images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
സംസ്കൃതപ്രഭാവകാലത്തെ സാഹിത്യം
(സാഹിത്യം)

ഈ അദ്ധ്യായത്തെ പാട്ടുകൾ, മണിപ്രവാളകൃതികൾ, ഗദ്യം, ശാസ്ത്രഗ്രന്ഥങ്ങൾ എന്നു നാലു ഖണ്ഡങ്ങളായി വിഭജിച്ചു്, ഓരോ വകുപ്പിലും അക്കാലത്തുണ്ടായ പ്രധാന കൃതികളെപ്പറ്റി ദിങ്മാത്രമായി വിമർശിക്കാമെന്നു വിചാരിക്കുന്നു.

പാട്ടുകൾ
വടക്കൻ പാട്ടുകൾ

മനുഷ്യർ സാമാന്യേന വീരപുരുഷാരാധകന്മാരാകുന്നു. ഏതൽഫലമായി എല്ലാ ഭാഷകളിലും വീരരസപ്രധാനങ്ങളായ ഒരുതരം ആഖ്യാനങ്ങൾ ആവിർഭവിച്ചിട്ടുണ്ടു്. മഹാകാവ്യങ്ങളെല്ലാം വീരാരാധനയിൽ നിന്നുത്ഭവിച്ചവയാണു്. അതുപോലെ തന്നെയാണു് ഇതിഹാസങ്ങളുടെയും കഥ. എന്നാൽ ഇതിഹാസങ്ങളേയും മഹാകാവ്യങ്ങളേയും അപേക്ഷിച്ചു് സംക്ഷിപ്തമായി വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരുമാതിരി കവിതകൾ ഉണ്ടു്. അവയ്ക്കു് ഇംഗ്ലീഷിൽ ballad എന്നു പേർ പറഞ്ഞുവരുന്നു. തച്ചോളിപ്പാട്ടുകൾ അഥവാ വടക്കൻപാട്ടുകൾ ഈ ഇനത്തിൽപ്പെടുന്നവയാണു്. മലയാളികളുടെ നാനാമുഖമായ ജീവിതം ഈ ഗാനങ്ങളിൽ നല്ലപോലെ പ്രതിഫലിച്ചുകാണുന്നു. അന്നത്തേ ജനമണ്ഡലത്തിന്റെ ജാത്യഭിമാനം, ദേശഭക്തി, സത്യനിഷ്ഠ, വീരപരാക്രമങ്ങൾ, സാഹസിക്യം, സ്ത്രീജനങ്ങളോടുള്ള ബഹുമാനം ഇത്യാദി ഗുണങ്ങൾ ഇന്നുള്ളവരിൽ കണികാണാൻപോലും ഇല്ലാതായിരിക്കുന്നു. കറുത്തനാട്ടു രാജാവിൽനിന്നു് കുറുപ്പുസ്ഥാനം സമ്പാദിച്ച കോമന്റെ അനുജനും അതിശൂരപരാക്രമിയും ആയിരുന്ന ഉദയനക്കുറുപ്പിന്റെ വീരകൃത്യങ്ങളെപ്പറ്റി ഇവിടെ അല്പം വിവരിക്കാം.

ഉദയനൻ തിരുനെല്ലിപ്പിണ്ഡത്തിനു പോവാനായി ഒരുങ്ങി,

“ഒന്നിണ്ടോ കേൾക്കണം കോമനേട്ട,
ഞാനൊരു കാര്യത്തിനു പോവ്വാണേട്ടാ”

എന്നു ജ്യേഷ്ഠനോടു് അനുവാദം ചോദിക്കുന്നു. അതുകേട്ടു്, കോമൻ തടസ്സം പറഞ്ഞപ്പോൾ,

“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘ആണും പെണ്ണുമല്ലാത്ത കോമനേട്ടൻ
വല്ല വഴിക്കോ പുറപ്പെട്ടാലു്’
ആ വഴി മുടക്കൂല്ലോ കോമനേട്ടൻ
വല്ലതും താനേ കിടയ്ക്കുന്നാകിൽ
കൈരണ്ടും കാട്ട്യങ്ങു വാങ്ങുമേട്ടൻ.”

ഈ അധിക്ഷേപ വചസ്സുകൾ കേട്ട മാത്രയിൽ കോമൻ അനുവാദം നൽകി. അനന്തരം ഉദേനൻ, അറയിൽ കടന്നിട്ടു്,

“എണ്ണഭരണി വലിച്ചുവെച്ചു്
ചിറ്റെള്ളിന്റെണ്ണ തിരുമുടിക്കു്
കാരെള്ളിന്റെണ്ണ തിരുമേനിക്കു്
താളിയും വാക പുളിച്ചീനിക്ക
ഈവക സാമാനമൊക്കയെടുത്തു
ആറ്റിൻ ചിറയ്ക്കൽ കുളിക്കാനായി”

പോകാൻ ഭാവിക്കവേ, കോമൻ പറയുന്നു:–

“ഒന്നിണ്ടേ, കേൾക്കണം കുഞ്ഞുതേന
അങ്കക്കുറിയും പടക്കുറിയും
തൊട്ടുകുറിയും തൊടുക്കുറിയും
ഇങ്ങനെ നാലു കുറിയരുതു്.
ആയുധമൊന്നുമെടുക്കരുതു്.
വയനാടൻ വടിയൊന്നെടുത്തോളേണ്ടു
തൊപ്പിക്കുടയൊന്നെടുത്തോളേണ്ടു.”

തേനൻ ജ്യേഷ്ഠൻ പറഞ്ഞതനുസരിച്ചു്, നാലു കുറികളിലൊന്നും ധരിക്കാതെ വയനാടൻവടി മാത്രം എടുത്തുകൊണ്ടു് പുറപ്പെട്ടു. കുടകുനാട്ടിലെ കുഞ്ഞിക്കണ്ണന്റെ വയലിൽ കൂടി മാത്രം പോകരുതെന്നു് കോമൻ ഉപദേശിച്ചിരുന്നു. എന്നാൽ തേനൻ ആ വഴിക്കുതന്നേയാണു് പുറപ്പെട്ടതു്. അദ്ദേഹം വയലിൽ ഇറങ്ങിയ മാത്രയിൽ കുടകു രാജാവു് കാണുകയും, മന്ത്രിയായ ചാത്തുനായരെ വിളിച്ചു് അയാളെ പിടിച്ചുകൊണ്ടുവരാൻ ആജ്ഞാപിക്കയും ചെയ്തു. പത്തു് ആളുകൾ ഉടനെ പുറപ്പെട്ടു്, അയാളെ പിടിക്കാനായി ഒരുങ്ങി.

‘പാഴിൽ മരിക്കേണ്ട നായന്മാരേ’

എന്നു പറഞ്ഞു് ഉദയനൻ പോവാനൊരുങ്ങുന്നതു കണ്ടു്, അവർ “രാജകല്പനയാണു് പോവരുതു്” എന്നു തടഞ്ഞു.

അതുകേട്ടു് തേനൻ

“രാജാവിനു ഞാനൊന്നും കൊടുക്കാനില്ല
എനിക്കു രാജാവൊന്നും തരുവാനുമില്ല
അങ്ങനെ ഏതാനും ഉണ്ടെങ്കിലു്
തിരുനെല്ലിപ്പിണ്ഡത്തിനു പോവ്വാണു ഞാൻ
പിണ്ഡം കഴിഞ്ഞു മടക്കത്തിനു
ഇതിക്കൂടി വരേണ്ടെന്നു പറഞ്ഞുംകൊള്ളു.”

എന്നു സമാധാനം പറഞ്ഞിട്ടും, അവർ കൂട്ടാക്കാതെ തടഞ്ഞു.

“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘പാഴിൽ മരിക്കേണ്ട നായന്മാരേ’
അതു പറഞ്ഞു വാമൊഴി തീരുംമുമ്പേ
വയനാടൻ വടിയൊന്നു തലമറിച്ചു
നായന്മാർ പത്താളുടെ തലയും പോയി”

കുഞ്ഞിക്കണ്ണൻ അതുകണ്ടിട്ടു്,

“ഊരാളിച്ചാത്തു കണക്കപ്പിള്ളേ
നായന്മാർ പത്താളുടെ തലയും പോയി
വെള്ളപ്പടയും വെടിയുംപോട്ടേ
വെള്ളപ്പടയും വെടിനിരന്നു.”

ഉദയനനാകട്ടെ, ഏഴടി മുമ്പോട്ടു വെച്ചു് വെള്ളപ്പടയുടെ നടുവിൽ ചാടിവീണതേ ഉള്ളു. അര നിമിഷത്തിനുള്ളിൽ വെള്ളപ്പടയും വെടിയും എല്ലാം നശിച്ചു. കണ്ണനിതെല്ലാം നോക്കിക്കൊണ്ടുതന്നെ നിന്നിരുന്നു.

“അതുതാനെ കാണുന്നു കണ്ണനല്ലോ
‘ഊരാളി ചാത്തു കണക്കപ്പിള്ളേ’
വെള്ളപ്പടയും മുടിച്ചോനാരു്?”

കണ്ണന്റെ ചോദ്യത്തിനു് ചാത്തു ഇങ്ങനെ മറുപടി പറഞ്ഞു.

“തച്ചൊള്ളിവീട്ടിലെ കുഞ്ഞുതേനൻ
പറക്കുന്ന പരന്തിനൊടു പടവെട്ട്വവൻ”

അതിനുശേഷം ഈഴവപ്പടയും വെടിയും നിരന്നു. ഉദയനനാകട്ടെ, കളരിപ്പരതേവരേയും കാരണോന്മാരേയും നന്നായി ധ്യാനിച്ചുകൊണ്ടു്,

“ഏഴടിമുമ്പാക്കം നിന്നു തേനൻ
പന്നിച്ചടക്കത്തിലൊന്നു പാഞ്ഞു
ഈഴുവപ്പടയും പേടി പിടിച്ചു
വയനാടൻവടിയുടെ തലമുറിഞ്ഞു
പാരംതളർന്നു കുഞ്ഞുതേനൻ”

അതിനുശേഷം കണ്ണൻ ‘തീപ്പട വരട്ടേ, വെടി വരട്ടേ’ എന്നു് ആജ്ഞാപിച്ചു.

“തീപ്പട നിരന്നു വെടിനിരന്നു
അതുതാനേ കാണുന്നു കുഞ്ഞുതേനൻ
കളരിപ്പരതേവതെ കാർന്നോന്മാരെ
എന്റെ വലംകൈക്കു തുണതരണേ”

എന്നു പ്രാർത്ഥിച്ചിട്ടു് ഉദയനൻ മൂന്നടി മുന്നോക്കം നിന്നു യുദ്ധം പൊടിതകൃതിയായി.

“തീപ്പടയുടെ ഇരവം കൊണ്ടു
ചെകിടൊട്ടു തേനനു കേൾക്കവല്ല.
തീപ്പടയടുത്തു; വെടിയടുത്തു.
‘തീയിന്റെ ചൂടു സഹിച്ചൂടല്ലോ’
എന്നും പറഞ്ഞങ്ങെണീറ്റു കണ്ണൻ
തീപ്പടയുടെ നടുക്കു ചാടി.
തീപ്പട മുടിച്ചു വെടി മുടിച്ചു.”

കണ്ണൻ വിഷമിച്ചു. ഉദയനൻ നേരെ അയാളുടെ സമീപത്തണഞ്ഞു് ഇങ്ങനെ പറഞ്ഞു:–

“ഒന്നിണ്ടോ കേൾക്കണം കുഞ്ഞിക്കണ്ണാ,
കൊടകിലേ രാജാവു കുഞ്ഞിക്കണ്ണാ,
എന്നോടരങ്കത്തിനിറങ്ങു നീയ്,
അല്ലെങ്കിൽ നിന്റെ തലയെടുക്കും.”

കണ്ണൻ അതുകേട്ടു് ‘ചാത്തു’നെ അങ്കത്തിനു വിട്ടു. അയാളുടെ തല ഉദയനൻ ക്ഷണത്തിൽ കൊയ്തിട്ടു്, കണ്ണനെ വീണ്ടും യുദ്ധത്തിനു ക്ഷണിച്ചു. കണ്ണൻ യുദ്ധത്തിനൊരുമ്പെട്ടു. കിഴക്കും തെക്കുമായി നിന്നു് അവർ പോരു തുടങ്ങി. ഒടുവിൽ കണ്ണന്റെ തലയരിഞ്ഞിട്ടു് അയാൾ,

“കരിയാന ഏഴിനെ അഴിച്ചവനും
ആനകളേഴിനെ കൊണ്ടുപോന്നു.
ഓട്ടുപാത്രങ്ങളൊക്കെത്തല്ലിയുടച്ചു;
കണ്ണന്റെ കോട്ട കുളം കുഴിച്ചു
തച്ചോളിവീട്ടിലും വന്നിരുന്നു”

ഉദയനനേപ്പറ്റി വേറെയും പല കഥകൾ ഉണ്ടു്. അതിൽ ഒന്നിന്റെ ചുരുക്കം താഴെ ചേർക്കുന്നു.

തച്ചോളി ഉദയനൻ തന്റെ ഉറ്റമിത്രമായ കണ്ടശ്ശേരിയോടുകൂടി ലോകനാർകാവിൽ കാവൂട്ടു കാണ്മാൻ പുറപ്പെട്ടു. താൻ തിരിച്ചുവരുന്നതുവരെ വെളിയിൽ ഇറങ്ങിപ്പോകരുതെന്നു് തന്റെ ഭാര്യയോടു് ആജ്ഞാപിച്ചാണു് അദ്ദേഹം പോയതു്. ഉദയനൻ കാവിൽ എത്തിയപ്പോൾ, നാലു കോവിലകത്തെ രാജാക്കന്മാർ പതിനായിരം നായന്മാരോടുകൂടി അവിടെ സന്നിഹിതരായിരുന്നു. ഉദയനൻ തന്റെ സ്ഥാനത്തു കേറി ഇരുന്നു് അല്പം കഴിഞ്ഞപ്പോൾ മതിലൂർ, കുരുക്കൾ ശിഷ്യനോടുകൂടി അവിടെ വന്നു് ആൽത്തറയിൽ കേറി ഇരിപ്പാൻ ഭാവിച്ചപ്പോൾ, ഉദയനൻ നിന്ദാഗർഭമായി തോക്കു കൊണ്ടുവരാൻ കണ്ടാശ്ശേരിയോടു പറഞ്ഞതുകേട്ടു് “ഉദയനാ കുംഭം 10-ം 11-ം തീയതികളിൽ പൊന്നിയാറ്റിന്റെ ആൽത്തറയിൽ വെച്ചു് നമ്മുടെ ബലം പരീക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞിട്ടു് തിരിച്ചു പോയി. ഉദയനന്റെ ജ്യേഷ്ഠനായ കോമപ്പൻ കുരുക്കളെ സമാധാനപ്പെടുത്തുന്നതിനു ശ്രമിച്ചപ്പോൾ, അയാൾ അദ്ദേഹത്തിന്റെ മുഖത്തു തുപ്പി. പിറ്റേ ദിവസം ഉദയനൻ ലോകനാർകാവിൽ ചെന്നു് ദേവിയെ ഭജിച്ചപ്പോൾ, ഒരു നമ്പൂരി വെളിച്ചപ്പെട്ടു് “നിനക്കു് ഇപ്പോൾ കാലക്കേടാണു്. ഞാൻ വിചാരിച്ചാൽ ഒരു സഹായവും ചെയ്വാൻ സാധിക്കയില്ല” എന്നു് അരുളിച്ചെയ്തു. ഉദയനൻ ദേവിയെ ഭക്തിപുരസ്സരം വീണ്ടും വീണ്ടും നമസ്കരിച്ചിട്ടു് തന്റെ തുണയായി നില്ക്കണമെന്നു പ്രാർത്ഥിച്ചു. ഒടുവിൽ ഒരു അശരീരിയുണ്ടായി. ദേവി ഒരു മഞ്ഞപ്പക്ഷിയുടെ രൂപത്തിൽ ശണ്ഠസ്ഥലത്തുണ്ടായിരിക്കുമെന്നും മദ്ധ്യാഹ്നത്തിനു ശേഷം അന്തർദ്ധാനം ചെയ്യുമെന്നും അപ്പോൾ ഉദയനൻ സ്ഥലം വിട്ടു പൊയ്ക്കൊള്ളണമെന്നും ആയിരുന്നു അശരീരിയുടെ ചുരുക്കം. അനന്തരം വീട്ടിൽ ചെന്നു് ജ്യേഷ്ഠനേയും ഭാര്യയേയും സമാധാനപ്പെടുത്തീട്ടു് അദ്ദേഹം ശണ്ഠയ്ക്കു പുറപ്പെട്ടു. ആൽത്തറയിൽ നേരത്തെ കുരുക്കളും കൂട്ടുകാരും സന്നദ്ധരായി നിന്നിരുന്നു. ഉദയനൻ അരയും തലയും മുറുക്കി, തന്റെ അരക്കെട്ടിന്റെ ഒരു അഗ്രം ഒരു മാവിന്റെ തായ്ത്തടിയിൽ തൊടുത്തി ഒന്നു വലിച്ചപ്പോൾ ഇലകളെല്ലാം പൊഴിഞ്ഞുപോലും. ഒന്നുകൂടി വലിച്ചപ്പോൾ ശാഖകളെല്ലാം മുറിഞ്ഞുവീണു. പിന്നീടു് വാളും പരിശയും ധരിച്ചു് നേരെ ആൽത്തറയിലേക്കു തന്നെ അദ്ദേഹം തിരിച്ചു. ശണ്ഠ ആരംഭിച്ചു. കുരുക്കളുടെ വാളിനെ ഉദയനൻ ഏഴുപ്രാവശ്യം പിടിച്ചെടുത്തു. ഇതിനിടയ്ക്കു് മഞ്ഞപ്പക്ഷി അന്തർദ്ധാനം ചെയ്തുകഴിഞ്ഞു. തന്മൂലം ഉദയനൻ വിജയഘോഷത്തോടു കൂടി തിരിച്ചുപോന്നു. എന്നാൽ തന്റെ കഠാരികളഞ്ഞുപോയതുകൊണ്ടു് അതിനെ തിരിച്ചെടുപ്പാനായി വീണ്ടും ശണ്ഠസ്ഥലത്തേയ്ക്കു പോകേണ്ടിവന്നു. ജ്യേഷ്ഠന്റെയും മറ്റും തടസ്സത്തെ വകവെയ്ക്കാതെ ഉദയനൻ, അങ്ങോട്ടു പുറപ്പെട്ടപ്പോൾ, കുരുക്കളുടെ കക്ഷിയിൽപ്പെട്ട പക്കി എന്നൊരുവൻ, മരത്തിന്റെ പുറകിൽ ഒളിച്ചു നിന്നുകൊണ്ടു് അദ്ദേഹത്തിനെ വെടിവച്ചു. ഉദയനൻ വെടിയേറ്റു വീണെങ്കിലും, തന്റെ വാളിനെ വെടിയുണ്ടായ സ്ഥലത്തിനുലാക്കാക്കി എറിഞ്ഞതിനാൽ, ആ മരവും അതിനു പുറകിൽ നിന്നിരുന്ന പക്കിയും ഈരണ്ടു ഖണ്ഡങ്ങളായി നിലംപതിച്ചുവത്രേ. പിന്നീടു് ഉദയനൻ തന്റെ ഉഷ്ണീഷത്തെ കീറി നെറ്റിത്തടത്തിൽ കെട്ടി, രക്തത്തെ തടഞ്ഞിട്ടു് ജ്യേഷ്ഠനോടും കൂട്ടകുകാരോടും കൂടി വീട്ടിലേയ്ക്കു തിരിച്ചു പോന്നു.

ഇതുപോലെ തന്നെ കണ്ണൻ, കോൻ, ചന്തു എന്നിങ്ങനെ പലേ മഹാരഥന്മാരെപ്പറ്റി അസംഖ്യം കഥകൾ നടപ്പുണ്ടു്. അവയെ ഒക്കെ വടക്കൻപാട്ടുകളെന്നാണു് സാധാരണ വിളിക്കാറുള്ളതു്. ‘കോമൻ’ തച്ചൊളി മേപ്പ വംശത്തിന്റെ സ്ഥാപകനാണെന്നു തോന്നുന്നു. ചന്തു ഉദയനക്കുറുപ്പിന്റെ ഭാഗിനേയനുമായിരുന്നു.

‘തച്ചോളിച്ചന്തു’ എന്ന പാട്ടിൽനിന്നു് അവരുടെ കുടുംബത്തേപ്പറ്റി അനേകം സംഗതികൾ അറിയാം. അന്നത്തെ സ്ഥാനമാനികളുടെ വസ്ത്രധാരണരീതി അറിയണമെങ്കിൽ, താഴെ ചേർത്തിരിക്കുന്ന ഭാഗം നോക്കുക:–

“നിലയറവാതിൽ തുറക്കുന്നുണ്ടു്.
മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു;
ചമയങ്ങളൊക്കെയെടുത്തു ചന്തു;
അങ്കപ്പട്ടോല എടുക്കുന്നുണ്ടു്;
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്;
നാല്പത്തിരുമുഴം പുള്ളിക്കച്ച;
കുഴലീന്നു കച്ച വലിച്ചെടുത്തു”

അന്നത്തെ നെയ്ത്തുകാരുടെ സാമർത്ഥ്യത്തിനു് ഇതിൽപ്പരം എന്തുദാഹരണമാണു് വേണ്ടതു്. നാല്പത്തിരണ്ടു മുഴം തുണി ഒരു കുഴലിൽ ഒതുക്കിവെയ്ക്കണമെങ്കിൽ അതിനു് എത്ര നേർമ്മ ഉണ്ടായിരിക്കണം!

“പന്തുകണക്കിൽച്ചുരുട്ടീ കച്ച;
ആകാശം ചൂണ്ടിയെറിഞ്ഞു കച്ച;
കച്ചേടെ വാലുപിടിച്ചു ചന്തു;
പകിരി തിരിഞ്ഞങ്ങു കെട്ടുന്നുണ്ടു്;
വടക്കൻ ഞെറിവെച്ചു ഞായംവെച്ചു;
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചു;
ആനമുഖംവെച്ചു കെട്ടുന്നുണ്ടു്;
കുതിരമുഖം വെച്ചും കെട്ടുന്നുണ്ടു്;
ചന്തം പെരുമയിൽ കെട്ടുന്നുണ്ടു്;
അങ്കപ്പുലി വാലുഴിഞ്ഞു കെട്ടി;
കച്ചച്ചമയങ്ങൾ ചമഞ്ഞൊരുങ്ങി;
ഏലസ്സരിഞ്ഞാൺ അരമുറുക്കി;
നാടുവാഴി കൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു.
ചെപ്പുമരുന്നും എടുത്തു ചന്തു,
നാവിങ്കൽ തന്നെയും മാന്തുന്നുണ്ടു്.
ചന്ദനപ്പരിശ പൊടി തുടച്ചു.
ഉറുമിപ്പരിശ തൊഴുതെടുത്തു.”

അന്നുള്ളവരുടെ സ്വമിഭക്തി അത്ഭുതാവഹമായിരുന്നു. ഉദയനക്കുറുപ്പിന്റെ കാലശേഷം കുറേക്കാലത്തേയ്ക്കു് പ്രായപൂർത്തിയുള്ളവരാരും തച്ചൊളികൂടുംബത്തിൽ ഇല്ലാതിരുന്നതിനാൽ വഞ്ചകനായ വടകരവയ്യൻ അവരുടെ മുതലുകളിൽ ചിലതു സ്വാധീനമാക്കി. ചന്തു പ്രായമായ ഉടനെ ആധാരപ്പെട്ടികൾ പരിശോധിച്ചു് കാര്യം മനസ്സിലാക്കയും വടകരവയ്യനിൽനിന്നു് പാട്ടവും പലിശയും പിരിക്കാനായി അങ്ങോട്ടു പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ഒരു ആൽത്തറയിൽ കേറി വിശ്രമിക്കുന്നതിനു് ഒരുങ്ങിയപ്പോൾ,

“അതുതാനെ കാണുന്നു ജോനകരും;
നാലുജാതിയുമേ ഒത്തുകൂടി,
നമ്മുടെ കുറുപ്പനോർ മരിച്ചേപ്പിന്നെ
ആൽത്തറ മുകളേറിയിരുന്നോരില്ല
അവരുടെ കുറുമ്പു കുറച്ചീടേണം”

എന്നു പറഞ്ഞു് ദണ്ഡും വടിയും ഉലക്കയുമായി ആൽത്തറ വളഞ്ഞു. എന്നാൽ ചന്തു ആരെന്നു മനസ്സിലാക്കിയ ഉടനേ ആയുധങ്ങൾ ദുരത്തെറിഞ്ഞുകളഞ്ഞിട്ടു് അവർ ചന്തുവിന്റെ പാദത്തിൽ വീണു് ക്ഷമായാചനം ചെയ്തുവത്രേ.

‘ചന്തു’വിലുള്ള ഒരു സ്ത്രീവർണ്ണന നോക്കുക:–

“മാനത്തുന്നെങ്ങാനും പൊട്ടി വീണോ?
ഭൂമിയിൽ എങ്ങാനും മുളച്ചു വന്നോ?
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ?
കുന്നത്തെ കൊന്നയും പൂത്തപോലെ
ആദിത്യചന്ദ്രരുദിച്ചപോലെ,
പൊൻവാളം തട്യങ്ങു നീട്യപോലെ,
വയനാടൻ മഞ്ഞൾ മുറിച്ചപോലെ,
കുന്നിക്കുരു നിറമെന്നും കണ്ടാൽ
കുരുത്തോല നിറമൊത്തപോലെ തോന്നും.”

ആധുനിക സംസ്കൃതസാഹിത്യം വായിച്ചു മനസ്സു കല്ലിച്ചുപോയവർക്കു് ഈ വർണ്ണന ഹൃദ്യമായി തോന്നുകയില്ലായിരിക്കും.

ശ്രീഭദ്രകാളിയേ സേവിച്ചു് ഭദ്രവാളു സമ്പാദിച്ചവളും അർക്കചന്ദ്രന്മാർ നേരിച്ചു നടക്കാതിരിക്കത്തക്കവണ്ണം അത്ര പ്രാബല്യമുള്ളവളും ആയ കുഞ്ഞിക്കൊങ്കി എന്ന ഒരു സ്ത്രീ അകമ്പടിക്കാരോടുകൂടി പോകുന്നതു കണ്ടു്, അവളെ തന്റെ ഭാര്യയാക്കണമെന്നു് ചന്തു നിശ്ചയിച്ചു. അവൾക്കു് കൊടമലയുടെ ആധിപത്യം ഉണ്ടായിരുന്നതിനു പുറമേ അവളുടെ ഭർത്താവു് വീരാഗ്രണിയായ ഒരു തുളുനാടൻ കണ്ണനുമായിരുന്നു. ചന്തു തന്റെ പരാക്രമത്താൽ കൊങ്കിയേ അപഹരിച്ചു. സ്വഗൃഹത്തിലേക്കു കൊണ്ടുപോന്നു. വിവാഹത്തിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്:–

“അമ്മയ്ക്കു ശരിയൊത്ത മരുമകളും
നമ്മുടെ പടിപ്പുരയ്ക്കൽ നിൽപ്പുണ്ടല്ലോ.
അരിയുമെറിഞ്ഞകം കൊള്ളിക്കിൻ
ആ മൊഴികട്ടല്ലോ പെറ്റോരമ്മ
അരിയുമേ മഞ്ഞളും ചോപ്പിക്കുന്നു;
വിളക്കും നിറയുമേ പിടിപ്പിക്കുന്നു;
മുത്താപ്പു കെട്ടുന്നു അമ്മയല്ലോ
പടിപ്പുരതന്നിലും ചെന്നീതമ്മ,”

ചന്തുവും കണ്ണനും ആയുള്ള യുദ്ധത്തിൽ കൊങ്കി പ്രദർശിപ്പിച്ച യുദ്ധസാമർത്ഥ്യം അവർണ്ണ്യമാകുന്നു. ആ ഭാഗം വായിക്കുമ്പോൾ ആർക്കും ഹൃദയം തുടിക്കാതിരിക്കയില്ല. ഏഴു രാജാക്കന്മാരെ നിഗ്രഹിച്ചു് അവരുടെ സ്വത്തുക്കൾ അപഹരിച്ച പരാക്രമശാലിയായിരുന്നത്രേ ആ സ്ത്രീരത്നം.

വടക്കൻപാട്ടുകളിൽ നിന്നു് അന്നത്തെ മലയാളികളുടെ ദായക്രമം, സ്വഭാവം, കുടിപ്പക, അങ്കം, സ്നാനപാനാദികൾ, വിവാഹം, ശേഷക്രിയ ഇവയെപ്പറ്റി സൂക്ഷ്മമായ ജ്ഞാനം സമ്പാദിക്കാം. തച്ചൊള്ളിക്കുഞ്ഞിച്ചന്തു താഴത്തുമഠത്തിലെ മാതുവിന്നു് അമ്മാവന്റെയും മറ്റും അറിവു കൂടാതെ മുറി കൊടുത്തിട്ടു്,

“തച്ചോള്ളിവീട്ടിലെ ഈടുപ്പുകൾ
അമ്മാവനറിയാതെ കൊണ്ടുപോയി
താഴത്തുമഠത്തിൽമഠങ്ങൾതീർത്തു
പടിയും പടിപ്പുര കേമമാക്കി
കിണറും കുളങ്ങളും ഭംഗിയാക്കി”യത്രേ.

അങ്ങനെ ഇരിക്കുന്ന കാലത്തു് അയാളുടെ മാതുലപത്നിയായ ചീരു ഈ വിവരം അറിഞ്ഞു് ആ ബന്ധം ഉപേക്ഷിക്കണമെന്നു് ചന്തുവിനെ ഉപദേശിച്ചുവെങ്കിലും അതുകൊണ്ടു പ്രയോജനമുണ്ടായില്ല.

ഒരുദിവസം മാതുക്കുട്ടി പതിനാറു പിണാത്തിമാരോടുകൂടി ഓമല്ലൂർക്കാവിൽ കുളിക്കാൻ പുറപ്പെട്ടപ്പോൾ അവളുടെ അമ്മ,

“അവിടെ കുളിപ്പാനായി പോകവേണ്ട
നമ്മുടെ കുളത്തിൽ കുളിച്ചുകൊൾക”

എന്നു തടഞ്ഞു. വല്ല മാറ്റാനും ചെന്നു് അവളേ തട്ടിക്കൊണ്ടുപോയേക്കുമെന്നായിരുന്നു ആ സ്ത്രീയുടെ ഭയം.

“തച്ചൊള്ളി ചന്തുന്റെ ഭാര്യയെന്നേ
ആരും തൊടുകില്ല”

എന്നായിരുന്നു ആ വീരപത്നിയുടെ മറുപടി. മാതുവിന്റെ സ്നാനജപാദികളെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

‘പൂഞ്ചിറവക്കത്തു ചെന്നുനിന്നു
ചമയങ്ങളൊക്കയഴിച്ചുവെച്ചു
ആയതു കണ്ടപ്പോൾ പിണാത്തിമാരും
താളിക്കല്ലിന്മേലേറി നിന്നു
താളി പതച്ചു കുറുമ്പരിച്ചു’

കുലീനകളായ സ്ത്രീകളെ എണ്ണതേപ്പിക്കുന്നതിനും താളിപിഴിഞ്ഞു കൊടുക്കുന്നതിനും ആയി പിണാത്തിമാരെക്കൂടി അവർ കൊണ്ടുപോക പതിവായിരുന്നു.

മാതു കുളി കഴിഞ്ഞു് കല്ലിന്മേൽ തേവാരവും കടവത്തു മന്ത്രവും കഴിച്ചിട്ടു് സൂര്യനു വെള്ളം ജപിച്ചെറിഞ്ഞ ശേഷം കുറിയിടുന്നതിങ്ങനെയാണു്.

“ചന്ദനക്കല്ലിന്റെ യരികേ ചെന്നു
ഉയർന്ന പുറം നോക്കിക്കാൽ മടക്കി,
ചന്ദനമുരസിക്കുറി വരച്ചു;
എലക്കുറിയേഴും വരച്ചു മാതു
ചന്തക്കുറിയും വരച്ചു പെണ്ണും;
പൊൻകൊണ്ടരപ്പുതിലകം തൊട്ടു;
കുങ്കുമം കൊണ്ടങ്ങു പൊട്ടുകുത്തി;
അഞ്ജനമരച്ചിട്ടു കണ്ണെഴുതി;
ചന്ദനത്തൈലമെടുത്തവളും
കസ്തൂരി കളഭം പൂശുന്നുണ്ടു്.”

ഇന്നും നാട്ടുംപുറങ്ങളിൽ ബാലികമാർ ഈമാതിരി കുറികൾ ഇടാറുണ്ടു്. കുറിയിട്ടതിനു ശേഷം അവൾ,

നീലക്കവണി പുടവയെടുത്തു
പൂക്കുലഞൊറിയിട്ടുടുത്തു പെണ്ണും
മേൽമുണ്ടു നന്നായിച്ചുറ്റി മാതു
കൊട്ടം പടിവെച്ച പൊന്നരഞ്ഞാൾ
മീതേയഴകിന്നു പൂട്ടി മാതു”

ചന്തു കൊടുത്ത ചമയങ്ങളൊക്കെ അണിഞ്ഞുകൊണ്ടു് അവൾ ക്ഷേത്രത്തിൽ ചെന്നു് ഈശ്വരദർശനം നടത്തിക്കൊണ്ടിരിക്കവേ, അവിടെ കണ്ടൻമേനോൻ എന്നൊരു നായർപ്രഭു പൊന്നുംപല്ലക്കിൽ വന്നിറങ്ങുകയും, മാതുക്കുട്ടിയുടെ ‘കുന്നത്തുകൊന്ന പൂത്തപോലെ’യും, ‘വയനാടൻ മഞ്ഞൾ മുറിച്ച’പോലെയും ഇരിക്കുന്ന പൂമേനിയുടെ ശോഭ കണ്ടു് അവളെ പിടിച്ചു് പല്ലക്കിൽ കേറ്റിക്കൊണ്ടു് തുളുനാടൻ കോട്ടയിലേക്കു കൊണ്ടുപോകുവാൻ തന്റെ ഭൃത്യന്മാരോടു് ആജ്ഞാപിക്കയും ചെയ്തു. എന്നാൽ അവർക്കാർക്കും ചന്തുവിന്റെ ഭാര്യയെ തൊടാൻ ധൈര്യമുണ്ടായില്ല. അതുകണ്ടു് മേനോൻ ചെന്നു് അവളുടെ കൈയ്ക്കു പിടിച്ചപ്പോൾ,

“എടതുള്ളി വിറച്ചിതു മാതുപ്പെണ്ണും
ആണുമ്പെണ്ണ്വല്ലാത്ത വരുതിക്കയ്യ,
അമ്മപെങ്ങന്മാരും നിനക്കില്ലേട,
എന്നെനീയറിയോട വരുതിക്കയ്യ,
തച്ചോളിച്ചംതൂനെ അറിയോ നീയ്
അവനുടെ പെണ്ണായ മാതു ഞാനെ?
അവനീ സംഗതി അറിഞ്ഞിതെങ്കിൽ
കഴുവിനെക്കൊത്തുമ്പോൽ കൊത്തുന്നിന്നെ”

എന്നു് അവൾ ഭത്സിച്ചു. ഇത്തരം വീരവനിതകൾ അക്കാലങ്ങളിൽ ധാരാളമുണ്ടായിരുന്നു. മുതുകത്തു മുറിവേറ്റുവരുന്ന മക്കളെ പടിക്കകത്തു കയറ്റാതെ, രണഭൂമിയിൽച്ചെന്നു് തങ്ങളുടെ സ്തനങ്ങളെ അറുത്തുകളഞ്ഞിട്ടുള്ള എത്രയോ ജനനിമാർ അന്നു കേരളത്തിലുണ്ടായിരുന്നു. ഇന്നുള്ള സ്ത്രീകളാകട്ടെ, കുട്ടികളുടെ കരച്ചിലാറ്റുന്നതിനു വേണ്ടി ‘ഉമ്മാക്കി’യുടെ കഥപറഞ്ഞു് അവരെ ഭീരുക്കളാക്കി വിടുകയാണു് ചെയ്യുന്നതു്. ഉണ്ണിആർച്ച എന്ന ചേകോത്തിയുടെ വീരപരാക്രമങ്ങളെപ്പറ്റിയുള്ള പാട്ടു് ഒരു കുറി വായിച്ചാൽ, ആർക്കും അത്ഭുതം തോന്നാതിരിക്കയില്ല.

ചന്തു ഈ വിവരം അറിഞ്ഞു്, പക വീട്ടാൻ ഒരുമ്പെടുന്നു. അയാൾ അങ്കം പൊരുതി മേനോനെ നിഗ്രഹിച്ചിട്ടു് കോട്ട പിടിച്ചെടുത്തു കഴിഞ്ഞപ്പോൾ, നാടുവാഴി അവിടെ എത്തി, കോട്ടയിൽ ആരെടാ എന്നു ചോദിക്കയും,

“തച്ചൊള്ളി ഉതയോനെന്നു കേട്ടിട്ടുണ്ടോ?
അവനുടെ മരുമകൻ ചന്തു ഞാനും”

എന്നു് അയാൾ പറഞ്ഞതു കേട്ട മാത്രയിൽ ‘ഉള്ളകം തുള്ളി വിറച്ചുകൊണ്ടു്’ വന്ന വഴിയേ പോകയും ചെയ്തുവത്രേ. ഇതിനിടയ്ക്കു് ചന്തുവിനെ തിരക്കി ഉദയനനും വന്നെത്തി. തന്റെ ഭാഗിനേയന്റെ വീരകർമ്മങ്ങൾ കണ്ടു് അദ്ദേഹം ആനന്ദപരവശനായിച്ചമഞ്ഞു. ഉദയനൻ കാക്കൽ വീണു് ആചാരം ചെയ്ത ചന്തുവിനു് നെറുകയിൽ തൊട്ടു വരം കൊടുത്തിട്ടു്, അയാളെ വാരിയെടുത്തു് മാറോടണച്ചു. കോട്ടയ്ക്കു മുദ്ര വെച്ചു് പോവാൻ ആരംഭിച്ചപ്പോൾ ഉദയനൻ, കണക്കപ്പിള്ളമാരെ വിളിച്ചു്,

“ആളുമടിയാരേ വലപ്പിക്കെല്ലേ
കന്നുകാലികളെ രക്ഷിക്കേണം”

എന്നുകൂടി ഏർപ്പാടു ചെയ്യാതിരുന്നില്ല.

അക്കാലത്തെ മലയാളികളുടെ ദാനശീലം താഴെച്ചേർത്തിരിക്കുന്ന വരികളിൽനിന്നു വ്യക്തമായിക്കാണാം.

കുറുങ്ങാട്ടിടത്തിലെ ‘വാഴുന്നോർ’ ആരോമർ ചേകവരെ തേടിപ്പോകും വഴിക്കു് ഒരു പാണച്ചെറുക്കനെ കാണുന്നു. അവനോടു് അദ്ദേഹം ‘എവിടുന്നു വരുന്നെടാ പാണ നീയ്യേ’ എന്നു ചോദിച്ചതിനു് ‘ഊരിലിരപ്പിനായിപ്പോണടിയൻ’ എന്നു് അവൻ മറുപടി പറയുന്നു.

“ഊരിലിരന്നാലോ എന്തു കിട്ടും?”

എന്നു വീണ്ടും ചോദിച്ചപ്പോൾ, അവൻ പറഞ്ഞ മറുപടിയാവിതു്.

“ഉണ്ണുമ്പോൾ ചെന്നാലൊ ചോറു കിട്ടും
തേയ്ക്കുമ്പോൾ ചെന്നാലൊ എണ്ണ കിട്ടും
ചെത്തുമ്പോൾ ചെന്നാലൊ കള്ളു കിട്ടും
അത്താഴച്ചോറ്റിനു അരിയും കിട്ടും
സന്ധ്യവിളക്കിനു എണ്ണ കിട്ടും”

അതേ പാട്ടിൽതന്നെ ഒരു ചേകവപ്രഭുവിന്റെ ഗൃഹത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“പുത്തനായിത്തീർത്ത പടിപ്പുരയും
കുമ്മായം തേച്ചതിൽ ചിത്രെഴുത്തേ
പടിപ്പുര കയറിക്കടന്നു ചെന്നാൽ
നാടകശാലയിൽ ചെന്നിറങ്ങാം.
നാടകശാലയിൽ ചെന്നിരുന്നാൽ കാണാം
പടല പഴുത്തുള്ള വാഴത്തോട്ടം
കുലയിലുണങ്ങിയ തെങ്ങിൻതോട്ടം
അടയ്ക്കാ പഴുത്തുള്ള കമുകിൻതോട്ടം

***

കിഴക്കുപുറത്തങ്ങു പൂത്തിലഞ്ഞി;
അതിനരികത്തുണ്ടേയന്തിമാടം;
അന്തിമാടത്തുമ്മേൽ അന്തിയാട്ടം;
തെക്കുപുറത്തുണ്ടു തേൻപുളിയും;
അതിനരികെയുണ്ടു കൂത്തുമാടം;
കൂത്തുമാടത്തുമ്മേൽ കൂത്താട്ടവും,
പടിഞ്ഞാറുപുറത്തുണ്ടു തൈവംപാല,
അതിനരികെയുണ്ടു മണ്ടകവും,
മണ്ടകം ചുറ്റും ഇളംപുലാവേ,
വടക്കേപ്പുറത്തുണ്ടു വളർമാവുംതയ്യേ,
അതിനരികെയുണ്ടുരപ്പുരയും,
ഈശാനത്തിന്മേൽ മണിക്കിണറേ,
കന്നിരാശിയിന്മേൽ തൊടുക്കുളവും,
കിഴക്കുപുറത്തുണ്ടു കരിമ്പനയും,
കാൽവച്ചു ചുറ്റും വളർത്തീട്ടുണ്ടേ.
വെള്ളക്കരിമ്പന മുകളിലല്ലോ
നാഗവും ഭൂതം ഇരുപ്പുണ്ടല്ലോ.
കിഴക്കുപുറത്തുണ്ടു മുല്ലത്തറ;
തെക്കുപുറത്തുണ്ടു നെടുംകളരി;
അങ്കക്കളരിയെന്ന കളരിയാണേ,
അങ്കക്കരുനാഗം ദൈവത്താണെ.”

ഈഴവരുടെ ഒരു വിവാഹാടിയന്തിരത്തെ കണ്ണപ്പൻ ചേകവരുടെ കഥയിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. [1]

പുത്തൂരംവീട്ടിൽ മൂത്ത ചേകവർ തന്റെ പൊന്മകനായ കണ്ണപ്പനു പതിനാറു വയസ്സു തികഞ്ഞ ഉടനെ അവന്നു് ഒരു കന്യകയെ തേടിപ്പുറപ്പെട്ടു. പലേ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും യോജിച്ച ഒരു കന്യകയെ കിട്ടായ്കയാൽ ഒടുവിൽ ‘അമ്പാടി വാഴുന്ന’ ചേകവരുടെ വീട്ടിൽ എത്തി. അവർക്കു മേനോസ്ഥാനവും മറ്റും ഉണ്ടായിരുന്നത്രേ. അമ്പാടിച്ചേകവർ നമ്മുടെ പുത്തൂരംവീടിനെ കണ്ടപ്പോഴേ,

“കാറ്റാടും നല്ല കളിത്തിണ്ണമേൽ
വീരാളിപ്പുൽപ്പായ വാരിയിട്ടല്ലോ.
വെറ്റിലച്ചെല്ലവും കോടന്നുവെച്ചു.”

അയാൾ മുറുക്കീട്ടു ഓരോ വിശേഷങ്ങളും പറഞ്ഞു കുറച്ചു നേരം ഇരുന്നശേഷം, വിവാഹത്തെപ്പറ്റി ആലോചിച്ചു. കന്യകയുടെ തങ്കവർണ്ണവും,

“തത്തമ്മച്ചുണ്ടും പവിഴപ്പല്ലും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും
ആലിലപോലെ വയറഴകും
കട്ടും കാൽക്കൊത്തൊരു മുട്ടും കാലും
പീലിയോടൊത്തുള്ള മുടിയഴകും”

കണ്ടപ്പോൾ വൃദ്ധനു തന്നേ ബോധിച്ചു. ഉടൻതന്നെ ജാതകം നോക്കി കല്യാണത്തിനു ദിവസവും തീർച്ചപ്പെടുത്തിയിട്ടു്, ബന്ധുക്കൾക്കൊക്കെ കുറി എഴുതി ആളയച്ചു.

വിവാഹദിവസം ചെറുക്കനെ ചമയിച്ചു് പുത്തൂരംവീട്ടിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടു.

“പുത്തൂരംവീടും പടികടന്നു
ആനാടും വീടും കടന്നുപോയി
അമ്പാടി വീട്ടിൽ പടിക്കൽച്ചെന്നു.
ആർപ്പും നടയും നടവെടിയും
കോലാഹലത്തോടെ ചെന്നുകേറി.
വേണ്ടും ക്രിയകൾ കഴിക്കുന്നുണ്ടു്.
നൂറ്റൊന്നു അച്ചാരം ചൊല്യവിടെ
സ്ഥാനമാനങ്ങൾ കഴിക്കുന്നുണ്ടു്
കെട്ടിയ പന്തലിൽ പുടമുറിച്ചു
അന്നുനാൾ തൊട്ടിങ്ങുകൊണ്ടുപോന്നു.”

കുറുങ്ങാട്ടിടത്തിലെ മൂത്ത നായരുടെ ശേഷക്രിയയെ ഒരു പാട്ടിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:–

“അമ്മാവൻ തന്നെ മരിച്ചശേഷം
കട്ടിന്മേൽ നിന്നു എറക്കുന്നുണ്ടേ;
തെക്കുവടക്കായിക്കിടുത്തുന്നുണ്ടേ.
പട്ടുപുടകളുമിട്ടിതല്ലോ
പെങ്ങാമ്മാർ രണ്ടും മുറവിളിച്ചേ
ചത്തോരു വീടെന്നറിയിക്കുന്നു.
തെഞ്ഞത്തടിച്ചു തൊഴിച്ചുകൊണ്ടെ.
അതുതാനേ കേൾക്കുന്ന അയിലാളരും
ഓടീട്ടും മണ്ടീട്ടും വന്നൊടുങ്ങി.
നഗരങ്ങൾ നാലീന്നും വന്നിതല്ലോ
നാടുവാഴി ദേശവാഴി എത്ത്യവിടെ.
എണങ്ങും സത്തുക്കളും എത്തിയല്ലോ,
എണങ്ങിൻ ക്രിയകൾ കഴിക്കുന്നുണ്ടേ.
വിളക്കും നിറയുമേ വെക്കുന്നുണ്ടേ
നാളികേരമൊന്നുടച്ചുവച്ചു.
അപ്പോൾ പറയുന്നു നാടുവാഴി
‘ഒന്നുണ്ടു കേൾക്കണം ഉണിയ്ക്കോനാരേ
നമ്മുടെ ജാതിമരിയാതയ്ക്കു
ഒങ്കടലും ദഹനം കഴിക്കവേണം
വേണ്ടും ജനങ്ങളും വന്നിട്ടുണ്ടേ.”

ഇന്നും ചില ദിക്കുകളിൽ ഈ ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. പക്ഷെ നാടുവാഴിയുടെ സ്ഥാനത്തു് കരനാഥനാണെന്നേ ഭേദമുള്ളു. ഇന്നത്തെ കരനാഥന്മാർ പണ്ടു നാടുവാഴികളായിരുന്നവരുടെ സന്താനങ്ങളാണെന്നു തോന്നുന്നു.

“ചന്ദനം കൂവളം മുറിക്കുന്നുണ്ടേ
ചൊടല വിറകും കൂട്ടിക്കൊണ്ടേ
എണ്ണയും നെയ്യും ഒഴിക്കുന്നുണ്ടേ
അമ്മാവൻതന്നെ നെടുക്കുന്നുണ്ടേ
തലയും പിടിക്കുന്നു ഉണിക്കോനാരും
കാലും പിടിക്കുന്ന ഉണിച്ചന്ത്രോരും
പുറത്തേയ്ക്കു കൊണ്ടങ്ങു പോകുന്നുണ്ടേ
കട്ടിന്മേൽ തന്നെ കിടത്തിയല്ലോ
എണ്ണയും താളിയിടുത്തു കൊണ്ടേ
എണ്ണയും തേച്ചു കുളിപ്പിക്കുന്നു.
ചന്ദനം കളഭം ധരിപ്പിക്കുന്നു.
പനിനീരു തന്നെയും പൂശുന്നുണ്ടേ
വീരാളിപ്പട്ടിൽപ്പൊതിഞ്ഞു കെട്ടി
അരിയുമേനല്ക്കരമെടുത്തവരും
അമ്മാവനു മൂന്നു വലത്തുവെച്ചു.
അരിയും നെല്ലുമിട്ടു തൊഴുതവരും
പൊൻപണംതന്നെയുമൊന്നെടുത്തു
വീരാളിപ്പട്ടിൻതലയ്ക്കൽ കെട്ടി
അമ്മാവനെത്തന്നെയെടുത്തവരും
ചൊടലയിൽ മൂന്നു വലത്തുവെച്ചു
ചൊടലയിൽത്തന്നെയും വെക്കുന്നുണ്ടേ
അതു താനേ കണ്ടു മഹാജനങ്ങൾ
എണ്ണയും നെയ്യുമൊഴിച്ചവരും
ചൊടലയും കത്തി എരിഞ്ഞുപോയി.”

അന്നത്തേ കർമ്മം അങ്ങനെ അവസാനിച്ചു. ഏഴാംദിവസം തുടങ്ങി, സദ്യ പൊടിപൂരമായി നടന്നു. എന്നാൽ അസ്ഥി പെറുക്കുന്ന വിഷയത്തിൽ, ‘ഞാൽ മൂത്തു ഞാൻ മൂത്തു’ എന്നു് ഉണിയ്ക്കോനാരും ഉണ്ണിച്ചന്ത്രോരും തമ്മിൽ പിണങ്ങി. കരക്കാർ ‘മൂപ്പിളമ’ തീർച്ചപ്പെടുത്താനായി അവരുടെ അമ്മമാരെ വിളിച്ചു ചോദിച്ചു.

“നോവും വിളിയതും ഞങ്ങൾക്കല്ലോ
പ്രസവവേദനകൊണ്ടറിഞ്ഞുകൂട”

എന്നു് അവർ പറകയാൽ, മഹാജനങ്ങൾ വയറ്റാട്ടി ആർച്ചയെ വരുത്തിച്ചോദിച്ചു. അവളാകട്ടെ,

‘പാതിരായ്ക്കൊന്നും പുലർച്ചയ്ക്കൊന്നും
പുലർച്ചയ്ക്കു പെറ്റതുണിച്ചന്ത്രോരെ’

എന്നു പറഞ്ഞുവെങ്കിലും, ഉണിക്കോനാരു സമ്മതിച്ചില്ല. അതുകൊണ്ടു് മണ്ണാത്തിയെ വിളിച്ചു് അവളോടു ചോദിച്ചാറെ, അവൾ ഉണിക്കോനാർക്കു് അനുകൂലമായിട്ടാണു് പറഞ്ഞതു്. അതുകൊണ്ടു് ഒരു തീർച്ച ചെയ്യാൻ നിവൃത്തിയില്ലാതെ വരികയാൽ രണ്ടുപേരും ഒപ്പം അസ്ഥി പെറുക്കുകയും മറ്റു കർമ്മങ്ങൾ കുഴപ്പം കൂടാതെ നടത്തുകയും ചെയ്തു.

ഈ പാട്ടുകൾക്കു പറയത്തക്ക ശബ്ദശുദ്ധിയോ ശബ്ദാർത്ഥവൈചിത്ര്യങ്ങളോ കാണ്മാനില്ലെങ്കിലും, ആപാദചൂഡം വീരരസപ്രചുരമായിരിക്കുന്നു. ആർജ്ജവമാണു് അവയ്ക്കുള്ള പ്രധാന ഗുണം. എല്ലാ വടക്കൻപാട്ടുകളും ഒരേ കാലത്തുണ്ടായവയാണെന്നു തോന്നുന്നില്ല. എന്തെല്ലാം കാവ്യദോഷങ്ങൾ അവയ്ക്കുണ്ടായിരുന്നാലും, ചിത്രകാരൻ അവയെ അമൂല്യസമ്പത്തായി ഗണിക്കാതിരിക്കയില്ല. വടക്കൻഭാഷ എത്രത്തോളം കർണ്ണാടകം തുളു ഈ ഭാഷകൾക്കു വശപ്പെട്ടിട്ടുണ്ടെന്നു് അവയിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും അറിയാം. പദമദ്ധ്യഗതമായ സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം തുളുവിനും കർണ്ണാടകത്തിനുമുണ്ടെന്നു് മുമ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ‘കൊണ്ടുവന്നു’ ‘ഈഴുവപ്പട’ ഇവയ്ക്കു വടക്കൻപാട്ടിൽ ‘കൊടന്നു, ഈഴ്‌വപ്പട’ എന്നൊക്കെയാണു കാണുന്നതു്. ശുദ്ധ കർണ്ണാടകശബ്ദങ്ങളും ധാരാളമുണ്ടു്. ‘നിനന്തു’ മുതലായ ചില ചെന്തമിൾ രൂപങ്ങളും ഇടയ്ക്കിടെ കാണുന്നു. ചെന്തമിഴിന്റെ അധികാരത്തിൽ പെടുന്നതിനുമുമ്പു്, ഭാഷയുടെ സ്വരൂപം എന്തായിരുന്നുവെന്നു ഗ്രഹിക്കുന്നതിനു് ഈ പാട്ടുകൾ വളരെ സഹായിക്കും. ഉദയനൻ തനിക്കും തന്റെ കൂട്ടുകാർക്കും വേണ്ട വസ്തുക്കളെ പരന്മാരിൽനിന്നു് അപഹരിച്ചെടുത്തുവന്നുവെന്നു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിട്ടുള്ളതു ശരിയല്ല; ഉദയനക്കുറുപ്പോ അയാളുടെ വംശജന്മാരോ, അക്കാലത്തേ ദേശമര്യാദകളെ ലംഘിച്ചതായി ഒരു ലക്ഷ്യവും പാട്ടുകളിൽ ഇല്ല.

തച്ചൊള്ളിപ്പാട്ടുകളുടെ കാലം കൊല്ലവർഷം മുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്കാണെന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നതും പിശകാണെന്നു തോന്നുന്നു. അവയിൽ തോക്കു്, പുകയില, കസാര മതിരാശിപ്പട്ടാളം ഇവയെപ്പറ്റി പ്രസ്താവങ്ങൽ കാണുന്നു. അതുകൊണ്ടു് മുന്നൂറ്റമ്പതു കൊല്ലത്തിൽ കൂടുതൽ പഴക്കം അവയിലൊന്നിന്നെങ്കിലും ഉണ്ടോ എന്നു സംശയമാണു്. പൊർത്തുഗീസുകാരുടെ പ്രവേശനത്തിനിപ്പുറം ഉണ്ടായവയായിരിക്കാനേ എല്ലാംകൊണ്ടും തരമുള്ളു.

കണ്ണശ്ശൻപാട്ടുകൾ

കണ്ണശ്ശന്മാർ അഥവാ നിരണത്തു കവികൾ ഭാഷാസാഹിത്യചരിത്രത്തിൽ അത്യുന്നതമായ ഒരു സ്ഥാനത്തെ സർവഥാ അർഹിക്കുന്നു. എന്നാൽ ഈ അടുത്ത കാലംവരെ അവരെപ്പറ്റി വളരെ കുറച്ചു മാത്രമേ ഇന്നാട്ടുകാർ അറിഞ്ഞിരുന്നുള്ളു എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നുകൂടാനുള്ള പ്രധാന ഹേതു അവരുടെ കൃതികളിൽ കാണുന്ന മിശ്രഭാഷയാകുന്നു. പ്രസിദ്ധ ഭാഷാഭിമാനിയായിരുന്ന കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ ഉത്സാഹത്താൽ രാമായണത്തിന്റെ ഏറിയകൂറും പ്രസിദ്ധപ്പെടുത്തിയെങ്കിലും, അതിനു പറയത്തക്ക പ്രചാരമുണ്ടാകാത്തതിന്റെ ഹേതുവും അതുതന്നെ. മദ്രാസ് സർവകലാശാലക്കാർ അതിനെ ഒരു പാഠ്യപുസ്തകമായി സ്വീകരിക്കാതിരുന്നുവെങ്കിൽ, ഒരു പ്രതിയെങ്കിലും വില്ക്കാൻ സാധിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഷാപോഷണമാകുന്ന ഏക ജീവിതമഹാവ്രതത്തെ കൈക്കൊണ്ടിരിക്കുന്ന ഉള്ളൂർ മി. പരമേശ്വരയ്യർ ഭഗവദ്ഗീതയും രാമായണത്തിലെ ഏതാനും കാണ്ഡങ്ങളും പ്രൗഢമായ അവതാരികകളോടും സാരാർത്ഥദ്യോതകങ്ങളായ ടിപ്പണികളോടുംകൂടി പ്രസിദ്ധീകരിക്കയും, തിരുവിതാംകൂർ ടെക്സ്റ്റുപൂക്കുകമ്മറ്റിക്കാർ അവയെ മുഖ്യപരീക്ഷയ്ക്കു പാഠ്യപുസ്തകങ്ങളായി നിർദ്ദേശിക്കയും ചെയ്തതിനോടുകൂടി അവയ്ക്കു പ്രചുരപ്രചാരമുണ്ടാകയും നിരണത്തു കവികളുടെ കവിത്വശക്തി മലയാളികൾക്കു് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.

നിരണത്തുകവികൾ ആരെല്ലാമെന്നോ അവരുടെ കൃതികൾ ഏതൊക്കെയാണെന്നോ ഇനിയും പൂർണ്ണമായി അറിയാറായിട്ടില്ല. രാമായണം യുദ്ധകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും അവസാനത്തിൽ, തൽക്കർത്താവു തന്നെ ചിലതെല്ലാം പറഞ്ഞിട്ടുണ്ടു്. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്ന പദ്യങ്ങളെ ഇവിടെ ഉദ്ധരിക്കാം.

“വാനുലകിനുസമമാകിയനിരണമഹാദേശ വന്തുളനായാൻ
ഊനമിലാത മഹാഗുരുവരനായുഭയകവീശ്വരനായ മഹാത്മാ;
മാനിതനാകിയകരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ
ദീനതവാരാതമറ്റോരോദേഹികളെപ്പോൽവാണ്ണാൻപലനാൾ.
ആനവനിരുവർ തനുജന്മാരുളരായാരവരുടെ സോദരിമാരായ്
മാനിനിമാരൊരുമൂവർപിറന്നാർ; മറ്റതുകാലമവൻതിരുവടിയും
താനുടനേതന്നുടലൊടുവേറായ്ത്തനിയേപരമാത്മാവേയായാ
നാനവനോടെതിരായ് വിദ്യാധിപരായാർ പുനരവരുടെ തനയന്മാർ.
തനയന്മാരിരുവർക്കു സഹോദരിമാരാം മൂവർക്കും മകനാ-
യനുപമയായവൾ മൂവരിലിളയവളാകിയ മാനിനിപെറ്റുളനായാൻ
ഇനിയമഹാദേവാജ്ഞയിനാലേയിതമൊടുബാലകനാകിയരാമൻ
പുനരവനും നിജ പാപം കളവാൻ പുരുഷോത്തമകഥ ചൊൽകതുനിഞ്ഞാൻ.”

ഈ പ്രസ്താവത്തിൽനിന്നു്, പ്രസ്തുത കവികളുടെ സ്വദേശം നിരണത്തായിരുന്നെന്നും, അവരിൽ രാമായണം എഴുതിയ കവിയുടെ പേർ രാമനെന്നായിരുന്നെന്നും, അദ്ദേഹത്തിന്റെ മാതുലന്മാരായി രണ്ടു ‘വിദ്യാധിപന്മാർ’ ഉണ്ടായിരുന്നെന്നും, ആ ചെറിയ കുടുംബത്തിന്റെ കൂടസ്ഥൻ ഒരു ഉഭയകവീശ്വരനായിരുന്നെന്നും കാണുന്നു. മിസ്റ്റർ പരമേശ്വരയ്യർ, ഈ പ്രസ്താവത്തേയും, ഭഗവദ്ഗീത, ഭാരതമാല എന്നീ ഗ്രന്ഥങ്ങളിൽ കാണുന്ന പ്രസ്താവങ്ങളേയും ആധാരമാക്കി, ഉഭയകവീശ്വരൻ ഭഗവദ്ഗീതാർത്താവായ മാധവപ്പണിക്കരും [2] അദ്ദേഹത്തിന്റെ പുത്രന്മാരിലൊരാൾ ഭാരതമാലാകർത്താവായ ശങ്കരപ്പണിക്കരും ആയിരുന്നെന്നു് ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയല്ലെന്നാണു തോന്നുന്നതു്. ഉഭയകവീശ്വരനെപ്പറ്റി പറയുന്നിടത്തെല്ലാം, കവി കരുണേശശബ്ദം പ്രയോഗിച്ചു കാണുന്നതിനാലും കണ്ണശ്ശശബ്ദം കരുണേശൻ എന്ന പദത്തിന്റെ തത്ഭവനായിരിക്കണമെന്നു പെട്ടന്നു് ഒരു പ്രതീതിയുണ്ടാവുന്നതിനാലും, സാക്ഷാൽ കണ്ണശ്ശൻ രാമപ്പണിക്കരുടെ മാതാമഹനായ കരുണേശനായിരിക്കാനാണു് സാംഗത്യം. രാമായണത്തെ കണ്ണശ്ശരാമായണം എന്നു വിളിച്ചുവരുന്നതുകൊണ്ടു്, സാക്ഷാൽ കണ്ണശ്ശൻ അദ്ദേഹമായിരിക്കണമെന്നില്ല. അഥവാ അദ്ദേഹത്തിനെ മാത്രമേ കണ്ണശ്ശപ്പണിക്കർ എന്ന പേരിൽ മലയാളികൾ അറിഞ്ഞിട്ടുള്ളു എന്നു വന്നാൽത്തന്നെയും, അതുകൊണ്ടു് നമ്മുടെ അഭ്യൂഹത്തിനു ദൗർബല്യം വരുന്നില്ലതാനും. തുഞ്ചൻപറമ്പിൽ അനേകം കവികൾ ഉണ്ടായിരുന്നെങ്കിലും സാക്ഷാൽ രാമാനുജനെ മാത്രമെ തുഞ്ചൻ എന്ന പേരിൽ നാം ഇപ്പോൾ അറിയുന്നുള്ളു. അതുപോലെ തന്നെ നിരണത്തുകവികളുടെ കൂട്ടത്തിൽ എല്ലാകൊണ്ടും പ്രധാന സ്ഥാനത്തിനെ അർഹിക്കുന്ന രാമപ്പണിക്കർ കണ്ണശ്ശപ്പണിക്കരെന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നുവെന്നു വരാവുന്നതാണു്.

കണ്ണശ്ശപ്പണിക്കരുടെ മൂലകുടുംബം തിരുവനന്തപുത്തിനു സമീപം മലയിൻകീഴിലായിരുന്നുവെന്നുള്ള ഐതിഹ്യത്തിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ ഭഗവദ്ഗീതാകർത്താവായ മാധവപ്പണിക്കരും നിരണകവികളിൽ ഒരാൾ ആയിരിക്കാൻ തരമുണ്ടു്. ഭഗവദ്ഗീതയിലേയും രാമായണാദി കൃതികളിലേയും ഭാഷാരീതികൾക്കും ശൈലികൾക്കും പരസ്പരം കാണുന്ന സാഹോദര്യവും ആ ഊഹത്തെ ബലപ്പെടുത്തുന്നു. മറ്റു് ആന്തരമായോ ബാഹ്യമായോ ഉള്ള ലക്ഷ്യങ്ങൾ ഒന്നും കാണുന്നില്ല.

നിരണത്തു ദേശക്കാരായ ചില പോറ്റിമാർക്കു് മലയിൻകീഴിലും വസ്തുക്കൾ ഉണ്ടായിരുന്നു. അവരുടെ കാര്യസ്ഥന്മാരിൽ ഒരാൾ ആയിരിക്കാം നമ്മുടെ കരുണേശൻ. അദ്ദേഹം നമ്മുടെ പണിക്കരുടെ കുടുംബത്തിലെ ഒരു സ്ത്രീയേ സംബന്ധം ചെയ്തു് നിരണത്തു കൊണ്ടുചെന്നുപാർപ്പിക്കയും അവർക്കു് ഒരു വീടും പുരയിടവും നൽകുകയും ആ വഴിക്കു് ആ പുരയിടത്തിനു് കണ്ണശ്ശൻപറമ്പു് എന്ന പേർ സിദ്ധിക്കയും ചെയ്തതായിരിക്കാം. ഉഭയകവീശ്വരനായിരുന്ന കരുണേശൻ സർവസംഗപരിത്യാഗം ചെയ്തു് യോഗീന്ദ്രപദവി സമ്പാദിച്ചതിനോടുകൂടി ആ വീട്ടിന്റെ പ്രശസ്തിയും വർദ്ധിച്ചുകാണണം. ഏതാണ്ടു് ഇതേ മാതിരി ഒരു ഐതിഹ്യവും കേട്ടിട്ടുണ്ടു്. [3] അതുകൊണ്ടു് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും സാക്ഷാൽ കണ്ണശ്ശന്റെ സന്താനങ്ങളും, രാമപ്പണിക്കർ അദ്ദേഹത്തിന്റെ പൗത്രനും ആയിരുന്നിരിക്കണം. ഇങ്ങനെ കരുണേശനെ പ്രസ്തുത കുടുംബത്തിന്റെ സ്ഥാപകനായി സ്വീകരിക്കുന്നപക്ഷം, കണ്ണശ്ശശബ്ദത്തിനു ശരിയായ ഒരു നിഷ്പത്തി കിട്ടുന്നതിനു പുറമേ, നിരണത്തു കവികളിൽ ഒരാളെ കാണ്മാനില്ലെന്നുള്ള ദോഷം നിശ്ശേഷം നീങ്ങുകയും ചെയ്യുന്നു. കരുണേശശബ്ദത്തെ ഒരു ഭേദകമാക്കാതെ കഴിക്കയും ചെയ്യാം.

നിരണത്തു കവികളുടെ കാലം

ഇതും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. എന്നാൽ അവരെല്ലാം ലീലാതിലകത്തിന്റെ കാലശേഷം ജീവിച്ചിരുന്നവരാണെന്നു സംശയം കൂടാതെ പറയാം. ലീലാതിലകകർത്താവു് കണ്ണശ്ശൻപാട്ടുകളേ കണ്ടിരുന്നെങ്കിൽ, പാട്ടിന്റെ ലക്ഷണം പാടേ മാറ്റിക്കളയുമായിരുന്നു. നേരേമറിച്ചു് രാമപ്പണിക്കർ ലീലാതിലകം കണ്ടുകാണണമെന്നു് ഊഹിപ്പാൻ മാർഗ്ഗവുമുണ്ടു്. അതുകൊണ്ടു് നിരണത്തുകവികളുടെ കാലം 550-നും 650-നും മദ്ധ്യേ ആയിരിക്കണം. എഴുന്നൂറ്റിരണ്ടിൽ പകർത്തിയെഴുതിയ ഒരു രാമായണം എന്റെ കൈവശമുള്ളതിനു പുറമേ, 614-ൽ പണിക്കരുടെ അനുവാദത്തോടുകൂടി പകർത്തി എഴുതിയതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ള ഗ്രന്ഥം ഞാൻ കാണുകയുമുണ്ടായിട്ടുണ്ടു്. അതുകൊണ്ടു് രാമായണം 600-ാമാണ്ടിടയ്ക്കു് ഉണ്ടായതായിരിക്കണം.

മാധവപ്പണിക്കർ

മാധവപ്പണിക്കരുടെ കൃതിയായി ഭഗവദ്ഗീത ഒന്നു മാത്രമേ ഇതേവരെ കിട്ടീട്ടുള്ളു. ഭഗവദ്ഗീതയെ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടു് ഇപ്പോൾ ഒരു വ്യാഴവട്ടം തികഞ്ഞിരിക്കുന്നു. എന്നാൽ അദ്ദേഹത്തിനു കിട്ടിയ ഗ്രന്ഥത്തിൽ പലേ ഗാനങ്ങൾ അപൂർണ്ണങ്ങളായും ചില അധ്യായങ്ങൾ മാറിയും ഇരുന്നതിനാൽ, ആ വൈകല്യങ്ങൾ മുദ്രിതപുസ്തകത്തിലും കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. പ്രസ്തുത ന്യൂനതകളെ എല്ലാം പരിഹരിച്ചു്, പണ്ഡിതശിരോമണിയായ നന്ത്യാരുവീട്ടിൽ മി: കെ. പരമേശ്വരൻപിള്ള ഈയിടയ്ക്കു് അതിനെ അഭിനവകല്പഗ്രന്ഥമാലയുടെ ഒന്നാം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. മി. പരമേശ്വരയ്യരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ടിപ്പണിയിലും നോട്ടക്കുറവു നിമിത്തം ഒട്ടുവളരെ പ്രമാദങ്ങൾ കടന്നുകൂടിയിരിക്കുന്നു.

ഉപനിഷത്സാരസർവസ്വമായ ഗീതയുടെ ഏറെക്കുറെ സ്വതന്ത്രവും അനതിസംക്ഷേപവിസ്തരവുമായ ഒരു വിവർത്തനമാണു് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീത. “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നു പണിക്കർതന്നെ പറഞ്ഞിട്ടുമുണ്ടു്. മൂലത്തിൽ ആവർത്തിച്ചുകാണുന്ന ആശയങ്ങളിൽ പലതും നമ്മുടെ കവി വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും ആശയവൈശദ്യത്തിനു വേണ്ടി ഇടയ്ക്കിടയ്ക്കു് ശാങ്കരഭാഷ്യത്തിൽ നിന്നു ചില ഭാഗങ്ങളെ ഭാഷാന്തരം ചെയ്തു ചേർത്തിരിക്കുന്നു. മിയ്ക്ക ഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ സുവാസിതവുമായിരിക്കുന്നു.

“ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ;
സംഗാൽ സഞ്ജായതേ കാമഃ
കാമാൽ ക്രോധോഭിജായതേ.
ക്രോധാൽ ഭവതി സമ്മോഹഃ
സമ്മോഹാൽ സ്മൃതിവിഭ്രമഃ;
സ്മൃതിഭ്രംശാൽ ബുദ്ധിനാശോ
ബുദ്ധിനാശാൽ പ്രണശ്യതി”

ഈ ശ്ലോകങ്ങളുടെ നേർ തർജ്ജമയാണു്.

‘അടങ്ങായ്കിൽ പുനരതിലൊരു നിനവെഴു-
മന്നിനവാലേയുണ്ടാം സംഗവും
ഉടനഥ സംഗാലുണ്ടാം കാമവു-
മുണ്ടാകിയ കാമാൽ ക്രോധം വരും.
അടയും മഹാക്രോധാൽ മോഹവുമുട-
നതിനാലേയുണ്ടാം സ്മൃതിവിഭ്രമം
ആയതുകൊണ്ടുടനഴിയും ബുദ്ധിയു-
മതുകൊണ്ടഖിലവുമൊക്കെ നശിക്കും’

എന്ന പാട്ടു്. ഇങ്ങനെ ഒട്ടു വളരെ പദ്യങ്ങൾ വേറെയും ഉണ്ടു്.

“തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത,
സേനയോരുഭയോർമ്മധ്യേ വിഷീദന്തമിദം വചഃ”

എന്ന ശ്ലോകത്തിലെ ‘പ്രഹസന്നിവ’ എന്ന ഭാഗത്തെ നമ്മുടെ കവി എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.

“അഴുതളവേ കണ്ണീർ മെയ്മാർവി-
ലതിവ പൊഴിഞ്ഞുടനർജ്ജൂനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ-
യഴകിയ മന്ദസ്മിതമിന്നൊടു-
മനന്തരമേ ചൊൽ ധാരകളോടും
വഴിയേയുണ്മജ്ഞാനാമഡതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ.”

ഇത്തരം ചില ഘട്ടങ്ങൾ മാധവപ്പണിക്കരുടെ കവിത്വശക്തിയേ നല്ലപോലെ പ്രകാശിപ്പിക്കുന്നു.

“അന്തവന്ത ഇമേ ദേഹം നിത്യസ്യോക്താഃ ശരീരിണഃ;
അനാശിനോ പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത;
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം;
ഉഭൗ തൗ ന വിജാനീതോനായംഹന്തി ന ഹന്യതേ.
ന ജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ;
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാർത്ഥ, കം ഘാതയന്തി ഹന്തി കം”

എന്നീ നാലു പദ്യങ്ങളെ കവി സംഗ്രഹിച്ചിരിക്കുന്നതെങ്ങനെയെന്നു നോക്കുക.

“ഒരുനാൾ വന്നു പിറക്കും പിന്നെ-
യുടൽ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹപ്രകൃതികൾ.
ഒരുകാലവുമൊരു നാശം വാരാ-
തുടലിലിറപ്പു പിറപ്പില്ലാതൊരു
പൊരുളതുനിത്യമരൂപമതിൻനില
പോർ വിജയാ കേളെന്നരുൾചെയ്താൻ.”

മൂലത്തിലെ ആശയങ്ങളെ തെല്ലുപോലും കളയാതെ ഈവിധം സംഗ്രഹിക്കുന്നതിനു് വശ്യവാക്കായ ഒരു മാഹാകവിക്കേ സാധിക്കൂ.

ഭാഷാരീതി കോമളവും പ്രസന്നവും ശലീനവുമായിരിക്കുന്നു. സന്ദർഭോചിതവും തത്തദ്രസാനുഗുണവുമായ പദപ്രയോഗത്തിൽ നിരണത്തു കവികളെല്ലാം ഒരുപോലെ ദൃഷ്ടി വെച്ചിട്ടുണ്ടു്. അതുപോലെ അവരെല്ലാവരും ഭക്തശിരോമണികളുമായിരുന്നു.

നമ്മുടെ കവിയ്ക്കു്, ‘അനന്തനനാദികൾ നാങ്കുമമന്തുണർവാലുമൊരുത്തനുമുള്ളിലശേഷം, നിനന്തറിവാനരുതാവടിവാകിയ നിരുപമശൗരി’ ‘പേയുയിർ മുലയൊടു മുണ്ടളയും തയിർ പിന്നെയുണ്ടമ്പൊടു ഗോപസ്ത്രീജനവായ് മലർ മധുവുണ്ടുലകമനത്തും വായാലുണ്ടാലിലയിൽ വളർന്നോൻ’ ‘നാരദവാണിയിലും, വീണയിലും നടമാടും പുകഴുടയ പുരാണൻ’ ‘ഉത്തമതുളസീപരിമളമെങ്ങും തടവീടിന തിരുവുടൽ മലർമാനിനി തഴുകീടിന പുരാണൻ’ ഇത്യാദി വിശേഷണങ്ങളെ ചേർക്കാതെ ശ്രീകൃഷ്ണനെപ്പറ്റി ഒന്നും പറവാൻ സാധിച്ചിട്ടില്ല.

ശങ്കരപ്പണിക്കർ

ശങ്കരപ്പണിക്കരും സാഹിത്യമർമ്മജ്ഞനായ ഒരു കവിയായിരുന്നു. ഭാരതമാലയുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു് ഗ്രന്ഥാവസാനത്തിൽ കാണുന്നു.

“താനുണർവേ സംസാരച്ഛേദ
സമർത്ഥവുമായേ കാലവുമെങ്ങും
തുന്നി നിറന്തഖിലത്തിനുമൊത്തു
തുരിയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകിയ
മഹാഭാരതകഥ ശങ്കരൻപൊടു
ചൊന്നതുരയ്പവരെയ്തുവരെന്നും
ശോകമൊഴിന്തവനന്തസുഖത്തെ”

എന്ന ഫലശ്രുതിയിൽനിന്നു ഗ്രഹിക്കാം.

ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവു് ഈ ശങ്കരൻ തന്നെയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ ഭാഷാ ഭഗവദ്ഗീതയുടെ അവതാരികയിൽ പറഞ്ഞുകാണുന്നു. എന്നാൽ അദ്ദേഹം അതിനുള്ള തെളിവുകൾ ഒന്നും എടുത്തു കാണിക്കാത്തതു കഷ്ടമായിപ്പോയി. കേരളത്തിൽ ശങ്കരകവികൾ ഒട്ടുവളരെയുണ്ടായിരുന്നു. കഥകളികർത്താവായ കൊട്ടരക്കരത്തമ്പുരാന്റെ ഗുരു [4] ഒരു ശങ്കരകവിയായിരുന്നു. ചന്ദ്രോത്സവകർത്താവും ഉദ്ദണ്ഡശാസ്ത്രികളും ഓരോ ശങ്കരകവിയെപ്പറ്റി [5] പ്രസ്താവിച്ചിട്ടുണ്ടു്; മഹിഷമംഗലം [6] ഒരു ശങ്കരനായിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇവരിൽ,

“ദൃഷ്ട്വാ ദേവം പരിസരജൂഷം ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ;
കോലാനേലാവനസുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”

എന്നിങ്ങനെ ഉദ്ദണ്ഡശാസ്ത്രികളാലും,

“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ-
നാനന്ദമന്ദഗതിനാ പുരതോ ഗതേന;
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ”

എന്നു് ചന്ദ്രോത്സവകർത്താവിനാലും സംസ്തുതനായ ശങ്കരൻ ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവായിരുന്നു എന്നു ചിലർ പറയുന്നുണ്ടു്. തന്ത്രസമുച്ചയത്തിന്റെ വ്യാഖ്യാതാവും ഒരു ശങ്കരനാകുന്നു. ഇവയ്ക്കെല്ലാറ്റിനും പുറമേ എഴുത്തച്ഛന്റെ പേരും ശങ്കരനെന്നായിരുന്നെന്നു് ചിലർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു് ശരിയായ തെളിവു കിട്ടുന്നതുവരെ, ഭാരതമാലാകർത്താവും, ശ്രീകൃഷ്ണവിജയകർത്താവും ഒരാളായിരുന്നുവെന്നു പറവാൻ നിവൃത്തിയില്ല.

രാമപ്പണിക്കർ

നിരണത്തു കവികളുടെ കൂട്ടത്തിൽ മാത്രമല്ല, കേരളത്തിലെ മഹാകവികളുടെ കൂട്ടത്തിലും ഒരു പൂജ്യസ്ഥാനം രാമപ്പണിക്കർക്കു കല്പിക്കാവുന്നതാണു്. അദ്ദേഹം രാമായണം, ഭാരതം, ബ്രഹ്മാണ്ഡപുരാണം, ശിവരാത്രിമാഹാത്മ്യം, ഭാഗവതം ദശമം എന്നിങ്ങനെ ഒട്ടു വളരെ ഭാഷാഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ഇവ കേവലം തർജ്ജമകളാണെന്നു പറയാവുന്നതല്ല. അപ്രതിഹതമായ പ്രതിഭാവിലാസവും അനുസ്യൂതമായ വാഗ്വൈഭവവും അസാമാന്യമായ പാണ്ഡിത്യവുംകൊണ്ടു് രാമപ്പണിക്കർ, കേരളസാഹിത്യനഭോമണ്ഡലത്തിലെ ഒരു അത്യുജ്വലതാരമായി ഇന്നും പ്രശോഭിക്കുന്നു. പദങ്ങൾകൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ഔചിത്യപൂർവകവും രസാനുഗുണവും ആയ വർണ്ണനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാടവം പിൽക്കാലത്തെ അപൂർവം ചില കവികളിൽ മാത്രമേ കണ്ടിട്ടുള്ളു.

അദ്ദേഹത്തിനു് ശബ്ദാർത്ഥങ്ങളിൽ ഒരുപോലെ നിഷ്ഠയുണ്ടായിരുന്നെന്നു്, രാമായണാദിഗ്രന്ഥങ്ങളിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും കാണാം.

രാമായണം

രാമപ്പണിക്കരുടെ പ്രധാനകൃതി രാമായണം തന്നെയാണു്. എന്നാൽ യുദ്ധകാണ്ഡത്തിന്റെ അവസാനഘട്ടം മുതല്ക്കേ രാമപ്പണിക്കർ എഴുതീട്ടുള്ളു എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഈ അഭിപ്രായം അടിസ്ഥാനരഹിതമാകുന്നു. ‘രാമകഥായാമൊട്ടായപ്രകാരം ചൊന്നേൻ’ എന്ന വാക്യത്തിലെ ‘ഒട്ടി’നെ ഒട്ടിയാണു് ഈ അഭിപ്രായം നില്ക്കുന്നതു്. ഇവിടെ ഒട്ടിനു് ഏതാനും ഭാഗം എന്ന അർത്ഥം ലേശംപോലും ഘടിക്കുന്നില്ല. ‘യഥാശക്തി ഞാൻ രാമായണകഥയെ സംക്ഷേപിച്ചു പറഞ്ഞു’ എന്നേ കവി വിവക്ഷിച്ചിട്ടുള്ളു. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ അദ്ദേഹം,

“മാനിതമാകിയ ശ്രീരാമായണമാകിയ കാവ്യകഥാസംക്ഷേപം ദീനതയാ നിജ ഭാഷയിനാലേ നിതരാമേവം ചെയ്തു മുടിച്ചേൻ” എന്നു വ്യക്തമായി പറഞ്ഞിരിക്കയും ചെയ്യുന്നു. യുദ്ധകാണ്ഡംവരെയുള്ള ഭാഗം രചിച്ചതു് ശങ്കരപ്പണിക്കരോ, മാധവപ്പണിക്കരോ ആയിരുന്നെങ്കിൽ ആ സംഗതിയെ ഗുരുജനഭക്തനായ രാമപ്പണിക്കർ പ്രത്യകം എടുത്തു പറയാതെ വിടുമായിരുന്നില്ലതാനും. എന്നാൽ യുദ്ധകാണ്ഡാവസാനത്തിൽ അദ്ദേഹം എന്തിനു് തന്റെ പേരും കുടുംബപാരമ്പര്യവും മറ്റും പറഞ്ഞു എന്നു ചോദിക്കുന്നപക്ഷം അതിനും സമാധാനമുണ്ടു്. വാല്മീകി രാമായണത്തിനു് പരമാർത്ഥത്തിൽ ആറു കാണ്ഡമേയുണ്ടായിരുന്നുള്ളു. ഉത്തരരാമായണം വാല്മീകികൃതമാണോ എന്നുള്ള വിഷയത്തിൽ പണ്ഡിതന്മാർ ഇന്നും ഭിന്നാഭിപ്രായക്കാരാണു്. കവി ഷട്കാണ്ഡരാമായണത്തെ ഭാഷയിലേക്കു വിവർത്തനം ചെയ്തു തീർന്നപ്പോൾ ഗ്രന്ഥാവസാനത്തിൽ സാധാരണ പറയാറുള്ളതൊക്കെ പറഞ്ഞുവെന്നേയുള്ളു. ഉത്തരചിന്തയുടെ ഫലമായിട്ടായിരിക്കണം, അദ്ദേഹം ഉത്തരകാണ്ഡം കൂടി ഭാഷാന്തരം ചെയ്തതു്. എഴുത്തച്ഛനും കോട്ടയം കേരളവർമ്മയും യുദ്ധകാണ്ഡത്തിന്റെ അന്ത്യഭാഗം വരെയ്ക്കു മാത്രം എഴുതീട്ടു് ആ വ്യവസായത്തിൽ നിന്നു വിരമിച്ചുകളഞ്ഞതുകൊണ്ടു തന്നേ അന്നുള്ളവർ ഉത്തരരാമായണത്തിനു പ്രാധാന്യം കല്പിക്കാറുണ്ടായിരുന്നില്ലെന്നു തെളിയുന്നു.

രാമായണം രാമപ്പണിക്കരുടെ ബാല്യകൃതിയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ പറഞ്ഞിട്ടുള്ളതും സ്വീകാര്യയോഗ്യമല്ല. ‘രാമദാസനതീവബാലൻ’ എന്ന കവിവാക്യത്തെ ആധാരമാക്കി അദ്ദേഹം ഒരു ബാലനായിരുന്നുവെന്നു വാദിക്കുന്ന പക്ഷം ഭാഗവതമെഴുതിയപ്പോഴും അദ്ദേഹം ബാലനായിരുന്നു എന്നു വരണം.

‘ശ്രീഭാഗവതമിഹ ഞാൻ ഏതുമറിഞ്ഞീടാതൊരു ബാലനെതിരായേ ചൊന്നേൻ’ എന്നു കവി അതിന്റെ അവസാനത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ ഭാഷാ ഭഗവദ്ഗീതാപ്രണേതാവും രാമചരിതകർത്താവും വെറും ബാലന്മാരായിരുന്നുവെന്നു വരും. അതിനാൽ ‘ബാല’ശബ്ദത്തിനു് ഇവിടെ ബാലിശൻ എന്നു് അർത്ഥം കല്പിക്കുന്നതാണു് ഉചിതമായിരിക്കുന്നതു്.

രാമായണം വെറുമൊരു പദാനുപദവിവർത്തനമല്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ചില ഭാഗങ്ങളെ ഉദ്ധരിച്ചുകൊള്ളുന്നു.

മൂലം:–
“ന ലക്ഷ്മണാസ്മിന്മമ രാജ്യവിഘ്നേ
മാതാ യവീയസ്യഭിശംകിതവ്യ;
ദൈവാഭിപന്നാ ന പിതാ കഥഞ്ചി-
ജ്ജാനാസി ദൈവം ഹി തഥാ പ്രഭാവം”
തർജ്ജമ:–
“ഒരുനാളും മാതാ കൈകേയീ
യൊരുപിഴചെയ്തറിയേനെന്നാലിതു
വരുവാൻ ദൈവവിരോധമൊഴി
ച്ചൊരുവഴിയൊരുജാതിയുമില്ലനിനച്ചാൽ;
പരിഭവം വേണ്ട മാതാവൊടു
പരുഷവുമില്ലയെനിക്കതിനാലേ
വരുവിൻ കല്പിതമായവ
വരുവതു വാനവർകൾക്കുമൊഴിക്കരുതല്ലോ”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
“താതനതീവ വയോധികനേതുംതാനറിയാതൊരു ഭാര്യാവശനായ്
തീതിതുചൊന്നതുകേട്ടു വനത്തിനുധീരതയെൻറിനടപ്പതുംപറ്റ”

ഈ ഭാഗങ്ങൾ എറെക്കുറെ തർജ്ജമയാണെങ്കിലും,

കണ്ടാർനീലമഹാമലപോലതുകാലമുദാരതമേവിയമേയമേ-
ലുണ്ടാകിയ രത്നാഭരണങ്ങളെയൊളിവൊടണിഞ്ഞു മനോഹരനായേ,
കണ്ടാലൊളികിളരും വെൺകുടതഴകബരികളോടും ഗോപുരമേതിൽമീ
തുണ്ടാമഴകൊടിരുന്ന ദശാസ്യനെയുടനെ വാനരരും നരവരരും”

എന്ന മട്ടിലുള്ള സ്വതന്ത്രവിവർത്തനങ്ങളാണു് ഏറിയ കൂറും. വാല്മീകിരാമായണത്തിലെ നീണ്ടു നീണ്ട വർണ്ണനങ്ങളിൽ മിക്കവയേയും വിട്ടുകളഞ്ഞിട്ടു് കഥാഭാഗത്തെ തുടർന്നുകൊണ്ടുപോകയത്രേ കവി ചെയ്തിട്ടുള്ളതു്. കഥാഭാഗത്തിലും നീരസജനകങ്ങളായ അംശങ്ങളെ യുക്തിപൂർവം നിരസിച്ചുകളഞ്ഞിരിക്കുന്നു.

ബാലകാണ്ഡത്തിൽ രംഭാശാപം എന്ന സർഗ്ഗത്തിലുള്ളതും താഴെ ചേർത്തിരിക്കുന്നതുമായ ഏതാനും പദ്യങ്ങളെ നമ്മുടെ കവി തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.

മൂലം:–
“താമുവാച സഹസ്രാക്ഷോ വേപമാനാം കൃതാഞ്ജലിം
മാ ഭൈഷീ രംഭേ! ഭദ്രം തേ കുരുഷ്വ മമ ശാസനം.
കോകിലോ ഹൃദയഗ്രാഹീ മാധവീരുചിരദ്രുമേ;
അഹം കന്ദർപ്പസഹിതഃ സ്ഥാസ്യാമി തവ പാർശ്വതഃ
ത്വം ഹി രൂപം ബഹുഗുണം കൃത്വാ പരമഭാസ്വരം;
തമൃഷിം കൗശികം ഭദ്രേ! ഭേദയസ്വ തപസ്വിനം
സാ ശ്രുത്വാ വചനം തസ്യ കൃത്വാ രൂപമനുത്തമം;
ലോഭയാമാസ ലളിതാ വിശ്വാമിത്രം ശുചിസ്മിതാ.
കോകിലസ്യ തു ശ്രുശ്രാവ വൽഗുവ്യാഹരതഃ സ്വനം;
സംപ്രഹൃഷ്ടേന മനസാ സ ചൈനാമന്വവൈക്ഷത.”

തർജ്ജമ:–

“എന്നതു കേട്ടറിയിച്ചാനിന്ദ്രനുമിതു പണിയല്ലവസന്തവും ഞാനും
തെന്നലുമിനിമദനനുമുണ്ടവനുടെധീരതപോക്കുവതിന്നു സഹായം
നന്നതുചെയ്കെന്നതു കേട്ടവളും നടുത്തമൊടടവി പുകന്തതുകാലം.
ചെന്ന വസന്തത്താൽ വനമെങ്ങും ചേതോഹരമായിതു പുഷ്പിതമായി
പുഷ്പിതദിവ്യലതാദികൾതോറും പൊൻമധുപാന മഹോത്സവമീടിയ
ഷട്പദകോകിലകോലാഹലമൊടുസകലമനോഹരമായിതു വിപിനം
പുഷ്പശരൻതാനുംപുനരവിടെപ്പുക്കാൻ മുനിധൈര്യം കളവാനാ
യത്ഭുതമായൊരുകുയിലായിന്ദ്രനുമരിയതപോധനനരികുപുകുന്താൻ
അരിയജലാശയമതിൽ നീരാടിയനന്തരമേ പൂമ്പൊടിയു
പെരിയസുഗന്ധമദാശനനാകിയ ഭൃംഗമഹാഝങ്കാരത്തോടും
വരപൊരുവന്മരമൊക്കെയിളക്കിവരുന്നമഹാവനഗജസമമായേ
വിരവൊടുതെന്നലിയന്നഴകോടെ വീയിമുനിവരനരികതുകാലം
അതുകാലംഗാനം കേൾക്കായതീവമനോഹരമാധുരിയത്തൊടു
വിധിയാലേ നയനങ്ങൾ തുറന്നതിവിസ്മയമൊടു മുനികുലവരനും
ഗതധൈര്യം നോക്കുന്നതുകാലം ഗഗനേവരനാരീമണിരംഭയെ
അതിശയമാകിയ സൗന്ദര്യത്തോടടവി നടപ്പതു കണ്ടാൻ.
കണ്ടാൻ പുഷ്പാപചയംചെയ്വതു കരുതിനടന്നു വിലാസത്തോടെ
വണ്ടാർകുഴലമരാഗനതാനേവരുവതുമണയെ വരുന്നതിനാലേ
ഉണ്ടാകിയ ലജ്ജാഭാരത്തോടടുനെ ലതകൾ മറഞ്ഞു സമീപേ
കണ്ടാൻ നയനമനോഹരമാകിയ കടാക്ഷത്തോടവൾനിന്നതുമെല്ലാം

ഇതു് വെറും ഭാഷാന്തരീകരണമാണെന്നു് ആരും പറകയില്ലല്ലോ. [7]

മൂലത്തിൽ ഇല്ലാത്ത സ്വതന്ത്രകല്പനകളും രാമായണത്തിൽ ധാരാളമുണ്ടു്. വിശ്വാമിത്രമഹർഷി മഹേശ്വരചാപം വരുത്തുന്നതിനായി ജനകനോടു് ആജ്ഞാപിച്ചതു കേട്ടു്, അവിടെ കൂടിയിരുന്ന ജനങ്ങളിൽ ഓരോരുത്തർ ഇങ്ങനെ പറഞ്ഞുവത്രേ.

എന്നേ! കഷ്ടമിതാമോബാലകരിരുവരിലൊരുവന്നെന്നാർചിലർ
മുന്നേവന്നവർകളിലിവർകൾക്കൊരുമുഖ്യതയുണ്ടറികെന്നാർ ചിലരൊ.
ചിലയിതെടുത്തുവലിപ്പതുപണിയാവർചെറിയവർ നല്ലവരാകിലുമെന്നാർ.
അലകടലേ കൈകൊണ്ടുകുടിച്ചിതഗസ്ത്യമഹാമുനി എന്നാർ ചിലരോ.
നലമുനിവിശ്വാമിത്രൻചെയ്വതുനന്നായ്വരുമെന്നാരതിലെ ചിലർ
ചിലവുപിഴയ്ക്കുമെവർക്കുംബ്രഹ്മശിരോഹരണംപാർക്കെർ ചിലരോ. ഓർത്തുമഹാമുനിവിശ്വാമിത്രനുമുത്തമനായജനകനുംഒന്നായ്.
പേർത്തിതിന്നുതുടങ്ങിയതെന്നാൽപിഴവാരായെന്നാർ ചിലരവിടേ
പാർത്ഥിവർ പലരിലുമെന്തിവർകൾക്കു പരാക്രമ
മേറിയതെന്നതിലേ ചിലർ.
പോർത്തിറമുടെ മാരീചാദികളോടു പൊരുതു
ജയിച്ചതുമിവർപോലെന്നാർ.
ഇവരിലൊരുത്തൻ താടകതന്നെയെതിർത്തുയിർ
കൊണ്ടതു മെന്നാർ ചിലരോ.
ശിവനരുൾചെയ്തതുമൊരുപഴുതാമോ
ചിലയുമൊരുത്തർ മുറിപ്പോരെന്നാർ.
അവനിയിൽ വന്നൊരു കന്യാരത്ന-
മിതാരും കൊൾവവരില്ലാതൊഴിയാ-
ത്തവമൊടിരുന്നേ പോവതുമിന്നും
തകാതോർത്താലെന്നാർ ചിലരവിടെ.
ഏതാകിലുമാശ്ചരിയം മറ്റിനി
യില്ല നിരൂപിച്ചാലിതുപോലെ.
വേധാവിൻകല്പിതമാരറിവാൻ
വിരയനടപ്പോമെന്നുനടന്നാർ;
ഭൂതാധിപനഖിലേശനുമാപതി
പുരഹരനുടെ ചാപത്തെയെടുത്തവ
ആധാരം ഭുവനത്തിനായ് മഹാമേരുവുമിതനെതിരില്ലെന്നാർ.
ആരിതെടുത്തുവലിച്ചുമുറിപ്പവ
രഖിലേശ്വരനല്ലാലെന്നാർ ചിലർ.
പോരുമിതിനെയെടുത്തു നടപ്പാൻ
ബുദ്ധിയുറപ്പിക്കെന്നാർ ചിലർരോ” ഇത്യാദി.

ചാപഭഞ്ജത്തേയും ജാമദഗ്ന്യസമാഗമത്തേയും വർണ്ണിക്കുന്ന ഭാഗത്തു് പണിക്കരുടെ മനോധർമ്മം സവിശേഷം സ്ഫുരിക്കുന്നു.

ശ്രീരാമൻ ചാപം ഭഞ്ജിച്ചപ്പോൾ,
“നരപാലകർ ചിലരതിനു വിറച്ചാർ;
നലമൊടു ജാനകി സന്തോഷിച്ചാൾ;
അരവാദികൾ ഭയമീടുമിടിദ്ധ്വനിയാൽ
മയിലാനന്ദിപ്പതുപോലെ”

ഈ ആശയത്തെത്തന്നെയാണു് എഴുത്തച്ഛൻ,

“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
ഞടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ.”

എന്നാണു് ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതു്. വാല്മീകിരാമായണത്തിലാകട്ടേ,

“രാമ, ദാശരഥേ വീര, വീര്യം തേ ശ്രൂയ തേത്ഭുതം;
ധനുഷോ ഭേദനം ചൈവ നിഖിലേന മയാ ശ്രുതം.
തദത്ഭുതമചിന്ത്യം ച ഭേദനം ധനുഷസ്തദാ;
തച്ശ്രുത്ത്വാഹമനുപ്രാപ്തോ ധനുർഗ്രാഹ്യം പരം ശുഭം
തദിദം ഘോരസംകാശം ജാമദഗ്ന്യം മഹദ്ധനുഃ;
പൂരയസ്വ ശരേണൈവ സ്വബലം ദർശനസ്വ ച
തദഹം തേ ബലം ദൃഷ്ട്വാ ധനുഷോപ്യസ്യ പൂരണേ;
ദ്വന്ദ്വയുദ്ധം പ്രദാസ്യാമി വീര്യശ്ലാഘ്യമഹം തവ.”

എന്നിങ്ങനെ പരശുരാമൻ പറഞ്ഞതു കേട്ടു് ദശരഥൻ അഭയപ്രാർത്ഥന ചെയ്യുന്നതായിട്ടാണു കാണുന്നതു്. നമ്മുടെ കവി ദശരഥനെ ഭീരുവാക്കാതെ “നീയോ കുലച്ചിതു വില്ലു്?” എന്ന ഭാർഗ്ഗവഗർജ്ജിതത്തിനു് ശ്രീരാമനെക്കൊണ്ടു് നിന്ദാഗർഭമായി ഇങ്ങനെ മറുപടി പറയിക്കുന്നു.

“വെന്നിയുടെ നിന്തിരുവടിയിതിനു
വെകുണ്ടിവിടെ വരുമെന്നറിയാതെ
അന്നതുചെയ്തതറിഞ്ഞു പൊറുത്തരുൾ.
അതിബാലകരപരാധംചെയ്താ
ലെന്നുമതിന്നറിവുള്ള മഹാജന
മില്ലല്ലോ കോപിപ്പതുമുറ്റും”

അവർ തമ്മിൽ പിന്നീടുണ്ടായ സംഭാഷണം മുഴുവനും കവിയുടെ ഭാവനാഫലങ്ങളാണു്. പരശുരാമന്നു രാമചന്ദ്രന്റെ വാക്കുകൾ നിന്ദാഗർഭങ്ങളാണെന്നു മനസ്സിലാകാതിരുന്നില്ല. അദ്ദേഹം കോപപാരവശ്യം പൂണ്ടു് ഇപ്രകാരം മറുപടി പറയുന്നു.

“മതി, ഗംഭീരാക്ഷേപം ചെയ്വതു,
വരുമതിനാലെ വംശവിരോധം
ചതികെടെ മൂവേഴുതുടിമുടിമന്നവർ
സമസ്തരെ കൊലചെയ്തകുഠാരമി-
തിതുപൊഴുതെ തവകണ്ഠച്ഛേദ-
മിയറ്റുവതേ കരുതുന്നേൻ.”

രാമചന്ദ്രൻ തന്റെ ഗാംഭീര്യത്തെ തെല്ലുപോലും വിടാതെ പറയുന്ന വാക്കുകൾ എത്ര നിശിതങ്ങളായിരിക്കുന്നുവെന്നു നോക്കുക.

“…… അരിയകുഠാരാവു
മൂനമൊഴിന്തൊരു രാമശരീരവു
മുണ്ടുഭവാനുവിധേയമതു്; എന്നാൽ
മാനമൊടിന്നിതു ചെയ്വതിനെളുതു
മഹാജനമാവർ പലരെയുമേതും
ദീനതയെന്നി വധം ചെയ്തരുളിയ
നിന്തിരുവടി കരുതീടുകിൽ”

ഇതുകൂടി കേട്ടപ്പോൾ, ഭാർഗ്ഗവന്റെ കോപം അതിരു കവിഞ്ഞു. “വാക്കുകൊണ്ടു ജയിച്ചാൽ പോരാ, വേഗം യുദ്ധത്തിനു് ഒരുങ്ങുക” എന്നു് അദ്ദേഹം അട്ടഹസിച്ചിട്ടും, രാമചന്ദ്രൻ തുടരുന്നു:–

“ഒരുജാതിയുമടിയനുജയവും പുന
രുണ്ടാകാ നിന്തിരുവടിയോടെ
പൊരുതാലരിമുനീന്ദ്ര”

ഈ മുനീന്ദ്രശബ്ദപ്രയോഗം നല്ല ലാക്കിനു പറ്റി. ഭാർഗ്ഗവൻ പിന്നെയും പറയുന്നു:–

“കേവല താപസനെന്നേ കൊള്ളായ്ക
ധരാപതി വംശവിനാശകരൻ ഞാൻ
നീ പൊരുതെന്നൊടു തോല്പതിലില്ല
നിനക്കൊരു പഴി; ചെറിയൊരരവത്തിനു
കോപമെഴും വിനതാസുതനോടമർ
കോഴമെഴും വിനതാസുതനോടമർ
കോഴപ്പെടുമതു പഴിയല്ലല്ലോ.
എല്ലാം ജാതിയുമെന്നുടെ വില്ലിനി
യിതു കൈക്കൊണ്ടവർ ചെയ്ക”

എന്നിട്ടും രാമചന്ദ്രൻ ഇളകുന്ന മട്ടു കാണുന്നില്ല. അദ്ദേഹം പറയുന്ന മറുപടി നോക്കുക.

“വല്ലാതവരതിഥികൾ ഗുരുഭൂത
ന്മാരതി ബാലകർ വയോധികരോടെ
ഒല്ലാപോലമർ ചെയ്വതുമെന്നാൽ
ഒഴികറിവുടയമുനീന്ദ്ര”

ഇതു കൂടി കേട്ടപ്പോൾ, മുനിയുടെ ഹൃദയത്തിൽ കോപാഗ്നിയെരിഞ്ഞു.

‘ഇനി മമ വില്ലിതുകൊണ്ടെന്നൊടെതിർത്തമർചെയ്വതിളയ്ക്കരുതു്’ എന്നു് അദ്ദേഹം അലറി. രാമചന്ദ്രനു് ഉള്ളിൽ കോപമുണ്ടായെങ്കിലും, അതിനെ ലേശംപോലും വെളിയിൽ പ്രകടിപ്പിക്കാതെ പറഞ്ഞ വാക്കുകൾ എത്ര ഗംഭീരവും നിശിതവുമായിരിക്കുന്നു.

“നന്നുരചെയ്തതു നിന്തിരുവടി;യിതു
ഞാനേ ചെയ്വതിനുണ്ടവകാശം.
വെന്നിമികും നൃപവംശത്തിനു
വിരോധം ചെയ്ത ഭവാനേക്കണ്ടാൽ,
ഇന്നമർചെയ്വതിളയ്ക്കിൽ നമുക്കോ
കില്ലിതു ചെയ്യുന്നേയിനി ഞാനേ”

ഈ സംഭാഷണം മൂലത്തിലുള്ളതല്ല. ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ എടുത്തുപറവാൻ സാധിക്കും.

ഭാഗവതം ദശമം

ഈ കൃതിയും രാമപ്പണിക്കരുടേതാണെന്നു്,

‘ദേവകീമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽമടന്തമണാളൻതന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി’

എന്നു് അതിന്റെ അവസാനത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു നമുക്കു ഗ്രഹിക്കാം. കാവ്യഗുണംകൊണ്ടു് ഈ കൃതി രാമായണത്തെപ്പോലും അതിശയിക്കുന്നു. മാതൃകയ്ക്കായി ഒരു പാട്ടു് ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.

“അളകാവൃതമാകിന കുണ്ഡുലമണ്ഡിത
മാകിയഗണ്ഡസ്ഥലമധരാമൃത
മൊളിവീടിയ നൽപ്പുഞ്ചിരിയോടു ചേ
ർന്നുളവാം നോക്കുമിതഭയപ്രദമായി
വളരായ്കിന്നു ഭുജങ്ങളുമാഴി
മടന്തകളിച്ചീടും മണിമാർവിട
മലിവിനൊടോർക്കുംതോറും ദാസക
ളാകെയൊള്ളിതു നിശ്ചയമല്ലോ.”
ഭാഷാഭാരതം

ഇതും രാമപ്പണിക്കരുടെ കൃതി തന്നെ. അതിന്റെ അവസാനത്തിൽ,

“കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
നിളയാതെ ശ്രീകൃഷ്ണാകഥയാ
മിനിയൊരു പടി ചൊൽക തുനിഞ്ഞേൻ”

എന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ശിവരാത്രി മാഹാത്മ്യം
“ശിവരാത്രൗവ്രതകഥയിതു തന്നാലായ പ്രകാരം
സാരതയിലംതകൃതി രാമൻ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതിതന്നരുളാലേ ചെയ്താനേവം ഭാഷയിനാലേ”

എന്നു് ഈ കൃതിയുടെ അവസാനത്തിലും കാണുന്നതുകൊണ്ടു ഇതിന്റെ ഗ്രന്ഥകർത്തൃത്വത്തെപ്പറ്റിയും സംശയത്തിനു വഴിയില്ല. കവിത സാമാന്യം നന്നായിട്ടുണ്ടു്. 90 മുതല്ക്കു് 110-വരെയുള്ള പാട്ടുകൾ അതിമനോഹരമായിക്കുന്നു. അവയിൽ ഒരു പാട്ടിനെ ചേർക്കുന്നു.

“ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മലഭസ്മോദ്ധൂളിക
കായരുമായേ ചർമ്മാംബരരായ്
കാലാന്തകസമ വിക്രമരായേ
മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായ് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”
കണ്ണശ്ശന്മാരുടെ ഭാഷ

കണ്ണശ്ശന്മാർ അന്നത്തേ വ്യവഹാരഭാഷയിലല്ല കവിത രചിച്ചിട്ടുള്ളതു്. രാമായണാദി ഗ്രന്ഥങ്ങളിലെ ഭാഷ അന്നത്തെ ദേശഭാഷയുമായിരുന്നില്ല.

“ഭാഷാമിശ്രമിതെൻറികഴാതെ
പരമേശ്വരഭക്ത്യാവല്ലവരും
താഴാതഷ്ടമി മറ്റു ചതുർദ്ദശി…
ദോഷാപഹമഴകോടേ ചൊൽവവർ
മേവുവരന്തേ ശങ്കരലോകേ”

എന്ന പാട്ടിൽ, ഈ സംഗതി കവി തന്നെ വ്യക്തമാക്കീട്ടുണ്ടല്ലോ. ഇത്തരം ‘ഭാഷാമിശ്രത്തേയാണു് ലീലാതിലകകാരൻ’ ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ദൃഷ്ടാന്തം വഴിക്കു നിർദ്ദേശിച്ചിരിക്കുന്നതും.

നിരണത്തു കവികളുടെ കാലമായപ്പോഴേക്കും സാഹിത്യഭാഷയ്ക്കു വലുതായ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. അവരുടെ പദബന്ധക്രമം തന്നെ എഴുത്തച്ഛന്റേതിൽ നിന്നു വിഭിന്നമാണു്.

“ഞാനേവം കൈക്കൊണ്ടേൻ ജനകനരേന്ദ്ര
തനൂജയെയെങ്കിലുമിന്നിതു
താനേ കാരണമായപവാദം താപമെഴും പടി
വന്നിതെനിക്കോ.
നാനാസുഖമാരുയിരിവകളെയാർ നാടുവ
രപവാദം കളവാനായ്?
മാനേന്മിഴി മൈഥിലിയെക്കളവാൻ മടിയു-
ണ്ടോ മമ പഴി തീർപ്പാനായ്.”

ഇത്യാദി പാട്ടുകളിലെ പദയോജനക്രമം നോക്കുക. പാട്ടിൽ ദ്രവിഡാക്ഷരങ്ങളേ പാടുള്ളു എന്ന നിയമത്തെ ആദ്യമായി ലംഘിച്ചു കാണുന്നതും കണ്ണശകൃതികളിലാണു്. അതു പോലെ തന്നെ വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളേയും, സംസ്കൃതരീതിയിലുള്ള പ്രയോഗങ്ങളേയും പാട്ടിലേക്കു സംക്രമിപ്പിച്ചവരും അവരാണെന്നു തോന്നുന്നു.

“ഇഹ ങ, ട, ഞ, ണ, ര, ല, ഴ, ള, റ, ഹ ഇതി നവാക്ഷരാണി ന പദാദൗ ഭവന്തി. രായരൻ, ലാക്കു് ഇത്യാദയസ്സംസ്കൃതസ്യാപഭ്രംശാഃ സംസ്കൃതാപഭ്രംശാ ന ശുദ്ധഭാഷാഃ. ‘രണ്ടാലുമൊന്റുണ്ടു നമുക്കിദാനീ’ മിതിത്വപശബ്ദഃ. ഭാഷയാമപി വ്യവസ്ഥയാ ഭവിതവ്യം. ന തു സ്വേച്ഛയാ യഥാ തഥാ പ്രയോഗഃ.”

എന്നു ലീലാതിലകകാരൻ രകാരലകാരങ്ങൾ പദാദിയിൽ വന്നുകൂടെന്നു കർശനമായി വിധിച്ചിട്ടുണ്ടെങ്കിലും, നിരണത്തുകവികൾ ചില ദിക്കുകളിൽ അതിനെ ലംഘിച്ചു കാണുന്നുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു.

നിരണത്തു കവികളുടെ ഭാഷാശൈലിക്കുള്ള ഒരു പ്രധാന വിശേഷം പാദപൂരണത്തിനായും മറ്റും ‘ഏ’ എന്ന നിപാതം ചേർക്കുന്ന സമ്പ്രദായമാണു്. എഴുത്തച്ഛനും ചില സ്ഥലങ്ങളിൽ അങ്ങനെ ‘ഏ’ ചേർത്തിട്ടുണ്ടെന്നു വരികിലും, അവരുടെ കൃതികളിലെന്നപോലെ സർവസാധാരണമായും, അവിരളമായും ആ പ്രയോഗം അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരേ പദത്തെത്തന്നെ രണ്ടും മൂന്നും പ്രാവശ്യം ഒരേ പാട്ടിൽ പ്രയോഗിക്കുന്ന വിഷയത്തിലും അവർക്കു ലേശം കൂസലില്ലായിരുന്നു.

പ്രകൃതികളിൽ വിവർത്തനപ്രക്രിയ ചെയ്തു് പലേ നൂതനപദങ്ങളേ സൃഷ്ടിക്കുന്നതിനു് ഭാഷയ്ക്കുണ്ടായിരുന്ന ശക്തി നിരണത്തു കവികളുടെ കാലശേഷം നിശ്ശേഷം നശിച്ചുപോയി. ഇതു ഭാഷയ്ക്കു് അപരിഹാര്യമായ ഒരു നഷ്ടം തന്നെയാണു്.

നിരണവൃത്തം

നിരണത്തു കവികളുടെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തങ്ങളെ നിരണവൃത്തമെന്നു സാധാരണ വിളിച്ചുവരുന്നെങ്കിലും അവയെ കണ്ടുപിടിച്ചതു് അവരാണോ എന്ന കാര്യം സംശയമാണു്.

“ഓടിയണഞ്ഞു മഹേശ്വരി പുൽകിയ-
തോർത്തനുരാഗവശേന ചിരിച്ചേ” 1

എന്ന നിരണവൃത്തം ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള

സംസ്കൃതമാകിന ചെങ്ങഴിനീരും
നറ്റമിഴാകിന പിച്ചകമലരും
ഏകകലർന്നു കരമ്പകമാലാം
വൃത്തമനോജ്ഞം ഗ്രഥയിഷ്യാമി”

എന്ന പാട്ടിലും കാണുന്നു. മാത്രാവൃത്തങ്ങൾ കണ്ണശ്ശന്റെ കാലത്തിനു മുമ്പും നടപ്പുണ്ടായിരുന്നെന്നു് ഇതുകൊണ്ടു് ഊഹിക്കാം. നിരണവൃത്തങ്ങളിലൊന്നും നശിച്ചുപോയിട്ടില്ല, രൂപാന്തരപ്പെട്ടുപോയതേയുള്ളു. ഒരു പാട്ടിനു് നാലു പാദങ്ങളും ഓരോ പാദത്തിലും പതിനാറു മാത്രകളോടുകൂടിയ ഈരണ്ടു ഖണ്ഡങ്ങളുമുണ്ടു്. ഓരോ ഖണ്ഡവും ഒരേ സ്വരം കൊണ്ടു് ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. എഴുത്തച്ഛനും നമ്പ്യാരും ഈ വൃത്തത്തെ ഈരടിയാക്കി കിളിപ്പാട്ടിലും തുള്ളലിലും ഉപയോഗിച്ചിരിക്കുന്നു. പ്രാസനിയമത്തെ അവരും തീരെ ഉപേക്ഷിച്ചുവെന്നു പറഞ്ഞുകൂട.

“ദോഷഗ്രാഹികളല്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭ തുച്ഛം”

എന്നു് തുള്ളൽപ്പാട്ടിലും,

“നീളത്തിൽ ചിലർ ചരടുപിടിച്ചും
നീളേ കതിചന കുററി തറച്ചും
വാലതുകൊണ്ടേ മലകൾ പറിച്ചു
നാലു ദിഗന്തേ നാരായണജയ”

എന്നു് ഇരുപത്തിനാലുവൃത്തത്തിലും, പ്രസ്തുത പ്രാസനിർബന്ധം കാണുന്നുണ്ടല്ലോ. യതിയുടെ കാര്യത്തിൽ നിരണത്തു കവികൾ നിഷ്കർഷിച്ചിരുന്നില്ലെന്നു മാത്രമല്ല, അവർ ഓരോ പാദാർദ്ധത്തെയും എട്ടെട്ടു ഗണങ്ങളായി ക്രമപ്പെടുത്തീട്ടുമില്ല.

“എയ്തിവിഷയാദികളിൽവീണുഴലുമപ്പ-
ഞ്ചേന്ദ്രിയമറിഞ്ഞറിവകന്നു പരമാന്തം” 2

എന്നു ഗീതയിൽ കാണുന്ന വൃത്തം രാമചരിതത്തിലും ഉപയോഗിച്ചിട്ടുണ്ടു്. ഇതു് ഇന്ദുവദന തന്നെയാണു് പക്ഷേ ചില സ്ഥലങ്ങളിൽ ഗുരുവിനെ ലഘുവാക്കിയും ലഘുവിനെ ഗുരുവാക്കിയും ഉച്ചരിക്കേണ്ടി വരുമെന്നേ വ്യത്യാസമുള്ളു.

‘മെയ്യറിവിലെയ്തുമകതാരുമതന്നേരം’

എന്ന പാദാർത്ഥത്തിൽ ‘ന്നേ’ എന്ന അക്ഷരത്തെ ഉറപ്പിച്ചു ഉച്ചരിക്കാൻ പാടില്ല. അല്ലെങ്കിൽ, അതിനു മുമ്പിലിരിക്കുന്ന ‘ത’കാരം ഗുരുവായിപ്പോകും.

‘വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി’

എന്ന ഇരുപത്തിനാലുവൃത്തപദ്യത്തിലും ഇതേ വിധത്തിൽ തന്നെ ‘ന്ന’യ്ക്കു മുമ്പിലിരിക്കുന്ന ‘ഴ’വിനെ ലഘുവാക്കിയിരിക്കയാണല്ലോ.

“ഇതമൊടുതെളിഞ്ഞുടൻതന്നെയെല്ലാവുയിർ-
ക്കിടയുമുയിരൊക്കെയും പാടു തന്നുള്ളിലും” 3

ഇതു് തുള്ളൽപ്പാട്ടുകളിലും മറ്റും കാണുന്ന മണികാഞ്ചിയെന്ന വൃത്തമാകുന്നു.

“കാൺകയനേകമായിരരൂപമെങ്കലതൊക്കെയും നീ
കാൺകവിധങ്ങളും പല ദിവ്യവർണ്ണങ്ങളുണ്ടനേകം” 4

ഈ വൃത്തത്തെ ലഘുപ്രചുരമാക്കിയാൽ,

“വർദ്ധിതതരധവളഹിമാചലസന്നിഭതുംഗശരീരൻ
നെടുതാകിനകൊടിമരമെന്നകണക്കു തടിച്ചൊരുവാലും”

എന്ന തുള്ളൽവൃത്തമാകും.

എതുക, മോന, അന്താദിപ്രാസം ഇവ നിരണത്തുകവികളുടെ പാട്ടിലും കാണുന്നുണ്ടു്.

കൃഷ്ണപ്പാട്ടു്

മലയാളഭാഷയിൽ ഇതേവരെ ഉണ്ടായിട്ടുള്ള അത്യുത്തമഗ്രന്ഥങ്ങളിൽ ഒന്നാണു് കൃഷ്ണപ്പാട്ടു്. അതിന്റെ കർത്താവു് ഏഴാംശതകത്തിൽ ജീവിച്ചിരുന്ന ഒരു ചെറുശ്ശേരിനമ്പൂരിയായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളെത്തന്നെ ഇവിടെ ഉദ്ധരിക്കാം.

“ഉത്തരകേരളത്തിൽ ഇപ്പോഴത്തെ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകര എന്ന സ്ഥലത്തു് ചെറുശ്ശേരി എന്ന ഇല്ലപ്പേരോടുകൂടി ഒരു നമ്പൂരിയുണ്ടായിരുന്നു. ബാല്യകാലം കഴിഞ്ഞയുടനെ കോലസ്സനാട്ടിലെ രാജാക്കന്മാരെ ആശ്രയിച്ചുവന്ന പാർത്തുവന്നു എന്നു കാണുന്നു. അദ്ദേഹം ആശ്രയിച്ചുവന്ന രാജാവിന്റെ നാമധേയം ഉദയവർമ്മൻ എന്നായിരുന്നു. അക്കാലത്തു് രാജാക്കന്മാർ സ്വസ്ഥമായിരിക്കുന്ന സമയങ്ങളിൽ ചതുരംഗം വയ്ക്കുക പതിവായിരുന്നു. അങ്ങനെ ഉദയവർമ്മരാജാവും ചെറുശ്ശേരി നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുന്ന സമയം രാജാവിന്റെ ഭാര്യ തന്റെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി, താരാട്ടു പാടിക്കൊണ്ടിരിക്കയായിരുന്നു. ആ സ്ത്രീക്കു് ഇവർ ചതുരംഗം വയ്ക്കുന്ന സ്ഥലം കാണ്മാൻ തക്കവണ്ണമുള്ളതായിരുന്നു. അപ്പോൾ രാജാവു് തോല്ക്കാറായി എന്നു കണ്ടതിനാൽ, താരാട്ടു പാടുന്ന മട്ടിൽതന്നെ, രാജാവിനു മാത്രം അറിവാൻവേണ്ടി, ഉന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ഉന്തുന്തു, ന്തുന്തുന്തു, ഉന്താളേ ഉന്തു്” എന്ന പാട്ടു പാടുകയും അതു കേട്ട ഉടൻതന്നെ രാജാവിനു കാര്യം മനസ്സിലായി, ആളെ ഉന്തിയ സമയം, ഉന്തിയരശു് അടിയറവാകയും ചെയ്കയാൽ രാജാവു് കളിയിൽ ജയിക്കയും, ഉടൻതന്നെ വളരെ സന്തോഷിച്ചു് ആ മട്ടിൽ ഭാഗവതം ദശമം ഒരു പാട്ടായിത്തീർക്കണമെന്നു് കല്പിക്കയും അതനുസരിച്ചു് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണപ്പാട്ടു് അല്ലെങ്കിൽ കൃഷ്ണഗാഥ എന്ന ഗ്രന്ഥം ഉണ്ടാക്കയും ചെയ്തതായി പറയുന്നു.”

കൃഷ്ണപ്പാട്ടിന്റെ ഉല്പത്തിക്കു കാരണമായിപ്പറയുന്ന ഈ കഥ കെട്ടിയുണ്ടാക്കിയ ആളിന്റെ മനോധർമ്മത്തെ പ്രശംസിക്കാമെങ്കിലും അതിൽനിന്നു് കൃഷ്ണഗാഥയെപ്പറ്റിയോ തൽകർത്താവിനെപ്പറ്റിയോ, വിശേഷിച്ചു് യാതൊന്നും ഗ്രഹിക്കാനായിട്ടില്ല. കവി കോലത്തുനാട്ടു രാജാവായ ഉദയവർമ്മന്റെ ആശ്രിതനായിരുന്നുവെന്നു് കൃഷ്ണഗാഥയിൽനിന്നുതന്നെ അറിയാമെന്നുള്ളതാണു്. ആളുന്തിരാഗക്കഥയെ വിശ്വസിക്കുന്നവരായി ഇക്കാലത്തു് ആരെങ്കിലും ഉണ്ടോ എന്നു സംശയമാകുന്നു. മിസ്റ്റർ കുണ്ടൂർ നാരായണമേനോൻ പറയുന്നതു് ഇങ്ങനെയാണു്:-

“ചെറുശ്ശേരി എന്ന ഇല്ലപേർ ഉത്തരകേരളത്തിലല്ല, ദക്ഷിണകേരളത്തിലാണു് അധികം വ്യാപിച്ചുകാണുന്നതെന്നു് അവതാരികയിൽ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ കവി ദക്ഷിണകേരളക്കാരനല്ലെന്നു് ‘ചാടുക’ ‘തള്ളുക’ മുതലായി പല പദങ്ങളും ദക്ഷിണകേരളക്കാർ വിചാരിക്കാത്ത വിധത്തിലുള്ള അർത്ഥത്തിൽ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ളതുകൊണ്ടു തീർച്ചപ്പെടുത്താം. ഇതു നോക്കുമ്പോൾ ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെങ്കിൽ ഇങ്ങനെ കേരളത്തിൽ മുഴുവൻ വളരെ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തെപ്പറ്റി, ഇല്ലം അന്യം നിന്നാൽ കൂടി, വല്ല വിവരവും ജനങ്ങൾ പരമ്പരയായി പറഞ്ഞുപോന്നിട്ടെങ്കിലും, നിലനില്ക്കാൻ ഇടയുണ്ടു്. മഴമംഗലം എന്ന സ്ഥലത്തെന്നും മറ്റും ചില വിവരങ്ങൾ ഇപ്പോഴും പലർക്കും അറിവുണ്ടു്. അതുപോലെ, ചെറുശ്ശേരിയെപ്പറ്റി ഒരു വിവരവും ആർക്കും അറിവില്ലാത്തതെന്തുകൊണ്ടാണു്? കവി ഇത്ര പ്രസിദ്ധനായിരിക്കുന്ന സ്ഥിതിക്കും അദ്ദേഹത്തിന്റെ പേരോ, വേറെ എന്തെങ്കിലും വല്ല വിവരമോ അറിയുന്നില്ലെന്നുള്ള സംഗതി ചെറുശ്ശേരിയെപ്പറ്റി സംശയം ജനിപ്പിക്കാൻ മതിയാകുമെന്നാണു തോന്നുന്നതു്.”

ചെറുശ്ശേരി എന്ന പേർ കാവ്യത്തിനു വരാനുള്ള കാരണത്തേപ്പറ്റി അദ്ദേഹം പറയുന്ന ഭാഗം കുറേക്കൂടി രസാവഹമായിരിക്കുന്നു.

“ച” “ശ” എന്ന അക്ഷരങ്ങൾ ഭാഷയിൽ ഉച്ചാരണസൗകര്യത്തിനോ, ഭംഗിക്കോ മാറ്റിക്കാണുന്നതിനാൽ ചെറുശ്ശേരി എന്നതു് ചെറുച്ചേരി എന്നതിൽ നിന്നു് ഉണ്ടായതാണെന്നു് ഊഹിച്ചാൽ, അതിൽൽ വലിയ ആക്ഷേപം ഒന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ചെറുച്ചേരി എന്നതു് ‘ചെറു’ എന്നും ‘ചേരി’ എന്നും ഉള്ള രണ്ടു പദങ്ങൾ കൂടിച്ചേർന്നതാണല്ലോ. ഇവയിൽ ചെറു എന്നതിനു് ചെറിയ എന്ന അർത്ഥം പ്രസിദ്ധമാണു്. ചേരി എന്ന പദവും ഇപ്പോൾ ഉപയോഗിച്ചു വരുന്നതാണു്. ഓണക്കാലത്തു കയ്യാങ്കളിക്കു രണ്ടു ഭാഗമായി ആളുകൾ നിൽക്കുന്നതിനു് രണ്ടു ചേരിയെന്നാണു പറയുന്നതു്. അതുകൊണ്ടു് പണ്ടു് ആ ജാതിയിലുണ്ടായിരുന്ന അങ്കംവെട്ടലിന്നോ യുദ്ധത്തിന്നോ അണിയിട്ടു നിൽക്കുന്നതിനു് ഈ പദം ഉപയോഗിച്ചിരുന്നു എന്നു് നമുക്കു് ഊഹിക്കാം. വടക്കൻപാട്ടു് ഈ ചേരിക്കളിയിലും യുദ്ധയാത്രയിലും യുദ്ധസമയത്തും രണ്ടു ചേരിക്കാരും പാടുന്ന പാട്ടായിരുന്നു എന്നു വിചാരിപ്പാൻ ന്യായമുണ്ടു്. അതുകൊണ്ടു് അതിന്നു് ചേരിപ്പാട്ടു് എന്ന പേർ യോജിച്ചുള്ളതും ഉത്തരകേരളത്തിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തോളം ഉപയോഗിച്ചുവന്നിരിക്കാവുന്നതുമാണു്. കൃഷ്ണഗാഥയുടെ രീതി വടക്കൻപാട്ടിന്റെ രീതിയോടു വളരെ അടുപ്പമുള്ള ഒന്നാണെന്നു് രണ്ടിന്റേയും ഈരണ്ടു വരി താഴെ ചേർക്കുന്നതു നോക്കിയാലറിയാം.

വടക്കൻപാട്ടു്
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
കൃഷ്ണഗാഥമട്ടു്
തച്ചൊളിപ്പാലാട്ടെ–തച്ചൊളിപ്പാലാട്ടെ
തച്ചൊളിപ്പാലാട്ടെ –കോമപ്പുണ്ണി

വടക്കൻപാട്ടിന്റെ ആദ്യത്തെ പാദത്തെ ഒടുവിലത്തെ നാലക്ഷരം കളഞ്ഞു ചെറുതാക്കി അതു രണ്ടു പ്രാവശ്യം ഉപയോഗിച്ചു് പിന്നെ രണ്ടാംവരി യാതൊരു ഭേദവും കൂടാതെ ഉപയോഗിക്കുന്നതാണു് ചെറുശ്ശേരി രീതി. ആദ്യപാദം ചെറുതാക്കി രണ്ടു പ്രാവശ്യം ഉപയോഗിക്കുന്ന ചേരിപ്പാട്ടാകയാൽ അതിന്നു ചെറുച്ചേരിപ്പാട്ടു് എന്ന പേർ യോജിപ്പുള്ളതും ഇങ്ങനെ വന്നതാണെന്നു് ഊഹിപ്പാൻ ന്യായമുള്ളതുമാണു്. വേറെ ഒരു വിധത്തിലും ചെറുശ്ശേരി എന്ന പേർ യോജിപ്പുള്ളതായി കാണുന്നുണ്ടു്. കോവിലകത്തു വെച്ചു് ചതുരംഗം കളിക്കുമ്പോൾ, ആളുന്തി, ആളുന്തി, ആളുന്തി, ആളുന്തി’ എന്നൊരാൾ ചൊല്ലുകയും ആ രീതിയിൽ ഒരു പാട്ടുണ്ടാക്കാൻ തമ്പുരാൻകല്പിക്കയും ചെയ്തിട്ടുണ്ടാക്കിയതാണു് കൃഷ്ണഗാഥ എന്നൊരു ഐതിഹ്യമുണ്ടു്. ഇതിന്നു് വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പട വെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിൽനിന്നുത്ഭവിച്ചതാകയാൽ ‘ചെറുശ്ശേരി’ എന്ന പേർ ഉണ്ടായതാണെന്നാണു് തോന്നുന്നതു്. എന്നാൽ കാലംകൊണ്ടു കവിയുടെ ഇല്ലപ്പേരും പേരും നിശ്ചയമില്ലാതായിത്തുടങ്ങുകയും ചെറുശ്ശേരി എന്ന പേരിനു മാത്രം പ്രചാരം ഉണ്ടാകയും ചെയ്തപ്പോൾ, ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിച്ചിട്ടായിരിക്കണം ചെറുശ്ശേരി എന്നു കവിയെ ഉദ്ദേശിച്ചു ജനങ്ങൾ പറഞ്ഞുതുടങ്ങിയതു്.”

മനോധർമ്മംകൊണ്ടു് ഇതു് മുകളിൽ ഉദ്ധരിച്ച ഐതിഹ്യത്തയും ജയിക്കുന്നു എന്നു സമ്മതിക്കാമെങ്കിലും, ലേശംപോലും പ്രത്യയജനകമായിരിക്കുന്നില്ലെന്നു പറയാതെ തരമില്ല.

ചെറുശ്ശേരി എന്നൊരു ഇല്ലം ഇപ്പോൾ ഉത്തരകേരളത്തിലില്ലെന്നു വിചാരിച്ചു് ഒരു കാലത്തും ഇല്ലായിരുന്നുവെന്നു ശപഥം ചെയ്യാവുന്നതല്ല. ഇക്കാലത്തിനിടയ്ക്കു് എത്രയോ രാജ്യവിപ്ലവങ്ങൾ ഉണ്ടായിരിക്കുന്നു. മൈസൂർകടുവായെപ്പേടിച്ചുതന്നെ ഒട്ടു വളരെ തറവാട്ടുകാർ ദക്ഷിണകേരളത്തിൽ വന്നു കുടിപാർക്കാൻ ഇടവന്നിട്ടുണ്ടു്. അക്കൂട്ടത്തിൽ ചെറുശ്ശേരിവംശക്കാരും ദക്ഷിണകേരളത്തിൽ വന്നു വാസമുറപ്പിച്ചതായി വന്നു കൂടായ്കയില്ല. പുതുമന, ആറ്റുപുറം, മാത്തൂർ ഇത്യാദി പലേ ഇല്ലപ്പേരുകൾ തെക്കും വടക്കും കാണുന്നതിനിടവന്നതു് ഇങ്ങനെ ആയിരിക്കണം. ചെറുശ്ശേരി എന്നൊരു ഇല്ലം കോലത്തു നാട്ടിൽ ഉണ്ടായിരുന്നെന്നും അതു് പുനത്തിൽ ഒതുങ്ങുകയാണു ചെയ്തതെന്നും ഒരു കേൾവിയുണ്ടെന്നും അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുമുണ്ടു്. “പിന്നെ ഇല്ലപ്പേരാണെങ്കിൽ, ഇങ്ങനെ കേരളത്തിൽ മുഴുവൻ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തേപ്പറ്റി ജനങ്ങൾ പരമ്പരയായി പറഞ്ഞുവന്നിട്ടെങ്കിലും അതിന്റെ നിലനില്പിനു് ഇടയുണ്ടെന്നു് മി. മേനോൻ പറയുന്നു. അതേ, അങ്ങനെ ഒരു ഐതിഹ്യം ഇപ്പോഴും ഉണ്ടല്ലോ. ആ വഴിക്കാണല്ലോ ഗുണ്ടർട്ടു് മുതൽപ്പേരു് ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു ധരിച്ചതും. എന്നാൽ അദ്ദേഹത്തിനെപ്പറ്റിയോ ഇല്ലത്തേപ്പറ്റിയോ കൂടുതൽ വിവരങ്ങൾ അറിയുന്നില്ലെന്നുള്ള സംഗതി സംശയജനകമായിരിക്കുന്നു എന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല. മഴമംഗലം, പുനം, നിരണത്തു കവികൾ, എഴുത്തച്ഛൻ, ചന്ദ്രോത്സവകർത്താവു് എന്നിങ്ങനെ ഒട്ടു വളരെ കവികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടല്ലോ. അവരെപ്പറ്റി നാം ഇതേവരെ എന്തെല്ലാം അറിഞ്ഞിട്ടുണ്ടു്. സർവലോകസംപൂജ്യനായ ശ്രീശങ്കര ഭഗവൽപാദരെപ്പറ്റി അനേകം കവിതകൾ ഓരോരുത്തർ രചിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വദേശം കാഞ്ചീപുരത്തായിരുന്നുവെന്നു് ഒരു കൂട്ടരും അതല്ല കേരളത്തിലായിരുന്നുവെന്നു് മറ്റൊരു കൂട്ടരും ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നതേയുള്ളല്ലോ. മഴമംഗലത്തേയും കണ്ണശ്ശനേയും പറ്റി നാം വല്ലതും അറിഞ്ഞിട്ടുണ്ടെങ്കിൽ അതു് അവരുടെ കൃതികളിൽ നിന്നാകുന്നു. ചില ഐതിഹ്യങ്ങൾ മിക്ക കവികളേപ്പറ്റിയും കേട്ടിട്ടുണ്ടു്. അങ്ങനെ ഒരു ഐതിഹ്യത്തെ ആണു് മി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രത്തിൽ ചേർത്തിരിക്കുന്നതും. അതിൽ ആളുന്തിരാഗത്തേപ്പറ്റിപ്പറയുന്ന ഭാഗത്തെ മാത്രം അഭ്യൂപഗമിച്ചിട്ടു്, ഇല്ലത്തെക്കുറിച്ചുള്ള ഐതിഹ്യത്തെ തള്ളിക്കളയുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. എന്നാൽ ഈ മാതിരി ഒരു കവിയുടെ ഇല്ലപ്പേരു് പരമ്പരയാ ജനങ്ങൾ പറഞ്ഞുവന്നിട്ടെങ്കിലും നിലനില്പാനിടയുണ്ടെന്നു ശപഥം ചെയ്തിട്ടു്, ഉത്തരക്ഷണത്തിൽത്തന്നെ, അദ്ദേഹത്തിന്റെ പേരും ഇല്ലപ്പേരും കാലക്രമേണ മലയാളികളുടെ ഇടയ്ക്കു വിസ്മൃതപ്രായമായെന്നും തന്നിമിത്തം ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിപ്പാനിടയായെന്നും അഭിപ്രായപ്പെട്ടിരിക്കുന്നതാണു് ബഹുവിചിത്രമായിരിക്കുന്നതു്. ചെറുശ്ശേരിപദത്തിന്റെ ആഗമം പറഞ്ഞിരിക്കുന്നതും സ്വീകാരയോഗ്യമായി തോന്നുന്നില്ല. ചേരിശബ്ദത്തിന്റെ അർത്ഥം തെറ്റിദ്ധരിച്ചിരിക്കുന്നതോ പോകട്ടേ. വടക്കൻപാട്ടു ചേരിപ്പാട്ടാണെങ്കിൽ, കൃഷ്ണഗാഥ വഞ്ചേരിപ്പാട്ടാവുന്നതല്ലാതെ ചെറുശ്ശേരിയാവാൻ ഇടയില്ല. രണ്ടാംപാദത്തെ ഒന്നു കുറുക്കീട്ടുണ്ടെങ്കിൽ ആദ്യപാദത്തേ ഒന്നു നീട്ടീട്ടുമുണ്ടല്ലോ. അന്നുള്ളവർക്കു വലിപ്പച്ചെറുപ്പങ്ങളെ വിവേചിച്ചറിവാൻ ശക്തിയില്ലായിരുന്നിരിക്കുമോ? അതിനും പുറമേ, വടക്കൻപാട്ടുകൾക്കു ചേരിപ്പാട്ടെന്ന പേരു് ഇതേവരെ ആരും പറഞ്ഞുകേട്ടിട്ടുമില്ല. ചെറുശ്ശേരി നമ്പൂരിയുടെ വംശജനായ ഒരു നമ്പൂരി ഇപ്പോൾ വടക്കു് ചെറുകുന്നത്തുക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നുണ്ടെന്നു് മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതിനെ ഖണ്ഡിച്ചകൊണ്ടു് കവനോദയക്കാരും, അവരെ ഏറെക്കുറെ പിന്താങ്ങിക്കൊണ്ടു് അപ്പൻതമ്പുരാനും പുറപ്പെടുന്നു.

ഉത്തരകേരളത്തിൽ ചെറുശ്ശരി എന്നൊരില്ലം ഉണ്ടായിരുന്നില്ലെന്നും ചെറുശ്ശേരിവംശജനായ ഒരു നമ്പൂരി ശാന്തി ചെയ്യുന്നുണ്ടെന്നുപറയുന്നതു് അബദ്ധമാണെന്നും അങ്ങനെ ഒരു കവി ജീവിച്ചിരുന്നുവെങ്കിൽ ചന്ദ്രോത്സവകർത്താവു് ഗ്രന്ഥാരംഭത്തിൽ അദ്ദേഹത്തിനെ സ്മരിക്കാതിരിക്കുമായിരുന്നില്ലെന്നും ആണു് കവനോദയക്കാരുടെ അഭിപ്രായം. അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് വേറെ ചില വാദമുഖങ്ങളെക്കൂടി അവതരിപ്പിക്കുന്നു.

“കവിയാരെന്നു നിശ്ചയമില്ലാത്ത ചന്ദ്രോത്സവത്തിൽ, ഭാഷാകവികളിൽവെച്ചു് പുനത്തിനെയാണു് മുമ്പു പറഞ്ഞിട്ടുള്ളതു്. കൃഷ്ണഗാഥമുഖേനയല്ലാതെ ചെറുശ്ശേരിക്കു് പുനത്തിനെപ്പോലെ കവി എന്നു പ്രസിദ്ധിയുള്ളതായിട്ടും അറിവില്ല. ഭാഷാരീതി പുനത്തിന്റേതല്ലെന്നു ശങ്കിച്ചേയ്ക്കാം. എന്നാൽ ഈ കൃതി ‘ആളുന്തി’രാഗമെന്നു പറഞ്ഞതുകേട്ടു് വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു് മനസ്സിലാകുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്നും, മഹാകവികൾക്കു വാസനാബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഏതു വിധം വേണമെങ്കിലും ആ വിധം കൊണ്ടുകെട്ടുവാനുള്ള ശക്തിയുണ്ടെന്നും ആലോചിച്ചാൽ ആ ശങ്കയ്ക്കും സമാധാനമുണ്ടു്.”

ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റേതിലേക്കു് ഒതുങ്ങിപ്പോയെന്നു് ഒരു കേൾവിയുണ്ടെന്നും, അങ്ങനെ സംഭവിച്ചതു് കൃഷ്ണഗാഥയുടെ ആവിർഭാവത്തിനു മുമ്പായിരുന്നതു നിമിത്തം ചെറുശ്ശേരിശബ്ദം പുനത്തിന്റെ പര്യായമായി തീർന്നതായിരിക്കാമെന്നുള്ളതുമാണു് അദ്ദേഹം ഊഹിക്കുന്നതു്.

ചെറുശ്ശേരി എന്നൊരില്ലം ഉത്തരകേരളത്തിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ ഒരു വംശജൻ ചെറുകുന്നത്തു ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നില്ലെന്നും വന്നതുകൊണ്ടു് ചെറുശ്ശേരി എന്നൊരു ഇല്ലം ഒരിക്കലും ഇല്ലായിരുന്നു എന്നു വരികയില്ലല്ലോ. കവനോദയക്കാരുടെ അന്വേഷണത്തിൽ അങ്ങനെ ഒരില്ലം എത്തുപെടാതിരുന്നുവെന്നു് വരാവുന്നതാണു്. മി: ഗോവിന്ദപ്പിള്ള പ്രശ്നം വെച്ചു കണ്ടുപിടിച്ച പേരായിരിക്കയില്ലല്ലോ അതു്. അദ്ദേഹവും ചില അന്വേഷണങ്ങൾ നടത്തിയ ശേഷമാണു് ഇങ്ങനെ അഭിപ്രായപ്പെട്ടതു്. ചന്ദ്രോത്സവകർത്താവു് പുനത്തിനെ സ്മരിക്കയും ചെറുശ്ശേരിയെപ്പറ്റി മിണ്ടാതിരിക്കുകയും ചെയ്തുകാണുന്നു എന്നുള്ള യുക്തി നില്ക്കയില്ല. അദ്ദേഹം അക്കാലംവരെയുള്ള എല്ലാ കവികളേയും സ്മരിച്ചിരുന്നു എന്നു വരികിൽ, അങ്ങനെ ഒരു ശങ്കയ്ക്കു വഴിയുണ്ടാകുമായിരുന്നു. സംസ്കൃതകവികളുടെ കൂട്ടത്തിൽതന്നേ വാല്മീകി, വ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി ബാണൻ എന്നിങ്ങനെ അദ്ദേഹം പലരേയും കീർത്തിക്കയും, ഭവഭൂതിപ്രഭൃതികളെക്കുറിച്ചു് ഒന്നും പറയാതിരിക്കയും ചെയ്തുകാണുന്നതിനാൽ, ഭവഭൂതി പ്രഭൃതികൾ ഇല്ലായിരുന്നുവെന്നോ അവർ മറ്റു കവികളിൽ ലയിച്ചുപോയെന്നോ വാദിക്കുമോ? അതു പോലെ തന്നെ മലയാളകവികളേ സംബന്ധിച്ചും പറയാവുന്നതാണു്. ചന്ദ്രോത്സവകർത്താവു് തനിക്കിഷ്ടമുള്ള ചില കവികളെ സ്തുതിച്ചുവെന്നല്ലാതെ, മലയാളത്തിലെ ഒരു കവിവിവരപ്പട്ടിക തന്റെ കാവ്യത്തിൽ ചേർക്കാമെന്നു് അദ്ദേഹത്തിനു് ഉദ്ദേശ്യമില്ലായിരുന്നു.

ഇവരെല്ലാവരും കൃഷ്ണഗാഥാകർത്താവു് ചന്ദ്രോത്സവകാരന്റെ കാലത്തിനു മുമ്പു ജീവിച്ചിരുന്നു എന്നു സിദ്ധവൽക്കരിച്ചുകൊണ്ടാണു് വാദിക്കുന്നതും. മറിച്ചു വന്നുകൂടെ? അങ്ങനെ ആണെങ്കിൽ ചെറുശ്ശേരിയുടെ പേരു് ചന്ദ്രോത്സവത്തിൽ സ്മരിക്കാഞ്ഞതിനു സമാധാനം പറയേണ്ട ആവശ്യം നേരിടുകയുമില്ലല്ലോ. ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ സമകാലികനോ പശ്ചാൽകാലികനോ ആയിരിക്കണമെന്നു് നിസ്സംശയം പറയാം. പുനത്തിന്റെ കാലം നിർണ്ണയിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ സദസ്സിൽ ഒരു അരക്കവിയായിരുന്നു എന്നാണല്ലോ ഐതിഹ്യം. അദ്ദേഹവും ഉദ്ദണ്ഡശാസ്ത്രികളും സമകാലികന്മാരായിരുന്നുവെന്നു സമ്മതിക്കാത്തവർ ഇപ്പോൾ ആരും ഇല്ലതാനും. ശാസ്ത്രികളുടെ അടുക്കൽ നിന്നു് പുനം,

“അധികേരളമഗ്ര്യഗിരഃ
കവയഃ കവയന്തു വയന്തു ന താൻ വിനുമഃ
പുളകോൽഗമകാരി വചഃ പ്രസരഃ
പുനമേവ പുനം പുരാസ്തുമഹേ”

എന്നൊരു സർട്ടിഫിക്കറ്റു് വാങ്ങീട്ടുള്ള കഥ പ്രസിദ്ധവുമാണല്ലോ. കൊല്ലം 600-നും 700-നും മദ്ധ്യേ ഒരു ശക്തൻ സാമൂതിരി ഉണ്ടായിരുന്നെന്നും, ഉദ്ദണ്ഡശാസ്ത്രി അദ്ദേഹത്തിന്റെ സദസ്യരിൽ ഒരാളായിരുന്നുവെന്നും മി. ഗോവിന്ദപ്പിള്ള സമ്മതിക്കുന്നുണ്ടു്. എന്നാൽ പുനത്തിന്റെ കാലത്തും ഒരു ഉദ്ദണ്ഡനുണ്ടായിരുന്നെന്നുള്ള സംഗതി സുപ്രസിദ്ധമായതുകൊണ്ടാണു്, അദ്ദേഹത്തിനു് രണ്ടു ഉദ്ദണ്ഡന്മാരെ കല്പിക്കേണ്ടതായി വന്നതു്. പുനത്തിന്റെ കാലം ഒമ്പതാംശതകത്തിലായിരുന്നുവെന്നുള്ള അദ്ദേഹത്തിന്റെ ഊഹം തെറ്റാണെന്നും, അദ്ദേഹം ജീവിച്ചിരുന്നതു് ഏഴാംശതകത്തിലായിരുന്നുവെന്നും വന്നാൽ, ഉദ്ദണ്ഡന്മാരെ രണ്ടാക്കേണ്ട ആവശ്യവും അതിനോടുകൂടി അസ്തമിക്കും. അതെങ്ങനെയും ഇരിക്കട്ടെ. ഉദ്ദണ്ഡനും, പുനവും, ചേന്നാസ്സു നമ്പൂരിപ്പാടും സഹജീവികളായിരുന്നുവെന്നു് അപ്പൻ തമ്പുരാൻരസികരഞ്ജിനി വഴിയ്ക്കു സമ്മതിച്ചിട്ടുമുണ്ടല്ലോ.

“പ്രക്രീഡൽ കാർത്തവീര്യാർജ്ജുനഭുജവിധൃതോ-
ന്മുക്തസോമോത്ഭവാംഭ-
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ-
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാത്തവ ഖലുവിഷയേ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയം തേ വിക്രമക്ഷ്മാവര ന കിമുഗത-
ശ്ശ്രോത്രിയഃ ശ്രോത്രദേശം”

എന്ന ശ്ലോകം ശാസ്ത്രികളെ രാജാവിനോടു പരിചയപ്പെടുത്താനായി ചേന്നാസ്സു നമ്പൂരിപ്പാടു ചൊല്ലിയതാണു്. പയ്യൂർ പട്ടേരിമാരിൽ ഒരാളുടേതാണെന്നു വിശ്വസിച്ചുവരുന്ന ഗൃധ്രസന്ദേശത്തിലും ശാസ്ത്രികളെപ്പറ്റി ഒരു ശ്ലോകം കാണുന്നു.

“ഉദ്ദണ്ഡാഖ്യഃസുരഭികവിതാസാഗരേന്ദുഃ കവീന്ദ്രഃ
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്ര ചേത്സന്നിധത്തേ
ശ്രാവ്യയാമുഷ്യാത്രിദശതടിനീവേഗവൈലക്ഷ്യദോഗ്ധ്രീ
വാഗ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ”
“ഭാഷാകവിനിവഹോയം
ദോഷാകരവദ്വിഭാതിഭുവനതലേ
പ്രായേണ വൃത്തവിഹീനഃ
സൂര്യാലോകേ നിരസ്തഗോപ്രസരഃ”

എന്ന പദ്യം

“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീഹ്യായാത്യുദ്ദണ്ഡകേസരീ”

എന്നു ഗർജ്ജിച്ചുകൊണ്ടു പുറപ്പെട്ട ഉദ്ദണ്ഡകേസരിയുടേതായിരിക്കാനേ തരമുള്ളു. അതു് മി. ഗോവിന്ദപ്പിള്ളയും സമ്മതിക്കുന്നു. ആ സ്ഥിതിക്കു്, പുനത്തിന്റെ ‘പുനഃ പുനമേവപുനരാസ്തുമഹേ’ എന്നു സ്തുതിച്ചതും അദ്ദേഹത്തിന്റെ താരിത്തന്വീത്യാദി പദ്യത്തിൽ കാണുന്ന ‘ഹന്തഹിന്ത’യ്ക്കായി ഒരു പട്ടു സമ്മാനിച്ചതും ഈ ഉദ്ദണ്ഡനായിരിക്കാനല്ലേ സാംഗത്യം? മി. ഗോവിന്ദപ്പിള്ള പുനത്തിനെ ഒൻപതാംശതകത്തിലേക്കു് ഇഴുത്തുകൊണ്ടുപോയി മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയുടെ സദസ്യനാക്കിയതിനു മതിയായ കാരണമൊന്നും കാണുന്നില്ല. പുനം രാമായണാദി ചമ്പുക്കൾ നിർമ്മിച്ചതു് മാനവേദചമ്പു കണ്ടിട്ടായിരിക്കണമെന്നുള്ള അഭ്യൂഹമായിരിക്കാം അദ്ദേഹത്തിനെ വഴിതെറ്റിച്ചതു്. പുനം സാമൂതിരിപ്പാട്ടിലെ പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ ഒരു അരക്കവിയേ ആയിരുന്നുള്ളു എന്നു് ഒരു ഐതിഹ്യം ഉള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു. പയ്യൂർപ്പട്ടേരിമാർ ഒമ്പതു്, തിരുവേഗപ്പുഴ നമ്പൂരിമാർ അഞ്ചു്, മുല്ലപ്പിള്ളിപ്പട്ടേരി, ചേന്നാസ്സുനമ്പൂരി, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികൾ ഇങ്ങനെ പതിനെട്ടും അരക്കവിയായ പുനവും കൂടിയാണു് പതിനെട്ടരക്കവികൾ. അതുകൊണ്ടു് പുനത്തിനെ ഒൻപതാംശതകത്തിലെ ശക്തൻ തമ്പുരാന്റെ അടുക്കലേക്കു കൊണ്ടുപോയാൽ, മറ്റു കവികളും അദ്ദേഹത്തിനു മുമ്പേ തന്നെ അവിടെ എത്തേണ്ടിവരും. എന്നാൽ ചേന്നാസ്സുനാരായണൻ നമ്പൂരിയുടെ കാലം നമുക്കു ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടു്. അദ്ദേഹത്തിന്റെ തന്ത്രസമുച്ചയത്തിൽ,

“കല്യബ്ദേഷ്വതിയൽസുനന്ദനയനേഷ്വംഭോദിസംഖ്യേഷുയഃ
സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സ വേദാന്വയഃ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണഃ
സോയംതന്ത്രമിദംവ്യധാദ് ബഹുവിധാദുദ്ധ്യത്യതന്ത്രാർണ്ണവാത്”

എന്നൊരു പദ്യം ചേർത്തിട്ടുള്ളതിൽ നിന്നും അതിന്റെ നിർമ്മാണകാലം കലിവർഷം 4530-നു് കൊ. വ. 604 ആയിരുന്നെന്നു സിദ്ധിക്കുന്നു. അതുകൊണ്ടു് പുനവും ഏതാണ്ടു് അക്കാലത്തുതന്നെ ജീവിച്ചിരുന്നുവെന്നു വിചാരിക്കാം.

ചന്ദ്രേത്സവത്തിൽ സംസ്തുതമായ മറ്റൊരു നാമം ശങ്കരനാകുന്നു. ഈ ശങ്കരനെത്തന്നെയായിരിക്കുണം

“ദൃഷ്ട്വാദേവം പരിസരജൂഷാ ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ
കോലാനേലാവന സുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”

എന്നു് കോകിലസന്ദേശത്തിൽ, ഉദ്ദണ്ഡൻ സൂചിപ്പിച്ചിരിക്കുന്നതു്. അങ്ങനെയാണെങ്കിൽ ശങ്കരനും ഉദ്ദണ്ഡന്റെ സമകാലികനായിരുന്നുവെന്നു വരുന്നു.

“മധുമൊഴിപുനമെന്നാനൽകവീന്ദ്രേണസാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തിസ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ”
“മദയതി പുനമിന്നും ഭുരിഭൂ ചക്രവാളം.”

ഇത്യാദി ചന്ദ്രോത്സവശ്ലോകങ്ങളിൽ നിന്നു് അതിന്റെ നിർമ്മിതികാലത്തു് പുനം ജീവിച്ചിരുന്നു എന്നു് ഊഹിക്കാൻ വഴിയുമുണ്ടു്. അതിലെ ഭാഷാരീതിക്കു്, പുനത്തിന്റെ കാലത്തുണ്ടായിട്ടുള്ള മണിപ്രവാളത്തോടു് ഒരു സഗർഭ്യത കാണുന്നതും പ്രത്യേകം ആലോചിപ്പാനുള്ളതാകുന്നു. അതുകൊണ്ടു് ചന്ദ്രോത്സവത്തിന്റെ കാലം ഏഴാം ശതകത്തിന്റെ ഉത്തരർദ്ധത്തിലായിരുന്നു എന്നു വന്നുകൂടുന്നു. എന്നാൽ ചെറുശ്ശേരിയുടെ കാലം കൊ. വ 650-നും 750-നും മദ്ധ്യേ ആയിരുന്നുവെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായം ഖണ്ഡിക്കുന്നതിനു് ചന്ദ്രേത്സവത്തിൽ, ചെറുശ്ശേരിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്ന യുക്തി പര്യാപ്തമാകുന്നില്ല.

“മദയതി പുനമിന്നും” എന്നതിലെ ഇന്നും എന്നതിനു് അർത്ഥാന്തരം കല്പിച്ചു്, ഇപ്പോഴും പുനത്തിന്റെ കവിതകൾ ജനങ്ങളെ മദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു വ്യാഖ്യാനിക്കുന്നതായാലും, ചന്ദ്രോത്സവകർത്താവു പറഞ്ഞിരിക്കുന്ന ശങ്കരൻ, ചെറുശ്ശേരി ആയിക്കൂടെന്നുണ്ടോ?

“ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ
കരകിസലയസംമൃശ്രമസ്വേദജാലം
അഹമഹമികയാവന്നർത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം പ്രീതയേ ശാങ്കരമ്മേ”
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ
നാനന്ദമന്ദഗതിനാ പുരതോഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ.”

ഈ പദ്യങ്ങളിൽ രണ്ടാമത്തേതു് ‘ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ’ എന്ന വാക്കുകൾ വഴിയായി കൃഷ്ണപ്പാട്ടിനെ അഭിവ്യഞ്ജിപ്പിക്കുന്നതായും, വേണമെങ്കിൽ വിചാരിക്കാവുന്നതാണല്ലോ. [8]

പുനം നമ്പൂരി ‘ആളുന്തി രാഗ’മെന്നതു കേട്ടു വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു കൂടി മനസ്സിലാകുന്നതിനുവേണ്ടി തന്റെ ഭാഷാരീതി ഒന്നു മാറ്റിക്കളഞ്ഞതു നിമിത്തമായിരിക്കണം, ചെറുശ്ശേരിയിലേയും രാമായണചമ്പുവിലേയും ഭാഷയ്ക്കു വ്യത്യാസം കാണുന്നതെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. കൃഷ്ണപ്പാട്ടു് വെറും പാമരജനങ്ങൾക്കു വേണ്ടി രചിച്ചിട്ടുള്ളതാണെങ്കിൽ, പ്രൗഢന്മാർക്കു വായിക്കാനുള്ള കവിതയുടെ സ്വരൂപം എന്തായിരിക്കുമെന്നു് ഒന്നറിഞ്ഞാൽ കൊള്ളാം. കൃഷ്ണഗാഥ ഒരു പ്രൗഢകാവ്യമാണെന്നാണു് ഈയുള്ളവർക്കു തോന്നുന്നതു്.

ഏതൽകാരണങ്ങളാൽ, പ്രസ്തുത ഗ്രന്ഥം, ഒരു ചെറുശ്ശേരി നമ്പൂരിയുടേയാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 650-നും 750-നും മദ്ധ്യേ ആയിരുന്നെന്നും മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു് ‘തീരെ അബദ്ധമാണെന്നു് പറവാനുള്ള കാലം ആയിട്ടില്ല.’

കൃഷ്ണഗാഥാകർത്താവു് കോലത്തുനാടു രാജാവിന്റെ ആശ്രിതനായിരുന്നെന്നു്,

“ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയവർമ്മണഃ
കൃതയാം കൃഷ്ണഗാഥായാം”

ഇത്യാദി കവിവാക്കുകളിൽ നിന്നു ഗ്രഹിക്കാം.

കഥാവസ്തു

കൃഷ്ണഗാഥയിലെ കഥാവസ്തു ഭാഗവതം ദശമസ്കന്ധത്തിലെ കഥയാകുന്നു. എന്നാൽ ചെറുശ്ശേരിയ്ക്കും ഭാഗവതത്തിനും കഥാവിഷയത്തിൽ മാത്രമേ സാദൃശ്യമുള്ളു. ചില സ്ഥലങ്ങളിൽ കവി ഭാഗവതപദ്യങ്ങളെ, നേരെ തർജ്ജമ ചെയ്തും മറ്റു ചിലേടങ്ങളിൽ, ഭാഗവതാശയങ്ങളെ, മനോധർമ്മംകൊണ്ടു് പുതുക്കി മോടി പിടിപ്പിച്ചും ചേർത്തിട്ടുണ്ടെന്നു വരികിലും, കൃഷ്ണപ്പാട്ടു് സർവതന്ത്രസ്വതന്ത്രമായ ഒരു പ്രൗഢകൃതി തന്നെയാണു്. പുരാണത്തിലും കാവ്യത്തിലും തമ്മിലുള്ള അന്തരം ഭാഗവതത്തിനും കൃഷ്ണഗാഥയ്ക്കും തമ്മിലുണ്ടു്. കവി പരമഭക്തനായിരുന്നുവെന്നുള്ളതിനു്, ശ്രോതാക്കളെ രോമാഞ്ചകഞ്ചുകിതരാക്കിത്തീർക്കത്തക്കവണ്ണം കവിഹൃദയത്തിൽനിന്നു നേരെ പുറപ്പെട്ടിട്ടുള്ള ഒട്ടു വളരെ സ്തുതികൾ ഉത്തമലക്ഷ്യങ്ങളാകുന്നു.

“സംസാരമോക്ഷത്തിൻകാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തി നിന്നീടുവാ-
നിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു”

എന്നു് നമ്പൂരി ഗ്രന്ധാരംഭത്തിൽ തന്നേ തന്റെ കാവ്യോദ്ദേശത്തെ വെളിപ്പെടുത്തീട്ടുണ്ടു്. എല്ലാ രസങ്ങളേയും അദ്ദേഹം അന്യൂനമായ വിധത്തിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, ശൃംഗാരത്തിലും ഹാസ്യത്തിലും ആണു് അതിശയിക്കുന്നതു്. അനവസരത്തിൽപോലും ശൃംഗാരത്തേയും ഹാസ്യത്തേയും കവി പ്രയോഗിച്ചുകാണുന്നു. ഒന്നു രണ്ടു ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

“വൻകുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ
തൻകുലം കാക്കുന്ന തമ്പുരാനെ
നിൻകനിവേകി നിന്നെങ്കൽ നീയെന്നുമേ
സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ”
“കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ച നീ?
വെണ്ണയെന്നോർത്തു നീ കുന്നിനെത്തന്നെയു-
മുണ്ണുവാൻ വായിലങ്ങാക്കൊല്ലാ തേ”

ഈ മാതിരി സന്ദർഭങ്ങളിൽ മറ്റു കവികൾ ഹാസ്യത്തിനിടം കൊടുക്കുമോ എന്നു സന്നിഗ്ദ്ധമാണു്.

നമ്പൂരിഫലിതമെന്നു പ്രസിദ്ധമാണല്ലോ. നമ്മുടെ കവിയും ഈ വിഷയത്തിൽ അദ്വിതീയനായിരുന്നു. ശ്രീകൃഷ്ണൻ സത്രാജിത്തിന്റെ രത്നം അപഹരിച്ചു എന്ന കേൾവി പരന്നപ്പോൾ, ആളുകൾ ഓരോന്നു പറഞ്ഞുതുടങ്ങി. അതുകൊണ്ടും തൃപ്തിപ്പെടാതെ, ശ്രീകൃഷ്ണൻ എഴുന്നുള്ളുന്ന അവസരത്തിൽ, അവർ ആ ഘോഷയാത്ര നോക്കിക്കൊണ്ടിരുന്ന കുട്ടികളോടു് ‘ചാരത്തു ചെല്ലൊല്ലാ’ എന്നു് ഉപദേശിച്ചതനുസരിച്ചു് ആ ബാലന്മാർ ഓടിത്തുടങ്ങിയത്രേ.

രുഗ്മിണിയുടെ രൂപലാവണ്യം കണ്ടു് മയ്ക്കണ്ണിമാരെല്ലാരും ‘ആണുങ്ങളായാവൂ നാം’ എന്നു് ആശിച്ചുപോലും. ശ്രീകൃഷ്ണനിൽ ലീനമായിരുന്ന അവളുടെ ചിത്തത്തെ അവിടെനിന്നു വിനിർത്തിപ്പിച്ചു് ചൈദ്യനിലാക്കാനായി രുക്മിയാൽ നിയുക്തരായ നാരിമാർ,

“ചൈദ്യനിലങ്ങവൾ മാനസം പൂകിപ്പാൻ
വൈദ്യം തുടങ്ങിനാർ വാക്കുകൊണ്ടേ
കീഴിപ്പെട്ടു ചാടുന്ന വൻനദീവെള്ളത്തേ
മേല്പോട്ടു പോക്കുവാനെന്നപോലെ”

കാർവർണ്ണനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു് രുഗ്മിണിയുടെ ദേഹം നന്നേ ക്ഷീണിച്ചുവശായി. തോഴിമാർ ഖിന്നത പൂണ്ടു് അവളുടെ ഹൃദയം ഏതു ധന്യനിലാണു പതിഞ്ഞിരിക്കുന്നതെന്നു ചോദിച്ചപ്പോൾ, അവൾ,

“ഈശ്വരന്തന്നെയൊഴിഞ്ഞു മന്മാനസ-
മാശ്രയിച്ചില്ല മറ്റാരെയുംതാൻ
രാപ്പകലുള്ളോരു പാഴ്പനികൊണ്ടു ഞാൻ
വായ്പുകുറഞ്ഞു മെലിഞ്ഞതിപ്പോൾ”

എന്നു പറഞ്ഞു് ഒഴിവിൽ നോക്കി. അതേ സമയത്തു് പഞ്ജരസ്ഥമായ കിളി,

“ദൈവമേ നിങ്കഴൽ കൈതൊഴുതീടുന്നേൻ
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും
ദേവകീനന്ദനന്തന്നുടെ മെയ്യോടു
കേവലം ചേർക്കേണമെന്നെ നീയും”

എന്നു പാട്ടുതുടങ്ങി. അതുകേട്ടു്, തോഴിമാർ

“കേളാതതെല്ലാമെ ചൊല്ലിത്തുടങ്ങീതേ
മേളത്തി നമ്മുടെ ശാരികതാൻ
ശാരികപ്പൈതല്ക്കു കാർവർണ്ണൻതന്നിലേ
മാരമാലുണ്ടായീതെന്നേ വേണ്ടു.”

എന്നിങ്ങനെ ഉപഹസിച്ചപ്പോൾ,രുഗ്മിണി ആ ശാരികയെ കോപത്തോടുകൂടി ഒന്നു നോക്കിയത്രേ. അതു് വീണ്ടും ഇങ്ങനെ പാടിത്തുടങ്ങി:–

“കാണുന്നോർ കണ്ണിനു പീയൂഷമായോരു
കാർവർണ്ണൻതന്നുടെ മേനി തന്നെ
കൺകൊണ്ടു കണ്ടു ഞാനെന്നപോലെന്നുടേ
സങ്കടം പോക്കുന്ന തമ്പുരാനെ”

തോഴിമാർ, ഇതുകേട്ടു് ശാരികയെ ശാസിക്കുന്ന മട്ടിൽ രുഗ്മിണിയെ ഇങ്ങനെ ഉപഹസിച്ചു:–

“പാഴമപൂണ്ടൊരു ശാരികപ്പൈതലേ
പാരാതെ പോകണം ദൂരത്തിപ്പോൾ
എങ്ങാനും പോകുന്ന കാർവർണ്ണൻതന്നെക്കൊ-
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാത്തതിങ്ങനെ ചൊല്ലിത്തുടങ്ങിയാ-
ലുള്ളതെന്നങ്ങനെ തോന്നുമല്ലോ’

കാർവർണ്ണശബ്ദം കേട്ട മാത്രയിൽ രുഗ്മിണിയുടെ ഭാവം ഒന്നു മാറി; അവളുടെ ശരീരം കണ്ടകിതമായി. തോഴിമാരുണ്ടോ വെരുതേ വിടുന്നു?

“പാഴ്പനി കൊണ്ടല്ലീ കോൾമയിർക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോൾ?
രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതൊ
ശാരികപ്പൈതലോടെന്നപോലെ’

ഇവിടെയൊക്കെ ഊറിവരുന്ന പരിഹാസരസം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.

കുചേലൻ ദ്വാരകാമന്ദിരത്തിന്റെ വാതുക്കൽ എത്തിയപ്പോൾ, തത്രസ്ഥന്മാർ ‘പണ്ടെങ്ങും കാണാതെയുള്ളോനെ’ കണ്ടിട്ടു്, അദ്ദേഹത്തിന്റെ സമീപത്തുകൂടി ഓരോന്നു പറഞ്ഞുപോലും.

“അസ്ഥികൾകൊണ്ടു ചമച്ചതിന്മൂലമെ-
ന്തബ്ജജൻ പണ്ടിവൻ രസത്തിനെക്കാട്ടുവാ-
നാബദ്ധലീലനായല്ലയല്ലീ?
പേശലമായൊരു കാശത്തോടേശീട്ടു്
പേശുവാൻ പോരുമീക്കേശമിപ്പോൾ.
പാങ്കുഴിയെന്നോർത്തോ നേത്രങ്ങൾ നിർമ്മിച്ചു
യോഗ്യതപോരുമതിന്നു പാർത്താൽ.
പാതാളലോകത്തിലൊന്നിങ്ങു പോന്നിവൻ
നാഭിതന്മീതേ പോയ്നിന്നിതോ ചൊൽ.
വിശ്വത്തിനായൊരു നൽത്തൂണു നിർമ്മിച്ചേ
വിശ്വസിച്ചീടാവു വീഴായിവ”

കാമത്തിനു കണ്ണില്ലെന്നു ഒരു പഴഞ്ചൊല്ലുണ്ടല്ലോ. കാമുകന്മാർക്കു തങ്ങളുടെ പ്രേമത്തിനു വിഷയമായിരിക്കുന്ന നായികമാരിൽ യാതൊരു ന്യൂനതയും കാൺമാൻ സാധിക്കയില്ല; നേരേമറിച്ചു് കാമ്യങ്ങളായ സർവവും അവരിൽ ഉണ്ടെന്നേ തോന്നൂ. നമ്മുടെ കവി, രുഗ്മിണീപാണിഗ്രഹണേച്ഛയോടു കൂടി വന്ന രാജാക്കന്മാരുടെ ഈ മനോഭാവത്തെ എങ്ങനെ ഹസിച്ചിരിക്കുന്നു എന്നു നോക്കുക.

“രാശികൾകൊണ്ടു തിരിഞ്ഞു ചമച്ചോന്നി-
പ്പേശലമേനി താനെന്നു തോന്നും.
ചാപമായുള്ളതിച്ചില്ലികൾ രണ്ടുമോ
ലോചനമായതോ മീനമല്ലോ
കൊങ്കകൾ രണ്ടുമേ കുംഭമെന്നിങ്ങനെ
ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലോ.
മന്നവന്തന്നുടെ ബാലികയാമിവൾ
കന്നിയായല്ലോ താൻ പണ്ടേയുള്ളു.
സമ്മോദം പൂണ്ടു മിഥുനത്വം തന്നെയും
ചെമ്മു കലർന്നു ലഭിക്കുമിപ്പോൾ.”

ഇങ്ങനെ അവർ രുഗ്മിണിയുടെ ശരീരത്തെ ദ്വാദശരാശിമയമായി കണ്ടുവത്രേ. എന്നാൽ അത്രമാത്രംകൊണ്ടു് അവസാനിച്ചോ? പാവനങ്ങളായ സകല ദേശങ്ങളും തീർത്ഥങ്ങളും അവളുടെ ദേഹത്തിൽ സ്ഥിതിചെയ്യുന്നതായിട്ടാണു് അവർക്കു തോന്നിയതു്.

“ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലോ
രോമാളിയായൊരു കാളിന്ദിയും
മാലോകരുള്ളത്തിലാനന്ദംനൽകുന്ന
ബാലപ്പോർകൊങ്ക നൽകുംഭകോണം
കാഞ്ചനം വെല്ലുമാക്കാമിനിമേനിയിൽ
കാഞ്ചിയും കണ്ടാലും കാന്തിയോടെ”

രസചക്രവർത്തിയായ ശൃംഗാരത്തിന്റെ വിവിധഭാവങ്ങളെ ഇത്ര സരസമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു കവി മലയാളനാട്ടിൽ ഇതേവരെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.

“കാലമോ പോകുന്നു യൗവനമങ്ങനെ
മാളെയുമില്ലെന്നതോർക്കേണമേ
മറ്റുള്ളതെല്ലാമെ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേർന്നു കളിയ്ക്കണം നാം”

എന്നു പറഞ്ഞുംകൊണ്ടു് ഗോപികമാരെല്ലാം ചേർന്നു് ശ്രീകൃഷ്ണനുമായി കളിയാടിക്കൊണ്ടിരിക്കെ,

“വൃന്ദാവനംതന്റെ വെണ്മയെക്കാണ്മാനായ് മന്ദമായെങ്ങുംനടന്നാരപ്പോൾ
മുല്ലതുടങ്ങിനവല്ലരിജാലത്തെ മെല്ലവേചേർത്തുതന്മെയ്യിലെങ്ങും
ശാഖികളാകിനപാണികളെക്കൊണ്ടു ചാലേപ്പിടിച്ചുതഴുകുന്നേരം
മെയ്യിലെഴുന്നവിയർപ്പുകളെപ്പോലെ പയ്യവേ തേൻതുള്ളിതൂകിത്തൂകി,
ചാരുക്കളായങ്ങുചാലെനിരന്നുള്ള ദാരുക്കളോരോന്നോ കണ്ടുകണ്ടു്
പൂമണംതങ്ങിന തെന്നൽക്കിടാവിനെത്തൂമകലർന്നുള്ളിൽ കൊണ്ടുകൊണ്ടു്,
കോകപ്പിടകളും കേകിനിരകളും കൂകുന്നതെങ്ങുമേ കേട്ടുകേട്ടു്,
വണ്ടീണ്ടതങ്ങളിൽകൂടിക്കലർന്നുടൻ മണ്ടുന്നതെങ്ങുമേ നോക്കിനോക്കി,
കൂകുന്ന കോകിലം തന്നോടു നേരിട്ടു ഗീതികൾ നീതിയിൽ പാടിപ്പാടി,
തേനുറ്റപൂവുകൾമെല്ലെപ്പറിച്ചുടൻ മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
നെഞ്ചിൽനിറഞ്ഞൊരുകൌതുകംതന്നാലെ പുഞ്ചിരിസന്തതം തൂകിത്തൂകി,
അന്നത്തിൻപേടയ്ക്കു മെല്ലെനടത്തംകൊണ്ടല്ലലേയുള്ളത്തിൽ നല്കിനല്കി,
മാരന്തൻവങ്കണമാറിൽതറച്ചങ്ങു പാരന്നൊന്തുള്ളത്തിൽ വീർത്തുവീർത്തു,
മത്തേഭസസ്തകമൊത്തമുലകനത്തത്തൽമുഴുത്തുള്ളിൽ ചീർത്തുവീർത്തു്,
മാധവൻതന്നുടെ മാറുതൻകൊങ്കയിൽമാനിച്ചുനിന്നുടൻ ചേർത്തുചീർത്തു്
കുന്തളംകൊണ്ടുതൽകൂട്ടരെനേർത്തിട്ടുമണ്ടിവരുന്നൊരു വണ്ടിനത്തെ
ലീലയ്ക്കുതങ്കൈയ്യാൽ ചേർത്തൊരു താമരപ്പൂവുകൊണ്ടങ്ങുടൻപോക്കിപ്പോക്കി,
ഹാരമായുള്ളൊരുനിർത്സരവാരിതൻ പൂരമിയന്നുള്ള കൊങ്കകളെ
കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു നിന്നുടൻ നോക്കുന്നമാൻകുലംതാൻ
കൺമുനകൊണ്ടുതൻചങ്ങാതിയെന്നോർത്തു ചെമ്മെകളിച്ചുതുടങ്ങുംനേരം
ചേണറ്റപൈമ്പുല്ലുചാലപ്പറിച്ചുതൻ പാണിതലംകൊണ്ടു നല്കിനല്കി,
കാർമുകിൽവർണ്ണനോടൊത്തങ്ങുകൂടിനാർ കാർവേണിമാരെല്ലാം
മെല്ലെമെല്ലെ”

ഇത്തരം പത്തുവരികൾ തികച്ചു് എഴുതാൻ ശക്തിയുള്ള ഒരുവനു് മഹാകവിപട്ടത്തിനു വിശേഷിച്ചു വേറെ യോഗ്യതകളൊന്നും ആവശ്യമില്ല. ഭക്തശിരോമണിയും മഹാകവിയുമായിരുന്ന രാമപ്രസാദൻ വംഗഭാഷയിലും കൃഷ്ണമയജീവിതത്തിൽ രാധികാദേവിയെപ്പോലും അതിശയിച്ചിരുന്ന പരമസുകൃതിനിയായ മീരാബായി വ്രജഭാഷയിലും ഒട്ടു വളരെ ഗോപികാഗാനങ്ങൾ രചിച്ചിട്ടുണ്ടു്. ആനന്ദാശ്രുക്കൾ പൊഴിക്കാതേയും രോമാഞ്ചകഞ്ചുകം ധരിക്കാതേയും അവയിലൊന്നെങ്കിലും വായിക്കുന്നതിനു് ഹൃദയമുള്ളവർക്കാർക്കും സാധിക്കയില്ല. നമ്മുടെ ഭാഷയിൽ അവരോടു കിടയായി വല്ലതും ഒരു ഗാനമുണ്ടെങ്കിൽ കൃഷ്ണഗാഥയിലെ ഗോപികാദുഃഖകഥനമാണു്.

‘പെണ്ണുങ്ങളുള്ളിലേ മാനമടക്കാനാ’യി കണ്ണൻ, ‘നീളയായുള്ളൊരു നാരിയെ കൈക്കൊണ്ടു’ ആ കാടുതോറും നീളെ നടക്കുന്നു. ‘കൊണ്ടൽനേർവർണ്ണൻ മറഞ്ഞതു കണ്ടപ്പോൾ വല്ലവിമാരെല്ലാം ഒട്ടുനേരം; തങ്ങളിൽ നോക്കീട്ടു വല്ലാതെ’ നിന്നു പോകുന്നു.

“കണ്ണനായുള്ളൊരുനൽവിളക്കങ്ങനെ തിണ്ണംമറഞ്ഞങ്ങുപോയനേരം
ദുഃഖമായുള്ളൊരിരുട്ടുവന്നുള്ളത്തിൽ ഒക്കവെയങ്ങുപരന്നുതായി
പ്രേമമീയന്നൊരു കോപവുമുള്ളിലക്കാമിനിമാർക്കു നുറുങ്ങുണ്ടായി”

എന്നാൽ ‘ചാരത്തുനിന്നൊരു കാർമുകിൽവർണ്ണനെ വാർത്തുമെങ്ങുമേ’ കാണാതായപ്പോൾ, അവരുടെ ധീരതയൊക്കെ നശിക്കുന്നു. അവർ കണ്ണുനീർ വാർത്തുകൊണ്ടു് കാടുതോറും അദ്ദേഹത്തിനെ തേടി നടക്കുന്നു. മാർഗ്ഗമദ്ധ്യേ കാണുന്ന വൃക്ഷങ്ങളോടും, വല്ലികളോടും, പൂക്കളോടും, ഭൃംഗങ്ങളോടും, പക്ഷികളോടും ഒക്കെ കണ്ണനെപ്പറ്റി ചോദിക്കുന്നു.

“കൈതേ! ഞാൻനിന്നോടുതെല്ലൊന്നുചോദിച്ചാൽകൈതവംകൈവിട്ടു
ചൊല്ലേണം നീ
എങ്ങളുവന്നുള്ളൊരോമനക്കാന്തനെ ഇങ്ങുവരുന്നതു കണ്ടില്ലല്ലീ?
കാർമുകിൽപോലെയുവന്ന നിറംതാവും കാർകുഴലൊട്ടുണ്ടുകെട്ടിച്ചെമ്മേ
കയ്യിൽകുഴലുണ്ടു് കാലിൽചിലമ്പുണ്ടു് മെയ്യിലമ്മാൺപുറ്റപൂൺപുമുണ്ടേ
മഞ്ഞൾനിറം തോഞ്ഞ കൂറയുടുത്തുണ്ടു് മഞ്ജുളമായ മൊഴിയുമുണ്ടേ
നെറ്റിമേൽതാണകുറുനിരയുമുണ്ടു് നേരില്ലയാതൊരു കാന്തിയുണ്ടേ
കുംകുമംകൊണ്ടു തൊടുകുറിയിട്ടുണ്ടു് കങ്കണമുണ്ടു കരങ്ങളിലും
പെണ്ണുങ്ങൾനെഞ്ചകംതന്നെപ്പിളർക്കുന്ന പുഞ്ചിരിയുണ്ടുടൻ കൂടക്കൂടെ
ഉള്ളിലിണങ്ങിനേൻ എന്നങ്ങുനോക്കുന്ന കള്ളനെക്കണ്ടയ്യോമെല്ലെമെല്ലെ
കണ്ടതില്ലെങ്കിലും കണ്ടതില്ലെന്നതും മിണ്ടൊല്ല ഞങ്ങളോടിങ്ങനെ നീ
ഇണ്ടൽപൂണ്ടെങ്ങൾക്കു നെഞ്ചിൽവരുന്നല്ലൽ കണ്ടാൽനിനക്കു
പൊറുക്കരുതെ”
“കേകികളേ! നിങ്ങൾ ഞങ്ങളുവന്നൊരുകേശവൻതന്നെയിന്നുണ്ടോകണ്ടു?
പീലികൾ കോലുമായ് ചാലക്കളിച്ചവൻബാലകന്മാരുമായ് വന്നില്ലല്ലീ?
എങ്ങാനുമിങ്ങനെ കണ്ടാകിലിന്നിങ്ങൾഎങ്ങളോടമ്പൊടുചൊല്ലേണമേ
ഇണ്ടൽപൂണ്ടെങ്ങൾക്കു തെണ്ടിച്ചുകൊണ്ടെങ്ങും തെണ്ടിനടന്നതോ കണ്ടതല്ലോ
ഗോകുലനായകൻ പോകുന്നിതിന്നെങ്ങും കോകങ്ങളേ! നിങ്ങൾ കണ്ടില്ലല്ലീ?
ഖദിച്ചുപോയുടൻ നീളെ നടന്നെങ്ങും ചോദിച്ചിതെങ്ങുമേ കണ്ടതില്ല
കോഴപൂണ്ടിങ്ങനെ കേഴുന്നതെന്തിനു കേവലം കണ്ടില്ലയെന്നേ വേണ്ടൂ.”

ഇതിനിടെ ശ്രീകൃഷ്ണനുമായി രമിച്ചുകൊണ്ടിരുന്ന നീളയും,

“മറ്റുള്ളനാരിമാരെല്ലാരിലുംവച്ചു മുറ്റുമിവനെന്നേ വേണ്ടീതിപ്പോൾ
നാരിമാരായൊരു വാരിധിതോയത്തെ നേരെകടഞ്ഞു കടഞ്ഞുചെമ്മേ
നൂനമെടുത്തൊരു പീയൂഷമായിതേ ഞാനിന്നവനിപ്പോഴെന്നുവന്നു”

എന്നിങ്ങനെ ഗർവിതയായ് ചമയുന്നു.

“കല്ലിൽനടന്നിട്ടു കാലെല്ലാംനോകുന്നു മെല്ലെനീയെന്നെയെടുക്കവേണം
വേഗത്തിലിങ്ങനെ നീളനടപ്പതിനാകുന്നൂതില്ലെന്നു തേറിനാലും
കൈലാസവാസിയും കാമിനിതന്നെത്തൻമൗലിയിലല്ലയോ വച്ചുകൊൾവൂ?”

എന്നായി അവളുടെ നില,

“എങ്കഴുത്തിങ്ങനെ നില്ക്കുന്നുനിന്നുടെ
സങ്കടംപോക്കുവനല്ലയോ താൻ.”

എന്നു പറഞ്ഞിട്ടു് അദ്ദേഹം മെല്ലെക്കഴുത്തുയർത്തി നിലത്തു വണങ്ങിനില്ക്കവേ ‘നീള താൻ മുന്നേതിലേറ്റം ഞെളിഞ്ഞാളപ്പോൾ.’

എന്നാൽ,

“ചേലയുടുത്തതു ചാലച്ചുരുക്കീട്ടു കാലുംകവച്ചങ്ങു നിന്നു മെല്ലെ
മേളമായന്നു കഴുത്തിൽ കരേറുവാൻ തോളങ്ങുതപ്പീട്ടുകാണാഞ്ഞപ്പോൾ
തിണ്ണംമറിഞ്ഞങ്ങു നോക്കുന്നനേരത്തു കണ്ണനേയെങ്ങുമേ കണ്ടതില്ല”

അപ്പോൾ നീളയും മറ്റുള്ള ഗോപികമാരെപ്പോലെ വിലപിച്ചുതുടങ്ങി. അവളുടെ വിലാപം അവരും കേൾക്കുന്നു. അവരെല്ലാവരും കൂടി,

“നിർമ്മലേ മേന്മലുള്ളുർമ്മികളിൽപ്പാഞ്ഞു
നേർമ്മയിൽ വന്നൊരു തെന്നലേറ്റു”

തള്ളിയെഴുന്നൊരു ചൂടങ്ങു പോക്കാമെന്നു വിചാരിച്ചു് കാളിന്ദീതീരത്തിലേയ്ക്കു പോകുന്നു. നദീതീരത്തുള്ള പൂങ്കാവിൽ,

“മുല്ല തുടങ്ങിന വല്ലികളെക്കൊണ്ടു
നല്ലൊരു പന്തലായ് നിന്നുമീതെ
ഉല്ലസിച്ചുള്ളൊരു ഭൂതലം തന്നിലേ”

ചെന്നു് വട്ടത്തിലിരുന്നിട്ടു് വട്ടക്കണ്ണിട്ടു തുടങ്ങുന്നു.

“സ്വാമിയിമ്മാതിരിപോരുതുടങ്ങമ്പോൾ
നാമൊത്തുനില്ക്കണമെന്നപോലെ”

മന്ദസമീരണനാദിയായ് ചൊവ്വുള്ള വീരന്മാരെല്ലാം മാരദേവനോടൊന്നിച്ചു് അവിടെ എത്തുന്നു.

“നീടുറ്റചൂതങ്ങൾതോറുമിരുന്നുതൻ പേടകളോടു കലർന്നുചെമ്മേ
അഞ്ചിതമായൊരു പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങീതു കോകിലങ്ങൾ.
കൂകുന്നകേകികൾ കേകകളെക്കൊണ്ടു തൂകിത്തുടങ്ങീതക്കാവിലെങ്ങും.
പാരാവതങ്ങൾതൻ പേടകളോടൊത്തു നേരെ കളിച്ചുതുടങ്ങീതപ്പോൾ
വട്ടംതിരിഞ്ഞു തിരിഞ്ഞുമയങ്ങീടു പെട്ടെന്നുകാന്തതൻമുന്നിൽച്ചെന്നു
അഞ്ചിതമായൊരു ചഞ്ചുപുടംതന്നെയഞ്ചാതെമെല്ലവേ വായ്ക്കൊണ്ടുടൻ
ആനനംതാഴ്ത്തുമുയർത്തിയുമമ്പൊടു ദീനതകൈവിട്ടു കൂകിക്കൂകി,
ഏണങ്ങൾതങ്ങളിൽക്കൂടിക്കലർന്നുതൻപ്രാണങ്ങളാകിന കാന്തൻതന്നേ
കൊമ്പുകൊണ്ടമ്പിൽ കഴുത്തിലുരുമ്മീട്ടു ചുംബിച്ചുനിന്നുതുടങ്ങീതെങ്ങും.
വണ്ടിണ്ടതങ്ങളിൽ കൂടിക്കലർന്നുടൻ മണ്ടിനടന്നോരോ പൂവുതോറും
കാന്തനുംതാനുമായൊന്നൊത്തു നിന്നിട്ടു പൂന്തേൻനുകർന്നുതുടങ്ങീതെങ്ങും.
പക്ഷങ്ങളാലൊന്നു ചാലപ്പരത്തിത്തൻപക്ഷിയെ മെല്ലെത്തഴുകിനിന്നു.
നന്മധുവായ്ക്കൊണ്ടു മെല്ലവെ നിന്നവൻ നന്മുഖംതന്നിലേനൽകിനൽകി.
കാന്തൻകൊടുത്തതു താനും നുകർന്നിട്ടു കാന്തികലർന്നുകളിച്ചുപിന്നെ
മത്തങ്ങളായ്നിന്നു പാട്ടുതുടങ്ങീതെ ചിത്തമഴിഞ്ഞു കഴഞ്ഞുചെമ്മേ
കേതകിതന്നുടെ പൂമ്പൊടികൊണ്ടെങ്ങും മീതേവിതാനംചമച്ചുനിന്നു
നൂതനമായോരു വാരുവും വന്നപ്പോൾ വീതുതുടങ്ങീതെ മെല്ലെമെല്ലെ.
ഉൽക്കണ്ഠയാകിനോരിന്ധനംകൊണ്ടെങ്ങുംഒക്കെപൊതിഞ്ഞുപുകഞ്ഞുചെമ്മേ
ഉള്ളിലിരുന്നൊരു മന്മഥപാവകൻ തള്ളിയെഴുന്നുതുടങ്ങീതപ്പോൾ–”

ഗോപിമാർക്കു ശ്രീകൃഷ്ണവിഷയകമായുണ്ടായിരുന്ന രതി, ഈ മാതിരി പരിതസ്ഥിതികളാൽ ഉദ്ദീപിതമായി ഭവിക്കവേ,

“കാർവർണ്ണൻതന്നുടെ കാന്തികലർന്നൊരു കാർകുഴൽതോന്നുന്നൂതെന്നുള്ളിലെ
നാരികൾ മാനസമായി വിളങ്ങുന്നു വാരമംതന്നെത്തളപ്പതിനായ്
മംഗലവാസവനീലംകൊണ്ടുള്ളോരു ചങ്ങലതന്നെയായ് തോന്നുന്നുതേ
കാന്തയായുള്ളോരു കാളിന്ദിതന്നിലെ നീന്തുന്നവീചികൾ തോന്നുന്നുതേ.”

ഇങ്ങനെ ഓരോരുത്തർ അദ്ദേഹത്തിനെ സ്മരിക്കയും ഗുണപ്രശംസ ചെയ്കയും ചെയ്യുന്നു. കാമദേവൻ ഇതുതന്നെ നല്ല തരം എന്നു കരുതി നാലു ശരങ്ങൾ വമ്പുകലർന്നു വലിച്ചുവിടാൻ ഭാവിച്ചപ്പോൾ, മഹാപാപീ! കൊല്ലല്ലേ എന്നു് ആ താർത്തേന്മൊഴികൾ വിലപിക്കുന്നു. ഹൃദയത്തിൽ കൂർത്തു മൂർത്ത ശരങ്ങൾ ഏറ്റു് അവർ മൂർച്ഛിക്കുന്നു. ഈ അവസരത്തിൽ കാനനദേവതകൾ ദീനത പൂണ്ടു് വെളിച്ചപ്പെട്ടു്,

“ഓടിയണഞ്ഞവർനീടുറ്റമെയ്തന്നിൽ കേടുറ്റകൈകളെക്കൊണ്ടുചെമ്മേ
ചാലത്തണുത്തപനിനീരിൽ തോച്ചനീരോലത്തലോടിനാർ മെല്ലെമെല്ലെ
ചെന്തളിർതന്നെപ്പറിച്ചങ്ങു കൊണ്ടന്നു ചന്തത്തിൽനീളെവിരിച്ചതിന്മേൽ
അല്ലൽപിണഞ്ഞുള്ളവല്ലവിമാരെയും മെല്ലെന്നെടുത്തുകിടത്തിനന്നായ്
മാലേയംനല്ല കർപ്പൂരംതന്നെയും പ്രാലേയത്തോയത്തിലാക്കിച്ചെമ്മേ
മാഴ്കിത്തളർന്നമുഖങ്ങളിലെങ്ങുമേ മാനിച്ചുനിന്നു തളിച്ചാർ പിന്നെ.
മുത്തുകൾകൊണ്ടന്നുപുത്തൻമുലകൾതൻമദ്ധ്യത്തിലാക്കിനാരല്ലൽപോവാൻ
പുത്തൻമൃണാളങ്ങൾകൊണ്ടന്നമ്മാറിലെപൂരിച്ചുനിന്നാരെമെല്ലെമെല്ലെ
താമരതന്നിലകൊണ്ടന്നു മെല്ലവേ തൂമകലർന്നങ്ങു വീതുവീതേ”

‘ആശ്വസിപ്പിൻ നിങ്ങൾ എന്നങ്ങു ചൊല്ലിനിന്നു’ ആശ്വസിപ്പിച്ചു തുടങ്ങുന്നു.

‘ചന്ദനച്ചാറെല്ലാം മേനിയിലേല്ക്കവെ ചിന്തുന്ന ചൂടുകൊണ്ടു പൊരിഞ്ഞു്’ ഗോപിമാർ ചോദിക്കുന്നു.

‘തീക്കനൽകൊണ്ടെങ്ങൾ മേനിയിലെന്തിനി-
ന്നൂക്കുന്നു നിങ്ങളെന്നമ്മമാരേ?’

കാനനദേവതമാർ അതു കേട്ടു് മനസ്സലിഞ്ഞു് സസ്മിതം ഇങ്ങനെ മറുപടി പറയുന്നു.

“മന്മഥന്തന്നുടെ ബാണങ്ങളേറ്റുണ്ടു് തണ്മകളഞ്ഞൊരുനിങ്ങൾമെയ്യിൽ
ഇന്നവ വെന്തങ്ങു നീറായിപ്പോകണം എന്നതുകൊണ്ടെങ്ങൾ തീച്ചൊരിഞ്ഞു”

ഉന്മാദം പൂണ്ടിരുന്ന ആ ഗോപികമാർ, മന്മഥനെന്ന പേരു കേട്ടപ്പോഴെ അയാളെ വിളിച്ചു്,

“നിന്നുടെ ബാണങ്ങൾ മുന്നമേയിങ്ങനെതന്നെയോയുള്ളു ചോൽതാർശരാ നീ?
എന്നിയേ ഞങ്ങളെക്കൊന്നുമുടിപ്പാനായിന്നിതുനിർമ്മിച്ചങ്ങുണ്ടാക്കയോ?
താരമ്പനെന്നതു ചൊല്ലുന്നൂതെല്ലാരും താരമ്പനല്ലൊട്ടും കൂരമ്പൻ നീ
വജ്രങ്ങളല്ലനിൻബാണങ്ങൾ പൂവെങ്കിൽ നിശ്ചയമുണ്ടെങ്ങൾക്കൊന്നു ചൊല്ലാം
മുല്ലകൾ മല്ലികയെന്നുതുടങ്ങിന വല്ലികളൊന്നെന്റെ പൂവുമല്ലേ.
ഘോരങ്ങളായുള്ള ദാരുക്കളുണ്ടല്ലോ നേരേവിഷംതന്നേ തൂകിത്തൂകി
നൂനമിവറ്റിന്റെ പൂവുകൾ നിൻബാണം പ്രാണങ്ങൾപോക്കുവാൻ മറ്റൊന്നില്ലേ
പെൺപടയായുള്ള ഞങ്ങളോടെന്തിനിന്നൻപുവെടിഞ്ഞു കയർക്കുന്നുനീ?
വില്ലാളിമാരാരും പെൺകൊല ചെയ്വീലെന്നുള്ളതു നിന്നുള്ളിലില്ലയോതാൻ?”

എന്നു വിലപിക്കുന്നു. മുമ്പു് അത്യന്തം ഹൃദ്യമായി തോന്നിയിരുന്നവയെല്ലാം, ഈ വിരഹാവസ്ഥയിൽ അവർ മർമ്മഭേദകങ്ങളായിക്കാണുന്നു. നോക്കുക!

“മാകന്ദംതന്നുടെ തേനുണ്ടു മെല്ലവേ മാഴ്കാതേ കൂകുന്ന കോകിലമേ
കണ്ണനും ഞങ്ങളും കൂടിക്കലർന്നു പണ്ടുള്ളമിണങ്ങിക്കളിക്കുന്നേരം
പഞ്ചമരാഗത്തെപ്പാടുന്നനീയെന്തു നഞ്ചുനിറയ്ക്കുന്നൂതെൻചെവിയിൽ?”

‘തിങ്കളേ നോക്കുവിൻ കൺകുളുർത്തീടുമേ കാണുംതോറും’ എന്നു കാനനദേവതമാർ പറഞ്ഞപ്പോൾ,

“നട്ടുച്ചനേരത്തുപെട്ടോരുവെയ്ലേറ്റു ചുട്ടുപൊരിഞ്ഞങ്ങിരിക്കുന്നേരം
ചൂടുതളർത്തുവാൻ തീക്കുഴിതന്നിലേ ചാടിനാൽ ചൂടുതളർത്താമോ താൻ”

എന്നിങ്ങനെ ഗോപിമാർ ചന്ദ്രനെ ഭത്സിക്കയാണു ചെയ്യുന്നതു്. എന്തിനേറെപ്പറയുന്നു? അവരുടെ മദം ശമിച്ചു. അഭിലാഷാദി ഒൻപതവസ്ഥകളും കഴിഞ്ഞു് മരണം എന്ന പത്താമത്തെ ദശയിൽ അവർ എത്തിയിരിക്കുന്നു.

“ഇങ്ങനെനിന്നുടെ ലീലകളോർക്കുമ്പോൾ എങ്ങനെഞങ്ങൾ
പൊറുപ്പതിപ്പോൾ?
മേളമായന്തിക്കു കോലക്കുഴലൂതി കാലികൾപിന്നാലേ നീ വരുമ്പോൾ
മുട്ടേവരുന്നതുപാർക്കരുതാഞ്ഞിട്ടങ്ങോട്ടേടംവന്നല്ലോ ഞങ്ങൾ കണ്ടു.
ഇങ്ങനെ നിന്മുഖംകാണാതെയിന്നിപ്പോൾ എങ്ങൾ പൊറുക്കുമെ-
ന്നോർക്കവേണ്ട
വല്ലികൾ നല്ലവയുണ്ടിങ്ങു ചൂഴവും നല്ലമരങ്ങളുമുണ്ടരികേ
അല്ലലെ പോക്കുവാനാരാഞ്ഞുപോകേണ്ടതില്ലെങ്ങൾക്കെന്നതും
തേറിനാലും
ആരെ നിനച്ചെങ്ങൾ ജീവിച്ചുകൊൾവതെന്നാരോമൽകാന്താ നീ
കൈവെടിഞ്ഞാൽ
അച്ഛനുമമ്മയും കൂടിപ്പിറന്നൊരുമിച്ഛയിൽ മേവീന കാന്തന്മാരും,
മെച്ചമേ ഞങ്ങളെക്കൈവെടിഞ്ഞു ഞങ്ങൾ ഇച്ഛയല്ലാതതുചെയ്കയാലെ
അച്ഛനായ് നിന്നതുമമ്മയായ് നിന്നതും നിശ്ചലനാകിനനീതാനത്രേ
നീയിന്നുഞങ്ങളെക്കൈവെടിഞ്ഞാകിലോ പോരെല്ലായെന്നുമിക്കാലമിപ്പോൾ”

ഇത്യാദി വിലാപം കേട്ടപ്പോൾ, കപടനാടകസൂത്രധാരനായ ശ്രീകൃഷ്ണൻ, അവരുടെ മുമ്പിൽ പെട്ടെന്നു് ആവിർഭവിച്ചു് രാസക്രീഡയ്ക്കു് ഒരുങ്ങുന്നു. യോഗികൾക്കും ഭോഗികൾക്കും ഒരുപോലെ പരമനിർവൃതിയരുളുന്ന രാസക്രീഡയുടെ വർണ്ണനം അത്യന്തം രമണീയമായിട്ടുണ്ടു്.

കാവ്യജീവിതം വ്യംഗ്യമാകുന്നു; പ്രധാന വ്യംഗ്യമോ രസസ്വരൂപവുമാണു്. നവരസങ്ങളിൽ വെച്ചു് ഏറ്റവും പ്രധാനം ശൃംഗാരമാണെന്നു് ഏവരും സമ്മതിക്കും. “ശൃംഗാരമേവ രസനാദ്രസമാമനാമഃ” എന്നത്രേ പ്രാചീനപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നതു്. മറ്റൊരു രസവും ശൃംഗാരംപോലെ പണ്ഡിതപാമരസാധാരണമായിരിക്കുന്നില്ല. അതുകൊണ്ടത്രേ പൗരാണികന്മാർ ജീവാത്മാ പരമാത്മാക്കളുടെ പരസ്പരബന്ധത്തേ സമുദാഹരിക്കുന്നതിനായി ഗോപികാകൃഷ്ണസംബന്ധത്തെ ഭാഗവതത്തിൽ ഈ വിധം ശൃംഗാരമായി നിബന്ധിച്ചിരിക്കുന്നതു്. ഗോപിമാർക്കു ശ്രീകൃഷ്ണനോടുള്ള ഭക്തിമധുരിമയേക്കാൾ മധുരമായിരിക്കുന്നതിനാൽ, അതിനെ മധുരഭക്തി എന്നു വ്യവഹരിച്ചുവരുന്നു. ശ്രീകൃഷ്ണന്റെ ‘പതിനാറായിരവുമൊരെട്ടും’ ഗോപിമാർ അനന്തകോടി ജീവാത്മാക്കളേയും, അദ്ദേഹത്തിന്റെ സർവലോകമനോഹരിയായ മുരളീഗാനം വിശ്വപ്രേമത്തേയും ഉപലക്ഷിക്കുന്നു. ശ്രീകൃഷ്ണശബ്ദം തന്നെ പരമാത്മവാചകമാകുന്നു. ഒരു ഹിന്ദുവിനു് [9] ശ്രീകൃഷ്ണൻ, [10] രാധ, [11] വൃന്ദാവനം, [12] മുരളീ, [13] വ്രജം ഇത്യാദി ശബ്ദങ്ങളെപ്പോലെ മധുരമായി മറ്റൊന്നും ഇല്ല. ഇവയിൽ ഓരോന്നും ലോകോത്തരമായ ഓരോ ആശയസാമ്രാജ്യത്തെ ഉദ്ഘാടനം ചെയ്തുകൊടുക്കുന്നു. രാധയും, വൃന്ദാവനവും, മുരളിയും, വ്രജവും അന്നത്തെപ്പോലെ ഇന്നും സർവോല്ക്കർഷേണ വർത്തിക്കുന്നു. ഈ കാവ്യത്തിൽ നാം എന്താണു കാണുന്നതു്? ഗോപികമാർ, തങ്ങളുടെ മാതാപിതാക്കന്മാരേയും, ഭർത്താക്കന്മാരേയും, പുത്രമിത്രാദികളെയും എന്നുവേണ്ട തങ്ങളുടേതെന്നു സാധാരണ ജനങ്ങൾ അഭിമാനിക്കാറുള്ള സർവത്തെയും ഉപേക്ഷിച്ചിട്ടു്, ശ്രീകൃഷ്ണന്റെ പ്രോമമാകുന്ന അത്ഭുതവശ്യമന്ത്രത്തിനു് അടിമപ്പെട്ടു്, അദ്ദേഹത്തിനെ പിന്തുടരുന്നു. ഈശ്വരന്റെ ദിവ്യപ്രേമസുധയെ ഒരു ചെറുതുള്ളിയെങ്കിലും ആസ്വദിക്കുന്നതിനു് സുകൃതപരിപാകംകൊണ്ടേ സാധിക്കൂ. ഗോപികമാരെപ്പോലെ ഈശ്വരപ്രേമസുധാലഹരി പിടിപെട്ടിരിക്കുന്ന ഭാഗ്യവാരാശികൾക്കുണ്ടോ താനെന്നും തന്റേതെന്നും ഉള്ള ഭേദബുദ്ധിയുണ്ടാകുന്നു? എന്നാൽ ഗോപിമാർക്കു് അല്പം അഹങ്കാരമുണ്ടായി. അതിന്റെ സ്ഫുരണം അവരുടെ ഹൃദയത്തിലുണ്ടായ മാത്രയിൽ ശ്രീകൃഷ്ണൻ മറഞ്ഞുകളഞ്ഞു. അഹംകാരം നിലനില്ക്കുന്നിടത്തോളം കാലം ഈശ്വരോപലബ്ധിയുണ്ടാകുന്നതല്ലെന്നുള്ള ഒരുത്തമപാഠം ഈ സംഭവത്തിൽനിന്നു് നാം പഠിക്കുന്നു. ഭഗവാനെപ്പിരിഞ്ഞു് ഒരു കാണിനേരം പോലും ഇരിക്കാൻ സാധിക്കാത്ത ഗോപിമാരുടെ ദുർമ്മദം ശമിക്കുന്നതിനു് അധികസമയം വേണ്ടിവന്നില്ല. അവർ അത്യന്തവിനീതഭാവത്തിൽ, വാ! വാ! എന്നു നിലവിളിച്ചുകൊണ്ടു് സർവത്ര നടക്കുന്നു; കണ്ണനെ കാണാത്തപക്ഷം ജീവത്യാഗം [14] ചെയ്യണമെന്നുപോലും അവർ തീർച്ചപ്പെടുത്തുന്നു. അപ്പോഴത്രേ,

“ഞാനങ്ങു ചെന്നു വെളിച്ചത്തു പൂകുന്ന” കാലം വന്നു എന്നു മനസ്സിലാക്കീട്ടു്, ഭഗവാൻ അവർക്കു പ്രത്യക്ഷപ്പെടുന്നതു്. എത്ര ഗോപികമാരുണ്ടായിരുന്നോ അത്രയും കൃഷ്ണന്മാരുമുണ്ടായി. ഇന്നും ഓരോ ഭക്തന്റേയും ഹൃദയത്തിൽ ഭഗവാൻ വേണുഗാനമാകുന്ന പ്രേമത്തിന്റെ വശ്യമന്ത്രം പ്രയോഗിച്ചുകൊണ്ടു് രമിക്കതന്നേ ചെയ്യുന്നു. രാസക്രീഡയുടെ രഹസ്യം ഗ്രഹിക്കാൻ ശക്തിയില്ലാത്ത ഉപരിപ്ലവബുദ്ധികളാണു് അതിനെ അധിക്ഷേപിക്കുന്നതു്. ഇതുപോലെ തന്നെ ഗോപികാവസ്ത്രഹരണകഥയും വിലയേറിയ ഒരു വേദാന്തരഹസ്യത്തെ പ്രതിപാദിക്കുന്നു. തൽക്കഥാശ്രവണമാത്രത്താൽ, ശ്രീരാമകൃഷ്ണപരമഹംസൻ സമാധിയിൽ മുഴുകിപ്പോകാറുണ്ടായിരുന്നതു് അതുകൊണ്ടത്രേ. ഭക്തന്മാർക്കു് ഈശ്വരപ്രാപ്തിക്കു പ്രതിബന്ധകമായി വർത്തിക്കുന്നതു് അഭിമാനമാകുന്നു. ആ അഭിമാനം വേരോടെ അറ്റുപോയാലേ ഈശ്വരലാഭം ഉണ്ടാവുകയുള്ളു എന്നത്രേ ഈ കഥ നമ്മേ പഠിപ്പിക്കുന്നതു്. ഇങ്ങനെ നോക്കിയാൽ പ്രസ്തുത ഗ്രന്ഥത്തിലെ ഓരോ കഥയും അർത്ഥബഹുലമാണെന്നു് വായനക്കാർക്കു കാണാവുന്നതാണു്. തങ്ങളുടെ ബുദ്ധിക്കു വിഷയമാകാത്തതെല്ലാം അബദ്ധമാണെന്നു പറയുന്ന സ്വഭാവം ജ്ഞാനാഭിവൃദ്ധിക്കു ബാധകമാകുന്നു.

ചെറുശ്ശേരിനമ്പൂരി എഴുത്തച്ഛനെപ്പോലെ തന്നെ ഒരു പരമഭാഗവതനായിരുന്നു. നിമ്നലിഖിതങ്ങളായ ഏതാനും വരികൾ അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തിനും ഭാവനാശക്തിയ്ക്കും മൂർദ്ധാഭിഷിക്തോദാഹരണമായിരിക്കുന്നു.

“അത്രയുമല്ലയെന്നുൾത്താരിൽ ചേരുന്ന വൃത്രാരിലോകം ഞാൻ പൂകുന്നേരം
മാധവൻ തന്നുടെ ഗാഥയെ നിർമ്മിച്ച മാനുഷൻവന്നുതായെന്നുചൊല്ലീ,
മാനിച്ചുനിന്നുള്ള മാമുനിമാരെല്ലാം ഗാനത്തെച്ചെയ്തിട്ടും കേൾക്കാകണം.
സ്വർഗ്ഗത്തിൽനിന്നു സുഖിച്ചങ്ങു നീളെ ഞാൻ നിർഗ്ഗമിച്ചീടുവാൻ കാലമായാൽ
തേടിവന്നീടുന്ന കൈടഭവൈരിതൻ കേടറ്റ ദൂതന്മാർ പിന്നാലേപോയ്
മൂലോകനായകൻ മേവിനിന്നീടുന്ന പാലാഴിതന്നിൽ ഞാൻ ചെല്ലുംനേരം
ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെപ്പൂതന്മാരാക്കി ഞാൻ നീതിയാലെ
നിർഗ്ഗതി പൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമെ സൽഗതി നൽകിനാൻ ഗാഥകൊണ്ടേ
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ ചിത്തവും ചാലെക്കളിപ്പിച്ചുടൻ
മുക്തിയെത്തന്നെയും നൾകിനിന്നീടിനാൻ ഉത്തമഗാഥയെക്കൊണ്ടുതാനും
ചാരത്തുകൊള്ളണം പാരാതെയെന്നാലി ദ്വാരസ്ഥനാമവന്തന്നെയിപ്പോൾ
ദാസനായ്ക്കൊൾകയും വേണമെന്നിങ്ങനെ ദൂതരായുള്ളവർ ചൊന്നതെല്ലാം
അമ്പിനോടങ്ങനെ കേട്ടുകേട്ടേഷ ഞാൻ തമ്പുരാൻമുമ്പിലും ചെന്നു പിന്നെ
വേലപ്പെൺ തന്നുടെ ബാലപ്പോർ കൊങ്കതൻ മാലേയച്ചാറ്റും മാറുള്ളോനെ
പാലിച്ചുകൊള്ളേണം പാരാതെയെന്നെ നീ നീലക്കാർവർണ്ണരെ കൈതൊഴുന്നേൻ
എന്നതുചൊല്ലി വണങ്ങിനിന്നീടുന്നോരെന്നുടെ മേനിയിലെങ്ങുമപ്പോൾ
കാർവർണ്ണൻ തന്നുടെ കണ്ണിൽ നിറഞ്ഞോരു കാരുണ്യവാരിയെത്തൂകുകയാൽ
കോൾമയിർക്കോണ്ടൊരു മേനിയുമായി ഞാനാമോദം മേളിച്ചു മേവുംനേരം
ദാസനെന്നുള്ളതോവന്നുതായല്ലോനിൻഗാഥയെ നിർമ്മിക്കകൊണ്ടുതന്നെ
ഏതൊരു വേലയിലാക്കിനിന്നീടുന്നു നീതിയിലിന്നവൻതന്നെയിപ്പോൾ?
ദൂതന്മാരിങ്ങനെ ചോദിച്ചനേരത്തപ്പാതകവൈരിയായുള്ളവൻതാൻ
മെല്ലവെയെന്മുഖം നോക്കിനിന്നന്നേരം ചില്ലിതൻതല്ലാലെ കൊല്ലുകയാൽ
പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം തോഞ്ഞുനിന്നീടുന്ന മോദത്താലെ
പാതകം വേരറ്റ പാണിയെക്കൊണ്ടവൻ പാദങ്ങൾമെല്ലെന്നെടുത്തുപിന്നെ
നോറ്റുനിന്നീടുമെന്മാറത്തു ചേർത്തുനിന്നേറ്റം തെളിഞ്ഞു പുണർന്നുമേന്മേൽ
വാരിജസംഭവൻ വാമനൻപാദത്തെ വാരിയെക്കൊണ്ടു പണ്ടെന്നപോലെ.
ആനന്ദലോചനവാരിതൻപൂരംകൊണ്ടാദരവോടു കളിപ്പിച്ചപ്പോൾ
ദുസ്സംഗംവേറിട്ടു സൽസംഗിയാകുമെന്നുത്സംഗം തന്നിലേ ചേർത്തു പിന്നെ
എമ്മനംതന്നിൽ പണ്ടുന്മാഷിച്ചുള്ളവ ഉണ്ടായൊയെന്നതു നിർണ്ണയിപ്പാൻ
ഗാഥയിൽചൊന്നുള്ള രേഖകളോരോന്നേ ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെ മെല്ലെന്നു തലോടിനിന്നന്നേരം പല്ലവം വെല്ലുമപ്പാദങ്ങളെ
പാണികൾക്കീടുന്നോരാനന്ദം പൂരിച്ചു വാണിടവേണമേ ദൈവമേ ഞാൻ.”

ശബ്ദങ്ങളെക്കൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ചെറുശ്ശേരിനമ്പൂരിക്കുള്ള ചാതുരി ഒന്നു പ്രത്യേകമാണു്. കംസൻ ദേവകിയെ വെട്ടുന്നതിനായി ഖഡ്ഗം ഓങ്ങുന്നു. ആ അവസരത്തിൽ അവിടെ നിന്നിരുന്ന ആളുകളുടെ അവസ്ഥയെ കവി വർണ്ണിക്കുന്നതെങ്ങനെയെന്നു നോക്കുക.

“കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ,
തിണ്ണമങ്ങോടിനാർ ഖിന്നരായി
കൈതിരുമ്മീടിനാർ, കൺചുവത്തീടിനാർ,
കൈചലിച്ചീടിനാർ മെയ്യിലെങ്ങും”

ഇങ്ങനെ മൂന്നു നാലു ചൂർണ്ണികകൾകൊണ്ടു് കവി അവരുടെ മനോഭാവങ്ങളെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു. പാദമദ്ധ്യത്തിലുള്ള നിർത്തുകൾ അവരുടെ ഹൃദയസ്തോഭനങ്ങളെ പരിപൂർണ്ണമായി അഭിവ്യഞ്ജിപ്പിക്കുന്നതിനു പര്യാപ്തമായിരിക്കുന്നു. ദേവകിയുടെ അപ്പോഴത്തെ അവസ്ഥ വർണ്ണിച്ചിരിക്കുന്നതും അത്യന്തം ഹൃദയസ്പർശകമായിട്ടുണ്ടു്.

“കേസരിവീരന്തന്നാനന്ദംതന്നിലായ് കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാൻ ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളൊരു കംസനെ നോക്കീട്ടു് കോഴപൂണ്ടേറ്റവും കേഴുംപിന്നെ
അച്ഛനേത്തന്നെയും മെച്ചമേനോക്കിനിന്നുച്ചത്തിൽ നീളേവിളിച്ചുകേഴും
നിമ്മായപ്രേമംപൂണ്ടമ്മാവൻതന്നെയും അമ്മയെത്തന്നെയുമവ്വണ്ണമേ
ആങ്ങളെത്തന്നെവിളിച്ചുനിന്നീടുവാൻ ഓങ്ങിനിന്നങ്ങു നടുങ്ങുംപിന്നെ
ആനകടുന്ദുഭിതന്നുടെയാനനം ദീനയായ് മെല്ലവേ നോക്കിവീണ്ടും”

ജാംബവാനും ശ്രീകൃഷ്ണനും തമ്മിലുണ്ടായ ദ്വന്ദ്വയുദ്ധത്തിന്റെ വർണ്ണന വാങ്മയചിത്രത്തിനു് ഒരു നല്ലദൃഷ്ടാന്തമാകുന്നു.

“രുഷ്ടനായ്നിന്നങ്ങു യുദ്ധം തുടങ്ങിനാർ
മുഷ്ടികൾകൊണ്ടുമങ്ങായവണ്ണം.”

ഇവിടെ ‘ഷ്ട’ എന്ന പരുഷാക്ഷരത്തിന്റെ ആവർത്തനം ഇടിയുടെ ഈക്കിനെ നല്ലപോലെ ഉൽബോധിപ്പിക്കുന്നു. എന്നാൽ ജാംബവാന്റെ ആ പ്രഹരങ്ങൾ കൃഷ്ണന്റെ ദേഹത്തിൽ യാതൊരു വേദനയും ഉണ്ടാക്കിയില്ലെന്നു കാണിക്കാനായി കവി അടുത്ത രണ്ടു വരികളിൽ,

“ഇന്ദിരതന്നുടെ ചെമ്പൊൽകരംകൊണ്ടു
മന്ദം തലോടുന്നാളെന്നു തോന്നി”

എന്നിങ്ങനെ മധുരാക്ഷരങ്ങളെക്കൊണ്ടു പെരുമാറിയിരിക്കുന്നു.

വർണ്ണനകളെ സംബന്ധിച്ചിടത്തോളം കവികളും ചിത്രകാരന്മാരെപ്പോലെ തന്നെയാണു്. ചിത്രകാരൻ ചിത്രമെഴുതിത്തീർത്തശേഷം ഒരു മിനുക്കുപണി ചെയ്യാറുണ്ടു്. കവിയും ആ പ്രയോഗത്തിലാണു് വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.

ഓമനയായിവളർന്നുനിന്നീടുന്ന രാമനും പിന്നെയക്കാർവർണ്ണനും
പല്ലവംപൂണ്ടൊരു മുല്ലയാംവല്ലിമേലുല്ലാസമൊട്ടുകളെന്നപോലെ
നന്മുലനൽകുവാനമ്മമാർചെന്നങ്ങു സമ്മോദംപൂണ്ടു വിളിക്കയാലേ
ചെഞ്ചമ്മേയുള്ളോരു പുഞ്ചിരിതൂകുമ്പോൾ കിഞ്ചനകാണായി വന്നുകൂടി
പാലുണ്ണുന്നേരമപ്പോർമുലരണ്ടിനും ചാലത്തെളിഞ്ഞങ്ങു കാണായ്വന്നു.”

ഈ ഭാഗത്തു് കവി സർവശിശുസാധാരണമായ ഒരു ദശ മാത്രമേ വർണ്ണിച്ചിട്ടുള്ളു. പല്ലുകൾ മുളയ്ക്കുന്നകാലത്തു ശിശുക്കൾക്കുള്ള വശീകരണശക്തി അനുഭവൈകവേദ്യമാണു്. എന്നാൽ രാമകൃഷ്ണന്മാരുടെ ലോകോത്തരഗുണോത്തരമായ സൗഭാഗ്യാതിശയത്തെ വിശദീകരിക്കുന്നതിനായി കവി ഒരു പൊടിക്കൈകൂടി പ്രയോഗിക്കുന്നു. നോക്കുക:–

“ദന്തങ്ങൾതന്നുടെയങ്കരംകണ്ടിട്ടു് സന്തോഷംപൂണ്ടുള്ള വല്ലവിമാർ,
വേഗത്തിൽ ചുംബിച്ച നേരത്തു തന്മുഖം വേർപെടുത്തീടുവാൻ വല്ലീലാരും
വന്നുവന്നങ്ങുകണ്ടുനിന്നീടുവോർ കണ്ണിണതന്നെയുമവ്വണ്ണമേ!”

അക്രൂരൻ കംസാജ്ഞ കൈക്കൊണ്ടു് ഭഗവാനേ കാണുന്നതിനായി പോയ അവസരത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അങ്കുരിച്ച വിചാരങ്ങളെ വർണ്ണിക്കുന്നിടത്തും ഇതുപോലൊരു പൊടിക്കൈപ്രയോഗം കാണുന്നു.

“കണ്ണനെകാണ്മതിന്നായല്ലോപോകുന്നു പുണ്യവാനെന്നതു നിർണ്ണയം ഞാൻ
ആയർകോൺതന്നുടെ കാന്തിയായുള്ളൊരു പീയുഷവാരിതൻപൂരംതന്നെ
കോരിനിറച്ചുകൊണ്ടെന്നുടെകണ്ണിണ പാരം കുളുർപ്പിച്ചു നില്പതോഞാൻ
കാർവർണ്ണൻതന്നുടെ കൺമുനയായോരു കാർവണ്ടുവന്നിങ്ങു മെല്ലെമെല്ലെ
ദീനയായ്നിന്നൊരു ഞാനായപൂവിൽനിന്നാനന്ദമാടിക്കളിക്കുമോതാൻ?
കണ്ണന്റെതൂമൊഴിയായൊരുതേൻകൊണ്ടെൻ കർണ്ണങ്ങൾ രണ്ടും നിറച്ചുചെമ്മേ
പൂമാതുപൂണുന്നപൂമേനികണ്ടുകണ്ടാമോദംപൂണ്ടങ്ങു നില്പനോ ഞാൻ?
പുഞ്ചിരിയായൊരു തൂനിലാവേറ്റുനിന്നെഞ്ചിത്തമായുള്ളോരാമ്പൽ ചെമ്മേ
ഉല്ലസിച്ചാനന്ദമായോരുതേനും പൂണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നൂ?
വെണ്ണപിരണ്ടിട്ടു തിണ്ണംകളുർത്തുള്ളൊരുണ്ണിക്കൈയ്യൊന്നു മുകർന്നൂതാവൂ.
കണ്ടോരുനേരത്തു കാർമുകിൽവർണ്ണനേ മണ്ടിയണഞ്ഞൊന്നുപൂണ്ടുതാവൂ
ചേവടി രണ്ടുമെടുത്തുടൻ മെല്ലവേ ചെവ്വോടുമൊലിയിൽ ചേർത്തുതാവൂ”

ഇങ്ങനെ ഓരോന്നു ചിന്തിച്ചു ചിന്തിച്ചു സമയം പോയതറിയാതെ അയാൾ സായാഹ്നത്തിൽ ആയർകുലത്തിൽ എത്തി. അവിടെ ശ്രീകൃഷ്ണന്റെ ‘ചേവടിത്താരിണ’ മണ്ണിൽ പതിഞ്ഞു കിടക്കുന്നതു കണ്ടു്, അയാൾ,

“തേരിൽനിന്നന്നേരം പാരിലിറങ്ങീട്ടു്
പാരാതെ കുമ്പിട്ടു കൂപ്പിനിന്നാൻ.
ആഴംപൂണ്ടീടുന്നോരാമോദംതന്നാലേ
പൂഴിയിൽ വീണു പുരണ്ടാൻ ചെമ്മേ.”

ഇതില്പരം വിശദമായി ഒരാളുടെ ഭക്തിയെ എങ്ങിനെയാണു വർണ്ണിക്കുക?

വേറൊരു സംഗതിയിലും കവിക്കു് ചിത്രകാരനോടു സാദൃശ്യമുണ്ടു്. ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങൾക്കു് ഉചിതമായ ഒരു പശ്ചാൽഭൂമിയെ സൃഷ്ടിക്കുക പതിവാണു്. ആ പശ്ചാൽഭൂമി ചിത്രത്തിനു് തന്മയത്വവും ശോഭാതിശയവും നൽകുന്നു. കവികളും ആ സമ്പ്രദായം സ്വീകരിച്ചിട്ടുണ്ടു്. പൂതന ശ്രീകൃഷ്ണനെ നിഗ്രഹിപ്പാനായി മോഹിനീവേഷം പൂണ്ടു് പോർകൊങ്കകളിൽ കാകോളവും തേച്ചുകൊണ്ടു വരുന്നു. അവൾ ബാലഗൃഹത്തിനുള്ളിൽ കടന്നു നോക്കിയപ്പോൾ,

“ചോൽപ്പെറ്റുനിന്നൊരു ശില്പം കലർന്നതിസ്വല്പമായുള്ളൊരു
തല്പത്തിന്മേൽ ചാലെ കിടന്നങ്ങു കൺപൊലിഞ്ഞീടുന്ന”

ഈ ബാലകനെ കാണുന്നു. പ്രകൃത്യാ അതിനിഷ്ഠുരയും ഏതു സാഹസപ്രവൃത്തിക്കും ഒരുക്കമുള്ളവളും ആയ അവൾ പോലും ആ ശിശുവിന്റെ ‘ഓമനത്തൂമുഖം തന്നിലെ നോക്കിക്കൊണ്ടു്’ തെല്ലുനേരം നിന്നുപോകുന്നു. പല്ലവം വെല്ലുന്ന ആ പൂവൽമേനിയെ തൊട്ട മാത്രയിൽ അവൾക്കു രോമാഞ്ചമുണ്ടാകുന്നു; ‘കമ്രമായുള്ളൊരു നൻമുഖം തന്നിൽ’ അവൾ അറിയാതെ ഒന്നു ചുംബനം ചെയ്തുപോകുന്നു. ഇങ്ങനെ ശ്രീകൃഷ്ണന്റെ സർവാംഗീണമായ മനോഹാരിതയെ ഒന്നു വർണ്ണിച്ചതിന്റെ ശേഷമേ കവി പൂതനയെക്കൊണ്ടു് അവൾ ഉദ്ദേശിച്ചു വന്ന ക്രൂരകർമ്മം ചെയ്യിക്കുന്നുള്ളു.

ശ്രീകൃഷ്ണാവതാരഘട്ടത്തെ കവി വർണ്ണിച്ചിരിക്കുന്നതു് എങ്ങിനെ എന്നു നോക്കുക.

“മംഗലജാലങ്ങൾതിങ്ങിനിന്നെങ്ങുമേ പൊങ്ങിയെഴുന്നുതുടങ്ങീതപ്പോൾ
ആരണകുണ്ഡത്തിലഗ്നികളെല്ലാമേ പാരമെഴുന്നു വലംചുഴന്നു്
സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേസജ്ജനമാനസമെന്നപോലെ
കാരങ്ങളായുള്ളഹാരങ്ങൾപൂണ്ടിട്ടുപാരംവിളങ്ങീവിയർത്തുമപ്പോൾ”
ഇത്യാദി.

അതിരറ്റ ശോകം, സന്തോഷം മുതലായ വികാരങ്ങൾ ഹൃദയത്തിൽ കടന്നുകൂടുമ്പോൾ പുറപ്പെടുന്ന വാക്കുകൾ ആഡംബരവിവർജ്ജിതങ്ങളായിരിക്കുകയാണല്ലോ പതിവു്. അതുകൊണ്ടു് അത്തരം ഘട്ടങ്ങളെ വർണ്ണിക്കുമ്പോൾ കവികൾ അതിരു കവിഞ്ഞു് അലങ്കാരങ്ങൾ ഉപയോഗിക്കാറില്ല. എന്നാൽ അലങ്കാരപ്രിയനായ ചെറുശ്ശേരി അങ്ങിനെയുള്ള ഘട്ടങ്ങളിലും രൂപകാദ്യർത്ഥാലങ്കാരങ്ങൾ പ്രയോഗിക്കാറുള്ളതുകൊണ്ടു് ചിലപ്പോൾ ഭാവങ്ങൾക്കു കൃത്രിമത്വം വന്നുപോയിട്ടുണ്ടു്. പക്ഷേ, ശ്രീകൃഷ്ണൻ സ്വമാതാവിനോടും മറ്റും യാത്ര പറഞ്ഞു വിദേശത്തേക്കു പോകാൻ ഭാവിക്കുന്ന ഘട്ടത്തിൽ പറയുന്ന വാക്കുകൾ ആപാദചൂഡം സ്വാഭാവികവും ഹൃദയസ്പർശകവും ആയിരിക്കുന്നു.

ഒരു സൂര്യോപരാഗകാലത്തു് ശ്രീകൃഷ്ണൻ ബലരാമനോടുകൂടി തീർത്ഥസ്നാനത്തിനായി ദ്വാരകാപുരിയിൽനിന്നു് ഭാർഗ്ഗവപുണ്യക്ഷേത്രത്തിൽ ചെന്നതായറിഞ്ഞു്, നന്ദാദികൾ അവിടെ എത്തുന്നു. യശോദാദേവി ശ്രീകൃഷ്ണനെ ‘ബാലനായുള്ള നാളെങ്ങനെയോ’ അതുപോലെ പുൽകിക്കൊണ്ടു പറഞ്ഞ വാക്കുകളുടെ ഹൃദയദ്രവീകരണശക്തി നോക്കുക.

“പാരിച്ചുനിന്നുള്ള പാഴായ്മചെയ്കയാൽ പാശത്തെക്കൊണ്ടുപിടിച്ചുകെട്ടി
തിണ്ണംവലിച്ചുമുറുക്കിഞാൻ നില്ക്കയാൽഉണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലീ”

എന്നു പറഞ്ഞുകൊണ്ടു് ആ സുകൃതിനി കാർവർണ്ണന്റെ പൂവൽമേനിയിയെ പല പ്രാവശ്യം തഴുകുകയും,

“എന്മടിതന്നിൽഞാൻനന്നായിവച്ചുകൊണ്ടെന്മകൻവാഴ്കെന്നു ചൊല്ലുന്നേരം
എൻമുഖംനോക്കീട്ടു പുഞ്ചിരിതൂകുന്ന നൻമുഖം കാണട്ടേ”

എന്നു ചൊല്ലി, ആ മുഖത്തെ പലേ തവണ മുകരുകയും,

“നന്മധുതൂകിവന്നെന്മടിതന്നിലായ്നന്മുലയുണ്ടുചിരിക്കുന്നേരം
തിണ്ണമെന്മാറിലലച്ചുനിന്നീടുന്നോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”

പല്ലവം വെല്ലുന്ന ആ പാണിയെ വീണ്ടും വീണ്ടും തടവുകയും,

“എന്നുടെചേലയിൽചേറുതേച്ചീടിനോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”

ആ പോൽപ്പാദങ്ങളെ മുകരുകയും ചെയ്യുന്നു. ഇതിൽപ്പരം മെച്ചമായി ഒരു മാതൃഹൃദയത്തെ എങ്ങനെ വർണ്ണിക്കും? ഇവിടെയെങ്ങും കവി അലങ്കാരങ്ങളെ വാരിച്ചൊരിയാതിരുന്നതു് വളരെ ഉചിതമായിട്ടുണ്ടു്.

ചെറുശ്ശേരി ഒരു അലങ്കാരപ്രിയനാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കൈയിൽ ഒരു വർണ്യവസ്തു കിട്ടിയാൽ അലങ്കാരപേടകം ഒഴിഞ്ഞിട്ടേ, വർണ്ണനത്തിൽ നിന്നു വിരമിക്കൂ. അതും കുറെ വൈമനസ്യത്തോടുകൂടിയാണെന്നു വായനക്കാർക്കു തോന്നിപ്പോകുന്നു. ഈ വർണ്ണനകളിലൊക്കെ അദ്ദേഹത്തിന്റെ തീക്ഷണമായ നിരീക്ഷണശക്തിയും, കല്പനാവൈചിത്ര്യവും, അഗാധമായ മനുഷ്യഹൃദയജ്ഞാനവും നല്ലപോലെ വെളിപ്പെടുന്നുണ്ടു്. വർണ്ണ്യവസ്തുവിന്റെ പൂർണ്ണമായ പ്രതീതിക്കു കൂടുതൽ ഉപകരിക്കുന്നതു് ഔപമ്യമൂലകങ്ങളായ അലങ്കാരങ്ങളാണു്. അതുകൊണ്ടു് ചെറുശ്ശേരി നമ്പൂരിയും സാമ്യാലങ്കാരങ്ങളെക്കൊണ്ടാണു് അധികമായി പെരുമാറീട്ടുള്ളതു്.

“ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻകോമരമെന്നപോലെ
ഭൂതലം തന്നിലേ മാലോകരെല്ലാരും
ചാലേവിറച്ചുതുടങ്ങീതപ്പോൾ
ദന്തങ്ങളേക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയേവന്ദിച്ചാരന്തണരും”

ഇതിൽ പ്രയോഗിച്ചിരിക്കുന്ന ഉപമകൾ ഹേമന്തകാലത്തിലെ ശൈത്യാധിക്യത്തെ പ്രകാശിപ്പിക്കുന്നതിനു് എത്ര സമർത്ഥമായിരിക്കുന്നുവെന്നു നോക്കുക.

കൃഷ്ണഗാഥയിൽനിന്നു് മിയ്ക്ക അലങ്കാരങ്ങൾക്കും നല്ല നല്ല ഉദാഹരണങ്ങൾ എടുക്കാൻ സാധിക്കുമെങ്കിലും സാമ്യമൂലകങ്ങളായ അലങ്കാരങ്ങളോടു്, പ്രത്യേകിച്ചു് ഉൽപ്രേക്ഷയോടു് കവിക്കുള്ള പക്ഷപാതം പ്രകടമായിരിക്കുന്നു. കാളിദാസന്റെ ഉപമകൾപോലെ ചെറുശ്ശേരിയുടെ ഉൽപ്രേക്ഷകൾക്കും ഒരു പ്രത്യേകതയുണ്ടു്. ഈ ഉൽപ്രക്ഷകളിലാണു് കവിയുടെ സർവതന്ത്രസ്വതന്ത്രമായ ഉല്ലേഖനചാതുരിയും കല്പനാവൈദഗ്ധ്യവും പ്രത്യക്ഷപ്പെടുന്നതു്.

വസ്തുബോധത്തിനു് ഉതകുന്ന ശബ്ദപ്രയോഗത്തിലും കൃഷ്ണഗാഥാകർത്താവു് ചതുരനായിരുന്നു.

“കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോ-
ളോമനിച്ചീടുവാൻ തോന്നുമത്രേ.”

ഇവിടെ ളകാരമകാരങ്ങളുടെ ആവർത്തനത്താൽ കവി കൃഷ്ണമുഖത്തിന്റെ കോമളിമയേ നല്ലപോലെ പ്രകാശിപ്പിച്ചിരിക്കുന്നു.

“ഇന്ദ്രനെക്കാണായി; ചന്ദ്രനെക്കാണായി
ഇന്ദ്രാണിതന്നെയും കാണായ്വന്നു.
രുദ്രനെക്കാണായി; ഭദ്രനെക്കാണായി
രുദ്രാണിതന്നെയും കാണായ്വന്നു.”

ഇവിടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന ഗാഥാവൃത്തത്തിന്റെ ഗതിയെ, പാദാർദ്ധദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചു് ഒന്നു ത്വരിപ്പിച്ചിരിക്കുന്നതിനാൽ യശോദയുടെ മനസ്സിൽ പെട്ടെന്നുദിച്ച സ്തോഭങ്ങൾ ഈ വരികളിൽനിന്നു നല്ലപോലെ സ്ഫുരിക്കുന്നു.

കവി, ശൃംഗാരപ്രിയനാകയാൽ പൊതുവെ മധുരവാക്കായിട്ടാണു് കാണപ്പെടുന്നതു്. ചിലപ്പോൾ അസ്ഥാനത്തിൽപോലും മാധുര്യവ്യഞ്ജകങ്ങളായ ശബ്ദങ്ങൾ പ്രയോഗിച്ചുപോയിട്ടുണ്ടു്.

“കൺചുവന്നീടുന്നോരഞ്ജനവർണ്ണന്താൻ
ചെഞ്ചമ്മേ മല്ലനെ കൈപിടിച്ചു
അഞ്ചാതവണ്ണമക്കഞ്ചനു കാണുമാ-
റഞ്ചാറു നൂറു ചുഴറ്റിപ്പിന്നെ”

ഇവിടെ പരുഷാക്ഷരങ്ങൾ പ്രയോഗിച്ചിരുന്നെങ്കിൽ വർണ്ണനയ്ക്കു കുറേക്കൂടി ജീവൻ വരുമായിരുന്നു.

കഥാനായകന്റെ സ്വഭാവരചനയിലും ഗ്രന്ഥകർത്താവു് വളരെ നിഷ്കർഷിച്ചിട്ടുള്ളതായി തോന്നുന്നു. ഭാഗവതത്തിലേ കൃഷ്ണനോടു് നമുക്കു് ഭക്തിയും ബഹുമാനവും തോന്നിയേക്കാം. എന്നാൽ ഗാഥയിലേ കൃഷ്ണൻ ഒരു മനുഷ്യൻ കൂടി ആയതിനാൽ, അദ്ദേഹം നമ്മുടെ സവിശേഷമായ സ്നേഹത്തിനു പാത്രീഭവിക്കുന്നു. കേവലം അമാനുഷമായ ഒരു പാത്രത്തോടു് മനുഷ്യർക്കു് അനുകമ്പയുണ്ടാവുന്നതു സാധാരണമല്ല. അതുകൊണ്ടത്രേ ആദർശപാത്രങ്ങളെ സൃഷ്ടിക്കുന്ന അവസരത്തിൽ, കവികൾ അവയ്ക്കു് അല്പാല്പം മനുഷ്യത്വം കൂടി നൽകാൻ ശ്രമിച്ചുകാണുന്നതു്. വാല്മീകിയുടെ രാമചന്ദ്രനും, സീതയും, ഹനൂമാനും ആദർശപാത്രങ്ങളാണെങ്കിലും, അവർക്കു മനുഷ്യത്വം നൽകാൻ കവി വിസ്മരിച്ചിട്ടില്ല. രാമചന്ദ്രൻ പ്രാകൃതമനുഷ്യനെപ്പോലെ വിലപിക്കുന്നതും, സീത, ഒരു വെറും സാമാന്യസ്ത്രീയെപ്പോലെ ലക്ഷ്മണനോടു പരുഷവാക്യങ്ങൾ പറയുന്നതും, ഹനൂമാൻ ഒരു രാക്ഷസിയെക്കണ്ട് സീതയാണെന്നു തെറ്റിദ്ധരിച്ചു് വാനരസഹജമായ ചാപല്യങ്ങൾ കാണിക്കുന്നതും മറ്റും അതിനു ദൃഷ്ടാന്തങ്ങളാകുന്നു. കൃഷ്ണഗാഥയിൽ നായകൻ ബന്ധുമിത്രാദികളേ വിട്ടു് ദൂരദേശത്തു പാർക്കവേ, അദ്ദേഹത്തിനെക്കൊണ്ടു് പിതാവിനോടു് കവി എന്തെല്ലാം പറയിച്ചിരിക്കുന്നുവെന്നു് നോക്കുക.

“അമ്മയെക്കാണ്മാനായ് ഞാനും വരുന്നതുണ്ടാണ്മയിൽച്ചൊന്നതുതേറിനാലും
അച്ഛനായുള്ളതും നീയൊഴിച്ചില്ലിനിക്കച്യുതൻതന്നുടെ പാദത്താണേ
പെറ്റുവളർത്തോരു തായായി നിന്നതും മുറ്റുമെനിക്കുമറ്റാരുമല്ലേ
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റിവളർത്തതും നിങ്ങളല്ലീ?
ഇങ്ങനെയുള്ള ഞാനെന്നേ മറക്കിലും നിങ്ങളെയെന്നും മറക്കയില്ല”

സ്വമാതാവിനു കൊടുപ്പാനായി ഏതാനും വസ്ത്രങ്ങൾ പിതാവിന്റെ കൈയിൽ കൊടുത്തിട്ടു് അദ്ദേഹം പിന്നെയും പറയുന്നു:–

“പാൽവെണ്ണയുണ്ണാഞ്ഞ വേദനയുണ്ടുള്ളിൽ പാരമെനിക്കെന്നു ചൊൽക പിന്നെ
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോരുണ്ടെങ്കിൽ മെല്ലേ വരുത്തവേണം.
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ കേഴുവനല്ലായ്കിലെന്നുചൊൽ നീ.
ചിറ്റാടയുണ്ടുഞാൻ പെട്ടകംതന്നുള്ളിൽ മറ്റാരും കാണാതെ വെച്ചുപോന്നു.
മഞ്ഞൾ പിഴിഞ്ഞുള്ള കൂറകളെല്ലാമേ മങ്ങാതെ മാനിച്ചുകൊള്ളേണമേ.
പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു പീലികൊണ്ടെന്നേ അടിച്ചാളമ്മ
കേണുകൊണ്ടന്നുവഴക്കായിപ്പോയി ഞാനൂണിനു വാരാതെ നിന്നനേരം
തെണ്ടമിയന്നിനിക്കന്നുനീ നൽകിയ കണ്ടിക്കൻചേലമറക്കൊല്ലാതെ”
ഇത്യാദി.
കവിതാരീതി

കവിതാരീതി സരളവും പ്രസന്നവുമാണു്. പ്രാചീനപദപ്രയോഗബാഹുല്യവും ആളുന്തിരാഗമെന്നു പറയുന്ന ഇഴഞ്ഞവൃത്തവും നിമിത്തം, കാര്യശതവൈയഗ്ര്യത്താൽ ഉഴലുന്ന ഇന്നത്തെ മലയാളികൾക്കു്, ഈ കാവ്യതല്ലജത്തെ വേണ്ടുംവണ്ണം ആസ്വദിക്കാൻ നിവൃത്തിയില്ലാതെ വന്നതു് അത്യന്തം പരിതാപകരമായ ഒരു അവസ്ഥ തന്നെ. വാസ്തവത്തിൽ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു പറയുംപോലെ “മനോധർമ്മപ്രകടനയും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനവും ഫലിതവും പഴക്കവും ഒഴുക്കും എല്ലാംകൂടി തികഞ്ഞിട്ടൊരു കവിത വായിക്കണമെങ്കിൽ കൃഷ്ണഗാഥയെത്തന്നെ ആശ്രയിക്കണം” ഒരു വിഷയത്തിൽ തീർച്ചയായും ഈ കവി പിൽക്കാലം ഉണ്ടായിട്ടുള്ള സർവകാവ്യങ്ങളേയും അതിശയിക്കുന്നു എന്നു പറയാം. മലയാളഭാഷയെ ചെന്തമിഴിന്നും സംസ്കൃതത്തിനും അടിമപ്പെടുത്തുന്നതിനു് അനേകം ഭാഷാകവികൾ ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലത്തു മികച്ച ഭാഷാഭിമാനത്തോടുകൂടി അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചതു് ചെറുശ്ശേരിനമ്പൂരിപ്പാടായിരുന്നു. അദ്ദേഹത്തിന്റെ ചില ഭാഷാപ്രയോഗങ്ങൾക്കുള്ള ശക്തിയും ഹൃദയസ്പർശകത്വവും കാണുമ്പോൾ എല്ലാ ഭാഷാഭിമാനികൾക്കും കൈരളിയുടെ ഇന്നത്തെ പരാധീനവൃത്തിയെപ്പറ്റി സന്താപം ജനിക്കാതിരിക്കയില്ല. ഏതായിരുന്നാലും ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ലെന്നു പറഞ്ഞ ആൾ ആരായിരുന്നാലും, അയാൾ, അരസികനോ അസൂയാമലീമസബുദ്ധിയോ ആയിരിക്കാനേ തരമുള്ളു.

വൃത്തം

ഈ ഗ്രന്ഥത്തിൽ കവി എട്ടുമാതിരി ഭിന്നവൃത്തങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. അധികാംശവും മാകന്ദമഞ്ജരിവൃത്തത്തിലാണു്. അതിന്റെ ലക്ഷണം കോവുണ്ണി നെടുങ്ങാടി ഇപ്രകാരം കൊടുത്തിരിക്കുന്നു.

“കൃഷ്ണഗാഥയതിൽ കാണും
കാകളീ പിന്നടിക്കിഹ
നിർണ്ണയം പത്തെഴുത്തെന്നാ-
ലേകും മാകന്ദമഞ്ജരി.”

കാകളിയിലെ രണ്ടാം പാദത്തിൽ ആദ്യമായ രണ്ടക്ഷരം കുറച്ചാൽ മഞ്ജരി എന്ന വൃത്തം കിട്ടും. കാകളിയുടെ ഗണമൊന്നും മഗണമാകരുതു്. മഞ്ജരിയിൽ ഈ നിയമം ഇല്ല. ഇരുപത്തിനാലുവൃത്തത്തിൽ പത്തും പന്ത്രണ്ടും വൃത്തങ്ങൾക്കു് ഇതിനോടു വളരെ സാദൃശ്യമുണ്ടു്.

കൃഷ്ണഗാഥയിലെ കഥാംശം മുഴുവനും ഒരേ വൃത്തത്തിൽ എഴുതിയിരിക്കുന്നതിനാൽ വായനക്കാർ വേഗം മുഷിഞ്ഞുപോകുമെന്നു് ഒരു ദൂഷ്യം പറയാറുണ്ടു്. വാസ്തവത്തിൽ ഈ ദോഷത്തെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ഇതിനെ ആളുന്തിരാഗത്തിലും “പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ–പിച്ചക്കളികളും കാണുമാറാകണം” എന്ന കീർത്തനത്തിന്റെ മട്ടിലും ഇടവിട്ടു ചൊല്ലാവുന്നതാണു്. ചിലർ പൂരപ്പാട്ടിന്റെ രീതിയിലും കൃഷ്ണപ്പാട്ടു പാടാറുണ്ടു്. ആളുന്തിരാഗത്തിൽ ചൊല്ലുന്നപക്ഷം എല്ലാ അക്ഷരങ്ങളേയും ഗുരുവായി ഉച്ചരിക്കണം.

“ചെറുപ്പമായിരുന്നനാൾ ചെറുപ്പിള്ളർ പലരുമായ്
ഉരത്തോരു വനത്തിൽ പോയ് ചിലപ്പോഴെല്ലാം” 2

സ്വർഗ്ഗാരോഹണഭാഗത്തിൽ കാണുന്ന ഈ ഭാഗം വഞ്ചിപ്പാട്ടുതന്നെയാണു്. മിസ്റ്റർ പി. കെ. നാരായണപിള്ളയുടെ ആമുഖത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പതിപ്പിൽ കാണുന്ന ‘ഇതിലൊരുമെനിയ്ക്കെന്നു’ ഇത്യാദി രണ്ടു വരികൾ സമ്പൂർണ്ണമല്ല.

കൃഷ്ണപ്പാട്ടു്
ചെറു പ്പമാ യിരു ന്നനാൾ ചെറു പ്പിള്ളർ പല രുമായ്
ഉരത്തോരു വന ത്തിൽപ്പോയ് ചിലപ്പോഴെ ല്ലാം.
വഞ്ചിപ്പാട്ടു്
കെല്പോ ടെല്ലാ ജന ങ്ങൾക്കും കേടു തീര ത്തക്ക വണ്ണം
എപ്പോ ഴുമ ന്നദാ നവും ചെയ്തു ചെഞ്ചെമ്മേ

വഞ്ചിപ്പാട്ടിന്റെ ലക്ഷണം വൃത്തമഞ്ജരിയിൽ ചേർത്തിരിക്കുന്നതു് ഇങ്ങനെയാണു്.

“ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തിൽ, മറ്റതിൽ;
ഗണമാറര നിൽക്കേണം
രണ്ടുമെട്ടാമതക്ഷരേ.
ഗുരുതന്നേ എഴുത്തെല്ലാ-
മിശ്ശീലൻ പേർ നതോന്നതാ”
ഉ ത്തമ രാ യു ള്ള ശ്വിക ളേ റ്റം
ഭ ക്തിപൊ ഴി ഞ്ഞുപു ക ണ്ണുതെ ളി ഞ്ഞു 3

ഇതു തരംഗിണീവൃത്തം തന്നെയാണു്.

“മറപൊരുളായി മറഞ്ഞവനേഹരി
മലർമകൾകൊങ്ക പുണർന്നവനേ ഹരി”

ഇത്യാദി ശീലുകൾ ശങ്കരചരിതം എന്ന വൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു.

“ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനെ”

ഇത്യാദി കീർത്തനങ്ങളെല്ലാം ഈ മട്ടിലുള്ളവയാണു്. ഇതേ വൃത്തം രാമചരിതത്തിലും ഉണ്ടു്. ഈ സംസ്കൃതവൃത്തം വാസ്തവം പറയുന്നതായാൽ ദ്രാവിഡവൃത്തത്തിൽ നിന്നു് ഉണ്ടായതാണു്.

“പുതിയ ചൊൽക്കൊണ്ടു പുരുഷന്തന്നേയ
പ്പുരുഹുതനന്നു പുകണ്ണപോൽ.”

ഇത്യാദി ഭാഗത്തിലെ വൃത്തം ‘സമാസമം’ ആണു്. ലക്ഷണം–

“വിഷമത്തിൽ സമസമം സമത്തിൽ സമസംഗുരു
എന്നുള്ളർദ്ധസമംവൃത്തം സമാസമ സമാഹ്വയം.”

ഇരുപത്തിനാലുവൃത്തത്തിലെ നാലാം വൃത്തവും ഇതുതന്നെ.

ഉം. “സുരപുരിയോടു സമമാകും നിജ
പുരിയിൽപുക്കുടൻ രഘുനാഥൻ
തരുണിമാർമണിമകുടീസീതയോ-
ടൊരുമിച്ചുവാണു ഹരിനംബോ”
“രുദ്രരും വരനാഗഭൂഷണ 6
മുദ്രിതാംഗകരായുടൻ”

ഇതു മല്ലികാവൃത്തമാണു്.

“നിമേഷം വെടിഞ്ഞോർ നിരന്നീടിനോര- 7
ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം’

ഇതു് ഭുജംഗപ്രയാതമെന്ന സംസ്കൃതവൃത്തമാകുന്നു.

“ഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടെ 8
ഭക്തിപൊഴിഞ്ഞു; ചിത്തമഴിഞ്ഞു രുദ്രർപുകണ്ണനേരം.”

ഈ വൃത്തത്തിന്റെ രൂപാന്തരമായിരിക്കാം അജഗരഗമനം.

കൃഷ്ണപ്പാട്ടിനെ ഏതാനും വർഷങ്ങൾക്കു മുമ്പു് പ്രസിദ്ധസാഹിത്യവിമർശകനായ മി: പി. കെ. നാരായണപിള്ളയുടെ പ്രൗഢമായ അവതാരികയോടുകൂടി മി: കെ. എൻ. ഗോവിന്ദപ്പണിക്കർ പ്രസാധനം ചെയ്തുവെങ്കിലും അതിനു് യഥാർഹമായ പ്രചാരം ലഭിക്കാതെ വന്നതു് അത്യന്തം ശോചനീയമെന്നേ പറയേണ്ടു.

ഗുരുദക്ഷിണപ്പാട്ടു്

ഈ ഗ്രന്ഥത്തെ കവിതിലകൻ മി: എസ്. പരമേശ്വരയ്യർ പരിശോധിച്ചു് ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒന്നാമത്തെ ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിയാൻ നിവൃത്തിയില്ല. കവി തിരുവിതാംകൂർകാരനായിരിക്കണമെന്നു് അദ്ദേഹം ഊഹിക്കുന്നു. മംഗളാചരണത്തിൽ രാമചരിതത്തിന്റെ അനുകരണം കാണുന്നുണ്ടു്.

“വാനവർതൊഴുംപരമൻ വാരണവടിവിനാലെ
മാമലമകളോടും പോയ് കാനനേ കളിച്ചനാളിൽ
അന്നവർ തങ്ങൾ നിയോഗേന (?) കാരണം;
ആദരവോടു പിറന്ന തിരുമകൻ
കൊമ്പൊന്നുടയവൻ നല്ല കരിമുഖൻ
കോലത്തേ ഞാനിതാ കൈതൊഴിന്നേനിന്നു
അമ്പൊടു വായ്മകൾ തന്നെയും വന്നിച്ചേൻ
ആഴികടഞ്ഞനാൾ മന്ദരാതാങ്ങിയ
കാർവർണ്ണൻ തന്നെയും വേറെ വിരിഞ്ചനെ
കാളയേറും പരമേശനെയിന്ദ്രനെ
കാലകാലൻ മകനാറുമുഖനേയും
കാളിമാതൊടു മലമകൾ ദേവകൾ
സൂരിയനങ്കിയും സോമൻ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരിയമുള്ള മുനികൾപാദത്തെയും
വിശ്വത്തിനുള്ള ഗുരുഭൂതന്മാരെയും
ഉള്ളംതെളിയുമാറമ്പിൽ വണങ്ങിനേൻ”

ഈ പാട്ടിൽ രാമചരിതത്തിലെന്നപോലെ കാമദേവനെപ്പോലും വന്ദിച്ചുകാണുന്നു. എതുക, മോന ഇത്യാദി പ്രാസനിബന്ധനകളും ഏറെക്കുറെ അനുസരിച്ചിട്ടുണ്ടു്.

എതുകയുടെ ലക്ഷണം നന്നൂൽവിളക്കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“എതുകൈയെൻപ വിയൈപന മൊഴികൺ
മുതലെഴുത്തളവൊത്തു മുതലൊഴിത്തൊൻറുത്തൻ
മൂൻറാമെഴുത്തൊൻറലാചിനന്തലൈയാ
കിടൈകടൈയാറുമെതുകൈവകൈയേ”

‘കട്ടു്’ എന്നതിനു് ‘പട്ടു്’ എന്നു് എതുകയാകും; എന്നാൽ പാട്ട് എന്നതു് എതുകയാവില്ല. “ഐകാര ഔകാരങ്കണെട്ടെഴുത്തായിനുമടി മുതൽ വരുങ്കാൽ, യവയെന്നു മൊറ്റടുത്തുവന്തകുറ്റെഴുത്താകവെണ്ണപ്പെടും” എന്നുകൂടി പറഞ്ഞിരിക്കുന്നതിനാൽ,

“മെയ്യകത്തുള്ളേവിളങ്കച്ചുടർകാണർ
കൈയകത്തുണെല്ലിക്കനി”

എന്ന ഔവ്വക്കുറളിലും,

“അവ്വിത്തഴുക്കാറുടൈയാനൈച്ചെയ്യവ
ടൗവ്വൈയൈക്കാട്ടിവിടും”

എന്ന കുറളിലും, എതുകയുണ്ടെന്നു പറയാം. കൈയിരണ്ടു എന്നതിനു് മെയിരണ്ടു എന്നും എതുകയാകും.

“ഉരിയില്ലാവൊറ്റാകവരിനും ഉയിരേറിയ വുയിർ മെയ്യാകവരിനും അവ്വൊറ്റെഴുത്തു വരുവതേയെതുകൈയായിനും, യ, ര, ഴ എന്നു മൂന്റൊറ്റിൻകീഴു് മറ്റോരൊറ്റുവരിനുമെതുകൈയാം.” എന്നുകൂടി വിധിയുള്ളതിനാൽ, ‘ആർന്തന’ എന്നതിനു് പാർപ്പാൻ എന്നതു എതുകയാവുകയില്ല.

(1) മൂന്റെഴുത്തൊൻറതുകൈ, (2) ആചെതുകൈ, (3) ഇനവെതുകൈ, (4) തലൈയാകെതുകൈ, (5) ഇടൈയാകെതുകൈ, (6) കരൈയാകെതുകൈ, എന്നു് എതുക ആറുവിധം വരും. അവയുടെ സ്വഭാവം ഇവിടെ വിവരിക്കാൻ തരമില്ല. ഓരോ ഉദാഹരണം മാത്രം ചേർക്കുന്നു.

  1. ‘പൊയ്മൈയും വായ്മൈയിടത്തേ പുരൈ തീർന്ത നൻമൈ പയക്കുമെതിൻ’
  2. ‘കായ്മാണ്ടതെങ്കിൽ പഴം വീഴക്കമുകിനെറ്റി പ്പൂമാണ്ടതിന്തേന്റൊടൈ കീറി വരുകൈ പോഴിന്തു തേമാങ്കനി ചിതറ വാഴൈപ്പഴങ്കൾ, ചിന്തു മേമാങ്കതമെന്റിചൈയാറ്റിചൈ പോയതെന്റെ
  3. ഏ. ‘തക്കാർതക വിലരെൻപതവരവ രെച്ചാത്താർ കാണപ്പെടും’ (വല്ലിനവെതുക) ബി. ‘അൻപിനുവാർവമുടൈ മൈയതുവീനു നൺപെന്നു നാടാച്ചിറപ്പു’ (മെല്ലിനവെതുക) സി. ‘എല്ലാവിളക്കു വിളക്കല്ല ചാന്റോർക്കു പ്പൊയ്യാവിളക്കേ വിളക്കു’ (ഇടൈയിനവെതുക)
  4. ‘കരോരുകം പോൽ വളരെൻപാവം തീർക്ക വിന്മതിപൂൺ ചരോരുകമെൻ ചേവടി കണ്ടണിയേനോതാരകൈചൂഴ്” ഇത്യാദി.
  5. ‘അകരമുതലവെഴുത്തെല്ലാമാതി പകൻ മുതറ്റേയുലക’
  6. എച്ചത്താർ എന്നതിനു ചുറ്റത്താർ ‘പരിയാ’ എന്നതിനു മണിയാൻ എന്നതും ‘കടൈയാകെതുക’യ്ക്കുദാഹരണം.

ഈ ഉദാഹരണങ്ങളിൽനിന്നും ‘എതുക’ വെറും ദ്വിതീയാക്ഷരപ്രാസമല്ലെന്നു കാണാമല്ലോ.

അതുപോലെ തന്നെ മോനയെപ്പറ്റിയും ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ടു്. അ, ആ, ഐ, ഔ എന്നീ നാലുയിരുകളും ഇ, ഈ, എ, ഏ, എന്നിവയും ഉ, ഊ, ഒ, ഓ ഇവയും ഒന്നിനൊന്നു മോനയായ്വരും. അതുപോലെ തന്നെ ചകാരതകാരങ്ങൾക്കും, ഞനങ്ങൾക്കും, മവങ്ങൾക്കും പരസ്പരം മോനയാകാവുന്നതാണു്.

‘മോനൈ ക്കിനമേ അ ആ ഐ ഔവും
ഇഈ എഏവും ഉഊ ഒ ഔവും
ചതവും ഞനവും മവവുമെനവേ.’
(തൊന്നൂൽവിളക്കം)

ഇത്രയും പറഞ്ഞതിൽനിന്നു് ഗുരുദക്ഷിണപ്പാട്ടിൽ സർവത്ര എതുക, മോന എന്നീ പ്രാസനിയമങ്ങൾ അനുഷ്ഠിച്ചിട്ടുണെന്നു നിഷ്പ്രയാസം ഗ്രഹിക്കാം.

മംഗളാചരണത്തിൽ ആദ്യത്തെ രണ്ടു വരികൾ വെറും തമിൾ വൃത്തമാണു്. ‘നാനാജനത്തെയറിയിപ്പതിനായി’ ചൊല്ലിയ പാട്ടായതുകൊണ്ടു്, ഭാഷയ്ക്കു ശുദ്ധിക്കുറവു നന്നേയുണ്ടു്. അങ്കി, വെൻറി, ഒണ്മറയോൻ ഇത്യാദി തമിൾപദങ്ങളും നീലനിറമുടെ മൂർത്തി, ഒക്കമകിഴ്‌ന്തു, നിനന്തു തുടങ്ങിയ പഴേ പ്രയോഗങ്ങളും ഈ കൃതിയിൽ ധാരാളം കാണുന്നുണ്ടു്.

ഈ പാട്ടിനെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്നാംപാദത്തിൽ വസുദേവർ, രാമകൃഷ്ണന്മാർക്കു് ഉപനയനാദി സൽക്രിയ നടത്തീട്ടു്, അവരെ വിദ്യാഭ്യാസത്തിനായി സാന്ദീപനിയെ ഏൾപ്പിക്കുന്നതും, ഏകദേശം ഒരു കൊല്ലം കൊണ്ടു് വേണ്ട വിദ്യയെല്ലാമഭ്യസിച്ചിട്ടു് അവർ മഥുരാപുരിയിലേക്കു തിരിച്ചുവരുന്നതും, പിന്നീടു്, ആ ബ്രാഹ്മണന്റെ ഉപദേശമനുസരിച്ചു് വസുദേവർ കാശ്യപവിശ്വാമിത്രാദി മഹർഷികളെ വരുത്തി, അവരെക്കൊണ്ടു് തന്റെ പുത്രന്മാരെ ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുന്നതും മറ്റും വർണ്ണിച്ചിരിക്കുന്നു. രണ്ടാമത്തേ പാദത്തിൽ, ശ്രീകൃഷ്ണൻ ഗുരുദക്ഷിണയ്ക്കു് ഒരുങ്ങുന്നു. വസുദേവർ, അതിന്നുവേണ്ടി, സാന്ദീപനിയെ മഥുരാപുരിക്കു വരുത്തീട്ടു്,

‘ബാലരാമിവർ തരും ദക്ഷിണകൊൾക സ്വാമീ
എന്തതിൻ നിനവുകൾ ചൊൽക നിന്തിരുവടി’

എന്നു പറഞ്ഞപ്പോൾ, ബ്രാഹ്മണൻ നല്കിയ മറുപടിയിങ്ങനെയായിരുന്നു.

“ഇന്നെനിക്കിവർ തരും വസ്തുവാഭരണവും
ഇച്ഛയില്ലെനിക്കിതു വാങ്ങിക്കൊണ്ടരുളുവാൻ
എന്നഭിവാഞ്ഛിതം കേൾക്ക നീ മധുരേശ
ഇമ്പമായ് സൽക്രിയചെയ്തുണ്ടായ് മമ സുതൻ
നല്ല ബാലകൻ വന്നുല്ലസിച്ചിരുന്നനാൾ
സഞ്ചരിച്ചവൻതാനും ഷോഡശപ്രായത്തിങ്കൽ
അന്നു താമസിയാതെ ചാമർത്താ ചെയ്വാനായി
ആദരവോടു പല ദാനങ്ങൾ ചെയ്തശേഷം
കുണ്ഡലം കാതിലിട്ടു നൽക്കളഭങ്ങൾ പൂണ്ടു,
അഞ്ജനം കണ്ണെഴുതിച്ചന്ദനംകുറിയിട്ടു
അങ്ങനെയിരുന്നവൻ പിറ്റെന്നാളുഷഃകാലേ
അമ്പൊടുഗംഗതന്നിലന്തിവന്ദനം ചെയ്താൻ.
ചന്തമായ് നടന്നവൻ വന്നതില്ലിനിയോളം
സംവത്സരങ്ങളതുമുപ്പതുകഴിഞ്ഞല്ലോ.
തന്നിടാം ദക്ഷിണയെന്നിരിക്കിലിതുവേണം
സംഗവുമെനിക്കതേയുള്ളുവെന്നറിഞ്ഞാലും”

ഈ വാക്കുകൾ കേട്ടപ്പോൾ വസുദേവനു സങ്കടമായി. ശ്രീകൃഷ്ണനു വേണ്ടി താൻ അനുഭവിച്ച സങ്കടങ്ങളെ അദ്ദേഹം വിസ്തരിച്ചു പറയുന്നു. നാല്പതിൽപ്പരം വരികൾകൊണ്ടു് തൽക്കാലപര്യന്തമുള്ള ശ്രീകൃഷ്ണചരിതത്തെ കവി ഇവിടെ ഭംഗിയായി സംക്ഷേപിച്ചിരിക്കുന്നു.

“അറിഞ്ഞൂ തിരുമനം; തെളിഞ്ഞൂ ഭഗവാനും
ഉല്ലാസമോടു ചാടു ചവിട്ടിത്തകർത്തപ്പോൾ
കുലുങ്ങീജഗത്രയമിളകീതെങ്ങുമൊക്കെ
വൃക്ഷത്തിന്നിലപോയി പുഷ്പത്തിന്നിതൾപോയി”

ഇത്യാദി ചില ഭാഗങ്ങളിൽ കവിത്വശക്തിയുടെ ഈഷൽസ്ഫുരണം കാണുന്നുമുണ്ടു്. വസുദേവൻ സാന്ദീപനിയുടെ അപേക്ഷ കുറേ കടന്നുപോയെന്നു പറഞ്ഞപ്പോൾ, അദ്ദേഹം കയർത്തു പോവാൻ ഭാവിക്കുന്നു.

അതു കണ്ടു് ശ്രീകൃഷ്ണൻ ‘ആകിലെൻ ഗുരുവരുൾചെയ്തതു തരുവൻ ഞാൻ’ എന്നു പറഞ്ഞിട്ടു് അദ്ദേഹത്തിനെ സമാധാനപ്പെടുത്തി അയച്ചതിന്റെ ശേഷം ബ്രാഹ്മണപുത്രനെ തേടി പുറപ്പെടുന്നു. അദ്ദഹം അന്തകപുരത്തിൽ എത്തുന്നതുവരെയുള്ള ഭാഗം ദ്വിതീയപാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു. മൂന്നാം പാദത്തിലെ യമപുരവർണ്ണന വളരെ ബാലിശമായിട്ടുണ്ടു്. അവിടെ ശ്രീകൃഷ്ണൻ ഭാരതരാമായണാദികളിൽ സൂക്തനായിരിക്കുന്ന ജനങ്ങളേയും കണ്ടുപോലും. ഭഗവാൻ ധർമ്മരാജാവിനോടു് തന്റെ ഗുരുപുത്രനെ കാണിച്ചുതരേണം എന്നു പറഞ്ഞപ്പോൾ,

“കേൾക്കെടോ മാനുഷാ, ഞാനുരചെയ്വതു
ഞാനിപ്രവൃത്തികളൊന്നുമറിഞ്ഞില്ല
നാലമാത്യകളുണ്ടതിൽ സാരമായി
മുൻപതിൽ മൃത്യുവും പിന്നെയപമൃത്യു
മൂന്നാമൻ കാലൻ മറ്റേതുദംബരൻ
എന്നിവർ തങ്ങളെ കാണണം നീ പോയി”

എന്നു ഒഴിഞ്ഞുകളഞ്ഞു. യമപുരത്തരചന്റെ വാഴ്ച എത്ര ശോഭനമായിരിക്കുന്നു! തന്റെ അമാത്യന്മാർ ചെയ്യുന്നതൊന്നും അദ്ദേഹത്തിനറിവില്ലത്രേ. ശ്രീഷ്ണൻ ഈ അമാത്യരിൽ നാലു പേരേയും ചെന്നു കണ്ടിട്ടു് ഒടുവിൽ ദൂതന്മാരുടെ സമീപത്തു് എത്തുന്നു. അവിടെ മൂന്നാം പാദവും അവസാനിക്കുന്നു. അവിടെച്ചെന്നിട്ടും പ്രയോജനമുണ്ടായില്ല.

“നാമിവനുയിരിനെ കൊടുക്കിൽപിന്നും പിന്നും
നാശമേ നമുക്കുള്ളു, പിന്നെയും വരുമിവൻ;
നാമായിട്ടൊരു വസ്തുവുണ്ടാക്കുന്നതുമില്ല;
നമ്മുടെ രാജാവറിഞ്ഞെന്നിയേ ചെയ്തുകൂട.
എന്നാലുമിവനോടു തരുന്നുവെന്നും വേണ്ട
എന്നുമേ തരികയില്ലെന്നതു പറയേണ്ട;
ഇങ്ങനെ നടന്നൊട്ടു ദണ്ഡിച്ചാലവൻ തന്നെ
ഇന്നിതു തരികയില്ലെന്നുകണ്ടുഴറിപ്പോം”

എന്നിങ്ങനെ ശ്രീകൃഷ്ണനെ മിരട്ടിയയപ്പാനാണു് യമദൂതന്മാർ നിശ്ചയിച്ചതു്. യമന്നു യോജിച്ച ഭൃത്യന്മാർ തന്നെ. അവരുടെ വാക്കുകൾ കേട്ടപ്പോൾ, ശ്രീകൃഷ്ണന്നു്,

‘വാടീതു തിരുമേനി ചാടീതു നയനനീർ’

അദ്ദേഹം വീണ്ടും‌ യമനെച്ചെന്നു കാണുന്നു. യമൻ അദ്ദേഹത്തിനെ കണ്ടു്,

“ദൂതർ നിൻഗുരുപുത്രൻതന്നെത്തന്നാരോ കോയിൽ?
ദൂഷണം വരുത്തുവാൻ ചിന്തിച്ചു തരാഞ്ഞാരോ?
എന്തു നിൻ ഹൃദയത്തിൽ കേടു വന്നുദിച്ചതു്”

എന്നു് അത്യന്ത ദുർബലനായ ഒരു രാജാവിനെപ്പോലെ ചോദിക്കുന്നു. ഭഗവാനു് ഇതു കേട്ടപ്പോൾ കോപം ഉദിക്കുന്നു. ആ രൗദ്രഭാവത്തെ വർണ്ണിച്ചു ഫലിപ്പിക്കുന്ന വിഷയത്തിൽ കവി ഇവിടെ തീരെ അസമർത്ഥനായ് കാണപ്പെടുന്നു. യമനും കൂട്ടരും അദ്ദേഹത്തിന്റെ ക്രുദ്ധഭാവം കണ്ടു ഭയപ്പെട്ടു്, ഗുരുപുത്രനേ കൊണ്ടുവന്നു കൊടുത്തുവത്രേ. ഇങ്ങനെ യമപുരത്തുനിന്നു് ആനീതനായ കുട്ടിയെ നല്കി, ശ്രീകൃഷ്ണൻ ഗുരുദക്ഷിണ എന്ന സ്വധർമ്മത്തെ നിറവേറ്റിയിട്ടു് മഥുരാപുരുയിൽ മാതാപിതാക്കന്മാരുമായി സസുഖം വാഴുന്നു. ഇങ്ങിനെയാണു കഥയുടെ ചുരുക്കം. പറയത്തക്ക ഗുണമൊന്നും ഈ കവിതയ്ക്കില്ല.

മണിപ്രവാളകാവ്യങ്ങൾ
‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം”

എന്നാണു് മണിപ്രവാളത്തിന്റെ സാമാന്യ ലക്ഷണം. എന്നാൽ എല്ലാ വിധത്തിലുള്ള ഭാഷാസംസ്കൃത യോഗവും മണിപ്രവാളമെന്ന പേരിനെ അർഹിക്കുന്നില്ല. ഒന്നാമതായി ആ യോഗം രസിരഞ്ജകമായിരിക്കണം. ആലത്തൂരാദി മണിപ്രവാളത്തിനു് ആ പേരു് കേവലം ഔപചാരികമായി നല്കിയിരിക്കുന്നതാണു്. രണ്ടാമതായി മണിപ്രവാളത്തിൽ ഉപയോഗിക്കുന്ന സംസ്കൃതപദങ്ങൾ ഭാഷപോലെ സുപ്രസിദ്ധവും സുകുമാരവുമായിരിക്കണം. മാണിക്യവും പവിഴവും ഒരേ ചരടിൽ കോർത്തിണക്കിയാൽ, വർണ്ണസാമ്യംക്കൊണ്ടു് അവയെ തിരിച്ചറിവാൻ സാധിക്കയില്ലല്ലോ. അതുപോലെതന്നെ ഭാഷാശബ്ദങ്ങളേയും സംസ്കൃതശബ്ദങ്ങളേയും കലർത്തുന്നതു് സംസ്കൃതമേതു്, ഭാഷയേതു് എന്നു വേർതിരിച്ചു പറവാൻ പാടില്ലാത്ത മട്ടിലായിരിക്കണം. മണിപ്രവാളത്തിൽ മാണിക്യസ്ഥാനീയമായ ഭാഷ അതായതു് കേരളഭാഷ ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ മൂന്നു വിധമുണ്ടത്രേ. അവയിൽ ദേശി ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു പിന്നെയും മൂന്നായി പിരിയുന്നു. കൊച്ചു്, മുഴം, ഞെട്ടി ഇത്യാദി പദങ്ങൾ ശുദ്ധദേശിക്കും, വന്താൻ, നമുക്കു് എന്നിവ ഭാഷാന്തഭവങ്ങൾക്കും, നാളെ, ഉടൽ മുതലായവ ഭാഷാന്തരസമങ്ങൾക്കും ഉദാഹരണങ്ങളാകുന്നു. സംസ്കൃതപ്രകൃതികളെ ഊഹിക്കാൻ കഴിയുന്ന പദങ്ങളത്രേ സംസ്കൃതഭവങ്ങൾ. തേവാർ, ചങ്ങാത്തം, പിച്ച എന്നീ പദങ്ങളാണു് അവയ്ക്കു് ഉദാഹരണം. കടം, വല്ലി ഇത്യാദി അവസാനത്തിൽ മാത്രം വികാരം വന്നിട്ടുള്ള പദങ്ങളേയാണു് സംസ്കൃതരൂപങ്ങൾ എന്നു പറയുന്നതു്. സന്ദർഭേ ‘സംസ്കൃതീകൃതാച’ എന്ന നിയമത്താൽ, കാവ്യാദി സന്ദർഭത്തിൽ ഭാഷാപദങ്ങളെ നാഴിഭിഃ, പുപൂകിരേ എന്നിങ്ങനെ സംസ്കൃതീകരിച്ചും പണ്ടു് ഉപയോഗിച്ചുവന്നു. സംസ്കൃതപദങ്ങളെ വിഭക്ത്യന്തങ്ങളായിട്ടും അല്ലാതെയും ഉപയോഗിക്കാം.

ലീലാതിലകക്കാരൻ ഒൻപതു വിധത്തിലുള്ള മണിപ്രവാളങ്ങളെപ്പറ്റിപ്പറഞ്ഞിരിക്കുന്നു. ഭാഷാരസപ്രാധാന്യമുള്ള മണിപ്രവാളമത്രേ ഉത്തമം; അതായതു് ഭാഷാപദങ്ങൾ കൂടിയും സംസ്കൃതപദങ്ങൾ കുറഞ്ഞും ഇരിക്കണം. രസത്തിനു വാച്യാർത്ഥത്തെ ഉപേക്ഷിച്ചു പ്രാധാന്യവും ഉണ്ടായിരിക്കണം.

“പുൽകിക്കൊണ്ടാളുറക്കേപ്പുനരപിമണിവാ
നൾകിനാൾ; മെല്ലെമെല്ലെ-
ക്കാമക്കൂത്തിന്നണിഞ്ഞാൾ; മദനപരവശാ കാന്ത
കൈമെയ് മറന്നാൾ
വീർത്താളൊട്ടേവിയർത്താൾ; വിവശമരുതെടാ
യെന്നെവിയന്നിരന്നാ-
ളെന്മാറിൽപ്പോന്നു വീണപ്പുരികുഴലകമേ
മാൾകിനാളുണ്ണി നങ്ങാ”
  1. ഭാഷയ്ക്കു പ്രാധാന്യമുണ്ടായും രസത്തിനും വാച്യാർത്ഥത്തിനും പ്രാധാന്യം തുല്യമായും ഇരിക്കയോ, നേരെ മറിച്ചു് ഭാഷ തുല്യമായും, രസം വാച്യാർത്ഥതിശായിയായും വരികയോ ചെയ്താൽ ആ മണിപ്രവാളം ഉത്തമകൽപമെന്നു പറയപ്പെടുന്നു.
  2. വാച്യാർത്ഥത്തിന്നും രസത്തിന്നും, അതുപോലെ തന്നെ ഭാഷയ്ക്കും സംസ്കൃതത്തിന്നും സമപ്രാധാന്യമുണ്ടായിരുന്നാൽ മധ്യമമണിപ്രവാളമാകും.
  3. ഭാഷ സമമായിരിക്കെ, രസം വാച്യാർത്ഥത്തെക്കാൾ ന്യൂനമായോ, അല്ലെങ്കിൽ, രസം സമമായിരിക്കെ, ഭാഷ ന്യൂനമായിരിക്കയോ ചെയ്യുന്നതായാൽ, അതും മധ്യമകൽപം തന്നെ. അതുപോലെ തന്നെ രസപ്രാധാന്യമുണ്ടായിരിക്കുകയും ഭാഷ ന്യൂനമായി വരികയും ചെയ്താലും ആ മണിപ്രവാളം മധ്യമകൽപകോടിയിലേ പെടുകയുള്ളു.
  4. ഭാഷയും രസവും ന്യൂനമായിരിക്കുന്ന മണിപ്രവാളം അധമം.

ഇങ്ങനെ, ഉത്തമം ൧. ഉത്തമകൽപം ൨. മധ്യമം ൩. കല്പം ൪. അധമം ൫. ആകെ മണിപ്രവാളം ഒൻപതു വിധം.

സ്വാഗത, ഇന്ദ്രമാല ഇത്യാദി വൃത്തങ്ങളും മണിപ്രവാളത്തിനു് അനുപിതമായിട്ടാണു് ആദികാലങ്ങളിൽ ഗണിക്കപ്പെട്ടിരുന്നതു്.

“നാത്യന്തസംസ്കൃതേനൈവ നാത്യന്തം ദേശഭാഷയാ
കഥാഗോഷ്ഠീഷു കഥയൻ ലോകേ ബഹുമതാ ഭവേൽ”

എന്നു് ലീലാതിലകക്കാരൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാകുന്നു. നല്ല മണിപ്രവാളത്തിനുള്ള ആസ്വാദ്യത ഒന്നു പ്രത്യേകം തന്നെയാണു്.

സന്ദേശകാവ്യങ്ങൾ

ലീലാതിലകത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ പലേ സന്ദേശകാവ്യങ്ങൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.

കാകസന്ദേശം
“ആറ്റൂർ നീലി വിരഹവിധൂരോ മാണിരത്യന്തകാമീ
മാത്തൂർ ജാതോ മദനവിവശസ്ത്യക്തവാന്തൂണുറക്കൗ”
“സ്വസ്രേ പൂർവം മഹിതനൃപതേ വിക്രമാദിത്യ നാമ്നഃ
പോകാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ;
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിശ്ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രോക്ഷിതഃ കാക ഏവ

ഈ പദ്യങ്ങൾ കാകസന്ദേശത്തിലുള്ളവയാകുന്നു. മാത്തൂർ വംശത്തിൽ ജനിച്ച വല്ല ഉണ്ണിനമ്പൂരിയുമായിരിക്കുമോ ഈ കാവ്യത്തിന്റെ കർത്താവു്?

ഉണ്ണുനീലിസന്ദേശം

ഈ പ്രസിദ്ധ കൃതിയെ ഏതാനും വർഷങ്ങൾക്കു മുമ്പിൽ രസികരഞ്ജിനിയിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പിന്നീടു് ഈയിടയ്ക്കു് ആറ്റൂർ മി. കൃഷ്ണപ്പിഷാരടിയുടെ അവതാരികയോടും വ്യാഖ്യാനത്തോടുംകൂടി ബി. വി. ബുൿഡിപ്പോ ഉടമസ്ഥനായ മി: കെ. എസ്. രാമൻ മേനോൻ അതിനെ ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഗ്രന്ഥകാരൻ

ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവു് ആരെന്നു് ഇതേവരെ തീർത്തുപറയാറായിട്ടില്ല.

“പൂണാരം മണികണ്ഠ വെണ്പല മഹി-
പാലൈകചൂഡാമണേഃ

എന്നു് കഥാനായികയെപ്പറ്റിയും,

“മന്ത്രപ്രജ്ഞോപി മാരജ്വരപരവശനായ്-
ക്കോലിനേൻ ഞാനിദാനീം.”

എന്നു് തന്നെപ്പറ്റിയും, കവി പ്രസ്താവിച്ചിട്ടുള്ളതിനെ അടിസ്ഥാനപ്പെടുത്തി, കവിയും നായകനും വെൺപനലാട്ടു രാജാവായ മണികണ്ഠൻ ആയിരിക്കുമെന്നു് മി: പരമേശ്വരയ്യർ നിസ്സംശയം പറയുന്നു. സന്ദേശഹരൻ ഒരു രാജാവാണെന്നുള്ള സംഗതി ഈ അഭിപ്രായത്തെ അല്പമൊന്നു ബലപ്പെടുത്തുന്നുമുണ്ടു്. എന്നാൽ ഈ അഭിപ്രായം സ്വീകരിക്കുന്ന വിഷയത്തിൽ വലിയൊരു ദുർഘടം കാണുന്നു. തിരുവനന്തപുരത്തുനിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയയ്ക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,

നിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,

“മാറാടിക്കീഴ്മരുമലർ പിണം കൊണ്ടു നായ്ക്കും നരിക്കും
ചേറാടിക്കും‌ മനുജവരനേ കാണ്ക നീചെന്നു പിന്നെ;
കൂറാടിന്റോർക്കുയിരുമുടലും നീടൊടുക്കും വടക്കിൻ
കൂറാടിന്റോരിനിയമണികണ്ഠാഖ്യസാമന്തമൗലിം”

എന്നു പറഞ്ഞിരിക്കുന്നതു നിരർത്ഥകമായിരിക്കുന്നു. തിരുവനന്തപുരത്തിരിക്കുന്ന നായകനെ, സന്ദേശഹരൻ വടക്കുംകൂറിൽ ചെന്നു കാണുന്നതെങ്ങനെ? അതുപോലെ തന്നെ കവി മണികണ്ഠനാണെങ്കിൽ, നായികയെപ്പറ്റി ‘പൂണാരം മണികണ്ഠവെണ്പലമഹീപാലൈ ചൂഡാമണേഃ’ എന്നു പറയുമായിരുന്നില്ലതാനും.

“ഇല്ലത്തന്നുന്നതിം തേ വിതരതു നതരാമാകയാലുണ്ണുനീലി ചൊല്ലുന്നേനെങ്കിൽ നീകേട്ടരുളുക ദയിതേ സൂക്തി രത്നം മദീയം”

എന്ന ശ്ലോകാർത്ഥത്തിൽ ഉണ്ണുനീലിശബ്ദം സംബോധനയല്ലെന്നു് ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണല്ലോ. അല്ലെങ്കിൽ ‘വിതരതു’ എന്ന ‘ലോട്ടു്’ ഘടിക്കാതെ വരും. അതുകൊണ്ടു് കവി തന്റെ ഭാര്യയോടു് പറയുന്നതായി ഈ കാവ്യത്തെ നിബന്ധിച്ചിരിക്കുന്നുവെന്നേ പ്രസ്ഥാവനയിൽ നിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളൂ അങ്ങനെയാണെങ്കിൽ ‘മാരജ്വരപരവശനായ് കോലിനേൻ’ എന്നു കവി പറഞ്ഞിരിക്കുന്നതു് നായികയ്ക്കു് അപകർഷഹേതുകമാവുകയില്ലേ?. എന്നൊരു സംശയം ഞായമായി ഉണ്ടാകാവുന്നതാണു്. മി. കൃഷ്ണപ്പിഷാരടി പറയും പോലെ “കവി തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം മാരജ്വരപരവശനായിട്ടു്, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കാൻ ശക്തിയില്ലാത്തവനായിട്ടു്, ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാ നായകന്മാരാക്കി കല്പിച്ചു് ഒരു സന്ദേശ കാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിച്ച”താണെന്നു വിചാരിക്കാവുന്നതാണു്. ‘പൂണാരം മണികണ്ഠവെണ്പല മഹീപാലൈക ചൂഢാമണേഃ’ എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടും നായിക മണികണ്ഠന്റെ ഭാര്യയായിരിക്കണമെന്നില്ല. പൂണാരത്തിനു് ആഭരണമെന്നേ അർത്ഥമുള്ളൂ. ആ അർത്ഥത്തിൽ എത്ര പ്രയോഗങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണു്.

“താനേ വൃത്താന്തമെല്ലാരൊടുമുടനറിയി-
ച്ചർജ്ജുനേന ത്രിലോകീ-
പൂണാരം താൻ കൊടുപ്പിച്ചിതു മഹിതതരാൻ
വിപ്രഹസ്തേ കുമാരാൻ”
(നാരായണീയം പ്രബന്ധം‌)

അതിനാൽ വെൺപലനാട്ടിനു ഒരു അലങ്കരമായ ഉണ്ണുനീലി എന്നു മാത്രമേ ഇവിടെ കവി വിവക്ഷിച്ചിട്ടുള്ളൂ. മി. പി. കെ. നാരായണപിള്ളയും ഈ അഭിപ്രായത്തോടു യോജിക്കുന്നു.

“ഉണ്ണുനീലി വർണ്ണനയിൽ ‘പൂമാതിൻ നയനാന്ത’ ഇത്യാദി ശ്ലോകത്തിനു് മഹാലക്ഷ്മിയുടെ കടാക്ഷവിലാസരംഗവും, ഭൂമിക്കു പീയൂഷദീപവും, മണികണ്ഠരാജാവിനു്, അതായതു് വെൺപലനാട്ടിനു് ആഭരണവും, കാമദേവന്റെ കുലദേവതയും ആയ ഉണ്ണുനീലി എന്നു് അർത്ഥം പറഞ്ഞാൽ മതിയാകുന്നതാണു്. അങ്ങിനെ ചെയ്യുന്നതാണു് യുക്തം. സകലലോക വ്യാപിനിയാണല്ലോ മഹാലക്ഷ്മി. അങ്ങനെയുള്ള ദേവിയുടെ കടാക്ഷലക്ഷ്യമാകയാൽ ഉണ്ണുനീലി ത്രൈലോക്യത്തിൽ വച്ചു് വിശിഷ്ടയാണെന്നു് കാണിച്ചു. ത്രൈലോക്യത്തിന്റെ അംശമായ ഭൂമിയുടെ കാര്യമാലോചിച്ചാൽ ഭൂമിക്കു് അവൾ അമൃതദീപമാണെന്നു പറഞ്ഞു. അതിലും ചുരുങ്ങിയ വെൺപലനാടു നോക്കിയാൽ അതിനു് അവൾ അലങ്കാരമാണെന്നു് വർണ്ണിച്ചു. ഇങ്ങനെ സ്ഥലവ്യാപ്തി കുറയുന്തോറും നായികയുടെ മെച്ചം കൂടുതലായി കവി സൂചിപ്പിക്കുന്നു. അല്ലാതെ മണികണ്ഠന്റെ ഭാര്യയാണു് നായിക എന്നിവിടെ വ്യാഖ്യാനിക്കാമെന്നു തോന്നുന്നില്ല.”

ഇനി നായകൻ ഇളയരാജാക്കന്മാരിൽ ഒരാൾ ആയിരിക്കാമെന്നു വിചാരിക്കുന്നതായാലും അല്പം വൈഷമ്യം ഉണ്ടു്. എന്തുകൊണ്ടെന്നാൽ “മുണ്ടയ്ക്കൽ ചെന്റിനിയ വിരഹവ്യാകുലമാമുണ്ണു നീലീം” എന്ന ശ്ലോകത്താൽ പ്രതിപാദിതമായ രീതിയിൽ നായകൻ കാരണവനായ വലിയ രാജാവിനോടു് നായികാ വൃത്താന്തം അറിവിക്കുന്നതിനു് സന്ദേശഹരനോടു് ആവശ്യപ്പെടുമായിരുന്നില്ല. ആദിത്യവർമ്മ കൊല്ലത്തു ചെല്ലുമ്പോൾ, യാത്രാവിവരമൊക്കെ മാമ്പള്ളിയെക്കൊണ്ടു് അറിവിക്കയല്ലാതെ നേരിട്ടു് പറഞ്ഞു പോകരുതെന്നു് നിഷ്ക്കർഷിച്ച നായകൻ ആചാരാനുചിതമായ വിധത്തിൽ സ്വന്തം കാരണവരോടു് ഈ വിധം പറയാൻ ഉപദേശിച്ചുകാണുമെന്നു് എങ്ങനെ വിചാരിക്കാം? അതിനും പുറമേ, മണികണ്ഠനാമം വെൺപല നാട്ടുരാജാക്കന്മാർക്കുള്ള സാധാരണ നാമവുമല്ലായിരുന്നു. കോതവർമ്മൻ, ഇരവി മണികണ്ഠൻ, രാമുവർമ്മൻ എന്ന മൂന്നു പേരെപ്പറ്റി ഉത്തരസന്ദേശത്തിൽ പ്രതിപാദിച്ചു കാണുന്നതു നോക്കുക. അവരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു തന്നെ, അവരോടു് നായകനു് യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണുതാനും.

കാവ്യത്തിലെ നായകൻ മണികണ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ നിര്യാണ ശേഷം ഉണ്ണുനീലിയുടെ ഭർത്താവായിത്തീർന്ന ഒരു ചാക്യാരായിരിക്കണം കവിയെന്നും ആണു് വേറൊരു അഭിപ്രായമുള്ളതു്. ഇങ്ങനെ ചാക്യാരിൽ ഏതദ് ഗ്രന്ഥ കർതൃത്വം ആരോപിക്കുന്നതിനു ഹേതുവായ സംഗതി.

“കണ്ടോമല്ലോ തളിയിലിരുവംകൂത്തു നമന്റൊരിക്കൽ
തൈവം കെട്ടാളൊരു തപതിയാർനങ്ങയാരെന്നെനോക്കി;
അന്യാസഗോൽ കിപമി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെകണ്ടീലണയെ വിവശം വീർത്തുമങ്ങിന്റെ നിന്നെ.”

എന്നുള്ള കൂടിയാട്ടപ്രസ്താവമാണു്. ഈ വിഷയത്തിൽ അങ്ങിനെ ഒരു അഭിപ്രായത്തിനു് അവകാശമേ ഇല്ല. [15] നായകനായ സംവരണൻ വാസ്തവത്തിൽ തപതിയെ ഉദ്ദേശിച്ചു പറയുന്ന ‘ചകിതനയനാം ചുംബസ്യംസേ’ എന്നു മുതലായ വാക്കുകൾ അന്യസ്ത്രീയേ ഉദ്ദേശിച്ചു പറയുന്നതാണെന്നു് തെറ്റിധരിച്ചു. തപതിയുടെ ആത്മഗദവാക്യമായ “മമഹ അഹോ ദേ അവിവേ ഓ ( മന്മഥ അഹോ തെ അവിവേകഃ) എന്നു തുടങ്ങുയ പ്രാകൃതഭാഷാ ഭാഗം തപതീവേഷം ധരിച്ച നങ്ങയാർ സദസ്സിലേയ്ക്കു് നോക്കി പറയുമ്പോൾ യദൃശ്ചയാ ആ നങ്ങയാർ സദസ്സിൽ ഞാനിരിക്കുന്ന ഭാഗത്തേയ്ക്കു് നോക്കീട്ടാണു് പറഞ്ഞതു് എന്നു് താൽപ്പര്യം. സന്ദേശനായകൻ, വേഷം കെട്ടിയ ചാക്കിയാരല്ല. കാഴ്ച്ചക്കാരനായി വന്നവരിൽ ഒരാളാണെന്നുള്ളതു് ‘കണ്ടോമല്ലേ തളീയിരുവംകൂത്തു’ എന്നതിനാൽ സ്പഷ്ടവുമാണു്. അന്യസംഗകലുഷയായ തപതിയുടെ വാക്കു് സംവരണനോടു് മട്ടിലുള്ളതല്ല, ആത്മഗതവുമാണു്. അതുകൊണ്ടു് ആ ശ്ലോകാർത്ഥം ശരിയായി ധരിക്കാഞ്ഞതുകൊണ്ടാണു് സന്ദേശ നായകനും കവിയും ഒരു ചാക്കിയാരായിരിക്കണമെന്നു് തെറ്റിദ്ധാരണയ്ക്കു തന്നെ സംഗതിയായതു്”. മി: പിഷോരടിയുടെ ഈ അഭിപ്രായത്തോടു് വിയോജിക്കുവാൻ ന്യായം കാണുന്നില്ല.

കവിയുടെ സ്വഭാവംകൊണ്ടു്, അതിന്റെ കർത്താവു് ഒരു മലയാള ബ്രാഹ്മണനായിരുന്നുവെന്നു് ഊഹിക്കാം.

“കാമോന്മാദാൽ കനിവോടു മറഞ്ഞു് വശീ നിർവിശങ്കം
ഭൂമൗ ഭൂമീശ്വരനിൽ മരുവീടിന്റെ നാൾ വിക്രമാഖ്യേ;
ഉണ്ടാകീപോലഴകിലവൾ പാകത്തുനിന്റത്യുദാരം
തണ്ടാർ മാതിൻ കുലനിലയമാം വംശമേതൽ പൃഥിവ്യാം”

എന്നിങ്ങനെ ഉണ്ണുനീലിയുടെ വംശത്തെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു തന്നെ അങ്ങനെ ഒരു ഊഹത്തിനു് വഴി കിട്ടുന്നു.

തിരുവനന്തപുരം മുതൽ കടുത്തുരുത്തിവരെ വഴിമേൽ കുലീന സ്ത്രീകുലത്തിൽ ഉൾപ്പെടുത്താൻ സംശയിക്കേണ്ട അനേക സ്ത്രീ ജനങ്ങളുമായി അനാശാസ്യമായി പരിചയപ്പെട്ട ഒരു മനുഷ്യനാണു് നായകൻ. “എണ്ണറ്റീടും ഗുണ സമുദയം ചേർന്നിണങ്ങും കുറുങ്ങാട്ടുണ്ണിച്ചക്കിക്കടൽ വനിതയാം മൽപ്രിയാ പ്രേമബന്ധോ” ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ’നായകൻ നാടോടിയായ ഒരു കേരളബ്രാഹ്മണനാണെന്നു് വിചാരിക്കുന്നതു് കുറേക്കൂടി യുക്തമായിരിക്കും’ എന്നിങ്ങനെ മി: പി കെ. നാരായണപിള്ള നായകനെപ്പറ്റി പറഞ്ഞിരിക്കുന്നതു് കവിയെ സംബന്ധിച്ചാക്കിയാൽ കുറേക്കൂടി യോജിക്കുമെന്നു് തോന്നുന്നു. ഒരു മലയാള ബ്രാഹ്മണനല്ലാതെ ആദിത്യവർമ്മയെ സന്ദേശഹരനാക്കി ഒരു കാവ്യം നിബന്ധിക്കുന്നതിനു് ധൈര്യം ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. ആ ബ്രാഹ്മണനു് ആദിത്യവർമ്മയോടു് അടുത്തു സ്വതന്ത്രമായി പെരുമാറത്തക്കവണ്ണമുള്ള സ്നേഹബന്ധവും ഉണ്ടായിരുന്നിരിക്കാം കവിയ്ക്കു് കൊല്ലം രാജകുടുംബത്തോടുള്ള വേഴ്ചയും ബഹുമാനവും പ്രസ്തുത കാവ്യത്തിൽ പ്രകടമായിരിക്കുന്നുമുണ്ടു്. കൊല്ലത്തേയും രവിവർമ്മ ചക്രവർത്തിയേയും പറ്റി, സന്ദേശത്തിൽ വർണ്ണിച്ചിരിക്കുന്നതെങ്ങിനെയെന്നു നോക്കുക.

“ഏഷാ ഭൂഷാമണിരിവ ഭൂവോ ഹന്ത വേണാടർകോനും
നീയും പാലിച്ച പഗതഭയം വർദ്ധിതാ നാളിൽ നാളിൽ;
ഇന്ദ്രോപേന്ദ്രക്ഷപിതദനുജോപദ്രവാമദ്യ മന്യേ
നാണിക്കിന്റോളമര നഗരീം നാമമാത്രാവശേഷാം
രമ്യശ്രീമന്നയനസുഭഗം മറ്റുമോരോപദാർത്ഥാ-
ന്നാട്ടാർ വർണ്ണിപ്പതു പുനരിദം കേവലം കൊല്ലമെന്റേ;
എന്റാലീരേഴുലകിലുമിതിന്നൊപ്പമില്ലൊന്റു ചൊൽവാൻ.
തൊല്ലം കൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ.
അർത്ഥിശ്രേണിക്കഭിമതഫലം നൽകുവാൻ പാരിജാതം
വിദ്വൽ പതമാകരദിനകരം വിശ്വലോകൈകദീപം;
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാർമൽ പുരികുഴലിമാർ മാരനേക്കാണ്ക പിന്നെ.”

രവിവർമ്മ ചക്രവർത്തിയുടെ സദസ്യരായി കവിഭൂഷണൻ, സമുദ്രബന്ധൻ മുതലായ ബിരുദങ്ങളോടുകൂടിയ പല കവികൾ ഉണ്ടായിരുന്നതിനാൽ, അവരിൽ ഒരാൾ തന്നെ ആയിരിക്കാം ഉണ്ണുനീലിസന്ദേശ കർത്താവു് ലീലാതിലക്കാരനും ഉണ്ണുനീലി സന്ദേശകർത്താവും ഒരാൾ തന്നെ ആയിരിക്കില്ലേ എന്നു ശങ്കിപ്പാനും വഴിയുണ്ടു്.

കവിയുടെ കാലം
“വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം;
പ്രാണാപായം കരുതിന തൂലിക്കൻ പടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെന്റു്.”

എന്നു സന്ദേശത്തിൽ തുലുക്കൻ പടയെപ്പറ്റി ഒരു പ്രസ്താവം കാണുന്നതുകൊണ്ടും പ്രസ്തുത കൃതിയുടെ കാലം മാലിക്കാഫരുടെ ആക്രമണകാലമായ 1131- നു ശേഷമായിരിക്കണം.

“നാരീമൗലേ മമ മലർമകൾക്കങ്ങിരിപ്പാന്തിരുപ്പാ-
പ്പൂരെന്റില്ലം വെരളുമിളമാൻകണ്ണി വേണാട്ടിലേക്കു്;
താരാനാഥപ്രതിമ വദനേ, പേരുമാതിച്ചർമ്മൻ
പാരേറീടും പുകളി രവിവർമ്മന്നു രണ്ടാമവൻതാൻ”

എന്ന പദ്യത്തിൽ നിന്നു്, ആദിത്യവർമ്മ, രവിവർമ്മചക്രവർത്തിയുടെ നേരെ അനുജനായിരുന്നുവെന്നു തെളിയുന്നു. അതിനാൽ സന്ദേശകാലം മാലിൿകാഫരുടെ ആക്രമണത്തിനും ആദിത്യവർമ്മയുടെ സിംഹാസനാരോഹണത്തിനും ഇടയ്ക്കാണെന്നു തീർച്ചയാണു്.

തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ,

“സിംഹസ്ഥേ ച ബൃഹസ്പൗ സമകരോ-
ബ്ദേ ച ചോളപ്രിയേ
ഗോശാലാം ച സുദീപികാഗൃഹമഹോ
കൃഷ്ണാലയം മണ്ഡപം;
ഭക്ത്യ ചൈവ യശോർത്ഥമപ്യതിതരാം
ധർമ്മാർത്ഥമപ്യാദരാൽ
സ്യാനന്ദൂരപുരേ സുകീർത്തിസഹിത-
സ്സർവാംഗനാഥോ നൃപഃ”

എന്നു് ഒരു ശാസനം കാണുന്നുണ്ടു്. അതിൽ നിന്നു് അതിന്റെ കാലം ക്രിസ്താബ്ദം 1296-നു് കൊല്ലവർഷം 449-550 ആണെന്നും, അതു് ഒരു സർവാംഗനാഥന്റേതായിരുന്നുവെന്നും മനസ്സിലാക്കാം. എന്നാൽ ആ സർവാംഗനാഥൻ ആദിത്യവർമ്മയായിരിക്കണമെന്നില്ല. സർവ്വാംഗനാഥബിരുദം അനേക രാജാക്കന്മാർക്കുണ്ടായിരുന്നുവെന്നു വരാം.

എന്നാൽ തിരുവമ്പാടിക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയിൽ കാണുന്ന,

“സ്വസ്തി ശ്രീഃ,
ശ്രീഗോഷ്ഠകൃഷ്ണാലയമണ്ഡപാനാം
ഗവാം ച കൃഷ്ണസ്യ ച ഭൂസുരാണാം;
നിവേശനാർത്ഥം കൃതവാൻ നവത്വ-
മാദിത്യവർമ്മാ പരവീരവീരഃ”
“അഹോ! ദൃഷ്ടാ ച ഗോശാലാഹ്യഹോ! ദൃഷ്ടഞ്ച മണ്ഡപം;
അഹോ! കൃഷ്ണാലയം ദൃഷ്ടമഹോ! വക്ഷ്യാമി കിംസഖേ!
ആദിത്യവർമ്മണാ രാജ്ഞാ കൃതമേതത്ത്രയം ജനാഃ;
പശ്യന്തു സസ്പൃഹം നിത്യം ഭജദ്ധ്വം കൃഷ്ണമാദരാൽ.”

എന്ന പദ്യങ്ങളിൽനിന്നു് അദ്ദേഹം ആദിത്യവർമ്മാഭിധനായിരുന്നുവെന്നു് സ്ഫടികംപോലെ തെളിഞ്ഞുകാണാം. എന്നാൽ ഈ ആദിത്യവർമ്മ ഇളമുറയായിരുന്ന കാലത്തു് നാടുവാണിരുന്നതു് രാമവർമ്മയല്ലായിരുന്നതിനാൽ, സന്ദേശഹരൻ ആ ആദിത്യവർമ്മയല്ലായിരുന്നുവെന്നു തീർച്ചയാണു്.

വടശ്ശേരി കൃഷ്ണൻകോവിലിൽ ഇങ്ങനെ ഒരു ശാസനം കാണുന്നുണ്ടു്.

“ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരു-
സ്സാഹിത്യസംഗീതയോഃ
സ്മൃത്യർത്ഥാത്മപുരാണാശാസ്ത്രനിഗമാൻ
ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണൈ-
ശ്ശോഭേകലാനാം കുല-
ന്യഭ്യാസേ യുധി ഭൂപതീംശ്ച വിജയേ
സർവാംഗ നാഥോസ്മ്യതഃ.”
“സാഹിത്യേ നിപുണാഃ കേചിൽ കേചിച്ഛാസ്ത്രേച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ കേചിച്ഛസ്ത്രേ കൃതശ്രമാഃ.
ആദിത്യവർമ്മൻ, ഭവതാ സാമ്യമിച്ഛന്തി തേ കഥം?
പാരംഗതേന വിദ്യാനാമേകാം വിദ്യം സമാശ്രിതാം”

ഈ ശാസനത്തിന്റെ കാലം കൊ. വ. 508 ആയിരുന്നെന്നും തൽസ്ഥാപകൻ സർവാംഗനാഥബിരുദത്തോടുകൂടിയ ഒരു ആദിത്യവർമ്മ ആയിരുന്നെന്നും ഈ പദ്യങ്ങളിൽനിന്നു മനസ്സിലാക്കാേം. 505-ലെ വൈക്കം ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്ന തൃപ്പാപ്പൂർ മൂപ്പു് ആദിത്യവർമ്മ രാജാവും അദ്ദേഹം തന്നെ ആയിരിക്ക​ണം. ഈ ആദിത്യവർമ്മ സിംഹാസനാരോഹണം ചെയ്തതു് കൊ. വ. 511-ൽ ആയിരുന്നു. അതുകൊണ്ടു് സന്ദേശകാലം 486-നും 511-നും ഇടയ്ക്കായിരുന്നുവെന്നു് ഊഹിക്കാം.

“അഞ്ചാംപക്കം വരമിതു തുലോം വാരവും വീരമൌലേ!
നാളും നന്റേ നളിനവനിതയ്ക്കിമ്പനേ മുമ്പിലേതു്;
മേടം വേണാടരിൽ മകുടമേ! രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗം.”

എന്ന സന്ദേശശ്ലോകത്തിൽനിന്നു് ആ കൊല്ലം കർക്കടകവ്യാഴമായിരുന്നുവെന്നു വ്യക്തമാകുന്നു “സിംഹസ്ഥേ ചബൃഹസ്പതൗ” എന്ന ശാസനത്തിൽനിന്നു് 549-ൽ വ്യാഴം കർക്കടകത്തിലായിരുന്നുവെന്നു് അറിയാമെന്നുവരികിലും, അക്കാര്യം സ്വീകാര്യമല്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 486-നും 511-നും ഇടയ്ക്കുള്ള ഒരു കർക്കടകവ്യാഴം ആണു് നമുക്കുകിട്ടേണ്ടതു്. ഇവിടെ ഒരു ആക്ഷേപം ചിലർ പറയാറുണ്ടു്. ‘അഞ്ചാം പക്കം’ ഇത്യാദി ശ്ലോകത്തെ ഗൗരവമായി വിചാരിച്ചു് കാലം നിർണ്ണയിക്കാൻ പാടില്ലെന്നാണു് ആ ആക്ഷേപം. ‘പക്കവും നാളും വാരവും ഗ്രന്ഥനിർമ്മാണം ചെയ്യാറുള്ളതു്?’ എന്നു് ചില പണ്ഡിതന്മാർ ചോദിക്കുന്നു. എന്നാൽ ഇവിടെ ഗണിച്ചോ പഞ്ചാംഗം നോക്കിയോ അറിയേണ്ടതായി യാതൊന്നും പറഞ്ഞിട്ടില്ല. ആണ്ടുകളുടെ പ്രഭവവിഭവാദി നാമങ്ങൾപോലും പണ്ടുള്ളവർക്കെല്ലാം അറിയാമായിരുന്നു. മലയാളികൾ ഓരോ വർഷത്തേയും കർക്കടവ്യാഴം, മകരവ്യാഴം ഇങ്ങനെയുള്ള പേരുകളാലാണു് പറഞ്ഞുവന്നതു്. വ്യാഴം ഉച്ചസ്ഥനായോ നിചസ്ഥനായോ ഇരിക്കുന്ന വർഷങ്ങൾ അവർ പ്രത്യേകിച്ചു് ഓർക്കാതിരിക്കുകയുമില്ല. അതുപോലെ തന്നെ നാളും പക്കവും അറിയാത്തവരും ചുരുക്കമായിരുന്നു. അതിനുംപുറമേ നമ്മുടെ കവി ശുഭമുഹൂർത്തം നോക്കി കാവ്യനിർമ്മാണത്തിനു് ഇരുന്നതായി വിചാരിക്കുന്നതിൽ ആക്ഷേപവുമില്ല. എന്നാൽ, ഇവിടെ നാളും പക്കവും തിഥിയും ഒന്നും നോക്കേണ്ട ആവശ്യവുമില്ല. എന്തുകൊണ്ടെന്നാൽ 485 മുതല്ക്കു് 511-വരെയുള്ള ഇരുപത്തിയാറു കൊല്ലങ്ങൾക്കിടയിൽ കർക്കടകവ്യാഴം 490 മേടം ആയിരുന്നുവെന്നു് നിസ്സംശയം പറയാം.

ഗ്രന്ഥത്തിലെ വിഷയം

ഏറ്റുമാനൂർനിന്നു വടക്കുമാറി സിന്ധുദ്വീപം അഥവാ കടത്തുരുത്തു് എന്നൊരു സ്ഥലമുണ്ടു്. അവിടെ വീരമാണിക്കത്തു് എന്നുകൂടി പേരുള്ള മുണ്ടയ്ക്കൽ എന്നൊരു ഭവനമുണ്ടായിരുന്നു. ആ ഗൃഹത്തിൽ, ഉണ്ണുനീലി എന്നൊരു സ്ത്രീ തന്റെ ഭർത്താവുമായി ഉറങ്ങിക്കൊണ്ടിരിക്കേ ഒരു യക്ഷി വന്നു് നായകനെ എടുത്തു് ആകാശമാർഗ്ഗേണ തെക്കോട്ടു പുറപ്പെട്ടു. തിരുവനന്തപുരത്തിനു നേരേ മുകളിൽ എത്തിയപ്പോഴാണു് നായകൻ ഉണർന്നു് തന്റെ ദുർഘടസ്ഥിതി ഗ്രഹിച്ചതു്. അദ്ദേഹം അപ്പോൾ നരസിംഹമന്ത്രം ജപിക്കയാൽ, യക്ഷി ഭയപരവശയായി അദ്ദേഹത്തിനെ അവിടെ വിട്ടിട്ടു പൊയ്ക്കളഞ്ഞു. വലിയ കേടൊന്നും പറ്റാതെ നായകൻ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപമുള്ള ഒരു ഉദ്യാനത്തിൽ വന്നുവീണു. ദിക്കേതെന്നു് അറിയാതെ പരിഭ്രമിച്ചിരിക്കവേ, ക്ഷേത്രത്തിലെ പ്രഭാതസ്തുതി കേൾക്കയാൽ, ആ സ്ഥലം ഏതെന്നു് അദ്ദേഹം ഗ്രഹിക്കയും ക്ഷേത്രത്തിന്റെ വാതിൽ മടത്തിൽ കയറി ഇരിക്കയും ചെയ്യുന്നു. ആ അവസരത്തിൽ തൃപ്പാപ്പൂർ മൂപ്പായ ആദിത്യവർമ്മമഹാരാജാവു് അവിടെ എഴുന്നുള്ളുന്നു. നായകൻ അദ്ദേഹത്തിനെ നായികയുടെ അടുക്കലേക്കു് ഒരു സന്ദേശവും കൊടുത്തു് അയയ്ക്കുന്നു. ഇതാണു് പ്രസ്തുത ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.

പ്രതിപാദനരീതി

കവി നല്ല ആശയസമ്പത്തിയും തദനുരൂപമായ വചോവിലാസവും ഉള്ള ആളാണെങ്കിലും ഇക്കാവ്യം സന്ദേശകവികളെ ആക്ഷേപിക്കാനായി എഴുതിയതല്ലയോ എന്നു ശങ്കിക്കാൻ വഴി കാണുന്നുണ്ടു്. അസാംഗത്യത്തിൽ നിന്നു സാംഗത്യത്തെ ഉത്ഭാവനം ചെയ്ക എന്നതു് ഹാസ്യത്തിന്റെ വ്യവച്ഛേദകധർമ്മങ്ങളിലൊന്നാകുന്നു. നായകൻ വക്ഷോദേശത്തിൽ സുരതവ്യാകുലയായിരുന്ന നായികയെ വഹിച്ചുകൊണ്ടു് ഉറങ്ങവേ ആണല്ലോ, യക്ഷി വന്നു് അദ്ദേഹത്തിനെ അപഹരിക്കുന്നതു്. ഇവിടെ കവി ശുകസന്ദേശകാരന്റെ വിപ്രലംഭശൃംഗാരാവതരണരീതിയെ മന്ദമായി അപഹസിക്കുകയയാണു ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. ഉറങ്ങിക്കിടന്നിരുന്ന നായികയെ യക്ഷി എടുത്തു മാറ്റിക്കിടത്തിയോ, അതോ നിലത്തു തള്ളിയിട്ടേച്ചു പോന്നോ എന്നുള്ളതു് ദൈവത്തിനുതന്നെ അറിയാം. നരസിംഹമന്ത്രം ജപിച്ച മാത്രയിൽ, നായകൻ യക്ഷിയുടെ പിടിയിൽ നിന്നു് വിമുക്തനാവുന്നു. എന്നാൽ താഴെ വീണു നുറുങ്ങിപ്പോവാഞ്ഞതും മന്ത്രശക്തിയാലായിരിക്കുമോ? യക്ഷി പരിഭ്രമത്തിനിടയിൽ നായകനെ നിലത്തു കൊണ്ടുവെച്ചിട്ടു പോയിരിക്കയില്ല; തീർച്ചതന്നെ. ഏതാണ്ടൊരു അസ്വാസ്ഥ്യം മാത്രം നായകനു വന്നുചേർന്നതേയുള്ളു. അങ്ങിനെ വരുത്തിയിരിക്കുന്നതു്, സന്ദേശത്തിനു് അവസരം ഉണ്ടാക്കാൻ വേണ്ടി മാത്രമാകുന്നു. ആപദ്ഗർത്തത്തിൽ പതിച്ചിരിക്കുന്ന അവസരത്തിൽ ഭക്തിയില്ലാത്തവർപോലും ഈശ്വരനാമത്തെ സ്മരിക്കാതിക്കയില്ല. എന്നാൽ ‘ശ്രീപത്മനാഭ’ എന്നൊരു വാക്കു് ഉച്ചരിക്കുന്നതായി കാണുന്നില്ല. അങ്ങിനെ ഇരിക്കെ യദൃച്ഛയാ ആദിത്യവർമ്മമഹാരാജാവു് അവിടെ എത്തുന്നു. അദ്ദേഹത്തിനെ സന്ദേശഹരനാക്കി വിടാൻ ആലോചിക്കുന്ന ഘട്ടം വരുമ്പോൾ ആരും ചിരിച്ചുപോകും. ആർത്തത്രാണം രാജധർമ്മംതന്നെയെങ്കിലും ഇങ്ങനെ വിരഹഖിന്നന്മാർക്കു വേണ്ടി, ഗൗരവമേറിയ പലേ ചുമതലകൾ വിട്ടിട്ടു്, മറ്റു രാജ്യത്തേക്കു പോകുക എന്നുള്ളതു്, ഒരു രാജാവിന്റെയും കർത്തവ്യകോടിയിൽപ്പെട്ടതല്ല. മുകിലപ്പടയുടെ കാലമാണു്. ആ അവസരത്തിൽ തനിച്ചു് ആളകമ്പടിയൊന്നും കൂടാതെ, ഒരു കാമിയെ ആശ്വസിപ്പിക്കാനായി വടമധുരയ്ക്കു പോകുക എന്നതു സംഗതമേയല്ല.

‘കാമാർത്താ ഹി പ്രകൃതികൃപണാശ്ചേതനാചേതനേഷ്ഠ’

എന്നു കാളിദാസൻ പറഞ്ഞിരിക്കുന്ന സമാധാനം ഇവിടെ യോജിക്കുന്നില്ല. ‘എവിടെ കാമുകനാം വിവേകം’? എന്നു് നമ്മുടെ കവിയും കാളിദാസനെ അനുകരിച്ചു ചോദിക്കുന്നുണ്ടു്. പക്ഷേ ഈ രണ്ടു കല്പനകൾക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഏതു നിലയിലുള്ള ഏതു കാമുകനായിരുന്നാലും, മഹിതപ്രഭാവനായ ഒരു രാജാവിനോടു് ഇങ്ങനെ പറയുന്ന കാര്യം സംഭാവ്യമേയല്ല. “ഈ രണ്ടു കാവ്യങ്ങളിലേയും നായികമാരുടെ നിലകൾക്കുള്ള ഉൽക്കർഷതാരതമ്യം രസജ്ഞന്മാർക്കുപോലും നല്ലവണ്ണം ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കൂ” എന്നു അഭിജ്ഞോത്തമനായ പ്രസാധകൻ പറഞ്ഞിരിക്കുന്നതിനോടു വിയോജിക്കാനേ തരമുള്ളു. ഉണ്ണുനീലി സന്ദേശം ഒരു ഹാസ്യകവനമല്ലെങ്കിൽ, അതിലെ നായികയെക്കാൾ തീർച്ചയായും മേഘസന്ദേശത്തിലെ നായികയുടെ നിലയ്ക്കുള്ള പുനസ്സമാഗമത്തിൽ പ്രത്യാശ വേരോടെ അറ്റു പോകത്തക്ക നിലയിലാണല്ലോ ഇവിടെ നായകനെ വേർപെടുത്തിയിരിക്കുന്നതും. മേഘസന്ദേശ നായികയ്ക്കു് ഒരു കൊല്ലത്തെ വിരഹദുഃഖമേ അനുഭവിക്കേണ്ടതായിട്ടുള്ളു എന്നു വരുത്തിയിരിക്കുന്നതുകൊണ്ടു്, അതിന്റെ കാഠിന്യത്തിനു് ഒരു കുറവും വരുന്നില്ല. ഉണ്ണുനീലിസന്ദേശത്തിലെ നായകനാകട്ടെ, ഒരു സന്ദേശം അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നുതന്നെ സംശയമാണു്. ഇങ്ങനെയുള്ള അസാംഗത്യങ്ങളിൽനിന്നൊക്കെ വന്നുകൂടുന്നതു് കവി തന്റെ സ്വാമിയും സഖാവുമായിരുന്ന ആദിത്യവർമ്മ മഹാരാജാവിന്റെ പ്രേരണ അനുസരിച്ചു് ഈവിധം ഒരു ഹാസ്യകവനം രചിച്ചതായിരിക്കണമെന്നു മാത്രമാണു്. ‘ആറല്ലോ ചൊല്ലാരസരണൗ സംസ്കൃതപ്രാകൃതനാം’ എന്നു തുടങ്ങി ഏഴെട്ടു ശ്ലോകങ്ങൾ കവി സന്ദേശഹരന്റെ സ്തുതിക്കായിച്ചെലവഴിച്ചിരിക്കുന്നതു തന്നെ മഹാരാജാവു് അദ്ദേഹത്തിന്റെ സ്വാമിയായിരുന്നു എന്നുള്ളതിനു് ഒരു ലക്ഷ്യമാകുന്നു. സന്ദേശഹരന്റെ പരാക്രമങ്ങളും മറ്റും വർണ്ണിച്ചിട്ടു് ഈ കാവ്യത്തിൽ യാതൊരു പ്രയോജനവുമില്ലല്ലോ. അദ്ദേഹത്തിന്റെ പരോപകാരതല്പരതയെ മാത്രമേ പ്രശംസിക്കേണ്ടതായിട്ടുള്ളു. അതാതു സ്ഥലവർണ്ണനകളിലും, ഗൗരവം വിട്ടു്, കവി കണ്ട പെണ്ണുങ്ങളുടെ കഥകളൊക്കെ എടുത്തുപറഞ്ഞിരിക്കുന്നതും നമ്മുടെ ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നു.

എന്തായിരുന്നാലും കവി സാമാന്യനല്ലായിരുന്നു. പ്രശംസനീയമായ കവിതാകൗശലം എല്ലാ ദിക്കിലും കാണുന്നുണ്ടു്. “ഗ്രന്ഥം മുഴുവൻ വായിച്ചുതീരുമ്പോൾ പ്രസ്തുത കവിയുടെ വാഗ്വിലാസവും പദയോജനയിൽ ഉള്ള മധുരകോമളമായ പാടവവും വർണ്ണ്യാനുരൂപമായ വചനകൗശലവും വാച്യസൂച്യങ്ങളുടെ സമ്മിശ്രണവും എളുപ്പത്തിൽ വിട്ടുമാറാൻ ഭാവമുള്ളതായി തോന്നിയില്ല” എന്നു് മി: പി. കെ. നാരായണപ്പിള്ള പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെയാണു്. ‘പടുകൊലക്കാരി’യായ വസന്തത്തിനെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.

“തേന്മാവിന്മേൽപ്പരഭൃതകുലം ഭൃംഗമാലാകലാപം
മാരൻകൂരമ്പുള ചുഴലവും ചെമ്പകക്കാവുതോറും;
തെന്റൽക്കന്റുണ്ടിനിയ ബകുളേ കിംശുകേ കിംശുകാളീ
നാളീകത്താർനളിനിയിലവന്നെങ്ങു നോക്കാവുതെന്റു്.
കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തൂകിത്തൂകിത്തൂഹിനകണികാം തൂർന്ന പൂങ്കാവിലൂടെ;
സ്തോകോന്മീലന്നളിനതെളിതേൻ കാളകൂകടാംബു കോരി-
ത്തേകിത്തോകപ്പവനനവനെച്ചെന്റുകൊന്റാൻ തദാനീം.”

കവി ഒരു ഭക്തൻ കൂടിയായിരുന്നുവെന്നു്,

“കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽ കലിതചികുരം പീതകൗശേയവീതം;
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലന്തവനിയതവും കോയിൽകൊൾകെങ്ങൾചേതഃ”

കോൾമയിർക്കൊള്ളാതെ ഈ പദ്യത്തെ ആർക്കും വായിക്കാൻ സാധിക്കയില്ല.

ഉത്തരസന്ദേശം അതിമനോഹരമായിട്ടുണ്ടു്. ഉണ്ണുനീലിയുടെ വിരഹദശയെ വർണ്ണിക്കുന്ന ഭാഗത്തുനിന്നും ചില ശ്ലോകങ്ങളെ ഇവിടെ ഉദ്ധരിക്കാം.

“എന്നോടുണ്ടാം പ്രഥമവിരഹവ്യാകുലം നൂനമിന്നോ
തന്വീമാലാ ശിശിരമഥിതം താമരപ്പൊയ്കപോലെ;
അന്യാകാരം വഹതി തിരുമെയ് മിക്കവാറും മൃഗാക്ഷി
മുന്നേ ലക്ഷ്മീം കിമു കുമുദിനീ യാതി ശീതാംശുഹീനാ.
കണ്ടിക്കാർമൽകുഴലിടകലർന്നങ്ങു ചിക്കിത്തുവർത്താ-
ഞ്ഞുണ്ടേപ്പാനായുടനുടനെഴും ദീർഘനിശ്വാസഖിന്നാ,
തൊണ്ടിച്ചെവ്വായ് നയനശഫരീനീലതാം നീലനേത്രം
തൊണ്ടിച്ചെവ്വാവടിവുമിയലാമശ്രുപാതാതിരേകാൽ.
വേണുശ്രീമന്മധുരവചനാം വീരമൗലേ സഖീം തേ
കാണക്കൂടുമ്പൊഴുതറിയലാമെങ്കിലും പങ്കജാക്ഷീം;
ക്ഷീണക്ഷീണാം വിഗതഹരിണാമിന്ദ്രദിക് ചന്ദ്രരേഖാം
കാണുന്നേരത്തതു കരുതിനോരന്യഥം മന്നിലാർപോൽ.
മറ്റും ചൊല്ലാം കുശൽമനസിജക്ലേശിനീം കുറ്ററുപ്പാൻ
ചുറ്റും മേവും നിജസഹചരീവർഗ്ഗമെൻവാർത്തകൊണ്ടു്;
മുറ്റും മാദ്ധ്വീം ചെവി നിറയുമാറങ്ങു തൂവും ദശായാ-
മിറ്റിറ്റോലും നയനസലിലം വീക്ഷതേ പ്രാണനാഥാ,
നീലക്ഷൗമം പുറ പുറയുമിട്ടുത്തമേ മെത്തമേലാ
നീലപ്പാത്തിൻ പരിചെഴുമിളത്തൂയലാം തൂലഭാജി
ചാലത്താലുറ്റുടനുടനുരുണ്ട സ്ഥിരസ്ഥനശയ്യാ
തോലിത്താഴത്തവശപതിതാ രോദിതി പ്രാണനാഥാ.
പണ്ടേപ്പോലെതെളിവിനൊടുണർന്നൊന്റെഴുന്നിറ്റിരുന്നേ
വണ്ടാർകോലക്കുഴലഴി കുളിർത്തൊന്റു നോക്കീട്ടു മന്ദം;
കേഴാതെ നീ കുളികുറിയിടെന്റിങ്ങനേ ചൂഴനിന്റ-
ത്തോഴീവർഗ്ഗേ വദതി ശയിതാ വാഥ കേളാതപോലെ.
ദേവീം നിദ്രാമഭിമതഫലപ്രാപണേ കല്പവല്ലീ-
മാവാഹിപ്പാൻ വദനകമലേ പീഠപൂജാം നിധായ;
സേവാഖിന്നാം നിജപരിജനം പോയ്ക്കിടക്കെന്റുണർത്തി-
പ്പൂവാർകോലക്കുഴലി വേറുതേ മീലയന്തീ ദൃശൗ വാ.
ദേവീ നിദ്രാമുപഗതവതീ ചാലനാൾ വേറിരുന്നോ-
രെന്നെക്കണ്ടിട്ടുപഗതമഹാനന്ദസന്ദോഹവേഗാൽ;
അർദ്ധാശോഷ സരഭസമുണർന്നാകുലാ ശോകസന്ധൗ
പണ്ടേതിൽക്കാൾ മുഴുകി മുറയിട്ടങ്ങനേ സംസ്ഥിതാ വാ.”
പുനം നമ്പൂരി

ഇദ്ദേഹം കോഴിക്കോട്ടു മാനവിക്രമ ശക്തൻതമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ ഒരാളായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

“താരത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരിത്താർബാണ! വൈരാകരനികരതമോമണ്ഡലീ! ചണ്ഡഭാനോ!
നേരെത്താതോരുനിയ്യാതൊടുകുറികളയായ്ക്കെന്നുകുളിക്കും-
നേരത്തിന്നപ്പുറം വിക്രമനൃവര! ധര ഹന്ത! കല്പാന്തതോയേ”

എന്ന ശ്ലോകം പുനം നമ്പൂരിയുടേതാകുന്നു. എന്നാൽ മാനവിക്രമൻ എന്ന പേരോടു കൂടിയ ശക്തൻ തമ്പുരാക്കന്മാർ കോഴിക്കോട്ട് ഒന്നിലധികമുണ്ടായിരുന്നു. മങ്ങാട്ടച്ഛന്റെ ഉപദേശാനുസൃതം പോർലാതിരി, വെള്ളാട്ടിരി മുതലായ രാജാക്കന്മാരെ പട വെട്ടി കീഴടക്കിയ സാമൂതിരി, ശക്തൻ എന്ന ഉപാധിയോടു കൂടിയ ഒരു രാജാവായിരുന്നു. അദ്ദേഹം പൊലനാടു്, ഏറനാടു്, നെടുങ്ങനാട് മുതലായ ദേശങ്ങളെ അടക്കി തന്റെ രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. ഇതു് കൊല്ലവർഷം രണ്ടാംശതകത്തിലായിരുന്നു.

ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കൊച്ചിയെ ആക്രമിച്ച സാമൂതിരിയും ഒരു ശക്തൻ തമ്പുരാനായിരുന്നുവെന്നു് മലബാർചരിത്രത്തിൽനിന്നു കാണാം. അദ്ദേഹമാണു് ക്രി. പി. 1498-ൽ കൊടുങ്ങല്ലൂർ വെച്ചു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്തതു്. ആ ഉടമ്പടിപ്രകാരം അദ്ദേഹത്തിനു്, താൻ കീഴടക്കിയ ദേശങ്ങളുടെ ആധിപത്യം ലഭിച്ചുവത്രേ. കൊടുങ്ങല്ലൂർ ക്ഷേത്രം പണി കഴിച്ചതും തൃശ്ശിവപേരൂരിനെ തലസ്ഥാന നഗരിയാക്കിയതും ഈ സാമൂതിരിയായിരുന്നു. അദ്ദേഹം 1502-നും 1504-നും മദ്ധ്യേ കൊച്ചിയുമായി രണ്ടാമതും ഒരു യുദ്ധം നടത്തി വിജയം സമ്പാദിച്ചിട്ടുണ്ടു്. ഇതിനു പുറമേ പോർത്തുഗീസുകാരെ എതിർത്തുനിന്നതും കോലത്തിരിരാജ്യത്തു് രാജ്യാവകാശം സംബന്ധിച്ചുണ്ടായ വഴക്കു ശമിപ്പിച്ചു് ഒരു അവകാശിയെ രാജാവാക്കി വാഴിച്ചതും ഈ ശക്തൻതമ്പുരാനായിരുന്നു.

മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയും ഒരു ശക്തൻതമ്പുരാനത്രേ. അദ്ദേഹം 1663-ൽ കൊച്ചീരാജ്യത്തെ ആക്രമിക്കയുണ്ടായി. പുനം ഇവരിൽ രണ്ടാമത്തെ സാമൂതിരിയുടേയും അദ്ദേഹത്തിന്റെ അനുഗാമിയുടേയും സദസ്യനായിരുന്നുവെന്നു തോന്നുന്നു.

“ജംഭപ്രദ്വേഷി മുമ്പിൽ സുരവരസദസി
ത്വദ്ഗുണൗഘങ്ങൾ വീണാ-
ശുംഭൽപാണൗ മുനൗ ഗായതി സുരസദൃശാം
വിഭ്രമം ചൊല്ലവല്ലേ
കുമ്പിട്ടാളുർവശിപ്പെണ്ണകമലമുല-
ഞ്ഞൂ മടിക്കുത്തഴിഞ്ഞൂ
രംഭയ്ക്കഞ്ചാറുവട്ടം കബരിതിരുകിനാൾ
മേനകാ മാനവേദം”

എന്ന പദ്യത്തിൽ കാണുന്ന മാനവേദൻ മാനവേദചമ്പുവിന്റെ കർത്താവായിരിക്കണമെന്നില്ല. അതു് ശക്തൻതമ്പുരാന്റേയോ അദ്ദേഹം ഏറനാട്, നെടുങ്ങനാട് മുതലായ ദേശങ്ങളെ തന്റെ കീഴിൽ ഭരിക്കുന്നതിനായി ഏറാൾപ്പാട്, എടത്രാപ്പാട്, മൂന്നാർപ്പാട്, നെടുത്രാപ്പാട് എന്ന സ്ഥാനങ്ങളോടു കൂടി നിയോഗിച്ചിരുന്ന ഭാഗിനേയന്മാരിൽ ആരുടെ എങ്കിലുമോ പേരായിരുന്നു എന്നു വരാം. മാനവിക്രമൻ എന്നതു് കോഴിക്കോട്ടു രാജവംശത്തിലെ രാജാക്കന്മാർക്കുള്ള മാറാപ്പേരായിരുന്ന സ്ഥിതിക്കു് മാനവേദൻ മാനവിക്രമനും രണ്ടാളായിരുന്നുവെന്നു വരണമെന്നില്ല.

പതിനെട്ടരക്കവികളിൽ ഒരാളായ ചേന്നാസ്സു നമ്പൂരി തന്ത്രസമുച്ചയം നിർമ്മിച്ചതു് കൊല്ലവർഷം 604-ൽ ആയിരുന്നുവെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് പുനത്തിന്റെ കാലവും ഏതാണ്ടു് അതേ കാലത്തുതന്നെ ആയിരിക്കണമെന്നും തീർച്ചയാണു്. പുനം ആ സദസ്സിൽ അരക്കവിയായി ഗണിക്കപ്പെട്ടതു് അദ്ദേഹത്തിന്റെ കവിതയ്ക്കു ഗുണം കുറഞ്ഞിരിക്കുന്നതുകൊണ്ടായിരിക്കയില്ല. അദ്ദേഹം പ്രായം കൊണ്ടു മാത്രമേ അരക്കവി ആയിരിക്കയുള്ളു. രാമാഭിഷേകകാലത്തു് പറങ്കിത്തൊപ്പി ധരിച്ചും ആളുകൾ വന്നിരുന്നതായി പറഞ്ഞിരിക്കുന്നതിനാൽ ആ കാവ്യം രചിച്ചതു്, വാസ്കോഡിഗാമയുടെ ആഗമനകാലമായ 673-നു ശേഷമായിരിക്കണം. ഈ ഒരു തെളിവുകൊണ്ടുതന്നെ, പുനം ചേന്നാസ്സുനമ്പൂരിയെക്കാൾ വളരെ ചെറുപ്പമായിരുന്നുവെന്നു് ഊഹിക്കാം. ഏതായാലും പുനം നമ്പൂരി ഉള്ളൂർ മി. പരമേശ്വരയ്യരും, കോളത്തേരി മി. ശങ്കരമേനോനും വിചാരിക്കുംപോലെ ആറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നുവെന്നു് ഊഹിപ്പാൻ ഒരു നിവൃത്തിയുമില്ല. മി. ശങ്കരമേനോൻ പറയുന്നു:-

“ഈ പ്രൗഢഗ്രന്ഥം എഴുതിയ കാലത്തു് നമ്പൂരിക്കു് 50 വയസ്സിൽ കുറവില്ലെന്നു വിചാരിക്കുന്നതിൽ വലിയതെറ്റു വരുമെന്നു തോന്നുന്നില്ല. അതുകൊണ്ടു് പുനത്തിനും അക്കാലത്തു് ഏതാണ്ടു് അത്രതന്നേ വയസ്സു കാണും. അങ്ങിനെയാണെങ്കിൽ പുനം നമ്പൂരി കൊല്ലവർഷം 580-നു ശേഷം പ്രബന്ധരചനയിൽ ഏർപ്പെട്ടതായി വിചാരിക്കാം.”

ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പ്രൗഢഗ്രന്ഥം തന്ത്രസമുച്ചയമാണു്. അങ്ങിനെ ഒരു ഗ്രന്ഥം രചിക്കുന്നതിനു് 50 വയസ്സിനു മേലേ സാധിക്കയുള്ളു എന്നു ഖണ്ഡിച്ചു പറയത്തക്ക വൈദ്യശാസ്ത്രപരിജ്ഞാനമോ ജ്യോതിശ്ശാസ്ത്രനൈപുണിയോ ഈയുള്ളവനില്ല. എന്നാൽ മുപ്പതു വയസ്സു തികയുന്നതിനു മുമ്പു് ഇതിനെക്കാൾ സഹസ്രാധികം മടങ്ങു് പ്രൗഢങ്ങളായ ഒട്ടുവളരെ ഗ്രന്ഥങ്ങളെ ഓരോരുത്തർ രചിച്ചിട്ടുള്ളതായി നാം അറിയുന്നുണ്ടു്; ശങ്കരഭാഷ്യം മുതലായവതന്നെ അതിനു ലക്ഷ്യങ്ങളാകുന്നു. മി: ശങ്കരമേനോന്റെ ഊഹം ശരിയാണെങ്കിൽ, പോർത്തുഗീസുകാരുടെ വരവുകാലത്തു്, അദ്ദേഹത്തിനു് 120-ൽപരം വയസ്സു് കാണണം. അതുകൊണ്ടു് പുനം കേവലം പ്രായംകൊണ്ടു മാത്രം അരക്കവിയായി ഗണിക്കപ്പെട്ടതാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 600-നും 700-നും മധ്യേ ആയിരുന്നുവെന്നും മാത്രമേ തൽക്കാലം തീർച്ചപ്പെടുത്താൻ സാധിക്കയുള്ളൂ.

പുനത്തിന്റെ പേരും ജീവിതത്തെ സംബന്ധിച്ച വിവരങ്ങളും ഇപ്പോഴും അജ്ഞാതപ്രായമായിരിക്കുന്നു. ഈയിടയ്ക്കു് ഭരതചരിതം എന്നൊരു കേരളീയ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ കർത്താവു് ഒരു കൃഷ്ണകവിയായിരുന്നുവെന്നും നമുക്കറിയാം. ചന്ദ്രോത്സവത്തിലും ആ കൃതിയിലും പൂർവകവികളെ സ്മരിച്ചിരിക്കുന്ന രീതികൾക്കു് അത്യന്തം സാദൃശ്യം കാണുന്നു. ചന്ദ്രോത്സവകർത്താവു് പുനത്തിന്റേയും ഒരു ശങ്കരന്റെയും രാഘവന്റെയും പേരുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നേയുള്ളു. അതുകൊണ്ടു് ഭരതചരിതം പുനത്തിന്റെ കൃതിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പേരു് കൃഷ്ണനെന്നായിരുന്നുവെന്നും, ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ ഒരു ശിഷ്യനായിരുന്നുവെന്നും ഊഹിക്കരുതോ? എന്നാൽ ആരുടേയും പേരിൽ പതിയാതെ കിടക്കുന്ന നാമധേയങ്ങളെ കണ്ടമാനം ഇഷ്ടമുള്ളവർക്കു പതിച്ചുകൊടുക്കുന്നതിനു് ധൈര്യമുള്ളവർക്കേ സാധിക്കൂ. അതുകൊണ്ടു് ഈ വിഷയത്തിൽ ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ക്ഷണിക്ക മാത്രമേ ഞാൻ ചെയ്യുന്നുള്ളു. പക്ഷേ, ഒരു കാര്യം അവരെ ഓർമ്മപ്പെടുത്തേണ്ടതായിട്ടുണ്ടു്. കേരളത്തിൽ ശങ്കരകവികളെന്നപോലെ കൃഷ്ണകവികളും ഒന്നിലധികമുണ്ടായിരുന്നു പുരുഷകാരം എന്ന വ്യാകരണഗ്രന്ഥത്തിന്റേയും അഭിനവകൗസ്തുഭമാലയുടേയും ദക്ഷിണാമൂർത്തിയായിരുന്നുവെന്നാണു് അറിയുന്നതു്. മാനമേയോദത്തിന്റെ പ്രമേയപ്രകരണം രചിച്ച നാരായണഭട്ടതിരിയുടെ ഗുരുക്കന്മാരിൽ ഒരാൾ കൃഷ്ണനായിരുന്നുവെന്നു്,

‘കൃഷ്ണാൽകാവ്യാർത്ഥമീമാംസകപരിവൃഢതഃകാവ്യമാർഗ്ഗാവഗന്താ എന്ന ശ്ലോകപാദത്തിൽനിന്നും ഗ്രഹിക്കാം. ഈ നാരായണ ഭട്ടതിരി ദക്ഷിണഭോജനെന്ന പ്രസിദ്ധനായ ഒരു ശക്തൻതമ്പുരാന്റെ സദസ്യനുമായിരുന്നു.

“യൽകീർത്തിന്നർഹിമാതിഹന്തമഹതി ബ്രഹ്മാണ്ഡഭാണ്ഡോദരേ
യസ്യാജ്ഞാം പ്രണതൈഃ ശിരോഭിരനിശം ധത്തേ നൃപാണാം ഗണഃ;
സോയം നാടകതർക്കകാവ്യനിപുണഃ പ്രജ്ഞാതപാതഞ്ജലോ
ഭക്തശ്ചക്രിണി മാനവേദനൃപതിർജ്ജാഗർത്തിധാത്രീതലേ.
(മാനമേയോദയം)

എന്ന ശ്ലോകം നോക്കുക. കൃഷ്ണനാട്ടത്തിന്റെ കർത്താവായ സാമൂതിരിപ്പാടിന്റെ ഗുരുവും ഒരു കൃഷ്ണനായിരുന്നത്രേ. അതിനാൽ വളരേ ആലോചിച്ചേ ഈ വിഷയത്തിൽ എന്തെങ്കിലും പറവാൻ തരമുള്ളു.

പുനത്തിന്റെ കൃതികൾ

പുനത്തിന്റെ കൃതികളെപ്പറ്റിയും അഭിപ്രായവ്യത്യാസം ധാരാളമുണ്ടു്. ഇരുന്നൂറിൽപരം ഭാഷാചമ്പൂഗ്രന്ഥങ്ങൾ ഉള്ളതായിട്ടാണു് അറിവു്. അവയിൽ മിക്കവയും പുനത്തിന്റേതാണെന്നാണു് പറഞ്ഞുവരുന്നതു്.

‘ഗദ്യപദ്യൈരനേകൈഃ’ എന്ന ചന്ദ്രോത്സവ പദ്യഖണ്ഡത്തെ ആധാരമാക്കി നോക്കിയാൽ പുനം അനേകം ചമ്പുക്കൾ രചിച്ചിട്ടുണ്ടെന്നു കാണാം. നാരായണീയം ചമ്പുവിന്റെ അവതാരികയിൽ, ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾ തന്നെയായിരിക്കണമെന്നും, അവ രണ്ടും പുനത്തിന്റെ കൃതികളായിരിക്കാൻ തരമില്ലെന്നും അഭിപ്രായപ്പെട്ട കോളത്തിരി മിസ്റ്റർ ശങ്കരമേനോൻ തന്നെ ഈയിടയ്ക്കു് ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ 15-ാം ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള രാമായണചമ്പുവിന്റെ അവതാരികയാൽ, നേരെ വിപരീതമായി ഇങ്ങനെ എഴുതിയിരിക്കുന്നു:-

“പുനം നമ്പൂരി എഴുതിയിരിക്കുന്ന സകല കൃതികളുടേയും ഒരു പട്ടിക ഇവിടെ കൊടുക്കാൻ സാധിക്കുന്നതല്ല. രാവണോത്ഭവം മുതൽ ശ്രീരാമന്റെ സ്വർഗ്ഗാരോഹണപര്യന്തമുള്ള സകല രാമായണകഥകളേയും, ഭാരതകഥകളേയും ഇപ്രകാരം എഴുതിയിരിക്കാനിടയുണ്ടെന്നു് ഊഹിക്കാൻ ചില ലക്ഷ്യങ്ങൾ ഇല്ലാതില്ല. ഇവയ്ക്കു പുറമേ, നാരായണീയം, രാജരത്നാവലീയം, ചെല്ലൂർനാഥോദയം മുതലായ അനേകം കഥകളേയും അദ്ദേഹം തന്നെ ചമ്പുക്കളായി എഴുതിയിട്ടുള്ളതായി വിചാരിക്കാവുന്നതാണു്.” ഇപ്രകാരമൊരു തകടംമറിച്ചിലിനു മതിയായ യുക്തിയൊന്നും അദ്ദേഹം എടുത്തു കാണിച്ചിട്ടുമില്ല. “ഒരു കൃതി പ്രാചീനമായിരിക്കയും ഗ്രന്ഥകർത്താവു് അജ്ഞാതനായിരിക്കയും ചെയ്താൽ പുനത്തിനു് ആ ഗ്രന്ഥവുമായി എന്തെങ്കിലും ഒരു സംബന്ധം കല്പിക്കയാണു് ഇപ്പോഴത്തെ പതിവു്” എന്നു് അങ്ങിനെ ചെയ്യുന്നവരെ അധിക്ഷേപിക്കാൻ പുറപ്പെട്ട മി. മേനോൻ ഇതാ ആ ആക്ഷേപഭാരതത്തേ സ്വയം പേറിയിരിക്കുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതും ഉണ്ടായിരിക്കാമെന്നു് ഊഹിക്കുന്നതും ആയ മിക്ക ചമ്പുക്കളും പുനത്തിന്റേതായിരിക്കണമെന്നു പറവാൻപോലും അദ്ദേഹം മടിക്കുന്നില്ല. കൊടിയവിരഹത്തിന്റെ കർത്താവു് പയ്യൂർ പട്ടേരിമാരിൽ ഒരാളായിരിക്കണമെന്നു് അതിന്റെ അവതാരികയിൽ പറഞ്ഞിട്ടു് ഇപ്പോൾ പറയുന്നതെന്താണെന്നു നോക്കുക:–

“രാജരത്നാവലിയത്തിലെ അനേകം ഭാഷാപദ്യങ്ങൾ കൊടിയവിരഹത്തിലും, അപ്രകാരം അതിലെ ചില പദ്യങ്ങൾ നാരായണീയം, കംസവധം, രാമായണം മുതലായ ചമ്പുക്കളിലും കാണുന്നുണ്ടു്. ഭാഷാപദ്യങ്ങൾ അന്യഗ്രന്ഥങ്ങളിൽനിന്നു് എടുത്തുചേർക്കുന്ന സമ്പ്രദായം ചമ്പൂകർത്താക്കന്മാർക്കില്ലാതിരുന്നതുകൊണ്ടു് ഈ വക കൃതികളെല്ലാം ഒരു കവിയുടേതാണെന്നു തന്നേ തീരുമാനിക്കേണ്ടിയിരിക്കുന്നു.”

മുമ്പു മുമ്പുണ്ടായ ചമ്പുക്കളിലെ പദ്യങ്ങൾ പിന്നീടുള്ളവർ പകർത്തിയതായി വരരുതോ എന്നു് ആരെങ്കിലും ചോദിച്ചേക്കുമെന്നു ശങ്കിച്ചിട്ടാണു് ഭാഷാപദ്യങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങിനെ ചെയ്യാറില്ലെന്നു നേരത്തേ പറഞ്ഞുവെച്ചതു്. മലയാള പദ്യങ്ങൾക്കു വല്ല ഭ്രഷ്ടും ഉണ്ടോ? അവയിലെ ആശയങ്ങളെ പകർത്താമെന്നുവരികിൽ, തങ്ങളുടെ ബഹുമതിക്കു പാത്രമായ കവികളുടെ ശ്ലോകങ്ങളെ ഉദ്ധരിക്കാൻ പാടില്ലാത്തതു് എന്തുകൊണ്ടു്? മോഷണമാകാം; സത്യം മാത്രം പാടില്ല. എന്തൊരു വിശേഷപ്പെട്ട നിയമമാണു്! വിശേഷിച്ചു് ഇവിടെ അതാതു കവികൾ തന്നെ ഉദ്ധരിച്ചതാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലതാനും. ചാക്യാന്മാർ തമിൾനാടകക്കാർ ചെയ്യുംപോലെ അവസരോചിതമായി മറ്റു കാവ്യങ്ങളിലെ പദ്യങ്ങൾ കൂട്ടിച്ചേർത്തതാണെന്നു വരരുതോ? ഇപ്പോൾ കാണുന്ന ഗ്രന്ഥങ്ങളിൽ എന്തെല്ലാം ആരെല്ലാം കൂട്ടിച്ചേർത്തുകാണും. ശാകുന്തളം തന്നെ നിർണ്ണയസാഗരക്കാരുടെ പാഠത്തിൽനിന്നു് എത്രയോ ഭിന്നമായിരിക്കുന്നു അഭിരാമന്റെ പാഠം. ബംഗാളികളുടെ ശാകുന്തളത്തിനു് ദാക്ഷിണാത്യരുടേതിന്റെ ഇരട്ടിയിലധികം വലിപ്പമുണ്ടു്. കാളിദാസൻ ദേശംതോറും അധിവസിക്കുന്ന ഭിന്നഭിന്ന ജനതയുടെ രുചിഭേദമനുസരിച്ചു് അനേകമാതിരി ശാകുന്തളങ്ങൾ എഴുതിവെച്ചിരിക്കയല്ലല്ലോ. അതുപോലെ തന്നെ ചാക്യാന്മാർ ചിലതൊക്കെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകാണുമെന്നു വിചാരിക്കാവുന്നതാണു്. പരമാർത്ഥം പറയുന്നതായാൽ എല്ലാ ചമ്പുക്കൾക്കും ഒരേ കലയിൽ ഉണ്ടായ കായ്കൾക്കെന്നപോലെ പരസ്പരസാദൃശ്യം കാണുന്നുണ്ടു്. അതുകൊണ്ടുമാത്രം അവയെല്ലാം ഒരേ ആളുടേതാണെന്നു പറയാവുന്നതല്ല.

രാജരത്നാവലീയം കൊച്ചിയിലെ രാമവർമ്മരാജാവിന്റെ പ്രതാപാതിശയത്തേ വർണ്ണിക്കുന്ന ഒരു കാവ്യമാണു്. കോഴിക്കോട്ടു രാജാവിന്റെ ഒരു സദസ്യൻ അദ്ദേഹത്തിന്റെ പരമശത്രുവായിരുന്ന കൊച്ചീരാജാവിനെ പുകൾത്തി ഒരു കവിത നിർമ്മിച്ചുവെന്നു വിചാരിക്കുന്ന കാര്യം കുറേ പ്രയാസം തന്നെയാണു്. രാജരത്നാവലീയം കാശിക്കു് എഴുന്നള്ളിയ രാജവർമ്മരാജാവിന്റെ അപദാനങ്ങളെയാണു് വർണ്ണിക്കുന്നതെന്നുള്ള ഐതിഹ്യം ശരിയാണെങ്കിൽ, അദ്ദേഹം നാടുനീങ്ങിയതു് ‘ശാസ്താസ്വസ്ഥഃ പൃഥിവ്യാഃ’ എനഅന കലിദിവസത്തിനു തുല്യമായ 776 മേടം 21-ാനു ആയിരുന്നു. ഈ രാമവർമ്മരാരജാവിന്റെ അനുജനും അടുത്ത പിൻഗാമിയും ആയിരുന്ന വീരകേരളതമ്പുരാനത്രേ തെങ്കൈലാസനാഥോദയചമ്പുവിന്നു വിഷയമായ തൃശ്ശിവപേരൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതു്. അതിനാൽ രാജരത്നാവലീയത്തിന്റേയും തെങ്കൈലാസനാഥോദയത്തിന്റേയും കർത്താവു് പുനമല്ലെന്നു തീർച്ചയാണു്.

നാരായണീയവും ഭാരതചമ്പുവും ഒരാളുടെ കൃതിയായിരിക്കണം.

“പാലാഴിത്തയ്യലാൾതൻതിരുനയനകലാ
ലോലലോലംബമാലാ
ലീലാരംഗം ഭുജംഗേശ്വരമണിശയനേ
തോയരാശൌ ശയാനം;
മേലേ മേലേ തൊഴുന്നേൻ ജഗദുദയപരി-
ത്രാണസംഹാദരക്ഷം
ലോലാത്മാനം പദാന്തപ്രണതസകലദേ-
വാസുരം വാസുദേവം.”

എന്ന മംഗളപദ്യം രണ്ടിലും കാണുന്നു. മറ്റൊരു കവിയുടെ മംഗളപദ്യത്തെ ആരും എടുത്തു് തന്റെ കൃതിയിൽ ചേർക്കുകയില്ല. ചാക്യന്മാരും ഈ വിഷയത്തിൽ കൈകടത്തിക്കാണുകയില്ലെന്നു സംശയം കൂടാതെ പറയാം. നാരായണീയം എന്ന പേരുകൊണ്ടു് കവിയുടെ നാമധേയവും നാരായണനെന്നായിരുന്നുവെന്നു് ഒരു ഊഹത്തിനു വഴിയുണ്ടു്. ഇരവിപുരഗ്രാമത്തിലെ ഒരു നാരായണകവി ആയിരുന്നിരിക്കാം രാമായണചമ്പുവിന്റേയും കർത്താവു് ഒരാൾ ആയിരിക്കില്ലെന്നു് മിസ്റ്റർ പരമേശ്വരയ്യരും സമ്മതിക്കുന്നുണ്ടു്. അദ്ദേഹം കല്യാണസൌഗന്ധികം ചമ്പുവിന്റെ അവതാരികയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:–

“കവനോദയം മാസികയിൽ …പത്തു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ഭാരതചമ്പു ആ മഹാകവിയുടെ കൃതിയോ എന്നുള്ളതിനെപ്പറ്റി സന്ദേഹമുണ്ടു്.”

രാമായണചമ്പു പുനത്തിന്റെ കൃതിയാണെന്നാണു് പരക്കെയുള്ള വിശ്വാസം. ചെല്ലൂർ മാഹാത്മ്യവും ഒരുപക്ഷേ അദ്ദേഹത്തിന്റെ കൃതിതന്നെ ആയിരിക്കകാം.

രാമായണചമ്പു

പുനം രാമായണകഥ മുഴുവനും ചമ്പുക്കളായി രചിച്ചിട്ടുണ്ടു്. അവയിൽ ചിലതിനെ കൂട്ടിച്ചേർത്തു് ‘രാമായണചമ്പു’ എന്ന പേരിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടു് ഒരു വ്യാഴവട്ടത്തിൽ കൂടുതലായിരിക്കുന്നു. ആ പ്രസിദ്ധീകരണം അസമ്പൂർണ്ണമെങ്കിലും അതിനു് ചില വിഷയങ്ങളിൽ ഇപ്പോൾ ശ്രീ. മൂ. ഭാ. ഗ്രന്ഥാവലിയുടെ 15-ാം അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ചമ്പുവിനെക്കാൾ മേന്മയുണ്ടായിരുന്നു. അതിന്റെ പ്രസാധകന്മാർ പാഠങ്ങളെ കണ്ടമാനം മാറ്റുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രസാധകന്മാർക്കു പാഠഭേദം ചെയ്വാനുള്ള അധികാരമേ ഇല്ലല്ലോ. തങ്ങൾ ഉപയോഗിക്കുന്ന ആദർശഗ്രന്ഥങ്ങളിൽ കാണുംവിധം തന്നേ പകർത്തേണ്ട ജോലിയേ അവർക്കുള്ളു. പാഠാന്തരങ്ങളുണ്ടെങ്കിൽ ഫുട്നോട്ടിട്ടു ചേർക്കുന്നതാണു് കൊള്ളാവുന്നതു്. ശ്രീമൂലം ഗ്രന്ഥാവലിയിലെ രാമായണചമ്പു, പുനത്തിന്റേതെന്ന പോലെ ക്യൂറേറ്റർ ആപ്പീസുകാരുടേയും കൃതിയാണു്.

ഈ ഗ്രന്ഥത്തെ അടിമുതൽ മുടിവരെ വിമർശിക്കുന്നതിനു സ്ഥലം അനുവദിക്കുന്നില്ല. സീതാസ്വയംവരത്തെപ്പറ്റി മാത്രം അല്പം പറയാമെന്നു വിചാരിക്കുന്നു. അഹല്യാമോക്ഷം കഴിഞ്ഞു് ‘ഭാനുവംശോദ്ഭവാനാം മാണിക്യോത്തംസരത്ന’മായ ശ്രീരാമൻ, കുശികതനയാൽ മാനിതനായിട്ടു്, അനുജനോടുകൂടി,

‘നാനാലങ്കാരരഥ്യാവിപണിമണിഗൃഹ’യും

കൗതുകാലോതിലോകശ്രേണീപൂർണ്ണാന്തരാള’യും ‘ചാപോത്സവാഢ്യ’യും ആയ മിഥിലാപുരിയേ പ്രാപിക്കുന്നു. ജനകൻ അവരെ യഥോചിതം സല്ക്കരിക്കുന്നു. ഇവിടെ കവി ഒരു ശ്ലോകംകൊണ്ടു് ജനകന്റെ മാഹാത്മ്യത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

‘കണ്ടാരഗ്രേ നരേന്ദ്രം ജനകമ്മലഭ-
ദ്രാസനേ ഭാസമാനം
തണ്ടാർമാതിൻകടാക്ഷാഞ്ചലകുവലയമാ-
ലാവിലോലാഖിലാംഗം;
കണ്ടോളം കാമ്യരൂപം പുകൾ പെരിയ പര-
ബ്രഹ്മസാക്ഷാൽക്രിയായാ
ഭണ്ഡാരം പാർശ്വഭാഗേ മരുവുമൊരു ശതാ-
നന്ദനാൽ നന്ദ്യമാനം.’

ജനകൻ രാജകുമാരന്മാരെ കണ്ടിട്ടു്

“അതിഗതൗ വിഷയം കിമിഹാശ്വിനൗ
നയനയോരഥ വാ നളകൂബരൗ
സവപുഷാവഥ കിം മധുമാധവൗ
കഥയ മേ മുനികുഞ്ജം, കാവിമൗ?”

എന്നു ചോദിക്കുന്നു. വിശ്വാമിത്രൻ രാമചന്ദ്രന്റെ അതുവരെയുള്ള ചരിത്രത്തെ സംക്ഷേപിച്ചു പറയവേ, അഹല്യാമോക്ഷ കഥ വന്നപ്പോൾ, ശമജലധിയായ ശതാനനൻ,

“………ഹന്ത ദിഷ്ട്യാ
ഭദ്രേണാനേന മാതാ മമ ഹതദുരിതാ
പ്രാപിത ഭർത്തൃപാർശ്വം” എന്നും, ജനകൻ
“അത്രയല്ലേ പുലമ്പുന്നിതു സുചിരമിമൗ
പശ്യതോ മാനസേ മേ
വത്സേ സീതോർമ്മിളേ സാമ്പ്രതം”

എന്നും പറഞ്ഞു പോയി. അനന്തരം രാജാവു് വിശ്വാമിത്രനുമായി സീതാസ്വയംവരത്തെപ്പറ്റി ആലോചിക്കുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെയെല്ലാം കവി മനോഹരമായി വർണ്ണിച്ചിട്ടുണ്ടു്.

“എട്ടാശാച്ചക്രവാളേ ശിവ! ശിവ! പൊടി പൊ-
ങ്ങിപ്പുഴങ്ങും ദശായാം
മുട്ടെക്കേൾക്കായ്ത്തുടങ്ങീ ജയവിരുതു വിളി-
ക്കുന്നതഗ്രേ നൃപാണാം;
ചട്ടറ്റീടുന്ന കൊറ്റക്കുടകളുമിളകീ-
ടും കൊടിക്കൂറ കാറ്റേ-
റ്റൊട്ടൊട്ടാടിക്കളിക്കുന്നതു ഗഗനതലേ
ഹന്ത! കാണായ്ച്ചമഞ്ഞു.”
“കുടകൾ തഴകളോരോന്നൊക്കെ നീളെപ്പിടിപ്പി-
ച്ചിടയിലിടയിൽ വീയിപ്പിച്ചു വെൺചാമരൗഘം;
ഉടനുടനപയാതാസ്താം പുരീം രാജസിംഹാഃ
പടുപടഹനിനാദൈഃ പൂരയന്തോ ദിഗന്താൻ.”

അടിയന്തിരത്തിനായി വന്ന രാജാക്കന്മാരെ ജനകന്റെ മന്ത്രി ഓരോരോ കൈനിലകളിൽ ഇരുത്തി, ‘അമ്ലാനാമോദമാലാഘുസൃണമൃഗമദാലേപതാംബൂല’ മുഖ്യങ്ങളായ പദാർത്ഥങ്ങളാൽ ഉപചരിക്കുന്നു. ‘പണശ്രദ്ധയാ’ ഒട്ടു വളരെ ഭൂദേവന്മാരും ചില പുഴവഴികളും മറ്റും കടന്നു് അവിടെ വന്നുചേരുന്നുണ്ടു്.

“മല്ലും തട്ടിത്തിമിർത്തുണ്ടൊരു പരിഷ; പരേ യഷ്ടിമാലംബ്യമേന്മേൽ
മെല്ലേ മെല്ലേ നടന്നും പെരുവഴിയിലിരുന്നും കുരച്ചും പ്രാകമം;
പല്ലെല്ലാംപോയവർഗ്ഗം പലപൊഴുതുരുവിട്ടുംപരേ; കാണിനേരം
നില്ലാതേഹന്ത! മൃഷ്ടാഷ്ടിയിലധികവിരൺപൂണ്ടുമണ്ടുന്നിതന്യേ”
“എണ്ണേറും വിത്തലോഭാൽ കതിചനസരസം
ബാലനാരീകദംബം
തന്നേ പൂണ്മാൻകൊതിച്ചങ്ങൊരുപരിഷ പരേ
ഹന്ത! ഹുംകാരവേഗാൽ
എന്നെക്കൈക്കൊൾകകത്തെന്നുയരെ മുറവിളി-
ച്ചും വശം കെട്ടുമല്ലോ
കണ്ണും ദിക്കും നുറുങ്ങില്ലൊരുകുറി മിഥിലാ-
ഗോപുരേ ജാതഹാസം”

കവി, ബ്രാഹ്മണനായിരുന്നിട്ടും, തന്റെ സമുദായശരീരത്തിൽ കടന്നുകൂടിയിട്ടുള്ള ദൂഷ്യങ്ങളെ എടുത്തുപറയുവാൻ മടിക്കുന്നില്ല. നമ്പ്യാരെപ്പോലെ, പുനവും ഒരു സമുദായപരിഷ്കാരകന്റെ നിലയിൽ കാണപ്പെടുന്നു.

“പയ്യെപ്പയ്യെത്തിരണ്ടു തദനു കുറുവടിത്തണ്ടുമായമ്മുരമ്പ-
ക്കയ്യന്മാരയ്യ! നീലപ്രഭൃതികളുമണഞ്ഞൂ; കയർത്തൊന്നിനൊന്നായ്;
കയ്യിൽ കൈകോർത്തുകെട്ടിപ്പിടലി പൊളികയും വീഴ്കയും ചാകയു കാൽ
കയ്യെന്നിത്യാദി പൊട്ടിത്തിറവിയ മുറയും ഘോഷമെന്തോന്നു ചൊൽവൂ”

ഇവിടെ നായന്മാരെയാണു് കവി മന്ദമായി ഒന്നു് ഉപഹസിച്ചിരിക്കുന്നതു്.

[16] “പ്രതിഭടവിഘടിനി, വിമതോച്ചാടിനി,
വിശ്വവശങ്കരി, ശത്രുഭയംകരി,
വനിതാമോഹിനി, കനകാവാഹിനി,
മന്മഥസംഗ്രമിമനുഭവബീജം,
ജ്വാലമാലിനി, ലീലാശാലിനി,
പഞ്ചശതാക്ഷരി, വഞ്ചനസാക്ഷിണി.”

ഇത്യാദി മന്ത്രങ്ങൾ ജപിച്ചു് ‘ചടുലം ചില വെടികളിളക്കി’ ‘മാലോകർക്കു വരുന്നതു താൻ കല്പിച്ചു വരുത്തുന്നതാണെന്നു്, എല്ലാവരോടും ഘോഷിച്ചുകൊണ്ടും,

“ആഢ്യത്തൊപ്പിയുമാട്ടിപ്പോരകി-
ലുക്കൻ വടിയും പാലും നെയ്യും
കൂട്ടിച്ചേർത്തുടനാനബ് ഭോഷ്ക്കുക-
ളൊക്കെ നിറപ്പാൻ മാനിച്ചുള്ള ക-
ടാഹംപോലെ വഡ്ഢിയുമായി
കഞ്ഞിപ്പുടവ കയർപ്പിച്ചും കൊ
ണ്ടാനബ ഭോഷ്ക്കുകൾ പലവുതരത്തിലെ-
ടുത്തുവെളിക്കു ജഗൽസു വിരിച്ചും
മാലോകർക്കു സഹിക്കരുതാത്തൊരു
വാനാറ്റംകൊണ്ടൊക്കെ നിറച്ചും’

‘സൗഭാഗ്യകരമായുഷ്യകരം സൗന്ദര്യപ്രദമഖിലാകർഷണ മംഗജ്ജൃംഭണമനുഭവസാരം കലിവിനാശനം’ മുതലായ മന്ത്രങ്ങൾ എഴുതിച്ചേർത്തിരിക്കുന്ന ഗ്രന്ഥക്കെട്ടുകളെ എടുത്തു നടക്കും ശിഷ്യജനങ്ങളും പരികർമ്മികളുമായി,

“ക്ഷോണീപാലഗൃഹങ്ങളിലഭയമ-
ണഞ്ഞും കൊട്ടത്തേങ്ങാ നിഖിലം
ചുട്ടുമുടിച്ചും കട്ടുഭുജിച്ചും
ഓന്തും ചൂണ്ടെലി ചേരത്തടിയൻ
വാലുമെറുമ്പും മായൂരശിഖാ
ഞാഞ്ഞൂലിത്തരമൊക്കെത്തക്കെ വ-
റുത്തുപൊടിച്ചച്ചുടലബ് ഭസ്മം
മേളിച്ചഴകൊടുമപിയുണ്ടാക്കിവി-
ശുദ്ധം ത്രിഭൂവനവശ്യമിതെന്നൊരു
പേരും ഭള്ളായ്ത്തീർത്തപ്രഭുജള
ധൂളി ജനത്തിനു ദത്വാ പൊന്നും
പണവും പച്ചേ ഝടിതി പറിച്ചും.”

‘മോന്തായത്തൊടു മുട്ടി നടക്കുന്ന’ മാന്ത്രികരെ കവി അതികഠിനം അധിക്ഷേപിച്ചിരിക്കുന്നു.

“കല്പനയുണ്ടു പിറന്നാൾതോറും
പത്മജനിന്നും മംഗലകലശം
പാർവതിയും പണ്ടെന്നെക്കൊണ്ടൊരു
മേളനഹോമം ചെയ്യിച്ചത്രേ
ഹരമൊടു തിരുവുടലർദ്ധം പറ്റീ”

എന്നിങ്ങനെ ഓരോ ഭോഷ്ക്കും പറഞ്ഞു നടക്കുന്ന അക്കൂട്ടരുടെ ഉപദ്രവം അക്കാലത്തും വർദ്ധിച്ചിരുന്നുവെന്നു വിചാരിക്കാം.

“കണ്ട മരുന്നു പറിച്ചുമരച്ചും
കടുകടെയുള്ളതരഞ്ഞീലെന്നി-
ട്ടിടയിലരച്ചും, വാതദ്വേഷിണി-
പിത്തവിരോധിനി, കഫവിധ്വംസിനി,
കല്യാണഘൃതം ധാന്വന്തരഘൃതം
മറ്റുമോരോരോ പേരും ചൊല്ലീ-
ട്ടൂശാന്താടികഷണ്ടിപെരുക്കാ-
ലെന്നിവ പോലുമൊഴിപ്പാനായി-
ട്ടാർക്കുമൊരിക്കലുമെങ്ങും പാർത്താ-
ലുതകാതവ ചില നല്ല മരുന്നുകൾ”

മുതലായവകൊണ്ടു് ദുർവ്യാപാരം ചെയ്തു് ‘അസുവും വസുവും’ കൂടി മുടിക്കുന്ന വൈദ്യകദംബത്തിനും കവി നല്ല സമ്മാനം കൊടുത്തിട്ടുണ്ടു്.

“പരലും പലകയുമഗ്രേവെച്ചും ഗണപതിവെച്ചും കലിദിനമൊത്തു
വരുത്തിക്കൂട്ടിപ്പാർക്കുന്നപ്പോൾ വിപരീതത്തൊടു വന്നതുകണ്ടു
മനസ്സുംകെട്ടു ചിരങ്ങും നുള്ളിജ്യാക്കളുമുരുവിട്ടുടനുടനുടനൊക്കെ
നിരത്തൂ, ചിന്നൂ, പന്തി പകുപ്പൂ, കൂട്ടൂ, കളവൂ, വയ്പൂ”

എന്നൊക്കെ ജപിക്കുന്ന ജൗതിഷികന്മാരും അവിടെ വന്നു കൂടിയത്രേ.

ഈ തിക്കിനും തിരക്കിനും ഇടയിൽ,

“ചിന്തീടും കാന്തി പൊന്നിൻതളികയിൽ വലമായ്
മാലയും വച്ചു താരിൽ-
ത്തന്വംഗീഭംഗി കൈക്കൊണ്ടരുവയർ നടുവേ
മിന്നൽപോലെ വിലോലാ;
കണ്ണിന്നാനന്ദധാരാ കമലശരപര-
ബ്രഹ്മവിദ്യേവ മൂർത്താ
ധന്യാ വന്നാളരങ്ങത്തതിമൃദുഹസിതാ
മൈഥിലീ മന്ദമന്ദം.”

ഏതാനും മനോഹരപദ്യങ്ങൾ കൊണ്ടും ഒരു ദണ്ഡകം കൊണ്ടും, കവി സീതാദേവിയുടെ ശരീരവർണ്ണന സാധിച്ചിരിക്കുന്നു.

“അല്ലോടിടഞ്ഞു പട തല്ലുന്ന കുന്തളസ-
മുല്ലാസികല്യ മലർമാലം
അല്ലൽപ്പെടുമ്മതികലയെവെല്ലുമൊരു
നിടിലതടഫുല്ലമൃഗമദതിലകജാലം
അലർബാണവിര്യനെറി വിളയാടുമോമൽമിഴി-
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയിൽ വിലസുമണിമണിരുചിഭി-
രൊളിവിളയുമനുപമകപോലം;
ചെന്തൊണ്ടിയോടുപമ ചിന്തുന്ന വായ്മലരിൽ
മന്ദം മുളച്ചു ധൃതി ചോരം
ചെന്തളിരിനനുമിളിതചന്ദ്രകരതുലനകല-
രുന്നമൃദുമുറുവലുമുദാരം
ചിതറുന്ന കാന്തിതനിവദനം കലാധിപത
ശതകോടി തുല്യഗുണപൂരം
ചിതമുടയ ഗളവടിവുമതിലലിയുമതിലളിത
ഘുസൃണവലിവിലസിതമപാരം
ആക്രമപൊൽക്കടകവാർകങ്കണദ്യുതികൾ
പാകും കരാബ്ജമഭിരാമം
ആകുലിതമണികലശമാക മികുമണിമുലയി-
ലാകലിത നവകനകദാമം‌
അകളേബരന്നുമഴലകമേ വളർക്കുമിതു
നവരോമവല്ലരിനികാമം
അഖിലജനധൃതിഹൃതിയിൽ മികവുടയ കൊടി നടുവു-
മഹഹ! ശിവ! നയനസുഖധാമം
മാണിക്യകാഞ്ചിനെറി പേണിച്ച പട്ടവസ-
നാബദ്ധമുന്നതവിശാലം
മാനമെഴുമലർവിശിഖയാനരുചിജഘനതല
മാനമതി തുടയുമിതു മൂലം
മനസി പാദപത്മമനുവേലം
മണമുടയകബരിമുതലണികുഴലൊളിടമുഴുവ-
നനുപമിതഗുണജാലം”

സ്വയംവരകാലത്തു് കഷ്ടിച്ചെട്ടു വയസ്സുണ്ടായിരുന്ന സീതാദേവിയെ യൗവനവതിയായിട്ടാണു് കവി ഇവിടെ വർണ്ണിച്ചിരിക്കുന്നതു്. സീതാദേവിയെക്കണ്ടു് അവിടെ കൂടിയിരുന്ന രാജാക്കന്മാരെല്ലാം മന്മഥാവിഷ്ടചേതസ്സുകളായത്രേ. അവരുടെ ഉന്മാദമധുരങ്ങളായ ചേഷ്ടകളെ കവി മൂന്നു നാലു പദ്യങ്ങളാൽ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.

“ചിത്രം ചിത്രം തദാനീമൊരുവനണികരം-
കൊണ്ടു കേളീസരോജം
ബദ്ധാഭോഗം തിരിച്ചാൻ തെളിവൊടു മതിനേ-
രാനനാം വീക്ഷ്യ മോഹാൽ;
ഉൾത്തിങ്ങീടും പരാഗോല്ക്കരമിടതലധൂ-
ളിച്ച പുത്തന്മധൂളീം
വാക്ത്രാംഭോജേ തെറിപ്പിച്ചളികുലമഖിലം
ചാലയൻ മൂഢചേതാഃ.
ജാതോന്മാദം തദാനീമൊരു സരസവളു-
ക്കീന്നു നല്ലോരു ചവ്വാ-
താദായാദായ മേളിച്ചതിമണമിളകും
നാഗവല്ലീദലാന്തേ
മോദം പൂണ്ടാസ്വദിച്ചാനിടയിടയിൽ നറും
ചൂർണ്ണമുച്ചൈരെടുത്തും
വാർ തോഞ്ഞീടും കരണ്ഡാദ്വദനമലർ മിനു-
ക്കീ തുലോം ഭംഗിശാലീ.
അന്നേരം മറ്റൊരുത്തൻ ചെറിയൊരു പനിനീർ-
ക്കുപ്പിമെല്ലെന്നെടുത്ത-
ത്തന്വംഗീമൗലിതന്മേദുരജഘനഭരം
നോക്കി നോക്കി പ്രസാദീ;
തണ്ണീർ പോലെ കുടിച്ചാനൊരു തടിയനിരു-
ന്നാഗളം മധ്യമധ്യേ
തന്നഗം താപശാന്ത്യൈ തെളിവെഴുമിളനീർ-
കൊണ്ടുസിഞ്ചന്നശങ്കം.”

മിഥിലാപുരത്തു് ‘ഇളനീരും’ ഉണ്ടായിരുന്നത്രേ. ഒരു രാജാവു് അസിലതയെ ഉപേക്ഷിച്ചിട്ടും, മോഹാവേശം നിമിത്തം

അതു് നിജകരപരിഗളിതമാണെന്നു് അറിയാതെ, ഒരു ശൈലൂഷകനെപ്പോലെ ആത്മമുഷ്ടിയേ ഇളക്കിപോലും. മറ്റുള്ളവർ അതു കണ്ടു ചിരിച്ചിട്ടും, രാഗാന്ധചേതസ്സായ ആ തടിയൻ അറിഞ്ഞതേയില്ല. ഒരു രാജാവു്,

“തൂമച്ചിൽ പുർക്കു ശയ്യാനടുവിലിവളൊടും
ചേർന്നു പേമാരികൊണ്ടേ
ഹേമിക്കുന്നിന്നു മേലേ നിലയിൽ നിലവഴു-
ക്കുന്ന ജീമൂതകാലേ;
ഓമൽ പൂമെയ് പുണർന്നും പലവുരു പിശകി-
ച്ചോരിവായ്ത്തേൻ നുകർന്നും
കാമക്രീഡാ വളർത്താവിതു പുലരിവരേ
ഞാനെനിക്കൊത്തവണ്ണം”

എന്നു മനപ്പായസം കുടിച്ചു തുടങ്ങി. തത്സമയം ‘വചസാപ്രവീണ’യായ ധാത്രി ഭദ്രാസനസ്ഥരായ രാജാക്കന്മാരയെല്ലാം സീതാദേവിക്കു പറഞ്ഞുകൊടുത്തു. അനന്തരം ജനകാജ്ഞ അനുസരിച്ചു് സൗവിദല്ലൻ ശൈവചാപം അവിടെ ആനയിക്കയും,

“പൃഥ്വീപാസ്സംശൃണുദ്ധ്വം ധനുരിദമവിശം-
കം കുലചെയ്തു പൊട്ടി-
ച്ചുദ്യൽക്രീഡം വിളങ്ങും നരവരനധുനാ
ജാനകീ നൂനമേഷാ”

എന്നു് ഉച്ചൈസ്തരം വിളിച്ചു പറകയും ചെയ്തു. അതുകേട്ടു് അവരിൽ ഓരൊരുത്തരും പാപഭഞ്ജനത്തിന്നു് ഒരുമ്പെട്ടു. കർണ്ണാടരാജൻ ‘കാർമ്മുകസ്പർശമാത്രേണ വശം കെട്ടു കവിണ്ണു’ വീണു; മദ്രാധിരാജൻ ഭയപ്പെട്ടു മാറി; മഹാരാഷ്ട്രൻ മഹാഗോഷ്ടി കാട്ടി; കുന്തളേശൻ ‘കുതംകെട്ടു കുന്തിച്ചു’പോയി; തുലുഷ്കന്റെ മുഷ്കു ശമിച്ചു; (അന്നു തുലുഷ്കനുമുണ്ടായിരുന്നത്രേ) കേകയേന്ദ്രന്റെ കൈകാലൊടിഞ്ഞു. ഇപ്രകാരം വീരഭൂപാലന്മാരെല്ലാം “പോർവില്ലു തൊട്ടും, വലിച്ചും, കരുത്തോടെടുത്തും, വശംകെട്ടു വീണും, തദനീം വലഞ്ഞൊട്ടു കേണും, ത്രപാഭാരംകൊണ്ടു കുമ്പിട്ടിരുന്നും, ക്ഷണേനൈവ കൈകാലൊടിഞ്ഞും, സമാലോകൈസീതാം വിമോഹം പിണഞ്ഞും, നമുക്കിനി പെണ്ണു വേണ്ടേ വേണ്ട” എന്നു മടുത്തു പിൻവാങ്ങുന്ന കോലാഹലം അവർണ്ണ്യമത്രേ.

ഒടുവിൽ രാമൻ ചാപഭഞ്ജനത്തിന്നു് ഒരുങ്ങി. അപ്പോൾ,

“ആർത്തു നാനാജനൌഘം കനിവിനൊടിവനാ-
രെന്നു മോർത്തു വിശംകാം
തീർത്തു രാജന്യചൂഡാമണി മനസികുളുർ-
ത്തു വിദേഹാത്മജായാഃ;
വാഴ്ത്തീ വീണാപ്രവീണാ മുനി ഗഗനതലേ
വന്ദിവർഗ്ഗം പുകഴ്ത്തീ
താർത്തേൻ തൂകുന്ന വാചാ ദശരഥതനയേ
കാർമ്മുകാദാനലോലേ”

രാമൻ ജ്യാകർഷത്തോടുകൂടി സീതാമനഃകർഷണവും സാധിച്ചു; ചാപഭാഗത്തോടുകൂടി ക്ഷിതിഭൃത്തുകളുടെ ‘ദോസ്തംഭഡംഭവും’ ഭഗ്നമായി. ആ അവസരത്തിൽ വരണാമാലയും ധരിച്ചു കൊണ്ടുള്ള ദേവിയുടെ വരവിനെ കവി ഒരു ചിത്രത്തിലെന്നപോലെ ആലേഖനം ചെയ്തിരിക്കുന്നു.

“മന്ദീഭൂതേ ജനൗഘേ പരിമളബഹളം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലസ്ത്രീസമേതാ;
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമഗ്രേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീ സാ നടന്നാൾ.
മൂളീടും ഭൃംഗപാളീവിവലനമധുരാം
മാലികാം കൈത്തലേ ചേ-
ർത്താളീദത്താവലംബാനിജതനുമഹസാ
രാഗമൃദ്യോതയന്തീ
വ്രീളാവേഗേന രാമാനനമിടയിടയിൽ-
ക്കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെ മെല്ലെന്നരികിലുപഗതാ
കോമളാഭ്യാം പദാഭ്യാം”

ദേവി മന്ദാക്ഷനമ്രയായി രാമചന്ദ്രന്റെ ഗളത്തിൽ മാലയിട്ട നേരം, ദിവ്യനാരീവിമുക്തവും പരിമളബഹുളവും ആയ പുഷ്പവർഷം അവരിൽ പതിഞ്ഞു.

അനന്തരം ജനകമഹാരാജാവു് ദശരഥനേയും മറ്റും ആനയിക്കാനായി ദൂതന്മാരെ അയച്ചു. ദശരഥൻ വസിഷ്ഠാദികളോടുകൂടി വന്നതിൽപ്പിന്നീടു് വിവാഹം മംഗളമായി നടത്തി. ആ അവസരത്തിൽത്തന്നെ ജനകൻ തന്റെ മറ്റു പുത്രിമാരെ ഭരതാദികൾക്കും വിവാഹം ചെയ്തു കൊടുത്തു.

സീതയ്ക്കു്, കണ്വൻ ശകുന്തളയ്ക്കെന്നപോലെ ചില ഉപദേശങ്ങൾ കൊടുക്കാതിരുന്നില്ല.

“യസ്യാസ്തേ ജനനീ സ്വയം ക്ഷിതിരിയം യോഗീശ്വരോയം പിതാ
വത്സേ! മൈഥിലി! ശിഷ്യതേ കഥയ കിം തസ്യാസ്സുജാതേസ്തവ
സ്നേഹാൽകേവലമുച്യതേ പുനരിദം സ്ത്രീണാം പതർദൈവതം
തദ്ഭൂയാസ്ത്വമുപാസ്യ ശർമ്മപരാച്ഛായേവ രാമാനുഗാ.
അഭ്യുത്ഥാനമുപാഗതേ ഗൃഹപതൌ തദ് ഭാഷണേ നമ്രതാ
തൽപാദാർപ്പിതദൃഷ്ടിരാസനവിധിസ്തസ്യോപചർയ്യാസ്വയം
സുപ്തേ തത്ര ശയീത, തൽപ്രഥമതോ ജഹ്യാച്ച നിദ്രാവതീ
പ്രാച്യൈഃ പുത്രി നിവേദിതാ കുലവധൂസിദ്ധാന്തധർമ്മാഹ്യമി.
സ്വച്ഛത്വം നഖകേശദന്തവസനാദീനാം സമസ്തക്രിയാ
ചാതുര്യം സ്മിതപൂർവമല്പമകടുവ്യക്തം ച സംഭാഷണം
ദാക്ഷിണ്യം വിനയസ്സുശീലവിഭവോ വക്രാദിവാക്യജ്ഞതാ
പ്രായോമീ കുലപാലികാസു മഹിതാ കല്യാണി നിത്യാഗുണാഃ”

നിർവ്യാജാ ദയിതേ’ ത്യാദി ശ്ലോകം ചേർത്തിട്ടു് അതിൽ നിന്നു വലിയ അർത്ഥവ്യത്യാസമില്ലാത്ത ‘ശുശ്രൂഷസ്വഗുരൂൻ’ എന്ന ശാകുന്തളപദ്യംകൂടി ഉദ്ധരിച്ചിരിക്കുന്നു. ഇതു് ചാക്യാന്മാർ ചെയ്തിട്ടുള്ളതാണെന്നു നിസ്സംശയം പറയാം.

“ഋദ്ധംത്രൈലോക്യമൊക്കെത്തരികിലുമുരിയാടായ്കമറ്റാരൊടും നീ
മുഗ്ദ്ധേ ചാടീടു ചെന്തീകനലിലപിപതിപ്രോഷിതാ നിർവിശങ്കം”

എന്നുകൂടി ഉപദേശിച്ചിട്ടാണു് ജനകൻ സീതയെ വിടുന്നതു്. ഈ ഉപദേശങ്ങൾ കേട്ടപ്പോൾ, ദേവിയുടെ ഹൃദയം ‘പുലരിയിൽ വിരിയും താമരപ്പൂവുപോലെ’ തെളിഞ്ഞു.

ഈ ഒരു ചമ്പുവിൽനിന്നു് പുനത്തിന്റെ കവിതയുടെ സ്വഭാവം ഏറെക്കുറെ അറിയാവുന്നതാണു്. ഉത്തമമണിപ്രവാളത്തിനു് ലീലാതിലകകാരൻ പറഞ്ഞിരിക്കുന്ന എല്ലാ ലക്ഷണങ്ങളും പുനത്തിന്റെ കവിതയ്ക്കുണ്ടു്. മാധുര്യപ്രസാദസമതാദിഗുണസമ്പന്നയും പ്രഫുല്ലമായ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ രൂഷിതമായ സുകുമാരാശയങ്ങളാൽ സമ്പുഷ്ടയുമായ പുനത്തിന്റെ കവിതാദേവി ‘ഭൂരിഭൂചക്രവാള’ത്തെ ഇന്നും മദിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. പുനത്തിന്റെ ഫലിതത്തെപ്പറ്റി പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അതു മലയാളബ്രാഹ്മണർക്കു് ഒട്ടുക്കുള്ള ഒരു വിശിഷ്ടഗുണമാണു്. ഫലിതം അപാരമായ ബുദ്ധിശക്തിയുടെ സന്താനമാകുന്നു. ബുദ്ധിശക്തിയിൽ അവരേ അതിശയിക്കത്തക്ക ഒരു സമുദായവും കേരളത്തിലില്ലതാനും.

ഈ പ്രകരണത്തിൽ ചമ്പുകളേപ്പറ്റി പൊതുവേ ചില സംഗതികൾ ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. ചമ്പൂപ്രസ്ഥാനം സംസ്കൃതത്തിൽനിന്നു് ഭാഷയിലേക്കു സംക്രമിച്ചിട്ടുള്ളതാണു്. ‘ഗദ്യപദ്യാത്മകം കാവ്യം ചൂമ്പൂരിത്യഭിധീയതേ’ എന്നാണു് ചമ്പുവിന്റെ ലക്ഷണം. എന്നാൽ സംസ്കൃതത്തിലേയും ഭാഷയിലേയും ഗദ്യങ്ങൾക്കു് വ്യത്യാസമുണ്ടു്. ഭാഷാചമ്പുക്കളിലെ ഗദ്യത്തിനും ചില വൃത്തനിയമങ്ങൾ കാണുന്നു. താരതമ്യദർശനത്തിനായി സംസ്കൃതത്തിലേയും ഭാഷയിലേയും ഓരോ ഗദ്യഖണ്ഡത്തെ ചുവടേ ചേർക്കുന്നു:–

“തദനു ഭയവശസമുപഗതദധിമുഖവചനവിദിതമധുവന കദനപരിഗണിത ജനകദുഹിതൃദശനജനിതപ്രമദഭരഭരിതസ്തപനതനയസ്തത്രതനുവികൃതിമതനുത ദധിമുഖാഗമനനിമിത്തസമ്പത്തിം”

(ഭോജചമ്പു. സുന്ദരകാണ്ഡം)

“ഹരഹര! ശിവശിവ നാനാനഗരീതിലക-
മയോദ്ധ്യാനഗരിവിചാരേ
ബഹുവിധരത്നസമൂഹംകൊണ്ടും,
ജനപദമഹിളാചമയംകൊണ്ടും.
കൊടിക്കൂറകൾകൊണ്ടും നിറമണിയാ”
(രാമായണം ചമ്പു)

ഭാഷാചമ്പുക്കൾ സംസ്കൃതഗദ്യത്തിനു് വൃത്തബന്ധമില്ലെന്നു് ഓർത്തിരിക്കേണ്ടതാണു്. ‘അഥ സാ ലളിതതനുകാന്തിസമ്പദാ സുരസുന്ദരീരപിജയന്തീ, മന്മഥമഹാവീരവൈജയന്തീ’–എന്നിങ്ങനെ നീണ്ടുകിടക്കുന്ന സംസ്കൃതഗദ്യങ്ങൾ എല്ലാ ഭാഷാചമ്പുക്കളിലുമുണ്ടു്.

ഭാഷാചമ്പുക്കൾ കൂത്തിനും പാഠകത്തിനും ആയി രചിക്കപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളാകയാൽ അവയ്ക്കു സംസ്കൃതചമ്പുകൾക്കില്ലാത്ത ഒരു വിശേഷഗുണം കാണുന്നു. അതായതു് അവയിൽ ഹാസ്യരസത്തിനു് കൂടുതൽ പ്രവേശം നൽകിയിരിക്കുന്നു. സമുദായത്തിൽ കടന്നുകൂടിയിട്ടുള്ള അനാശാസ്യങ്ങളായ ആചാരങ്ങളെ ആട്ടിപ്പായിച്ചു് കാണികളേ സദാചാരനിതന്മാരാക്കിത്തീർക്കുക എന്നൊരു വിലയേറിയ ചുമതല ചാക്യാർകൂത്തിനുണ്ടായിരുന്നു. അതുകൊണ്ടത്രേ ചമ്പൂകാരന്മാർ കാലദേശാദികളെ ഗണിക്കാതെ മലയാളികളെ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും കൊണ്ടുചെന്നുവിട്ടിട്ടു് അവരുടെ നടപടിപ്പിശകുകളെ കർക്കശമായ വിധത്തിൽ എടുത്തു വിമർശിച്ചു കാണുന്നതു്. നമ്പ്യാർ ഈ സംഗതിയിൽ ചമ്പൂകാരന്മാരെ അനുകരിക്കയേ ചെയ്തിട്ടുള്ളു.

ഭാഷാചമ്പുക്കൾ ആരംഭിക്കുന്ന രീതിയിലും അല്പം വ്യത്യാസമുണ്ടു്. സംസ്കൃതചമ്പുക്കൾ വായിച്ചുരസിക്കാനേ കൊള്ളു. ആ ഉദ്ദേശത്തോടുകൂടിയാണു് അവ രചിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു് അവയിൽ കഥ തുടർന്നു പറഞ്ഞുപോകുന്നു. ഭോജചമ്പു എടുത്തുനോക്കുക. രാമായണത്തിലെന്നപോലെ അതിലും കഥയെ ആറുകാണ്ഡങ്ങളായി വിഭജിച്ചു പ്രതിപാദിച്ചിരിക്കുന്നു. പുനത്തിന്റെ ചമ്പുവിലങ്ങിനെയല്ല. അതിൽ ഓരൊ കാണ്ഡത്തേയും അനേകം ചമ്പുകളായിട്ടാണു് കവി രചിച്ചിരിക്കുന്നതു്. ചിലപ്പോൾ ഒരേ ചമ്പുവിനെത്തന്നെ രണ്ടു ഖണ്ഡങ്ങളാക്കിയും ചമയ്ക്കാറുണ്ടു്.

ഓരോ കഥയും ഒന്നോ അധികമോ മംഗളശ്ലോകങ്ങളോടുകൂടി ആരംഭിക്കുന്നു. മംഗളാചരണം കഴിഞ്ഞാൽ വസ്തുനിർദ്ദേശമായി. എന്നാൽ വസ്തുവിനെ നിർദ്ദേശിക്കുന്ന രീതി ഒന്നു പ്രത്യേകമാണു്.

“വാരാർന്നാസ്ഥാനരംഗേ വിരവിലിവിടെവന്നിങ്ങനെ നമ്മിലെത്തു-
ന്നേരം തോഴാ വിളങ്ങും മനസി മമ സദാ കുമ്പിതേവൻ പ്രസാദം;
ക്ഷീരാബ്ധൗ രാവണോപദ്രവവിവശതയാചെന്നു നാരായണോക്തം
നേരേകേൾക്കുംവിധംപണ്ടമരപരിഷദാമുള്ളിലുണ്ടായപോലേ”

ഇങ്ങനെ ഒരു തോഴനോടു പറയുന്ന മട്ടിലത്രേ കഥയെ അവതരിപ്പിക്കുന്നതു്. ഒരേ കഥയെത്തന്നെ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാലും ഈ ചടങ്ങുകളെല്ലാം അവശ്യം അനുഷ്ഠിക്കണം. നൈഷധചമ്പുവിന്റെ ഉത്തരഭാഗം നോക്കുക. ഭാഷാചമ്പുക്കൾക്കുള്ള വേറോരു വിശേഷം അവയിൽ വർണ്ണനയ്ക്കു കഥാംശത്തേ അപേക്ഷിച്ചു് പ്രാധാന്യം നൽകിയിരിക്കുന്നു എന്നുള്ളതാണു്. ഫലിതരസപ്രധാനമായ വർണ്ണനകൾ നിയമേന ഭാഷയിൽതന്നെ ആയിരിക്കും. രസപ്രചുരമായ ഘട്ടങ്ങളെ ഗദ്യത്തിലാക്കുകയും പതിവില്ല. വർണ്ണനയ്ക്കു തന്മയത്വം വരുത്താനുള്ള ശ്രമത്തിൽ മിക്ക ചമ്പൂകാരന്മാരും സ്ഥലകാലാദികളെ വിസ്മരിച്ചുകളകയും ചെയ്യുന്നു. നൈഷധചമ്പുവിൽ, നൈഷധന്റെ കാലത്തു് ‘ഭാരതകഥായാമെന്നതൊഴിഞ്ഞക്കർണ്ണച്ഛേദംകേട്ടീലെ’ന്നും രാമായണചമ്പുവിൽ രാമാഭിഷേകം കാണ്മാൻ വന്നവരിൽ ചിലർ പറങ്കിത്തൊപ്പി ധരിച്ചിരുന്നുവെന്നും മറ്റും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക.

പുനത്തിനു മുമ്പു് ആരെങ്കിലും ചമ്പുക്കൾ രചിച്ചിരുന്നോ എന്നു നിർണ്ണയിക്കാൻ തരമില്ല. എന്നാൽ ഈ പ്രസ്ഥാനത്തിനു് ഭാഷയിൽ ഇളക്കമില്ലാത്ത ഒരു നില നൽകിയതു് പുനമായിരുന്നുവെന്നു തോന്നുന്നു. രാമായണചമ്പുവിൽ, ഇതേവരെ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമവിജയം, വിച്ഛിന്നാഭിഷേകം, രാമാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നീ ചമ്പുക്കൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അത്യന്തം ശ്രവണസുഖപ്രദവും ഹൃദയരഞ്ജകവുമായ ഭാഷാസംസ്കൃതയോഗംകൊണ്ടും, ശബ്ദാർത്ഥങ്ങളുടെ സമീചീനമായ സമ്മേളനംകൊണ്ടും, സജീവങ്ങളും സങ്കല്പശക്ത്യുദ്ദീപകങ്ങളുമായ വർണ്ണനകൾ കൊണ്ടും, മൃദുലങ്ങളായ മനോഭാവങ്ങളുടെ യാഥാർത്ഥ്യത്തോടു കൂടിയ ഉല്ലേഖനം കൊണ്ടും പുനത്തിന്റെ ചമ്പുക്കൾ അദ്വിതീയങ്ങളായി വിലസുന്നു.

മഹീഷമംഗലം (മഴമംഗലം)

മഴമംഗലത്തെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുള്ള തല്ലാതെ വിവരമായി യാതൊന്നും അറിവില്ല. അദ്ദേഹം ഓത്തില്ലാത്ത ഒരു നമ്പൂതിരിയായിരുന്നെന്നും, ഒരിക്കൽ അദ്ദേഹം മറ്റു നമ്പൂതിരിമാരാൽ അധിക്ഷിപ്തനായിട്ടു് വിദേശത്തുചെന്നു് വേദങ്ങളും മറ്റും ശരിയായി അഭ്യസിച്ചതിന്റെ ശേഷം തിരിച്ചുവന്നപ്പോൾ, ഒരു യോഗം നടന്നുകൊണ്ടിരിക്കയായിരുന്നെന്നും, ഋത്വിക്കുകൾ മന്ത്രങ്ങൾ പിഴച്ചു ചൊല്ലുന്നതു കേട്ടു്, യാഗശാലയ്ക്കുള്ളിലേക്കു കടന്നു്, ‘മഴമംഗലം അകത്തു കടന്നാൽ പ്രായശ്ചിത്തം ചെയ്താൽ മതി, മന്ത്രം പിഴച്ചാൽ പ്രതിവിധിയില്ല’ എന്നു പറഞ്ഞിട്ടു് മന്ത്രം തിരുത്തി ചൊല്ലിക്കൊടുത്തുവെന്നും, അന്നുമുതല്ക്കു് അദ്ദേഹത്തിനും മലയാളബ്രാഹ്മണരുടെ ഇടയ്ക്കു് ഒരു മാന്യസ്ഥാനം ലഭിച്ചുവെന്നുമാണു് മറ്റൊരു ഐതിഹ്യം. വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. അദ്ദേഹം ചെങ്ങന്നൂർ വാഴുമാവേലി പരമേശ്വരൻപോറ്റിയുടെ അടുക്കൽ പഠിച്ചുകൊണ്ടിരിക്കേ, ആ പോറ്റിയുടെ മകനും ജ്യോതിശ്ശാസ്ത്രവിശാരദനും ആയ ഒരു കൃഷ്ണപിള്ളയാൽ ആക്ഷിപ്തനായത്രേ. ഒരു ദിവസം കറുത്തവാവായിരുന്നു. കൃഷ്ണപിള്ളനമ്പൂതിരിയോടു് “തിരുമേനീ, ചന്ദ്രൻ എത്ര ഉയർന്നുനിൽക്കുന്നു എന്നു നോക്കണം” എന്നു പറഞ്ഞതു കേട്ടു്, ആ സാധു മുറ്റത്തിറങ്ങി പടിഞ്ഞാറോട്ടു നോക്കിയത്രേ. അദ്ദേഹത്തിന്റെ ഈ മൂർഖത കണ്ടു് കൃഷ്ണപിള്ള ചിരിച്ചപ്പോഴാണു് മഴമംഗലത്തിനു കാര്യം മനസ്സിലായതു്. അന്നു മുതല്ക്കു് ജ്യോതിശാസ്ത്രം പഠിക്കാൻ അദ്ദേഹം തീർച്ചപ്പെടുത്തി. പരമേശ്വരൻപോറ്റി ഒരുനല്ല ജൗതിഷകനായിരുന്നു. നമ്മുടെ നമ്പൂതിരി അചിരേണപോറ്റിയെപ്പോലും അതിശയിക്കത്തക്കവണ്ണം സമർത്ഥനായി. മഴമംഗലത്തിന്റെ ഉദ്ദേശ്യം ഗുരു നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു്, ഗുരുദക്ഷിണയ്ക്കായി മഴമംഗലം ഭാവിച്ചപ്പോൾ ‘എനിക്കു് ഒന്നും ആവശ്യമില്ലാ; എന്റെ പ്രിയപുത്രനെ അവമാനിക്കാതിരുന്നാൽ മാത്രം മതി’ എന്നു പോറ്റി പറഞ്ഞു. ഈ വാക്കുകൾ മഴമംഗലത്തിനെ സങ്കടപ്പെടുത്തിയെന്നു പറയേണ്ടതില്ലല്ലോ. “ഗുരോ! അങ്ങനെയാണെങ്കിൽ ഞാൻ എന്തിനാണു് ഈ ശാസ്ത്രം ഇത്ര ബുദ്ധിമുട്ടി പഠിച്ചതു്?” എന്നു ശിഷ്യൻ ചോദിച്ചപ്പോൾ, ‘ലോകോപകാരത്തിനു വേണ്ടിയാണു് ശാസ്ത്രം അഭ്യസിക്കേണ്ടതു്. പരപീഡനത്തിനായിട്ടല്ല’ എന്നു ഗുരു അഭിപ്രായപ്പെട്ടു. അപ്പോൾ മഴമംഗലം പറഞ്ഞു:–

“ഇല്ല. ലോകോപദ്രവത്തിനായി ഞാൻ യാതൊന്നും ചെയ്കയില്ല. ലോകോപദ്രവം വരുത്താതെ നോക്കാൻ എനിക്കു് അനുവാദം തന്നാൽ മാത്രം മതി. കൃഷ്ണപിള്ള നൂറുകൊല്ലത്തെ പഞ്ചാംഗം ഗണിച്ചുവെച്ചിട്ടുണ്ടു്. അതിനെ തീയിലിട്ടു ചുടണം. അല്ലെങ്കിൽ അതു ലോകോപദ്രവകരമായിത്തീരും.”

“അതെന്തുകൊണ്ട്?”

“മുഹൂർത്തങ്ങൾക്കു് ഇടിമുഴക്കം ഉണ്ടാകും.”

“അങ്ങിനെവരികയില്ല. ഞാൻകൂടി പരിശോധിച്ചിട്ടുണ്ടല്ലോ?”

“ഞാൻ തെളിയിച്ചുതരാം.”

ഈ സംഭാഷണത്തിന്റെ ഫലമായി നടത്തിയ പരീക്ഷണത്തിന്റെ മഴമംഗലം തന്നെ ജയിച്ചു. മുഹൂർത്തിനു് അദ്ദേഹം പറഞ്ഞതുപോലെ ഇടിമുഴക്കമുണ്ടായി. അതിന്റെ ശേഷം ആ പഞ്ചാംഗത്തെ നശിപ്പിക്കയും തൽസ്ഥാനത്തു് മഴമംഗലം ഒരു പുതിയ പഞ്ചാംഗം ഗണിച്ചു വെയ്ക്കുകയും ചെയ്തുവത്രേ.

മഹിഷമംഗലത്തിന്റെ ഗുരു ചെങ്ങന്നൂർ വാഴുമാവേലി പോറ്റിയായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങൾ ഉണ്ടു്. മാത്തൂർപോറ്റിയുടെ മുഹൂർത്തപദവിക്കു് മഹിഷമംഗലം എഴുതിയ വ്യാഖ്യാനത്തിൽ,

“വാണിമാതിനെ വന്ദിച്ചു ഗുരുംച പരമേശ്വരാ
മുഹൂർത്തപദവീമദ്യ ഭാഷയായ് വ്യാകരോമ്യഹം”

എന്നു് ഗുരുവിനെ വന്ദിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ ‘ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ ബാലശങ്കരനാമ്നി ഷട്ത്രിംശത് ശ്ലോകാത്ഥസംഗ്രഹേ തൃതീയപരിച്ഛേദഃ സമാപ്തഃ’ ​എന്നു കാണുന്നതിനാൽ മഴമംഗലത്തിന്റെ പേരു് ശങ്കരനായിരുന്നുവെന്നു് വിചാരിക്കാം. ഭാഷാകാലദീപത്തിന്റെ അവസാനത്തിലും അദ്ദേഹം ഗുരുവിനെ വാഴ്ത്തീട്ടുണ്ടു്.

“അസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സർവ്വഭൂതേഷു ദേവാരാധനതല്പരഃ
ദൈവജ്ഞസ്തൽപദാംഭോജമകരന്ദനിഷേവണാൽ
ഭ്രാന്തചിത്തേന കേനാപി രചിതന്തദ്ദ്വിജന്മനാ
ദീപകം വിലുസത്വേതച്ചിരായ ധരണീതലേ.”

ഇവിടെ ഏതദ്ഗ്രന്ഥത്തിന്റെ കർത്താവു് ശോണാചലഗ്രാമ (ചെങ്ങന്നൂർ) വാസിയായ ഒരു ബ്രാഹ്മണശ്രേഷ്ടന്റെ അന്തേവാസിയും ബ്രാഹ്മണനും ആണെന്നേ പറഞ്ഞിട്ടുള്ളുവെങ്കിലും അദ്ദേഹം പെരുവനഗ്രാമവാസി കൂടിയായിരുന്നുവെന്നു് ‘ഊട്ടില്ലാ പെരുവനേയുള്ള ബ്രാഹ്മണർ മിക്കതും’ എന്നിങ്ങനെ പെരുവനത്തെക്കാര്യം പ്രത്യേകം ചില സ്ഥലങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്നതുകൊണ്ടു് ഊഹിക്കാം. സംസ്കൃത കാലദീപവ്യാഖ്യാനത്തിന്റെ അവസാനത്തിൽ ‘എന്റെ വാഴുമാവേലിക്കു നമസ്ക്കാരം’ എന്നു്കൂടി പറഞ്ഞിട്ടുമുണ്ടു്.

മഴമംഗലം ജനിച്ചതു് 800-ാമാണ്ടിടയ്ക്കായിരുന്നുവെന്നും അദ്ദേഹം മാനവേദചമ്പിന്റെ കർത്താവായ കോഴിക്കോട്ടു ശക്തൻതമ്പുരാന്റെ സദസ്യനായിരുവെന്നും മി: ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ മഴമംഗലത്തിന്റെ കാലം അത്ര അർവാചീനമാണോ എന്നു സംശയമാകുന്നു. മുഹൂർത്തപദവിയുടെ വ്യാഖ്യാനത്തിൽ കാണുന്ന,

“ദേവോപി നദ്ധഃ കപടീഹരോസൗ
പ്രഭാവനസ്തിക്യദിനാരിയുക്തഃ
കോളംബകാലാദ്ദ്യുഗണയ്യസിംഹാൽ
മദ്ധ്യാധിമാസഃ പുനരേവമേവ.”

എന്ന പദ്യം അദ്ദേഹത്തിന്റേതായിരിക്കാനേ തരമുള്ളു. അങ്ങിനെ ആണെങ്കിൽ കൊ..വ. 724-മാണ്ടു് അദ്ദേഹം ജീവിച്ചിരുന്നുവെന്നു തീർച്ചതാണു്. ഭാഷാകാലദീപകത്തിൽ,

“നീലോധനേശോനതനുർദ്ദിശസ്തവം
പ്രഭാവനാസ്തിക്യജനാനിസംയുതം
വിലിപ്തികാദ്യോയമിനസ്യമദ്ധ്യമേ
യാദ്രിശിഗസ്തഗതോധിമാസക.”

ഈ പദ്യവും മഹിഷമംഗലത്തിന്റെ കാലനിർണ്ണയത്തിനു് ഉപകരിക്കുന്നു. ഈ ലക്ഷ്യങ്ങളെ വച്ചുനോക്കിയാൽ അദ്ദേഹം ജനിച്ചതു് 670-നു് അപ്പുറമായിരിക്കയില്ലെന്നാണു കാണുന്നതു്. ഇക്കാലത്തു് കൊച്ചിയും സാമൂതിരിയും തമ്മിൽ തുടരെത്തുടരെ യുദ്ധം ഉണ്ടായിക്കൊണ്ടിരുന്നു. സാമൂതിരി എത്ര ശ്രമിച്ചിട്ടും പെരുവനഗ്രാമക്കാരെ കൊച്ചീരാജാവിന്റെ പാർശ്വത്തുനിന്നു് അകറ്റി തന്റെ വശത്താക്കുന്നതിനു സാധിച്ചില്ലെന്നു് കൊച്ചീരാജ്യചരിത്രത്തിൽ കാണുന്നു. 813-മുതല്ക്കു് 834-വരെ വാണ കോഴിക്കോട്ടു ശക്തൻതമ്പുരാനാണു് നെടിയിരിപ്പുസ്വരൂപത്തിന്റെ ക്ഷയോന്മുഖമായ ശക്തിയെ പുനരുജ്ജീവിപ്പിച്ചതു്. പെരുവനഗ്രാമത്തിന്റെ മേൽക്കോയ്മ സാമൂതിരിക്കു ലഭിച്ചതു് 892 ധനു 6-ാം തിയതിയിലെ ഉടമ്പടിയാലുമാകുന്നു. ഇങ്ങനെ സാമൂതിരിയോടു പിണങ്ങിനിന്ന പെരുവനഗ്രാമത്തിലെ ഒരു നമ്പൂരി കോഴിക്കോട്ടു രാജാവിനെ ആശ്രയിച്ചു ജീവിച്ചുവെന്നു വിചാരിക്കാൻ നിവൃത്തിയില്ല.

മഴമംഗലത്തിന്റെ കൃതികൾ

അദ്ദേഹം മുഹൂർത്തപദവി ഭാഷാ, ഭാഷാകാലദീപം തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളും, ആശൗചം ഭാഷ മുതലായ സ്മൃതികളും, സംസ്കൃതത്തിൽ ഒരു ഭാണവും രചിച്ചിട്ടുണ്ടു്. അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ട ആവശ്യമൊന്നുമില്ല. ഭാഷയിൽ അദ്ദേഹം രചിച്ചിട്ടുള്ള പ്രധാന ഗ്രന്ഥം ഭാഷാനൈഷധ ചമ്പുവാകുന്നു.

നൈഷധചമ്പു

ഈ ചമ്പുവും, മംഗലാചരണത്തോടുകൂടി ആരംഭിക്കുന്നു!

“അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ കുമ്പിടുന്നേൻ കുഴലിണനലയാധീശ്വരീ വിശ്വനാഥേ!”

എന്ന പ്രസിദ്ധശ്ലോകം ഈ കാവ്യത്തിലുള്ളതാണു്. മഴമംഗലം ഒരു നല്ല മണിപ്രവാളവ്യാപാരിയായിരുന്നുവെന്നു് ഈ പദ്യത്തിൽനിന്നു കാണാം. അതിനടുത്ത പദ്യവും അതിശയമാകുംവണ്ണം മധുരമായിരിക്കുന്നു.

“പാലംഭോരാശിമധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം
മേളംകോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം
നാളന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യൽകടാക്ഷ-
ന്നാളീകത്താരിൽമാതിൻകുളുർമുലയുഗളീഭാഗധേയം ഭജേഥാഃ”

ഈ മാതിരി പദ്യങ്ങൾ ഏതു ഭാഷാസാഹിത്യത്തിനും അഭിമാനജനകമായിട്ടുള്ളതാകുന്നു.

അനന്തരം ‘വിദ്യാസാരസ്യരാശേ’ ഇത്യാദി പദ്യങ്ങളാൽ, സാധാരണ ചമ്പൂക്കാരന്മാരുടെ രീതി അനുസരിച്ചു് കഥാവസ്തുവിനെ നിർദ്ദേശിച്ചിട്ടു് നളന്റെ പ്രതാപാതിശയത്തെ രണ്ടു ശ്ലോകങ്ങളാലും ഒരു ദീർഘമായ ഗദ്യത്താലും ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.

ഹരഹര ശിവശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നം
ധാത്രീചക്രം കാത്ത ദശായാം സപ്തപയോധരഭൂധരകാനന
പത്തനജാലപരിഷ്കൃതമാകിയ പൃത്ഥ്വീഭാരമവങ്കലിറക്കി-
ദ്ദിക്കരിപാളയുമദ്രിപ്രവരരുമഹികുലനാഥനുമാദിമകമഠവു-
മതുതോളിതുതോളിതുമാറിർത്ഥംഗളനാളങ്ങൾതിരിച്ചുതിരുമ്മിയു-
മെത്രകൊതിച്ചൊരുവിസ്മയസൗഖ്യം വിശ്വാസായ ചിരായഭജി”ക്കുന്നുവത്രേ
“ഉത്തരളദ്യുതിമെത്തീടുന്നണി
പുകൾ നിറമൊന്നും പുത്തൻചന്ദ്രിക
നിത്യം തട്ടിക്കൂമ്പീടുന്നൊരു
നാഭീനളീനഗൃഹോദരമദ്ധ്യേ

നീരജഭവനാം നീരസകുലമണി നിയതമകപ്പെട്ടതു” കണ്ടു് ഇനി തനിക്കു ഭർത്താവുമായി യഥേഷ്ടം രമിക്കാമല്ലോ എന്നു വിചാരിച്ചു സന്തുഷ്ടയായിട്ടു്, ‘ചെന്താർമങ്കയുമംബുജലോചന പരിരംഭാമൃതമായ സുഖാംബുധിമദ്ധ്യേ മുങ്ങിത്തുടങ്ങി’ പോലും.

നീരസകുലമണിയായ മുതുക്കൻ വിഷ്ണുവിന്റെ നാഭിസരോജത്തിൽ ഇരുന്നു് മിഴിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ, ലക്ഷ്മി ഭർത്താവുമായി ക്രീഡിക്കുന്നതെങ്ങനെ? അതുകൊണ്ടു് ലക്ഷ്മീദേവിക്കു് നളൻ ചെയ്തതു് ഒരു വലിയ ഉപകാരമായി. ദേവി ‘നിഷധനൃപാന്വയമകുടിമഹാമണിവാണീടേണം ക്ഷോണിയിലിന്നു കല്പാന്തത്തോള’മെന്നുനേർന്നുതുടങ്ങിയതിൽ അത്ഭുതപ്പെടാനുണ്ടോ?

എത്രതന്നെ വർണ്ണിച്ചിൽ കവിക്കു തൃപ്തിയാകാഞ്ഞതിനാൽ

“മിത്രാപായേ ഹിത്വാ കുമുദം ചിത്താനന്ദം വന്നീലാർക്കും
ദോഷാഗമനേ ശശധരനന്യേ തോഷം കണ്ടീലാർക്കുമൊരുന്നാൾ
മിന്നും കുടങ്ങളിലന്യേയൊരുനാൾ പൊന്നുംദണ്ഡും കണ്ടീലെങ്ങും”

എന്നു തുടങ്ങുന്നു. ഈ അലങ്കരത്തിരക്കിൽ കവിക്കു സ്ഥലകാലഭ്രമംകൂടി പറ്റിപ്പോകുന്നു.

“ഭാരതചരിതം തന്നിലൊഴിഞ്ഞൊരു കർണ്ണച്ഛേദം കേട്ടീലെങ്ങും
രാമകഥായാമെന്നിതൊഴിഞ്ഞൊരു ദൂഷണചരിതം കേട്ടീലാരും”

ഇത്യാദി നോക്കുക. ഇങ്ങനെ നളൻ നാടുവാണുകൊണ്ടിരിക്കേ വിദർഭരാജാവായ ഭീമൻ ‘പുത്രാഭാധാനം നിറമുടയ പദാർത്ഥാന്തരം കാണാഞ്ഞു്’ ദുഃഖിതനായിച്ചെയ്ത തപസ്സിന്റെ ഫലമായി, ദമയന്തി എന്നൊരു പുത്രിയും മൂന്നു പുത്രന്മാരും ജനിച്ചുവത്രേ. രാജാവു്

“പുത്രീമത്യന്തരമ്യാമരമണിയുമണിഞ്ഞന്തികേ സഞ്ചാരന്തീം
പുത്രാനപ്യാത്തമോദം മടിയിലുടനുടൻ ചേർത്തുപേർത്തും പുണർന്നും
മെത്തും പുത്തൻമരന്ദം തടവിന മുഖപത്മങ്ങളേ പാർത്തുംപാർത്തും
ചിത്തേ കൊള്ളാഞ്ഞു മോദപ്രചുരിമ ധരണീപാലനേറ്റം വലഞ്ഞു-”

വത്രേ. ദമയന്തിയുടെ ശൈശവവർണ്ണനയെ എത്രതന്നെ വാഴ്ത്തിയാലും മതിയാവുന്നതല്ല.

“മിന്നും പൊന്നോല കർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ
പിന്നിൽ ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയം മന്ദഹാസം
കുന്നിപ്രായം കുരുത്തൊന്നുരസി കുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനം കണ്ടുവന്നിത്ത്രിലോക്യാം”

നാലാമത്തെ പാദംകൊണ്ടു്, കവി ദമയന്തിയുടെ ലോകോത്തരലാവണ്യാതിശയത്തെ അതിവിശദമായി കാണിച്ചുതരുന്നു. ക്രമേണ അവൾ വളർന്നുവന്നു.

“ഗാത്രേ ഗാത്രേ തുടർന്നൂ മധുരിമ തിരളും മാർദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നുലജ്ജായവനികയിൽ മറഞ്ഞാഗജന്മാ വിരോജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത!താരുണ്യവായ്പോ-
ടെത്തിക്കൈത്താർ പിടിച്ചൂ ഝടുതി വടിവെഴും ശൈശവമ്പേശലാംഗ്യാഃ
നർമ്മാലാപം ചുരുങ്ങീ ജനസദസിമണംചേർന്നമന്ദാക്ഷവേഗാൽ
കമ്രംകാർകൂന്തലേന്തും പരിമളലളിതം ചെന്നു കാലോടിടഞ്ഞു
തമ്മിൽത്തിക്കിത്തുടങ്ങീ കുളുർമുലയുഗളം നന്നുനന്നെന്നുവേണ്ടാ
നിർമ്മായം യൗവനശ്രീസ്വയമലമകരോദംഗനാമൗലിമാലാം.

നളനും ദമയന്തിയും പരസ്പരം കേട്ടിട്ടു് അനുരക്തരായിച്ചമയുന്നു. അഭിലാഷശൃംഗാരവർണ്ണന അത്യന്തം ഹൃദയംഗമായിട്ടുണ്ടു്. അവർക്കു നിദ്രാഭംഗമുണ്ടായതിനെ കവി വർണ്ണിച്ചിരിക്കുന്നതെങ്ങമെയെന്നു നോക്കുക.

“സങ്കല്പസംഗമസുഖാനുഭവസ്യനാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീസകാശാൽ”

മഴമംഗലത്തിനു് ശൃംഗാരത്തോടുള്ള പക്ഷപാതം ഇവിടെയെന്നതുപോലെ എവിടെയും പ്രകടമായിരിക്കുന്നു.

നളൻ മാരജ്വരപരവശനായി ഉദ്യാനത്തിൽ ഇരിക്കവേ, അരയന്നം അവിടെ വന്നുചേരുന്നു. ആ അന്നത്തെ അദ്ദേഹം ദമയന്തിയുടെ അടുക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു.

“വിദർഭക്ഷിതിപതിനഗരേ, ധന്യാകാരേ, മണിമയമുറ്റത്തഴകിലിറങ്ങിക്കനകവിഭൂഷണഝണഝണിതോപമ മധുരനിദാനംകൊണ്ടു വധൂനാം ചെവികളിലമൃതു ചൊരിഞ്ഞുചൊരിഞ്ഞും, മദകളതരുണീയാനമനോജ്ഞം മൃദുമൃദുപദങ്ങളിൽ വച്ചു നടന്നും, വിദ്രുമശകലം ബീജാപൂരകവിത്തെന്നോർത്തതു കൊത്തിയുടച്ചും, മധ്യേ മധ്യേ വെളുവെളെ വിലസും പത്രപുടങ്ങൾ കുടഞ്ഞു കുടഞ്ഞും വിവലിത വദനന്നോക്കിയുമിത്ഥാ വിഭ്രമരീതി വളർത്തുനടക്കുന്നതു്” കണ്ടു് ദമയന്തി ആ അന്നത്തെ പിടിച്ചെടുക്കാനായി ശ്രമിക്കുന്നു.

വർണ്ണനയ്ക്കു് അവസരം കിട്ടിയാൽ മഹിഷമംഗലം വെറുതേ വിടുകയില്ല.

“വാ ചർമ്മേ ശൃണു വല്ലഭേതി വചനേ വൈയാത്യമാപദ്യതേ
ഹേ രാജന്നിതിചേദിഹാപിചപൃഥഗ്ഭാവോ മഹാനാപതേൽ
മൽപ്രാണാ ഇതിയുക്തമേതദധുനാ കീരോക്തിവദ്ഭംസതേ
കഷ്ടം! കാതരചേതനാ കഥമഹോ സന്ദേഷ്ടുമദ്യാരഭേ.”

ഇത്യാദി ഘട്ടങ്ങളിൽ കവിയുടെ ഔചിത്യബോധം സവിശേഷം സ്ഫുരിക്കുന്നുണ്ടു്.

അങ്ങിനെ ഇരിക്കേ രാജാവു് പുത്രിയുടെ സ്വയംവരമഹം നടത്തണമെന്നു് ആലോചിച്ചു് ദൈവജ്ഞവരനെ വരുത്തി മുഹൂർത്തം കുറിപ്പിക്കുന്നു. മണിത്തറകളും പന്തലുകളും മുറയ്ക്കു് ഒരുങ്ങി. ‘നാളീകലോലമിഴിമാർ നല്ല മൃഗനാഭിതുഷാരതോയൈഃ നീളത്തെളിച്ചു് മണിരംഗഭൂമികൾ’ മെഴുകി വൃത്തിയാക്കി.

“നിന്നിദ്രകാന്തി നിരവേ പണിചെയ്തു തീർന്നൂ
മുന്നൂറുകോടി നിലയങ്ങൾ മഹീപതീനാം
അവ,‘അന്യൂനമോദമമരാവതി പെറ്റ പുത്തൻ-
പെണ്ണുങ്ങളാവതു ചമഞ്ഞിഹ വന്നപോലെ’

വിളങ്ങി. സ്വയംവരാഘോഷം കാണാൻ ഉള്ള ഒരുക്കൾ വീടുതോറും നടന്നുതുടങ്ങി.

“ഒരുവൾ നിജ വിഭൂഷാജാലമെല്ലാമണിഞ്ഞാ-
ളൊരുവൾ പണിയൊടുങ്ങാഞ്ഞെത്രയെല്ലാം പിടിഞ്ഞാൾ
തരുണനൊടൊരുതന്വീ ചെന്നുറങ്ങാൻ പറഞ്ഞാൾ
ചരിതമിതി മനോജ്ഞം വാരനാരീജനാനാം.
പുടവവടിവുപോരാഞ്ഞിട്ടു കോപിച്ചു കാചിൽ
ഝടിതി രമണവക്ത്രേ കൊണ്ടുപോകെന്നെറിഞ്ഞാൾ
തടിയനതുമെടുത്തുംകൊണ്ടു താനേ നിരൂപി-
ച്ചവിചനിലയൊടിക്കും കോപ്പുകണ്ടാൽ വിനോദം”

ഇന്ദ്രാദികൾ സന്ദേശം കൊടുത്തു് നളനെ അയയ്ക്കുന്നഭാഗവും മറ്റും കവി ചുരുക്കിയിരിക്കുന്നു. എന്നാൽ സ്വയംവരത്തിനായി വന്നുകൂടിയ ജനതയുടെ തിക്കും തിരക്കും പൊടിപൂരമായി വർണ്ണിച്ചിട്ടുണ്ടു്. ഇവിടെ പുനത്തിനെ അനുകരിച്ചു് മലയാളബ്രാഹ്മണരുടേയും മറ്റും നടപടിപ്പിശകുകളെ കഠിനമായി ആക്ഷേപിച്ചിരിക്കുന്നു.

വരണമാലയും ധരച്ചുകൊണ്ടു് വരുന്ന ദമയന്തിയെ എത്രതന്നെ വർണ്ണിച്ചിട്ടും കവിയ്ക്കു് അലംഭാവമുണ്ടാകാത്തതിനാൽ ശ്ലിഷ്ടോപമയുപയോഗിച്ചു് അവളെ കാടോടും മേടോടും അതിനോടും ഇതിനോടും ഒക്കെ സാദൃശ്യപ്പെടുത്തിയിട്ടു് ഒടുവിൽ മനസ്സില്ലാമനസ്സോടുകൂടി പിന്മാറുന്നു.

വിവാഹാനന്തരമുള്ള ഘട്ടത്തേയും കവി വെറുതെ വിടുന്നില്ല. ശൃംഗാരപ്രിയനായ കവിയുണ്ടോ സംഭോഗശൃംഗാരത്തെ പ്രതിപാദിക്കാതെ വിടുന്നു? ദമയന്തിയുടെ സ്ഥിതിയെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്:–

“നിത്യം പ്രത്യൂഷകാലേ മിളിതരുചികുളിച്ചാസ്ഥയാ ദേവകൃത്യം
കൃത്വാ നത്വാ ഗുരൂണാം കഴലിണകലിതാനന്ദമിന്ദീവരാക്ഷീ
ഭുക്ത്വാ സഞ്ചർവ്യാ താംബൂലമഴകൊടു വൃദ്ധാംഗനോക്തംപുരാണം
വൃത്താന്തം കേട്ടമിത്ഥം മധുമഖി ദിവായാപയാമാസകാലം.
മന്ദം ഭാനൗ പരിഷ്കുർവതി ചരമഗിരിം ചന്ദനച്ചാറരപ്പി-
ച്ചിന്ദുസ്മേരം നറും പിച്ചകമലരുമറുപ്പിച്ചു സഖ്യാ നിഗ്രഢം
ചന്തം ചേർ ചന്ദ്രശാലാമണിയറയിലണഞ്ഞന്തിയും പാർത്തിരുന്നാ-
ളന്തർമ്മോദേന ചെന്താർശരനടനകലാകൗതുകാലോലചേതാഃ”

രതിക്രീഡാവർണ്ണനമായ ദണ്ഡകത്തോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.

ഉത്തരഭാഗം രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം പൂർവഭാഗത്തേ അതിശയിക്കുന്നു. കരുണരസപ്രചുരമായ ഒന്നു രണ്ടു പദ്യങ്ങളെ മാത്രം ഇവിടെ ഉദ്ധരിക്കാം.

“ഘോരേ ദൈവോപരോധാംബുധിയിൽ മുഴുകി മാഴ് കീടുമെന്നോടുകൂടെ-
പ്പോരേണ്ടാ നിങ്ങളാരും വ്രജതസഖികളേ കർമ്മമേതാദൃശം മേ
സ്വൈരം കാന്തേന ചേർന്നന്നളനൊടു സുഖമേ വാണ ഞാനിങ്ങനേ കാ-
ന്താരേ പോകെന്നുവന്നൂ ശിരസിലിഖിതമെന്തിന്നിയെന്നും നജാനേ.
ആചാരംകൊണ്ടുമായോധനനിപുണതകൊണ്ടും പ്രതാപപ്രഭാവ
പ്രാചുർയ്യംകൊണ്ടുമുദ്യദ്ഗുണഗണഗരിമാ ഹന്ത! കാന്തോ നളോ മേ
ക്ലേശാനേതാദൃശാൻപൂണ്ടതി വിവശതയാ ചൂതു പോരാം പാശാചാ-
വേശാലി വണ്ണയായ്വന്നതിനുസഖികളെ ഹേതുഞാനോനജാനേ”

ദമയന്തി രാജ്യം പിഴുകി, വനത്തിൽ പോവാനാരംഭിച്ച നളനോടുകൂടി പുറപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകളാണു് ഇവ.

“കാന്താരേ ഹന്തമാം ബന്ധുരവിപുലമഹാസിന്ധുരേന്ദ്രാദി ഘോരേ
കാന്താരേ പേർത്തുമിട്ടേച്ചിഹ സപദി ഭവാനെങ്ങുപോയീ ഗുണാബ്ധേ
താന്താനഞ്ഞൂറുവട്ടംനിജഗമനവിധൗ യാത്രയും ചൊല്ലിയേച്ചേ
താന്താമെന്നെപ്പിരിഞ്ഞിട്ടൊരുപദമിളകൂ പണ്ടുനീ പുണ്യരാശേ
ഖിന്നാ മേ രാജ്യവും ഭോജ്യവുമഖിലമുപേക്ഷിച്ചുനിന്നോടുകൂട-
പ്പിന്നാലേ ഹന്ത പോന്നൂ തിരുവുരു തവ കാണ്മാൻ കൊതിച്ചല്ലയോ ഞാൻ
എന്നാലിട്ടേച്ചു കാട്ടിൽ പുനരഗതിയെ മാം നാഥ പൊയ്ക്കൊണ്ടതിന്നീ
മുന്നം കേളാവയോസ്സൗഹൃദസരണികളെല്ലാം മറന്നോ ഗുണാബ്ധേ?”

ഈ വിലാപം പാഷാണഹൃദയത്തെപ്പോലും ദ്രവിപ്പിക്കത്തക്കവണ്ണം കരുണരസനിർഭരമായിരിക്കുന്നു.

മഹിഷമംഗലത്തിന്റെ കൃതികൾ എണ്ണംകൊണ്ടും വണ്ണംകൊണ്ടും പുനത്തിന്റെ കൃതികളോടു കിടയല്ലെങ്കിലും, ഗുണത്തിൽ അവയെക്കാൾ ഒട്ടും താഴെയല്ല.

“ക്ഷണേ ക്ഷണേ യന്നവതാമുപൈതി
തദേവരൂപം രമണീയതായാഃ”

എന്നു് മാഘകവി രമണീയതയുടെ സ്വരൂപം വർണ്ണിച്ചിട്ടുള്ളതു ശരിയാണെങ്കിൽ, ഭാഷാനൈഷധചമ്പുവും രമണീയമായ ഒരു കാവ്യം തന്നെ. വായിക്കുന്തോറും അതിലെ ആശയങ്ങൾക്കു് ഒരു പുതുമയും സാരസ്യവും തോന്നിക്കുന്നു.

ഈ കവി മറ്റു വല്ല കാവ്യങ്ങളും ഭാഷയിൽ രചിച്ചിട്ടുണ്ടോ എന്നു് അറിയുന്നില്ല. എന്നാൽ ചന്ദോത്സവം അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നൊരു സംശയം ഉണ്ടു്. അതിന്റെ അവസാനത്തിൽ കാണുന്ന,

“ഉലകഖിലമലിക്കും മേദിനീവെണ്ണിലാവിൻ
മധുരചരിതരൂപൈർവാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധംതുപ്രസാദം
നിഖിലഭുവനസാക്ഷി ബാലശീതാംശുമൗലി”

എന്ന പദ്യത്തിലെ ‘ബാലശീതാംശുമൗലി’ കവിയുടെ പേരിനെക്കൂടി സൂചിപ്പിക്കുന്നതായി ഒരു പ്രതീതി ജനിക്കുന്നു. എന്നാൽ ഒരു വൈഷമ്യം ഉള്ളതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു. ചന്ദ്രോത്സവകർത്താവു് ഒരു രാഘവകവിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം രാഘവീയത്തിന്റെ കർത്താവാണെന്നുവരുകിൽ, ഈ ഊഹം തെറ്റിപ്പോകുന്നു. രാഘവീയപ്രണേതാവു്, നാരായണീയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു്

“ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാ-
ദേതൽകിഞ്ചനരാഘവീയമിതിയൽ കാവ്യം കൃതം കേനചിൽ”

എന്ന പദ്യത്തിൽ നിന്നു തെളിയുന്നു. പ്രസ്തുത കാവ്യത്തിന്റെ അവസാനത്തിൽ അമ്പലപ്പുഴ രാജാവിനെ വാഴ്ത്തിയും കാണുന്നു. എന്നാൽ രാഘവീയകർത്താവിനെക്കൂടാതെ വേറെയും രാഘവന്മാരുണ്ടായിരുന്നു എന്നു വരരുതോ? ഏതായിരുന്നാലും ഈ വിഷയത്തിൽ നിസ്സന്ദേഹം ഒരു അഭിപ്രായം പറയുന്നതിനു പണ്ഡിതന്മാർക്കേ അവകാശമുള്ളു.

ചന്ദ്രോത്സവത്തിന്റെ അവതാരകനായ വടക്കുംകൂർ രാജരാജവർമ്മ രാജാവിന്റെ അഭിപ്രായത്തിൽ ചേലപ്പറമ്പനാണു് അതിന്റെ കവി. കവികളുടെ പേരുകൾ മാത്രം അറികയും അവരുടെ കൃതികൾ എന്തെല്ലാമെന്നു നിശ്ചയമില്ലാതെ വരികയും ചെയ്യുമ്പോൾ പുരാതന ഗ്രന്ഥപരിശോധകന്മാർ ചില സൗജന്യങ്ങൾ ഒക്കെ ചെയ്തില്ലെങ്കിൽ കിട്ടുന്നതൊക്കെ യഥേച്ഛം ഓരോരുത്തർക്കായി വീതിച്ചുകൊടുക്കയാണു് പതിവു്. ചേലപ്പറമ്പൻ ബാല്യം മുതൽക്കേ ‘തെറി’ പറഞ്ഞു ശീലിച്ച ആളുമാണല്ലോ. അതുകൊണ്ടു് ഈ ദുഷ്കാവ്യത്തെ അദ്ദേഹത്തിൽ ആരോപിച്ചതിൽ ആർക്കും പരിഭവത്തിനു വകയും ഇല്ല. എന്നാൽ കോഴിക്കോട്ടു രാജാവിന്റെ സദസ്യനായിരുന്ന ചേലപ്പറമ്പൻ തനിക്കു യാതൊരു സംബന്ധവുമില്ലാത്ത ചിറ്റിലപ്പള്ളി നാട്ടിനേ തന്റെ സങ്കല്പകല്പദ്രുമത്തിന്റെ ദുഷിച്ച ഫലമായ മേദിനീവെണ്ണിലാവിന്റെ മദനകലാവിലാസങ്ങൾക്കു രംഗഭൂവായി കല്പിച്ചതും, അതിനെ സാഭിമാനം വർണ്ണിച്ചിരിക്കുന്നതും എന്തുകൊണ്ടാണെന്നുള്ളതു് ഗംഭീരാത്മാക്കളുടെ ചിന്താഗതിയെന്നപോലെ അതീവ ഗഹനമായിരിക്കുന്നു. ചിലർ എഴുത്തച്ഛനിലും, മറ്റുചിലർ നാരായണഭട്ടതിരിയിലും തൽകർതൃത്വം ആരോപിക്കുന്നുണ്ടു്. അവരുടെ സാഹസത്തിനു് കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല. സദാപി ഈശ്വരധ്യാനമൃതലഹരി പിടിച്ചിരുന്ന ആ പുണ്യാത്മാക്കൾ ഇങ്ങനെ ഒരു പൂരപ്പാട്ടുപാടാൻ ഒരുങ്ങിയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക!

വടക്കുംകൂർ രാജാവിന്റെ അവതാരിക വായിച്ചുനോക്കിയാൽ അതിനെക്കാൾ ഉൽകൃഷ്ടമായ ഒരു കാവ്യം ഭാഷയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോകും. ശൃംഗാരരസത്തിനെ ആരും അപലപിക്കുന്നില്ല; എന്നാൽ ശൃംഗാരത്തിന്റെ സ്ഥായീഭാവം നായികാനായകന്മാർക്കു പരസ്പരമുണ്ടാകുന്ന പരിശുദ്ധമായ രതിയാകുന്നു; തെറിയല്ല. ഈ കാവ്യത്തിലെ പ്രതിപാദ്യവിഷയത്തെ ഒന്നു പരിശോധിച്ചുനോക്കുക. ചിറ്റിലപ്പള്ളിനാട്ടിൽ ഒരേടത്തു് ഒരു വാരാംഗന സന്താനമില്ലായ്കയാൽ തീവ്രമായ വ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു കാലയാപനം ചെയ്കവേ, ഒരു ദിവസം അവൾ നിദ്രാധീനയായിരിക്കുമ്പോൾ കാമദേവൻ ആവിർഭവിച്ചു് ‘നിനക്കു് അചിരേണ ഒരു സന്താനം ലഭിക്കും’ എന്നു അനുഗ്രഹിച്ചിട്ടു പോയത്രേ. ഈ അവസരത്തിൽ ചന്ദ്രനും ചന്ദ്രികയും തമ്മിൽ ഒരു കലഹമുണ്ടായി. അയാൾക്കു മേനകയുമായി അനഭിലഷണീയമായ വിധത്തിൽ രാഗമുണ്ടാവുകയും, അവർ രഹസ്സമാഗമത്തിനു് ഒരു ഉചിതസങ്കേതസ്ഥാനം കുറിക്കയും ചെയ്തു. ഈ വിവരം അറിഞ്ഞ ചന്ദ്രിക, തന്റെ ഭർത്താവിന്റെ ഈ ദുരുദ്ദേശ്യത്തെ വിഫലീകരിക്കുന്നതിനു വേണ്ടി മേനകയുടെ വേഷം അവലംബിച്ചു്, ആ സ്ഥലത്തു ചെന്നു രമിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഇരിക്കെ സാക്ഷാൽ മേനകയും അവിടെ വന്നുചേർന്നു. അപ്പോൾ,

“ശിശിരരുചി വിദിത്വാ മേനകാദുശ്ചരിത്രം
മനസിപുനരടങ്ങാതോരു കോപാതിരേകാൽ
പ്രളയദഹനരൂക്ഷൈരൈ രക്ഷണേതാ
മശപദകരുണാത്മാ വല്ലഭാം പല്ലവാഭാം.”

മേനക ദൂശ്ചരിതയത്രേ! കവിയുടെ ധർമ്മബോധം ബഹുവിചിത്രമെന്നേ പറയേണ്ടു. കാവ്യപ്രയോജനങ്ങളെ മമ്മടൻ സംഗ്രഹിച്ചിരിക്കുന്നതിങ്ങനെയാണു്.

“കാവ്യം യശസേർത്ഥകൃതേ വ്യവഹാരവിദേശിവേതരക്ഷതയേ
സദ്യഃപരനിർവൃതയേ കാന്താസമ്മിതതയോപദേശയുജേ.”

ഈ കാവ്യത്തിൽനിന്നു് ഇവിടെ പറഞ്ഞിരിക്കുന്ന യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല. അഗ്നിസാക്ഷികമായി വിവാഹം കഴിച്ച ധർമ്മപത്നിയെ കണ്ണീരും കൈയുമായി വിട്ടിട്ടു്, ദുശ്ചരിതകളുമായി സംസർഗ്ഗം ചെയ്യുന്നതിൽനിന്നു് ‘ബ്രഹ്മാനന്ദാനുഭവനിർവിശേഷമായ ഒരു സദവസ്ഥ’യുണ്ടാകുമെങ്കിൽ മാത്രമേ ഈ കാവ്യശ്രവണസമനന്തരം പരനിർവൃതിയുമുണ്ടാവൂ.

“കുലയുവതിപതാകേ, വാരയോഷേവനമ്മേ
കുമതിവിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതുപോയ്വാരയോഷാ-
നുഭവമനുഭവിച്ചീടാശുമച്ഛാപവേഗാൽ.”

‘കുലയുവതിപതാകേ’ എന്ന സംബുദ്ധിക്കും പിന്നീടുള്ള വാക്കുകൾക്കും തമ്മിലുള്ള പൊരുത്തം സാഹിതീസർവസ്വം സ്വാധീനമായിരിക്കുന്ന രസജ്ഞന്മാർക്കേ മനസ്സിലാകയുള്ളു. സ്വഭർത്താവിനെ ദുസ്സംഗമേച്ഛയിൽ നിന്നു് വിനിവർത്തിപ്പിക്കാൻ ശ്രമിച്ച സാധ്വിക്കു കിട്ടിയ ശിക്ഷ എത്ര ഭയങ്കരം! അവളെ വേശ്യയാക്കി വിടുകയാണു് ആ ദുഷ്പ്രഭു ചെയ്തതു്. സഹൃദയന്മാരുടെ ഇടയ്ക്കു് അഴിയാത്ത ഇത്തരം വിലയേറിയ ചരക്കുകൾകൊണ്ടാണു് നമ്മുടെ മണിപ്രവാളകവി വ്യാപാരം ചെയ്യുന്നതു്. മേദിനീവെണ്ണിലാവിന്റെ ശിശുഭാവത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.

“സൗവർണ്ണകിങ്ങിണി കിലുങ്ങെ മുദാ കമിണ്ണാ-
ളാരോമലമ്പൊടു ചിരിച്ചു ചിരിച്ചകാണ്ഡേ
മേലിൽത്തിരണ്ടു പുരുഷായിതസൂത്രധാര
ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി.”

അഹോ! എന്തൊരു ധിക്കാരം! ശിശുവിനെപ്പോലെ പരിശുദ്ധവും ഹൃദയാകർഷകവും ആയ വസ്തു ലോകത്തിൽ മറ്റൊന്നുമില്ല. രാക്ഷസപ്രകൃതികൾക്കു പോലും ശിശുക്രീഡകൾ കാണുമ്പോൾ മനം കുളുർക്കുന്നു. നമ്മുടെ കവിയാകട്ടെ, തന്റെ സങ്കല്പസന്താനത്തെ കണ്ടപ്പോൾ അതുമായി ഒന്നു രതിക്രീഡ ചെയ്താൽ കൊള്ളാമെന്നൊരു ദുരാഗ്രഹമാണു് ജനിച്ചതു്.

ചന്ദ്രോത്സവകർത്താവു് വാഗ്വിലാസമുള്ളവൻ തന്നെ. പാമ്പിനു നല്ല മേനിമിനുക്കവും കുശാഗ്രബുദ്ധിയും ഉണ്ടെങ്കിലും അതിന്റെ ഉച്ഛ ്വാസം വിഷമയമായിരിക്കുന്നതിനാൽ അതിനെ നാം നല്ല ‘മേത്തരം പത്തൽ’ കൊണ്ടല്ലേ സമ്മാനിക്കുന്നതു്. അതുപോലൊരു പൂജയ്ക്കേ നമ്മുടെ കവിക്കും അവകാശമുള്ളു. അയാൾ കേരളമാഹാത്മ്യകർത്താവിനെപ്പോലെ കുറെ കാളകൂടം വമിച്ചു; അതിനെ അമൃതോപമം ഭുജിച്ചു് ‘കാളകണ്ഠന്മാരാവാൻ’ മനസ്സുള്ളവർ അങ്ങിനെ ചെയ്തുകൊള്ളട്ടേ; ആർക്കും പരിഭവിച്ചിട്ടു കാര്യമില്ല.

മറ്റു ചമ്പുക്കൾ

ചമ്പുക്കളിൽ മിക്കവയും പ്രസിദ്ധീകരിച്ചിട്ടില്ല. ഈയിടയ്ക്കു് ചമ്പൂഭ്രാന്തു വർദ്ധിച്ചതുനിമിത്തമായിരിക്കാം ഏതോ ഒരു രസികൻ ചമ്പൂക്കാരന്മാരെ അധിക്ഷേപിക്കാനായി ശ്രീമതീസ്വയംവരം എന്നൊരു ചമ്പു രചിച്ചതു്.

ഭാരതചമ്പു

ഇതും നാരായണീയം ചമ്പുവും ഏതോ ഒരു നാരായണകവിയുടേതാണെന്നു തോന്നുന്നു. സുഭഗസന്ദേശകാരൻ [17] ഒരു നാരായണകവിയായിരുന്നു. അദ്ദേഹമായിരിക്കുമോ ഈ ചമ്പുക്കളുടേയും കർത്താവു് എന്നു പണ്ഡിതന്മാർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. കവനോദയക്കാർ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, കിരാതം, കീചകവധം, ഗോഗ്രഹണം, ഉദ്യോഗം, ദൂതവാക്യം, ജയദ്രഥവധം, ഭരതയുദ്ധം, അശ്വമേധം എന്നു പത്തു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കവിതിലകൻ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടുള്ള കല്യാണസൗഗന്ധികം ഭാരതചമ്പുവിൽ ഉൾപ്പെട്ടതാണോ എന്നു നിശ്ചയമില്ല. അതുപോലെ തന്നെ ബാണയുദ്ധം എന്നൊരു ചമ്പുവും അച്ചടിച്ചിട്ടുണ്ടു്. രാമായണചമ്പുവിനെപ്പോലെ തന്നെ ഭാരതചമ്പുവും ഒരു പ്രൗഢകൃതിയാണു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിച്ചുകൊള്ളുന്നു.

“രംഗേപാർത്ഥൻകരേറുന്നളവനിഭുജാംചിത്തവുംപോയ്ക്കരേറി-
ശ്ശംകായാംവില്ലെടുക്കുന്നളവൊരുതലനോവങ്ങെടുത്തുവിശേഷാൽ
ഭംഗംലക്ഷ്യത്തിലെത്തുന്നളവിലഥതദീയാശ്രുപാതേനതേഷാം
സങ്കല്പം പത്തുനൂറല്ലതിനിടയിലഹോ ലക്ഷലക്ഷമ്മുറിഞ്ഞൂ
ഓമൽപാദാംബുജംതൊട്ടണികഴലൊടുമൻപോടു പൂമേനി മൂടി
ക്ഷൗമം പട്ടാംബരങ്കൊണ്ടണിമണിമുകരം കയ്പിടിച്ചുല്പലാക്ഷീ
ശ്രീമന്മഞ്ജീരമഞ്ജുക്വണിതമിയലവേകോമളാഭ്യാം പദാഭ്യാ-
മാമന്ദം നീയമാനം ചതുരസഖികളാൽ പ്രാപ കല്യാണരംഗം”
പാഞ്ചാലീസ്വയംവരം.
നാരായണീയം

തൃപ്പൂണിത്തുറ പ്രതിഷ്ഠയാണു് ഈ ചമ്പുവിന്റെ പ്രതിപാദ്യവിഷയം. ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണിരുന്ന കാലത്തു്, ഒരു ബ്രഹ്മണന്റെ പത്നി പ്രസവിച്ചയുടനെ ശിശു മരിച്ചുപോയി. ബ്രാഹ്മണൻ ഈ വിവരത്തെ ശ്രീകൃഷ്ണനെ അറിയിയിച്ചെങ്കിലും അദ്ദേഹം ഇളകിയതേയില്ല. ഇങ്ങനെ പല പ്രാവശ്യം സംഭവിച്ചു. ഒൻപതാമത്തെ പുത്രനും നഷ്ടപ്പെട്ടപ്പോൾ, ആ സാധുവിന്റെ ക്ഷമ അസ്തമിച്ചു.

“ഹാ കഷ്ടം! ദുഷ്ടരാം മന്നവർ മദവിവശം വീരധർമ്മം വഭുത്വ-
പ്രാഗത്ഭ്യം കാട്ടി വാഴും ദശയിൽ വരുവതില്ലാർക്കുമേസൌഖ്യലേശം
ആകെക്കാണുന്നതിൻപാലനഫലമിതകാലേ മൃതാ ബാലകാമേ
ലോകേ ചെറ്റേകസൂനോർമ്മരണമപി പൊറാ പിന്നെയല്ലോ ബഹുനാം.
വല്ലാതെ മാരമാൽ പൂണ്ടനുദിനമഴകാർന്നംഗനാകൊങ്കയിൽ ചേ-
ർന്നെല്ലായ്പോഴും കളിക്കുംപ്രകൃതിശഠനറിഞ്ഞീടുമോ ലോകതന്ത്രം?
നിർലജ്ജം ചൌര്യവും മാതുലവൃഷവനിതാഹിംസയുംമറ്റിതെല്ലാ-
മല്ലോ പണ്ടേച്ചരിത്രം തവ ഫലമതിനിന്നീദൃശം മാദൃശാനാം”

ഈ ശകാരവർഷം ഒക്കെ കേട്ടിട്ടും ശ്രീകൃഷ്ണൻ അനങ്ങിയില്ലെങ്കിലും, അടുത്തു നിന്നിരുന്ന അർജ്ജുനനു സഹിച്ചില്ല. അദ്ദേഹം അടുത്ത പ്രസവത്തിൽ കുട്ടിയെ രക്ഷിച്ചുകൊള്ളാമെന്നും, അല്ലാത്തപക്ഷം അഗ്നിപ്രവേശം ചെയ്യാമെന്നും ശപഥംചെയ്യുന്നു. ‘ശ്രീകൃഷ്ണനാൽ സാധിക്കാത്ത കാര്യം നീയാണോ സാധിക്കാൻ പോകുന്നതു്?’ എന്നു വിപ്രൻ ഹാസ്യപൂർവം ചോദിച്ചപ്പോൾ അർജ്ജുനൻ സാവലോപം ഇങ്ങനെ മറുപടി പറഞ്ഞു:–

“നീ കേളീമാമറിഞ്ഞീലവനിസുരപശോസാത്യകിർന്നാസ്മിസത്യം
ഹീ ഹീ! നൈവോന്മദാത്മാ മുസലധരനുമല്ലന്യവൃഷ്ണിപ്രവീരാഃ
ലോകാനാംനാഥനംഭോരുഹനയനനുമല്ലിത്രിലോകൈകവീര-
ശ്ലാഘാവാനർജ്ജുനൻഞാൻ തവ ചെവികളിൽ വന്നീലയോമൽപ്രഭാവം”?

ഈ അഹങ്കാരത്തിന്റെ ഫലമായി ബ്രാഹ്മണിയുടെ അടുത്ത പ്രസവത്തിനു് ശിശുവിന്റെ ശരീരംപോലും അദൃശ്യമായത്രേ. അതുകൊണ്ടു് ബ്രാഹ്മണൻ അർജ്ജുനനെ കഠിനമായി ആക്ഷേപിച്ചശേഷം, ‘കരഞ്ഞും പിഴിഞ്ഞും കരംകൊണ്ടു മാറത്തലച്ചും തൊഴിച്ചും വശം കെട്ടു’ വീണു കേണു തുടങ്ങി. അതു കണ്ടു് ദയാർദ്രചിത്തനും വീരാഗ്രർണിയുമായ അർജ്ജുനൻ, കുട്ടിയേത്തേടി സകല ദിക്കിലും പോയി. ഭൂസ്വർഗ്ഗപാതാളങ്ങളിലെങ്ങും അന്വേഷിച്ചിട്ടും ബ്രാഹ്മണശിശുവിനെ കാണായ്കയാൽ, ലജ്ജയാലും ഭഗ്നാശയാലും പരാഭൂതനായിട്ടു് അഗ്നിപ്രവേശനം ചെയ്യാനൊരുമ്പെട്ടു. ശ്രീകൃഷ്ണൻ ഈ അവസരത്തിൽ അവിടെ ആവിർഭവിച്ചു്, അർജ്ജുനനെ ആ സാഹസത്തിൽ വിരമിപ്പിച്ചിട്ടു് അദ്ദേഹത്തിനോടു കൂടി വിഷ്ണുലോകത്തിൽ ചെന്നു് അവിടെ വളർന്നിരുന്ന ബ്രാഹ്മണബാലന്മാരേയും കൊണ്ടു തിരിച്ചുപോന്നു. ആ അവസരത്തിൽ വിഷ്ണു നല്കിയ വിഗ്രഹത്തേയാണു് അർജ്ജുനൻ തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചതു്. സ്വർഗ്ഗവർണ്ണനയും മറ്റും അതിമനോഹരമായിട്ടുണ്ടു്.

ചെല്ലൂർ നാഥോദയം

അക്ലിഷ്ടരചനാകൗശലം കൊണ്ടും രസസ്ഫർത്തികൊണ്ടും ഈ ചമ്പു സർവാംഗസുന്ദരമായിരിക്കുന്നു. സൂരിവംശരാജാവായ ശതസോമൻ കഠിനമായ തപസ്സുചെയ്തു് ശിവനെ പ്രത്യക്ഷപ്പെടുത്തിയിട്ടു് അദ്ദേഹം നല്കിയ ശൈവബിംബത്തെ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നു. ഇതാണു് ഇതിവൃത്തം.

“കാണപ്പെട്ടു സമക്ഷാ തദനു തെളിവെഴും തേജസസ്തസ്യമദ്ധ്യേ
ചെന്നെത്തും കാളഭോഗീശ്വരകലിതജടാനദ്ധമുഗ്ധേന്ദുരേഖം;
ദീനത്രാണൈകദക്ഷം മനസി കിമപി കൊള്ളാഞ്ഞു തള്ളിക്കടക്കൺ-
കോണിൽ പാടേപടന്നീടിനഘനകരുണാപാർവതീഭാഗധേയം”

ഇത്യാദി സരസപദ്യങ്ങൾ കവിയുടെ കവനകലാവൈദഗ്ദ്ധ്യത്തിനു് സാക്ഷ്യം വഹിക്കുന്നു. പാർവതീദേവി കുളിച്ചുകൊണ്ടിരിക്കവേയാണു് ശതസോമൻ ശൈവബിംബം കൊണ്ടുപോയ കഥ അറിഞ്ഞതു്. ഉടൻതന്നെ കോപാവേശത്തോടുകൂടി ഭർത്തൃസന്നിധിയിലേക്കു പുറപ്പെട്ട ദേവിയുടെ ചിത്രം കവി ഇങ്ങനെ ഉല്ലേഖനം ചെയ്തിരിക്കുന്നു.

“തദനു പനിമലത്തയ്യൽതാനീദൃശോദ്ഭൂതമന്നാരദോക്ത്യാ സമസ്തംധരിച്ചറ്റമില്ലാതകോപാതിഭാരേണസംരംഭനിർവത്തിന സ്നാനവേലാവധൗനാലുമൂന്നിങ്ങുശേഷിച്ചു പാടേകിടക്കുംപുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസർഗ്ഗികോദഗ്രസൗര ഭ്യലുഭ്യദ്ദ്വിരോഫാളിസാന്ദ്രം തുലോമാകനോക്കീടിലാഹന്തപിങ്കാലിലേറ്റംകിടന്നോരുനീളം കലർന്നന്തരാവാരിബിന്ധുക്കളിറ്റിറ്റു വീഴും മലർകൂന്തൽ മെല്ലെപ്പുറം കൈത്തലേചേർത്തുകൊണ്ടപ്പയശ്രേണിയാലാർദ്രമെപ്പേരുമൊന്നിച്ചുഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാർത്തുകൊണ്ടും വിലാസേന മൂന്നൊന്നു ശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തൂരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമയ്യോ കലങ്ങിച്ചുവക്കും കടക്കൺകലാഭംഗിയും പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും ചേർന്ന ബാലാതപശ്രീനിഴൽകൊണ്ടുപൊന്നിൻപയോജം കണക്കേ കൊടുംകോപരാഗോദയപ്രൌഢരോമാഞ്ചവാർകഞ്ചുകം ചേർന്ന വക്ഷോജകുംഭദ്വയത്തിൽ നടുപ്പാട്ടിലൊട്ടൊട്ടു മെത്തുംപയോബിന്ദുസന്ദോഹസാന്ദ്രോജ്വലാ സംഭ്രമശ്രാന്തി കൈക്കൊണ്ടു പണ്ടേതിലേറ്റം കുലഞ്ഞിട്ടലഞ്ഞോരു തൂമദ്ധ്യവല്ലീമതല്ലീ സമുല്ലാസിനീ, വാരിപൂരാർദ്രമാം ചാരുപൂഞ്ചേല നന്നായ് നിതംബസ്ഥലേ ചേർന്നു പറ്റീടിലും ചെറ്റുതാനേ കിഴിഞ്ഞീടുമിന്നീവിബന്ധം മഹാരത്നകാഞ്ചീധൃതം മധ്യമധ്യേ വലംകൈത്തലംകൊണ്ടുതാങ്ങി ത്വരാചംക്രമാ പാടലാഭ്യം പദാഭ്യാം നിജപ്രാണനാഥാന്തികേ ചെന്നു കോപാഭിമാനാങ്കുരവ്യഗ്രഭാവം കലർന്നുഗ്രശാപപ്രദാനായ ദേവി നിന്നീടിനാൾ”

ഈ ഗദ്യത്തിൽ തുളുമ്പുന്ന രൗദ്രഭാവം എത്ര ആസ്വാദ്യമായിരിക്കുന്നു!

രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം, കംസവധം, തെങ്കാശിനാഥോദയം, കാമദഹനം, ദക്ഷയാഗം, പാരിജാതാപഹരണം എന്നീ ചമ്പുക്കളേപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്. അച്ചടിച്ചിട്ടുള്ളതായും ഇല്ലാത്തതായും വേറെയും അനേകം ചമ്പുക്കൾ ഉണ്ടു്. അനുകരണഭ്രമം നിമിത്തം ചമ്പൂപ്രസ്ഥാനം അചിരേണ ദുഷിച്ചുപോയി. സംസ്കൃതത്തിന്റെ സ്വയംവരവധുവായിച്ചമഞ്ഞ കാലംമുതല്ക്കു് ഭാഷാദേവിയുടെ സാഹിത്യസമ്പത്തു വർദ്ധിച്ചുവന്നുവെങ്കിലും, സ്വാതന്ത്ര്യത്തിനു വലിയ ഇടിവുതട്ടിത്തുടങ്ങി. ഭാഷയ്ക്കും രസത്തിനും പ്രാധാന്യം നൽകണമെന്നു് ലീലാതിലകകാരൻ വിധിച്ചുവെങ്കിലും പുനത്തിന്റെ കാലശേഷമുണ്ടായ ചമ്പൂകാരന്മാരുടെ കാലത്തു്, ‘മരുന്നിനു്’ മാത്രം ഭാഷാപദങ്ങൾ ചേർന്ന വികടമണിപ്രവാളം കണ്ടുതുടങ്ങി. ആ ദുർദശയിൽ നിന്നു ഭാഷയെ വീണ്ടും രക്ഷിച്ചതു് എഴുത്തച്ഛനായിരുന്നു.

ചമ്പുക്കളെല്ലാം നമ്പൂരിമാരുടേതാണെന്നാണു് സാധാരണ പറഞ്ഞുവരുന്നതു്. ഈ ഊഹം ശരിയാണെന്നു തോന്നുന്നില്ല. അക്കാലത്തെ ചാക്കിയാന്മാർ വളരെ വിദ്വാന്മാരായിരുന്നു. നാരായണഭട്ടതിരിയുടെ സുഭദ്രാഹരണാദി ചമ്പുക്കളെ അഭിനയിച്ചു് ചെമ്പകശ്ശേരിത്തമ്പുരാന്റെ സമ്മാനവും കവിയുടെ പ്രീതിയും സമ്പാദിച്ച ഇരവിച്ചാക്കിയാർ മഹാവിദ്വാനായിരുന്നെന്നാണു് അറിയുന്നതു്. അതുപോലെ വേറെയും പണ്ഡിതന്മാരായ ചാക്കിയാന്മാർ ഉണ്ടായിരുന്നു. അവർ സംസ്കൃത നാടകങ്ങളെ രൂപാന്തരപ്പെടുത്തി. അഭിനയയോഗ്യങ്ങളാക്കിവെച്ചിരുന്നതും സ്മരണീയമാണു്. ഇപ്പോൾ ഭാസനാടകങ്ങളെന്നു വിചാരിച്ചുവരുന്ന മിയ്ക്ക കൃതികളും അവരുടെ കൈക്കുറ്റപ്പാടിന്റെ ഫലങ്ങൾതന്നെയാകുന്നു. അവരും മറ്റു വർഗ്ഗക്കാരും ചമ്പുക്കൾ നിർമ്മിച്ചുകാണണം. [18]

“അക്കാലംവരെ ബ്രാഹ്മണേതരന്മാർ സംസ്കൃതം പഠിക്കാൻ അനുവദിക്കപ്പെടാതിരുന്നതുകൊണ്ടും മലയാളഭാഷയിൽ ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങൾ വളരെ ചുരുക്കമായിരുന്നതുകൊണ്ടും ശൂദ്രാദികൾ പുസ്തകപാരായണത്തിൽ വളരെ അലസന്മാരായിരുന്നു.” എന്നു് മി. പി. ശങ്കരൻനമ്പ്യാർ മലയാളസാഹിത്യചരിത്രത്തിൽ എഴുതിയിരിക്കുന്നു. അക്കാലത്തു് ബ്രാഹ്മണേതരന്മാർക്കു് സംസ്കൃതം പഠിക്കാൻ അനുവാദമില്ലായിരുന്നെങ്കിൽ, കണ്ണശ്ശന്മാർ എങ്ങനെ സംസ്കൃതം പഠിച്ചു? അച്യുതപ്പിഷാരടി നാരായണഭട്ടതിരിയുടെ ഗുരുവായതെങ്ങനെ? സംസ്കൃതം ഒരു ജാതിക്കാരുടെ പ്രത്യേക സ്വത്തായിരുന്നോ? ഇവിടെ ശൂദ്രാദികൾ എന്നു പറഞ്ഞിരിക്കുന്നതു് ആരെയാണെന്നു മനസ്സിലാകുന്നില്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. അവരിൽ ചിലർ നമ്പൂരിമാരുടെ ദാസ്യം വഹിച്ചു്. ശൂദ്രനായന്മാരായിത്തീർന്നിരിക്കാം. മറ്റു ചിലർ സ്വാതന്ത്ര്യത്തെ ബലികഴിച്ചു് പൂണൂൽ വാങ്ങി ഉഭയഭ്രഷ്ടരായും തീർന്നുകാണണം. അവരെ ശൂദ്രരെന്നു വിളിക്കുന്നതിൽ നായന്മാർക്കു പരിഭവമില്ല. നായന്മാരുടെ ഇടയ്ക്കു് എഴുത്താശാന്മാർ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നതായിട്ടാണു് അറിവു്. അമ്പലവാസികൾ വഴിക്കാണു് നായന്മാർക്കു സംസ്കൃതവിദ്യാഭ്യാസമുണ്ടായതെന്നു സ്ഥാപിക്കാനാണോ നമ്പ്യാരുടെ ശ്രമം? ‘ചാതുർവർണ്യം മയാ സൃഷ്ടം’ എന്നു ഭഗവൽഗീതയിൽ അരുളിച്ചെയ്തിട്ടുണ്ടു്. പക്ഷേ അമ്പലവാസികൾ ഈ നാലു വർണ്ണങ്ങളിൽ ഉൾപ്പെടുന്നുണ്ടോ? ‘ആന്തരാളികജാതി’ എന്നൊന്നു് ഏതു വിശ്വാമിത്രൻ സൃഷ്ടിച്ചു? അമ്പലവാസികുടുംബങ്ങളിൽ മാത്രമേ നമ്പൂരിമാർക്കു വിവാഹബന്ധം ഉണ്ടായിരുന്നുള്ളോ? അമ്പലവാസിസ്ത്രീകളിൽ ജനിച്ച നമ്പൂരിസന്താനങ്ങളിൽ മാത്രമേ, അവർക്കു് അനുകമ്പ ഉണ്ടായിരുന്നുള്ളു എന്നും വരുമോ? അവരുടെ കൂട്ടത്തിൽ നായന്മാരേ അപേക്ഷിച്ചു് വിദ്വാന്മാർ കൂടുതൽ ഉണ്ടായിരുന്നു എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും, അതു് മി. നമ്പ്യാരുടെ ഊഹത്തിനു് ഉദ്ബലകമായിരിക്കുന്നില്ല. നായന്മാർക്കു് രാജ്യരക്ഷചെയ്യേണ്ട ജോലികൂടി ഉണ്ടായിരുന്നതിനാൽ, വെറും ദാസ്യം വഹിച്ചു ജീവിക്കുന്നവരെപ്പോലെ സാഹിത്യപരിശ്രമം ചെയ്വാൻ അവർക്കു സാധിച്ചില്ലെന്നേയുള്ളു. അവരിൽ ഓരോ ചേരിക്കാർക്കും എഴുത്താശാന്മാർ ഉണ്ടായിരുന്നു. അവരെല്ലാം മഹാവിദ്വാന്മാരുമായിരുന്നു. അങ്ങിനെ ഒരു എഴുത്താശാനാണു് സുപ്രസിദ്ധനായ കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ഉണ്ണിരവിക്കുറുപ്പു്. സാക്ഷാൽ രാമാനുജൻ എഴുത്തച്ഛനും എഴുത്താശാന്മാരുടെ കുലത്തിൽ ജനിച്ച ആളായിരുന്നു. ‘അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ’ എന്നു് അദ്ദേഹം തന്റെ ഗുരുവായിരുന്ന ജ്യേഷ്ഠനെ വാഴ്ത്തീട്ടുമുണ്ടല്ലോ.

ചന്ദ്രോത്സവാദി കൃതികളേപ്പറ്റി പറയുന്നിടത്തു് മി. നമ്പ്യാർ പിന്നെയും പറയുന്നു.

“സമകാലീനമായ സാമുദായികസംഗതികൾ ഇതിൽ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ പ്രയാസം.” അനന്തരം

“വേശ്യാംഗനാവൃത്തിരിയം വിശീർണ്ണാ
വിരാജതേ സംപ്രതി കേരളേഷു”

എന്ന പദ്യഖണ്ഡത്തെ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ടു്,

“ചന്ദ്രോത്സവം മുതലായവ വാസ്തവത്തിൽ സാമുദായിക ജീവിതദർപ്പണങ്ങളാണെങ്കിൽ നമ്മുടെ സാമുദായികചരിത്രത്തിൽ അനാശാസ്യമായ ഒരു ഘട്ടം കഴിഞ്ഞുപോയല്ലോ എന്നു വച്ചു സമാധാനിപ്പാനും വഴിയുണ്ടു്” എന്നു് ഒരു ദീർഘനിശ്വാസം ചെയ്കയും ചെയ്യുന്നു.

അക്കാലത്തു് കേരളത്തിൽ വേശ്യാംഗനാവൃത്തി വിരാജിച്ചിരുന്നുവെന്നുള്ളതു് ചില ആന്തരാളികവർഗ്ഗക്കാരുടെ ഉൽപ്പത്തിയേപ്പറ്റി കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ ഊഹിക്കാമല്ലോ. അല്ലാതെ ചന്ദ്രോത്സവകർത്താവും വൈശികതന്ത്ര [19] കാരനും മറ്റും പറഞ്ഞിട്ടുള്ളതു് പൊതുവെ കേരളീയരുടെ അന്നത്തെ നിലയെ പ്രതിബിംബിക്കുന്നില്ല.

അനേകം ഗദ്യപ്രബന്ധങ്ങളും ഇക്കാലത്തുണ്ടായിട്ടുണ്ടു്. മഴമംഗലം തുടങ്ങിയവർ, സ്മൃതികളിൽ പലതിനേയും ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ചയം ഭാഷ, ചടങ്ങും ആചാരവും കൂടിയ ഭാഷ മുതലായവ ഈ ഇനത്തിൽ ഉൾപ്പെടുന്നു.

ശാസ്ത്രഗ്രന്ഥങ്ങൾ

ഭാഷാകാലദീപം, ഭാഷാമുഹൂർത്തപദവി ഇവ രണ്ടും മഹിഷമംഗലത്തിന്റെ കൃതികളാണു്. പ്രശ്നഭാഷ, ജ്യോതിഷഭാഷ, ലഘുമാനസഗണിതം ഭാഷ, വൈദ്യമഞ്ജരി, വൈദ്യാഷ്ടകം, ബാല ചികിത്സ, സഹസ്രയോഗം, ലക്ഷണാമൃതം, ഭിഷക്സാരോപദേശം, വിഷഹരമന്ത്രയോഗം ഭാഷ ഇത്യാദി വൈദ്യഗ്രന്ഥങ്ങളും, തച്ചുകോൽപൊരുത്തം, കടുകൾക്കരയോഗം, മാനവവാസ്തുലക്ഷണം ഇത്യാദി തച്ചുശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്തുണ്ടായവയാണു്.

ക്രിസ്ത്യാനികളും ചില കവിതകൾ ഇക്കാലത്തു് എഴുതീട്ടുണ്ടു്. അവയെപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്.

കുറിപ്പുകൾ
[1]

ഈ പാട്ടിനു് വലിയ പഴക്കമില്ല.

[2]

അതിൽ, “തിരുമാതിൻവല്ലഭനരുളാലേ തെളിവൊടു മാധവനഹമിടർകളവാൻ പരമാദരവൊടു ചൊല്ലിയ ഞാന- പ്പനുവം ഉരചെയ്വർ അത്ഭുതമുക്തിപദം” പ്രാപിക്കും എന്നൊരു ഫലശ്രുതി കാണുന്നുണ്ടു്.

[3]

പക്ഷേ ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തിൽ, കണ്ണശ്ശകുടുംബത്തെ തിരുവല്ലായിലേയ്ക്കു കൊണ്ടുവന്നതു് പത്തില്ലത്തിൽ പോറ്റിമാരിൽ ഒരുവനായിരുന്നു എന്നാണു് പറഞ്ഞുകാണുന്നതു്.

[4]

‘വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂരനുനാ ശിഷ്യേണ പ്രവണേന ശംകരകവേ രാമായണം വർണ്ണ്യതേ’ പുത്രകാമേഷ്ടികഥ.

[5]

അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം പ്രീതയേ ശാങ്കരം മേ ചന്ദ്രോത്സവം

[6]

ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ പ്രഥമാദിഛേദഃ സമാപ്തഃ.

[7]

വള്ളത്തോളിന്റെ തർജ്ജമ വായിച്ചുനോക്കുക.

[8]

ഈ ശങ്കരകവി ആരായിരുന്നുവെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടു് അതു് ചെറുശ്ശേരി നമ്പൂരിയാണെന്നു് വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്.

[9]

കൃഷിർഭൂവാചകശ്ശബ്ദ; ഭൂസത്തായം; നം = സുഖം, ആനന്ദം.

[10]

രാധ സാധനേ പ്രാപ്തൗതോഷേ പൂജായാം ച ഈശ്വരാർപ്പിതമായ ജീവിതം നയിക്കുന്ന പരമഭക്തന്മാരെല്ലാം രാധികന്മാരാണു്.

[11]

വൃന്ദം യത്ര തപസ്തേപേ തത്തു വൃന്ദാവനം സ്മൃതം “രാധാഷോഡസനാമ്നാം ച വൃന്ദാ നാമ ശ്രുതൗ ശ്രുതം തസ്യാം ക്രീഡാവനം രമ്യം തേന വൃന്ദാവനം സ്മൃതം”

[12]

മുരളി ഈശ്വരന്റെ വിശ്വപ്രേമത്തേ ഉപലക്ഷിക്കുന്നു.

[13]

വ്രജഗമനേ; വ്രജം = സംസാരം, ജഗൽ.

[14]

“500 years ago Aryavarta saw a new thepohany of Eternal love; five thousand years ago Sree Krishna played upon the flute. Along the ancient pathways of the East; he walked with love-filled eyes. He played upon the flute and the little girls attending to domestic duties in their homes moved on to listen to his lay. He played upon the flute and men came over thorns & stones to the mighty magic song of love. He played upon the flute and shepherds left their work to touch his blessed feet and enter into some apprehension of his call of love.” Prof. Vaswani.

[15]

Introduction to Unnuneeli Sandesam.

[16]

ഈ ഗദ്യംതന്നെ നാരായണീയാദി മറ്റു പ്രബന്ധങ്ങളിലും ഈഷദ്ഭേദത്തോടുകൂടി കാണുന്നുണ്ടു്. ചാക്യാർ പുനത്തിന്റെ കൃതിയിൽ നിന്നു് ഇതിനെ അവയിലേയ്ക്കു പകർത്തിയതോ അവയിൽ നിന്നു് ഇങ്ങോട്ടു പകർത്തിയതോ എന്നു ഖണ്ഡിച്ചു പറയുന്നതിനു നിവൃത്തിയില്ല.

[17]

മുക്താരത്നം മലയമരുതശ്ചന്ദനം ച പ്രസൂയ ……… വിദ്വൽപ്രീത്യൈ ബഹുരസ സുധാസുന്ദി സന്ദേഏശകാവ്യം ബദ്ധം ഹ്യേതദ്വിരതപദത്തേന നാരായണേന.

[18]

ബ്രാഹ്മണേതരന്മാർ എന്നു പറയുമ്പോൾ ക്ഷത്രിയവൈശ്യാദിദ്വിജന്മാർകൂടി ഉൾപ്പെടുന്നുണ്ടെന്നു് മി. നമ്പ്യാർ വിസ്മരിച്ചിരിക്കുന്നു. ശൂദ്രർക്കും സംസ്കൃതവിദ്യാഭ്യാസം നിഷേധിച്ചിരുന്നില്ലെന്നാണു് പുരാണം പ്രതിപാദിക്കുന്നതു്. “സ്ത്രീശൂദ്രദ്വിജബന്ധൂനാം ത്രയീനശ്രുത ഗോചരാ; കർമ്മശ്രേയസി മൂഢാനാം ശ്രേയ ഏവം ഭവേദഹേ, ഇതി ഭാരതമാഖ്യാനം കൃപയാ മുനിനാ കൃതം.” (ഭാ: സ്കന്ധം 1, അദ്ധ്യായം 4, ശ്ലോ. 25.)

[19]

ഈ കൃതി വളരെ പ്രാചീനമാകുന്നു. അതിലെ ചില പദ്യങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. തന്വീകുലാഭരണമേ തരുണാൻ കയർത്തും തനേ നിശാസു നിയമേന കിടക്കിലാകാ; അംഭോരുഹാഷി പുനരാണണയാതപെണ്ണും ചേറില്ലയാതമിളിയും ചിരികേടുകണ്ടാ. തനയേ തവ സമ്പദർത്ഥമുച്ചൈ- രിനിയോരാഢ്യനെ നീ വരിച്ചുകൊൾക ധനഹീനരിൽനിന്റുയർച്ചവാരാ പനിനീർവീണകുളം നിറഞ്ഞുനില്ല. ഇതും ഒരു ദുഷ്കവിത തന്നെ. അതുകൊണ്ടു് പ്രത്യേകം എടുത്തു പറയാഞ്ഞതാണു് ഗദ്യഗ്രന്ഥങ്ങൾ.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.