images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
വൃത്താന്താഖ്യാനം

കച്ചേരികളിലും, കോടതികളിലും, കമ്പോളസ്ഥലങ്ങളിലും എന്നു വേണ്ടാ, എങ്ങും നിറയുന്നവൻ അല്ലെങ്കിലും ‘നിരങ്ങുന്ന’ ‘സർവ്വജ്ഞ’നായ വൃത്താന്തനിവേദകനെ ഇംഗ്ലീഷിൽ ‘റിപ്പോർട്ടർ’ എന്നു വിളിക്കുന്നു. ഈ ‘വിരാൾസ്വരൂപം’ ആകുന്നു സാക്ഷാൽ പത്രക്കാരൻ. വർത്തമാനപത്രത്തിന്റെ നട്ടെല്ലു് എന്നല്ല, ഉല്പത്തിസ്ഥാനം കൂടിയും, റിപ്പോർട്ടറാണു്. മുഖപ്രസംഗമെഴുത്തുകാർക്കു് പ്രസംഗവിഷയങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതും, ഉപപത്രാധിപന്മാരുടെയും പ്രധാന പ്രസാധകന്റെയും പണികൾക്കു് ആധാരമായിരിക്കുന്നതും ഒക്കെ, റിപ്പോർട്ടറാണു്. വൃത്താന്തനിവേദനം എന്ന പ്രവൃത്തി മാത്രം വിചാരിച്ചാൽ, റിപ്പോർട്ടർ കേവലം ഒരു സ്വനഗ്രാഹിയന്ത്രമോ, പകർപ്പുയന്ത്രമോ ആയിരിക്കാം. എന്നാൽ ഈ പണിക്കാരന്റെ സാമർത്ഥ്യത്തിനു ന്യൂനത ഉണ്ടാകാറുള്ളതുകൊണ്ടു്, ഓരോ കാര്യങ്ങളിൽ പ്രത്യേകം വിദഗ്ധമാരും പത്രപ്രവർത്തനത്തിനു് ആശ്രയമായിത്തീർന്നിരിക്കുന്നു. എന്നാലും, റിപ്പോർട്ടറുടെ പ്രവൃത്തിക്കു് അധികാര അതിർത്തിയില്ല; അവന്നു് ഏതു കാര്യത്തിലും പ്രവേശിപ്പാൻ അവകാശമുണ്ടു്.

പത്രപ്രവർത്തനത്തൊഴിൽ ശീലിപ്പാനായി ഒരു പത്രകാര്യാലയത്തിൽ പ്രവേശിച്ചിരിക്കുന്ന ചെറുപ്പക്കാരനു്, ആദ്യമായി, മേല്പറഞ്ഞ വൃത്താന്തനിവേദനം എന്ന പണിയാണു് നിശ്ചയിക്കപ്പെട്ടതു് എന്നു വിചാരിക്കാം. അവൻ വാർത്തകൾ സഞ്ചയിക്കേണ്ടതു് എങ്ങിനെ? ഒന്നാമതായി ചെയ്യേണ്ടതു്, പത്രത്തിന്റെ മുൻ ലക്കങ്ങളെ—അടുത്തുകഴിഞ്ഞ ഏതാനും ലക്കങ്ങളെയെല്ലാം—ശ്രദ്ധവച്ചു പഠിക്കുകയാകുന്നു. പണിയിൽ പ്രവേശിക്കുന്ന കാലത്തു് തന്റെ പത്രം പുറപ്പെടുന്ന നഗരത്തിൽ എന്തൊക്കെ സംഗതികൾ പൊതുവിൽ ജനങ്ങളെ ആകർഷിച്ചിരിക്കുന്നുണ്ടെന്നും, അതതു കാര്യങ്ങൾ എത്രത്തോളം ആയിട്ടുണ്ടെന്നും, മേലിൽ എന്തു നടക്കുവാൻ ഇടയുണ്ടെന്നും, ഇവയിൽ ഏർപ്പെട്ടിട്ടുള്ള ആളുകൾ ആരൊക്കെയെന്നും, ഇവരുടെ നില എന്തെന്നും സൂക്ഷ്മമായി അറിയുന്നതിനു് പത്രത്തിന്റെ മുൻലക്കങ്ങളെ പഠിക്കേണ്ടതാകുന്നു. വിശേഷിച്ചും ഈ സംഗതികളെക്കുറിച്ചു് ഏതേതു പ്രകാരത്തിലാകുന്നു പത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതെന്നു മനസ്സിലാക്കേണ്ടതു്, തന്റെ പിന്നത്തെ പ്രവൃത്തിക്കു വഴിതെളിക്കുവാൻ ആവശ്യകവുമാണു്. ഓരോ തരം വാർത്തകൾക്കു് നടനാട്ടേണ്ടതായ തലവാചകം ഏതു വിധത്തിലായിരിക്കേണമെന്നും, മുൻലക്കങ്ങൾ നോക്കിയാൽ, ഗ്രഹിക്കാൻ കഴിയും. ഈ മുൻകരുതൽ ചെയ്തിരുന്നാൽ, പുതിയ റിപ്പോർട്ടറുടെ പ്രവൃത്തിമാർഗ്ഗം, ആരംഭത്തിൽ കല്ലും, മുള്ളും നീങ്ങിയതായിട്ടുതന്നെ കാണപ്പെടും.

ഈ കീഴ്ത്തരം റിപ്പോർട്ടറുടെ ശ്രദ്ധയെ ആദ്യമായി ആകർഷിക്കുന്ന സംഭവങ്ങൾ, നഗരത്തിൽ നടക്കുന്ന മത്സരക്കളികൾ, കായികാഭ്യാസക്കാഴ്ചകൾ, നാടകം മുതലായവയാണു്. ഇവയ്ക്കൊക്കെ ചെന്നെത്തുവാൻ അവന്നു ‘സൈക്കിൾ’ (ചവിട്ടുവണ്ടി) ഓടിക്കുന്നതിനു ശീലമുണ്ടായിരുന്നാൽ സഹായമായി. എല്ലാ കളിസ്ഥലങ്ങളിലും കാൽനടയായിട്ടുതന്നെ എത്തിക്കൊള്ളാമെന്നു ഉറപ്പു പറവാൻ പാടില്ലാത്തവിധത്തിൽ ചില സമയങ്ങളിൽ, പലെ വിനോദക്കളികൾ നിരന്തരം ഉണ്ടായിരുന്നേക്കാം. അതിലേക്കു് ചവിട്ടുവണ്ടിയിൽ കയറിപ്പോവാൻ ശീലിച്ചിരിക്കുന്നതു് നല്ലതാണു്. വിശേഷിച്ചും, ഇതു് ഒരു കായികവ്യായാമവും ആണല്ലോ. റിപ്പോർട്ടർക്കു പ്രത്യേകം താല്പര്യമുള്ള കളികൾ ചിലതുണ്ടാവും; അവയിൽ അവനു സവിശേഷമായ ഉത്സാഹവും തോന്നും. മറ്റു കളികളിൽ പ്രത്യേകമായ താല്പര്യം ഇല്ലായ്കകൊണ്ടു് അവയുടെ സമ്പ്രദായങ്ങളെപ്പറ്റി അറിവുണ്ടായിട്ടില്ലെങ്കിൽ, കളിക്കാരോടു ചോദിച്ചു് അറിവു നേടാൻ കഴിയുന്നതാണു്. ഇങ്ങനെ പോയിക്കാണുന്ന കളികളുടെ വിവരങ്ങളെ പത്രത്തിലേക്കു എഴുതുമ്പോൾ, കരുതിയിരിക്കേണ്ട മുഖ്യമായ കാര്യം, യാതൊരു പക്ഷത്തിലും ചേരാതെ പരമാർത്ഥസംഭവം മാത്രം എഴുതുക എന്നുള്ളതാകുന്നു. ചില റിപ്പോർട്ടർമാർ കളികളിൽ താല്പര്യക്കാരായിരിക്കുമ്പോൾ, ഏതെങ്കിലുമൊരു പക്ഷത്തിൽ ചേർന്നു കളിച്ചു എന്നു വരാം; ഇരുപക്ഷക്കാരുടെയും മത്സരവഴക്കുകളിൽ ഉൾപ്പെട്ടു്, ഒരു പക്ഷക്കാർക്കു് സഹായിയായിനിന്നു്, മറുപക്ഷക്കാരെ നിഷ്കാരണമായും മത്സരബുദ്ധിയായും, ഇടിച്ചെഴുതിയാൽ, ഉണ്ടാകാവുന്ന ഭവിഷ്യത്തു്, നിശ്ചയമായും സ്പൃഹണീയമായോ അനുമോദനീയമായോ ഇരിക്കയില്ല. ചിലർ, കളിക്കാരിൽ ഒന്നുരണ്ടാളെ പ്രത്യേകിച്ചു സ്തുതിക്കുകയും, മറ്റുചിലരെപ്പറ്റി ആക്ഷേപം പറകയും ചെയ്യാറുണ്ടു്. ഈ സമ്പ്രദായവും തീരെ വർജ്ജിക്കേണ്ടതാണു്. റിപ്പോർട്ടറുടെ കർത്തവ്യം അവിടവിടെ നടക്കുന്നതായ സംഭവങ്ങളെ വാസ്തവാനുരോധേന കഥിക്കുകയാകുന്നു; കളിക്കാരെ ശാസിച്ചു അഭ്യസിപ്പിക്കുകയല്ലാ, അങ്ങനെ ഗുണദോഷനിരൂപണം ചെയ്തു് എഴുതേണ്ട ആവശ്യമുള്ളപ്പോഴും, അത്തരം നിരൂപണം ആവശ്യപ്പെടുന്ന പ്രത്യേക വിഷയപത്രങ്ങൾക്കും, അങ്ങനെയെഴുതാമെന്നതൊഴികെ, സാധാരണ വർത്തമാനപത്രങ്ങളിൽ വാർത്തകൾ എഴുതുമ്പോൾ റിപ്പോർട്ടറുടെ സ്വന്തം അഭിപ്രായങ്ങൾ ചേർക്കുവാൻ ന്യായമില്ല.

പുതിയ റിപ്പോർട്ടർക്കു് ഗൗരവപ്പെട്ട കാര്യങ്ങൾ പലതും പരിചയപ്പെടാനുണ്ടു്: ഇവയിൽ മുഖ്യമായതു് പോലീസ് മജിസ്ട്രേറ്റ് കേസുകളെക്കുറിച്ചു് അന്വാഖ്യാനം ചെയ്യുന്ന സമ്പ്രദായം ആകുന്നു. പോലീസ്-മജിസ്ട്രേറ്റ്-കോടതികളിൽ നിന്നു് അനേകം കാര്യങ്ങൾ ഗ്രഹിപ്പാനുണ്ടാകും; നീതിനിയമജ്ഞാനം കുറെയെല്ലാം സമ്പാദിപ്പാൻ കഴിയും; അതതു കേസുകളിൽ കുടുങ്ങുന്ന ആളുകളുടെയും, വ്യവഹരിക്കുന്ന വക്കീലന്മാരുടെയും, സാക്ഷികളുടെയും സ്വഭാവഗതികളെയും ജീവിതങ്ങളെയും കുറിച്ചു് അറിവാനും ആ വഴിക്കു് ലോകകാര്യങ്ങളിൽ പരിചയം അധികമുണ്ടാവാനും ഇടയാകുന്നു. ‘കുട്ടിത്തരം’ റിപ്പോർട്ടർക്കു മജിസ്ട്രേറ്റ് കോടതികളിലെ എല്ലാ കേസുകളെയും പറ്റി ‘റിപ്പോർട്ടു’ ചെയ്യേണ്ട ആവശ്യമില്ല; വളരെ പ്രധാനപ്പെട്ടവയേ വേണ്ടു. ഇവയിൽ കൂടിയും, കുറെ കുഴക്കുള്ള കേസുകളിൽ, പഴമപരിചയക്കാരായ റിപ്പോർട്ടർമാർക്കല്ലാതെ, കുട്ടിത്തരക്കാർക്കു് പ്രവൃത്തി എളുപ്പമല്ല. അത്തരം കേസുകളിൽ പഴമപരിചയക്കാർ ഏതുവിധമാണു് അന്വാഖ്യാനം ചെയ്യുന്നതെന്നു് നോക്കി പഠിക്കയാണു് കുട്ടിത്തരക്കാരൻ ചെയ്യേണ്ടതു്.

മജിസ്ട്രേറ്റ് കോടതികളിൽ കേസ് ചെന്നാൽ ഉടൻ റിപ്പോർട്ടർ അതിന്റെ വിവരങ്ങൾ എല്ലാം കുറിച്ചെടുക്കണം. കേസ് അവിടെ എത്തുംമുമ്പുതന്നെ, പോലീസുകാരുടെ പക്കലായിരുന്നാൽ, അതു സംബന്ധിച്ച രേഖകൾ നോക്കി സാരഭാഗങ്ങൾ കുറിച്ചുകൊള്ളണം. പോലീസുകാർ ഒരു സംഭവത്തെപ്പറ്റി എഴുതുന്ന ‘മഹസ്സർ’ ആ കേസിന്റെ പ്രാരംഭത്തിലുള്ള വിവരങ്ങളെ അടക്കിയിരിക്കും. ഇതിൽ നിന്നു്, സംഭവം നടന്ന സ്ഥലം, തീയതി, മണിക്കൂറു്, അതിൽപ്പെട്ടിരിക്കുന്ന ആളുകൾ—എന്നിങ്ങനെ പല വിവരങ്ങളും ലഭിക്കും. ഇതിലേക്കു് റിപ്പോർട്ടർ, പോലീസുദ്യോഗസ്ഥന്മാരുടെ പരിചയം സമ്പാദിച്ചിരിക്കേണ്ടതാവശ്യമാണു്. കോടതിയിൽ, കേസ് വിചാരണക്കെടുക്കുന്നതിനും കുറെ മുമ്പായി എത്തിയിരിക്കേണ്ടതും, അന്നത്തെ കേസുകളിൽ മുഖ്യമായവ എന്തൊക്കെയെന്നു് അന്വേഷിച്ചറിഞ്ഞു്, അവയിൽ ലഭിക്കാവുന്നിടത്തോളം വിവരങ്ങൾ മുൻകൂട്ടി ചോദിച്ചു കുറിച്ചുകൊള്ളേണ്ടതും ആവശ്യമാണു്. മുൻകൂട്ടി കിട്ടാൻ സാധിക്കാത്ത പേരുകൾ മുതലായവ, കോടതിപ്പണിക്കാർ ഉറക്കെ വിളിച്ചുപറയുമ്പോൾ, കുറിച്ചുകൊള്ളാവുന്നതാണു്; അതിൽ വല്ല സംശയവും ഉണ്ടായാൽ പോലീസുദ്യോഗസ്ഥന്മാരോടോ, കോടതിയിലെ മറ്റു ജീവനക്കാരോടോ ചോദിച്ചറിഞ്ഞു തിരുത്തികൊള്ളേണ്ടതാകുന്നു.

കോടതിമുമ്പാകെ സങ്കടം ബോധിപ്പിച്ചിരിക്കുന്നവൻ അന്യായഭാഗം ആണെന്നും; ആരെപ്പറ്റി സങ്കടം പറഞ്ഞിരിക്കുന്നുവോ അയാൾ പ്രതിഭാഗം ആണെന്നും അറിഞ്ഞിരിക്കണം. അന്യായഭാഗം നടത്തുന്നതു് പല സംഗതികളിലും പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെയായിരിക്കും. അപ്പോൾ അവരെ ‘പ്രോസിക്യൂട്ടർമാർ’ എന്നു പറയും; സങ്കടക്കാരനെ അന്യായഭാഗം സാക്ഷിയായി ഗണിക്കുന്നു. പ്രതിഭാഗക്കാരൻ, ചില കേസുകളിൽ വെറും പ്രതിയായിരിക്കയില്ല; വാറണ്ടിന്മേൽ പിടിച്ചു് ബന്തവസ്സിൽ വെച്ചിരിക്കുന്ന പ്രതിയെ ‘പുള്ളി’ എന്നു വിളിക്കുന്നു. വെറും സമൻസ് അനുസരിച്ചു ചെല്ലുന്നവനെ പ്രതി എന്നുമാത്രം പറയുന്നു. ഇവരെയും സാക്ഷികളെയും തിരിച്ചറിയണം. വെറും പ്രതിയെ പുള്ളി എന്നോ നേരെമറിച്ചോ തെറ്റിപ്പറയരുതു്. കേസിലെ അന്യായസാരം മുൻകൂട്ടി അറിയാൻ കഴിയും: അന്യായഹർജിയുടെ പകർപ്പുനോക്കിയാൽ സാരം കുറിച്ചെടുക്കാം. അന്യായഭാഗം തെളിവു കഴിഞ്ഞു് പ്രതിക്കു് കുറ്റപത്രം കൊടുക്കുമ്പോൾ, അവന്റെ മേൽചുമത്തിയിരിക്കുന്ന അപരാധം എന്താണെന്നു് അറിയാം. ഇതു കുറിച്ചെടുക്കണം. പിന്നെ പ്രതിയുടെ എതിർവാദമാവുന്നു. അവൻ കുറ്റം സമ്മതിച്ചു മൊഴികൊടുക്കുന്നതായാൽ, കേസിന്റെ സ്വഭാവത്തെയും, അതിനെ തെളിയിക്കാനായി കൊടുത്തിട്ടുള്ള സംഗതികളുടെ സാരത്തെയും, ശിക്ഷാവിധിയെയും മാത്രം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയാൽ മതിയാകും. പ്രതിഭാഗം എതിർതെളിവു കൊടുക്കത്തക്കവണ്ണം കുറ്റം സമ്മതിക്കാതെ കേസു നടക്കുന്നതായാൽ, പ്രതിഭാഗത്തെളിവു് കുറിച്ചെടുക്കണം. ഇതിനു് ചുരുക്കെഴുത്തു് വേണമെന്നില്ല; സാധാരണ ‘നീട്ടിയെഴുത്തു്’ മതി. പ്രധാന സംഗതികളെയും കുറിക്കണ്ടതായായിവരൂ. പ്രതിസാക്ഷികളിൽ മുഖ്യമായുള്ള ആളുടെ മൊഴി കുറിച്ചെടുത്താൽ, മറ്റു സാക്ഷികളുടെ മൊഴികളിൽ വിശേഷാൽ വല്ലതും തെളിവുകൾ ഉണ്ടെങ്കിൽ, ഇവ മാത്രം കൂട്ടിച്ചേർക്കേണ്ടതായിട്ടേ ഉണ്ടാവൂ. മൊഴികൾ കുറിക്കുമ്പോൾ ചോദ്യം എഴുതേണ്ടതില്ല. ഉത്തരം കൊണ്ടു ചോദ്യം മനസ്സിലാകത്തക്കവണ്ണം കുറിക്കാവുന്നതാണു്. കോടതിവകയായി ചോദ്യം ചെയ്യുമ്പോൾ അതിന്റെ ഉത്തരം കുറിക്കുന്നതു് ‘കോടതിചോദ്യം’ എന്നു് എഴുതീട്ടു പിന്നാലെ വേണ്ടതാണു്. ഓരോ ഭാഗത്തെക്കും വക്കീലന്മാർ ഉണ്ടായിരുന്നാൽ, അവരുടെ പ്രസംഗങ്ങളുടെ സാരവും കുറിക്കണം. വിധി പ്രസ്താവിക്കുമ്പോൾ, കോടതിയിൽനിന്നു് വിശേഷമായി വല്ല ഉപദേശം നൽകുകയോ, ശാസനചെയ്കയോ ഉണ്ടായാൽ, അതും വിധിക്കു പുറമെ വിശേഷാലായി റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കണം.

കോടതിയിലെ കേസുകൾക്കു് റിപ്പോർട്ട് തയ്യാറാക്കുന്നതിനു് റിപ്പോർട്ടർക്കു് ചുരുക്കെഴുത്തു സമ്പ്രദായം ആവശ്യം അല്ലാ, നീട്ടിയെഴുത്തുകൊണ്ടു് ആവശ്യം സാധിക്കാം. വിവരങ്ങൾ കുറിച്ചെടുത്താൽ പിന്നെ, റിപ്പോർട്ടെഴുതുമ്പോൾ പ്രതേകം ശ്രദ്ധ വയ്ക്കേണ്ടതു്, തലവാചകമെഴുതുന്നതിലാണു്. എഴുതിയിരിക്കുന്ന സംഗതികൾക്കു യോജിപ്പായ തലവാചകമാണു് നടനാട്ടേണ്ടതു്. അതിൽതന്നെയും ചില അപകടങ്ങൾ നേരിട്ടേക്കാം. ഒരു കേസ് തീർച്ചയാവാതിരിക്കുന്ന നിലയിൽ, അതിലെ വാസ്തവമിന്നതാണെന്നു് തെറ്റിദ്ധരിപ്പിക്കത്തക്ക തലവാചകം കൊടുക്കരുതു്. ഒരുവന്റെ പേരിൽ അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിച്ചു് കേസ് നടന്നുകൊണ്ടിരിക്കെ, ആ കേസുവിവരത്തിനു “അപകീർത്തിപ്പെടുത്തൽ” എന്നുമാത്രം തലവാചകം വെയ്ക്കുന്നതു യുക്തമല്ല; ഇതു പക്ഷേ, അപരാധവുമായിരിക്കും. ഈ തലവാചകത്തിൽ കേസിന്റെ വാസ്തവം അന്യായഭാഗത്തുനിന്നു് സങ്കടപ്പെട്ടിരിക്കുന്നതിന്മണ്ണമാണെന്നു, വായനക്കാർക്കു, ഏകപക്ഷാവലംബമായ അഭിപ്രായം ഉണ്ടായിപ്പോയേക്കും. അതിനാൽ ‘അപരാധാരോപണം’ എന്നോ മറ്റോ വേണം പറവാൻ. ഈ കാര്യം സൂക്ഷിച്ചു ചെയ്തുകൊണ്ടാൽ, തലവാചകം വായനക്കാരെ ആകർഷിക്കത്തക്ക ഏതെങ്കിലും വാക്കുകളിൽ ആകാം; തെറ്റിദ്ധാരണയ്ക്കു കാരണമാകരുതെന്നേ നിഷ്കർഷിക്കേണ്ടതുള്ളു. പിന്നെ, കരുതേണ്ടതു്, റിപ്പോർട്ടിന്റെ സമ്പ്രദായമാണു്. ഏതു സംഗതിയെക്കുറിച്ചും റിപ്പോർട്ടറുടെ നില നിഷ്പക്ഷപാതിയും നിർമ്മത്സരനുമായ ഒരു ന്യായാധിപന്റെ നിലയായിരിക്കണം. ഒരു കക്ഷിക്കു മനഃപൂർവ്വം ദൂഷ്യം വരുത്തുവാനോ, മറ്റൊരു കക്ഷിയെ പക്ഷപാതത്താൽ സഹായിപ്പാനോ, റിപ്പോർട്ടർ ഒരുങ്ങരുതു്. കേസിന്റെ വിവരങ്ങൾ എല്ലാം ഭേദവിചാരം കൂടാതെ പ്രസ്താവിക്കണം; പ്രധാനപ്പെട്ട വിവരങ്ങൾ മതി. ഇരുഭാഗങ്ങളിലെയും വാദങ്ങൾ കുറിച്ചിരിക്കണം; കാര്യസാരം വിട്ടുകളകയുമരുതു്. ഇവ സവിസ്തരമായിരിക്കേണ്ട; സംക്ഷിപ്തമായിരുന്നാൽ മതിയാകും. പത്രപംക്തിയിൽ എത്രവരികൾക്കകമടങ്ങിയിരിക്കണമെന്നു മുകൂട്ടി നിശ്ചയമുണ്ടായിരുന്നാൽ, അതിന്നു തക്കവണ്ണം ചുരുക്കിപ്പറയാവുന്നതാണു്. സംഗ്രഹിക്കുന്നതു് റിപ്പോർട്ടറുടെ സാമർത്ഥ്യമനുസരിച്ചിരിക്കും. ഒരു കേസിൽ ഒരു പക്ഷക്കാരെ മനപൂർവ്വം ദൂഷ്യപ്പെടുത്തുവാൻ തക്കവണ്ണം, ആ പക്ഷത്തിന്റെ ന്യായങ്ങളെ പ്രസ്താവിക്കാതെയും, മറുകക്ഷിയുടെ വാദങ്ങളെ വിസ്തരിച്ചും, വായനക്കാർക്കു അയഥാർത്ഥബോധമുണ്ടാക്കുന്ന പ്രകാരത്തിലുള്ള റിപ്പോർട്ടുകൾ എഴുതി പ്രസിദ്ധപ്പെടുത്തിയാൽ തന്റെ പത്രത്തിന്റെ പേരിൽ നഷ്ടപരിഹാരക്കേസുകൂടി ഉണ്ടായേക്കാമെന്നു റിപ്പോർട്ടർ ഓർത്തിരിക്കേണ്ടതാണു്.

ചില സംഗതികളിൽ, പോലീസുകാർ സംഭവാന്വേഷണം ചെയ്തു വിവരങ്ങളെ മേലാവിലേക്കു അറിയിച്ചു് അങ്ങനെതന്നെ കാര്യം അവസാനിപ്പിക്കാറുമുണ്ടു്. യദൃച്ഛയായി നേരിടുന്ന മരണം മുതലായ ചില സംഭവങ്ങളിൽ, മജിസ്ട്രേറ്റിൻ മുമ്പാകെ കേസ് നടക്കാൻ ആവശ്യമുണ്ടാകയില്ല. ഇങ്ങനത്തെ സംഭവങ്ങളെ പോലീസുകാരുടെ ‘മഹസ്സർ’ നോക്കി വിവരങ്ങൾ കുറിച്ചെടുത്തു്, റിപ്പോർട്ട് ചെയ്യേണ്ടതായിരിക്കും. അവയെ കാര്യസാരം വിടാതെ സംക്ഷേപിച്ചെഴുതുകയാണു് റിപ്പോർട്ടറുടെ ഉദ്ദേശ്യമായിരിക്കേണ്ടതു്. ഒരു സംഭവത്തിന്റെ വിഷയത്തിൽ അതു് നടന്ന സ്ഥലം, തീയതി, സമയം, ആർക്കു പറ്റി എന്നു് സാക്ഷികളുടെ മൊഴിയിൽനിന്നു ഗ്രഹിക്കാവുന്ന തെളിവു്, മെഡിക്കൽ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, തീർച്ച അഭിപ്രായം ഇത്യാദി വിവരങ്ങളൊക്കെ സംഗ്രഹിച്ചിരിക്കണം; ഇപ്രകാരമാല്ലാതെ, “ഏതാനും ദിവസം മുമ്പു് ഇതിന്നു സമീപം ഒരു നിരത്തിൽവെച്ചു ഒരാൾ വണ്ടിമറിഞ്ഞുവീണു മരിച്ചിരിക്കുന്നു” എന്നിങ്ങനെ അവ്യക്തമായ ഒരു റിപ്പോർട്ട് എഴുതുന്നതുകൊണ്ടു് പ്രയോജനമുണ്ടെങ്കിൽ അതു പത്രപംക്തിയെ നിറയ്ക്കുക മാത്രമാണു്. ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഓരോ പത്രത്തിനും ഓരോ മാതിരിയിലായിരിക്കാം. എന്നാലും, മാതൃകയായി ഒരെണ്ണം താഴെ കുറിക്കുന്നു.

“ഇന്നലെ രാവിലെ താലൂക്കു് പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ...... പോലീസ് സ്റ്റേഷനിൽവച്ചു...... മിസ്റ്റർ......രുടെ മരണത്തെപ്പറ്റി അന്വേഷണം നടത്തി മഹസ്സർ തയ്യാറാക്കിയിരിക്കുന്നു. സാക്ഷികളായി വിളിക്കപ്പെട്ട......ടെയും......ടെയും......ടെയും മൊഴികൾകൊണ്ടുവെളിപ്പെട്ടിരിക്കുന്ന സംഗതികൾ ഇപ്രകാരമാണു്: മരിച്ച ആൾക്കു പ്രായം......വയസ്സു വരും......തൊഴിലായിരുന്നു അയാൾ, പതിവിൻമണ്ണം......നു......യാഴ്ച വൈകുന്നേരം......മണിക്കു തന്റെ തൊഴിൽസ്ഥലം വിട്ടുമടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുമ്പോൾ വഴിക്കു് അവ1രെ കാണുകയും അവരോടു സംഭാഷണം ചെയ്കയും ചെയ്തിരുന്നു; കാഴ്ചയിൽ അയാൾക്കു യാതൊരു ശരീരസുഖക്കേടും ഉണ്ടായിരുന്നില്ല. അവരെ വിട്ടുപിരിഞ്ഞു് ഏതാനും അകലം ചെന്നപ്പോൾ, അയാൾ പെട്ടെന്നു് നിലത്തുവീഴുകയും അതു് അവരിൽ......ആൾ കാണുകയും ചെയ്തു. അവർ അയാളെ താങ്ങിയെടുത്തു് അടുത്തൊരു പീടികയുടെ മുൻ തിണ്ണയിൽ ഇരുത്തി, ഡാക്ടർക്കു ആളയച്ചു; ഡാക്ടർ വന്നെത്തുംമുമ്പു് അയാൾ മരിച്ചുപോയിരുന്നു. ഡാക്ടറുടെ പരിശോധനയിൽ, മരണം ചുഴലികൊണ്ടുണ്ടായതായിരുന്നു എന്നു അഭിപ്രായമാകയും, ഇൻസ്പെക്ടർ അപ്രകാരം മേലധികൃതന്മാർക്കു് എഴുതുകയും ചെയ്തിരിക്കുന്നു.

മേലെഴുതിയ റിപ്പോർട്ട് ഒരു ചെറിയമാതൃക മാത്രമാണു്. വിഷയഗൗരവം അനുസരിച്ചു ഇനിയും ചില വിവരങ്ങൾ കൂട്ടിച്ചേർക്കേണ്ടതായി വന്നേക്കും. ശവപരിശോധന കഴിച്ചു ഡാക്ടർ അഭിപ്രായം പറയുമ്പോൾ, വൈദ്യസംബന്ധമായ ചില സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കും. ഇവയെപ്പറ്റി റിപ്പോർട്ടർക്കു സംശയം ഉണ്ടായിരുന്നാൽ ഡാക്ടറോടു ചോദിച്ചു മനസ്സിലാക്കിക്കോള്ളേണ്ടതുമാണു്.

‘കുട്ടിത്തരം’ റിപ്പോർട്ടർക്കു പലപ്പോഴും പണിയൊഴിഞ്ഞ അവസരങ്ങൾ ഉണ്ടായിരിക്കാം. അവയെ ചിരിച്ചുല്ലസിച്ചു കളവാൻ തോന്നുംപോലെ, നല്ല വഴിക്കു ഉപയോഗിപ്പാൻ ആഗ്രഹം തോന്നുകില്ലായിരിക്കും. എന്നിരുന്നാലും ആ അവസരങ്ങളെയാണു് അവൻ നല്ലവണ്ണം വിനിയോഗിക്കേണ്ടതു്. പത്രത്തൊഴിലിൽ ഉന്നതസ്ഥാനങ്ങളെ പ്രാപിക്കുന്നതിന്നു, റിപ്പോർട്ടറുടെ പടിയിൽ ചാടിക്കയറിയതു കൊണ്ടുമാത്രം മതിയാകയില്ല; ഉയരെപ്പോകാൻ തക്ക വിശിഷ്ടയോഗ്യതകൾ സമ്പാദിക്കേണം. പ്രസംഗങ്ങളെ സൂത്രലിപിയിൽ കുറിച്ചെടുത്തുംകൊണ്ടു് വർത്തമാനപത്രത്തിൽ വിളമ്പുന്നതിലേക്കു തക്കവണ്ണം ‘പാക’പ്പെടുത്തുന്ന പണിയിൽ, അവന്റെ കൈച്ചുറുക്കു് വർദ്ധിപ്പിക്കുവാൻ അവൻ ഉത്സാഹിച്ചുകൊണ്ടിരിക്കണം, ഒരു പ്രസംഗം കുറിച്ചെടുത്താൽ, അതു് ആദ്യന്തം വായിച്ചുനോക്കി ആദ്യമായി പകുതിയാക്കി സംഗ്രഹിക്കുക; അനന്തരം, ഈ സംഗ്രഹത്തെത്തന്നെ വീണ്ടും ചുരുക്കി എഴുതുക. വീണ്ടും ചെറുതാക്കി കാര്യസ്സാരം സംക്ഷേപിക്കാൻ കഴിയുമെങ്കിൽ അതും നല്ലതു തന്നെ. ഇങ്ങനെ വലിയ പ്രസംഗങ്ങളെ സംക്ഷേപിച്ചെഴുതി ശീലിച്ചാൽ, അവന്നു തന്റെ പണിയിൽ ശ്രമം തോന്നുകയില്ല. ഇതോടുകൂടി മറ്റു പത്രങ്ങളിൽ അതേ കാര്യങ്ങളെപ്പറ്റി തന്നെക്കാൾ പഴമപരിചയമുള്ളവർ ഏതു വിധത്തിൽ റിപ്പോർട്ടു എഴുതിയിരിക്കുന്നു എന്നു പഠിക്കുന്നതും പ്രയോജനകരമായിരിക്കും. ഇതുമെന്നിയേ, തന്റെ സാഹിത്യനൈപുണ്യത്തെ മെച്ചമാക്കുവാൻ ഉത്സാഹിച്ചുകൊണ്ടിരിക്കുകയും വേണം. അവൻ അത്യാവശ്യം പഠിക്കേണ്ട വിഷയങ്ങളെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ നിരന്തരം വായിക്കണം. പ്രസിദ്ധന്മാരായ ഗ്രന്ഥകർത്താക്കന്മാരുടെ കൃതികളായിരുന്നാൽ, അവ അവന്റെ വാചകഘടനാരീതിയെ നന്നാക്കുവാൻ ഉപകാരപ്പെടുന്നതാണു്. കുട്ടിത്തരം റിപ്പോർട്ടർക്കു എന്നു വേണ്ടാ, റിപ്പോട്ടർമാർക്കൊക്കെ, അവശ്യം ആവശ്യകമായുള്ള ചില പുസ്തകങ്ങൾ ഉണ്ടു്. ഇവ അവർക്കു് അപ്പഴപ്പോൾ സഹായമായിരിക്കുമാറുണ്ടു്. ചിലപ്പോൾ, ഒരു വാക്കിലെ അക്ഷരങ്ങളിൽ സംശയമുണ്ടായേക്കാം; പ്രസ്ഥാപിക്കുകയോ, പ്രസ്താപിക്കുകയോ, പ്രസ്ഥാവിക്കുകയോ, പ്രസ്താവിക്കുകയോ ഏതാണു് സുബദ്ധം? ഷഷ്ടിപൂർത്തിയോ, ഷഷ്ഠിപൂർത്തിയോ? ഷഷ്ടമോ? ഷഷ്ഠമോ? ശ്രേഷ്ഠനോ ശ്രേഷ്ടനോ? കുഷ്ടമോ? കുഷ്ഠമോ? ഇങ്ങനെ പല സന്ദേഹങ്ങളും നേരിട്ടേക്കാം. ചില പദങ്ങളുടെ അർത്ഥം എന്തെന്നു നിശ്ചയം ഉണ്ടായിരിക്കയില്ലാ; ഇതു നോക്കി അറിയേണ്ടിവരും. ഇതിന്നൊക്കെ ഒരു നല്ല ‘നിഘണ്ടു’ കൈക്കലുണ്ടായിരിക്കേണ്ടതാവശ്യമാണു്. എന്തെന്നാൽ സംസ്കൃതപദങ്ങൾ പ്രയോഗിപ്പാനുള്ള ‘മോഹ’ത്തിൽ ചിലപ്പോൾ “…താലൂക്കുകച്ചേരിയിലെ ഗുമസ്തന്റെ തോന്ന്യാസങ്ങളെ തഹസീർദാർ ഉല്ലംഘിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു… ” എന്നു ലേഖകന്മാർ എഴുതുകയും, പത്രാധിപന്മാർ സമ്മതിച്ചുവിടുകയും ചെയ്യുന്നതിനു, ഉല്ലംഘിക്കുകയുടെ അർത്ഥം ഒരു നിഘണ്ടുവിൽ നോക്കി അറിഞ്ഞിരുന്നാൽ സംഗതിയാകയില്ല. നിഘണ്ടുവിനൊപ്പം അത്യാവശ്യമായ മറ്റു ചില പുസ്തകങ്ങളും ഉണ്ടു്; ഇവ ഇംഗ്ലീഷിലുള്ളതുപോലെ മലയാളത്തിലില്ലാത്തതും മലയാളപത്രക്കാർക്കു സങ്കടഹേതുതന്നെയാണു്. അകാരാദിക്രമത്തിലുള്ള മഹച്ചരിതസ്സംഗ്രഹങ്ങൾ, പ്രസിദ്ധപ്പെട്ട സംഭവങ്ങളുടെ തീയതികൾ, രാജ്യകാര്യവിവരങ്ങൾ, ഇങ്ങനെ അനേകവിഷയങ്ങളിൽ പത്രക്കാരനു എന്നല്ല, സാധാരണ വായനക്കാർക്കെല്ലാം ‘സഹായി’കൾ ആയ ശബ്ദഭണ്ഡാഗാരങ്ങൾ പത്രക്കാരന്റെ കൈക്കൽ ഉണ്ടായിരിക്കണം. മേൽപ്പറഞ്ഞ പ്രകാരത്തിൽ ഒരു പത്രകാര്യാലയത്തിൽ കടന്നു, കുട്ടിത്തരം റിപ്പോർട്ടറുടെ പണി ശീലിച്ചുകഴിഞ്ഞ ഒരുവനു്, സ്വന്തം വിവേകത്തെ ആശ്രയിച്ചു ചുമതലയേല്ക്കാവുന്ന അടുത്ത ഉയർന്ന പണി ഡിസ്ട്രിക്ട് റിപ്പോർട്ടറുടേതാണു്. ഈ പണിയിൽ ഡിസ്ട്രിക്ട് റിപ്പോർട്ടർ, ആ ഡിസ്ട്രിക്ടിലെ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം തന്റെ പത്രത്തിന്റെ അധിപർ നിർവാഹകൻ, വൃത്താന്തനിവേദകൻ എന്നീ സ്ഥാനങ്ങളെയൊക്കെ ഒന്നായി ഭരിക്കുന്നവനായിരിക്കുന്നു. അവന്നു തന്റെ പ്രവൃത്തികളെ നേർവഴിയിൽ നടത്തുന്നതിലേക്കു തന്റെ യുക്തായുക്തവിചാരബുദ്ധി മാത്രമേ അടുത്ത സഹായി ആയിട്ടുള്ളൂ. അവനു ഒന്നാമതായി ചെയ്യേണ്ടതു്, ആ ഡിസ്ട്രിക്ടിലെ പ്രമാണപ്പെട്ട ആളുകളെപ്പറ്റിയ സകലവിവരങ്ങളും ഗ്രഹിപ്പാനും അവരെ പരിചയപ്പെടുവാനുമാണു്; ആ ഡിസ്ട്രിക്ടിൽ അപ്പോൾ നടന്ന പ്രധാന കാര്യങ്ങളെയും അതോടുകൂടെ മനസ്സിലാക്കേണ്ടതാണു്. അവിടെ നടക്കുന്ന എല്ലാ പൊതുക്കാര്യങ്ങളിലും അവൻ ഉത്സുകനായിരിക്കണം. ആ ഡിസ്ട്രിക്ടിലേക്കു തന്റെ പത്രം വേണം നായകനായിരിപ്പാൻ എന്നാകുന്നു അവൻ ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടതു്.

ഡിസ്ട്രിക്ട് റിപ്പോർട്ടർ പ്രത്യേകം സൂക്ഷിച്ചു പ്രവർത്തിക്കേണ്ട സംഗതികൾ ചിലതുണ്ടു്. അവന്റെ ആഖ്യാനങ്ങളിൽ യാതൊരാളുടെയും പേരുവിവരം തെറ്റിപ്പോകരുതു്. കെ. രാമൻമേനോനുപകരം എൻ. രാഘവപിള്ള എന്നോ, മാധവൻപിള്ളയ്ക്കു പകരം മാതേവൻപിള്ള എന്നോ, മറ്റോ എഴുതിപ്പോകരുതു്. ചില പത്രക്കാർ ചിലരുടെ ഭാര്യമാരെക്കൂടിയും ‘വകമാറ്റം’ ചെയ്തുകണ്ടിട്ടുണ്ടു്. രാമൻനായരുടെ ഭാര്യയുടെ പേരു് പി. കെ. ഭാരതി അമ്മ എന്നും, കൃഷ്ണമേനവന്റെ ഭാര്യയുടെ പേരു് ബി. എ. ഭാരതി അമ്മ എന്നും ആയിരുന്നാൽ, രാമൻനായരുടെ ഭാര്യയെ ബി. എ. ഭാരതി അമ്മയായും, കൃഷ്ണമേനോന്റെ ഭാര്യയെ പി. കെ. ഭാരതി അമ്മയായും തെറ്റിച്ചെഴുതിയാലുണ്ടാകുന്ന മര്യാദകേടു് എന്തുമാത്രമായിരിക്കുമെന്നോർക്കേണ്ടതാണു്. ആകയാൽ, ആളുകളുടെ പേരുവിവരം വളരെ സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു് സന്ദേഹങ്ങൾ നീക്കിവേണം എഴുതുവാൻ. അതിന്മണ്ണംതന്നെ, ഒരുവൻ ചെയ്ത പ്രസംഗത്തെ മറ്റൊരാളുടെ മുഖത്തുനിന്നു പുറപ്പെട്ടതാണെന്നു വരുത്തതുതു്. ആളുകൾക്കു അതു ചിലപ്പോൾ “കട്ടുനേടിയ യശസ്സു്” ആയിട്ടും, മറ്റുചിലപ്പോൾ അപയശസ്സായിട്ടും ഭവിച്ചേക്കും. സന്ദേഹമുള്ളപക്ഷത്തിൽ ഊഹത്തെ ആശ്രയമാക്കിക്കൊണ്ടു എഴുതരുതു്; വാസ്തവമെന്തെന്നു് അന്വേഷിച്ചതിന്റെ ശേഷം മതി എഴുതുവാൻ. ഡിസ്ട്രിക്ട് റിപ്പോർട്ടർ തന്റെ അതിരിനുള്ളിൽ നടക്കുവാൻ പോകുന്ന എല്ലാകാര്യങ്ങൾക്കും ദിനസരിക്കുറിപ്പു വെയ്ക്കയും, അതതു ദിവസങ്ങളിൽ അതതു കാര്യങ്ങളെ അന്വേഷിച്ചുകൊള്ളുകയും വേണ്ടതാണു്. ചിലപ്പോൾ ചില പ്രധാനപ്പെട്ട സംഭവങ്ങൾ തന്റെ അയൽസ്ഥലത്തു ഉണ്ടായേക്കാം; അവയെപ്പറ്റി താൻതന്നെ പോയിരുന്നു വൃത്താന്തമെഴുതുന്നതിന്നു പോകുവാൻ സാധിക്കുകയില്ലെങ്കിൽ, ആ സ്ഥലത്തുള്ള ഒരു വിശ്വസ്ഥനെ ഭാരമേല്പിച്ചു റിപ്പോർട്ടു വരുത്തുന്നതു യുക്തമായിരിക്കും. ചിലപ്പോൾ, സംഭവ റിപ്പോർട്ടുകൾ, പ്രസംഗങ്ങൾ എന്നിങ്ങനെയുള്ളവ കാലേക്കൂട്ടി തയ്യാറാക്കിട്ടുണ്ടായിരിക്കും. അവയെ മുൻകൂട്ടിമേടിച്ചു സംഗ്രഹിച്ചുവെയ്ക്കാം. അതിലേക്കായും മറ്റും അതതു ആളുകൾക്കു നേരത്തെ കത്തെഴുതി മറുപടി വരുത്താവുന്നതാണു്. തന്റെ ഡിസ്ട്രിക്ടിലെ ഏതേതു കാര്യങ്ങളെപ്പറ്റിവേണം റിപ്പോർട്ട് എഴുതുവാൻ എന്നു പത്രാധിപർക്കു എഴുതി വിവരം അറിഞ്ഞിരിക്കണം. താൻ എഴുതി അയക്കുന്ന ലേഖനത്തിൽനിന്നു ഏറെക്കുറെ യാതൊന്നും തടഞ്ഞുകളയാതിരിക്കേണമെങ്കിൽ, പത്രാധിപർക്കു ആ സംഗതിയെക്കുറിച്ചു മുൻകൂട്ടി വിവരം ഉണ്ടായിരിക്കേണ്ടതാണല്ലോ. തനിക്കു് അതതു ലക്കത്തിൽ ഇത്രയിത്ര പംക്തി ആവശ്യപ്പെടുമെന്നും, ഇന്നയിന്ന കാര്യങ്ങൾ വരാൻ പോകുന്നു എന്നും റിപ്പോർട്ടർ പത്രാധിപരെ കാലേകൂട്ടി അറിയിച്ചിരുന്നാൽ, പത്രാധിപർ അതിലേക്കു മുൻകരുതൽ ചെയ്തിരിക്കും. തനിക്കും തന്റെ റിപ്പോർട്ടിനെ കൗതുകത്തോടെ പ്രതീക്ഷിക്കുന്ന തന്റെ ഡിസ്ട്രിക്ട് വായനക്കാർക്കും ആശാഭംഗത്തിനു് ഇടവരാതിരിക്കയും ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ ഡിസ്ട്രിക്ട് റിപ്പോർട്ടർ ഏറെക്കുറെ ഒരു പത്രാധിപർക്കൊപ്പം ഗുണാഗുണവിവേചനം ചെയ്യണം. പിന്നെ ഒരുകാര്യം ഓർമ്മവെക്കേണ്ടതു്, റിപ്പോർട്ടർക്കു പത്രാധിപരെപ്പോലെ അജ്ഞാതനാമാവായിരിപ്പാൻ സാധിക്കയില്ലെന്നതാണു്. റിപ്പോർട്ടർ എപ്പോഴും തന്റെ ഡിസ്ട്രിക്ടിലെ ആളുകളുമായി ഇടപഴകി നടക്കേണ്ടവനാകയാൽ, റിപ്പോർട്ടിനാൽ ദോഷപ്പെട്ടുപോവാൻ സംഗതിവരുന്ന ആളുകളുടെ വിരോധത്തെയും, ഗുണപ്പെടുന്നവരുടെ സന്തോഷത്തെയും സമ്പാദിക്കാനിടയാകും. താൻ അസത്യമയോ അസംബന്ധമായോ ദോഷപൂർവ്വമായോ വല്ലതും ദൂഷ്യമെഴുതിയാൽ, ശത്രുക്കളെക്കൊണ്ടു തനിക്കു ശല്യമുണ്ടായേക്കും; തന്റെ പത്രത്തിനും ദോഷംവന്നേയ്ക്കും. റിപ്പോർട്ടർക്കു യാതൊരാളോടും സ്വകാര്യവൈരം ഉണ്ടായിരുന്നില്ലെങ്കിൽകൂടി, ചിലപ്പോൾ ചില സ്വകാര്യതല്പരന്മാരുടെ കൂടുക്കിൽ പെട്ടുപോയി എന്നു വരാം. ആ സ്ഥിതിയിലാണു് പക്ഷപാതിയായിത്തീർന്നു് ശത്രുക്കളെ ഉണ്ടാക്കുന്നതു്. ചെറുപ്പക്കാരായ റിപ്പോർട്ടർമാർ ഇങ്ങനെത്തെ കുടുക്കുകളിൽപെട്ടു വലയുവാനിടയാവുന്നതു അസാധാരണമല്ല. സ്വകാര്യവൈരത്തെ പ്രദർശിപ്പിക്കാൻ വർത്തമാനപത്രത്തോളം സൗകര്യപ്രദമായ സ്ഥലം മറ്റൊന്നില്ല; റിപ്പോർട്ടറുടെ സ്ഥാനം അതിലേക്കു് എളുപ്പമായ മാർഗ്ഗവുമാണു്. ചെറുപ്പക്കാർ തങ്ങളുടെ ഈ പ്രലോഭനത്തെ എത്രയും വിവേകത്തോടെ അടക്കിയിരുന്നാൽ, അപകടം ഉണ്ടകാതെ കഴിയും. ഡിസ്ട്രിക്ട് റിപ്പോർട്ടർ വൃത്താന്താഖ്യാനം ചെയ്യുന്നതിനും പുറമെ, തന്റെ ഡിസ്ട്രിക്ടിലെ വല്ല വിശേഷകാര്യങ്ങളെയും പറ്റി കുറിപ്പുകൾ എഴുതി അയക്കുകയും, തദ്ദേശ ജനങ്ങളുടെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കയും ചെയ്യുന്നതു തന്റെ തൊഴിലിൽ അഭിവൃദ്ധിക്കും, പത്രത്തിന്നു ആ ഡിസ്ട്രിക്ടിൽ സ്ഥിരപ്രതിഷ്ഠക്കും ഉതകുന്നതാണു്. താൻ പത്രത്തിലേക്കു് അയച്ചുകൊടുക്കുന്ന യാതൊരു ലേഖനവും വ്യക്തമായ കയ്യക്ഷരത്തിൽ എഴുതിയിരിക്കയും, അതിലെ സംഗതികളെ വീണ്ടും വീണ്ടും അലോചിച്ചു നിശ്ചയം വരുത്തുകയും, പേരുകൾ മുതലായ വിവരങ്ങളിൽ യാതൊരു വീഴ്ചയും ഇല്ലെന്നു നിർണ്ണയപ്പെടുത്തുകയും ചെയ്തിരിക്കണം. പത്രത്തിലേയ്ക്കയച്ചുകഴിഞ്ഞാൽ പിന്നെ, അച്ചടിക്കുംമുമ്പു് അതു കാണ്മാനും വല്ല വിഴ്ചയുണ്ടായിരുന്നാൽ തിരുത്തുവാനും തനിക്കു സാധിക്കുകയില്ലെന്നു ഓർക്കുന്നതായാൽ തന്റെ ശ്രദ്ധ എത്രയേറെ ആവശ്യകമാണെന്നു ബോധ്യമാവും. കയ്യെഴുത്തുപകർപ്പുകളൊക്കെ കഴിവുള്ളിടത്തോളം കാലേക്കൂട്ടി പത്രകാര്യാലയത്തിൽ എത്തിച്ചിരുന്നില്ലെങ്കിൽ, അവ വരുന്ന ലക്കത്തിലേക്കു ഉപയോഗപ്പെട്ടിട്ടില്ലെന്നും, പിന്നത്തെ ലക്കത്തിനു വളരെ പഴകിപ്പോയി എന്നും ആക്ഷേപം വന്നേയ്ക്കും. ഇതു നിമിത്തം ചിലരുടെ മുഷിച്ചിലിനും പാത്രമായേക്കും.

ഡിസ്ട്രിക്ട് റിപ്പോർട്ടറുടെ പ്രവൃത്തി വാസ്തവത്തിൽ, വർത്തമാന നിവേദനമായിരുന്നാലും, ചില പത്രങ്ങളുടെ വിഷയത്തിൽ, അതിന്റെ നിവ്വാഹകന്റെ നിലയിൽ ചെയ്യേണ്ടതായ ചില കാര്യങ്ങൾകൂടെ ഉണ്ടായിരിക്കും. തന്റെ ഡിസ്ടിക്ടിലെ വരിക്കാരോടു വരിപ്പണം മേടിച്ചു പത്രനിർവ്വാഹകനു അയച്ചുകൊടുക്കുക. പുതിയ വരിക്കാരെ ചേർക്കുക എന്നീ പ്രവൃത്തികൾ റിപ്പോർട്ടറുടെ ചുമതലയിൽപ്പെട്ടതായിവരും. വിശേഷിച്ചും, തന്റെ പത്രം തുടങ്ങീട്ടു അധികകാലം ആയിട്ടില്ലാത്തതാണെങ്കിൽ, അതിന്നു് ഒരു സ്ഥിരപ്രതിഷ്ഠ ഉണ്ടാകുംവരെ ഇങ്ങനെ ചില സഹായങ്ങൾ റിപ്പോർട്ടറാൽ സാധ്യമായിട്ടുണ്ടു്; കുറെ പഴക്കം ചെന്ന പത്രങ്ങൾക്കു ഇങ്ങനെ ഒരാവശ്യം റിപ്പോർട്ടറെക്കൊണ്ടു് നിറവേറ്റാൻ ഉണ്ടായില്ലെന്നു വരും. ഒരുവൻ ഡിസ്ട്രിക്ട് റിപ്പോർട്ടറായിരിക്കട്ടെ. പത്രകാര്യാലയത്തിൽ പണിയെടുക്കുന്ന കുട്ടിത്തരം റിപ്പോർട്ടറായിരിക്കട്ടെ; ഏതു നിലയിലായിരുന്നാലും പത്രത്തിലേക്കു പരസ്യങ്ങൾ ശേഖരിക്കുന്ന ജോലികൂടെ ചില സമയങ്ങളിൽ അവന്റെ ചുമതലയിൽപ്പെട്ടിരിക്കും. ഇതിലേക്കു അവന്നു പ്രത്യേകം പ്രതിഫലവും അനുവദിക്കപ്പെടും. വിശേഷിച്ചും അവന്റെ റിപ്പോർട്ടർ പണിക്കുള്ള പ്രതിഫലം ചുരുങ്ങിയതാണെങ്കിൽ, ഇങ്ങനെ കൂടുതൽ ആദായത്തിനുള്ള മാർഗ്ഗം ഉണ്ടാക്കിക്കൊടുപ്പാൻ പത്രനിർവ്വാഹകൻ ഒരുക്കമായിരിക്കും. അതു പത്രത്തിന്റെ നടപ്പിനുതന്നെ അഭിവൃദ്ധി വരുത്തുന്ന കാര്യമാണല്ലോ. എന്നാൽ, പത്രത്തിനു പരസ്യങ്ങൾ ചേർത്തുവെപ്പാൻ തക്കവണ്ണം ധാരാളം അച്ചുകളും, മറ്റു ഉപകരണങ്ങളും സംഭരിക്കുന്നതിലേക്കുവേണ്ട മൂലധനം മുടക്കിയിരിക്കുന്നില്ലെങ്കിൽ, റിപ്പോർട്ടറുടെ പരസ്യകാര്യവിഷയമായുള്ള പരിശ്രമങ്ങൾക്കു സാഫല്യം തൃപ്തികരമായില്ലെന്നു വന്നേയ്ക്കും. അതെങ്ങിനെയിരുന്നാലും റിപ്പോർട്ടർമാരുടെ മേൽ വർത്തമാനനിവേദനമൊഴികെ, മറ്റു പ്രവൃത്തികൾ ചുമത്തുന്നതു് വിഹിതമല്ലെന്നാണു് പറയേണ്ടതു്. ധാരാളം മൂലധനശക്തിയുള്ള പത്രങ്ങൾ അങ്ങനെ ഒരു പ്രവർത്തി ചെയ്യിക്കയില; മൂലധനശക്തി ചുരുങ്ങിയ പത്രങ്ങൾക്കു അതാവശ്യമായി വന്നേയ്ക്കാം.

റിപ്പോർട്ടർ താല്പര്യത്തോടെ പണിയെടുക്കുന്നവനായിരുന്നാൽ അവന്നു ഡിസ്ട്രിക്ടിലെ പ്രവൃത്തികൊണ്ടു ഒന്നുരണ്ടു കൊല്ലത്തിനുള്ളിൽ, പത്രത്തൊഴിലിൽ ഉയർന്ന പടികളിലേക്കു കടക്കാനുള്ള യോഗ്യത സിദ്ധിച്ചിരിക്കും. അവൻ പത്രകാര്യാലയത്തിൽനിന്നു അകന്നിരുന്നു പ്രവർത്തിയെടുക്കുന്നവനാകകൊണ്ടു്, നഗരത്തിലെ ക്ലേശങ്ങൾ അവനു തട്ടുകയില്ല; ഏതുകാര്യവും ക്ഷമയോടെ ചിന്തിച്ചു തീർച്ചപ്പെടുത്തുവാൻ ശീലിക്കയും ചെയ്യും. പിന്നെ വിശേഷകാര്യങ്ങളെപ്പറ്റി റിപ്പോർട്ട് എഴുതുവാനായി തന്റെ ഡിസ്ട്രിക്ടിൽ വന്നു ചേരാവുന്ന മറ്റു പത്രങ്ങളുടെ റിപ്പോർട്ടർമാരുമായി ഇടപഴകി പുതിയ അറിവുകൾ നേടുവാനും കഴിയും.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.