ചാണു അദ്ദേഹം വേദാന്തസൂത്രഭാഷ്യവും ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യങ്ങളും രചിച്ചതു്.

അനന്തരം അദ്വൈതമതസ്ഥാപനത്തിനും പാഷണ്ഡമതഖണ്ഡനത്തിനുമായി അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു് സഞ്ചരിക്കാൻ തീർച്ചപ്പെടുത്തി. ആദ്യമായി മഗധയിലേയ്ക്കു പുറപ്പെട്ടു. ആ രാജ്യം ഭരിച്ചിരുന്നതു് ഹാലൻ എന്ന ആന്ധ്രാരാജാവായിരുന്നു. അവിടെ താമസിക്കവേ, പ്രസിദ്ധ മീമാംസകനായ കുമാരിലഭട്ടന്റെ അന്ത്യദശ ആസന്നമായിരുന്നുവെന്നാണു് പരക്കേ വിശ്വസിക്കപ്പെട്ടിരുന്നതു്. അദ്ദേഹത്തിനെ ജയിക്കാൻ അക്കാലംവരെ ആർക്കും സാധിച്ചിരുന്നില്ല. ഉത്തരമീമാംസയെ ഖണ്ഡിച്ചു് പൂർവ്വമീമാംസയുടെ അധികാരത്തെ പുനഃസ്ഥാപിക്കണമെന്നുള്ള തന്റെ ഉദ്ദേശ്യസിദ്ധിക്കു്, കുമാരിലനെ ജയിക്കാതെ നിവൃത്തിയില്ലെന്നു കണ്ടിട്ടു് അദ്ദേഹവുമായി വാദത്തിൽ ഏർപ്പെട്ടു. തൽഫലമായി കുമാരിലൻ പരാജിതനാവുകയും ശങ്കരന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

അതിനുശേഷം കർമ്മമാർഗ്ഗക്കാരുടെ പ്രധാന മല്ലനെന്നു സുവിഖ്യാതനായിരുന്ന മണ്ഡനമിശ്രനെ കാണുന്നതിനായി പ്രയാഗയിലേക്കു തിരിച്ചു. പത്മവനത്തിൽവെച്ചു് രണ്ടു പേരുമായി ഒരു വാതം നടക്കുകയും മണ്ഡനമിശ്രൻ പരാജയം സമ്മതിച്ചു് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ മണ്ഡനമിശ്രനായിരുന്നു ആചാര്യരുടെ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യർ. അദ്ദേഹം നൈഷ്കർമ്മ്യസിദ്ധി മുതലായ ഒട്ടു വളരെ അദ്വൈതഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ടു്.

പ്രയാഗയിൽനിന്നു് ആചാര്യർ നേരെ ബദരികാശ്രമത്തിലേക്കാണു തിരിച്ചതു്. അവിടെ വെച്ചു് അദ്ദേഹത്തിനു തന്റെ പരമഗുരുവായ ഗൌഡപാദാചാര്യനെ കാണ്മാനുള്ള ഭാഗ്യം സിദ്ധിച്ചു. [15]

ബദര്യാശ്രമത്തിൽനിന്നു് ശങ്കരൻ കൈലാസത്തിലേയ്ക്കു പോയി അഞ്ചുശിവലിംഗങ്ങൾ കൊണ്ടുവന്നു. ആ ശിവലിംഗങ്ങളേയാണു് അദ്ദേഹം സ്ഥാപിച്ച മഠങ്ങളിൽ പ്രതിഷ്ഠിച്ചതു്. പിന്നീട് ഉത്തര ഇൻഡ്യയിലുള്ള അനേക പുണ്യസ്ഥലങ്ങളെ സന്ദർശിച്ചശേഷം ദ്രാവിഡദേശത്തേക്കു പുറപ്പെട്ടു. [16] പോയ ദിക്കിലൊക്കെ, വിജയലക്ഷ്മി അദ്ദേഹത്തിനു് അനുകൂലമായിരുന്നു. എല്ലായിടത്തും ശിഷ്യന്മാരുമുണ്ടായി. കാഞ്ചീപുരത്തുനിന്നു തിരിച്ചു് കന്യാകുമാരി, തൃച്ചംതൂർ, രാമേശ്വരം മുതലായ ദിക്കുകളൊക്കെ സന്ദർശിച്ചിട്ടു്, വീണ്ടും കാഞ്ചിയിലെത്തി. കാഞ്ചീപുരത്തു് അദ്ദേഹം ഒട്ടു വളരെക്കാലം പാർത്തുവെന്നു തോന്നുന്നു. തുംഗഭദ്രാതീരത്തു്, ഇപ്പോൾ ശൃംഗേരിമഠം ഇരിക്കുന്ന സ്ഥലത്തു് അദ്ദേഹം ഒരു ശാരദാക്ഷേത്രം പണിയിച്ചു്, വേദാന്തസൂത്രങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ അവിടെ താമസിക്കവേ, തന്റെ മാതാവിന്റെ മരണം സന്നിഹിതമായിരിക്കുന്നുവെന്നു് ദിവ്യദൃഷ്ട്യാ അറിഞ്ഞു് സ്വഗൃഹത്തിൽ എത്തുകയും യഥോചിതം അന്ത്യശുശ്രൂഷകൾ നടത്തുകയും ചെയ്തു. എന്നാൽ സന്യാസിക്കു അപരക്രിയകൾ ചെയ്യുന്നതിനു് അധികാരമില്ലെന്നു നമ്പൂതിരിമാർ ശഠിച്ചു് ബന്ധുകൃത്യം ചെയ്യാതെ മാറിക്കളഞ്ഞതിനാൽ, അദ്ദേഹം നായന്മാരുടെ സഹായത്തോടുകൂടി ഹോമാഗ്നി ജ്വലിപ്പിച്ചു്, മൃതശരീരത്തെ ദഹിപ്പിക്കുകയും ആ നാട്ടിലെ ബ്രാഹ്മണർക്കു് വേദാധ്യയനം ചെയ്‍വാൻ അനധികാരികളായിപ്പോകട്ടേ എന്നു ശപിക്കുകയും ചെയ്തുവെന്നാണു് ഐതിഹ്യം. അതിനു ശേഷം കാഞ്ചീപുരത്തുവെച്ചാണു് ആചാര്യർ സർവജ്ഞപീഠം കയറിയതു്.

ആചാര്യരുടെ അന്ത്യദശയെ കേരളീയ ശങ്കരാചാര്യചരിതത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“തതഃ ക്ഷേത്രാണി പുണ്യാനി തീർത്ഥാനി ച നിഷേവ്യ സഃ;
ക്രമേണ ശിഷ്യസംയുക്തോ വൃഷാചല [17] മവാപ്തവാൻ.
തത്ര ദക്ഷിണകൈലാസേ [18]
ജ്ഞാത്വാ നിജ ശരീരാന്തം സഹശിഷ്യൈഃപ്രസന്നധീ;
കാസാരേ പശ്ചിമേ സ്നാത്വാ നത്വാ തത്രസ്ഥമീശ്വരം;
ശ്രീമൂലസ്ഥാനമാസാദ്യ ചക്രേ തസ്യ പ്രദക്ഷിണം.”

ശങ്കരാചാര്യരെ വടക്കുന്നാഥക്ഷേത്രവളപ്പിൽ സമാധിയിരുത്തിയതായിട്ടാണു് ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതു്. [19]

ശങ്കരാചാര്യർ കാഞ്ചി [20] ബദരി, ദ്വാരക, ശൃംഗേരി, പുരി എന്നീ സ്ഥലങ്ങളിൽ ഓരോ മഠങ്ങൾ സ്ഥാപിച്ചു. കാമകോടിപീഠത്തിൽ ആചാര്യർതന്നെ അദ്ധ്യക്ഷം വഹിച്ചു. മറ്റു ശാരദാമഠങ്ങളിൽ യഥാക്രമം തോടകൻ, പത്മപാദൻ, പൃഥ്വീമാധവൻ, ഹസ്താമലകൻ എന്നീ പ്രധാന ശിഷ്യന്മാരെ അദ്ധ്യക്ഷന്മാരായി അവരോധിച്ചിട്ടു്, അവയുടെ ഭരണത്തെ നിയന്ത്രിക്കാനായി മഠാമ്നായം എന്നൊരു ഗ്രന്ഥവും അദ്ദേഹം നിർമ്മിച്ചുവത്രേ.

അദ്ദേഹത്തിന്റെ പ്രധാന കൃതികൾ മുമ്പു പ്രസ്താവിച്ച ഭാഷ്യങ്ങളും, വിവേകചൂഡാമണി, വേദാന്തസിദ്ധാന്തസംഗ്രഹം, ദശശ്ലോകീ, പഞ്ചീകരണം, അപരോക്ഷാനുഭൂതി, മുതലായ കൃതികളും ആകുന്നു. സൌന്ദര്യലഹരി, ആനന്ദലഹരി, ശവഭുജംഗം മുതലായ അഭിനവ ശങ്കരന്റെയോ ഉജ്വലമൂകാശങ്കരന്മാരുടേയോ കൃതികളാണെന്നു തോന്നുന്നു.

“തവ സ്ഥാനം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ;
ദയാവത്യാ ദത്തം ദ്രവിഡശിശുരാസാദ്യ തവ യൽ
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ.”

എന്ന സൗന്ദര്യലഹരീപദ്യത്തിൽ ജ്ഞാനസംബന്ധരെന്ന ദ്രാവിഡകവിയെപ്പറ്റിയും,

മാർഗ്ഗാവർത്തിതപാദുകാ പശുപതേരംഗസ്യ കൂർച്ചായതേ
ഗണ്ഡൂഷാംബു നിഷേചനം പുരരിപോർദ്ദിവ്യാഭിഷേകായതേ;
കിഞ്ചിദ്ഭക്ഷിതമാംസശോഷകബളം നവ്യോപഹാരായതേ
ഭക്തിഃകിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ.

എന്ന ആനന്ദലഹരീപദ്യത്തിൽ കണ്ണപ്പനായനാരേയും, ശിവഭുജംഗത്തിൽ സുന്ദരൻ, ചിറുതൊണ്ടൻ തുടങ്ങിയവരേയും സൂചിപ്പിച്ചു കാണുന്നതിനാൽ ഈ കൃതികളുടെ കർത്താവു് ആദിശങ്കരനേക്കാൾ അർവാചീനനായിരിക്കാനേ മാർഗ്ഗമുള്ളു.

ഇനി ആദിശങ്കരാചാര്യർ അനാചാരങ്ങളുടെ സ്ഥാപകനായിരുന്നോ എന്നു പരിശോധിക്കാം.

ഒന്നാമതായി ഒരു ശങ്കരവിജയത്തിലും അദ്ദേഹം കേരളത്തിൽ അനാചാരങ്ങൾ നിർമ്മിച്ചതായി പറയുന്നില്ല. രണ്ടാമതായി, അദ്ദേഹത്തിന്റെ ജീവിതത്തിനും അനാചാരങ്ങൾക്കും തമ്മിൽ ഒരു പൊരുത്തവും ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിൽ സർവധർമ്മസമന്വയമായ അദ്വൈതത്തെ ഉപദേശിച്ചു് അനേക സഹസ്രം ജീവികൾക്കു നിത്യപ്രകാശം അരുളിക്കൊണ്ടു സഞ്ചരിച്ചിരുന്ന ആ പുണ്യശ്ലോകൻ സ്വമാതൃഭൂമിയായ കേരളത്തെ മാത്രം ഒരു ഭ്രാന്താലയമാക്കിത്തീർക്കുന്നതിനു ശ്രമിച്ചു എന്നു പറയുന്നതു് മഹാപാപമാണു്. എന്നുമാത്രമല്ല, അങ്ങനെ ഒരു അനാചാരാമ്നായം നിർമ്മിച്ചു് കേരളീയരെ ശിക്ഷിക്കാൻ അദ്ദേഹം ഒരുങ്ങിയെന്നു വന്നാൽ തന്നെയും, അതിനെ കേരളബ്രാഹ്മണർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യം സന്നിഗ്ദ്ധവുമാണു്. ശങ്കരാചാര്യർക്കു കേരലീയനായ ഒറ്റ ശിഷ്യൻപോലും ഇല്ലായിരുന്നു എന്നുള്ള സംഗതിയും, ശങ്കരാചാര്യമഠങ്ങളിൽ പില്ക്കാലത്തു് ഒരു കേരളീയനും അധ്യക്ഷനാവാൻ സാധിച്ചിട്ടില്ലെന്നുള്ള കാര്യവും പ്രത്യേകം നാം ഓർക്കേണ്ടതാണു്. കർമ്മകാണ്ഡത്തെ മുറുകെപ്പിടിച്ചുകൊണ്ടിരുന്ന കേരളബ്രാഹ്മണരുണ്ടോ അദ്വൈതമതത്തേ സ്വീകരിക്കുന്നു? ഏതൽക്കാലപര്യന്തം പൂർവ്വമീമാംസയ്ക്കുള്ളിടത്തോളം പ്രാബല്യം അദ്വൈതത്തിനു് അവരുടെ ഇടയ്ക്കു ലഭിച്ചിട്ടുമില്ല. എല്ലാറ്റിനുംപുറമേ, ബി. സി. ഒന്നാം ശതകത്തിൽ, കേരളീയർ ചാതുർവർണ്ണ്യമാകുന്ന മഹാവാഗുരത്തിൽ കുടുങ്ങീട്ടുമില്ലായിരുന്നു. അക്കാലത്തുണ്ടായ തമിഴ്ഗ്രന്ഥങ്ങളിൽ കേരളീയാചാരങ്ങളെപ്പറ്റി ഭംഗിയായി വിവരിച്ചിട്ടുള്ളതിനാൽ ആ വിഷയത്തിൽ സന്ദേഹത്തിനൊന്നിനും വകയില്ലാതെയുമാണിരിക്കുന്നതു്. ശങ്കരസ്മൃതി എന്നൊന്നു് ഇപ്പോൾ കാണുന്നുണ്ടു്. അതു് ഏതോ ക്ഷുദ്രഹൃദയന്മാരുടെ കൂടലേഖനമാകുന്നു എന്നുള്ളതിനു് അതിൽതന്നെ ലക്ഷ്യങ്ങൾ കാണുന്നു.

നമുക്കു് ആദ്യമായി 64 അനാചാരങ്ങളേതെല്ലാമാണെന്നു നോക്കാം.

1. പല്ലു തേയ്ക്കുവാൻ കോൽ ഉപയോഗിക്കരുത്.
2. ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്.
3. കുളിക്കാൻ വരുമ്പോൾ ഉടുത്ത മുണ്ടു് തോർത്തുവാൻ
ഉപയോഗിക്കരുത്.
4. പ്രാതസ്സന്ധ്യയ്ക്കുമുമ്പു കുളിക്കരുത്.
5. കുളിക്കാതെ ഭക്ഷണസാധനങ്ങൾ പാകം ചെയ്യരുത്.
6. ഇന്നലെ കോരിവെച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്.
7. നിഷ്കാമമായിട്ടേ കർമ്മം ചെയ്യാവൂ.
8. കാൽ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തിൽ
ബാക്കിവന്നാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
9. ബ്രാഹ്മണാദികൾ ശൂദ്രാദികളെ തൊട്ടാലും, കുളിക്കണം
10. താണജാതിക്കാരെ അടുത്താലും,
11. താണ ജാതിക്കാർ തൊട്ട ജലാശയങ്ങൾ തൊട്ടാലും,
12. ചൂൽകൊണ്ട് അടിച്ചനിലത്തു തളിക്കാതെ ചവുട്ടിയാലും,
13. ഭസ്മം ആദ്യം മേല്പോട്ടു് ഒന്നും പിന്നെ വിലങ്ങത്തിൽ
മൂന്നും വരിയായി കുറിയടണം.
14. ബ്രാഹ്മണർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും വേണ്ടുന്ന
മന്ത്രം കർമ്മം ചെയ്യുന്ന ബ്രാഹ്മണൻ തന്നെ ഉച്ചരിക്കണം.
15. തലേദിവസത്തെ ചോറും കറിയും, ഉപയോഗിക്കരുതു്
16. കുട്ടികൾ ഭക്ഷിച്ച ബാക്കിയും,
17. ശിവന്നു നിവേദിച്ച സാധനവും,
18. കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യവും,
19. ഹോമാദികൾക്കു് എരുമയുടെ പാൽ മുതലായതും,
20. ചോറു് ഉരുട്ടാതെ വാരിത്തിന്നുകയോ, ഉരുട്ടിയ ഉരുള
പകുതി ഉണ്ടിട്ടു് താഴെ വെയ്ക്കുകയോ ചെയ്യരുത്.
21. അശുദ്ധമായാൽ വെറ്റിലമുറുക്കുകകൂടി ചെയ്യരുത്.
22. ബ്രഹ്മചാരി നിഷ്ഠയേയും വ്രതത്തേയും അനുഷ്ഠിക്കണം.
23. പഠിപ്പു കഴിഞ്ഞാൽ ഗുരുദക്ഷിണ ചെയ്യണം.
24. പെരുവഴിയിൽ വെച്ചു് വേദം ഉച്ചരിക്കരുത്.
25. ഷോഡശകർമ്മങ്ങൾ യഥാകാലം യഥാവിധി ചെയ്യണം.
26. കന്യകയെ വില്ക്കരുത്.
27. ഫലത്തെ ആഗ്രഹിച്ചു് വ്രതത്തെ അനുഷ്ഠിക്കരുത്.
28. പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകൾ കുളിച്ചിട്ടേ ഉണ്ണാവൂ.
29. കൈക്കോളന്റേയും വേലകൾ ബ്രാഹ്മണർ ചെയ്യരുതു്
30. വെളുത്തേടന്റേയും
31. രുദ്രാക്ഷാദികളിൽ ബ്രാഹ്മണർ മാത്രമേ ശിവപൂജ ചെയ്യാവൂ.
32. ശൂദ്രന്റെ ശ്രാദ്ധത്തിനു് ബ്രാഹ്മണർ പ്രതിഗ്രഹം വാങ്ങരുത്.
33. പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും
ശ്രാദ്ധങ്ങൾ ഊട്ടണം.
34. എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം.
35. മാതാപിതാക്കന്മാർ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി
എന്ന ക്രിയ ചെയ്യണം.
36. മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ
ദീക്ഷയും വേണം.
37. ശ്രാദ്ധം ഊട്ടേണ്ടതു് നക്ഷത്രത്തിലാണ്.
38. സപിണ്ഡികാലത്തു പുല വന്നാൽ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ.
39. ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം.
40. സ്വന്തം ഭൂമിയിലേ ശവം ദഹിപ്പിക്കാവൂ.
41. സന്യാസി സ്ത്രീകളെ കാണരുത്.
42. സന്യാസി മരിച്ചാൽ യാതൊരു ക്രിയയും ചെയ്യരുത്.
43. സന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുതു്.
44. ഭർത്താവിനെ ഒഴിച്ച് അന്യനെ കാണുക, ഇവയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
45. ദാസിമാരോടുകൂടാതെ പുറത്തിറങ്ങുക,
46. വെളുത്ത നിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കുക,
47. മൂക്കു കുത്തുക,
48. മദ്യപിച്ചാലും, ബ്രാഹ്മണൻ ഭ്രഷ്ടനാകും‌
49. മറ്റൊരു ബ്രാഹ്മണസ്ത്രീയിൽ പ്രവേശിച്ചാലും,
50. ദേവാലയങ്ങളിൽ പ്രേതപ്രതിഷ്ഠ ചെയ്യരുത്.
51. ദേവപ്രതിമയെ ശൂദ്രാദികൾ തൊട്ടുകൂട.
52. ഒരു ദേവന്നു നിവേദിച്ച സാധനം മറ്റൊരു ദേവന്നു നിവേദിക്കരുത്.
53. ഹോമം ചെയ്യാതെ വിവാഹാദികർമ്മങ്ങൾ ചെയ്യരുത്.
54. ആശീർവദിക്കുക, ഇവ ബ്രാഹ്മണർ അന്യോന്യം‌ ചെയ്യരുതു്
55. നമസ്കരിക്കുക,
56. കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്.
57. ശൈവവൈഷ്ണവാദി ഭേദങ്ങൾ അരുത്.
58. ഒരു പൂണുനൂൽ മാത്രമേ ധരിച്ചുകൂടൂ.
59. മൂത്ത മകനേ വേളികഴിക്കാവൂ.
60. ക്ഷത്രിയാദികൾ അന്നംകൊണ്ടാണു് ശ്രാദ്ധമൂട്ടേണ്ടത്.
61. അവർ അമ്മാവന്റെ ശ്രാദ്ധമൂട്ടണം.
62. അവരുടെ മുതൽ മരുമക്കൾക്കാണു്.
63. ഭർത്താവു മരിച്ച സ്ത്രീ സന്യസിക്കണം.
64. അവൾ ഉടന്തടി ചാടരുത്.
പരദേശത്തു നടപ്പില്ലാത്തതുകൊണ്ടാണത്രേ ഇവ അനാചാരങ്ങളായതു്. പ്രബലന്മാരായ രാജാക്കന്മാർ ചില ആചാരങ്ങൾ അവിടവിടെ നടപ്പിൽ വരുത്തിയതായി കേൾവിയുണ്ട്. എന്നാൽ ഇത്ര വളരെ ആചാരങ്ങൾ ഒരാൾ സൃഷ്ടിച്ച്, എല്ലാവരുടേയും തലയ്ക്കു മീതെ വെച്ചുകൊടുത്തതായി ലോകചരിത്രത്തിൽ ഒരിടത്തും കണ്ടിട്ടില്ല.
“ചതുഃഷഷ്ടിരനാചാരാൻ കേരളേഷു വദന്തി ഹി
അന്യത്രാചരണാഭാവദനാചാര ഇതീരിതഃ
ധർമ്മശാസ്ത്രാണി സകലാന്യാലോപഃ ശ്രേയസേ നൃണാം
ശ്രീശങ്കരാചാര്യപാദശ്ചക്രേ താൻ കൃപയാന്വിതഃ”

എന്നിങ്ങനെ ആചാരസംഗ്രഹം അഥവാ കേരളാചാരം എന്ന ഗ്രന്ഥത്തിൽ ഒരു പ്രസ്താവം കാണുന്നുണ്ടെങ്കിലും, ശങ്കരസ്മൃതിയിൽ പറഞ്ഞിരിക്കുന്നതു് ഇപ്രകാരമാണു്:

“അഥാതോ നു പ്രവക്ഷ്യാമി നൃണാം കേരളവാസിനാം
അനാചാരാൻ സമാസേന ഭാർഗ്ഗവേണ പ്രദർശിതാൻ
അന്യത്രാചരണാഭാവാദനാചാരാൻ ഭൃഗ്രുദ്വഹഃ
യാനാചഷ്ട ചതുഷ്ഷഷ്ടിമാഖ്യാസ്യേ തത്ര താനപി
ഏതാവന്തോഹ്യനാചാരാഃ പ്രാധാന്യപരിചിന്തയാ
ഭാഗ്ഗവേണ സമാമ്നാതാ യേചാന്യേ കിഞ്ചിദൂനതാം.”

ശാങ്കരസ്മൃതി ശങ്കരാചാര്യരുടേതാണെന്നു വാദിക്കുന്നവർക്കു്, അനാചാരങ്ങളുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു പറവാൻ നിവൃത്തിയില്ലാത്ത വിധത്തിലാണു് ഇതുകൊണ്ടു വന്നിരിക്കുന്നതു്. ഗ്രന്ഥകാരൻ ഭാർഗ്ഗവസ്മൃതിയിൽ നിർദ്ദേശിച്ചിരിക്കുന്ന ആചാരങ്ങളെയല്ലാതെ സ്വമേധയാ യാതൊന്നും പറയുന്നതായി അഭിമാനിക്കുന്നില്ലല്ലോ. അനാചാരങ്ങൾ ശങ്കരാചാര്യർതന്നെ നിർമ്മിച്ചതാണെന്നുവരികിൽ, ശാങ്കരസ്മൃതി വേറെ ആരോ എഴുതിയുണ്ടാക്കിയതാണെന്നു തീർച്ചയുമാണു്. അസത്യം പറഞ്ഞുണ്ടാക്കിയാൽ ഉള്ള ദുർഘടം നോക്കുക. പരമാർത്ഥം പറയുന്നതായാൽ ഈ രണ്ടു ഗ്രന്ഥങ്ങളും പ്രമാണഗ്രന്ഥങ്ങളേ അല്ല. ഭാർഗ്ഗവസ്മൃതി എന്നോ, ശാങ്കരസ്മൃതി എന്നോ ഒന്നുണ്ടായിരുന്നെങ്കിൽ, ശാങ്കരശിഷ്യപരമ്പരയിലുൾപ്പെട്ട വിശ്വരൂപാചാര്യൻ, മനുസ്മൃതിയുടെ വ്യാഖ്യാനത്തിൽ ധർമ്മശാസ്ത്രപ്രവർത്തികന്മാരുടെ പേരുകൾ പറയുന്നിടത്തു്

“മന്വത്രിവിഷ്ണുഹാരീതയാജ്ഞവല്ക്യേ ശനോംഗിരാ
യമാപസ്തംബസംവർത്താഃ കാത്യായന ബൃഹസ്പതീ
പരാശരവ്യാസശാഖ ലിഖിതാ ദക്ഷഗൗതമൗ
ശാതാതപോ വസിഷ്ഠശ്ച ധർമ്മശാസ്ത്രപ്രയോജകാഃ”

എന്ന യാജ്ഞവല്ക്യസ്മൃതിയിലെ പദ്യങ്ങളെ മാത്രം ഉദ്ധരിച്ചിട്ടു് ശങ്കരാചാര്യരെപ്പറ്റിയോ ഭാർഗ്ഗവനെപ്പറ്റിയോ ഒന്നും മിണ്ടാതിരിക്കുമായിരുന്നോ? ഈ വിശ്വരൂപാചാര്യരും സുരേശ്വരാചാര്യരും ഒന്നായിരുന്നുവെന്നു ശങ്കരവിജയങ്ങളിൽ കാണുന്നു. എന്നാൽ വാസ്തവം അങ്ങനെ അല്ല. വിശ്വരൂപാചാര്യർ കൃപാശങ്കരന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനെ ആചാര്യർ ശൃംഗേരിമഠത്തിന്റെ അദ്ധ്യക്ഷനായി വാഴിച്ചു. കൃപാശങ്കരന്റെ അനുഗാമിയും ഒരു സുരേശ്വരനായിരുന്നു. ആരോ ഒരാൾ തന്റെ കാലത്തു നടപ്പിലിരുന്ന കേരളീയാചാരങ്ങളെ ശേഖരിച്ചു് എഴുതിവെച്ചതായിരിക്കണം പ്രസ്തുതഗ്രന്ഥം. ഗ്രന്ഥകാരനായിരുന്നാലും, കേരളമാഹാത്മ്യകർത്താവിനെപ്പോലെതന്നെ കൃതഘ്നനും, സ്വാർത്ഥലാഭസിദ്ധിക്കു വേണ്ടി ജനനീജന്മഭൂമികളെ കളങ്കപ്പെടുത്താൻ മടിയില്ലാത്തവനും ആയിരുന്നു. കേരളമാഹാത്മ്യകർത്താവു്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനെ കേരളഭൂമിയുടെ ഉദ്ധാരകനായി മനഃപ്പൂർവം വിശ്വസിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾതന്നെ വിഷൂചികയുടെ സർവലക്ഷണങ്ങളും ഉണ്ടാകത്തക്കവണ്ണം അദ്ദേഹത്തിനെക്കൊണ്ടു് ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ തന്നെ, കേരളത്തിന്റെ യശസ്തംഭം നാട്ടിയ പുണ്യശ്ലോകനായ ശങ്കരാചാര്യരോടു് ശാങ്കരസ്മൃതികർത്താവിനു ബഹുമാനത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിനെ ഈ അനാചാരങ്ങളുടെ കർത്താവായി ഉൽഘോഷിക്കയുമില്ലായിരുന്നു.

പരസ്ത്രീപ്രവേശനം നിന്ദ്യമാണെന്നു് ലോകമെല്ലാം വിധിച്ചിരിക്കേ, ബ്രാഹ്മണൻ വിപ്രപത്നിയിൽ പ്രവേശിച്ചാലേ ഭ്രഷ്ടനാവുവെന്നാണത്രേ ശങ്കരാചാര്യരുടെ മതം! തന്നെയും തന്റെ വംശത്തെയും തീറ്റിപ്പോറ്റി കൊഴുപ്പിച്ച മഹാരാജാക്കന്മാരുടെ സ്ത്രീകൾക്കുപോലും പാതിവ്രത്യം വേണ്ടെന്നു് എഴുതിവെച്ച പരമദുഷ്ടനോ ശങ്കരാചാര്യർ? ശാന്തം പാപം! അഹോ! മനുസ്മൃതിയിലും യാജ്ഞവല്ക്യസ്മൃതിയിലും [21] കാണുന്ന ആര്യപരിഷ്കാരത്തിനും ഈ വിലക്ഷണാചാരങ്ങളിൽ തെളിഞ്ഞുകാണുന്ന ചീഞ്ഞ ദുർഗ്ഗന്ധമലീമസമായ പരിഷ്കാരത്തിനും തമ്മിൽ എന്തു അന്തരം!

ശങ്കരാചാര്യർ കാഞ്ചീപുരത്തായിരുന്നു ജീവിതത്തിന്റെ അധികാംശവും കഴിച്ചുകൂട്ടിയതു്. അദ്ദേഹം ശിഷ്യന്മാരാരും അറിയാതെ കേരളത്തിൽ വന്നു് അനാചാരങ്ങളെ പ്രതിഷ്ഠിച്ചിട്ടു് കടന്നുകളഞ്ഞോ? ഒരു ശങ്കരവിജയത്തിലും, കേരളീയശങ്കരാചാര്യചരിതത്തിൽപോലും, അതിന്റെ കഥയേ പ്രസ്താവിച്ചിട്ടില്ലാത്തതിനു് എന്തു സമാധാനമാണുള്ളതു്? അദ്വൈതമതസ്ഥാപകനായ ശങ്കരാചാര്യർ എവിടെ? ശാങ്കരസ്മൃതികാരൻ എവിടെ? പിൽകാലങ്ങളിൽ എത്രയോ ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു! അവരിൽ ആരെങ്കിലുമാണു് ഈ അനാചാരങ്ങൾ ക്രോഡീകരിച്ചതെന്നു പറഞ്ഞാൽ ആർക്കും ഒരു വിരോധവുമില്ല. മതസ്ഥാപകന്മാരുടെ ഉദ്ദേശ്യങ്ങളിൽ നിന്നു് എല്ലാ മതങ്ങളും അകന്നകന്നു പൊയ്ക്കൊണ്ടാണിരിക്കുന്നതു്. അക്കൂട്ടത്തിൽ ശങ്കരാചാര്യമഠങ്ങളും കാലക്രമേണ ദുഷിച്ചുപോയെന്നു് ഒറ്റനോട്ടത്തിൽ നമുക്കു കാണാൻകഴിയും. അങ്ങനെ പാതാളത്തിനു് ഏതാണ്ടു് അടുത്തെത്തിയിട്ടുള്ള ഏതോ നാമമാത്രാദ്വൈതമഠത്തിന്റെ അധിപതിയായ ഒരു ശങ്കരാചാര്യർ വമിച്ച കാളകൂടത്തെ സാക്ഷാൽ ശങ്കരന്റെ കണ്ഠത്തിൽ തള്ളിക്കയറ്റിയിട്ടു് ഒരു കാര്യവുമില്ല. ഒരു സംഗതി തീർച്ചയാണു്. ഈശ്വരദത്തമായ വിശേഷബുദ്ധി ഇരിക്കുന്നിടത്തോളം കാലം മനുഷ്യൻ അനാചാരങ്ങളോടു മല്ലിട്ടു് ഒടുവിൽ വിജയം പ്രാപിക്കതന്നെ ചെയ്യും.

ഇത്രയും പറഞ്ഞതിൽനിന്നു് കേരളീയാചാരങ്ങൾ ആപാദചൂഢം നിന്ദ്യങ്ങളാണെന്നു് ആരും വിചാരിച്ചുപോകരുത്. ആചാരങ്ങൾ ശ്രുതിവിരുദ്ധമാകാതെയും ധർമ്മബുദ്ധിസമുത്തേജകമായും ഇരിക്കുന്നിടത്തോളംകാലം സ്വീകാര്യമാണു് “ആചാരം ധർമ്മ (മതം) ത്തിലേക്കുള്ള പ്രഥമസോപാനമാകുന്നു. അതിന്റെ പ്രധാനഘടകം ശരീരമനസ്സുകളുടെ ശുചിത്വമാണു്.” എന്നു് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നു. ഈ വസ്തുതയെ സ്മൃതികാരന്മാരും നിഷേധിക്കുന്നില്ല.

“വേദോ ഖിലോ ധർമ്മമൂലം സ്മൃതിശീലേ ച തദ്വിദാം;
ആചാരശ്ചൈവ സാധൂനാമാത്മനസ്തുഷ്ടിരേവച” (മനു)

അതുകൊണ്ടത്രേ, ശ്രുതിസ്മൃതികൾ പരസ്പരം വിപരീതമായി വരുന്നിടത്തു്, ശ്രുതിയെത്തന്നെ സ്വീകരിക്കണമെന്നു് ആചാര്യന്മാർ വിധിച്ചിട്ടുള്ളതു്. ഈ തോതു വെച്ചു നോക്കിയാൽ, കേരളീയാചാരങ്ങളിൽ പലതും, പ്രത്യേകിച്ചു് സ്നാനാദികർമ്മങ്ങളേയും, ഭോജ്യാഭോജ്യാന്നങ്ങളേയും പറ്റി ചെയ്തിരിക്കുന്ന വ്യവസ്ഥകൾ ശ്ലാഘ്യങ്ങൾതന്നെയാണു്. സർവകർമ്മങ്ങളും സങ്കല്പവിവർജ്ജിതങ്ങളായിരിക്കണമെന്നു് വിധിച്ചിട്ടുള്ളതു തന്നെ ഉൽകൃഷ്ടമായ ഒരു മനഃസ്ഥിതിയേ ആണു് ഉപലക്ഷിക്കുന്നതു്. എന്നാൽ, ഇത്തരം സദാചാരങ്ങളുടെ കൂട്ടത്തിൽ ശ്രുതിവിരുദ്ധങ്ങളും കാമചാരിതയേ പ്രേരിപ്പിക്കന്നവയുമായ ചില ദുരാചാരങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നതു് ആക്ഷേപാർഹമാകുന്നു.

ഈ അവസരത്തിൽ കേരളത്തിലേ ജാതിവ്യത്യാസത്തെപ്പറ്റിയും ഒന്നുരണ്ടു വാക്കു പറയാതെ കഴികയില്ല. മലയാളദേശത്തെ വാതുലാലയമെന്നു നാമകരണം ചെയ്യുന്നതിനു് വിശ്വസ്നേഹിയായ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിക്കത്തക്കവണ്ണം അത്ര വളരെജാതികൾ ഇവിടെ ഇപ്പോൾ കാണുന്നു. മനുഷ്യരെ മൃഗങ്ങളാക്കുന്ന ഇത്തരം ജാതിയേർപ്പാടുകൾ വരുത്തിവെച്ചതും ശ്രീമല്ശ്രീശങ്കരഭഗവൽപാദരാണെന്നാണു് ചിലർ പറയുന്നതു്. ഓരോ കാരണവശാൽ, ലോകത്തിൽ, ജാതിവ്യത്യാസം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ, ഒരാൾ വന്നു് ജാതിവ്യവസ്ഥകൾ ഉണ്ടാക്കിവെച്ചാൽ, അയാളെ അനുസരിക്കാൻ അയാൾ മാത്രമേ കാണൂ. ശങ്കരഭഗവാനെപ്പോലെയുള്ള ഒരു മഹാൻ അതിനായി തുനിയുകയുമില്ല. വൈവിധ്യത്തിൽ ഏകത്വത്തേ ദർശിച്ച ഒരു യതീശ്വരൻ, മനുഷ്യസമുദായത്തെ അലങ്കോലപ്പെടുത്തുന്നതിനും, അവരിൽ ഒരു വലിയ ഭാഗത്തെ മൃഗങ്ങളാക്കി വിടുന്നതിനും ശ്രമിച്ചു എന്നു പറഞ്ഞാൽ ആരാണു് വിശ്വസിക്കുക! പരമാർത്ഥത്തിൽ ശാങ്കരസ്മൃതി എന്നൊരു കൂടപ്രമാണം സൃഷ്ടിച്ച ആൾ ആരായിരുന്നാലും അദ്ദേഹത്തിന്റെ പരമശത്രുക്കളിലൊരുവനായിരുന്നിരിക്കണം.

കേരളത്തിലെ ജാതികളുടെ പട്ടിക നോക്കിയാൽ ആർക്കും വിസ്മയം തോന്നും.

വിപ്രന്മാർ 8

1. തമ്പ്രാക്കൾ, 2. അഷ്ടഗൃഹത്തിലാഢ്യർ, 3. വിശിഷ്ടബ്രാഹ്മണർ (അക്കിത്തിരി, അടിതിരി, ചോമാതിരി, ഭട്ടതിരി മുതലായവർ), 4. സാമാന്യബ്രാഹ്മണർ, 5. ജാതിമാത്രന്മാർ, 6. സാങ്കേതികന്മാർ (പോറ്റിമാർ, എമ്പ്രാന്മാർ), 7. ശാപഗ്രസ്തന്മാർ, 8. പാപിഷ്ഠന്മാർ (പന്നിയൂർ ഗ്രാമക്കാർ, ഗ്രാമണികൾ മുതലായവർ).

ന്യൂനജാതിബ്രാഹ്മണർ 2

1. എളയന്മാർ, 2. മൂത്തതു്.

അന്തരാളജാതികൾ 12

1. അടികൾ, 2. പുഷ്പകൻ, 3. പൂപ്പള്ളി, 4. പിഷാരൊടി, 5. വാരിയർ, 6. ചാക്യാർ, 7. നമ്പിയാർ, 8. തീയട്ടുണ്ണി, 9. പിടാരന്മാർ, 10. കുരുക്കൾ, 11. നാട്ടുപ്പട്ടൻ (പട്ടരുണ്ണി), 12. പൊതുവാൾ.

ശൂദ്രർ പതിനെട്ടു്. മുമ്പു വിവരിച്ചുകഴിഞ്ഞു.

ശില്പികൾ 6

1. ആശാരി, 2. കല്ലാശാരി, 3. മൂശാരി, 4. തട്ടാൻ, 5. കൊല്ലൻ, 6. ഈർച്ചക്കൊല്ലൻ.

പതിതജാതി 10

1. കണിയാൻ, 2. വിൽകുറുപ്പു്, 3. വേലൻ, 4. കുറുപ്പു്, 5. തോൽകുറുപ്പു്, 6. പാണൻ, 7. പരവൻ, 8. ഈഴവൻ, 9. മുക്കുവൻ, 10. വാലൻ.

നീചജാതി 8

1. പറയൻ, 2. പുലയൻ, 3. നായാടി, 4. ഉള്ളാടൻ, 5. വേടൻ, 6. കാണിക്കാരു്, 7. കുറുമ്പൻ, 8. മലയരയർ.

ഈ ജാതിപ്പട്ടികയിലെങ്ങും തന്നെ ക്ഷത്രിയരേയും വൈശ്യരേയും കാണുന്നതേ ഇല്ല. ആ രണ്ടു കൂട്ടരും കേരളത്തിൽ ഇല്ലായിരുന്നോ? ലവപൌത്രനേ കൊച്ചിയിൽ കൊണ്ടുവന്നു വാഴിച്ചതായി കേരളമാഹാത്മത്തിൽ പറഞ്ഞിട്ടുള്ള കഥ ഗ്രന്ഥകാരൻ മറന്നുകളഞ്ഞോ? ഇങ്ങനെ വരാനുള്ള കാരണം ആരായുന്നതു് രസാവഹമാണു്. ദ്രാവിഡജനങ്ങളുടെ കൂട്ടത്തിലെങ്ങും ക്ഷത്രിയരേരും വൈശ്യരേയും കാണ്മാനില്ലെന്നു് വിൽസന്റ് എ. സ്മിത്തു് പ്രസ്താവിച്ചിട്ടുള്ളതും ഈ അവസരത്തിൽ ഓർമ്മയിൽ വരുന്നു. ദ്രാവിഡാദശങ്ങളിൽ രാജാക്കന്മാരില്ലായിരുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ല. നേരേമറിച്ചു് ദ്രാവിഡരാജാക്കന്മാരെപ്പോലെ, ലോകരാഞ്ജനവ്രതം അനുഷ്ഠിച്ചു ജീവിച്ച മഹാമനസ്തന്മാർ മറ്റെങ്ങും ഉണ്ടായിട്ടില്ല. വിശാലഹൃദയത്വം, ധർമ്മനിഷ്ഠ, സമഭാവന ഈ ഉൽകൃഷ്ട ഗുണങ്ങൾക്കു് അവർ വിളനിലമായിരുന്നു. വീര്യപരാക്രമങ്ങളിൽ അവരെ അതിശയിക്കത്തക്കവണ്ണം ഒരു രാജകുലവും ഉത്തരഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഭാരതഖണ്ഡത്തിലെ ക്ഷാത്രവർഗ്ഗക്കാരുടെ (military races) കൂട്ടത്തിൽ ഒരു പ്രധാന സ്ഥാനം ഇന്നും മലയാളികൾക്കു കല്പിച്ചു വരുന്നുണ്ടു്. ഭിന്നജാതിമതസ്ഥന്മാർ ഏതല്ക്കാലപര്യന്തം ഏകോദരസഹോദരങ്ങളെപ്പോലെ വർത്തിച്ചുവന്ന ഒരു നാടു് വല്ല ദിക്കിലുമുണ്ടെങ്കിൽ അതു് ദ്രാവിഡദേശം ഒന്നു മാത്രമാണ്. മഹമ്മദീയർ ഉത്തരഇൻഡ്യയിൽ ധാരാളമുണ്ടെങ്കിലും, അവർ വാളുകൊണ്ടാണു് അവിടെ തങ്ങളുടെ ശക്തി സ്ഥാപിച്ചതു്. കേരളത്തിലാകട്ടെ, രാജാക്കന്മാരുടെ സൌജന്യവും, സമഭാവനയും, മഹാമനസ്കതയും നിമിത്തം ഉണ്ടായ മഹമ്മദീയദേവാലയങ്ങൾ ഒട്ടുവളരെയുണ്ടു്. കൃസ്ത്യാനികൾക്കും മലയാളനാട്ടിലുള്ളതുപോലെ സംഖ്യാബലവും മറ്റു ഭാരതീയ രാജ്യങ്ങളിലൊരേടത്തും കാണുന്നില്ല. അവരുടെ ഈ അഭിവൃദ്ധിക്കു കാരണഭൂതന്മാരും കേരളീയരാജാക്കന്മാർ തന്നെയാണു്. അവർ തങ്ങളുടെ നാട്ടുകാരിൽ പ്രധാനികൾക്കു് എന്തെല്ലാം സ്ഥാനമാനങ്ങളും പദവികളും നൽകിവന്നോ അവയൊക്കെ ജൂതന്മാർ, കൃസ്ത്യാനികൾ, മഹമ്മദീയർ മുതലായ വിദേശീയർക്കും നൽകാതിരുന്നില്ല. ഈഴവർക്കു് ഇന്നു തീണ്ടൽ കല്പിച്ചുവരുന്നുണ്ടെങ്കിലും, അവരോടു് പെരുമാക്കന്മാർ വർത്തിച്ചതെങ്ങനെയെന്നു് വടക്കൻപാട്ടുകൾ വായിച്ചുനോക്കിയാൽ അറിയാം. അരോമൽ ചേകവർ അങ്കം പൊരുതുവാൻ പുറപ്പെട്ടപ്പോൾ അനുജനോടു് തന്റെ കുടുബചരിത്രത്തെ ഇങ്ങനെ വിവരിക്കുന്നു.

“നമ്മുടെ പണ്ടത്തേ കാരണോന്മാർ
ഇഴുവത്തുനാട്ടീന്നു വന്നോരാണേ.
ചേരമാൻപെരുമാളു തമ്പുരാനും
ഓല എഴുതി അയച്ചിതല്ലോ
ഇഴുവത്തുരാജാവിന്നു കത്തുകിട്ടി
കത്തങ്ങു വായിച്ചു നോക്കുന്നുണ്ടേ.
അപ്പോൾ പറയുന്നു രാജാവല്ലോ
‘ഇവിടിന്നിഴുവരെ അയക്കവേണം
മലയാളത്തേക്കങ്ങയക്കവേണം’
മലയാളപെരുമാളുടെ കല്പനയാൽ
പച്ചക്കുടയുമേ പച്ചപൊന്തീ
കുലവിരുതൊത്തൊരു ചേകവരും
മലയാളത്തേയ്ക്കങ്ങു യാത്രയായീ

***


തമ്പുരാൻ തിരുമുമ്പിൽ ചെന്നുനിന്നു
തൃക്കാലും കണ്ടു തൊഴുതുണർത്തി.”

പെരുമാൾ അവർക്കു താഴെപ്പറയുന്ന വിരുതുകൾ നൽകിയത്രേ.

“നെറ്റിപ്പടവും നെറുകപ്പൂവും
പാവാട താനും വകൽ വിളക്കും,
കുത്തുവിളക്കുമേ പന്തക്കുഴം,
ഏഴുക്കുകവുമേ തന്നിട്ടുണ്ടേ;
തോരണം നാലുമേ തന്നിട്ടുണ്ടേ;
പൊന്നുംപല്ലക്കുമേ തന്നിട്ടുണ്ടേ.
ഇരുപ്പും നടപ്പുമൊരാർപ്പുകളും
പഞ്ചവാദ്യവും നടവെടിയും
നാഗവർണ്ണത്തിനെ രക്ഷിപ്പാനും
കെട്ടും മാറാപ്പുമൊരെണ്ണക്കുറ്റി
ചെന്നാലവിടെയിരിപ്പാനായി
തണ്ടാര്യസ്ഥാനവും കീൾവാഴ്ചയും
വീട്ടായ്മസ്ഥാനവും ഉണ്ടു നോക്കേ.

***


പൂത്തൂരം വീടും കളരിതന്നു;
അട്ടിപ്പേരായി എഴുതിത്തന്നു.
പുത്തൂരം പാടത്തേക്കണ്ടം നാലും
നമ്മക്കു കഴിവാനായ്ത്തന്നിട്ടുണ്ടേ.

***


അങ്കക്കളരി ചെറുക്കളരി
തൊട്ടുവോർക്കളരി തൊടുക്കളരി,
നാല്പത്തുരണ്ടു കളരിപ്പാടെ
നാലുകളരിയും നോക്കുള്ളതേ.” [22]

ഇങ്ങനെ നോക്കിയാൽ കേരളരാജാക്കന്മാർ ക്ഷത്രിയധർമ്മത്തെ ശരിക്കു നിറവേറ്റിയവരാണെന്നു കാണാം.

വൈശ്യവൃത്തിയിൽ ഏർപ്പെട്ടിരുന്നവരും കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ ഉണ്ടായിരുന്നു. ചെട്ടി, വാണിയൻ എന്നീ ശബ്ദങ്ങൾ വൈശ്യപര്യായങ്ങളായിരുന്നിട്ടും, അവരെ കേരള ജാതിനിർണ്ണയകാരൻ ശൂദ്രരായിട്ടാണു് കല്പിച്ചിരിക്കുന്നതു്. ഉത്തമ ജീവിതവൃത്തികളെ അവലംബിച്ചു ജീവിച്ചവരെ ഇങ്ങനെ ശൂദ്രരായിട്ടും അതിലും താണവരായിട്ടും ഗണിച്ചിട്ടു് അവരുടെ മേൽ ആന്തരാളികവർഗ്ഗക്കാർ എന്നൊരു കൂട്ടരെ പ്രതിഷ്ഠിച്ചിരിക്കുന്നതാണു് ബഹുവിചിത്രം. അവരുടെ ഉല്പത്തിയെപ്പറ്റി പറഞ്ഞിട്ടുള്ള ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.

ശ്രീ പരശുരാമൻ ശ്രീമൂലസ്ഥാനത്തു താമസിക്കവേ,

“തസ്മ ൻ പുരവരേ രമ്യേ കശ്ചിൽ ബ്രാഹ്മണസത്തമഃ
വൃദ്ധോ മൂർഖഃസ്ഥിതസ്തസ്യ പത്നീ പതിഹിതേ രതാ.
പൂർണ്ണയൌവനസമ്പന്നാ പാതിവ്രത്യാഗ്നിസംഭവാ,
സഞ്ജാതാ ജാതഗർഭാ സാ വിപ്രപത്നീ പതിവ്രതാ.”

മൂർഖനായ വൃദ്ധബ്രാഹ്മണനു് അവളിൽ സംശയം ജനിക്കയാൽ യോഗസ്ഥന്മാരായ ഭൂസുരാശ്രേഷ്ഠന്മാരെ വിവരം ധരിപ്പിച്ചു. അവരാകട്ടെ, ആ സാധ്വിയെ ബഹിഷ്കരിച്ചു്, എക്സ് പാർട്ടി വിധികല്പിച്ചതിനാൽ, അവൾ എവിടെയോ പോയി താമസിക്കയും, യഥാകാലം ഒരു കന്യകയെ പ്രസവിക്കുകയും ചെയ്തു. അഹോ! എന്തൊരു നീതിനിഷ്ഠ! പരശുരാമനു് ആ കന്യകയെ കണ്ടപ്പോൾ ദുഃഖമുണ്ടായിപോലും. അതിനാൽ യോഗപട്ടദ്വിജേശ്വരനെ വിളിച്ചു് അവൾക്കു വല്ല ദോഷവും ഉണ്ടോ എന്നു ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ മറുപടിയാണു് ബഹുവിചിത്രം.

“ദോഷലേശോപി കന്യായാം ന മേ ഭാതി ഭൃഗ്രുത്തമഃ
തഥാപികിഞ്ചിദ്ദോഷോ സ്യാ വിപ്രോക്ത്യാ കല്പ്യതേ മയാ.”

“അവളിൽ ഞാനൊരു ദോഷവും കാണുന്നില്ല; എന്നാലും വിപ്രോക്ത്യാ അവൾക്കു് ഞാൻ അല്പം ദോഷം കല്പിക്കുന്നു.” ഇത്തരം ന്യായാധിപതിമാരെയും പഞ്ചായത്തുകാരെയും മഷിയിട്ടാൽപോലും കാണാതാക്കിയ ബ്രിട്ടീഷ് സിംഹത്തിനു് കോടി കോടി നമസ്കാരം!

ഭാർഗ്ഗവന്റെ സാത്വികതേജസ്സെല്ലാം രാമചന്ദ്രനിലേക്കു പകർന്നുപോയതുകൊണ്ടായിരിക്കാം–അതു കേട്ടിട്ടു്, അദ്ദേഹം ഒരക്ഷരംപോലും ഉരിയാടാതെ അവളെ ഒരു പ്രത്യേക ഗൃഹത്തിൽ പാർപ്പിച്ചു. കന്യകയ്ക്കു വയസ്സു പന്ത്രണ്ടായി. അവൾ ഒരുദിവസം ശിവക്ഷേത്രത്തിനു സമീപം പൂവിറുത്തുകൊണ്ടു് നില്ക്കുന്നതു് അദ്ദേഹം കാണാൻ ഇടയായി. ആ ക്ഷേത്രത്തിനുള്ളിൽ അദ്ദേഹം ചെന്നപ്പോൾ, വിഗ്രഹത്തിൽ ഒരു വിചിത്രമായ മാല ചാർത്തിയിരിക്കുന്നതു കണ്ടു്, അതു് ആരു ചാർത്തിയ മാലയാണെന്നു് പൂജാരിയോടു ചോദിച്ചതിൽ, അതു ചാർത്തിയതു് താനല്ലെന്നും ആരു ചാർത്തിയതാണെന്നു് തനിക്കു നിശ്ചയമില്ലെന്നും പൂജാരി പറഞ്ഞപ്പോൾ, അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഉടൻതന്നെ അദ്ദേഹം അവളുടെ അടുത്തുചെന്നു്,

“ശിവാലയേ സുന്ദരീ ത്വം നിത്യം പ്രത്യഗ്രമാലയാ
ശിവസ്യ വിപുലം വക്ഷശ്ശോഭനം കുരു ശോഭനേ.
ശിവാലയസ്യ ശുശ്രൂഷാം കൃതാ ത്വം വസ കന്യകേ
പുത്രാർത്ഥം ബ്രാഹ്മണാന്നിത്യമംഗീകുരു യഥേഹിതം
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം അന്വഹം കുരു കന്യകേ.”

എന്നു് ആജ്ഞാപിച്ചുവത്രേ. അവളുടെ ദിവ്യത്വം ഇങ്ങനെ വെളിപ്പെട്ടിട്ടും, അവളെ ബ്രാഹ്മണരെക്കൊണ്ടു് സ്വീകരിപ്പിക്കാൻ പരശുരാമൻ ശ്രമിക്കാഞ്ഞതോ പോകട്ടെ; അവളുടെ അധഃപതനത്തിനു കാരണമാക്കിയ ബ്രാഹ്മണകുലത്തെ ശുശ്രൂഷിച്ചു വസിച്ചുകൊള്ളണമെന്നു് ആജ്ഞാപിക്കയും ചെയ്തതാണു് സാഹസമായിരിക്കുന്നതു്. ബ്രാഹ്മണി എന്നൊരു ജാതി ഉണ്ടായതിനു് ഒരു കാരണം കണ്ടുപിടിക്കാൻ കേരളമാഹാത്മ്യകർത്താവു് എത്ര ബുദ്ധിമുട്ടിയിരിക്കുന്നു എന്നു നോക്കുക. അതിനുവേണ്ടി പരശുരാമനെ തിരുമണ്ടനാക്കിയെന്നു മാത്രമല്ല, യോഗക്കാരെ കണ്ണിൽചോരയില്ലാത്ത കഠിനഹൃദയന്മാരാക്കി ജനസമക്ഷം നിർത്തുകയും ചെയ്തു. എന്നിട്ടും കേരളാചാരകർത്താവു് ഈ മാതിരി ‘കുരുത്തക്കേടി’നൊക്കെ കാരണഭൂതൻ ശങ്കരാചാര്യരാണെന്നു പറഞ്ഞിരിക്കുന്നതെന്താണാവോ?

(2) ഉത്തരദേശസ്ഥനായ ഒരു യതി സംഗമേശപുരത്തുവന്നു് തത്രസ്ഥനായ ഒരു ബ്രാഹ്മണന്റെ നവയൌവനവതിയായ ഒരു പത്നിയെ വശീകരിച്ചു രമിച്ചുകൊണ്ടിരുന്നു. കാലക്രമേണ അവൾ ജാതഗർഭയാകയും യഥാകാലം ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ഒടുവിൽ ഈ കുട്ടിയേയും യതിയേയും ബ്രാഹ്മണൻ ഒരുമിച്ചു് കാണാനിടയായി. അപ്പോഴാണു് സാധുവിനു് കഥ മനസ്സിലായതു്. ഉടനെതന്നെ അയാൾ പുത്രനെ ബഹിഷ്കരിച്ചു. ആ സ്ത്രീ മരിച്ചശേഷം, യതി പരശുരാമനോടു്,

“ശുശ്രൂഷാർത്ഥമിഹാലയേ കല്പയബ്രാഹ്മണീപുത്രം
മദിന്ദ്രിയസമുത്ഭവം”

എന്നു നിർലജ്ജം അപേക്ഷിക്കയാൽ, പരശുരാമൻ അവനെ വിളിച്ചു്,

“നിത്യഞ്ച കുർവന്നത്രൈവ വസത്വം യതിനന്ദന;
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം കുരു ഭക്ത്യാ ത്വമന്വഹം.”

എന്നു കല്പിച്ചു എന്നു മാത്രമല്ല, ദയാപൂർവം ഒരു ശൂദ്രകന്യകയെ അയാൾക്കു കൊടുത്തിട്ടു്, അവളെ സഹോദരിയായി ഗണിച്ചുകൊള്ളണമെന്നും പറഞ്ഞു. പരശുരാമനു് ഒരു കാര്യത്തിലായിരുന്നുവത്രേ വലിയ നിർബന്ധം. ബ്രാഹ്മണരുടെ തൃതീയപുരുഷാർത്ഥം സാധിപ്പിച്ചുകൊടുക്കുന്ന വിഷയത്തിൽ അദ്ദേഹം എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചിരിക്കുന്നു! അതിനായി,

“സാമന്താദ്യാ മദീയേത്ര കേരളേ നിത്യസംസ്ഥിതാഃ,
പാതിവ്രത്യം വിനൈവാത്ര നിവസന്തു മദാജ്ഞയാ”

എന്നൊരു രാജകീയവിളംബരം പോലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. രേണുകയുടെ പാതിവ്രത്യഭംഗത്തെ ശങ്കിച്ചു് ജമദഗ്നിമഹർഷി അവളെ ഹനിക്കാൻ ആവശ്യപ്പെട്ടപ്പോൾ, യാതൊരു കൂസലുംകൂടാതെ അങ്ങനെ ചെയ്ത പരശുരാമൻ, സാക്ഷാൽ പാതിവ്രത്യാഗ്നിസംഭൂതയും നാമസ്മരണമാത്രത്താൽ സർവപാപങ്ങളേയും ദൂരീകരിക്കുന്ന മഹിളാകുലമണിഭൂഷയും ആയ സീതാദേവിയുടെ പൗത്രന്റെ [23] വംശത്തിലുള്ള സ്ത്രീജനങ്ങൾക്കു പോലും പാതിവ്രത്യം വേണ്ടെന്നു കല്പിച്ചുപോലും. ഇതൊക്കെ കാണുമ്പോൾ പരശുരാമൻ തന്നെ, ബ്രാഹ്മണരുടെ തൃതീയ പുരുഷാർത്ഥസാധനത്തിനായി, സ്വാത്മാവിനെ കോടിശഃവിഭജിച്ചു് അത്രയും സ്ത്രീജനങ്ങളായി കേരളത്തിൽ വന്നു ജനിച്ചു എന്നു് കേരളമാഹാത്മകർത്തവു പറഞ്ഞുകാണാത്തതിൽ അത്ഭുതം തോന്നുന്നു. ഒരു കാര്യം തീർച്ചയാണു്. കേരളീയരുടെ വാൾ തുരുമ്പു പിടിച്ചു തുടങ്ങുന്നതുവരെ ഈ ഗ്രന്ഥം ആരും വെളിയിൽ എടുത്തു കാണുകയില്ല.

ഈമാതിരി ഒട്ടു വളരെ കഥകൾ കേരളമാഹാത്മ്യത്തിൽ ഉണ്ടു്. അവയിൽ വെച്ചു് പരശുരാമൻ സ്വർഗ്ഗത്തു ചെന്നു സ്വർന്നാരികളെ കൊണ്ടുവന്ന കഥയാണു് ചിത്രാൽ ചിത്രതരമായിരിക്കുന്നതു്. പരശുരാമൻ, ബ്രാഹ്മണരുടെ രത്യർത്ഥം സ്ത്രീകളെ ആനയിക്കാനായി ദേവലോകത്തു ചെന്നു് “ഹേ, ദേവേന്ദ്ര, ഞാൻ കേരളം എന്നൊരു ഭൂമി സൃഷ്ടിച്ചു്, ഒട്ടുവളരെ ബ്രാഹ്മണരെക്കൊണ്ടുവന്നു പാർപ്പിച്ചിട്ടുണ്ടു്. അവർക്കു ജോലിയൊന്നുമില്ല. അവരെ രമിപ്പിക്കാനായി നിങ്ങളുടെ സ്ത്രീകളെ എന്റെ കൂടെ അയയ്ക്കണം എന്നു പറഞ്ഞപ്പോഴെ ഇന്ദ്രൻ ജയന്തന്റെ പുത്രി തുടങ്ങിയ ഏതാനുംപേരെ പരശുരാമന്റെ കൂടെ അയച്ചുവത്രേ. അവരും അവരുടെ സന്താനങ്ങളും ആണു് ദേവദാസിമാർ. ഇവിടെ ഒരു സംഗതി യുക്തിക്കു വിപരീതമായി കാണുന്നു. ബ്രാഹ്മണർ ഭൂമിക്കു മാത്രം സുരന്മാരാണു്. അവരെക്കാൾ സാക്ഷാൽ സുരന്മാർ എത്രയോ പൂജനീയന്മാരായിരിക്കണം. ആ സ്ഥിതിക്കു് ദേവേശന്റെ പൌത്രിയിലുണ്ടായ സന്താനങ്ങൾ ബ്രാഹ്മണരെക്കാൾ പൂജാർഹരായിരിക്കേണ്ടതല്ലേ? ബ്രാഹ്മണർ തങ്ങളുടെ കന്യകകളെ ആദ്യമായി ദേവന്മാർക്കായിട്ടു കല്പിക്ക പതിവാണു്. കേരളമാഹാത്മ്യകർത്താവിനു് അതു കണ്ടിട്ടു് അസൂയ തോന്നുകയാലായിരിക്കാം, ദേവകന്യകകളെ ഇങ്ങോട്ടു് ആനയിക്കണമെന്നു് ആഗ്രഹം ജനിച്ചതു്. ഇത്തരം കഥകൾ എഴുതിയുണ്ടാക്കിയ ആൾ ആരായിരുന്നാലും, അയാൾ കേരളീയർക്കു് ഒരു ഉപകാരം ചെയ്തിട്ടുണ്ട്. ഇന്ദ്രനെന്നും ദേവകളെന്നും പരശുരാമനെന്നും മറ്റും പറയപ്പെടുന്നവർ വെറും കല്പിതപാത്രങ്ങളാണെന്നു് അയാൾ ഈ ഗ്രന്ഥത്താൽ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഇന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അയാളുടെ പൌത്രിയെ ഒരു ദാസിയാക്കാൻ ആവശ്യപ്പെടുമോ? രാമചന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ വംശത്തിൽ ഉത്ഭവിച്ച സ്ത്രീകൾക്ക് പാതിവ്രത്യം വേണ്ടെന്നു് ഒരു നിയമം പാസ്സാക്കുമായിരുന്നോ? പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു് അയാൾക്കു വിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനെക്കൊണ്ടു് ഇത്രവളരെ ധർമ്മവിരുദ്ധമായ പ്രവൃത്തികൾ ചെയ്യിക്കുമായിരുന്നോ?

കേരളത്തിൽ ക്ഷത്രിയന്മാരില്ലെന്നു വരുത്തിയിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാൻ വിഷമമില്ല. രാജാക്കന്മാരെ ഹിരണ്യഗർഭാദി ക്രിയകളിൽ കുടുക്കി ബ്രാഹ്മണരുടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. ദ്രാവിഡർ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെട്ടവരേ ആയിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന യോഗികളേയും മറ്റും ബ്രാഹ്മണർ തങ്ങളുടെ വർഗ്ഗത്തിൽ ചേർത്തുകാണണമെന്നു് കേരളമാഹാത്മ്യത്തിൽ ശിവദ്വിജനെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു് ഊഹിക്കാം. പരശുരാമൻ അസംഖ്യം പേർക്കു് ബ്രാഹ്മണ്യം നൽകിയതായി പുരാണങ്ങളിൽ പറഞ്ഞുകാണുന്നുമുണ്ടു്. രാമാനുജാചാര്യരും അപ്രകാരം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. ബാക്കിയുള്ളവരിൽ, ക്ഷേത്രസംബന്ധമായ പരിചര്യകൾ ചെയ്തുവന്നവർ, കാലക്രമേണ അന്തരാളിക ജാതികളായിപ്പിരിഞ്ഞു. ചില കെട്ടുകഥകൾ മിടഞ്ഞുണ്ടാക്കി, ആ ജാതികളെ മലയാള ബ്രാഹ്മണർ നല്ലപോലെ ഉറപ്പിച്ചു. ശേഷിച്ച ദ്രാവിഡരെയെല്ലാം ശൂദ്രരായും ഗണിച്ചു. ഇങ്ങനെയാണു് ജാതിവ്യത്യാസം കേരളത്തിൽ ഉണ്ടാവാനിടയായതു്. അല്ലാതെ ശങ്കരാചാര്യർ ഈ വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ല.

കുറിപ്പുകൾ
[1]

Professor A. R. Rajaraja Varma.

[2]

മാധവീയശങ്കരവിജയം കാവ്യരീതിയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു കൃതിയാണു്. പ്രമാദജടിലമായിരിക്കുന്നതിനാൽ, അതിനെ വിശ്വസിക്കാൻ തരമില്ല. ആനന്ദഗിരിയുടേതാണെന്നു പറഞ്ഞുവരുന്ന ശങ്കരവിജയമാകട്ടെ ഒരു കൂടപ്രമാണമാണു്. ആദിശങ്കരന്റെ ശിഷ്യനായിരുന്ന ആനന്ദഗിരി അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന രാമാനുജാദികളെ പറ്റി അറിയാൻ ഇടയായില്ലല്ലോ.

[3]

ഒന്നാം ബുക്കന്റെ കാലം 1354 മുതൽ 1374–വരെ ആയിരുന്നു എന്നു് ചരിത്രത്തിൽ കാണാം.

[4]

വിദ്യാരണ്യനും സന്മേണനും ഒന്നാണെന്നു് ചിലർ വിചാരിക്കുന്നു. എന്നാൽ അതു ശരിയല്ലെന്നു് താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽനിന്നു ഗ്രഹിക്കാം.

ശ്രീമതി ജനനീ യസ്യ സുകിർത്തിരമ്മായണഃപിതാ;
സായണോ ഭോഗനാഥശ്ച മനോബുദ്ധി സഹോദരൌ
ബോധായനം യസ്യ സൂത്രാ ശാഖാ യസ്യ ച യാജൂഷീ;
ഭാരദ്വാജം കുലം യസ്യ സർവജ്ഞഃ സ ഹി മാധവഃ
(പരാശരമാധവീയം)
“ആദിശന്മാധവാചാര്യം വേദാർത്ഥന്യ പ്രകാശനേ;
സഹ്യാഹ നൃപതിം രാജൻ സായന്നായ്യോ മമാനുജഃ
സർവം വേത്ത്യേഷ വേദാനാം വ്യാഖ്യാതൃത്വേ നിയുജ്യതാം;
ഇത്യുക്തോ മാധവാര്യേണ വരബുക്കമഹീപതിഃ
അന്വശാസൽ സായണാര്യം വേദാർത്ഥസ്യ പ്രകാശനെ”
(തൈത്തിരീരയസംഹിതാഭാഷ്യേ)
[5]

മാധവാചാര്യരുടെ കാലത്തു് ഇങ്ങനെ ഒരു ഗ്രന്ഥവരി പരിപൂർണ്ണരൂപത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ശങ്കരവിജയത്തിൽ നിന്നു തെളിയുന്നുണ്ടു്.

[6]

എല്ലാവരുടേയും കാലം ഇവിടെ ചേർക്കേണ്ട ആവശ്യമില്ലാത്തതിനാൽ വിട്ടുകളഞ്ഞിരിക്കുന്നു.

[7]

നൃസിംഹദേവരായർ ശകാബ്ദം 1429-ൽ രണ്ടും കൃഷ്ണദേവരായർ 1444-ൽ ഒന്നും വീതം ശാസനങ്ങൾ മഹാദേവനു നൽകി.

[8]

കുമാരപാലന്റെ (1143–1172) സദസ്യൻ, ഡഫ്.

[9]

കീർത്തിവർമ്മന്റെ (1050–1100)സദസ്യൻ ബി. ഏ. സിമിത്ത്.

[10]

“ന ഭയഗുരുർവ്യാധത്ത ച വാല്മീകികഥാം കിമധികൃത്യ” “ഫുല്ലാകീർത്തിർഭ്രമതി സുകുവേർദ്ദിഷ്ഠ യായാവരസ്യ” “മാപി ച കിം ന ശ്രുതം സഭീകസ്യ ശങ്കരവർമ്മണോവർണ്ണനം?” (ബാലരാമായണം) കൽഹണൻ ശങ്കരവർമ്മന്റെ ജീവിതകാലം 888 മുതല്ക്ക് 902–വരെ ആയിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ആ കാലഗണന ഇവിടെ യോജിക്കുന്നുമുണ്ടു്.

[11]

ചിദംബരത്തുകാരനായ വിശ്വജിത്തു് എന്ന ബ്രാഹ്മണൻ മരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ വിധവ ഉടന്തടി ചാടുവാൻ ഒരുങ്ങി. ആ സമയം അവർ ഗർഭിണിയായിരുന്നതിനാൽ ബന്ധുജനങ്ങൾ അവരെ ആ ഉദ്യമത്തിൽനിന്നു പിൻവലിപ്പിച്ചു് ഗൃഹത്തിലേക്കു് അയച്ചു. ക്രമേണ ഗർഭലക്ഷണങ്ങൾ മാഞ്ഞുപോയി. എന്നാൽ മൂന്നാം കൊല്ലത്തിൽ അവർ ഒരു പുരുഷപ്രജയെ പ്രസവിക്കുകയും അപവാദം ഭയപ്പെട്ടു അതിനെ കാട്ടിൽ തള്ളുകയും ചെയ്തു. അവിടെവച്ചു് വ്യാഘ്രപാദനെന്ന മഹർഷിയുടെ പത്നി എടുത്തു വളർത്തി. ഇങ്ങനെയാണ് കഥ.

[12]

ലളിതാദിത്യൻ ബ്രഹ്മാനന്ദഘനന്റെ കാലത്തു് കാഞ്ചീപുരം സന്ദർശിച്ചു് അനേകായിരം സാധുക്കൾക്കു ഭക്ഷണം കൊടുത്തതായി രാജതരംഗിണിയിലും ഭവഭൂതിവിരചിതമായ മഹാപുരുഷവിലാസത്തിലും പുണ്യശ്ലോകമഞ്ജരിയിലും കാണുന്നു. “രട്ടാം കർണ്ണാടരാജ്ഞിം പ്രസഭമഭിഭവൻ കേരളീയാംശ്ചകീശ പ്രഖ്യാൻ പ്രഖ്യാപയിഷ്യന്നചലവദജഹാദ്ദീർഘകൌപീനപുച്ഛാൻ മ്ലേച്ഛാൻ മൂർദ്ധമുണ്ഡാനപി വിദധഥോ വിദ്രവഹ്രീഃ വിവൃത്യൈ ശ്രീകാഞ്ചീകാമകോടീമഠമസദദസൌശ്രീഗുരോഃ സേവനാപ്ത്യൈ ചോളാനഭ്യേത്യലീലാവലയിതവസുധാമദ്ധ്യകാഞ്ച്യാംസകാഞ്ച്യാ മസ്താചാര്യനു സപര്യാപ്രമുദിത ഹൃദയാദാദധാനഃ സ സമ്രാട് യത്സ്മൃത്യൈ ജേഷ്ഠരുദ്രാലയമപിവിദധേ സാധുസാഹസ്രഭക്തം നാമ്നാ ലക്ഷോത്തരാണാമപിരുദശനദം വേശ്മ കാശ്മീരദേശേ”

[13]

ഏ. ഡി. 367-ൽ അന്ത്യസമാധി അടഞ്ഞ ഉജ്വല ശങ്കരന്റെ അനുഗ്രഹത്താൽ സ്യാനന്ദ രാധിപതിയായ ഒരു കുലശേഖരൻ കവിയായിത്തീർന്നുവെന്നു പറഞ്ഞിരിക്കുന്നു. അക്കാലത്തു് ഒരു വീരകേരളകുലശേഖരൻ തിരുവിതാംകൂർ ഭരിച്ചിരുന്നതായി ശങ്കുണ്ണിമേനോന്റെ ചരിത്രത്തിലും കാണുന്നു. ഈ ശങ്കരന്റെ ആദ്യത്തെ പേരു് അച്യുതകേശവൻ എന്നായിരുന്നു.

[14]

കയ്പള്ളി എന്നായിരുന്നു ഇല്ലപ്പേരും.

[15]

ബദരികാശ്രമത്തിൽ താമസിച്ചിരുന്ന ഈ ഗൗഡപാദാചാര്യർ തന്നെ ആയിരിക്കണം വേദാന്തസൂത്രകാരനായ ബാദരായണൻ. കേരളീയ ശങ്കരാചാര്യ ചരിതത്തിൽ ബദര്യാശ്രമത്തിൽവെച്ചു് അദ്ദേഹം വ്യാസനെ കണ്ടതായി പറഞ്ഞിട്ടുള്ളതും ഈ അവസരത്തിൽ സ്മരണീയമാകുന്നു. വ്യാസന്മാർ അനേകമുണ്ടെന്നുള്ളതു തർക്കമറ്റ ഒരു സംഗതിയാണ്.

[16]

ആസ്സാമിൽവെച്ചു് ഉഗ്രഭൈരവൻ എന്ന കാപാലികൻ ഇദ്ദേഹത്തിനെ ഹനിക്കാൻ ശ്രമിച്ചുവെങ്കിലും ശിഷ്യനായ പത്മപാദന്റെ സഹായത്താൽ രക്ഷപ്പെട്ടുവത്രേ.

[17]

തൃശ്ശിവപേരൂർ.

[18]

വടക്കുന്നാഥക്ഷേത്രം.

[19]

ഗ്രന്ഥകാരന്റെ പേരു ഗോവിന്ദയതി എന്നായിരുന്നു.

[20]

കാമകോടിപീഠം.

[21]

ഈ സ്മൃതികളേയും ആധുനികന്മാർ ഇടശ്ലോകങ്ങൾ തിരുകി ദുഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്.

[22]

ഇരവിക്കത്താനു പെരുമാൾ കൊടുത്ത ചെപ്പേട്ടിനോടു സാദൃശ്യപ്പെടുത്തുക.

[23]

കൊച്ചീരാജ്യത്തു് ലവപുത്രനെ പരശുരാമൻ രാജാവാക്കി വാഴിച്ചതായി പ്രസ്താവിച്ചിട്ടുള്ളതും കേരളമാഹാത്മ്യകർത്താവു തന്നെയാണല്ലോ.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.