
ഒരു മിനിറ്റിൽ കുറഞ്ഞ സമയം കൊണ്ടു് നൂറിലധികം ഭാഷകളിലേക്കു് വിവർത്തനം ചെയ്യാനുള്ള മൂന്നു വഴികൾ! ഇന്റർനെറ്റ് ഉള്ള സ്മാർട്ഫോൺ/കമ്പ്യൂട്ടിൽ ഒരു ഓൺലൈൻ ട്രാൻസ്ലേറ്റിങ് ടൂൾ തുറക്കുക, വിവിധ ഭാഷകളുടെ ഓപ്ഷൻ സെലക്ട് ചെയ്യാം. ആവശ്യമുള്ള ഭാഷയിലേക്കു് കണ്ടന്റ് ഫയൽ വിവർത്തനം ചെയ്യാം. ഇതാണു് ഡിജിറ്റൽ കാലത്തെ വിവർത്തന രീതി. മനുഷ്യരുടെ ദൈനംദിന ജീവിതാവശ്യങ്ങളിൽ നൂറിലധികം ഭാഷകളുടെ ആവശ്യമുണ്ടാകില്ല. ലോകമാസകലമുള്ള ജനഹൃദയങ്ങളെ ആകർഷിക്കുന്ന സിനിമയെന്ന കലയുടെ കാര്യം അങ്ങനെയല്ല. ലോകമാസകലമുള്ള ഭാഷകളിലേക്കു് സബ്ടൈറ്റിൽ വിവർത്തനം ചെയ്യുന്നതു് സിനിമയുടെ വിതരണത്തിൽ പ്രധാനമാണു്. സബ്ടൈറ്റിൽ വിവർത്തന പ്രക്രിയയും മേൽവിവരിച്ചതിനു സമാനമാണു്. create > create subtitles ക്ലിക് ചെയ്തു് വീഡിയോ അപ്ലോഡ് ചെയ്യാം. ഓട്ടോ സബ്ടൈറ്റിൽസ്, ‘ആഡ് എ ന്യൂ ലാംഗ്വേജ്’ ഓപ്ഷൻ ഉപയോഗിച്ചു് പുതിയൊരു ഭാഷയിലേക്കു് വീണ്ടും മാറ്റാം. യുട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അതിൽ തന്നെ സബ്ടൈറ്റിൽ ഓപ്ഷനുകൾ ഉണ്ടു്. മലയാളത്തിലുള്ള ഒരാശയം നൂറിലധികം ഭാഷകളിലെ പ്രേക്ഷകരിലേക്കു് വിതരണം ചെയ്യാൻ അധികസമയം ആവശ്യമില്ല. അതായതു് ഉല്പന്നത്തിന്റെ മെച്ചപ്പെട്ട വിതരണത്തിലൂടെ സാധ്യമാകുന്ന സാമ്പത്തിക നേട്ടമാണു് പ്രധാനം. ഡിജിറ്റൽ സാങ്കേതികതയുടെ പരിസരത്തിൽ സിനിമയുടെ സബ്ടൈറ്റിൽ വിവർത്തനങ്ങൾ സവിശേഷമായും വിവർത്തനത്തിന്റെ വാണിജ്യ താല്പര്യങ്ങൾ സാമാന്യമായും അന്വേഷിക്കുന്നതിൽ പ്രസക്തിയുണ്ടു്.

മനുഷ്യഭാഷ സാങ്കേതിക വിദ്യ ഉപയോഗിച്ചു് വിവർത്തനം ചെയ്യുന്നതാണു് യന്ത്ര വിവർത്തനം (Machine Translation) എന്നറിയപ്പെടുന്നതു്. [1] മനുഷ്യരുടെ കർത്തവ്യ നിർവഹണത്തിനു് യന്ത്രസഹായം തേടിയതാണു് ഇതിന്റെ തുടക്കം. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും (US) റഷ്യയും (USSR) 1950-കളിൽ നടത്തിയ സംയുക്ത, സന്നദ്ധ പദ്ധതികളിൽ ഇംഗ്ലീഷ്-റഷ്യൻ, റഷ്യൻ-ഇംഗ്ലീഷ് യന്ത്ര വിവർത്തനങ്ങൾക്കു് ശ്രമം നടന്നു. 1954-ൽ വിയന്ന സർവകലാശാലയിൽ IBM കമ്പനിയുമായി ചേർന്നു് നടത്തിയ പ്രൊജക്ടിന്റെ ഭാഗമായി ഇംഗ്ലീഷ്-റഷ്യൻ ഭാഷകളിലെ ആറു് വാക്യങ്ങൾ കമ്പ്യൂട്ടറധിഷ്ഠിത യന്ത്രം വിവർത്തനം ചെയ്തു. ഇന്ത്യയിൽ അക്കാദമിക താല്പര്യങ്ങളുടെ ഫലമായി 1980-കളുടെ അവസാനവും 90-കളിലുമാണു് ബഹുഭാഷാദേശത്തിന്റെ തടസ്സങ്ങൾ മറികടക്കാനായി ശ്രമം IIT കാൺപൂരിൽ തുടങ്ങിയതു്. ‘ആംഗലഭാരതി’ എന്ന സിസ്റ്റം ഇംഗ്ലീഷിൽ നിന്നു് ഇന്ത്യൻ ഭാഷകളിലേക്കു് വിവർത്തനം ചെയ്യാനുള്ള ആപ്ലിക്കേഷനാണു്. [2] ഇന്നു് സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലും 24 ഔദ്യോഗികഭാഷകളുള്ള യൂറോപ്യൻ യൂണിയനിലും മാത്രമല്ല ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും ആശയ വിനിമയത്തിൽ ഭാഷാ സാങ്കേതികത വികസിക്കുകയും യന്ത്രവിവർത്തനം സുസാധ്യമാകുകയും ചെയ്തിരിക്കുന്നു. ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ 121 ഭാഷകളുടെ വിവർത്തനത്തിനായി ‘ഭാഷിണി’ [3] എന്ന എഐ നിയന്ത്രിത ഭാഷാ വിവർത്തന സിസ്റ്റം ഉപയോഗിക്കുന്നുണ്ടു്… ടെക്നിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി AICTE ‘അനുവാദിനി’ എന്ന വിവർത്തന ആപ്ലിക്കേഷനും നിർമ്മിച്ചു. [4] ഇന്റർനെറ്റിന്റെ വരവു് മനുഷ്യ വ്യവഹാരങ്ങളിൽ മാറ്റം വരുത്തി. കമ്പ്യൂട്ടറധിഷ്ഠിത യന്ത്രവൽക്കരണം പ്രാദേശിക ജീവിതത്തിലെ ആശയ വിനിമയ പ്രക്രിയകളിൽ പോലും ഇടപെട്ടു തുടങ്ങിയതു് കഴിഞ്ഞ പത്തു വർഷത്തിനുള്ളിലാണു്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലുമുള്ള ആപ്ലിക്കേഷനുകൾ മനുഷ്യാവിഷ്കാരങ്ങളും ജീവിത വ്യവഹാരങ്ങളും എളുപ്പമാക്കുന്നു. ഡിജിറ്റൽ യന്ത്രങ്ങളുടെ സഹായത്താൽ ഭാഷാ വിവർത്തനം ഏതു സമയത്തും (24 x 7) സാധ്യമാണു്. വിവർത്തന യുഗം [5] എന്നുപോലും വിളിക്കത്തക്ക തരത്തിൽ മനുഷ്യഭാഷയും സംസ്കാരവും മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ മാനവികതയുടെ കാലമാണിതു്. [6]
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യന്ത്ര വിവർത്തനങ്ങളാണു് ഭൂരിപക്ഷവും നടക്കാറു്. സമയം, പണം, ഉല്പാദന ക്ഷമത ഇവയെല്ലാം ഇതിനു കാരണമാണു്. നിരവധി ടെക്സ്റ്റ് ടു ടെക്സ്റ്റ് വിവർത്തന യന്ത്രങ്ങൾ ഇന്നു് ഇന്റർനെറ്റ് വഴി പൊതുസമൂഹത്തിനു് ലഭ്യമാണു്. ഗൂഗിൾ ട്രാൻസ്ലേറ്റ്, DeepL Translate, Microsoft Translator, Baidu translate തുടങ്ങിയവയെല്ലാം Neural Machine Translation (NMT) ആണു്. കമ്പ്യൂട്ടേഷണൽ ലിഗ്വിസ്റ്റിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നാണു് ഇവ പ്രവർത്തിക്കുന്നതു്. നിരവധി തലങ്ങളുള്ള പ്രോഗ്രാമുകളിലായി ദശലക്ഷക്കണക്കിനു് ഉദാഹരണങ്ങളിലൂടെ പരിശീലനം ലഭിക്കുന്ന നിർമ്മിത ബുദ്ധിയാണു് ഇവയ്ക്കു് പിന്നിൽ പ്രവർത്തിക്കുന്നതു്. ലോകത്തു് ഒരു ദിവസം ഒരു ബില്യനിലധികം ആളുകളാണു് ബഹുഭാഷാ ന്യൂറൽ യന്ത്ര വിവർത്തന ആപ്ലിക്കേഷനായ ഗൂഗിൾ ട്രാൻസ്ലേറ്റ് (https://translate.google.com/) ഉപയോഗിക്കുന്നതു്. [7] 2006-ൽ ലോഞ്ചു ചെയ്ത ഈ ആപ്ലിക്കേഷൻ 2016 ലാണു് ഇന്നത്തെ രൂപത്തിൽ ആയതു്. കാരണം 2006-ലെ കമ്പ്യൂട്ടിനുണ്ടായിരുന്ന സ്പീഡല്ല ഇന്നുള്ളതു്. (ടെർമിനേറ്ററും മാട്രിക്സും [8] ഭയപ്പെടുത്തിയ കാലത്തു് സ്പീഡ് അത്രത്തോളം വളർന്നിരുന്നില്ല.) 133 ഭാഷകൾ വിവർത്തനം ചെയ്യാവുന്ന ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്ലിക്കേഷൻ 2018 ആയപ്പോൾ തന്നെ 100 ബില്യനിലധികം വാക്കുകൾ വിവർത്തനംചെയ്തുകഴിഞ്ഞു. ഒരേസമയം 5000 വാക്കുകൾവരെ വിവർത്തനം ചെയ്യാം. വാക്കുകൾ മാത്രമല്ല, ശബ്ദം, ഫോട്ടോ, കൈയെഴുത്തു് തുടങ്ങി ഫോണിലെ ക്യാമറയിൽ കാണുന്ന ദൃശ്യങ്ങൾ വരെ വിനിമയം/വിവർത്തനം ചെയ്യാൻ കഴിയും. Translation Memory Tools, Neural Machine Translation, Speech to Text Technologies തുടങ്ങിയവ വിവർത്തനത്തിൽ അത്ഭുതാവഹമായ മാറ്റങ്ങളും അവസരങ്ങളുമാണു് തുറന്നിട്ടതു്. സ്മാർട് ഫോണുകൾക്കായി രൂപപ്പെടുത്തിയ ഭാഷാധിഷ്ഠിതമായ നിരവധി ആപ്ലിക്കേഷനുകൾ, ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ ആപ്പുകൾ തുടങ്ങിയവ അന്യദേശത്തു പോയാലും ഭാഷ അറിയാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇല്ലാതാക്കി.
കമ്പ്യൂട്ടർ ടെക്നോളജിയുടെ തുടക്കം മുതൽ പരിശോധിച്ചാൽ 1960 മുതൽ 1980 വരെയയുള്ള കാലഘട്ടം കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് മാത്രമായിരുന്ന ടൈപ്പ് ചെയ്യാൻ കഴിഞ്ഞതു്. 1961-ലാണു് 0,1 എന്നിവയുടെ 256 Character set ഉള്ള ASCII എൻകോഡിങ് ഉപയോഗിച്ചുതുടങ്ങിയതു്. 1980-ഓടെ പല ലോകഭാഷകളും ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയറുകൾ ചിട്ടപ്പെടുത്തി. ഇന്ത്യയിൽ പൂനെ CDAC-ൽ നിന്നും ISCII ഫോണ്ടുകളും അതു് മാനേജ് ചെയ്യാനുള്ള സോഫ്റ്റ്വെയറും രൂപപ്പെടുത്തി. 1991-ലാണു് ഹൈപ്പർടെക്സ്റ്റു്, ഹൈപ്പർ മീഡിയ സങ്കേതങ്ങൾ ഉൾപ്പെടുത്താൻ പര്യാപ്തമായ വേൾഡ് വൈഡ് വെബ് (WWW) Tim Berners Lee വികസിപ്പിച്ചതു്. ഇന്നു് ലോകമാസലം വ്യാപകമായ കമ്പ്യൂട്ടർ, ടാബ്, മൊബൈൽ ഇന്റർ നെറ്റ് യുഗത്തിന്റെ തുടക്കമിതാണു്.
1991-ൽ നടന്ന യുണിക്കോഡ് കൺസോർഷ്യം [9] ആണു് ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ മൂലക്കല്ലു്. കമ്പ്യൂട്ടർ കോർപ്പറേറ്റ് കമ്പനികൾ, സോഫ്റ്റ് വെയർ ഡാറ്റാബേസ് കച്ചവടക്കാർ, അന്താരാഷ്ട്ര ഏജൻസികൾ, വൻകിട ഉപഭോക്താക്കൾ തുടങ്ങി മുപ്പതിലധികം അംഗങ്ങളാണു് യുണിക്കോഡ് നയങ്ങൾ തീരുമാനിച്ചതു്. ലോകത്തുളള ഭാഷകളെല്ലാം കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുന്ന എൻകോഡിങ് സിസ്റ്റം രൂപപ്പെടുത്തി. 256-നു് പകരം 65,536 ക്യാരക്ടർ സെറ്റ് സാധ്യമാക്കി. 2304 മുതൽ 3455 വരെയാണു് ഇന്ത്യൻഭാഷകൾ യുണിക്കോഡിൽ എൻകോഡ് ചെയ്തതു്. ലോകഭാഷകളിലെ അക്ഷരങ്ങൾക്കെല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് കോഡിങ് കൈവന്നു. അക്ഷരങ്ങൾക്കു് മാത്രമല്ല, ലോകത്തിനു് പൊതുവായി ആശയവിനിമയം സാധ്യമാകുന്ന ഇമോജികളും എൻകോഡിങ് ചെയ്തവയിൽ ഉൾപ്പെട്ടു. [10] കമ്പ്യൂട്ടറുകൾ തമ്മിൽ ആശയവിനിമയം സാധ്യമായി. പ്രാദേശിക ഉപഭോക്താക്കളെ ശാക്തീകരിക്കാനായി പ്രാദേശികവല്ക്കരണ (localization) [11] ത്തിനു് തുടക്കം കുറിച്ചു. [12]
ഉല്പന്നങ്ങൾ, സേവനങ്ങൾ, വെബ്സൈറ്റുകൾ, നിർദ്ദേശ മാനുവലുകൾ, പരസ്യങ്ങൾ, പ്രമോഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ടെക്സ്റ്റുകളും ഗ്രാഫിക്സും ഒരു ഭാഷയിൽ നിന്നു് മറ്റൊന്നിലേക്കു് വിവർത്തനം ചെയ്യുന്നതിനാണു് പ്രാദേശികവൽക്കരണം എന്നു് വിളിക്കുന്നതു്. ലോക്കലൈസർ ഉല്പന്നങ്ങളുടെ വിവരണങ്ങളും പ്രവർത്തനങ്ങളും സങ്കേതങ്ങളും ഗ്രാഫിക്സും മറ്റും ഒരു രാജ്യത്തു് ഉത്ഭവിച്ചതുപോലെ ഇതരഭാഷയിൽ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. കമ്പ്യൂട്ടർനിർമ്മിത ഉല്പന്നങ്ങളുടെയും സോഫ്റ്റ്വെയറുകളുടെയും പ്രാദേശികവൽക്കരണമെന്നതു് വളരെവേഗം പൂർത്തിയാക്കിയ പ്രൊജക്ട് ആയിരുന്നു. [13] ലോകഭാഷകളിലെല്ലാം ഇത്തരം പ്രാദേശികവല്ക്കരണ പ്രക്രിയകൾ നടന്നു. 1990-കളിൽ നടപ്പിലാക്കിയ ആഗോളീകരണ, ഉദാരവല്ക്കരണ പ്രക്രിയയുടെ തുടർച്ചയാണു് ഇതെല്ലാം. ഇന്റർനാഷണലൈസേഷനും വിവർത്തന വ്യവസായവുമെല്ലാം ഒത്തുചേർന്നാണു് പ്രവർത്തനങ്ങൾ സാധ്യമാക്കിയതു്. യുണിക്കോഡ് കൺസോർഷ്യത്തിന്റെ പ്രവർത്തനങ്ങളും തുടർന്നു് കമ്പ്യൂട്ടറിന്റെയും സോഫ്റ്റ്വെയറിന്റെയും ലോകം തരുന്ന വൻ സാമ്പത്തിക സാധ്യതകളും മുന്നിൽകണ്ടു് അതോടൊപ്പം വിവർത്തനവും വൻ വ്യവസായത്തിന്റെ ഭാഗമായി മാറി. [14] യുണിക്കോഡിൽ വന്നതോടെ ലോക ഭാഷകളുടെ സിംബോളിക് ഘടനയുടെ അടിസ്ഥാനമായ അക്ഷരങ്ങൾ കമ്പ്യൂട്ടറിനു് ഡാറ്റയായി കിട്ടി. മലയാളത്തിന്റെ പുതിയതും പഴയതുമായ സർവഅക്ഷരങ്ങളും ഈ പ്രക്രിയയിലൂടെ കമ്പ്യൂട്ടറിനു് ഡാറ്റയായി സംരക്ഷിക്കാൻ സാധിച്ചു. ലോക്കലൈസേഷൻ പ്രക്രിയകളും മലയാളം കോർപ്പസ് രൂപപ്പെടുത്താനുള്ള സോഫ്റ്റ്വെയർ എൻജിനീയർമാരുടെ ശ്രമങ്ങളും മലയാള വാക്കുകളും വാക്യ ഘടനയും ആശയങ്ങളും സൈബർ ലോകത്തു് എത്താൻ തുടങ്ങി. 2000–2009 കാലത്തു് വിവിധ ലോകഭാഷകളുടെ കോർപ്പസ് വന്നതോടെ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിനുണ്ടായിരുന്ന അധീശത്വത്തിനു് അയവു് വന്നിരിക്കുന്നു [15] എന്നു് കാണാം.
അറിഞ്ഞോ അറിയാതെയോ നെറ്റുവർക്കുകളാൽ ചുറ്റപ്പെട്ട ഡാറ്റയുടെ ലോകത്താണു് നാം ജീവിക്കുന്നതു്. ഡാറ്റ എന്നതു് സാങ്കേതിക വിദ്യകൾ വഴി കൈമാറുന്ന വിവരങ്ങളുടെ പ്രാതിനിധ്യമാണു്. അതു് വിവരം (information) ആയി മാറുന്നതു് ആളുകൾ അർത്ഥമുണ്ടാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോഴാണു്. വിവര സാങ്കേതിക വിദ്യയുടെ ഫലമായി സാമൂഹികവും സാമ്പത്തികവുമായ വലിയ മാറ്റങ്ങളാണു് ലോകത്തെമ്പാടും ഈ നൂറ്റാണ്ടിൽ ഉണ്ടായതു്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം തന്നെ സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ ഇടങ്ങളിലും കമ്പ്യൂട്ടറിനു് ഫണ്ട് അനുവദിച്ചതും പൊതുസേവനങ്ങൾ ഓൺലൈൻ വഴി ആക്കിയതുമെല്ലാം ഇൻഫർമേഷൻ സൊസൈറ്റി, നെറ്റ്വർക്ക് സൊസൈറ്റിയിലേക്കു് ഇന്ത്യൻസമൂഹത്തെയും എത്തിച്ചു. മൊബൈൽ ഫോണിന്റെ ഫീച്ചറിൽ എസ് എം എസ് ടെക്സ്റ്റ് മെസേജിംഗ് സൌകര്യം എന്നതു് തുടക്കത്തിൽ തീരെ അപ്രധാനമായ ഒന്നായിരുന്നു. ഫോണിന്റെ ചെറിയ സ്ക്രീനിലെ ഈ ചെറിയ ഫീച്ചർ ഉടമകൾ ഉപയോഗിക്കുമെന്ന ഒരു പ്രതീക്ഷയും നിർമ്മാതാക്കൾക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്നോ! പുതിയ ഭാഷാരൂപത്തിനും (ടെക്സ്റ്റിങ്) ആശയ വിനിമയരീതിക്കും ജനപ്രിയ സംസ്കാരത്തിനും വ്യത്യസ്ത്യ കലാനിർമ്മിതികൾക്കുമെല്ലാം ഇതു് കാരണമായി. ഇത്തരത്തിൽ മൊബൈൽഫോണിൽ ഭാഷയുടെ ഉപയോഗം മനുഷ്യ സമൂഹം ആഘോഷമാക്കി മാറ്റി. പ്രാദേശിക ഭാഷകളുടെ ടെക്സ്റ്റായും ഓഡിയോ, വിഡിയോ രൂപത്തിലും ഡാറ്റ സംഭരിക്കാൻ ഇന്നു് ഓരോ വ്യക്തിയും സോഷ്യൽ മീഡിയ ആശയ വിനിമയത്തിലൂടെയും ഭാഷയുടെ കോർപ്പസ് നിർമ്മിക്കുന്നുണ്ടു്. ഫോണിൽ സംസാരിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുമ്പോൾ ഡാറ്റ സംഭരിക്കുകയും പ്രോസസ് ചെയ്യുകയും സ്വീകർത്താവിനു് വാക്കുകളായി രൂപാന്തരപ്പെടുത്തുകയുമാണു് ചെയ്യുന്നതു്. ഭാഷാസാങ്കേതിക വിദഗ്ദ്ധർ ബോധപൂർവ്വം കോർപ്പസ്സ് ചിട്ടപ്പെടുത്തിയതു കൂടാതെയാണു് ഇതു്. വലിയ ഒരു കോർപ്പസ്സിൽ നിന്നു മാത്രമേ കൃത്യതയുള്ള വിവർത്തനം സാധ്യമാകുകയുള്ളു. സ്പീച്ച് ടു ടെക്സ്റ്റ് റെക്കഗ്നിഷൻ, ഹാൻഡ് റൈറ്റിങ് റെക്കഗ്നിഷൻ വരെ സാധ്യമാകുന്നതരത്തിലാണു് കോർപ്പസ് രൂപപ്പെടുന്നതു്. [16] ഇന്റർനെറ്റ് നിർമ്മിത ഡിജിറ്റൽ ലോകത്തു് ഭാഷയെന്ന തടസ്സത്തെ മറികടക്കാൻ തക്ക സോഫ്റ്റ്വെയറുകളാണു് നിർമ്മിച്ചുകൊണ്ടിരിക്കുന്നതു്. [17] 22000 മനുഷ്യായുസ്സുകൊണ്ടു് വായിച്ചാൽതീരുന്ന പുസ്തകങ്ങളുടെ കണ്ടന്റു കൊണ്ടാണു് Chat GPT പോലുള്ള എഐ പ്രവർത്തിക്കുന്നതു് [18] എന്നു് സന്തോഷ് തോട്ടുങ്കൽ ഒരു പ്രഭാഷണത്തിൽ വിശദീകരിക്കുന്നുണ്ടു്. 0.00165 ശതമാനമാണു് മലയാളം കോർപ്പസ് നിലവിലുള്ളതു്. 93 ശതമാനം കണ്ടന്റും ഇംഗ്ലീഷിലാണു് ഉള്ളതു്.

1996 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിൽ നടന്ന ഡിജിറ്റൽ ടെക്നോളജി സിമ്പോസിയമാണു് സോഫ്റ്റ്വെയറും സിനിമയും തമ്മിലുള്ള ബന്ധത്തിനു് തുടക്കം കുറിച്ചതു്. 1980–90-കളിൽ സോഫ്റ്റ്വെയർ ടെക്നോളജിയുടെ ഈറ്റില്ലമായ സിലിക്കൻ വാലിയും ഹോളിവുഡും ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായാണു് ഈ സിമ്പോസിയം നടന്നതു്. ഭാവനയെ വെല്ലുന്ന ദൃശ്യങ്ങൾ നിർമ്മിക്കാൻ സോഫ്റ്റ്വെയർ രംഗത്തെ സഹായിച്ചതു് വിനോദ വ്യവസായത്തിന്റെ മൂലധനമാണു്. 1994-ൽ സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിനു ശേഷം തന്റെ ഭാവന ദൃശ്യത്തിലാക്കാൻ അനുയോജ്യമായ സാങ്കേതിക വിദ്യയ്ക്കു വേണ്ടി വർഷങ്ങൾ കാത്തിരുന്ന ജെയിംസ് കാമറൂൺ 2009-ലാണു് അവതാർ റിലീസ് ചെയ്തതു്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ പ്രധാന ഉപഭോഗ വസ്തുക്കളായി രൂപമെടുക്കാൻ തുടങ്ങിയതും സോഫ്റ്റ്വെയർ ടെക്നോളജി സാധാരണ ജീവിതത്തിന്റെ ഭാഗമായതുമാണു് പിന്നീടുള്ള ചരിത്രം. ഹോളിവുഡിന്റെ മില്യൻ ഡോളറിന്റെ പണക്കിലുക്കമാണു് സോഫ്റ്റ്വെയർ രംഗം ഇത്രയും വിലപിടിപ്പുള്ള മേഖലയാക്കി മാറ്റിയതു് എന്നതും പ്രധാനമാണു്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം കഴിയുമ്പോഴേക്കും കമ്പ്യൂട്ടറധിഷ്ഠിത യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയുള്ള വ്യക്തിഗത സഹായിയായി വർത്തിക്കുമെന്നതു് യാഥാർത്ഥ്യമായി. ഉല്പാദന ക്ഷമത വർദ്ധിപ്പിക്കാൻ ഇതു് സഹായിച്ചു. മനുഷ്യന്റെ സർഗ്ഗാത്മകത ആവശ്യമാണെന്നു വിചാരിച്ചിരുന്ന കാര്യങ്ങൾ പോലും യന്ത്രങ്ങൾ ചെയ്തുതുടങ്ങി (സംഗീതവും തിരക്കഥയുമെല്ലാം തയ്യാറാക്കാൻ കഴിയുന്നു). വിവർത്തനവും അത്തരത്തിൽ തന്നെ. മാനുഷിക സ്പർശം ആവശ്യമുള്ളവ മാത്രമേ ശേഷിക്കുകയുള്ളൂ എന്നർത്ഥം. ദൈനംദിന ഭാഷയിൽ ആളുകൾക്കു് കമ്പ്യൂട്ടറുകളും സേവനങ്ങളും നിയന്ത്രിക്കാനാവുംവിധം എല്ലാ ഭാഷകളും കമ്പ്യൂട്ടറിനു് മനസ്സിലാകാൻ തുടങ്ങി. ഉപഭോക്താവിന്റെ ഭാഷയും ഉദ്ദേശ്യവും മനസ്സിലാകുകയും അവ്യക്തതകൾക്കു് വിശദീകരണ ചോദ്യങ്ങൾ ഉന്നയിക്കുകയും ലഭിച്ച ഡാറ്റയിൽനിന്നും പ്രധാനപ്പെട്ടവ തരംതിരിച്ചു് ഉചിതമായതു് തരികയും ചെയ്യുന്നു. ഇവിടെയെല്ലാം ഭാഷയിലധിഷ്ഠിതമായ ഡാറ്റയാണു് കൈമാറുന്നതു്, പ്രവർത്തിക്കുന്നതു്, സംഭരിച്ചു വെയ്ക്കുന്നതു്.
കോവിഡാനന്തരം (COVID-19) 45 ശതമാനമാണു് ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം വർദ്ധിച്ചതു്. സിനിമകളും ടെലിവിഷൻ സീരീസുകളും വീഡിയോ ഗെയിമുകളും തുടങ്ങി സർഗ്ഗാത്മക കണ്ടന്റുകളുടെ ബഹുഭാഷാ വിവർത്തനത്തിനു് വലിയ ഡിമാന്റ് ഇക്കാലത്താണുണ്ടായതു്. Neural Mechine Translation (NMT) സർഗ്ഗാത്മക വിവർത്തനത്തിനു് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. [19] Mechine Translation Post Editing (MTPE) ആയി വിവർത്തനത്തിലെ സർഗ്ഗാത്മകത മാറി. പ്രയത്നവും പ്രതിഫലവും സമയവും ലാഭിക്കാൻ കഴിയുന്ന ഇത്തരം രീതി സ്വീകരിക്കാൻ തുടങ്ങി. പാഠ പരിസരത്തിൽ ദീർഘ സമയം ചിലവിടാതെ ദിനംപ്രതി വരുന്ന യന്ത്ര വിവർത്തന കണ്ടന്റിൽ ഫൈനൽ ടച്ച് നടത്തുന്ന കലാനിർമ്മിതിയുടെ ഭംഗിയാണു് ഇന്നു് വിവർത്തന രംഗത്തുള്ളതു്. [20] ഭാഷയുടെ ചലനാത്മകത പ്രധാനമാണു്. അതിന്റെ അർത്ഥം പരിണാമ വിധേയമാണു്. വിവർത്തന പഠനത്തിൽ ഏറ്റവുമധികം ചർച്ചചെയ്തതു് ഭാഷയുടെ സർഗ്ഗാത്മകതയെക്കുറിച്ചുമാണു്. മറ്റു് ഭാഷകളും സംസ്കാരവുമായി ബന്ധപ്പെടുന്ന വിവർത്തന പ്രക്രിയയിലാണു് സർഗ്ഗാത്മകത ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു്. വ്യാഖ്യാനവും പുനഃസൃഷ്ടിയുമാവശ്യമുള്ള സർഗ്ഗാത്മക പ്രക്രിയയാണു് വിവർത്തനത്തിന്റേതു്. വാക്കുകൾ, വ്യാകരണം, വാക്യഘടന—എന്നിവയിലൂന്നിയുള്ള യന്ത്രവിവർത്തനത്തിനു് എത്രത്തോളം ജൈവഭാഷയിലെ സർഗ്ഗാത്മകഘടകങ്ങൾ വേർതിരിക്കാൻ കഴിയുമെന്നതു് സംശയമാണു്.
ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ രേഖപ്രകാരം 7000-ത്തിലധികം ഭാഷകളാണു് ലോകത്തിലുള്ളതു്. ഒരു ഭാഷയിൽ നിർമ്മിക്കുന്ന കണ്ടന്റ് ലോകമെമ്പാടും എത്തിക്കാനുള്ള വഴിയാണു് വിവർത്തനം. ഉഭയഭാഷാ പണ്ഡിതരായ വിവർത്തകർ ഒന്നിൽ നിന്നു് മറ്റൊന്നിലേക്കു് ചെയ്യുന്നതു് പ്രായോഗികമായില്ല. വേഗത്തിലും ഫലപ്രദമായും കണ്ടന്റ് വിവർത്തനം ചെയ്യാനുള്ള യന്ത്ര വിവർത്തനത്തിന്റെ സാങ്കേതികതകൾ, എഐ പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ വന്നുതുടങ്ങി. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഓട്ടോ ട്രാൻസ്ലേറ്റിങ് മെഷീനുകൾ, സ്രോത ഭാഷയിലെ സബ്ടൈട്ടിലുകൾ സ്വയം സംഭാഷണം തിരിച്ചറിയാനുള്ള ശേഷി (ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ), സംഭാഷണ ഭാഷയോ സബ്ടൈട്ടിലോ (speech or text) ലക്ഷ്യ ഭാഷകളിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിയവ വിജയത്തിലെത്തി.
ലോകത്തു് ഏറ്റവുമധികം നടക്കുന്ന ജനപ്രിയ വിവർത്തനങ്ങളാണു് സിനിമയുടെ സബ്ടൈട്ടിലിന്റേതു്. ഒരു മലയാള സിനിമ സാംസ്കാരികമായി ഐക്യതയുള്ള തെക്കെയിന്ത്യൻ ഭാഷകളിലും വലിയ പ്രേക്ഷകരുള്ള ഹിന്ദിയിലും ഡബുചെയ്യുന്നതു് ഇക്കാലത്തെ സ്വാഭാവിക രീതിയാണു്. പത്തുവർഷം മുമ്പു് ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയായിരുന്നു. കോവിഡാനന്തരം ഹിന്ദി സിനിമകൾ തെക്കെയിന്ത്യൻ ഭാഷകളിലേക്കും ഡബ് ചെയ്തുതുടങ്ങി. കൂടാതെ സമീപ വർഷങ്ങളിൽ, ഇംഗ്ലീഷിലേക്കു് ഡബ് ചെയ്യുന്നതു് ഇന്ത്യൻ സിനിമകൾക്കു് ലോക വിപണി നേടിക്കൊടുക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, മറാത്തി, ബംഗാളി, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കാണു് ഇന്ത്യൻ സിനിമകൾ സബ്ടൈറ്റിൽ ചെയ്യുന്നതു്. [21] വിവിധ മാധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്ന സിനിമയുടെ സബ്ടൈറ്റിൽ കണ്ടന്റുകളുടെ ആശയ വിനിമയ പ്രക്രിയ യന്ത്ര വിവർത്തനങ്ങൾ ഏറെക്കുറെ വിജയകരമായി ഏറ്റെടുത്തുകഴിഞ്ഞു. ഓരോ കാലത്തുമുള്ള മുൻഗണനയനുസരിച്ചു് (trend) നിർമ്മിക്കുന്ന സിനിമയുൾപ്പെടെയുള്ള വിനോദ ഉല്പന്നങ്ങൾ ഇന്നു് ലോക വിപണിയാണു് ഉറ്റുനോക്കുന്നതു്.

ജയിംസ് കാമറൂൺ, സ്പിൽബർഗ്ഗ് ചിത്രങ്ങൾ ലോക വിപണി പിടിച്ചടക്കുന്നതുപോലെ ഇന്നു് ഇന്ത്യൻ സിനിമകൾക്കും കഴിയുന്നു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയെന്ന ടാഗ് ലൈനോടെ വന്ന മിന്നൽ മുരളി മിസ്റ്റർ മുരളിയെന്ന ടൈട്ടിലിൽ ഹിന്ദിയിലും മെരുപ്പു് മുരളിയെന്നു് തെലുങ്കിലും മിഞ്ചു മുരളിയെന്നു് കന്നടയിലും പതിപ്പുകൾ റിലീസ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റർടൈൻമെന്റ് അവാർഡ് നേടി ആഴ്ചകളോളം ടോപ് ടെൻ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു ഈ ചിത്രം. ഇംഗ്ലീഷിലേക്കു് ഡബുചെയ്തതു് സിനിമയുടെ റേഞ്ച് തന്നെ മാറ്റി. ന്യൂയോർക്കു് ടൈംസ് അഞ്ചു് അന്തർദ്ദേശീയ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ട്വിറ്റർ ഇമോജിയാക്കി മാറ്റിയാണു് മിന്നൽ മുരളിക്കു് അംഗീകാരം നൽകിയതു്. 16 രാജ്യങ്ങളിലെ എൻട്രികളുമായി മത്സരിച്ചു് മികച്ച ഡയറക്ടർക്കുള്ള ഏഷ്യൻ അക്കാദമി അവാർഡ്–2022 ബേസിൽ നേടി. നെറ്റ്ഫ്ലിക്സാണു് ഒടിടി വിതരണം ഏറ്റെടുത്തതു്. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ പേജിലും ട്രോളും റീലുമായി മിന്നൽ മുരളി എത്തിയതിൽ ഡബിങും സബ്ടൈറ്റിൽ വിവർത്തനങ്ങളും പങ്കുവഹിച്ചു. Parasite (2019, Boon Joon-Ho) എന്ന കൊറിയൻ സിനിമയ്ക്കു് ഇംഗ്ലീഷ് സബ്ടൈറ്റിൽ വരുത്തിയ മാറ്റമാണു് ഓസ്കാർ അവാർഡ് എന്നു് സംവിധായകൻ തന്നെ അംഗീകരിച്ചിട്ടുണ്ടു്. സബ്ടൈറ്റിൽ അത്രത്തോളം പ്രധാനമാണു്. ഡിജിറ്റൽ ടെക്നോളജി വാണിജ്യപരമോ സാമൂഹികമോ ആയ സമ്പർക്കത്തിനു് ദൂരം ഒരു പ്രശ്നമാകാത്തവിധം ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റി. COVID-19 ഉണ്ടാക്കിയ സമ്പർക്ക നിയന്ത്രണവും ഏകാന്ത വാസവും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വർദ്ധിക്കുന്നതിനു് കാരണമായി. ഗൂഗിളിന്റെ ഏറ്റവും പുതിയ ഗവേഷണമനുസരിച്ചു്, ഭൂമിയിൽ ഏതെങ്കിലും ഒരു ദിവസം നടക്കുന്ന എല്ലാ ഭാഷാ വിവർത്തനങ്ങളുടെയും 99.5% അല്ലെങ്കിൽ അതിൽ കൂടുതലും യന്ത്ര വിവർത്തനമാണു് ഉത്തരവാദിയെന്നു് കണക്കാക്കപ്പെടുന്നു [22] ഇതു് ശരിയല്ലെന്നു് സംശയിച്ചാലും വിനോദ വ്യവസായവുമായി ബന്ധപ്പെട്ട സർഗ്ഗാത്മക കണ്ടന്റിന്റെ വ്യവസായാധിഷ്ഠിത വിവർത്തനത്തിൽ ചിലവും സമയവും കുറയ്ക്കാനായി വ്യാപകമായി ന്യൂറൽ മെഷീൻ ലേണിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടു് എന്നതു് സംശയ രഹിതമാണു്. [23] ഒടിടി റിലീസിങ്ങിനു ശേഷം ‘സ്ട്രീമിങ് ബൂം’ എന്നറിയപ്പെടുന്ന വലിയ സാധ്യതയിലേക്കു് ഇന്ത്യൻ സിനിമകളുടെ ലോക വിപണി സാധ്യമായതിനു പിന്നിലും യന്ത്ര വിവർത്തനമാണു് വലിയ പങ്കു വഹിക്കുന്നതു്.
2016-ലാണു് ഇന്ത്യയിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും വരുന്നതു്. സിനിമകളുടെ പ്രാദേശികവൽക്കരണവും (localization) കുറഞ്ഞതു് ഒരു ഡസനോളം അന്താരാഷ്ട്രഭാഷകളിലേക്കു് സബ്ടൈറ്റിൽ വിവർത്തനവും എന്ന രീതി വരുന്നതു് അതിനു ശേഷമാണു്. 2020 സെപ്റ്റംബർ ഒന്നിനു്, ഒ ടി ടിയിൽ (ആമസോൺ പ്രൈം) റിലീസ് ചെയ്തു് ലോകം മുഴുവൻ ശ്രദ്ധനേടിയ മലയാള സിനിമയാണു് സി യു സൂൺ (മഹേഷ് നാരായണൻ). [24] ഇംഗ്ലീഷ്, തമിഴ്, ഗ്രീക്ക്, അറബിക്, ഗ്രീക്ക്, ഫിലിപ്പിനോ, മലയി, പോർട്ടുഗീസ്, റൊമാനിയ, ചൈനീസ് തുടങ്ങിയ ഇന്റർനാഷണൽ ഭാഷകളിൽ സബ്ടൈറ്റിലുകൾ ചേർത്ത സി യു സൂൺ ഇന്ത്യ, യുഎഇ, ഫ്രാൻസ്, സിംഗപ്പൂർ, കാനഡ, യു എസ്, സ്പെയിൻ തുടങ്ങിയിടത്തെല്ലാം സ്ട്രീമിങ് ചെയ്തു. [25] ഇംഗ്ലീഷ്, സ്പാനിഷ്, അറബിക്, റഷ്യൻ, പോർച്ചുഗീസ്, ഇന്തോനേഷ്യൻ എന്നിവയാണു് ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ പ്രോംപ്റ്റിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഭാഷാ വിവർത്തനങ്ങൾ. ജർമ്മൻ, പോളിഷ്, ചൈനീസ്, ക്രൊയേഷ്യൻ, ഡച്ച്, ഗ്രീക്ക്, ഇറ്റാലിയൻ, ലാത്വിയൻ എന്നീ ഭാഷകളും ഉപയോഗിക്കുന്നു. ഇന്ത്യൻ സിനിമകളുടെ സബ്ടൈറ്റിൽ വിവർത്തനങ്ങൾ പരിശോധിച്ചാൽ ഈ ഭാഷകൾ സർവസാധാരണമാണു്. ഇന്ത്യയിലെ തന്നെ, ചുരുങ്ങിയതു് പത്തോളം ഭാഷകളിലേക്കുള്ള ഡബിങും വിവർത്തനമാണു്. ഇന്നു് ഒരു മലയാളചിത്രം റിലീസാകുമ്പോൾ ഇത്രയും ബഹുഭാഷാസാധ്യതയാണു് ഉള്ളതു്. RPWD act 2016 അനുസരിച്ചു് ഭിന്നശേഷി വിഭാഗത്തിനുവേണ്ടി ഇന്ത്യയിലെ സിനിമകൾ കാഴ്ചപരിമിതർക്കു് വേണ്ടി ഓഡിയോയും കേഴ്‌വി പരിമിതർക്കു് വേണ്ടി സൈൻ ഭാഷയും ഉപയോഗിക്കണമെന്നു് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചതു് [26] പ്രസക്തമാണു്. സൈൻ ഭാഷയിലാക്കുന്നതും വിവർത്തനത്തിന്റെ പരിധിയിൽ വരുന്നതാണു്.
സ്വതന്ത്ര വിവർത്തകരുടെ എണ്ണത്തിൽ 200 ശതമാനം വർദ്ധനയാണു് ഈ നൂറ്റാണ്ടിൽ ഉണ്ടായതെന്നു് റിപ്പോർട്ടുകളുണ്ടു്. [27] പതിറ്റാണ്ടുകൾ എടുത്തു് ഡിവൈൻ കോമഡി എന്ന പുസ്തകം മലയാളത്തിലെത്തിച്ച കിളിമാനൂർ രമാകാന്തന്റെ ദൌത്യം പോലെയോ ലോക ക്ലാസ്സിക് സിനിമകൾക്കു് മലയാളം സബ്ടൈറ്റിൽ നൽക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയായ M-Zone [28] പ്രവർത്തനങ്ങൾ പോലെയോ അല്ല ഈ വിവർത്തനങ്ങൾ. ആഗോള വിവർത്തന വ്യവസായമെന്നു് വിളിക്കാവുന്ന തരത്തിൽ പുതിയ പ്രവണതകളും ആവശ്യക്കാരുമാണു് ഉണ്ടായതു്. ഉദാഹരണമായി, സിനിമാ പ്രേക്ഷകരിൽ പലർക്കും ഒറിജിനൽ ഭാഷ നിലനിർത്തി സ്വഭാഷാ സബ്ടൈട്ടിലിനോടാണു് പ്രിയം. [29] സ്ട്രീമിങ് വ്യവസായത്തിനു വേണ്ടി, സബ്ടൈറ്റിൽ, ക്യാപ്ഷൻ, ഡബിങ് തുടങ്ങിവയ്ക്കു് ലാംഗ്വേജ് സർവീസ് പ്രൊവൈഡേസ് (LSP) ഇന്ത്യൻ ഭാഷകളിലുണ്ടായി. Sound & Vision India, Prime Focus Technologies പോലുള്ള വൻ ലാംഗ്വേജ് സർവീസ് പ്രൊവൈഡർ കമ്പനികളും രൂപമെടുത്തു. ചെറിയ സമയപരിധിയിൽ ചെയ്തുകൊടുക്കേണ്ട പ്രൊജക്ടുകൾ ചിലവുകുറഞ്ഞ കൂടുതലാളുകളെ ജോലിക്കെടുക്കുന്ന തരത്തിലായി. 250-തിലധികം മലയാളം സിനിമകളുടെ ഇംഗ്ലീഷ് സബ്ടൈട്ടിലും നിരവധി ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമകളുടെ മലയാളം സബ്ടൈട്ടിലും ചെയ്ത വിവേക് രഞ്ജിത്ത് [30], 2010 മുതൽ 500-ലധികം തമിഴ് സിനിമകൾക്കു് സബ്ടൈറ്റിൽ ചെയ്ത രേഖ്സ് [31] പോലുള്ളവരാണു് ഈ രംഗത്തെ പ്രമുഖർ. വ്യവസായാടിസ്ഥാനത്തിലുള്ള ഇത്തരം വിവർത്തന പ്രക്രിയയിൽ ഏർപ്പെടുന്ന വിവർത്തകരുടെ പേരും പെരുമയും കൂലിയും പ്രസക്തമല്ലെന്നു് അവർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. [32]
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയ ഓട്ടാമാറ്റിക് ട്രാൻസ്ലേഷൻ മെഷീനുകൾ ധാരാളം ഇന്നു് ഉപയോഗിക്കുന്നു. ഇരുപതും അതിലധികവും ഭാഷകൾ സപ്പോർട്ട് ചെയ്യുന്നവയാണു് ഇവയിലധികവും. മൊബൈൽ ഫോണിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും സോഫ്റ്റ്വെയറായും ഇവ ലഭ്യമാണു്. പലതും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ കണ്ടന്റുകൾ ഉപയോഗിക്കാൻ കഴിയുന്നവയാണു്. (ഉദാ. Virbo AI Video Translator, Nova, wonder share virbo, Subtitle Bee, VEED, മൈക്രോസോഫ്റ്റിന്റെ Big Translate തുടങ്ങിയവ.) സംഭാഷണങ്ങൾ നേരിട്ടു് ടെക്സ്റ്റാക്കി മാറ്റാം. Subtitle Bee വ്യത്യസ്ത ഫോണ്ടുകൾ തിരഞ്ഞെടുക്കാം. സ്റ്റൈലും നിറവും മാറ്റാം തുടങ്ങി സബ്ടൈറ്റിൽ കസ്റ്റമൈസേഷൻ നടത്താം. Subtitle Bee സപ്പോർട്ട് ചെയ്യുന്നതു് 120 ഭാഷകളാണു്. നൂറിലധികം ഭാഷകളിലേക്കു് വിവർത്തനം സാധ്യമാക്കുന്ന ഏറ്റവും ജനപ്രിയമായ സബ്ടൈറ്റിൽ ട്രാൻസ്ലേറ്ററാണു് VEED. 95% കൃത്യത അതു് ഉറപ്പുവരുത്തുന്നു. സബ്ടൈട്ടിലുമായി ബന്ധപ്പെട്ടു് കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാക്കുകയാണു് Simplified എന്ന ആപ്ലിക്കേഷൻ ചെയ്യുന്നതു്. സബ്ടൈറ്റിൽ എന്ന കണ്ടന്റ് നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും കൂടി അതു് സഹായിക്കുന്നു. നമ്മുടെ തനതു ശൈലി രൂപപപ്പെടുത്താം. Nova എല്ലാ വീഡിയോ ഫോർമാറ്റുകളും, 90 ഭാഷകളും സപ്പോർട്ട് ചെയ്യുന്നു. 150 ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന Smartling തുടങ്ങിയവയും സബ്ടൈറ്റിൽ വിവർത്തനത്തിനു് വ്യാപകമായി ഉപയോഗിക്കുന്നു.
ഇവ ചെയ്യുന്ന വിവർത്തനങ്ങളെല്ലാം നൂറുശതമാനം കൃത്യമാണെന്നു് പറയാനാവില്ല. വാക്യ ഘടനയിലെ പിഴവുകളും സാംസ്കാരികമായ തെറ്റുകളും തിരുത്താൻ മനുഷ്യ സ്പർശം തന്നെ വേണം. കൃത്യത, സ്റ്റൈൽ, വ്യക്തത, സാങ്കേതികവും സാംസ്കാരികവുമായ പദങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ടതാണു്. വ്യവസായാധിഷ്ഠിത, ഉപഭോക്തൃ കേന്ദ്രിത വിവർത്തനങ്ങളുടെ ഗുണമേന്മ എത്രത്തോളമെന്നതു് വിവർത്തനവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ചർച്ചയ്ക്കു് വന്നിട്ടുണ്ടു്. [33] ഉപഭോക്താവിനു് ആവശ്യമുള്ള ഗുണമേന്മ വിവർത്തനത്തിനുണ്ടു് എന്ന വാദത്തിനപ്പുറം ഇതൊരു പ്രാദേശികവല്ക്കരണ വ്യവസായമാണെന്നു തിരിച്ചറിയേണ്ടതുണ്ടു്. അന്തിമ ഉല്പന്നം ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം വിവർത്തന പഠനത്തിൽ പ്രാധാന്യമർഹിക്കുന്നതുമാണു്.
സിനിമയെന്ന ദൃശ്യകലയുടെ അവിഭാജ്യ ഘടകമെന്ന നിലയിലാണു് സബ്ടൈട്ടിലുകൾ ചിത്രീകരിക്കുന്നതു്. പൊതുവെ അതു് ഫ്രയിമിനു ചുവടെ, നടുവിലായി കേന്ദ്രീകരിക്കുന്ന രീതിയിലാണു്. വെളുത്ത അക്ഷരങ്ങളിൽ പ്രമേയവും ദൃശ്യവുമായി സമന്വയിപ്പിച്ചു് സജീവമായി നിൽക്കും. സിനിമയുടെ കാഴ്ച മറച്ചു്, ഏറ്റവും താഴെ എന്ന നിലയിൽ അതു് അഭംഗിയോ ആശയക്കുഴപ്പമോ വരുത്തുന്നില്ല. അർത്ഥപൂർണ്ണവും കലാപരവുമായി ചേർന്നുപോകുന്ന തരത്തിൽ ചലനാത്മകവുമായാണു് അതു് അതിമനോഹരമായ സിനിമാദൃശ്യങ്ങളോടു പ്രതികരിക്കുന്നതു്. സബ്ടൈട്ടിലിന്റെ സൗന്ദര്യാത്മകതയെക്കുറിച്ചു് Sean Zdenek [34] തന്റെ [Reading] [sounds] closed—captioned media and popular culture എന്ന പുസ്തകത്തിൽ വിശമായി പരാമർശിക്കുന്നുണ്ടു്. കേൾവി പരിമിതരായവരുടെ കാഴ്ചയനുഭവത്തിനു് സബ്ടൈട്ടിലുകൾ സഹായിക്കുന്നതിനെക്കുറിച്ചു് നൈറ്റ് വാച്ച് (Timur Bekmambetov, 2004) [35] എന്ന ഹൊറർ ഫിലിമിനെ മുൻനിർത്തി അദ്ദേഹം വിശദീകരിക്കുന്നുണ്ടു്. കഥാപാത്രത്തിന്റെ മൂക്കിൽ നിന്നും ഒഴുകുന്ന ചുവന്ന രക്തത്തോടു ചേർന്നുപോകുന്ന രീതിയിൽ സബ്ടൈട്ടിലും ചുവപ്പു് ദ്രവരൂപത്തിലുള്ള ആനിമേറ്റഡ് GIF ആക്കിയതിന്റെ വ്യാഖ്യാത്മകമായ സൗന്ദര്യം ഏതു് കാഴ്ചക്കാർക്കും മികച്ച വിനോദാനുഭവം നൽകുമെന്നു് അദ്ദേഹം വാദിക്കുന്നു… ദൃശ്യങ്ങൾക്കൊപ്പം വാക്കുകൾകൊണ്ടു് കഥപറയാനതിനു് കഴിയണം. [36] ദൃശ്യസൗന്ദര്യാത്മകതയെന്ന (visual aesthetic) [37] തരത്തിൽ പഠന വിധേയമായതാണു് അതു്. സന്ദർഭത്തിന്റെ തീവ്രതയും ആവശ്യകതയുമനുസരിച്ചു് സബ്ടൈട്ടിലുകൾ സ്ഥാനം മാറുകയും സാധ്യമായത്ര വിഷ്വൽ എഫക്ട്സുകൾ ഉൾപ്പെടെ ചെയ്തു് ഒഴിവാക്കാനാവാത്ത ഒന്നായി മാറ്റുകയും ചെയ്യും. Helvetica, Futura, Tiresias, Gotham തുടങ്ങി മികച്ച സബ്ടൈറ്റിൽ ഫോണ്ടുകൾ ഇംഗ്ലീഷിൽ നിലവിലുണ്ടു്. [38] എന്നാൽ മലയാളം ഫോണ്ടുകളും ടൈപ്പോഗ്രഫിയും വളർച്ചയുടെ വഴിയിലാണു്. [39] ഷോട്ടുകൾക്കനുസരിച്ചു് സബ്ടൈട്ടിലിനു് ഫോണ്ടും രൂപവും ഇടവും മാറ്റി ദൃശ്യകലയോടു് സജീവമായി ചേർത്തുനിർത്തുമ്പോഴാണു് അതു് സൗന്ദര്യാത്മകമായ കലാരൂരമായി മാറുന്നതു്.
നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ വിവർത്തന പരിഹാരങ്ങൾ നിരന്തരം അതിനുള്ളിൽ തന്നെ വളർന്നുകൊണ്ടിരിക്കുന്നതാണു്. വിവർത്തനത്തിന്റെ ഗുണമേന്മ അതു് നിരന്തരം സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണു്. സ്വാഭാവിക ഭാഷയിൽ രൂപപ്പെടുത്തിയ കോർപ്പസുകളിൽ വ്യക്തികൾ വരുത്തുന്ന അവസാന മാറ്റങ്ങൾ പോലും തിരിച്ചറിയാനും പിന്നീടു് ഉപയോഗിക്കാനും കഴിയും. മനുഷ്യ മസ്തിഷ്കം വിവർത്തന പ്രക്രിയയിൽ പ്രവർത്തിക്കുന്നതിനെ വേർതിരിച്ചെടുക്കുന്ന ന്യൂറോസയൻസ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ പ്രോസസിങ് നടത്താനും കഴിയും. [40] ക്രിയേറ്റീവ് റൈറ്റിങുമായി ബന്ധപ്പെട്ട ആശയങ്ങൾ ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ടു്. മുമ്പു സൂചിപ്പിച്ചതുപോലെ ലോകമാസകലം പ്രാദേശിക ഭാഷകളിൽ ദിനംതോറും, നിമിഷംതോറുമുള്ള ടെകസ്റ്റ് മെസേജായും ഓഡിയോ, വിഷ്വൽ മെസേജായും നടത്തുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളെല്ലാം നിർമ്മിത ബുദ്ധിയുടെ പരിശീലനത്തിൽ ഉൾപ്പെടുന്നു. സോഷ്യൽ മീഡിയ ഉപയോഗങ്ങൾ ഇത്തരത്തിലുള്ള സൂക്ഷ്മ സാംസ്കാരിക ഘടകങ്ങളെപ്പോലും ഫലപ്രദമായി മനസ്സിലാക്കാനും പരിഹാര മാർഗ്ഗങ്ങളിൽ അടുത്ത അവസരത്തിൽതന്നെ ഉപയോഗിക്കാനും കഴിയുന്ന തരത്തിലാണു് എഐ പ്രവർത്തനങ്ങൾ നടക്കുന്നതു്. സന്ദർഭത്തിനനുസരിച്ചുള്ള അർത്ഥ, ആശയ വ്യതിയാനങ്ങളിൽ കൃത്യതയും വ്യക്തതയും വരുത്താൻ എഐയ്ക്കു് നിരന്തരം സാധിക്കുന്നു. തെറ്റു പറ്റിയെന്ന തിരിച്ചറിവു്, ഉപഭോക്താവിന്റെ അസംതൃപ്തി, കൂടുതൽ പരിശീലനം നേടാൻ എഐയ്ക്കു് പ്രേരണ നൽകുന്നു. നിർമ്മിച്ചയാളിന്റെ സഹായമില്ലാതെ ചുറ്റുപാടുമുള്ളവയിൽ നിന്നും അറിവുകൾ, ഡാറ്റാ ശേഖരിച്ചു് സ്വയംവളരാൻ നിർമ്മിത ബുദ്ധിക്കു് കഴിയുന്നുണ്ടു്. ഇന്നു് 97 ശതമാനം വരെ കൃത്യത ഉറപ്പുവരുത്താൻ വിവർത്തന സാങ്കേതികതയ്ക്കു് കഴിയുന്നു. അഥവാ 97 ശതമാനം കമ്പ്യൂട്ടർ ചെയ്ത ജോലികൾ പൂർത്തീകരിക്കാനാണു് വൻ കമ്പനികൾക്കു് വിവർത്തകരുടെ ആവശ്യം. വിവർത്തനത്തിൽ വിവർത്തകരുടെ (സ്വ)ഭാഷപോലും ഉണ്ടാകണമെന്നില്ല. യാന്ത്രികമായ ഒരു പ്രൊഫഷൻ മാത്രമായി അതു മാറുന്നു. കർതൃത്വം, ആധികാരികത എന്നിവയിൽ വളരെ പ്രശ്നഭരിതമായ അന്തരീക്ഷത്തിലാണു് വിവർത്തനം ഇന്നു നിലകൊള്ളുന്നതു്. അതേസമയം പുതിയ ജനറേഷൻ വിവർത്തന സോഫ്റ്റ്വെയറിനു വേണ്ടിയുള്ള അന്വേഷണങ്ങളാണു് സാങ്കേതിക ലോകത്തു് നടക്കുന്നതു്. അതു് വിവർത്തന പ്രക്രിയ ലഘൂകരിക്കുന്നു. സമയവും പണവും ലാഭിക്കുന്നു. കണ്ടന്റ് ആഗോളതലത്തിൽ എത്തിക്കുന്നു. ഉല്പന്നം വിറ്റഴിക്കാൻ സഹായിക്കുന്നു തുടങ്ങിയവയാണു് ഡിജിറ്റൽ കാലത്തെ വിവർത്തനങ്ങളുടെ സവിശേഷതകൾ. വളരെ വേഗതയിൽ, ചിലവു കുറഞ്ഞ, പരമാവധി ലാഭം കിട്ടുന്ന ഒരു ആഗോള ഉല്പന്നം നിർമ്മിക്കുകയാണു് ഇന്നത്തെ ലക്ഷ്യം.
വിവർത്തന പഠനത്തിലെ സാങ്കേതികമായ ദിശാമാറ്റം (technological turn) എന്നാണു് ഇക്കാലം അറിയപ്പെടുന്നതു്. [41] ഇരുഭാഷാ പാണ്ഡിത്യവും പ്രത്യേക കൌശലവും ആവശ്യമുള്ള നൈപുണിയായി പരിഗണിച്ചിരുന്നതാണു് വിവർത്തകരുടേതു്. മൂലകൃതിയിൽ നിന്നും വളളിയോ പുളളിയോ മാറാതെ വിവർത്തനം ചെയ്യണമെന്നാവശ്യപ്പെടുന്ന സെന്റ് ജെറോമിന്റെ കാലമല്ല ഇതു്. വിവർത്തകരുടെ സ്ഥാനം യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതിൽ എഡിറ്റ് ചെയ്യുക മാത്രമേ മനുഷ്യർ ചെയ്യേണ്ടതുള്ളൂ. ചിലവും സമയവും കുറവുള്ള പോസ്റ്റ് എഡിറ്റിങ് ട്രാൻസ്ലേഷൻ സർവീസുകളാണു് ഇന്നത്തെ ആവശ്യം. അതുകൊണ്ടുതന്നെ വിവർത്തനം, വിവർത്തകർ, വിവർത്തന പ്രക്രിയ എന്നിവയുടെ സാമ്പ്രദായിക നിർവ്വചനങ്ങൾക്കെല്ലാം മാറ്റം വരുന്നു. ഒരു ലക്ഷ്യ ഭാഷയിലേക്കല്ല നൂറുകണക്കിനു് ഭാഷകളിലേക്കാണു് ഒന്നിച്ചു് വിവർത്തനം ചയ്യുന്നതു്. മൾട്ടിലിഗ്വലിസം എന്നതു് വിവർത്തന പ്രക്രിയയിലാണു് പ്രവർത്തിക്കുന്നതു്. മുമ്പു് വിവർത്തകരുടെ ബഹുഭാഷാ സ്വാധീനമാണു് മൾട്ടിലിംഗ്വൽ എന്നതുകൊണ്ടു് ഉദ്ദേശിച്ചതെങ്കിൽ ഇന്നങ്ങനെയല്ല ബഹുഭാഷാ പ്രോഗ്രാമുള്ള കമ്പ്യൂട്ടർ സഹായ വിവർത്തനങ്ങൾ (Computer Aided Translation—CAT) വിവർത്തകരുടെ ഇടപെടലിൽ വലിയ മാറ്റങ്ങൾ വരുത്തി. ലോകത്തു് വിവർത്തനത്തിനു് കാരണമായതെന്നു് പറയുന്ന ബാബേൽ ഗോപുര മിത്തിനെ ഇതു് തകിടം മറിച്ചു. ദൈവം ചിതറിച്ച മനുഷ്യ ഭാഷകൾ ടെക്നോളജി ഒന്നിപ്പിക്കുന്നതാണു് ഡിജിറ്റൽ അനുഭവങ്ങൾ. ആശയങ്ങൾക്കു് ബഹുഭാഷാ വായനക്കാരെ ലഭിക്കുന്നു എന്നതു മാത്രമല്ല, ഗൂഗിളിന്റെയും മറ്റും സെർച്ച് എൻജിൻ റാങ്കിങിൽ (Search Engine Result Pages—SERP s) സബ്ടൈറ്റിൽ കണ്ടന്റും ഉൾപ്പെടുകയും ചെയ്യുന്നു. ടെക്നിക്കൽ, സയന്റിഫിക്, വാണിജ്യാടിസ്ഥാനത്തിലുള്ള വിവർത്തനങ്ങൾ 3T പരിസരത്തിലാണു് പ്രവർത്തിക്കുന്നതു്—Trade, Technology, Translation. വിവർത്തനം ഇന്നു് ഡിജിറ്റൽപുനരുല്പാദത്തിന്റെ കാലത്താണു്. ഉല്പന്നത്തിന്റെ സമാനമായ പുനരുല്പാദനമല്ല, വ്യത്യസ്ത വിവർത്തനങ്ങളുടെ അനന്തമായ പുനരുല്പാദനമാണു് നടക്കുന്നതു്. ദെലൂസ് മുന്നോട്ടുവെച്ച ‘objectiles’ എന്ന പദം ഉപയോഗിച്ചു് ഇതു് വിശദീകരിക്കാൻ മൈക്കൽ ക്രോണിൻ ശ്രമിക്കുന്നുണ്ടു്. [42]
ഡിജിറ്റൽ മാനവികതയിൽ (digital humanities) മനുഷ്യ യാഥാർത്ഥ്യത്തെക്കുറിച്ചു് പഠിക്കേണ്ടതു് ഡിജിറ്റലും മാനവികതയും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ തലത്തിലാണു്. ഡിജിറ്റൽ പ്രവർത്തനങ്ങൾ മനുഷ്യ ജീവിതത്തിലും അതിന്റെ ഭാവിയിലും എങ്ങനെയാണു് ഇടപെടുന്നതു് എന്ന അന്വേഷണമാണു് പ്രധാനം. വിനോദ വ്യവസായത്തിൽ അമേരിക്കൻ നിർമ്മിത പ്ലാറ്റ്ഫോമുകളുടെ—Facebook, Amazon, Apple, Netflix, Google—സാമ്പത്തിക, സാംസ്കാരിക മേധാവിത്വം സാമ്രാജ്യത്വ ശക്തികളെ പോലെ പ്രവർത്തിക്കുന്നതും ദേശരാഷ്ട്രങ്ങൾക്കു് അതിൽ ഇടപെടാൻ എത്രത്തോളം കഴിയുമെന്ന ആശങ്ക, Netflix, Amason Prime, Disny Hotstar, Sony live തുടങ്ങിയ മീഡിയ സ്ട്രീമിങ് ടെക്നോളജി ഇന്റർനെറ്റിലെ നിർമ്മാണവും വിതരണവും ഏറ്റെടുത്തതു് മലയാളം പോലുള്ള പ്രാദേശിക ഭാഷാ സിനിമകൾക്കു് ലോകമെമ്പാടും ശ്രദ്ധകിട്ടാൻ കാരണമായെങ്കിലും [43] ആഗോള ശക്തികൾ പ്രദേശിക ജീവിതത്തിൽ വരുത്തുന്ന രൂപമാറ്റങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾ, നെറ്റ്ഫ്ലിക്സ് കണ്ടന്റ് വർദ്ധിപ്പിക്കുന്നതും തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന്റെയും പ്രത്യയശാസ്ത്രപരമായ സങ്കീർണതകൾ, വൻതോതിലുള്ള കുത്തകവൽക്കരണത്തെയും ബഹുരാഷ്ട്ര ഭീമന്മാരുടെ മേധാവിത്വത്തെയും മുൻനിർത്തി സാംസ്കാരിക ഏകീകരണത്തെ (Cultural Homogenisation) കുറിച്ചുള്ള ഭയം തുടങ്ങിയവ ഈ അന്വേഷണത്തിൽ ഉൾപ്പെടുന്നു.
‘Machine Translation In India,’ by Anil Thakur, History of Translation in India, Ed. Tariq Khan, National Translation Mission, Central Institute of Indian Languages, Mysuru, September 2017, p 446.
ആംഗലഹിന്ദി, ആംഗലബംഗ്ല, ആംഗലമലയാളം, ആംഗലഉറുദു, ആംഗലപഞ്ചാബി തുടങ്ങി നിരവധി സിസ്റ്റങ്ങൾ വികസിപ്പിക്കുകയുണ്ടായി. C-DAC തിരുവനന്തപുരമാണു് ആംഗലമലയാളം വികസിപ്പിച്ചതു്. ‘Machine Translation In India,’ by Anil Thakur, History of Translation in India, Ed. Tariq Khan, National Translation Mission, Central Institute of Indian Languages, Mysuru, September 2017, p 450.
Translation in the Digital Age, Michael Cronin, Routledge, London & New York, 2013. ട്രാൻസ്ലേഷൻ യുഗം എന്ന സങ്കല്പനം ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടു്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷൻ ടെക്നോളജിയും സാമ്പത്തിക ധ്രുവീകരണത്തിന്റെ ഉത്ഭവം’—ഡോ. ആർ രമ്യ, അക്ഷയ് പി., വിജ്ഞാന കൈരളി, നവംബർ 2023, പു. 65-73.
https://earthweb.com/how-many-people- use-google-translate/ 2006-ൽ ആരംഭിച്ച ഗൂഗിൾ ട്രാൻസ്ലേറ്റ് 2011-ൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാക്കി. 2014-ലാണു് ദൃശ്യ, ശബ്ദ വിവർത്തനം കൂടി സാധ്യമാക്കിയതു്.
അമേരിക്കൻ നിർമ്മിത സയൻസ് ഫിക്ഷൻ സിനിമകളാണു് ഇവ. ജെയിംസ് കാമറൂണിന്റെ ദ ടെർമിനേറ്റർ (1984), ടെർമിനേറ്റർ 2—ജഡ്ജ്മെന്റ് ഡെ (1991) തുടങ്ങിയ സിനിമകൾ സൈബർ കണ്ടെത്തലുകളെ ഭയത്തോടെ കണ്ടവയാണു്. 2019 വരെ 6 സിനിമകളാണു് ടെർമിനേറ്റർ തുടർച്ചയായി വന്നതു്. ലോകത്തെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമായി കാണുന്ന ദ മാട്രിക്സ് (1999, Wachowskis) സിനിമകൾ (2003-ലും) സൈബർ ലോകത്തെ കുറിച്ചുള്ള ആശങ്കകളാണ്പങ്കുവെച്ചതു്.
ഓൺലൈനിൽ ആശയവിനിമയം നടത്തുന്ന 92 ശതമാനം പേരും ഈമോജികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിനു്, ഫ്രാൻസിൽ നിർമ്മിച്ച ഉല്പന്നത്തിന്റെ യഥാർത്ഥ വിവരണവും ഗ്രാഫിക്സും ഫ്രഞ്ചിൽ നിന്നും ലോക്കലൈസർ ഇംഗ്ലീഷിലേക്കും സ്പാനിഷിലേക്കും ഇതരഭാഷകളിലേക്കും വിവർത്തനം ചെയ്താൽ മാത്രമേ നിർമ്മാതാവിനു് ഉല്പന്നം ഈ പ്രദേശങ്ങളിലെല്ലാം വൻതോതിൽ വിൽക്കാൻ കഴിയൂ. അതിനായി ലോക്കലൈസർ തെഴിലെടുക്കുന്നു.
ഗ്നു/ലിനക്സിലെ പ്രധാനപ്പെട്ട ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ആയ ഗ്നോം, മൊസില ഫയർഫോക്സ് നെറ്റ് വെബ്ബ് ബ്രൌസർ എന്നിവയുടെ ലോക്കലൈസേഷൻ പ്രവർത്തനത്തിൽ കേരള സർവകലാശാല മലയാള വിഭാഗം 2016–18 ബാച്ചിലെ വിദ്യാർത്ഥികൾ പങ്കാളികളായിരുന്നു.
കേരളത്തിൽ ആദ്യമെത്തിയ നോക്കിയ മൊബൈലിന്റെ ഒപ്പം അതിന്റെ പ്രവർത്തനരീതി മലയാളത്തിൽ വിശദീകരിക്കുന്ന ചെറിയ പുസ്തകം കൂടി ഉണ്ടായിരുന്നു.
‘Translation as a multilingual activity in the digital era’, Sonia Vandepitte & Els Lefever, Rev. Française de linguistique appliquée, 2018, XXIII-2 (59–71)
Translation in the Digital Age, Michael Cronin, Routledge, London & New York, 2013. പു. 58
Facebook, Amazon, Apple, Netflix, Google പോലുള്ള ഡിജിറ്റലായി നിലവിലുള്ള മിക്ക പ്ലാറ്റ്ഫോമുകളും അമേരിക്കൻ നിർമ്മിതമാണെന്നു് മറന്നുപോകരുതു്.
ഗൂഗിൾ ട്രാൻസ്ലേറ്റ് കൂടാതെ Microsoft translator, Sayhi Translate, Google lens, Translate on scree, Snap Trans… All Text എന്നിവയും ഇന്നു് ഏറ്റവുമധികം സെർച്ച് ചെയ്യുന്ന ട്രാൻസ്ലേറ്റിങ് ആപ്പുകളാണു്.
https://timesofindia.indiatimes.com/home/sunday- times/once-lost-in-tran slation-subtitles-are-now-in-the-global-spotlight/articleshow/74152985.cms ഇംഗ്ലീഷിൽ കൂടി ഡബുചെയ്ത സമീപകാല ഹിന്ദി സിനിമ ആനിമലിന്റെ (2023, സന്ദീപ് റെഡ്ഡി) ലാഭക്കണക്കു് 800 കോടിയിലധികമാണു്.
‘Creative Writing and Translation An Interdisciplinary approach’ Despina Pilov, https://multilingual.com/issues/october-2023/creative-writing-and- translation/.
ലോക് ഡൌൺ കാലത്തു് സാമൂഹിക അകലം പാലിച്ചു് ഇൻഡോർ ഷൂട്ടിങ്, കമ്പ്യൂട്ടർ, മൊബൈൽ ഇമേജുകൾ, സർവൈലൻസ് ക്യാമറ ഇമേജുകൾ, സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ, സെർച്ച് എൻജിൻസ്, വീഡിയോ കാൾ, മെസേജുകൾ തുടങ്ങി പ്രധാന കഥാപാത്രങ്ങളുടെ വെർച്വൽ ആശയ വിനിമയങ്ങൾ, ഡിജിറ്റൽ ലോകവും ഉപകരണങ്ങളും തുടങ്ങി ലോക സിനിമയിൽ തന്നെ പുതിയൊരു തുടക്കം നൽകിയതാണു് സി യു സൂൺ എന്ന ത്രില്ലർ സിനിമയുടെ ചരിത്രപരമായ പ്രാധാന്യം.
ജോജി (ദിലീഷ് പോത്തൻ, 2021, പ്രൈം), ദൃശ്യം 2 (2021) തുടങ്ങിയവയും അക്കാലത്തുതന്നെ അന്തർദ്ദേശീയ ശ്രദ്ധനേടിയ ചിത്രങ്ങളാണു്. 2021 ക്രിസ്തുമസ് ചിത്രമായി പുറത്തിറങ്ങിയ സൂപ്പർ ഹീറോ മലയാള സിനിമ മിന്നൽ മുരളി മുതൽ കാതൽ വരെയുള്ള മലയാള സിനിമയും ലോക ശ്രദ്ധ നേടുന്നതിൽ സബ്ടൈറ്റിൽ വിവർത്തനങ്ങൾ പങ്കുവഹിക്കുന്നുണ്ടു്.
In 2022, at the European Commission’s Translating Europe Forum, a panel of speakers attempted to define translation quality in the era of NMT, MT post editing, and AI. One of the keynote speakers offered a pretty agile and inclusive definition, stating that “quality is giving the customer what the customer needs.” Beyond this industry-based, customer-oriented definition, it’s important to take a step back and examine the bigger picture. Target language texts produced using MT systems are much more than products ordered by a customer and should not be treated as such. The fast-paced localization industry is oriented toward maintaining turnaround times as agile as possible and workflows as cost-effective as possible. The final product, however, has a much greater impact on consumers compared with those of other industries. https://multilingual.com/issues/october-2023/creative-writing-and-transla tion/.
Sean Zdenek, [Reading] [sounds] closed—captioned media and popular culture, The University of Chicago Press, 2015.
“We thought of the subtitles as another character of film, another way to tell the story” Rosenberg 2007, quoted by Sean Zdenek
‘Subtitles as visual art’ by Sean Zdenek, https://readingsounds.net/subtitles-as-art/.
Best Subtitle Fonts: Top 16 of the Most Readable and Engaging, by Jean Marc.
എം സോൺ മലയാള വിവർത്തനങ്ങളിൽ നഷ്ടപ്പെടുന്നതു് അതാണു്.
In this interdisciplinary context, the field of neuroscience seeks to unravel the mysterious ways in which human translation works, as the neurological mechanisms involved in translating remain one of the chief known-unknowns. Research largely shows that the human brain does not work in the same way as a computer processing symbols. During the translation process, the body and the experiences acquired through it play a central role, our first-hand experience is being recalled and the brain-body system is activated. Creative writing theory may also offer much to the field of translation studies and should be part of any translation undergraduate and postgraduate curricula. In modern translation industry practices, creative expression tends to become extinct and emphasis is put on standardized language, the use of specific repetitive syntax structures and terminology, any deviation from which is being penalized as an error. Copywriters who write source texts that will later go through the MTPE process typically have to follow strict guidelines ensuring that source texts will be compatible with the MT systems: That means simpler grammar and syntax structures, repetitive phrases, sentences that are as short as possible, repetition of nouns instead of using adjectives, avoiding conjunctions and secondary clauses, avoiding the use of passive voice, avoiding the use of idioms. Machine-translated texts therefore have similar grammar and syntax structure, as well as style and the process of translating ceases to be an original creation. https://multilingual.com/issues/october-2023/creative- writing-and-translation/.
Translation in the Digital Age, Michael Cronin, Routledge, London & New York, 2013. പ.
Translation in the Digital Age, Michael Cronin, Routledge, London & New York, 2013, പു. 88.
ടോപ് 10-ൽ പലപ്പോഴും മലയാളം ഫിലിമുകൾ വന്നു. ക്രിസ്റ്റ്യൻ മുസ്ലീം കഥാപാത്രങ്ങൾക്കുള്ള സമാന പ്രാധാന്യം ബോളിവുഡ് സിനിമകളെക്കാൾ സെക്കുലർ ആണെന്ന പരാമർശം, കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചു് ദ ഗാർഡിയനിൽ വന്നതു് തുടങ്ങിയവ പ്രധാനമാണു്.