images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
കേരളീയചരിതം (1400–1600)
(സാഹിത്യം)

പതിന്നാലാംശതകം മുതൽക്കുള്ള കേരളീയ ചരിത്രത്തെപ്പറ്റി പലതും വിദേശീയസഞ്ചാരികളുടെ സഞ്ചാരകഥകളിൽ നിന്നു നമുക്കു ഗ്രഹിക്കാം. 1324-ൽ കൊല്ലത്തുവന്നടുത്ത ജോർഡാനസ് എന്ന പാതിരി അന്നത്തെ മരുമക്കത്തായ നിയമത്തെപ്പറ്റി വിവരിച്ചിട്ടുണ്ടു്. അദ്ദേഹം, പിന്നീട് കൊല്ലത്തെ ബിഷപ്പായിത്തീർന്നു. കൊല്ലത്തെ രാജാവു് ഒരു നായർ ലിംഗായതനായിരുന്നെന്നും, കൊല്ലം നഗരത്തിലെ വാണിജ്യസമ്പത്തു് അദ്ദേഹത്തിനെ വളരെ പ്രബലനാക്കിത്തീർത്തുവെന്നും, ഈ പാതിരി രേഖപ്പെടുത്തിയിരിക്കുന്നു. മിറാബിലിയാ ഡിസ്ക്രിപ്ഷ്യാ, എന്ന ഗ്രന്ഥത്തിൽ അദ്ദേഹം, കേരളീയ രാജാക്കന്മാരുടെ സമഭാവനയേയും ശാന്തതയേയും നാട്ടുകാരുടെ സ്വഭാവഗുണങ്ങളേയും വാഴ്ത്തീട്ടുണ്ടു്. അദ്ദേഹം പറയുന്നു:–

“ജനങ്ങൾ ആഹാരത്തിൽ ശുചിയുള്ളവരും, സത്യവാദികളും, നീതിനിഷ്ഠന്മാരും, പുരാതനകാലം മുതല്ക്കേ ഓരോരുത്തനും അവനവന്റെ സാമുദായികസ്ഥിതിക്കനുരൂപമായി സിദ്ധിച്ചിട്ടുള്ള അവകാശങ്ങളെ ശ്രദ്ധാപൂർവ്വം പരിപാലിക്കുന്നവരും ആകുന്നു.”

മലയാളത്തിലെ വൈദ്യന്മാരെയും ജ്യോതിശ്ശാസ്ത്രജ്ഞന്മാരെയും അദ്ദേഹം വളരെ പ്രശംസിച്ചിട്ടുണ്ടു്. പോർത്തുഗീസ് ഇൻഡ്യയുടെ ചരിത്രകാരനായ ഗാസ്പർ കൊറിയ, പോർത്തുഗീസുകാരുടെ വരവിനു മുന്നൂറോ നാനൂറോ വർഷങ്ങൾക്കു മുമ്പുതന്നെ പാശ്ചാത്യരുടെ വരവിനെപ്പറ്റിയും അവർക്കു് ഇൻഡ്യയിലുണ്ടാവാനിരിക്കുന്ന ആധിപത്യത്തെപ്പറ്റിയും ദീർഘദർശനം ചെയ്തു് ഓലയിൽ എഴുതിവച്ചിരുന്ന ഒരു കണിയാനെപ്പറ്റി രേഖപ്പെടുത്തിക്കാണുന്നു. മുഹമ്മദു് ടാഗ്ലകു് എന്ന ഡൽഹി ചക്രവർത്തിയുടെ കൊട്ടാരത്തിലെ ന്യായാധിപതിയായിരുന്ന ഇബിൻ ബറ്റുറ്റ, സാമൂതിരിയുടെ അതിഥിയായി കോഴിക്കോട്ടു് അല്പകാലം താമസിച്ചിരുന്നു. അദ്ദേഹം കൊല്ലത്തെപ്പറ്റിയും, അന്നത്തെ രാജാവിന്റെ നീതിനിഷ്ഠയെപ്പറ്റിയും ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്.

“ഞാൻ കൊല്ലത്തു താമസിക്കുന്ന കാലത്തു്, ധനികനും പ്രബലനുമായ ഒരു പാരസികവില്ലാളി തന്റെ കൂട്ടുകാരിൽ ഒരുവനെ കൊന്നിട്ടു്, ഒരു ‘അലവഡ്ജി’യുടെ ഗൃഹത്തിൽ അഭയം പ്രാപിച്ചു. മൃതശരീരത്തെ സംസ്കരിക്കുന്നതിനായി മഹമ്മദീയർ ആവശ്യപ്പെട്ടു. എന്നാൽ കുറ്റക്കാരനെ കണ്ടുപിടിച്ചു് യഥോചിതം ശിക്ഷ നൽകുന്നതുവരെ അതിനു രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അനുവദിച്ചില്ല. അവർ ആ മൃതശരീരത്തെ കെട്ടിയെടുപ്പിച്ചു്, അലവെജ്ജിയുടെ വാതുക്കൽ ഇട്ടിരുന്നു. അതു ചീഞ്ഞു് ദുർഗന്ധം ദുസ്സഹമായിത്തീർന്നപ്പോൾ, അയാൾ അപരാധിയെ രാജഭൃത്യന്മാരുടെ പക്കൽ ഏല്പിച്ചു. ഒരു നല്ല തുക കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിട്ടും അതു സ്വീകരിക്കാതെ, അവർ മുറയ്ക്കു വിചാരണ നടത്തി, അവനു മരണശിക്ഷ നൽകി. മൃതശരീരത്തെ പിന്നീടു ദഹിപ്പിച്ചു.”

മലബാറിന്റെ ഒരു വിവരണം അദ്ദേഹം ചേർത്തിട്ടുള്ളതു രസാവഹമായിരിക്കുന്നു.

“ഞങ്ങൾ പിന്നീടു് കുരുമുളകുരാജ്യമായ മലബാറിന്റ തീരത്തിൽ വന്നുചേർന്നു സിന്ദബർമുതൽ കൌലംവരെ രണ്ടുമാസത്തെ യാത്രയുണ്ടു്. സ്ഥലമാർഗ്ഗം മുഴുവനും സാന്ദ്രവൃക്ഷ സച്ഛയമായിരിക്കുന്നു. അര മൈൽ ഇടവിട്ടു് മരംകൊണ്ടുണ്ടാക്കിയ ഓരോ അതിഥിമന്ദിരം കാണും. ഓരോ അതിഥിമന്ദിരത്തിലും മുസ്ലിങ്ങളോ അവിശ്വാസികളോ ആയ അതിഥികൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന അനേകം മുറികൾ ഉണ്ടായിരിക്കും. ഇത്തരം വഴിയമ്പലങ്ങളിലെല്ലാം, യാത്രക്കാരുടെ ഉപയോഗത്തിനായി കിണർകൾ കെട്ടിച്ചിട്ടുണ്ടു്. അവിശ്വാസികൾക്കു ജലം പാത്രത്തിലും മുസ്ലിങ്ങൾക്കു കൈയിലും ഒഴിച്ചുകൊടുക്കും. മുസ്ലിങ്ങളെ അവർ പാത്രം തൊടീക്കയോ ഗൃഹത്തിനുള്ളിൽ കയറാൻ അനുവദിക്കയോ ചെയ്കയില്ല. ആ പാത്രങ്ങളിൽ ഒന്നിൽനിന്നും ഏതെങ്കിലും മുഹമ്മദീയൻ ആഹാരം കഴിച്ചുപോയാൽ, അതിനെ അവർ ഉടച്ചുകളയും. മിക്കതറകളിലും മുസ്ലിംവ്യാപാരികളുണ്ടു്. അവരോട് ജനങ്ങൾക്കു ബഹുമാനവുമാണു്. മുസ്ലിങ്ങൾ ഉള്ള ദിക്കുകളിൽ വിദേശീയരായ മുസ്ലിം വ്യാപാരികൾക്കു് അവരോടുകൂടി പാർക്കാൻ സൗകര്യമുണ്ടു്. മഹമ്മദീയരില്ലാത്തിടത്തു് അവിശ്വാസികൾ ആഹാരം പാകംചെയ്തു് വാഴയിലയിൽ വിളമ്പിക്കൊടുക്കും. ഉച്ഛിഷ്ടത്തെ നായ്ക്കൾക്കു് എറിഞ്ഞുകൊടുക്കുന്നു. ഈ രണ്ടുമാസത്തെ സ്ഥലമാർഗ്ഗത്തിൽ കൃഷി ചെയ്യാതെ ഒരു ചാൺ ഭൂമിയില്ല. ഇവിടെ എല്ലാവർക്കും ഓരോ പുരയിടമെങ്കിലും ഉണ്ടായിരിക്കും. അതിന്റെ നടുക്കായിരിക്കും ഗൃഹം നില്ക്കുന്നതു്. പുരയിടങ്ങളെ മരവേലികൊണ്ടു വേർതിരിച്ചിരിക്കും. മൃഗങ്ങളുടെ പുറത്തുകേറി ഇവിടങ്ങളിൽ ആരും സഞ്ചരിക്കാറില്ല. ഒരിടത്തും കുതിരകളെ കാണ്മാനില്ല. രാജാക്കന്മാർ മാത്രം കുതിരപ്പുറത്തു സവാരി ചെയ്യുന്നു. കച്ചവടക്കാർ സാമാനങ്ങളെ കൂലിക്കാരെക്കൊണ്ടു ചുമപ്പിച്ചു കൊണ്ടുപോകുന്നു.”

“കള്ളന്മാരെ ഈ ദിക്കുകളിൽ എങ്ങും കാണാൻ കിട്ടുകയില്ല. മരത്തിൽനിന്നു് ഒരു കായ് വീണാൽ, ഉടമസ്ഥൻ വരുന്നതുവരെ അതു് അവിടെത്തന്നെ കിടക്കും. മറ്റാരും തൊടുകപോലും ചെയ്കയില്ല.”

“മലബാറിൽ പന്ത്രണ്ടു നാടുവാഴികളുണ്ടു്. അവർക്കു് അയ്യായിരം മുതൽ പതിനയ്യായിരംവരെ ഭടന്മാർ ഉണ്ടായിരിക്കും.”

“സഹോദരിയുടെ പുത്രന്മാർക്കാണു് രാജ്യാവകാശം.”

പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ, ചോളപാണ്ഡ്യരാജാക്കന്മാരുടെ ശക്തി, മഹമ്മദീയരുടെ ആക്രമണംനിമിത്തം ക്ഷയിച്ചു. എന്നാൽ വിജയനഗരം എന്നൊരു പുതിയ ഹിന്ദുരാജ്യം സ്ഥാപിക്കപ്പെട്ടു. അതു് ക്രമേണ അഭിവൃദ്ധിയെ പ്രാപിച്ചുവന്നു.

കേരളത്തിൽ, മഹമ്മദീയരുടെ ആക്രമണം പറയത്തക്കവണ്ണം ഒന്നും ഉണ്ടായില്ലെങ്കിലും, കച്ചവടം മുഴുവനും അവരുടെ കൈയിൽ അകപ്പെട്ടു. കോഴിക്കോടു സാമൂതിരിക്കു് മഹമ്മദീയ വ്യാപാരികളോടുണ്ടായിരുന്ന പക്ഷപാതം നിമിത്തം, ഏതൽകാലപര്യന്തം കേരളവുമായി കച്ചവടം നടത്തിക്കൊണ്ടിരുന്ന ചീനക്കാർ പിണങ്ങിപ്പിരിഞ്ഞു.

1409-ൽ കൊച്ചിയെ സന്ദർശിച്ച മാഹ്വാൻ എന്ന വിദേശസഞ്ചാരി ഇപ്രകാരം എഴുതിയിരിക്കുന്നു:-

“രാജാവു് സൂര്യവംശജാതനും ബുദ്ധമതവിശ്വാസിയും ആണു്. അദ്ദേഹം ആനകളേയും പശുക്കളേയും പൂജിക്കുന്നു. എന്നും അതിരാവിലെ ബുദ്ധന്റെ വിഗ്രഹത്തെ ദർശിച്ചിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ.”

***

“ജനങ്ങൾ അഞ്ചു വർഗ്ഗക്കാരാണു്. നായന്മാർ രാജാക്കന്മാരുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്നു. ഒന്നാമത്തെ വർഗ്ഗക്കാർ താടി വളർത്തുകയില്ല. തോളിന്മേൽ ഒരു ചരടു ധരിച്ചിരിക്കും. അവർ ഉൽകൃഷ്ടകുലജാതന്മാരായി ഗണിക്കപ്പെടുന്നു. രണ്ടാമത്തെ വർഗക്കാർ മഹമ്മദീയരാണു്. മൂന്നാമത്തെ ഇനക്കാർ വലിയ മുതലാളികളായ ചെട്ടികളാകുന്നു. നാലാമത്തവർ തരകുജോലി നടത്തുന്ന ‘കൊളിങ്ങ’ന്മാരും അഞ്ചാമത്തെ കൂട്ടർ ഏറ്റവും ദരിദ്രരായ മുക്കുവരും ആണു്.”

1514-ൽ മലബാർ സന്ദർശിച്ച ഡൂവാർട്ട് ബാർബോസായിൽനിന്നും കൊല്ലം, പുറക്കാടു്, കായംകുളം, കൊച്ചി മുതലായ നഗരങ്ങളെപ്പറ്റി പല വിവരങ്ങൾ നമുക്കു ഗ്രഹിക്കാം. അന്നും തിരുവിതാംകൂർ രാജാവിനെ വേണാട്ടടികൾ എന്നു തന്നെയാണു് വിളിച്ചുവന്നതു്. കൊല്ലമായിരുന്നു രാജാവിന്റെ തലസ്ഥാനം. കൊല്ലത്തെ രാജാവിനെ ബോടെദെരി എന്നു വിളിച്ചുവന്നതായി ബാർബോസാ പറഞ്ഞിട്ടുണ്ടു്. ബാർബോസായുടെ അഭിപ്രായങ്ങളിൽ ചിലതു് ഭ്രാന്തിമൂലകങ്ങളാണെങ്കിലും, അദ്ദേഹത്തിനു് കേരളത്തെയും കേരളീയാചാരങ്ങളേയും പറ്റി വിപുലമായ ജ്ഞാനമുണ്ടായിരുന്നു എന്നു് നിസ്സംശയം പറയാം.

ഏതൽക്കാലിക കേരളചരിത്രത്തിൽ നാം പ്രധാനമായിക്കാണുന്നതു്, പുരോഹിതശക്തിയും രാജശക്തിയും തമ്മിലുള്ള ബലപരീക്ഷയാണു്. ഇങ്ങനെ ഒരു കാലഘട്ടം എല്ലാ പരിഷ്കൃതരാജ്യങ്ങളുടെ ചരിത്രങ്ങളിലും കാണുന്നുണ്ടു്. എല്ലായിടത്തും രാജശക്തിതന്നെ ജയിച്ചതായും നാം കാണുന്നു. കൊല്ലവർഷാരംഭം മുതല്ക്കേ രാജാക്കന്മാർ പൌരോഹിത്യമഹാവ്യാളത്തിന്റെ വദനഗഹ്വരത്തിലേക്കു് അറിയാതെ പാഞ്ഞുകൊണ്ടാണിരുന്നതു്. നാട്ടുകാരിൽ പലരും, രാജഭോഗം കൊടുക്കാനുള്ള മടികൊണ്ടു് വസ്തുക്കൾ, ഏതെങ്കിലും ബ്രാഹ്മണജന്മിയുടെ പേരിൽ പതിപ്പിച്ചിട്ടു്, അവരുടെ കൂടിയായ്മയാകുന്ന ദുർഭരശിലാപിണ്ഡത്തെ തങ്ങളുടെ കഴുത്തിൽ കെട്ടിത്തൂക്കിത്തുടങ്ങി. രാജാക്കന്മാരും വലിയ ഭൂദാനങ്ങൾ ചെയ്തു ബ്രാഹ്മണശക്തിയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ബുദ്ധിമാന്മാരായ ബ്രാഹ്മണരാകട്ടേ തങ്ങൾക്കു ലഭിച്ച ഈ സാമുദായികസ്ഥിതിയെ നല്ലപോലെ ഉറപ്പിക്കുന്നതിനു വേണ്ടി അതാതു സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു് തങ്ങളുടെ സ്വത്തിന്റെ ഒരു ഗണ്യമായ ഓഹരി ഈ ക്ഷേത്രങ്ങളിലേക്കു വിട്ടുകൊടുത്തിട്ടു്, അവയുടെ ഊരായ്മസ്ഥാനം കൈയ്യേറ്റു. അതിനും പുറമേ, ക്ഷേത്രകാര്യങ്ങളുടെ നിർവ്വഹണത്തിനുവേണ്ടി ഓരോ യോഗവും സ്ഥാപിച്ചു. ഈ സ്ഥാപനം ബ്രാഹ്മണരുടെ ഏകയോഗക്ഷേമത്തിനു് അത്യന്തം സഹായിച്ചുവെന്നു പറയേണ്ടതില്ലല്ലോ. ഇതിലൊന്നിലും അല്ല അവരുടെ ബുദ്ധിഗുണം സവിശേഷം സ്ഫുരിക്കുന്നതു്. അവർ, ദേവസ്വം സ്വത്തുക്കളുടെ സംരക്ഷണാർത്ഥം രാജാക്കന്മാരെ രക്ഷാധികളായി നിയമിച്ചു് അവരുടെ മേലും ഒരു അധികാരം ഉണ്ടെന്നു വരുത്തിവെച്ചു. ഈ ഏക സംഗതിയാണു് അവരുടെ വിജയ ഹേതുക്കളിൽ പ്രധാനമായുള്ളതു്. രാജശക്തി ഇങ്ങനെ പുരോഹിതശക്തിക്കു കീഴടങ്ങിയതുമുതല്ക്കു് സങ്കേതാധികാരികൾ രാജാക്കന്മാരെപ്പോലും ഓരോരോ കുറ്റത്തിനു ശിക്ഷിച്ചു വന്നതായി ക്ഷേത്രവരികളിൽ നിന്നു ഗ്രഹിക്കാം.

“500 മിഥുനം 30-നു കുന്നിന്മേൽ ശ്രീവീരകേരളവർമ്മൻ തിരുവടി ദേശികളെ വെട്ടിക്കൊന്നതിനു് എളുവെള്ളനാട്ടു നിലമയും പുറക്കോട്ടു നിലമയും മൂത്തറചുറ്റിൽ നൂറ്ററുപത്തേഴു വിരപ്പാടു നിലവും വിട്ടുതന്നു. കരുവക്കേടിനു കെട്ടിവെച്ച പണം 30000” ശ്രീപത്മനാഭ ക്ഷേത്രവരി. [1] കൊ. വ. 13-നു എളങ്കുന്നപ്പുഴ ദേവസ്വം ഊരാളന്മാരും ദേശത്തു പ്രമാണികളും കൂടി ദേവസ്വം സങ്കേതത്തിലെ നടപടികളേയും മര്യാദകളേയും സംബന്ധിച്ചു വച്ചകച്ചീട്ടിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

“സങ്കേതത്തിൽ ഉൾപ്പട്ട ദേശങ്ങളിൽ ആരെങ്കിലും വല്ല കുറ്റവും ചെയ്തു സങ്കേതം പിഴച്ചാൽ പറവൂരു്, പെരിമ്പടപ്പു് എന്നീ രാജാക്കന്മാർ ഒരുമിച്ചു ക്ഷേത്രത്തിന്റെ വാതൽമാടത്തിങ്കൽ ചെന്നു് കുറ്റം ചെയ്തവനെ യഥാവിധി ശിക്ഷിപ്പിച്ചതിന്റെ ശേഷം കുറ്റക്കാരൻ ഏതു രാജാവിന്റെ പ്രജയാകുന്നുവോ ആ രാജാവു നടയിൽ ഒരു ആനയെ ഇരുത്തണം.” ഇങ്ങനെ വേറെയും അനേകം രേഖകൾ കാണുന്നു.

ഈ ബ്രഹ്മക്ഷാത്രസമരത്തിന്റെ സ്വഭാവമറിയണമെങ്കിൽ കൊല്ലവർഷം മുതൽക്കുള്ള കേരളചരിത്രത്തെ അവധാനപൂർവം പരിശോധിക്കണം. കൊ. വ. ഒന്നാം ശതകത്തിൽ, നാം രാജ്യത്തിൽ ത്രിവിധിശക്തികളെ കാണുന്നു. രാജാവു്; നാട്ടുകൂട്ടം; ബ്രാഹ്മണയോഗം. ആദ്യമായി വേണാട്ടിലെ സ്ഥിതി നോക്കാം. കൊല്ലം ഒന്നാമാണ്ടു ചിങ്ങമാസം 5-ാം തീയതി കൂടിയ യോഗത്തിൽ ഈ മൂന്നു കൂട്ടരും പങ്കുകൊണ്ടിരുന്നു. രാജാവിന്റെ ശക്തി നാട്ടുകൂട്ടത്താൽ നിയന്ത്രിതമായിരുന്നു. വേണാട്ടിലെ എട്ടു തറകളുടെ കരനാഥന്മാരായിരുന്നു എട്ടുവീടർ. ആ നിലയിൽ ആണു് അവർക്കു് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണനിർവ്വാഹകസംഘത്തിൽ ഒരു സ്ഥാനം ലഭിച്ചതു്. മി: നാഗമയ്യ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുംപോലെ അവർ, തങ്ങളുടെ ജന്മികളെ ധ്വംസിച്ചു്, അവരുടെ സ്വത്തു് അപഹരിച്ച കൂട്ടരേ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ, പ്രസ്തുത സ്ഥാനം അവർക്കു ലഭിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല. പരശുരാമന്റെ ഭൂദാനസിദ്ധാന്തം രാജാവുപോലും അംഗീകരിച്ചു് ബ്രാഹ്മണശക്തിക്കു കീഴടങ്ങിത്തുടങ്ങിയകാലത്തു് ദേവസ്വംഭരണത്തിനു് ബ്രാഹ്മണഘാതകന്മാരെ ചുമതലപ്പെടുത്താൻ ആ മഹായോഗം തുനിഞ്ഞുകാണുമെന്നു വിചാരിക്കുന്നതെങ്ങനെ? എട്ടുവീട്ടിൽ പിള്ളമാരിൽ നന്മയുടെ കണികപോലും കാണ്മാൻ മനസ്സു വരാത്ത കപട രാജഭക്തന്മാർ വളരെയുണ്ടു്. പരമാർത്ഥത്തിൽ, അവർ രാജ്യദ്രോഹികളേ ആയിരുന്നില്ല. രാജ്യത്തേയും രാജാവിനേയും സ്നേഹപൂർവ്വം സേവിച്ച ആ വീരപുരുഷന്മാർ ഇന്നത്തെ ജനമണ്ഡലത്തിന്റെ ജുഗുപ്സയ്ക്കും, രാജസ്ഥാനത്തേ ധ്വംസിച്ചു് സ്വാർത്ഥലാഭം നേടാൻ ബദ്ധപരികരരായിരുന്ന കുടിലതന്ത്രജ്ഞന്മാർ സവിശേഷമായ പൂജയ്ക്കും പാത്രീഭവിച്ചതു് ഓർക്കുമ്പോൾ, അഹോ! കപടഭക്തി, സത്യത്തെ അസത്യത്തേക്കാളും അസത്യമായും, അസത്യത്തെ സത്യത്തേക്കാളും സത്യമായും പരിവർത്തനം ചെയ്യുന്നതിനു് നിനക്കുള്ള ശക്തി വിസ്മനീയംതന്നേ എന്നു് ആരും പറഞ്ഞുപോകും. തിരുവിതാംകൂറിന്റെ യഥാർത്ഥ ചരിത്രം ഇനിയും എഴുതേണ്ടതായിട്ടാണിരിക്കുന്നതു്. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളെ നിർവഹിക്കുന്നതിനു നിയുക്തരായ യോഗക്കാർ കാലക്രമേണ, ഭജനം മൂത്തു് ഊരായ്മ എന്ന മട്ടിൽ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പറഞ്ഞുതുടങ്ങി. എട്ടുവീടരെ പിണക്കി നിർത്തുന്നതിനു് ആ പോറ്റിമാർക്കു സാധിക്കായ്കയാൽ, ദേവസ്വം വസ്തുക്കളുടെ ഭരണം അവരിൽ നിന്നു വിടുത്താതെ വച്ചുകൊണ്ടിരുന്നു. സ്തുതിപ്രിയന്മാരായ പിള്ളമാർ, യോഗക്കാരുടെ വശീകരണശക്തിക്കു വശപ്പെട്ടു്, വെറും എജമാനസ്ഥാനം കൊണ്ടു തൃപ്തി അടഞ്ഞുതുടങ്ങി. ക്ഷേത്രാധികാരത്തെപ്പറ്റി രാജാവും യോഗക്കാരും തമ്മിൽ ഇടഞ്ഞുതുടങ്ങിയപ്പോൾ, അവരുടെ ഇടയ്ക്കു നിന്നു് ഇരുകൂട്ടരേയും തടഞ്ഞു നിർത്താൻ ശ്രമിച്ച സാക്ഷാൽ ജനപ്രതിനിധികളായ എട്ടുവീടർ, ഇരുകൂട്ടരുടേയും ശത്രുക്കളായിത്തീർന്നു. എന്നാൽ തന്ത്രജ്ഞന്മാരായ യോഗക്കാർ, അവരുടെ വിരോധത്തെ മറച്ചുകൊണ്ടും അതേ സമയത്തുതന്നെ രാജവംശത്തിനു് അവരോടുള്ള വിദ്വേഷത്തെ വർദ്ധിപ്പിക്കുന്നതിനു് വേണ്ടതെല്ലാം ചെയ്തുകൊണ്ടും ഇരുന്നു. രാജമന്ദിരത്തെ അവർ ചുട്ടുപൊട്ടിച്ചപ്പോഴും, രാജാവിനെ വിഷം കൊടുത്തു കൊന്നപ്പോഴും, സംശയം ജനിച്ചതു് എട്ടുവീടരിൽ ആയിരുന്നു. കളിപ്പാൻകുളത്തിലെ വധം കൂടി ആയപ്പോൾ, ആ വിരോധം മൂർദ്ധന്യദശയെ പ്രാപിച്ചു. ഈ സംഗതികളെപ്പറ്റി തിരുവനന്തപുരം സെനാനാമിഷനിലെ ഒരു അംഗവും, ദീർഘകാലം ഇവിടെ താമസിച്ചു് ശിഷ്യസമൂഹത്തിന്റെ സ്നേഹബഹുമാനങ്ങൾക്കു സവിശേഷം പാത്രീഭവിച്ച ഒരു സ്ത്രീരത്നവും ആയ മിസ്സ് ബ്ലാൻഫോഡ് എഴുതീട്ടുള്ള ഒരു വിവരണം ഇവിടെ ഉദ്ധാരണയോഗ്യമാകുന്നു.

“അക്കാലത്തെ രാജാക്കന്മാരുടെ പ്രധാന വാസസ്ഥലം തിരുവനന്തപുരത്തുനിന്നും മുപ്പുതുമൈൽ അകലെ ആയിരുന്നു. എന്നാൽ 1335-ൽ തിരുവനന്തപുരത്തെ വലിയക്ഷേത്രത്തിന്റെ സമീപത്തു് ഒരു രാജമന്ദിരം പണി കഴിപ്പിച്ചു. ഈ രാജമന്ദിരവും ക്ഷേത്രവും ബലമുള്ളതും ഉയർന്നതും ആയ ഒരു കോട്ടയാൽ ചുറ്റപ്പെട്ടിരുന്നു. രാജാവു് താമസം ഈ പുതിയ കൊട്ടാരത്തിലേയ്ക്കു മാറ്റിയതു മുതല്ക്കു ബ്രാഹ്മണരുടെ നടവടികളെ പരിശോധിച്ചുതുടങ്ങുകയും ക്ഷേത്രത്തിലെ വരവു ചെലവു കണക്കുകളെ തന്നെ ബോദ്ധ്യപ്പെടുത്തണമെന്നു നിർബന്ധിക്കയും ചെയ്തു. ഇതു് അവർക്കു തീരെ രസിച്ചില്ല; എങ്കിലും ആ രാജാവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളിൽ ചിലരുടേയും ഭരണകാലത്തു്, അവർ അടങ്ങിയിരുന്നു. ഒടുവിൽ, അതായതു് 1661-ൽ ഒതുങ്ങിയ ജീവിതത്തിൽ പ്രിയമുള്ള ഒരു ബലഹീനനായ രാജാവു് രാജ്യഭാരം ഏറ്റു. ഈ തക്കം നോക്കി ബ്രാഹ്മണർ വീണ്ടും യഥേച്ഛം പ്രവർത്തിച്ചു തുടങ്ങുകയും, ആ സാധുവായ രാജാവിനെ പല വിധത്തിൽ ഉപദ്രവിക്കയും ചെയ്തു. ഒരു രാത്രി, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തീ പിടിച്ചു. ബ്രാഹ്മണരുടെ പാർശ്വവർത്തികളല്ലാതെ വേറെ ആരും അവിടെ താമസമില്ലാതിരുന്നതിനാലും, അവരാരും തീ കെടുക്കുന്നതിനു ശ്രമിക്കാതിരുന്നതിനാലും, ആ രാജമന്ദിരം മുഴുവൻ ചാമ്പലായി. രാജാവും രാജകുടുംബവും അല്പം അകന്ന ഒരു മന്ദിരത്തിലേയ്ക്കു താമസം മാറ്റി. ക്ഷേത്രാധികാരികൾ–തീവെച്ച കൂട്ടർ തന്നെ ആയിരിക്കാം–അവിടെച്ചെന്നു് അനുശോചിച്ചതായി നടിച്ചു. ശങ്കാശീലം തീരെ ഇല്ലാതിരുന്ന രാജാവു് അവരെ കാരുണ്യപുരസ്സരം സ്വീകരിച്ചു. അന്നുമുതല്ക്കു് അവർ, മുറയ്ക്കു സന്ദർശനം നടത്തിക്കൊണ്ടിരുന്നു. അവർ കൊണ്ടുചെന്നു കാഴ്ച വെച്ചതായ മധുരദ്രവ്യങ്ങളെ രാജാവു് സ്വീകരിക്ക പതിവായി. പത്മനാഭസ്വാമിക്കു നിവേദിച്ച അന്നത്തെ ഉപേക്ഷിക്കാൻ ഭക്തനായ രാജാവിനു മനസ്സുവന്നില്ല. എന്നാൽ ഈ അനുവിധായകത്വം അദ്ദേഹത്തിന്റെ ജീവഹാനിക്കു് ഇടവരുത്തി. ഒരുദിവസം ശത്രുക്കൾ നിവേദ്യത്തിൽ വിഷം കലർത്തിക്കൊടുത്തു. പതിനാറു കൊല്ലത്തെ ഭരണശേഷം അദ്ദേഹം ഇങ്ങനെ മൃത്യുമുഖം പ്രാപിച്ചു. യോഗക്കാരുടെ ദ്രോഹബുദ്ധി ഇതുകൊണ്ടും അവസാനിച്ചില്ല; അവർ പരേതനായ രാജാവിന്റെ ഭാഗിനേയന്മാരായ ആറു കുമാരന്മാരുടെ ജീവഹാനി വരുത്തുന്നതിനു തീർച്ചപ്പെടുത്തി. ചന്ദ്രികാശീതളമായ ഒരു രാത്രി, ഏതാനും ബ്രാഹ്മണകുട്ടികൾ, കൊട്ടാരത്തിന്റെ തിരുമുറ്റത്തു്, അഞ്ചു കൊച്ചുതമ്പുരാക്കന്മാരുമായി കളിച്ചുകൊണ്ടിരുന്നു. അപ്പോൾ അവരിൽ ഒരു കുമാരൻ, ശത്രുക്കളാൽ പ്രേരിതനായിട്ടു്, അല്പദൂരത്തുള്ള ഒരു കുളത്തിൽ പോയി കുളിക്കാമെന്നു് അഭിപ്രായപ്പെട്ടു. മറ്റുള്ളവരും ആ അഭിപ്രായത്തോടു യോജിക്കയാൽ, സ്വമാതാവിനോട് ആലോചിക്കാതെ അവർ അവിടെച്ചെന്നു കുളിച്ചുകൊണ്ടിരിക്കേ ചിലർ വെള്ളത്തിൽ ചാടി അവരെ ഒക്കെ മുക്കിക്കൊന്നു.”

മി. നാഗമയ്യ ഈ വിവരണത്തെ ഉദ്ധരിച്ചിട്ടു്, ഇതെല്ലാം കള്ളമാണെന്നും, ബ്രാഹ്മണർ അതൊന്നും അറിഞ്ഞിരുന്നതേ ഇല്ലെന്നും അഭിപ്രായപ്പെട്ടു കാണുന്നു. യോഗക്കാരും അവരുടെ ഭൃത്യന്മാരും അപരാധികളായിരുന്നുവെന്നു വന്നാൽ, ബ്രാഹ്മണകുലത്തിനാകപ്പാടെ കളങ്കം വന്നുപോയേക്കുമെന്നു ശങ്കിച്ചിട്ടായിരിക്കുമോ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്? യോഗക്കാർ ബ്രാഹ്മണരുടെ പ്രതിനിധികളേ അല്ലായിരുന്നു. പൊതുവെ മലയാളബ്രാഹ്മണർ ഈമാതിരി ദുഷ്കൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായിരുന്നില്ല. അതൊക്കെ സമ്മതിക്കാം. എന്നാൽ യോഗക്കാർ നിരപരാധികളായിരുന്നു എന്നു പറയുന്നതു് യുക്തിക്കും പ്രമാണങ്ങൾക്കും വിപരീതമാണു്. ഒന്നാമതായി രാജകുടുംബം കോട്ടയ്ക്കകത്തു താമസമുറപ്പിക്കുന്നതുകൊണ്ടു് വല്ല ദോഷവും വരാനുണ്ടെങ്കിൽ, ക്ഷേത്രസിൽബന്തികൾക്കായിരുന്നു. പിള്ളമാർ മി. നാഗമയ്യായുടെ മതപ്രകാരം അവരുടെ ഭൃത്യന്മാർ മാത്രമേ ആയിരുന്നുള്ളു. അവരുടെ ഉദ്ദേശ്യം രാജകുലത്തെ ഉന്മൂലനം ചെയ്തു്, ഒരു ജനപ്രതിനിധിഭരണം സ്ഥാപിക്കണമെന്നായിരുന്നു എന്നു് അവരുമായി എഴുത്തുകുത്തു നടത്തിയ ഒരുവനെപ്പോലെ മി. നാഗമയ്യ ശപഥം ചെയ്യുന്നു. ഭാരതഖണ്ഡത്തിലൊരേടത്തും ‘Republic’ എന്നു പറയപ്പെടുന്ന പ്രജാസാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടുപോലും ഇല്ല. ബ്രാഹ്മണപക്ഷപാതമാകുന്ന തിമിരം ബാധിച്ചപ്പോൾ ചരിത്രദൃഷ്ടിക്കു മ്ലാനത സംഭവിച്ചുപോയി. കേരളത്തിൽകൂടി ദ്രുതഗതിയിൽ ഒന്നു സഞ്ചരിച്ചിട്ടുപോയ വിദേശീയ സഞ്ചാരികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിപ്പാൻ ഒരുക്കമുള്ള മി. നാഗമയ്യ, തിരുവനന്തപുരത്തു ദീർഘകാലം താമസിച്ചു് എല്ലാവരുടേയും പ്രീതിബഹുമാനങ്ങൾക്കു പാത്രീഭവിച്ച ഒരു സ്ത്രീരത്നമെന്നു് അദ്ദേഹം തന്നെ സമ്മതിക്കുന്ന മിസ് ബ്ളാൻഡ്ഫോർഡ് പലേ പ്രമാണങ്ങൾ നോക്കിയതിനു ശേഷം എഴുതിയ വിവരണത്തിൽ പരമാർത്ഥമൊന്നുമില്ലെന്നു് അഭിപ്രായപ്പെട്ടിരിക്കുന്നതിന്റെ രഹസ്യം ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണു്. മിസ്സ്. ബ്ലാൻഡ്ഫോർഡിനു് ഈ കള്ളം എഴുതിവച്ചിട്ടു് എന്തു പ്രയോജനമാണുണ്ടായിരുന്നതു്? കണിതുള്ളലിൽ ‘പിള്ളതിന്നിക്കാളി’ എന്നൊരു വേഷമുണ്ടു്. അതിനെ ഒരു കുറി കണ്ടുപോയാൽ പിന്നെ കുട്ടികൾക്കു കുറേനാളത്തേയ്ക്കു രാത്രിയിൽ ഉറക്കം വരില്ല; എന്നാൽ റിക്കാർട്ടുതിന്നിപ്പിശാചുകളുടെ കഥ കേട്ടാൽ മതി, സത്യാന്വേഷണവിധുരന്മാരായ സജ്ജനങ്ങൾക്കു ജീവനൊടുങ്ങുംവരെയ്ക്കും ഉറക്കമുണ്ടാകുന്നതല്ല. ഇത്തരം റിക്കാർട്ടുതിന്നിപ്പിശാചുകൾ, ഈടുവയ്പുകളിലും മറ്റും കേറി ഇറങ്ങി എത്ര എത്ര പ്രമാണങ്ങളെ ആണു് നശിപ്പിച്ചിട്ടുള്ളതു്! ഇനി എത്ര എണ്ണം നശിപ്പിക്കാൻ പോകുന്നു!

ഭാഗ്യദോഷത്താൽ നാണുപിള്ള ദിവാൻജി പല റിക്കാർട്ടുകളെ അവധാനപൂർവ്വം പരിശോധിച്ചിട്ടു് എഴുതിവച്ചിരുന്ന തിരുവിതാംകൂർചരിത്രത്തിനു് ഇതേവരെ സൂര്യപ്രകാശം ലഭിക്കാതെ പോയി. ആ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ വായിച്ചുനോക്കിയാൽ എട്ടുവീടർക്കു പറ്റിയ ദുരന്തത്തിന്റെ കാഠിന്യം സ്പഷ്ടമാകും. രാജാവിനെ വിഷം കൊടുത്തുകൊന്നതോ, ഉമയമ്മറാണിയുടെ അരുമക്കുഞ്ഞുങ്ങളെ മുക്കിക്കൊന്നതോ അവരായിരുന്നില്ല. സാക്ഷാൽ അപരാധികൾ നക്രബാഷ്പം പൊഴിച്ചു് ആ സാധ്വീരത്നത്തിനെ കബളിപ്പിച്ചതാണു്. ഇപ്പോൾ, മി. ശങ്കുണ്ണിമേനോന്റേയും മറ്റും ചരിത്രങ്ങളിൽ പറഞ്ഞിരിക്കുംപോലെയാണെങ്കിൽ, ആ സംഭവം തന്നെ വിശ്വാസാർഹമായിരിക്കുന്നില്ല. ശത്രുക്കൾ നിബിഡമായിരിക്കുന്ന സമയത്തു് റാണി ഒൻപതു വയസ്സു പ്രായമുള്ള മൂത്ത കുമാരനെ ഒഴിച്ചു് ബാക്കി അഞ്ചുപേരേയും രാത്രികാലത്തു് തിരുമുറ്റത്തു് കളിക്കാൻ വിട്ടു എന്നു പറഞ്ഞിരിക്കുന്നതോ പോട്ടെ. മൂത്ത കുമാരനു് ഒൻപതു വയസ്സായിരുന്നെങ്കിൽ, ഏറ്റവും ഇളയകുട്ടിക്കു് കൂടിയാൽ മൂന്നര വയസ്സേ കാണുമായിരുന്നുള്ളു. ആ ശിശു, മറ്റുള്ളവരോടൊപ്പം അര മൈൽ അകലെ നടന്നു പോയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക. അതും കുളിക്കുന്നതിനു്. എന്തൊരു കഥ!!!

എട്ടുവീടർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം വരെ രാജപക്ഷത്തുനിന്നു പോരാടിയതായി അഞ്ചുതമ്പുരാൻ പാട്ടു്, ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു മുതലായവയിൽനിന്നു തെളിയുന്നുമുണ്ടു്. അഞ്ചു താവഴിത്തമ്പുരാക്കന്മാർ തമ്മിൽ പിണങ്ങി, കൊല്ലും കൊലയും തുടങ്ങിയതു കണ്ടു്, അവരെ ഏതെങ്കിലും വിധത്തിൽ യോജിപ്പിക്കണമെന്നുള്ള അപേക്ഷയോടുകൂടി വേണാട്ടു മൂത്ത തിരുവടി, ഒരു തിരുവെഴുത്തു് കഴക്കൂട്ടത്തുപിള്ളയ്ക്കയക്കുന്നു. രാജദൂതൻ വന്നിരിക്കുന്നതായി കേട്ട ഉടനേ, പിള്ള,

“ഓട്ടൻ താനെന്നു കേട്ടപോതിലെ
ഞെട്ടി എഴുന്തല്ലോ പെട്ടെന്നിരുകയ്യാൽ
മുന്തിവലിത്തല്ലോ നീട്ടൈത്തനവാങ്കി”

ഉറ്റു പാർത്തിട്ടു് രാജാജ്ഞ അനുസരിച്ചു പ്രവർത്തിച്ചതായി തമ്പുരാൻപാട്ടിൽ പ്രസ്താവിച്ചിരിക്കുന്നു.

ഇരവിക്കുട്ടിപ്പിള്ളപ്പോരു് കൊ. വ. ഒൻപതാം ശതകത്തിൽ ഉണ്ടായതാണു്. അക്കാലത്തും കഴക്കൂട്ടത്തുപിള്ള മുതൽ പേർ മികച്ച ദേശഭക്തിയോടുകൂടി, വടുകപ്പടയുടെ നായകനായ രാമപ്പയ്യനെ എതിർത്തതായി കാണുന്നു. ഇക്കാലങ്ങളിൽ മധുരനായിക്കന്മാരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നതിനാൽ, നികുതിഭാരം വർദ്ധിപ്പിക്കേണ്ടതായി വന്നുകൂടി. ഈ അവസരത്തിൽ നികുതി പിരിക്കാൻ ചുമതലപ്പെട്ടവരായ പിള്ളമാരിലായിരുന്നു, ജനവിദ്വേഷം കേന്ദ്രീഭവിച്ചതു്. നാട്ടുകാർ പല സ്ഥലങ്ങളിൽ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കി, രാജാവിനു് അയച്ചുകൊടുത്തു. ഇവിടെയും രാജാക്കന്മാർക്കുവേണ്ടി പ്രയത്നിച്ചതിനു് അവർക്കുലഭിച്ച പ്രതിഫലം പൊതുജനവൈരം മാത്രമായിരുന്നു.

ഈസ്റ്റിൻഡ്യാക്കമ്പനിക്കു് ആറ്റുങ്ങൽ റാണി അഞ്ചുതെങ്ങു വിട്ടുകൊടുത്തപ്പോൾ, പിള്ളമാർ എതിർത്തതും പരമാർത്ഥമാണു്. അതു രാജദ്രോഹമാണെന്നു് ഇനിയുള്ള ചരിത്രകാരന്മാരും പറയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവർക്കു് ഒരു ശത്രുകൂടി ഉണ്ടായി. ഇവരെല്ലാവരും പിള്ളമാരുടെ ശക്തിയെ നശിപ്പിക്കുന്നതിനു് അവസരം പാർത്തുകൊണ്ടുതന്നേ ഇരുന്നു. ഈ വിധത്തിൽ അവർ സർവജനങ്ങളുടേയും വിരോധം സമ്പാദിച്ചതു നിമിത്തം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പ്രതാപാനലനിൽ എളുപ്പത്തിൽ ശലഭപ്രായമായിച്ചമഞ്ഞു പോയി.

കളിപ്പാൻകുളത്തിലെ വധം തുടങ്ങിയ ഒട്ടു വളരെക്കഥകൾ എട്ടുവീട്ടിൽപിള്ളമാരെ ജനമണ്ഡലത്തിന്റെ ദൃഷ്ടിയിൽ അപരാധികളാക്കിത്തീർക്കാൻവേണ്ടി പില്ക്കാലത്തു കെട്ടിച്ചമച്ചവയാണെന്നു് അഭിപ്രായമുള്ളവരും ഇപ്പോൾ ഉണ്ടു്. ഏതായിരുന്നാലും, ഇക്കാലത്തെ ചരിത്രത്തെ കാടുവെട്ടിത്തെളിച്ചു് എടുക്കേണ്ടതായിട്ടാണിരിക്കുന്നതു്. ഇവിടെ ഒരു സംഗതി ഓർത്തിരിക്കേണ്ടതായിട്ടുണ്ടു്. എട്ടുവീടർ രാജദ്രോഹികളായിരുന്നു എന്നു സ്ഥാപിച്ചാൽ അതുകൊണ്ടു്, അവരുടെ പൂർവ്വികന്മാർക്കോ, അവരുടെ വംശജന്മാരായി ഇന്നു വല്ലവരും ഉണ്ടെങ്കിൽ അവർക്കോ യാതൊരു ആക്ഷേപവും വരാനില്ല. രാജദ്രോഹികളുടെ സന്താനങ്ങളിൽ എത്രയോ പേർ രാജഭക്തന്മാരിൽ അഗ്രഗണ്യന്മാരായിത്തീർന്നതായി നാം ചരിത്രത്തിൽ കാണുന്നു. അതുപോലെ തന്നെ രാജാവിനു വേണ്ടി സ്വാത്മാവിനെ ബലി കഴിച്ചിട്ടുള്ള വീരപുരുഷന്മാർക്കു രാജദ്രോഹികളായ സന്താനങ്ങൾ ഉണ്ടായതിനും ലോകചരിത്രത്തിൽ ലക്ഷ്യങ്ങളുണ്ടു്. ചരിത്രകാരനു് സത്യം വെളിപ്പെടുത്തണമെന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരിക്കാൻ പാടില്ലാത്തതാണു്. ചാറത്സ് ഒന്നാമനു് നിർദ്ദയം വധശിക്ഷ നൽകിയ ന്യായാധിപതിമാരുടെ സന്താനങ്ങളെ ഇന്നു് ആരെങ്കിലും രാജദ്രോഹികളായി ഗണിച്ചു വെറുക്കുന്നുണ്ടോ? വ്യക്തികളുടെ അപരാധം അവരുടെ കുടുംബത്തേയും സമുദായത്തേയുും ബാധിക്കുന്നതല്ല. അതാതു കാലങ്ങളിലെ പ്രേരകശക്തികൾക്കു വശപ്പെട്ടു് ഓരോരുത്തർ ഓരോ കഠിനക്കൈകൾ പ്രവർത്തിച്ചുവെന്നു വരാം. അതിനു് അവരല്ലാതെ മറ്റുള്ളവർ ഉത്തരവാദികളാകുന്നതല്ല. അതുപോലെ തന്നെ എട്ടര യോഗക്കാർ രാജാവിനു വിപരീതമായി പ്രവർത്തിച്ചവരാണെന്നു പറഞ്ഞതുകൊണ്ടു്, അവരുടെ പിൻഗാമികൾക്കോ, ബ്രാഹ്മണസമുദായത്തിനോ ഒരു കളങ്കമുള്ളതായി ആരെങ്കിലും വിചാരിക്കുമോ? ഇനി വേറൊരു ശങ്കയുള്ളതുകൂടി ഇവിടെ പ്രസ്താവയോഗ്യമാകുന്നു. എട്ടുവീടർ നിരപരാധികളായിരുന്നുവെങ്കിൽ, അവരെ മാർത്താണ്ഡവർമ്മമഹാരാജാവു് ഒതുക്കിയതു് അന്യായമായിപ്പോയില്ലേ എന്നു ചിലർ ചോദിച്ചേയ്ക്കാം. ശരി. അദ്ദേഹം ചെയ്തതു് മഹാകഠിനമായ പ്രവൃത്തിയാണെന്നു പറയേണ്ടി വന്നാൽ തന്നെയും അതുകൊണ്ടു് ഒരുവൻ രാജഭക്തിയില്ലാത്തവനെന്നു വരുകയില്ല. മനസ്സിൽ ഒന്നു വെച്ചുകൊണ്ടു് മറിച്ചുപറയാൻ പ്രേരിപ്പിക്കുന്ന കപടഭക്തിയാണു് ആക്ഷേപാർഹമായിരിക്കുന്നതു്. ഇംഗ്ലണ്ടുചരിത്രത്തിൽ ഹെൻറി എട്ടാമൻ എന്തെല്ലാം നിഷ്ഠൂരകൃത്യങ്ങൾ ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അവരൊക്കെ രാജഭക്തി ഇല്ലാത്തവരാകണ്ടേ? മാർത്താണ്ഡവർമ്മ മഹാരാജാവിനെ ഈ വിഷയത്തിൽ ആക്ഷേപിക്കാൻ ഒന്നുമില്ലതാനും. പ്രജകളുടെ ക്ഷേമം രാജാവിന്റെ ശക്തിയിലാണു് പ്രതിഷ്ഠിതമായിരിക്കുന്നതു്. അവർക്കു് ധർമ്മിഷ്ഠനെങ്കിലും ദുർബലനായ രാജാവിനേക്കാൾ ക്രൂരനെങ്കിലും ബലവാനായ രാജാവിനെയാണു് ആവശ്യം. ഇംഗ്ലണ്ടിലെ എഡ്വേർഡ് ദി കൺഫ്സ്സർ, പരമസാത്വികനും ധർമ്മനിഷ്ഠനും ആയിരുന്നു. എന്നാൽ പ്രജകൾക്കു് അക്കാലത്തു് എന്തെല്ലാം സങ്കടങ്ങൾ ഉണ്ടായെന്നു ചരിത്രം വായിച്ചുനോക്കിയാലറിയാം. നേരെമറിച്ചു്, ഹെൻറി ഏഴാമൻ നിഷ്ഠൂരനായിരുന്നെങ്കിലും ആംഗലജനതയുടെ ഭാവി ശ്രേയസ്സിന്റെ അസ്ഥിവാരം അദ്ദേഹമാണു് ഉറപ്പിച്ചതു്. തിരുവിതാംകൂറിൽ എട്ടര യോഗക്കാരുടേയും കൂട്ടരുടേയും അക്രമങ്ങള ഒതുക്കിയും, ഖണ്ഡരാജ്യാധിപതികളെ എല്ലാം അടക്കി ഏകീകൃതമായ വഞ്ചിരാജ്യത്തിന്റെ അടിവാരം ഉറപ്പിച്ചും, മാർത്താണ്ഡവർമ്മ മഹാരാജാവു് ഇന്നാട്ടുകാരെ അനുഗ്രഹിക്കയേ ചെയ്തിട്ടുള്ളു. തിരുവിതാംകൂറിനു പിന്നീടുണ്ടായിട്ടുള്ള ശ്രേയോഭിവൃദ്ധിക്കെല്ലാം ഹേതു മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നയമായിരുന്നു. ഈ വിഷയത്തെപ്പറ്റി ഇനി ഒരു ഘട്ടത്തിൽ പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.

കൊച്ചിയിലും ഇതുപോലെതന്നെ യോഗക്കാരും രാജാവും തമ്മിലുള്ള മത്സരം മുറയ്ക്കു നടന്നുകൊണ്ടിരുന്നുവെന്നു് മി. പത്മനാഭമേനോന്റെ ചരിത്രത്തിൽനിന്നു കാണാം. അവിടെയും ബ്രാഹ്മണയോഗക്കാരെയും നായർ പ്രഭുക്കന്മാരെയും നശിപ്പിച്ചു് രാജശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മുറയ്ക്കു നടന്നുകൊണ്ടിരുന്നു.

“സാമൂതിരിയെ നാട്ടിൽനിന്നു് ഒഴിച്ചതിന്റെ ശേഷം കൊച്ചീരാജ്യത്തുള്ള പ്രഭുക്കൾ, മാടമ്പിമാർ മുതലായ സ്വരൂപികളുടെ അധികാരത്തെയും നായന്മാരുടെ സംഘബലത്തേയും ഉന്മൂലനം ചെയ്വാനും അവരെ രാജാവിന്റെ കീഴിൽ അമർത്തിനിർത്തുവാനുമായി തമ്പുരാൻ തിരുവിതാംകൂർ രാജാവുമായി യോജിച്ചു പ്രയത്നങ്ങൾ തുടങ്ങി. ആ പ്രയത്നത്തിന്റെ ഫലപ്രാപ്തി പൂർത്തിയായി സിദ്ധിക്കയും ചെയ്തു. അന്നു മുതൽ മുൻ പറഞ്ഞ കൂട്ടങ്ങൾ, സംഘങ്ങൾ, യോഗങ്ങൾ മുതലായവ രാജ്യകാര്യങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചീ രാജ്യത്തു് ഇല്ലാതായി.” [2]

കോഴിക്കോട്ടു്, കോലത്തുനാടു് എന്നീ മലബാർ രാജ്യങ്ങളിൽ മാത്രം നായർപ്രഭുക്കന്മാർക്കു് ഏറെക്കാലം സ്വസ്ഥമായി ജീവിക്കാൻ സാധിച്ചു. ഇന്നു് നായർ ജന്മിമാർ ആ ദിക്കുകളിലേ ആധിക്യേന ഉള്ളുതാനും. ഏതായിരുന്നാലും നായർ പ്രഭുക്കന്മാരുടേയും ബ്രാഹ്മണ ജന്മികളുടേയും അധഃപതനം ഒരേ കാലത്തു തന്നെയാണു് സമാരംഭിച്ചതു്.

പോർത്തുഗീസുകാർ

ഈ കാലത്തുണ്ടായ മറ്റൊരു സംഭവം പോർത്തുഗീസുകാരുടെ വരവാണു്.

“ചക്കപ്പഴം മുറിക്കുന്നിടത്തു് ഈച്ച കൂടുന്നു എന്നുള്ളതു സഹജമാണല്ലോ. ഇക്കൂട്ടത്തിലാണു് ഇൻഡ്യയിലെ വിലയേറിയതും പ്രിയമുള്ളതുമായ ചരക്കുകളേ കൊണ്ടു് കച്ചവടം നടത്തുവാൻ വേണ്ടി പാശ്ചാത്യന്മാർ തുടരെത്തുടരെ വന്നു് അടുത്തു കൂടിയതു്. പുരാതനകാലം മുതല്ക്കുതന്നെ ഫിനിഷ്യരും ഗ്രീക്കുകാരും റോമൻകാരും കടൽവഴിയായി കേരളത്തിൽവന്നു് കച്ചവടം ചെയ്തിരുന്നു എന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ കാലക്രമംകൊണ്ടു് ഹിപ്പാലോസ് എന്ന ആൾ കണ്ടുപിടിച്ചിരുന്ന കടൽവഴി വിട്ടുപോയതിനാൽ ആ കച്ചവടവും നിന്നുപോയി.” [3]

റോമാസാമ്രാജ്യത്തിന്റെ അധഃപതനാനന്തരം യൂറോപ്പുമായുള്ള കച്ചവടം അറബികളുടെ കൈവശം വന്നുചേർന്നു. അവരുടെ ആധിപത്യം സ്പെയിൻവരെ വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ആ ആധിപത്യം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മഹമ്മദീയർക്കു നഷ്ടമായെങ്കിലും, സ്പെയിൻകാർക്കു് അറബികളോടുണ്ടായിരുന്ന മത്സരം നശിച്ചില്ല. അവരും പോർത്തുഗീസുകാരും ഇൻഡ്യയിലേക്കു് ഒരു ജലമാർഗ്ഗം കണ്ടുപിടിക്കാനായി ശ്രമം ചെയ്തുകൊണ്ടേ ഇരുന്നു. ഒടുവിൽ വാസ്കോഡിഗാമ എന്ന പോർത്തുഗീസുകാരൻ 1498 ആഗസ്റ്റ് മാസത്തിൽ മലയാളക്കരയിൽ വന്നടുത്തു. കോഴിക്കോട്ടു രാജാവിനു് ‘പുറത്തുകാൽ’ രാജാവു് ഒരു സന്ദേശവും ഗാമയുടെ കൈയിൽ കൊടുത്തയച്ചിട്ടുണ്ടായിരുന്നു. മാപ്പിളമാർ ഭയപരവശരായിട്ടു് സാമൂതിരിപ്പാട്ടിലെ സേവകന്മാരെ വശപ്പെടുത്തി, അവരുടെ സഹായത്തോടുകൂടി ഗാമയേയും കൂട്ടുകാരേയും നശിപ്പിക്കാനുള്ള പ്രയത്നങ്ങൾ തുടങ്ങി. ഗാമ, സാമൂതിരിപ്പാടിനെ കണ്ടു്, രാജസന്ദേശം ഏൾപ്പിച്ചിട്ടു്, താൻ കൊണ്ടുവന്നിരുന്ന ചരക്കുകളെ ഇറക്കാൻ അനുവാദം വാങ്ങി. രാജാവു് അയാൾക്കു് ഒരു പണ്ടകശാല കൊടുക്കുകയും ചെയ്തു. എന്നാൽ സാമൂതിരിയുടെ കാര്യസ്ഥന്മാർ മുഖേന, മാപ്പിളമാർ ഗാമയേയും കൂട്ടരേയും ഉപദ്രവിച്ചതിനാൽ അയാൾ നവംബർ നാലാം തീയതി തിരിച്ചുപോയി.

ഈ കാലം വിദേശീയർക്കു് ഇവിടെ അടിയുറപ്പിക്കാൻ നന്നേ ഉതകുന്ന ഒരു ഘട്ടം തന്നെ ആയിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ ഇടവിടാതെ യുദ്ധം നടന്നുകൊണ്ടിരുന്നു. ഒന്നാമത്തെ പ്രധാനസമരം 1495 മുതൽ 1498 വരെ നിലനിന്നു. ആ യുദ്ധത്തിൽ സമൂതിരി, തൃശിവപേരൂർ പിടിച്ചടക്കി ആ നഗരത്തെ തലസ്ഥാനമാക്കുകയും കൊടുങ്ങല്ലൂർ കൈവശപ്പെടുത്തി അവിടുത്തെ ക്ഷേത്രം പുതുക്കുകയും ചെയ്തു. 1498-ൽ കൊടുങ്ങല്ലൂർവെച്ചു് സമാധാനമുണ്ടായെങ്കിലും ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വൈരം പിന്നെയും നിലനിന്നു. 1500 ആഗസ്റ്റ് 8-നു പീഡ്രോ ആൽവാൾസ് കാബ്രാൾ കോഴിക്കോടു വന്നടുത്തു് സാമൂതിരിക്കു് വിലപിടിച്ച സമ്മാനങ്ങളും മറ്റും കാഴ്ചവെച്ചു് അദ്ദേഹത്തിനോടു് ഒരു സഖ്യം ചെയ്തു. അങ്ങനെ ഇരിക്കെ കൊച്ചി വക ഒരു കപ്പൽ കോഴിക്കോട്ടിനരികെ കൂടി പോകുന്നതു കണ്ടു് സാമൂതിരിയുടെ ആളുകൾ അതിനെ പിടിച്ചെടുക്കാനായി കാബ്രാളിനോടു് ആവശ്യപ്പെട്ടു. നോക്കണേ! തന്നത്താൻ ആപത്തു തലയിൽ വലിച്ചുവെയ്ക്കുന്നതു്. കാബ്രാൾ കപ്പൽ പിടിച്ചെടുത്തുവെങ്കിലും കൊച്ചീരാജാവിനു തന്നെ തിരിച്ചുകൊടുത്തു. അതിനുശേഷം കോഴിക്കോട്ടു് ഒരു പണ്ടകശാല കെട്ടി അമ്പതോളം പോർത്തുഗീസുകാരെ അവിടെ പാർപ്പിച്ചു. മാപ്പിളമാരുടെ ഉപദ്രവം അവർക്കു കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. കൊട്ടാരത്തിൽ ആ മാപ്പിളമാർക്കു നല്ല പിടയുണ്ടായിരുന്നതിനാൽ, കാബ്രാൾ പല പ്രാവശ്യവും സാമൂതിരിയോടു പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഒടുവിൽ അയാൾ തുറമുഖത്തുകേറി മാപ്പിളമാരുടെ വക കപ്പൽ പിടിച്ചെടുത്തതിനാൽ കോപാകുലരായ മാപ്പിളമാർ, പോർത്തുഗീസുകാരുടെ പണ്ടകശാല വളഞ്ഞു നാല്പതു യൂറോപ്യന്മാരെ നിഗ്രഹിച്ചു. നായന്മാരും മാപ്പിളമാർക്കു പിന്തുണയായി നിന്നു. കാബ്രാൾ നഷ്ടം കിട്ടണമെന്നു് സാമൂതിരിയോടു് ആവശ്യപ്പെട്ടാറെ, യാതൊരു പ്രയോജനവും ഉണ്ടാകായ്കയാൽ കോഴിക്കോട്ടുനഗരത്തെ വലിയ തോക്കുകൊ​ണ്ടു് വെടിവെച്ചു് തകർക്കയും, അറുന്നൂറോളം ആളുകളെ കൊല്ലുകയും, സാമൂതിരിപ്പാട്ടിലെ ചരക്കുകേറ്റിയിരുന്ന പത്തു കപ്പലുകളെ പിടിച്ചെടുക്കുകയും ചെയ്തുവത്രെ. അവയിൽ ഉണ്ടായിരുന്ന മൂന്നു ആനകളെയും കൊന്നു് ഉപ്പിട്ടുണക്കി യാത്രാകാലത്തേ ഭക്ഷണത്തിനായി കരുതിവച്ചിട്ടു് അയാൾ നേരേ കൊച്ചിയിലേക്കു പോയി.

സാമൂതിരിയുടെ ശത്രുവിനെ ഉണ്ടോ കൊച്ചീരാജാവു് സ്വീകരിക്കാതിരിക്കുന്നു! അദ്ദേഹം അവർക്കു് ഒരു പണ്ടകശാല നല്കി. അവർ മുറയ്ക്കു കച്ചവടവും തുടങ്ങി. അങ്ങനെയിരിക്കെ, ഒരു രാത്രി ആ പണ്ടകശാലയ്ക്കു തീ പിടിച്ചു. മാപ്പിളമാർ തീവെച്ചു എന്നൊരു കിംവദന്തിയും പൊങ്ങി.

ഇതിനിടയ്ക്കു കൊല്ലത്തുനിന്നും ഒരു ക്ഷണക്കത്തു് കാബ്രാളിനു കിട്ടിപോലും. പക്ഷേ കൊച്ചീരാജാവിനു രസിക്കയില്ലെന്നു വിചാരിച്ചു് ആ ക്ഷണത്തെ അയാൾ സ്വീകരിക്കുകയുണ്ടായില്ല. ഈയിടയ്ക്കു് ഒരു നേരംപോക്കുണ്ടായതുകൂടി ഇവിടെ പ്രസ്താവയോഗ്യമാണു്.

“കൊടുങ്ങല്ലൂർക്കാരായ രണ്ടു നസ്രാണികൾ കൊച്ചിയിൽ വന്നു് കാബ്രാളേ കണ്ടു്, തങ്ങൾ കൊടുങ്ങല്ലൂർ അധിവസിച്ചുവരുന്ന ഒരു വലിയ കൃസ്ത്യാനിസമുദായത്തിൽപെട്ടവരാണെന്നും, അവിടെ കുറേ ജുതന്മാരുകൂടി ഉണ്ടെന്നും, തങ്ങളെ കപ്പലിൽ കയറ്റി യൂറോപ്പിൽ കൊണ്ടുപോയാൽ കൊള്ളാമെന്നും അപേക്ഷിച്ചു. ഇവരുടെ പേർ യോസേഫ്, മത്തായി എന്നായിരുന്നു. കൊടുങ്ങല്ലൂരുണ്ടായിരുന്ന ക്രിസ്തീയസംഘത്തിന്റെ സ്ഥിതിയും മറ്റും കാബ്രാൾ ഇവരോടു് ചോദിച്ചപ്പോൾ ഇവർ ഇപ്രകാരം മറുപടി പറഞ്ഞു.”

‘തോമാശ്ലീഹാ ഈ രാജ്യത്തു വന്നു പള്ളികളെ ഉണ്ടാക്കി എന്നു കേട്ടിരുന്നു. പള്ളിയിൽ ഞങ്ങൾക്കു ബിംബം ഇല്ല; കുരിശേ ഉള്ളു. ഇപ്പോൾ ഞങ്ങൾക്കു മെത്രാന്മാരെ അയയ്ക്കുന്നതു് സുറിയായിൽ കത്തോലിക്കോസ്സാണു്. പട്ടക്കാർക്കു കുടുമ്മ തന്നെ പട്ടം ആകുന്നു. കുട്ടികളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നതു് 40-ാം നാൾ വേണം. മരിച്ചാൽ എട്ടാം ദിവസം പുലനീക്കും. നുയമ്പു് വളരെ ഉണ്ടു്. ജൂലായി മാസം 1-ാനു ഉള്ള തോമാവിന്റെ പെരുനാൾ പ്രധാനമാണു്. വേദപുസ്തകങ്ങളും വ്യാഖ്യാനങ്ങളും വളരെ ഉണ്ടു്. ഞങ്ങളുടെ വിദ്വാന്മാർ അതുനോക്കി കുട്ടികളെ പഠിപ്പിക്കുന്നു. കൊടുങ്ങല്ലൂരിൽ തന്നെ ഞങ്ങൾ പണ്ടു് കുടിയേറിയിരിക്കുന്നു. യഹൂദരും, മിസ്രപാൾസി, അറബി മുതലായ കച്ചോടക്കാരും ഉണ്ടു്. ഞങ്ങൾക്കു കച്ചോടം തന്നെ വൃത്തി ആകുന്നു. അതിന്നു് കൊടുങ്ങല്ലൂർ രാജാവിന്നു കപ്പം കൊടുക്കുന്നു.’ എന്നിങ്ങനെ കേരള പഴമയിൽ കാണുന്നു. [4]

1501, കാബ്രാൾ യൂറോപ്പിലേക്കു തിരിച്ചുപോവാൻ ഒരുങ്ങിയിരിക്കവെ, സാമൂതിരിപ്പാട്ടിലെ ഒരു കപ്പൽകൂട്ടം തുറമുഖത്തിനെതിരെ വന്നുചേർന്നു. ആ അവസരത്തിൽ ശത്രുസൈന്യം അടുത്തുവന്നിരിക്കുന്നെന്നും, വേണ്ട സഹായം ചെയ്തുതരാൻ താൻ ഒരുക്കമാണെന്നും, പോർത്തുഗീസു കപ്പിത്താനെ അറിയിക്കാനായി കൊച്ചീരാജാവു് ആളയച്ചു. കാബ്രാൾ ആ കപ്പൽക്കൂട്ടത്തെ എതിർത്തു്, ഓടിച്ചുവെങ്കിലും, ഒരു വലിയ കൊടുങ്കാറ്റിളകിയതിനാൽ, തന്റെ കപ്പലിലുണ്ടായിരുന്ന കേളൻ, പറങ്ങോടൻ എന്ന രണ്ടു നായർ യുവാക്കളെ കരയ്ക്കിറക്കാൻ തരപ്പെടാതെ പോർത്തുഗലിലേക്കു തിരിച്ചു. ആ നായന്മാരായിരുന്നു യൂറോപ്പു സന്ദർശിച്ച ആദ്യത്തെ മലയാളികൾ. അവരിൽ പറങ്ങോടനു് ‘പുറത്തുകൽ’ രാജാവിന്റെ രാജധാനിയിൽ ഒരു പ്രഭുസ്ഥാനം ലഭിച്ചുവത്രേ.

പിന്നീടു് വന്നതു് ജോവാ ഡാ നോവാ എന്ന ഗാലീഷ്യൻ പ്രഭുവിനായിരുന്നു. അയാളും സാമൂതിരിക്കു കഴിയുന്നത്ര നാശം വരുത്താതിരുന്നില്ല. 1502-ൽ വാസ്കോഡിഗാമ, സാമൂതിരിയോടു പക വീട്ടാൻ ഒരുങ്ങിത്തന്നെയാണു് ഇങ്ങോട്ടു കപ്പൽ കയറിയതു്. അയാൾ ചെയ്ത ക്രൂര കൃത്യങ്ങൾ ശ്രോതാക്കളുടെ രക്തത്തെ ഘനീഭവിപ്പിക്കത്തക്കവണ്ണം ഭയങ്കരമായിരുന്നു. ഗാമ ഇത്തവണ കൊച്ചീരാജാവിനോടു്, ചില പുതിയ കരാറുകൾ ചെയ്യാൻ ആവശ്യപ്പെട്ടു.

(1) പോർത്തുഗീസുകാർക്കു് കുരുളമുളകു മുതലായ ചരക്കുകൾ എന്നും ഒരേ വിലയ്ക്കു കൊടുക്കണം.

(2) പണ്ടകശാല കെട്ടാൻ മറ്റാർക്കും അനുവാദം കൊടുക്കരുതു്.

അല്പം ആലോചിച്ചു മറുപടി പറയാമെന്നു് രാജാവു് അരുളിച്ചെയ്തപ്പോൾ, ഗാമയുടെ ഭാവം മാറി. അതു കണ്ടു് രാജാവു് ഭയപ്പെട്ടു് അയാൾ പറയുംപോലെ ഒക്കെ ചെയ്യാമെന്നു സമ്മതിച്ചുപോയി. കൊല്ലവുമായി ആദ്യം കച്ചവടം തുടങ്ങിയതും ഗാമയായിരുന്നു. അന്നത്തെ കൊല്ലംരാജ്ഞി ഗാമയെക്കാണാൻ ഒരു ദൂതനെ അയച്ചു. കൊച്ചീരാജാവിന്റെ സമ്മതം കൂടാതെ തനിക്കു് വരാൻ നിവൃത്തിയില്ലെന്നു് അയാൾ പറകയാൽ, രാജ്ഞി കൊച്ചീരാജാവിനു് എഴുതി അയച്ചു് സമ്മതം വാങ്ങിക്കൊടുത്തു.

ഇക്കാലത്തു് കൊച്ചീരാജാവും ഗാമയും ആയുണ്ടായ എഴുത്തുകുത്തുകളുടേയും സംഭാഷണങ്ങളുടേയും ചുരുക്കം കേരളപഴമയിൽ കൊടുത്തിട്ടുണ്ടു്. നായന്മാർ വിശ്വാസവഞ്ചന ചെയ്യാത്തവരാണെന്നു് പോർത്തുഗീസുകാരും ഡച്ചുകാരും പരന്ത്രീസുകാരും ഒക്കെ രേഖപ്പെടുത്തീട്ടുണ്ടെങ്കിലും, കൊച്ചീരാജാവു് ഗാമയോടു പറഞ്ഞിരിക്കുന്നതു് ഇങ്ങനെ ആണു്.

“നിങ്ങൾ എന്നെക്കുറിച്ചു സംശയിക്കുന്നതുകൊണ്ടു് ഞാൻ ഉണ്ടായിട്ടുള്ളതൊക്കെ വിട്ടു പറഞ്ഞില്ല. ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. [5] സാമൂതിരി ഓരോരോ ബ്രാഹ്മണരെ അയച്ചു് പോർത്തുഗീസുകാർ ചതിയന്മാരാകകൊണ്ടു് അവരെ നിഗ്രഹിക്കണം എന്നു് ഉപദേശം അറിയിച്ചു. ഞാൻ വഴങ്ങായ്കയാൽ സാമൂതിരിയുടെ സ്നേഹമോ പോർത്തുഗലിന്റെ സ്നേഹമോ ഏതാണു വേണ്ടതെന്നു ചോദിച്ചതിനു് നയംകൊണ്ടു ചെയ്യാത്തതു് ഞാൻ ഭയം കൊണ്ടു ചെയ്കയില്ല എന്നുത്തരം പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ടു് നിങ്ങൾ പോയാൽ ഉടനെ സാമൂതിരി പടയോടുകൂടെ വന്നു് അതിക്രമിക്കും. ഇവിടെയുള്ള നായന്മാർ മാപ്പിളമാരോടു് കൈക്കൂലി വാങ്ങി മറുപക്ഷം നില്ക്കും എന്നു തോന്നുന്നു.”

നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗം നില്ക്കുമെന്നു പറഞ്ഞതു്, പോർത്തുഗീസുകാരെക്കൊണ്ടു്, അവരെ ദ്രോഹിപ്പിക്കാൻതന്നെ ആയിരിക്കണം. കേരളത്തിലെ രാജാക്കന്മാർ വിദേശികളുടെ സഹായത്തോടുകൂടി രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനും രക്ഷയ്ക്കും ഉതകുന്നവരായ നായന്മാരെ നശിപ്പിക്കാൻ കാപ്പുകെട്ടി ഇറങ്ങിയ കാലം മുതൽക്കു് സ്വാതന്ത്ര്യം എന്നതു് പച്ച മരുന്നോ അങ്ങാടിമരുന്നോ എന്നു് തിരിച്ചറിഞ്ഞിട്ടില്ല. സാമൂതിരിയുടെ ശക്തി നശിപ്പിച്ചതും കേരളത്തിനു പിൽക്കാലത്തു ദോഷഹേതുകമായി ഭവിച്ചുവെന്നു് ഇനിയുള്ള ചരിത്രം കൊണ്ടു വ്യക്തമാകും. ഗാമയുടെ മൂക്കു് അല്പം വിറച്ച മാത്രയിൽ രാജ്യംപോലും തീറെഴുതിക്കാടുക്കാമെന്നു സമ്മതിച്ച രാജാവാണു്, ‘നയം കൊണ്ടു ചെയ്യാത്തതു് ഭയം കൊണ്ടു ചെയ്കയില്ല’ എന്നു പറഞ്ഞതു്. നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗത്തു ചേർന്നുകളയും പോലും. [6] അവരെപ്പറ്റി പാശ്ചാത്യന്മാർ പറഞ്ഞിരിക്കന്നതു് എന്താണെന്നു നോക്കുക.

9-ാം ശതകത്തിൽ രണ്ടു മഹമ്മദീയ സഞ്ചാരികൾ എഴുതിയിരുന്നതിനെ റേനാട്ടു് എന്നയാൾ തർജ്ജമചെയ്തു് ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നതു് ഇങ്ങനെയാണു്.

“രാജാക്കന്മാരുടെ സിംഹാസനാരോഹണസമയത്തു് താഴെ പറയുംപ്രകാരം ഒരു ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. കുറേ ചോറു് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നുവെയ്ക്കും. അദ്ദേഹം അല്പം ഭക്ഷിച്ചതിനു ശേഷം മുന്നൂറോ നാനൂറോ ആളുകൾ സ്വേച്ഛയാ അദ്ദേഹത്തിന്റെ കൈയിൽനിന്നു് ഓരോ ഉരുളച്ചോറു വാങ്ങി ഭക്ഷിക്കും. ഇങ്ങനെ ഭക്ഷിക്കുന്നതിനോടുകൂടി അവർ രാജാവു നാടുനീങ്ങുകയോ വധിക്കപ്പെടുകയോ ചെയ്യുന്ന സമയത്തു് അഗ്നിപ്രവേശം ചെയ്യുന്നതിനു് കടപ്പെട്ടവരായിത്തീരുകയും, അതിനെ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുകയും ചെയ്യുന്നു.” ഈ കൂട്ടരെ ചാവർ എന്നാണു് വിളിച്ചുവന്നതു്.

പർച്ചാസ്, ബാർബോസാ എന്നീ പാശ്ചാത്യരും ഇങ്ങനെ തന്നെയാണു് പറഞ്ഞിട്ടുള്ളതും.

പർച്ചാസ് പറഞ്ഞിരിക്കുന്നതു നോക്കുക:

‘അമോച്ചി എന്നും നായറി എന്നും പേർ പറയുന്നതായ ഒട്ടു വളരെ പ്രമാണികൾ കൊച്ചീരാജാവിന്റെ കീഴിൽ ഉണ്ടു്. അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വജീവനെപ്പോലും ബലി കഴിക്കാൻ സന്നദ്ധരാകുന്നു.’ ഇങ്ങനെ തങ്ങളുടെ ജീവനെ രാജാവിനു വേണ്ടി ബലി കഴിച്ചു വന്നതിനുള്ള പ്രതിഫലമായിരിക്കാം ഈ അപവാദം.

ഇവിടെ കൊച്ചീരാജാവു് പറഞ്ഞിരിക്കുന്നതിൽ അല്പം വാസ്തവമുണ്ടു്. നായന്മാർ മാപ്പിളമാർക്കു് അനുകൂലമായിരുന്നു. പക്ഷെ കൈക്കൂലി വാങ്ങിയതു നിമിത്തം ആ വശത്തോടു ചാഞ്ഞതാണെന്നു പറഞ്ഞിരിക്കുന്നതേ പിശകായിട്ടുള്ളു. ഇത്രയും കാലംകൊണ്ടു് മാപ്പിളമാർ കേരളീയരായിത്തീർന്നു കഴിഞ്ഞിരുന്ന സ്ഥിതിക്കു്, അവരെ ദ്രോഹിച്ചിട്ടു്, പോർത്തുഗീസുകാരെ സഹായിക്കാനുള്ള ശ്രമത്തെ അവർ തടയാൻ നോക്കിയതു് ആക്ഷേപാർഹമാണോ? [7] ഇങ്ങനെ ഒരു സംഭവം ആറ്റുങ്ങൽ വെച്ചും ഉണ്ടായിട്ടുണ്ടു്. അതിനെ വഴിയെ വിവരിക്കാം.

കാബ്രാളിന്റെ അടുക്കൽ എന്നപോലെ, ചില നസ്രാണികൾ വാസ്കോഡിഗാമയുടെ അടുക്കലും ചെന്നിരുന്നു. പക്ഷേ, ഇവരുടെ വരവു് ഒരു പുതിയ ചരക്കുംകൊണ്ടായിരുന്നുവെന്നേയുള്ളു.

“ഞങ്ങൾ ഒക്കെ അവിടുത്തെ വരവിനെ പ്രതീക്ഷിച്ചു സന്തോഷിച്ചിരിക്കയായിരുന്നു. പണ്ടു് ഞങ്ങളുടെ വംശത്തിലെ ഒരു രാജാവു് ഈ രാജ്യത്തുണ്ടായിരുന്നു. അദ്ദേഹത്തിനു് പണ്ടത്തെ പെരുമാക്കന്മാർ നൽകിയ ചെങ്കോലും രാജപട്ടവും ഞങ്ങൾ ഇതാ അവിടുത്തേയ്ക്കു കാഴ്ചവെയ്ക്കുന്നു. ഞങ്ങൾ മുപ്പതിനായിരം പേരോളം യോജിച്ചു് പുറത്തുകാലിന്റെ മേൽക്കോയ്മയെ സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ നാമം ചൊല്ലിയല്ലാതെ ഇനിയൊരു കുറ്റക്കാരനേയും ഞങ്ങൾ വധിക്കയില്ല.… ഞങ്ങളുടെ വാസസ്ഥലത്തിനു സമീപം ഒരു കോട്ട കെട്ടുന്നപക്ഷം ഈ അവിശ്വാസികളുടെ രാജ്യം മുഴുവനും അവിടുത്തേയ്ക്കു കരസ്ഥമാകും.”

വാസ്കോഡിഗാമ അവരുടെ അപേക്ഷയെ കൈക്കൊള്ളാതെ “നിങ്ങൾ ഭയപ്പെട്ടിട്ടാവശ്യമില്ല. ദൈവം നല്ലതു വരുത്തും” [8] എന്നൊക്കെ അനുഗ്രഹിച്ചയച്ചതേ ഉള്ളു.

ഗാമ പോയതിനു ശേഷം സാമൂതിരി കൊച്ചിയെ ആക്രമിക്കാൻ വട്ടംകൂടി. പോർത്തുഗീസുകാരെ വിട്ടുകൊടുക്കാത്തപക്ഷം യുദ്ധത്തിനു തയ്യാറായിക്കൊള്ളണമെന്നു് ഒരു സന്ദേശം അദ്ദേഹം കൊച്ചീരാജാവിനു് അയച്ചു. കൊച്ചീരാജാവു് അതിനെ വകവെച്ചതേ ഇല്ല. സാമൂതിരി ഉടൻതന്നെ സൈന്യസമേതം പുറപ്പെട്ടു. ജാസ്പർ കൊറിയ എഴുതിയിരുന്ന വിവരണത്തിൽനിന്നും ഈ യുദ്ധത്തെപ്പറ്റി ചില വിവരങ്ങൾ ഗ്രഹിക്കാം. യുദ്ധം തുടങ്ങിയതു് മങ്ങാട്ടു കൈയ്മൾ അഥവാ ആലങ്ങാട്ടു രാജാവിന്റെ രാജ്യത്തുവെച്ചായിരുന്നു എന്നും, കൊച്ചീരാജാവിനോടുകൂടി നാല്പതിനായിരവും സാമൂതിരിയോടുകൂടി അറുപതിനായിരവും നായന്മാർവീതം ഉണ്ടായിരുന്നെന്നും ആ യുദ്ധത്തിൽ കൊച്ചിക്കുതന്നെ വിജയം ലഭിച്ചുവെന്നും ആണു് ഈ പാശ്ചാത്യൻ രേഖപ്പെടുത്തിയിരിക്കുന്നതു്.

സാമൂതിരി ഇതുകൊണ്ടു ഭഗ്നാശയനാകാതെ വീണ്ടും ആക്രമിച്ചു. അദ്ദേഹം ഒരു ബ്രാഹ്മണനെക്കൊണ്ടു് കൊച്ചീരാരജാവിന്റെ കോശാധികാരിയെ വശപ്പെടുത്തി. തന്നിമിത്തം പിന്നീടു യുദ്ധത്തിൽ കൊച്ചിയിലെ ‘മരുമഹൻ’ തമ്പുരാനും മറ്റു രണ്ടു ചെറിയ തമ്പുരാക്കന്മാരും ‘മരണം’ പ്രാപിച്ചുവത്രെ. ഇങ്ങനെ സാമൂതിരിക്കു ജയം സിദ്ധിച്ചു. കൊച്ചിക്കു ‘നിനക്കള്ളി’ ഇല്ലാതെയായി. കൊച്ചി കോവിലകവും നഗരവും സാമൂതിരി ചുട്ടുപൊടിച്ചു. എന്നാൽ വർഷാരംഭമായതിനാൽ തല്ക്കാലം യുദ്ധം നിറുത്തിവെയ്ക്കേണ്ടി വന്നു. ഈ അവസരത്തിലാണു് ആൽബുക്കർക്കു് ആറു കപ്പലുകളോടുകൂടി കൊച്ചിയിൽ വന്നടുത്തതു്. തമ്പുരാൻ അവരെ യഥോചിതം സല്ക്കരിച്ചു. പുറത്തുകാലിന്റെ സഹായത്തോടുകൂടി, സാമൂതിരിയുടെ മിത്രമായിരുന്ന കൊച്ചി ചെറുവെയ്പിൽ കയ്മൾ എന്ന പ്രഭുവിനെ നശിപ്പിച്ചിട്ടു്, ആ ദേശം മുഴുവനും കൊള്ളയടിച്ചു. സാമൂതിരിയ്ക്കു തോൽവി പറ്റിത്തുടങ്ങി. ഒടുവിൽ അദ്ദേഹത്തിനു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്യേണ്ടതായി വന്നു.

പിന്നീടു് ആൽബുക്കർക്കു തിരിഞ്ഞതു് എടപ്പള്ളിരാജാവിന്റെ നേർക്കായിരുന്നു. ഈ രാജാവും സാമൂതിരിയുടെ സഹായിയായിരുന്നുവത്രേ. എടപ്പള്ളിയുമായുള്ള യുദ്ധത്തിലും പുറത്തുകാലിന്നുതന്നേ വിജയം ലഭിച്ചു. ഈ സഹായങ്ങളുടെ ഒക്കെ ഫലമായി പോർത്തുഗീസുകാർക്കു കൊച്ചിയിൽ ഒരു കോട്ട കെട്ടാൻ അനുവാദം കിട്ടി. പാശ്ചാത്യർ ഭാരതഭൂമിയിൽ കെട്ടിച്ച ആദ്യത്തെ കോട്ട ഇതായിരുന്നു.

പിന്നെയും സാമൂതിരി യുദ്ധോദ്യമങ്ങൾ നിറുത്തിയില്ല. എന്നാൽ ഒരു യുദ്ധത്തിലും അദ്ദേഹത്തിനു വിജയം ലഭിക്കാതെ ആയി. 1513-ൽ കൊച്ചീരാജാവു് പോർത്തുഗീസു രാജാവിന്നു് അയച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിക്കാണുന്നു. അടുത്ത വർഷത്തിൽ (1504-ൽ) സാമൂതിരി നമ്മുടെ രാജ്യം വീണ്ടും ആക്രമിച്ചു. എന്നാൽ നാം നമ്മുടെ ബന്ധുക്കളോടും പ്രജകളോടുംകൂടി, അവിടുത്തെ സഹായത്താൽ, ആ രാജാവിനെ എതിർത്തു തോല്പിച്ചു. ഇനി മേലാൽ നമ്മോടു് യുദ്ധത്തിനു പുറപ്പെടാൻ ഒരിക്കലും ധൈര്യപ്പെടാത്തവിധത്തിൽ, മാനഹാനിയോടും പരാജയത്തോടും കൂടി അദ്ദേഹം സ്വരാജ്യത്തിലേക്കു മടങ്ങി.”

കൊച്ചീരാജാവു് ഇക്കാലത്തിനിടയ്ക്കു് വിദേശീയശക്തിയ്ക്കു് എത്രത്തോളം അടിമപ്പെട്ടുവെന്നു് കേരളപഴമയിൽ പറഞ്ഞിരിക്കുന്ന ഒരു സംഭവത്തിൽനിന്നു് അറിയാം.

എടപ്പള്ളി രാജാവുമായുള്ള യുദ്ധത്തിനിടയ്ക്കു് ഏതാനും നായന്മാർ കടവു കടക്കാൻ ശ്രമിക്കവേ അവിടെ ജോലിചെയ്തു കൊണ്ടിരുന്ന പുലയർ അവരെ എതിർത്തുവത്രെ. പച്ചീക്കൊ ഈ വിവരം അറിഞ്ഞു. “ഇവർ ഇപ്പോൾ നായന്മാരായിപ്പോയി എന്നു വിളിച്ചുപറഞ്ഞു. അതു കേട്ടപ്പോൾ അവിടെ നിന്നിരുന്ന കണ്ടങ്കോരു എന്ന മന്ത്രി, പുലയനെ നായരാക്കാൻ രാജാവിനുപോലും സാധിക്കയില്ല” എന്നു പറഞ്ഞു. പച്ചീക്കോവിനു കോപം വന്നു. അവരെ ഒക്കെ നായന്മാരാക്കണമെന്നു് അയാൾ രാജാവിനോടു നിർബന്ധിച്ചു. “മറ്റേതു രാജാവെങ്കിലും ഹീനജാതിക്കാർക്കു് ആഭിജാത്യം വരുത്തിയാൽ ഞാനും അങ്ങനെ ചെയ്യാം. അല്ലാതെ ഞാൻ തനിച്ചു് അപ്രകാരം പ്രവർത്തിച്ചാൽ നായന്മാർ എന്നെ കൊല്ലും” എന്നു രാജാവു് അരുളിച്ചെയ്തുപോലും. എന്നിട്ടും പച്ചീക്കൊ അടങ്ങിയില്ല. ഒടുവിൽ രാജാവു് ഗത്യന്തരമില്ലാതെ, “അവർക്കു് ആയുധം ധരിച്ചു നടപ്പാനും, തലപ്പണം കൊടുക്കാതിരിപ്പാനും, നായന്മാർ സഞ്ചരിക്കുന്ന വഴികളിൽക്കൂടി നടപ്പാനും കല്പന കൊടുത്തുവത്രെ.” ഈ രാജാവു്, പുലയർ തുടങ്ങിയ സാധുക്കൾക്കു് എല്ലാ വഴികളിലും കൂടി സഞ്ചരിക്കുന്നതിനു സ്വയമേവ അനുവാദം നല്കിയിരുന്നെങ്കിൽ, അദ്ദേഹത്തിനെ സർവജനങ്ങളും വാഴ്ത്തുമായിരുന്നു. എന്നാൽ ഈ പ്രവൃത്തികൊണ്ടു് അദ്ദേഹം പോർത്തുഗീസുകാർക്കു് താൻ എത്രത്തോളം കീഴടങ്ങിക്കഴിഞ്ഞുവെന്നു് വെളിപ്പെടുത്തുകയാണു് ചെയ്തതു്. പച്ചീക്കോ പോർത്തുഗലിലേക്കു പോകാൻ ഭാവിച്ചപ്പോൾ തമ്പുരാൻ പറഞ്ഞ വാക്കുകൾ ഇതിലും കൌതുകാവഹമായിരിക്കുന്നു.

“താങ്കൾക്കു ഞാൻ എന്തു പ്രത്യുപകാരം ചെയ്യേണ്ടു. എന്റെ ദാരിദ്ര്യം അങ്ങേയ്ക്കു് അറിയാമല്ലോ. ഞാൻ പോർത്തുഗലിന്റെ ആശ്രിതനാണു്; അവിടുത്തെ അന്നം ഭക്ഷിക്കുന്നു. മനസ്സിൽ ഒരു ആഗ്രഹമേയുള്ളു. അതിനെ വെളിക്കു പറവാൻ മടിയുമുണ്ടു്. അങ്ങു് ഇവിടെത്തന്നെ ഇരുന്നാൽ കൊള്ളാം.”

സാമൂതിരിയുടെ സാമന്തനായിരിക്കാൻ ലജ്ജിച്ച രാജാവു് ഖണ്ഡുരാജ്യാധിപതികളേയും നായർപ്രഭുക്കന്മാരേയും നശിപ്പിച്ചിട്ടു് പോർത്തുഗലിന്റെ അന്നം ഭക്ഷിച്ചു ജീവിക്കുന്നതായി അഭിമാനിക്കുന്നതു നോക്കുക. ഇൻഡ്യാക്കാരുടെ അനൈകമത്യവും ദുരഭിമാനവും ആണു് അവരുടെ പാരതന്ത്ര്യത്തിനു് ഹേതുകമായിത്തീർന്നതെന്നു് ഇതിനിടയ്ക്കു് എല്ലാവരും ഗ്രഹിച്ചിട്ടുള്ള സംഗതിയാണല്ലോ.

പോർത്തുഗീസുകാരുടെ അടുത്ത ശ്രമം ഭാരതഖണ്ഡത്തെ, അല്പാല്പമായി അടക്കി, തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കാനായിരുന്നു. വാസ്കോഡിഗാമ ഈ വിഷയത്തിൽ പുറത്തുകാൽ രാജാവിനെ നിർബന്ധിച്ചതിന്റെ ഫലമായി, അദ്ദേഹം സുവാറസ്സു് എന്ന കപ്പിത്താനെ ഒരു വലിയ സൈന്യത്തോടു കൂടി അയച്ചു. അയാൾ വന്നയുടനെ ചെയ്തതു്, കോഴിക്കോട്ടു നഗരത്തെ തീ വെച്ചു ചുടുക എന്ന സൽകൃത്യമായിരുന്നു.

“അന്നു രാത്രിയിലുണ്ടായ സങ്കടം പറഞ്ഞുകൂട. നസ്രാണികൾ വീടുകളിൽനിന്നു് ഓടിവന്നു് ഈശോ മിശിഹാ നാമത്തെ വിളിച്ചു് പ്രാണങ്ങളേയും കുഞ്ഞുകുട്ടികളേയും പള്ളികളേയും രക്ഷിക്കേണമേ! കാബ്രാളും ഗാമയും ഞങ്ങൾക്കു് അഭയം തന്നുവല്ലോ” എന്നിങ്ങനെ മുറയിട്ടപ്പോൾ, പോർത്തുഗീസുകാർ നായന്മാരെ പട്ടണത്തിൽ നിന്നു് ഓടിച്ചിട്ടു് സുറിയാനികളുടെ അങ്ങാടിയേയും പള്ളികളേയും തീ കെടുത്തിരക്ഷിപ്പാൻ നോക്കി. ഒടുവിൽ അയാൾ മാപ്പിളമാർക്കും ജൂതന്മാർക്കുമുള്ള വസ്തുക്കളെ ഒക്കെയും കുത്തിക്കവർന്നെടുത്തിട്ടു്, മഹാഘോഷത്തോടുകൂടി കൊച്ചിയിലേക്കു മടങ്ങിപ്പോകയും ചെയ്തു. അന്നു മുതൽ ജൂതന്മാർ തങ്ങളുടെ ജന്മഭൂമിയെ വിട്ടു് അടുക്കെയുള്ള ഊരുകളിൽ പോയി പാർത്തു് ‘ജറുസലേം നഗരനാശം പോലെ ഒരു കലാപം’ എന്നു മുറയിട്ടു. വല്ലവർ കൊടുല്ലൂരിൽ വന്നു കൂലിപ്പണി ചെയ്താലും അവിടെനിന്നു ഊണു കഴിക്കാതെ പുഴയുടെ അക്കരെ പോയിത്തന്നെ ഉണ്ണും. മരിച്ചാൽ അഞ്ചു വർണ്ണമെന്ന ജന്മഭൂമിയിൽനിന്നു് ഒരുപിടി മണ്ണു് എങ്കിലും കുഴിയിലിട്ടുവേണം മൂടുവാൻ എന്നു കേട്ടിരിക്കുന്നു. [9]

ഇനിയുള്ള ചരിത്രത്തെപ്പറ്റി അധികമായി ഒന്നും പറയാനില്ല. കൊച്ചീരാജാവു് പോർത്തുഗീസുകാരുടെ പിടിയിൽ ആയി. അവർ തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കുന്നതിനു് ഉതകുന്ന എല്ലാ പ്രവൃത്തികളും മുറയ്ക്കു തുടങ്ങി. കിട്ടുന്നവരെയൊക്കെ ബലം പ്രയോഗിച്ചും അല്ലാതെയും ക്രിസ്തുമതത്തിൽ ചേർക്കാൻ അവർ തീർച്ചപ്പെടുത്തി. കോട്ടയ്ക്കുള്ളിൽ ക്രിസ്ത്യേതരന്മാർ കടന്നാൽ തല കൊയ്തുകളയുമെന്നൊരു വ്യവസ്ഥയും ചെയ്തു. ആ വ്യവസ്ഥ ചെയ്തതു് അൽബുക്കർക്കാകുന്നു. ഏതൽഫലമായി നാനൂറില്പരം ആളുകൾ ക്രിസ്ത്യാനിമാർഗ്ഗം സ്വീകരിക്കേണ്ടതായി വന്നു. അവർ അല്പകാലത്തിനുള്ളിൽ കേരളത്തിൽ വരുത്തിവച്ച നാശങ്ങളെ ആർക്കും വർണ്ണിക്കാവുന്നതല്ല. ആൽബുക്കർക്കിന്റെ ഉദ്ദേശ്യം ഏതാണ്ടു ഫലിച്ചപ്പോൾ, തലസ്ഥാനം ഗോവയിലേക്കു മാറ്റാൻ അദ്ദേഹം നിശ്ചയിച്ചു. ഇതു് കൊച്ചിരാജാവിനു രസിച്ചില്ല എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 1513 ഡിസംബർ 11-നു കൊച്ചീരാജാവു് പോർത്തുഗൽ രാജാവിനു് അയച്ച കത്തു് അദ്ദേഹത്തിന്റെ താല്ക്കാലികസ്ഥിതിയെ നല്ലപോലെ വെളിപ്പെടുത്തുന്നു.

“ഇന്ത്യയിലെ പ്രധാന രാജാവായി നമ്മെ വാഴിക്കാമെന്നുള്ള കരാറോടുകൂടി അടുത്തല്ലോ അവിടുന്നു് ഒരു സ്വർണ്ണക്കിരീടം അയച്ചുതന്നതു്… അവിടുത്തെ പ്രതിനിധിയായ ഗവർണ്ണർ നമ്മെ ഇന്ത്യയിലെ പ്രധാന രാജാവാക്കിത്തരാമെന്നും നമ്മുടെ നേരെ വരുന്ന ശത്രുക്കളെ ഹനിക്കുന്ന വിഷയിൽ നമുക്കു പിന്തുണയായി നില്ക്കുമെന്നും… പള്ളിയിൽ വെച്ചു സത്യം ചെയ്തു. എന്നാൽ ഇപ്പോൾ ഡാംഗാർഷ്യാ മക്കത്തേക്കു പോകുന്ന കോഴിക്കോട്ടുകാരുടെ കച്ചവടക്കാർക്കു രഹദാരി കൊടുത്തിരിക്കുന്നു. [10]

“വിവിധജാതിമതക്കാർക്കു വലിയ സ്ഥാനമാനങ്ങളും, ഭൂസ്വത്തുക്കളും, ദേവാലയങ്ങൾ നിർമ്മിച്ചു് സ്വസ്വധർമ്മത്തെ യഥാവിധി അനുഷ്ഠിച്ചുകൊള്ളുന്നതിനു് അനുവാദവും നല്കിയ പെരുമാക്കന്മാരുടെ രാജ്യത്തു്, അന്നാട്ടുകാർക്കു മതം മാറാതെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ നിവൃത്തിയില്ലാതായി. കൊച്ചീ രാജാവിനു് അണിയാനുള്ള മകുടം പോർത്തുഗലിൽനിന്നു വരേണ്ടിവന്നു. ഈ വിഷയത്തിൽ പോർത്തുഗീസുകാരെ അധിക്ഷേപിക്കാനില്ല. അവർ തങ്ങളുടെ ധർമ്മത്തെ പ്രചരിപ്പിക്കുന്നതിനും, രാജ്യത്തിന്റെയും, രാജാവിന്റെയും ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിനും വേണ്ടി, അവരാൽ കഴിയുന്നതൊക്കെ ചെയ്തു. അന്നത്തെ കൊച്ചീരാജാക്കന്മാരാകട്ടെ, സ്വജനത്തെ ദ്വേഷിച്ചും പരധർമ്മത്തേയും പരദേശികളേയും നന്നാക്കാനാണു് ഒരുങ്ങിയതു്. രാജാവും പ്രജകളും ക്രിസ്തുമതത്തെ അവലംബിച്ചിരുന്നുവെങ്കിൽ ഈ അവമാനമെങ്കിലും വരുത്താതെ കഴിച്ചുകൂട്ടാമായിരുന്നു. കൊച്ചീരാജാവിനെ ക്രിസ്ത്യാനിമാർഗ്ഗത്തിൽ ചേർക്കാൻ കഴിയുന്നത്ര ശ്രമിക്കണമെന്നുള്ള ആജ്ഞ പോർത്തുഗൽ രാജാവു് ആൽബുക്കർക്കിനു നൽകീട്ടുമുണ്ടായിരുന്നു. അയാൾ ഡ്യൂവാർട്ടി ബാർബോസാവഴിക്കു് ഈ കാര്യത്തെപ്പറ്റി തമ്പുരാനുമായി സംസാരിക്കാതിരുന്നുമില്ല. പക്ഷേ ഉദ്ദേശ്യം ഫലിച്ചില്ലെന്നേ ഉള്ളു. രാജാവു മതഭ്രഷ്ടനായി, കൃസ്ത്യൻമാർഗ്ഗത്തെ സ്വീകരിച്ചുവെങ്കിൽ രാജാസ്ഥാനം വഹിക്കാൻ നായന്മാർ അദ്ദേഹത്തിനെ അനുവദിക്കുന്നതല്ലായിരുന്നു. അവരുടെമേൽ രാജാവിനുണ്ടായിരുന്ന അധികാരം അതോടുകൂടി അവസാനിക്കും. അതുകൊണ്ടു് ഇത്ര പ്രാധാന്യമേറിയ ഒരു സംഗതി തീർച്ചയാക്കേണ്ടതു് വളരെ ആലോചിച്ചിട്ടു വേണ്ടതാണെന്നു് തമ്പുരാൻ അരുളിച്ചെയ്തതുകേട്ടു് ആൽബുക്കർക്കു തൃപ്തിപ്പെട്ടു [11] വെറുതെയാണോ പോർത്തുഗീസുകാർക്കു രാജാവിനോടും നായന്മാരോടും വിരോധം തോന്നിയതു്. പോർത്തുഗീസുകാരുടെ അക്രമങ്ങളും മതപരിവർത്തനനയവും നമ്പൂതിരിമാരെയും വല്ലാതെ പരിഭ്രമിപ്പിച്ചു. ഹൂണന്മാരായ പോർത്തുഗീസുകാർക്കു് അഭയം കൊടുത്ത രാജ്യത്തിനു് ഒരുകാലത്തും ഗുണം വന്നുകൂടെന്നും സാമൂതിരി ജയിച്ചാൽ ഈ ഹൂണന്മാർ നാടുവിട്ടുപോകുമെന്നും പ്രധാനികളായ ചില നമ്പൂതിരിമാർ കൊച്ചീതമ്പുരാന്റെ ആളുകളെ ദുഷ്പ്രേരണ ചെയ്തു തിരിച്ചു സാമൂതിരിയുടെ പക്ഷത്തിലേക്കാക്കി. പിന്നെ ശേഷിച്ചവരെ തോല്പിക്കാൻ സാമൂതിരിക്കു പ്രയാസം ഉണ്ടായില്ല.

ഇതിനിടയ്ക്കു് പോർത്തുഗീസുകാർ ചെയ്തിട്ടുള്ള കടുംകൈകൾക്കു് അവസാനമില്ല. കൊച്ചീരാജാവിന്റെ സ്ഥിതി മി. പത്മനാഭമേനോൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

“കൊച്ചീത്തമ്പുരാനുമായി അടുത്തു മുമ്പിൽ ഇരുന്ന ഗവർണ്ണറന്മാർ നീരസമായിട്ടാണു കഴിഞ്ഞുവന്നതു്. ഡക്കൂഞ്ഞ ഗവർണ്ണരായി കൊച്ചിയിൽ എത്തിയപ്പോൾ, തമ്പുരാനെ പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാൻ കൂടി തരമില്ലാത്ത വിധത്തിൽ കോവിലകത്തിനകത്തു് ഇരുത്തിയിരിക്കയായിരുന്നു. അവിടുത്തെനേരെ അനേകം അനീതിയും അക്രമവും പ്രവർത്തിച്ചിരുന്നു. പോർത്തുഗീസുകാരുമായ് സഖ്യത്തിൽ ഇരുന്നിരുന്ന മറ്റു രാജാക്കന്മാരെയും ഉപദ്രവിക്കുന്നതിനു് അശേഷം കുറവില്ലായിരുന്നു.”

1542 മുതൽ 1547-വരെ ഗവർണ്ണരായിരുന്ന മാർട്ടി ആൽഫാൺസോ ഡിസൂസ ദേവാലയങ്ങളെ കൊള്ളയടിക്കാൻ സമർത്ഥൻ എന്ന പേരു സമ്പാദിച്ചിരുന്ന ഒരു മാന്യനായിരുന്നത്രെ. അയാൾ കാഞ്ചീപുരത്തെ ക്ഷേത്രം കോള്ളയടിക്കാൻ ഭാവിച്ചെങ്കിലും, വിജയനഗരം രാജാവിന്റെ സാമർത്ഥ്യത്താൽ അതിനു സാധിച്ചില്ല. അതുകൊണ്ടു് അയാൾ നേരെ കായംകുളത്തേക്കു തിരിച്ചു. തേവലക്കരക്ഷേത്രത്തിൽ ഒട്ടു വളരെ ധനം കെട്ടിയിരിപ്പുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടു് അയാൾ, ക്ഷേത്രാധികാരികളും കാവൽച്ചങ്ങാതവും ഇല്ലാത്ത തക്കം നോക്കി ആ ദേവാലയത്തെ കൊള്ളയിട്ടു. ഇങ്ങനെ ഈ ഗവർണ്ണരുടെ അക്രമങ്ങൾ ദുസ്സഹമായിത്തീർന്നപ്പോൾ, ജനങ്ങൾ ഒത്തുചേർന്നു് അയാളെ ഉപദ്രവിച്ചുതുടങ്ങുകയും, ഒടുവിൽ ഇവിടെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെ, ഉദ്യോഗം രാജി വെച്ചിട്ടു് സ്വരാജ്യത്തേക്കു പോവുകയും ചെയ്തു.

പോർത്തുഗീസുകാർക്കു് മിത്രാമിത്രഭേദമൊന്നുമില്ലായിരുന്നു. 1549-ൽ അവർ കൊച്ചീത്തമ്പുരാന്റെ സ്വന്തമായ പള്ളുരുത്തിക്ഷേത്രം ഫ്രാൻസിസ് ഡി സിൽവയുടെ നേതൃത്വത്തിൽ കവർച്ചചെയ്യാൻ ഒരുമ്പെട്ടു. വിശ്വാസവഞ്ചകികളായ നായന്മാരുടെ സഹായമില്ലായിരുന്നെങ്കിൽ ആ ക്ഷേത്രത്തിൽ ഒരു കാശിന്റെ വകപോലും ബാക്കി കാണുമായിരുന്നില്ല. ഈ സംഭവത്തിനുശേഷം പുറത്തുകാലിനും കൊച്ചിക്കും തമ്മിൽ ഈർഷ്യ വർദ്ധിച്ചുവന്നുവത്രെ.

1583-ൽ ഡാം ഫ്രാൻസിസ്ക്കോ മാസ്ക്കേൺഹാസ് എന്ന ഗവർണ്ണർ കൊച്ചീ രാജാവിനെ നിർബന്ധിച്ചു് ആ രാജ്യത്തെ ചുങ്കം മുഴുവനും പോർട്ടുഗീസുകാർക്കു് ഒഴിഞ്ഞെഴുതിക്കൊടുപ്പിച്ചു. എന്നാൽ നാട്ടുകാർ ക്ഷോഭിച്ചു്, ജീവൻ കളഞ്ഞും തങ്ങളുടെ അവകാശങ്ങളെ സ്ഥാപിക്കണമെന്നു തീർച്ചപ്പെടുത്തിയതിനാൽ പോർത്തുഗീസുകാരുടെ ശ്രമം ഫലിച്ചില്ലെന്നേയുള്ളു.

നസ്രാണികളും പോർത്തുഗീസുകാരും

ക്രിസ്ത്യാനികൾ എന്ന നിലയിൽ ഈ രണ്ടുകൂട്ടർക്കുംതമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നെങ്കിലും, നസ്രാണികളുടെ ഇടയ്ക്കും ഭിന്നിപ്പിനു് പോർത്തുഗീസുകാർ ഇടവരുത്തി. 1599 ജനുവരി മാസം അലക്സിസ് ഡി മെനസ്സസ് എന്ന ഗോവയിലെ ആർച്ചുബിഷപ്പ് കൊച്ചിയിൽ വന്നു. അദ്ദേഹത്തിനു് രണ്ടുദ്ദേശ്യങ്ങളാണുണ്ടായിരുന്നതു്. 1. കോട്ടയ്ക്കലെ മഹമ്മദീയക്കോട്ട പിടിച്ചടക്കുക. 2. നസ്രാണികളെ റോമിലേക്കു വശപ്പെടുത്തുക. ഇവയിൽ ആദ്യത്തെ ഉദ്ദേശ്യത്തിന്റെ സാഫല്യത്തിനുവേണ്ടി അദ്ദേഹം കൊച്ചീക്കോട്ടയിലെ ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി, ഒരു സൈന്യവിഭാഗം കോട്ടയ്ക്കലേയ്ക്കു് അയയ്ക്കാൻ ഏർപ്പാടുചെയ്തു.

അനന്തരം സുറിയാനിക്രിസ്ത്യാനികളുടെ മേലദ്ധ്യക്ഷനായ ആർച്ചു ഡീക്കനെ തനിക്കു വശപ്പെടുത്തിത്തരണമെന്നു് അദ്ദേഹം കൊച്ചീരാജാവിനോടു് അപേക്ഷിച്ചു. അതിനും പുറമേ അദ്ദേഹംതന്നെ പള്ളിതോറും നടന്നു പ്രസംഗങ്ങൾ നടത്തി. “അങ്ങനെ പള്ളികൾ സന്ദർശിച്ചുനടക്കുന്ന കൂട്ടത്തിൽ മുളന്തുരുത്തിൽനിന്നു് ഉദയമ്പേരൂർ ചെന്നു്, അവിടെവച്ചു് ആദ്യമായി കത്തനാരന്മാർക്കു് പട്ടം കൊടുക്കാൻ നിശ്ചയിച്ചു. ഈ സഞ്ചാരത്തിൽ ആർച്ചുബിഷപ്പിനു ചില അസഹ്യതകൾ നേരിടുകയുണ്ടായി. കൊച്ചീത്തമ്പുരാന്റെ മന്ത്രിയോടു് അവിടെ ചെല്ലാൻ മുൻകൂട്ടി ഏർപ്പാടു ചെയ്തിരുന്നു. അദ്ദേഹവും ആർച്ചുബിഷപ്പും തമ്മിൽ പള്ളിയുടെ പൂമുഖത്തുവച്ചു് കൂടിക്കാഴ്ചയുണ്ടായി. ഉദയമ്പേരൂരെ കാര്യക്കാരു തന്റെ ശ്രമങ്ങൾക്കു് എതിരായി പ്രവൃത്തിക്കുന്നതുകൂടാതെ ക്രിസ്ത്യാനികൾ തന്റെ സന്നിദ്ധിയിൽ വന്നുകൂട എന്നു വിരോധിക്കയും തമ്പുരാന്റെ പ്രജകളായ നായന്മാർ മുതല്ക്കുള്ള അവിശ്വാസികളെക്കൊണ്ട് തന്നെയും പരിവാരങ്ങളായ ക്രിസ്ത്യാനികളേയും അവമാനിപ്പിക്കയും ചെയ്യുന്നുവെന്നും ആക്ഷേപിച്ചു. സർവ്വാധികാര്യക്കാർ കാര്യക്കാർക്കുവേണ്ടി സമാധാനം പറവാൻ ആരംഭിച്ചയുടനെ സഹിക്കവയ്യാത്ത ശൂണ്ഠിയോടുകൂടി ആർച്ചുബിഷപ്പു് തന്റെ കൈയിൽ പിടിച്ചിരുന്ന ചൂരൽവടി കർശനമായി മൂന്നു പ്രാവശ്യം നിലത്തു കുത്തി ഒച്ച എടുപ്പിച്ചുംകൊണ്ടു് ഉച്ചത്തിൽ അലറിവിളിച്ചു് ഇപ്രകാരം പറഞ്ഞു:– എന്നോടു് ഒന്നും പറവാൻ തുടങ്ങേണ്ട. നിങ്ങളുടെ മനസ്സിലുള്ളതു് ഇനിക്കു നല്ലവണ്ണം അറിയാം. എന്നോടും ക്രിസ്ത്യവിഷയങ്ങളോടും നിങ്ങൾക്കു എത്രത്തോളം ദ്വേഷമുണ്ടെന്നും എനിക്കു് അറിവുണ്ടു്. എന്നാൽ നിങ്ങളേക്കാൾ ഞാൻ അധികം കുറ്റക്കാരനാക്കി പറയേണ്ടതു് വേറൊരാളെയാണു്. അതു് ആരെ എന്നാൽ നിങ്ങളുടെ രാജാവിനെത്തന്നെ. അദ്ദേഹം പോർട്ടുഗൽ മഹാരാജാവിന്റെ, സേനാസോദരനായിരുന്നുംകൊണ്ടു് അദ്ദേഹത്തിന്റെ രാജ്യത്തുവെച്ചു് എന്നെ ഇങ്ങനെയുള്ള സങ്കടങ്ങൾ അനുഭവിപ്പിക്കുന്നു. ആട്ടെ, എന്നാൽ ഞാൻ പറഞ്ഞതായി തമ്പുരാനെ അറിയിക്കൂ. എന്നെ എങ്ങനെയെല്ലാം അദ്ദേഹം ഉപദ്രവിച്ചിട്ടുണ്ടെന്നുള്ളതു് പോർട്ടുഗൽ രാജാവു് അറിയും. അധികം താമസത്തിനു് ഇടയാവാതെ തമ്പുരാൻ അതിനെക്കുറിച്ചു വ്യസനിക്കേണ്ടതായും വരും.”

സാധു സർവ്വാധികാര്യക്കാർ വല്ലാതെ പരിഭ്രാന്തചിത്തനായിട്ടു് കഴിയുന്ന സമാധാനങ്ങൾ ഒക്കെ പറഞ്ഞുനോക്കി. എന്നിട്ടും ആർച്ചുബിഷപ്പിന്റെ കോപാഗ്നി കുറേക്കൂടി ഉജ്വലിച്ചതേയുള്ളു. സർവാധികാര്യക്കാർ ‘സർവാധി’ കാര്യക്കാർ തന്നെ ആയി. അദ്ദേഹം ക്രിസ്ത്യാനികളെയെല്ലാം കീഴടക്കുന്ന വിഷയത്തിൽ തമ്പുരാന്റെ സഹകരണം പൂർണ്ണമായുണ്ടാകുമെന്നു പറഞ്ഞപ്പോൾ “ശരി, എനിക്കു് അതു് അചിരേണ അറിയാറാവും. നിങ്ങൾ നിഷ്ക്കളങ്കം പെരുമാറുന്നപക്ഷം ഉടൻതന്നെ എല്ലാ ക്രിസ്ത്യാനികളേയും വിളിച്ചുവരുത്തി, ഭൂമിയിൽ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ക്രൈസ്തവരെയെല്ലാവരും നമിക്കുന്നതും പോർത്തുഗൽ രാജാവു കീഴടങ്ങിയിരിക്കുന്നതുമായ റോമാപ്പള്ളിയോടു യോജിച്ചു് എന്നെ അവരുടെ മേൽപട്ടക്കാരനായി സ്വീകരിപ്പാൻ തമ്പുരാന്റെ തിരുനാമത്തിൽ അവർക്കു കല്പന കൊടുക്കുക. ആർച്ചുഡീക്കനെ അവർ എന്നേയ്ക്കും ത്യജിച്ചുകളയണം. എന്നുവേണ്ട ചുരുക്കിപ്പറയുന്നതായാൽ, ഞാൻ അവരോടു് എങ്ങനെ കല്പിക്കുന്നുവോ അപ്രകാരമെല്ലാം അവർ പ്രവർത്തിക്കണം.” കൊച്ചി രാജ്യചരിത്രം ഒന്നാംഭാഗം.

സർവാധികാര്യക്കാർ അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും പെട്ടെന്നു വലിയ പ്രയോജനമുണ്ടായില്ല രാജാവും ആർച്ചുബിഷപ്പും തമ്മിൽ ഒരു വാക്സമരത്തിനുപോലും ഇടവന്നു.

“അജ്ഞാനിയെന്നു ജഗൽ പ്രസിദ്ധിയുള്ള തമ്പുരാനെ അറിയിച്ചു പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ആർച്ചുഡീക്കനെ ഒരു ശരിയായ ക്രിസ്ത്യാനിയെന്നു വിചാരിച്ചുകൂട” എന്നു ബിഷപ്പുപറഞ്ഞപ്പോൾ തമ്പുരാനും കോപം വന്നു. പക്ഷെ അസ്വാമി കോപിച്ചതുകൊണ്ടെന്തു പ്രയോജനം? അതിനാൽ അദ്ദേഹം വീണ്ടും ബിഷപ്പിനെ സമാധാനപ്പെടുത്താൻ നോക്കി.

“ആട്ടെ, അവർ (ക്രിസ്ത്യാനികൾ) നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യും. നിങ്ങളുടെ പ്രീതിയെ ഞാൻ എപ്പോഴും കാത്തിരിക്കുന്നു” എന്ന രാജോക്തി കേട്ടപ്പോൾ ബിഷപ്പ് ശാന്തനായി. ഈ സംഭവത്തെപ്പറ്റി റവറണ്ടു് ഹാഫ് ഇന്ത്യയിലെ ക്രൈസ്തവചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

“ഈ സംഭാഷണത്തിൽനിന്നു് ഹിന്തുമതവിശ്വസി ആകയാൽ അജ്ഞാനി എന്നു വിശ്വസിക്കപ്പെട്ട രാജാവു്, ജ്ഞാനത്തിന്റെ വിളനിലമായി സ്വയം ഗണിച്ച ക്രിസ്ത്യൻ ആർച്ചുബിഷപ്പിനെക്കാൾ ശാന്തതയും, മഹാമനസ്കതയും പ്രകാശിപ്പിച്ചതായി പ്രത്യക്ഷപ്പെടുന്നു.”

ഏതായിരുന്നാലും ബിഷപ്പിന്റെ ഉദ്ദേശ്യം സാധിച്ചു. അദ്ദേഹം പോകുംവഴിക്കൊക്കെ അവിശ്വാസികളെ ക്രൈസ്തുമാർഗ്ഗത്തിൽ ചേർത്തുകൊണ്ടു് വിജയപൂർവ്വം ഗോവയിലേക്കു തിരിച്ചു. അവിടെനിന്നു പോകുന്നതിനു മുമ്പായി അദ്ദേഹം രാജാവുമായി നടന്ന ഒരു സംഭാഷണത്തിന്റെ ഏതാനും ഭാഗം കൂട്ടിച്ചേർക്കാം. “തിരുമനസ്സുകൊണ്ടു ഇനി മുക്തി ലഭിക്കുന്നതിനുള്ള മാർഗ്ഗം ചിന്തിച്ചാൽ കൊള്ളാമെന്നു ഞാൻ കാംക്ഷിക്കുന്നു. അങ്ങു് ഇത്ര പ്രബലനും, ബുദ്ധിമാനും, വിവേകിയും, ബാല്യകാലം മുതല്ക്കേ പോർച്ചുഗീസുകാരുടെ മിത്രവും ആയിരുന്നിട്ടും, നിന്ദ്യമായ വിഗ്രഹാരാധനയ്ക്കു് അടിമപ്പെട്ടിരിക്കുന്നല്ലോ. ക്രിസ്ത്യാനികൾ വന്ദിക്കുന്ന ഏകനായ സത്യദൈവത്തെ അറിവാൻ അങ്ങു കാംക്ഷിക്കുന്നില്ലല്ലോ. കഷ്ടം! മനുഷ്യനു ഏക മുക്തിമാർഗ്ഗമായിരിക്കുന്ന യേശുക്രിസ്തുവിന്റെ തിരുമൊഴികളെ ഗ്രഹിക്കുന്നില്ലല്ലോ?”

രാജാവു്:
തങ്ങൾക്കു സത്യമെന്നും ഗുണമെന്നും ബോധംവന്നിട്ടുള്ള സംഗതികളെ തങ്ങളുടെ ഇഷ്ടന്മാരെ ധരിപ്പിക്കണമെന്നുള്ള ആഗ്രഹം മനുഷ്യർക്കു് സ്വാഭാവികമായുണ്ടാവുന്നതുതന്നെ. എന്നാൽ ക്രിസ്തുമാർഗ്ഗം ശരിയാണെന്നു എനിക്കു ബോധം വന്നിരുന്നെങ്കിൽ, ഞാൻ ഇതിനുമുമ്പേ അതു സ്വീകരിക്കുമായിരുന്നു.
ബിഷപ്പു്:
തിരുമേനി സ്വികരിക്കണമെന്നു് ഞാൻ ഉപദേശിക്കുന്ന ധർമ്മത്തെ അംഗീകരിക്കാത്തവർക്കു സ്വർഗ്ഗോപലബ്ധിയുണ്ടാകയില്ല. ഈശ്വരസൃഷ്ടിയുടെ മാഹാത്മ്യം അവർക്കു് ആസ്വദിച്ചറിവാൻ സാധിക്കയുമില്ല.
രാജാ:
സ്വർഗ്ഗം എന്നാൽ എന്താണു്? നിങ്ങൾ പ്രശംസിക്കുന്ന ആ ഈശ്വരമാഹാത്മ്യത്തിന്റെ സ്വഭാവവും എന്നോടൊന്നു വിവരിച്ചു പറയുക.
ബിഷപ്പു്:
സ്വർഗ്ഗമെന്നാൽ സർവസൗഭാഗ്യങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണു്. ഈശ്വരൻ തന്നിൽ വിശ്വസിച്ചു് ജ്ഞാനസ്നാനം ചെയ്തു്, തന്റെ ആജ്ഞയ്ക്കു വഴങ്ങിനിൽക്കുന്ന സ്വന്തമനുഷ്യർക്കു തന്റെ മാഹാത്മ്യം കാണിച്ചുകൊടുക്കാനായി ആ സ്ഥലത്തേ സൃഷ്ടിച്ചു.
രാജാ:
ഇതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്? ഇതു പറഞ്ഞുതരുന്നതിനു് ആരാണു് ഇങ്ങോട്ടു വന്നതു്?
ബിഷപ്പു്:
ഇതു ഞങ്ങളുടെ വിശ്വാസമാണു്. സത്യമായ വിശ്വാസമാണെന്നു ലോകർക്കു വെളിപ്പെടുത്തിക്കൊടുക്കാനായി ഞങ്ങൾ ജീവനെക്കൂടി സസന്തോഷം ബലികഴിപ്പാൻ ഒരുക്കമാണു്; എന്നു മാത്രമല്ല സർവ്വസൃഷ്ടികർത്താവായ ദൈവത്തിന്റെ പുത്രൻ ഞങ്ങൾക്കുവേണ്ടി ഭൂമിയിൽ മനുഷ്യനായി അവതരിച്ചു് ഈ സംഗതികളെ എല്ലാം ഞങ്ങളെ അറിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സാക്ഷ്യം അസന്നിഗ്ദ്ധമായിട്ടുള്ളതാണു്. അദ്ദേഹം, തന്റെ പിതാവായ ഈശ്വരനോടു് ഞങ്ങളെ ചേർക്കാൻ വേണ്ടി കുരിശിൽ മരിച്ചു. ഉടൻതന്നെ യേശു, പുനരുത്ഥാനം ചെയ്തിട്ടു്, ശിഷ്യന്മാരെല്ലാം കാൺകെ പ്രഭാതരളിതാംഗനായി സ്വർഗ്ഗത്തിലേക്കു ഗമിക്കയും ചെയ്തു. അദ്ദേഹത്തിൽനിന്നു ലഭിച്ച ജ്ഞാനത്തെയാണു് ഞങ്ങൾ ലോകത്തിൽ പ്രചരിപ്പിക്കുന്നതു്.
രാജാവു്:
ഈ പറഞ്ഞതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്?
ബിഷപ്പു്:
പരിശുദ്ധാത്മാവിന്റെ ആജ്ഞാനുസാരം യേശുക്രിസ്തു നടത്തിയ അത്ഭുതകൃത്യങ്ങളെ നാലു പുരാണലേഖകന്മാർ രേഖപ്പെടുത്തീട്ടുണ്ടു്. അവർ എഴുതിവെച്ചിട്ടുള്ളതിൽ പിശകുണ്ടാകാൻ തരമില്ല. അവരിൽ രണ്ടുപേർ അദ്ദേഹത്തിനോടുകൂടി ഇരുന്നു്, അഭിമുഖസംഭാഷണം ചെയ്തിട്ടുള്ളവരാണു്. അദ്ദേഹത്തിന്റെ അന്തേവാസികളായിരുന്ന അപ്പോസ്തലന്മാരും, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യഗണവും ഈ സത്യാവസ്ഥകളെല്ലാം ഞങ്ങളുടെ പൂർവികന്മാരോടു പ്രസംഗിച്ചു; പാരമ്പര്യക്രമത്തിൽ അവ ഞങ്ങൾക്കും ലഭിച്ചു. എന്നു മാത്രമല്ല, ഞങ്ങളുടെ രക്ഷകൻ മനുഷ്യനായി ഭൂമിയിൽ അവതരിക്കുന്നതിനു മുമ്പേതന്നെ, ദീർഘദർശികൾ അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്റെ ആഗമനത്തെപ്പറ്റിയും പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ടു്, അദ്ദേഹം അവതരിച്ചപ്പോൾ, അദ്ദേഹംവഴിക്കു മാത്രമേ മനുഷ്യർക്കു മുക്തി ലഭിയ്ക്കൂ എന്നു് എല്ലാവരും വിശ്വസിച്ചു.
രാജാ:
എന്നാൽ അവർ ഭൂമിയിൽ ഏതൊരു കാലത്തെങ്കിലും ജീവിച്ചിരുന്നുവെന്നോ, നിങ്ങൾ പറയുംപോലെ പ്രസംഗിച്ചുവെന്നോ ഞാൻ എങ്ങനെ വിശ്വസിക്കും?
ബിഷപ്പു്:
ആകട്ടേ; ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പോർത്തുഗീസുകാർ കൊച്ചിയിൽ വന്നപ്പോൾ, അവരെ പെരുമ്പടപ്പു തമ്പുരാക്കന്മാർ സ്നേഹപൂർവം സ്വീകരിച്ചുവെന്നും, അവരെ രക്ഷിക്കുന്നതിനുവേണ്ടി ഈ നാട്ടിലെ രണ്ടു പ്രഭുക്കന്മാർ പ്രാണനെക്കൂടി കളഞ്ഞുവെന്നും, തിരുമനസ്സുകൊണ്ടു് എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ.
രാജാ:
അന്നുണ്ടായിരുന്നവരായ ദൃക്സാക്ഷികൾ പറഞ്ഞറിഞ്ഞു. എന്നു മാത്രമല്ല, ഞങ്ങളുടേയും നിങ്ങളുടേയും ചരിത്രകാരന്മാർ ഈ സംഭവങ്ങളെപ്പറ്റി എഴുതിവെച്ചിട്ടുള്ള രേഖകൾക്കു യോജിപ്പുകാണുന്നുമുണ്ടു്. ആ സ്ഥിതിക്കു് അവയുടെ യാഥാർത്ഥ്യത്തെപ്പറ്റി സംശയിക്കാനില്ലല്ലോ.
ബിഷപ്പു്:
എന്നാൽ ഇതുതന്നെയാണു്, ഞാൻ ഇപ്പോൾ പറഞ്ഞ ഗ്രന്ഥകാരന്മാരുടെ സ്ഥിതിയും. അവർ ദൈവപുത്രന്റെ ദൃക്സാക്ഷികളായിരുന്നു. അവർ പറയുന്നതിനും നമ്മുടെ ചരിത്രകാരന്മാർ പറയുന്നതിനും തമ്മിൽ ഈ ഒരു അന്തരമേയുള്ളു. മനുഷ്യരായ ചരിത്രകാരന്മാർ പറയുന്നതിൽ അതിശയോക്തിയും കളവും കണ്ടേക്കാം. ദിവ്യചരിത്രകാരന്മാരുടെ പ്രമാണങ്ങളെ ആ ന്യൂനത ബാധിച്ചിട്ടേ ഇല്ല. അവരുടെ തൂലികയേ നയിച്ചതു് ഒരിക്കലും തെറ്റു വരാത്ത സാക്ഷാൽ ജഗദീശ്വരനാണു്.
രാജാ:
(സസ്മിതം) നിങ്ങൾ പറഞ്ഞ ന്യായങ്ങളൊന്നും എന്നെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായിരിക്കുന്നില്ല. എന്നാലും അവയെ കേൾക്കുന്നതിൽ എനിക്കും സന്തോഷമുണ്ടു്. എന്തുകൊ​ണ്ടെന്നാൽ, ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്താണെന്നു് അവയിൽനിന്നു ഗ്രഹിക്കാമല്ലോ. വേണമെങ്കിൽ ഞാൻ ഈ നാട്ടിലുള്ള വിദ്വജ്ജനങ്ങളേയും മഹാബ്രാഹ്മണരേയും വിളിച്ചുവരുത്തി, ഒരു യോഗം നടത്താം. അവർ എന്റെ സന്നിധിയിൽവെച്ചു് നിങ്ങളുടെ യുക്തികൾക്കു ശരിയായ സമാധാനം പറയും.
ബിഷപ്പു്:
അങ്ങനെ ഒരു യോഗം ഉണ്ടായാൽ കൊള്ളാമെന്നു് ഞാനും ആഗ്രഹിച്ചിരിക്കയാണു്. ഞാൻ പല രാജാക്കന്മാരോടു് ആവശ്യപ്പെട്ടിട്ടും അവർ അങ്ങനെ ആവാമെന്നു സമ്മതിച്ചിട്ടുള്ളതല്ലാതെ ഇതുവരെ ഒന്നും സമ്മതിച്ചിട്ടില്ല. ബ്രാഹ്മണർ വാദം നടത്താൻ ഒരുമ്പെടുന്ന കാര്യം സംശയമാണു്. സത്യത്തിന്റെ സാരം ഗ്രഹിച്ചിട്ടില്ലാത്ത അജ്ഞാനികൾ സത്യത്തിനു വിപരീതമായേ വാദിക്കൂ.
രാജാ:
നിങ്ങൾക്കു തിടുക്കമായി ഗേവായ്ക്കു പോകേണ്ടിയിരിക്കുന്നല്ലോ. നമുക്കും അടിയന്തിരമായി ചില കാര്യങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അതിനാൽ ബ്രാഹ്മണയോഗം ഇപ്പോൾ വിളിച്ചുകൂട്ടാൻ തരമില്ലാതെ വന്നതിൽ വ്യസനിക്കുന്നു.
ബിഷപ്പു്:
യോഗം വിളിച്ചുകൂട്ടാൻ തരമുള്ള പക്ഷം ഞാൻ യാത്ര തൽക്കാലം മാറ്റിവെയ്ക്കാം.

പക്ഷേ, രാജാവിനു് കൃത്യാന്തരബാഹുല്യം നിമിത്തം യോഗം വിളിച്ചുകൂട്ടാൻ അപ്പോൾ തരമില്ലായിരുന്നു. എന്നാൽ സാധു ബിഷപ്പിനു് അക്കാര്യത്തിൽ തിടുക്കമായി. പണ്ഡിതാഗ്രണികളായ മലയാളബ്രാഹ്മണരെ അര നിമിഷത്തിൽ തോല്പിച്ചു വിടാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. യോഗം അപ്പോൾ നടക്കയില്ലെന്നു കണ്ടപ്പോൾ, പാതിരി കോപാന്ധനായി ഇങ്ങനെ ശപിച്ചു.

“സത്യവചനങ്ങളെ എത്രതന്നെ ഉപദേശിച്ചിട്ടും അവയെ സ്വീകരിക്കാത്ത അവിടുത്തേക്കു് അന്ത്യവിധിദിവസത്തിൽ ലഭിക്കുന്ന ദണ്ഡവിധി ഭയങ്കരമായിരിക്കും.”

“ആകട്ടേ, ആ സംഗതിയെപ്പറ്റി നമുക്കു് അവിടെവെച്ചു സംസാരിക്കാം,”

കൊച്ചീരാജാവിന്റെ ഹാസ്യഗർഭിതമായ ഈ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാതെ പാതിരി പറഞ്ഞുതുടങ്ങി:–

“അതു പാടില്ല. അവിടം സംഭാഷണത്തിനുള്ള സ്ഥലമല്ല. അവിടെ വെച്ചു് ദൈവം അന്ത്യവിധി കല്പിക്കുന്നതു് എല്ലാവരും കേൾക്കേണ്ടിവരും. തിരുമനസ്സുകൊണ്ടു് അവിടുത്തേ ആരാധനയ്ക്കു വിഷയമായ പിശാചുക്കളുമായി നിത്യസഹവാസം ചെയ്യട്ടേ എന്നൊരു വിധി ഈശ്വരൻ നല്കും.

“ഈ മാതിരി സംഭാഷണം കുറേ കടന്നുപോകുന്നു” എന്നു പറഞ്ഞിട്ടു് രാജാവു് എഴുന്നേറ്റു പോയി. ഈ സംഭവം ഒരുവിധത്തിൽ രാജാവിന്നു വളരെ ഉപകരിച്ചു. അദ്ദേഹത്തിനു് സ്വധർമ്മത്തിലുള്ള നിഷ്ഠയെ അതു് അത്യന്തം വർദ്ധിപ്പിച്ചു. അദ്ദേഹം ഭാരതഖണ്ഡത്തിലെ മിയ്ക്ക പുണ്യസ്ഥലങ്ങളേയും സന്ദർശിച്ചും, നിരവധി പുണ്യകർമ്മങ്ങൾ ചെയ്തും, സ്വജീവിതത്തിന്റെ സായാഹ്നവേളയെ നയിക്കുന്നതിനു പ്രേരിതനായി.

ക്രിസ്തുമതപ്രചരണത്തിന്നുവേണ്ടിയും ധനാർജ്ജനത്തിനുവേണ്ടിയും ഏതു നിഷിദ്ധകർമ്മങ്ങളും ചെയ്യുന്നതിനു് പോർത്തുഗീസുകാർ മടിച്ചില്ല. സ്പെയിൻകാർ ഈ വിഷയത്തിൽ അമേരിക്കയിൽവെച്ചു ചെയ്തിട്ടുള്ള നിന്ദ്യവും നിഷ്ഠൂരവും ആയ കൃത്യങ്ങൾപോലും പോർത്തുഗീസുകാർ ഇന്ത്യയിൽ ചെയ്തതായ നീചകൃത്യങ്ങളോടുകൂടി കിടയാവുമോ എന്നു സംശയമാണു്. ഈ കടുംകൈകളുടെ ഫലമായി പറങ്കി എന്നു പേരുപോലും നീചാർത്ഥദ്യോതകമായി പരിണമിച്ചു.

1549-ൽ കാസ്മി ആന്നിസ് (Cosme Annes) എന്ന കൃസ്ത്യാനി പോർത്തുഗൽരാജാവിനു് അയച്ച ഒരു കത്തിൽ ഇപ്രകാരം വിലപിച്ചിരിക്കുന്നു.

“ഇന്ത്യയിൽ നീതിനിശ്ശേഷം അസ്തമിച്ചു. തിരുമേനിയുടെ വൈസ്രോയിയോടു് അപേക്ഷിച്ചാലും നീതി ലഭിക്കുന്നില്ല. ഏതുവിധത്തിലും പണം സമ്പാദിക്കണമെന്നു് ഒരൊറ്റ ആശ മാത്രമേ, തിരുമേനിയുടെ ഉദ്യോഗസ്ഥന്മാർക്കുള്ളു. പോർത്തുഗീസുകാരെ വിശ്വസിക്കുന്ന ഒരു മുസൽമാനെയും ഇവിടെ കാണുന്നില്ല. തിരുമേനിയുടെ കരുണാകടാക്ഷത്തെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തിരുമേനി കനിയേണമേ! കനിയേണമേ! കനിയേണമേ! ഞങ്ങളെ രക്ഷിക്കേണമേ! ഈ അന്ധകൂപത്തിൽ ആണ്ടുപോകുമ്മുമ്പേ ഞങ്ങളെ ഉദ്ധരിക്കേണമേ.”

കൊച്ചീരാജാവു് പോർത്തുഗീസുകാർക്കുവേണ്ടി എന്തെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും അതിനു് അവരിൽ നിന്നു ലഭിച്ച പ്രതിഫലം എന്തായിരുന്നു എന്നും നാം കണ്ടു. ഇനി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതി നോക്കാം.

1501-ൽ കൊല്ലത്തുനിന്നു് കാബ്രാളിനു് ഒരു ക്ഷണക്കത്തു കിട്ടിയതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഗാമയാണു് ആദ്യമായി ഏതാനും കപ്പലുകളെ തെക്കോട്ടയച്ചതു്. അവ കൊല്ലത്തുവന്നു് സാമാനങ്ങളും കയറ്റിക്കൊണ്ടു് കൊച്ചിയിലേക്കു് തിരിച്ചുപോയി. 1503-ാമാണ്ടിന്റെ അവസാനത്തിൽ, ആൽബുക്കർക്കു് കൊല്ലത്തു് അടുത്തു.

അദ്ദേഹം ദേശിങ്ങനാട്ടു രാജാവിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

[12] “കൊല്ലത്തെ രാജാവു് സത്യവാനും ധീരനുമാകുന്നു. നരസിംഹരാജാവുമായുള്ള യുദ്ധത്തിൽ അദ്ദേഹം 60000 വില്ലാളികളോടുകൂടി ആ രാജാവിനെ എതിർത്തു തോല്പിച്ചു. പ്രധാനഗവർണ്ണരായ നമ്പിയാദ്രിമിനെ കൂടാതെ നാടുഭരിക്കാനായി ആ നഗരത്തിൽ മുപ്പത്തിആറു പ്രമാണികൾ ഉണ്ടായിരുന്നു. ഇത്രഭംഗിയായി ഭരണം നടത്തിവന്ന വേറൊരു നഗരവും ഈ ദിക്കിലെങ്ങും ഉണ്ടായിരുന്നില്ല.

[13] “നമ്പിയാദൊറ എന്ന രാജാവു് ഞങ്ങളെ വളരെ കരുണയോടും മഹാമനസ്കതയോടും സ്വീകരിച്ചു. ഞങ്ങൾക്കു കുരുമുളകു തരുമോ എന്നു ചോദിച്ചപ്പോൾ, ഇരുപതു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്കു് ഇഷ്ടമുള്ള എല്ലാമാതിരി ഏലവർഗ്ഗവും കപ്പൽനിറയേ കയറ്റിത്തരാമെന്നു് അദ്ദേഹം മറുപടി പറഞ്ഞു: … കപ്പലിൽ കൊള്ളാത്തിടത്തോളം ചരക്കുകൾ കിട്ടിയതിനാൽ ഏതാനുംഭാഗം അവിടെ ഇട്ടിട്ടു പോരേണ്ടതായി വന്നു.”

ആൽബുക്കർക്കു കൊല്ലത്തു് ഒരു പണ്ടകശാല സ്ഥാപിച്ചശേഷം 1504 ജനുവരി പന്ത്രണ്ടാം തിയതി കൊച്ചിയിലേക്കു തിരിച്ചുപോന്നു. അഞ്ചിദ്വീപം, കണ്ണൂർ, കൊച്ചി, കൊല്ലം എന്നീ സ്ഥലങ്ങളിൽ പണ്ടകശാലകൾ സ്ഥാപിക്കണമെന്നുള്ള രാജാജ്ഞയും വഹിച്ചുകൊണ്ടാണു് ആൽബുക്കർക്കിന്റെ പിൻഗാമിയായ ഫ്രാൻസിസ്കോ ഡാൽമേയ്‍ഡ 1505-ൽ ഇന്ത്യയിൽ വന്നതു്. ഡാൽമേയിഡ ഹോമം (Homem) എന്ന കപ്പിത്താനെ അക്കാര്യം സാധിക്കുന്നതിനുവേണ്ടി കൊല്ലത്തേക്കു് അയച്ചു. പോർത്തുഗീസുകാർ ഈ അവസരത്തിൽ കൊല്ലത്തുനിന്നും ചരക്കു കേറ്റിക്കൊണ്ടുപോയ മഹമ്മദീയ ബോട്ടുകളെ എതിർത്തു് അവയിലുണ്ടായിരുന്ന സാമാനങ്ങളെ കവർന്നെടുത്തു. അറബികൾ കൊല്ലം രാജാവിന്റെ മന്ത്രിമാരുടെ അടുക്കൽ സങ്കടം ബോധിപ്പിക്കയാൽ, അവർ പറങ്കികളുടെ പണ്ടകശാലയിൽ ചെന്നു്, ചരക്കുകൾ അറബികൾക്കു തിരിച്ചുകൊടുക്കാൻ ആജ്ഞാപിച്ചുവെങ്കിലും പണ്ടകശാലാധിപതിയായ ഡീസായും കൂട്ടരും വകവെച്ചില്ല. അതുകൊണ്ട് മന്ത്രിയുടെ ഭടന്മാരായ നായന്മാരും ജോനകരുംകൂടി അവരെ എതിർത്തു് അവിടെനിന്നു തുരത്തുകയും പണ്ടകശാല ചുട്ടുപൊടിക്കയും ചെയ്തു. വൈസറായിയായ ആൽമെയിഡ, ഹോമമിനെ സ്ഥാനഭ്രഷ്ടനാക്കീട്ടു് പകരം തന്റെ പുത്രനായ ലോറൺസാവിനെ നിയമിച്ചു. ലോറൺസാ കൊല്ലത്തു് അടുത്തു തുറമുഖമുണ്ടായിരുന്ന 27 ബോട്ടുകളെ നശിപ്പിക്കുകയും അറബികളുടെ ഓടങ്ങളെ പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം, വിഴിഞ്ഞത്തുചെന്നു് അവിടെയുണ്ടായിരുന്ന മഹമ്മദീയവ്യാപാരികളേയും നശിപ്പിച്ചു.

1516-ൽ പോർത്തുഗീസു വൈസറായി ആയിരുന്ന സൂവാറസ കൊല്ലം രാജ്ഞായുമായി സന്ധിക്കരറു ചെയ്തു്, വീണ്ടും ആ നഗരവുമായി കച്ചവടം ആരംഭിച്ചു. കഴിഞ്ഞ ശണ്ഠയിൽ നശിപ്പിക്കപ്പെട്ട സെന്റു താമസു പള്ളിയെ രാജ്ഞിയും നാട്ടുകാരുംകൂടി വീണ്ടും പണിയിച്ചുകൊടുക്കുകയും പോർത്തുഗീസുകാരുമായല്ലാതെ മറ്റാരോടും വാണിജ്യം ചെയ്യുന്നതല്ലെന്നു കരാർ ചെയ്കയും ചെയ്തു.

1517-ൽ പണ്ടകശാലയുടെ അധിപതിയായി നിയമിക്കപ്പെട്ടു ഹെയ്റ്റർറൊഡ്റീഗസ് കൊല്ലത്തുവന്നു് രാജ്ഞിയെ കണ്ടപ്പോൾ, താൻ തിരുവിതാംകോടു് ആക്രമിക്കാനായി അടുത്തദിവസം പുറപ്പെടുന്നെന്നും, കണക്കപ്പിള്ളമാരും നായന്മാരുമെല്ലാം തന്റെ കൂടെ പോരുന്നതിനാൽ പള്ളിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ള സഹായധനത്തെപ്പറ്റി താൻ തിരിച്ചുവന്നശേഷം തീർച്ചപ്പെടുത്താമെന്നും രാജ്ഞി അഭിപ്രായപ്പെട്ടു.

ഏറെത്താമസിയാതെ, കൊല്ലത്തു് ഒരു കോട്ട കെട്ടണമെന്നു് സൂവാറസ് തീർപ്പെടുത്തിയിട്ടു്, നാലായിരം പണം രാജ്ഞിക്കു കൊടുത്തു് അതിനായി അനുവാദം വാങ്ങി. അതിനും പുറമേ റൊഡ്റീഗസ് രാജ്ഞിയുടെ പ്രധാന ഉദ്യോഗസ്ഥന്മാരായിരുന്ന ഉമ്മിണിപ്പിള്ളയുടേയും ബാലൻപിള്ളയുടേയും കുറുപ്പിന്റേയും സഖ്യവും സമ്പാദിച്ചു. പോർത്തുഗീസുകാരുടെ ഈ ഉദ്യമം നാട്ടുകാർക്കും ജോനകർക്കും കൊച്ചുതമ്പുരാക്കന്മാർക്കും രസിച്ചില്ല. അതുകൊണ്ട് റൊഡ്രിഗസ് 27 പറങ്കികളുമായി കോട്ടയുടെ അടിസ്ഥാനക്കല്ലിടാൻ ഭവിച്ചപ്പോൾ, രണ്ടായിരം നായന്മാർ അവിടെ എത്തുകയും, അവരെ തടയുകയും ചെയ്തു. പക്ഷേ പറങ്കികളുടെ പീരങ്കിപ്രയോഗത്തെ തടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ, അവർ തിരിച്ചുപോരേണ്ടി വന്നു. എന്നാൽ നാട്ടുകാരുടേയും കൊച്ചുതമ്പുരാക്കന്മാരുടേയും അഭിപ്രായം ശരിയാണെന്നു് അചിരേണ രാജ്ഞിക്കു് മനസ്സിലാവുകയാൽ, അതിനെ ആക്രമിച്ചു നിരത്തുന്നതിനു് ബാലൻപിള്ള നിയുക്തനായി. അദ്ദേഹം 1500 നായന്മാരോടുകൂടി, കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു്, ക്രിസ്ത്യാനികളെയെല്ലാം തടവുകാരാക്കി. ഈ ശണ്ഠയിൽ അനേകം നായന്മാർക്കു് ജീവനാശം സംഭിവിച്ചു.

1543-ൽ ഫ്രാൻസിസ് സാവിയർ തെക്കൻതിരുവിതാംകൂറിൽ വന്നു് പ്രചാരകവേല തുടങ്ങുകയും അനേകം മുക്കുവരെ ക്രിസ്തുമതത്തിൽ ചേർക്കയും ചെയ്തു. ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തിരുവിതാംകൂറിൽ 45 പള്ളികൾ പണിയിച്ചുവത്രെ. 1544-ൽ അദ്ദേഹം അയച്ച ഒരു കത്തിൽ തിരുവിതാംകൂറിലെ അന്നത്തെ രാജാവായിരുന്ന ദേശിങ്ങനാട്ടു ഭൂതലവീരകേരളവർമ്മയെ ദക്ഷിണേന്ത്യയുടെ അധിപതിയായ ഒരു മഹാരാജാവെന്നു വർണ്ണിച്ചുകാണുന്നു. വടുകപ്പടയുമായുള്ള യുദ്ധകാലത്തു് ഒരു അവസരത്തിൽ, അദ്ദേഹം മഹാരാജാവിനെ രക്ഷിച്ചതായും ഒരു ഐതിഹ്യമുണ്ടു്.

ഡീ സൂസാ എന്ന പറങ്കി തേവലക്കര തുടങ്ങിയ അനേകം ക്ഷേത്രങ്ങളെ നശിപ്പിച്ചതിന്റെ ഫലമായി ഫ്രാൻസിസിന്റെ പ്രചാരകജോലിക്കു വലിയ പ്രതിബന്ധങ്ങൾ നേരിട്ടുവെന്നു് അദ്ദേഹത്തിന്റെ കത്തുകളിൽ നിന്നു കാണാം. പോർത്തുഗീസുദ്യോഗസ്ഥന്മാരുടെ ദുഷ്കൃത്യങ്ങൾ നിമിത്തം മഹാരാജാവിനു ക്രിസ്ത്യാനികളോടു പൊതുവെ വിദ്വേഷം തോന്നിത്തുടങ്ങിയെന്നും തന്മൂലം തന്റെ ജോലിക്കു വിഘാതം നേരിട്ടിരിക്കുന്നു എന്നും അദ്ദേഹം 1554 മാർച്ച് 21-ാം തിയതിയിലെ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

മെനസ്സസ് ഉദയംപേരൂർസഭ കഴിഞ്ഞു് ദേശിങ്ങനാട്ടുചെന്നു് അവിടത്തെ രാജാവിനെ സന്ദർശിച്ച അവസരത്തിൽ നടന്ന സംഭാഷണത്തിൽനിന്നു്, അവർ തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷപ്പെടുന്നു. മഹാരാജാവു് അരുളിച്ചെയ്യുന്നു:–

“നമ്മുടെ രാജ്യത്തു വസിക്കുന്ന ഹിന്തുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ, ജൂതന്മാർ മുതലായവരെല്ലാം അവരവരുടെ ധർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചു കാണ്മാനാണു് നമുക്കു് ആഗ്രഹം. എന്നാൽ ഇവിടെയുള്ള ക്രിസ്ത്യാനികളാരും അവരുടെ ആചാരങ്ങളെ അനുഷ്ഠിക്കുന്നതായി കാണുന്നില്ല. അവർ പള്ളിയിൽ പോകുന്നതിലും കുരിശിനെ വന്ദിക്കുന്നതിലും ഉപേക്ഷ കാണിക്കുന്നു; ഞായറാഴ്ച ദിവസം പണി എടുക്കുന്നു; പാതിരിമാരെ അറിവിക്കാതെ യഥേച്ഛം വിവാഹം നടത്തുന്നു. ഇതൊന്നും ശരിയല്ല. അതുകൊണ്ട് അവരെ യഥാർഹം ശിക്ഷിക്കണം. നമ്മുടെ പ്രജകൾ എല്ലാം ധർമ്മിഷ്ഠന്മാരായിരിക്കണമെന്നാണു് നമ്മുടെ ആഗ്രഹം.” ഇതു കേട്ടപ്പോൾ ബിഷപ്പു് പറഞ്ഞതാവിതു്:–

“തിരുമനസ്സിലേക്കു് ക്രിസ്തുമതത്തിൽ ഇത്ര പ്രതിപത്തിയുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതല്ലേ നല്ലതു്.”

“നാം ഒരു ക്രിസ്ത്യാനിയാവണമെന്നു് ഈശ്വരേച്ഛയുണ്ടായിരുന്നെങ്കിൽ, ജനനാൽപ്രഭൃതി അങ്ങനെ ആയിരിക്കുമായിരുന്നു” എന്നു് അരുളിച്ചെയ്തിട്ടു് അദ്ദേഹം പെട്ടെന്നു് എഴുന്നേറ്റു പൊയ്ക്കളഞ്ഞു.

പോർത്തുഗീസുകാരുടെ സ്വഭാവഗുണങ്ങളുടെ ഒരു ഏകദേശജ്ഞാനം താഴെപ്പറയുന്ന സംഭവങ്ങളിൽനിന്നു ഗ്രഹിക്കാം.

  1. വാസ്കോഡിഗാമയുടെ രണ്ടാമത്തെ വരവിൽ, കോഴിക്കോട്ടു രാജാവുമായി ഒരു നാവികയുദ്ധം ഉണ്ടായി. ആ അവസരത്തിൽ ഗാമ പിടിച്ചെടുത്ത കപ്പലുകളിൽ ഉണ്ടായിരുന്ന 800 നാവികന്മാരുടെ കൈകാലുകളും മൂക്കുകളും ഛേദിച്ചു കുറെ ഇലകളും ചേർത്തു കറിയുണ്ടാക്കി, ഉപദംശമാണെന്നുപറഞ്ഞു് സാമൂതിരിക്കു് അയച്ചുകൊടുത്തു. ആ കപ്പലിൽ ഉണ്ടായിരുന്ന ബ്രാഹ്മണന്റെ ചുണ്ടും ചെവികളും അറുത്തെടുത്തിട്ടു് ചെവിയുടെ സ്ഥാനത്തു് പട്ടിയുടെ ചെത്തിത്തുന്നിക്കുത്തിയത്രേ. എത്ര പരിഷ്കൃതന്മാർ! ഈ മാതിരി ഭയങ്കര കൃത്യങ്ങൾ ടൈമൂർപോലും ചെയ്തിട്ടില്ല. ഇക്കൂട്ടർ ക്രിസ്ത്യാനികളാണെന്നു് അഭിമാനിച്ചതാണു് ബഹുചിത്രം! ഈ ഭാരതഭൂമിയിൽ ജനിച്ചിട്ടുള്ള വെറും കാട്ടാളപ്പരിഷകൾ കൂടി ഇത്രയും കാലത്തിനിടയ്ക്കു് ഈ മാതിരി ഒന്നും പ്രവർത്തിച്ചു കാണുകയില്ല. [14]
  2. അൽമെയിഡ ബ്രാമ എന്ന സ്ഥലം പിടിച്ചെടുത്തപ്പോൾ സ്ത്രീജനങ്ങളുടെ ആഭരണങ്ങളെ അപഹരിക്കാൻ എളുപ്പത്തിനുവേണ്ടി അവരുടെ കൈകളും ഛേദിച്ചുകളഞ്ഞുവത്രേ. [15] ഇന്ത്യയിലുള്ളവർ, അജ്ഞാനികളാണെങ്കിലും, അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതു്,
    “സ്ത്രീയം ശതാപരാധാഞ്ചേൽ
    പുഷ്പേണാപി ന താഡയേൽ”
    കുളാർണ്ണവതന്ത്രം

    എന്നാണു്. അതായതു് സ്ത്രീകൾ നൂറു കുറ്റങ്ങൾ ചെയ്തുപോയാലും, അവരെ പുഷ്പങ്ങൾകൊണ്ടുപോലും അടിച്ചുകൂട. ഭാരതീയരുടെ ചരിത്രത്തിൽ സ്ത്രീജനങ്ങളെ ഇത്ര നിർദ്ദയം പീഡിപ്പിച്ചതായി ഒരു ഒറ്റ ഉദാഹരണമെങ്കിലും എടുത്തു കാണിക്കാൻ സാധിക്കയുമില്ല.

  3. 1637-ൽ ഡ്യൂ എന്ന ദിക്കിനടുത്തുള്ള മെറ്റ എന്ന ദ്വീപു് പോർത്തുഗീസുകാർ ആക്രമിച്ചു് അവിടെ ഉണ്ടായിരുന്ന ജനങ്ങളെ ഒന്നൊഴിയാതെ കൊന്നുകളഞ്ഞു.

ഇങ്ങനെ പറഞ്ഞുതുടങ്ങിയാൽ അവസാനിക്കയില്ല. ഇനി ഇക്കാലത്തെ ഹിന്ദുരാജാക്കന്മാരെപ്പറ്റി വിദേശീയർ പറഞ്ഞിട്ടുള്ളതെന്താണെന്നു നോക്കുക.

ഹിന്ദുരാജാക്കന്മാർ പ്രജകളെ യാതൊരു വിധത്തിലും ഉപദ്രവിച്ചിരുന്നില്ലെന്നും, അവിശ്വാസികളായിരുന്നിട്ടും അവരും അവരുടെ ഭടന്മാരും മഹമ്മദീയ മതാചാരങ്ങളേയും നടവടികളേയും ബഹുമാനിച്ചിരുന്നുവെന്നും ടാഫ്ട്ടു് ആൾ മുജാവുഡിൻ എന്ന മഹമ്മദീയചരിത്രത്തിൽ പറഞ്ഞിരിക്കുന്നു.

വർത്തീമ സാമൂതിരിയുടെ സാമുദായിക സ്ഥിതിഗതികളെപ്പറ്റി പല വിവരങ്ങൾ വിദേശ സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ആ കുറിപ്പുകളെ യഥാരൂപം വിശ്വസിക്കുന്നതിനു നിവൃത്തിയില്ലാത്ത വിധത്തിൽ, അവയിൽ അവിടവിടെ പലേ പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.

രാജാക്കന്മാർ

രാജാക്കന്മാർ വെളുത്ത വസ്ത്രവും ചിലപ്പോൾ പട്ടും ധരിക്കുന്നു. ചില അവസരങ്ങളിൽ മാത്രം പട്ടുകൊണ്ടോ സൂര്യപടംകൊണ്ടോ ഉണ്ടാക്കിയതും മുട്ടിനു മേൽവരെ എത്തുന്നതുമായ ഉടുപ്പും ധരിക്കാറുണ്ടായിരുന്നു. നായന്മാരെപ്പോലെ അവർക്കും മുൻകുടുമ്മയാണു് ഉണ്ടായിരുന്നതു്. ചെരുപ്പു് ധരിക്കാറുണ്ടായിരുന്നുല്ല. തുർക്കികളെപ്പോലെ മേൽമീശ വളർത്തിവന്നു. കാതുകുത്തി രത്നഖചിതമായ കർണ്ണാഭരണങ്ങൾ അണിയാറുണ്ടായിരുന്നു. വലയാംഗദങ്ങളും മുത്തുമാലകളും എല്ലാ രാജാക്കന്മാരും ധരിച്ചുവന്നു. വസ്ത്രത്തിന്റെ മീതെ രത്നം പതിച്ചതും, മൂന്നുവിരൽ വീതി വരുന്നതുമായ സ്വർണ്ണമേഖല ബന്ധിക്ക പതിവായിരുന്നു. മാറിലും, നെറ്റിത്തടത്തിലും, തോളത്തും ഭസ്മക്കുറിയുണ്ടായിരിക്കും. ചിലർ ചന്ദനം, മഞ്ഞൾ, ചാന്തു് ഇവകൊണ്ടുള്ള തിലകങ്ങളും അണിഞ്ഞുവന്നു. മൃതശരീരത്തെ ഇന്നത്തെപ്പോലെ അന്നും ദഹിപ്പിക്കയായിരുന്നു പതിവു്.

കോവിലകങ്ങളിൽ രാജാക്കന്മാരിരിക്കുന്നതു് പൊക്കിക്കെട്ടീട്ടുള്ള തിണ്ണകളിലായിരുന്നു. നീരാളം, വില്ലൂസ്, പട്ടു് മുതലായവകൊണ്ടുണ്ടാക്കിയ ചാവട്ടകളിൽ ചാരിയാണു് അവർ ഇരിക്കാറുണ്ടായിരുന്നതു്. വെള്ളയും കരിമ്പടവും വിരിച്ചിരിക്കും. ചിലപ്പോൾ വെള്ളയും കരിമ്പടവും വിരിച്ച മഞ്ചത്തിൽ, മുൻപറഞ്ഞപോലെ, ചാവട്ടയിൽ ചാരിയും ഇരിക്കാറുണ്ടായിരുന്നു. സന്ദർശകന്മാർക്കു് ഇരിക്കാൻ ആട്ടിൻരോമംകൊണ്ടുള്ള തുണി വിരിച്ചുകൊടുക്കും. അവർ പോകുമ്പോൾ, ആ തുണിയും എടുത്തുകൊണ്ടു് ഒരാൾ മുമ്പേ നടന്നു വന്നു. രാജാവു് ഇരിക്കുന്നതിന്റെ സമീപത്തുതന്നെ വാൾവെച്ചിരിക്കും. വാളൂരിപ്പിടിച്ചുകൊണ്ടേ അവർ നടക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ പല സംഗതികൾ ബാർബോസയുടെ വിവരണത്തിൽനിന്നു ഗ്രഹിക്കാം. ആ ഗ്രന്ഥത്തിന്റെ 104 മുതല്ക്കു് 110-വരെയുള്ള വശങ്ങളിൽ, രാജാക്കന്മാരുടെ വിവാഹസമ്പ്രദായം, ദായക്രമം, പള്ളിക്കെട്ടു്, ശവദാഹം മുതലായവയെ ഏറെക്കുറെ ശരിയായി വർണ്ണിച്ചിട്ടുണ്ടു്.

നീതിപരിപാലനത്തിനായി ഏർപ്പെടുത്തിയിരുന്ന നിയമങ്ങൾ വളരെ നിഷ്ഠൂരങ്ങളായിരുന്നു. ജാതിഭേദം നോക്കിയാണു് ശിക്ഷ നൽകിവന്നതു്. ന്യായം നടത്തുന്നതിനു് പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. താണ ജാതിക്കാരിലൊരുവനെ തൊണ്ടിയോടുകൂടി പിടി കിട്ടുകയോ, അവൻ കുറ്റം സമ്മതിക്കുകയോ ചെയ്താൽ, അവന്റെ തല വെട്ടി മൃതശരീരത്തെ എല്ലാവരും കാൺകെ കഴുവിൽ കുത്തി നിറുത്തുകയായിരുന്നു പതിവു്. കുറ്റക്കാരൻ മാപ്പിളയായാൽ അവനെ കുത്തിക്കൊന്നുകളയും. തൊണ്ടി കിട്ടുകയും കള്ളനെ പിടികിട്ടാതെ വരികയും ചെയ്താൽ, അതിനെ കുറേക്കാലം സൂക്ഷിച്ചുവച്ചിരുന്നതിന്റെ ശേഷം ഉടമസ്ഥനു തിരിച്ചുകൊടുക്കും. എന്നാൽ അതിൽ നാലിലൊന്നുഭാഗം അവൻ കാര്യക്കാർക്കു കൊടുക്കണമെന്നായിരുന്നു അന്നത്തെ ഏർപ്പാടു്. കള്ളനാണെന്നു സംശയിച്ചു പിടിക്കപ്പെട്ടവൻ, കുറ്റം സമ്മതിക്കാത്തപക്ഷം, അവനെ എട്ടു ദിവസത്തോളം തടവിൽ പാർപ്പിച്ചു ബുദ്ധിമുട്ടിക്കും. എന്നിട്ടും കുറ്റം സമ്മതിച്ചില്ലെങ്കിൽ, കൈമുക്കു പരീക്ഷ നടത്തിനോക്കും. ശുചീന്ദ്രത്തു കൈമുക്കു വളരെ പ്രസിദ്ധമായിരുന്നു. അതിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്. കുറ്റക്കാരനെ കുളിപ്പിച്ചു് ക്ഷേത്രത്തിലേക്കു കൊണ്ടുപോകും. അവിടെ ഒരു ചെമ്പുപാത്രത്തിൽ എണ്ണയൊഴിച്ചു് കുറെ പച്ചിലയും ഇട്ടു് നല്ലപോലെ തിളപ്പിക്കുന്നു. ഇല താഴുമ്പോൾ കുറ്റക്കാരന്റെ ശരീരത്തിൽ ചൊറിയോ മുറിവോ വല്ലതുമുണ്ടോ എന്നു് അന്യായക്കാരനെ ബോദ്ധ്യപ്പെടുത്തിയശേഷം, അവരെ വിഗ്രഹത്തിനു മുമ്പിൽ കൊണ്ടുചെന്നു നിർത്തീട്ടു് “എന്റെ മേൽ ആരോപിച്ചിരിക്കുന്ന കളവു് ഞാൻ ചെയ്തിട്ടില്ല; അതു ചെയ്തതു് ആരെന്നു് എനിക്കു നിശ്ചയവുമില്ല” എന്നു മൂന്നുവട്ടം പറയിച്ചിട്ടു് അവന്റെ വിരലുകളെ തിളച്ചിരിക്കുന്ന എണ്ണയിൽ മുക്കാൻ പറയും. അതിനുശേഷം കാര്യക്കാരും പിള്ളമാരും പരിശോധിച്ചു്, അവനെ വീണ്ടും ബന്ധനത്തിൽ പാർപ്പിക്കും. മൂന്നാം ദിവസം കാര്യക്കാരുടെ മുമ്പിൽ വെച്ചു്, കെട്ടഴിച്ചു നോക്കുമ്പോൾ, പൊള്ളിയിരിക്കുന്നതായി കണ്ടാൽ അവനെ കൊല്ലും; പൊള്ളീട്ടില്ലെങ്കിൽ വിട്ടയയ്ക്കും. കുറ്റക്കാരൻ മഹമ്മദീയനായാൽ കൈമുക്കിനുപകരം പഴുപ്പിച്ച ഇരുമ്പു് അവനെക്കൊണ്ടു നക്കിക്കയായിരുന്നു പതിവു്. പ്രഭുജനങ്ങളേയും ബ്രാഹ്മണരേയും പശുക്കളേയും ഹിംസിക്കുന്നവർക്കും മരണശിക്ഷയാണു് വിധിച്ചുവന്നതു്. മറ്റുള്ള കുറ്റങ്ങൾക്കു വെറും പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാൽ പിഴവകയിൽ ഈടാക്കുന്ന പണം കാര്യക്കാർക്കായിരുന്നു.

പ്രഭുക്കന്മാരെ യാതൊരു കുറ്റത്തിനും ആമം വെച്ചുകൂടായിരുന്നു. കൊല്ലപാതകമോ, കവർച്ചയോ, രാജദൂഷണമോ ചെയ്താൽ കണ്ടുകിട്ടുന്നിടത്തുവെച്ചുതന്നെ അവരെ കൊന്നുകളയാൻ രാജാവു് മാന്യകുടുംബത്തിൽ പെട്ട രണ്ടു മൂന്നു നായന്മാർക്കു കല്പന നൽകും. അങ്ങനെ വധിക്കപ്പെടുന്നവരുടെ മൃതശരീരത്തെ പരസ്യമായി ഒരിടത്തു് ഇട്ടിട്ടു് അവരുടെ മാറത്തു് രാജകല്പന തറച്ചുനിർത്തും.

സ്ത്രീകൾക്കും മരണശിക്ഷ അനുവദിക്കപ്പെട്ടിരുന്നില്ല. ജാത്യാചാരങ്ങൾക്കു വിപരീതമായി ഒരു നായർസ്ത്രീ എന്തെങ്കിലും പ്രവർത്തിച്ചാൽ, രാജാവു് അവളെ ക്രിസ്ത്യാനികൾക്കോ മഹമ്മദീയർക്കോ വിറ്റുകളയും. എന്നാൽ അപരാധം രാജാവിന്റെ ചെവിയിൽ എത്തുന്നതിനു മുമ്പായി അവളുടെ ചാർച്ചക്കാർ അവളെ മുറിക്കകത്തടച്ചു് കുന്തംകൊണ്ടോ കഠാരകൊണ്ടോ കുത്തിക്കൊന്നുകളകയായിരുന്നു നടപ്പു്. [16] വടക്കൻ പാട്ടു വായിച്ചുനോക്കുക.

നമ്പൂതിരിമാർ

മലയാളബ്രാഹ്മണർ പൊതുവേ വളരെ ശുചിയുള്ളവരും നിഷ്കളങ്കഹൃദയന്മാരും പ്രാചീനാചാരങ്ങളിൽ വളരെ നിഷ്ഠയുള്ള യാഥാസ്ഥിതികന്മാരും കുശാഗ്രബുദ്ധികളും ആയിരുന്നു. സർവതോമുഖമായ ബുദ്ധിയും സുകുമാരകലകളിൽ എല്ലാം ഒരുപോലെ രസിക്കുന്ന സഹൃദയത്വവും അവർക്കുണ്ടായിരുന്ന വിശിഷ്ടഗുണങ്ങളത്രെ. കേരളമാഹാത്മാദി ഗ്രന്ഥങ്ങളുടെ കർത്താക്കന്മാരെപ്പറ്റിയും എട്ടരയോഗക്കാരെപ്പറ്റിയും പറഞ്ഞിട്ടുള്ളതു് മലയാളബ്രാഹ്മണരെ ഒട്ടുക്കു സംബന്ധിക്കുന്നില്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ബാർബോസാ അവരെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു.

“ബ്രാഹ്മണരെല്ലാം ഒരേ വംശത്തിൽ പെട്ടവരാണു്; അവർക്കും അവരുടെ സന്താനങ്ങൾക്കും മാത്രമേ പുരോഹിതകൃത്യം അനുവദിക്കപ്പെട്ടിട്ടുള്ളു. ഏഴു വയസ്സാകുമ്പോൾ, അവർ കാട്ടുകഴുതയെപ്പോലിരിക്കുന്നതും ക്രയൻ മെർഗൻ (കൃഷ്ണമൃഗം) എന്നു വിളിച്ചുവരുന്നതുമായ ഒരു ജന്തുവിന്റെ തോൽരോമത്തോടുകൂടിത്തന്നെ രണ്ടു വിരൽ വീതിയിൽ വെട്ടി എടുത്തു്, കഴുത്തിനേ ചുറ്റി ഭുജത്തിനടിയിൽക്കൂടി ധരിക്കുന്നു. പിന്നീടു് ഏഴു കൊല്ലത്തേക്കു് താംബൂലചർവണം ചെയ്യാൻ പാടില്ല. ഈ കാലമൊക്കെ ഒരു ചർമ്മപട്ടം ധരിച്ചിരിക്കയും വേണം. പതിന്നാലു വയസ്സു പ്രായമാകുമ്പോൾ, അവർ അയാളെ ബ്രാഹ്മണനാക്കുന്നു. അപ്പോൾ ചർമ്മപട്ടം കളഞ്ഞിട്ടു് ബ്രാഹ്മണ്യ ചിഹ്നമായ മൂന്നു നൂൽ ധരിപ്പിക്കുന്നു. ഈ ദിക്കിൽ നാം മാസ്സിനെ എന്നപോലെ അവർ ഈ കർമ്മത്തേയും വളരെ ആഘോഷപൂർവമാണു് നടത്താറുള്ളതു്. അതിനുശേഷം അവർക്കു് വെറ്റില മുറുക്കുന്നതിനു വിരോധമില്ല. ബ്രാഹ്മണർ മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കയില്ല. നാട്ടുകാർക്കു് അവരെപ്പറ്റി ഭക്തിയും ബഹുമാനവും ഉണ്ടു്. എന്തു കുറ്റം ചെയ്താലും അവർക്കു് മരണശിക്ഷ വിധിക്കയില്ല. നമ്മുടെ ബിഷപ്പിന്റെ സ്ഥാനത്തു് അവർക്കു ഉള്ളതായ പ്രധാനി കുറ്റക്കാർക്കു് മിതമായ ശിക്ഷ നൽകിവരുന്നു. ഒരിക്കലേ അവർ വിവാഹം ചെയ്യു. അതും മൂത്തപുത്രൻ മാത്രം. വിവാഹാനന്തരം അയാളെ ക്രമാഗമനവിധിപ്രകാരം സ്വത്തിന്റെ പൂർണ്ണാവകാശിയാക്കുന്നു. മറ്റുള്ളവർ ഒരിക്കലും വിവാഹം ചെയ്യുന്നില്ല. ജ്യേഷ്ഠസഹോദരന്മാരായ ബ്രാഹ്മണർ അവരുടെ പത്നിയെ ഭദ്രമായും ബഹുമാനത്തോടും കൂടി സൂക്ഷിക്കുന്നു. ആർക്കും അവരെ സമീപിച്ചുകൂട. വിവാഹിതനായ ഒരുവൻ മരിച്ചാൽ, വിധവ പുനർവിവാഹം ചെയ്യുന്നില്ല. ഭാര്യ വ്യഭിചരിക്കുന്നപക്ഷം ഭർത്താവു് അവളെ വിഷംകൊടുത്തു കൊന്നുകളയുന്നു.” അവരുടെ ജീവിതരീതി, ആരാധനാക്രമം, ക്ഷേത്രങ്ങൾ ഇവയെപ്പറ്റിയും ബാർബോസ വിവരിച്ചിട്ടുണ്ടു്.

അവർ ‘ബർമ്മ’ ‘ബെസ്നു’ ‘മയ്സെരേണി’ (മഹേശ്വരൻ) എന്നു ത്രിവിധഭാവങ്ങളോടുകൂടിയ ഏക ദൈവത്തെ ആരാധിക്കുന്നു. ഈശ്വരൻ ലോകാരംഭം മുതല്ക്കേ ഉള്ളവനാണെന്നു് അവരും സമ്മതിക്കുന്നുണ്ടു്. യേശുക്രിസ്തുവിന്റെ ആഗമനത്തെപ്പറ്റി യാതൊരു ജ്ഞാനവും അവർക്കില്ല.

***

മരണശേഷം തങ്ങൾ ചാമ്പലായിത്തീരുമെന്നുള്ളതിന്റെ ചിഹ്നമായി അവർ, കുളിക്കുമ്പോഴൊക്കെ, തലയിലും നെറ്റിയിലും ഭസ്മം ധരിക്കുന്നു. മൃതശരീരത്തെ അവർ ദഹിപ്പിക്കുകയാണു് പതിവു്. ഒരു ബ്രാഹ്മണൻ തന്റെ പത്നി ഗർഭം ധരിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനേ പല്ലു ശുചിയാക്കുന്നു; പിന്നീടു് മുറുക്കുകയോ ക്ഷൗരം ചെയ്കയോ ചെയ്യുന്നില്ല. അതുവരെ അയാൾ ഉപവാസവ്രതവും അനുഷ്ഠിക്കുന്നു. രാജാക്കന്മാർ ഈ ബ്രാഹ്മണരെ യുദ്ധമൊഴിച്ചു് പലേ സംഗതികൾക്കും നിയോഗിച്ചുവരുന്നു. ബ്രാഹ്മണർക്കോ രാജകുലത്തിൽ ജനിച്ചവർക്കോ മാത്രമേ, രാജാവിനു പാചകം ചെയ്തു കൊടുക്കാവൂ. അതുകൊണ്ട് രാജാവിന്റെ ബന്ധുക്കളും ബ്രാഹ്മണരെക്കൊണ്ടാണു് പാചകം ചെയ്യിക്കുന്നതു്. ഒരു രാജ്യത്തുനിന്നു് മറ്റൊന്നിലേക്കു് എഴുത്തോ, പണമോ, കച്ചവടച്ചരക്കുകളോ കൊണ്ടുപോകുന്നവരും ബ്രാഹ്മണരാണു്.

അവർ വിഗ്രഹാരാധകന്മാരുടെ ധർമ്മത്തെപ്പറ്റി വിപുലമായ ജ്ഞാനമുള്ളവരും, വലിയ പണ്ഡിതന്മാരും വിവിധകലകളിൽ നൈപുണ്യം സമ്പാദിച്ചിട്ടുള്ളവരുമാകുന്നു. ആ നിലയിൽ രാജാവു് അവരെ വളരെ ബഹുമാനിക്കുന്നു.

നായന്മാർ

നായന്മാരുടെ സാമുദായികാചാരങ്ങളെപ്പറ്റി പാശ്ചാത്യസഞ്ചാരികൾ പറഞ്ഞിട്ടുള്ളതിലും മിഥ്യാജ്ഞാനത്തിന്റേയും അപൂർണ്ണജ്ഞാനത്തിന്റേയും ഫലമായി ചില പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെങ്കിലും ബാർബോസാമാത്രം ഏറെക്കുറെ ശരിയായ വിവരണം നൽകീട്ടുണ്ടു്.

“നായന്മാർ ഉൽകൃഷ്ടകുലജാതന്മാരാണു്. അവർക്കു നാടുവാഴിത്തമുണ്ടു്. കീഴ്ജാതിക്കാരുമായി അവർ കൂടിക്കഴിയില്ല. തങ്ങൾ ശ്രേഷ്ഠന്മാരാണെന്നുള്ള ഗർവും അവർക്കു ക്രമത്തിലധികമുണ്ടു്. അവർ എല്ലായ്പോഴും ആയുധപാണികളായ് നടക്കുന്നു.” [17]

“അവർ നഗരം വിട്ടു് ഉൾനാടുകളിലുള്ള തങ്ങളുടെ പുരയിടങ്ങളിൽ താമസിക്കുന്നു. ഈ പുരയിടങ്ങൾക്കു ചുറ്റും വേലികെട്ടിയിരിക്കും. വീടുകൾ മേയുന്നതു് ഓലകൊണ്ടാണു്.”

“ക്ഷേത്രങ്ങളും രാജഗൃഹങ്ങളും മാത്രമേ ഓടു മേയുവാൻ അനുവദിച്ചിരുന്നുള്ളു.” [18] “അവർ ദൃഢസംഹതകായന്മാരും സൗന്ദര്യശാലികളും ആകുന്നു. പുരുഷന്മാർക്കു സാമാന്യം ഉയരമുണ്ടായിരിക്കും.” [19]

“മുഖം, ശരീരം, അവയവങ്ങൾ മുതലായവയെ സംബന്ധിച്ചിടത്തോളം യൂറോപ്യന്മാർക്കും അവർക്കുമായി വലിയ വ്യത്യാസമൊന്നുമില്ല. നിറത്തിൽ മാത്രമേ വ്യത്യാസമുള്ളു. അവരെ ലോമശന്മാരെന്നു പറയാം. പുരുഷന്മാരുടെ മാറിടത്തിൽ രോമം കാടു പിടിച്ചിരിക്കും. പുരുഷന്മാർ കൈവിരലുകളിൽ നഖം നീട്ടി വളർത്തുന്നു. നികൃഷ്ടമായ തൊഴിലുകളിൽ പ്രവേശിക്കുന്നതിനു് ഈ നീണ്ട നഖങ്ങൾ ബാധകമായിരിക്കുമെന്നും, അത്തരം തൊഴിലുകളിൽ പ്രവേശിക്കുന്നതു് തങ്ങളുടെ കുലമഹിമയ്ക്കു പോരാത്തതാണെന്നും അവർ പറയുന്നു. നഖം വളർത്തുന്നതുകൊണ്ടു് വേറൊരു ആവശ്യംകൂടി നിറവേറുന്നുണ്ടു്; അതായതു്, വാൾ കൈയിൽ പിടിക്കുമ്പോൾ പിടി മുറുക്കുന്നതിനു് നഖങ്ങൾ വളരെ സഹായകമത്രെ.” തീണ്ടൽ തൊടീൽ എന്നീ അനാചാരങ്ങൾ അക്കാലത്തു് നന്നേ വർദ്ധിച്ചിരുന്നതായി ബാർബോസാ രേഖപ്പെടുത്തിയിട്ടുണ്ടു്.

“അവർ വെളിക്കു സഞ്ചരിക്കുമ്പോൾ ആരും വന്നു തീണ്ടിപ്പോവാതെ ഇരിക്കാനായി പോ! പോ! എന്നു ആട്ടിക്കൊണ്ടു നടക്കുന്നു. കീഴ്ജാതിക്കാർ വഴി മാറാതെ അടുത്തു ചെന്നു പോകുന്നപക്ഷം, അവർ ഉടനേതന്നെ കൊന്നുകളഞ്ഞാലും, അങ്ങനെ ചെയ്യുന്നു. നായർ ശിക്ഷാർഹനാകുന്നില്ല.”

“എന്തെങ്കിലും കാരണവശാൽ, തീണ്ടിപ്പോകയോ താണജാതിക്കാരെ തൊടുകയോ ചെയ്താൽ, തീണ്ടപ്പെട്ടവൻ പുരുഷനാണെങ്കിൽ കുളത്തിലോ നദിയിലോ പോയി മുങ്ങിക്കുളിക്കണം. അതിനുമുമ്പു് ജലപാനംകൂടി ചെയ്തുകൂട. കൃസ്ത്യാനികളേയും മറ്റു ജാതിക്കാരേയും തൊടുന്നപക്ഷവും അങ്ങനെതന്നെ ചെയ്യണം.”

നായന്മാർ ഇക്കാലത്തിനിടയ്ക്കു് ചാതുർവർണ്യത്തിൽ എത്രത്തോളം കുടുങ്ങിക്കഴിഞ്ഞുവെന്നു് ഇതിൽനിന്നു് മനസ്സിലാക്കാം.

[20] നായന്മാരുടെ തൊഴിൽ ആയുധഭ്യാസങ്ങളും യുദ്ധവും മാത്രമായിരുന്നു. അവർ ബഹുശൂരന്മാരായിരുന്നുവെന്നു ‘ലിൻഷോട്ടൻ പറഞ്ഞിരിക്കുന്നു. വാദഗ്രസ്തമായ വിഷയങ്ങൾ തീർച്ച ചെയ്തുവന്നതു് ദ്വന്ദ്വയുദ്ധംകൊണ്ടായിരുന്നു. ഇരുകൂട്ടരും ഓരോ ആളിനെ തിരഞ്ഞെടുക്കും. ദ്വന്ദയുദ്ധത്തിൽ ജയിക്കുന്നതു് ആരുടെ ആളോ അയാൾക്കനുകൂലമായിരിക്കും തീർച്ച. [21] പോർത്തുഗീസുകാർ വന്നപ്പോൾ, നായന്മാർ അവർക്കു മുൻനില നൽകിയില്ലെന്നു ശഠിച്ചുവത്രേ. കലഹത്തിനു് ഇടയുണ്ടാക്കരുതെന്നു വിചാരിച്ചു്, തങ്ങളിൽ മുൻനില ആർക്കാണു വേണ്ടതു് എന്നു നിർണ്ണയിപ്പാനായി കൊച്ചീരാജാവും ഗവർണ്ണരും ഓരോ നായന്മാരെ തിരഞ്ഞെടുത്തു് ദ്വന്ദ്വയുദ്ധം നടത്തി. ഭാഗ്യദോഷത്താൽ പോർത്തുഗീസുകാരാണു് ജയിച്ചതു്. അന്നു മുതൽ നായന്മാർ അവർക്കു് മുൻനില അനുവദിച്ചുവെന്നു് തേവനാട്ടിന്റെ സഞ്ചാരകഥകളിൽ കാണുന്നു.

നായന്മാർക്കു് അക്കാലത്തു് അക്ഷരാഭ്യാസം പാടില്ലായിരുന്നുവെന്നു പറയുന്ന ചിലർ ഉണ്ടു്. എന്നാൽ ബാർബോസാ തുടങ്ങിയ പാശ്ചാത്യന്മാർ അവരുടെ അക്ഷരാഭിജ്ഞതയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ, ആ വിഷയത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. ദർശനങ്ങൾ, ജ്യോതിഷം മുതലായ വിഷയങ്ങൾപോലും അവർ അഭ്യസിച്ചു വന്നതായി ന്യൂഹാഫ് വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കുക. മന്ത്രവാദം, ആഭിചാരം എന്നീ വിഷയങ്ങളിലും അവർക്കു സാമർത്ഥ്യമുണ്ടായിരുന്നത്രേ.

കൈത്തൊഴിലുകളോടും വ്യവസായങ്ങളോടും അന്നുണ്ടായിരുന്ന വെറുപ്പു് ഇന്നും നായന്മാർക്കു് നീങ്ങിയിട്ടില്ല.

അവരുടെ ചെലവിനു് വളരെ അധികമൊന്നും ആവശ്യമില്ലായിരുന്നെന്നും, തങ്ങളുടെ യജമാനന്മാരെ കാത്തുരക്ഷിപ്പാൻവേണ്ടി അവർ ഊണും ഉറക്കവും ഉപേക്ഷിച്ചുവന്നുവെന്നും, മാസത്തിൽ ഒന്നേകാൽ ഉറുപ്പികകൊണ്ടു് ഒരാളുടെ ചെലവു നടക്കുമായിരുന്നെന്നും ബാർബോസാ പറഞ്ഞിരിക്കുന്നു.

‘കള്ളരുന്തിടുവതില്ലോം’ എന്നു പഴയ പാട്ടിൽ നാകന്മാർ അഭിമാനപൂർവം പറഞ്ഞതായി അവ്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ മദ്യപാനം ചെയ്യാത്തവരായിരുന്നെന്നു് ബാർബോസായും രേഖപ്പെടുത്തീട്ടുണ്ടു്. [22] പാശ്ചാത്യരുമായുള്ള സംസർഗ്ഗമാണു് അവരെ മദ്യപാനികളാക്കിയതെന്നു് നിസ്സംശയം പറയാം.

അവർ മാതാപിതാക്കന്മാരോടു് അതിരറ്റ ബഹുമാനവും സ്നേഹവും ഉള്ളവരാണെന്നും അവരെ സംരക്ഷിക്കുന്ന വിഷയത്തിൽ എന്തു കഷ്ടതകളും സഹിക്കുന്നതിനു് അവർ തയ്യാറായിരുന്നെന്നും മിക്ക പാശ്ചാത്യരും അഭിപ്രായപ്പെട്ടിട്ടുണ്ടു്.

[23] കരയ്ക്കോ വെള്ളത്തിലോ എവിടെവച്ചായിരുന്നാലും, അവരെ കുന്തമോ മറ്റോ പ്രയോഗിച്ചു വീഴ്ത്തുന്നപക്ഷം, അവർ വേദനകൊണ്ടു വെറുതേ കിടന്നുകളയാറില്ലായിരുന്നുവെന്നും നേരേ മറിച്ചു് ആ കുന്തത്തെ ഇരുകൈകളെക്കൊണ്ടും വലിച്ചെടുത്തു് വേദനയ്ക്കിടയിലും പ്രതിദ്വന്ദ്വിയുടെ നേർക്കു വലിച്ചെറിഞ്ഞു് തങ്ങളുടെ പക വീട്ടുമായിരുന്നെന്നും ലിൻഷേട്ടേന്റെ രേഖകളിൽ കാണുന്നു.

പടനിലത്തു മുറിവേറ്റു കിടക്കുന്നവരെ കൊള്ള ചെയ്യുന്നപതിവു് അവർക്കില്ലായിരുന്നു. അങ്ങനെ ചെയ്യുന്നതു് ലജ്ജാവഹമായിട്ടാണു് അവർ ഗണിച്ചുവന്നതു്. എന്നാൽ വിജയസൂചകമായി അവർ ശത്രുവിന്റെ ആയുധത്തെ എടുത്തുകൊണ്ടു പോകുമായിരുന്നു.

[24] “അവർ നന്നേ ആലോചിച്ചു് കാലോചിതമായേ പ്രവർത്തിക്കാറുണ്ടായിരുള്ളു. ദുർമ്മാർഗ്ഗങ്ങളിൽ അവരുടെ മനസ്സു പ്രവർത്തിക്കാറുമില്ലായിരുന്നു.… … മിക്കവാറും നഗ്നസ്ഥിതിയിൽ ആൺകുട്ടികളും പെൺകുട്ടികളും നടക്കയും, അടുത്തു പെരുമാറുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവരുടെ പ്രവൃത്തികളിലൊന്നിലും യാതൊരുദോഷവും കാണാത്തതു് അത്യത്ഭുതമായിരിക്കുന്നു.”

സുറിയാനി ക്രിസ്ത്യാനികൾ

[25] ക്രിസ്ത്യാനികൾ തെക്കുംഭാഗക്കാരാണെന്നും വടക്കുംഭാഗക്കാരാണെന്നും രണ്ടായി തിരിഞ്ഞിരുന്നു. മാർത്തോമയുടെ പ്രഥമഭാര്യയിലുണ്ടായ സന്താനങ്ങളായതിനാൽ, തങ്ങൾക്കു് ഔൽകൃഷ്ട്യം കൂടുമെന്നായിരുന്നു തെക്കരുടെ അഭിമാനം. അവർ തന്നിമിത്തം വടക്കരുമായി കൂടിക്കഴിക പതിവല്ലായിരുന്നു. ഈഴവരെ ഒഴിച്ചാൽ അവരോളം പരിശ്രമശീലം കേരളത്തിൽ മറ്റാർക്കുമുണ്ടായിരുന്നില്ല. ഇന്നും ആ ഗുണം അവരിൽ കാണുന്നുണ്ടല്ലൊ. പൊതുവെ അവർ ശാന്തശീലന്മാരായിരുന്നത്രെ. അവരും ആയുധാഭ്യാസം ചെയ്യാറുണ്ടായിരുന്നു. എന്നാൽ കച്ചവടമായിരുന്നു അവരുടെ പ്രധാന തൊഴിൽ. വല്ലപ്പോഴുമല്ലാതെ അവർ മാംസം ഭക്ഷിക്കാറുണ്ടായിരുന്നില്ല.

മെനസ്സിസ്സിന്റെ കാലംവരെ നസ്രാണികളുടേയും ഹിന്ദുക്കളുടേയും ആചാരങ്ങൾക്കു തമ്മിൽ വലിയ സാദൃശ്യമുണ്ടായിരുന്നു. 1598-ൽ ആർച്ചുബിഷപ്പു് മെനസ്സസ് ഉദയംപേരൂർ വെച്ചു വിളിച്ചുകൂട്ടിയ യോഗത്തിൽ പല പുതിയ നിശ്ചയങ്ങൾ ചെയ്തു കാണുന്നു.

  1. ശുദ്ധം മാറിയാൽ കുളിക്കുക, മൃതശരീരങ്ങളെ കുളിപ്പിക്കുക, വിവാഹത്തിനു് അരി വളച്ചു് ദമ്പതിമാരെ അതിനകത്തു് ഇരുത്തുക, മുണ്ടു മുറിക്കുമ്പോൾ അതിൽനിന്നും ഒരു നൂൽ എടുക്കുക, നെല്ലു് അളക്കുമ്പോൾ രണ്ടു് മണി നെല്ലു് അതിൽനിന്നും എടുത്തുവെയ്ക്കുക, ഈ ആചാരങ്ങളെ ഒന്നാമത്തെ കല്പനയാൽ അദ്ദേഹം വിരോധിച്ചു. [26]
  2. പോർത്തുഗീസുകാരുടെ ഇടയ്ക്കോ, താണജാതിക്കാർ മാത്രമുള്ളിടത്തോ ജീവിക്കുന്നവർക്കു് താണജാതിക്കാരെ തൊടാമെങ്കിലും, ഉയർന്നജാതി ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ദിക്കുകളിലെല്ലാം ക്രിസ്ത്യാനികളും തീണ്ടൽ ആചരിക്കണം. [27]
  3. താണ ജാതിക്കാർ തൊട്ടുപോയ കുളങ്ങളേയും കിണറുകളേയും മറ്റും ശുദ്ധമാക്കുന്നതിനായി ചെയ്തുവന്ന ക്രിയകളെ ഉപേക്ഷിക്കണം. [28]
  4. ഓണക്കാലത്തു് നായന്മാരുടെ പടകളികളിൽ പങ്കുകൊള്ളണം; എന്നാൽ അവരുടെ വക അടിയന്തിരങ്ങളിൽ പോയ്ക്കൂട. [29]
  5. പ്രസവകാലത്തു്, പുരുഷപ്രജയായിരുന്നാൽ നാല്പതു ദിവസത്തേയും, സ്ത്രീപ്രജയായിരുന്നാൽ എമ്പതു ദിവസത്തേയും, വാലായ്മ ആചരിക്കുന്ന പതിവു നിർത്തണം. [30] ആഭിചാരം, ലക്ഷണം നോക്കി ഫലം പറയുന്ന ഏർപ്പാടു് മുതലായവയെ നിശ്ശേഷം വർജ്ജിക്കണം. ക്ഷേത്രങ്ങളിൽ വഴിവാടു കഴിക്കുക; നായ്ക്കളേയും മറ്റും കൊന്നു ബലി കൊടുക്കുക മുതലായവ ചെയ്യരുതു്. ദേഹരക്ഷയ്ക്കായി യന്ത്രാദികൾ ധരിക്കാൻ പാടില്ല. [31] പണത്തിനു് ക്രമപ്പലിശയേ വാങ്ങിയ്ക്കാവൂ. കൈമുക്കിയോ പഴുപ്പിച്ച ഇരുമ്പു പ്രയോഗിച്ചോ സത്യപരീക്ഷ നടത്തരുതു്. [32] [33] പുരുഷന്മാർ നായന്മാരെപ്പോലെ കാതു കുത്തി കടുക്കനിടരുതു്. ഈ കല്പനകളിൽനിന്നു് ക്രിസ്ത്യാനികളുടെ ആചാരങ്ങൾ നായന്മാരുടേതിൽനിന്നു് വ്യത്യാസപ്പെട്ടിരുന്നില്ലെന്നു കാണാം. സ്ത്രീകൾ മാറു മറച്ചു നടന്നുതുടങ്ങിയതും ഒരു പ്രത്യേക കല്പനയാലാണു്. ക്രിസ്ത്യാനികൾക്കു തമ്മിൽ വസ്തുസംബന്ധമായും മറ്റും തർക്കങ്ങളുണ്ടായാൽ ഇരുപാട്ടുകാരുടേയും വാദം കേട്ടു്, തീർച്ചചെയ്തുവന്നതു് ആർച്ചുഡീക്കനും മെത്രാനും കൂടിയായിരുന്നു. എന്നാൽ അപരാധികളെ ശിക്ഷിക്കാനുള്ള അധികാരം രാജാവിന്നേ ഉണ്ടായിരുന്നുള്ളു. ആയുധാഭ്യാസവും അവരുടെ ഇടയ്ക്കു നടപ്പുണ്ടായിരുന്നു. [34]
ഈഴവർ

ഈഴവർ ഉൽകൃഷ്ടകുലജാതന്മാരായിരുന്നുവെന്നു് വടക്കൻ പാട്ടുകളിൽ നിന്നും ഗ്രഹിക്കാം. എന്നാൽ പടച്ചേവുകം ചെയ്തു് ചേകോസ്ഥാനം വാങ്ങീട്ടുള്ളവർക്കായിരുന്നു അക്കാലത്തു പ്രാധാന്യം. അവർക്കു കളരികളും സ്ഥാനമാനങ്ങളും രാജാക്കന്മാർ നൽകിയിരുന്നു. നാടുവാഴികൾക്കും നായർപ്രഭുക്കൾക്കും വസ്തുതർക്കമോ മറ്റോ ഉണ്ടായാൽ അവർക്കു വേണ്ടി അങ്കം പൊരുതുന്നതു് ചേകോന്മാരായിരുന്നു. അസ്ത്രവിദ്യാഗുരുക്കന്മാരായ ചേകോന്മാരെ ബ്രാഹ്മണർപോലും ബഹുമാനിച്ചു വന്നു. മിക്ക നാടുവാഴികൾക്കും ചേകോപ്പട കൂടി ഉണ്ടായിരുന്നതായി കാണുന്നു.

കുറിപ്പുകൾ
[1]

കൊ. രാ. ച. ഒന്നാം ഭാഗം 195-ാം വശം.

[2]

കൊ. രാ. ച. ഒന്നാം ഭാഗം വശം 53.

[3]

കൊ. രാ. ച. 1-ാം ഭാഗം വശം 227.

[4]

ഈ ഗ്രന്ഥം പോർത്തുഗീസുകാരുടെ ഡയറിയിൽനിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളതാണു്.

[5]

പോർത്തുഗീസുകാരുടെ സേവ പിടിക്കാനായി മാത്രം പറഞ്ഞ വാക്കുകളായിരുന്നു ഇവ.

[6]

കൊച്ചിയിലെ നായന്മാർ വിശ്വാസവഞ്ചകികളായതുപോലെ തന്നെ ആയിരിക്കണം തിരുവിതാംകൂറിലെ എട്ടുവീടർ രാജദ്രോഹികളായതും.

[7]

ചതിയന്മാർ അവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു എന്നു പറയുന്നില്ല. എക്കാലത്തും എല്ലാ സമുദായത്തിലും വഞ്ചകന്മാർ ഉണ്ടായിട്ടുണ്ടു്. ഇനി ഉണ്ടാകുകയും ചെയ്യും.

[8]

Asia Portuguese–Fariay Sousa Vol (doubt) P. 67.

[9]

കേരളപഴമ.

[10]

കൊച്ചീചരിത്രം ഒന്നാം ഭാഗം.

[11]

The Rise of Portugese Power in India queted from Cochin History Part I, Pages 357.

[12]

The Commentaries of Alfonso Alboquerque. Vol. I, P. II.

[13]

Collection of Early Voyages. Vol (doubt). Book (doubt).

[14]

History of British India by Sir Willim Hunter, Vol (doubt) Page 184.

[15]

Asia Portuguse Faria Y sousa Vol.doubt P. 116.

[16]

Bsrbosa; The Discription of the coasts of East Africa and Malabar.

[17]

Barbosa, Page 124, 129.

[18]

Barbosa.

[19]

Ralf Fitch, Barbosa & Linschoten.

[20]

Linschoten.

[21]

Barbosa Page 124.

[22]

Landas da India.

[23]

Nieuhoff.

[24]

Landas da India.

[25]

Session.

[26]

Decree 1.

[27]

Decree 2.

[28]

Decree 3.

[29]

Decree 4.

[30]

Decree 5.

[31]

Decree 6.

[32]

Decree 7.

[33]

Decree 8.

[34]

Decree 14.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.