images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
ഖണ്ഡലേഖനം—ഒന്നു്

വൃത്താന്തസൂചനകൾ കുറിച്ചെടുത്താൽ മാത്രം പോരാ; അവയെ പത്രത്തിൽ വിളമ്പുന്നതിനു തക്കവണ്ണം ‘പാക’പ്പെടുത്തണം. ഇതു റിപ്പോർട്ടർമാരൊക്കെ അവശ്യം ചെയ്തേ കഴിയൂ. ഏതുതരം റിപ്പോർട്ടരും തന്റെ കൈക്കലുള്ള വർത്തമാനങ്ങളെ ചെറിയ ‘ഖണ്ഡികകൾ’ ആക്കിക്കൊടുക്കേണ്ടതു പത്രനടത്തിൽപ്പിൽ ഒരു പ്രധാന കാര്യമാണു്. ഈ ഖണ്ഡലേഖനങ്ങൾ ആണു് പത്രത്തിന്റെ അംഗങ്ങൾ. ഒരു ചുമരു കെട്ടുന്നതിനു് ഇഷ്ടികകൾ എങ്ങനെയോ, ഒരു പത്രം സജ്ജീകരിക്കുന്നതിനു ഖണ്ഡികകൾ അതേപ്രകാരം പ്രമാണഘടകമായിരിക്കുന്നു. വൃത്താന്തങ്ങൾ ശേഖരിക്കുന്ന റിപ്പോർട്ടറുടെ പക്കൽനിന്നുചെല്ലുന്ന വർത്തമാനക്കുറിപ്പുകൾക്കു പുറമേ, മറ്റൊരു വിധം ഖണ്ഡലേഖനങ്ങൾ കൂടി പത്രങ്ങളിൽ കാണാറുണ്ടല്ലോ; ഇവയെ പത്രാധിപക്കുറിപ്പുകൾ എന്നു വിളിക്കുന്നു. ഈ രണ്ടുതരം ഖണ്ഡലേഖനങ്ങളും സ്വഭാവതഃ ഭിന്നങ്ങളാണെന്നു ധരിക്കേണ്ടതാകുന്നു: രണ്ടും ചെറിയ കുറിപ്പുകൾ ആയിരിക്കുന്നു എന്ന ഒരു സംഗതിയെ അവയ്ക്കു സമാനധർമ്മത്തെ കാണിക്കുന്നുള്ളു; മറ്റു സംഗതികളിൽ അവ ഭിന്ന ധർമ്മങ്ങളായിട്ടുള്ളവയാകുന്നു. റിപ്പോർട്ടർ പാകപ്പെടുത്തി വിളമ്പുന്ന ഖണ്ഡലേഖനങ്ങൾ വെറും വർത്തമാനങ്ങൾ അടങ്ങിയവയാണു്; പത്രാധിപക്കുറിപ്പുകൾ ആയുള്ള ഖണ്ഡലേഖനങ്ങൾ പലപ്പോഴും വർത്തമാനങ്ങളെപ്പറ്റിയുള്ള വിമർശനങ്ങളോ, ചിലപ്പോൾ രാജ്യഭരണസംബന്ധമായ ഏതാൻ കണക്കുകൾ മാത്രമോ, ചിലപ്പോൾ അന്യത്ര ചേർത്തിട്ടുള്ള വർത്തമാനങ്ങളെ സമാഹരിച്ചു് വായനക്കാരുടെ ദൃഷ്ടിയെ ക്ഷണിക്കുന്ന ജ്ഞാപകങ്ങളോ ആയിരിക്കും. ഈ വിധങ്ങളിലുള്ള ഖണ്ഡലേഖനങ്ങൾ ഇല്ലാതെ ഒരു പത്രവും നടന്നു കാണുന്നില്ലെന്നു പറയാം.

ചെറിയ ചെറിയ വർത്തമാനക്കുറിപ്പുകൾകൊണ്ടു വായനക്കാരുടെ ശ്രദ്ധയെ ആകർഷിക്കുക എന്നതു സാധാരണപത്രങ്ങൾക്കൊക്കെ, വിശേഷിച്ചു് പ്രതിവാരപത്രങ്ങൾക്കു, കർത്തവ്യമായിട്ടുകൂടെ തീർന്നിട്ടുണ്ടു്. സരസമായും, സാരവത്തായും, സംക്ഷിപ്തമായും ഉള്ള വർത്തമാന ഖണ്ഡങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു വൃത്താന്തപത്രത്തോളം, തദ്ദേശവായനക്കാരെ സംതൃപ്തിപ്പെടുത്തുന്നതിന്നും, മറ്റൊരുതരം പത്രത്തിനും ശക്തിയില്ലാ. സരസം, സാരവത്തു് എന്ന വിശേഷണങ്ങൾ; ചില പത്രങ്ങളിലെ റിപ്പോർട്ടർമാർ സഭായോഗനടപടികളെപ്പറ്റി എഴുതുമ്പോൾ ഓരോരോ പ്രസംഗങ്ങളെക്കുറിച്ചു് ചെയ്യുമാറുള്ള വെറും വിശേഷണങ്ങളെപ്പോലെ, വിചാരിച്ചുപോകരുതു്. ആ വർത്തമാനക്കുറിപ്പുകൾ, വാസ്തവത്തിൽ സരസവും, സാരവത്തും ആയിരിക്കണം. വർത്തമാനങ്ങൾ എന്തൊക്കെയാവാം? ബഹുജനങ്ങൾക്കു വിനോദമോ വിജ്ഞാനമോ നൽകുന്നതായ ഏതൊരു വർത്തമാനവും സത്യാനുരോധേനയും സഭ്യമര്യാദയെ അനുസരിച്ചും പ്രതിവാദിക്കാവുന്നതാണു്. ആൾ തിങ്ങിനടക്കുന്ന ഒരു തെരുവിൽ ഒരു കാളയോ കുതിരയോ വിരണ്ടോടിയതാകട്ടെ, ഒരു പുരയ്ക്കു തീ കത്തിയതാകട്ടെ, ഒരു ആകസ്മികമരണമുണ്ടായതാകട്ടെ, ഒരു നാടകമോ പന്തുകളിയോ നടന്നതാകട്ടെ, ഒരുവനു ഒരു പ്രശംസാപത്രം ലഭിച്ചതാകട്ടെ—ഇങ്ങനെ പല സംഗതികളും വർത്തമാനക്കുറിപ്പുകൾക്കു വിഷയമാകാം. ഇവയെ എഴുതി ഫലിപ്പിക്കുന്നതു റിപ്പോർട്ടറുടെ സാമർത്ഥ്യത്തെ ആശ്രയിച്ചിരിക്കും. ഒരു പ്രദേശത്തു ഒന്നിലധികം പത്രങ്ങൾ ഉണ്ടായിരുന്നാൽ, ഇവതമ്മിൽ വർത്തമാനങ്ങൾ പ്രതിപാദിക്കുന്ന വിഷയത്തിൽ എപ്പോഴും മത്സരമുണ്ടായി എന്നു വരാം. മറ്റു കാര്യങ്ങളിൽ സാധാരണ ഉണ്ടായിരിക്കാവുന്ന മത്സരം റിപ്പോർട്ടറുടെ ശ്രദ്ധയെ അത്രത്തോളം അർഹിക്കുന്നില്ല. പത്രവായനക്കാർ പത്രം വിടുർത്താൽ ആദ്യമായി കൗതുകത്തോടെ നോക്കുന്ന ‘സ്വദേശവാർത്ത’ പംക്തി കുറുകിയിരുന്നാൽ അതൃപ്തിയും; എത്രയും നീണ്ടിരിക്കന്നതായി കണ്ടാൽ അനല്പമായ സന്തോഷവും ഉണ്ടാകാറുണ്ടു്. ഈ സ്ഥിതിക്കു, റിപ്പോർട്ടർമാർ സ്വന്തം പത്രത്തിന്റെ അഭ്യുദയത്തിലും സ്വന്തം അഭിവൃദ്ധിയിങ്കലും താല്പര്യമുള്ളവരാണെന്നിരിക്കിൽ, അവർക്കു വർത്തമാനങ്ങൾ ശേഖരിച്ചു് വായനക്കരെ ആകർഷിക്കാൻ തക്ക രീതിയിൽ എഴുതി ഫലിപ്പിക്കുന്നതിനു എത്ര വളരെ ശ്രദ്ധവെച്ചാലും അതു അധികമായിപ്പോയി എന്നു ആക്ഷേപം വരുകയില്ല. മത്സരമുള്ളപ്പോൾ പത്രാധിപന്മാർ റിപ്പോർട്ടറുടെ വർത്തമാനക്കുറിപ്പുകളെ എത്രയോ സൂക്ഷ്മമായും നിഷ്കർഷമായും പരിശോധിപ്പാനും, അവ മറ്റു പത്രങ്ങളോടു കിടനിൽക്കുകയില്ലെങ്കിൽ അവർക്കു റിപ്പോർട്ടറുടെ സാമർത്ഥ്യത്തെക്കുറിച്ചു് അഭിമാനം കുറവാനും ഇടയാകുന്നതാകുന്നു.

ഖണ്ഡലേഖനങ്ങൾ എഴുതുന്നതിലേക്കു് ആവശ്യമായുള്ളതു് അതിൽ അടക്കേണ്ടതായ ‘വക’കൾ ആകുന്നു. ഈ ‘വക’കൾ എവിടെനിന്നാണു് ലഭിക്കുക? പത്രക്കാരൻ തന്റെ മനോരാജ്യത്തിൽ സൃഷ്ടിച്ചു വിടുന്നവയാണോ? അവൻ എങ്ങനെയാണു് എല്ലാ സംഗതികളെയും അറിയുന്നതു്? പത്രറിപ്പോർട്ടർമാർ സർവ്വജ്ഞന്മാരും സർവ്വസാക്ഷികളും ആകുന്നുവെന്നു് ചിലർക്കു തോന്നിപ്പോയേക്കാം. വാസ്തവം അങ്ങനെയല്ല. പത്രത്തിൽ പ്രസ്താവിക്കുന്ന വാർത്തകൾ എല്ലാം റിപ്പോർട്ടർ സ്വന്തം കണ്ണാലേ കണ്ടവ ആയിരിക്കയില്ല; പലേ സംഗതികളിലും അവന്നു അറിവു കിട്ടുന്നതു അന്യന്മാർ വഴിയായിട്ടാണു്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന അറിവുകളെ ഉപയോഗപ്പെടുത്തുന്നതിൽ അവൻ നല്ല മുൻകരുതൽ വെച്ചുകൊണ്ടിരുന്നാൽ, എല്ലാ വാർത്തകളും അവൻതന്നെ കണ്ണാലെ കണ്ടു് കഥിച്ചതുപോല വിചാരിക്കാം. ഒരു സംഗതിയെപ്പറ്റി റിപ്പോർട്ടർക്കു അനുഭവത്താൽ അറിവില്ലെങ്കിൽ, അതു കണ്ടിട്ടുള്ളവനെയോ, അതു സംബന്ധമായ വാസ്തവവിവരങ്ങൾ കൈവശമുള്ളവനെയോ തിരഞ്ഞുപിടിച്ചു്, ആ വഴിക്കു വേണ്ട വിവരങ്ങളൊക്കെ ഗ്രഹിപ്പാൻ സാധിക്കുന്നതാണു്. അതതു സംഗതിയുടെ സാരഭാഗത്തെ ഗ്രഹിപ്പാൻ തക്ക സാമർത്ഥ്യം അവന്നുണ്ടായിരിക്കണം; അന്യന്മാരിൽനിന്നു ലഭിക്കുന്ന അറിവുകളിൽ അനാവശ്യമായ പലതും കലർന്നിരിക്കാം; ഇവയെ തള്ളിക്കളയാനും വേണ്ടതുമാത്രം ഏടുപ്പാനും, പക്ഷപാതം കൂടാതെയിരിപ്പാനും അവൻ ശ്രദ്ധവെച്ചുകൊണ്ടാൽ, തന്റെ വർത്തമാനക്കുറിപ്പുകളെപ്പറ്റി പത്രാധിപർക്കോ വായനക്കാർക്കോ വെറുപ്പു തോന്നാൻ കാരണമുണ്ടായിരിക്കയില്ല. ഖണ്ഡലേഖനങ്ങൾക്കു വകകൾ സംഭരിപ്പാൻ, റിപ്പോർട്ടർക്കു്, സർക്കാർ ജീവനക്കാരുമായി നിശ്ചയമായും പരിചയമുണ്ടായിരിക്കണം. പോലീസ് ജീവനക്കാരുമായി വിശേഷിച്ചും ഇടപഴകണം. പൊതുവിൽ സംബന്ധിക്കുന്ന കാര്യങ്ങൾ ആരുടെയൊക്കെ പക്കൽനിന്നു് അറിയാൻ കഴിയുമോ, അവരെയൊക്കെ ദിവസംതോറും കണ്ടു് പ്രശ്നം ചെയ്യണം. പോലീസ് സ്റ്റേഷൻ, മജിസ്ട്രേറ്റ് കോടതി, റവന്യൂകച്ചേരി, ആശുപത്രി, തീവണ്ടി ആപ്പീസ്, മറ്റു പൊതുവക സ്ഥപനങ്ങൾ—ഇങ്ങനെ നാനാസ്ഥലങ്ങളിലും ചെന്നു്, അവയിലെ ജീവനക്കാരുമായി സംഭാഷണം ചെയ്തു്, പുതിയ വാർത്തകൾ ഗ്രഹിപ്പാൻ എപ്പോഴും താല്പര്യത്തോടുകൂടിയിരിക്കണം. ആ ജീവനക്കാരെ അവരുടെ ആപ്പീസുകളിൽ ചെന്നു കാണുന്നതു യുക്തം അല്ലെന്നിരിക്കുമ്പോൾ, അവരുടെ ഗൃഹങ്ങളിൽ പോയി അവരുടെ അവസരം നോക്കിക്കണ്ടു സംസാരിക്കണം. ചിലർ യാതൊരു ഭയവും കൂടാതെ, വാർത്തകൾ പറയുന്നുണ്ടായിരിക്കും; ചിലർ ഭയശീലന്മാരായിട്ടു തുറന്നു പറകയില്ല. മറ്റുചിലർ വാസ്തവത്തെ മറച്ചുവെയ്ക്കും; വേറെ ചിലർ മനഃപൂർവ്വം വാസ്തവത്തിന്നു വിപരീതമായി പറയും; ഇനിയും ചിലർ കേൾവിയെ മാത്രം അധിഷ്ഠാനമാക്കിക്കൊണ്ടു് അവ്യക്തമായി വല്ലതും പറയും. ഇത്തരത്തിൽ പല മാതിരി ആളുകളോടൊക്കെ സംസാരിച്ചുവേണം വാസ്തവം ഇത്ര, അവാസ്തവം ഇത്ര, എന്നു വിവേചിപ്പാൻ തക്ക ബുദ്ധികൗശലം റിപ്പോർട്ടർക്കു ഇല്ലെന്നിരിക്കിൽ, അവനും പത്രവും എത്ര എളുപ്പത്തിൽ അബദ്ധക്കുണ്ടിൽ പതിക്കുന്നതാണു്! ആളുകളുടെ സ്വഭാവങ്ങളെ മനസ്സിലാക്കാനുള്ള ബുദ്ധിചാതുര്യം റിപ്പോർട്ടർക്കു് ഉണ്ടായിരുന്നാൽ, അബദ്ധത്തിൽ ചെന്നു ചാടുകയില്ല. വാസ്തവം പറയുന്ന ശീലമുള്ളവരോടു പ്രശ്നം ചെയ്യുമ്പോൾ ഉടൻ മറുപടി കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാം; സന്ദേഹപ്പെടാൻ ആവശ്യമില്ല. തുറന്നുപറയാൻ മടിക്കുന്നവരോടു കുറേക്കൂടെ പ്രശ്നങ്ങൾ ചെയ്തു് വാസ്തവങ്ങൾ ഒക്കെ പുറമെ വരുത്താം. ചിലരോടു കുറെ അധികം സംസാരിക്കേണ്ടിവന്നേക്കും ഒരു സംഗതിയെപ്പറ്റി അല്പസ്വല്പം വല്ല അറിവും കിട്ടിയിരുന്നാൽ മുഴുവൻ അറിവാനും വാസ്തവനിർണ്ണയം ചെയ്യാനും, ചില തരക്കാരോടു താൻ കേട്ടിട്ടുള്ളതിന്നു് നേരെ വിപരീതമായ ഒരു സംഭവത്തെ സംഭാവനം ചെയ്തുംകൊണ്ടു പ്രശ്നം ചെയ്യേണ്ടതായിരിക്കും. ചിലരോടു ഇല്ലാത്ത സംഗതികളെപ്പറ്റി ചോദിക്കുമ്പോൾ അവർ ആ അവാസ്തവ സംഗതി പത്രത്തിൽ കാണരുതല്ലോ എന്നു വിചാരിച്ചു, വാസ്തവം കൊണ്ടു അവാസ്തവത്തെ നിഷേധിക്കും. ചിലരോടു സ്വകാര്യസംഗതികളേപ്പറ്റി സംസാരിക്കാൻ ഏർപ്പെട്ടിട്ടു് ക്രമേണ സർക്കാർ കാര്യങ്ങളിൽ കടന്നുകൂടാം. ഇങ്ങനെ പലമാതിരി പ്രകൃതിക്കാരോടും പെരുമാറേണ്ട സമ്പ്രദായങ്ങളൊക്കെ ശീലിച്ചവനായിരിക്കുന്ന പക്ഷം, റിപ്പോർട്ടർക്കു് തന്റെ പ്രവൃത്തിയിൽ വിജയം ലഭിക്കുവാൻ പ്രയാസമില്ല. ഇതിലേക്കു് സാമർത്ഥ്യമില്ലാത്തവനെക്കൊണ്ടു്, വർത്തമാനങ്ങൾ ശേഖരിപ്പാൻ കൊള്ളുകയില്ല; വെറും സ്വനഗ്രാഹിയന്ത്രത്തിന്നൊപ്പം, സഭായോഗങ്ങളിലെ പ്രസംഗങ്ങൾ തുടങ്ങിയ നടപടികളെ പ്രതിഫലിപ്പിക്കാനേ കൊള്ളൂ. ഏതുവിധത്തിലായാലും, വർത്തമാനക്കുറിപ്പുകൾക്കുള്ള ‘വക’കൾ ശേഖരിക്കുമ്പോൾ, കാര്യസാരത്തിൽ കടന്നു ചെല്ലുവാനുള്ള സാമർത്ഥ്യം റിപ്പോട്ടർക്കു പഴമപരിചയത്താൽ സിദ്ധിക്കേണ്ടതാണു്. അതു ഗ്രഹിപ്പാൻ കഴിയാതെ, സ്വകാര്യതല്പരന്മാരായ ആളുകളുടെ കുടുക്കിൽ പെടുവാനിടവരുന്നതു ആശംസ്യമല്ല. ജനശ്രുതികളെ നിശ്ചയഗർഭമായ വിധത്തിൽ പ്രസ്താവിക്കുകയോ; നിശ്ചയമായ സംഗതികളെ ജനശ്രുതിയായി പറകയോ ചെയ്യുന്നതു യുക്തമല്ലതാനും. ചിലപ്പോൾ സംശയഗ്രസ്തമായ സംഗതികളെ കേൾവികളായി പ്രസ്താവിക്കുന്നതും തീരെ അവിഹിതമായ സമ്പ്രദായമാണു്. “രാമമേനോൻ മരിച്ചുപോയതായി കേൾക്കുന്നു”—എന്നൊരു വാർത്ത വാസ്തവാനുരോധേന ഉള്ളതായിരുന്നാൽ, ‘കേൾക്കുന്നു’വിന്നു ആവശ്യമില്ല; സംശയഗ്രസ്തമാണെങ്കിൽ ഇത്ര ഗൗരവപ്പെട്ട ഒരു സംഗതിയെ സംശയനിവാരണം വരുത്തിയതിനുമേൽ പ്രസ്താവിച്ചാൽമതിയാകും. അല്ലാതെ ആ വാർത്തയുടെ വാസ്തവാവസ്ഥയെ ഭാഗ്യപരിക്ഷയ്ക്കു അധീനപ്പെടുത്തുന്നതു ഒരിക്കലും യുക്തമല്ല; ന്യായവുമല്ല.

വൃത്താന്തഖണ്ഡികകൾ അല്ലെങ്കിൽ, വർത്തമാനക്കുറിപ്പുകൾ എഴുതുന്നതിലേക്കുള്ള വകകൾ ശേഖരിച്ചുകഴിഞ്ഞാൽ പിന്നീടു ചെയ്യേണ്ടതു്, വർത്തമാനത്തെ ഒരു ഉചിതമായ രൂപത്തിൽ പ്രതിബിംബിക്കുകയാണു്. സംഗതികളൊക്കെ, നടന്നക്രമത്തിൽ വിവരിക്കണം. പറയേണ്ടതൊക്കെ അന്യൂനമായി വെളിപ്പെടുത്തുവാൻ കഴിയുന്ന വാക്യങ്ങൾ ഉപയോഗിക്കണം. വാക്യങ്ങളൊക്കെ സംക്ഷിപ്തസാരമായും രമണീയമായും ഇരിക്കണം. ഖണ്ഡികയ്ക്കു ചേർന്നതായ ഒരു തലവാചകവും ഉപയോഗിക്കണം. ഈ തലവാചകം വരിയുടെ നടുവിലല്ലാ നാട്ടേണ്ടതു്; വരിയുടെ ആരംഭത്തിൽ ഇടത്തറ്റത്തു എഴുതി, ഒരു രോധിനിചിഹ്നമായ ചെറിയ വരയിട്ടു് അതിനെ തുടർന്നു് വർത്തമാനം എഴുതുകയാണു് സാധാരണമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായം. തലവാചകം, വർത്തമാനത്തിന്റെ സ്വഭാവം.ഇന്നതാണെന്നു പ്രഥമതഃ തോന്നിക്കുമാറോ അല്ലെങ്കിൽ വായനക്കാരെ അതിലേക്കു ആകർഷിക്കുമാറോ ആയിരിക്കണം. ഒരുവൻ വെള്ളത്തിൽവീണു് മുങ്ങിമരിച്ചു എന്ന സംഭവത്തെ കഥിക്കുന്നതാണെങ്കിൽ, അതിനു ‘മുങ്ങിമരണം’ എന്ന രീതിയിൽ തലവാചകം എഴുതുകയല്ലാതെ, ‘ഒരു വിശേഷം’ എന്നോ ‘ജലക്രീഡ’ എന്നോ മറ്റൊ അസംബന്ധമായിട്ടുള്ള തലവാചകം വയ്ക്കരുതു്. ‘എന്നാൽ’ എങ്കിലും ‘വീണ്ടും’ മുതലായ പദങ്ങൾ വാചകങ്ങളുടെ മുമ്പിൽവെച്ചു തൊടുത്തുകെട്ടി വർത്തമാനത്തെ ദുർഗ്രഹമായ വിധത്തിൽ വളച്ചുപൊളച്ചു പറയുന്ന സമ്പ്രദായം തീരെ വർജ്ജ്യമാണു്. സ്വഭാഷാപദങ്ങൾ യഥേച്ഛം ലഭിക്കുന്നെടത്തു അന്യഭാഷാപദങ്ങളെ കുത്തിച്ചെലുത്തിയും ഭംഗിക്കുവേണ്ടി അനാവശ്യമായ പഴമൊഴികൾ നിറച്ചും വർത്തമാനമെഴുതുന്നതു തീരെ അക്ഷേപയോഗ്യമാകുന്നു. ഇതാ പകർക്കുന്ന വർത്തമാനക്കുറിപ്പുകളെ നോക്കുക:

ശ്രീവർദ്ധനപുരം

കാലാവസ്ഥ

“വേനലിന്റെ കാഠിന്യം പരിതപ്തമായിരിക്കുന്നു. ജനങ്ങളുടെ ദേഹസൗഖ്യം അത്ര സുഗമമല്ല. കൂപതടാകങ്ങളിൽ ജലം കർദ്ദമസമ്മിളിതമായിട്ടാണു് കാണപ്പെടുന്നതു്. തേങ്ങ അനേകദുർല്ലഭമായിരിക്കുന്നു. തന്നിമിത്തം വെളിച്ചെണ്ണാദികൾക്കും വിലകൂടുതലാണു്. ആടുമാടുകളും അഹാരപത്രങ്ങൾ കിട്ടാതെ ശബ്ദോൽപാദനത്തിന്നു പോലും ശക്തിയെന്നിയെ ഉറക്കം തൂങ്ങുന്നു…”

(‘സുജനാനന്ദിനി’, 1906 ഫെ. 2-നു)

എറണാകുളം

“പ്രിയപത്രാധിപസ്സാറെ, നമ്മുടെ മാരുതഭഗവാന്റെ ഉപദ്രവം ഈയിടെ ഇവിടെ കുറെ കലശലുതന്നെയാണു്. ഇദ്ദേഹം അധികമായി ഉപദ്രവിക്കുന്നതു് ഡർബാർ റോഡിന്നരുകിൽ പടിഞ്ഞാറോട്ടഭിമുഖമായി ഇരിക്കുന്ന ഷാപ്പുകാരെയും മറ്റുമാണു്, കാരണം എന്താണെന്നു് സാററിഞ്ഞുവോ? മിസ്റ്റർ വായുവിന്റെ ശക്തി തടുക്കുന്നതിനായി നിന്ന തെങ്ങുകളെയെല്ലാം ഉന്മൂലനാശം ചെയ്തില്ലേ? പിന്നെ അദ്ദേഹത്തിന്റെ ഇഷ്ടം പോലെ തുള്ളരുതെ? കാളെജു കെട്ടിടങ്ങളുടെ പഴയ ഓടുകൾ താൻ കുറെ അധികം പുതുതാക്കിച്ചു. മഴയും ഒട്ടും കുറവല്ല.”

(‘കേരളതാരക’, 1911 ജൂൺ 30-നു)

അമ്പലപ്പുഴ

“മഴയുടെ ഉപദ്രവത്താൽ വളരെ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ടു്. തണുപ്പോ അസഹനീയമായിരിക്കുന്നു. ഇപ്പോഴും വെള്ളം പൊങ്ങിവരുന്നതു പാത്രത്തിൽനിന്നും അടുപ്പിൽ എന്ന സമ്പ്രദായത്തിലാണു് കലാശിക്കുന്നതു്…”

(‘മലയാളി’, 1911 ജൂലൈ 26-നു)

ഇക്കാണിച്ചവയിൽ, ഒന്നാമത്തേതു, തൽക്കർത്താവിനു സംസ്കൃതപദപ്രയോഗത്തിങ്കൽ ‘മോഹം’ ഉണ്ടായിട്ടു് പദാർത്ഥജ്ഞാനം ഇല്ലാതെ, വാചകപുഷ്ടിക്കുവേണ്ടി സംസ്കൃതപദങ്ങൾ നിറച്ചു് പണ്ഡിതമാനിതയെ കാണിച്ചിരിക്കുന്ന ലേഖനമാണു്. രണ്ടാമത്തേതിൽ, തൽക്കർത്താവു ഫലിതമായി എഴുതുന്നു എന്നു ഭ്രമിച്ചു്, ചില ഗോഷ്ടികൾ കാണിച്ചിരിക്കുന്നു. മൂന്നാമത്തേതിൽ, ഇംഗ്ലീഷിലെ ഒരു പഴമൊഴിയെ മലയാളത്തിൽ തർജ്ജമ ചെയ്തു്, വാചകഭംഗിക്കു ഉതകുമെന്നു വിചാരിച്ചു്, അസംബന്ധമായ വിധത്തിൽ പ്രയോഗിച്ചിരിക്കുന്നു; ഇതിന്റെ അർത്ഥം വായനക്കാർക്കു് സുഗ്രഹവുമല്ല. ‘സാറെ’, ‘പത്രാധപച്ചേട്ടാ’, ‘അനിയ’, ഹേഹേപത്രാധിപർസ്സാറേ, ‘ഓഹോ പൊന്നുചേട്ടാ’, ‘കേട്ടില്ലേ സാറെ’, ‘എന്താണെന്നല്ലെ സാറെ’, എന്നിങ്ങനെയുള്ള ‘പായ്യാര’വാക്കുകളെ ചേർത്തു് വർത്തമാനക്കുറിപ്പുകൾ രചിക്കുന്നതും, അവയെ അതേവിധം പ്രസിദ്ധീകരിക്കുന്നതും, പത്രത്തിൽ സാഹിത്യരസികതയെ പോഷിപ്പിക്കുന്നതായിരിക്കയില്ല; സാഹിത്യദൂഷകമായിരിക്കും താനും.

ഒരു വർത്തമാനക്കുറിപ്പു് ഏതു രീതിയിലെങ്കിലും എഴുതിത്തള്ളിയാൽ മതിയെന്നു വിചാരിക്കരുതു്; ഒരു ഉപന്യാസത്തെ എത്ര വിചിത്രമായ രീതിയിൽ രചിക്കേണമെന്നു് നിഷ്കർഷയുണ്ടോ, അതിന്മണ്ണം തന്നെ, ഒരു ചെറിയ വർത്തമാനക്കുറിപ്പും വിചിത്രബന്ധമായിരിക്കണം ചിത്രമെഴുത്തുരവിവർമ്മത്തമ്പുരാന്റെ ചിത്രപടങ്ങളെ കാണുമ്പോൾ മനസ്സിനു് എന്തൊരു ആഹ്ലാദം, ഉണ്ടാകുന്നുവോ അതേപ്രകാരം ഉള്ള ഒരു ആഹ്ലാദം, ഒരു നല്ല ഉപന്യാസം വായിക്കുമ്പോഴും, ഉണ്ടാകേണ്ടതാണു്. അദ്ദേഹത്തിന്റെ ചിത്രമെഴുത്തു് വിദ്യാനൈപുണ്യത്തിനൊപ്പം, ഉപന്യാസകർത്താവിന്നു ഗദ്യരചനാനൈപുണ്യം ഉണ്ടായിരിക്കണം. അദ്ദേഹം ഒരു ചിത്രപടത്തിൽ ഒരറ്റത്തു ഒരു ചെറിയ താമരപ്പൂവോ ലതയോ വരച്ചാൽ അതുകൂടി മനോജ്ഞമായിരിക്കുന്നുവെങ്കിൽ, പത്രത്തിലെ ഒരു വർത്തമാനക്കുറിപ്പിനേയും മനോജ്ഞം ആക്കുവാൻ കഴിയുന്നതാണു്. ചിത്രലേഖനത്തിനൊപ്പംതന്നെ പത്രലേഖനവും ഒരു കലാവിദ്യയാണെന്നു ധരിക്കേണ്ടതും, ആ വിദ്യയുടെ പ്രഖ്യാതിക്കുതന്നെ പത്രലേഖകന്മാർ ശ്രമിക്കേണ്ടതും ആകുന്നു. ചിത്രലേഖകൻ ഒരാളുടെ സ്വരൂപം വരക്കുമ്പോൾ, കണ്ണു്, മൂക്കു്, ചെവി മുതലായ അംഗങ്ങൾക്കു ഉചിതമായ പരിമാണങ്ങളെ നിശ്ചയിക്കുന്നു; അതിന്മണ്ണം, പത്രലേഖകന്മാരും തങ്ങളുടെ ലേഖനങ്ങളിലെ വിഷയവിഭാഗങ്ങൾക്കു തമ്മിൽ ചേർച്ചയുണ്ടായിരിപ്പാൻ ശ്രദ്ധവെക്കണം. ചിത്രലേഖകൻ ഒരു സ്വരൂപത്തിന്നു കയ്യോ, കാലോ, കണ്ണോ, മൂക്കോ, മറ്റു ഏതെങ്കിലുമൊരു അംഗമോ ഇല്ലാതെ വരച്ചുവെച്ചാൽ അതു എത്ര ദുർദ്ദർശനമായി കാണുമോ, അതിന്മണ്ണംതന്നെ ഒരു പത്രലേഖകൻ തന്റെ ഉപന്യാസത്തെ വിഷയപരിപൂർത്തിവരുത്താതെ എഴുതിയാൽ, അതു വായിപ്പാൻ കൊള്ളരുതാത്തതായിത്തീരുന്നു. പിന്നെയും ഒരു ചിത്രലേഖകൻ തന്റെ വർണ്ണങ്ങളെ ചേരുംപടി ചേർത്തിട്ടില്ലെങ്കിൽ ആ ചിത്രം വാസ്തവത്തെ പ്രതിബിംബിക്കാത്തതായോ, മറ്റൊന്നിനെ ആശങ്കിപ്പിക്കുന്നതായോ വരാവുന്നതുപോലെ, ഒരു പത്രലേഖകൻ തന്റെ വാക്യങ്ങളിൽ ഉചിതപദങ്ങളെയല്ലാ പ്രയോഗിച്ചിരിക്കുന്നതെങ്കിൽ, വർത്തമാനത്തിന്റെ സ്വഭാവം മാറിയോ മറിഞ്ഞോ അർത്ഥമായേക്കുമെന്നും ഓർമ്മവെക്കേണ്ടതാണു്. മാതൃകയായ ഒരു ഖണ്ഡലേഖനത്തിൽ, പറയേണ്ട സംഗതികളെയൊക്കെ, സംഭവക്രമത്തിൽ, ഉചിതപദങ്ങളാൽ, പറഞ്ഞിരിക്കണം; വാക്യങ്ങൾ സംക്ഷിപ്തങ്ങളായുമിരിക്കണം; വാക്കുകളെ ചുരുക്കുക നിമിത്തം അർത്ഥത്തിനു യാതൊരു ഹാനിയും വന്നിരിക്കരുതു്; പരിവാഹിത്വദോഷത്തെ ഉല്പാദിക്കുമാറുള്ള അനാവശ്യപദങ്ങളോ വാചകങ്ങളോ കൂട്ടിച്ചേർത്തിരിക്കയുമരുതു്. കൊച്ചുകുട്ടികൾ ആളാനപൂച്ചകളുടെ രൂപങ്ങളെ ചുമരിൽ വരയ്ക്കുന്ന സമ്പ്രദായം ഇതിലേക്കു പറ്റുകയില്ല; ചിത്രമെഴുത്തുവിദ്യയുടെ പ്രമാണതത്വങ്ങളെ പഠിച്ചുശീലിച്ചിട്ടുള്ളവരുടെ സമ്പ്രദായമാണു് ആവശ്യം; അതിന്നു സാഹിത്യശാസ്ത്രതത്വങ്ങളുടെ അറിവും, എഴുതിശ്ശീലവും ഉണ്ടായാലേ, സാധ്യമാവൂ.

വർത്തമാനക്കുറിപ്പുകൾ എഴുതുന്ന റിപ്പോർട്ടറുടെ സാമർത്ഥ്യത്തെ പരീക്ഷിപ്പാൻ ഉത്തമമായ മാർഗ്ഗം, ചിലപ്പോൾ അകസ്മാൽ സംഭവിക്കാറുള്ള കുതിരപ്പിണക്കം, വണ്ടിമറിഞ്ഞപകടം മുതലായ ആപത്തുകളെ വിവരിച്ചെഴുതുകയാണു്. ഈവക അപകടങ്ങൾ നഗരങ്ങളിൽ സാധാരണമായി സംഭവിക്കാറുണ്ടു്. റിപ്പോർട്ടർ ഈ അപകടങ്ങളെപ്പറ്റി ശരിയായ അറിവുകളൊക്കെ ഗ്രഹിച്ചിട്ടുണ്ടോ എന്നും, അതിലെ മുഖ്യകാര്യങ്ങൾ ഇന്നവയെന്നു മനസ്സിലാക്കീട്ടുണ്ടോ എന്നും, അവ വായനക്കാരെ ആകർഷിക്കത്തക്ക രീതിയിൽ എഴുതീട്ടുണ്ടോ എന്നും, ലേഖനം വായിക്കുമ്പോൾ ആ അപകടം വായനക്കാരന്റെ കൺമുമ്പിൽ സംഭവിച്ചതുപോലെ അവനു അർത്ഥഗ്രഹം ഉണ്ടാകുമോ എന്നും വർത്തമാനക്കുറിപ്പുകൊണ്ടു നിർണ്ണയപ്പെടുത്താവുന്നതാണു്. താഴെ ചേർക്കുന്ന ഖണ്ഡലേഖനം നോക്കുക:

“വീണു ഞെരിഞ്ഞു—ചൊവ്വാഴ്ച വൈകിയതിൽ പിന്നെ പുത്തൻകച്ചേരിക്കു സമീപമുള്ള പഴയ റോട്ടിന്റെ തിരിവിൽവെച്ചു ഒരു അപകടം സംഭവിച്ചിരിക്കുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നതിനാൽ, അപകടം കുറെ ഭയങ്കരമായിട്ടുതന്നെ തീർന്നിരുന്നു. അതിൽപെട്ടവർക്കു ഏറെ കഷ്ടപ്പാടിനും കാരണമായിട്ടുണ്ടു്. അപകടം പറ്റിയതു് മിസ്റ്റർ ഗോവിന്ദപ്പിള്ളയ്ക്കായിരുന്നു. അപ്പോൾ, മിസ്റ്റർ പിള്ള കച്ചേരി വിട്ടു മടങ്ങിപ്പോകയായിരുന്നു; മേല്പറഞ്ഞ പഴയ റോട്ടിന്റെ തിരിവിൽ എത്തിയപ്പോൾ, മിസ്റ്റർ പിള്ളയുടെ വണ്ടിയിൽ പൂട്ടിയിരുന്ന കുതിര ആ തിരിവിൽ നാട്ടീട്ടുള്ള വഴികാട്ടിസ്തംഭം കണ്ടു് പെട്ടന്നു പരിഭ്രമിച്ചു വിരണ്ടോടി അടുത്തൊരു കയ്യാലയിൽ ചെന്നു കയറി വണ്ടിയും കൊണ്ടു മറിയുകയും വണ്ടിക്കകത്തിരുന്ന മിസ്റ്റർ പിള്ള ഊക്കോടെ താഴത്തുവീഴുകയും ചെയ്തു. എന്നിട്ടും, കുതിര പിടിച്ചടിച്ചു എഴുന്നേറ്റു തകർന്ന വണ്ടിയും വലിച്ചിഴച്ചുകൊണ്ടു ഓടി വീണ്ടും തട്ടിമുട്ടി വീണു. രണ്ടാമതു വീണതു ഒരു പിലാമരത്തിൽച്ചെന്നു മുട്ടിയതുനിമിത്തമായിരുന്നു. ഇതോടുകൂടി വണ്ടി തവിടുപൊടിയായി. ഇതിനിടയ്ക്കു, വേറൊരു വണ്ടി പിറകെ വന്നുചേർന്നു. അതിലെ വണ്ടിക്കാരൻ ശങ്കു എന്നവൻ റോട്ടിൽ മിസ്റ്റർ ഗോവിന്ദപ്പിള്ള കിടക്കുന്നതുകണ്ടു്, മിസ്റ്റർ പിള്ളയെ താങ്ങിയെടുത്തു്, തന്റെ വണ്ടിക്കകത്തു കിടത്തി. മിസ്റ്റർ പിള്ളയുടെ വീടു് മേക്കേപട്ടത്തു വിശ്വനാഥപുരത്തു് ആണു്; മൂന്നുനാഴിക ദൂരമുണ്ടു്. മിസ്റ്റർ പിള്ളയെ ഡാക്ടർ വന്നുകണ്ടു് വളരെ സൂക്ഷിച്ചു് ശ്രദ്ധിച്ചു പരിശോധിച്ചു് ചികിത്സിക്കുന്നു. പരിശോധനയിൽ, മിസ്റ്റർ പിള്ളയ്ക്കു വളരെ കഠിനമായ മുറിവുകൾ തലയിലും പുറത്തും ഉണ്ടായിട്ടുണ്ടെന്നാണു് ഡാക്ടർ കണ്ടിരിക്കുന്നതു്.”

ഇത്തരം വർത്തമാനക്കുറിപ്പുകൾ പലപ്പോഴും പത്രങ്ങളിൽ കാണാറുണ്ടു്. ഇതിന്റെ ന്യൂനതകളെ പരിഹരിച്ചു് തിരുത്തി എഴുതുംമുമ്പായി ചില ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കാം. വർത്തമാനക്കുറിപ്പുകൾ എഴുതുമ്പോൾ ലേഖകന്മാർ ഒന്നാമതായി ചെയ്യേണ്ടതു വായനക്കാരെ ആകർഷിക്കുവാൻ തക്കതും വിഷയത്തിനു ചേർന്നതുമായ ഒരു തലവാചകം വെയ്ക്കുകയാണു് എന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ കാണിച്ചതായ ഖണ്ഡലേഖനത്തിന്റെ തലവാചകം “വീണുഞെരിഞ്ഞു” എന്നാണു്. ഇതു വായിച്ചാൽ, അപകടം സംഭവിച്ച ആളുടെ പേരിൽ അനുകമ്പ ഉദിക്കുന്നതിലധികം ഹാസ്യരസം തോന്നുവാനാണു് എളുപ്പമുള്ളതു്. ഗോവിന്ദപ്പിള്ളയ്ക്കു പറ്റിയ ആപത്താണു് ഇവിടെ മുഖ്യസംഗതിയായിരിക്കുന്നതു്; അതു തലവാചകത്താൽ സൂചിപ്പിക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ. പിന്നെ വണ്ടിതകർന്നതു് ഞെരച്ചലാണെന്നു വിചാരിപ്പാനും ന്യായമില്ല. “വൈകിയതില്പിന്നെ” ആണെന്നു പറഞ്ഞിട്ടുള്ള സ്ഥിതിക്കു്, “നേരം ഇരുട്ടിത്തുടങ്ങിയതിനാൽ” എന്നു് പുനരുക്തം ചെയ്യേണ്ടിയിരുന്നില്ല. അപകടംപറ്റിയ ഗോവിന്ദപ്പിള്ളയെ ആദ്യവാചകത്തിൽ തന്നെ വായനക്കാരുടെ മുമ്പിൽ പ്രവേശിപ്പിക്കേണ്ടിയിരുന്നു; ഗോവിന്ദപ്പിള്ള ആരാണെന്നും എവിടെ പാർക്കുന്നവനാണെന്നും ആദ്യമേ അറിയിക്കുന്നില്ല. വാസസ്ഥലം ഒടുവിലാണു് പറഞ്ഞിരിക്കുന്നതു്. “അപ്പോൾ” മുതലായി ചില അനാവശ്യപദങ്ങളും, നിരർത്ഥവാചകങ്ങളും ലേഖനത്തെ വീർപ്പിച്ചിരിക്കുന്നു. “പെട്ടെന്നു പരിഭ്രമിച്ചു” വിരണ്ടോടി എന്നു വർണ്ണിക്കേണ്ട വിശേഷാവശ്യമെന്തു്? വിരണ്ടോടുന്നതു പെട്ടെന്നല്ലാതെ ക്രമേണ ആണോ? വിരളുന്നതു പരിഭ്രമത്താലുമാണല്ലോ? ഗോവിന്ദപ്പിള്ള താഴത്തു വീണതിന്റെ ശേഷം അയാളുടെ അവസ്ഥ എന്തായിരുന്നു എന്നു അറിവാൻ ലേഖനത്തിന്റെ അവസാനത്തിൽ പോകേണ്ടിവരുന്നു; അതിനിടയിൽ കുതിരയുടെയും വണ്ടിയുടെയും പിന്നാലെയാണു് വായനക്കാരനെ ഓടിക്കുന്നതു്. കുതിര ഗോവിന്ദപ്പിള്ളയെ താഴത്തു് തള്ളിക്കളഞ്ഞിട്ടു് ഓടിയ വഴിക്കു് മറ്റു വല്ല ആളേയും അപകടത്തിൽ പെടുത്തിയിരുന്നുവെങ്കിൽ ഗോവിന്ദപ്പിള്ളയെ വിട്ടു് ആ ആളുടെ അപകടത്തെ അറിവാനായി വായനക്കാരനെ കൂട്ടിക്കൊണ്ടുപോയതു യുക്തമായിരിക്കുമായിരുന്നു. ഡാക്ടർ “വളരെ സൂക്ഷിച്ചു ശ്രദ്ധിച്ചു” പരിശോധിച്ചു എന്നു വിശേഷണം ചെയ്യേണ്ട ആവശ്യമില്ലയിരുന്നു; പരിശോധന സൂക്ഷിച്ചും ശ്രദ്ധിച്ചും ചെയ്യുന്ന കൃത്യമാണല്ലോ. മുറിവുകൾ ‘ഉണ്ടായിട്ടുണ്ടു്’ എന്നു വർണ്ണിക്കുന്നെടത്തു “ഉണ്ടാവുക”യെക്കാൾ ഉചിതതരമായ പദം “പറ്റുക”യോ, “പെടുക”യോ “ഏൽക്കുക”യോ ആകുന്നു. ഈ ഖണ്ഡികയെ അടിച്ചുടച്ചു വാർക്കാം.

“ഭയങ്കരമായ ആപത്തു്—ഇക്കഴിഞ്ഞ ചൊവ്വാഴ്ച സായങ്കാലത്തു, മേക്കേപട്ടം വിശ്വനാഥപുരത്തെ മിസ്റ്റർ ഗോവിന്ദപ്പിള കച്ചേരിയിൽനിന്നു മടങ്ങിപൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു അപകടം നേരിട്ടു. പുത്തൻകച്ചേരിക്കു സമീപത്തുള്ള പഴയ റോട്ടിന്റെ തിരിവിൽ എത്തിയപ്പോൾ അദ്ദേഹം കയറിയപ്പോയിരുന്ന വണ്ടിയിലെ കുതിര ഒരു വഴികാട്ടിസ്തംഭം കണ്ടു് വിരണ്ടോടി അടുത്തൊരു കയ്യാലയിൽ ചെന്നുമുട്ടി, വണ്ടിയോടുകൂടെ മറിഞ്ഞു. അദ്ദേഹം റോട്ടിൽ വീണുപോയി. പിറകെ വന്നിരുന്ന ഒരു വണ്ടിയിലെ (ശങ്കു എന്ന) വണ്ടിക്കാരൻ അദ്ദേഹത്തെ കാണുകയും, എടത്തു തന്റെ വണ്ടിയിലാക്കി അദ്ദേഹത്തിന്റെ വീട്ടിലേക്കു് കൊണ്ടുപോകുയും ചെയ്തു. ഡാക്ടറെ വരുത്തി നോക്കിച്ചതിൽ മിസ്റ്റർ പിള്ളയ്ക്കു തലയും പുറവും കഠിനമായി മുറിപ്പെട്ടിരിക്കുന്നതായി കണ്ടിരിക്കുന്നു. വിരണ്ടോടിവീണ കുതിരയോ, പിടച്ചടിച്ചെണീറ്റു വീണ്ടും വണ്ടിയും വലിച്ചിഴച്ചുകൊണ്ടു ഓടി ഒരു പിലാമരത്തിൽ മുട്ടി; വണ്ടി തീരെ തകർന്നുപോകയും ചെയ്തു.”

ഇത്രയും കൊണ്ടു സംഭവത്തിന്റെ സംക്ഷിപ്തമായ വിവരണം ആയിട്ടുണ്ടു്. മേപ്പടി ആപത്തിലെ പ്രധാന സംഗതികൾ ഒക്കെ ഇതിൽ അടക്കീട്ടുമുണ്ടു്. സംഭവം നടന്ന കാലം, ആൾ, അപകടം, സന്ദർഭം, കാരണം പരിണാമം—എന്നിതുകൾ ഓരോന്നും സംഭവിച്ച ക്രമത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ടു്. പത്രത്തിൽ എഴുതി പഴമപരിചയം വന്നിട്ടുള്ള ലേഖകന്മാർ, മുമ്പു കാണിച്ച മാതിരി ആക്ഷേപാർഹമായ വിധത്തിൽ സംഭവകഥനം ചെയ്കയില്ല എന്നു സമാധാനപ്പെടാം; കുട്ടിത്തരക്കാർക്കാണു് വീഴ്ചവരാറു്.

വർത്തമാനങ്ങളെ വിഷയമാക്കി ഖണ്ഡലേഖനങ്ങൾ എഴുതുന്നതു എത്രമാത്രം നീളാം? ഇതിനു നിശ്ചിതമായ വ്യവസ്ഥയൊന്നും കല്പിച്ചിട്ടില്ലാ. വിഷയം നാനാമുഖമായി പ്രതിപാദിക്കപ്പെടേണ്ടതല്ലെങ്കിൽ, ചെറിയ അക്ഷരത്തിൽ മുപ്പതു നാല്പതു വരിവരെ നീളുന്നതിൽ തരക്കേടില്ല. എന്നാൽ, അതിലധികം നീണ്ടാൽ തലവാചകം നടുവിൽ നാട്ടി, ഒരു ചെറിയ ഉപന്യാസത്തിന്റെ രീതിയിൽ നിറുത്താം. വിഷയം നാനാമുഖമായിരിക്കയും ഒന്നിലധികം ഖണ്ഡികകൾ ആയി പിരിച്ചെഴുതേണ്ടിവരുകയും ചെയ്യുന്നതായാൽ, തലവാചകം നടനാട്ടി, ഓരോ ഖണ്ഡികയ്ക്കും വെവ്വേറെ തലവാചകങ്ങൾ വെച്ചോ വെയ്ക്കാതെയോ, വർണ്ണിക്കുക യുക്തമായിരിക്കും. അഗ്നിബാധ, തിവണ്ടി അപകടം, ലഹള മുതലായ പലേ സംഭവങ്ങളും സവിസ്തരം വിവരിക്കേണ്ടവയായിരിക്കും; ഇങ്ങനെയുള്ള വർണ്ണനകൾ ദീർഘലേഖനമായുമിരിക്കും.

ഖണ്ഡലേഖനമെഴുതുന്നതു സരസമാക്കാനാണു് റിപ്പോർട്ടർമാർ ശ്രമിക്കേണ്ടതു്. എന്നാൽ നേരമ്പോക്കില്ലാത്തെടത്തു നേരമ്പോക്കു വലിച്ചിഴച്ചുകൊണ്ടു വെയ്ക്കരുതു്. ഫലിതം സന്ദർഭോചിതവും ലേഖനത്തെ അധികം ആസ്വാദ്യമാക്കുന്നതും ആയിരിക്കണം. ലേഖനം വായിക്കുന്നവർക്കു അവസരത്തിനു് അനുചിതമായും ഫലിതം പ്രയോഗിച്ചാൽ അതു കാതിൽ തരിവള കെട്ടിത്തൂക്കുന്നതിനൊപ്പം നീരസകാരണമായിത്തീരുന്നതാണു്, എന്നു ലേഖകന്മാർ ഓർമ്മവെയ്ക്കേണ്ടതാകുന്നു. പക്ഷെ, ഫലിതമായി എഴുതാൻ എല്ലാവർക്കും പ്രാപ്തിയുണ്ടായിരിക്കയില്ല; അതിലേക്കു സ്വഭാവേന തന്നെ ഒരു ‘വാസന’യും രസികതയും ലേഖകന്നു ഉണ്ടയിരിക്കണം. ഫലിതമായി എഴുതുമ്പോൾ, ലേഖനകർത്താവു മുമ്പിൽ ചാടി നില്ക്കാൻ ശ്രമിക്കരുതു്. ലേഖനവിഷയത്തെ മുമ്പോട്ടു കൊണ്ടുവന്നു് അധികം ശോഭിക്കാനാണു് ഉത്സാഹിക്കേണ്ടതു്.

ആളുകളുടെ സ്വകാര്യനടത്തയെയോ ആകാരവിശേഷത്തെയോ ദുഷിച്ചു എഴുതാൻ സാധാരണ ചെറുപ്പക്കാർക്കു പ്രലോഭനം ഉണ്ടാകാറുണ്ടു്. ഇങ്ങനെ എഴുതുന്നതിനാൽ അന്യന്മാരെ അപകീർത്തിപ്പെടുത്തുക എന്ന അപരാധം ലേഖനകർത്താവിന്റെ മേൽ കയറും. ഒരാളുടെ നടത്തയിൽ ഏതാണു് സ്വകാര്യമായുള്ളതു്, ഏതാണു്, പത്രക്കാരന്റെ നിരൂപണത്തിനു വിഷയമാക്കാൻ തക്കവണ്ണം പൊതുജനബാധകമായുള്ളതു്, എന്നു് പരിച്ഛേദിപ്പാൻ പ്രയാസമുണ്ടെന്നു സമ്മതിച്ചേ തീരൂ. പൊതുജന ബാധകമായുള്ളതാണെന്നു നല്ലവണ്ണം ബോധ്യം ആയാൽ, അത്തരം പ്രവൃത്തികൾ, ഒരുവൻ സ്വകാര്യത്തിൽ ചെയ്തവയായിരുന്നാലും എഴുതുന്നതു് അകർത്തവ്യമോ അയുക്തമോ ആയിരിക്കുകയില്ല. എന്നാൽ അങ്ങിനെ നല്ല ബോധ്യം ആവാത്തിടത്തു, ലേഖകന്മാർ പത്രാധിപരെ അറിയിച്ചു് പത്രാധിപരുടെ യുക്തംപോലെ ചെയ്യാൻ വിട്ടുകൊടുക്കുകയാണു് ഉത്തമം. ഇതു ഒരു സ്വകാര്യപുരുഷനെ സംബന്ധിച്ചിടത്തോളം നിർബന്ധിതനയമായുമിരിക്കണം. പൊതുജനകാര്യങ്ങളിൽ ഏർപ്പെട്ടു് ജനതയുടെ ദൃഷ്ടിക്കു വിഷയമായിരിക്കുന്ന ഒരുവന്റെ സ്വകാര്യനടത്ത, പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ളതായിരിക്കിൽ, അതിനെപ്പറ്റി പത്രത്തിൽ ആക്ഷേപം പറയേണ്ടതു ജനസമുദായത്തിന്റെ ക്ഷേമത്തിന്നു് അധിഷ്ഠാനമായ ധർമ്മത്തെ രക്ഷിപ്പാൻ ആവശ്യകമാണെന്ന സിദ്ധാന്തം, ശ്രേഷ്ഠന്മാരായ പലേ പത്രപ്രവർത്തകന്മാർ കൈക്കൊണ്ടു നടന്നിട്ടുണ്ടു്, നടക്കുന്നുമുണ്ടു്. ഈ സ്ഥിതിക്കു്, അത്തരം നടത്തയെ വെളിപ്പെടുത്തുന്നതു പത്രമര്യാദയെ ലംഘിക്കുന്ന പ്രവൃത്തിയല്ല. സ്വകാര്യങ്ങൾ പൊലീസധികൃതന്മാരുടെ ശ്രദ്ധയെ അർഹിക്കുന്നവയാണെങ്കിലോ, അവയെ പ്രസ്താവിക്കുന്നതിൽ അധർമ്മശങ്കയേ വേണ്ടാ.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.