images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
ഖണ്ഡലേഖനം—രണ്ടു്

ഖണ്ഡലേഖനങ്ങളിൽ മറ്റൊരിനം പത്രാധിപക്കുറിപ്പുകളാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇവ വർത്തമാനങ്ങൾ ശേഖരിക്കുന്ന റിപ്പോർട്ടറുടെ ചുമതലയിൽ പെട്ടതല്ല. എങ്കിലും, ഇവയെ രചിക്കുന്ന സമ്പ്രദായം, മുമ്പു പറഞ്ഞ വർത്തമാനക്കുറിപ്പുകൾ എഴുതുമ്പോൾ ഓർമ്മവെയ്ക്കേണ്ടതായ സാഹിത്യശാസ്ത്രതത്വങ്ങളെ ആശ്രയിക്കുന്നതാകകൊണ്ടു, ഇവയുടെ രീതിയെക്കുറിച്ചും അല്പം വിചിന്തനം ചെയ്യാം. പത്രാധിപക്കുറിപ്പുകളിൽ ലോകവാർത്തകൾ വിഷയമായി വരുമെങ്കിലും, അവയെ പ്രതിപാദിക്കുന്ന സമ്പ്രദായത്തിനു ഭേദമുണ്ടു്. വർത്തമാനക്കുറിപ്പുകളിൽ ഓരോ സംഭവങ്ങൾ നടന്നപോലെ വിവരിക്കയേ വേണ്ടു; റിപ്പോർട്ടർമാർ ആ വാർത്തകളെക്കുറിച്ചു തങ്ങൾക്കുള്ള അഭിപ്രായങ്ങളെ പ്രസ്താവിക്കരുതാത്തതാകുന്നു. അഭിപ്രായം പറയുമ്പോൾ വൃത്താന്തകഥനം എന്നതു മാറി ആഭിപ്രായപ്രകടനം ആയിത്തീരുന്നു. ഒരു സംഗതിയെപ്പറ്റി അഭിപ്രായം പുറപ്പെടുവിച്ചെഴുതുന്നതാണു് പത്രാധിപക്കുറിപ്പു്. വർത്തമാനക്കുറിപ്പിനെ സംഭവാഖ്യാനം എന്നും പത്രാധിപക്കുറിപ്പിനെ സംക്ഷിപ്തവിവരമെന്നും പറയാം. പത്രത്തിന്റെ അഭിപ്രായങ്ങളെയാണു് പത്രാധിപക്കുറിപ്പുകളിലോ, പത്രാധിപപ്രസംഗങ്ങളിലോ പ്രകാശിപ്പിക്കുന്നതു്. വെറും വർത്തമാനങ്ങൾ എഴുതുക റിപ്പോർട്ടറുടെ കൃത്യം; ഈവക കുറിപ്പുകൾ, പത്രാധിപക്കുറിപ്പുകൾക്കു വിഷയമായിത്തീരാവുന്നതാണുതാനും. അപ്പോൾ പത്രാധിപക്കുറിപ്പെഴുതുന്ന ആൾ ആ വാർത്തകളെ ഏറെക്കുറെ പരാമർശിക്കയും അതിന്മേൽ ഗുണദോഷനിരൂപണം ചെയ്തു് അഭിപ്രായങ്ങൾ പുറപ്പെടുവിക്കയും ചെയ്യുന്നു. ചില സംഗതികളിൽ, പത്രാധിപക്കുറിപ്പുകൾ വർത്തമാനങ്ങളെപ്പറ്റിയുള്ള വിമർശനങ്ങൾ അടങ്ങിയവയായിരിക്കയില്ല; രാജ്യഭരണസംബന്ധമായ വല്ല കണക്കുകളോ, വ്യവസ്ഥകളോ, കല്പനകളോ ഉദ്ധരിച്ചെഴുതിയിട്ടുള്ളതാവാം. ഇതിലൊക്കെ മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം, പത്രാധിപക്കുറിപ്പുകൾ ഒരിക്കലും വെറും സംഭവകഥനമായിരിക്കരുതെന്നുള്ളതാണു്. പിന്നെ വർത്തമാനങ്ങളെ വർത്തമാനപംക്തിയിൽ വേണം എഴുതുവാൻ, എന്നും ഓർത്തിരിക്കണം.

പത്രാധിപക്കുറിപ്പുകളെഴുതുന്നവർ ഓർമ്മവെക്കേണ്ടതായ മുഖ്യകാര്യം തങ്ങളുടെ ശബ്ദപ്രളയംകൊണ്ടു വായനക്കാരെ ഉപദ്രവിക്കരുതെന്നതാണു്. ഒരു സംഗതിയെക്കുറിച്ചു പത്രാധിപക്കുറിപ്പെഴുത്തുകാരന്റെ അഭിപ്രായങ്ങളെ വായനക്കാരുടെ ഉള്ളിൽ ഫലിപ്പിക്കാൻ വേണ്ടി മാത്രം ആവശ്യമുള്ള വാക്യങ്ങളേ ഉപയോഗിക്കാവു. ചിലപ്പോൾ, യുക്തിപദങ്ങളെ മാത്രം പ്രതിപാദിച്ചാൽ മതിയാകും; അനുമാനം വായനക്കാർക്കു സുഗമമാണിങ്കിൽ, ആ പ്രവൃത്തി പത്രാധിപക്കുറിപ്പുകാരൻ ചെയ്യേണ്ടതില്ല. ആരോഗ്യവാനായിരിക്കുന്ന ഒരുവനു ചോറും കറിയും വിളമ്പിക്കൊടുത്താൽ മതി, അവർ ഉരുളയാക്കി ഉണ്ടുകൊള്ളും. ഉരുള ഉരുട്ടി അവന്റെ വായ്ക്കുള്ളിൽ തള്ളി അന്നകുല്യയിലേക്കു കുത്തിയിറക്കേണ്ട ആവശ്യമില്ല. ചോറുരുട്ടിത്തള്ളിയാൽ അവന്റെ പല്ലുകൾ ചെയ്യേണ്ടിയിരുന്ന പണി ആമാശയത്താൽ സാധിക്കേണ്ടതായും, പക്ഷേ, ദീപനക്കേടുണ്ടായി അവന്നു ആരോഗ്യം ക്ഷയിക്കുവാൻ ഇടയാക്കിയതായും വന്നേക്കും. ഇതിന്മണ്ണം തന്നെയാണു് പത്രവായനക്കാരനോടും വർത്തിക്കേണ്ടതു്. അവന്നു സ്വയം ചിന്തിച്ചു സ്വാഭിപ്രായങ്ങളെ സ്വരൂപിക്കുവാൻ ശക്തിയുള്ളപ്പോൾ, അവന്റെ ശിരസ്സിന്നുള്ളിലേക്കു, പത്രക്കാരൻ സ്വാഭിപ്രായങ്ങളെ കൂട്ടിക്കുഴച്ചു് ഓരോ സംഗതികളെ ഉരുള ഉരുട്ടിത്തള്ളുവാൻ ധൃഷ്ടനാകരുതു്. ആലോചനയ്ക്കു ആഹാരമായ സംഗതികളെ പാകപ്പെടുത്തി വിളമ്പേണ്ട കൃത്യമേ പത്രക്കാരൻ ചെയ്യേണ്ടൂ; അവയെ അലോചിച്ചു് അഭിപ്രായങ്ങൾ സ്വരൂപിച്ചു് തന്റെ മനസ്സിൽ അംഗികരിക്കുവാൻ വായക്കാരന്നു കഴിയുമെങ്കിൽ ആ പ്രവൃത്തി അവൻ നടത്തിക്കൊള്ളും. അവന്നു ചോറു ദഹിക്കുന്നതിലേക്കു് ഉമിനീരിളക്കുവാനും സ്വാദു തോന്നിക്കുവാനും ഷഡ്രസങ്ങൾ ചേർന്ന കറികൾ വിളമ്പിക്കൊടുക്കുംപോലെ, അഭിപ്രായങ്ങളെ സ്വരൂപിക്കുന്നതിലേക്കു സഹായമായി പത്രക്കാരൻ അല്പസ്വല്പം ചില വിമർശങ്ങൾ ചെയ്തുകൊള്ളാം, തരക്കേടില്ല. എന്നാൽ, പത്രക്കാരൻ ഒരിക്കലും യാതൊരു സംഗതിയെപ്പറ്റിയും, വായനക്കാർക്കുവേണ്ടി, അവർക്കുപകരം താൻ തന്നെ ചിന്തിച്ചു്, ചില അഭിപ്രായങ്ങൾ സ്വരൂപിച്ചശേഷം ആ അഭിപ്രായങ്ങളെ അവരുടെ മനസ്സിലേക്കു തള്ളിക്കയറ്റരുതു്. ഈ തത്വം പത്രാധിപക്കുറിപ്പെഴുതുന്നവർ ഓർത്തിരിക്കേണ്ടതാകയാൽ ആണു് ഇവിടെ പ്രസ്താവിച്ചതു്. പ്രതിപാദിക്കുന്ന സംഗതിയുടെ സാരം എന്തെന്നു വായനക്കാരന്നു എളുപ്പം കാണ്മാൻ സാധിക്കാത്തവിധത്തിൽ ശബ്ദമേഘങ്ങളാൽ മൂടി ഇരുളടച്ച പത്രാധിപക്കുറിപ്പുകൾ പത്രങ്ങളിൽ പലപ്പോഴും കാണാറുണ്ടു്; അതുകൾ എഴുതുന്നവർ വായനക്കാരുടെ നിലയിൽനിന്നു് അവയെ നോക്കുന്നതായാൽ, സ്വകൃതികളെപ്പറ്റി ലജ്ജയോ വിസ്മയമോ തോന്നുന്നതാണു്. ഉദാഹരണത്തിനു താഴെ പകർക്കുന്ന ഖണ്ഡലേഖനത്തെ സാരപ്രകാശമാകുംവണ്ണം സംക്ഷേപിച്ചെഴുതാൻ കഴികയില്ലയോ എന്നു പരീക്ഷിക്കാം.

“പൂനയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കൃഷി ശാസ്ത്രകാളേജ് തുറന്ന അവസരത്തിൽ, ഇക്കഴിഞ്ഞ ജൂലൈ 18-നു് ബാംബെ ഗവർണർ ബഹുമാനപ്പെട്ട സർ. ജാർജ് ക്ലാർക്ക് ചെയ്ത സാരവത്തായ പ്രസംഗത്തിൽ ഇന്ത്യയിലെ കൃഷി പരിഷ്ക്കാരവിഷയത്തിൽ ശ്രദ്ധയുള്ളവർ അവശ്യം അറിഞ്ഞിരിക്കേണ്ട പല സംഗതികളും അടങ്ങീട്ടുള്ളതായി കാണുന്നു. അദ്ദേഹം ഇന്ത്യയിലെ രാജ്യകാര്യകുശലനായ ഒരു പൗരനായിരുന്നു എങ്കിൽ കൃഷിപരിഷ്ക്കാരത്തിനും കൃഷിവിദ്യാഭ്യാസപ്രചാരത്തിനും കൂടുതൽ ധനം വ്യയംചെയ്യുന്നതിനായി ഗവൺമെന്റിനെ എപ്പോഴും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുമെന്നു് ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഇതു അർത്ഥഗർഭമായ ഒരു പ്രസ്താവനയാണെന്നു പറയേണ്ടതില്ലല്ലോ. കൃഷിപരിഷ്ക്കാരവിഷയത്തിൽ ഇന്ത്യയിൽ ഇപ്പോൾ പലവിധ പരിശ്രമങ്ങളും ചെയ്തുവരുന്നുണ്ടെങ്കിലും ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടുപോലുമില്ലെന്നുള്ളതു് ശോചനീയമായ ഒരു വാസ്തവമാണു്. ഗവൺമെന്റ് ഇതിലേക്കുവേണ്ടിയാണു് കൂടുതൽ ധനം വ്യയംചെയ്തു് വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടതു്. ഇന്ത്യയിലെ മണ്ണിന്റെ സ്വഭാവം ഇതര രാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ചു് ഒരു പ്രത്യേകം രീതിയിലുള്ളതാകയാൽ, നവീനകൃഷിസമ്പ്രദായങ്ങളെ പരീക്ഷിച്ചറികയാണു് ആദ്യമായി വേണ്ടതെന്നും, കൃഷിപ്രയോഗതോട്ടങ്ങൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും സ്ഥാപിക്കേണ്ടതാണെന്നും പ്രസ്തുതപ്രസംഗമധ്യേ സർ ജാർജ്ജ് ക്ലാർക്ക് പ്രസ്താവിച്ചു കാണുന്നതു് ശ്രദ്ധാർഹമായ ഒരു സംഗതിയാണു്. നാട്ടുപുറങ്ങളിൽ കൃഷിവിഷയപ്രസംഗങ്ങൾ ചെയ്യുന്നതിനും, പരീക്ഷണങ്ങൾ കാണിച്ചുകൊടുക്കുന്നതിന്നും അധികം പേരെ നിശ്ചയിച്ചു് നവീനസമ്പ്രദായങ്ങൾ കൃഷിക്കാർക്കു മനസ്സിലാക്കിക്കോടുക്കേണ്ടതിന്നും അവരെ ജാഗരൂകന്മാരാക്കുന്നതിനും ശ്രമിക്കേണ്ടതാണെന്നും മഹാനായ പ്രസ്തുത പ്രാസംഗികൻ അഭിപ്രായപ്പെട്ടുകാണുന്നതു് കൃഷിപരിഷ്ക്കാരവിഷയത്തിൽ ഒരു പ്രധാനപ്പെട്ട സംഗതിയാണെന്നുള്ളതിന്നു സംശയമില്ല. നാട്ടുപുറങ്ങളിൽ പ്രാഥമിക കൃഷിപാഠശാലകൾ സ്ഥാപിച്ചു് കൃഷിശാസ്ത്രത്തിലെ ആദ്യമപാഠങ്ങളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സർ ജാർജ് ക്ലാർക്ക് പുറപ്പെടുവിച്ചു കാണുന്ന അഭിപ്രായവും ശ്രദ്ധാർഹമായ ഒന്നാണു്. തിരുവിതാം‌കൂറിൽ ഈ തരം പ്രാഥമിക പാഠശാലകൾ സ്ഥാപിക്കേണ്ടതാണെന്നു കൃഷിഡയറക്ടർ ഗവൺമെണ്ടിനെ ധരിപ്പിക്കുകയുണ്ടായെങ്കിലും, ഗവൺമെണ്ട് ആ അഭിപ്രായത്തെ സ്വീകരിക്കാതിരിക്കുകയാണുണ്ടായതെന്നു ഞങ്ങൾ അറിഞ്ഞിട്ടുണ്ടു്. കൃഷിഡയറക്ടറുടെ ശുപാർശയെ ഗവൺമെണ്ട് സ്വീകരിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിൽ അതു പ്രയോജനകരമായിരിക്കുമായിരുന്നുവെന്നുള്ളതിനു സംശയമില്ല.”

ഈ പത്രാധിപക്കുറിപ്പിനെക്കുറിച്ചു പറായാനുള്ള ആക്ഷേപങ്ങളിൽ ഒന്നാമത്തേതായി നില്ക്കുന്നതു്, സർ ജാർജ്ജ് ക്ലാർക്കിന്റെ പ്രസംഗത്തിൽനിന്നു എടുത്തെഴുതിയ സാരഭാഗം മൂലാർത്ഥത്തിൽനിന്നു ഭിന്നമായിരിക്കുന്നു എന്നുള്ളതാണു്. അദ്ദേഹം പ്രസ്താവിച്ചതാണിതു്:-

“If I were an Indian Politician, I should worry Government in season and out of season to spend more money upon the improvement of agriculture and the acquisition and spread of knowledge. We require more research work, because problems of India are her own and the careful investigations carried on in other countries may be value less in our special conditions. We want more demonstration farms where the cultivators can receive object lessons by which the advantages of improved methods can be brought home to their minds. I should like to see many more lecturers employed in going about among the villages to instil new ideas and to awaken interest. I think we should also establish rural schools where the elements of practical agriculture could be taught in the vernacular.”

ഇതിന്റെ അർത്ഥം ഇപ്രകാരമാണു്:

“ഞാൻ ഒരു ഇന്ത്യൻ രാജ്യകാര്യപരായണൻ ആയിരുന്നു എങ്കിൽ, കൃഷി പരിഷ്ക്കാരത്തിന്നായും (കൃഷിസംബന്ധിച്ച) അറിവുണ്ടാക്കിക്കൊടുക്കുന്നതിനായും അതിന്റെ പ്രചാരത്തിനായും ഇപ്പോഴത്തേതിലും അധികം പണം ചെലവാക്കുവാൻ, കാലാകാലഭേദവിചാരം കൂടാതെ ഗവണ്മെന്റിനോടലട്ടിക്കൊണ്ടിരിക്കുമായിരുന്നു. നമ്മൾ കൃഷിസംബന്ധമായ തത്വാന്വേഷണമാർഗ്ഗത്തിൽ പൂർവ്വാധികം പ്രവൃത്തിക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ കൃഷിവിഷയകാര്യങ്ങൾ ഇന്ത്യയ്ക്കു പ്രത്യേകമായിട്ടുള്ളവയാണു്; മറുനാടുകളിൽ നടത്തിവന്നിരിക്കുന്ന ശ്രദ്ധാപൂർവ്വമായ അന്വേഷണങ്ങൾ ഈ നാട്ടിന്റെ വിശേഷാവസ്ഥയ്ക്കു തീരെ ഗണനാർഹമല്ല. പരിഷ്കൃതസമ്പ്രദായങ്ങളെക്കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്നു സാധനപാഠങ്ങൾ മുഖേന കൃഷിക്കാർക്കു മനസ്സിലാക്കിക്കൊടുക്കുവാൻ നമ്മൾക്കു ഇപ്പോഴത്തേതിലുമധികം കൃഷിപ്രയോഗത്തോട്ടങ്ങൾ വേണം. ഗ്രാമപ്രദേശങ്ങളിൽ ചെന്നു ജനങ്ങൾക്കു പുതിയ തത്വങ്ങളെ ഉപദേശിക്കയും അവയിൽ താല്പര്യം ജനിപ്പിക്കയും ചെയ്യുന്നതിലേയ്ക്കിപ്പോഴത്തേതിലുമധികം പ്രസംഗകർത്താക്കന്മാരെ ഏർപ്പെടുത്തിക്കാണ്മാനും എനിക്കു ആഗ്രഹമുണ്ടു്. കൃഷിപ്രവൃത്തി നടത്തുന്നതിനെപ്പറ്റിയുള്ള മൂല തത്വങ്ങൾ നാട്ടുഭാഷയിൽ പഠിപ്പിക്കുവാൻ നാം ഗ്രാമങ്ങൾ തോറും പാഠശാലകൾ ഏർപ്പെടുത്തേണ്ടതാണെന്നും ഞാൻ വിചാരിക്കുന്നു.” ഇതാണു് സർ. ജാർജിന്റെ പ്രസംഗത്താൽ അർത്ഥമാക്കീട്ടുള്ളതു്. മേല്പടി പത്രാധിപക്കുറിപ്പിൽ പറയുന്ന സംഗതികൾ പലേ ഘട്ടങ്ങളിൽ ഇതിൽനിന്നു ഭിന്നമായിരിക്കുന്നു എന്നു് സ്പഷ്ടമാണു്.

ഇനി, ഈ പത്രാധിപക്കുറിപ്പിന്റെ മറ്റു ദോഷങ്ങളെ നോക്കാം. പത്രാധിപപ്രസംഗങ്ങളിൽ ചില സന്ദർഭങ്ങളിൽ ഉപയോഗിക്കാറുള്ള, “ശോചനീയമായ വാസ്തവമാണു്”, “ശ്രദ്ധാർഹമായ അഭിപ്രായമാണു്”, ഇത്യാദി നിന്ദനരൂപമോ നന്ദനരൂപമോ ആയ വചനങ്ങൾ ഔചിത്യം അനുസരിച്ചുവേണം പ്രയോഗിപ്പാൻ. ഇവ ചിലപ്പോൾ ദീർഘപ്രസംഗങ്ങളിൽ വായനക്കാരുടെ ബുദ്ധിക്കു വിശ്രമകരമായും, ചില സംഗതികളിൽ വാചകങ്ങൾക്കു ഭംഗികാരകമായും, ഇരിക്കുമെന്ന വസ്തുതയെ വിസമ്മതിക്കുന്നില്ല. എന്നാൽ, ഖണ്ഡലേഖനങ്ങളിൽ ഇത്തരം അഭിനന്ദനവചനങ്ങൾ നിരന്തമായി വാക്യാന്തങ്ങളിൽ പ്രയോഗിക്കുന്നതു് തീരെ അഭംഗിയായും ദുശ്രവമായും, നിരർത്ഥമായും, വായനക്കാരുടെ ബുദ്ധിയെ കുഴക്കുന്നതായും വരും. മേല്പടി കുറിപ്പിൽ, ഇപ്രകാരം തന്നെയാണു് ഇവയുടെ പ്രവൃത്തി. അതിരിക്കട്ടെ, പൂനയിൽ തുറന്നതു് കൃഷിശാസ്ത്രകാളേജ് എന്ന സ്ഥാപനമല്ല; മേൽപ്പടി കാളേജ് നടത്തുവാനായി കെട്ടിയ പുതിയ എടുപ്പാണു്. സാർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തെയാണല്ലോ പുരസ്കരിച്ചിരിക്കുന്നതു്. അതിന്റെ സന്ദർഭത്തെ പറയുംമുമ്പു്, അതു് ഏതുനാളിൽ ആയിരുന്നു എന്നു പറയേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അറിഞ്ഞിരിക്കേണ്ട പല സംഗതികളും അടങ്ങിയിരുന്നു എന്നു പറയുന്ന സ്ഥിതിക്കു പ്രസംഗം “സാരവത്തായ” എന്നു് വിശേഷിപ്പിക്കേണ്ട ആവശ്യവുമില്ല. പല സംഗതികളും അടങ്ങീട്ടുണ്ടു് എന്നു നിശ്ചയമാണെങ്കിൽ, “അടങ്ങീട്ടുള്ളതായിക്കാണുന്നു” എന്നു പറയുന്നതു് അസംബന്ധം തന്നെയാണു്. രാജ്യകാര്യങ്ങളിൽ താൽപര്യംവെച്ചു് പ്രസംഗിക്കുകയും ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുകയും മറ്റും ചെയ്യുന്ന ഒരുവന്നും, രാജ്യകാര്യങ്ങളെ നിർവ്വഹിക്കുന്ന പ്രവൃത്തിയിൽ കുശലനായ ഒരുവന്നും തമ്മിൽ അന്തരമുള്ള അവസ്ഥയ്ക്കു് രാജ്യകാര്യകുശലൻ എന്ന പദപ്രയോഗം ഉചിതമേ അല്ലതന്നെ. “അദ്ദേഹം… പൗരനായിരുന്നുവെങ്കിൽ… ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും എന്നിദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു” എന്ന വാക്യത്തിൽ ക്രിയാപദങ്ങളുടെ കാലങ്ങൾക്കു തമ്മിൽ പൊരുത്തം ഇല്ലാത്തതിനും പുറമെ; ‘അദ്ദേഹം’ ‘ഇദ്ദേഹം’ എന്നിവ രണ്ടും ഒരാളെ തന്നെ പരാമർശിക്കുന്ന സ്ഥിതിക്കു, ഒന്നിൽ ദൂരാർത്ഥകമായ ‘ആ’യും, മറ്റേതിൽ സമീപാർത്ഥകമായ ‘ഈ’യും കൊണ്ടു വ്യതിരേകം വരുത്തിയിരിക്കുന്നതും അബദ്ധം ആകുന്നു. “ഇതു അർത്ഥഗർഭമായ പ്രസ്താവനയാണെന്നു പറയേണ്ടതില്ലല്ലോ” എന്ന വാക്യം തീരെ നിരർത്ഥകം തന്നെയാണു്. ‘പറയേണ്ടതില്ല’ എന്നിരുന്നാൽ, പറകയേ വേണ്ടായിരുന്നു. അഥവാ അർത്ഥഗർഭമായ പ്രസ്താവനയാണു് എന്ന ഒരു വസ്തുതയെ വായനക്കാരെ ധരിപ്പിക്കേണമെന്നു മാത്രമേ ഉദ്ദേശമുള്ളു എങ്കിൽ, ‘എന്നു പറയേണ്ടതില്ലല്ലോ’ എന്ന പദങ്ങൾക്കു ഒരർത്ഥവും ഇല്ല. ഈ വാക്യംകൊണ്ടു മുൻവാക്യത്തിൽ പറഞ്ഞ അഭിപ്രായത്തെ വഴിയേ പ്രകാശിപ്പിക്കുന്നുണ്ടെന്നു വായനക്കാരന്റെ ശ്രദ്ധയെ ആകർഷിച്ചിരിക്കയാണെങ്കിൽ, അതിലേക്കും ഈ വാക്യം കൂടാതെ കഴിക്കാവുന്നതാണു്: അഭിപ്രായപ്രകാശകമായ വിവരണം മുറയ്ക്കു ചെയ്തുകൊണ്ടാൽ മതിയാകും. എന്നാൽ, അടുത്ത വാക്യങ്ങൾ ഈ അഭിപ്രായത്തെ പ്രകാശിപ്പിക്കുന്നില്ല: നേരെമറിച്ചു, മങ്ങിക്കുന്നതേ ഉള്ളൂ. എന്തുകൊണ്ടാണു് കൃഷികാര്യത്തിൽ കൂടുതൽ ധനവ്യയം ചെയ്യേണ്ടതു് എന്നു അടുത്ത വാക്യങ്ങൾ വ്യക്തമായി പറയുന്നില്ല. “ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടു പോലുമില്ല” എന്നു മാത്രമേ പറയുന്നുള്ളു. ഈ ഒടുവിൽ ചേർത്ത വാക്യംകൊണ്ടു, ആ “പല സംഗതികൾ അതിന്റെ പിന്നാലെ വരുന്ന വാക്യങ്ങളെ വിവരിക്കുവാൻ പോവുന്നുണ്ടെന്നു ഒരു പ്രതീക്ഷയ്ക്കു ഇടയുണ്ടാകുന്നു. എന്നാൽ അതും വ്യക്തമായി വിവരിക്കുന്നില്ല: പ്രസംഗത്തിലെ മറ്റു അഭിപ്രായങ്ങളെ ഉദ്ധരിക്കുന്നതേ ഉള്ളു. പിന്നെയും “ആശാസ്യങ്ങളായ” പല സംഗതികൾ എന്നാൽ, എന്തർത്ഥമാണു് വിവക്ഷിക്കുന്നതു്? “പലവിധപരിശ്രമങ്ങളും ചെയ്തുവരുന്നുണ്ടു്”, “എങ്കിലും ആശാസ്യങ്ങളായ പല സംഗതികളും ഇതേവരെ ആരംഭിക്കപ്പെട്ടിട്ടുപോലുമില്ല” എന്നു പറയുമ്പോൾ, പരിശ്രമങ്ങളെയും ആശാസ്യങ്ങളായ സംഗതികളേയും, പരസ്പരം നിവാരകങ്ങളാക്കിക്കാണിക്കുന്നു; ഇപ്പോഴത്തെ പരിശ്രമങ്ങൾ ആശാസ്യങ്ങളല്ല എന്നു അർത്ഥം ദ്യോതിക്കുകയും ചെയ്യും. ഇനി, ആശാസ്യങ്ങളായ പല സംഗതികൾ ആരംഭിക്കപ്പെട്ടിട്ടില്ലെന്നുള്ളതു വസ്തുതയാണെങ്കിൽ, അതിനെ വാസ്തവമെന്നു് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല; അതു കൂടാതെയും ആശാസ്യമായുള്ളതു് ആരംഭിക്കാതെയിരിക്കുന്ന അവസ്ഥ അവശ്യം ശോചനീയമാകയാൽ, അതിനെ ശോചനീയം ആണെന്നും വിശേഷിപ്പിക്കേണ്ട വിശേഷാവശ്യമില്ല. “ഇന്ത്യൻ മണ്ണിന്റെ സ്വഭാവം ഇതര രാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ചു് ഒരു പ്രത്യേക രീതിയിലുള്ളതാ”ണു് എന്ന വാചകത്തിൽ, ഇതരരാജ്യങ്ങളിലുള്ള മണ്ണിനെ അപേക്ഷിച്ചു് എന്ന പദങ്ങൾ നിരർത്ഥകങ്ങൾ തന്നെ. ‘പ്രത്യേകരീതി’ എന്നു പറയുമ്പോൾ, ഇതരവസ്തുക്കളെ ത്യജിച്ചിരിക്കുന്നതായി അർത്ഥമാകുന്നു. പിന്നെയും, ‘അപേക്ഷിക്കുക’ എന്ന പദം താരതമ്യത്തേയോ തുലനത്തേയോ അർത്ഥമാക്കുമ്പോഴാണു് ഉപയോഗിക്കേണ്ടതു്; ഇവിടെ താരതമ്യപ്പെടുത്തുന്നുമില്ല. തുലനം ചെയ്യുന്നുമില്ല. “നവീനകൃഷിസമ്പ്രദായങ്ങളെ പരീക്ഷിച്ചറിയുകയാണു് ആദ്യമായി വേണ്ടതു്” എന്നേടത്തു്, ‘പരീക്ഷിക്ക’യല്ലാ ഉചിതമായ പദം, ശാസ്ത്രജ്ഞാനസിദ്ധിക്കു പ്രേക്ഷണം, പ്രയോഗം എന്ന രണ്ടു ഉപായങ്ങൾ ഉള്ളവയിൽ, പ്രേക്ഷണം തന്നെയാണു് പരീക്ഷണം; സമ്പ്രദായങ്ങളെ പ്രയോഗിച്ചറികയാണു് ഇവിടെ ഉദ്ദേശമായിരിക്കുന്നതു്. “പ്രസ്തുത പ്രസംഗമധ്യേ സർ ജാർജ് ക്ലാർക്ക് പ്രസ്താവിച്ചുകാണുന്നതു് ശ്രദ്ധാർഹമായ ഒരു സംഗതിയാണു്”—ശ്രദ്ധാർഹമായ സംഗതി ഏതാണു്? പ്രസ്താവിച്ചുകാണുന്നതോ? സർ ജാർജ് ക്ലാർക്കിന്റെ അഭിപ്രായങ്ങളോ? അദ്ദേഹം ‘പ്രസ്തുതപ്രസംഗമധ്യേ’യാണു് പ്രസ്താവിച്ചതെന്നു, ഈ പത്രാധിപക്കുറിപ്പിന്റെ പ്രാരംഭത്തിൽ പ്രസംഗവിഷയത്തെ പുരസ്കരിച്ചിരിക്കയാൽതന്നെ സ്പഷ്ടമായിരിക്കകൊണ്ടു, ഈ പദങ്ങൾ നിരർത്ഥകങ്ങൾ തന്നെയാണു്. പിന്നെയും പ്രസംഗം സർ ജാർജ് ക്ലാർക്കിന്റേതാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു, അദ്ദേഹത്തിന്റെ നാമം ആവർത്തിക്കാതെ കഴിക്കാം; നിർബന്ധമാണെങ്കിൽ, ‘അദ്ദേഹം’ എന്ന ഒരു പദം പ്രയോഗിച്ചു്, ആ വഴിക്കു്, ‘…വേണ്ടതെന്നും’, ‘ആണെന്നും’ എന്ന അഭിപ്രയങ്ങളുടെ ചുമതലക്കാരനാരെന്ന സംശയത്തേയും നിവാരണം ചെയ്യാം. ‘പരീക്ഷണങ്ങൾ കാണിച്ചുകൊടുക്കുന്നതിനു’ എന്നതു മൂലത്തിൽ ഇല്ലാത്തതാണു്; ‘പരീക്ഷണങ്ങളെ കാണിക്കുക; അസംബന്ധവുമാണു്. ‘നവീനസമ്പ്രദായങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാൻ’ അല്ലാ, നവീനതത്വങ്ങൾ ഉപദേശിപ്പാനാണു് പ്രസംഗകർത്താവു പറഞ്ഞിട്ടുള്ളതും, “അവരെ ജാഗരൂകന്മാരാക്കുന്നതിനും” ഏതു കാര്യത്തിൽ ജാഗരൂകന്മാരാക്കുന്നതിനു്? പ്രസംഗകർത്താവു പറയുന്നതു്, കൃഷിവിഷയസംബന്ധമായ പുതിയ തത്വങ്ങളിൽ അവർക്കു താല്പര്യം ജനിപ്പിക്കേണമെന്നാണു്. ഒരുവൻ വൃഥാ ഉണർന്നിരിക്കുന്നതും അവന്റെ മനസ്സിനു് ഒരു വിഷയത്തിൽ താല്പര്യം വരുത്തുന്നതും തമ്മിൽ വ്യത്യാസപ്പെട്ട ക്രിയകളല്ലയോ? “എന്നു മഹാനായ പ്രസ്തുത പ്രാസംഗികൻ അഭിപ്രായപ്പെട്ടു കാണുന്നതു് കൃഷിപരിഷ്ക്കാരവിഷയത്തിൽ ഒരു പ്രധാനപ്പെട്ട സംഗതിയാണിന്നുള്ളതിനു സംശയമില്ല” എന്ന വാക്യത്തിനു വിശേഷമായ അർത്ഥമൊന്നുമില്ല: ഈ പദങ്ങളൊക്കെ, കുറ്റം ചെയ്യാത്തവനെ പിടിച്ചു വിലങ്ങിട്ടു മണ്ണു ചുമപ്പിക്കുന്ന സമ്പ്രദായത്തിൽ, വായനക്കാരന്റെ തലച്ചോറിനെക്കൊണ്ടു മണ്ണു ചുമപ്പിക്കുന്നു എന്നുവേണം പറവാൻ. ‘നാട്ടുപുറങ്ങളിൽ പ്രാഥമികകൃഷിപാഠശാലകൾ’ സ്ഥാപിക്കണമെന്നല്ലേ പ്രസംഗത്തിൽ പറയുന്നതു്; കൃഷിശാസ്ത്രത്തിലെ ആദിമപാഠങ്ങളെ പഠിപ്പിക്കണമെന്നുമല്ല. കൃഷിപ്രവൃത്തി നടത്തുന്നതുസംബന്ധിച്ച മൂലതത്വങ്ങളെ പഠിപ്പിപ്പാൻ ഗ്രാമദേശങ്ങളിൽ വിദ്യാശാലകൾ ഏർപ്പെടുത്തേണമെന്നു് പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം, ഗ്രാമവിദ്യാശാലകളിലെ വിദ്യാർത്ഥികളെ കൃഷിപ്രവൃത്തിയിൽ ശീലിപ്പിക്കണമെന്നാണു്; ‘ശാസ്ത്രപാഠങ്ങൾ’ ഉരുവിടുന്നതിനു ഗ്രാമദേശങ്ങളിൽ തന്നെവേണം വിദ്യാശാലകൾ സ്ഥാപിപ്പാൻ, എന്നു നിർബന്ധമില്ലല്ലോ. ‘തിരുവിതാംകൂറിൽ’ എന്നു തുടങ്ങിയ വാക്യങ്ങൾ, ഈ പത്രാധിപക്കുറിപ്പിന്റെ മുഖ്യവിഷയത്തിലാവശ്യപ്പെടാതെ ‘മുറിഞ്ഞുതൂങ്ങുന്ന വാലു’പോലെ പിറകിൽ കിടന്നിഴയുന്നു. ‘ഈ തരം’ എന്നു പറകയാൽ, ‘പ്രാഥമിക’ ശബ്ദം ആവശ്യമല്ല. ‘ധരിപ്പിക്കുക’ എന്നതിന്റെ ഉദ്ദേശ്യം ‘ബോധിപ്പിച്ചു’ എന്നാണെന്നു തോന്നുന്നു. അതിന്നു ‘ഉണർത്തി’ എന്നോ ‘ബോധിപ്പിച്ചു’ എന്നോ പറകയാണു ഉചിതം; ഇതായാലേ, സ്വീകരിക്കാതിരുന്നു എന്നതിനു ചേർച്ചയായിരിക്കൂ. ‘ധരിപ്പിക്കുക’യ്ക്കു കുറെ അധികം സ്ഥായിത്വം ഉണ്ടു്; ഇതു സ്വീകരണത്തിന്റെ അടുക്കലെത്തുകയും ചെയ്യും. വിശേഷിച്ചും ഡയറക്ടർ ധരിപ്പിക്കുകയല്ലാ ചെയ്തതു്. ‘ശിപാർശ’ ചെയ്കയായിരുന്നു. എന്നു അടുത്ത വാക്യത്തിലും പറയുന്നു. സ്വീകരിച്ചു പ്രവർത്തിച്ചിരുന്നു എങ്കിൽ അതു പ്രയോജനകരം ആയിരിക്കുമായിരുന്നു’ എന്നു പറവാൻ ഇവിടെ എന്തു ന്യായങ്ങളാണു കണ്ടിട്ടുള്ളതു്? സർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തിനു പ്രയോജനകരമായിരിക്കുമായിരുന്നു. എന്നോ? കൃഷിക്കാർക്കു പ്രയോജനകരമായിരിക്കുമായിരുന്നു എന്നാണെങ്കിൽ എന്തിനു പ്രയോജനകരം? ഈ വാക്യം വെറും ‘പായ്യാരം’ ആകുന്നു എന്നും. ഇതും വൃഥാ സ്ഥൂലമൂലകവും വായനക്കാരന്റെ തലച്ചോറിനെക്കൊണ്ടു മണ്ണു ചുമപ്പിക്കുന്നതും ആണെന്നു പറയാം.

മേല്പറഞ്ഞ ആക്ഷേപങ്ങൾ സാധാരണ ആർക്കും അല്പം ചിന്തിച്ചാൽ ബോധ്യമാകുന്നവയാണു്. ത്യാജ്യത്യാഗം ചെയ്തും, അർത്ഥദോഷങ്ങളെ നീക്കിയും, ശുദ്ധമാക്കി എഴുതുന്നതായാൽ, മേല്പടി പത്രാധിപക്കുറിപ്പിനെ, വാക്യങ്ങൾക്കു ഏറെയൊന്നും ഭേദഗതിചെയ്യാതെ, താഴെ കാണിക്കുംപ്രകാരം സംക്ഷേപിക്കാം.

“പൂനയിൽ പുതുതായി സ്ഥാപിക്കപ്പെട്ട കൃഷിശാസ്ത്രകാളേജ് കെട്ടിടം ഈ ജൂലൈ 18-നു ആദ്യമായി തുറന്ന അവസരത്തിൽ, ബാംബെ ഗവർണർ ബഹുമാനപ്പെട്ട സർ ജാർജ് ക്ലാർക്ക് ചെയ്തിരുന്ന പ്രസംഗം, ഇന്ത്യയിലെ കൃഷിപരിഷ്ക്കാരകാര്യത്തിൽ താല്പര്യമുള്ളവർ അവശ്യം അറിഞ്ഞിരിക്കേണ്ടതായ അനേകം സംഗതികൾ അടങ്ങിയതായിരുന്നു. അദ്ദേഹം ഒരു ഇന്ത്യൻ രാജ്യകാര്യപരായണനായിരുന്നിരുന്നു എങ്കിൽ, കൃഷിപരിഷ്ക്കാരത്തിനും കൃഷിവിദ്യാഭ്യാസപ്രചാരത്തിനും കൂടുതലായി പണം ചെലവുചെയ്യാൻ ഗവൺമെന്റിനോടു കാലാകാലഭേദം വിചാരിക്കാതെ അലട്ടിക്കൊണ്ടിരിക്കുമായിരുന്നു, എന്നു പ്രസ്താവിച്ചിരിക്കുന്നു. കൃഷിപരിഷ്കാരാർത്ഥം ഇന്ത്യയിൽ ഇപ്പോൾ പലവിധം പരിശ്രമങ്ങൾ ചെയ്തുവരുന്നുണ്ടു്; എന്നാലും, ഇനിയും പല കാര്യങ്ങൾ അവശ്യം നടത്തേണ്ടതായിട്ടുണ്ടു്. ഇതിലേക്കു വേണ്ട വ്യവസ്ഥകൾ ചെയ്യുവാനാണു് ഗവൺമെന്റ് കൂടുതലായി പണം ചെലവു ചെയ്യേണ്ടതു്. ഇന്ത്യയിലെ ഭൂസ്വഭാവം ഒരു പ്രത്യേക മാതിരിയിലുള്ളതാകയാൽ നവീന കൃഷിസമ്പ്രദായങ്ങളെ പ്രയോഗിച്ചറിയേണ്ടിയിരിക്കുന്നു എന്നും, ഇതിലേക്കു രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കൃഷിപ്രയോഗത്തോട്ടങ്ങൾ സ്ഥാപിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. നാട്ടുപുറങ്ങളിൽ ചെന്നു കൃഷിക്കാർക്കു പുതിയ തത്വങ്ങളെ ഉപദേശിക്കുവാനും അവർക്കു അതിൽ താല്പര്യം ജനിപ്പിക്കുവാനും ഇപ്പോഴത്തേതിലും അധികം കൃഷിവിഷയ പ്രസംഗകർത്താക്കന്മാരെ നിശ്ചയിക്കേണ്ടതാണെന്നു അദ്ദേഹം ഉപദേശിച്ചിരിക്കുന്നു. ഗ്രാമങ്ങൾതോറും കൃഷിപാഠശലകൾ സ്ഥാപിച്ചു് കൃഷിവിദ്യ അഭ്യസിപ്പിക്കേണ്ട ആവശ്യകതയേയും അദ്ദേഹം ചൂണ്ടിക്കാണിക്കുക ഉണ്ടായി.” (തിരുവിതാംകൂറിലും, ഇത്തരം പാഠശാലകൾ സ്ഥാപിക്കുവാൻ കൃഷിഡയറക്ടർ ഇതിന്നു മുമ്പുതന്നെ ഗവൺമെണ്ടിനോടു ശിപാർശിചെയ്തിരുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ടു്; ശിപാർശി ഫലിച്ചില്ലല്ലോ എന്നു ഞങ്ങൾ വ്യസനിക്കുന്നു.)

സംക്ഷേപിച്ചെഴുതിയിരിക്കുന്ന ഈ പത്രാധിപക്കുറിപ്പിൽ, വായനക്കാർക്കു സർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തിലെ സാരഭാഗത്തെപ്പറ്റി നൽകേണ്ടിയ സംഗതികളൊക്കെ അടക്കീട്ടുണ്ടു്. ഇതിൽ കഴിയുന്നതും മുൻകാണിച്ച കുറിപ്പിലെ വാക്യങ്ങളെ തന്നെ ഉപയോഗപ്പെടുത്തീട്ടുമുണ്ടു്; ആ കുറിപ്പു് എഴുതിയ ആൾ പ്രസംഗത്തിലെ ഏതേതു സംഗതികൾ എടുത്തുപറഞ്ഞിട്ടുണ്ടോ അവയെ മാത്രമേ പുതിയ കുറിപ്പിൽ ഉൾപ്പെടുത്തീട്ടുള്ളു. നിരർത്ഥകപദങ്ങളേയും വിവക്ഷിതാർത്ഥത്തെ ദുർഗ്ഗമമാക്കിയിരിക്കുന്ന വാചകങ്ങളേയും വർജ്ജിച്ചതുകൊണ്ടു, വായനക്കാരന്നു ഗ്രഹിക്കേണ്ട ഭാഗങ്ങളൊക്കെ കാടു വെട്ടിത്തെളിഞ്ഞുകിട്ടുന്നുണ്ടെന്നു വിശ്വസിക്കുന്നു. മേല്പടി കുറിപ്പിൽ തിരുവിതാംകൂർ കാര്യം ഉൾപ്പെടുത്തേണ്ട ഔചിത്യമുണ്ടെന്നു വിചാരിക്കുന്നില്ലായ്കയാൽ, ആവക പ്രസ്താവത്തെ ഒടുവിൽ വലയങ്ങൾക്കുള്ളിലാക്കിത്തള്ളിയിരിക്കുന്നു; ആവശ്യമുണ്ടെന്നു തോന്നുന്നതായാൽ, വലയങ്ങളെ നീക്കിക്കളകയും ചെയ്യാമല്ലോ. എന്നാലും, പത്രാധിപക്കുറിപ്പിന്റെ വിഷയം സർ ജാർജ് ക്ലാർക്കിന്റെ കൃഷിക്കാര്യപ്രസംഗമാകയാൽ, അതിനോടു തിരുവിതാംകൂർ കൃഷിഡയറക്ടറുടെ ശിപാർശകൾ ഗവൺമെണ്ടിനാൽ നിരാകരിക്കപ്പെട്ടു എന്ന സംഗതിയെ കൂട്ടിക്കെട്ടുന്നതു യുക്തമല്ല.

മേലെഴുതിയ പത്രാധിപക്കുറിപ്പിൽ ആക്ഷേപിക്കപ്പെട്ട ഒരു സംഗതി, അതിൽ അനാവശ്യമായി അനേകം പദങ്ങളും വാചകങ്ങളും കുത്തിനിറച്ചു് വായനക്കാരുടെ ബുദ്ധിയെ കുഴക്കിയിരിക്കുന്നു എന്നുള്ളതാണല്ലോ. ലേഖനമെഴുതുന്നവർ വിശേഷിച്ചു ഓർക്കേണ്ടകാര്യമിതാണു്: അർത്ഥത്തിന്നു ആവശ്യമുള്ളതിലധികം പദങ്ങൾ കുത്തിച്ചെലുത്തരുതെന്നു മാത്രം. ഈ സമ്പ്രദായം, നമ്മുടെ ശരീരപോഷണത്തിന്നു ആവശ്യമായ ആഹാരപദാർത്ഥങ്ങൾക്കു പുറമെ, ചില ആളുകൾ താളും തകരയും, ചക്കയും മാങ്ങയും, ചേമ്പും കാച്ചിലും ഒക്കെ അരിഞ്ഞുകൂട്ടി പുഴുങ്ങി വയറു നിറയ്ക്കുന്നതിന്നൊപ്പം, അസ്വാസ്ഥ്യകാരണമാകുന്നു. അനാവശ്യപദാർത്ഥങ്ങൾ ഭക്ഷിച്ചാൽ ഉദരവേദനയും ചിലപ്പോൾ വയറ്റിളക്കവും ഉണ്ടാകുമെങ്കിൽ, അനാവശ്യപദങ്ങളുടെ അർത്ഥം വിചാരിച്ചു് വായനക്കാരന്നു മനോവേദനയും ചിലപ്പോൾ ബുദ്ധിയിളക്കവും ഉണ്ടാകുമെന്നു ധരിക്കണം. പറയാനുള്ളതു തെളിച്ചു പറവാൻ കഴികയില്ലെങ്കിൽ പറയാതിരിക്കയാണു് ഉത്തമം. കുറെയേറെ വാക്കുകൾ കൂട്ടിക്കെട്ടിയതുകൊണ്ടു മാത്രം അർത്ഥമുണ്ടാകയില്ല.

“ചുരുക്കിച്ചൊൽവതോർത്തീടിൽ
സാരസ്യത്തിൻനിദാനമാം”-എന്നും,
വാക്കുകളിലകൾക്കൊക്കും,
തിക്കും ദിക്കിൽ ഫലം കുറഞ്ഞുവരും”

എന്നും, കവിവചനങ്ങൾ ഓർമ്മയിലിരിക്കട്ടെ.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.