മധ്യകാല യൂറോപ്യൻ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി [1] എക്കാലത്തും പ്രകീർത്തിക്കപ്പെടുന്ന കാവ്യരചനയാണു് ദാന്തെ (Dante Alighieri 1265–1321)യുടെ ഡിവൈൻ കോമഡി (Divine Comedy). പതിനാലാം നൂറ്റാണ്ടിന്റെ പിറവിക്കു് തൊട്ടുമുമ്പും ശേഷവുമുള്ള യൂറോപ്പ്, മതാധിപത്യ-ഫ്യൂഡലിസ്റ്റ് ഇറ്റലി, പ്രാഗ്മുതലാളിത്ത ഫ്ളോറൻസ് തുടങ്ങിയവ ഡിവൈൻ കോമഡിയുടെ സ്ഥലകാല നിർമ്മിതിയിലൂടെ യാഥാർത്ഥ്യങ്ങളെന്ന നിലയിൽ പിൽക്കാലത്തു് ചർച്ച ചെയ്യുകയും അതു് യൂറോപ്യൻ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. രൂപഭാവ തലങ്ങളിൽ ഈ കലാശില്പം ആധുനിക സംവേദനക്ഷമതയ്ക്കു് നല്കിയ ആഘാതം ചെറുതല്ല. കാവ്യരചനയുടെ പരമ്പരാഗത രീതി/ഘടനയിൽ നിന്നു് മാറി ദാന്തെ ആവിഷ്കരിച്ച പുതുരീതി ഇറ്റാലിയൻ സാഹിത്യത്തിൽ മാത്രമല്ല, യൂറോപ്യൻ സാഹിത്യത്തിലാകെ വിപ്ലവകരമായ തരംഗങ്ങളാണുണ്ടാക്കിയതു്. പാശ്ചാത്യ/മധ്യകാല യൂറോപ്യൻ സംസ്കാരത്തിലെ ശരിതെറ്റുകളെ മാനുഷിക യുക്തിയുടെയും തത്ത്വചിന്തയുടെയും ശാസ്ത്രീയതയുടെയും ദൈവിക നീതിയുടെയും വെളിച്ചത്തിൽ നിരൂപണം ചെയ്യുന്ന ഡിവൈൻ കോമഡിയെ സാർവ്വലൗകികമാക്കിയതിൽ ഒരു ഘടകം അതിലെ ബൈബിളിനു സമാനമായ ഭാഷയും സംസ്കാരവുമാണു്. സാഹിത്യ പഠനത്തിലെ സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ പുതിയ പ്രവണതകൾക്കു് വഴങ്ങുന്ന കാവ്യഘടനയും അർത്ഥ സമ്പന്നതയുമാണു് ഈ കലാസൃഷ്ടിയെ ഇന്നും ശ്രദ്ധേയമാക്കുന്നതു്.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുണ്ടായ ആദ്യവിവർത്തനം എന്ന നിലയിൽ ഈ കാവ്യവിസ്മയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണു് മലയാളത്തിലെത്തിയതു്. കവി കൂടിയായ ശ്രീ. കിളിമാനൂർ രമാകാന്തൻ ഡിവൈൻ കോമഡി എന്ന പേരിൽത്തന്നെ ചെയ്ത സമ്പൂർണ്ണവിവർത്തനം [2] കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതു് 2001-ലാണു്. ഇന്ത്യയിൽ കോളനീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും ജ്ഞാനോദയ പ്രക്രിയയുടെയും പിന്നീടു് ആധുനികീകരണത്തിന്റെയും ഭാഗമായി യൂറോപ്യൻ കൃതികളുടെ വിവർത്തനങ്ങൾ ധാരാളം നടത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) തുടങ്ങിയ ഔദ്യോഗിക (വിവർത്തന) പ്രസിദ്ധീകരണ സ്ഥാപനങ്ങളും നൂറുകണക്കിനു വരുന്ന സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളും വിവർത്തന പ്രക്രിയയ്ക്കു് ആക്കം നല്കുന്ന മറ്റു് പ്രവർത്തനങ്ങളുമൊക്കെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. എന്നിട്ടും അതുല്യമായ ഈ വിശ്വസാഹിത്യ സൃഷ്ടി പൂർണ്ണരൂപത്തിൽ വിവർത്തനത്തിനു് തെരഞ്ഞെടുത്തതു് ആറുനൂറ്റാണ്ടിനു ശേഷമാണു്. അറിഞ്ഞോ അറിയാതെയോ ഉള്ള ഈ നിരസനത്തിന്റെ നീണ്ട കാലയളവിനു് കാരണമെന്തു് എന്ന ചോദ്യത്തിലാണു് മലയാള വിവർത്തനത്തിന്റെ സാഹിതീയവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രസക്തി കുടിക്കൊള്ളുന്നതു്. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും കാരണമായ അല്ലെങ്കിൽ അതിനുശേഷം വിവർത്തനം ചെയ്ത/ചെയ്യാത്ത വിദേശഭാഷാ രചനകളുടെ ചരിത്രമെടുത്തു പരിശോധിച്ചാൽ ഈ ജ്ഞാനനിർമ്മിതിയിൽ ഇടപെടുന്ന രാഷ്ട്രീയ/അധികാര തലങ്ങൾ വെളിപ്പെടുന്നു. ശ്രീ. കിളിമാനൂർ രമാകാന്തൻ നടത്തിയ ഡിവൈൻ കോമഡിയുടെ മലയാള വിവർത്തനവും അതു് മുന്നോട്ടു വെയ്ക്കുന്ന സാധ്യതകളുമാണു് വിവർത്തനത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതു്.
സമൂഹചരിത്രവും സാങ്കേതിക വികാസവുമായി ബന്ധപ്പെടുത്തിയാണു് സാഹിത്യവും വിവർത്തനവുമടക്കമുള്ള സാംസ്കാരിക രൂപങ്ങളെ ആധുനിക കാലത്തു് വിലയിരുത്താൻ കഴിയുക. പ്രാചീനകാലം മുതൽ ഇന്ത്യയിൽ ധാരാളം വിവർത്തനങ്ങൾ നടന്നിട്ടുണ്ടു്. എന്നാൽ ആധുനിക വിദ്യാഭ്യാസ പ്രക്രിയയും പിൽക്കാല വിവർത്തനചരിത്രവും തമ്മിലുള്ള ബന്ധം അവഗണിക്കാവുന്നതല്ല. ആര്യസംസ്കാരത്തോടും ക്ലാസ്സിക്കൽ ഭാഷയായ സംസ്കൃതത്തോടുമുള്ള ചായ്വു്, കൊളോണിയൽ ആധിപത്യം, ഇന്ത്യൻ ദേശീയത, കമ്മ്യൂണിസമടക്കമുള്ള ആശയങ്ങളുടെ കടന്നുവരവു് എന്നിങ്ങനെ ഓരോകാലത്തും പ്രബലമായിരുന്ന രാഷ്ട്രീയം, മതം, വിദ്യാഭ്യാസം, മാധ്യമങ്ങൾ തുടങ്ങിയ അധികാര കേന്ദ്രങ്ങൾ ഇന്ത്യയിൽ വിവർത്തന ചരിത്രത്തെ സ്വാധീനിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ടു്. [3] കടലാസിന്റെ കണ്ടുപിടുത്തം, അച്ചടിയുടെ ആവിർഭാവം, സാമൂഹിക മുന്നേറ്റം, ഉയർന്ന സാക്ഷരതാ നിരക്കു്, സംസാര ഭാഷയുടെ വരമൊഴി രൂപ (ഗദ്യ) നിർമ്മിതി, വ്യാപകമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങി പരിവർത്തന പ്രക്രിയയുടെ വിശാല ഭൂമികയിലാണു് വിവർത്തനങ്ങളുടെ ആധുനിക ചരിത്രവും നിലകൊള്ളുന്നതു്. കൊളോണിയൽ ഭരണത്തിൻ കീഴിൽ നടന്ന മിഷണറി പ്രവർത്തനങ്ങളും ഇംഗ്ലീഷ് വിദ്യാഭ്യാസവുമാണു് ഇന്ത്യയിലെ/കേരളത്തിലെ വിവർത്തന പ്രക്രിയയ്ക്കു് കാരണമായതു്. കൊളോണിയൽ ആധിപത്യത്തിന്റെയും ക്രിസ്തീയ മതനവീകരണ പ്രസ്ഥാനത്തിന്റെയും ഉല്പന്നം എന്ന നിലയിൽ ഈ വിവർത്തനങ്ങൾക്കു് സാംസ്കാരിക നിർമ്മിതിയിൽ കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകൾ നടപ്പിലാക്കാനുണ്ടായിരുന്നു എന്നതു് ഇന്നു നാം തിരിച്ചറിയുന്ന വസ്തുതയാണു്. എല്ലാ വ്യവഹാരങ്ങൾക്കും ഇത്തരത്തിൽ സാമൂഹിക സത്തകളെ രൂപപ്പെടുത്താനും നിർമ്മിക്കാനുമായി എന്തെങ്കിലും സംഭാവന നല്കാനുണ്ടാകും. സാഹിത്യ ചരിത്രത്തിൽ വിവർത്തനങ്ങളുടെ സ്ഥാനത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള നിർവ്വചനങ്ങളോ പഠനങ്ങളോ അധികമുണ്ടായിട്ടില്ല. [4] അധീശത്വപരവും മതപരവുമായ പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ പ്രാദേശികഭാഷകളെ രൂപപ്പെടുത്തുന്നതിലും സാഹിത്യചരിത്രത്തെ മാറ്റിമറിക്കുന്നതിലും മാത്രമല്ല, സാഹിത്യത്തിന്റെ ആധുനികീകരണത്തിലും സാഹിത്യ സമ്പത്തിന്റെ വിപുലീകരണത്തിലും വിവർത്തനങ്ങൾ വഹിച്ച പങ്കു് ചെറുതല്ല. അതു സമ്മതിച്ചുതന്നെ വേണം ഏതു സാഹചര്യത്തിലാണു് ഒരു കൃതി വിവർത്തനം ചെയ്യുന്നതു്, എന്തു് ഉപയോഗമാണു്/ധർമ്മമാണു് അതിനു നിർവഹിക്കാനുള്ളതു് എന്നു് അന്വേഷിക്കേണ്ടതു്. രാഷ്ട്രീയം അഥവാ അധികാരവും ഭാഷയും തമ്മിലുള്ള ഗാഢബന്ധം നിരന്തരം ഓർക്കേണ്ടതുമുണ്ടു്.
കൊളോണിയൽ അധികാര രൂപമായ ഇംഗ്ലീഷ് ഭാഷാകൃതികൾ കോളണി ഭരണത്തിൽ മാത്രമല്ല, വർത്തമാന കാലത്തും വിശുദ്ധ/മഹത്ഗ്രന്ഥങ്ങൾ എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നതു് ഇന്ത്യൻ ഭാഷകളുടെ വിവർത്തന ചരിത്രത്തിലെ പ്രധാന അധ്യായമാണു്. ആശയങ്ങൾ രൂപീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ പര്യാപ്തമായ സാംസ്കാരിക രൂപം എന്ന നിലയിൽ ഓരോ വിവർത്തന ശ്രമവും അധികാരി വർഗ്ഗത്തിനു് കീഴ്പ്പെട്ടു നില്ക്കുന്നവയാണു്. അവ പരോക്ഷമായി, ചിലപ്പോൾ പ്രത്യക്ഷമായും, അധികാരത്തിന്റെ രഹസ്യ തന്ത്രങ്ങൾ നിക്ഷേപിക്കപ്പെട്ട രേഖകളെന്ന നിലയിൽ പ്രവർത്തിക്കുന്നവയുമാണു്. അതായതു് തികച്ചും നിഷ്കളങ്കമായ ഒന്നു് എന്ന നിലയിലല്ല സാഹിത്യകൃതിയുടെ വിവർത്തനത്തെ കാണേണ്ടതു്; മറിച്ചു്, അധികാര ശ്രേണീകരണത്തിന്റെയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെയും പ്രവർത്തനങ്ങൾ അവയിലുണ്ടു്. വിവർത്തനമെന്ന സർഗ്ഗാത്മക ദൗത്യത്തോടു നീതി പുലർത്താൻ ആശയ/അധികാരപരമായ സമ്പൂർണ്ണ അടിമത്തത്തിൽ നിന്നു് വ്യത്യസ്തമായ സാമൂഹിക ഇടം കൈവശമുള്ള വിവർത്തകനു മാത്രമേ കഴിയൂ.
ഏതു് കൃതിയാണു് വിവർത്തനം ചെയ്യേണ്ടതു? ഏതു് കൃതിയാണു് വിവർത്തനം ചെയ്തതു്? ആരാണതു് തീരുമാനിച്ചതു്? എന്നതിലാണു് വിവർത്തന പാഠത്തിന്റെ രാഷ്ട്രീയ വിശകലനം തുടങ്ങേണ്ടതു്. [5] 18, 19 നൂറ്റാണ്ടുകളിൽ ഷേയ്ക്സ്പിയർ യൂറോപ്പും കടന്നു് വിവർത്തനം ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയമാനം കോളണിയനന്തര കാലത്തു് ഏറെ ചർച്ചചെയ്തു കഴിഞ്ഞതാണു്. ഈ സാഹചര്യത്തിലാണു് ദാന്തെ എന്ന വിശ്വമഹാകവിയും യൂറോപ്യൻ സാഹിത്യത്തെയും സംസ്കാരത്തെയും ഏറെ സ്വാധീനിച്ച ഡിവൈൻ കോമഡിയും എന്തുകൊണ്ടു് ഇക്കാലമത്രയും ഇന്ത്യൻ ഭാഷകൾക്കു് അന്യമായി എന്നതു് പ്രസക്തമാകുന്നതു്. സർഗ്ഗാത്മകതയുടെ പൂർത്തീകരണമെന്ന നിലയിൽ മാത്രം മലയാളത്തിലേക്കു് അതു വിവർത്തനം ചെയ്ത ശ്രീ. രമാകാന്തനും ഇതേ പ്രസക്തിയുണ്ടു്. സാഹിതീയമായ ഒരധികാരസ്ഥാനം വിവർത്തകൻ പ്രതീക്ഷിച്ചിരിക്കാം എന്നതിലപ്പുറം സ്രോതകൃതിയുടെ തെരഞ്ഞെടുപ്പിനു പിന്നിലും മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന വിവർത്തന പ്രക്രിയയിലും ആസൂത്രിതമായ ഒന്നും കണ്ടെത്താനാവില്ല. [6] നിലവിലുള്ള സാഹിത്യാഭിരുചിക്കിണങ്ങിയതോ വിപുലമായ വായനാ സമൂഹത്തെ മുൻകൂട്ടി കണ്ടോ ചെയ്ത പ്രക്രിയ അല്ല ഇതു്. സാഹിത്യ സംസ്കാരത്തിൽ വരുത്തേണ്ട മാറ്റത്തിനു വേണ്ടിയുള്ള സമ്മർദ്ദമോ മറ്റു് സ്ഥാപിത, പ്രത്യയശാസ്ത്ര താല്പര്യങ്ങളോ [7] ഡിവൈൻ കോമഡിയുടെ വിവർത്തനത്തിനു കാരണമാകുന്നില്ല. മറിച്ചു്, വിവർത്തകന്റെ നിശ്ചയവും സോദ്ദേശ്യവുമാണിവിടെ പ്രവർത്തിച്ചതു്.
കേരളത്തിലെ പ്രസാധന രംഗത്തു് മത്സര സ്വഭാവത്തിൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കമ്മീഷൻ ചെയ്തെത്തുന്ന വിവർത്തനങ്ങൾ ചരക്കുവത്കരിക്കപ്പെടുന്ന കാലത്താണിതു് സംഭവിക്കുന്നതു്. നോബൽജേതാവായ പൗലോ കൊയ്ലോ യുടെ പന്ത്രണ്ടു പുസ്തകങ്ങൾ ഒരു ലക്ഷത്തിലധികം കോപ്പി വിറ്റഴിച്ചതു പോലുള്ള വിവർത്തന ആഘോഷമാണു് മലയാളത്തിലുള്ളതു്. മുമ്പു സൂചിപ്പിച്ചതുപോലെ ഏതു കൃതി, ആരു്, ആരെ, ഏതു രൂപത്തിൽ വിവർത്തനം ചെയ്യാനേല്പിക്കുന്നു, ആരാണതു് പ്രസിദ്ധീകരിക്കുന്നതു്, അവകാശം ആർക്കു് തുടങ്ങി തികച്ചും രാഷ്ട്രീയമായ ചോദ്യങ്ങൾ ആശയ സംവേദന ശേഷിയുള്ള ഈ വിവർത്തനങ്ങൾക്കു മേൽ പതിയേണ്ടതുണ്ടു്. പുതിയ സാംസ്കാരിക, സൗന്ദര്യാത്മക, രാഷ്ട്രീയ മൂല്യങ്ങളും മാതൃകകളും മുന്നോട്ടുവെച്ചു് ഓരോ പ്രാദേശിക സമൂഹത്തിലും ഭാഷയിലും സാഹിതീയ പ്രക്രിയയിലും നിരവധി പ്രതിഫലനങ്ങൾക്കു് കാരണമായ ചരിത്രമാണു് വിവർത്തനങ്ങൾക്കും പറയാനുള്ളതു്. സമൂഹത്തെയും ഭാഷയെയും സാഹിത്യ സാംസ്കാരിക ഘടനയെയും സ്വാധീനിക്കാൻ കഴിവുള്ളവയാണു് വിവർത്തനങ്ങൾ എന്നതിനു് പാവങ്ങൾ (വിക്ടർ ഹ്യൂഗോ, വിവ. നാലപ്പാട്ടു് നാരായണമേനോൻ) അടക്കമുള്ള വിവർത്തനകൃതികൾ തെളിവു നല്കുന്നുമുണ്ടു്. പൗലോ കൊയ്ലോ പോലുള്ളവരുടെ (സൽ) കീർത്തിയെ ഉപയോഗപ്പെടുത്തുക എന്നതിനപ്പുറം വിവർത്തനവും എന്തു ദൗത്യമാണു് മലയാള നോവൽ സാഹിത്യത്തിലും സമൂഹത്തിലും നിർവ്വഹിക്കുന്നതു് എന്ന അന്വേഷണം പ്രധാനമാണു്. [8] വിവിധ മാധ്യമ പ്രചാരണത്തിലൂടെ ഏതുല്പന്നവും വിറ്റഴിക്കാനാവുന്ന ഇക്കാലത്തു് മലയാളത്തിലെ ഏതെങ്കിലുമൊരു മികച്ച രചനയ്ക്കു് ഇത്രമാത്രം പരസ്യം ലഭിക്കുന്നുണ്ടോ, അതു് വായനക്കാരിലെത്തുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണു്. പതിറ്റാണ്ടുകളുടെ പരിശ്രമഫലമായ ഡിവൈൻ കോമഡിയുടെ വിവർത്തനവും വിവർത്തകനും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതു് ഇങ്ങനെ വിപണിയിലൂന്നിയ സാംസ്കാരിക ഘടനയിലേക്കു തരംതാണ ഏതൊരു സമൂഹത്തിന്റെയും ദുരവസ്ഥയാണു്.
സർഗ്ഗധനനായ ഒരു വിവർത്തകനെ സംബന്ധിച്ചു് കലാപരമായ രൂപം എന്നതു് ഒരു മധ്യവർത്തി മാത്രമാണു്. ഭൂതകാല സംസ്കാരത്തിന്റെ വിശിഷ്ടവും പ്രബലവുമായിരുന്ന അവശിഷ്ടങ്ങളുടെ അടയാളങ്ങൾ പിന്തുടർന്നു്, പദപരിച്ഛേദം നടത്തി, അവയുമായി സംവദിക്കുകയും ബാഹ്യരേഖ ചമയ്ക്കുകയുമാണു് ഓരോ വിവർത്തകനും/വിവർത്തനവും ചെയ്യുന്നതു്. കഴിഞ്ഞ കാലത്തെയും നിലവിലുള്ള യാഥാർത്ഥ്യത്തെയും ചോദ്യം ചെയ്തു് മനുഷ്യ മനസ്സിൽ ബൗദ്ധികമായി ഇടപെടുക എന്നതാണു് കലാരൂപങ്ങളുടെ കർത്തവ്യം. ഇത്തരത്തിൽ ഡിവൈൻ കോമഡി മുന്നോട്ടുവെയ്ക്കുന്ന ചോദ്യങ്ങളും ചിന്തകളും ഇന്നും പ്രസക്തമാണു് എന്ന തിരിച്ചറിവാണു് വിവർത്തനത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നു്. കവിപ്രതിഭയുള്ള വിവർത്തകനു് ഡിവൈൻ കോമഡി പകർന്നു നല്കിയ അനുഭൂതിയെ വൈകാരികാനുഭൂതിയായി മാറ്റി ആത്മീയ സ്വഭാവമുള്ള ഒരുതരം പ്രചോദനമായി രൂപപ്പെടുത്താൻ കഴിഞ്ഞു. 1970-കളിൽ തുടങ്ങിയ ഈ ബൃഹത്സംരംഭം 2001 വരെ നീണ്ടുനിന്നു എന്നതു് ഈ പ്രചോദനം അല്പകാലത്തേക്കുള്ളതായിരുന്നില്ല എന്നതിനു തെളിവാണു്. പ്രകാശിതമാകാൻ വെമ്പുന്ന കലാരൂപത്തിനുവേണ്ടിയുള്ള സംഘർഷം തന്നെയാണു് വിവർത്തകനെയും നിയന്ത്രിക്കുന്നതു്. മനുഷ്യ ജീവിതത്തെ വെളിപ്പെടുത്താൻ തക്കവിധം സമ്പന്നവും പ്രവർത്തന നിരതവും ശക്തവുമായ സർഗ്ഗാത്മകത തന്നെയാണു് മികച്ച വിവർത്തന നിർമ്മിതിക്കും കാരണം. പ്രചോദനത്തിലൂടെ ലഭിക്കുന്ന ആന്തരികമായ പൊരുത്തം സ്വന്തം മാനസികാവസ്ഥയുടെ സഹായത്തോടെ മൂലകലാശില്പം ഉടച്ചുവാർക്കാൻ/പൊളിച്ചെഴുതാൻ വിവർത്തകനെ പ്രേരിപ്പിക്കുന്നു. മനുഷ്യന്റെ വേദനകളും സഹനങ്ങളും ഉദാത്തമായി ചിത്രീകരിക്കുന്ന ഡിവൈൻ കോമഡി മലയാള ഭാഷയിൽ എത്തിക്കുന്നതിലൂടെ വിശ്വസാഹിത്യത്തിൽ ഒന്നാമതായി വാഴ്ത്തപ്പെടുന്ന കവിയെയും കലാശില്പത്തെയും മലയാള സാഹിത്യത്തിനു് പരിചയപ്പെടുത്തുക കൂടിയാണു്. ഇതു വഴി മലയാള സാഹിത്യ ചരിത്രത്തിലും ഒരുതരം ശുദ്ധീകരണ/നവീകരണ പ്രക്രിയ നടക്കുന്നുണ്ടു്. ലോകത്തെയും പ്രകൃതിയെയും കുറിച്ചുള്ള ദാന്തെയുടെ മാന്ത്രികമായ തിരിച്ചറിവു് ഏതൊരു മനുഷ്യ സമൂഹത്തെയും ശക്തിപ്പെടുത്തുകയാണു് ചെയ്യുന്നതു്. ദാന്തെ നല്കുന്ന ഈ അധികോർജ്ജം മലയാളി സമൂഹത്തിലും എത്തിക്കുക എന്നതാണു് ശ്രീ. രമാകാന്തന്റെ വിവർത്തന ദൗത്യം.
ബൈബിൾ പരാമർശങ്ങളുടെ ആധിക്യം കൊണ്ടു് മഹത്തായ ക്രിസ്ത്യൻ കാവ്യം എന്നു് വിശേഷിപ്പിക്കപ്പെട്ട ഡിവൈൻ കോമഡി ഒരേസമയം ക്ലാസിക്കും പ്രാദേശിക സ്വഭാവം ഉൾചേർന്നതുമാണു്. ഇറ്റലിയിലെ പൗര/രാഷ്ട്രീയ സമൂഹത്തിലെ സാംസ്കാരിക സൂചനകളും മൂല്യബോധവും ഇടകലർത്തി മധ്യകാല യൂറോപ്പിന്റെ ചരിത്രവും ജീവിതവും സംസ്കാരവും പ്രതിപാദിക്കുകയാണു് ദാന്തെ ചെയ്യുന്നതു്. ഫ്ളോറൻസിന്റെ പ്രാദേശിക ചരിത്രവും ധീരയോദ്ധാക്കളും മതപുരോഹിതന്മാരും എഴുത്തുകാരും ബന്ധുമിത്രാദികളും വൈയക്തികമായി കടന്നുവരുന്ന ഡിവൈൻ കോമഡി മനുഷ്യ ജീവിതത്തിന്റെ ശരി-തെറ്റുകളെ വിചാരണ ചെയ്യുന്നു. ബൈബിൾ സംബന്ധിയായ പരാമർശങ്ങൾ, ഇറ്റലിയുടെ ചരിത്രവും സാംസ്കാരിക സൂചനകളും, വൈയക്തിക പരാമർശങ്ങൾ എന്നിവ കൂടാതെ അക്കാലത്തു് യൂറോപ്പിൽ നിലവിലുണ്ടായിരുന്ന പ്രപഞ്ച ഘടനാ വിജ്ഞാനവും ഭൗതിക ശാസ്ത്രവും കാവ്യഘടനയുടെ ഭാഗമാണു്. കാവ്യത്തിനുള്ളിൽ തന്നെ ഇത്തരം പരാമർശങ്ങൾ തികച്ചും നാടകീയമായും അർത്ഥവത്തായും കാവ്യാത്മകമായും ഉൾക്കൊള്ളിക്കുന്നിടത്താണു് ദാന്തെ യുടെ മഹത്വവും സാർവ്വകാലികതയും കുടികൊള്ളുന്നതു്. ഒന്നാം സർഗ്ഗം (canto) മുതൽ കാടു്, കുന്നു്, പുലി, സിംഹം, പെൺചെന്നായ് തുടങ്ങി നിരവധി പ്രതീകങ്ങളും ബിംബങ്ങളും കാവ്യത്തിന്റെ അന്യാപദേശ (allegory) ഘടന വെളിപ്പെടുത്തുന്നു. അതുല്യമായ ദൃശ്യഭാവനയാണു് ദാന്തെയുടേതു്. പദങ്ങളിലൂടെ തെളിയുന്ന നിശ്ചിതമായ അർത്ഥങ്ങളല്ല; മറിച്ചു് പ്രതീകങ്ങളും ബിംബങ്ങളും വൈകാരിക ചലനങ്ങളും ഗതകാല സ്മരണകളും വൈയക്തികാനുഭൂതികളും അതിനെ നാടകീയതയും തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന സൂചകങ്ങളായി മാറ്റുകയാണു് ചെയ്യുന്നതു്. ഓരോ അന്യാപദേശ വിശകലനവും അർത്ഥത്തെ കൂടുതൽ അഗാധതയിലേക്കു നയിക്കുന്നു. [9] ഇത്തരം മധ്യകാല കാവ്യഘടനയും രീതിയുമാണു് എഴുനൂറു വർഷത്തിനു ശേഷവും ദാന്തെ കൈയെത്താ ദൂരത്താണു് എന്ന തോന്നലുളവാക്കുന്നതു്.
മനുഷ്യജീവിതത്തിന്റെ ആന്തരികതയെ സ്ഥലകാലങ്ങൾ, വ്യത്യസ്തരായ കഥാപാത്രങ്ങൾ എന്നിവയുടെ അതുല്യമായ കാവ്യഭാവന കൊണ്ടും കാവ്യഘടന കൊണ്ടും ആവിഷ്കരിക്കുന്ന ‘അകംകവിത’കളുടെ ഗണത്തിലാണു് ഡിവൈൻ കോമഡിയുടെ സ്ഥാനം. ഇഹലോക ജീവിതത്തിൽ നിന്നു ഭിന്നമായി നരക കാണ്ഡം (Inferno—Hell), ശുദ്ധീകരണ കാണ്ഡം (Purgatory), സ്വർഗ്ഗ കാണ്ഡം (Paradise) എന്നിങ്ങനെ മൂന്നിടങ്ങളായി അപര ലോകങ്ങളെ വിഭജിച്ചു് [10] മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥവും അയഥാർത്ഥവുമായ എല്ലാത്തരം പാപ്പരത്തത്തെയും സഹനങ്ങളെയും ശരിതെറ്റുകളെയും നന്മതിന്മകളെയും സമകാലികമായി അവതരിപ്പിക്കുകയാണു് ദാന്തെ ചെയ്യുന്നതു്. ദാന്തെയുടെ സമകാലികർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ചരിത്രകാരന്മാർ, ഇതിഹാസ തുല്യർ തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നു. മതപരവും രാഷ്ട്രീയവും ധാർമ്മികവുമായി സ്വദേശത്തു് കവി നേരിടേണ്ടിവന്ന പ്രശ്നങ്ങൾ, അധികാര കേന്ദ്രങ്ങളെന്ന നിലയിൽ മതവും രാഷ്ട്രവും നല്കിയ അനുഭവങ്ങൾ, അധികാരത്താൽ നയിക്കപ്പെടുന്ന മനുഷ്യന്റെ ചെയ്തികൾ, വൈകാരികമായും ധാർമ്മികമായും സാധാരണ മനുഷ്യനെന്ന നിലയിൽ നേടിയ തിരിച്ചറിവുകൾ തുടങ്ങി തന്റെ ആത്മാവിനെ സ്വാധീനിച്ചതും മാറ്റിമറിച്ചതും കാവ്യഭാവനയെ ചിട്ടപ്പെടുത്തിയതുമായ നിരവധി സംഗതികൾ പ്രതീകങ്ങളായും ബിംബങ്ങളായും സ്വപ്നങ്ങളായും ദർശനങ്ങളായും ജീവിതചിത്രങ്ങളായും അന്യാപദേശ കഥകളായും ഡിവൈൻ കോമഡിയിൽ നിറഞ്ഞിരിക്കുന്നു. ഇവയൊക്കെത്തന്നെയും ഇറ്റലിയിലെ പ്രാദേശിക സംസ്കാരത്തിന്റെ സൂചനകൾ കലർന്നതാണെങ്കിലും അതു് പൊതുവായ യൂറോപ്യൻ സംസ്കാരമായും സാവ്വലൗകികമായ ഒന്നായും മാറ്റാൻ ദാന്തെയുടെ കാവ്യഭാവനയ്ക്കു് കഴിഞ്ഞു. ഈവിധ ഭൗതിക സൂചനകളെ വിട്ടുകളയാതെ മനുഷ്യൻ ഭൂമിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതു്, അതിനു തുണയായി മാറുന്ന നൈതികവും ബൗദ്ധികവുമായ മൂല്യബോധം, ഭൂമിയിലെ സന്തോഷമല്ല നിത്യതയിലെ സന്തോഷം, മനുഷ്യ ജീവിതത്തിന്റെ ആഗ്രഹങ്ങൾ, ആവേശങ്ങൾ, വൈരുദ്ധ്യങ്ങൾ, സംഘർഷങ്ങൾ, പൂർണ്ണതയിലേക്കുള്ള വഴിയെന്ന നിലയിൽ സ്വയംതിരിച്ചറിവു് തുടങ്ങി മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ഇതിഹാസമാണു് ഡിവൈൻ കോമഡി. ഈ മനുഷ്യചരിതമാണു് ഈ കൃതിയെ ഉദാത്തമാക്കുന്നതും. അഗാധവും ശാന്തവുമായ ഒന്നിലേക്കു് ലയിക്കുന്നതും നിരന്തരം അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ കാവ്യാനുഭവത്തിന്റെ ഭീകരത ഓരോ നിമിഷവും ആഴത്തിലും സമഗ്രതയിലും അനുഭവിച്ചതിന്റെ പ്രതിബദ്ധതയാണു് ശ്രീ. രമാകാന്തനെ മൊഴിമാറ്റ പ്രക്രിയയിലേക്കു് നയിച്ചതു്.

സാഹിതീയമായ സ്ഥലകാല രൂപനിർമ്മിതിയുടെ അത്യുത്തമ ഉദാഹരണമാണു് ഡിവൈൻ കോമഡി. കാലത്തെ രൂപപ്പെടുത്തുന്നതിൽ ദാന്തെ കാണിക്കുന്ന അനന്യവും മാതൃകാപരവുമായ കൈയടക്കം കവി കൂടിയായ വിവർത്തകനിൽ താല്പര്യമുണർത്തും വിധമാണു്. ഡിവൈൻ കോമഡിയുടെ വ്യാഖ്യാനങ്ങൾക്ക് [11] പ്രധാനമായും മൂന്നുതരം വീക്ഷണങ്ങളാണുള്ളതു്. ഒന്നാമത്തേതു്, അതിന്റെ ശാസ്ത്രീയതയിൽ ഊന്നിയുള്ളവയാണു്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന ശാസ്ത്രാവബോധത്തെ ഈ കൃതി പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി അക്കാലത്തെ ഭൗതിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലാണു് നരകം, ശുദ്ധീകരണ സ്ഥലം, സ്വർഗ്ഗം എന്നീ മൂന്നു മണ്ഡലങ്ങൾ ദാന്തെ സൃഷ്ടിച്ചതു്. അതായതു് അന്നു നിലവിലുണ്ടായിരുന്ന ശാസ്ത്രീയ അറിവുകൾ ഈ സാങ്കല്പിക ലോകങ്ങൾക്കു് സാഹിതീയ ഇടം ഒരുക്കുന്നതിൽ ദാന്തെയെ സഹായിച്ചു. ഡിവൈൻ കോമഡിയിൽ ജറുശലേമിന്റെ അടിവശത്തു് നരകവും സമുദ്രത്തിന്റെ മധ്യഭാഗത്തു് ഭൂമധ്യരേഖയുടെ അടിയിലായി ശുദ്ധീകരണസ്ഥലവും സ്ഥാനപ്പെടുത്തിയിരിക്കുന്നു. പാഠത്തിൽനിന്നു് വേർതിരിച്ചെടുക്കാവുന്ന ശാസ്ത്രീയ അറിവുകൾ—നക്ഷത്രങ്ങളും സൂര്യനും ജ്യോതിർശാസ്ത്രപരമായ മറ്റു് ചിഹ്നങ്ങളും—മനുഷ്യ വംശത്തിന്റെ/യൂറോപ്പിന്റെ അറിവിന്റെ ചരിത്രം കൂടിയാണു്. സ്വർഗ്ഗമണ്ഡലത്തിൽ ചൊവ്വ (Mars), വ്യാഴം (Jupiter) എന്നീ സ്വർഗ്ഗീയ ഘടകങ്ങളുടെ ഭ്രമണപഥങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകളുമുണ്ടു്. ഭൂമിയുടെ വലയത്തിൽ അവ രേഖപ്പടുത്തിയതു് പതിനാലാം നൂറ്റാണ്ടിലെ ശാസ്ത്രീയ വിശ്വാസത്തിന്റെ തെളിവാണു്. ശുദ്ധീകരണ കാണ്ഡത്തിലെ നിരവധി സർഗ്ഗങ്ങളിലും മധ്യകാല യൂറോപ്പിന്റെ ശാസ്ത്രീയ അറിവുകൾ ചേർത്തുവെച്ചിട്ടുണ്ടു്. ഇരുപത്തിയേഴാം സർഗ്ഗം ആരംഭിക്കുന്നതു് നോക്കുക:
തന്നാദികിരണങ്ങളെയ്യുകയായീ സൂര്യൻ
ഉന്നതതുലാം താരാതതിതൻ കീഴായ് സ്പെയിൻ
ഗംഗാതരംഗങ്ങളും ചൂടാർന്നു മധ്യാഹ്നത്താൽ [12]
ജറുശലേമിൽ സൂര്യോദയ സമയം, സ്പെയിനിൽ അർദ്ധരാത്രി, ഇന്ത്യയിൽ നട്ടുച്ച എന്ന ശാസ്ത്രീയമായ കാലമാണു് ദാന്തെ അവതരിപ്പിക്കുന്നതു്.
രണ്ടാമതായി, ഈ മൂന്നുമണ്ഡലങ്ങളുടെ ഭൗതിക സ്ഥലനിർണ്ണയവും സ്ഥാന നിർണ്ണയവും ക്രിസ്തീയ വിശ്വാസത്തിലൂന്നിയും വായിച്ചെടുക്കാം. ക്രിസ്തീയ വിശ്വാസത്തിനുള്ളിൽ നിന്നു് ഭൗതികമായ നിരവധി ചോദ്യങ്ങൾ ദാന്തെ ഉന്നയിക്കുന്നു. ഉദാഹരണമായി, മനുഷ്യശരീരത്തിനും ആത്മാവിനും മരണശേഷം എന്തു സംഭവിക്കുന്നു? ദൈവമാണു് മനുഷ്യരെ സൃഷ്ടിച്ചതെങ്കിൽ ശാരീരികമായി അവർ ഭിന്നരായിരിക്കുന്നതെന്തുകൊണ്ടു്? മനുഷ്യൻ പാപം ചെയ്യുന്നതെന്തു കൊണ്ടാണു്? ചുരുക്കത്തിൽ ഭൗതിക ശാസ്ത്രത്തിലെ പുത്തനറിവുകൾ മനുഷ്യന്റെ മാനസിക ഘടനയിൽ സ്വാധീനം ചെലുത്തിത്തുടങ്ങിയിരിക്കുന്നതിന്റെ സാംസ്കാരികമായ അടയാളമാണു് ഡിവൈൻ കോമഡി. ഇറ്റലിയിൽ രാജ്യാധികാരവും പോപ്പിന്റെ മതാധികാരവും സംബന്ധിച്ച സംഘർഷത്തിന്റെ നിരവധി സൂചനകൾ നല്കി യൂറോപ്പിന്റെ രാഷ്ട്രീയ തലത്തിലുണ്ടായ പരിവർത്തന ദശയെ ഡിവൈൻ കോമഡി അടയാളപ്പെടുത്തുന്നു. പിൽക്കാലത്തു് ഇറ്റലിയുടെ വിഭജനത്തിനുവരെ കാരണമായ, അധികാരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങളിലും സംഘർഷങ്ങളിലും നേരിട്ടിടപെട്ട ദാന്തെയ്ക്കു് നാടുകടത്തൽ ശിക്ഷ ലഭിച്ചപ്പോഴാണു് ഡിവൈൻ കോമഡി രചിച്ചതു്. ദാന്തെയ്ക്കു പരിചയമുള്ള/കേട്ടിട്ടുള്ള ആളുകളെല്ലാം ഈ മൂന്നു മണ്ഡലത്തിലുമായി കടന്നുവരുന്നു. അങ്ങനെ ഡിവൈൻ കോമഡി ഇറ്റലിയുടെ പ്രാദേശിക ചരിത്രം കൂടിയായി മാറുന്നു. രാജാവും രാജകുടുംബാംഗങ്ങളും, പ്രശസ്തവും അപ്രശസ്തവുമായ കുടുംബങ്ങൾ, കൊല്ലപ്പെട്ടവരും കൊലപാതകികളും, നിയമപാലകർ, പുരോഹിതർ, റോമാക്കാരും ഗ്രീക്കുകാരുമായ കവികളും കലാകാരന്മാരും, നർത്തകർ, ശില്പികൾ, ചിത്രകാരന്മാർ, അക്കാലത്തും ചരിത്രത്തിലും നടന്ന യുദ്ധങ്ങൾ, സുന്ദരികളും കുലീനകളുമായ സ്ത്രീകൾ, കപ്പിത്താൻമാർ, കുന്നുകളും നദികളും, ഗ്രീക്ക് ഇതിഹാസങ്ങൾ, നരക-ശുദ്ധീകരണ കാണ്ഡങ്ങളിൽ ദാന്തെയും വെർജിലും (Virgil) കിഴക്കു നിന്നു് പടിഞ്ഞാറോട്ടു് നീങ്ങുന്നതിന്റെ ചലനങ്ങൾ, മൃഗങ്ങൾ, ഫലവൃക്ഷങ്ങൾ, കൃഷിത്തോപ്പുകൾ, ഗ്രീക്ക് മിത്തോളജിയിലെ നിരവധി കഥാപാത്രങ്ങൾ, കാലാകാലങ്ങളായി ക്രിസ്തുമതം നേരിട്ട അക്രമങ്ങൾ, ഫ്ളോറൻസിലെ സ്ത്രീ-പുരുഷന്മാരുടെ സ്വഭാവങ്ങൾ, അവരുടെ വ്യക്തിപരമായ പ്രത്യേകതകൾ, ഓരോ സർഗ്ഗത്തിലും കടന്നുവരുന്ന നിരവധിയായ ബൈബിൾ പരാമർശങ്ങൾ. ഇവയത്രയും ഇറ്റലിയുടെ യഥാർത്ഥ ചരിത്രം തന്നെയായിരുന്നു എതാണു് പ്രധാനം. അക്കാലത്തെ ഇറ്റാലിയൻ സമൂഹത്തിന്റെ സാംസ്കാരിക ചരിത്രം—ജീവിത നിലവാരം, തൊഴിൽ, നൈതികത, വൈകാരിക ജീവിതം—മുഴുവൻ ഡിവൈൻ കോമഡി വെളിപ്പെടുത്തുന്നു. ഫ്ളോറൻസിനെയും ഇറ്റലിയെയും അതുവഴി നൈതികവും സാമൂഹികവും രാഷ്ട്രീയവുമായ ലോകത്തെ മുഴുവൻ അതു് പ്രതിനിധാനം ചെയ്യുന്നു. ഒരു സാംസ്കാരിക രൂപമെന്ന നിലയിൽ പതിനാലാം നൂറ്റാണ്ടിലെ ലോകചരിത്രത്തെയാണതു് വെളിപ്പെടുത്തുന്നതു്.
ക്രിസ്തീയ രാജത്വത്തെക്കുറിച്ചുള്ള ആത്മീയ ചിന്തകളും വിശ്വാസവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണു് ദാന്തെ എഴുതിയതു്. തന്റെ രാഷ്ട്രീയ വിശ്വാസം വളരെ വ്യക്തമായിത്തന്നെ കവി അവതരിപ്പിക്കുന്നു. അഴിമതിക്കാരും മതപുരോഹിതരുമായ രാഷ്ട്രീയ എതിരാളികളെ നരക കാണ്ഡത്തിലാക്കി തന്റെ സുഹൃത്തുക്കളെ മഹത്വവത്കരിക്കുന്ന ഡിവൈൻ കോമഡി ദാന്തെയുടെ നൈതിക ജീവിതത്തിന്റെ ആത്മീയ രേഖയാണു്. തനിക്കു ചുറ്റും കണ്ട പാപം നിറഞ്ഞ ജീവിതവഴികളും സാമൂഹിക ജീവിതത്തിൽ വളർന്നുവരുന്ന അഴിമതിയുമാണു് അദ്ദേഹത്തിന്റെ വിഷയം. സ്വർഗ്ഗ കാണ്ഡത്തിൽ തന്റെ നൈതിക ദർശനം ദാന്തെ വ്യക്തമാക്കുന്നുമുണ്ടു്. ദയ, നീതി, സത്യം എന്നിവയുടെ ശരിയായ പാത തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവും ആഹ്വാനവുമാണു് ഈ കൃതി. തനിക്കു ലഭിച്ച ബൈബിൾ പഠനത്തിന്റെ വെളിച്ചത്തിൽ ശിക്ഷാവിധികളും സ്വർഗ്ഗീയ പ്രതിഫലങ്ങളും ചിത്രീകരിക്കുന്നതിലൂടെ ജൈവികവും ആത്മീയവുമായ നിരവധി സംശയങ്ങൾക്കു് ഉത്തരം കണ്ടെത്താനും കഴിയും. പാപത്തിൽ നിന്നു് ശുദ്ധീകരണം നേടാൻ പ്രാർത്ഥന എങ്ങനെ സഹായിക്കുന്നു എന്നും മാമോദീസാ മുങ്ങിയ ക്രിസ്ത്യാനികൾ പോലും സ്വർഗ്ഗത്തിലെത്താൻ കഴിയാതെ ആയിരക്കണക്കിനു വർഷം ശുദ്ധീകരണ സ്ഥലത്തു് കിടക്കേണ്ടി വരുന്നതും ഉയർന്ന ഇടമായ സ്വർഗ്ഗത്തിലെത്തിച്ചേരാനുള്ള തടസ്സങ്ങളും ശുദ്ധീകരണ കാണ്ഡത്തിലെ വിഷയമാണു്. മനുഷ്യ ജീവിതത്തിൽ അവരവരുടെ ആത്മീയ ചുമതലകൾ നിർവ്വഹിക്കാതിരിക്കുന്നതാണു് ദാന്തെയുടെ നിശിത വിമർശനത്തിടയാക്കുന്നതു്. മനുഷ്യൻ, വ്യക്തി എന്ന നിലയിൽ സമൂഹത്തോടു ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചാണു് കാവ്യം ഓർമ്മിപ്പിക്കുന്നതു്. ഡിവൈൻ കോമഡി മറ്റെന്തിലുമുപരി ഒരു ഇതിഹാസമായി മാറുന്നതു് ഈ ചിന്തകൾ കൊണ്ടുകൂടിയാണു്. ക്രിസ്ത്യൻ മതവിശ്വാസമനുസരിച്ചു് നരക-സ്വർഗ്ഗങ്ങളിലേക്കുള്ള ഒരു യാത്ര എന്നതിനപ്പുറം മനുഷ്യനെക്കുറിച്ചാണതു് സംസാരിക്കുന്നതു്.
പ്രണയത്തെ അനശ്വരവും അനിർവ്വചനീയവുമായ മാനുഷികഗുണമെന്ന നിലയിൽ ആദർശവത്കരിച്ചു് ഉദാത്തകാവ്യമാതൃകയായി മാറിയ ഡിവൈൻ കോമഡി ഉൾപ്പെടെയുള്ള കലാശില്പങ്ങളുടെ കേന്ദ്രബിന്ദു ദാന്തെയ്ക്കു് ഒമ്പതു വയസ്സുള്ളപ്പോൾ ബിയാട്രിസ് എന്ന പെൺകുട്ടിയോടു് ആദ്യദർശനത്തിൽ തോന്നിയ അന്ധമായ പ്രണയമാണു്. തീവ്രവും നിരസിക്കപ്പെട്ടതുമായ ആ പ്രണയവും ബിയാട്രിസിന്റെ മരണവുമാണു് ദാന്തെയുടെ എല്ലാ സൈദ്ധാന്തിക പ്രായോഗികപ്രവർത്തനങ്ങളുടെയും അടിസ്ഥാനം. എന്നാൽ, വെറുമൊരു പ്രണയസാഹിത്യമല്ല ദാന്തെ രചിച്ചതു്. സാംസ്കാരികവും തത്വചിന്താപരവുമായ പുതിയ ചിന്തകളും അന്വേഷണങ്ങളുമാണു് മനുഷ്യജീവിതത്തെക്കുറിച്ചു് അദ്ദേഹം ഉയർത്തിയതു്. അതിനടിസ്ഥാനമായി ഈ പ്രണയം നിലകൊള്ളുന്നു എന്നുമാത്രം. ഇറ്റലിയിലെ മത-രാഷ്ട്രീയ ചിന്തകരും പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തിയ ദാന്തെ ആത്മകഥാപരമായ വസ്തുതകളെ എല്ലായ്പോഴും സംസ്കാരവുമായി ബന്ധപ്പെടുത്തിയാണു് പ്രതിപാദിച്ചതു്. The vita nuova അഥവാ New Life എന്ന ആദ്യ കൃതിയിൽ, തന്നെ പ്രചോദിപ്പിക്കുന്ന കാവ്യദേവത എന്ന മട്ടിൽ ബിയാട്രിസ് പ്രത്യക്ഷപ്പെടുന്നുണ്ടു്. സുന്ദരിയായ ഒരു സ്ത്രീയെന്ന യാഥാർത്ഥ്യത്തോടെയാണു് ബിയാട്രിസിന്റെ ചിത്രീകരണം. അതിനു് മായിക പരിവേഷം നല്കി അമൂർത്തമാക്കാൻ ദാന്തെ തുനിയുന്നില്ല. തന്നെ തീവ്രപ്രണയത്തിലേക്കും കാവ്യപ്രചോദനത്തിലേക്കും നയിച്ചതാണു് ആ സ്ത്രൈണ സൗന്ദര്യം. ശുദ്ധീകരണ കാണ്ഡത്തിൽ ബിയാട്രിസ്സിനെ കണ്ടുമുട്ടുന്ന രംഗം ദാന്തെയുടെ അനുരാഗത്തിന്റെ തീവ്രതയാണു് വ്യക്തമാക്കുന്നതു്.
നല്ലിലകിരീടവുമണഞ്ഞു കാണപ്പെട്ടൂ
സുന്ദരിയാമൊരു നാരി പച്ചപ്പട്ടിനു താഴെ
കത്തുന്ന തീജ്ജ്വാല പോലുള്ളതാം വേഷം ചാർത്തി
അത്തവ്വിലെൻ മുന്നിൽ വന്നങ്ങനെ നിലകൊണ്ടൂ
സാന്നിദ്ധ്യമുണ്ടാക്കുന്ന വിറയൽ കൂടാതെയെ-
ന്നാത്മാവുനേരം നീക്കി വ്യക്തമായി ദർശിക്കാതെ
അവളെ നിഗൂഢമാമവൾതൻ സ്വാധീനത്താൽ
പഴയ രാഗത്തിന്റെ ശക്തിയെന്നുള്ളിൽ തോന്നി
ശൈശവം തീരും മുമ്പേയെുള്ളുതുളച്ചതാ-
മാ, മഹാഗുണമെന്റെ കൺകളിൽ പതിക്കവേ
ഭയന്നോ മുറിവേറ്റോ അമ്മയെത്തേടുന്നോരു
ശിശുവിന്നൊപ്പം ഞാനുമിടത്തു വശത്തേക്കായ്
തിരിഞ്ഞൂ മനം തന്നിൽ നിറയും മോഹത്തോടെ
ഗുരുവോടീമട്ടിലായ് പറയാനപ്പോൾത്തന്നെ
“എന്റെ ചോരയിലോരോ തുള്ളിയുമിളകുന്നു
പണ്ടത്തെ രാഗത്തിന്റെ മുദ്രകൾ കാണുന്നു ഞാൻ” [13]
ദാന്തെയ്ക്കു് ബിയാട്രിസ്സും അർത്ഥവത്തായ ഒരു പ്രതീകമാണു്. എന്താണു് പ്രണയമെന്നും മനുഷ്യനു് ഔന്നത്യം നല്കുന്ന വിധത്തിൽ അതു് പ്രവർത്തിക്കുന്നതെങ്ങനെയെന്നും സ്ത്രീ-പുരുഷ പ്രണയത്തിന്റെ ഉദാത്തതയെന്തെന്നുമുള്ള ചിന്തകൾ കാവ്യകേന്ദ്രത്തിൽ നിന്നു് മാറിപ്പോകാതെ നിലനിർത്തുന്നതാണു് ഡിവൈൻ കോമഡിയുടെ വിജയം. അതുല്യമായ രൂപഘടനയോടൊപ്പം അനന്യമായ പ്രണയത്തിന്റെ ഭാവതലത്തെ ചേർത്തുവച്ചാണു് അതു സാധ്യമാക്കിയതു്. ആത്മീയവും സാംസ്കാരികവുമായ പക്വത വെളിപ്പെടുത്തുന്ന ദാന്തെയുടെ കലാസൃഷ്ടികൾ ആത്യന്തികമായി മനുഷ്യന്റെ നന്മയാണു് കേന്ദ്രമാക്കുന്നതു്. നന്മ വ്യക്തിയുടെ പാരമ്പര്യവുമായോ സാമ്പത്തികശേഷിയുമായോ ബന്ധിപ്പിക്കേണ്ടതല്ല; മറിച്ചു് ബൗദ്ധികവും നൈതികവും തികച്ചും പ്രകൃതിദത്തവുമാണു്. ഇത്തരത്തിൽ മാനുഷികതയെ കുറിച്ചുള്ള വിധിന്യായങ്ങളാണു് ഡിവൈൻ കോമഡിയുടെ കാതൽ. മനുഷ്യ ജീവിതത്തിന്റെ കടമകളും കർത്തവ്യങ്ങളും അതു് ഓർമ്മിപ്പിക്കുന്നു. ദുഃഖങ്ങളും പ്രതീക്ഷകളും നിറഞ്ഞ മനുഷ്യ ജീവിതത്തിന്റെ കാവ്യാത്മകമായ ‘ദാന്തെചിന്തകൾ’ മലയാളത്തിലെത്തിക്കുകയാണു് ശ്രീ. കിളിമാനൂർ രമാകാന്തൻ ചെയ്തതു്.
ഡിവൈൻ കോമഡിയുടെ ഇതിവൃത്ത ഘടന വളരെ ലളിതമാണു്. പരിത്രാണത്തിലേക്കുള്ള ദാന്തെയുടെ തീർത്ഥാടനമാണതു്. ആയിരത്തി മുന്നൂറാമാണ്ടു് ദാന്തെ യുടെ മുപ്പതാം വയസ്സിൽ ദുഃഖവെള്ളിയാഴ്ച ദിവസം രാത്രി, ഒരു ഇരുണ്ട വനത്തിൽ ഭയത്തിന്റെ മുൾമുനയിൽ സ്വയം നഷ്ടപ്പെടുന്നതിൽ നിന്നാണു് കാവ്യത്തിന്റെ തുടക്കം. പ്രതീകങ്ങളുടെയും ബിംബങ്ങളുടെയും പെരുമഴയാണു് പിന്നീടു്. തന്റെ മുൻഗാമിയായ ഇറ്റാലിയൻ കവി വെർജിലിനൊപ്പം യാത്രയാരംഭിക്കുന്ന ദാന്തെ മൂന്നുലോകങ്ങളിലൂടെയും കടന്നുപോകുന്നു. നരകത്തിലും ശുദ്ധീകരണ കാണ്ഡത്തിലും നയിക്കുന്നതു് വെർജിലാണു് [14], സ്വർഗ്ഗത്തിൽ പ്രണയ ഭാജനമായിരുന്ന ബിയാട്രിസ്സും. ശരിതെറ്റുകളെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങൾ, വിശ്വാസങ്ങൾ, മതങ്ങൾ എന്നിവ തിരിച്ചറിഞ്ഞും ചോദ്യംചെയ്തും നരകത്തിലെ ഒമ്പതു വലയങ്ങളിലൂടെ ദാന്തെ സഞ്ചരിക്കുന്നു. ഡിവൈൻ കോമഡിയിലെ ഏറ്റവും മികച്ചതും താല്പര്യ ജനകവുമായ ഭാഗമാണിതു്. ഇവിടെ ദൈവം പൂർണ്ണമായും അദൃശ്യനാണു് എന്ന പ്രത്യേകതയുമുണ്ടു്. വൈവിധ്യമാർന്ന ജീവിത ചിത്രങ്ങളും ആശയങ്ങളും പ്രതീകങ്ങളും കൊണ്ടു് സമ്പന്നമാണു് നരക കാണ്ഡം. പ്രകൃതിദത്തമായ അവകാശങ്ങളും ബുദ്ധിശക്തിയും ഉത്തരവാദിത്തങ്ങളും ഉള്ള സ്വതന്ത്രവ്യക്തിയാണു് മനുഷ്യരെല്ലാം. ഓരോരുത്തർക്കും വ്യക്തിപരമായ നിലനില്പുണ്ടെങ്കിലും വിശാല മാനവിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണതു്. ജ്ഞാനോദയത്തിന്റെ സങ്കേതങ്ങളായ ഉദാരമാനവികതയുടെ (Liberal Humanism) ആശയങ്ങളാണു് ഡിവൈൻ കോമഡിയെ നിയന്ത്രിക്കുന്നതു്. [15] ദാന്തെയുടെ നല്ല സുഹൃത്തും ഫ്ളോറൻസിലെ സംഗീതജ്ഞനുമായിരുന്ന കാസെല്ലയെ ശുദ്ധീകരണ സ്ഥലത്തു് കണ്ടുമുട്ടുന്നതു് നോക്കുക:
സുന്ദരഗാനാലാപ കലയും നിന്നോർമ്മയും
നിന്നെവിട്ടെങ്ങോപോയി മറഞ്ഞിട്ടില്ലെന്നാകിൽ
എന്നുടെയാത്മാവിനെയാശ്വസിപ്പിക്കൂ പാട്ടാൽ
ഇങ്ങു വന്നതുമൂലം എന്നുടെ ശരീരവും
എന്റെയാത്മാവും ഏറെത്തളർന്നു കഴിയുന്നു [16]
പാപം ഏറ്റുപറഞ്ഞവരും പശ്ചാത്തപിച്ചവരുമാണു് ശുദ്ധീകരണ സ്ഥലത്തുള്ളതു്. ശിക്ഷാകാലാവധി കഴിഞ്ഞു് സ്വർഗ്ഗത്തിലേക്കു് നിത്യമായി രക്ഷപ്പെടാനുള്ളവരാണവർ. ശുദ്ധീകരണ സ്ഥലത്തു് ശിക്ഷാവിധിക്കർഹമായ ഏഴുതരം പാപങ്ങളെ ദാന്തെ ശ്രേണീകരിക്കുന്നു. അഹന്ത, അസൂയ, വിദ്വേഷം, അലസത, ദുരാഗ്രഹം (അവയുടെ വിപരീത/മറു വശങ്ങളും) [17], ഭോഗേച്ഛ, അത്യാർത്തി തുടങ്ങിയ ഗൗരവമാർന്ന പാപങ്ങൾ ചെയ്തവർ ഏറ്റവും താഴെയും ലഘുപാപങ്ങൾ ചെയ്തവർ നിത്യരക്ഷയുടെ സമീപത്തു് കൊടുമുടിയുടെ ഉന്നത ശൃംഗങ്ങളിലും. കൊടുമുടിയുടെ ഏഴാമത്തെ തലം വരെ വെർജിൽ ദാന്തെയെ നയിക്കുന്നു. മാനവിക യുക്തിയുടെ പ്രതീകമായി ഡിവൈൻ കോമഡിയിൽ അവതരിപ്പിക്കുന്ന വെർജിലിനു് പക്ഷേ, സ്വർഗ്ഗം ലഭിക്കുന്നില്ല. [18] മാനുഷികമായ യുക്തിചിന്ത സ്വർഗ്ഗലബ്ധിക്കർഹമായ ഒന്നല്ല എന്നാണു് ദാന്തെയുടെ മതം. അതിനു് മാമോദീസ മുങ്ങണം. സ്വർഗ്ഗ കാണ്ഡത്തിൽ ഒമ്പതു വലയങ്ങളാണുള്ളതു്. ഓരോ ആകാശവും ഓരോ കൂട്ടം ആളുകളെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി അഞ്ചാം മണ്ഡലത്തിൽ രക്തസാക്ഷികളും ആറിൽ നീതിമാന്മാരുമാണു്. കാവ്യാവസാനത്തിൽ ദൈവത്തെ കാണാനുള്ള ദാന്തെയുടെ ആഗ്രഹം അസ്പഷ്ടമായ ഒരു തേജസ്സിന്റെ രൂപത്തിൽ സഫലമാകുന്നുമുണ്ടു്. ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളോടു് ചേർന്നു പോകുന്നതു കൂടിയാണതു്. മനുഷ്യ ഭാവനയുടെ മകുടമെന്നു് വിശേഷിപ്പിക്കാവുന്ന ഈ രചന മാനുഷികമായ മറ്റു സ്വർഗ്ഗ-നരകങ്ങളെ നിർമ്മിക്കുന്നു. അമൂർത്തമായതിനെ മൂർത്തമായി ആവിഷ്കരിക്കുകയാണു് ദാന്തെ ചെയ്യുന്നതു്. ശരിതെറ്റുകളെ നിർണ്ണയിച്ചു് ജീവിതത്തെ നിയന്ത്രിക്കാനും നിർണ്ണയിക്കാനും അതു് പ്രേരണ നല്കുന്നു. മനുഷ്യ സമൂഹത്തിൽ തന്റെ ഇടത്തെക്കുറിച്ചുള്ള തിരിച്ചറിവിനും ഡിവൈൻ കോമഡി കാരണമാകുന്നുണ്ടു്. നിരന്തര വൈഷമ്യങ്ങളും പ്രതികൂലാവസ്ഥയും നിറഞ്ഞ മനുഷ്യ ജീവിതം ഐശ്വര്യത്തിലേക്കു കടക്കുന്നതിന്റെ—എല്ലാ ദുഃഖവെള്ളിയാഴ്ചയ്ക്കു് ശേഷവും ഉയർപ്പ് ഞായർ വരുന്നുണ്ടു് എന്നതിന്റെ—അന്യാപദേശാവിഷ്കാരമാണതു്.
ട്രാജഡിയെയും കോമഡിയെയും വിഭജിക്കുന്നതു് അരിസ്റ്റോട്ടിലിന്റെ സാഹിത്യ സിദ്ധാന്തങ്ങളാണു്. [19] മാനുഷികയുക്തിയാൽ മറികടക്കാൻ കഴിയുന്ന വിലകുറഞ്ഞ മാനുഷിക വികാരങ്ങൾ ദ്യോതിപ്പിക്കുന്ന നാടകങ്ങളെയാണു് കോമഡിയെന്നു് അരിസ്റ്റോട്ടിൽ വിശേഷിപ്പിക്കുന്നതു്. തനി ഗ്രാമ്യമായത് (‘a rustic song’) എന്നാണു് ദാന്തെയുടെ നിർവചനം. തന്റെ സുഹൃത്തായ കാൻ ഗ്രാൻഡെക്കെഴുതിയ (Can Grande) കത്തിൽ കോമഡി എന്ന പേരിട്ടതിനു് ദാന്തെ ന്യായീകരണം നല്കുന്നുമുണ്ടു്. അത്ര ഉന്നതമായ കാവ്യരീതിയിലൊന്നുമല്ല താനെഴുതിയതെന്നും അതു് തികച്ചും സുചിന്തിതമായ പഠന പ്രക്രിയയ്ക്കു് പുറത്തുള്ളതാണെന്നും (‘an unstudied and low style’) അദ്ദേഹം വിവരിക്കുന്നു. [20] അരിസ്റ്റോട്ടിലിന്റെ ക്ലാസ്സിക്കൽ കാലഘട്ടത്തിൽ നിന്നു് ദാന്തെയുടെ മധ്യകാലഘട്ടത്തിലെത്തുമ്പോൾ സംഭവിച്ച മാറ്റമാണിതു വ്യക്തമാക്കുന്നതു്. ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും തുടക്കത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ സംഭവിച്ച സാംസ്കാരിക മാറ്റ/ഭാവുകത്വവ്യതിയാനത്തെ പ്രതിനിധീകരിക്കുന്ന കൃതി കൂടിയാണു് ഡിവൈൻ കോമഡി. നാടക രൂപമായിരുന്ന കോമഡി ഗദ്യപദ്യങ്ങളിൽ പുതുരൂപങ്ങളന്വേഷിക്കുന്നു. ക്ലാസ്സിക്കൽ സ്വാധീനങ്ങളിൽ നിന്നു് കുതറിമാറി പുതിയ അനുഭവ മേഖലകളിലേക്കു് സാഹിത്യം കടന്നു. ഗൗരവം/ഗൗരവേതരം എന്നിങ്ങനെ ശുദ്ധസാഹിത്യ രൂപങ്ങളുടെ അതിർവരമ്പുകൾ നഷ്ടപ്പെട്ട കോമഡി നാടക രൂപത്തിൽ നിന്നു് മാറി കൂടുതൽ ആഖ്യാനപരമായി തീർന്നു. സാഹിത്യ രൂപങ്ങളിലെ അരിസ്റ്റോട്ടലിയൻ മാനദണ്ഡങ്ങളെ യൂറോപ്യൻ സാഹിത്യ രൂപങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെയും ഡിവൈൻ കോമഡി പ്രതിനിധീകരിക്കുന്നുണ്ടു്. ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷകളിലെ മികച്ച ട്രാജഡികൾ വിവർത്തനത്തിലൂടെ മലയാളത്തിനു് പരിചിതമാണെങ്കിലും ഒരു യൂറോപ്യൻ കോമഡി സാഹിത്യ രൂപം പരിചയപ്പെടുത്തുക എന്നതാണു് മലയാള വിവർത്തനത്തിന്റെ മറ്റൊരു ദൗത്യം.
ഋജുവും വ്യക്തവും ശക്തിമത്തും സമാന്തരവുമായ കഥപറച്ചിൽ രീതിയാണു് ദാന്തെയുടേതു്. വിവർത്തനത്തിനു് ഏറ്റവും വഴങ്ങുന്ന രീതിയെന്നാണു് പൊതുവെ പറയപ്പെടുന്നതു്, മലയാളത്തിൽ പൂർണ്ണമായൊരു വിവർത്തനമുണ്ടായതു് മുൻസൂചിപ്പിച്ചതുപോലെ 2001-ലാണെന്നു മാത്രം. എന്നാൽ, അറുന്നൂറു വർഷങ്ങൾക്കു ശേഷവും യൂറോപ്പിൽ ഡിവൈൻ കോമഡിയുടെ വിവർത്തനങ്ങൾക്കും അനുകരണങ്ങൾക്കും സന്ദർഭ സ്വീകരണങ്ങൾക്കും കുറവൊന്നുമില്ല. [21] വ്യത്യസ്ത വായനകളും പുനരെഴുത്തുകളും ട്രാൻസ് മീഡിയ ആവിഷ്കരണങ്ങളും ധാരാളം പുറത്തു വരുന്നു. വർത്തമാന കാലത്തു് ദാന്തെ വിവർത്തനത്തിന്റെയും സ്വാധീനത്തിന്റെയും ചരിത്രം കുറച്ചൊന്നു പരിശോധിച്ചാൽ ഡിവൈൻ കോമഡി നിർമ്മിച്ച തുടർചലനങ്ങളുടെ ആഴവും പരപ്പും വ്യക്തമാകും. സിനിമ, ആനിമേഷൻസ്, കോമിക്സ്, ആർകിടെക്ചർ, ഗ്രാഫിക് നോവൽ, കമ്പ്യൂട്ടർ ഗെയിംസ് തുടങ്ങി അത്യന്താധുനിക സാംസ്കാരിക രൂപങ്ങളെപ്പോലും പ്രചോദിപ്പിച്ച രചനയാണതു്. നിരവധി കമ്പ്യൂട്ടർ ഗെയിമുകളുടെ രൂപനിർമ്മിതി ‘ഇൻഫേർണോ’യിലെ നരക ചിത്രീകരണത്തിന്റെ മാതൃകയുൾക്കൊണ്ടാണു്. വിജയപരാജയങ്ങളുടെ ആകുലതകളുണർത്തി പടിപടിയായി വിജയത്തിലെത്തുന്ന ഏതു് വീഡിയോ ഗെയിമും ഡിവൈൻ കോമഡിയോടു് കടപ്പെട്ടതാണു്. ‘ ഇൻഫേർണോ’ എന്ന പേരിൽ ഒരു സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം പോലുമുണ്ടത്രേ. ചോസർ, ജോൺ മിൽട്ടൻ തുടങ്ങി ബോർഹസ് വരെയുള്ള എഴുത്തുകാരിൽ ദാന്തെ ചെലുത്തിയ സ്വാധീനം ഇംഗ്ലീഷ് സാഹിത്യത്തിൽ പഠന വിധേയമായിട്ടുണ്ടു്. 1911-ൽ ഇൻഫേർണോ എന്ന നിശ്ശബ്ദ സിനിമയിൽ തുടങ്ങി 3ഡി ആക്ഷൻ സിനിമയിൽ വരെ യൂറോപ്പിൽ ഇന്നും ഡിവൈൻ കോമഡി ജീവിക്കുന്നു. ലോകപ്രശസ്ത ശില്പങ്ങൾ, കെട്ടിട നിർമ്മിതികൾ, ഇല്ലസ്ട്രേഷൻസ്, പെയിന്റിങ്സ് തുടങ്ങി ദൃശ്യസംസ്കാരത്തിലും നിരവധി മ്യൂസിക് ആൽബങ്ങളിലും ദാന്തെയുടെ സ്വാധീനമുണ്ടു്. ഇങ്ങനെ ഒരു ക്ലാസ്സിക്കൽ കൃതി സമകാലിക ജനപ്രിയ സംസ്കാരത്തിലെ കലാരൂപങ്ങളിൽ ഇടപെടുന്ന രീതിയും അതിന്റെ ആശയ രൂപീകരണവും കൂടുതൽ പഠനാർഹമാണു്. കൊളോണിയൽ സാഹിത്യ അവബോധവും അടിമത്തവും സൃഷ്ടിച്ച വിവർത്തന പാരമ്പര്യത്തിന്റെ ഫലമാവാം ഡിവൈൻ കോമഡിയുടെ വിവർത്തനം മലയാളത്തിൽ ഇത്രയും വൈകാൻ കാരണമായതു്. ആധിപത്യസ്വഭാവമുള്ള കൊളോണിയൽ ഭാഷയിൽ നിന്നും വിവർത്തനത്തിലൂടെ മലയാളത്തിലെത്തിയ ഷേക്സ്പിയർ കൃതികൾക്കു് മലയാള സാഹിത്യത്തിലും ജീവിതത്തിലും സിനിമയടക്കമുള്ള ജനപ്രിയ കലകളിലും ഇന്നുമുള്ള ശക്തമായ സ്വാധീനം കാണാതിരിക്കാനാവില്ല. ഈ മാനസികാടിമത്തത്തിന്റെ അതിർത്തികൾ ഭേദിച്ചു് മാതൃഭാഷയോടുള്ള ധാർമ്മികോത്തരവാദിത്തം നിറവേറ്റുകയാണു് വിവർത്തകൻ ചെയ്യുന്നതു്.

ലക്ഷ്യ ഭാഷയുടെ സംസ്കാരത്തിനനുസരിച്ചു്, ചിരപരിചിതമായ കാവ്യശൈലി ഉപയോഗപ്പെടുത്തി നടത്തിയ വിവർത്തനമാണു് ശ്രീ. കിളിമാനൂർ രമാകാന്ത ന്റേതു്. നരക കാണ്ഡം, ശുദ്ധീകരണ കാണ്ഡം, സ്വർഗ്ഗ കാണ്ഡം എന്ന വിഭജനം, ‘സർഗ്ഗ’ങ്ങളായി (ആകെ നൂറു സർഗ്ഗങ്ങൾ) തിരിച്ചതു്, വെർജിലിനു നല്കുന്ന ഗുരുനാഥൻ എന്ന സംബോധന തുടങ്ങിയവ ഇന്ത്യൻ കാവ്യപാരമ്പര്യത്തിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണു്. മലയാളിക്കു് സുപരിചിതമായ ദ്രാവിഡ വൃത്തത്തിൽ പരമാവധി ലളിത പദാവലികൾ വിന്യസിപ്പിച്ചു് പദ്യരൂപത്തിൽ തയ്യാറാക്കിയ മലയാള വിവർത്തനം ഏറെ പ്രശംസാർഹമാണു്.
അവരോടതേസ്നേഹമാർന്നു നീയർത്ഥിക്കുക [22]
ദുഃഖകാലത്തിൽ സുഖവേളയെയോർക്കും പോലെ
മർത്യർക്കു മന്നിൽ മറ്റൊന്നില്ല ദുസ്സഹമായി! [23]
കൊള്ളാത്ത കൊടുക്കലും കൊള്ളാത്ത കരുതലും
സുന്ദരഭൂവിൽനിന്നും വീഴ്ത്തിയീ,യാത്മാക്കളെ
ഇവരെപ്പോരാട്ടത്തിലിങ്ങനെ പതിക്കയായ്
ഇതിനെയെൻ വാക്കുകൾ വർണ്ണിക്കാനൊരുങ്ങില്ല
അറിയും മകനേ നീ ഭാഗ്യത്തിന്നധീനമാം
ധനസഞ്ചയത്തിന്റെ ക്ഷണിക വികൃതികൾ
ആ ധനം നേടാനല്ലോ മണ്ണിലെ മനുഷ്യന്മാർ
ഘോരഘോരമായ് തമ്മിൽ മല്ലടിപ്പതുമോർത്താൽ [24]
തുടങ്ങിയ വിവർത്തന വായനയിലെവിടെയും പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ രചിച്ച ഒരു വൈദേശിക രചന എന്ന ബോധം അനുഭവപ്പെടുന്നില്ല. ഈ വായനാനുഭവം ഗ്രന്ഥാവസാനം വരെ നിലനിർത്താൻ കഴിയുന്നുമുണ്ടു്. സമ്പന്നമായ സാംസ്കാരിക ഭൂതകാലവും കവിപ്രതിഭയും സർവ്വോപരി ഈ ഉൽകൃഷ്ട രചന സ്വഭാഷയിൽ പരിചയപ്പെടുത്തണം എന്ന ശാഠ്യവും വിവർത്തനത്തെ സ്വാഭാവികമാക്കുന്നു. വിപണിയുടെയോ വില്പനയുടെയോ സമ്മർദ്ദമില്ലാത്തതിനാൽ സ്വതന്ത്രമായ വിവർത്തന ശൈലി സ്വീകരിച്ചതിലൂടെ മലയാള സാഹിത്യപാരമ്പര്യത്തിനു് മൂല്യവത്തായ സംഭാവന നല്കാൻ വിവർത്തകനു് കഴിഞ്ഞു. സ്വന്തം ഭാഷയെ വളരെ സ്വതന്ത്രമായി മൂലകൃതിക്കുമേൽ പ്രകാശിക്കാൻ അനുവദിക്കുന്നതു പോലെയാണു് വായനാനുഭവം. വിവർത്തന കൃതി ഇന്ത്യൻ സംസ്കാരത്തോടും വായനാ രീതിയോടും ചേർന്നു നില്ക്കുന്നതു് അതുകൊണ്ടാണു്. [25] മധ്യകാല മലയാള സാഹിത്യത്തിന്റെ സാഹിത്യ സ്വഭാവത്തെ ഓർമ്മിപ്പിക്കുന്ന ഭാഷാവൃത്ത ഘടനയിലുള്ള രചന കൂടാതെ വിവർത്തന പാഠത്തിലെ പദഘടന പരിശോധിച്ചാൽ നാട്ടുഭാഷയുടെ തനിമയാണു് വെളിപ്പെടുക.
നീയകപ്പെട്ടിട്ടുണ്ടോ അവിടെയകപ്പെട്ടാൽ
മറുകു് തൊലിയിലൂടെന്നപോൽ നോക്കുംനിങ്ങൾ
പുകമഞ്ഞൊരിത്തിരിക്കുറയാൻ തുടങ്ങുമ്പോൾ
അതിനുള്ളിലായ് സൂര്യമണ്ഡലം ദർശിച്ചീടാം. [26]
നേർന്നുവന്നൊരുകോവിൽ കണ്ടോനാം തീർത്ഥാടകൻ
ആർന്നു നൂതന ജീവൻ കണ്ടതു വീട്ടിൽ ചെന്നി-
ട്ടെങ്ങനെ വർണ്ണിച്ചീടാമാക്കാഴ്ച്ചയെന്നോർക്കും പോൽ
അങ്ങനെ സജീവമാം പ്രകാശമതിലെന്റെ
കണ്ണുകളയച്ചൂ ഞാൻ വരികൾ തോറും ചില
വേളയിൽ നോക്കി മേലേ ഭാഗത്തിൽ ചില പോതിൽ
താഴെയും നോക്കി ചുറ്റും കണ്ണുകളയയ്ക്കയായ് [27]
സ്വസമൂഹത്തിന്റെ സഹസ്രാബ്ദശേഖരിതമായ പാരമ്പര്യ മൂല്യങ്ങളിൽ നിന്നുമാത്രമേ എഴുത്തു് എന്ന പ്രക്രിയ സാധ്യമാകൂ. ഇന്ത്യയിലെ എഴുത്തുകാരുടെ പാരമ്പര്യമെന്നതു് ഇന്ത്യൻ ഭൂതകാലത്തിന്റെ അതീതാവസ്ഥയും വർത്തമാന സാന്നിധ്യവും മാത്രമല്ല; അതു് നവോത്ഥാന കാലത്തു് ഇന്ത്യൻ സാഹിത്യ പാരമ്പര്യത്തെയാകെ സ്വാധീനിച്ച ഹോമറിന്റെ കാലം മുതലുള്ള യൂറോപ്യൻ സാഹിത്യവും മൂല്യബോധവും കൂടിയാണെന്ന തിരിച്ചറിവാണു് ഈ വിവർത്തന രീതിക്കു പിന്നിലുള്ളതു്. ഡിവൈൻ കോമഡി വിവർത്തനം ചെയ്യണമെന്ന തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ഒരു കാരണവും ഇതാകണം. വിശ്വസാഹിത്യം മുഴുവൻ സ്വായത്തമാകുന്ന അല്ലെങ്കിൽ സ്വചരിത്രമായി മാറുന്ന സാംസ്കാരികാവസ്ഥയിലേക്കു് മലയാളി എഴുത്തുകാരും വായനക്കാരും ഇതിനകം മാറിയിരുന്നു. ഈ ചരിത്ര/പാരമ്പര്യ ബോധമാണു് ഡിവൈൻ കോമഡി വിവർത്തനത്തെ നയിക്കുന്നതു്. മലയാളത്തിനു ലഭിച്ച ഈ വിവർത്തനം മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ഉറപ്പുള്ള തുടർക്കണ്ണിയായി വർത്തിക്കുന്നതും അതുകൊണ്ടാണു്.
തനിക്കു ലഭിച്ച കാവ്യാനുഭവ പൂർത്തീകരണത്തിനു വേണ്ടി ദാന്തെ ഉപയോഗിച്ചതു് ഇറ്റലിയിലെ സാധാരണഭാഷയാണു്. [28] കാവ്യാനുഭവത്തിന്റെ ഈ പൂർണ്ണതയ്ക്കു വേണ്ടിയാണു് ശ്രീ. രമാകാന്തനും സ്വഭാഷയിൽ ശ്രമിക്കുന്നതു്. നരക കാണ്ഡത്തിൽ നരക നദിയുടെ വർണ്ണനയുടെ ചിലഭാഗങ്ങൾ നോക്കുക. നഗ്നരായ ആത്മാക്കളുടെ ദൃശ്യങ്ങൾ…
അടിച്ചുകടിച്ചുടലിഞ്ചിഞ്ചായ് കീറുന്നവർ…
വെള്ളത്തിൽ മുങ്ങിപ്പോയോർ തേങ്ങുന്നു കരയുന്നൂ
പൊങ്ങുന്നൂ കുമിളകളതിന്റെ മുകൾത്തട്ടിൽ
എങ്ങോട്ടു തിരിഞ്ഞാലും നിൻമിഴി പറയും പോൽ
ഇങ്ങിവർ ചെളിത്തട്ടിൽ പുതഞ്ഞുകഴിയുന്നു [29]
മഹത്തായ കാവ്യരചനയ്ക്കു് മഹത്തായ പദസഞ്ചയം ആവശ്യമാണെന്നാണു് ദാന്തെയും വിവർത്തനായ കവിയും സാധൂകരിക്കുന്നതു്. കാവ്യം വിവർത്തനം ചെയ്യേണ്ടതു് കവി തന്നെയാണു് എന്ന കാല്പനിക വിശ്വാസത്തെ ഉറപ്പിക്കുന്ന നിരവധി വരികൾ വിവർത്തനത്തിൽ നിന്നു് കണ്ടെടുക്കാൻ കഴിയും. ‘താഴ്‌വരക്കുന്നിൽ കാൽക്കൽ വീഴുന്ന രംഗം തന്നിൽ’ (പു. 1, ബൈബിളിലെ ദേവഗിരി), ‘കാരുണ്യപൂർവ്വം കാണും നാരി’ (പു. 12, കന്യകാമറിയം), ‘അന്നേരമനന്ത കാലങ്ങളിൽ’ (പു. 42, അന്ത്യവിധി) എന്നിങ്ങനെ ബൈബിൾ പ്രതീകങ്ങളെപ്പോലും തിരിച്ചറിയാനാകാത്തവിധം മലയാളീകരിച്ചിരിക്കുന്നു. [30] ഡിവൈൻ കോമഡി പോലൊരു വിവർത്തന പാഠത്തിനു് അത്യന്താപേക്ഷിതമായ അടിക്കുറിപ്പുകളിലൂടെയാണവ തിരിച്ചറിയുന്നതു്. അതുപോലെ, പതിനൊന്നാം സർഗ്ഗം മുഴുവൻ നരകത്തിന്റെ പ്രതീകമാണു്. (ലൈംഗിക കാര്യങ്ങളിലും മറ്റും) ആത്മനിയന്ത്രണമില്ലാത്ത അവസ്ഥ (Incontinence), അക്രമാസക്തമായ പെരുമാറ്റം (Violence), ചതി അഥവാ കരുതിക്കൂട്ടിയുള്ള ദ്രോഹചിന്ത (Fraud) എന്നീ മൂന്നുതരം പാപങ്ങളും അവയ്ക്കുള്ള ശിക്ഷാവിധികളുമാണു് പതിനൊന്നാം സർഗ്ഗത്തിൽ വിവരിക്കുന്നതു്. ക്രിസ്ത്യൻ മൂല്യബോധത്തിന്റെയും പാപബോധത്തിന്റെയും ഉൾബോധത്തിൽ നിന്നു് രൂപപ്പെടുന്ന ഈ നരക ദർശനം മലയാള വിവർത്തനത്തിൽ തികച്ചും പരിചിതമെന്ന നിലയിലാവുന്നതു് വിവർത്തകന്റെ കൈയടക്കം കൊണ്ടാണു്.
മതിനാ,ലതു ദൈവമേറ്റവും വെറുക്കുന്നു
വിശ്വാസം ലംഘിക്കുവോരടിയറ്റത്തിൽ ചെന്നു
പറ്റുന്നൂ ദുഃഖാധിക്യമവർ താനറിയുന്നു [31]
നരകത്തിൽ നിന്നു് സ്വർഗ്ഗത്തിലേക്കു് ദാന്തെ നടത്തുന്ന യാത്രയുടെ അനുയാത്രികനായി മാറിയ വിവർത്തകൻ മാനവികതയുടെ ആത്മീയവും ഭൗതികവുമായ പുതുക്കൽ പ്രക്രിയയിൽ മലയാളിയെയും പങ്കാളിയാക്കുന്നു. വിവർത്തന പ്രക്രിയ സർഗ്ഗാത്മകമായി തീരുന്നതു് ഇവിടെയാണു്. അഥവാ സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള സർഗ്ഗാത്മക വിവർത്തനം മാത്രമാണു് സാധ്യമായതു്.
ഒരു കാവ്യരൂപം വിവർത്തനം ചെയ്യാനൊരുങ്ങുമ്പോൾ ഏതു വീക്ഷണതലത്തിൽ/ഏതുതരം വായനക്കാരെ ലക്ഷ്യംവെച്ചുകൊണ്ടു് എന്നതു് മുൻകൂട്ടി തീരുമാനിക്കേണ്ടതുണ്ടു്. അതു് മൂലകൃതിയിൽ താല്പര്യമുണർത്തുകയും മറ്റു വിവർത്തനങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. ഡിവൈൻ കോമഡിക്കു് ഗദ്യവിവർത്തനമൊരുക്കിയ H. R. Huse എന്ന ഇംഗ്ലീഷ് വിവർത്തകൻ താളവും വൃത്തവും നഷ്ടപ്പെടുത്തിയതിനെ ന്യായീകരിക്കുന്നതു് ‘ഭൂരിഭാഗം ആധുനിക വായനക്കാരും ശ്രദ്ധിക്കുന്നതു് ധർമ്മോപദേശപരവും താത്വികവും ആഖ്യാനപരവുമായ അംശത്തെയാണു്’ എന്നു പരാമർശിച്ചാണു്. എങ്കിലും താനൊരുക്കിയ ഗദ്യവിവർത്തനത്തിനു് നിശ്ചിത രൂപവും താളവും നല്കാനുള്ള വിവർത്തകന്റെ ശ്രമത്തിൽ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാകുലത തന്നെയാണുള്ളതു്. [32] ഹ്യൂസിന്റെ ഇംഗ്ലീഷ് ഗദ്യപരിഭാഷയാണു് മലയാള പദ്യവിവർത്തനത്തിനു് ഏറ്റവും പ്രയോജനപ്പെട്ടതു് എന്നു് ശ്രീ. രമാകാന്തൻ എഴുതിയിട്ടുണ്ടു്. [33] തനിക്കു ലഭിച്ച ഇംഗ്ലീഷ് വിവർത്തനങ്ങളെല്ലാം [34] ഉപയോഗപ്പെടുത്തിയ വിവർത്തകൻ സങ്കീർണ്ണമായ പ്രതീകങ്ങൾക്കും ചരിത്രസൂചനകൾക്കും എഴുത്തുകാരുടെയും മതപുരോഹിതന്മാരുടെയും മറ്റും പരാമർശങ്ങൾക്കും ആവശ്യമായ ലഘുവിശദീകരണങ്ങൾ ഓരോ സർഗ്ഗത്തിലും നല്കിയാണു് മലയാള വിവർത്തനം നിർവഹിച്ചതു്. ഉത്കൃഷ്ട രചനകൾ ഒരിക്കലും ആശയം പൂർത്തിയാകാത്ത വിധത്തിൽ നിരവധി വായനകൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങുകയും വിധേയമാകുകയും ചെയ്യും. അതിൽ ഏതു് വ്യാഖ്യാനമാണു് വിവർത്തനത്തിനു് സ്വീകരിക്കേണ്ടതെന്ന തീരുമാനമാണു് വിവർത്തനത്തെ നിർണ്ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇറ്റലിയുടെ ചരിത്രം, ബൈബിൾ പരാമർശങ്ങൾ, ബിംബങ്ങളുടെ അനന്തമായ അർത്ഥസാധ്യതകൾ തുടങ്ങിയ സങ്കീർണ്ണഘടകങ്ങൾക്കു് അമിതപ്രാധാന്യം നല്കാതെ ദാന്തെ ഉയർത്തിപ്പിടിച്ച മാനവികതയ്ക്കും മനുഷ്യ മഹത്വത്തിനും ഊന്നൽ നല്കുകയാണു് ശ്രീ. രമാകാന്തൻ ചെയ്തതു്. മലയാള വിവർത്തകൻ ലക്ഷ്യമാക്കിയ വായനാ സമൂഹവും വ്യത്യസ്തമാണു്. പൊതുവെ ഡിവൈൻ കോമഡിയുടെ വായന സങ്കീർണ്ണമാണു്. പ്രതിഭാധനനായ എഴുത്തുകാരനു് വാക്കുകൾ അടയാളങ്ങൾ മാത്രമാണു്. കവിയുടെ അനുഭവങ്ങളും ആലോചനകളും സാമൂഹിക ചിഹ്നങ്ങളും അന്തർസംഘർഷങ്ങളും ഉൾക്കൊള്ളുന്ന ഈ അടയാളങ്ങൾ വിവർത്തനത്തിനു വഴങ്ങുന്നതല്ല. ഇതു് തിരിച്ചറിയുന്ന വിവർത്തകൻ മൂലകൃതിയുടെ പ്രസക്തി തിരിച്ചറിയുകയും വിവർത്തനം ലക്ഷ്യ ഭാഷയിൽ സൃഷ്ടിക്കുന്ന സാംസ്കാരിക നവീകരണ ദൗത്യത്തിനു് മുൻതൂക്കം നല്കുകയും ചെയ്യുന്നു. വിവർത്തന പ്രക്രിയയിൽ ഏറെ ദുഷ്കരമായനുഭവപ്പെടുന്ന ഡിവൈൻ കോമഡിയുടെ നാനാർത്ഥ സമ്പന്നത പൂർണ്ണമാക്കാൻ വിവർത്തകൻ ആയാസപ്പെടുന്നില്ല. ഓരോ സർഗ്ഗത്തിലും ഹ്യൂസ് നല്കിയതു പോലെ, പ്രധാന ഇമേജുകളുടെ ഒന്നിലധികം അർത്ഥങ്ങൾ നല്കിപ്പോലും വായനയിൽ തടസ്സമുണ്ടാക്കാൻ വിവർത്തകൻ തയ്യാറായില്ല. തന്റെ വിവർത്തനത്തിന്റെ രീതിശാസ്ത്രം മുൻകൂട്ടി തീരുമാനിക്കുന്ന വിവർത്തകനു് മൂലകൃതിയുടെ വിവർത്തന ക്ഷമതയെ നിയന്ത്രിക്കാൻ കഴിയും. വിവർത്തനത്തിന്റെ ആശയ വിനിമയ ക്ഷമത ബന്ധപ്പെട്ടിരിക്കുന്നതു് ഈ വീക്ഷണ ഗതിയുമായാണു്. ദാന്തെ യുടെ മധ്യകാല രീതിയെ അനുസ്മരിപ്പിക്കുന്ന ഈ പരോക്ഷ പരിഭാഷ (indirect translation) ഡിവൈൻ കോമഡിയിലെ ബാഹ്യസൂചനകൾ അഥവാ വാക്കുകളും പ്രസ്താവങ്ങളും പകർന്നു നല്കുന്ന സന്ദേശത്തെ അർത്ഥപരമായി മലയാള ഭാഷയിലേക്കു് വിനിമയം ചെയ്യുന്നുണ്ടു്. ഓരോ വിവർത്തനവും സ്രോത ഭാഷാ കൃതിയെ പുനർസൃഷ്ടിക്കുകയും അതിനു് പുനർജീവിതം നല്കുകയുമാണു് ചെയ്യുന്നതു്. മൂലകൃതിയിലേക്കുള്ള തിരിച്ചുപോക്കാണു് ഓരോ വിവർത്തനവും സാധ്യമാക്കുന്നതു്. വിവർത്തന പ്രക്രിയയുടെ വിജയം കൂടിയാണതു്.

മലയാള ഭാഷയിൽ വിവർത്തനങ്ങളും വിവർത്തകരും വർദ്ധിച്ചുവരുന്ന കാലമാണിതു്. വളരെയധികം അന്യഭാഷാ രചനകൾ പ്രസാധകരിലൂടെ മലയാളത്തിലെത്തുന്നുണ്ടു്. മലയാളത്തിലേക്കു് സാഹിത്യ സംബന്ധിയായ രചനകൾ വിവർത്തനം ചെയ്തവരുടെ പേരുകൾ ശേഖരിച്ചാൽ സ്ത്രീ നാമധേയങ്ങൾ ധാരാളം കണ്ടെത്താൻ കഴിയും. [35] അമ്പാടി ഇക്കാവമ്മ, ലീലാ സർക്കാർ, ഗീത, ആർ. കെ. ജയശ്രീ, എം. പി. സലില, ഡോ. പാർവ്വതി ജി. എയ്തൽ, റസീന കെ. കെ., റീത്ത എ., എം. ദിവ്യ, റോഷ്നി സ്വപ്ന, കെ. പി. പ്രമീള, പ്രഭാ ആർ. ചാറ്റർജി, പ്രഭാ സക്കറിയാസ്, രമാ മേനോൻ, ശ്രീലതാ നെല്ലുളി, സാജിത എം., പി. സീമ, പി. ഉഷാദേവി, അനാമിക, റിൻസി എബ്രഹാം, ശശികല ആർ. മേനോൻ, കമലാദേവി, സ്വാതി എച്ച്. പത്മനാഭൻ, പത്മാ കൃഷ്ണമൂർത്തി, ആശാലത, മഞ്ജുളമാല, രോഹിണി നായർ, മിനി മേനോൻ, ഡോ. സുധാ ബാലകൃഷ്ണൻ, ഡോ. ഫാത്തിമ ജിം, കെ. പി. സുമതി, എം. പി. ശ്രീജ, ജാനകി, സുഭദ്രാ പരമേശ്വരൻ, മുത്തുലക്ഷ്മി, ജ്യോതിബായ് പരിയാടത്തു്, ചന്ദ്രമതി, ഇന്ദുമേനോൻ, അനിത എം. പി., ഡോ. പി. കെ. രാധാമണി, എസ്. ശാരദക്കുട്ടി, മഞ്ജുളവാര്യർ, ഓമന, അഞ്ജന ശശി, സ്മിത മീനാക്ഷി, ജോളി വർഗീസ്, ജെനി ആൻഡ്രൂസ്, ബി. എം. സുഹ്റ, ശ്രീദേവി എസ്. കർത്ത, ഉഷാ നമ്പൂതിരിപ്പാട്, നിലീനാ എബ്രഹാം, ടി. ആർ. ജയശ്രീ, മ്യൂസ് മേരി ജോർജ്, ആൻസി ഈപ്പൻ, സുഭദ്രമ്മ, കൃഷ്ണവേണി, സി. കബനി, ഷീബ ഇ. കെ., എം. കെ. ഗൗരി, ശൈലജാ രവീന്ദ്രൻ, അഞ്ജനാ ശങ്കർ, എ. കാമാക്ഷിക്കുട്ടിയമ്മ, പ്രിയ എ. എസ്., സുനീത ബി., വത്സാ വർഗീസ്, ശ്രീദേവി കെ. നായർ, മിസിസ്സ് തങ്കം നായർ, രാധിക സി. നായർ, ജയശ്രീ രാമകൃഷ്ണൻ, സുധാ ഗോപാലകൃഷ്ണൻ പ്രസന്ന കെ. വർമ്മ,… ഈ പേരുകളിൽ ചിലതെല്ലാം മറ്റു് സാഹിത്യമേഖലയിൽ സുപരിചിതമാണു്. സ്ത്രീവിവർത്തകരുടെ ഈ നീണ്ടനിര നല്കുന്ന പ്രാഥമികമായ അറിവു് മാതൃഭാഷയ്ക്കപ്പുറം മറ്റൊരു ഭാഷയിൽ കൂടി ഗാഢജ്ഞാനം നേടിയ, ഭാഷാപ്രയോഗത്തിൽ അന്തർദ്ദർശനമുള്ള നിരവധി സ്ത്രീകൾ കേരളത്തിലുണ്ടു് എന്നതാണു്. ഉഭയഭാഷാ ജ്ഞാനം അഥവാ സ്രോത ഭാഷയിലും (source language) ലക്ഷ്യ ഭാഷയിലുമുള്ള (target language) അറിവാണു് വിവർത്തകർക്കു വേണ്ട അടിസ്ഥാന യോഗ്യത. സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചു് അതു് ഇരുഭാഷകളിലുമുള്ള സംസ്കാരം, ചരിത്രം, പ്രാദേശിക ഭേദങ്ങൾ, സാഹിത്യ ചരിത്രം തുടങ്ങി സൂക്ഷ്മവും വ്യത്യസ്തവുമായ നിരവധി അറിവുകൾ ചേർന്നതാണു്. ഇരുസംസ്കാരത്തിന്റെയും ഭാഷയുടെയും മധ്യസ്ഥത വഹിച്ചുകൊണ്ടു മാത്രമേ സാഹിത്യ വിവർത്തനം സാധ്യമാകൂ.

രബീന്ദ്രനാഥ ടാഗോറി നെയും ടോൾസ്റ്റോയി യെയും ഡോ. ബി. ആർ. അംബേദ്ക്കറെ യും ഹെലൻ കെല്ലറെ യും മലയാളത്തിലെത്തിച്ചവരിൽ സ്ത്രീവിവർത്തകരാണു് കൂടുതൽ. ചെക്കോവും ജലാലുദ്ദീൻ റൂമിയും ആൽബേർ കാമു വും സാർത്രും കാരെൻ ആംസ്ട്രോങും മീന കന്ദസ്വാമി യും മലയാളത്തിലെത്തിയതു് സ്ത്രീകളുടെ കൈവഴക്കത്തിലാണു്. ഗിരീഷ് കർനാഡി ന്റെ നാടകങ്ങളും ഹോമറിന്റെ ഇലിയഡും ഡി. എച്ച്. ലോറൻസി ന്റെ രചനകളും മാക്സിം ഗോർക്കി യുടെ അമ്മയും മലയാളികൾ വായിച്ചതു് സ്ത്രീ വിവർത്തകരുടെ ഭാഷാ നിപുണതയിലാണു്. ‘ഒരച്ഛൻ മകൾക്കയച്ച കത്തുക’ളും ഷേയ്ക്സ്പിയർ നാടകങ്ങളും ഷെർലക്ക് ഹോംസി ന്റെ കുറ്റാന്വേഷണകഥകളും തിരുക്കുറലും ചരക പൈതൃകവും സ്ത്രീയുടെ വിവർത്തന പാടവത്തിൽ മലയാളി വായിച്ചു. പൗലോ കൊയ്ലോ യും ഒർഹാൻ പാമുക്കും തസ്ലീമ നസ്രീനും മിലൻ കുന്ദേര യും ശിവാജി സാവന്തും ചിന്നപ്പഭാരതിയും അമൃതാ പ്രീതവും മലയാളിയുടെ അനുഭവമായതു് സ്ത്രീകളുടെ വിവർത്തന ശേഷിയിലാണു്. [36] അതുകൊണ്ടുതന്നെ മലയാള സാഹിത്യത്തിന്റെയും ഭാവുകത്വത്തിന്റെയും സർവ്വതോന്മുഖമായ വളർച്ചയ്ക്കും വികാസത്തിനും സഹായകരമായ വിവർത്തനങ്ങൾ എന്ന നിലയിൽ സാഹിത്യ ചരിത്രത്തിനും ഇവരെ കണ്ടില്ലെന്നു് നടിക്കാനാവില്ല. അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എഴുത്തുകാർ, ഡോക്ടർമാർ, പത്രപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ പ്രാമുഖ്യം നേടിയ കേരളീയ സ്ത്രീകളുടെ ചരിത്രത്തിലേക്കു് വിവർത്തകരുടെ ഈ വലിയ കൂട്ടം ഉൾപ്പെടുത്തേണ്ടതുണ്ടു്.

ഇത്രയധികം സ്ത്രീകൾ വിവർത്തനം എന്ന മേഖലയിൽ ഇടപെടുന്നതു് കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിനും അവഗണിക്കാനാവില്ല. എന്നാൽ വിവർത്തകർ ലിംഗഭേദമില്ലാതെ ലോകമെമ്പാടും നേരിടുന്ന അവഗണന മലയാളത്തിലുമുണ്ടു്. അന്യഭാഷാ രചന മലയാളികൾക്കു് പരിചയപ്പെടുത്തിയ വിവർത്തകരെന്ന നിലയിൽ സാഹിത്യ ചരിത്ര ചർച്ചകളിലോ, മറ്റു് സംവാദങ്ങളിലോ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ കാറ്റലോഗുകളിലോ പോലും കടന്നുവരുന്നില്ല. [37] അതേസമയം, സാംസ്കാരിക രംഗത്തു് ഈ വിവർത്തന ശ്രമങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഇടപെടലുകൾ നിസ്സാരമല്ല താനും. മലയാളത്തിലെ വിവർത്തന രംഗത്തു് സ്ത്രീകൾ കടന്നുവന്നതിന്റെ സാഹചര്യങ്ങളും സാധ്യതകളും സ്ത്രീ രചന എന്നനിലയിൽ വിവർത്തനങ്ങളുടെ രാഷ്ട്രീയവും അതു് സ്ത്രീ സ്വത്വനിർമ്മിതിയിൽ ഇടപെടുന്ന രീതിയും പ്രധാനമാണു്. വിവർത്തന പഠനത്തിലെ സാംസ്കാരികമായ വഴിത്തിരിവോടെ വിവർത്തകർ എന്ന വിഭാഗത്തിനു് പ്രാധാന്യം കൈവന്നു. വിവർത്തകർ എന്ന സ്വത്വത്തിനു (identity) പുറമെ സ്ത്രീകൾ എന്നു് സമൂഹം പ്രതിഷ്ഠിച്ച ആശയങ്ങളിൽ (അശക്ത, വീട്ടുകാര്യങ്ങൾ ചെയ്യേണ്ടവർ, പരാശ്രയർ തുടങ്ങി) നിന്നു ഭിന്നമായി സ്വയം ദൃശ്യരാകാൻ ഈ തൊഴിൽ സഹായിക്കുന്നു. ലോക ഭാഷകളിലെല്ലാം ഉള്ളടങ്ങിയ പുരുഷാധിപത്യ സ്വഭാവം ഇല്ലാതാക്കാനുള്ള വഴിയായും അറിഞ്ഞോ അറിയാതെയോ സ്ത്രീകളുടെ വിവർത്തന പ്രക്രിയ മാറുന്നുണ്ടു്.

വിവർത്തനം കലയും നൈപുണ്യവും എന്നതിനൊപ്പം തൊഴിലാണു് എന്നതു് അംഗീകരിക്കപ്പെട്ട വസ്തുതയാണു്. വർത്തമാനകാലത്തെ പുതിയ തൊഴിലിടങ്ങളിലൊന്നാണു് വിവർത്തനത്തിന്റേതു്. ഈ തൊഴിലിടത്തിന്റെ സ്വഭാവം സവിശേഷ പ്രാധാന്യമർഹിക്കുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന അറിവിന്റെ വിതരണത്തിൽ പങ്കാളിയാകുക എന്നതാണു് വിവർത്തകരുടെ കടമ. അങ്ങനെ ലോകമെമ്പാടും വിവർത്തനം എന്ന പുതിയ തൊഴിലും വിവർത്തകരെന്ന പുതിയ തൊഴിലാളികളും രൂപം കൊണ്ടു. ഇക്കാലത്തിനുമുമ്പും വിവർത്തനങ്ങളും വിവർത്തകരും ധാരാളമുണ്ടായിരുന്നെങ്കിലും ചരക്കിന്റെയും തൊഴിലിന്റെയും സ്വഭാവം അതിനില്ലായിരുന്നു. ആഗോള പുസ്തക പ്രസാധന രംഗത്തെ ചരക്കുവത്കരണത്തിന്റെ ഭാഗമാണു് ഇന്നു് പുറത്തിറങ്ങുന്ന വിവർത്തനങ്ങളധികവും. രാമചരിതകാരൻ, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ തുടങ്ങി നാലപ്പാടനും കിളിമാനൂർ രമാകാന്തനും വരെയുള്ളവരെപ്പോലെ താല്പര്യം തോന്നിയ രചനകൾ മാതൃഭാഷയിലേക്കോ അന്യഭാഷയിലേക്കോ മൊഴിമാറ്റുക/പുനരാവിഷ്കരിക്കുക എന്നതിനപ്പുറം—അവർക്കു് മുൻകൂട്ടി തീരുമാനിച്ചു് പ്രസാധകർക്കുവേണ്ടി ചെയ്യുന്ന ഒരു തൊഴിൽ അല്ലായിരുന്നു വിവർത്തനം—ഇന്നു് സാമ്പത്തിക പ്രവർത്തന സ്വഭാവമുള്ള ഒരു തൊഴിലാണു് വിവർത്തനം. [38] പ്രസാധകരാണു് രചയിതാവിനും വിവർത്തകർക്കും ഇടയിൽ പ്രവർത്തിക്കുന്നതു്. ആഗോളവൽക്കരണത്തിനു [39] ശേഷം വലിയ മൂലധനമാണു് ലോകമാസകലമുള്ള പുസ്തക വിതരണശൃംഖലകളിൽ വിവർത്തനങ്ങൾക്കു് വേണ്ടി നിക്ഷേപിച്ചിരിക്കുന്നതു്. അതിന്റെ ലാഭ/മൂലധനത്തിൽ പങ്കാളിയാകുകയും കണ്ണിചേരുകയുമാണു് ഇക്കാലത്തു് വിവർത്തകരുടെ ദൗത്യം. ഈ മൂലധന വിപണിയിൽ വിവിധ ഭാഷകളിലേക്കു് മൊഴിമാറ്റം നടത്താനുള്ള അധികാര പത്രങ്ങളാണു് ദിനംതോറും രൂപമെടുക്കുന്നതു്. അതിലെ ഏറ്റവും ചെറിയ തൊഴിലാണു് വിവർത്തകർ ചെയ്യുന്നതു്. ഏതു് പുസ്തകമാണു് വിവർത്തനം ചെയ്യേണ്ടതു്, വിവർത്തന പ്രക്രിയയിൽ എത്രത്തോളം സ്വാതന്ത്ര്യമെടുക്കാം, എത്ര സമയമെടുക്കാം എന്നെല്ലാം തീരുമാനിക്കുന്നതു് പ്രസാധന രംഗത്തെ ഇടപാടുകാരാണു്. ഇവിടെ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത പണത്തിനു് തീർത്തു കൊടുക്കുന്ന ഉല്പന്നമായി വിവർത്തനം മാറുന്നു. വിവർത്തനമെന്നതു് കാനേഷുമാരി നിർവചനംപോലെ ഓരോ വാക്കിനും/പേജിനും നിശ്ചിത വരുമാനമുള്ള ഒരു തൊഴിലും, വമ്പിച്ച ലാഭം ലക്ഷ്യമിടുന്ന ചരക്കും മൂലധന വിപണിയിലെ പങ്കാളിത്തവുമായി മാറുന്നു.
മനുഷ്യ വിഭവശേഷിയുടെ (human resources) [40] ഫലപ്രദമായ ഉപയോഗത്തിലൂടെയാണു് വേഗതയാർന്ന സാമൂഹിക മാറ്റങ്ങൾ ഉണ്ടാകുന്നതു്. ഓരോ സമൂഹത്തിന്റെയും ഭൗതികവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്കു് എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണു്. വ്യക്തികളുടെ ബുദ്ധിവൈഭവവും കഴിവുകളും വൈദഗ്ദ്ധ്യവും ചേർത്തുവെച്ചു് വലിയൊരു തൊഴിൽ

ശക്തിയാക്കി മാറ്റിയാണു് ഇത്തരം മനുഷ്യ മൂലധനം (human capital) സ്വരൂപിക്കുന്നതു്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ അവകാശവും തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാനുള്ള അവസരവുമുണ്ടെങ്കിൽ മാത്രമേ അതു് സാധ്യമാകൂ. ഈ സാഹചര്യത്തിൽ ആധുനിക സമൂഹത്തിലെ പുതിയസാമൂഹിക മൂല്യങ്ങളോടൊപ്പം കടന്നുവന്ന ആശയമാണു് ലിംഗസമത്വമെന്നതു് (gender equality) [41] സമൂഹത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ വികസനത്തിൽ പങ്കാളിയാകാനും അതിന്റെ ഫലമനുഭവിക്കാനും സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കും അവകാശമുണ്ടു്. തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാൻ തുല്യസാഹചര്യവും അന്തസ്സും അനുഭവ സിദ്ധമാകേണ്ടതുണ്ടു്. ഇത്തരത്തിൽ ഒരു മനുഷ്യാവകാശ (human rights) പ്രശ്നം കൂടിയാണു് ലിംഗസമത്വം. ജനാധിപത്യത്തിന്റെ മൗലിക തത്വമാണതു്. [42]

മാനവ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണു് സാർവ്വത്രിക വിദ്യാഭ്യാസം ആരംഭിച്ചതു്. ലിംഗസമത്വത്തിനു് ആക്കം കൂട്ടാനും അതു സഹായകരമായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലിംഗ സമത്വത്തെ കുറിച്ചു് അറിവു നല്കുന്ന പാഠഭാഗങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായതു് അങ്ങനെയാണു്. സാമ്പത്തിക വികസനത്തിൽ സ്ത്രീപങ്കാളിത്തം കൂടി ഉറപ്പിക്കുന്നതു് വമ്പിച്ച സാമൂഹിക പരിവർത്തനത്തിലേക്കു് നയിക്കുമെന്ന തിരിച്ചറിവു് ഇന്നു് ലോകരാഷ്ട്രങ്ങൾക്കുണ്ടു്. സുപ്രധാന/നയപരമായ തീരുമാനങ്ങളെടുക്കുന്ന പദവികൾ കൈയാളുന്ന വിദ്യാസമ്പന്നരായ സ്ത്രീകൾ ഇന്നു് വികസിത രാജ്യങ്ങളിൽ ധാരാളമുണ്ടു്. ലിംഗസമത്വത്തിനു് വിദ്യാഭ്യാസ ലബ്ധി വഹിക്കുന്ന പങ്കു് വിശദമാക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ യുനസ്കോ പോലുള്ള സംഘടനകളുടേതായിട്ടുണ്ടു്. [43] ഏതായാലും മത, ദേശ, വർഗ്ഗ, വംശ ഘടകങ്ങൾ രൂപീകരിച്ച പാരമ്പര്യ ലിംഗ പദവിയിൽ നിന്നു് ഭിന്നമായ സാമൂഹിക ഉടമ്പടിയാണു് വിദ്യാസമ്പന്നരായ സമൂഹത്തിനുള്ളിലുള്ളതെന്നു് അംഗീകരിക്കേണ്ടതുണ്ടു്. ലിംഗ പദവിയുടെ പാരമ്പര്യ ഘടകങ്ങളിൽ വിള്ളലുണ്ടാക്കാൻ വിദ്യാഭ്യാസ പ്രക്രിയയ്ക്കു് കഴിഞ്ഞു എന്നർത്ഥം. ഇങ്ങനെ സ്വകാര്യ-പൊതു മണ്ഡലങ്ങളിൽ ജനാധിപത്യ രൂപത്തിലുള്ള ഫലപ്രദവും പ്രവർത്തന നിരതവുമായ ലിംഗ സമത്വത്തിലൂന്നിയ ബന്ധം വിദ്യാഭ്യാസ പ്രക്രിയയിലൂടെ രൂപമെടുത്തെങ്കിലും പലതരത്തിലുള്ള അസന്തുലിതാവസ്ഥ ഇന്നും നിലവിലുണ്ടു്. പൊതു, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രാദേശിക, ദേശീയ തലങ്ങളിൽ സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള സ്ത്രീയുടെ ഇടപെടൽ, അതു് സാഹചര്യങ്ങളിലുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ, വിവർത്തനമെന്ന സവിശേഷവും അനൗപചാരികമെന്നു വിശേഷിപ്പിക്കാവുന്നതുമായ തൊഴിലിൽ ഏർപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങൾ തുടങ്ങിയവയുടെ അന്വേഷണം പ്രധാനമാണു്.

ഉഭയ ഭാഷാ പാണ്ഡിത്യം ആവശ്യമുള്ള തൊഴിലെന്ന നിലയിൽ വിദ്യാഭ്യാസം വിവർത്തന പ്രക്രിയയിലെ സർവ്വപ്രധാനമായ വസ്തുതയാണു്. സ്ത്രീയും വിദ്യാഭ്യാസ പ്രക്രിയയും എന്ന വിഷയം അന്വേഷിച്ചാൽ സ്ത്രീയെഴുത്തിന്റെ ചരിത്രാരംഭത്തിലേക്കു തന്നെയാണു് എത്തുക. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മേരി വൂൾസ്റ്റൻ ക്രാഫ്റ്റ് (Mary Wollstonecraft, 1759–1797) എന്ന ബ്രിട്ടീഷ് ചിന്തകയുടെ പ്രശസ്തമായ സ്ത്രീകളുടെ അവകാശങ്ങൾക്കു് വേണ്ടിയുള്ള ന്യായംനിരത്തലുകൾ (A Vindication of the Rights of Women, 1792) [44] എന്ന പുസ്തകത്തിലാണു് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വാദങ്ങൾ ലോകത്തു് ആദ്യമായി ഉയർന്നതു്. സ്ത്രീകൾ മനുഷ്യരിലുൾപ്പെട്ടതാണെന്നും ആണിനുള്ളതുപോലെ തുല്യ അവകാശങ്ങൾക്കു് അർഹരാണെന്നും അവർ വാദിച്ചു. വിദ്യാഭ്യാസം വഴി മാത്രമേ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ കഴിയൂ. അതു് രാജ്യത്തിനാവശ്യമാണു്; കാരണം അവർ മക്കൾക്കു് നല്ല വിദ്യാഭ്യാസം നല്കും; ഭർത്താക്കന്മാരോടു് സുഹൃത്തുക്കളെന്ന നിലയിൽ പെരുമാറുകയും ചെയ്യും. അറിവു് നേടുകയെന്നതു് ജന്മാവകാശമാണു്; മനസ്സിന്റെയും ശരീരത്തിന്റെയും ശക്തിയിലൂടെ മാത്രമേ മനുഷ്യനു് സന്തോഷം നിലനിർത്താനാവൂ എന്നിങ്ങനെയുള്ള വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ ന്യായങ്ങൾ അക്കാലത്തു് വളരെ വിപ്ലവകരമായിരുന്നു. നിരവധി വിമർശനങ്ങളുയർന്നുവെങ്കിലും [45] വൂൾസ്റ്റൻ ക്രാഫ്റ്റിൽ നിന്നു തുടങ്ങുന്ന സ്ത്രീചരിത്രം സമൂഹത്തിലെ മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിൽ വഹിച്ച പങ്കു് ചെറുതല്ല. അതുവരെ പരമ്പരാഗതവും അടിച്ചേല്പിക്കപ്പെട്ടതും പ്രതിഫലമില്ലാത്തതുമായ അകംതൊഴിലുകളിലേർപ്പെട്ടിരുന്നു് പൊതുമണ്ഡലത്തിൽ ‘നിഷ്ക്രിയ’രായിരുന്ന പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തെ ഉണർത്താനുള്ള ശ്രമങ്ങളാരംഭിച്ചതു് ഇതേത്തുടർന്നാണു്. വിദ്യാഭ്യാസവും ആത്മാഭിമാനവും വർദ്ധിപ്പിച്ചു് കർത്തവ്യങ്ങളെക്കുറിച്ചും സ്വന്തം കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുയർത്തി സാമൂഹിക വികസനത്തിൽ നേർപങ്കാളിത്തം ഉറപ്പാക്കുന്നതിനാണു് സ്ത്രീ സ്വാതന്ത്ര്യ വാദികൾ ശ്രമിച്ചതു്. സ്ത്രീ പഠനങ്ങളും രചനകളും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി വന്നതു് സ്ത്രീ ചരിത്രം, സാമൂഹിക പദവി, ലിംഗ പദവിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര തലങ്ങൾ, മനുഷ്യ ബന്ധങ്ങളിലെ അസമത്വങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ സഹായകരമായി.

സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള സാമൂഹിക പുരോഗതിയാണു് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇന്നു് ലക്ഷ്യമിടുന്നതു്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (International Labour Organization—ILO) കണക്കുകൾ പ്രകാരം 2004-നും 2011-നുമിടയ്ക്കുള്ള ഇന്ത്യയുടെ വളർച്ചാനിരക്കു് 7% ആണെങ്കിലും സ്ത്രീ തൊഴിൽ പങ്കാളിത്തം 35%-ൽ നിന്നു് 25% ആയി കുറയുകയാണുണ്ടായതു്. അയൽ രാജ്യമായ ബംഗ്ലാദേശിൽ 43% സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ടു്. അതേസമയം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സ്ത്രീകൾ മുന്നിലാണു് താനും. ഈ കണക്കുകളിലൊന്നും സ്ത്രീകളുടെ പകലന്തിയോളം പണിയെടുത്താലും തീരാത്ത വീട്ടകങ്ങളിലെ പരമ്പരാഗത ‘നിർബന്ധിത’ തൊഴിലുകൾ ഉൾപ്പെടുന്നില്ല. അതിനു് സാമ്പത്തികമായ അടിസ്ഥാനവുമില്ല. അതിൽ നിന്നുണ്ടാക്കുന്ന ഉല്പന്നം വില്പന സാധ്യതയുള്ള ചരക്കുമല്ല. പിതൃകേന്ദ്രിത വ്യവസ്ഥിതിയിലെ പഴകിയ ലിംഗപദവി നിയമങ്ങൾ സ്ത്രീക്കു് നൽകിയ കുടുംബത്തിലെ അകംജോലികൾ—പാചകം, വീടും പരിസരവും വൃത്തിയാക്കൽ, കുട്ടികളുടെയും മാതാപിതാക്കളുടെയും പരിപാലനം, വളർത്തുമൃഗങ്ങളുടെ പരിപാലനം, അടുക്കളക്കൃഷി തുടങ്ങി ചെയ്തുതീർക്കാനാവാത്ത അനവധി തൊഴിലുകൾ—സ്ത്രീയുടെ ഉത്തരവാദിത്തമാണു്. അവയൊന്നും ‘തൊഴിലു’കളല്ല. [46] ഇവ ചെയ്തുതീർക്കാതെ പുറംജോലിക്കു പോകുന്നതു് പിതൃകേന്ദ്രിത കുടുംബ വ്യവസ്ഥ അനുകൂലിക്കുന്നതല്ല. മുൻസൂചിപ്പിച്ച കണക്കനുസരിച്ചു് ഇന്ത്യയിലെ 60% സ്ത്രീകളും കൂലിയില്ലാത്ത അകംജോലികൾ മാത്രം ചെയ്തു് രാജ്യത്തിന്റെ ശാക്തീകരണമേഖലയ്ക്കു ‘പുറത്താ’ണു് നില്ക്കുന്നതു്. ജനസംഖ്യാ നിരക്കിൽ 48.5% വരുന്ന സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂടി ഓരോ സമൂഹവും അതിന്റെ വളർച്ചാനിരക്കിൽ ഉറപ്പു വരുത്തേണ്ടതുണ്ടു്. [47] 2010-ൽ UNDP പ്രസിദ്ധപ്പെടുത്തിയ 155 രാജ്യങ്ങളുടെ Gender Inequality Index (GII)-ൽ 130-ാമതു് മാത്രമാണു് ഇന്ത്യയുടെ സ്ഥാനം. 2014-ൽ 127, 2022-ൽ 108, 2023-ൽ 127 എന്നിങ്ങനെയാണു് സമകാലിക കണക്കുകൾ. [48]

സാർവ്വത്രിക വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം, ജനനനിരക്കു്, ശിശുപരിപാലനം തുടങ്ങിയ രംഗങ്ങളിൽ സാമൂഹിക പുരോഗതി നേടിയ ഇടമെന്ന നിലയിൽ പ്രശസ്തമാണു് കേരളം. മാനവവികസന സൂചികയിൽ വികസിത രാജ്യങ്ങളോടൊപ്പമാണു് ഇക്കാര്യങ്ങളിൽ കേരളത്തിന്റെ സ്ഥാനം. [49] വിദ്യാഭ്യാസം വഴി ഒട്ടേറെപ്പേർ സാമൂഹികപുരോഗതി നേടിയ സംസ്ഥാനമാണിതു്. അതുകൊണ്ടാണല്ലോ ഒരുകാലത്തു് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായിരുന്ന ജനത ഇന്നു് രാജ്യത്തെ ഉയർന്ന ജീവിത നിലവാരത്തിൽ എത്തി നില്ക്കുന്നതു്. വിദ്യാഭ്യാസം വഴി ലഭിച്ച അവസര സമത്വത്തിലൂടെ നേടിയെടുത്തതാണു് ഈ നേട്ടങ്ങൾ. [50] എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്റെയും രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവിന്റെയും കണക്കുകളിൽ കേരളത്തിന്റെ നില തുച്ഛമാണു്. സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ (Female work participation rate—FWPR) 1991-ലെ കാനേഷുമാരി അനുസരിച്ചു് ഇന്ത്യയിൽ സ്ത്രീപങ്കാളിത്തം ഏറ്റവും കുറഞ്ഞ ഇടം കേരളമാണു്. [51] ‘കാനേഷുമാരി കണക്കുകൾ സൂചിപ്പിക്കുന്നതു് 1991-ൽ 15.9% ആയിരുന്ന സ്ത്രീപങ്കാളിത്തം 2001-ൽ 15.3% ആയി കുറഞ്ഞിരിക്കുന്നു എന്നാണു്. [52] 2021-22-ൽ കേരളത്തിൽ 25.6 ശതമാനവും ഇന്ത്യയിൽ 37 ശതമാനവുമാണു്. വികസിത രാജ്യങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ അന്തരം വളരെ ഉയർന്നതാണു്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വികസിത രാജ്യങ്ങളിൽ 15-നും 64-നുമിടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനം ഏറ്റവും കുറവു് ഇറ്റലിയും (45%) കൂടുതൽ ഡെൻമാർക്കുമാണു് (72%). [53] 2011 കാനേഷുമാരിയിൽ തൊഴിൽ പങ്കാളിത്ത തോതിൽ (Labour Participation Rate (LPR)) കേരളത്തിന്റെ സ്ഥിതി അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ടു്; 24.8%. പുരുഷന്മാരുടേതു് 57.8% വും. 1995–2015 കാലയളവിൽ ലോകമാസകലമുള്ള സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കു് 52.4%ൽ നിന്നും 49.6% ആയി കുറയുകയാണു് ചെയ്തതു്. പുരുഷന്മാരുടേതു് 79.9%ൽ നിന്നും 76.1% ആയും. ലിംഗപരമായ വിടവു് 27% ആണു്. 2030 ആകുമ്പോഴേക്കും തൊഴിലവസരങ്ങളുടെ തുല്യത എന്ന വലിയ ലക്ഷ്യമാണു് ഐക്യരാഷ്ട്ര സഭ ലക്ഷ്യം വെയ്ക്കുന്നതു്. [54]
ലിംഗപദവി, വിദ്യാഭ്യാസം, മാനവവിഭവ ശേഷി തുടങ്ങിയവയെക്കുറിച്ചുള്ള ചിന്തകൾ ഇത്തരത്തിൽ സങ്കീർണ്ണവും പരസ്പര ബന്ധിതവുമായി നിലനില്ക്കെയാണു് കേരളത്തിൽ വിവർത്തനം എന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളും തൊഴിൽ സാഹചര്യവും വിശകലനം ചെയ്യുന്നതു്. [55] അതു് കേരളീയസ്ത്രീയുടെ തൊഴിൽപങ്കാളിത്തത്തിന്റെ പരിസരവും വിവർത്തനമെന്ന തൊഴിലിന്റെ സവിശേഷ സ്വഭാവവും സ്ത്രീ വിവർത്തനത്തിന്റെ സർഗ്ഗ, സൈദ്ധാന്തിക പ്രവർത്തനങ്ങളും തിരിച്ചറിയാൻ സഹായിക്കും. ഇരുഭാഷകളിലുമുള്ള അറിവും സാഹിത്യ സംബന്ധിയായ അന്തർജ്ഞാനവും ഉള്ളതിനാൽ താനേറെ ഇഷ്ടപ്പെടുന്ന ഒരു സർഗ്ഗാത്മക രചന വിവർത്തനം ചെയ്തു് മാതൃഭാഷയ്ക്കു് നല്കാം എന്ന വിചാരം കൊണ്ടോ തനിക്കു മാത്രമേ ഇതു് വിവർത്തനം ചെയ്യാനാകൂ എന്ന ഉൾവിളികൊണ്ടോ അല്ല മുൻസൂചിപ്പിച്ച നൂറോളം വരുന്ന സ്ത്രീ വിവർത്തകരിൽ വലിയൊരു വിഭാഗം വിവർത്തന പ്രക്രിയയിലേർപ്പെട്ടതു്. 1990-കൾക്കു് ശേഷം അതു് ആഗോളീകരണത്തിന്റെയും ആഗോള പുസ്തക വിപണിയുടെയും മുതലാളിത്ത സ്വഭാവത്തിന്റെ ഫലമായി രൂപംകൊണ്ട പുസ്തക പ്രസാധന രംഗത്തെ ചരക്കുവല്ക്കരണത്തിന്റെയും ഉല്പന്നങ്ങളാണു് എന്നു പറയേണ്ടിവരും. കമ്പോളത്തിന്റെ ആവശ്യത്തിനനുസരിച്ചു് വിവർത്തകർ ഓരോ ഭാഷയിലും ആവശ്യമായി വന്നതാണു് ഭാഷാ പാണ്ഡിത്യമുള്ള സ്ത്രീകളെ തേടി അവസരങ്ങൾ വന്നതിനുള്ള പ്രധാനകാരണം. ഈ കൃതി വിവർത്തനം ചെയ്യാൻ ചുമതലപ്പെടുത്തിയതു് ആരു്? ആരാണു് പ്രതിഫലം നല്കുന്നതു? സ്രോത ഭാഷാ രചനയുടെ കർത്താവു് ആരാണു്? ചുമതലപ്പെടുത്തിയതും സൃഷ്ടികർത്താവും ഒരാളാണോ? ആരുമായിട്ടാണു് വിവർത്തകരുടെ ഇടപാടു് എന്നതനുസരിച്ചാണു് ആരോടാണു് ഉത്തരവാദിത്തം എന്നതു് തീരുമാനിക്കാൻ സാധിക്കുക. അതായതു്, മുന്നസ്തിത്വമുള്ള (pre-exit) ലക്ഷ്യങ്ങളാണു് വിവർത്തനങ്ങളെ നിയന്ത്രിക്കുന്നതു്. വിവർത്തകർ മറ്റൊരാൾക്കുവേണ്ടി ജോലിചെയ്യാൻ അധികാരപത്രം കൈയിലുള്ളയാൾ (commissioned translator) മാത്രമാണു്. മറ്റൊരാളുടെ പ്രേരണയിൽ വേറൊരാളുടെ പാഠം വിവർത്തനം ചെയ്യുന്നതാണു് ഇത്തരം വിവർത്തനങ്ങൾ. [56] ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയ വിവർത്തനങ്ങളുടെയും അവ തയ്യാറാക്കിയ വിവർത്തകരുടെയും കണക്കെടുത്താൽ ഇതു് വ്യക്തമാകും. വിവർത്തന പ്രക്രിയയിൽ എത്രത്തോളം സ്വാതന്ത്ര്യമെടുക്കാം, എത്ര സമയമെടുക്കാം എന്നൊക്കെയുള്ള തീരുമാനങ്ങളുണ്ടാകുന്നതു് വിവർത്തകരും ഇടപാടുകാരും തമ്മിലാണു്. എഴുതിയതു് സമൂഹത്തിലെത്തിക്കുക എന്നതു് എഴുത്തുകാരുടെയും പ്രാഥമികമായ ആവശ്യമാണു്. പ്രസാധകർ നേരിട്ടേല്പിക്കുമ്പോൾ അച്ചടി ഒരു പ്രശ്നമല്ല. വിശ്വസിച്ചേല്പിച്ച ജോലിയ്ക്കു് തക്ക പ്രതിഫലവും ലഭിക്കും.

ഈ തൊഴിലിൽ ഏർപ്പെടുന്നവർ ആരാണു്? ഉഭയ ഭാഷാ പാണ്ഡിത്യം, വിഷയ ഗ്രാഹ്യത, പുനഃസൃഷ്ടിക്കുള്ള കഴിവു് എന്നിവയാണു് അതിനു വേണ്ട അടിസ്ഥാന യോഗ്യത. അതായതു് ഉന്നത വിദ്യാഭ്യാസം നേടിയവരാണു് ഇതിനു പരിഗണിക്കപ്പെടുന്നതു്. സാഹിത്യ വിവർത്തനങ്ങളെ മാത്രം പഠന വിധേയമാക്കിയാൽ തൊഴിലാളിക്കു് സർഗ്ഗാത്മകമായ പുനഃസൃഷ്ടിക്കുള്ള കഴിവുകൂടി വേണം. ഈ യോഗ്യതകളെല്ലാം തികഞ്ഞ നിരവധി വിവർത്തകർ കേരളത്തിലെ പ്രസാധന ശാലകളുമായി ചേർന്നു് ജോലി ചെയ്യുന്നുണ്ടു്. അക്കൂട്ടത്തിൽ ധാരാളം സ്ത്രീ നാമധേയങ്ങൾ രണ്ടായിരത്തിനുശേഷം മലയാളത്തിലിറങ്ങിയ വിവർത്തന പുസ്തകങ്ങൾ പരിശോധിച്ചാൽ കണ്ടെത്താൻ കഴിയും. എന്തുകൊണ്ടാണു് സ്ത്രീകൾ കൂടുതലായി വിവർത്തനം എന്ന തൊഴിലിലേക്കു് കടന്നുവരുന്നതു്? കമ്മീഷൻ ചെയ്തെത്തുന്ന വിവർത്തനങ്ങളുടെ കാലത്തു് അറിവും കഴിവും പാണ്ഡിത്യവുമുള്ളവരെ പ്രസാധകർ തെരഞ്ഞെടുക്കുകയാണു് ചെയ്യുന്നതു്. ഈ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ കടന്നുകൂടാനുള്ള പ്രാഥമികകാരണം കേരളത്തിൽ സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലായതിനു ശേഷം ലിംഗപദവി ഭേദമില്ലാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം രൂപമെടുത്തതാണു്. വിദ്യാഭ്യാസത്തിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താമെന്ന കേരളീയരുടെ പൊതുബോധം, ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ വിവർത്തനം എന്ന തൊഴിലിൽ സ്ത്രീകൾക്കു് പ്രാധാന്യം ലഭിക്കാൻ കാരണമായി.

2015–16ൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന കേരളത്തിലെ പെൺകുട്ടികൾ 72.61% ആണു്. കേരള പഠനം കണ്ടെത്തിയ കണക്കിലും ബിരുദ-ബിരുദാനന്തര യോഗ്യതകൾ നേടിയവരിൽ സ്ത്രീകളാണു് കൂടുതൽ (ബിരുദം–സ്ത്രീകൾ 9.1%, പുരുഷന്മാർ 8.9%, ബിരുദാനന്തരബിരുദം–സ്ത്രീകൾ 2.1%, പുരുഷന്മാർ 1.7%.) [57] മാത്രവുമല്ല, സെൻസസ് രേഖപ്പെടുത്തുന്നതനുസരിച്ചു് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ ഏറ്റവുമധികം സ്ത്രീകൾ സേവന മേഖലയിലാണു് തൊഴിൽ ചെയ്യുന്നതു്. ഡോക്ടർ (25%), കോളേജ്/ഹയർ സെക്കന്ററി അധ്യാപകർ (39.4%), സ്കൂൾ ടീച്ചർ (66.9%), ഓഫീസ് ഗുമസ്തർ (31.5%), മറ്റു് അധ്യാപകർ (53.1%), പാരലൽ കോളേജ് അധ്യാപകർ (60%), അങ്കൺ വാടി/നഴ്സറി ടീച്ചർ (100%), നഴ്സറി സഹായി (100%). [58] ഇതിൽ അധ്യാപകരുടേതിനു തുല്യമായ ശേഷിയാണു് (ഭാഷാപ്രയോഗം) വിവർത്തനമെന്ന തൊഴിലിന്റെയും നിലനില്പു്. അതുകൊണ്ടു്, അധ്യാപന ജോലി പോലെ ലിംഗസമത്വമുള്ള ഇടമാണു് വിവർത്തന രംഗവും എന്നു് പ്രാഥമിക നിഗമനത്തിൽ എത്താം. (കൃത്യമായ കണക്കെടുപ്പു് നടന്നിട്ടില്ലെങ്കിലും വിവർത്തന മേഖലയിൽ ഇന്നു് പകുതിയിലധികവും സ്ത്രീകളാണു് പ്രവർത്തിക്കുന്നതു്.) വിവർത്തന രംഗത്തെ ലിംഗസമത്വം പിതൃകേന്ദ്രിത വ്യവസ്ഥയെ പൊളിച്ചെടുത്തു് നേടിയെടുത്തതല്ലെന്നതു് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടു്. പിതൃകേന്ദ്രിത വ്യവസ്ഥ സ്ത്രീകൾക്കായി അംഗീകരിച്ച/മാറ്റിവെച്ച ‘സുരക്ഷിത’മായ തൊഴിലുകളാണു് അധ്യാപനവും മറ്റും. നഴ്സിങ് പോലുള്ള ആതുര ശുശ്രൂഷാ ജോലികളും സ്ത്രീക്കാണു് ചേരുക. വീട്ടുജോലി, അലക്കു് തുടങ്ങി ചില തൊഴിലുകൾ സ്ത്രീകളുടേതു മാത്രമാണു്. വീട്ടുജോലിയിൽ പ്രധാന ഇനമാണു് രോഗീശുശ്രൂഷ. നിലവിലുള്ള വ്യവസ്ഥയുടെ അംഗീകാരത്തോടും സമ്മതത്തോടും എല്ലാവിധ വിധേയത്വത്തോടുമാണു് സ്ത്രീകൾ ഇത്തരം തൊഴിലുകളിൽ പങ്കാളിയാകുന്നതു്. വിവർത്തന രംഗവും ഇതിൽനിന്നും വ്യത്യസ്തമല്ല.

സവിശേഷമായ ഒരു തൊഴിലാണു് വിവർത്തകർ ചെയ്യുന്നതു്. അതിനു് പ്രത്യേക തൊഴിലിടങ്ങൾ ആവശ്യമില്ല. സമയത്തിന്റെ പരിധികളില്ല. എവിടെയിരുന്നു വേണമെങ്കിലും ആ ജോലി ചെയ്യാം, വീട്ടിലിരുന്നോ യാത്രചെയ്യുമ്പോഴോ പ്രത്യേക മുറിയിൽ മേശപ്പുറത്തുവെച്ചോ മടിയിൽവെച്ചോ അതു് ചെയ്യാം; കടലാസിലോ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ മൂലകൃതി അന്യഭാഷയിലേക്കു് പകർത്താം. അതിനെ കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടത്താനും പ്രത്യേക സമയമോ സന്ദർഭമോ പരിസരമോ ആവശ്യമില്ല. ഓരോരുത്തർക്കും ഇഷ്ടമുള്ള ഇടത്തുവെച്ച് (അടുക്കളയുമാകാം!), ഇഷ്ടമുള്ള സമയത്തു്. നിശ്ചിത സമയത്തിനുള്ളിൽ അതു് പൂർത്തിയാക്കണം എന്നു മാത്രം. മറ്റു ജോലിയോടൊപ്പമോ ഒരു ഹോബി പോലെയോ വിവർത്തനം ചെയ്യാം. ഇത്തരത്തിൽ സവിശേഷവും അനൗപചാരികവുമായ തൊഴിലാണു് വിവർത്തനമെന്നതു്.

പിതൃമേധാവിത്ത സമൂഹത്തിൽ സ്ത്രീയുടെ തൊഴിലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അലിഖിതമായ സാംസ്കാരിക നിയമങ്ങളിൽ ഈ തൊഴിലിടം തടസ്സമായി നില്ക്കുന്നതേയില്ല. ഭാര്യയും അമ്മയും മകളുമായ സ്ത്രീ പുറംജോലിക്കു പോകുന്നതു് ഇന്ത്യൻ സംസ്കാരത്തിൽ പല കുടംബത്തിന്റെയും അഭിമാന പ്രശ്നമാണു്. കുടുംബത്തിനുള്ളിൽ നിരവധി ജോലികളിൽ സ്ത്രീകൾ വ്യാപൃതരാണു്. ഭാര്യ, അമ്മ, മകൾ എന്നീ മൂന്നുത്തരവാദിത്തങ്ങളിൽ ചെയ്തുതീർക്കാൻ നിരവധി കടമകൾ അഥവാ തൊഴിലുകൾ കുടുംബത്തിനുള്ളിൽ തന്നെയുണ്ടു്. മാതാപിതാക്കളുടെയും ഭർത്താവിന്റെയും ശുശ്രൂഷ, കുഞ്ഞുങ്ങളുടെ പരിപാലനം, ഭക്ഷണം തുടങ്ങി കൃഷിയും മൃഗപരിപാലനവും വരെ അതിൽ ഉൾപ്പെടുന്നു. മുമ്പുസൂചിപ്പിച്ചതുപോലെ വേതനമില്ലാത്ത തൊഴിലുകൾ. സമൂഹത്തിന്റെ അടിസ്ഥാനമായി കരുതുന്ന കുടുംബത്തിലെ ഇത്തരം ജോലികളുടെ വിതരണത്തിലെ ലിംഗപരമായ അസമത്വമാണു് സ്ത്രീയുടെ തൊഴിൽ പങ്കാളിത്ത സൂചിക താഴാനുള്ള പ്രധാന കാരണമായതു്. വികസിത രാജ്യങ്ങളിൽ ഇതു് മറികടക്കുന്നതിനു് സ്ത്രീകൾ സമയബന്ധിത ജോലികളിൽ (പാർടു് ടൈം ജോലികൾ) ഏർപ്പെട്ടു് തൊഴിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഉദ്യോഗസ്ഥരായ സ്ത്രീകളിൽ മൂന്നിലൊന്നു പേരുടെ തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറിൽ താഴെ മാത്രമാണു്. [59] വിവർത്തനവുമായി ബന്ധപ്പെട്ട സമയ ക്രമവും ഇത്തരത്തിൽ പരിധികളില്ലാത്ത, അയവുള്ള ഒന്നാണു്. അതുകൊണ്ടു കൂടിയാവാം ഇത്രയധികം സ്ത്രീകൾ ഈ രംഗത്തേക്കു് കടന്നുവരാനിടയായതു്. 18നും-60നും ഇടയ്ക്കു് പ്രായമുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണു് പൊതുവെ സർവെകളിൽ നടത്താറു്. പതിനെട്ടു വയസ്സിൽ വിവാഹം കഴിയുന്ന പെൺകുട്ടിക്കു് മക്കൾ പക്വതയിലെത്തുംവരെ അഥവാ നാല്പതു വയസ്സുവരെയെങ്കിലും പ്രാരാബ്ധങ്ങളുടെ കാലമാണു്. വിവാഹം താമസിക്കുന്തോറും പ്രാരാബ്ധകാലവും ദീർഘിക്കുന്നു. മക്കളുടെ പരിപാലനത്തിനായി ജോലി വേണ്ടെന്നുവെയ്ക്കുന്ന സ്ത്രീകളുടെ എണ്ണം വളരെക്കൂടുതലാണു്. [60] മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തവും സ്ത്രീകൾക്കാണു്.
വിവർത്തന രംഗത്തിലേക്കു് വരുന്ന ഓരോരുത്തർക്കും ഈ തൊഴിൽ ഏറ്റെടുക്കുന്നതിനു പിന്നിൽ ഓരോ കാരണവും ലക്ഷ്യവുമാണുള്ളതു്. കേരളീയരിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച പതിനഞ്ചോളം റഷ്യൻ, ജർമ്മൻ നോവലുകൾ മലയാളത്തിലേക്കു് വിവർത്തനം ചെയ്ത സുഭദ്രാ പരമേശ്വരന്റെ (1920–1967) അനുഭവം നോക്കുക:
സാമ്പത്തിക വൈഷമ്യം പിടിമുറുക്കിയതോടെ റഷ്യൻ നോവലുകൾ മലയാളത്തിലേക്കു് അമ്മ വിവർത്തനം ചെയ്യാൻ തുടങ്ങി. റഷ്യൻ സാഹിത്യ കൃതികൾ മലയാളത്തിലേക്കു് വിവർത്തനം ചെയ്താൽ സോവിയറ്റു് എംബസി ധനസഹായം നല്കുമായിരുന്നു. [61]
സ്വന്തം വിഭവശേഷിയുടെ വിനിയോഗത്തിനായി സ്ത്രീ നടത്തുന്ന നിശ്ശബ്ദ വിപ്ലവമായാണു് വിവർത്തനം പോലുള്ള തൊഴിൽ രംഗത്തെ കാണേണ്ടതു്. ഗർഭകാലമെന്നോ വയസ്സുകാലമെന്നോ ഭേദമില്ലാതെ ആവേശപൂർവ്വം ആ വിപ്ലവത്തിൽ ഓരോരുത്തരും പങ്കാളിയാകുന്നതാണു് മലയാളത്തിലെ സമകാലിക വിവർത്തന രംഗത്തു് കാണാൻ കഴിയുന്നതു്. വിവർത്തനം പോലെ പാർട് ടൈം തൊഴിലുകളാണെങ്കിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നു എന്നതാണു് സ്ത്രീയ്ക്കു് ലഭിക്കുന്ന ആഹ്ലാദം. ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേക്കും തിരിച്ചും നിരവധി വിവർത്തനങ്ങൾ നടത്തിയ എം. കെ. ഗൗരി എഴുതുന്നതു പോലെ, “മറ്റു് ചിന്തകളൊന്നും അലട്ടാനനുവദിക്കാതെ ലോകത്തിന്റെ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കോണുകളിലേക്കു്, അനുഭൂതികളിലേക്കു്, കൂട്ടിക്കൊണ്ടുപോകുന്ന വിവർത്തന പ്രക്രിയയിൽ അഭിരമിക്കുകയാണു്” [62] സ്ത്രീ വിവർത്തകർ ചെയ്യുന്നതു്. ഏതെങ്കിലും തൊഴിലിൽ പങ്കാളിയാകാനുള്ള സ്ത്രീയുടെ കനത്ത ആഗ്രഹത്തിന്റെ പ്രതികരണങ്ങളായി ഇവയെ കാണാവുന്നതാണു്. കുടുംബത്തിലെ നിരന്തരമായ, ആവർത്തന വിരസമായ, നിർബന്ധിത സേവനം പോലെ ചെയ്യുന്ന ജോലികളിൽ നിന്നു് ഒരു മാറ്റം ഏതു് സ്ത്രീയാണു് ആഗ്രഹിക്കാത്തതു്? (ആറുമാസത്തെ താല്കാലിക ജോലി ലഭിച്ചു് സർക്കാരാഫീസുകളിലെത്തുന്ന വീട്ടമ്മമാരുടെ ആഹ്ലാദം ശ്രദ്ധിച്ചാൽ ഇതു് മനസ്സിലാക്കാൻ സാധിക്കും). വിവർത്തന പ്രക്രിയയുടെ സ്വത്വാവിഷ്കരണ സ്വഭാവവും തൊഴിലെന്ന നിലയിൽ ലഭിക്കുന്ന സംതൃപ്തിയും തിരിച്ചറിയുമ്പോഴാണു് ഒരാൾ തന്റെ പ്രവർത്തന മണ്ഡലമായി അതിനെ മാറ്റുന്നതു്. സ്ത്രീകൾക്കെല്ലാം ഈ ഇച്ഛാശക്തിയാണാവശ്യം. വ്യവസ്ഥയുടെ നിയന്ത്രണങ്ങൾക്കിടയിലും ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാനുള്ള വ്യക്തിയുടെ അവകാശമാണിതു്.
പൗലോ കൊയ്ലോയുടെ കൃതികൾ വിവർത്തനം ചെയ്തു് മലയാളത്തിൽ ശ്രദ്ധേയയായ വിവർത്തക രമാ മേനോൻ കുടുംബത്തിന്റെയും മക്കളുടെയും അധ്യാപന ജോലിയുടെയും ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു് മകന്റെ പ്രേരണയാലാണു് ആൽക്കെമിസ്റ്റു് മലയാള വിവർത്തനം ചെയ്തതു്. [63] ഉദ്യോഗവും മക്കളുടെ പരിപാലനവും കൊണ്ടു് അമ്മയുടെ കഴിവു് തിരിച്ചറിയുന്ന സന്ദർഭങ്ങൾ വേറെയുമുണ്ടു്. മകന്റെ നിർബന്ധം കൊണ്ടാണു് ആദ്യവിവർത്തന ശ്രമമായ ഐതിഹ്യമാല (കൊട്ടാരത്തിൽ ശങ്കുണ്ണി) ഇംഗ്ലീഷിലേക്കാക്കിയതെന്നു് കഥാകാരി കൂടിയായ ശ്രീകുമാരി രാമചന്ദ്രനും എഴുതുന്നു. [64]
ജോലി ലഭിച്ച ഇടവുമായി ബന്ധപ്പെട്ട സുരക്ഷിത പ്രശ്നങ്ങളാണു് സ്ത്രീയെ തൊഴിലിൽ നിന്നു് അകറ്റി നിർത്തുന്ന മറ്റൊരു ഘടകം. ഇരുട്ടും മുമ്പെ വീട്ടിലെത്തണം തുടങ്ങി നിരവധി യാഥാർത്ഥ്യങ്ങൾ സ്ത്രീ നേരിടുന്നു. നിർഭയ, സൗമ്യ തുടങ്ങിയ അനുഭവങ്ങൾ ഭയജനകം തന്നെ. തൊഴിൽ ചെയ്തു് സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിൽ പങ്കാളിയാകാൻ സ്ത്രീക്കു് തടസ്സം നില്ക്കുന്ന ഘടകങ്ങളാണിവയെല്ലാം. ഈ തടസ്സങ്ങൾ മറികടക്കാനുതകുന്ന തൊഴിലിടമാണു് വിവർത്തനത്തിന്റേതു്. സ്ത്രീ സൗഹൃദപരമായ ഇത്തരം തൊഴിലിടങ്ങൾ കോവിഡ് കാലത്തു് രൂപപ്പെട്ടിട്ടുണ്ടു്. സോഫ്റ്റ്വെയർ മേഖലയിലെ തൊഴിലുകൾ അതു് ഇപ്പോഴും തുടരുന്നതായും കാണുന്നു. എന്നാൽ പിതൃമേധാവിത്വ ഘടനയിലെ ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിച്ചുകൊണ്ടു് ചെയ്യുന്ന ഈ ഇരട്ട ജോലിഭാരത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുന്നുണ്ടു്. റിട്ടയർ ചെയ്തതിനു ശേഷം വിവർത്തന രംഗത്തെത്തിയവരും മലയാളത്തിലെ സ്ത്രീ വിവർത്തകരിലുണ്ടു് (ഉദാ. രമാമേനോൻ). വിശ്രമമില്ലാതെ തൊഴിൽചെയ്തു ശീലിച്ച സ്ത്രീകൾ തനിക്കിഷ്ടപ്പെട്ട, തന്റെ അധ്വാനം ചരിത്രം മാനിക്കുമെന്നു് ഉറപ്പുള്ള രംഗം തിരിച്ചറിഞ്ഞതാണു് കാരണം. മാത്രവുമല്ല, സർഗ്ഗപ്രക്രിയയുടെ ഹരം ഒരിക്കൽ അനുഭവിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും അതിനായി ആഗ്രഹിച്ചുകൊണ്ടേയിരിക്കും.
തൊഴിലിന്റെയും തൊഴിലിടത്തിന്റെയും അനൗപചാരികത, പ്രസിദ്ധീകരണത്തിലൂടെ ലഭിക്കുന്ന അംഗീകാരം, സാമ്പത്തികലബ്ധി തുടങ്ങി വിവർത്തനരംഗത്തു് ഇന്നു് നിലനില്ക്കുന്ന സാഹചര്യങ്ങളാണു് വിദ്യാസമ്പന്നരായ സ്ത്രീവിവർത്തകർ പ്രയോജനപ്പെടുത്തുന്നതു്. അവരുടെ പ്രയത്ന ശീലവുമായി ചേർത്തുവേണം ഇതു് കാണേണ്ടതു്. അതിനിടയിലെവിടെയും പിതൃകേന്ദ്രിത വ്യവസ്ഥ നിഷ്കർഷിക്കുന്ന കടമകളൊന്നും മാറ്റിവെയ്ക്കുന്നില്ല, മറക്കുന്നുമില്ല. പ്രശസ്ത നോവലെഴുത്തുകാരി കൂടിയായ ബി. എം. സുഹ്റ വിവർത്തനത്തിലേക്കു് കടന്നുവന്നതു് വിവരിക്കുന്നതു് നോക്കുക:
‘സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നതു് ചെറുപ്പത്തിലേയുള്ള സ്വപ്നമായിരുന്നു. എന്റെ വീട്ടിൽ മുമ്പു് സ്ത്രീകളാരും തന്നെ കോളേജിൽ പോയി പഠിക്കുന്നതോ ജോലിക്കു പോകുന്നതോ ഞാൻ കണ്ടിട്ടില്ല. എന്നിട്ടും പഠിച്ചു് സ്വന്തം കാലിൽ നില്ക്കണമെന്ന ഒരാശ എന്റെ ഉള്ളിൽ നാമ്പിട്ടു. തലതിരിഞ്ഞ ആലോചനയാണെന്നു പറഞ്ഞു് എന്റെ ഉമ്മ അതു് ചെറുപ്പത്തിലേ നുള്ളിക്കളയാൻ കഠിനമായി ശ്രമിച്ചു. പതിനെട്ടാം വയസ്സിൽ പഠനം പൂർത്തിയാക്കാതെ വിവാഹിതയാകുന്നതുവരെ ഞാനെന്റെ മോഹം ഉള്ളിൽ കൊണ്ടുനടന്നു. വിവാഹിതയായി കുടുംബ പ്രാരാബ്ധം തലയിലായതോടെ എന്റെ സ്വപ്നവും പൊലിഞ്ഞു. എന്റെ രണ്ടു മക്കളെ വളർത്തുന്നതിൽ മാത്രമായി പിന്നീടെന്റെ ശ്രദ്ധ. അവർ മുതിർന്നു് പഠിക്കാനും ജോലിക്കുമൊക്കെയായി വീടുവിട്ടപ്പോൾ ഏകാന്തത വല്ലാതെ അലട്ടി. അതിൽ നിന്നൊരു മോചനത്തിനായി വീണ്ടും വായന ശീലമാക്കി. സമയം പോക്കാൻ മാത്രമായിട്ടാണു് ആദ്യകാലത്തു് എനിക്കിഷ്ടപ്പെട്ട ചില കഥകൾ ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേക്കു് വിവർത്തനം ചെയ്തു് തുടങ്ങിയതു്.’ [65]
സ്ത്രീയുടെ കടമകളെക്കുറിച്ചു സമൂഹം പുലർത്തുന്ന സ്റ്റീരിയോ ടൈപ്പ് ചിന്തകളോടു് സ്ത്രീയുടെ ആഗ്രഹങ്ങളും കഴിവുകളും സംഘർഷത്തിലാകുന്നതു് ഇവിടെ വ്യക്തമാണു്. ഇത്തരത്തിൽ വൈയക്തിക തലത്തിൽ നിരാശയും പ്രവർത്തന രാഹിത്യവും അനുഭവിക്കുന്നവരാണു് സ്ത്രീകളിൽ ഭൂരിഭാഗവും. ആ അലട്ടലിൽ നിന്നാണു് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന നിലയിലേക്കു് സ്ത്രീ എത്തിപ്പെടുന്നതു്. പുതുതലമുറയിലെ കവി കൂടിയായ ജെനി ആൻഡ്രൂസിന്റെ സാഹചര്യം നോക്കുക:
“പത്രപ്രവർത്തനത്തിന്റെ മണ്ഡലത്തിൽ ആവേശത്തോടെ പ്രവേശിച്ചുവെങ്കിലും വൈകാതെതന്നെ നീണ്ട അവധിയിൽ അവിടം വിട്ടു് വീണ്ടും എട്ടുവർഷത്തോളം വായനയോ എഴുത്തോ ഒട്ടുമില്ലാതെ നില്ക്കെയാണു് വിവർത്തനമെന്ന സാധ്യത മുന്നിലെത്തിയതു്. കുഞ്ഞുങ്ങളുടെയും വീടിന്റെയും കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടു് വീട്ടിലിരുന്നുതന്നെ ചെയ്യാനൊക്കുന്ന ജോലി. ഗാന്ധിജി ചർക്കയിൽ നൂൽനൂറ്റിരുന്നപോലെ, മഠങ്ങളിൽ കന്യസ്ത്രീകൾ പൂക്കൾ തുന്നുംപോലെ, അൾത്താര വസ്തുക്കളൊരുക്കും പോലെ, നിത്യവും ഞാൻ തുടർന്നു പോരുന്ന സാധനയായിരിക്കുന്നു അതു്. നിർബന്ധിത സ്വഭാവമില്ലാതെ അയവുള്ള നേരങ്ങൾ നോക്കി ചെയ്യാനൊക്കുന്ന കർമ്മം.” [66]
എഴുത്തു് എന്ന വിഭവശേഷി സ്ത്രീ സാമൂഹികോന്നമനത്തിനായി ഉപയോഗിക്കുന്നതിനു പിന്നിലനുഭവിക്കുന്ന പരാധീനതകളാണു് ഈ വിവരണങ്ങളിലുള്ളതു്. ഇഷ്ടപ്പെട്ട തൊഴിലിനോടു്, അതു് തരുന്ന സന്തുഷ്ടിയോടുള്ള മനോഭാവം കൂടി ഇവിടെ വ്യക്തമാണു്. ഇഷ്ടപ്പെട്ട ജോലി ചെയ്യാനായി വ്യവസ്ഥയ്ക്കുള്ളിൽ നിന്നുതന്നെ സമയം കണ്ടെത്താൻ കഴിഞ്ഞവരാണു് സ്ത്രീ വിവർത്തകരെല്ലാം. ആത്മാഭിമാനത്തോടെ ജോലിചെയ്യുന്ന ഇവർ ജീവിത വിജയം നേടിയ സ്ത്രീകളെന്ന നിലയിൽ എല്ലാവർക്കും മാതൃകയാകേണ്ടവരാണു്. അവരുടെ ജീവിതചര്യയിലെ ചില അനുഭവങ്ങൾ നോക്കുക:
കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വീടു്. അമ്മ സദാ വീട്ടിൽ തന്നെയുണ്ടെങ്കിലും കടലാസുകൾക്കിടയിൽ പൂഴ്‌ന്നങ്ങനെ ഇരിക്കുന്നതു് അവർക്കു് മടുപ്പിക്കുന്ന കാഴ്ചയാകാതിരിക്കുവാൻ കഴിവതും ശ്രദ്ധിച്ചു. അവർ സ്കൂളുകളിലേക്കു് പോകുന്ന നേരം മാത്രം വിവർത്തനത്തിനു നീക്കിവെച്ചു. എങ്കിലും കുഞ്ഞുങ്ങളും അവരുടെ അപ്പായും മടങ്ങിയെത്തുന്ന വൈകുന്നേരത്തും മനസ്സ് വാക്കുകളുടേയും വാക്യങ്ങളുടേയും ചേർച്ച നോക്കലിൽ നിന്നു് പിരിയാൻ മടിച്ചു നിന്നിട്ടുള്ള നേരങ്ങളും പലപ്പോഴുമുണ്ടാകാറുണ്ടു്. ഒരു കനത്ത കുഴയൽ. മനസ്സിനെ വേഗം അതിൽനിന്നു് പിടിവിടുവിച്ചു് വീണ്ടും ഞാൻ പരിചരണപ്പാതയിലേക്ക്. [67]
തൊഴിലിനും കുടുംബ ജീവിതത്തിനും ഇടയ്ക്കുള്ള നേർത്ത അതിർത്തികളിലെ കയറ്റിറക്കങ്ങൾ. സ്ത്രീ ഏതു തൊഴിലും ചെയ്യുന്നതു് ഇത്തരം സംഘർഷങ്ങളിൽ നിന്നുകൊണ്ടാണു്. കടമകളും ഉത്തരവാദിത്തങ്ങളും സദാ അലട്ടിക്കൊണ്ടിരിക്കും. ഇരുഭാഗവും—തൊഴിലും കുടുംബാന്തരീക്ഷവും—സമതുലിതമാകേണ്ടതുണ്ടു്. ലിംഗസമത്വത്തിലൂടെയാണതു് സാധ്യമാക്കേണ്ടതു്. ഭാര്യയുടെയും അമ്മയുടെയും കടമകൾ നിർവഹിച്ചുകൊണ്ടുതന്നെ ഒഴിവുസമയങ്ങൾ ഫലഭരിതമാക്കാൻ പ്രയത്നിച്ചു് തന്റേതായൊരു ചരിത്രം സൃഷ്ടിക്കാനാണു് വിവർത്തന രംഗത്തെ സ്ത്രീ ശ്രമിക്കുന്നതു്. ടോണി മോറിസന്റെ നോവലും മറ്റും മലയാളത്തിലെത്തിച്ച പ്രഭാ സക്കറിയാസ് എഴുതുന്നതു് അർത്ഥപുഷ്ടമായ ഗർഭകാലത്തെ കുറിച്ചാണു്.
ഈ പുസ്തകം വിവർത്തനം ചെയ്ത കാലത്തു് ഞാനും എന്റേതായ ഒരു തടവറയിലായിരുന്നു. മാസം തികയാതെ പ്രസവിക്കാതിരിക്കാനായി ഏഴാംമാസം മുതൽ കട്ടിലിന്റെ കാൽഭാഗം ഉയർത്തിവെച്ചു് അക്ഷരാർത്ഥത്തിൽ തലകീഴായി കിടന്ന ഒരു മൂന്നു മാസകാലത്താണു് ഈ വിവർത്തനത്തിന്റെ ഏറിയ പങ്കും നടന്നതു്. [68] ’
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റേതായ ഇടം കണ്ടെത്താൻ സ്ത്രീ ശ്രമിക്കുന്നതിന്റെ അടയാളങ്ങളായി വേണം ഈ തുറന്നെഴുത്തുകളെ കാണേണ്ടതു്. ജീവിതത്തിന്റെ സ്വാഭാവികതകളെ അതായി കാണുകയും സ്വജീവിത വിജയത്തിനു വേണ്ടി ഓരോ നിമിഷവും പ്രയത്നിക്കുന്ന വ്യക്തിസത്തയായി സ്ത്രീ ഇവിടെ വളരുകയും ചെയ്യുന്നു. ഇങ്ങനെ വിവർത്തന പ്രക്രിയയിൽ പങ്കാളിയാകുന്ന സ്ത്രീവിവർത്തകരുടെ തികച്ചും വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങൾ സ്ത്രീ വിവർത്തനത്തിന്റെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു.
ലിംഗഭേദത്തിലൂന്നിയുള്ള സ്ത്രീ പഠനങ്ങളിൽ ഈ സാഹചര്യങ്ങൾ ഏറെ പ്രധാനമാണു്. അതുപോലെയാണു് വിവർത്തന പ്രക്രിയയ്ക്കു് ആവശ്യമായ സമയം ജീവിതത്തിൽ നിന്നു് മാറ്റിവെയ്ക്കുക എന്നതും. ഏറ്റവുമടുത്ത സമമൂല്യപദം പ്രയോജനപ്പെടുത്താനുള്ള സാവകാശം വിവർത്തനത്തിനു് ലഭിക്കണം. അതിനുള്ള സമയം വ്യക്തി ജീവിതത്തിൽ ബാക്കി വെയ്ക്കേണ്ടതു് സ്ത്രീ വിവർത്തകരുടെ ആവശ്യമായി വരുന്നു. പ്രസാധകരുടെ സമയം പാലിക്കാൻ ഗവൺമെന്റു ജോലി ഉപേക്ഷിച്ചാലോ എന്നാലോചിക്കുന്നവരും ജോലിയിൽ നിന്നു് വിരമിച്ചതിനു ശേഷം സജീവ വിവർത്തകരായവരും സ്ത്രീ വിവർത്തരുടെ കൂട്ടത്തിലുണ്ടു്. അവർക്കു് രേഖപ്പെടാതെ പോകുന്ന സ്വജീവിതത്തെക്കാൾ വിലമതിക്കുന്നതാണു് വിവർത്തനം എന്ന സാഹിതീയ പ്രക്രിയ.
മുൻനിര പ്രസാധന ശാലകൾ വിവർത്തനം ചെയ്യാനായി തെരഞ്ഞെടുക്കുക എന്നതു് ഒരു വ്യക്തിയുടെ കഴിവിനും അറിവിനും ലഭിക്കുന്ന ബഹുമതിയായാണു് കാണേണ്ടതു്. ‘ഇതൊന്നു് വിവർത്തനം ചെയ്തു് തരുമോ’ എന്നതാണു് വിവർത്തകർക്കു് ലഭിക്കുന്ന ആദ്യ അഭ്യർത്ഥന. വിവർത്തനത്തിനു വേണ്ട പാണ്ഡിത്യവും അറിവും കഴിവും നേടിയ ഒരു കൂട്ടം സ്ത്രീകളെ തേടി ഈ അഭ്യർത്ഥന എത്തുന്നു എന്നതാണു് ഇവിടെ പ്രധാനം. അറിവിന്റെയും കഴിവിന്റെയും ഈ രംഗത്തു് പുരുഷനു തുല്യമായി സ്ത്രീ പ്രവർത്തിക്കുന്നു/പരിഗണിക്കുന്നു എന്നതു് ലിംഗപദവിയിലെ സമത്വത്തിലേക്കു വിരൽ ചൂണ്ടുന്നുണ്ടു്. പക്ഷപാതമില്ലാത്തതും സമതുലിതവുമായ ഒരു പൊതുമണ്ഡലത്തിലാണു് സ്വതന്ത്രമായ ചിന്തകളും പ്രവർത്തനങ്ങളും ഇടപെടലുകളും സാധ്യമാകുന്നതു്. (പ്രസാധകരുടെ മുന്നിൽ ചിലവുകുറഞ്ഞ വിവർത്തകരായി മാറുന്നുണ്ടോ എന്നതു് സൂക്ഷിക്കേണ്ട സംഗതിയാണു്).
കാലങ്ങൾ നീണ്ടുനില്ക്കുന്ന വായനക്കാരിലേക്കാണു് ഓരോ പുസ്തകവും പിറന്നുവീഴുന്നതു്. സാഹിത്യ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം സ്രോത പാഠത്തിന്റെ ഉദ്ദേശ്യം, പ്രയോജനം, ലക്ഷ്യം എന്നിവ അറിയുന്നതു് മൂലഗ്രന്ഥത്തോടും ലക്ഷ്യ ഭാഷാ വായനക്കാരോടുമുള്ള ഉത്തരവാദിത്തം നിറവേറ്റാൻ വിവർത്തകരെ സഹായിക്കും. നിരവധി കോപ്പികൾ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ കമ്മീഷൻ വ്യവസ്ഥയിലെത്തുന്ന വിവർത്തനങ്ങൾ ലക്ഷ്യപാഠത്തിന്റെ ഉല്പാദനവും വിതരണവും ഉറപ്പുവരുത്തുന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെയും വിവര സാങ്കേതിക വിദ്യയുടെയും വളർച്ച അറിവിന്റെയും സർഗ്ഗ പ്രവർത്തനങ്ങളുടെയും ഉല്പാദന-വിതരണ ക്രമങ്ങളിൽ മാറ്റം വരുത്തിയതു് വിവർത്തന രംഗത്തും പ്രകടമാണു്. [69] വിവർത്തനം തുടങ്ങുന്നതിനു മുമ്പുതന്നെ ഇവിടെ വായനക്കാരെ ഉറപ്പുവരുത്തുന്നുണ്ടു്. സ്രോത പാഠത്തിനു പുറത്തുള്ള വായനക്കാരെയാണു് ഓരോ വിവർത്തന പാഠവും സംബോധന ചെയ്യുന്നതു്. നോബൽ പ്രൈസ് പോലുള്ള അംഗീകാരത്തിന്റെയോ വിവാദങ്ങളുടെയോ ചരിത്ര പരാമർശങ്ങളുടെയോ ബോധപൂർവ്വമുണ്ടാക്കുന്ന പ്രചാരണത്തിന്റെയോ പിൻബലത്തിലാണു് വർത്തമാന കാലത്തു് വിവർത്തന ഗ്രന്ഥം വായനക്കാരിലെത്തിക്കുന്നതു്. അതിനിടയിൽ സ്ത്രീ വിവർത്തകരുടെ ഭാഷാ നിപുണത മധ്യസ്ഥം വഹിക്കുന്നു എന്നേയുള്ളൂ.
വിവർത്തനം ചെയ്യുന്നതു് സ്ത്രീയാകുമ്പോൾ വിവർത്തന പ്രക്രിയയെന്നതു് വെറും ഭാഷാവ്യാപാരമല്ല; അതായതു്, സ്രോത ഭാഷയിൽ നിന്നു് ലക്ഷ്യ ഭാഷയിലേക്കുള്ള അപഗ്രഥന ഉത്ഗ്രഥനങ്ങൾ മാത്രമല്ല അതു്. ആത്മീയവും ഭൗതികവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ പ്രതിസന്ധികളും മറി കടക്കാനുതകുന്ന പ്രക്രിയയാണെന്നു് വിവർത്തകരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ‘ഫലത്തെക്കാൾ കർമ്മത്തെ സ്നേഹിക്കാനിടയാകുന്ന കർമ്മം’ എന്നു് വിശേഷിപ്പിക്കുന്ന ജെനി ആൻഡ്രൂസ് ആ ആത്മീയ പ്രക്രിയ വിവരിക്കാൻ ശ്രമിക്കുന്നതു് ഇങ്ങനെയാണു്:
പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ എന്നോടിണങ്ങി, ഇഷ്ടം കൂടി, ചിലപ്പോൾ അവർ വിമുഖതയോടെ ദീർഘനേരം പിടി തരാതെ നിന്നു, എന്നെ തിരുത്തി. ചിലപ്പോൾ പരകായ പ്രവേശം നടത്തി എന്നിലേക്കവർ കുടിയേറി. മനോഹരമായ അനുഭവം. ഗ്രന്ഥകാരനോടൊപ്പം, ഗ്രന്ഥകാരിക്കൊപ്പം ആഴങ്ങളിലേക്കാണ്ടിറങ്ങുവാൻ, അവർ സഞ്ചരിച്ച വഴികളിലൂടെ ചുറ്റിത്തിരിയുവാൻ പരിഭാഷ അവസരം തന്നു. ഹൃദയവും മനസ്സും പരിസരങ്ങളെ വിട്ടു് അവർക്കൊപ്പം അലയുകയും, വീണ്ടും പരിസരങ്ങളിലേക്കു തിരിച്ചെത്തുകയും ചെയ്തു. ഫലത്തിൽ പരിഭാഷ എനിക്കു് ഒരു ആത്മീയ സാധനയാണു് [70]

ജീവിതത്തിലെ തകർച്ചകളിൽ നിന്നു കരകേറാനുള്ള ഔഷധമായി ഈ സർഗ്ഗപ്രക്രിയ അനുഭവിച്ചവരുമുണ്ടു്.
ഏറെ താമസിയാതെ ജീവിതത്തിന്റെ വഴികൾ എന്നെ സംബന്ധിച്ചിടത്തോളം ദുർഘടവും സങ്കീർണ്ണവും ആവുകയും നീണ്ട വർഷങ്ങൾ പുസ്തകങ്ങളിൽ നിന്നും അകലം പാലിച്ചു ജീവിക്കേണ്ടി വരികയും ചെയ്തു. പിന്നീടു് ഞാനതിൽ നിന്നൊക്കെ പുറത്തുകടന്നു. ഒറ്റപ്പെട്ടുപോയ ജീവിതാവസ്ഥയിൽ അക്ഷരങ്ങളാണു് എനിക്കു കൂട്ടായതും എന്നെ ആശ്വസിപ്പിച്ചതും. ഇസഡോറാ ഡങ്കന്റെ ‘മൈ ലൈഫ് ’ എനിക്കു് ജീവിക്കാനുള്ള ഊർജ്ജം പകർന്നു. [71]
എന്നു് കൃഷ്ണവേണിയും
വ്യക്തി ജീവിതത്തിന്റെ തകർച്ചകളിൽ നിന്നു കരകയറാനുഴറിയ എന്നെ റൂമി കണ്ടെത്തുകയായിരുന്നു. റൂമിയുടെ ഭാവഗീതങ്ങൾ എന്റെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളായിരുന്നു എന്റെ മൊഴിമാറ്റം. വിവർത്തനം ഒരു കാവ്യസപര്യയല്ല, ആയുധമെടുത്തുള്ള പോരാട്ടമാണു്. [72]
എന്നു് ഡോ. ഐറിസും എഴുതിയതു് അതിനാലാണു്. ഇഷ്ടത്തോടെ ചെയ്യുന്ന ഏതു കർമ്മവും ഫലപ്രദമായ ഒരു ദിവ്യൗഷധം തന്നെ. വിഭവശേഷി സ്വയം തിരിച്ചറിഞ്ഞു് പ്രയോഗിക്കാനവസരം കിട്ടിയ സ്ത്രീ താനേറെ ഇഷ്ടപ്പെടുന്നതു ചെയ്യാനായി സ്ഥിരജോലി വേണ്ടെന്നുവെയ്ക്കാൻ കൂടി ധൈര്യപ്പെട്ടു. സുനീത ബാലകൃഷ്ണൻ, ഗൗരി എം. കെ. എന്നീ വിവർത്തകർ ഉദാഹരണമാണു്. അതേസമയം ഇഷ്ടപ്പെടുന്ന ഈ തൊഴിൽ മറ്റു ജോലിക്കൊപ്പം കൊണ്ടുപോകാൻ ശ്രമിക്കുന്നവരാണു് സ്ത്രീ വിവർത്തകരിലേറെയും. പിതൃകേന്ദ്രിത വ്യവസ്ഥയുടെ അദൃശ്യ അലിഖിത നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകൾ വിവർത്തനം എന്ന തൊഴിലിടം നിലനിർത്തുന്നു; വിവർത്തകരെന്ന ദൃശ്യത നേടുന്നു.
സർഗ്ഗാത്മക സൃഷ്ടികളുടെ ദുർബലവും തരംതാണതുമായ പാഠഭേദം എന്ന പദവിയാണു് ചരിത്രത്തിലുടനീളം വിവർത്തനത്തിനു ലഭിച്ചിട്ടുള്ളതെങ്കിലും സ്ത്രീകൾ ആദ്യകാലം മുതലേ ഇതിനെ ശക്തമായ ആത്മപ്രകാശന മാർഗ്ഗമായി തിരഞ്ഞെടുത്തതായി കാണാം. അക്ഷര ലോകത്തേക്കുള്ള കിളിവാതിലായും സമകാലിക ബൗദ്ധിക, രാഷ്ട്രീയ രംഗത്തേക്കു് സംഭാവന നല്കാനുള്ള വഴിയായും വിവർത്തനം സ്ത്രീകളെ സഹായിച്ചിട്ടുണ്ടു്. [73] എന്ന സമകാലിക വിവർത്തകയായ സി. കബനിയുടെ നിരീക്ഷണം പ്രധാനമാണു്.
സത്യത്തിനും കെട്ടുകഥകൾക്കും ഇടയ്ക്കുനിർത്തി സ്ത്രീയുടെ സർഗ്ഗാത്മക രചനകൾക്കു മേൽ പിതൃകേന്ദ്രിത വ്യവസ്ഥയുടെ ചോദ്യങ്ങളുയർന്നപ്പോഴും [74] വിപ്ലവകരമായ ആശയങ്ങൾ വിനിമയം ചെയ്യുന്ന വിവർത്തനങ്ങൾ മൂല ഗ്രന്ഥകർത്താവിന്റെ നിഴലിലായതിനാൽ പരിധിക്കപ്പുറമുള്ള കുറ്റപ്പെടുത്തലുകൾ അവിടെ എത്തിയില്ല. ഈ സാഹചര്യങ്ങൾ കൂടി സ്ത്രീവിവർത്തകർക്കു് അവരുടെ തൊഴിൽ തുടരുന്നതിനു് സഹായകരമായിട്ടുണ്ടു്. നിലവിലുള്ള സാമൂഹിക വ്യവസ്ഥയിൽ വിള്ളലുകളുണ്ടാക്കാൻ ശ്രമിക്കുമ്പോഴൊക്കെ അതിനുള്ള എതിർപ്പുകളും രൂപപ്പെടുക സ്വാഭാവികമാണു്. സ്ത്രീജീവിതാനുഭവങ്ങൾ സാംസ്കാരിക പ്രതിനിധാനങ്ങളാക്കി മാറിയപ്പോഴെല്ലാം എതിർപ്പുകളും രൂപപ്പെട്ടിട്ടുണ്ടു്. സ്ത്രീ എഴുതുന്നതിലെ ‘ഞാൻ’ എന്ന പ്രഥമ പുരുഷ ആഖ്യാതാവു് പിതൃകേന്ദ്രിത വ്യവസ്ഥ ഉറ്റുനോക്കുന്ന ഒന്നാണു്. ആ ഒളിഞ്ഞു നോട്ടങ്ങളിൽ നിന്നും ചുഴിഞ്ഞു നോട്ടങ്ങളിൽ നിന്നും വിവർത്തനം സുരക്ഷിതമാണു്.

വിവർത്തക എന്ന സ്വത്വപ്രതിനിധാനത്തിൽ ‘ഞാൻ’ വേണ്ടാ എന്നതു് സ്ത്രീ വിവർത്തകർ ആഘോഷമാക്കി മാറ്റി. സ്ത്രീയുടെ സ്വതന്ത്ര രചനകൾ സത്യത്തിനും കെട്ടുകഥയ്ക്കും ഇടയിൽ നിർത്തി പിതൃകേന്ദ്രിത അധികാരം ചോദ്യം ചെയ്യുന്നതു് ഇവിടെയില്ല. സ്ത്രീ എന്ന വിവർത്തക മറ്റൊരാളുടെ നിഴലിലാണല്ലോ നില്ക്കുന്നതു്! വിവർത്തനത്തിൽ ഒരാളുടെ സ്വത്വത്തിന്റെ ഭാഗമായ ഒന്നിൽ നിന്നു് മറ്റൊരാൾ ഉല്പാദനം നടത്തുകയാണു് ചെയ്യുന്നതു്. [75] സ്ത്രീ ജീവിതാനുഭവവും പ്രതിനിധാനവും തമ്മിൽ വേർതിരിവുണ്ടെന്ന ധാരണ സൃഷ്ടിക്കാൻ സ്ത്രീ നടത്തുന്ന വിവർത്തനങ്ങൾക്കു് കഴിയുന്നുണ്ടു്. അതേസമയം വിവർത്തനങ്ങളിലൂടെ പുതിയ പ്രതിനിധാന/പ്രകടന രൂപങ്ങൾ തേടുകയാണു് സ്ത്രീ ചെയ്യുന്നതു്. സ്വയം പുനർനിർണ്ണയിക്കുകയും പുനർനിർവ്വചിക്കുകയും ചെയ്യുന്നതും സ്ത്രീ-പുരുഷഭേദമില്ലാത്തതുമായ പുതിയ പ്രകടന രൂപങ്ങളിലൊന്നാണു് വിവർത്തനവും. സർഗ്ഗപ്രക്രിയയുടെയും പ്രതിനിധാനത്തിന്റെയും ഇത്തരം പുതുരൂപങ്ങൾ പരോക്ഷമായി സ്ത്രീസമൂഹത്തെ ശാക്തീകരിക്കുകയും സ്ത്രീപക്ഷ രാഷ്ട്രീയം ത്വരിതപ്പെടുത്തുകയുമാണു് ചെയ്യുന്നതു്.
പഠിച്ചും അനുഭവിച്ചും സ്വായത്തമാക്കിയ ഭാഷ പ്രയോഗിക്കാനവസരം ലഭിച്ചതിന്റെ ആഹ്ലാദം, വാക്കുകൾക്കു മറുഭാഷ കണ്ടെത്താൻ ലഭിക്കുന്ന സർവ്വസ്വാതന്ത്ര്യം, അനന്തമായ പ്രശ്നപരിഹാര പ്രക്രിയ, ആശയ പൂർണ്ണതയ്ക്കു വേണ്ടിയുള്ള നിരന്തര ശ്രമം, ഒടുവിൽ പൂർത്തിയാകുമ്പോൾ, അതു് പ്രസിദ്ധീകരിക്കുമ്പോഴൊക്കെയുള്ള ആത്മാഭിമാനം, സാമ്പത്തികമായ സ്വാശ്രയത്വം തുടങ്ങി പലതും ഒരു വിവർത്തനം പൂർത്തിയാക്കിയാലും വീണ്ടും വീണ്ടും ഈ തൊഴിലിലേക്കുതന്നെ മടങ്ങാൻ പ്രേരണ നല്കുന്ന ഘടകങ്ങളാണു്. അതുകൊണ്ടുതന്നെ ജീവിതത്തിൽ നിന്നു് വിവർത്തകയെന്ന സ്വത്വത്തിന്റെ നിലനിൽപിനു് ആവശ്യമായ സമയം അവർ കണ്ടെത്തുന്നു. രമാമേനോൻ തന്റെ അനുഭവക്കുറിപ്പിൽ പറയുന്നതു് നോക്കുക:
സാധാരണ ഒരു വീട്ടമ്മയുടെ വളരെ സാധാരണമായ ലോകം, അനുഭവങ്ങൾ. എന്നാൽ വിവർത്തനത്തിൽ ചെന്നുപെട്ടതോടെ… എന്റെ ലോകം വിശാലമായി… അതിനു തക്കവണ്ണം കാഴ്ചകൾ വളർന്നു. ഏതെല്ലാം തരത്തിലുള്ള പുസ്തകങ്ങൾ, പ്രമേയങ്ങൾ, ഭാഷാശൈലികൾ… ഓരോ പുസ്തകവും ഓരോ പ്രവാഹമായി… അതിലൂടെ എന്റെ മനസ്സും സ്വച്ഛന്ദം തുഴഞ്ഞുനീങ്ങി. [76]

ഒരു ഭാഷയിൽ നിന്നു് മറ്റൊന്നിലേക്കു മാറ്റുന്ന ജാലവിദ്യയിൽ രസിക്കുന്നതു കൊണ്ടാണു് വിവർത്തന ശ്രമങ്ങൾ തുടരുന്നതെന്നാണു് കെ. ജി. ശങ്കരപിള്ള, സേതു, സി. വി. രാമൻപിള്ള തുടങ്ങിയവരുടെ രചനകൾ ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്ത പ്രേമ ജയകുമാർ അഭിപ്രായപ്പെടുന്നതു്. [77] ഏതായാലും മലയാളത്തിൽ ഇന്നു് മറ്റു് സർഗ്ഗാത്മകമേഖലകളിൽ കഥ, കവിത, നോവൽ, നാടകം തുടങ്ങിയവയിലെ എഴുത്തുകാരുടെ എണ്ണത്തിൽ നിന്നു് വളരെ മുന്നിലാണു് സ്ത്രീവിവർത്തകർ എന്നു് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. പ്രസാധകരുടെ കൂടി പിന്തുണയിൽ വിവർത്തന രംഗത്തു് ഇത്രയധികം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ അതു് അറിവിന്റെയും കഴിവിന്റെയും അംഗീകാരം കൂടിയാണു്. ഭാഷാപാണ്ഡിത്യം അഥവാ ഭാഷാ പ്രയോഗത്തിന്റെ സർഗ്ഗാത്മക ശേഷിയിൽ തുല്യപദവി നേടാൻ കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകൾക്കു് കഴിഞ്ഞു എന്നർത്ഥം.
സ്ത്രീപക്ഷ രചനകളോടും അവയുടെ വിവർത്തനങ്ങളോടും പുലർത്തുന്ന നിലപാടുകളും വിവർത്തനത്തിനെടുക്കുന്ന രചനകളും ശ്രദ്ധിച്ചാൽ ഇവർ പുലർത്തുന്ന സ്ത്രീപക്ഷ മനോഭാവം വ്യക്തമാകും.
സ്ത്രീകൾ എഴുതിയതോ അവരോടു് തെളിഞ്ഞ മനസ്സോടെ അനുഭാവമുള്ളവർ എഴുതിയതോ ആയ പുസ്തകങ്ങൾ ഞാൻ സന്തോഷത്തോടെ വിവർത്തനത്തിനായി തിരഞ്ഞെടുത്തു. ഇതു് ഞാൻ എന്നോടുതന്നെ പുലർത്തു സത്യത്തിന്റെ ഭാഗമാണു്. [78]

തലമുതിർന്ന വിവർത്തകയായ വാസന്തി ശങ്കരനാരായണന്റെ വാക്കുകൾ അതു് തെളിയിക്കുന്നുമുണ്ടു്. ഇത്രയധികം സ്ത്രീകൾ വിവർത്തനരംഗത്തു് കടന്നുവരുമ്പോൾ സമൂഹത്തിലെ സ്ത്രീ സ്വത്വഘടനയിൽ പല പരിവർത്തനങ്ങളും സംഭവിക്കുന്നുണ്ടു്. പ്രാഥമികമായി ദേശം, വർഗ്ഗം, ലിംഗം എന്നിവ നിർമ്മിക്കുന്ന സ്വത്വത്തിൽ എഴുത്തുപോലുള്ള പ്രതിനിധാന പ്രക്രിയകൾക്കു് ചില കൂട്ടിച്ചേർക്കലുകൾ നടത്താൻ കഴിയും. ഒരു പുസ്തകമെഴുതുക എന്നതു് വ്യക്തിയുടെ അകംപുറം സ്വത്വത്തിൽ വലിയ പരിവർത്തനങ്ങളാണുണ്ടാക്കുന്നതു്. മറ്റുള്ളവരാൽ തിരിച്ചറിയപ്പെടുന്നതാണു് ഓരോ വ്യക്തിയുടെയും സ്വത്വം. ഒരു സാംസ്കാരിക ബൗദ്ധിക പ്രവർത്തനമെന്ന നിലയിൽ സാമൂഹികാംഗീകാരമുള്ള വിവർത്തക എന്നു് സമൂഹം തിരിച്ചറിയുന്നതു് പ്രധാനമാണു്. മകൾ, ഭാര്യ, അമ്മ, അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥ തുടങ്ങി നിലവിലുള്ള സ്വത്വത്തിൽ സ്ത്രീ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന ഒരു കൂട്ടിച്ചേർക്കലാണതു്. വ്യക്തിയുടെ അസ്തിത്വ നിർണ്ണയത്തിലും ഇതു് പ്രധാനപ്പെട്ടതാണു്. ആത്മീയവും ഭൗതികവുമായ പല സാമൂഹിക പ്രതിസന്ധികളും മറികടക്കാൻ ഈ പുതിയ മേൽവിലാസം സ്ത്രീയ്ക്കു് സഹായകമാകുന്നുണ്ടു്. അതുകൊണ്ടു്, വിവർത്തന പ്രക്രിയയിൽ സ്ത്രീ ഉപയോഗിക്കന്ന ഭാഷാ നൈപുണി എന്നതു് സ്ത്രീ എഴുത്തിന്റെ മറ്റൊരു രൂപം തന്നെയാണു്. സ്വതന്ത്ര രചന നേരിടുന്ന പ്രസാധനത്തിന്റെ വെല്ലുവിളികളൊന്നുമില്ലാതെ സമൂഹത്തിൽ സ്വയം അടയാളപ്പെടുത്താൻ വിവർത്തനം സ്ത്രീ എഴുത്തുകാരെ സഹായിക്കുന്നു. സ്വജീവിതം വിവർത്തന പ്രക്രിയയിൽ രേഖപ്പെടുന്നുണ്ടു് എന്ന തിരിച്ചറിവാണു് വിവർത്തനത്തിനു വേണ്ട സമയം ജീവിതത്തിൽ ബാക്കിവെയ്ക്കുന്നതിനു് വിദ്യാസമ്പന്നരായ സ്ത്രീകൾക്കു പ്രേരണയാകുന്നതു്.

ഇത്തരത്തിൽ, ഒരു പിതൃകേന്ദ്രിത സമൂഹത്തിൽ സ്ത്രീയ്ക്കു് നിലവിലുള്ളതിൽ നിന്നു് ഭിന്നമായി പുതിയ മേൽവിലാസം സൃഷ്ടിക്കുന്ന എല്ലാ പ്രതിനിധാനങ്ങളും ഒരുതരം രാഷ്ട്രീയ പ്രക്രിയ തന്നെയാണു്. ഒരു പ്രവർത്തനത്തിൽ പുരുഷന്റെ സ്ഥാനത്തു് സ്ത്രീയെ പരിഗണിക്കുന്നു എന്നതു മുതൽ വിവർത്തനത്തിൽ സൃഷ്ടിക്കുന്നതും പുനർസൃഷ്ടിക്കുന്നതുമായ എല്ലാ ഭാഷാപ്രയോഗങ്ങളും ജീവിതാനുഭവങ്ങളും സാമൂഹികാനുഭവങ്ങളും രാഷ്ട്രീയമെന്ന നിലയിൽ പ്രവർത്തിക്കുന്നു. സ്ത്രീരചനകളാൽ സമ്പന്നമാണു് സമകാലിക മലയാള സാഹിത്യം. സ്വതന്ത്ര സ്ത്രീ രചനകളിലുള്ള സൂക്ഷ്മ രാഷ്ട്രീയം സ്ത്രീ വിവർത്തനത്തിലും വിവർത്തന ദൗത്യമേറ്റെടുക്കുന്നതിലും കണ്ടെത്താനാവും. ജയശ്രീ മിശ്രയുടെ രചനകൾ പ്രിയ എ. എസും (ജന്മാന്തര വാഗ്ദാനങ്ങൾ), സാജിതയും (രഹസ്യങ്ങളും നുണകളും), സുനീതയും (റാണി), ജോളി വർഗീസും (ശേഷം), അരുന്ധതി റോയി യുടെ നോവൽ പ്രിയ എ. എസും (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ), കെ. ആർ. മീര യുടെ ആരാച്ചാർ ജെ. ദേവിക യും (Hang Woman), അനിതാ നായരുടെ ഇദ്രിസ് സ്മിത മീനാക്ഷിയും, മറവിയുടെ പാഠങ്ങൾ ജോളിവർഗീസും, ബെറ്റർമാൻ പ്രമീളാദേവി യും, സരോജിനീ സാഹു വിന്റെ പെണ്ണകം പ്രമീള കെ. പി.യും, അമൃതാ പ്രീതത്തി ന്റെ റവന്യൂ സ്റ്റാമ്പ് കൃഷ്ണവേണിയും, മീന കന്ദസ്വാമി യുടെ സ്പർശം വി. എസ്. ബിന്ദു വും, ഊരും പേരും ഇല്ലാത്തവർ കെ. പി. പ്രമീളയും, മഹാശ്വതാദേവിയുടെ മുകുന്ദന്റെ താളിയോലകൾ ലീലാസർക്കാരും, തമിഴ് പെൺകഥകൾ പി. ഉഷാദേവിയും, വിവർത്തനം ചെയ്യുമ്പോൾ വിവർത്തനം പൂർണ്ണമായും സ്ത്രീപക്ഷമാകുന്നു. ഒരു സ്ത്രീ അഥവാ സ്ത്രീപക്ഷവിവർത്തനം തന്നെയാവണം എന്ന നിർബന്ധത്തോടെ ബോധപൂർവ്വം നടക്കുന്ന തിരഞ്ഞെടുപ്പു് ഇവയിൽ ചിലതിനെങ്കിലും ഉണ്ടു്. അതു് സ്ത്രീയനുഭവങ്ങളുടെ ഭാഷാന്തരീകരണത്തിൽ അർത്ഥവ്യത്യാസം വരാൻ പാടില്ല എന്ന ‘വിശ്വസ്തത’യാണു് ലക്ഷ്യം വെയ്ക്കുന്നതു്. സ്ത്രീയുടെ രചനകൾ സ്ത്രീതന്നെ വിവർത്തനം ചെയ്യണമെന്നതു് സ്ത്രീപക്ഷവിവർത്തന(Feminist Translation)ത്തിന്റെ അജണ്ടയാണു്. [79] സ്ത്രീരചനകളുടെ വിവർത്തനത്തിൽ ഇത്രയധികം സ്ത്രീകൾ ഇടപെടുമ്പോൾ സ്ത്രീവിവർത്തന പ്രക്രിയ ബോധപൂർവ്വമായ രാഷ്ട്രീയഇടപെടലായി മാറുന്നു. പ്രതിനിധാനപ്രക്രിയകളിൽ വളരെ സൂക്ഷ്മമായി ഇടപെടുന്ന മലയാളത്തിലെ സ്ത്രീഎഴുത്തുകാരാണു് ഈ നിശബ്ദവിപ്ലവത്തിനു പുറകിൽ പ്രവർത്തിക്കുന്നതു് എന്നതും ശ്രദ്ധേയമാണു്.

വിവർത്തകരുടെ പേരു് വളരെ ചെറിയ ഫോണ്ടിലും ജീവചരിത്രക്കുറിപ്പു് രണ്ടോ മൂന്നോ വരികളിലും ഒതുക്കുകയാണു് വിവർത്തന പുസ്തകങ്ങളിലെ പൊതുരീതി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി വിവർത്തനം തുടങ്ങിയ മിസിസ്സ് സുഭദ്രാ പരമേശ്വരൻ (1920–1967) [80] കേരള സർവകലാശാല മലയാള വിഭാഗം ലൈബ്രറിയിൽ നിന്നു ലഭിച്ച ചെന്നായ്ക്കൾക്കിടയിൽ [81] എന്ന വിവർത്തന നോവലിന്റെ രണ്ടാം പതിപ്പു് വിവർത്തന പുസ്തകങ്ങളുടെ പൊതുവായ രൂപകല്പനയിൽ നിന്നും വേറിട്ടുനില്ക്കുന്നു. വിവർത്തകയുടെ പേരു് നോവലിന്റെ പേരിനോടൊപ്പം വലിയ അക്ഷരത്തിൽ പുറം പേജിൽ തന്നെ നല്കി. സ്വന്തം പ്രസ് എന്ന ആനുകൂല്യമുണ്ടെങ്കിലും മലയാളത്തിൽ മാത്രമല്ല, പുസ്തക പ്രസാധനത്തിന്റെ ചരിത്രത്തിൽതന്നെ അപൂർവ്വമാണു് ഈ രീതി. മൂലകർത്താവിന്റെ പേരും (Bruno Aptz) പുസ്തകത്തിന്റെ യഥാർത്ഥ ജർമ്മൻ പേരും (Nacket Under Wolfen) ഒന്നാം പുറത്തിലാണു് നല്കിയതു്. Bruno Aptz നെക്കുറിച്ചുള്ള ചെറുവിവരണം അഞ്ചാം പുറത്തും. ‘ബുച്ചൻവാൾഡ് തടങ്കൽപാളയത്തിലെ സമര സഖാക്കളുടെ ബഹുമാനാർത്ഥം ഞാൻ ഈ നോവലിലെ മിക്കകഥാപാത്രങ്ങൾക്കും അവരുടെ പേരുകൾ തന്നെ നല്കിയിരിക്കുകയാണു്’ എന്ന അഭിവാദ്യം പുറം ആറിലും നല്കിയിട്ടുണ്ടു്. നാലാം പുറത്തിൽ നല്കിയ വിവർത്തകയുടെ മറ്റു് കൃതികളുടെ വിവരങ്ങളും മൂലഗ്രന്ഥകർത്താക്കളെ കേന്ദ്രീകരിച്ചുകൊണ്ടല്ല. ബൾഗേറിയൻ നോവൽ, ജർമ്മൻ നോവൽ, റഷ്യൻ നോവൽ എന്നിങ്ങനെയുള്ള വിലാസത്തിലാണു് അവ. ഈ ഭാഷകളിൽനിന്നു് ഇംഗ്ലീഷിൽ വന്നവയാണു് സുഭദ്രാ പരമേശ്വരൻ മലയാളത്തിലെത്തിച്ചതു്. അതായതു് മൂലഗ്രന്ഥത്തിന്റെ പരോക്ഷ വിവർത്തനമാണു് അവർ ചെയ്തതു്. ഇംഗ്ലീഷിതര ഭാഷാ രചനകൾ അധികവും പരോക്ഷ വിവർത്തനം വഴിയാണു് മലയാളത്തിലെത്തുന്നതു്. നാലാം പുറത്തിൽ നല്കിയ വിവർത്തകയുടെ ചിത്രമാണു് പുസ്തകത്തിന്റൈ മറ്റൊരു സവിശേഷത. വിവർത്തനമാണു് പ്രധാനം. വിവർത്തനം മൂലകൃതിയല്ല എന്നും അവിടെ ലക്ഷ്യ ഭാഷയ്ക്കു് വേണ്ടിയുള്ള പുനരെഴുത്താണു് നടക്കുന്നതെന്നും ലക്ഷ്യ ഭാഷാ സാഹിത്യത്തിന്റെ ഭാഗമാണതെന്നും ലക്ഷ്യ ഭാഷാസാഹിത്യം രൂപീകരിക്കുന്നതിലും ഭാവുകത്വം നിർണയിക്കുന്നതിനും വിവർത്തനത്തിനു് പങ്കുവഹിക്കാനുണ്ടെന്നുമൊക്കെ ഈ പുസ്തക രൂപകല്പന വിളിച്ചുപറയുന്നുണ്ടു്. മൂല കൃതിക്കോ മൂല ഗ്രന്ഥകാരനോ അല്ല പ്രാധാന്യം നല്കേണ്ടതെന്നു് വിവർത്തകയുടെ ചിത്രം സഹിതമുള്ള പുസ്തകം വാദിക്കുന്നു. തന്റെ പ്രവൃത്തിയോടുള്ള അഭിമാനം, നിലപാടു്, ഉയർന്ന ആത്മശിക്ഷണം, ആത്മബോധം, കാര്യപ്രാപ്തി തുടങ്ങിയവയുടെ തെളിവായിക്കൂടി ഇതു് പരിഗണിക്കാം. വിവർത്തകരുടെ ആത്മാഭിമാനം ഉയർത്തുന്നതാണു് ഈ രൂപകല്പന എന്നു് പറയാതെ വയ്യ. വിവർത്തന രചനകൾ ലക്ഷ്യ ഭാഷയിൽ പുറത്തിറങ്ങുന്ന സ്വതന്ത്ര സാഹിത്യ രചനകളിൽ നിന്നു് വേർതിരിക്കേണ്ടതില്ല. സാധാരണയായി, വിവർത്തനങ്ങൾ പുറത്തിറങ്ങുമ്പോൾ വിവർത്തകർക്കു് പുസ്തക രൂപകല്പനയിലോ ഇത്തരത്തിലുള്ള കൈകടത്തലിനോ ഇടമില്ല. അക്കാലത്തു്, ഒരു പരിഭാഷകക്കുറിപ്പു് പോലും അനുവദിക്കുന്നതു് മലയാളത്തിൽ ചുരുക്കമാണു്. [82] 2011-ൽ ചിന്താപബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകം നോക്കൂ. സുഭദ്രാ പരമേശ്വരന്റെ സാഹചര്യവും ചങ്കൂറ്റവുമില്ലെങ്കിലും തീർച്ചയും നിരന്തരം തീരുമാനങ്ങളെടുക്കേണ്ട ഒരു സർഗ്ഗാത്മകക്രിയ എന്ന നിലയിൽ വിവർത്തനം വ്യക്തിസത്തയിൽ കാര്യപ്രാപ്തിയും ആത്മവിശ്വാസവും ഉണ്ടാക്കുന്നുണ്ടു്.
സർഗ്ഗസാഹിത്യത്തിൽ മാത്രമല്ല, വിവർത്തകരുടെ വ്യക്തിസത്തയിലും വിവർത്തന പ്രക്രിയ പരിവർത്തനം വരുത്തുന്നുണ്ടു്. അതു് വിപുലമായ ഒരു പ്രവർത്തനമാണു്. സർഗ്ഗ പ്രക്രിയയുടെ ഹരം തന്നെയാണു് വിവർത്തന പ്രക്രിയയിലും അടങ്ങിയിട്ടുള്ളതു്. പുനഃസൃഷ്ടിയെന്ന നിലയിലല്ല സൃഷ്ടികർമ്മം തന്നെയായാണു് അവർ അതു് നിർവ്വഹിക്കുന്നതു്. സർഗ്ഗാത്മക രംഗത്തു് സജീവ സാന്നിധ്യമറിയിച്ച എഴുത്തുകാരും മറ്റുള്ളവരും വിവർത്തന രംഗത്തേക്കു് കടന്നുവരിക എന്നാൽ വിവർത്തനത്തിന്റെ പ്രതിനിധാന പ്രക്രിയയിൽ ഒരു ഇടം നേടുക അഥവാ അതിനു് സാംസ്കാരിക മൂല്യം ഉണ്ടു് എന്നാണു്. ഇരുഭാഷയിലുമുള്ള അറിവു്, സർഗ്ഗ രചനയ്ക്കുള്ള താല്പര്യം എന്നിവ മാത്രമല്ല, സ്രോത പാഠത്തിൽ നിന്നു് വ്യത്യാസമില്ലാതെ, കുറവോ കൂടുതലോ ഇല്ലാതെ, നിശ്ചിത രൂപത്തിലും ശൈലിയിലും രൂപകല്പന ചെയ്തു് പാഠം പ്രസാധകരിലെത്തിക്കുന്നതു വരെ എഴുത്തുകാർ അനുഭവിക്കുന്ന ആകാംക്ഷയും സംഘർഷങ്ങളും വിവർത്തകരിലുമുണ്ടു്. ആദ്യന്തം സങ്കീർണ്ണമായ ഈ പ്രക്രിയവഴി ലഭിക്കുന്ന ആത്മസന്തുഷ്ടി ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും അതിനുവേണ്ടി ആഗ്രഹിക്കും. ഇവിടെ വിവർത്തനം ഒരു അസ്തിത്വ പ്രശ്നമായി മാറുന്നു.

വ്യക്തിസത്തയിൽ നിരവധി മാറ്റങ്ങൾക്കു് വിവർത്തന പ്രക്രിയ കാരണമാകുന്നുണ്ടു്. ഗാഢവായനയാണു് വിവർത്തന പ്രക്രിയയിൽ നടക്കുന്നതു്. [83] വ്യക്തിസത്ത മുഴുവൻ വിവർത്തന പ്രക്രിയിൽ മുഴുകുകയും വാക്കുകൾ നല്കുന്ന പുതിയ ആശയങ്ങളും നവാനുഭവങ്ങളും വ്യക്തിസത്തയെ തന്നെ പുതുക്കി പണിയുകയും ചെയ്യുന്നു. ഭാഷ പ്രയോഗിക്കാനുള്ള ശേഷി വർദ്ധിക്കുന്നു എന്നതാണു് പ്രധാനം. വ്യാഖ്യാതാക്കളെക്കാൾ കൂടുതൽ പ്രായോഗികമായി ഭാഷ ഉപയോഗിക്കുന്നതു് വിവർത്തകരാണു്. വായിക്കാനുള്ള കഴിവു്, എഴുതാനുള്ള കഴിവു്, പുനർരചിക്കാനുള്ള കഴിവു് തുടങ്ങി ഭാഷയുടെ പ്രയോഗ ശേഷി കൈമുതലായുണ്ടാകുക എന്നതു് അന്തർദ്ദർശനത്തിന്റെയും അവബോധത്തിന്റെയും പരിശീലനം കൂടിയായി വിവർത്തനത്തെ മാറ്റുന്നു. ആശയ വിനിമയത്തിനു് യോഗ്യമായതും കൂടുതൽ സമമൂല്യവുമായ പദത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുകയും ഒടുവിൽ സംശയ രഹിതമായി ഒരു പദം തീർച്ചപ്പെടുത്തുകയും ചെയ്യുന്ന വിവർത്തന പ്രക്രിയ ഉറച്ചതും നിശ്ചിതവുമായ ഒരു നിലപാടെടുക്കാനുള്ള മനഃസ്ഥിതി രൂപപ്പെടാൻ പ്രാപ്തമാണു്. ചഞ്ചല ചിത്തരും അബലകളുമെന്നു് പിതൃകേന്ദ്രിത സമൂഹം വിശേഷിപ്പിക്കുന്ന സ്ത്രീകളിൽ മാറ്റങ്ങളുണ്ടാക്കാൻ വിവർത്തന പ്രക്രിയയിൽ നിരന്തരം നടക്കുന്ന ഓരോ തീരുമാനത്തിനും കഴിയുന്നു. വിവിധ സംസ്കാരങ്ങളെ കുറിച്ചു് സൂക്ഷ്മമായ അറിവു് നേടുന്നതും അതു് ലക്ഷ്യ ഭാഷയിലേക്കു് രൂപം മാറ്റുന്നതിനായി തങ്ങളുടെ കൈകളിൽ/നിയന്ത്രണത്തിൽ അല്പസമയം അതോ ഇതോ, വേണോ വേണ്ടയോ എന്നമട്ടിൽ നിലകൊള്ളുന്നതും തങ്ങളുടെ ചായ്വിനനുസരിച്ചു് തെരഞ്ഞെടുക്കുന്നതും വ്യക്തിസത്തയിൽ അധികാര പ്രയോഗത്തിന്റെ സുഖം അവശേഷിപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പിനുള്ള അധികാരം സ്ത്രീയുടെ ജീവിതത്തിൽ പിതൃകേന്ദ്രിത സംസ്കാരം നിഷേധിച്ചതാണെന്നു് മറക്കരുതു്. അത്യധികം ശ്രദ്ധിച്ചുചെയ്യേണ്ട വിവർത്തനമെന്ന ജോലി വ്യക്തിസത്തയെ ഒരു പ്രത്യേകവൈദഗ്ദ്ധ്യത്തിലേക്കു് എത്തിക്കുകയും പ്രയത്നമെന്നതു് ഒരു ശീലമായി മാറുകയും പൂർണ്ണതയ്ക്കു് വേണ്ടിയുള്ള അന്വേഷണം വിവർത്തനത്തിൽ മാത്രമല്ല, ജീവിതത്തിൽ മുഴുവൻ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യും. പ്രഖ്യാപിതമായ ഒരു ലക്ഷ്യമുണ്ടാകുകയും അതു് മുറപ്രകാരവും നിയമ വിധേയവുമായി ലക്ഷ്യപ്രാപ്തിലെത്തുകയും ചെയ്യുമ്പോൾ അവിടെ ഒരുതരം പ്രശ്ന പരിഹാര പ്രക്രിയയാണു് നടക്കുന്നതു്. ഈ പ്രശ്ന പരിഹാര പ്രക്രിയ ദൈനംദിന പ്രവർത്തനങ്ങളിലേക്കും നീളും. കേരളത്തിന്റെ സാംസ്കാരിക സാഹചര്യത്തിൽ പുരോഗമന, നവോത്ഥാന ചിന്തകളും ഫെമിനിസമടക്കമുള്ള ആധുനികാശയ ധാരകളും ഉണർത്തിയ കേരളീയ സ്ത്രീ സ്വത്വത്തിനു് വിവർത്തന പ്രക്രിയയിലൂടെ ലഭിക്കുന്ന ആത്മശിക്ഷണം സ്വാശ്രയ ബോധത്തിന്റെയും ആത്മാവബോധത്തിന്റെയും പുതിയ ഊർജ്ജമാണു്.

സ്ത്രീയെന്ന നിലയിൽ വിവർത്തനത്തെക്കുറിച്ചുള്ള പരമ്പരാഗത സമീപനത്തിൽ നിന്നു മാറി പുരുഷ നിർമ്മിത ഭാഷയിലും പുസ്തകങ്ങളിലും ആശയങ്ങളിലും നൂതനമായ വിവർത്തന പ്രക്രിയകളും രചനാരീതികളും അനുകരിക്കാനും ആവിഷ്കരിക്കാനും അവർ ശ്രമിക്കുന്നു. വിവർത്തനത്തിലെ രചനാ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീ വിവർത്തകർ ഭാഷയും ലിംഗപദവിയും തമ്മിലുള്ള ബന്ധത്തിൽ വിടവുകളുണ്ടാക്കുന്നു. ഭാഷ അവിടെ ആയുധമായി മാറുന്നു. [84] സ്ത്രീക്കു് സംസാരിക്കാനുള്ള ഭാഷ രൂപമെടുക്കുന്നു. അശക്തയിൽ നിന്നും ബൗദ്ധിക പ്രവർത്തനങ്ങളിലേർപ്പെടാൻ ശക്തി നേടി സ്വതന്ത്രയാകുകയും ചെയ്യുന്നു. വിവർത്തനത്തിനും സ്ത്രീക്കുമുള്ള അധമ മനോഭാവത്തിൽ നിന്നും ഉയർത്തുവരികയും ചെയ്യുന്നു. അതിനാൽ തന്നെ വിവർത്തനം ഒരു രാഷ്ട്രീയ പ്രക്രിയയാണു്. ഏതെങ്കിലും തരത്തിൽ തന്റെ സ്വത്വത്തിന്റെ ഒപ്പു ചാർത്തിയാണു് വിവർത്തനം പ്രസിദ്ധീകരിക്കുന്നതു്.

വിവർത്തന പ്രക്രിയ രൂപപ്പെടുത്തുന്ന ഈ സ്ത്രീസ്വത്വം എന്നതു് ഒന്നല്ല, ഒരു കൂട്ടമാണു് എന്നതാണു് പ്രധാനം. ഓരോ വ്യക്തിയിലും നിരവധി സത്തകൾ പ്രവർത്തിക്കുന്നുണ്ടു്. ദേശം, മതം, ലിംഗം, വർഗ്ഗം, ഭാഷ, തൊഴിൽ, രാഷ്ട്രീയ വിശ്വാസങ്ങൾ തുടങ്ങി പലതരത്തിലുള്ള അംഗത്വ/പൗരത്വങ്ങളാണിവയെല്ലാം. ഒരേ വ്യക്തി തന്നെ ആറിഞ്ചു് ഉയരക്കാരുടെ കൂട്ടത്തിലും മാർച്ചു് മാസത്തിൽ ജനിച്ചവരുടെ കൂട്ടത്തിലും ഇന്ന കോളേജിൽ പഠിച്ചവരുടെ കൂട്ടത്തിലും സ്വത്വം നേടുന്നുണ്ടു്. പല സാഹചര്യങ്ങളാലും പ്രവർത്തനങ്ങളാലും വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളുമുള്ള കൂട്ടങ്ങളാണു് ഇവയെല്ലാം. ചില മുൻഗണനകളും താല്പര്യങ്ങളും ആവശ്യകതകളും അനിവാര്യതകളും ഓരോ കൂട്ടങ്ങളിൽ ഉൾപ്പെടാൻ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇത്തരം കൂട്ടങ്ങൾ നിർണ്ണയിക്കുന്ന സാംസ്കാരിക പരിസരമാണു് വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്തയെയും സ്വാധീനിക്കുന്നതു്. എല്ലാതരം മാറ്റങ്ങളെ കുറിച്ചുമുള്ള വ്യക്തിയുടെ മനസ്സിലാക്കലുകൾ ഈ കൂട്ടങ്ങളുമായി ബന്ധപ്പെട്ടതാണു്. സമൂഹത്തിലെ അംഗങ്ങളെ മനസ്സിലാക്കുന്നതു് ഈ സാംസ്കാരിക പരിസരത്തിലാണു്. പിതൃകേന്ദ്രിത സമൂഹത്തിന്റെ അസമത്വ നിലപാടിൽ മാറ്റം വരുത്താൻ വ്യത്യസ്ത സാംസ്കാരിക സ്വത്വങ്ങൾ സ്ത്രീയ്ക്കു് സ്വീകരിക്കേണ്ടിവരുന്നു. ഫെമിനിസം അത്തരം ഒരു കൂട്ടായ്മയാണു്. അതു് സ്ത്രീക്കു് നല്കുന്ന സ്വത്വബോധവും ആത്മവിശ്വാസവും വളരെ വലുതാണുതാനും. ഫെമിനിസ്റ്റ് കൂട്ടത്തിന്റെ രാഷ്ട്രീയമെന്നതു് ലിംഗപരമായ അസമത്വത്തിനും അടിച്ചമർത്തലിനുമെതിരെയുള്ളതാണു്. വേർതിരിവിനെതിരെ കൂട്ടായെങ്ങനെ സമരം ചെയ്യാം എന്നു് അതാലോചിക്കുന്നു. ഫെമിനിസം നിർമ്മിക്കുന്ന സ്വത്വം തിരിച്ചറിയുന്നുണ്ടെങ്കിലും കേരളീയ പൊതുസമൂഹത്തിൽ അതു് സ്വീകരിക്കാൻ സ്ത്രീ മടിക്കുന്നതു് സാധാരണമാണു്. [85] ഒരു കൂട്ടത്തോടൊപ്പം നില്ക്കുമ്പോൾ കൂട്ടത്തിന്റെ രാഷ്ട്രീയത്തിനൊപ്പമാണു് നില്ക്കുന്നതു്. വിവർത്തനത്തിനായി തെരഞ്ഞെടുക്കപ്പെടുമ്പോഴും വിവർത്തനം നടത്തുമ്പോഴും ഓരോ സ്ത്രീയും അറിയാതെതന്നെ വിവർത്തകരുടെ വലിയ കൂട്ടത്തിൽ അംഗമാകുകയാണു് ചെയ്യുന്നതു്. മുഖ്യധാരാസ്ത്രീ എഴുത്തുകാരുൾപ്പെടുന്ന ഈ സംഘം ഒരു ഫെമിനിസ്റ്റ് കൂട്ടമല്ല എന്നാണയിട്ടാൽ പോലും അവിടെ പൊതുരംഗത്തേക്കു് സ്ത്രീ ഇറങ്ങുകയാണു്; കൂട്ടത്തിന്റെ സാധ്യതകൾ സമൂഹത്തിനു് സംഭാവന ചെയ്യുകയാണു്; ഒരു സ്ത്രീ കൂട്ടായ്മ രൂപമെടുക്കുകയാണു് ചെയ്യുന്നതു്. ഫെമിനിസ്റ്റ് ആശയങ്ങളുടെ പ്രത്യക്ഷ പിൻബലമില്ലാതെ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണതു്. ജനാധിപത്യ വ്യവസ്ഥയിൽ പഠിക്കാനും ചിന്തിക്കാനും എഴുതാനും ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചു്, സാധ്യമായ ഒരു ലോകം കെട്ടിപ്പടുക്കുകയാണു് സ്ത്രീ വിവർത്തകർ ചെയ്യുന്നതു്. ആഗോളീകരണത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളും സ്വാതന്ത്ര്യവുമാണു് ലിംഗവും ലിംഗപദവിയും പ്രശ്നമാകാത്ത ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താൻ സ്ത്രീയെ സഹായിക്കുന്നതു്.

കലയും നൈപുണിയുമാണു് വിവർത്തനമെന്നതു് ആദ്യകാലം മുതലുള്ള നിർവ്വചനമാണു്. ഈ കലയോടു് അഭിരുചിയും കഴിവുമുള്ളവരാണു് തൊഴിലിലേക്കു് കടന്നുവരുന്നതു്. സാമൂഹിക വികസനത്തിനു് മുഴുവൻ മനുഷ്യ വിഭവശേഷിയുടെയും ഫലപ്രദമായ വിനിയോഗം അത്യന്താപേക്ഷിതമാണു്. സ്ത്രീ-പുരുഷ സമൂഹത്തിന്റെ കൂട്ടായ കൈമിടുക്കാണതു് സാധ്യമാക്കുന്നതു്. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കുന്ന കുടുംബത്തിന്റെ ഘടനയെ പഠിച്ചുകൊണ്ടു് മാത്രമേ സ്ത്രീയുടെ തൊഴിൽ പങ്കാളിത്തത്തെക്കുറിച്ചു് സംസാരിക്കാനാവൂ. ലിംഗസമത്വമാണു് മനുഷ്യ വിഭവശേഷിയുടെ ഉപയോഗത്തിൽ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തെ പങ്കുകൊള്ളിക്കാനുള്ള പ്രധാനവഴി. മാതൃത്വം,ശിശുപരിപാലനം, സ്ത്രീയെ മാത്രം ആശ്രയിച്ചുനില്ക്കുന്ന മറ്റു് ശുശ്രൂഷാ ജോലികൾ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക പരിഗണനയും പദവിയും സ്ത്രീ അർഹിക്കുന്നുണ്ടു്. സമൂഹത്തിൽ സ്ത്രീകളുടെ കൂടി നേട്ടങ്ങളും ശേഷികളും ഉപയോഗപ്പെടുത്തി തൊഴിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു് തൊഴിൽ മേഖലയും കുടുംബ നയങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുകയാണാവശ്യം.
യൂറോപ്യൻ നവോത്ഥാന കാലത്തിന്റെയും സാംസ്കാരിക ബോധനിർമ്മിതിയുടെയും പുതുമാനവികതയുടെയും തുടക്കത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ നല്കുന്ന ഡിവൈൻ കോമഡിക്കു് ഇതിനകമുണ്ടായ നിരവധി വായനകളും ലോകമെമ്പാടുമുണ്ടായ വിവർത്തനങ്ങളും ‘ദാന്തെപഠനങ്ങൾ’ (Dante Studies) എന്ന പഠനമേഖലയ്ക്കു് തന്നെ രൂപം കൊടുത്തു. ‘Dante and Medieval Culture’ by Bruno Nardi, dante A Collection of Critical Essays, (Ed.), John Freccero, A Spectrum book, Prentice-Hall, u.s.a.,1965, pp. 39–42.
നരകകാണ്ഡം (Inferno-Hell), ശുദ്ധീകരണകാണ്ഡം (Purgatory), സ്വർഗ്ഗകാണ്ഡം (Paradise) എന്നിങ്ങനെ മൂന്നുഭാഗങ്ങളുള്ള ഡിവൈൻ കോമഡിയ്ക്കു് കിളിമാനൂർ രമാകാന്തൻ ചെയ്ത വിവർത്തനത്തിന്റെ നരകകാണ്ഡം 1979-ലും ശുദ്ധീകരണകാണ്ഡം 1990-ലും മലയാളത്തിൽ പ്രസിദ്ധീകരിച്ചു. മഹാകവി ദാന്തെ എന്ന പേരിൽ പി. ജി. പുരുഷോത്തമൻപിള്ള എഴുതിയ ജീവചരിത്ര ഗ്രന്ഥത്തിൽ ഡിവൈൻ കോമഡിയുടെ ലഘുസംഗ്രഹം നല്കിയിട്ടുണ്ടു്. (എസ്സ്. ബി. പ്രസ്സ് & ബുക്ക്ഡിപ്പോ, തിരുവനന്തപുരം, 1968).
The making of Modern Malayalam Prose and Fiction: Translaions in Europian Languages into Malayalam in the first half of the twentieth century’, by K. M. Sherrif, History of Translation in India, Ed. Tariq Khan, National Translation Mission, Central Institute of Indian Languages, Mysuru, September 2017, p 161–167.
Translation and Literary History: An Indian View എന്ന ലേഖനത്തിൽ Ganesh Devy ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടു്. Post-Colonial Translation Theory and Practice (Eds.) Susan Badsnett and Harish Trivedi, Routledge, London and New York, 1999, pp. 182–188.
വിവർത്തന സൈദ്ധാന്തികനായ Andre Lefevere തന്റെ Translation: Its Genealogy in the West എന്ന ലേഖനത്തിൽ വിവർത്തന ചരിത്രത്തിൽ പരിഗണിക്കേണ്ട അടിസ്ഥാന വിഭാഗങ്ങളിൽ പ്രഥമസ്ഥാനം Authority-ക്കാണു് നല്കിയതു്. Translation, History, Culture (Eds.) Susan Badsnett and Andre Lefevere, Pinter Publishers, London and New York, 1990, p.15.
ഡിവൈൻ കോമഡി വിവർത്തനം ചെയ്യുന്നതിൽ തന്നെ നിരന്തരമായി ഉത്സാഹിപ്പിച്ചതു് ഭാര്യയും മകനുമാണെന്നു് സമ്പൂർണ്ണ വിവർത്തനത്തിന്റെ ആമുഖത്തിൽ വിവർത്തകൻ പരാമർശിക്കുന്നുണ്ടു്.
Ref. ‘A Comprehensive Model of Translation Criticism’ by Sunil R. Sawant, Studies in Translation, Mohit K. Ray, Atlantic Publishers, New Delhi, 2002. Pp. 72-85.
മലയാളത്തിൽ ഒരു വിവർത്തന ചരിത്ര നിർമ്മിതിയുടെ പ്രാധാന്യത്തിലേക്കും ഇതു് സൂചനകൾ നല്കുന്നുണ്ടു്.
ഡിവൈൻ കോമഡിയുടെ വായനയെ കുറിച്ചു് T. S. Eliot, ശുദ്ധീകരണ കാണ്ഡം വായിച്ചതിനു ശേഷം വീണ്ടും നരക കാണ്ഡം വായിച്ചാൽ അതിന്റെ ഓരോ നിമിഷവും ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഭീകരത ഈ ജീവിത കാലത്തു് മറക്കില്ല എന്നു് സൂചിപ്പിക്കുന്നുണ്ടു്. Dante, Faber And Faber, 24 Russell Square, London, 1929, p. 29.
നരകം, ശുദ്ധീകരണ സ്ഥലം, സ്വർഗ്ഗം എന്നീ കാവ്യവിഭജനത്തിലും പ്രപഞ്ചോല്പത്തി ശാസ്ത്രവും പദാർത്ഥ വിജ്ഞാനീയവുമാണു് സ്വാധീനിച്ചതു് എന്നു് വ്യഖ്യാതാക്കൾ നിരീക്ഷിച്ചിട്ടുണ്ടു്.
Dante and his commentators’ എന്ന ലേഖനത്തിൽ Robert Hollander ഡിവൈൻ കോമഡിക്കുണ്ടായ വ്യാഖ്യാനങ്ങൾ വിവരിക്കുന്നുണ്ടു്. The Cambridge Companion to Dante (Ed.), Rachel Jacoff, CUP, 1993, pp.226-236.
ശ്രീ. കിളിമാനൂർ രമാകാന്തൻ വിവർത്തനം ചെയ്ത ഡിവൈൻ കോമഡിയിൽ നിന്നുള്ള ഉദ്ധരണികളാണു് ഈ ലേഖനത്തിലുള്ളതു്. കിളിമാനൂർ രമാകാന്തൻ, ഡിവൈൻ കോമഡി, കേന്ദ്ര സാഹിത്യ അക്കാദമി, ന്യൂഡെൽഹി, 2001, പു. 509.
അതിൽത്തന്നെ, പു. 544–545.
Virgil അഥവാ Vergil അഗസ്റ്റൻ കാലഘട്ടത്തിലെ റോമൻ കവി. Publius Vergilus Maro എന്ന Vergil റോമൻ സാഹിത്യത്തിലെ മൂന്നു പ്രധാന കാവ്യങ്ങളുടെ—Ecligues, Georgics, ഇതിഹാസമായ Aeneid—രചയിതാവാണു്.
Tony Davies, Humanism, Routledge, London and New York, 2009, p. 21–22.
ശുദ്ധീകരണ കാണ്ഡം, രണ്ടാം സർഗ്ഗം, പു. 257.
അടിസ്ഥാനപാപങ്ങൾ എന്നു് ക്രിസ്തുമതം പഠിപ്പിക്കുന്നതും ഇവയാണു്.
ക്രിസ്തുവിനു് മുമ്പു് ജീവിച്ചയാളും വിജാതീയനുമായ വെർജിൽ ദാന്തെയ്ക്കൊപ്പം ശുദ്ധീകരണ സ്ഥലം വരെ അനുഗമിക്കുന്നു എന്നതു് ദാന്തെ മുന്നോട്ടു വെയ്ക്കുന്ന വിശാലമാനവികതയ്ക്കു് ദൃഷ്ടാന്തമാണു്. എങ്കിലും സ്വർഗ്ഗപ്രാപ്തിക്കു് അർഹനാക്കിയില്ല എന്നതു് ദാന്തെയുടെ ക്രൈസ്തവ വിശ്വാസത്തിനു തെളിവാണു്. മാനുഷിക യുക്തി മത വിശ്വാസത്തിന്റെ പരിധിക്കുള്ളിലല്ല നിലകൊള്ളുന്നതു്.
“Comedy is an imitation of inferior people—not, however, with the respect to every kind of defect; the laughable is a species of what is disgraceful. The laughable is an error or disgrace that does not involve pain or distruction: for example, a comic mask is ugly and distorted, but does involve pain” Aristotle, Poetics, trans. Malcom Heath, Harmonsworth: Penguin, 1996, p. 9.
Andru Stott, Comedy, Routledge, London and New York 2007, p. 4 and 22.
‘Dante in English’ by David Wallace, The Cambridge Companion to Dante, (Ed.), Rachel Jacoff, CUP, 1993, pp. 237–258.
നരകകാണ്ഡം, അഞ്ചാം സർഗ്ഗം, പു. 33.
നരകകാണ്ഡം, അഞ്ചാം സർഗ്ഗം, പു. 35.
നരക കാണ്ഡം, അഞ്ചാം സർഗ്ഗം, പു. 46.
Lawrence Venuti എഡിറ്റ് ചെയ്ത The Translation Reader-ൽ വിവർത്തനത്തിന്റെ ഇത്തരം തദ്ദേശീയ/ഗ്രാമ്യവത്കരണത്തെക്കുറിച്ചു് (domesticating translation) നിരവധി പരാമർശങ്ങൾ കണ്ടെത്താം. Second edition, Routledge, London and New York, 2004.
പു. 403.
പു. 911.
ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ക്ലാസ്സിക് ഭാഷകളിൽ എഴുതേണ്ട കാവ്യം പ്രാദേശിക ഭാഷയായ ഇറ്റാലിയനിൽ എഴുതിയതാണു് ഡിവൈൻ കോമഡിയുടെ മറ്റൊരു സവിശേഷത. സംസാര ഭാഷയിൽ സാഹിത്യമെഴുതുക എന്ന രീതിക്കു് തുടക്കം കുറിക്കുകയാണു് ദാന്തെ ചെയ്തതു്.
പു. 48–49.
‘ദാന്തെയെ വായിക്കാൻ വേദശാസ്ത്രം (Theology/Bible) അറിയേണ്ടതില്ല’ എന്നതു് പൊതുവായ ചൊല്ലാണു്. ആ അറിവു് ഡിവൈൻ കോമഡിക്കു് പുതിയൊരു ആശയവും തിരിച്ചറിവും ആശയ വ്യക്തതയും നല്കും എന്നതു് പരമാർത്ഥവുമാണു്.
പതിനൊന്നാം സർഗ്ഗം, പു. 72.
H. R. Huse, The Divine Comedy, Rinehart and Winston, New York, 1967, p. xiii. 22.
ആമുഖം, കിളിമാനൂർ രമാകാന്തൻ, ഡിവൈൻ കോമഡി, കേന്ദ്ര സാഹിത്യ അക്കാദമി, ന്യൂഡെൽഹി, 2001.
ഡിവൈൻ കോമഡി ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്തവരിൽ Cary, H. W. (1814), Lord Byron (1820), Longfellow, H. W. (1867), Charles Eliot Norton (1941), Dorothy Sayers (1949), Sisson (1980), Durling (1996) എന്നിവർ പ്രാധാന്യമർഹിക്കുന്നു. ഇവരിൽ Cary, H. F. (1814), Dorothy Sayers (1949) എന്നിവരുടെ പാഠങ്ങൾ തന്റെ വിവർത്തനത്തിൽ സഹായിച്ചതായി ആമുഖത്തിൽ ശ്രീ. രമാകാന്തൻ പരാമർശിച്ചിട്ടുണ്ടു്.
‘സ്ത്രീ പക്ഷ വിവർത്തനം ഒരു മുഖവുര’ എന്ന ലേഖനത്തിൽ 56 സ്ത്രീവിവർത്തകരുടെ പേരുകളും പ്രവർത്തനമേഖലയും ചേർത്തിട്ടുണ്ടു്. ജയാസുകുമാരൻ, 500 വർഷത്തെ കേരളം ചില അറിവടയാളങ്ങൾ, (എഡിറ്റേഴ്സ്) വി. ജെ. വർഗീസ്, ഡോ. എൻ. വിജയമോഹനൻ പിള്ള, താരതമ്യ പഠന സംഘം, ചങ്ങനാശ്ശേരി, 2001. പു. 285–294. മലയാള രചനകളുടെ അന്യഭാഷാ വിവർത്തനവും കുറവല്ല. ഇംഗ്ലീഷിലേക്കു് ‘ഇന്ദുലേഖ’ വിവർത്തനം ചെയ്ത അനിതാ ദേവസ്യയും ‘ഐതിഹ്യമാല’ വിവർത്തനം ചെയ്ത ശ്രീകുമാരി രാമചന്ദ്രനും ‘കൊച്ചരേത്തി’ വിവർത്തനം ചെയ്ത കാതറിൻ തങ്കമ്മയും ‘ആരാച്ചാർ’ വിവർത്തനം ചെയ്ത ദേവികയും പ്രാധാന്യമർഹിക്കുന്നു. ഇവരിൽ പലരും വിവർത്തനത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞവരാണെന്നു് അവരുടെ പുസ്തകങ്ങളിൽ വിശദമായി നല്കിയ Translator’s Note തെളിവാണു്. മലയാളത്തിലിറങ്ങുന്ന വിവർത്തനങ്ങളിൽ വിവർത്തന പ്രക്രിയയെ കുറിച്ചു് അപൂർവ്വം മാത്രമേ എഴുതിയിട്ടുള്ളു.
രബീന്ദ്രനാഥ ടാഗോർ (മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കഥകൾ, പരിഭാഷ: ആശാലത) ടോൾസ്റ്റോയ് (ടോൾസ്റ്റോയ് കഥകൾ, പരിഭാഷ: എം. ദിവ്യ, എന്റെ കൗമാരം, പരിഭാഷ: ശ്രീലത നെല്ലുളി, അന്ന കരിനീന, പരിഭാഷ: മിനി മേനോൻ, പൂച്ചക്കുട്ടി, വിവ. അഞ്ജന ശശി) ഡോ. ബി. ആർ. അംബേദ്ക്കറും (ഡോ. അംബേദ്ക്കർ സമ്പൂർണ്ണകൃതികൾ, വാല്യം 39. വിവ. ശശികല ആർ. മേനോൻ (കെ. ഗോപാലപിള്ളയോടൊപ്പം)) ഹെലൻകെല്ലർ (എന്റെ ജീവിതകഥ, പരിഭാഷ: സാജിത എം.), ആത്മാവിന്റെ പൂമ്പാറ്റച്ചിറകുകൾ പരിഭാഷ: അനാമിക), ഹെലൻ കെല്ലർ, പരിഭാഷ: മിനി മേനോൻ) ആന്റൺ ചെക്കോവ് (അരുവിത്താഴ്‌വരയിലെ ഗ്രാമത്തിൽ പരിഭാഷ: റിൻസി എബ്രഹാം) ജലാലുദ്ദീൻ റൂമി (റൂമിയുടെ 101 പ്രണയഗീതങ്ങൾ, വിവ. എം. പി. സലില) ആൽബേർ കാമു (പതനം, വിവ. പ്രഭാ ആർ. ചാറ്റർജി) കാരെൻ ആംസ്ട്രോംങ് (പിരിയൻ ഗോവണി പരിഭാഷ: രമാ മേനോൻ) മീന കന്ദസ്വാമി (സ്പർശം, പരിഭാഷ: വി. എസ്. ബിന്ദു) ഗിരീഷ് കർനാഡ് (ഹയവദന, നാഗമണ്ഡല വിവ. കമലാദേവി) ഹോമറിന്റെ ഇലിയഡ് (പരിഭാഷ: മിനി മേനോൻ) ഡി. എച്ച്. ലോറൻസ് (ജിപ്സികളുടെ പ്രണയം, പരിഭാഷ: എം. പി. ശ്രീജ) മാക്സിം ഗോർക്കി (അമ്മ, പരിഭാഷ: കെ. പി. സുമതി) ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവ. അമ്പാടി ഇക്കാവമ്മ) ഷേയ്ക്സ്പിയർ നാടകങ്ങളും ഷെർലക്ക് ഹോംസിന്റെ കുറ്റാന്വേഷണകഥകൾ (പരിഭാഷ:) തിരുക്കുറൽ (വിവ. ശൈലജാ രവീന്ദ്രൻ) ശ്രുശ്രുത പൈതൃകം, ചരക പൈതൃകം ( മുത്തുലക്ഷ്മി) പൗലോ കൊയ്ലോ (ആൽകെമിസ്റ്റ്, ഫിഫ്ത്ത് മൗണ്ടൻ, ചെകുത്താനും ഒരു പെൺകിടാവും, വിവ. രമാ മേനോൻ, വിജയി ഏകനാണു് വിവ. ആർ. കെ. ജയശ്രീ, പീദ്ര നദിയോരത്തിരുന്നു് ഞാൻ തേങ്ങി, വിവ. സി. കബനി) ഒർഹാൻ പാമുക്ക് (മഞ്ഞ്, വിവ. ജോളി വർഗീസ്, വൈറ്റ് കാസിൽ, വിവ. ജെനി ആൻഡ്രൂസ്) തസ്ലീമ നസ്രീൻ (ഫ്രഞ്ച് ലവർ, വിവ. ലീലാ സർക്കാർ) മിലാൻ കുന്ദേര (ഉയിരടയാളങ്ങൾ, വിവ. ശ്രീദേവി എസ്. കർത്ത) ശിവാജി സാവന്ത് (കർണ്ണൻ, ഡോ. ടി. ആർ. ജയശ്രീ (ഡോ. പികെ ചന്ദ്രനോടൊപ്പം)) ചിന്നപ്പഭാരതി (കൽക്കരി, പരിഭാഷ: സ്വാതി എച്ച്. പത്മനാഭൻ) അമൃതാ പ്രീതം (റവന്യൂ സ്റ്റാമ്പ്, വിവ. കൃഷ്ണവേണി).
അതു് സ്ത്രീ വിവർത്തകരുടെ മാത്രം പ്രശ്നമല്ല. വിവർത്തകരെക്കാൾ മൂലഗ്രന്ഥരചയിതാവിന്റെ പേരിലാണു് ലോകത്തെങ്ങും വിവർത്തനങ്ങളിറങ്ങുന്നതു്. വിവർത്തനമെന്നതു് ഒരു രണ്ടാംകിട ഏർപ്പാടാണെന്ന അഭിപ്രായത്തിനു് മാറ്റം വരുത്താൻ വിവർത്തന പഠനങ്ങൾ (Translation Studies) ഇനിയും ശക്തി നേടേണ്ടതുണ്ടു്. വിവർത്തന പഠന രംഗത്തു് സൈദ്ധാന്തികമായി ഏറെ ചർച്ചചെയ്തിട്ടുള്ളതും ചലനങ്ങൾ സൃഷ്ടിച്ചതുമായ മേഖലയാണു് സ്ത്രീ വിവർത്തകരും സ്ത്രീപക്ഷ വിവർത്തനങ്ങളും. വിവർത്തനമെന്നതു് മൂലകൃതിയുടെ പകർപ്പാണെന്ന ധാരണ, വിവർത്തനത്തിലെ വിശ്വസ്തത (fidility), വിവർത്തന പ്രക്രിയയിലെ കന്യകാത്വ നഷ്ടം എന്നൊക്കെയുള്ള പിതൃകേന്ദ്രിതാശയങ്ങൾക്കെതിരെ സ്ത്രീപക്ഷ വിവർത്തനവുമായി ബന്ധപ്പെട്ട സൈദ്ധാന്തികർ കലാപമുണ്ടാക്കി. വിവർത്തകരെ അംഗീകരിക്കുന്നതിൽ ഇക്കാലത്തു് ചെറിയ തോതിൽ മാറ്റം വന്നിരിക്കുന്നു. വിവർത്തകരും വിവർത്തനങ്ങളും അന്തർദ്ദേശീയ തലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നു. ജെ. സി. ബി പുരസ്കാരങ്ങൾ മലയാള കൃതികളുടെ വിവർത്തനങ്ങൾക്കും വിവർത്തകർക്കും ലഭിക്കുന്നു. സാഹിത്യലോകം,വൈജ്ഞാനികം, വിജ്ഞാന കൈരളി, മാധ്യമം സമകാലിക മലയാളം ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങി നിരവധി ആനുകാലികങ്ങൾ ഇന്നു് സ്പെഷൽ പതിപ്പായും മുഖചിത്രമായും ലേഖനങ്ങളായും വിവർത്തനവും സ്ത്രീവിവർത്തകരെയും പരിഗണിക്കാറുണ്ടു്.
ഉദാഹരണമായി Renaissance translatons 2010-ൽ രൂപീകരിച്ച അന്താരാഷ്ട്ര സ്ഥാപനമാണു്. പതിനായിരത്തിലധികം വിവർത്തകർ ഇവിടെ ഇന്നു് ജോലി ചെയ്യുന്നു. സാഹിത്യ, അക്കാദമിക് വിവർത്തനങ്ങൾക്കു് പുറമെ വാണിജ്യ, സാമ്പത്തിക രംഗത്തെ വിവർത്തനങ്ങൾ, ഗവൺമെന്റ് തലത്തിൽ ആവശ്യമായ കാര്യങ്ങൾ, ലോക്കലൈസേഷൻ, പ്രൂഫ്റീഡിങ്, വീഡിയോ സബ്ടൈട്ടിലിങ് തുടങ്ങി വിവിധ സേവനങ്ങൾ, ആരോഗ്യം, ഇൻഫർമേഷൻ ടെക്നോളജി, നിയമം, പരസ്യം, ശാസ്ത്രം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ വിവർത്തനം കമ്പനി വാഗ്ദാനം ചെയ്യുന്നു. https://renaissance-translations.com/about-us/
ആഗോളവൽക്കരണം ഭാഷാവൈവിധ്യത്തെ മറികടന്നു് ലോകമാസകലം വേരുകളുറപ്പിക്കാൻ ശ്രമിച്ചു. Globalisation-ന്റെ കൂടെയാണു് localisation പ്രക്രിയയും നടന്നതു്. ആഗോളീകരണത്തിന്റെ പ്രധാന ആവശ്യമായിരുന്നു അതു്. വിവർത്തന പ്രക്രിയയാണു് ഓരോ ഉല്പന്നത്തിന്റെയും ആഗോള വിപണിയുടെ സാധ്യത വർദ്ധിപ്പിച്ചതു്.
Man Power എന്ന പദമാണു് അടുത്തകാലം വരെ മനുഷ്യ വിഭവശേഷിക്കു സമാനമായി ഉപയോഗിച്ചിരുതു്. എന്നാൽ സാമ്പത്തിക സാമൂഹിക വികസനത്തിനു് സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യ വർഗ്ഗത്തിന്റെ മുഴുവൻ വിഭവശേഷി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആ പദം അപ്രസക്തമായി.
ജൈവിക വ്യത്യാസങ്ങൾക്കപ്പുറം സമൂഹം ആണിനും പെണ്ണിനും നിശ്ചയിക്കുന്ന പ്രത്യേക കടമകളും ഉത്തരവാദിത്തങ്ങളും കൊണ്ടു് അനുഭവപ്പെടുന്ന/നിർമ്മിക്കുന്ന വിവേചനമാണു് സമൂഹത്തിന്റെ മൂലധന നിർമ്മിതിയിൽ സ്ത്രീയുടെ കഴിവുകൾ അഥവാ അധ്വാനം പരിഗണിക്കാതെ പോകുന്നതിനുള്ള പ്രധാന കാരണം. സമൂഹത്തിൽ സ്ത്രീയ്ക്കനുഭവപ്പെടുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പരാധീനതകൾക്കുള്ള പ്രധാന കാരണവും ഈ ലിംഗപദവി (gender) തന്നെ. മതം, വർഗ്ഗം, വംശം, ദേശം തുടങ്ങിയവയനുസരിച്ചു് ഈ പരാധീനതകൾ വ്യത്യസ്തമാണു്. ഓരോ സമൂഹത്തിനും ഓരോ തരത്തിൽ, തീരുമാനങ്ങളിലും സ്വഭാവത്തിലും മനസ്ഥിതിയിലും അഭിപ്രായത്തിലും നിലപാടിലും പെരുമാറ്റത്തിലും ഇരുപ്പിലും മട്ടിലുമെല്ലാം ഇതു് പ്രതിഫലിക്കും.
The achievement of democracy presupposes the existence of genuine partnership between men and women in the conduct of business of which they work in equality and complementarity, drawing mutual enrichment from their differences’ (Art 4 Universal Declaration on Democracy, Cairo 16 September, 1997).
World Declaration on Higher Education for the Twenty first Century, Vision and Action. unesco, Paris, 1998, p. 9–12.
ജ്ഞാനോദയത്തിലെ തത്വചിന്തകയായ വൂൾസ്റ്റൻ ക്രാഫ്റ്റ് ഫ്രഞ്ച് തത്വചിന്തകനായ റൂസ്സോ യുടെ (Jean Jacquas Rousseae) Emilie (1962) എന്ന പുസ്തകത്തിനു് മറുപടിയായാണു് ഇതു് എഴുതിയതു്.
ദൈനംദിന ജീവിതത്തിലെ സ്ത്രീയുടെ കടമകളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചും അതിശയോക്തി കലർത്തിയുമാണു് വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ രചനയെന്നു് പില്ക്കാലത്തു് ഫെമിനിസ്റ്റ് സൈദ്ധാന്തികയായ ആൻ കപ്ലാൻ (Ann Kaplan) പരാമർശിക്കുന്നുണ്ടു്. സമത്വത്തെക്കുറിച്ചു് പരാമർശിക്കുമ്പോഴും വൂൾസ്റ്റൻ ക്രാഫ്റ്റിന്റെ വാക്കുകളിൽ പൗരുഷത്തിന്റെ പ്രബലതയാണു് നിറഞ്ഞുനില്ക്കുന്നതു് എന്നാണവരുടെ വിമർശനം.
ഇന്ത്യൻ കാനേഷുമാരിയിൽ തൊഴിലിന്റെ നിർവ്വചനം സാമ്പത്തികവുമായി ബന്ധപ്പെട്ടാണു്. സാമ്പത്തികാടിസ്ഥാനമുള്ള ഒരു ഉല്പന്നത്തിന്റെ നിർമ്മിതിയിൽ പങ്കാളിയാകുക എന്നതാണു്. തൊഴിൽ ഒരു സാമ്പത്തിക പ്രവർത്തനമാണു്. അതു് ശാരീരികമോ ബൗദ്ധികമോ ആകാം. നേതൃത്വം കൊടുക്കുകയോ ഉപദേശം നല്കുകയോ ആകാം. ഭാഗികമായ സേവനമോ കൂലിവാങ്ങാതെയുള്ള സേവനമോ തുടങ്ങി ഏതുതരം സാമ്പത്തിക പ്രവർത്തനവും ആകാം (Census of India, 2002) Female Labour Force Participation in Kerala: Problems and Prospects, p. 4.
Quick Take: Women in the Labour Force in India (New York:, 2015.) എന്ന പുസ്തകം നോക്കുക.
പോസിറ്റീവ് സെക്സ് റേഷ്യോ ഉള്ള ഇടമാണു് കേരളം. സ്ത്രീകളുടെ ജനസംഖ്യ 52% ആണു്. കേരളത്തെ കുറിച്ചു് കേരള ശാസ്ത്ര സാഹിത്യ പരിഷത്തു് നടത്തിയ പഠനം ശ്രദ്ധേയമാണു്. കേരള പഠനം, ഡോ. കെ. പി. അരവിന്ദൻ (എഡി.), കേരള ശാസ്ത്ര സാഹിത്യ പരിഷത്തു്, മൂന്നാം പതിപ്പു്, 2006. 2011-ലെ സെൻസസ് അനുസരിച്ചു് 92% സ്ത്രീ സാക്ഷരത കേരളത്തിലുണ്ടു് (പുരുഷന്മാരുടേതു് 96%), https://www.ceicdata.com/en/india/literacy-rate/literacy- rate-kerala, https://www.statista.com/statistics/1220131/global-adult-literacy-rate-by- gender/.
കേരള പഠനം, ഡോ. കെ. പി. അരവിന്ദൻ (എഡി), കേരള ശാസ്ത്ര സാഹിത്യ പരിഷത്തു്, മൂന്നാം പതിപ്പു്, 2006, പു. 95.
Female Labour Force Participation in Kerala: Problems and Prospects, Sumit Mazunmdar & M. Guruswamy, Paper to be presented at the forthcoming 2006 Annual Meeting Program Population Association of America Westin Bonaventure, Los Angeles, California. www.iipsindia.org
32-ാമതാണു് 2001-ൽ കേരളത്തിന്റെ സ്ഥാനം. 2011-ൽ അതു് 25-ാമതായി മെച്ചപ്പെടുത്തിയിട്ടുണ്ടു്. 2021–22-ൽ 25.6 ശതമാനമാണു് കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം. https://iwwage.org/wp- content/uploads/2023/01/KERALA_Factsheet_9_jan.pdf
12.2015-ലെ Human Development Report അനുസരിച്ചു് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തതോതു് 60 ശതമാനത്തിലധികമുള്ള 10 രാജ്യങ്ങളാണുള്ളതു്.
Women at Work Trends 2016, International Labour Office, Geneva,ILO, 2016, PXI.
സംഘടിത, 9 ജൂലൈ 2015, അന്വേഷി പ്രസിദ്ധീകരണം, കോഴിക്കോടു്, (മലയാളത്തിലെ 32 സ്ത്രീവിവർത്തകരുടെ വിവർത്തനാനുഭവങ്ങളോടെ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പു്).
Hans J Vermeer-ന്റെ Skopos and Commission in Translation Study എന്ന ലേഖനത്തിൽ ‘… a commission as the instruction given by oneself or by someone else, to carry out a given action here… to translate’, Translation Studies Reader (Ed.) Lawrence Venuti, Routledge, New York, 2nd Edition, 2005, p-235.
കേരളപഠനം, പു. 117.
അതിൽതന്നെ, പു. 118.
Women at Work Trends,2016, P.X.V.
ഡൽഹിയിൽ ജോലിയുള്ളവരും വിവാഹിതരുമായ 1000 സ്ത്രീകളിൽ നടത്തിയ സർവെയിൽ കുഞ്ഞു് ജനിച്ചതിനുശേഷം ജോലി തുടർന്നവർ 18–34 ശതമാനം പേർ മാത്രമാണു് എന്നു് മന്ദാകിനി ദേവേഷർ ഷൂരി ‘Where are India’s working women?’ എന്ന ലേഖനത്തിൽ പരാമർശിക്കുന്നു. പുതിയ കണക്കുകൾക്കു് നോക്കുക: https://thehindu.com/opinion/op- ed/the-measure-of-the-working-woman/article67435724.ece.
സി. ഐ. സി. സി. ജയചന്ദ്രൻ വ്യക്തിപരം, അച്ഛന്റെ നിഴലിൽ, കേരളശബ്ദം, ആഗസ്റ്റ് 10, 2014, പു. 10.
‘പരിഭാഷ നല്കുന്ന സംതൃപ്തി’, സംഘടിത, 9 ജൂലൈ 2015, പു. 27.
‘പരിഭാഷയുടെ വഴിയിൽ (ലേഖനം), സംഘടിത, 9 ജൂലൈ 2015, പു. 11.
‘ട്രാൻസ്ലേഷനല്ല, ട്രാൻസ്ക്രിയേഷൻ’ (ലേഖനം), അതിൽത്തന്നെ പു. 22.
‘പരിഭാഷ എന്റെ കാഴ്ചപ്പാടിൽ (ലേഖനം), അതിൽത്തന്നെ, പു. 21.
‘താളുകൾക്കിടയിലെ പ്രപഞ്ചം’ (ലേഖനം), അതിൽത്തന്നെ, പു. 28.
അതിൽത്തന്നെ പു. 28–29.
പ്രഭാ സക്കറിയാസ്, ‘വിവർത്തനത്തിന്റെ വിവർത്തനത്തെ വിവർത്തനം ചെയ്യുമ്പോൾ’, കറന്റ് ബുക്സ് ബുള്ളറ്റിൻ, സെപ്റ്റംബർ 2014.
വിജ്ഞാന സമ്പദ് വ്യവസ്ഥ (knowledge economy), സർഗ്ഗാത്മകസമ്പദ് വ്യവസ്ഥ (creative economy) തുടങ്ങിയ പദങ്ങൾ രൂപപ്പെടുന്നതു് ഈ സാഹചര്യത്തിലാണു്.
‘താളുകൾക്കിടയിലെ പ്രപഞ്ചം’ (ലേഖനം), അതിൽത്തന്നെ, പു. 28.
‘വിവർത്തനം എന്ന സർഗ്ഗക്രിയ’ (ലേഖനം), അതിൽത്തന്നെ, പു. 26.
‘വിവർത്തനം ഒരു ഉൾവിളിയാണു്’ (ലേഖനം), അതിൽത്തന്നെ, പു. 53.
‘വിവർത്തനം സ്ത്രീ’ (ലേഖനം), അതിൽത്തന്നെ, പു. 34.
മാധവിക്കുട്ടി എന്റെ കഥ പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലുണ്ടായ പ്രതികരണങ്ങൾ ഓർക്കുക
“… one’s identity as one produce expository prose is to work at someone else’s title, as one works with a language that belongs to many others. It is simple miming of the responsibility to the trace of the other in the self” Gayatry Chakravorty Spivak, The Politics of Translation’, Translation Studies Reader (Ed.) Lawrence Venuti, Routledge, New York, 2nd Edition 2005, p–369.
‘പരിഭാഷയുടെ വഴിയിൽ (ലേഖനം), സംഘടിത, 9 ജൂലൈ 2015.
‘എന്തിനു് വിവർത്തനം ചെയ്യുന്നു?’, (ലേഖനം), അതിൽത്തന്നെ, പു. 15.
‘വിവർത്തനം ഒരാവശ്യമോ അതോ കലയോ’, (ലേഖനം), അതിൽത്തന്നെ, പു. 9.
സ്ത്രീസ്വതന്ത്ര്യവാദികളുടെ ബൈബിളായി വെർജീനിയ വൂൾഫിന്റെ A Room of Ones’s Own മാറണമെങ്കിൽ മലയാളത്തിൽ അതിനു് ഒരു സ്ത്രീ(പക്ഷ)വിവർത്തനം കൂടി വരേണ്ടിയിരിക്കുന്നു. നിലവിൽ മലയാള വിവർത്തനമുണ്ടു്. വെർജീനിയ വൂൾഫ്, എഴുത്തുകാരിയുടെ മുറി, വിവ. എൻ. മൂസക്കുട്ടി, മാതൃഭൂമി ബുക്സ്, കോഴിക്കോടു്, 2004.
ഇരിങ്ങാലക്കുടയിൽ ജനിച്ച സുഭദ്ര പരമേശ്വരൻ മദ്രാസ് ലോ കോളേജിൽ നിന്നും ബിഎൽ ബിരുദമെടുത്തു. ഇരിങ്ങാലക്കുടയിലെ പ്രഥമ വനിതാ മുൻസിപ്പൽ കൗൺസിലറും ആദ്യത്തെ വനിതാ അഭിഭാഷകയുമായിരുന്നു. ഒരു വർഷത്തോളം സബ് രജിസ്ട്രാറായും പ്രവർത്തിച്ചു. ഒരു യഥാർത്ഥ മനുഷ്യന്റെ കഥ, വിപ്ലവത്തിന്റെ തീച്ചൂളയിൽ, മരുമകൻ (റഷ്യൻ നോവലുകൾ), അവന്റെ തലയ്ക്കൊരു സമ്മാനം, ചെന്നായ്ക്കൾക്കിടയിൽ (ജർമ്മൻ നോവലുകൾ), ഓപ്പറേഷൻ തിയേറ്റർ, മണിമുഴക്കം, രണ്ടു കാമുകന്മാർ, ആദ്യപ്രേമം (റഷ്യൻ നാടകങ്ങൾ), ഹോട്ടോ ബീച്ചു് കഥകൾ (റഷ്യൻ ബാലസാഹിത്യം), ബൾഗേറിയൻ നാടോടിക്കഥകൾ എന്നീ വിവർത്തനങ്ങൾ കൂടാതെ ഭാരതീയ വനിത, വനിതാ ലോകം എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
സുഭദ്രാ പരമേശ്വരൻ ബി. എ., ബി. എൽ., ചെന്നായ്ക്കൾക്കിടയിൽ, രണ്ടാം പതിപ്പു്, 1979, സി. ഐ. സി. സി. ബുക്ക്, കൊച്ചിൻ, 2-ാമതു് എഡിഷൻ, നവംബർ, 1979. സുഭദ്രാ പരമേശ്വരന്റെ പുസ്തകങ്ങളുടെ വിപണന കേന്ദ്രം എന്ന നിലയിൽ വി. ആർ. കൃഷ്ണയ്യർ, സുബ്രഹ്മണ്യൻ പോറ്റി, വി. പരമേശ്വരൻ എന്നിവർ ചേർന്നാണു് സി. ഐ. സി. സി. (സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ ആന്റ് കോ-ഓപ്പറേഷൻ) 1962 ജൂൺ നാലിനു് ആരംഭിച്ചതു്. സുഭദ്രാ പരമേശ്വരൻ വിവർത്തനം ചെയ്ത ഒരു യഥാർത്ഥ മനുഷ്യന്റെ കഥയാണു് ആദ്യ പുസ്തകം.
സുഭദ്രാപരമേശ്വരന്റെ പുസ്തകങ്ങൾ പിന്നീടു് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഈ രൂപകല്പന മൂലഗ്രന്ഥകാരനു് പ്രാധാന്യം നല്കുന്ന രീതിയിലായി മാറി. മൂലഗ്രന്ഥകാരന്റെ ചിത്രമടക്കം പുസ്തകത്തിലുണ്ടു്. വിപ്ലവത്തിന്റെ തീച്ചൂളയിൽ, ചിന്ത പബ്ലിഷേഴ്സ്, 2009. ഒരു യഥാർത്ഥ മനുഷ്യന്റെ കഥ, ചിന്ത പബ്ലിഷേഴ്സ് 2011, അവന്റെ തലയ്ക്കൊരു സമ്മാനം, ചിന്ത പബ്ലിഷേഴ്സ് 2009.
“Translation is the most intimate act of reading, I surrender to the text when I translate” Gayatry Chakravorty Spivak, ‘The Politics of Translation’, Translation Studies Reader (Ed.) Lawrence Venuti, Routledge, New York, 2nd Edition, 2005, p-370.
“Language combains a functions of a mirror, a tool, a weapon;… [it] reflects society… humanbeings used with to interact with one another… [and] language can be [used] by groups that enjoy the previlages of power to legitimize their own value system by labelling others ‘deviant’ or ‘inferior’ Language Gender and Professional writing, by Francine Wattman Frank, Paula A Treichler, Modern Language Association 1989, p 108.
മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പലരും ഞാനൊരു ഫെമിനിസ്റ്റല്ല എന്നു് പ്രഖ്യാപിച്ചിട്ടുള്ളവരാണു്. ‘ഞാനൊരു ഫെമിനിസ്റ്റാണു്, എന്നാൽ… ’ എന്ന അനുഭവത്തിൽ നിന്നു് വ്യത്യസ്തമാണതു്. സ്ത്രീജീവിതത്തിൽ സ്വാഭാവികമെന്നോണം (conditioned) ആയിത്തീർന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞാലേ രണ്ടാമതു് പറഞ്ഞതു പോലെയെങ്കിലും ചിന്തിക്കാനാവൂ.