images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
ദ്രാവിഡപ്രഭാവകാലം
(സാഹിത്യം)

ഈ കാലത്തിനിടയ്ക്കു് ഭാഷയിൽ ഉണ്ടായതായി ഭാഷാചരിത്രകർത്താവു പറഞ്ഞിരിക്കുന്ന പ്രധാന സാഹിത്യഗ്രന്ഥങ്ങൾ രാമചരിതം, രാമകഥപ്പാട്ടു്, തച്ചൊളിപ്പാട്ടുകൾ, കൃഷ്ണനാട്ടം ഇവയാകുന്നു. എന്നാൽ ഇവയിൽ ഒടുവിലത്തെ മൂന്നു ഗ്രന്ഥങ്ങളും കൊല്ലം ആറാംശതകത്തിനു ശേഷം രചിക്കപ്പെട്ടവയാണെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. രാമചരിതത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:

“അഞ്ചാം ശതവർഷത്തിൽ,തിരുവിതാംകൂർരാജ്യം ഭരിച്ചിരുന്ന ഒരു മഹാരാജാവു് ഉണ്ടാക്കിയിട്ടുള്ള രാമചരിതം മലയാളത്തിന്റെ പൂർവ്വകൃതിക്കു് ലക്ഷ്യമാകുന്നു. ഈ ഗ്രന്ഥം ഇപ്പോൾ മലയാളത്തിൽ ഉള്ള എല്ലാ ഗ്രന്ഥങ്ങളെക്കാളും തുലോം പഴക്കമുള്ളതാകുന്നു. അതിൽ സംസ്കൃത വാക്കുകൾ വളരെ അപൂർവമാകയാൽ അതു് സംസ്കൃതം തെക്കൻകേരളത്തിൽ അധികം നടപ്പിൽ വരുന്നതിനു മുമ്പിൽ ഉണ്ടാക്കപ്പെട്ടതെന്നു നിശ്ചയിക്കാം. ആ ഗ്രന്ഥം ഇപ്പോൾ ഒരു നല്ല മലയാളി വായിച്ചാൽ മനസ്സിലാകുന്നതല്ല. എന്നാൽ ആ കാലത്തു് സാധാരണയായിരുന്ന ഭാഷയിൽ തന്നെ എഴുതി ഇരിക്കുന്നതെന്നു നിശ്ചയമാകുന്നു.”

ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാകുന്നു. ആദ്യമായി അതിന്റെ കർത്താവാരായിരുന്നു എന്നു ചിന്തിക്കാം. ഗ്രന്ഥാവസാനത്തിൽ,

“ആതിതേവനിലമഴ്‌ന്ത മനകാമ്പുടയ ചീ
രാമനൻപിനൊടിയമ്പിന തമിഴ്കവി ചൊൽവോ-
രോതിൻമാതിനിടയാവർ ഉടൽവീഴ്‌വളവു പിൻ
പോകിപോകചയനൻ ചരണതാരടവരേ.”

എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ പേരിനെപ്പറ്റിയുള്ള സംശയം പാടേ നീങ്ങുന്നു. ആദിത്യവർമ്മയല്ലെന്നു തീർച്ചയാണു്. ഈ ചീരാമൻ ആരായിരുന്നു എന്നു മാത്രമേ ആലോചിക്കേണ്ടതായിട്ടുള്ളു. ഈ വിഷയത്തെപ്പറ്റി പണ്ഡിതാഗ്രണിയായ ഉള്ളൂർ എസ്. പരമേശ്വരയ്യർ പ്രാചീന മലയാളമാതൃകകൾ എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ പറഞ്ഞിട്ടുള്ള വാക്കുകൾ ഉദ്ധാരണയോഗ്യമാകുന്നു.

“രാമചരിതം ശ്രീരാമൻ (ചീരാമൻ) എന്ന ഒരു കവിയുടെ കൃതിയാണെന്നും ആ കവി ‘ആതിതേവനിലമഴ്‍ന്ത മനകാമ്പുടയവൻ’ അതായത് ഒരു പരമഭാഗവതനായിരുന്നു എന്നും, അദ്ദേഹത്തിന്റെ കൃതിയിൽ (വല്ലോർ) ജ്ഞാനമുള്ളവർ (പോതു് = പൂവു്) അവസാനത്തിൽ ലക്ഷ്മീദേവിയോടും ഭോഗിഭോഗശയനനായ ശ്രീപത്മനാഭനോടും ചേരുമെന്നും പറഞ്ഞുകാണുന്നു.

[1] …ശ്രീരാമൻ ആരാണെന്നു സൂക്ഷ്മമായി അറിവാൻ മാർഗ്ഗമില്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആരംഭത്തിലും അവസാനത്തിലും അനന്തശായിയായ ശ്രീപത്മനാഭസ്വാമിയെ സ്തുതിച്ചും തന്റെ നാമത്തോടുകൂടി ‘ശ്രീ’ എന്ന പദം ചേർക്കയും ചെയ്തിരിക്കുന്നതിൽ നിന്നു് ഇദ്ദേഹം തിരുവിതാംകൂർ മഹാരാജവംശത്തിൽപ്പെട്ട ഒരാളായിരിക്കണമെന്നും ഈ ഗ്രന്ഥത്തിന്റെ കർതൃത്വത്തെപ്പറ്റി മുമ്പു് എഴുതിയ ഐതിഹ്യം കേവലം അവിശ്വസനീയമല്ലെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീവീരരാമവർമ്മാവെന്നൊരു രാജാവു് കൊല്ലം 371–ൽ വേണാടു ഭരിച്ചിരുന്നതായി ശിലാശാസനങ്ങളിൽ നിന്നു് അറിയുന്നു. അദ്ദേഹം ആയിരിക്കണം രാമചരിതകർത്താവു് എന്നു് തല്ക്കാലമനുമാനിക്കാം”

പ്രാചീനരേഖകൾ വേണ്ടുവോളം കിട്ടുന്നതുവരെ ഇങ്ങനെ ചില അഭ്യൂഹങ്ങൾക്കേ വഴിയുള്ളു. ഇവിടെ കവി ഒരു രാമവർമ്മരാജാവായിരിക്കണം എന്നൊരു അനുമാനത്തിന് ഇടവരുത്തിയ സംഗതികൾ പ്രധാനമായി മൂന്നാണു്.

  1. ‘ശ്രീരാമൻ’ എന്നിങ്ങനെ തന്റെ പേരിനോടു് കവി ‘ശ്രീ’ പദം ചേർത്തിരിക്കുന്നതു്.
  2. അനന്തശായിയായ പത്മനാഭനെ സ്തുതിച്ചിരിക്കുന്നതു്.
  3. ഐതിഹ്യം.

ഇവയിൽ ഓരോന്നിനെപ്പറ്റിയും നമുക്കു് ഒരു വിചിന്തനം ചെയ്തു നോക്കാം.

  1. ചീമാൻ, ചീമാട്ടി, ചിരുദേവി ഇത്യാദി പദങ്ങളെ പരിശോധിച്ചു നോക്കിയാൽ, ശ്രീ ശബ്ദം ചീ ആയും ‘ചിരു’ ആയും പരിണമിക്കാറുണ്ടെന്നു കാണാം. എന്നാൽ അതു പോലെതന്നെ ശിവശബ്ദവും ‘ചീ’ ആയി രൂപാന്തരപ്പെടാറുണ്ടു്. ‘ശിവരാമൻ’ എന്നു പറയുന്നതിനുപകരം ‘ചീരാമൻ’ എന്നാണു് പഠിപ്പില്ലാത്തവർ സാധാരണ പറയാറുള്ളതു്. ‘ചിവ’ ശബ്ദത്തിലെ വകാരം ലോപിക്കുമ്പോൾ അതിനുമുമ്പിലിരിക്കുന്ന ഇകാരത്തിനു് ദീർഘം വരുന്നു. നാടോടിഭാഷയിൽ, ഈ മാതിരി വ്യഞ്ജനലോപത്തിനും തൽഫലമായി പൂർവ്വസ്വരം ദീർഘിക്കുന്നതിനും എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കിട്ടും. അതുകൊണ്ടു് കവി ഒരു ശിവരാമനായിക്കൂടെ? ഇനി ഒരു ശിവരാമനേ കണ്ടുപിടിക്കാനാണെങ്കിൽ, അതിനു വലിയ വിഷമവുമില്ല. തപതീസംവരണം തുടങ്ങിയ കേരളീയകൃതികളുടെ വ്യാഖ്യാതാവായ ഒരു ശിവരാമനുണ്ടുതാനും. അദ്ദേഹത്തിൽ ഇതിന്റെ കർതൃത്വം ആരോപിച്ചിട്ടു് ആവൂ എന്നു നെടുതായി ഒന്നു നിശ്വസിക്കാമല്ലോ. ഒന്നു പറഞ്ഞുകൊള്ളട്ടേ. ഈയിടെ ഒരു പ്രാചീനകൃതിയെ ഒരാൾ പ്രസാധനം ചെയ്കയുണ്ടായി. ആ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിൽ ‘ശങ്കര’ ശബ്ദം പ്രയോഗിച്ചിരിക്കുന്നതു കണ്ടു്, കവി ഒരു ശങ്കരനായിരിക്കണമെന്നു് പ്രസാദകൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. സങ്കല്പശക്തിയുടെ ഉന്മേഷം നോക്കുക. അതുകൊണ്ടു് അവസാനിച്ചോ? ശങ്കരനാണു കവിയെങ്കിൽ, അതു തീർച്ചയായും മഴമംഗലംതന്നെ ആയിരിക്കണം. ഈ കേരളത്തിൽ വേറെ ആർക്കെങ്കിലും ശങ്കരനെന്നു പേരുണ്ടായിട്ടുണ്ടോ? പ്രസാധകൻ അതിന്റെ കർതൃത്വം തന്നിൽതന്നെ ആരോപിക്കാതിരുന്നതു് ചരിത്രദൃഷ്ടിയുടെ കൂർമ്മകൊണ്ടായിരിക്കാനേ തരമുള്ളു. പാർവതീപരിണയം ആണു് കഥ. പാർവതിയുടെ വിവാഹാനന്തരം ദേവിയെ കുടിയിരുത്തിയതായി പറഞ്ഞിരിക്കുന്നതിനാൽ ഗ്രന്ഥകാരൻ നമ്പൂതിരിയായിരിക്കണമെന്നും ദേവിയുടെ പല അലങ്കാരങ്ങളുടെ കൂട്ടത്തിൽ ‘തോട’ കൂടി പ്രസ്താവിച്ചു കണ്ടതിനാൽ, ആ നമ്പൂരിക്കു് ഒരു നായർഭാര്യ കൂടി ഉണ്ടായിരുന്നെന്നും തട്ടിവിട്ടതു കണ്ടപ്പോൾ, അഹോ! ഇങ്ങനെയുണ്ടോ ഒരു കുശാഗ്രബുദ്ധി? ചരിത്രകാരനായാൽ ഈമാതിരി കാര്യങ്ങളെ ചികഞ്ഞുനോക്കുന്ന ബുദ്ധി കൂടിയേ തീരൂ എന്നു് എനിക്കു തോന്നിപ്പോയി.
  2. കവി കഥാവസാനത്തിൽ അനന്തശായിയെ സ്തുതിച്ചിരിക്കുന്നതുകൊണ്ടു്, അദ്ദേഹം രാജവംശത്തിൽപ്പെട്ട ആളായിരിക്കണമെന്നില്ല. ഏതു കവിയായിരുന്നാലും രാമായണത്തെ ഈ വിധത്തിലേ അവസാനിപ്പിക്കൂ. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ കഥ വായിക്കുന്നവർ മരണശേഷം വിഷ്ണുവിന്റെ പാദപത്മത്തിൽ ചേരുമെന്നല്ലാതെ പിന്നെ എന്താണു പറയുക?
  3. ഐതിഹ്യത്തേയും ആധാരമാക്കി യാതൊന്നും പറയാവുന്നതല്ല. ഐതിഹ്യപ്രകാരം ഏതദ്ഗ്രന്ഥകർത്താവു് ആദിത്യവർമ്മ മഹാരാജാവാണല്ലോ. അദ്ദേഹമല്ലെന്നു വന്നാൽ, പിന്നെ ഏതെങ്കിലും ഒരു രാജാവായിരിക്കണമെന്നു് എന്തിനു വിശ്വസിക്കുന്നു? അഥവാ അങ്ങനെ വരാനേ തരമുള്ളു എന്നു ശഠിക്കുന്ന പക്ഷം, ഒരു ആദിത്യവർമ്മയോട് അടുത്തു ചാർച്ചയുള്ള ഒരു ശ്രീരാമനാവുന്നതല്ലേ ഭേദം? പക്ഷേ, കൊല്ലവർഷം നാലാംശതകത്തിൽ ആ മാതിരി ഒരു രാമവർമ്മരാജാവിനെ കാണുകയില്ലായിരിക്കാം. അതുകൊണ്ടു് എന്താണു ദോഷം?

“സ്വസ്തിശ്രി കലിയുഗസംവത്സരം നാലായിരത്തി അഞ്ഞൂറ്റെൺപത്തിനാലിൽ മേൽ ചെല്ലാനിന്റ കൊല്ലം അറുനൂറ്റിഅമ്പത്തിഒമ്പതു വർഷം മാശിമാസം പതിന്നാലാം തീയതി പൂർവ്വപക്ഷത്തു ത്രയോദശിയും സോമവാരവും പെറ്റപൂയത്തുന്നാൾ ആദിത്യവർമ്മരാന ജയതുംഗനാട്ടു മൂത്ത തിരുവടി ഇരുന്തരുളിയിടമും ഇവർ തിരുത്തമ്പിയാർ ഇരാമവർമ്മരാന ചിറവായി മൂത്ത തിരുവടി ഇരുന്തരുളിയിടമും ചെയ്തരുളിന തിരുമുകത്തിൻപടി അരുളിച്ചെയ്യൽ.” ഈ രേഖയിൽ കാണുന്ന ചിറവായി രാമവർമ്മ മൂത്ത തിരുവടി ആയിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവെന്നു വരരുതോ? ഭാഷാരീതി നോക്കി ഒന്നും ഖണ്ഡിതമായി പറവാൻ നിവൃത്തിയില്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.

“കമ്പർ കേരളത്തിൽവന്നു് അദ്ദേഹത്തിന്റെ കവിതയുടെ മാഹാത്മ്യം ശ്രീരാമകവി ധരിച്ചു് അതിന്റെ ചൂടാറുന്നതിനു മുമ്പാണു് രാമചരിതം ഉണ്ടാക്കിയതെന്നനുമാനിക്കാൻ ന്യായം കാണുന്നുണ്ടു്.” എന്നു് മി. പരമേശ്വരയ്യർ പറയുന്നു.

അതിനു ലക്ഷ്യമായി അദ്ദേഹം,

“പിന്നും വിടണനൈയ നിൻറമല പെരിയോർ
മുന്നൈനാളവൻ മുനിന്തിടക്കിളൈയോടു മുടിന്താർ
ഇന്നമുണ്ടിയാനിയം പൂവതിരണിയനെൻപാൻ
തന്നൈയുള്ളവാകേട്ടിയെൻറുരൈ ചെയ്യച്ചമൈന്താൻ”

​എന്ന കമ്പരാമായണഗാനത്തേ ഉദ്ധരിച്ചിട്ടു്,

“അല്ലൽ ചെയ്തുലകുലയ്ക്കുമചുരരെയറുപ്പാൻ മുന്നം
നല്ലതോർ വരാകമാനാൻ; നരചിങ്കവടിവുമാനാൻ;
ചൊല്ലേറും കുറളായ്ത്തൂയമഴുവേന്തും മുനിയുമാനാൻ;
മെല്ലനം കുലം മുടിപ്പാനായ് പിറന്താനിപ്പോൾ”

എന്ന രാമചരിതഗാനം അതിന്റെ അനുകരണമാണെന്നു് സിദ്ധാന്തിച്ചിരിക്കുന്നു. ഇതു് കുറെ സാഹസമായിപ്പോയി. ഇവിടെ രാമചരിതകർത്താവു് രാമചന്ദ്രനു മുമ്പുണ്ടായ മഹാവിഷ്ണുവിന്റെ അവതാരങ്ങളെ എടുത്തുപറഞ്ഞിട്ടേ ഉള്ളു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി വാത്മീകി ഗണിച്ചിരുന്നില്ലെന്നു വച്ചു് അങ്ങനെ ആദ്യമായിച്ചെയ്തതു് കമ്പരായിരിക്കണമെന്നില്ല.

ലീലാതിലകവൃത്തികാരൻ കൊല്ലവർഷം ആറാം ശതകത്തിനു ശേഷം ജീവിച്ചിരുന്ന ആളാണെന്നു് അതിലെ ആന്തരമായ ലക്ഷ്യങ്ങൾകൊണ്ടു തെളിയുന്നു. അദ്ദേഹത്തിനു് തെക്കൻ ദിക്കുകളുമായി ധാരാളം പരിചയവുമുണ്ടായിരുന്നു. എന്നിട്ടും പാട്ടിനു് ഉദാഹരണമായിട്ടോ, അല്ലാതെയോ രാമചരിതത്തെപ്പറ്റി ഒരിടത്തും പ്രസ്താവിച്ചു കാണാത്തതിനാൽ ഈ കൃതിക്കു് അത്ര വളരെ പ്രാചീനത്വം കല്പിക്കാമോ എന്നു സംശയവുമായിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, രാമചരിതകർത്താവു് ഒരു ചീരാമനാണെന്നല്ലാതെ, അദ്ദേഹം 389-ലെ കഠിനംകുളം രേഖയിൽ കാണുന്ന ‘ശ്രീവീരള’രാമനോ മുകളിൽ ഉദ്ധരിച്ചിരിക്കുന്ന രേഖയിലെ ചിറവായി മൂത്തതിരുവടിയായ ശ്രീരാമവർമ്മരോ അഥവാ ഒരു വെറും ശിവരാമനോ എന്നു നിർണയിക്കാൻ തരമില്ലാതെയാണു് ഇരിക്കുന്നതു്. അഥവാ തിരുവിതാംകൂർ രാജവംശത്തിലെ രാജാവായിരുന്നുവെന്നു വരികിൽ, അദ്ദേഹം ചിറവായി മൂത്ത തിരുവടി ആയിരിക്കാനാണു് അധികം സാംഗത്യം. ഏതായാലും ദ്രാവിഡപ്രഭാവകാലത്തേ പാട്ടുകളെ ഉദാഹരിക്കുന്നതിനു് ഈ കൃതിയെ ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ, ലീലാതിലകത്തിൽ പാട്ടിനു കൊടുത്തിരിക്കുന്ന ലക്ഷണം ഈ കൃതിക്കു പൂർണ്ണമായി യോജിച്ചുകാണുന്നുണ്ടു്. ഇക്കാലത്തുണ്ടായ പാട്ടുകളിൽ മിക്കവയും നഷ്ടപ്പെട്ടുപോയിരിക്കുന്നു.

“തരതലന്താനളന്തവിളന്തപൊന്നൻതനക ചെന്താർവിരിന്തമൽ-
ബാണൻ തന്നേ
കരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ, മുരാരീ, കണാ
ഒരുവരന്താ പരന്താമമേ നീ കുനിംതൂരകചായി പിണിപാർപ്പനിന്തവണ്ണം
ചിരതരം താൾപണിന്തേനായ്യാതാങ്കെന്നെത്തിരുവനന്തപുരം
തങ്കുമാനന്താന”

എന്ന് ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഗാനം ഏതു കൃതിയിൽനിന്നാണാവോ?

രാമചരിതത്തിലെ ഭാഷ അക്കാലത്തെ മലയാളഭാഷയെ ഉദാഹരിക്കുന്നില്ലെന്നും അതു് ചോളഭാഷയും മലയാളഭാഷയും കലർന്ന ഒരു മിശ്രഭാഷയാണെന്നും ഖണ്ഡിച്ചു പറയാവുന്നതാണു്. പത്താം ശതകത്തിനിപ്പുറം തെക്കൻതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപ്പോലും തമിഴിന്റെ കലർപ്പു ധാരാളം കാണുന്നുണ്ടു്. എന്നാൽ ഈ കൃതികളിലെല്ലാം ശുദ്ധ കേരളഭാഷാരൂപങ്ങൾ സുലഭങ്ങളായിരിക്കുന്നതിൽ നിന്നും അക്കാലത്തെ വ്യവഹാരഭാഷയുടെ സ്വഭാവം നമുക്കു് ഏതാണ്ടു് ഊഹിച്ചറിയാം. പ്രസ്തുത രൂപങ്ങൾ പണ്ഡിതസാർവഭൌമനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ചൂണ്ടിക്കാണിച്ചിട്ടുള്ള ആറു നയങ്ങളനുസരിച്ചു് തമിഴിൽനിന്നു സംക്രമിക്കപ്പെട്ടവയാണെന്നു വിചാരിക്കുന്നവർ പലരുമുണ്ടു്. എന്നാൽ വാസ്തവം മറിച്ചായിരുന്നു. ഭാഷാരൂപങ്ങളെ പരിഷ്കരിച്ചു തമിഴാക്കിയിരിക്കുകയാണു് ഗ്രന്ഥകാരന്മാർ ചെയ്തിട്ടുള്ളതു്. സംസ്കൃതപ്രഭാവകാലത്തു്, കോട്ടി, തടത്തം മുതലായ പദങ്ങളെ കവികൾ സംസ്കൃതവേഷം കെട്ടിച്ചു നിർത്തിയതുപോലെ, രാമചരിതകർത്താവു് മന്നു മുതലായ പദങ്ങളെ തമിൾവേഷം അണിയിക്കാൻ ശ്രമിച്ചു് ഒടുവിൽ അബദ്ധനായിത്തീർന്നതു നോക്കുക. മലയാളത്തിലും തമിഴിലും ‘മന്നു’ മന്നു തന്നെ എന്നു് ഓർക്കാതെ അദ്ദേഹം ‘മന്റാക്കി’ പ്രയോഗിച്ചിരിക്കുന്നു.

അക്കാലങ്ങളിൽ ഉണ്ടായ ശിലാശാസനങ്ങളിലും മറ്റും ഉപയോഗിച്ചുവന്ന ഭാഷ നോക്കീട്ടാണു് അന്നത്തെ ഭാഷാരീതി ഏറെക്കുറെ തമിഴായിരുന്നു എന്നൂഹിക്കുന്നതു്. എന്നാൽ ഈ അടുത്തകാലംവരെ, തിരുവിതാംകൂറിലെ കോർട്ടുഭാഷ തമിഴായിരുന്നതിനാൽ മാത്രമാണു്, കരണങ്ങളിലെല്ലാം തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നതു്. ഇന്നും പ്രാമിസ്സരി നോട്ടുകളിലും രസീതുകളിലും മറ്റും അപൂർവ്വം ചില തമിൾപദങ്ങൾ കടന്നുകൂടാറുണ്ടു്. ഏതാനും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.

ക്രി. പി. എട്ടാംശതകത്തിലെ ഒരു വട്ടെഴുത്തുരേഖ

“ശ്രീ കോമാരൻ ചടൈയർക്കിരുപത്തേഴാമണ്ടു ചേരമാനാർ പടൈ വിഴഞ്ഞത്തു യൂത്തത്തു വിട്ടിഴക്ക കരൈക്കോട്ടൈ അഴിപ്പാൻവര പെരുമാനടികളുളൻ ഇരണകീർത്തിയും അമർക്കഴിയും ഉൾവീട്ടിനൊറൈറച്ചേവകർ കോട്ടൈ അഴിയാമൈ കത്തെതിർക്കപലരും പട്ടയിടത്തു ഇരണകീർത്തി ഉൾവീട്ടുച്ചേവകൻ കോഴുവൂക്കററത്തുപ്പെരുമൂർത്തി തംപെരുത്തിണൈ ആത്തിരത്താർ പലരോടും കുത്തിപ്പട്ടാൻ ഇരണതുങ്കമെള്ളി …”

കൊല്ലവർഷം 622-ലെ കോലെഴുത്തുരേഖ

“സ്വസ്തിശ്രീ കൊല്ലം 622-ാ-മാണ്ടു കുമ്പവിയാഴമിതുനനായററിൽ ചെങ്ങവനാട്ടു മനിപ്പനവമകരത്തിനു 116 പണം വൈച്ചു.”

കൊല്ലവർഷം 820-ലെ കോലെഴുത്തുരേഖ

“കൊല്ലവർഷം എണ്ണൂറാമാണ്ടു് ചിങ്ങമാസത്തിൽ പണിതുടങ്ങിച്ചു. എണ്ണൂറ്റി ഇരുപതാമാണ്ടു് മേടമാതത്തിൽ പണിതീർത്തു കലചം ആടിച്ചിതു.”

കൊല്ലവർഷം 1016-ൽ ഉണ്ടായ ഒരു കരണം

“കൊല്ലം 1016-മതു മീനഞായറ്റിൽ എഴുതിയ മറു പട്ടോലക്കരണമാവിത. ആരൂം അട്ടപ്പാടത്തെ പങ്കൻ ഇട്ടിയും തമ്പിമാരും കയ്യാൽ മുപ്പത്തൊന്നു പുതുപ്പണം കൊണ്ടാൻ. നാമങ്ങലത്തെ തുപ്പൻ നാരായണൻ കൊണ്ടാർകൊണ്ട പരിചാവിത. ഇക്കൊണ്ട പുതുപ്പണം 31-നും കാരിയം ഇതിന്ന പാട്ടം തന്റെ പാത്തിരമങ്ങലം തേചത്ത പരിയക്കിടത്ത തനിക്കുള്ള പടിഞ്ഞാറേ പുഞ്ച അഞ്ചുപങ്കു അഞ്ചുവടിപ്പൻ നെല്ലിന്നു പാട്ടമായി പാട്ടമാണ്ട പാട്ടനെല്ലിൽ തന്റെ പണത്തിനു പത്തിന്നരപ്പലിശയും പലിചപ്പണത്തിനു പറവിലയും കണ്ടുള്ള നെല്ല് 1 പറ അഞ്ചും കിഴിച്ച നീക്കി മിക്കുള്ള പാട്ടനെല്ലു 3 പറ 5-ാം ഓണവാഴക്കുലയും ആണ്ടുതോറും കൊടുക്കവും കൊള്ളവും കടവർ.”

ഇങ്ങനെ തെക്കൻദിക്കുകളിൽ അടുത്തകാലംവരെ തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നുവെങ്കിലും, ഉത്തരകേരളത്തിലെ സ്ഥിതി ഇതിൽനിന്നു് ഭിന്നമായിരുന്നുവെന്നു്, കൊല്ലവർഷം 25-ാമാണ്ടത്തെ ഒരു കോഴിക്കോടൻ ശിലാശാസനത്തിൽനിന്നു കാണാം.

“കുംഭവ്യാഴം കർക്കടകം ഞായർ 5-നു നമ്മുടയ കല്ലിക്കുളങ്ങര ഈമൂർ ഭഗവതി തിരുമുമ്പേ വടക്കേ നടയിൽ ശേഖരിവർമ്മ എന്ന തെക്കുന്നാഥൻ നാലുകൂർവാഴ്ചയും രണ്ടു തമ്പുരാട്ടിയും രണ്ടു പെൺവഴി അനന്തിരവന്മാരും കുറൂർ നമ്പൂരിപ്പാടും നാട്ടുകാരും …നഗരക്കാരും യോഗക്കാരും കൊവ്വക്കമന്നാടിയും രണ്ടു കോടക്കർത്താക്കന്മാരും അറിയിക്കന്നും പാറയുടെകീഴേ 14 ചേരിക്കൽ 242 കാലം (നെല്ലു വിതയ്ക്കാവുന്ന) കോട്ടപടി എന്ന നമ്മുടെ ഈമൂർ ഭഗവതിദേവസ്വം നിലവും ഉഭയവും പറമ്പും തൻകര (ക്കടുത്ത കുളങ്ങളും) 42 ചേരിക്കൽ മലയകം ചെമ്പനമുതൽ കാച്ചനടവരെയും മലയകം, അകമല, പുറമല, ചിറമല, കീഴ്മലവരെയും (ഉള്ള) 1200 കലം (നെല്ലു വിതയ്ക്കാവുന്ന) നിലവും ഉഭയവും കല്ലും കാവേരിയും പുല്ലും ഭൂമിയും ഉള്ള നാൾവരെ മാന്യം വിട്ടു (കൊടുത്തിരിക്കുന്നു. അതുകളിൽ നിന്നുള്ള) ചിലവുകൾ ഏറിവരികയും ഇല്ലാമൽ (നടത്തിക്കൊള്ളുകയും വേണം. ഇതുകൂടാതെ) 411 (നെല്ലു വിതയ്ക്കാവുന്ന നിലങ്ങളുടെ) പാട്ടംകൊണ്ടു വിശേഷ അടിയന്തിരം നടക്കും. (ഇവയ്ക്കു) ദോഷം ചെയ്യുന്നവൻ ഗംഗക്കരയിൽ ബ്രഹ്മഹത്തി ചെയ്യുന്ന ദോഷത്തിൽ പോകും. വടക്കുന്നാഥൻ, വില്വാദ്രിനാഥൻ ഈ സാക്ഷികൾ അറിയ.”

ഇതുപോലെ തന്നെ കൊല്ലവർഷം 450-ൽ ഉണ്ടായ ഒരു വടക്കൻ കോലെഴുത്തു കരണത്തിലെ ഭാഷയും നല്ല ‘ഭാഷ’യായിരിക്കുന്നു.

“കണ്ടൻ ദാമോദരൻ തീട്ട്. മങ്കാട്ടുമേനവൻ വായിച്ചു നമ്മുടെ പരദേവത തിരുവാലത്തൂർ ഭഗവതിയുടെ കാര്യാദികൾ നോക്കുന്ന തൃശ്ശൂർ നടുവിലേ മഠത്തിൽ കാക്കോട്ടു തിരുമനസ്സിലെ (തിരുമനസ്സുണർത്തിക്ക) – കാര്യം (എന്തെന്നാൽ) സങ്കേതത്തിൽനിന്നു ചൂപത്തു നമ്പൂരിക്കു നാം ചില കൈകാര്യം ചെയ്തതിനാൽ (ഉണ്ടായ) ഭഗവതിയുടെ തിരുവുള്ളക്കേടു് (നീങ്ങി) നമുക്കു് ശ്രേയസ്സു വരേണ്ടതിനു പ്രായശ്ചിത്തമായി.

***

പറമ്പുകളും ഓവൽകണ്ടത്തിൽ (നിന്നും നമുക്കുള്ള) മിച്ചവാരത്തിൽനിന്നു 20 പറ നെല്ലു മേൽവാരവും കോട്ടവഴി നമ്പൂരിക്കു ചാർത്തിയ 60 പറ നിലവും ദത്തം ചെയ്തു. ഇപ്പടിക്കു കാർത്തിക ഞായറ്റിൽ ബഹുധാന്യവർഷം കാർത്യായനി രക്ഷിക്ക. ഇതിനു സാക്ഷി തിരുവാലത്തൂർ പൊതുവാൾ ചൂതനാരായണൻ വാദമൂലക്കുമാരൻ അറിയ.”

കവികൾ പ്രായേണ യാഥാസ്ഥികന്മാരാണു്. പ്രയോഗ പ്രാചര്യമില്ലാത്ത രൂപങ്ങളെ, രാമചരിതംപോലെ ഗൌരവമേറിയ ഒരു കൃതിയിൽ, പ്രയോഗിക്കാൻ ഒരു കവിയും ഒരുമ്പെടുകയില്ല. അതുകൊണ്ടു് ഇത്തരം കൃതികളിൽ കാണുന്ന ശുദ്ധകേരളഭാഷാരൂപങ്ങൾ അക്കാലത്തു പ്രചുരപ്രയോഗമുള്ളവയായിരുന്നു എന്നു വേണം വിചാരിക്കാൻ.

രാമചരിതം ഭാഷാശാസ്ത്രപിപഠിഷുക്കൾക്കു് ഒരു അമൂല്യ സമ്പത്താണെന്നു് ആരും സമ്മതിക്കും. ഗുണ്ടർട്ടുസായ്പു് തന്റെ നിഘണ്ടുവിൽ ഈ ഗ്രന്ഥത്തിൽനിന്നു് പല ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്; എന്നു വരികിലും അതിനെ ഇദംപ്രഥമമായി അച്ചടിപ്പിച്ചു പ്രചരിപ്പിച്ചതു് ഇന്നത്തെ ഭാഷാസാഹിത്യകാരന്മാരുടെ ‘ഗണനാപ്രസംഗത്തിൽ കനിഷ്ഠികാധിഷ്ഠിത’നായ ഉള്ളൂർ മി: എസ്. പരമേശ്വരയ്യരാണ്. ഇത്തരം ഗ്രന്ഥങ്ങളെ പ്രസാധനം ചെയ്യുന്ന ജോലി അത്യന്തം ശ്രമസാദ്ധ്യമാണെന്നു് ആ വിഷയത്തിൽ പരിശ്രമിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഈ അദ്ധ്യായത്തിൽതന്നെ അന്യത്ര സൂചിപ്പിക്കപ്പെട്ടിട്ടുള്ള പുരാതന ഗ്രന്ഥപരിശോധകനെപ്പോലെ “വായിൽ തോന്നിയതു കോതയ്ക്കു പാട്ടു്” എന്ന മട്ടിൽ മുഹൂർത്തത്തെ മൂത്രമാക്കിയും. കഷണമില്ലാത്ത നീണ്ട നീണ്ട അവതാരികകൾ എഴുതിച്ചേർത്തു് തൊണ്ടാൻമാക്രിയുടെ രൂപത്തിൽ, പഴയ ഗ്രന്ഥങ്ങളെ അടിച്ചുവിടുന്ന സ്വഭാവം അദ്ദേഹത്തിനില്ലാത്തതിനാൽ, അദ്ദേഹം ഈ വിഷയത്തിൽ ചെയ്തിട്ടുള്ള ശ്രമങ്ങൾ സർവഥാ സ്തുത്യർഹമായിത്തീർന്നിട്ടുണ്ടു്.

കഥാവിഷയം
“ഊഴിയിൽ തചരതൻ തനയനായവതരി-
ത്താതികാലമുള്ളരും തൊഴിൽകൾ ചെയ്തവകഴി-
ഞ്ഞാതിമാനിനിയെമീണ്ടവഴി കൂറ”

ണമെന്നേ കവിയ്ക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. അതിനാൽ രാമായണത്തിലെ യുദ്ധകാണ്ഡമാണു് പ്രതിപാദ്യവിഷയമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രാമായണത്തിലെ സർവാംഗസുന്ദരമായ കാണ്ഡം സുന്ദരകാണ്ഡമായിരുന്നിട്ടും, നമ്മുടെ കവി യുദ്ധകാണ്ഡത്തെ തന്റെ കവിതാവിഷയമാക്കിയതു് എന്തുകൊണ്ടായിരിക്കാം എന്നൊരു സംശയം ആർക്കും ഉണ്ടാകാവുന്നതാണു്. [2] “ഇകലിൽ വെൻറി വിളയും” എന്നുള്ള ഫലശ്രുതിയിൽനിന്നു് ഈ കവിത ഭടജനങ്ങളുടെ ആവശ്യം പ്രമാണിച്ചു രചിക്കപ്പെട്ടതായിരിക്കണം എന്നു് ഊഹിക്കാം. അങ്ങനെ ആണു് ഐതിഹ്യവും.

പ്രതിപാദനരീതി

കവി വാല്മീകിയെ സർവത്ര അനുകരിച്ചുകാണുന്നു. ചില സ്ഥലങ്ങളിൽ നേർ തർജ്ജമ ചെയ്വാനും മടിച്ചിട്ടില്ല. ഒന്നു രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുന്നു.

മൂലം
“അയുതം രക്ഷസാമത്ര പൂർവ്വദ്വാരം സമാശ്രിതം;
ശൂലഹസ്താ ദുരാധർഷാഃ സർവേ ഖഡ്ഗാഗ്രയോധിനഃ
നിയുതം രക്ഷസാമത്ര ദക്ഷിണദ്വാരമാശ്രിതം;
ചതുരംഗേണ സൈന്യേന യോധാസ്തത്രാപ്യനുത്തമാഃ
പ്രയുതം രക്ഷസാമത്ര പശ്ചിമദ്വാരമാശ്രിതം;
ചർമ്മഖഡ്ഗധരാഃ സർവേ തഥാ സർവാസ്ത്രകോവിദാഃ
ന്യർബുദം രക്ഷസാമത്ര ഉത്തരദ്വാരമാശ്രിതം;
രഥിനശ്ചാശ്വവാഹാശ്ച കുലപുത്രാഃ സുപൂജിതാഃ
ശതശോഥ സഹസ്രാണി മധ്യമസ്ക്കന്ധമാശ്രിതാഃ”
തർജ്ജിമ
“കോഴയററതു കിഴക്കിൻ കോപുരം കാപ്പാൻ നില്പ-
തൂഴിയെക്കുലക്കാം വീരരൊരു പതിനായിരം കാൺ.
ഒരു പതിനായിരത്തോടൊരുത്തനേ പോർചെയ്യാവ-
തിരുപതിനായിരം തെക്കിരട്ടിയുണ്ടതൻവടക്കോ
മുരണൊടു കാപ്പാൻ ചെമ്മേ മുപ്പതിനായിരം വൻ
പരവയും കുലക്കാം വീരർ പച്ചിമതിചൈയുള്ളേതും
തിചകളിൽ പാതി തീണ്മചേർ നടവൂ കാപ്പാൻ
മചകറയതിലിരട്ടി മന്തിരചാല കാപ്പാൻ.”

ഈ ഭാഗങ്ങൾ മൂലത്തിന്റെ ഏറക്കുറെ സ്വതന്ത്രമായ തർജ്ജിമയാകുന്നു.

ലങ്കയുടെ വർണ്ണനയെ കവി,

“കുചൽമികും മയനാചാരി കുവരനു ചമൈത്ത കോയിൽ
തച മുകനിരപ്പതെൻറാൽ ചമയമാരതിനുരപ്പോർ?”

എന്നു ഭംഗിയായി ചുരുക്കിയിരിക്കുന്നു.

ശ്രീരാമന്റെ അപേക്ഷ അനുസരിച്ചു് ഹനുമാൻ ഇങ്ങനെ ലങ്കാനഗരിയുടെ വിശേഷങ്ങൾ എല്ലാം സംക്ഷിപ്തമായി പറഞ്ഞതിനു ശേഷം,

“നീചാചരർ പെരുപ്പം പിന്നെ ഉരക്കലാമവിടം മുന്നലുഴറിയൊൻറുരപ്പേൻ വീര” എന്നിങ്ങനെ ആരംഭിച്ചു് ദേവിയുടെ താല്ക്കാലികസ്ഥിതിയേ വിവരിക്കുന്നു. ഇവിടെ കവി ഒരു വലിയ മനോധർമ്മം ആണു് കാണിച്ചിരിക്കുന്നതു്. ശ്രീരാമൻ ദുഃഖത്തിൽ മുഴുകിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ കോപം ഉജ്ജ്വലിപ്പിക്കുന്നതിനു് ഈ ഒരു മാർഗ്ഗമേ ഉള്ളു. ഈ വർണ്ണന അത്യന്തം മനോഹരമായിട്ടുണ്ടു്.

“താരിടൈ മണം പുണർന്തു തരുനിര തടൈന്തു പായ്‍ന്ത
മാരുതതേവൻ വന്തു, വഴിയിതെൻറരുളിച്ചെയ്ത”

തനുസരിച്ച് ഹനൂമാൻ, ആ വഴിക്കു് ചെന്നു് അശോകവനികയേ പ്രാപിച്ചതും, രാവണൻ സീതയെ പ്രലോഭിപ്പിക്കുന്നതിനായി അവിടെ വന്നതു കണ്ടു് അദ്ദേഹം ‘കുളിരിളം തളിരിടൈപ്പോയി’ മറഞ്ഞതും, രാവണൻ ഒട്ടു വളരെ മിരട്ടിയിട്ടും ദേവി ഒരു ‘ചൊല്ലാൽ പഴിത്തു’ ചൊന്നതു കേട്ടു് ആ ദുഷ്ടൻ ആ സാധ്വിയേ കൊല്ലാൻ ഭാവിച്ചതും, അതുകണ്ടു് ധാന്യമാലിനി [3] എന്ന ‘കുളം കിണർ നിചാചരി’ തടഞ്ഞതും മറ്റും വളരെ ചുരുക്കിയിട്ടാണെങ്കിലും ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.

രാവണൻ പോയതിനുശേഷം രാക്ഷസികൾ ദേവിയെ അയാൾക്കു വശപ്പെടുത്തിക്കൊടുക്കാൻ പ്രയത്നിക്കുന്നു. ഈ ഘട്ടത്തേ വിവരിക്കുന്ന ഭാഗം ചമൽക്കാരവിഷയത്തിൽ മൂലാതിശായിയായിരിക്കുന്നു. നോക്കുക.

മൂലം
“കിം ത്വമന്തഃപുരേ സീതേ സർവഭൂതമനോരമേ
മഹാർഹശയനോപേതേ ന വാസമനുമന്യസേ.
മാനുഷേ മാനുഷസ്യൈവ ഭാര്യാത്വം ബഹുമന്യസേ
പ്രത്യാഹര മനോരാമാന്നൈവം ജാതു ഭവിഷ്യതി
ത്രൈലോക്യവസുഭോക്താരം രാവണം രാക്ഷസേശ്വരം
ഭർത്താരമുപസംഗമ്യ വിഹരസ്വ യഥാസുഖം
മാനുഷീ മാനുഷം തം തു രാമമിച്ഛസി ശോഭനേ
രാജ്യാദ്ഭ്രഷ്ടമസിദ്ധാർത്ഥം വിക്ലവന്തമനിന്ദിതേ.”
ഇത്യാദി
തർജ്ജിമ
“എൻറുമിനി നിങ്ങളിലണഞ്ഞിണങ്ങിവാരാ
മൻറിലുയിരോടവനു വാഴുമില്ല നീണാൾ
വെൻറികിളർ നാടുവെറുതേ കളഞ്ഞുപോനാ
നെൻറുമെളിയോൻ പെരികേയിതിനുമൂലം
മൂലമില്ല മുന്നമന്നിചാചരരെയെല്ലാം
ചാലവെടിവാനവനതോചരതം? ഇന്നും
കാലമിടയിട്ടറിയലാം കഴിഞ്ഞവെല്ലാം
നീലനയനേ, നിലനിനക്കിതു ചൊല്ലിൻേറാം.
ഇന്നുമുതലായിനിയിരാകവനിൽ നിന്ന-
മ്പൊന്നു വളരാനാൻറതിങ്ങു രാവണനിലാനാൽ
വന്നപിഴയെന്ത്? വളർപള്ളിയറ പൂവാ-
നിന്നു തുനിഞ്ഞാലിടർ നിനക്കറ നിലയ്ക്കും.
നിലയ്ക്കയില്ല നിൻപെരുമയെങ്കിലതിനേതും
ചലിപ്പുവരൊല്ലാ തചമുകൻ പിറവി നണ്ണി;
പുലർത്തിയനുന്തനനു മൈന്തനിവനൊൻറാൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?
പിരിയരുതാതനീയിങ്ങനെ പിതാവു വെടിന്തു നാടും
പിഴകിയിരന്തു കാടുമുറന്തുപോന്നവനോടകൻറാൽ
ഉരുകുമല്ലീ നിനക്കുടനുൾക്കുരുന്ന്? വിരുന്നല്ലീവ
ന്നൊളിവിലലങ്കപുക്കതു? പോരുംനിന്തിറം നില്ക്കതെല്ലാം”

ഈ വരികളിൽ സ്ഫുരിക്കുന്ന ഹാസ്യാരസം അനപലപനീയമായിരിക്കുന്നു.

രാമലക്ഷ്മണന്മാരെ രാവണൻ കൊന്നിരിക്കും എന്നു വിചാരിച്ചു് സീത ആത്മഹത്യയ്ക്കു് ഒരുങ്ങവേ, ശുഭലക്ഷണങ്ങൾ കണ്ടിട്ടു് ആ ശ്രമത്തിൽനിന്നു വിരമിക്കുന്നുവെന്നാണു് മൂലം.

മൂലം
“ഉപസ്ഥിതാ സാ മൃദുസർവഗാത്രീ
ശാഖാം ഗൃഹീത്വാ ച നഗസ്യ തസ്യ
തസ്യാസ്തു രാമം പരിചിന്ത്യയന്ത്യാ
രാമാനുജം സ്വം ച കുലം ശുഭാംഗ്യാ”

രാമചരിതകർത്താവാകട്ടേ, അതിനെ [4]

ഉറങ്ങിനരന്നിചാചരിമാരെന്മേടമറിഞ്ഞു താന്മെ-
ല്ലൊരു തരുചാക താണ്ണുകിടന്നതും കരുതിക്കരത്താൽ
മുറമുറയായ് വിതുമ്പിവിതുമ്പിനിന്നതുകണ്ടണന്തേൻ
മുടിവുവന്നൊൻറിതെന്നു നിനന്തു വീഴ്‌ന്തുവണങ്ങിനേൻഞാൻ.

എന്നു മാറ്റിയിരിക്കുന്നത് അവസരോചിതമായിട്ടുണ്ടു്.

കവി നല്ല മനോധർമ്മമുള്ള ഒരു വശ്യവാക്കായിരുന്നുവെന്നു് ഇങ്ങനെ ഏതുഭാഗം വായിച്ചു നോക്കിയാലും അറിയാം. [5] പ്രായേണ മൂലത്തെ അനുസരിച്ചുകൊണ്ടുതന്നേ പോകുന്നുണ്ടെങ്കിലും അവിടവിടെ ചില സ്വാതന്ത്ര്യങ്ങൾ കാണിക്കാൻ, അദ്ദേഹം മടിച്ചിട്ടില്ല. “രാമചരിതകർത്താവു് വാല്മീകിമഹർഷിയുടെ ഒരു വെറും ഛായയോ ഛായാപഹാരിയോ മാത്രമല്ലെന്നും, പ്രത്യുത ഒരു പ്രകൃതിമാർമ്മികനും ഫലിതപ്രിയനും ആയ ഒരു മഹാകവിയാണെന്നും കാണാവുന്നതാണു്.” വശ്യവചസ്സായ അദ്ദേഹത്തിനു് ശബ്ദവും അർത്ഥവും ഒന്നുപോലെ അധീനമായിരുന്നു.

“താരിണങ്കിന തഴൈക്കുഴൽമലർ തയ്യൽ മുലൈ
ത്താവളത്തിലിളകൊള്ളുമരവിന്തനയന”
“താരിടൈ മണം പുണർന്തു തരുനിരതടൈന്തു പായ്‍ന്ത
മാരുതദേവൻ.”

ഇത്യാദി ഗാനങ്ങളിൽ കാണുന്ന ശബ്ദഭംഗിയും,

“വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാററഞ്ഞവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ച ചിവനേ”
“ഉയിരുണ്ടാകിൽ കണ്ടുകൊള്ളാമുലകത്തിൽ മറ്റുനല്ലവെല്ലാം
തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും
പയമെന്നൊട്ടും നീയറയാ പടയിൽ പിടിത്തണന്തു നിന്നെ-
ക്കയറും പൊട്ടും ചങ്ങലയും കനമിട്ടു കെട്ടിവെക്കിലും;
വൈക്കിന്റെനിച്ചാർച്ചയെല്ലാമിനി വമ്പനാമിരാകവനെ
കൈക്കൊണ്ടാലും നററുണയായ്ക്കനമുണ്ടിനിമ്മിൽ വേണ്ടുകയും,
തക്കംപെററൂനിൻ പേരച്ചനുതമ്പി നീയെന്മേടമെനി-
ക്കൊക്കും നന്നായ്”

ഇത്യാദി പദ്യങ്ങളിൽ കാണുന്ന രസപുഷ്ടിയും അർത്ഥചമൽക്കാരവും നോക്കുക.

വൃത്തം

‘ദ്രവിഡസംഘാതാക്ഷരനിബന്ധനമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്’ എന്നാണു് ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം കൊടുത്തിരിക്കുന്നതു്. അതായതു്, ഒരു കവിത പാട്ടാകണമെങ്കിൽ അതു് ഒന്നാമതായി ദ്രവിഡാക്ഷരമാലകൊണ്ടു നിർമ്മിക്കപ്പെട്ടതും, എതുക, മോന ഇവയോടു ചേർന്ന വൃത്തവിശേഷങ്ങളോടു കൂടിയതുമായിരിക്കണം. ഇവയിൽ ‘എതുക’ മലയാളികളുടെ ദ്വിതീയാക്ഷരപ്രാസം തന്നെയാകുന്നു. ഒരു പാദത്തിന്റെ രണ്ടു ഖണ്ഡങ്ങളിലേയും ആദ്യക്ഷരങ്ങൾക്കു തമ്മിലുള്ള സാമ്യമത്രേ മോന.

“ഉയിരുണ്ടെങ്കിൽ കണ്ടുകൊള്ളാം ഉലകത്തിൽ മററുനല്ലവെല്ലാം
തുയരാവാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും”

ഇത്യാദി ഗാനത്തിൽ, ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങളിലെ രണ്ടാമത്തെ അക്ഷരം ‘യ’ ആണല്ലോ. ‘എതുക’ എന്ന പ്രാസവിശേഷവും ഈ ഗാനത്തിലുണ്ടു്. ഈ രണ്ടു പാദങ്ങളേയും,

  1. ഉയിരു… … …
  2. ഉലകുത്തി… … …
  3. തുയരം… … …
  4. തുയരാ… … …

ഇങ്ങനെ ഈ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാൽ,

പൂർവാപരഖണ്ഡങ്ങളിലെ ആദ്യക്ഷരങ്ങൾക്കു സാമ്യമുണ്ടെന്നു കാണാം. ഒരിടത്തും അതിഖരമൃദുഘോഷങ്ങൾ ഇല്ലതാനും. അതുകൊണ്ടു് ഈ ഗാനത്തിനു് പാട്ടിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു. രാമചരിതത്തിലെ എല്ലാ പദ്യങ്ങളിലും ഈ ലക്ഷണങ്ങൾ കാണുന്നതുകൊണ്ടു് ഈ കാവ്യം ഒരു പാട്ടാകുന്നു.

പ്രാചീനഭാഷാഗാനങ്ങൾക്കു വേറെ ഒരു വിശേഷം കൂടിയുണ്ടു്. ഒരു പാട്ടിന്റെ അന്ത്യഭാഗംകൊണ്ടേ അടുത്ത പാട്ടു് ആരംഭിക്കൂ. ഇതിനെ അന്താദിപ്രാസം എന്നു പറഞ്ഞുവരുന്നു.

രാമചരിതത്തിലെ വൃത്തങ്ങളൊന്നും മാത്രാവൃത്തങ്ങളല്ല. അവയിൽ മിക്കവയും ഈഷദീഷദ്വ്യത്യാസങ്ങളോടുകൂടി ഇന്നും ജീവിക്കുന്നു.

“മന്നവർ പിരാനൊടു വഴക്കിനു മുതിർന്നാൽ
എന്ന കരുമം വരുമതെന്നവിടമെല്ലാം”

ഈ വൃത്തം തന്നെയാണു് ഇരുപത്തിനാലുവൃത്തത്തിലും മറ്റും കാണുന്ന ഇന്ദുവദന.

‘താരിണങ്കിന തഴൈക്കുഴൽമലർതയ്യൽ മുലൈ-
ത്താവളത്തിലിളക്കൊള്ളുമരവിന്തനയന’.

ഈ വൃത്തത്തിലെ രണ്ടാം പാദത്തിലെ രണ്ടക്ഷരങ്ങൾ എടുത്തുകളഞ്ഞാൽ വഞ്ചിപ്പാട്ടിന്റെ വൃത്തമാകും.

‘നിചിചരനരക്കർകോ മാനുചൊന്നാൻതിറം
നിറയുമരിവീരർകോൻ ചൊന്നതക്കാലമേ’

എന്ന വൃത്തമാണു്,

‘ജലധിയിതു ചാടുവാൻ ലങ്ക പുക്കീടുവൻ
രഘുകുലവരപ്രിയദേവിയെത്തേടുവൻ’

എന്ന തുള്ളൽവൃത്തമായി പരിണമിച്ചതു്.

‘വേന്തർകോൻറനയനാകി വിണ്ണവർക്കമുതായുള്ളിൽ
ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി’

എന്ന വൃത്തത്തിന്റെ പരിഷ്കൃതരൂപമത്രേ,

‘ഇപ്രകാരമിരിക്കുന്ന സുപ്രകാശസ്വരൂപിക്ക-
ങ്ങപ്രിയത്തെ വരുത്തുന്ന ദുഷ്പ്രഭുക്കൾക്കിന്നു തന്നേ’

എന്ന തുള്ളൽ വൃത്തത്തിലും,

‘ഹരിഹര സുതനെ കാണ്മാൻ,
മണ്ഡലം നോമ്പുനോറ്റു’

ഇത്യാദി കീർത്തനങ്ങളിലും കാണുന്നു.

രാമചരിതം പാട്ടു് സംസ്കൃതഭാഷ ഈ നാട്ടിൽ പ്രചരിക്കുന്നതിനുമുമ്പുണ്ടായതാണെന്നു് മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ നേരെ മറിച്ചു് സംസ്കൃതത്തിന്റെ അധികാരശക്തി ഈ കവിതയിൽ നല്ലപോലെ തെളിഞ്ഞു കാണ്മാനുണ്ടു്.

‘വയ്യവായ നമഃ’ ‘മലർവില്ലിയെയനങ്കനനേ’ ഇത്യാദി പലേ പ്രയോഗങ്ങൾ പ്രസ്തുതകൃതിയിൽ കാണുന്നു. സംസ്കൃതഭാഷയോടു മലയാളത്തിനുണ്ടായ വേൾച്ചനിമിത്തം അതിനു് ഒട്ടുവളരെ ഗുണങ്ങൾ സിദ്ധിച്ചിട്ടുണ്ടെങ്കിലും മറ്റുവിധത്തിൽ, പരിഹരിക്കാൻ നിവൃത്തിയില്ലാത്ത ചില ദോഷങ്ങളും സംഭവിച്ചിട്ടുണ്ടെന്നു് രാമചരിതം വായിച്ചാലറിയാം. ഒന്നാമതായി, ഒട്ടുവളരെ ഭാഷാശബ്ദങ്ങൾ ലോപിച്ചുപോയി; ഏതാനും ശബ്ദങ്ങൾക്കു് അപകർഷവും മറ്റു ചിലതിനു് അർത്ഥവ്യത്യാസവും വന്നുചേർന്നിരിക്കുന്നു. നാട്ടുഭാഷാശബ്ദങ്ങൾക്കുള്ള ശക്തി ഒരിക്കലും അവയുടെ സ്ഥാനത്തു വന്നുകേറിയിരിക്കുന്ന പരകീയ ശബ്ദങ്ങൾക്കു കിട്ടുകയില്ല. ഓമനപ്പൈതലിന്റെ കിളിക്കൊഞ്ചൽ കാണുമ്പോൾ തായാർക്കുണ്ടാകുന്ന മകിഴ്ച ഒന്നു വേറെ; പ്രിയശിശുവിന്റെ ലീലാവിലാസത്തെ ദർശിക്കുമ്പോൾ സഞ്ജാതമാകുന്ന ആനന്ദമൊന്നു വേറെ. ബാലക എന്ന വിളി കേൾക്കുമ്പോൾ യാതൊരു ഭാവഭേദവും ഉണ്ടാകാത്ത മുഖം, ഉണ്ണി എന്ന വിളി കേൾക്കുന്ന മാത്രയിൽത്തന്നെ വികസിക്കാതിരിക്കയില്ല. രണ്ടാമതായി, പുതിയ പുതിയ അർത്ഥങ്ങളെ കുറിക്കുന്നതിനു് പുതിയ പുതിയ പദങ്ങളെ സൃഷ്ടിക്കേണ്ടതായി വരുമ്പോഴൊക്കെ, അന്യഭാഷകളെ ആശ്രയിക്കേണ്ടതായി വന്നുകൂടിയിരിക്കുന്നു. മെയ്യറിവു്, നൂറ്റിക്കൊല്ലി, ഇത്യാദി പദങ്ങൾ കേൾക്കുന്ന നിമിഷത്തിൽത്തന്നെ അർത്ഥപ്രതീതിയുണ്ടാവും; നേരെ മറിച്ചു് പാരമാർത്ഥികജ്ഞാനം എന്നോ, ശതഘ്നി എന്നോ കേട്ടാൽ സാധാരണക്കാർക്കു് ഒന്നും മനസ്സിലാവുകയില്ല. സംസ്കൃതത്തിന്റെ ദുരധികാരംനിമിത്തം, മലയാളഭാഷയ്ക്കു് നവീനപദങ്ങളെ സൃഷ്ടിക്കാനുള്ള ശക്തിയേ നശിച്ചുപോയി. സംസ്കൃതവൃത്തങ്ങളെ ഉപേക്ഷിച്ചിട്ടു്, ഇന്നുള്ളവർ ദ്രാവിഡവൃത്തങ്ങളെ സ്വീകരിച്ചുതുടങ്ങിയതുപോലെ, കഴിവുള്ളിടത്തൊക്കെ സംസ്കൃതപദങ്ങളെ കൈവിട്ടിട്ടു് തനി ഭാഷാ ശബ്ദങ്ങളെ ഉപയോഗിക്കുന്നതു കൊള്ളാം.

രാമചരിതം ഭാഷാചരിത്രകാരന്മാർക്കു് ഒരു അമൂല്യസമ്പത്താണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കൃതിയെ ഇതേവരെ പൂർണ്ണമായി അച്ചടിപ്പിക്കുന്നതിനു് തുനിഞ്ഞുകാണാത്തതു് മലയാളികൾക്കു് അഭിമാനകരമായിരിക്കുന്നില്ല. ഒരു തമിഴ് പണ്ഡിതനേ ഒന്നു രണ്ടു വർഷങ്ങൾക്കുമുമ്പു് തിരുവിതാംകൂർ സർക്കാർ ചുമതലപ്പെടുത്തുകയുണ്ടായെങ്കിലും ഇതേവരെ അദ്ദേഹത്തിനു് അതിനെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മി: പരമേശ്വരയ്യരുടെ പ്രസിദ്ധീകരണം അസംപൂർണ്ണമാണെന്നു മാത്രമല്ല അശുദ്ധപാഠങ്ങൾ പലതും അതിൽ കടന്നുകൂടീട്ടുണ്ടു്. ഇതു് അദ്ദേഹത്തിന്റെ കുറ്റമല്ല; ജോലിത്തിരക്കിനിടയിൽ ഇത്രയും സാധിച്ചതുതന്നെ ഒരു വലിയ കാര്യമായി. പ്രാചീനമലയാളഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവിഷയത്തിൽ അദ്ദേഹം ചെയ്തിട്ടുള്ളിടത്തോളം ശ്രമം ഇതേവരെ മറ്റാരും ചെയ്തിട്ടില്ല. അതിനാൽ മലയാളികൾ എന്നെന്നേയ്ക്കും അദ്ദേഹത്തിനോടു കൃതജ്ഞതയുള്ളവരായിരിക്കും.

ഉലകുടയപെരുമാൾ പാട്ട്

‘വയക്കരത്തായാരുടെ’ മകനായ ഉലകുടയ പെരുമാളിന്റെ കഥയാണു് ഇതിലെ വിഷയം ‘വയക്കരത്തായാർ’ മധുരമീനാക്ഷിയായിരിക്കണം. ദേവിയെ മാതാവെന്ന നിലയിൽ ഉപാസിച്ചുവന്ന ഒരു ഭക്തശിരോമണിയായ രാജാവായിരുന്നിരിക്കണം ഉലകുടയപെരുമാൾ. ഈ പാട്ടു മുഴുവനും എഴുതിച്ചു എടുക്കുന്നതിനു് കഴിയുന്നത്ര ശ്രമിച്ചിട്ടും ഇതേവരെ സാധിച്ചിട്ടില്ല. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ള അവർകളുടെ കൈവശം അതു പൂർണ്ണരൂപത്തിൽ വന്നുചേർന്നിട്ടുള്ളതായി അറിയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ‘പഴയ പാട്ടുകൾക്കു’ മലയാളികളിൽനിന്നു ലഭിച്ച പ്രോത്സാഹനം ഓർക്കുമ്പോൾ, അതിനെ പ്രസിദ്ധീകരിക്കാത്തതിനെപ്പറ്റി ആരും അദ്ദേഹത്തിനോടു പരിഭവിക്കയില്ല. പ്രസ്തുത ഗാനത്തിൽ നിന്നും ഏതാനും വരികൾ ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.

‘കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ
വനത്തിൽ കുളിർ തന്നുരുവ മാകവേ
കരുണയൊടു മലമകളും കരിണിയായ്
വടിവൊടു ചമഞ്ഞു വിളയാടുന്നാൾ
തിരിച്ച പഞ്ചശരത്താൽ കളിച്ച പോതുമയാൾ
തിരുവയററിലന്നു കന മുണരുററനാൾ
തിറമൊടരനരുളാലെ വനമതിൽ വ-
ന്നഴകൊടു പിറന്തൊരു ചെൽവനെ
കരിപോലെ മുകമഴകായവനേ.’

ഈ പാട്ടു് ഇന്നും തെക്കൻദിക്കുകളിൽ പാടിവരുന്നുണ്ടു്. അങ്ങുമിങ്ങായി ഏതാനും ഭാഗം എഴുതിച്ചുവരുത്തുന്നതിനേ എനിക്കു സാധിച്ചിട്ടുള്ളു. പാഠം ശുദ്ധമാണെന്നു തീരെ വിശ്വാസമില്ല. കവിതാരസം വഴിഞ്ഞൊഴുകുന്ന ചില ഘട്ടങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടു്.

അഞ്ചുതമ്പുരാൻ പാട്ടു്

ഇതു് തിരുവിതാംകൂർ ചരിത്രകാരന്മാർക്കു വിലയേറിയ ഒരു രേഖയാകുന്നു. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ളയുടെ ‘പഴയ പാട്ടുകൾ’ എന്ന ഗ്രന്ഥത്തിൽ, ഇതിലേ ഏതാനും ഭാഗങ്ങൾ എടുത്തുചേർത്തിട്ടുണ്ടു്. വേണാട്ടുരാജകുടുംബത്തിലെ അഞ്ചു തമ്പുരാക്കന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നതു നിമിത്തം, രാജ്യത്തിൽ സമാധാനം അസ്തമിച്ചു. അവരെ തമ്മിൽ യോജിപ്പിക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് മഹാരാജാവു് കഴക്കൂട്ടത്തുപിള്ളയ്ക്കു് ഒരു കത്തു കൊടുത്തയയ്ക്കുന്നു. ദുതൻ,

……ഉപ്പിടാകയും കടന്തു്,
ഓലയമ്പലം കടന്തു് ഉഴറിവഴി നടന്തു്,
പപ്പനാവാ ചരണമെന്നു പാതിരിക്കരി കടന്തു്,
പാതിരിക്കരികടന്തു പട്ടമേലായും കടന്തു്,
പാങ്ങപ്പാറ തന്നിൽ ചെന്നിട്ടു്, കണ്ടവരോടൊക്കെ,
“കലവറയാന വീടിനിച്ചെത്തത്തൂരമോ?”

എന്നു ചോദിക്കുന്നു.

“കണ്ടാൽ തിരിയാതൊടാ കൽക്കെട്ടും ചിറാമ്പികളും
കാലുകിളന്തന മേടകാണലാമേ”

എന്ന മറുപടി കേട്ടുകൊണ്ടു്, അവൻ നടന്നു് നേരേ പിള്ളയുടെ ഗൃഹത്തിൽ എത്തുന്നു. രാജദൂതൻ വന്നിരിക്കുന്നു എന്നു കേട്ട മാത്രയിൽ തന്നെ, കഴക്കൂട്ടത്തുപിള്ള ഞെട്ടി എഴുന്നേറ്റ്,

‘പെട്ടെന്തിരുകയ്യാൽ
മുന്തിവലിഞ്ഞല്ലൊ നീട്ടൈത്തനവാങ്കി’

ശ്രദ്ധാപൂർവ്വം വായിച്ചുനോക്കീട്ടു് അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒക്കെ ചെയ്തു. ഈ കഴക്കൂട്ടത്തുപിള്ളയുടെ വംശജന്മാരെ പില്ക്കാലത്തു രാജദ്രോഹികളാക്കിത്തീർത്ത മറിമായമെന്താണാവോ? എല്ലാ ദേശചരിത്രങ്ങളിലും ചില ‘ഇരുട്ടറവധ’ങ്ങൾ സങ്കല്പസൃഷ്ടങ്ങളായി കണ്ടേയ്ക്കും. എന്നാൽ പരമാർത്ഥം ഒരുകാലത്തു വെളിയിലാകാതിരിക്കയില്ല.

അക്കാലത്തു് കേരളത്തിൽ വീരരസപ്രധാനങ്ങളായ പലമാതിരി പാട്ടുകൾ ഉണ്ടായിക്കാണണം. ശരിയായ പ്രോത്സാഹനം മലയാളികളിൽനിന്നു ലഭിക്കുന്ന കാലത്തു് ഏതെങ്കിലും ഒരു ‘പെൾസി’ അവയെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്താതിരിക്കയില്ല. “ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോൾ വിറയ്ക്കും” എന്ന പഴമൊഴി അനുസരിച്ചു്, ഈ സദ്വ്യവസായത്തിൽ നിന്നു് തല്ക്കാലം വിരമിച്ചിരിക്കുന്ന മിസ്റ്റർ ഗോവിന്ദപ്പിള്ളതന്നെ, കാലം അനുകൂലമാകുമ്പോൾ അദ്ദേഹത്തിന്റെ കൈവശമുള്ള ഒട്ടു വളരെ പാട്ടുകളെ പ്രസിദ്ധീകരിക്കാതെ വരില്ലെന്നു വിശ്വസിക്കുന്നു.

ഓണം, തിരുവാതിര ഈ ആഘോഷങ്ങളും ഈ അടുത്തകാലം വരെ വിവിധഗാനോല്പാദകങ്ങളായ അവസരങ്ങളായിരുന്നു. ഇന്നും നാട്ടുമ്പുറങ്ങളിൽ പോയാൽ കേരളീയാഗനകളുടെ കാതും കരളും കവരുന്ന ശുദ്ധ നാടൻപാട്ടുകളെ കേൾക്കാവുന്നതാണു്. അനുകരണഭ്രമവും തജ്ജന്യമായ അടിമത്തനവും സൽക്കാവ്യങ്ങളുടെ ഉല്പത്തിക്കു ബാധകമാകുന്നു. എല്ലാ ദേശക്കാർക്കും അവരവർക്കു യോജിച്ച രീതികൾ ഉണ്ടു്. അവയെ വിട്ടിട്ടു്, പരദേശസമ്പ്രദായങ്ങളേ കൈക്കൊണ്ടു തുടങ്ങുമ്പോൾ, സമുദായത്തിന്റെ സങ്കല്പശക്തിക്കു ശൈഥില്യം സംഭവിക്കാതിരിക്കയില്ല. ‘തമിഴക’ത്തേ ചില പണ്ഡിതന്മാർ പുതിയതായി ‘മാർക്കം’ കൂടിയവർക്കു സഹജമായി കാണാറുള്ള അത്യുത്സാഹത്തോടുകൂടി, സംസ്കൃതവൃത്തങ്ങളേയും മറ്റും തമിഴിലേക്കു സംക്രമിപ്പിക്കാൻ നോക്കിയെങ്കിലും, അവരുടെ ശ്രമങ്ങൾ വന്ധ്യങ്ങളായിപ്പരിണമിച്ചേയുള്ളു. ഏതൽഫലമായി, അവരുടെ സാഹിത്യം സംസ്കൃതത്തിനോടു് ഏതാണ്ടു കിടപിടിക്കത്തക്കവണ്ണം അത്ര വിപുലമായിരിക്കുന്നു. ഹിന്ദി, ബംഗാളി, മഹാരാഷ്ട്ര എന്നീ ഭാഷകളിലും, സംസ്കൃതഛന്ദസ്സുകൾക്ക് ഇതേവരെ പ്രതിഷ്ഠ ലഭിച്ചിട്ടില്ല. ദ്രാവിഡരുടെ കൂട്ടത്തിൽ ‘കന്നടി’കളും മലയാളികളും ആണു് ആദ്യമായി മാർക്കം കൂടിയതു്. അതുകൊണ്ടു് അവരുടെ സാഹിത്യം ഏറെക്കുറെ നിർജ്ജീവമായിത്തീർന്നിട്ടുണ്ടു്. കുടിൽ മുതൽ കൊട്ടാരംവരെ പ്രചരിച്ചിട്ടുള്ള അപൂർവ്വം ചില ഗ്രന്ഥങ്ങൾ ഈ ഭാഷകളിലും ഉണ്ടെങ്കിലും, അവ ദ്രവിഡവൃത്തങ്ങളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവയാണു്. പാട്ടുകൾ ചൊല്ലുന്ന രീതിയും ദേശന്തോറും വ്യത്യാസപ്പെട്ടിരിക്കും. ഇക്കാലത്തു് കർണ്ണാടകസമ്പ്രദായത്തിന്റെ ആക്രമണത്താൽ കേരളീയരുടെ ഗാനകലയ്ക്കു് ഉടവു തട്ടിത്തുടങ്ങിയെങ്കിലും ഇന്നും യഥാർത്ഥ മലയാളിക്കു് കേരളീയസമ്പ്രദായമാണു് ഹൃദയാവർജ്ജകമായി തോന്നുന്നതു്. മലയാളികൾക്കും സംഗീതത്തിനും തമ്മിൽ പൊരുത്തമില്ലെന്നു് ആക്ഷേപിക്കുന്ന ചില പരദേശികളെ അവിടവിടെ കാണ്മാനുണ്ടു്. തെലുങ്കു്, കർണ്ണാടകം ഈ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള കീർത്തനങ്ങളേയും വർണ്ണങ്ങളേയും അലങ്കോലപ്പെടുത്തി തത്തൽ കർത്താക്കന്മാരുടേയും അവയാൽ സ്തുതിക്കപ്പെടുന്ന ദേവന്മാരുടേയും പാപത്തിനു പാത്രീഭവിക്കത്തക്കവണ്ണം പാടുന്നതിനു് മലയാളികൾ സമർത്ഥന്മരല്ലായിരിക്കാം. എന്നാൽ മലയാളികളുടെ സാഹിത്യത്തിൽ ഗാനകവനത്തിനു സങ്കല്പിച്ചിട്ടുള്ള മാന്യസ്ഥാനം നോക്കിയാൽ, അവർ സംഗീതത്തിൽ വിമുഖന്മാരല്ലായിരുന്നുവെന്നു കാണാം. സ്വാതിതിരുനാൾ മഹാരാജാവിനെ അതിശയിക്കുന്ന സംഗീതശാസ്ത്രജ്ഞന്മാരും, ഇരയിമ്മൻതമ്പിയെ കവിഞ്ഞു നിൽക്കുന്ന ഗാനകവികളും, ദക്ഷിണഭാരതഖണ്ഡത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. സംഗീതപ്രയോഗത്തിലും ത്യാഗരാജനെ പുളകിതതനുവാക്കിത്തീർത്ത ഷട്കാലം ഗോവിന്ദമാരാരുടെ ജനയിത്രിപദം വഹിക്കുന്നതിനുള്ള ഭാഗ്യം കേരളത്തിനു് ഉണ്ടായിട്ടുണ്ടു്. വീണാവാദനത്തിൽ വിജയനഗരം, കേരളം എന്നീ രണ്ടു ദേശങ്ങളോടു കിടനില്ക്കത്തക്കവണ്ണം മറ്റൊരു ദ്രാവിഡരാജ്യവുമില്ലെന്നു് ആധുനിക സംഗീതവിദ്വാന്മാർ പോലും സമ്മതിക്കുന്നു.

കല്യാണക്കളി, കൈകൊട്ടിക്കളി ഇവയ്ക്കായി അനവധി ഗാനങ്ങൾ അതിപുരാതനകാലം മുതല്ക്കേ രചിക്കപ്പെട്ടുവരുന്നു. കല്യാണക്കളി പുരുഷന്മാർക്കുള്ള ഒരു വിനോദമാണു്. അതു് ഇപ്പോഴും പരവൂർ മുതലായ ദിക്കുകളിൽ ഓണക്കാലത്തു നടത്തിവരാറുണ്ടു്. എന്നാൽ ആദികാലങ്ങളിൽ കേരളത്തിലെല്ലായിടത്തും, താലികെട്ടുകല്യാണത്തിനു് കല്യാണക്കളി നടത്തിവന്നു.

[6] നായന്മാരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന കളികൾ തന്നെയും അവർ മുൻകാലങ്ങളിൽ കായികാഭ്യാസങ്ങളിൽ അതിസമർത്ഥന്മാരായിരുന്നുവെന്നു കാണിക്കുന്നു. താലികെട്ടു കല്യാണപ്പന്തലിൽ വച്ചു നടത്തിവന്ന കളികൾ ഇപ്പോഴത്തെ സർക്കസ്സുകാർക്ക് പ്രത്യേകാഭ്യാസംകൂടാതെ സാധിക്കാവുന്നതല്ല. നായന്മാരാകട്ടെ ഈ കളികൾ അടുത്ത കാലംവരെ സർവസാധാരണമായി കളിച്ചുവന്നു. വലിയ വിളക്കിനു ചുറ്റും പത്തിരുപതു പേർ വളഞ്ഞുനിന്നു് കുത്തുകാലും കോതുകാലും വച്ചു് തൂശിയും വണ്ടിയുമിട്ടിരുന്നു കാണിക്കുന്ന വിദ്യകൾ കണ്ടല്ലയോ മാർത്താണ്ഡവർമ്മയിലെ ശങ്കുവാശാൻ “പഹവാന്റെ മായാവിലാധങ്ങളു്” എന്നു പറഞ്ഞുപോയതു്. കഥകളിക്കാർ ശൃംഗാരപദം പതിഞ്ഞാടാൻ വട്ടക്കാലിൽ നില്ക്കുന്നതുതന്നെ ആയിരുന്നു കല്യാണക്കളിക്കാർ ഗണപതിയെ വന്ദിക്കുന്ന ‘ആനമുകവൻ’ എന്ന പാട്ടിനായി സ്വീകരിച്ചിരുന്നതു്.”

“പാട്ടുകളെ ആധിമധ്യാന്തങ്ങളിലെ ‘അടവുചവിട്ടു്’ ഇതിലും കടന്ന വിദ്യതന്നെ. പേരു് ‘അടവുചവിട്ടു്’ എന്നാണെങ്കിലും, അടവു മാത്രംകൊണ്ടു് ഇതു ചവിട്ടാൻ ഒക്കുകയില്ല. പ്രത്യേകം പഠിക്കുകതന്നേ വേണം. ഈ അഭ്യാസവിധത്തിന്റെ മാഹാത്മ്യത്തിനു ലക്ഷ്യങ്ങളായ പാട്ടുകൾ എത്രയോ ഉണ്ടു്. കളിക്കു് ഉപയോഗപ്പെടുത്തുന്ന പാട്ടുകൾ തന്നെയും ഈശ്വരസ്തുതികളോ പുരാണകഥാവിവരണങ്ങളോ ആയിട്ടാണോ കാണപ്പെടുന്നതു്.”

അടവു ചവിട്ടു്
“ആനമുകൻ ഗണപതി വാഴ്ക
അൻപുറ്റന കളിമുറയടവുകളൻപൊടു
പലതരവും നൽകിയ
ആയാനും വാഴ്ക തൈവം വാഴ്ക. ഇന്തത്തൈ
ഊനമില്ലാതുള്ളൊരു നാടും വിളങ്ങുക
ഉള്ളിൽ നിനച്ചെപ്പൊഴുമൊരുപോൽ
വന്നിങ്ങനെയുതവിയരുളാൻ
ഉത്തമമായുള്ളൊരു തേവൻ വിളങ്ങുക
തേവനു പൂമലരിടുക കൈവണങ്ങുന്നോം
ദൈവം തുണ നമുക്കൊന്നേയ്ക്കുമേ. ഇന്തത്തൈ
തിത്തീക്ക തിമൃതക തിമിത്തകത
തക്കിട കൃതികതൈ
അനൈത്തുലകിനെ പടൈത്തലവൻ, ചിരത്തിനെ
മറിച്ചുടനൊരു കരന്തന്നിലേന്തി
അരനുടെ മുടി മേൽ നിന്നരവങ്ങൾ
പുനഞ്ഞിഴഞ്ഞീടവേ–ഇന്തത്തൈ.
കനത്തമത്തക മുരത്തിന്മേൽ തരിത്തിട്ട
ങ്ങുരത്തവൻപുലിത്തോലു മുടുത്തങ്ങനെ
ഹിമഗിരി സുത കണവനെ മനമൊടു
പുണരുകഹേ ഹാ മിന്തത്തൈ.”

കൈകൊട്ടിക്കളി സ്ത്രീകളുടെ വിനോദങ്ങളിൽ സർവ പ്രധാനമായിരുന്നു. ധനുമാസത്തിൽ തിരുവാതിര ആഘോഷിക്കാത്ത ഒരു നായർഗൃഹമോ ബ്രാഹ്മണഗൃഹമോ കേരളത്തിൽ മുമ്പുണ്ടായിരുന്നില്ല. ഈ ആഘോഷത്തിന്റെ ഒരു വിവരണം ഈയിടയ്ക്കു് ‘മഹിള’ എന്ന മാസികയിൽ ചേർത്തിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കുന്നു. [7]

“തിരുവാതിരപക്ഷം ആരംഭത്തോടു കൂടിയോ, അല്ലെങ്കിൽ അഷ്ടമി തുടങ്ങിയോ, പുലർച്ചക്കുളിയും കണ്ണെഴുത്തും ആരംഭിക്കുകയായിരുന്നു പതിവു്. ഏഴര നാഴികയ്ക്കു മുമ്പുതതന്നെ തുടിയും കുളിയും തുടങ്ങണമെന്നാണു് നിശ്ചയം. ഭദ്രകാളി സഞ്ചാരം കഴിഞ്ഞു് ശ്രീകോവിലിലേക്കു മടങ്ങുന്നതിനു മുമ്പു തന്നെ സ്ത്രീജനങ്ങൾ ഉണർന്നെഴുന്നേറ്റു് അയൽവീടുകളിലുള്ള സഖികളെയെല്ലാം വിളിച്ചുണർത്തി, വിളക്കും കൊളുത്തി തുണയ്ക്കായി ആൺകിടാങ്ങളേയും കൂട്ടിക്കൊണ്ടു് കുളക്കടവിലേക്കു പോകുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെയാണു്. ശരീരത്തിനു നല്ല ഓജസ്സും ശക്തിയും ഉള്ളവർ ശൈത്യത്തെ തെല്ലും വകവയ്ക്കാതെ കടവിൽ എത്തിയ ഉടൻതന്നെ വെള്ളത്തിൽ ചാടി തുടിയും പാട്ടും ആരംഭിക്കുന്നു. ചിലർ അവരെ നോക്കി അസൂയപ്പെട്ടു് ദന്തങ്ങൾകൊണ്ടു താളവും പിടിച്ചു് കരയ്ക്കുതന്നെ നില്ക്കുന്നു. അവരുടെ കൂടെ വരുന്ന വൃദ്ധകൾ അടുത്തുള്ള കരിയില അടിച്ചുകൂട്ടി തീ കായുവാൻ ആരംഭിക്കുന്നു. മറ്റെങ്ങും നിശ്ശബ്ദമായിരിക്കുന്ന ഈ സമയത്തു് അവരുടെ പാട്ടും തുടിയും വളരെ ദൂരം കേൾക്കാവുന്നതാണു്. ഏകദേശം അരുണോദയത്തിനു മുമ്പുതന്നെ കുളി കഴിഞ്ഞു തണുത്തു വിറച്ചുകൊണ്ടു് അവർ വീട്ടിലേയ്ക്കു മടങ്ങുന്നു. പിന്നെ വളരെ ശുഷ്കാന്തിയോടു കൂടെ ഇലക്കുറിയും ചാന്തുപൊട്ടും തൊട്ടു് വിനോദങ്ങൾക്കായി ഒരുങ്ങുന്നു.

“ഷഷ്ടിനാൾ തുടങ്ങി എഴുത്തുപള്ളികളിൽ ഒഴിവായതുകൊണ്ടു് ബാലികമാർ ഉഴിഞ്ഞാലാട്ടവും പാട്ടുമായിട്ടാണു് ഈ കാലത്തു സമയം കഴിച്ചുവരുന്നതു്. വൃശ്ചികം, ധനുമാസങ്ങൾ വിശേഷിച്ചും ഉഴിഞ്ഞാലാട്ടത്തിന്റെ കാലമാണല്ലോ. അന്നൊക്കെ ഏതു ഭാഗത്തു തിരിഞ്ഞാലും ഉഴിഞ്ഞാൽ പാട്ടും, തിരുവാതിരപ്പാട്ടും മാത്രമേ കേൾക്കുവാൻ ഉണ്ടായിരുന്നുള്ളു. “കല്യാണി വാ വാ കിളിക്കിടാവേ” എന്നും, “കരിമുഖൻ കാർത്ത്യായനിയുമെന്റെ ഗുരുവരനും ഷൺമുഖദേവൻതാനും” എന്നും, “കളമൊഴിയെ നല്ല കിളിക്കിടാവേ” എന്നും മറ്റുമുള്ള മനോഹരഗാനങ്ങൾ പഴയ രീതിയിൽ ഈ കാലത്തു പാടി കേൾക്കണമെങ്കിൽ മുത്തശിമാരെ ശരണം പ്രാപിക്കയല്ലാതെ നിവൃത്തിയില്ല. അവരും ഇപ്പോൾ അവയിൽ ചിലതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പ്രഭുകുടുംബങ്ങളിലെ പെൺകിടാങ്ങൾക്കു പ്രത്യേകമായി തിരുവാതിരപ്പാട്ടുകളും എഴുതിക്കൊണ്ടുവന്നു കൊടുത്തു് ആശാന്മാർ സമ്മാനം വാങ്ങുന്ന പതിവു് അക്കാലത്തുണ്ടായിരുന്നു. ഇങ്ങനെ ഓരോരുത്തർക്കു് സ്വന്തമായി കിട്ടിയ പാട്ടുകൾ പ്രത്യേകം കരുതലോടുകൂടി ഉരുവിട്ടു് ഓർമ്മയിൽ നിറുത്തുന്ന പതിവു് ഇപ്പോഴും ചില പഴയ തറവാടുകളിൽ കാണാവുന്നതാണു്.

“ഹേമന്തചന്ദ്രന്റെ തികവോടുകൂടി പക്ഷാവസാനത്തിൽ തിരുവാതിരയും എത്തുന്നു. പാലാഴിത്തൂവെള്ളംപോലെ മഞ്ഞുതൂവുകയാൽ ലോകമെല്ലാം ശുഭ്രമയമായിരിക്കുന്നു. ആണ്ടിൽ മറ്റുള്ള വിശേഷദിവസങ്ങളെല്ലാം പുരുഷന്മാർക്കും കൂടിയുള്ളതാണു്. ഇതൊന്നേ തങ്ങൾക്കു മാത്രമായിട്ടുള്ളു. അതുകൊണ്ടു് ആ ദിവസം കഴിയുന്നതും ഉല്ലാസപ്രദമാക്കുവാൻ യാതൊരു സ്ത്രീയും യത്നിക്കാതിരിക്കയില്ല. തിരുവാതിര ദിവസത്തെ ഓർത്തു് തലേനാൾ രാത്രി നല്ല ഉറക്കംതന്നെ വന്നിട്ടുണ്ടായിരിക്കയില്ല. തുടിയും, പാട്ടും, കുളിയും കഴിയുമ്പോഴേക്കു തന്നെ മിയ്ക്കവർക്കും തൊണ്ടയടഞ്ഞു ശബ്ദം പുറപ്പെടാതായിക്കഴിയും. വീട്ടിൽ മടങ്ങി എത്തിയാൽ വസ്ത്രാദ്യാലങ്കാരങ്ങളുടെ ചിന്തയായി. ഓണപ്പുടവയായി ലഭിച്ച നേരിയതു് അന്നേക്കു പ്രത്യേകമായി അലക്കിച്ചു തെയ്യാറാക്കി വച്ചിരിക്കും. ഈ ദിവസം ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും ശ്രദ്ധ വെയ്ക്കുക പതിവില്ല. ഉപവാസമായിരിക്കണമെന്നു നിർബന്ധവുമുണ്ടു്. ഗുരുവായൂർ ഏകാദശിദിവസത്തെപ്പോലെ അന്നു് അന്നം കഴിക്കുവാൻ പാടില്ലെന്നാണു് നിശ്ചയം. കായ്കനികളും ഇളന്നീരുമാണു് അന്നത്തെ മുഖ്യഭക്ഷണം. മഞ്ഞപ്പതിറ്റടിക്കു മിക്കവരും ആർദ്രാ ദർശനത്തിനായി അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലേയ്ക്കു പോകുന്നു. സന്ധ്യയ്ക്കു മുമ്പുതന്നെ സ്വഗൃഹങ്ങളിലേക്കു മടങ്ങി എത്തുകയും ചെയ്യും.

“അംഗശുദ്ധി ചെയ്തു് വല്ല പലഹാരവും കഴിച്ചാൽ ഉറക്കൊഴിച്ചിലിനുള്ള ഒരുക്കമായി. ആ രാത്രി കണ്ണു പൂട്ടിപ്പോയാൽ പകൽസമയത്തെ വ്രതമെല്ലാം നശിക്കുമെന്നു മാത്രമല്ല, ഭർത്താവിനു വലിയ ആപത്തുകൾ സംഭവിക്കുക കൂടി ചെയ്യുമത്രെ. ചിലരെല്ലാം ഉഴിഞ്ഞാലാട്ടംകൊണ്ടുതന്നെ രാവു കഴിച്ചുകൂട്ടുന്നു. പൂർണ്ണചന്ദ്രൻ സ്വച്ഛനീലിമയെ ആകാശത്തിൽ വിളങ്ങുമ്പോൾ കന്യകകളും പ്രായംചെന്നവരും ഒന്നിച്ചുചേർന്നു് ഉഴിഞ്ഞാലിട്ടു പുളിയുടേയോ പ്ലാവിന്റേയോ ചുവട്ടിൽ വന്നു കൂടിയിരിക്കും. യൌവനയുക്തകളായ സ്ത്രീകൾ ഉഴിഞ്ഞാൽ മുറുക്കി ഒരു പാട്ടു മുഴുവൻ ആ ഇഴഞ്ഞ രാഗത്തിൽ നീട്ടിപ്പാടി ആടിത്തീരുമ്പോഴേക്കു് മിയ്ക്കതും തളർന്നുകഴിഞ്ഞിരിക്കും. അവർ തമ്മിൽ മത്സരിച്ചു വിടുന്നതും, അന്യോന്യം മൃദുവായി സംഭാഷണം ചെയ്യുന്നതും, ഇടയ്ക്കിടെ അവരുടെ ഉള്ളിൽ സന്തോഷം നിറഞ്ഞുവഴിഞ്ഞു പുഞ്ചിരിയായി പുറപ്പെടുന്നതും, നാലുപാടും തിരശ്ശീലയിട്ടു മൂടിയപോലെയുള്ള മഞ്ഞും, എല്ലാറ്റിനും മീതെ പാൽക്കതിർ വീശിക്കൊണ്ടു നിൽക്കുന്ന കുളിരമ്പിളിയും–ഇതെല്ലാംകൂടിയുള്ള കാഴ്ച ഒരിക്കൽ കണ്ടാൽ ഒരാളും പിന്നെ മറക്കുന്നതല്ല. ഉഴിഞ്ഞാലാടി ക്ഷീണിച്ചാൽ കൈകൊട്ടിക്കളി, പല്ലാങ്കുഴി, മാണിക്കച്ചെമ്പഴുക്ക, താലി പീലി മുതലായ വിനോദങ്ങളിലേർപ്പെട്ടു് അവർ സമയം പോക്കുന്നു. അപ്പൊഴേക്കും പതിവുപോലെ പുറാട്ടുകാരന്റെ (വിദൂഷകൻ) വരവായി. തന്റെ പാട്ടും, കളികളും, ഫലിതങ്ങളുംകൊണ്ടു് സ്ത്രീകളെ സന്തോഷിപ്പിച്ചു് സമ്മാനം വാങ്ങി അയാൾ പോകുന്നു. ചിലപ്പോൾ ചെറുപ്പക്കാർ മാത്രമല്ല, പ്രായംചെന്നവരും കൂടി വേഷം കെട്ടി ഇത്തരം വിനോദങ്ങൾക്കായി ഒരുങ്ങാറുണ്ടു്. തഴച്ച തറവാടുകളിലെല്ലാം തിരുവാതിര പ്രമാണിച്ചു് കോലാട്ടമോ, ഓട്ടൻതുള്ളലോ, കഥകളിയോ ഉണ്ടായിരിക്കും. കഥകളിയോഗക്കാർക്കു് വിശേഷിച്ചും തിരുവാതിര വളരെ പ്രാധാന്യമുള്ളതാണു്. സാധാരണയായി അന്നായിരിക്കും അരങ്ങേറ്റം. വിഷുവിന്നു പെട്ടി വയ്ക്കുകയും ചെയ്യും. സ്വന്തമായി കഥകളി കഴിപ്പിക്കുവാൻ കോപ്പില്ലാത്തവർ അടുത്തുള്ള വല്ല തറവാട്ടിലും പോയി കളി കണ്ടു് ഉറക്കൊഴിയും. ദുഃഖപര്യവസായികളായ കഥകൾ അന്നു് ആടുക പതിവില്ല. വല്ല സ്വയംവരവുമാണത്രേ തിരുവാതിരദിവസത്തേയ്ക്കു് ഏറ്റവും യോജിച്ചതു്. മേളക്കൊട്ടും തിരപ്പുറപ്പാടും കഴിഞ്ഞു്, മൂന്നോ നാലോ വേഷങ്ങൾ കഴിയുമ്പോൾ പാതിരാപ്പൂ ചൂടേണ്ടതിന്നു സമയമാകും. അപ്പോൾ പ്രത്യേകം കുളിക്കണമെന്നു നിർബന്ധമാണു്. അർദ്ധരാത്രിക്കു ദുർഗ്ഗാദേവിയുടെ പൂജാസമർപ്പണം കഴിഞ്ഞു് ഭഗവതിപ്രസാദമായ പൂവു് കന്യകകളെ ചൂടിക്കുന്നതാണു് ഈ ക്രിയ. വിവാഹിതകളായ സ്ത്രീകളും പൂജിച്ച പുഷ്പം ചൂടുന്ന പതിവുണ്ടു്. ഭക്തിപൂർവ്വം ഈ ക്രിയ നടത്തുന്ന ബാലികമാർക്കു വർഷാവസാനത്തിനു മുമ്പു് ഉൽകൃഷ്ട വരലാഭമുണ്ടകുമെന്നാണു് വിശ്വസിച്ചുവരുന്നതു്. ഇതു കഴിഞ്ഞ ഉടനെ പന്തലിൽ പോയിരുന്നു് കുറേക്കൂടി കഥകളി കാണും. അതിനു ശേഷം പിന്നെയും ഉഴിഞ്ഞാലാടുകയായി. പ്രകാശത്തിനു മുമ്പു് തുടിയും, കളിയും കഴിയും. അതോടുകൂടി തിരുവാതിരഉത്സവവും അവസാനിക്കുന്നു.

“അനംഗോത്സവമെന്നോ, മദനസുദിനമെന്നോ ഈ ദിവസത്തെ നാമകരണം ചെയ്യുന്നതു് തീരെ അനുചിതമല്ലെന്നു് ഇപ്പോൾ പ്രത്യക്ഷമായിരിക്കുമല്ലോ. ദൂരദേശങ്ങളിൽ പോയി വളരെക്കാലം വിരഹം അനുഭവിച്ച ഭർത്താക്കന്മാർ അന്നേക്കു് എങ്ങനെയെങ്കിലും വീട്ടിൽ എത്തിച്ചേരണമെന്നാണു നിശ്ചയം. കാമിനീകാമുകന്മാർക്കും ഇതു വലിയ ഉത്സാഹമാണു്. സ്വൈരസല്ലാപങ്ങൾക്കും, ഗൂഢസമാഗമങ്ങൾക്കും ഉള്ള അവസരങ്ങൾ അവർ ഒന്നെങ്കിലും പാഴാക്കികളയാറില്ല. ഭഗവതി ക്ഷേത്രത്തിലും കഥകളിപ്പന്തലിലും, ഉഴിഞ്ഞാലിന്നടുത്തും ഇതിനു ധാരാളം തരമുണ്ടാകുമെന്നു് എടുത്തുപറയേണ്ടതില്ലല്ലോ. അഗാധതയും, ആവർത്തനങ്ങളുംകൊണ്ടു് ഭയങ്കരമായ ജീവിതനദിയുടെ തീരത്തുവന്നു് ഇദംപ്രഥമമായ പ്രേമസുരഭിയെ ആസ്വദിക്കുന്ന യുവജനങ്ങൾക്കു് ഈ കാലത്തു പ്രത്യേകം ഒരു കുതൂഹലം ജനിക്കുന്നതിൽ എന്താണു് അത്ഭുതപ്പെടുവാനുള്ളതു്. ലോകയാത്രയിൽ എല്ലാവരും ആ കാലം കടന്നു പോന്നിരിക്കണം. യുവാക്കൾ ഇപ്പോൾ മാത്രമേ അതിനു് ആരംഭിക്കുന്നുള്ളു. വൃദ്ധന്മാർ ആ ദശയെ മുമ്പുതന്നെ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു. ധനുമാസത്തിലെ ഈ പൂനിലാവു് ആനന്ദമയവും ആഹ്ലാദമധുരവും ആയ ഒരു കാലം കടന്നുപോകുന്നതു് അവരെ അനുസ്മരിപ്പിക്കുന്നതേയുള്ളു. യുവജനങ്ങൾ ഈ കാലത്തു് ആശാസമ്പൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി വൈവാഹികമണ്ഡപത്തിലേയ്ക്കു് എത്തിനോക്കുന്നു. തെല്ലൊന്നു പ്രായം ചെന്നവർ പരിചയംകൊണ്ടു് തെളിഞ്ഞുകഴിഞ്ഞ തങ്ങളുടെ നയനങ്ങളെ അതേസ്ഥാനത്തിലേയ്ക്കു തിരിച്ചുവിടുന്നു. ഇങ്ങനെ എല്ലാവർക്കും ഉല്ലാസപ്രദമായ തിരുവാതിരമഹോത്സവം കാലക്രമേണ ക്ഷയിച്ചുപോകുന്നതിനനുവദിക്കാതെ കേരളീയർ, വിശേഷിച്ചു കേരളത്തിലെ വനിതാജനങ്ങൾ കീഴ്‌നാളിലെന്നപോലെ മേൽക്കാലവും ആഘോഷപൂർവം കൊണ്ടാടേണ്ടതാണു്.”

കന്യകകളും ഉത്തമവരലാഭം ഉദ്ദേശിച്ച് ചില വ്രതങ്ങൾ അനുഷ്ഠിച്ചുവന്നു. അവയിൽ ഒന്നാണു് ‘പുനങ്കുളി’ [8] അഥവാ തുലാംകുളി. സൂര്യോദയത്തിനു മുമ്പേ ഒട്ടുവളരെ ബാലികമാർ ആടിപ്പാടി പുഞ്ചോലക്കാവിൽ പുനങ്കുളിപ്പാൻ പോകുന്ന മനോഹരമായ കാഴ്ച അല്പകാലം കൂടി കഴിഞ്ഞാൽ മഷിയിട്ടുനോക്കിയാൽപോലും കാണുകയില്ല. ഒരേകാലത്തു തന്നെ ആരോഗ്യവും ഹൃദയോല്ലാസവും നൽകുന്ന ഈ മാതിരി വ്രതങ്ങളെ പുനർജീവിപ്പിക്കുന്നതിനു് ഇനി ആരെങ്കിലും ഉദ്യമിച്ചാൽ, അയാളെ ഭ്രാന്തനെന്നു വിളിക്കാൻ ആളുകൾ അനവധിയുണ്ടാവും പുനങ്കുളിയുടെ അവസാനചടങ്ങാണു് കൂമ്പടോത്സവം. [9] “ഇതിലധികം ഉത്സാഹകരമായ ഒരവസരം കന്യകമാർക്കു പണ്ടില്ലായിരുന്നു. ഇതിനു് ആയിരം കന്യകമാർ ഒരുമിച്ചു ചേരണമെന്നാണു് ഏർപ്പാടു്. അവർ വസ്ത്രാഭരണവിഭൂഷിതകളായി അരി, പൂവു്, ചെപ്പു്, കണ്ണാടി മുതലായ അഷ്ടമംഗല്യസാധനങ്ങൾ നിറച്ച താലം ഇടത്തുകൈയിലും, ചങ്ങലവിളക്കു് വലത്തുകൈയിലും വഹിച്ചു് വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലേയ്ക്കു ഘോഷയാത്ര ചെയ്യുന്നതു് ഈ കൂമ്പടോത്സവത്തിന്റെ പ്രധാന ചടങ്ങാണു്.”

പയ്യന്നൂർപാട്ടു്

ഇങ്ങനെ ഒരു പാട്ടുള്ളതായി ഡാക്ടർ ഗുണ്ടർട്ടു് പറഞ്ഞിട്ടുള്ളതല്ലാതെ, കൂടുതലായ വിവരങ്ങളൊന്നും ഇതേവരെ കിട്ടിയിട്ടില്ല. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. [10] “ഇതു് ഞാൻ കണ്ടിട്ടുള്ള മലയാളകവിതകളെ എല്ലാത്തിനേക്കാൾ പുരാതനമായിട്ടുള്ളതാകുന്നു. ഭാഷ വാക്കു പുഷ്ടിയുള്ളതായും ഗാംഭീര്യമുള്ളതായും ഇരിക്കുന്നു. അതിനാൽ ഇതു സംസ്കൃതത്തിൽനിന്നും നിരർത്ഥമായിട്ടുള്ള അവ്യയങ്ങളുടെ കൂട്ടം മലയാളഭാഷയിൽ ചെന്ന് ആ ഭാഷയുടെ ശക്തിയെ കുറയ്ക്കുന്നതിനുമുമ്പു് ഉണ്ടായിട്ടുള്ള കവിതയാണെന്നു സ്പഷ്ടമാകുന്നു.” ആ കാവ്യത്തിന്റെ കഥാസാരം ഭാഷാചരിത്രകർത്താവു് കൊടുത്തിട്ടുള്ളതു നോക്കിയാൽ, അതിനു വളരെ പഴക്കമുണ്ടെന്നു കാണാം. അതിനെ കണ്ടുപിടിക്കുന്നതിനു് ഭാഷാഭിമാനികൾ എല്ലാവരും ശ്രമിക്കേണ്ടതാണ്. അന്നത്തേ ഭാഷാരീതി അറിയുന്നതിനു് ആ ഗ്രന്ഥം വളരെ ഉപകരിക്കാതിരിക്കയില്ല.

കഥാസംക്ഷേപം

തൃശ്ശിവപേരൂർ നഗരത്തിലുള്ള ഒരു വർത്തകകുടുംബത്തിൽ നീലകേശി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവൾ പുത്രഹീനയായിത്തീർന്നതിനാൽ, വിരക്തയായിട്ടു് ഒരു ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യാൻ തീർച്ചപ്പെടുത്തി. സഞ്ചാരമദ്ധ്യേ, അവൾ ഏഴിമലയ്ക്കു സമീപമുള്ള കാച്ചിൽ എന്ന കച്ചവടസ്ഥലത്തെത്തി. അവെടെവെച്ചു്, അവൾ നമ്പുച്ചെട്ടി എന്ന വർത്തകന്റെ ഭാര്യയായിത്തീർന്നു. ആ വിവാഹത്തിൽ നിന്നു്, അവൾക്കു് ഒരു പുത്രസന്താനം ലഭിക്കുകയും ചെയ്തു. പുത്രൻ ജനിച്ച നാല്പത്തിഒന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു് ഒരു മഹോത്സവം നടത്തി. തത്സമയം നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പലിൽ വന്നടുത്തു. വാദ്യഘോഷം കേട്ടു്, അവർ മതിലിൽ കയറി കളികാണാൻ ഭാവിക്കവേ, ചിലർ വിരോധം പറഞ്ഞു. അവർ വലിയ ചെട്ടിയോടു പരാതി ബോധിപ്പിച്ചപ്പോൾ അയാൾ ഒരു ചെട്ടിയുടെ തലയിൽ വടികൊണ്ടു് ഒന്നടിച്ചു. അതിൽ വെച്ചുണ്ടായ ലഹളയിൽ നീലകേശിയുടെ സഹോദരന്മാരെല്ലാം മരിക്കയാൽ, അവൾ ദുഃഖിച്ചു വീണ്ടും ഭിക്ഷുകിയായി നടന്നു. അവളുടെ പുത്രനു പ്രായമായപ്പോൾ, ചെട്ടി അവനെ കച്ചവടസമ്പ്രദായങ്ങളേയും മറ്റും ശ്രദ്ധാപൂർവം പഠിപ്പിച്ചു. യഥാകാലം അവൻ ഒരു കപ്പൽ പണികഴിപ്പിച്ചു്, കച്ചവടത്തിനായി വിദേശയാത്ര ചെയ്കയും നിറച്ചു സ്വർണ്ണവുമായി തിരിച്ചുവന്നു കപ്പലിലെ ജോലിക്കാരായ പാണ്ഡ്യജോനക ചോഴിയന്മാർക്കെല്ലാം യഥോചിതം സമ്മാനം നൽകയും ചെയ്തു. കപ്പൽ തുറമുഖത്തു നിർത്തീട്ടു്, സ്വർണ്ണമത്രയും ഇറക്കിയതിന്റെ ശേഷം അച്ഛനും മകനും കൂടി ചതുരംഗം വെച്ചുകൊണ്ടിരിക്കേ, അവിടെ ഒരു ഭിക്ഷുകി വന്നു് വർത്തകയുവാവിനെ ഒന്നു കാണണമെന്നു് ആവശ്യപ്പെട്ടു. അവർ തമ്മിൽ കുറേനേരം രഹസ്യസംഭാഷണം നടന്നു. പയ്യന്നൂരിൽ ഒരു സ്ത്രീ രാത്രിയിൽ ഒരു സദ്യ നടത്തുമെന്നും അതിൽ അവൻ കൂടിച്ചെന്നു ചേരണമെന്നും ഉപദേശിച്ചിട്ടു് അവൾ പോയി. യാത്രയിൽ ആപത്തൊന്നും വന്നുചേരാതിരിക്കാനായി, അഞ്ചു വർണ്ണത്തിൽ ഒരു ചെട്ടിയുടെ പുത്രന്മാരേയും മണിഗ്രാമത്തിലെ ഏതാനും ആളുകളേയും, നമ്മുടെ വർത്തകൻ അവന്റെകൂടെ അയച്ചു. ഇതാണു് ഭാഷാചരിത്രത്തിൽ കൊടുത്തിരിക്കുന്ന കഥാസംക്ഷേപം.

അയ്യടികൾ, കഴിനെടിലടികൾ

അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതിൽ കൂടുതലുള്ളവയെ കഴിനെടിലടിയെന്നും വിളിച്ചുവന്നു. ഇത്തരം ഗാനങ്ങൾ മലയാളത്തിൽ ഒട്ടുവളരെ ഉണ്ടായിരുന്നു. കാഞ്ഞിരക്കാട്ടു് അഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പത്തു് അഞ്ചടി ഇങ്ങനെ ചില അഞ്ചടികളിൽ നിന്നു് ഡാക്ടർ ഗുണ്ടർട്ടു് ചില ഭാഗങ്ങളെ തന്റെ നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിച്ചിട്ടുണ്ടു്. വടക്കൻദിക്കുകളിലുണ്ടായ ഇത്തരം കൃതികൾ നല്ല മലയാളത്തിലും തെക്കൻദിക്കുകളിലുള്ളവ തമിഴു് കലർന്ന ഭാഷയിലും കാണപ്പെടുന്നു.

“പപ്പും ചിറകും വെച്ചുകഴിഞ്ഞാൽ പറവകൾ വാനിൽപായുന്നു
കണ്ടും കേട്ടും കരളിലുറച്ചാൽ കല്ലിലെഴുത്തായ്ത്തീരുന്നു;
എട്ടും പൊട്ടുമതില്ലാതുള്ളോൻ എളിമയൊടെന്നും ചേരുന്നു;
കോപംപൂണ്ടു കലങ്ങിയ മന്തൻ കൊടുനരകത്തിൽ പോകുന്നു;
ഉയിർവതൈചെയ്തു നടന്നോൻ നിത്യമൊരിനരകത്തിൽ പൊരിയുന്നു.”

“പലരോടും നിനയാതങ്ങൊരു കാര്യം തുടങ്ങൊല്ലാ
പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ലാ
അറിവള്ള ജനങ്ങളോടെതിർപ്പാനും നിനയ്ക്കൊല്ലാ
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ലാ
ഗുരുനാഥനരുൾചെയ്താൽ എതിൽവാക്കു പറകൊല്ലാ.”
മണിപ്രവാളകാവ്യങ്ങൾ

തമിൾപ്രാഭാവകാലത്തും വിവിധജാതി മണിപ്രവാളകൃതികൾ ഉണ്ടായിട്ടുണ്ടെന്നു് ലീലാതിലകം വായിച്ചുനോക്കിയാലറിയാം. അതിൽ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ ഏതേതു ഗ്രന്ഥങ്ങളിൽനിന്നാണെന്നു് അറിയാൻ പോലും [11] ഇപ്പോൾ തരമില്ലാതായിരിക്കുന്നു.

“മുൾകിണ്ണേൻ ഞാനമൃതജലധൌ മുഗ്ദ്ധചന്ദ്രങ്കൽ വീണ്ണേൻ
താണ്ണേൻ ജ്യോൽസ്നാ സരസിപനിനീർതന്നിലാണ്ണേനമിണ്ണേൻ
അല്ലല്ലസ്മന്മനസിജദശാവേദനാം കണ്ടിദാനീ-
മമ്പപ്പുൽകീ തനു നവരസസ്നേഹമെന്നോമലെന്നേ.”

“ആമ്പൽപ്രിയാഭരണമുങ്കിന കാളകൂടം
കൂമ്പുംകുരാൾമിഴി തുളുമ്പിന ഗംഗവെള്ളം
ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞകോലം
കാമ്പോടുകൂടി മരുവീടുക മന്മഥാരേ”

മണിപ്രവാളപ്രസ്ഥാനത്തിന്റെ ആഗമം, സ്വഭാവം മുതലായവയെപ്പറ്റി അന്യത്ര പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.

ഗദ്യസാഹിത്യം

മലയാളഭാഷയിൽ അതിപുരാതനകാലം മുതല്ക്കേ, ഗദ്യപ്രബന്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലീലാതിലകത്തിൽ ‘അഭിമന്യുവധാധി’ പ്രബന്ധങ്ങളെപ്പറ്റി പ്രസ്താവിച്ചു കാണുന്നുണ്ടു്. ഇത്തരം പ്രബന്ധങ്ങളെ ‘നമ്പ്യാരുടെ തമിൾ’ എന്നാണു വിളിച്ചുവന്നതു്. എന്നാൽ ഇവിടെ തമിൾശബ്ദത്തിനു് ‘ഭാഷ’ എന്നേ അർത്ഥമുള്ളു.

[12] “കേരളാനാം ദ്രമിഡശബ്ദവാച്യത്വാദപഭ്രംശേന തദ്ഭാഷാ തമിഴിത്യുച്യതേ; ചോളകേരളപാണ്ഡ്യേഷു ദ്രവിഡശബ്ദസ്യവാ പ്രസിദ്ധ്യാ പ്രവൃത്തിഃ” (ലീലാതിലകം)

ഭാരതം, ഭാഗവതം, രാമായണം, ദേവീമാഹാത്മ്യം മുതലായ പുരാണേതിഹാസങ്ങളേ, പാഠകം പറയുന്നവരുടെ ആവശ്യത്തിലേക്കായി ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരുന്നു. ജ്യോതിഷം, വൈദ്യം, അദ്ധ്യാത്മശാസ്ത്രം, ധർമ്മശാസ്ത്രങ്ങൾ ഇവയുടെ ഗദ്യപരിവർത്തനങ്ങളും ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ലീലാവതിഗദ്യം, ഭഗവത്ഗീതാഗദ്യം, ദ്വാദശവർണ്ണകം ഗദ്യം, മത്തവിലാസം കൂത്തു്, ബ്രഹ്മാനന്ദവിവേകസമുദ്രം, തമ്പ്രാക്കൾഭാഷ, ബാലശങ്കരീയം ഗദ്യം, വാസവദത്താഗദ്യം, ഗൗരികഥാ ഭാഷ, കേരളചരിത്രം ഗദ്യം, നളോപഖ്യാനം ഭാഷ, കയ്യാങ്കളി ഗദ്യം കൌഷീതകിഗൃഹം, രാമായണം തമിൾ, ഭാഗവതം തമിൾ എന്നിങ്ങനെ അനേകം ഗദ്യഗ്രന്ഥങ്ങൾ ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. ഇവയെല്ലാം ഒരേകാലത്തു് ഉണ്ടായവയാണെന്നു് എനിക്കു് അഭിപ്രായമില്ല. കൊല്ലവർഷാരംഭം മുതല്ക്കു് ഈ അടുത്ത കാലംവരെ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ അവയിൽ കൊ. വ. എട്ടാംശതകത്തിനുമുമ്പുണ്ടായ ഗദ്യഗ്രന്ഥങ്ങളെ തിരിച്ചറിയാം. ഭാഗവതം തമിൾ പ്രസാധനംചെയ്ത കോളത്തേരി മി. ശങ്കരമേനോൻ അതിന്റെ അവതാരികയിൽ ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു.

“ഗദ്യശൈലിയുടെ സമ്പ്രദായം, ഭാഷാപദപ്രയോഗങ്ങളുടെ പ്രാചുര്യം മുതലായ സംഗതികളെക്കൊണ്ടു് ഊഹിക്കുമ്പോൾ ഈ ഗ്രന്ഥം എഴുതിയതു് ഏതാണ്ടു കൊല്ലവർഷം എട്ടാം നൂറ്റാണ്ടിലായിരിക്കാമെന്നു തോന്നുന്നു.”

ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പ്രസാധകൻ എട്ടാം ശതകത്തിനു മുമ്പും പിമ്പും ഉണ്ടായിട്ടുള്ള ഗദ്യകൃതികളോടു് ഇതിനെ താരതമ്യപ്പെടുത്തീട്ടാണോ ഈ അഭിപ്രായം തട്ടിവിട്ടിരിക്കുന്നതു്? ഈ പ്രബന്ധത്തിലെ ഗദ്യത്തെ, ഈ അദ്ധ്യാത്തിൽതന്നെ അന്യത്ര ഉദ്ധരിച്ചിട്ടുള്ളതും, കൊല്ലവർഷാരംഭത്തിൽ ഉണ്ടായിട്ടുള്ളതുമായ ശിലാശാസനത്തിലെ ഗദ്യത്തിനോടൊന്നു താരതമ്യപ്പെടുത്തി നോക്കുക. ഏതിനാണു പഴക്കം തോന്നുന്നതു്? ചെന്തമിൾരൂപങ്ങൾ കണ്ടാലേ പഴക്കം കല്പിക്കാവൂ എന്നായിരിക്കുമോ പ്രസാധകന്റെ വിവക്ഷ? അങ്ങനെയാണെങ്കിൽ,

“നീരാടമ്മേ നിവസനമിദം ചാർത്തു ദേവാർച്ചനയാ-
മെപ്പൊഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
എന്നീവണ്ണം നിജ പരിജനപ്രാർത്ഥനാം കർത്തുകാമാ
കേഴന്തീ വാ രഹസിവിരഹവ്യാകുലാ വല്ലഭാ മേ”
“ഉടനുടനലർബാണസ്തച്ചപിച്ചേറി നീറാ-
യുരുകിയിരവിലൊട്ടും കണ്ണടച്ചീല ഞാനോ;
കളഭമിടയുമോമൽകൊങ്കചീർത്താടിവാഴും
നടുവുതുടിയെ വെല്ലും നായികേ നീ പിരിഞ്ഞു്”

ഇത്യാദി പദ്യങ്ങൾ ഏതു കാലത്തുണ്ടായവ ആയിരിക്കണം. ഈ അടുത്ത കാലംവരെ തമിൾ വിദ്വജ്ജനഭാഷ ആയിരുന്നതിനാൽ പദ്യകൃതികളിൽ ചെന്തമിൾപ്രയോഗങ്ങൾ കടന്നുകൂടി എന്നു വിചാരിച്ചു്, അങ്ങനെയുള്ള പ്രയോഗങ്ങൾ കണ്ടാലേ ഒരു ഗ്രന്ഥത്തിനു പ്രാചീനത്വം കല്പിക്കാവൂ എന്നു ശഠിക്കാവുന്നതല്ല. വേറൊരു സംഗതി കൂടി ലീലാതിലകത്തിൽ നിന്നു വ്യക്തമാകുന്നുണ്ടു്. മദ്ധ്യോത്തരകേരളങ്ങളിൽ ഉണ്ടായതായി ശങ്കിക്കാവുന്ന കൃതികളിലൊന്നിലും, ചെന്തമിൾരൂപങ്ങൾ ആധിക്യേന കാണുന്നില്ല. വിശേഷിച്ചും, പദ്യഗ്രന്ഥങ്ങളിലെന്നപോലെ ഗദ്യത്തിലും തമിൾപ്രയോഗങ്ങൾ കാണണമെന്നുമില്ല. എന്തുകൊണ്ടെന്നാൽ സാഹിത്യഭാഷയ്ക്കു വ്യവഹാരഭാഷയോടു പദ്യസാഹിത്യത്തിലെ ഭാഷയ്ക്കുള്ളതിനെക്കാൾ അടുപ്പമുണ്ടായിരിക്കും. മുകളിൽ ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളിലെ ഭാഷയ്ക്കം ഭാഗവതം ഗദ്യത്തിലെ ഭാഷയ്ക്കും തമ്മിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. പ്രസ്തുത പദ്യങ്ങൾ കൊല്ലം ആറാം ശതകത്തിനു മുമ്പു രചിക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം.

ഭാഷാപദപ്രാചുര്യംകൊണ്ടു്, ഭാഗവതം പ്രബന്ധം എട്ടാം ശതകത്തിലുണ്ടായതാണെന്നു് വിചാരിക്കാമെന്നു പറഞ്ഞിരിക്കുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. പ്രാചീന കൃതികളിൽ ഭാഷാശബ്ദങ്ങൾ കുറഞ്ഞിരുന്നുവെന്നാണോ പ്രസാധകന്റെ അഭിപ്രായം? അങ്ങനെയാണെങ്കിൽ കഥ കുറെ കേമമായി. ഭാഷാസാഹിത്യത്തിന്റെ പ്രാരംഭകാലത്തു് പരകീയശബ്ദങ്ങൾ കൂടിയും, പിന്നീടു് കുറഞ്ഞു കുറഞ്ഞും വരുമെന്നുള്ള ഒരു പുതിയ തത്വത്തെ ആവിഷ്കരിച്ചതിനു് നാം മി. ശങ്കരമേനോനോടു് സവിശേഷം കടപ്പെട്ടിരിക്കുന്നു.

പരമാർത്ഥത്തിൽ, ഇത്തരം ഗ്രന്ഥങ്ങളുടെ ഭാഷാരീതി നോക്കി, അവയുടെ കാലം നിർണ്ണയിക്കുന്ന കാര്യം കുറെ വിഷമമാണു്. വാക്യരചനാവിചാരത്തിൽ അവയിലെ ഗദ്യത്തിനു് സംസ്കൃതഗദ്യത്തിനോടാണു് അധികം ചാർച്ച എന്നു കാണാം.

“യാതൊന്നു മഹാരാജാവിപ്പോൾ ചെല്ലിയതു്, അതെല്ലാം പട്ടാങ്ങാണു്.”

“അസുരശത്രവാകയുമുണ്ടു്. ദേവകൾക്കും ബ്രാഹ്മണനും മൂലമാകയുമുണ്ടു്. അതുകൊണ്ടു് ഋഷികളെയും കൂടി കൊല്ലുക നാം.”

“അതു കേട്ടു് ഇവൾ ഞാൻ പരുഷവ്യവഹാരം ചെയ്യുന്നവൾ”

“യാതൊരിടത്തു ധർമ്മമുള്ളു, അവിടത്തോൻ വിഷ്ണു.”

ഇത്തരം വാക്യബന്ധങ്ങൾ പണ്ഡിതകേസരിയായ കൈക്കുളങ്ങരെ രാമവാര്യരുടെ കൃതികളിലും കാണ്മാനുണ്ടു്.

“അറിവുള്ള ജനങ്ങളിൽ നിന്നു പരിഹാസത്തെ ഉത്ഭവിപ്പിക്കാനായിക്കൊണ്ടു്.”

“സന്ധ്യാസമയത്തിങ്കൽ ഉണ്ടായ ജനനം ഭാന്തത്തെ പ്രാപിച്ചിരിക്കുന്ന ചന്ദ്രൻ, ലഗ്നസ്ഫുടം, പാപന്മാർ ഇങ്ങനെ ഉള്ള മൂന്നു നിമിത്തങ്ങളോടു സഹിതമാകയാൽ അതു സദ്യോമരണത്തിനായിക്കൊണ്ടു ഭവിക്കുമെന്നർത്ഥം.”

ഇത്യാദി വാക്യങ്ങൾ നോക്കുക.

ഇങ്ങനെ സംസ്കൃതശൈലിയേ മുറുക്കിപ്പിടിച്ചുകൊണ്ടാണു് ഗ്രന്ഥകാരന്റെ പുറപ്പാടെങ്കിലും, തമിൾപ്രയോഗങ്ങളും അവിടവിടെ കാണ്മാനുണ്ടു്.

“ഒരിടത്തു ഉളനോ? എങ്കിൽ ഞങ്ങൾ ഉപായമുണ്ടാക്കുന്നുണ്ടു്.”

“ഇവൻ വിരയച്ചത്തുപോയാവൂവെന്നു് ദേവകൾക്കു നിനവു്.”

ചമ്പൂകാരന്മാരുടെ വൃത്തബന്ധത്തോടുകൂടിയ ഗദ്യത്തിൽ പുരുഷപ്രത്യയങ്ങൾ അധികമായി കാണാതിരിക്കയും, നേരേമറിച്ചു് യാതൊരു വൃത്തബന്ധവുമില്ലാത്ത സ്വാഭാവികമായ ഇത്തരം ഗദ്യങ്ങളിൽ, അവയെ സർവസാധാരണമായിട്ടില്ലെങ്കിലും, മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചുകാണുകയും ചെയ്യുന്നതിനാൽ, ഇവയ്ക്കു ചമ്പുക്കളേക്കാൾ പ്രാചീനത്വം കല്പിക്കുന്നല്ലേ സംഗതമായിട്ടുള്ളതു്.

‘പിന്നെ പശുക്കിടാങ്ങളും പശുക്കളും തങ്ങളിൽ ഗന്ധിച്ചു മുലയും കുടിപ്പിച്ചു് നക്കൂതും ചെയ്താർ’ എന്നിങ്ങനെ വേണ്ടാത്തിടത്തുകൂടി പുരുഷപ്രത്യയം ചേർത്തുകാണുന്നു.

ഉദാഹരണാർത്ഥം രണ്ടുമൂന്നു ഗദ്യപ്രബന്ധങ്ങളിൽനിന്നു് ഓരോ ഭാഗങ്ങളെ ഉദ്ധരിക്കുന്നു.

ഭാഗവതം ദശമസ്കന്ധം, എട്ടാം അദ്ധ്യായം

“ഇങ്ങനെ ചിലനാൾ ചെന്നവാറെ മുഴങ്കാൽമേൽ നടന്നു തുടങ്ങിയാർ. ഏതുമറിയുന്നീലെന്നുഭാവം. മെല്ലെ മെല്ലെ നടന്നുതുടങ്ങിയാർ. അപ്പോൾ ചിലമ്പും മണിയുമുണ്ടു്. അച്ചിലമ്പിന്റെ ഒച്ച കേട്ടും, മണിയുടെ ഒച്ച കേട്ടും ലോകരെല്ലാം സന്തുഷ്ടരായാർ. അക്കാലത്താരാനും പോകുമ്പോൾ അവരുടെ വഴിയെ കൂടപ്പോം അറിയുന്നീലെന്നു ഭാവം. മറിഞ്ഞു നോക്കും. അപ്പോൾ പേടിച്ചു വന്നു അമ്മമാരുടെ മടിയിൽ ചെന്നുവീഴും. അപ്പോൾ ചേറുപുരണ്ടിരിക്കിലും അവർ എടുത്തുതട്ടിക്കൊള്ളും. മുലയും കൊടുക്കും. ആ ഗോപസ്ത്രീകളും അങ്ങനെ ചെയ്താർ. ഇവരെല്ലാപേരുടേയും മടിയിൽ ചെന്നുവീഴും. അങ്ങനെയൊരുനാൾ അമ്മയുടെ മുലയും ഒട്ടൊട്ടുകുടിച്ചു് അവൻ മുഖത്തു നോക്കിയപ്പോൾ, അവനു പല്ലു വന്നുതുടങ്ങി. അതു കണ്ടെല്ലാവരും സന്തുഷ്ടരായാർ. പിന്നെ ഇച്ചെറിയവ രണ്ടും പശുക്കിടാങ്ങളുടെ വാൽ പിടിക്കും. അപ്പോഴവയങ്ങു പായും. അപ്പോഴിഴഞ്ഞിട്ടും കൂടെച്ചെല്ലും. അപ്പോഴെല്ലാവരുമെടുപ്പോർ. ഇങ്ങനെയവരുടെ ക്രീഡ കണ്ടു ഗോപസ്ത്രീകളെല്ലാം തങ്ങളുടെ ഗൃഹകൃത്യങ്ങൾ കുടെ മറന്നാർ.”

രാമായണം തമിഴിൽ, സംസ്കൃതത്തിന്റെ അധികാരം കുറേക്കുടെ പ്രബലപ്പെട്ടുകാണുന്നു.

സുന്ദരകാണ്ഡം

“ഏനേ! ആര്യപുത്രനെക്കുറിച്ച നിരാശയായേനേ ഞാൻ. പാപനിശാചരസ്പർശം ഹേതുവായിട്ടു്, അശുദ്ധയാകിയ ഞാൻ ശുദ്ധജലാവഗാഹങ്ങളേക്കൊണ്ടു ശുദ്ധയായി പ്രാണങ്ങളെ പരിത്യജിപ്പൂ എന്നു കല്പിച്ചു് പുഷ്കരണീതീരത്തെ പ്രാപിച്ചു ചെയ്തരുളുന്നവൾ. സകല കലാപരിപൂർണ്ണനാകിയ ചന്ദ്രദേവനെ നോക്കി അരുളിച്ചെയ്യുന്നവൾ. ‘ഭഗവാനെ, മൃഗലാഞ്ഛന, ചന്ദ്രരദേവ, നിന്തിരുവടി അനേകകാലം കൂടിയല്ലോ എന്നുടെ നയനഗോചരത്തെ പ്രാപിച്ചു. അതു ഹേതുവായിട്ടു് ഇവൾ ഞാൻ സ്വല്പം പരുഷവ്യവഹാരം ചെയ്യുന്നവൾ. നിന്തിരുവടിക്കു് ഇജ്ജനത്തെ ഇടയിട്ടു് സൂര്യവംശജാതരാകിന ക്ഷത്രിയർക്കു ബന്ധുഭാവമുണ്ടെന്നു ഞാൻ കേട്ടിരിപ്പു. അത്രയുമല്ല ആര്യപുത്രനോടു് സദൃശൻ ഭവാനെന്നിങ്ങനെ അഖില ജനങ്ങളുടെയും വ്യവഹാരം അല്ലല്ല; ഉന്മത്തയായേനേ ഞാൻ. നിന്തിരുവടിയോ ദിവസംപ്രതി ഭാര്യാവിശേഷവിശിഷ്ടങ്ങളാകിന സുഖങ്ങളെ അനുഭവിച്ചരുളുന്നോൻ. അതല്ല ആര്യപുത്രൻ. മന്ദഭാഗ്യയായ എന്നോടു വേർപ്പെടുകയാൽ ഭാര്യാവിയോഗവിധുരീകൃതമാനസനായി അധിവസിച്ചരുളുന്നോൻ. നിങ്ങളിലുള്ള സാദൃശ്യകഥ നിൽപൂതാക. അങ്ങൊരു ഭാഗത്തു ആര്യപുത്രനേയും ഇങ്ങൊരു ഭാഗത്തു എന്നേയും ഒരിടത്തു നിന്നല്ലേ കാണുന്നൂ ഭവാൻ. എന്നാൽ ആര്യപുത്രനുടെ വാർത്തയെ എനിക്കു താൻ, എന്നുടെ വാർത്തയെ അവൻ തിരുവടിക്കു താൻ, അറിയിക്കാതെ കണ്ടു് ഉദാസീനനെന്നപോലെ എഴുന്നരുളുന്നിതോ ഭഗവാനേ.”

ഭഗവദ്ഗീതാഗദ്യം [13]

“സഞ്ജയൻ:– ദയാവുകൊണ്ടു് വിഷണ്ണനായി കൈയിൽനിന്നു ആയുധം ഇട്ടുകളഞ്ഞിരിക്കുന്ന അർജ്ജുനനോടു ശ്രീകൃഷ്ണൻ അരുളിചെയ്തു. എടൊ അർജ്ജുന, ഈ അവസ്ഥ നിനക്കു എവിടെ നിന്നുണ്ടായി? അർജ്ജുന, ഇതു സജ്ജനമായിരിക്കുന്നവർ ചെയ്യോന്നല്ല. സ്വർഗ്ഗത്തിനു വിരുദ്ധം; കീർത്തി കേടായിരിപ്പൊന്നിതു ആണും പെണ്ണുമല്ലാത്തവണ്ണം കാട്ടായ്ക. ഈ അവസ്ഥ നിനക്കു യോഗ്യമല്ല.”

“അപ്പോൾ അർജ്ജുനൻ ശ്രീകൃഷ്ണനോടു ചൊല്ലിനാൻ. എങ്ങനെ ഞാൻ ഭീഷ്മരേയും ദ്രോണരേയും ശരങ്ങളെക്കൊണ്ടു പ്രയോഗിപ്പൂ.”

ലോകസംഭവം ഗദ്യത്തിനു കുറേക്കൂടി ആധുനികത്വം തോന്നിക്കുന്നു.

“ഭർത്താവേ, സർവലോകേശനായിരിക്കുന്ന ഭഗവാനല്ലോ നിന്തിരുവടി. എന്നാൽ ഈ ലോകസംഭവം നിന്തിരുവടി അറിയാതുണ്ടോ എന്നിങ്ങനെ ശ്രീപാർവതി ശ്രീമഹാദേവനോടു പറഞ്ഞവാറേ, എന്നാലോ ഈ സർവലോക സംഭവം നിനക്കു കേൾപ്പാൻ ആഗ്രഹമുണ്ടെന്നാകിൽ ഒട്ടൊട്ടു സംക്ഷേപിച്ചു ചൊല്ലാമെന്നു് ശ്രീമഹാദേവൻ അരുളിച്ചെയ്താൻ.”

ഈ ഗ്രന്ഥങ്ങൾ ഭിന്ന ഭിന്ന കാലഘട്ടങ്ങളിൽ ഉണ്ടായവയാണെങ്കിലും, അവയെല്ലാം ഒരു കരുവിൽ വാർത്തെടുക്കപ്പെട്ടവയാണെന്നു തോന്നുന്നു. ശൈലിക്കു വലിയ വ്യത്യാസമൊന്നുമില്ല. മി: ശങ്കരമേനോൻ പറയുന്നു “പൂർവികന്മാർക്കു ഗദ്യത്തിൽ അഭിരുചിയുണ്ടായിരുന്നു എന്നുള്ളതിനു് ഈ ഭാഗവതം തന്നെ ദൃഷ്ടാന്തം. ഇതിലെ (ഭാഗവതം ഭാഷയിലെ) മധുരമായ ശൈലി വിശേഷം അന്യാദൃശം തന്നെ. ലളിതകോമളമായ രീതിയിൽ ഗദ്യമെഴുതുവാൻ പൂർവികന്മാർക്കും സാധിച്ചിരുന്നു. അക്കാലങ്ങളിൽ സ്ഥിരമായ ഗദ്യരീതിയും ഉണ്ടായിരുന്നു. ആ നിസർഗ്ഗമധുരമായ ഗദ്യരീതിയിൽ കാര്യം പറഞ്ഞു, മറ്റുള്ളവരെ മനസ്സിലാക്കുവാൻ അവർക്കു നിഷ്പ്രയാസം സാധിച്ചിരുന്നു. എന്നുള്ളതിനു വേറെ തെളിവുകളൊന്നും വേണ്ടതില്ല.”

ഭാഗവതം ഭാഷ മറ്റു ‘ഭാഷകളെ’ അപേക്ഷിച്ചു ലളിതമായിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള എല്ലാ പ്രബന്ധങ്ങളും നിസർഗ്ഗസുന്ദരങ്ങളാണെന്നു സമ്മതിക്കാൻ നിവൃത്തിയില്ല. അതുപോലെതന്നെ നമ്മുടെ പൂർവികന്മാർക്കു് അക്കാലത്തു് ഒരു ഉത്തമഗദ്യരീതി ഏർപ്പെട്ടുകഴിഞ്ഞിരുന്നുവെന്നു വിചാരിക്കുന്ന കാര്യവും കുറെ വിഷമമാണു്. ഈ പ്രസ്ഥാനം സംസ്കൃതനാടകാഭിനയത്തിന്റെ ഒരു സന്താനമാകുന്നു. സംസ്കൃതഗദ്യത്തിന്റെ അനുകരണമായതിനാൽ ഈ രീതിക്കു് ഭാഷാസാഹിത്യത്തിൽ സ്ഥായിയായ ഒരു പ്രതിഷ്ഠ ഇതേവരെ ലഭിച്ചിട്ടുമില്ല. ആധുനിക ഗദ്യത്തിന്റെ വളർച്ച, ഈ പുരാതന ഗദ്യത്തിൽനിന്നല്ലെന്നു് ഈ രണ്ടു രീതികളേയും പരിശോധിച്ചു നോക്കിയാൽ കാണാം. എന്നാൽ ശ്രോതാക്കളേ വിനോദിപ്പിക്കുന്നതിനോടു കൂടി, അവർക്കു ഭക്തിയും പുരാണകഥാപരിചയവും നൽകത്തക്കവണ്ണം അനുഭവരസത്തോടുകൂടി സരസമായി കഥനം ചെയ്യുന്ന ഈ സമ്പ്രദായം ഇന്നും നശിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം.

ശാസ്ത്രഗ്രന്ഥങ്ങൾ

ഗദ്യമായും പദ്യമായും അനേകം വൈദ്യഗ്രന്ഥങ്ങൾ ഈ കാലത്തു് ഉണ്ടായിട്ടുണ്ടു്. ഡാക്ടർ ഗുണ്ടർട്ട് ഇത്തരം ഗ്രന്ഥങ്ങളിൽ പലതും കണ്ടിട്ടുള്ളതായി അദ്ദേഹത്തിന്റെ വ്യാകരണത്തിൽനിന്നും നിഘണ്ടുവിൽനിന്നും നമുക്കു നിഷ്പ്രയാസം ഗ്രഹിക്കാം. ലീലാതിലകത്തിൽ തന്നെ ആലത്തൂർ മണിപ്രവാളത്തെപ്പറ്റി പറഞ്ഞുകാണുന്നു.

“നനു ആലത്തൂരാദീ മണിപ്രവാളേഷു ഭാഷാസംസ്കൃതയോർന്ന രസികജനരഞ്ജനസന്നാഹഃ. രസാഭാവാൽ. വ്യാധിചികിത്സാദി കഥനേ കോയം രസഃ” ഇത്യാദി ഭാഗം നോക്കുക.

യോഗാമൃതം എന്നൊരു പ്രാചീനഗ്രന്ഥം അച്ചടിപ്പിച്ചിട്ടുണ്ടു്. ഭാഷാരീതി നോക്കിയാൽ, പ്രസ്തുത ഗ്രന്ഥം അതിപുരാതനമാണെന്നു കാണാം.

“ചെല്ലൂരാവാസി ഭദ്രം പ്രദിശതു സശിവം ധാമമേ ഞാൻ ചുരുക്കി
ചൊല്ലീടുന്നേൻ ചികിത്സാസരണി ചിലർ ധരിപ്പാൻ ഭിഷഗ്ബാലകാനാം
കൊള്ളാമെന്നോർത്തു കൈക്കൊണ്ടരുളുക ഭിഷജോ വീക്ഷ്യ യോഗാമൃതം തൽ
കല്യാണമ്മൽ പ്രബന്ധം പുനരിഹതൊഴുതേനേഷ സത്ഭ്യോപി തേഭ്യഃ”
“പൂമാതൽ വീക്ഷ്യമാണം കലശജലനിധേർമ്മഥ്യമാനാല്പുറപ്പെ-
ട്ടാമോദോർല്ലോലകല്ലോലജ ജലകണമേറ്റേറ്റു വിഭ്രാജമാനം
ഹേമാലങ്കാരകാന്താരഗമിത തൊഴുതേന്ധാമധന്വന്തരന്തൽ
ക്ഷൌമാബദ്ധോത്തമാംഗം കരലസദരിശംഖാഗ്ര്യപീയൂഷകുംഭം”

“ആലത്തൂരാദിമണിപ്രവാള”ങ്ങളിൽ ഒന്നു് ഈ യോഗാമൃതമായിരിക്കണം. അതിന്റെ ഗ്രന്ഥകർത്താവു് പൊന്നാനിത്താലൂക്കിൽ ആലത്തൂർ നമ്പി എന്നു വിഖ്യാതനായ അഷ്ടവൈദ്യന്മാരിൽ ഒരാൾ ആണെന്നു് ‘ഹേമാലങ്കാരകാന്തരഗമിത തൊഴുതേൻ ധാമധാന്വന്തരം’ എന്ന സ്തുതിയിൽ നിന്നു ഗ്രഹിക്കാം. ഭാഷാചരിത്രകർത്താവു് ഒരു യോഗാമൃതത്തെപ്പറഞ്ഞു കാണുന്നുണ്ടു്. അതു ഏതു് ഗ്രന്ഥമാണെന്നു് അറിഞ്ഞുകൂട.

“യോഗാമൃതം എന്നൊരു വൈദ്യഗ്രന്ഥം ഉണ്ട്. ഇതിൽ ലോഹാദികളേയും രത്നങ്ങളേയും ഭസ്മിച്ച് എടുക്കുന്ന സമ്പ്രദായം പറയുന്നു. ഇതിൽ ചില ശ്ലോകങ്ങൾ സംസ്കൃതമായിട്ടും ചിലതു ഭാഷയായിട്ടും കാണുന്നു. ഗ്രന്ഥകർത്താവിനെ അറിയുന്നീല. തൃപ്പറയാറ്റുകാരൻ ഒരു നമ്പൂരിയാണെന്നു അറിയുന്നുണ്ടു്. ഇടയ്ക്കു ഗദ്യവുമുണ്ടു്.”–ഭാഷാചരിത്രം.

ആലത്തൂർ മണിപ്രവാളത്തിന്റെ സ്വഭാവം അറിവാനായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

“ഉണ്ടായാലൊട്ടുബോധംപരുകുക ചെറുതാംപഞ്ചമൂലീകഷായം
കൊള്ളൂ കമ്മേമ്പൊടീം ക്ഷീരബലപരുകുകനൽപാലക്കുറുന്തോട്ടിയൂഷം
രണ്ടുരക്വാഥയുക്തേ പയിസിതു നവിരച്ചോർക്കിഴിം മുക്കി മുക്കി
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി മരുന്മർദ്ദനം തേക്കതൈലം”
“പാവട്ട തന്നിലയരിഞ്ഞു നിശാ കിഴിഭ്യാം
കാച്ചീടിൽ നന്നു ഗുദകീലകമായരോഗേ
ഹൈംഗ്വഷ്ടകം പൊടി ച പാതി ശിവാത്രിവൃൽക്കം
ചൂടുള്ള മോരോടു പിബേദപി ശുദ്ധിഹേതോഃ”

ഈ കൃതിയിൽ ‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന വിധിയനുസരിച്ചുള്ള പ്രയോഗങ്ങളും ഒട്ടു വളരെ പ്രാചീനപദങ്ങളും കാണുന്നുണ്ടു്. അന്നത്തേ ഗദ്യരീതി കാണിപ്പാനായി ഒന്നുരണ്ടു വരികൾകൂടി ചേർക്കുന്നു.

“ഏതാനുമൊന്നേറ്റു എല്ലു പൊളികതാൻ, ഒടികതാൻ ചെയ്താൽ എണ്ണ തട്ടായ്ക … … … ഇളഞ്ഞിൽ തൊലിയും നവരയരിയും വരട്ടുതേങ്ങാപ്പാലിലരച്ചു മരുന്നോളം വെണ്ണയിൽ ചാലിച്ചു തേക്കഃ സ്വല്പം പൊറുത്താൽ അമുക്കരവും ചെഞ്ചലീയവും പൊടിച്ചു കൂട്ടിക്കൊൾക.”

സഹസ്രയോഗത്തിനും ഗുണപാഠത്തിനും ഇത്രത്തോളം പഴക്കം ഇല്ല.

മറ്റു ശാസ്ത്രങ്ങളിലും അന്നത്തെ കേരളീയർ വിശാലമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. തൽഫലമായി അനേകം ഭാഷാശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടുമുണ്ട്. അവയെപ്പറ്റി പ്രതിപാദിക്കേണ്ട ചുമതല സാഹിത്യചരിത്രകാരനു് ഇല്ലാത്തതിനാൽ, പ്രകരണാന്തരത്തിലേക്കു പ്രവേശിച്ചുകൊള്ളുന്നു.

ലീലാതിലകം

ഇതു് കേരളഭാഷാശാസ്ത്രവിഷയമായി സംസ്കൃതഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രചീനഗ്രന്ഥമാണു്. അതിനെ എട്ടു ശില്പങ്ങളായി വിഭജിച്ചു്, ഒന്നാമത്തതിൽ മണിപ്രവാളലക്ഷണം, മണിപ്രവാളവിഭാഗങ്ങൾ മുതലായവയേയും, രണ്ടാമത്തേയും മൂന്നാമത്തേയും ശില്പങ്ങളിൽ വ്യാകരണനിയമങ്ങളേയും, നാലാമത്തേതിൽ കാവ്യദോഷങ്ങളേയും, അഞ്ചാമത്തേതിൽ കാവ്യഗുണങ്ങളേയും, ആറാമത്തേതിൽ ശബ്ദാലങ്കാരങ്ങളേയും, ഏഴാമത്തേതിൽ അർത്ഥാലങ്കാരങ്ങളേയും, എട്ടാമത്തേതിൽ രസങ്ങളേയും വിവരിച്ചിരിക്കുന്നു.

ഈ ഗ്രന്ഥത്തേയും അതിന്റെ വൃത്തിയേയും ഒരു മനോഹരമായ ഭാഷാനുവാദത്തോടും പ്രൗഢമായ അവതാരികയോടും കൂടി ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകൾ പ്രസാധനം ചെയ്തിട്ടുണ്ടു്. കേരളഭാഷയുടെ ഉല്പത്തിവികാസങ്ങളെപ്പറ്റി പരിചിന്തനം ചെയ്യുന്നവർക്കു് ലീലാതിലകം പോലെ വിലയേറിയതായ മറ്റൊരു ഗ്രന്ഥവും ഇല്ല.

ഗ്രന്ഥകാരൻ

ഗ്രന്ഥകാരനെപ്പറ്റി യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു മികച്ച പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. സൂത്രകാരനും വൃത്തികാരനും ഒരാളാണെങ്കിൽ ചില അഭ്യൂഹങ്ങൾക്കു വഴിയുണ്ടു്. എന്നാൽ ആചാര്യൻ വൃത്തികാരനിൽനിന്നു ഭിന്നനായിരുന്നുവെന്നാണു് പ്രൊഫസ്സർ ഏ. ആർ രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്. “പാട്ടിന്റെ ലക്ഷണം കാണിക്കുന്ന സൂത്രത്തെ ‘അഥ പാട്ടപിഭാഷാസംസ്കൃതയോഗോ ഭവരീത്യാശംകായാം സൂത്രം’ എന്നാണു് മൂലത്തിൽ അവതരിപ്പിച്ചിട്ടുള്ളതു്. ഈ അവതാരികയുടെ സമ്പ്രദായം തന്നെ സൂത്രകാരൻ മറ്റൊരാചാര്യനാണെന്നു ധാരാളം കാണിക്കുന്നുണ്ടു്.” എന്നിങ്ങനെ ലീലാതിലകപ്രസാധകനും അദ്ദേഹത്തിന്റെ അഭിപ്രായത്തോടു ചാഞ്ഞുനില്ക്കുന്നു. ഇങ്ങനെ രണ്ടു വന്ദ്യഗുരുഭൂതന്മാർ ഒരേ അഭിപ്രായക്കാരായിരിക്കേ, അതിനെ അപ്പാടെ സ്വീകരിക്കാവുന്നതാണെങ്കിലും, അതിനു സാധകമായോ ബാധകമായോ വല്ല ലക്ഷ്യങ്ങളും ഈ ഗ്രന്ഥത്തിലുണ്ടോ എന്നു നോക്കാതെ വിടാൻ മനസ്സു് അനുവദിക്കുന്നില്ല.

“പാലോടുതുല്യരുചിമൌലിയിലുല്ലസിക്കും
ബാലേന്ദുമന്ദമൃദുലസ്മിതവെണ്ണിലാവു്
കോലിന്റെ പൂർണ്ണകരുണാകലദൃഷ്ടി വാചാ–
മൂലം തെളിഞ്ഞു മമ ചേതസി തോന്റവേണ്ടും”

എന്ന മംഗളാചരണപദ്യത്തോടുകൂടിയാണു് ആചാര്യൻ പ്രഥമസൂത്രത്തെ അവതരിപ്പിച്ചിരിക്കുന്നതു്. എന്നാൽ വൃത്തികാരനാകട്ടെ, മംഗളാചരണമോ ഗ്രന്ഥകൃൽപ്രശംസയോ ചെയ്യാതെ, നേരെ ‘ഭാഷാസംസ്കൃതയോഗാ മണിപ്രവാളം’ എന്ന സൂത്രത്തിന്റെ വൃത്തിയിലേക്കു കടക്കുന്നു. സൂത്രകാരനിൽ നിന്നു് വൃത്തികാരൻ ഭിന്നനായിരുന്നെങ്കിൽ, അങ്ങനെ വരുമായിരുന്നില്ല. പാണിനിമഹർഷിയെപ്പോലെ നമ്മുടെ ആചാര്യനും ഏതാനും സൂത്രങ്ങളെ നിർമ്മിച്ചിട്ടു് കൃതകൃത്യത പൂണ്ടു് സ്വസ്ഥമായിരുന്നുകളഞ്ഞുവെന്നു് വിചാരിക്കുന്ന കാര്യം കുറെ പ്രയാസവുമാകുന്നു. മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും നില രണ്ടും രണ്ടാണല്ലോ. ലീലാതിലകത്തിലെ ചില സൂത്രങ്ങളെ അതു നിർമ്മിച്ച ആചാര്യർ തന്നെ സ്പഷ്ടമാക്കാതിരുന്നെങ്കിൽ, അതുകൊണ്ടു് പില്ക്കാലത്തുള്ളവർക്കു് വല്ല ഉപയോഗവും ഉണ്ടാകുമായിരുന്നോ എന്ന സംഗതി സംശയാസ്പദമാണു്. പാട്ടിന്റെ ലക്ഷണത്തെ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടു് ഗ്രന്ഥകാരനും വൃത്തികാരനും രണ്ടുപേരായിരിക്കണമെന്നില്ല. കാവ്യപ്രകാശം എന്ന അലങ്കാരഗ്രന്ഥത്തിന്റെ സൂത്രകാരനും വൃത്തികാരനും മമ്മടാചാര്യർ ആയിരുന്നിട്ടും ‘ഗ്രന്ഥാരംഭ വിഘ്നവിഘാതായ സമുചിതേഷ്ടദേവതാം ഗ്രന്ഥകൃൽ പരാമർശതി’ എന്നിങ്ങനെ ആണല്ലോ മംഗളാചരമരൂപമായ പ്രഥമശ്ലോകത്തെ അവതരിപ്പിച്ചിരിക്കുന്നതു്.

ഗ്രന്ഥകാരനു വിട്ടുപോയിട്ടുള്ള ഏതെങ്കിലും ഭാഗത്തെ പൂരിപ്പിക്കയോ ഭിന്നാഭിപ്രായങ്ങൾ ഏതെങ്കിലും ആവിഷ്കരിക്കയോ വൃത്തികാരൻ ചെയ്തിട്ടില്ലതാനും. ഏതൽക്കാരണങ്ങളാൽ, സൂത്രവും വൃത്തിയും ഒരാൾ തന്നെ രചിച്ചതായിരിക്കാനാണു് സാംഗത്യം.

ഈ അഭ്യൂഹം അസംഗതമല്ലെങ്കിൽ ഗ്രന്ഥകാരന്റെ കാലദേശാദികളെപ്പറ്റി ചില അനുമാനങ്ങൾക്കു വഴിയുണ്ടു്. അദ്ദേഹത്തിനു കേരളത്തിലെ മിക്ക ദേശങ്ങളും പരിചിതമായിരുന്നെങ്കിലും ഗ്രന്ഥത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ അധികഭാഗവും തെക്കൻദിക്കുകളിലുണ്ടായവയാണെന്നു തോന്നുന്നു. ഉദാത്തം മുതലായ അലങ്കാരങ്ങളേയും, വീരം മുതലായ രസങ്ങളേയും ഉദാഹരിക്കുന്ന ഘട്ടങ്ങളിൽ അലങ്കാരഗ്രന്ഥകൃത്തുകൾ തങ്ങളുടെ രാജാക്കന്മാരെയും രാജകുലത്തെയും പ്രശംസിക്കുകയാണു പതിവു്. ലീലാതിലകകാരൻ, ഗ്രന്ഥത്തിന്റെ പലേ ഭാഗങ്ങളിലായി കോളംബരാജവംശത്തേയും കോളംബാധിപതിയായിരുന്ന വീരമാർത്താണ്ഡനേയും ആണു് സ്തുതിച്ചുകാണുന്നതു്.

“എണ്ണിക്കൊൾവാനരിയഗുണവാനെണ്മർചാമന്തരെന്നും
താരാശ്രേണീനടുവിൽ മറവില്ലാതതാരാമണാളഃ
മാറ്റാരെന്നും കുഴമിയ പതംഗാനലോഭൂൽ പുരേസ്മിൻ
കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ട പണ്ടു്”

എന്നിങ്ങനെ ഒരു പദ്യത്തിൽ, കൊല്ലം രാജവംശത്തെപ്പറ്റി കോതമാർത്താണ്ഡനോടു പറയുന്നു. ആ വീരമാർത്താണ്ടന്റെ ഔദാര്യാതിശയത്തെ,

“ഇഹ ജലനിധിയെ താൻ വിണ്ണിലാക്കീപ്സിതാർത്ഥം
സകലമപി കൊടുപ്പാനുള്ള ചാതുര്യശാലീ
ക്ഷിതിസുരനിവഹാനാം വീരമാർത്താണ്ഡ, നീയേ
പടുരഭിമതമെല്ലോ മറ്റു തോറ്റീടുവാനായ്”

എന്നും,

“ദാരും ഭവാനിരവലർക്കഭിവാഞ്ഛിതാനാം
മാർത്താണ്ഡവർമ്മ വെറുതേ ബഹുകല്പവൃക്ഷം
നിൻകീർത്തിപോന്നിഹ പരന്നിതു മന്നിലെങ്ങു–
മെന്തൊന്റു വേണ്ടിയിനിനാൾമതി വെണ്ണിലാവു്”

എന്നും,

“തസ്മിൻ കാലേ ഭുവി യദുശിശോർജന്മമാകിന്റ മാധ്വീം
പീത്വം മത്തോ ദ്വിജപരിഷദാമർത്ഥിനാം ചേതരേഷാം
കയ്നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
കോരിക്കൊൾകെന്റുടനരുളിനാൻകോതമാർത്താണ്ഡവീരഃ”

എന്നും വർണ്ണിച്ചിരിക്കുന്നു.

രൌദ്രവീരഭയാനകാദിരസങ്ങൾക്കു് ഉദാഹരണങ്ങളായി ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളും കൊല്ലം രാജാവായിരുന്ന രവിവർമ്മചക്രവർത്തിയേയും അദ്ദേഹത്തിന്റെ ശ്വശുരനായിരുന്ന വിക്രമപാണ്ഡ്യനേയും വർണ്ണിക്കുന്നവയാണു്. ഇക്കാരണങ്ങളാൽ കവി വിരമാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനോ സമകാലികനോ ആയിരിക്കാമെന്നു് ഊഹിക്കാം.

കൊല്ലം രാജാവും കേരളചക്രവർത്തിയും ആയിരുന്ന രവിവർമ്മകുലശേഖരപ്പെരുമാളുടെ കാലശേഷം അദ്ദേഹത്തിന്റെ അനുജനായിരുന്ന ആദിത്യവർമ്മയും അതിനുശേഷം ശ്രീവീരമാർത്താണ്ഡവർമ്മയും ആണു് രാജ്യം ഭരിച്ചതു്. രവിവർമ്മ കുലശേഖരപ്പെരുമാളുടെ കാലം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടു്. ആദിത്യവർമ്മ കൊ. വ. 508-മുതൽ 516-വരെ നാടു വാണതായി സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നു. ശ്രീപത്മനാഭക്ഷേത്രക്കണക്കുകളിൽ കൊ. വ. 511-മകരം 7-ാനു ശ്രീവീരമാർത്താണ്ഡവർമ്മ ദേശിങ്ങനാടു മൂത്ത പണ്ടാരത്തിൽ പൂപ്പള്ളിസ്ഥാനത്തിനു നീട്ടു കൊടുത്തതിനെ രേഖപ്പെടുത്തീട്ടുമുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ കാലശേഷം, തൃപ്പാപ്പൂർ മൂപ്പായിയിരുന്ന ആദിത്യവർമ്മ രാജ്യഭാരം കൈയേറ്റപ്പോൾ, വീരമാർത്താണ്ഡവർമ്മയ്ക്കു് ദേശിങ്ങനാടു മൂപ്പുസ്ഥാനം ലഭിച്ചു. കൊല്ലവർഷം 516-ൽ ആദിത്യവർമ്മ നാടുനീങ്ങിയപ്പോൾ, മാർത്താണ്ഡവർമ്മ രാജാവു് വേണാടു മൂത്ത തിരുവടിയായി രാജ്യഭാരം തുടങ്ങി. അദ്ദേഹം പരമധർമ്മിഷ്ഠനായിരുന്നു എന്നു് പല ശാസനങ്ങളിൽനിന്നും തെളിയുന്നു. 518 മിഥുനം 23-ലെ കുരണ്ടിലേഖനത്തിൽനിന്നു്, വിദേശിയർ പോലും അദ്ദേഹത്തിന്റെ ഔദാര്യത്തെ പുകൾത്തിവന്നുവെന്നു കാണാം.

നമ്മുടെ ഗ്രന്ഥകാരൻ രവിവർമ്മ ചക്രവർത്തിയുടെ കാലം മുതല്ക്കു് കൊല്ലം രാജാക്കന്മാരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു പണ്ഡിതാഗ്രണിയായിരിക്കണം. ഉണ്ണുനീലീസന്ദേശം എന്ന കാവ്യത്തിന്റെ കർത്താവും അദ്ദേഹമായിരുന്നു എന്നു വന്നുകൂടായ്കയില്ല.

ലീലാതിലകം തൽകർത്താവിന്റെ ബഹുമുഖമായ പാണ്ഡിത്യത്തിനു നിദർശകമായിരിക്കുന്നു. തമിഴിലും, സംസ്കൃതത്തിലും, കർണ്ണാടകം തെലുങ്കു തുടങ്ങിയ ഭാഷകളിലും അദ്ദേഹത്തിനു വിപുലമായ പരിജ്ഞാനമുണ്ടായിരുന്നു. ഒരു മികച്ച ദേശാഭിമാനി; ഭാഷാപ്രണയികളിൽ അഗ്രഗണ്യൻ; ഒന്നാംതരം താർക്കികൻ; സർവോപരി ഒരുത്തമ സാഹിത്യരസികൻ ഇങ്ങനേയാണു് പ്രസ്തുത ഗ്രന്ഥത്തിൽനിന്നും നാം അതിന്റെ കർത്താവിനെപ്പറ്റി അറിയുന്നതു്. [14]

ലീലാതിലകത്തിൽനിന്നു് അക്കാലത്തെ ഭാഷയെ സംബന്ധിച്ചു പലതും ഗ്രഹിക്കാനുണ്ടു്.

  1. ‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന സൂത്രത്തിൽനിന്നും അക്കാലത്തു് കാവ്യാദി സന്ദർഭങ്ങളിൽ സംസ്കൃതീകൃതമായ ഭാഷാപദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നെന്നു വ്യക്തമാകുന്നു. കൊങ്കയാ, നാഴിഭിഃ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.
  2. ‘ആദിതോഃ കേവലയോർവഃ തസ്യ ദ്വിത്വം വാ.’

ചുട്ടെഴുത്തുകളായ അ, ഇ, ഇവയിൽനിന്നു സ്വരം പരമായാൽ, വകാരമേ ആഗമമായി വരൂ; യകാരമല്ല. ആ വകാരത്തിനു ദ്വിത്വവും വരാം. ഉം. അവഴകു്; അവ്വഴകു്.

  1. ഓർന്നിത്യം.

ഉവർണ്ണത്തിൽനിന്നു സ്വരം പരമായാൽ നിയമേന വകാരമേ വരുള്ളു.

  1. ലോപോസ്യ ച.

സംവൃതോകാരത്തിനു സ്വരം പരമായാൽ ലോപം വരും. ഉം. പൊകിൻറുതു്+അല്ലോ=പോകിൻറുതല്ലോ.

  1. റുടോർദ്വിത്വം.

റു്, ടു്, എന്നീ അക്ഷരങ്ങളിലെ ഉകാരത്തിനു ശേഷം സ്വരം വരുന്നതായാൽ ആ റകാരടകാരങ്ങൾക്കു സന്ധിയിൽ ദ്വിത്വം വരും. ഉം. ആറു് + അകം = ആററകം. നാടു്+അകം=നാട്ടകം.

  1. ഹലിനവിശേഷഃ

ഭാഷയിൽ, ങ, ട, ണ, ര, ല, ഴ, ള, റ, ണ ഈ ഒമ്പതു വ്യഞ്ജനങ്ങൾ പദത്തിന്റെ ആരംഭത്തിൽ വരികയില്ല. അതുകൊണ്ടു് ക, ച, ണ, ത, ന, പ, മ, യ, വ ഈ ഒൻപതു വ്യഞ്ജനങ്ങൾ മാത്രമേ പദാദിയിൽ വരികയുള്ളു. അവ സ്വരങ്ങൾക്കു പിന്നിൽ വന്നാൽ വിശേഷിച്ചു് ഒരു മാറ്റവും വരികയില്ല.

ഉം. ആന കാൺക

  1. ഹ്രസ്വാദെതഃ കചതപാനാം ദ്വിത്വം.

എന്നാൽ, ഹ്രസ്വമായ എകാരത്തിനു പിന്നിൽ വരുന്ന കചതപങ്ങൾ ഇരട്ടിക്കും. ഉം. അതിനെ+കണ്ടു=അതിനെക്കണ്ടു.

  1. കേവലാഞ്ഞനമവാനാം ച.

സംസ്കൃതത്തിലെ കിംശബ്ദത്തിനോടു തുല്യാർത്ഥങ്ങളായ എ, ഏ ഇവയേയാണു് ഇവടെ കേവലം എന്നു പറഞ്ഞിരിക്കുന്നതു്. ഹ്രസ്വമായ കേവലത്തിനു ശേഷം വരുന്ന ഞനമവങ്ങളും ഇരട്ടിക്കും. എഞ്ഞാൻ, എമ്മരം ഇത്യാദി

  1. ഏഭ്യാം ച.

തച്ഛബ്ദാർത്ഥകങ്ങളായ അ, ള എന്നിവയ്ക്കു ശേഷം വരുന്ന കചതപങ്ങളും ഞനമവങ്ങളും ഇരട്ടിക്കും.

ഉം. ഇഞ്ഞാൻ, ഇക്കാടു്, അപ്പുലി.

  1. സമാസേ ചാഞാദീനാം.

സമാസത്തിൽ കേവലമല്ലാത്ത സ്വരങ്ങൾക്കു ശേഷമായാലും ഞനമവങ്ങളല്ലാത്ത സ്വരങ്ങൾ ഇരട്ടിക്കും.

ഉം. ആനക്കാടു്, വാഴപ്പാടം.

ഞനമവങ്ങളാണെങ്കിൽ ഇരട്ടിക്കയില്ല.

ഉം. മുറിഞ്ഞാൺ, ആനമണി, കിളിവാൽ.

  1. ക്വചിദദാദിദൂദ്ഭ്യഃ പഞ്ചമഃ

അ, ആ, ഇ, ഈ എന്നീ സ്വരങ്ങളാണെങ്കിൽ സമാസത്തിൽ ചിലപ്പോൾ കചതപയുടെ മുമ്പിൽ അതാതിന്റെ പഞ്ചമം ഇടയ്ക്കു വരും. ഉം. മാമ്പൂ, പുളിങ്കൊമ്പു്, പൂങ്കുല.

  1. ണസ്തസ്യടഃ

ണകാരത്തിൽനിന്നു പരമായ തകാരം ടകാരമാകും. ഉം. മൺ + തീതു് = മണ്ടീതു്.

  1. ളോ ണോ നേ, (15) ണോ നോ ണഃ

ഉകാരത്തിനു നകാരം പരമായാൽ ണകാരം ആദേശമായി വരും. ണകാരത്തിൽനിന്നു പരമായ നകാരത്തിന്നും ണകാരാദേശം വരും. മുൾ + നന്റ് എന്നതു് മുൺ + നന്റ് എന്നായിട്ടു് രണ്ടാമതു പറഞ്ഞിരിക്കുന്ന സൂത്രത്താൽ, മുൺ + ണന്റ് (മുണ്ണന്റ്) എന്നാകുന്നു.

  1. ദീർഖാണ്ണോ ണേ ലോപഃ

ദീർഘത്തിനു ശേഷമുള്ള ണകാരത്തിനു ണകാരം പരമായാൽ ലോപം വരും. ഉം. വാൾ + നാൾ = വാൺ + നാൾ = വാൺ + ണാൾ = വാണാൾ. അതുപോലെതന്നെ താണു, നീണാൾ ഇത്യാദി.

  1. അനേഭ്യശ്ച.

വകാരമല്ലാത്ത വ്യഞ്ജനങ്ങൾക്കുശേഷം സംവൃതം വരും.

ഉം. പാല് നന്റ്.

  1. ഹ്രസ്വാല്ലളനണാനാം ദ്വിത്വം.

ഹ്രസ്വസ്വരത്തിൽനിന്നു പരമായ ലളനണങ്ങൾക്കു സംവൃതം പരമായ് വരും. അപ്പോൾ ലളനങ്ങൾ ഇരട്ടിക്കയും ചെയ്യും.

ഉം. കൽ + നാലു് = കല്ലു നാലു്; പൊന്നു കണ്ടു.

  1. ഏഴു് ശബ്ദസ്യാദേഃ ഹ്രസ്വശ്ച.

ഏഴു് എന്ന ശബ്ദത്തിനു കാദികൾ പരമായാൽ ഏകാരം ഹ്രസ്വമാകും.

ഉം. ഏഴുകഴഞ്ചു്, എഴുനാഴി ഇത്യാദി.

  1. ലണയോഃ കചപേഷു റഃ

ല, ണ ഇവയ്ക്കു കചപങ്ങൾ പരങ്ങളായ്വരുമ്പോൾ റകാരാദേശം വരും.

ഉം. കൽ + കുളം = കർക്കുളം.

പൊൻ + ചില = പൊർച്ചില

  1. തേസ്യച.

ലണങ്ങൾക്കു തകാരം പരമായാൽ ആ തകാരവും ലണങ്ങളും റകാരമാകും.

ഉം. കാൽ + താളം = കാററാളം.

പൊൻ + താമര = പൊററാമര

  1. ലോ ണഃ പഞ്ചമേഷു.

ലകാരത്തിനു പഞ്ചമങ്ങൾ പരമാവുമ്പോൾ ണകാരാദേശം വരും.

ഉം. കൽ + ഞെറി = കന്നെറി, വിന്നീളം, നെന്മുള.

  1. ശേഷം പ്രയോഗാൽ ജ്ഞേയം.
പുതിയ ചൂതു് പുതച്ചൂതു്.
നെടിയ കമുകു് = നെട്ടക്കമുകു്. നെടുങ്കമുകു്.
മുൻറു് + ആറു് = മുവ്വാറു്.
പന്തിരണ്ടു് അടി = പന്തീരടി.
മുടന്ത + തേങ്ങ = മുടന്തേങ്ങ.
കന്നിൻ + കാൽ = കററുകാൽ.
ഇരുപതു് + അടി = ഇരുപതിററടി.

ഈ കാലങ്ങളിലെ വട്ടെഴുത്തുകോലെഴുത്തുകളുടെ ‘വടിവു’ കാണിക്കാനായി ഓരോ പുരാതനലേഖനങ്ങൾ കൂടി ഇവിടെ ചേർക്കുന്നു.

കുറിപ്പുകൾ
[1]

എന്റെ കൈവശം വന്നുചേർന്ന ഒരു ഗ്രന്ഥത്തിൽ വല്ലോർ എന്ന സ്ഥാനത്തുചൊൽവോർ എന്നും, പോതിൽമാതു എന്നിടത്തു് ഓതിൽമാതു് എന്നും കാണുന്നു. വല്ലോർ എന്നതിനെക്കാൾ ചൊൽവോർ എന്ന പാഠം സ്വീകാര്യമായിത്തോന്നുന്നു. ഓതിൽമാതിനു്, (ഓത = സമുദ്രം) ലക്ഷ്മീ എന്നർത്ഥം കിട്ടുകയും ചെയ്യും.

[2]

ഗ്രന്ഥകർത്താവു് ഒരു രാജാവായിരിക്കണമെന്നുള്ള ഊഹത്തിനു് ഈ സംഗതി അല്പം അനുകൂലമായിരിക്കുന്നു.

[3]

രാമചരിത ടീകയിൽ കുണംകിളർ നിചാചരി ത്രിജടയാണെന്നു പറഞ്ഞിരിക്കുന്നതു പ്രമാദമാണു്.

[4]

ഇവിടെയും രാമചരിതത്തിലെ ടിപ്പണി തെറ്റിപ്പോയിട്ടുണ്ടു്.

[5]

രാമചരിതത്തിന്റെ ആമുഖം വായിക്കുക.

[6]

മി: സി. പി. ഗോവിന്ദപ്പിള്ളയുടെ പഴയ പാട്ടുകൾ.

[7]

മി. എം. എം. ഗോവിന്ദക്കുറുപ്പു്, കോഴിക്കോടു്.

[8]

തുലാമാസം ഒന്നാംതീയതിക്കു തുടങ്ങി വൃശ്ചികമാസം ഒന്നാംതീയതിവരെയാണ് ഇതിന്റെ കാലം.

[9]

മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള.

[10]

ഭാഷാചരിത്രത്തിൽ നിന്നും.

[11]

കാകസന്ദേശം, ഉണ്ണുനീലീസന്ദേശം ഈ കൃതികളുടെ പേരുകൾ മാത്രമേ പറഞ്ഞിട്ടുള്ളു.

[12]

“കേരളന്മാർ ദ്രമിഡന്മാരിൽ പെട്ടവരാകയാൽ ദ്രവിഡശബ്ദത്തിന്റെ അപഭ്രംശമായി തമിഴ് എന്നു കേരളഭാഷയ്ക്കു പറഞ്ഞുവരാറുണ്ടു്. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രമിഡന്മാരാകയാൽ എല്ലാ ഭാഷകൾക്കും പൊതുവായിട്ടുള്ള പേരാണു് തമിഴെന്നു പറയാം.” മി: ഏ. കൃഷ്ണപ്പിഷാരടി.

[13]

ഈ ഗ്രന്ഥത്തിനു് മറ്റു രണ്ടു ഗ്രന്ഥങ്ങളേക്കാളും പഴക്കം കുറവാണെന്നു തോന്നുന്നു.

[14]

ഉണ്ണുനീലീസന്ദേശാദി മണിപ്രവാളകാവ്യങ്ങൾ ഇക്കാലത്തു് ആവിർഭവിച്ചതാണെങ്കിലും അത്തരം മറ്റു കാവ്യങ്ങളോടു ചേർത്തു് അവയെപ്പറ്റി അന്യത്ര പ്രതിപാദിച്ചിരിക്കുന്നു.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.