images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
വിശേഷയോഗ്യതകൾ

വൃത്താന്തപത്രപ്രവർത്തനത്തിലേക്കു വർത്തമാനങ്ങൾ ശേഖരിച്ചു് അറിയിക്കുന്ന ‘റിപ്പോർട്ടർ’ എന്ന വൃത്താന്തനിവേദകൻ തുടങ്ങി, ലേഖനങ്ങളൊക്കെ നോക്കി പ്രസാധനം ചെയ്തു പത്രത്തിന്റെ നയത്തെ പരിപാലിച്ചുകൊള്ളുന്ന പത്രാധിപൻവരെ, പലേ ജോലിക്കാരും, ‘അനധ്യായം’ കൂടാതെ പല പ്രകാരത്തിലും പല തരത്തിലും ക്ലേശങ്ങൾ സഹിക്കുന്നതിന്നു തക്കവണ്ണം അവർക്കു പതിഫലം ലഭിച്ചില്ലെന്നു വന്നാലും, അവരുടെ പ്രവൃത്തിക്കൊപ്പം രസകരമായി മറ്റു വല്ല പണിയും ഉണ്ടോ എന്നു സംശയമാണു്. ലോകത്തിന്റെ ഗതിഭേദങ്ങളെ ഉടനുടൻ അറിവാനും, പലേ ആളുകളുമായി പരിചയപ്പെടുവാനും, പത്രപ്രവർത്തനുള്ളെടത്തോളം സൗകര്യം മറ്റൊരാൾക്കില്ലതന്നെ. മദ്യപിച്ചു നിരത്തിൽ കടന്നു ‘ലഹളവയ്ക്കുന്ന’ ‘വികൃതി’കളുടെ ‘പേക്കൂത്തുകൾ’ കണ്ടു അതിൽനിന്നു വല്ല ‘വർത്തമാന’വും ഉണ്ടാക്കാൻ കഴിയുമോ എന്നു മനസ്സു ‘ചുഴിയുന്ന’ വൃത്താന്തനിവേദകനു്, ലോകസ്വഭാവങ്ങളേയും പ്രകൃതിയുടെ വികൃതികളെയും അഭിമുഖമായി കാണ്മാൻ സാധിക്കുന്നതിന്നൊപ്പം, ലേഖകന്മാരുടെ വർത്തമാനക്കത്തുകളെയും വിമർശലേഖനങ്ങളെയും മുഖപ്രസംഗമെഴുത്തുകാരുടെ ഉപന്യാസങ്ങളെയും പരിശോധിച്ചു് ഓരോരോ ആളുകളുടെ മനോധർമ്മങ്ങളെ സാരനിർണ്ണയം ചെയ്യുന്ന പത്രാധിപന്മാർക്കു ലോകത്തെ മുഖത്തോടുമുഖം കാണ്മാൻ സാധിക്കയില്ലെന്നിരുന്നാലും, അവർക്കാർക്കും എന്നും ഒരേ കാര്യത്തെപ്പറ്റി തന്നെ ചിന്തിച്ചുകൊണ്ടിരുന്നു മുഷിയേണ്ടതായിട്ടില്ലാ. ഓരോ മണിക്കൂറിലും പുതിയ പുതിയ സംഗതികൾ അവരുടെ ശ്രദ്ധയ്ക്കു വിഷയമായിത്തീരുന്നതുകൊണ്ടു, ജീവിതത്തിന്നു് എപ്പോഴും പുതുമയും, അനുഭവയോഗ്യതയും തോന്നുന്നതാണു്. എന്നാൽ, ഈ തൊഴിലുകൾ നടത്തുന്ന ഇവർക്കു്, ആരംഭത്തിൽ വിശാലമായ വിദ്യാഭ്യാസം വല്ലതും ഉണ്ടായിരുന്നിട്ടാണോ, ലോകത്തെ ഒക്കെ ഗ്രഹിപ്പാൻതക്ക സാമർത്ഥ്യം ഇവർക്കുണ്ടായിട്ടുള്ളതു്? നിശ്ചയമായും പത്രപ്രവൃത്തിയിൽ കീർത്തിനേടീട്ടുള്ളവരിൽ അനേകം പേർ, ഉന്നതമായ വിദ്യാഭ്യാസം സിദ്ധിച്ചവർ ആയിരുന്നിട്ടില്ല. ഈ തൊഴിലിൽ പരിചയപ്പെടുവാൻ കടക്കുന്ന പലേ ചെറുപ്പക്കാർക്കും ഈ തൊഴിലിൽതന്നെയാണു് വിദ്യാഭ്യാസമാർഗ്ഗമായും തീരുന്നതു്. എന്നിരുന്നാലും, പത്രപ്രവൃത്തിയിൽ കടക്കുന്നതിനു മുമ്പു് ഏതാനും ചില വിശേഷയോഗ്യതകൾ ഉണ്ടായിരിക്കേണ്ടതും ആവശ്യമാണു്; ആ വക യോഗ്യതകൾ ഇല്ലാതെ കടക്കുന്ന യാതൊരുവനും തൊഴിലിൽ ജയം കിട്ടുകയില്ല.

യോഗ്യതകൾ എന്തായിരിക്കാം? ഏതാൻ മാസങ്ങൾക്കുമുമ്പു്, ഒരു മലയാളപത്രത്തിൽ ഇപ്രകാരം ഒരു പരസ്യം കണ്ടിരുന്നു: “ആവശ്യമുണ്ടു്—ആഴ്ചയിലൊന്നു വീതം പ്രസിദ്ധീകരിക്കപ്പെടുവാൻ നിശ്ചയിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് മലയാള വർത്തമാന പത്രത്തിന്റെ പത്രാധിപത്യം വഹിക്കാൻ യോഗ്യതയുള്ള ബി. ഏ. ബിരുധധാരിയായ ഒരാളെ ആവശ്യമുണ്ടു്. മനസ്സുള്ളവർ യോഗ്യത പ്രതിഫലം മുതലായവ വിവരിച്ചിട്ടു അടുത്ത മേടമാസം 30-ആം തീയതിക്കുള്ളിൽ ഞങ്ങളെ അറിയിക്കണമെന്നു് അപേക്ഷ… ” ഇങ്ങനെയായിരുന്നു പരസ്യം ചെയ്തിരുന്നതു്. യോഗ്യതയുള്ള ‘ബി. ഏ. ബിരുദധാരി’ എന്ന വാചകത്താൽ, ഒരു പത്രാധിപർക്കു വേണ്ടതായ യോഗ്യത എന്താണെന്നു പരസ്യത്തിന്റെ കർത്താക്കന്മാർക്കൊപ്പംതന്നെ പൊതുവിൽ ഏവരും ധരിച്ചിട്ടുള്ളതായി അർത്ഥം ദ്യോതിക്കുന്നുണ്ടു്; എന്നാൽ ‘യോഗ്യത… മുതലായവ വിവരിക്കണം’ എന്നു് കൂടി ആവശ്യപ്പെട്ടിരിക്കുന്ന പിൻ വാചകത്താൽ, മേല്പടി അർത്ഥത്തിന്നു മാർഗ്ഗം ഇല്ലെന്നും തോന്നുന്നുണ്ടു്. വിശേഷിച്ചും, ‘ബി. ഏ. ബിരുദധാരി’യായ ആൾ വേണം അപേക്ഷയെ സാധിപ്പാൻ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് ഈ പത്രാധിപത്യപ്പണിക്കും ബി. ഏ. ബിരുദത്തിനും തമ്മിൽ എന്തോ ചേർച്ചയോ ചാർച്ചയോ ഉണ്ടെന്നുകൂടി വിചാരിക്കേണ്ടിവരുന്നു. പക്ഷേ, ബി. ഏ. ബിരുദകാര്യം ആവശ്യപ്പെട്ടതു് അപേക്ഷകന്മാരുടെ എണ്ണത്തെ ചുരുക്കുവാനും പത്രനടപ്പിനു യോഗ്യതയില്ലാത്തവരായി വിദ്യാഭ്യാസവിഷയത്തിൽ ‘മുറിക്കുന്ത’ക്കാരായി നടക്കുന്നവർ ആരും ചാടി വരാതിരിപ്പാനും വേണ്ടി ചെയ്ത മുൻകരുതലായിരിക്കാം. ഏതായാലും, പത്രാധിപത്യപ്രവൃത്തിക്കു്, ബി. ഏ. ബിരുദം അപരിത്യാജ്യമായ യോഗ്യതാംശമല്ല; അവശ്യമായ യോഗ്യതകൾ ഒരുവന്നു പത്രപ്രവർത്തനത്തൊഴിലിൽ സിദ്ധിച്ചിട്ടുള്ള പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നതേയുള്ളു. ഇവ എന്താണു്?

ഇംഗ്ലീഷ് പത്രത്തിലേക്കു പ്രവൃത്തിയെടുപ്പാനാണു് ഒരുവന്റെ ഉദ്ദേശമെങ്കിൽ, ഇക്കാലത്തു്, അവന്നു അവശ്യമായും മുഖ്യമായും വേണ്ട യോഗ്യത, “ഷാർട്ടുഹാൻഡ്” എന്നു പറയപ്പെടുന്ന ചുരുക്കെഴുത്തു്, അല്ലെങ്കിൽ സൂത്രലിപി, അഭ്യസിച്ചിരിക്കേണമെന്നുള്ളതാണു്. വൃത്താന്തനിവേദനം ചെയ്യുന്ന പണിയിൽ, ഈ യോഗ്യത ഇല്ലാത്ത യാതൊരാക്കും ഇപ്പോഴത്തെ കാലത്തു ‘തേറിപ്പോവാൻ’ സാധ്യമല്ല. ചുരുക്കെഴുത്തറിയാത്തവരെ ഇംഗ്ലീഷ് പത്രങ്ങളിൽ ‘റിപ്പോർട്ടർ’മാരായി സ്വീകരിക്കുന്നതു് ‘മുട്ടിയപക്ഷ’ത്തിൽ ആയിരിക്കും. നിത്യവും നടക്കുന്ന എത്രയോ മഹാജനങ്ങളുടെ നടപടിവിവരങ്ങളെ പത്രങ്ങളിലേക്കു് എഴുതി അറിയിക്കേണ്ട റിപ്പോർട്ടർമാർക്കു്, ആ യോഗങ്ങളിൽ ഓരോരുത്തർ പ്രസംഗിക്കുന്നതൊക്കെ കുറിച്ചെടുപ്പാൻ ചുരുക്കെഴുത്തല്ലാതെ എളുപ്പമായ വഴി വേറെ ഏതാണുള്ളതു്? പ്രസംഗങ്ങൾ തൽകർത്താക്കന്മാർ എഴുതിക്കൊണ്ടുവന്നു വായിക്കുന്നവയായിരുന്നാൽ, ചുരുക്കെഴുത്തിന്റെ ആവശ്യം നേരിടുകയില്ലെന്നു വരാം, സാധാരണ കൈയെഴുത്തിൽ അവയെ പകർത്തിക്കൊണ്ടാൽ മതിയാകുമല്ലോ. എന്നാൽ, യോഗാവസരങ്ങളിൽ സമയോചിതമായി ഓരോ സംഗതികളെ വാചാ പ്രസംഗിക്കുമ്പോൾ അതിനെ കൈയെഴുത്തുകൊണ്ടു പിൻതുടരാൻ സാധിക്കയില്ലതന്നെ; വിശേഷിച്ചും, മിനിട്ടിനു് ഒരു നൂറ്റിനുമേൽ, എന്നല്ല, ചിലരുടെ വിഷയത്തിൽ ഇരുന്നൂറ്റധികം കൂടിയും, വാക്കുകൾ പ്രസംഗിപ്പാൻ സാമർത്ഥ്യമുള്ള വാഗ്മികളുടെ പ്രസംഗങ്ങളെ സാധാരണ കൈയെഴുത്തിൽ കുറിച്ചെടുപ്പാൻ എങ്ങനെ സാധിക്കും? ചുരുക്കെഴുത്തിൽ നൈപുണ്യം നേടീട്ടുള്ളവർക്കുകൂടി, ഇതു് ചിലപ്പോൾ പ്രയാസമായി കണ്ടിട്ടുണ്ടു്. പ്രഖ്യാതന്മാരായ വാഗ്മികൾ ചെയ്യുന്ന ആകസ്മിക പ്രസംഗങ്ങളെ പത്രങ്ങളിൽ വായിപ്പാൻ മാത്രം സാധിക്കുന്ന ദൂരസ്ഥന്മാരായ വായനക്കാരുടെ ആകാംക്ഷയെ നിർവ്വഹിക്കേണ്ട കടമ പത്രപ്രവർത്തകന്മാർക്കുണ്ടായിരിക്കുമ്പോൾ, ആ പ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്യുന്നതിനു് ‘റിപ്പോർട്ടർ’ക്കു് ചുരുക്കെഴുത്തുകൂടാതെ കഴികയില്ലതന്നെ. എന്നാൽ ചുരുക്കെഴുത്തുശീലം ആർക്കും സുലഭം ആണെന്നിരുന്നാലും റിപ്പോർട്ടർക്കു് സാമാന്യമായ അഭ്യാസം പോരാ. മിനിട്ടിനു് അറുപതു വാക്കുകൾ വീതം കുറിച്ചെടുപ്പാൻ സാമാന്യക്കാർക്കൊക്കെ കഴിയും; നൂറോ നൂറ്റിരുപതോ വാക്കുകൾ എഴുതിയെടുപ്പാൻ അതു എളുപ്പമല്ല. സാമാന്യക്കാർ പ്രസംഗിക്കുന്ന വാഗ്വോഗമാനം നോക്കിയാൽ മിനിട്ടിനു് നൂറുനൂറ്റിരുപതു വാക്കുകൾ കുറിച്ചെടുക്കേണ്ടിയിരിക്കും; ചില വാഗ്മികൾ ഇരുനൂറു വാക്കുകൾവരെ എത്തും. ഇരുനൂറ്റിപതിമൂന്നു വാക്കുകൾ ഒരു മിനിട്ടിൽ പ്രസംഗിപ്പാൻ കഴിഞ്ഞിട്ടുള്ള വാഗ്മികളും, അവയെ അതേസമയം ചുരുക്കെഴുത്തിൽ കുറിച്ചെടുത്തു് ഒപ്പം എത്തുവാൻ കഴിഞ്ഞിട്ടുള്ള ചുരുക്കെഴുത്തുകാരും ഉണ്ടായിരുന്നിട്ടുണ്ടു്. പക്ഷേ, ഇതു് ഒരു വ്യത്യസ്ത സംഗതിയാവാം. എന്നാലും, സാധാരണ ഒരു സമർത്ഥനായ റിപ്പോർട്ടർക്കു് മിനിട്ടിനു് നൂറ്റി അമ്പതു വാക്കുകൾ വിതം എഴുതിയെടുപ്പാൻ കഴിവുണ്ടായിരിക്കണം. ഈ യോഗ്യതയെക്കരുതിമാത്രം, ചില പത്രപ്രവർത്തകന്മാർ മറ്റു വിദ്യഭ്യാസ യോഗ്യതകൾ ഇല്ലാത്തവരെക്കൂടി, ഈ തൊഴിലിൽ കടത്തിവിട്ടുപോയിട്ടുണ്ടു്. ചിലപ്പോൾ, ചുരുക്കെഴുത്തിൽ കുറിച്ചെടുത്ത സംഗതികളെ ഉപയോഗിച്ചു പത്രത്തിലേക്കു് ലേഖനങ്ങൾ എഴുതുവാൻ തക്ക പ്രാപ്തിയില്ലാത്തവരെക്കൊണ്ടു് ചുരുക്കെഴുത്തറിവില്ലാത്ത ‘റിപ്പോർട്ടർ’മാർക്കു ഉപകാരമുണ്ടായേക്കും. ഏതൊന്നായാലും, റിപ്പോർട്ടർമാർ ചുരുക്കെഴുത്തഭ്യസിച്ചിരിക്കേണ്ടതു് അത്യന്താപേക്ഷിതമായിട്ടാണു് ഇപ്പോൾ പത്രപ്രവർത്തകന്മാർ ഗണിച്ചിരിക്കുന്നതു്. ചുരുക്കെഴുത്തിനെപ്പറ്റി ഇപ്പോൾ പറഞ്ഞതൊക്കെ, ഇംഗ്ലീഷുപത്രങ്ങളെ വിഷയീകരിച്ചിട്ടാണു്. മലയാളത്തിൽ ചുരുക്കെഴുത്തു നടപ്പിലായിട്ടില്ലാ: ‘മലയാള സൂത്രലിപി’ എന്ന പേരിൽ ഒരു ചുരുക്കെഴുത്തുസമ്പ്രദായം ഈയിടെ ഒരു ഗ്രന്ഥത്തിൽ വ്യവസ്ഥപ്പെടുത്തി കണ്ടിട്ടുണ്ടെങ്കിലും, പ്രചാരപ്പെടുത്തി കണ്ടിട്ടില്ല. മലയാളത്തിൽ പ്രസംഗിക്കുന്നവരുടെ വാക്കുകളെ ഉടനടി കുറിച്ചെടുപ്പാൻ ആവശ്യപ്പെടുമാറു്, മലയാളപത്രങ്ങൾ സ്വന്തം വൃത്താന്തനിവേദകന്മാരെ അതിലേക്കു് ഉത്സാഹിപ്പിക്കാതിരിക്കുന്നതു്; മലയാളപത്രവായനക്കാർക്കു് അങ്ങനെയുള്ള പ്രസംഗങ്ങളെ തൽകർത്താവിന്റെ വാക്കുകളിൽ തന്നെ വായിച്ചറിയുന്നതിനു് കൗതുകമില്ലാഞ്ഞിട്ടായിരിക്കാൻ സംഗതിയില്ല. മലയാളപത്രപ്രവർത്തനത്തൊഴിൽ അതിനുതക്കവണ്ണം പരിഷ്ക്കാരപ്പെട്ടിട്ടില്ലായ്കയാലായിരിക്കാം. അവസരംപോലെ കിട്ടുന്ന വർത്തമാനങ്ങളെ, ത്യാജ്യഗ്രാഹ്യവിവേചനം ചെയ്യാതെ എഴുതിക്കൂട്ടി വർത്തമാനക്കത്തുകൾ ഉണ്ടാക്കി അയച്ചു തൃപ്തിപ്പെടുന്ന ലേഖകൻമാരും, പണം കൊടുത്തു റിപ്പോർട്ടർമാരെ നിയമിപ്പാൻ തക്ക ധനശക്തിയില്ലാത്ത പത്രങ്ങളും, മലയാളസൂത്രലിപിയുടെ പ്രചാരത്തിനു സഹായമായിരിപ്പാൻ ഇടയുണ്ടെന്നു് തോന്നുന്നില്ല. എന്നാലും മലയാളപത്രങ്ങൾ മലയാളസൂത്രലിപി അഭ്യസിച്ച വൃത്താന്തനിവേദകന്മാരെക്കൊണ്ടു അലങ്കരിക്കപ്പെടുന്നതിനു ഒരു കാലം ഉണ്ടാകുമെന്നു ആശിക്കാം. ഇംഗ്ലീഷിൽ ചുരുക്കെഴുത്തു സമ്പ്രദായം ഏർപ്പെടുത്തും മുമ്പു്, ഇംഗ്ലീഷ് പത്രങ്ങളിൽ വാചാപ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്തിരുന്നതു് ഏതു പ്രകാരമോ, അതേപ്രകാരം തന്നെയാകുന്നു മലയാളത്തിലും ഇപ്പോൾ നടത്തിവരുന്നതു് എന്നു സമാധാനപ്പെടാം. ധാരണാശക്തി, ഗദ്യരചനാനൈപുണ്യം എന്ന രണ്ടും ആകുന്നു, മലയാളത്തിൽ, പ്രസംഗങ്ങളെ അന്വാഖ്യാനം ചെയ്യാൻ ഇപ്പോൾ ഏകാശ്രയമായിരിക്കുന്നതു്. എന്നാൽ ഈ സമ്പ്രദായത്തിനു് ഒരു ന്യൂനതയുണ്ടു്. പ്രവക്താക്കളുടെ വാക്കുകളെ പത്രമുഖേന നേരിട്ടു് കേൾക്കുവാൻ വായക്കാർക്കു കഴിയുന്നില്ല, എന്ന ഈ ന്യൂനത അഗണ്യമെന്നു പറഞ്ഞുകൂടാ. ചിലപ്പോൾ റിപ്പോർട്ടർമാരുടെ അബദ്ധധാരണ നിമിത്തം പ്രസംഗകർത്താവിന്റെ ആശയങ്ങളെ പത്രവായനക്കാർ ഒന്നിനൊന്നായി ഗ്രഹിക്കേണ്ടി വന്നു എന്നും വരാം.

ചുരുക്കെഴുത്തു സമ്പ്രദായം അഭ്യസിച്ചു നിപുണനായിരുന്നാലും അതുകൊണ്ടു മാത്രം യോഗ്യത തികയുകയില്ല പത്രക്കാരന്റെ കൃത്യം, അന്യന്മാരുടെ വിചാരങ്ങളെയും വാക്കുകളെയും ചേഷ്ടകളെയും യഥായഥം പത്രവായനക്കാർക്കു മനസ്സിലാക്കികൊടുക്കുകയാണു്. ഈ സ്ഥിതിക്കു്, അവന്നു് പലേ വിഷയങ്ങളിലും കുറേശ്ശെ അറിവുണ്ടായിരിക്കുന്നതു് പ്രയോജനകരമായിരിക്കും. അവനു് ഒരു വിഷയത്തിലും അഗാധജ്ഞാനം സമ്പാദിച്ചിരിക്കേണ്ട ആവശ്യമില്ലാ: എങ്കിലും ഒന്നിലും അജ്ഞനായിരിക്കുന്നതും വിഹിതമല്ല. പ്രദിപാദ്യവിഷയമായിത്തീരുന്ന ഏതൊരാളെയും, ഏതൊരുസംഗതിയേയും, ഈഷൽ വ്യത്യാസം കൂടാതെ ഗ്രഹിക്കേണ്ടതിന്നു് പത്രക്കാരന്നു് പ്രാപ്തിയുണ്ടായിരിക്കണം.

ചുരുക്കെഴുത്തു സമ്പ്രദായപ്രകാരമാകട്ടെ, ഓർമ്മശക്തി കൊണ്ടാകട്ടെ, ഏതു സംഗതിയെപ്പറ്റിയും വിവരങ്ങൾ കുറിച്ചെടുത്താൽ, പിന്നെ വേണ്ടതു്, അവയെ വായനക്കാർക്കായി പത്രത്തിൽ ‘വിളമ്പു’ന്നതിനു തക്കവിധം ‘പാക’പ്പെടുത്തുകയാണു്. ഇതിന്നു് എന്തു യോഗ്യതയാണു് വേണ്ടതു്? ഇതു സംബന്ധമായ പാകശാസ്ത്രത്തിൽ ലേഖകന്മാർ പഠിച്ചിരിക്കേണ്ട പ്രമാണങ്ങൾ ഏറെയില്ല. ഏതു ഭാഷയിൽ ലേഖനങ്ങൾ എഴുതുന്നുവോ, ആ ഭാഷയെ നല്ല ചാതുര്യത്തോടെ എഴുതി ഫലിപ്പിക്കാൻ പ്രാപ്തി ഉണ്ടായിരിക്കണം. ഭാഷാവ്യാകരണവിധികളെ ലംഘിക്കാത്ത പ്രകാരത്തിൽ വേണം എഴുതുവാൻ; കർത്താവുള്ളപ്പോൾ ക്രിയ ഇല്ലാതെയോ ക്രിയകളെയും നാമങ്ങളെയും തമ്മിൽ സമുച്ചയിപ്പിച്ചോ, പൂർണ്ണവിരാമം വേണ്ടെടത്തു് അല്പവിരാമം മാത്രം ചെയ്തിട്ടോ, താൻ എഴുതുന്നതിന്റെ അർത്ഥം എന്തെന്നു് വായനക്കാരനു ഗ്രഹിപ്പാൻ സാധിക്കാത്തവിധത്തിലുള്ള വാചകങ്ങൾ എഴുതിയിരുന്നാൽ, അതുകൊണ്ടു് ഉപദ്രവമുണ്ടാകയല്ലാതെ, ഉപകാരമുണ്ടാകയില്ല. എഴുതുന്ന ആളുടെ ആശയങ്ങളെ സുഗമമായഭാഷയിൽ പകർത്തണം: സാധാരണ സംഭാഷണരീതിയിലുള്ള ഭാഷയിൽ ചെറിയ വാക്യങ്ങളായി എഴുതുന്നതു ഉത്തമം. എല്ലാ സംഗതികളെയും അസന്ദിഗ്ധാർത്ഥമായും, പ്രക്രമഭംഗം കൂടാതെയും, ഉചിത പദങ്ങളെ പ്രയോഗിച്ചും, വെളിപ്പെടുത്തണം. ലേഖനമെഴുതുന്നവർ സാഹിത്യകാരശ്രേഷ്ഠന്മാരാണെന്ന ഖ്യാദിയെ സമ്പാദിക്കത്തക്ക ഗദ്യരചനാനൈപുണ്യം സിദ്ധിച്ചിട്ടുള്ളവർ ആയിരുന്നിട്ടില്ലെങ്കിലും, ഗദ്യരചനയുടെ പ്രാഥമികതത്വങ്ങളെ അറിഞ്ഞു് അതിന്മണ്ണം സുബദ്ധമായ രീതിയിൽ എഴുതുവാൻ കഴിഞ്ഞിരിക്കണം. ഈ യോഗ്യത, മലയാളപത്ര ലേഖകന്മാർക്കു വിശേഷിച്ചും ആവശ്യമാണു്. ഇംഗ്ലീഷിൽതന്നെയും, ഒരു റിപ്പോർട്ടർക്കു എല്ലാ സമയവും ചുരുക്കെഴുത്തു മാത്രംകൊണ്ടു തന്റെ പ്രവൃത്തി കഴിഞ്ഞുപോകയില്ല. പ്രസംഗങ്ങൾ തൽകർത്താക്കന്മാരുടെ വാക്കുകളിൽതന്നെ ആഖ്യാനം ചെയ്യണമെന്നു് നിർബന്ധമുണ്ടായിരുന്നാൽ റിപ്പോർട്ടർക്കു്, തന്റെ വകയായി എഴുതിച്ചേർക്കേണ്ട മുഖവുരയോ ഉപസംഹാര വാചകമോ എഴുതിക്കൊണ്ടു്, ചുരുക്കെഴുത്തിനെ സാധാരണ കൈയെഴുത്തിൽ പകർത്തുകമാത്രം ചെയ്താൽ മതിയാകും. മറ്റുപ്രകാരത്തിലാണെങ്കിൽ, റിപ്പോർട്ടർക്കു എല്ലാ സംഗതികളും സ്വന്തം വാചകത്തിൽ എഴുതേണ്ടിയിരിക്കും. അന്യന്മാരുടെ പ്രസംഗങ്ങളും, യുക്തികളും മറ്റുമൊക്കെ, റിപ്പോർട്ടർ വഴിയായിട്ടാണു് വായനക്കാർക്കു ലഭിക്കേണ്ടതു്. ഭാഷ വശപ്പെട്ടിട്ടില്ലാത്ത, അതാവിതു, വാക്കുകളും, വാചകങ്ങളും എല്ലാം തന്റെ കൈക്കൽ വഴങ്ങീട്ടില്ലാത്ത, ഒരു റിപ്പോർട്ടർ ആയിരുന്നാൽ, അവർ എഴുതുന്നതൊക്കെ ശരിയായിട്ടുതന്നെയിരിക്കുമെന്നു ഉറപ്പുപറവാൻ കഴിയുകയില്ല. അവന്റെ റിപ്പോർട്ടുകളെപറ്റി വായനക്കാർക്കു വിശ്വാസവും ഉണ്ടായിരിക്കയില്ല. അവനാണു് വായനക്കാരെ അതാതു വിഷയങ്ങളിലേക്കു് വഴികാട്ടിക്കൊണ്ടുപോകുന്നതു്. വഴികാട്ടുന്നതു അവന്റെ വാക്കുകൾകൊണ്ടും വാചകങ്ങൾകൊണ്ടുമാണു്. അതാതു വിഷയങ്ങളിലെ ഊടു വഴികളിൽ അവരെ ദിക്ഭ്രമം കൂടാതെ നടത്തിക്കൊണ്ടുപോകുവാൻ അവന്നു ഒരേ ആശ്രയമായിരിക്കുന്നതു് അവന്റെ വാചകങ്ങളും വാക്കുകളുമാകയാൽ, അവന്നു്, സ്വഭാഷയിൽ ഗദ്യരചനാനൈപുണ്യം എത്രത്തോളം ആവശ്യമാണെന്നു് സിദ്ധമാകുന്നു.

ഇതിന്നുംപുറമെ, പത്രപ്രവൃത്തി സംബന്ധിച്ചിടത്തോ അവന്നു നല്ലവണ്ണം വ്യക്തമായും ശീഘ്രമായും എഴുതുവാനും വശപ്പെട്ടിരിക്കേണ്ടതാണു്. കൈയെഴുത്തു വ്യക്തമല്ലാതിരുന്നാൽ. അതു വായിച്ചു നോക്കി ശോധനം ചെയ്യേണ്ട പത്രാധിപരും, അച്ചുനിരത്തേണ്ട അച്ചുകൂടപ്പണിക്കാരും സങ്കടപ്പെടും; ഒന്നിനൊന്നു് അച്ചടിച്ചു പുറപ്പെടുവിക്കാൻ സംഗതിയാവുകയും ചെയ്യും. ചിലപ്പോൾ തനിക്കുതന്നെയും ക്ലേശകാരണമായിത്തീരും; താൻ എഴുതിവയ്ക്കുന്ന ഓർമ്മക്കുറിപ്പുകൾ എന്താണെന്നു ശരിയായി ഗ്രഹിപ്പാൻ കഴിയാതെയായേക്കും ശീഘ്രം എഴുതുവാൻ കഴിയാതിരുന്നാൽ, തന്റെ പ്രവൃത്തി മുന്നോട്ടു നീങ്ങുന്നില്ലെന്നവണ്ണം മന്ദഗതിയായിത്തീരും; ഈ മന്ദതയിൽ ചില സംഗതികൾ തന്റെ ശ്രദ്ധയ്ക്കു വിഷയീഭവിക്കാതെ പോയെന്നും വരാം. ഏതായാലും ഉടനുടൻ കഴിയേണ്ടവ ഉടനുടൻ കഴിയാതെയും, അന്നന്നു് എഴുതി അയക്കേണ്ടവ അന്നന്നു് തയ്യാറാകാതെയും ഏറെക്കുറെ ബുദ്ധിമുട്ടാനിടയാകും.

സ്വഭാഷയിൽ സുഗമമായവിധം ലേഖനമെഴുതാൻ കഴിയുമെങ്കിൽ പിന്നെ, അവശ്യം വേണ്ടതായ മറ്റൊരു യോഗ്യത ഇതരഭാഷകളിൽ പഠിപ്പുണ്ടായിരിക്കയാകുന്നു. മലയാളപത്രക്കാരനു് ഒഴിച്ചുവെക്കാൻ പാടില്ലാത്ത ഇതരഭാഷകളിൽ മുഖ്യമായവ ഇംഗ്ലീഷും സംസ്കൃതവും ആണു്; തമിഴ് കൂടെ ഇക്കൂട്ടത്തിൽ ചേർക്കുന്നതും അവിഹിതമല്ല. പ്രസംഗസഭകളിലും, യോഗങ്ങളിലും പോയി നടപടികൾക്കു ‘റിപ്പോർട്ട്’ എഴുതുവാൻ ഉദ്യോഗിക്കുന്ന ഒരുവൻ ഇക്കാലത്തു്, മേല്പടി ഭാഷകളിൽ അല്പസ്വല്പമെങ്കിലും പരിചയം കൂടാതെയിരിക്കരുതു്. പ്രസംഗം ചെയ്യുമ്പോൾ, ചിലർ ഇടയ്ക്കിടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളിൽ നിന്നോ, സംസ്കൃതകൃതികളിൽ നിന്നോ തമിഴ് പുസ്തകങ്ങളിൽ നിന്നോ, പഴമൊഴികളും സാരോക്തികളും, പ്രമാണങ്ങളും എടുത്തുപറയുന്നുണ്ടായിരിക്കും. ഇവയെ ശരിയായി ഗ്രഹിപ്പാനും തത്തുല്യമായി കുറിച്ചെടുപ്പാനും റിപ്പോർട്ടർക്കു ഈ ഭാഷകളിൽ കുറെ പരിചയം കൂടാതെ കഴികയില്ല. പഴമൊഴികളെയും, സാരോക്തികളെയും, പ്രമാണങ്ങളെയും അതേ പ്രകാരത്തിൽ പകർത്തെഴുതാൻ മാത്രം അറിഞ്ഞാൽ പോരാ: ഇവ ഏതേതു ഗ്രന്ഥങ്ങളിൽ, ആരാണു്, എപ്പോഴാണു്, പറഞ്ഞതു് അല്ലെങ്കിൽ എഴുതിയതു്, എന്നൊക്കെ അറിഞ്ഞിരിക്കണം. അതിലേക്കു് ആ ഗ്രന്ഥങ്ങളുമായി ഒരു മാതിരി പരിചയം സമ്പാദിച്ചിരിക്കണം. ആ ഭാഷകളിലെ പ്രധാനപ്പെട്ട കവികൾ, ഗദ്യകാരകന്മാർ, മുതലായ സാഹിത്യകർത്താക്കന്മാരുടെ പ്രഖ്യാതവും പ്രസിദ്ധവുമായ കൃതികളെ വായിച്ചറിഞ്ഞിരിക്കേണ്ടതു് പത്രക്കാരന്റെ യോഗ്യതാപൂർത്തിക്കു് ആവശ്യമാണു്. വിശേഷിച്ചും ചരിത്രം, ധനശാസ്ത്രം, വിദ്യാഭ്യാസകാര്യങ്ങൾ, നവീനശാസ്ത്ര തത്വങ്ങൾ, നാടകങ്ങൾ, കാവ്യങ്ങൾ മുതലായ പലവക സ്വഭാഷാഗ്രന്ഥങ്ങളും പത്രക്കാരൻ വായിച്ചിരിക്കണം, കുറെ സംഗീതജ്ഞാനവും പ്രയോജനകരമായിരിക്കും. മലയാളപത്രക്കാരൻ, എഴുത്തച്ചന്റെ ഭാഗവതം, ഭാരതം, രാമായണം, ഉണ്ണായിവാര്യരുടെ നളചരിതം കഥകളിപ്പാട്ടു്, കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെ കേരളീയ ഭാഷാ ശാകുന്തളം, അന്യാപദേശശതകം, മയൂരസന്ദേശം, അക്ബർ; കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനവർകളുടെ മഹാഭാരതം ഭാഷ, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ അവർകളുടെ മേഘദൂതു്, കുമാരസംഭവം, ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ ഇങ്ങനെ പല പ്രസിദ്ധപ്പെട്ട ഗദ്യപദ്യഗ്രന്ഥങ്ങൾ വായിച്ചിരിക്കേണ്ടതാണു്. ഈ ഗ്രന്ഥങ്ങളിൽനിന്നു എടുത്തു പറയുന്ന സാരോപദേശങ്ങൾ മുതലായവയെ ശരിയായി എഴുതിക്കൊള്ളുവാൻ ഉദ്ദേശിച്ചു മാത്രമല്ലാ ഇവ വായിക്കേണ്ടതു്: ഭാഷയിൽ നൈപുണ്യം ഉണ്ടാകുന്നതിനും ഇവയുടെ പാരായണം പ്രയോജനകരമായിരിക്കും.

നിസ്സംശയമായും, പത്രക്കാരന്റെ യോഗ്യതകളിൽ മറ്റൊന്നു, തന്റെ രാജ്യത്തിന്റെ ചരിത്രം അറിഞ്ഞിരിക്കയാണു്. തന്റെ രാജ്യത്തിന്റെ മാത്രമല്ല, അയൽരാജ്യങ്ങളുടെയും ഭരണചരിതങ്ങൾ നല്ലവണ്ണം പഠിച്ചിരിക്കണം. ഇന്നു നടക്കുന്ന പല രാജ്യകാര്യങ്ങളും, മുമ്പു്, എത്രയോ കാലത്തിനപ്പുറം, നടന്ന പലേ ഭരണതന്ത്രങ്ങളുടെ ഫലങ്ങളാണു്. തിരുവിതാംകൂറിലെ പത്രകാരനു് തന്റെ രാജ്യത്തെ സ്ഥാപിച്ച മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയോ, രാമയ്യൻദളവ, രാജാകേശവദാസ്, സർ. ടി. മാധവരായർ മുതലായ രാജ്യകാര്യധുരന്ധരന്മാരുടെയോ അത്രയുമല്ല, രാജ്യഭരണത്തെ ദൂഷ്യപ്പെടുത്തിയിരുന്ന ബാലരാമവർമ്മ മഹാരാജാവിന്റെയോ, രാജ്യത്തിൽ കലഹകർത്താക്കന്മാരായിരുന്ന തമ്പിമാരുടെയോ എട്ടുവീട്ടിൽ പിള്ളമാരുടേയോ, കാലത്തെ ചരിത്രങ്ങൾ അറിഞ്ഞിട്ടില്ലെങ്കിൽ, അദ്യതനകാലത്തെ ഭരണചരിത്രങ്ങൾ സുഗ്രഹമായിരിക്കയില്ല. അതിന്മണ്ണം, കൊച്ചിരാജ്യചരിത്രത്തിലെയും പ്രധാന സംഭവങ്ങൾ അറിഞ്ഞിരിക്കേണ്ടതു്, ഈ അയൽരാജ്യങ്ങൾ തമ്മിലുള്ള നിലയെപ്പറ്റിയ സൂക്ഷ്മജ്ഞാനത്തിനു് അവശ്യം തന്നെയാകുന്നു. മലബാർ പത്രക്കാരർ പണ്ടത്തെ മലബാർ ചരിത്രം അവശ്യം അറിഞ്ഞിരിക്കേണ്ടതാകുന്നു. കോഴിക്കോട്ടു സാമൂതിരിപ്പാടും ലന്തക്കാർ തുടങ്ങിയ വിദേശികളും തമ്മിലുണ്ടായിരുന്ന സഖ്യം, ടിപ്പുവിന്റെ ആക്രമം, സാമൂതിരിപ്പാടും, കൊച്ചിരാജാവു മുതലായ നാടുവാഴികളും തമ്മിൽ പണ്ടുണ്ടായ പോരുകൾ; ഇങ്ങനെ പല പല ചരിത്രങ്ങളും ഗ്രഹിച്ചിരിക്കേണ്ടതായിട്ടുണ്ടു്. വിശേഷിച്ചു്; മലയാളപത്രക്കാരൊക്കെ പൊതുവായി അറിഞ്ഞിരിക്കേണ്ട ചരിത്രം ഇന്ത്യയുടെ പുരാതനവും അർവ്വാചീനവും അദ്യതനവും ആയ ചരിത്രമാണു്. ബ്രിട്ടീഷ് സാമ്രാജ്യചരിത്രജ്ഞാനവും അവിഹിതമല്ലാ. ഇവയ്ക്കെല്ലാറ്റിനും പുറമെ, മുഖ്യമായി അറിഞ്ഞിരിക്കേണ്ടതു് ലോകത്തിന്റെ ദിനേദിനേയുള്ള ചരിത്രമാണു്; ഇതിലേക്കു്, പത്രക്കാരൻ അന്നന്നു പ്രസിദ്ധീകരിക്കുന്ന വർത്തമാനപത്രങ്ങൾ വായിച്ചുകൊണ്ടിരിക്കണം.

സ്വപ്രയത്നത്താലും, ലോകഗതികളെ സൂക്ഷ്മമായി പ്രേക്ഷിച്ചറിയുന്നതു വഴിക്കും സമ്പാദിക്കാവുന്ന യോഗ്യതകളാണു് മേൽപറഞ്ഞവ. ഇവയ്ക്കുപുറമെ, പത്രക്കാരനു് സഹജാതമായ ചില വിശിഷ്ട ഗുണങ്ങൾ ഉണ്ടായിരിക്കണം. ഒന്നാമതായി, അവന്നു ഏതു സംഗതിയേയും എളുപ്പം മനസ്സിലാക്കാൻ തക്ക ഗ്രഹണപടുത്വം സ്വതസ്സിദ്ധമായിരിക്കണം. ഒരു പ്രസംഗത്തിന്റെയോ, വല്ല രേഖകളുടെയോ, സംഭവങ്ങളുടെയോ സാരമായ ഭാഗം ഏതാണെന്നു ഉൾക്കണ്ണുകൊണ്ടു കണ്ടറിവാൻ തക്കബുദ്ധികൗശലം വേണം, രണ്ടാമതായി വേണ്ടഗുണം, നിഷ്പക്ഷപാതിത്വമാണു്. പത്രക്കാരൻ സത്യം ന്യായം നീതി മുതലായ ധർമ്മതത്വങ്ങളുടെ പ്രതിനിധിയാണു്; അവൻ ഇവയിൽ നിന്നു തെറ്റിനടക്കാതെ പ്രവർത്തിക്കുമ്പോഴേ ലോകർക്കു നന്മ ഉളവാകയുള്ളു. അതിനാൽ, അവൻ യാതൊരു സംഗതിയേയും വാസ്തവമായ വിധത്തിലല്ലാതെ വർണ്ണിക്കരുതു്. പ്രത്യേകം ഒരു കക്ഷിയുടെ പ്രാതിനിധ്യം വഹിക്കുന്ന പത്രമായിരുന്നാലും, വസ്തുസ്ഥിതികളെ യഥാസ്ഥിതരീതിയിൽ വർണ്ണിക്കയല്ലാതെ, ലോകരെ തെറ്റിദ്ധരിപ്പിക്കത്തക്കവണ്ണം വളച്ചും പൊളച്ചും തിരിച്ചും മറിച്ചും അവാസ്തവവർണ്ണനം ചെയ്യരുതു്. കക്ഷിപ്പത്രങ്ങൾക്കു് ഒരു സംഗതിയിൽ സ്വന്തം അഭിപ്രായങ്ങളെ ഏതു യുക്തിയെ ആധാരമാക്കിക്കൊണ്ടും പ്രസ്താവിക്കമെന്നിരുന്നാലും, ആ സംഗതിയെ ഒന്നിനൊന്നായി തെറ്റിദ്ധരിപ്പിക്കാൻ അവകാശമില്ല; അങ്ങനെ ചെയ്യുന്നതു സത്യത്തിനു വിപരീതമായ പ്രവൃത്തിയുമാകുന്നു. പത്രക്കാരന്റെ മറ്റൊരു അവശ്യഗുണം, അവൻ ലോക കാര്യങ്ങളിൽ സ്വതേ വിമുഖനായിരിക്കരുതെന്നുള്ളതാണു്. അവൻ എപ്പോഴും ഉത്സാഹവാനായിരിക്കണം; അവൻ ലോകരുടെ ദുഃഖങ്ങളിലും സുഖങ്ങളിലും അനുകമ്പയോടെ മനസ്സിനെ പ്രവേശിപ്പിക്കണം. ഈ ഗുണം അവനില്ലായിരുന്നാൽ, അവന്നു പത്രവായനക്കാരായ ലോകരെ യാതൊരു സംഗതിയിലും തൃപ്തിപ്പെടുത്തുവാൻ സാധിക്കയില്ല. ഇവറ്റെക്കാൾ ഒക്കെ മുഖ്യാവശ്യമായതു് ആരോഗ്യമാണു്. പത്രക്കാരന്റെ ജോലി ശ്രമമേറിയതാണെന്നു മാത്രം പറഞ്ഞാൽ പോരാ; ചില സമയങ്ങളിൽ, അത്യന്തം ക്ഷീണിപ്പിക്കുന്നതും, ആത്മഹത്യയ്ക്കുകൂടി തുല്യവും ആയ പ്രവൃത്തിയാകുന്നു. റിപ്പോർട്ടർമാർക്കാണു് ഈ കഷ്ടപ്പാടുകൾ ഉണ്ടാവാറുള്ളതു്. ചിലപ്പോൾ, നല്ലവണ്ണം കാറ്റു വീയാത്തതായി ആൾ തിങ്ങിയിരിക്കുന്നതായി, വേണ്ടുംവണ്ണം വെളിച്ചം ഇല്ലാത്തതായിട്ടുള്ള പ്രസംഗശാലകളിൽ ചെന്നു് പ്രസംഗങ്ങൾ കുറിച്ചെടുക്കേണ്ടതായി വരും; ചിലപ്പോൾ, വെയിലോ കാറ്റോ മഴയോ സഹിച്ചുകൊണ്ടു് ഏറെദൂരം നടക്കേണ്ടതായി വരും; ഒരു യോഗത്തിന്റെ നടപടികൾ കുറിച്ചെടുത്ത ഉടൻതന്നെ, വിശ്രമത്തിന്നോ വിശ്രമകരഭോജനത്തിനോ സമയം ലഭിക്കാതെ, മറ്റൊരു യോഗ നടപടികൾക്കു് ചെന്നെത്തേണ്ടിയിരിക്കും; ചിലപ്പോൾ, അടികലശൽ, ലഹള, തീപ്പിടുത്തം മുതലായ സംഭവങ്ങളുടെ ഇടയിൽ ചെന്നുനിന്നു് വിവരങ്ങൾ കുറിക്കേണ്ടതായി വരാം, ഇവയൊക്കെ കുറിച്ചെടുത്തതിന്റെ ശേഷം കൂടി, രാത്രി വളരെ നേരം ഇരുന്നു് എഴുതേണ്ടിവരും. വെച്ചെഴുതാൻ മേശ ഉണ്ടായിരുന്നില്ലെന്നു വരാം. ആ സമയങ്ങളിൽ കാൽമുട്ടിന്മേലോ, നിലത്തുതന്നെയോ, വെച്ചു് എഴുതേണ്ടിവരും. ഇങ്ങനെ പല പല ക്ലേശങ്ങൾ ഉണ്ടാകാം. ഇവ ഒക്കെ സഹിക്കുന്നതിനു തക്ക മെയ്ക്കരുത്തും മനക്കരുത്തും കൂടിയേ തീരൂ. ആരോഗ്യമില്ലാത്തവനാണു് പത്രക്കാരൻ എന്നിരുന്നാൽ, അവന്നു അധികനാൾ പണിയെടുപ്പാൻ സാധിക്കയില്ലാ. അല്പദിവസംകൊണ്ടു അവന്റെ ശരീരം തകർന്നുപോയേക്കും. ഇങ്ങനെയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും ജോലിയിൽ കൂറുള്ളവനാണെങ്കിൽ, അവന്നു മറ്റൊരു വിധത്തിൽ കഷ്ടപരിഹാരം ഉണ്ടാകുന്നതാണു്. അവനു അന്യരുടെ സന്താപത്തിൽ മാത്രമല്ല, സന്തോഷത്തിലും പങ്കുകൊള്ളാം; മറ്റാളുകൾക്കു സ്വാതന്ത്ര്യമായി എവിടെയും കടന്നുചെല്ലാൻ അവകാശം ഇല്ലാതിരിക്കുമ്പോഴും പത്രക്കാരനു തടവുകൂടാതെ കടക്കാം; അവനെ അന്യർ വിശ്വാസപാത്രമായി കരുതി പല സ്വകാര്യങ്ങളും അവനോടു പറയും; അവന്നു പല കാര്യങ്ങളിലും യഥേഷ്ടം സല്ക്കാരങ്ങളും ലഭിക്കും. പത്രപ്രവൃത്തിയിൽ വിജയം ഉണ്ടാവാൻ ഇങ്ങനെ ചില യോഗ്യഗുണങ്ങളുണ്ടായിരിക്കേണ്ടതു ആവശ്യം തന്നെയാണു്. എന്നാൽ ഇത്തരം ഗുണങ്ങളിലൊക്കെ മുഖ്യമായിരിക്കേണ്ട വിശേഷസംഗതികൾ മൂന്നുണ്ടു്: ഒന്നു്, ഔചിത്യമനുസരിച്ചു പ്രവൃത്തിക്കുക; മറ്റൊന്നു, താഴ്മയായിരിക്കുക; മൂന്നാമതു, കഴിയുംവണ്ണം ഉത്സാഹിച്ചു പണിയെടുക്കുക. ഇവയാകുന്നു. പത്രക്കാരൻ തന്റെ ജോലിയിൽ കൂറുള്ളവനായിരിക്കണം; അതിൽ അഭിമാനവും വേണം. അവന്റെ പണി എത്രതന്നെ താണതോ നികൃഷ്ടമോ ആയിരിക്കട്ടെ; അതിൽ അവന്നു എത്രമേൽ തൃപ്തികരമായി പണിയെടുക്കാമോ അത്രമേൽ സന്തോഷത്തോടുകൂടെ വേല ചെയ്യണം. പത്രക്കാരനൊപ്പം, ബഹുമാനങ്ങളുടെ നന്ദനത്തേയും നിന്ദനത്തേയും എളുപ്പം അർഹിക്കുന്നവനായി മറ്റൊരു തൊഴിൽക്കാരനും ഇല്ല. അവനെ അവർ എല്ലാ സമയവും ഉറ്റുനോക്കിയിരിക്കയാകുന്നു. നല്ല പണിക്കു് അവരുടെ അഭിനന്ദനം ലഭിക്കുന്നതു എത്ര ശീഘ്രമോ, അത്ര വേഗത്തിൽ, ചീത്തപണിക്കു ആക്ഷേപവും ഉണ്ടാകും. കാലപ്രവാഹത്തിനൊപ്പം എത്തുവാൻ ആഗ്രഹവും മനസ്സും ഇല്ലാത്തവൻ പത്രത്തൊഴിലിൽ കടക്കുകയേ അരുതു്.

യോഗ്യതകൾ തികഞ്ഞിട്ടുള്ള പക്ഷത്തിൽ, പത്രത്തൊഴിലിൽ കടക്കുവാൻ ഉദ്ദേശമുള്ള ഒരു ചെറുപ്പക്കാരൻ എവിടെയാണു് ആ തൊഴിലിന്റെ സമ്പ്രദായതത്വങ്ങൾ ഗ്രഹിപ്പാൻ പോകേണ്ടതു്? ഏതെങ്കിലുമൊരു പാഠശാലയിൽ ചെന്നു ഈ വക തത്വങ്ങൾ ഗ്രഹിക്കാൻ കഴിയുമോ? പത്രപ്രവർത്തനത്തൊഴിൽ ശീലിപ്പിക്കാൻ എത്ര പ്രത്യേക പാഠശാലകൾ ഉണ്ടായാലും, ഉത്തമമായ പാഠശാല പത്രകാര്യാലയം തന്നെയാണു്. ഒരു പത്രകാര്യാലയത്തിൽ ഏതു പ്രകാരത്തിലെങ്കിലും ഒരു പണിക്കു കടന്നുകൂടീട്ടു് ഈ തൊഴിൽ ശീലിക്കുമ്പോലെ. നന്നാവാൻ വഴി വേറെ ഇല്ല. പ്രഖ്യാതന്മാരായ പലേ പത്രക്കാരും ഇങ്ങനെ പണി ശീലിച്ചു് ഉയർന്നവരാണു്. ചിലർ ചുരുക്കെഴുത്തു സമ്പ്രദായം ശീലിച്ചിരിക്കകൊണ്ടു മാത്രം പത്രത്തൊഴിലിൽ കടന്നുകൂടിയവരായിരിക്കാം; മറ്റുചിലർ ഗുമസ്തപ്പണിയിൽ കടന്നവരാവാം; വേറെ ചിലർ അച്ചുകൂടത്തിൽ അച്ചുനിരത്തു്, പ്രൂഫ് തിരുത്തൽ എന്നിവയിലൊരു പണി എടുത്തിരിക്കെ, ഈ തൊഴിലിൽ പ്രത്യേകം അഭിരുചി ഉണ്ടാകയാൽ കടന്നുകൂടിയിരിക്കാം. ആകയാൽ, പത്രക്കാരനാവാൻ കാംക്ഷിക്കുന്ന ചെറുപ്പക്കാർക്കു് ഈ തൊഴിലിൽ കടക്കുന്നതിനു രണ്ടുമൂന്നു മാർഗ്ഗങ്ങൾ ഉണ്ടു്. പത്രക്കാരന്റെ തൊഴിലിലേക്കുതന്നെ ശീലിപ്പിക്കണം എന്ന വ്യവസ്ഥയോടുകൂടി, പത്രകാര്യാലയത്തിൽ ഒരു താണതരം ഗുമസ്താവായോ, മറ്റോ, പണിയിൽ പ്രവേശിക്കുക അതല്ലെങ്കിൽ, മറ്റുപണിയിലിരിക്കെ തന്നെ, ചില അടിയന്തിര സമയങ്ങളിൽ പത്രങ്ങളിലേക്കു് വൃത്താന്താഖ്യാനം എന്ന ജോലി കൈയേറ്റു് ആ വഴിക്കു് തൊഴിൽ ശീലിക്കുക. അതുമല്ലെങ്കിൽ, പത്രം അച്ചടിക്കുന്ന അച്ചടിശാലയിൽ അച്ചുനിരത്തു പണിയിലോ, പ്രൂഫ് തിരുത്തുപണിയിലോ, പ്രവേശിച്ചു്, ആ വഴിക്കു് ലേഖനങ്ങൾ വായിച്ചു് അവയുടെ സമ്പ്രദായങ്ങളെ മനസ്സിലാക്കീട്ടു്, കാലക്രമത്തിൽ, റിപ്പോർട്ടറായിട്ടോ മറ്റോ പണി മാറുക. ഇപ്രകാരമൊരുപ്രകാരത്തിൽ, പത്രത്തൊഴിലിന്റെ ചുവട്ടിൽ എത്തി ഒന്നാംപടി കയറിയാൽ, പിന്നെ, സ്വന്തം പ്രയത്നവും സാമർഥ്യവും അവനെ മുകൾപ്പടികളിലേക്കു കൈപിടിച്ചു കയറ്റിക്കൊള്ളുന്നതാണു്. ഇതിലേക്കായി അവൻ അന്വേഷിച്ചു പോകേണ്ട പത്രകാര്യാലയം ഏതായിരിക്കേണം എന്നാണു് ചോദ്യമെങ്കിൽ; അതു് തൊഴിൽ മനസ്സിലാക്കാൻ അധികം സൗകര്യമുള്ള പത്രങ്ങളുടെതായിരിക്കണമെന്നു് മറുപടി പറയാം. പ്രതിദിനപത്രങ്ങളോ, ഒന്നരാടൻ ദിവസങ്ങളിൽ പുറപ്പെടുന്നവയോ, പ്രത്യർദ്ധവാരപത്രങ്ങളോ അതിലേക്കു സൗകര്യപ്പെടുകയില്ല; ഒന്നാംതരമായി നടത്തിവരുന്ന പ്രതിവാരപത്രമാണു് ഏറെ ഉത്തമം. വല്ല പ്രതിവാരപത്രവുമായിരുന്നാൽ പോരാ, നല്ല പത്രമായിരിക്കതന്നെ വേണം. തൊഴിലിന്റെ തത്വങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു നല്ല പത്രക്കാരൻ നടത്തുന്നതല്ലെങ്കിൽ, ആ പത്രംകൊണ്ടു് തൊഴിൽ ശീലിപ്പാൻ പ്രയോജനപ്പെടുകയില്ല. ഇങ്ങനെയൊരു പത്രകാര്യാലയത്തിൽ പണി കിട്ടുന്നതിനു്, വേണ്ടിവന്നാൽ, അപേക്ഷ പരസ്യപ്പെടുത്തുകയും ചെയ്യാവുന്നതാണു്.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.