images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
അച്ചടിക്കാര്യവിവരം

പത്രക്കാരന്മാരൊക്കെ അവശ്യം പരിചയിച്ചിരിക്കേണ്ടതായ മറ്റൊരു കാര്യം, അച്ചടിസംബന്ധമായ വിവരങ്ങൾ ഏതാനുമെങ്കിലും അറിഞ്ഞു നടക്കുകയാണു് ഇതു പത്രത്തിലേക്കു ലേഖനങ്ങൾ എഴുതുന്നവർക്കു എത്രകണ്ടു തൊഴിലിൽ സഹായമായിരിക്കുമോ; അച്ചുകൂടത്തിലേക്കു കൈയെഴുത്തു പകർപ്പു് തയ്യാറാക്കുന്നവർക്കൊക്കെ, ഏകദേശം അത്രത്തോളം പ്രയോജനകരമായിരിക്കുന്നതാണു്. പത്രകാര്യാലയത്തിൽ പണിയെടുക്കുന്ന റിപ്പോർട്ടർമാർ ഈ വിവരങ്ങളുമായി പരിചയപ്പെട്ടേ കഴിയൂ; അകലെയിരുന്നു ലേഖനങ്ങൾ എഴുതി അയക്കുന്നവർ ഈ വിവരങ്ങൾ അറിയാഞ്ഞു പലപ്പോഴും പത്രങ്ങളെയും തങ്ങളെത്തന്നെയും അബദ്ധക്കുണ്ടിൽ ചാടിക്കാറുണ്ടു്. ചിലപ്പോൾ ലേഖകന്മാർക്കു ഇച്ഛാഭംഗത്തിന്നും സംഗതിയാകുന്നു. ലേഖനങ്ങൾ വ്യക്തമായും വൃത്തിയായും കടലാസിന്റെ ഒരു വശത്തു മാത്രം എഴുതി അയയ്ക്കണം. കറുത്ത മഷിയിൽ എഴുതിയിരിക്കേണ്ടതാകുന്നു. “വരി അകറ്റി എഴുതണം” എന്നു പത്രാധിപന്മാർ ആവശ്യപ്പെട്ടു് ‘അറിയിപ്പുകൾ’ കൊടുത്തിരുന്നാൽകൂടി, അതു അർത്ഥമില്ലാത്ത വിജ്ഞാപനമാണെന്നു തള്ളിക്കളയുന്നവരുണ്ടു്. അച്ചടി സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഇങ്ങനെ ഉപേക്ഷ വിചാരിക്കയില്ല. ഈ അറിവില്ലായ്മ നിമിത്തം, ചിലപ്പോൾ ലേഖനങ്ങൾ മുഴുവൻ നിരസിക്കപ്പെട്ടു എന്നും, മറ്റു ചിലപ്പോൾ വിചാരിച്ചിരിക്കാത്ത വിധത്തിൽ തെറ്റായി അച്ചടിച്ചു പുറപ്പെടുവിച്ചു എന്നും വരാറുണ്ടു്. പത്രകാര്യാലയത്തിലിരുന്നു് പണിയെടുക്കുന്നവർക്കു ഇങ്ങനെയുള്ള ഇച്ഛാഭംഗമോ, അതൃപ്തിയോ ഉണ്ടാവാനില്ലതാനും.

പത്രക്കാരനു ഈ അച്ചടിക്കാര്യജ്ഞാനം കൂടാതെ കഴിക്കരുതോ? അച്ചുകൂടങ്ങൾ പത്രക്കാരന്റെ സൗകര്യവും ആവശ്യവുമനുസരിച്ചു പ്രവർത്തിക്കേണ്ടതല്ലാതെ, പത്രക്കാരൻ അച്ചുകൂടത്തിന്റെ സൗകര്യവും ആവശ്യവും അറിഞ്ഞു നടക്കേണ്ടതില്ലെന്നു ചിലർക്കു തോന്നിയേക്കാം. അച്ചുകൂടവും പത്രകാര്യാലയവും ഒന്നായിച്ചേർത്തു നടത്തുന്നവർക്കു അവരുടെ സൗകര്യവും ആവശ്യവും അച്ചുകൂടക്കാർ അറിഞ്ഞു നടന്നുകൊള്ളേണമെന്നു പറവാൻ സാധിച്ചേക്കുമായിരിക്കാം. എന്നാൽ പല പത്രങ്ങളും അവരുടെ പ്രവർത്തകന്മാരുടെ സ്വന്തമായ അച്ചുകൂടത്തിലല്ല അച്ചടിപ്പിക്കുന്നതു്; അച്ചുകൂടവും പത്രകാര്യാലയവും ഒരേ കെട്ടിടത്തിൽ ആയിരിക്കുന്നതുമില്ല. അച്ചുകൂടം പത്രക്കാരന്നു അധീനമായിരുന്നാൽ കൂടി, അവന്നു അച്ചടിസംബന്ധമായ വിവരങ്ങൾ പരിചയപ്പെട്ടിരിക്കുന്നതു് തൊഴിലിൽ വളരെ ഉപകാരപ്പെടും. അച്ചടിപ്പണിക്കാരുടെ പ്രവൃത്തി ലഘുപ്പെടുത്തുവാൻ തക്ക വിധത്തിൽ കൈയെഴുത്തുപകർപ്പു തയ്യാറാക്കുന്നതുകൊണ്ടു ഒട്ടേറെ ക്ലേശങ്ങൾ ഇരുകൂട്ടർക്കും ഉണ്ടാവാതെ കഴിയുന്നതുമാണു്.

പത്രക്കാരന്മാരെല്ലാവരും അച്ചടിവിദ്യ ശീലിച്ചിരിക്കേണമെന്നു നിർബന്ധമില്ലാ; അതു സംബന്ധിച്ചു ചില അവശ്യകാര്യങ്ങൾ അറിഞ്ഞു നടക്കേണമെന്നേ ആവശ്യപ്പെടുന്നുള്ളു. അച്ചടിവിദ്യയുടെ നാനാപ്രവൃത്തികളും പരിചയപ്പെട്ടിരുന്നാൽ, പത്രക്കാരന്റെ യോഗ്യതയ്ക്കു കുറേക്കൂടെ തികവുണ്ടായി എന്നു അഭിനന്ദിക്കാവുന്നതാണു്. റിപ്പോർട്ടറായോ മറ്റോ പത്രപ്രവൃത്തിയിൽ പ്രവേശിക്കുന്ന ഒരു ചെറുപ്പക്കാരന്നു, തന്റെ പത്രത്തിൽ ഇത്ര പംക്തി നിറവാൻ ഇത്രഭാഗം കൈയ്യെഴുത്തുപകർപ്പു തയ്യാറാക്കിക്കൊടുക്കേണ്ടിയിരിക്കും എന്നു നിശ്ചയം ഉണ്ടാകേണമെങ്കിൽ, ഒരു ‘പംക്തിയിൽ’ എത്ര ‘വരി’കൾ അടങ്ങുമെന്നും; ഒരു വരിയിൽ എത്ര ‘അക്ഷര’ങ്ങൾ നിൽക്കുമെന്നും; വരിയുടെ നീളം എത്ര ‘എമ്’ ആണെന്നും; തന്റെ കൈയെഴുത്തുപകർപ്പിലെ എത്ര വരികൾ ചേർന്നാൽ അച്ചടിയിൽ ഒരു ‘സ്റ്റിക്ക്’ അടങ്ങുമെന്നും, മറ്റുമുള്ള വിവരങ്ങൾ പരിചയപ്പെട്ടിരിക്കേണ്ടതു് ആവശ്യമാണു്. അച്ചുകൂടത്തോടു ചേർന്നു പത്രകാര്യാലയം വെച്ചു നടത്തുന്ന പത്രപ്രവർത്തകന്മാർക്കുകൂടിയും, പലപ്പോഴും ഫോർമാൻ വന്നിട്ടു്, ‘മാറ്റർ’ തികഞ്ഞില്ല, ഇനി രണ്ടു ‘സ്റ്റിക്ക്’ എഴുതിക്കിട്ടണം, വർത്തമാനങ്ങളിൽനിന്നു് നാലു ‘വരി’ കുറച്ചാൽ ആ ‘കോളം’ (പംക്തി) മുട്ടിനിൽക്കും, എന്നോരോന്നു പറയുന്നതു കേൾക്കാം. പത്രാധിപർ അതിന്നു തക്കവണ്ണം വ്യവസ്ഥ ചെയ്യണം. രണ്ടു സ്റ്റിക്ക്’ എഴുതിക്കിട്ടണമെന്നു പറഞ്ഞാൽ, അത്രയ്ക്കുമാത്രം എഴുതുവാൻ എങ്ങനെയാണു് വശപ്പെടുന്നതു്? ഒന്നോ രണ്ടോ വരി അധികമായാലോ; അഥവാ, ഒന്നുരണ്ടു വരി പോരാതെ വന്നാലോ—എന്നൊക്കെ എഴുത്തുകാരന്റെ ഉള്ളിൽ ശങ്ക തോന്നാതെ സൂക്ഷ്മം രണ്ടു ‘സ്റ്റിക്ക്’ എഴുതിക്കൊടുപ്പാൻ പരിചയത്താലേ സാധിക്കൂ. ഒച്ചിഴഞ്ഞു് അക്ഷരമെഴുതുന്നതുപോലെ, ഭാഗ്യവശാൽ രണ്ടു ‘സ്റ്റിക്ക്’ തികഞ്ഞിരുന്നു എന്നു വന്നേക്കാം; ഇങ്ങനെ ഭാഗ്യം പരീക്ഷിക്കാൻ പത്രക്കാരന്നു് അവകാശമില്ല; പത്രം പുറപ്പെടുന്നതിനു് അല്പനേരമെ കഴിയേണ്ടിയിരിക്കു; ആ സമയത്തിനിടയ്ക്കു് ആവശ്യപ്പെട്ടിടത്തോളം എഴുതികൊടുക്കാൻ, ഒരു മനോനിശ്ചയം വന്നിരിക്കണം. അച്ചു നിരത്തുമ്പോൾ ഒന്നുരണ്ടു വരി അധികമായിപ്പോയാൽ, എന്തു ചെയ്യും? ആ പംക്തിയുടെ നീളം അധികമാക്കാമോ? അച്ചടിപരിചയമുള്ളവർ ഇങ്ങനെയൊരു കാര്യമേ സ്മരിക്കയില്ല. ഒരു പംക്തിക്കു് 18 അംഗുലം നീളവും, അടുത്ത പംക്തിക്കു 19 അംഗുലം നീളവും ആയി ‘ഫോറം’ തയ്യാറാക്കാൻ നിവൃത്തിയില്ല. ഒന്നു രണ്ടുവരി കുറവായിക്കണ്ടാൽ ‘ലെഡ്’ ഇട്ടു് ‘അകറ്റി’ ‘കോളം’ തികയ്ക്കുവാൻ പറയാം. അതിനാൽ ഇത്ര ‘സ്റ്റിക്ക്’ എന്നു നിശ്ചയപ്പെടുത്തി ‘പകർപ്പു്’ അല്ലെങ്കിൽ ‘തായേടു്’ കൊടുപ്പാൻ എഴുത്തുകാരൻ തന്റെ കയ്യെഴുത്തു പകർപ്പിന്റെ വ്യാപ്തി എത്രത്തോളം വരുമെന്നു പരിചയത്താൽ അറിഞ്ഞിരിക്കേണ്ടതാകുന്നു. ഇംഗ്ലീഷിലായിരുന്നാൽ പലേ വാക്കുകൾ നീട്ടിയെഴുതാതെ സങ്കേതങ്ങളാൽ കാണിക്കാം; ഇങ്ങനെ സംക്ഷേപിച്ചു കാണിക്കാവുന്ന പലേ പദങ്ങൾക്കും പട്ടികയും തയ്യാറാക്കീട്ടുണ്ടു്. മലയാളത്തിൽ, സാധാരണയായി, നീട്ടിയെഴുതുകതന്നെ വേണ്ടിയിരിക്കുന്നു; ചില സംക്ഷേപങ്ങൾ ഇല്ലെന്നുമില്ല. ‘മേല്പടി’ക്കു ടി എന്നും മുൻസിപ്പുകോടതി വക്കീൽ എന്നതിനു് മു.കൊ.വ. എന്നും മജിസ്ട്രേറ്റിനു മജി. എന്നും ‘ബഹുമാനപ്പെട്ട’ ബഹു. എന്നും; മറ്റും പല പദങ്ങളേയും സംഗ്രഹിച്ചു കാണിക്കാറുണ്ടു്. ഇവ അച്ചടിയിൽ പൂർണ്ണരൂപത്തിൽതന്നെ അച്ചുനിരത്തിയിരിക്കേണ്ടതുമാണു്. പദങ്ങളെ സംക്ഷേപിച്ചെഴുതിയിരുന്നാൽ, അച്ചു നിരത്തുമ്പോൾ എത്ര വരിയുണ്ടാവും എന്നു നിശ്ചയം വരാൻ സാധാരണ വേണ്ടതിലധികം പരിചയവും നോട്ടവും ആവശ്യമാണു്.

റിപ്പോർട്ടർ തന്റെ വർത്തമാനസൂചനകളെ പാകപ്പെടുത്തി ഖണ്ഡലേഖനങ്ങളാക്കി തന്റെ മേലാവിനെ ഏല്പിക്കുന്നു എന്നു വിചാരിക്കുക. മേലാവു്, പത്രങ്ങളുടെ ഉദ്യോഗസ്ഥന്മാരിൽവെച്ചു് ‘ചീഫ് റിപ്പോർട്ട’റോ; ഉപപത്രാധിപരോ; പ്രധാനപത്രാധിപരോ, ആയിരിക്കാം. മേലാവു് ലേഖനം പരിശോധിച്ചു്, അച്ചു നിരത്തുന്നതിലേക്കായി, അച്ചുകൂടത്തിലേയ്ക്കയക്കുന്നു. അവിടെ അതു് ‘കമ്പോസിറ്റർ’മാർ എന്നു ഇംഗ്ലീഷിൽ പേരു പറയുന്ന ‘അച്ചുനിരത്തുകാരൻ’മാരുടെ കൈയിൽ ചെന്നുചേരുന്നു. ഈ നിലയിൽ, ലേഖനത്തിനു് ഇംഗ്ലീഷിൽ ‘കോപ്പി’ എന്നും മലയാളത്തിൽ ‘തായേടു’ അല്ലെങ്കിൽ ‘പകർപ്പു്’ എന്നും പേരാകുന്നു. ഏതുതരം ലേഖനമായാലും ശരി; പത്രാധിപപ്രസംഗമോ, പത്രാധിപക്കുറിപ്പോ, പരസ്യമോ, വർത്തമാനക്കുറിപ്പോ, പത്രസംവാദലേഖനമോ ആയിരുന്നോട്ടെ; ഇവയൊക്കെ, അച്ചു നിരത്തുന്നതിന്നു കിട്ടിക്കഴിഞ്ഞാൽ, ‘കോപ്പി’ ആയി. ഇതു്, അച്ചുനിരത്തുകാരൻ തന്റെ പണി നടത്തുന്ന ‘കേസ്’ എന്ന ‘പെട്ടി’യുടെ മീതെ, തന്റെ കണ്ണിനുമുമ്പാകെ, വയ്ക്കുന്നു. ‘കേസ്’ എന്നതു്, അച്ചാണികൾ ഇനംതിരിച്ചു് വെച്ചുകൊണ്ടിരിക്കുന്ന വലിയ അറപ്പെട്ടിയാണു്. മലയാളത്തിൽ സാധാരണമായി രണ്ടു പെട്ടികൾ കൂട്ടീട്ടു് ഒരു മുഴുപ്പെട്ടി ആകുന്നു; ഇവ ഒന്നു് കീഴത്തെ പെട്ടിയും, മറ്റൊന്നു് മേലത്തെ പെട്ടിയും ആണു്. ഇംഗ്ലീഷിലും ഈ വിധം വിഭാഗം ഉണ്ടു്. അച്ചു നിരത്തുമ്പോൾ അധികം ഉപയോഗപ്പെടുന്നതും നിരന്തരം എടുത്തുകൊണ്ടിരിക്കേണ്ടതുമായ അച്ചാണികൾ കീഴത്തെ പെട്ടിയിൽ സൂക്ഷിക്കുന്നു. അപൂർവ്വമായി മാത്രം ആവശ്യപ്പെടുന്ന അച്ചാണികളെ മേലത്തെ പെട്ടിയിൽ സൂക്ഷിക്കുന്നു. മലയാളത്തിൽ കൂട്ടക്ഷരങ്ങൾ ഏറിയകൂറും മേലത്തേതിലാണു്; വള്ളി, പുള്ളി, മീത്തൽ, അകാരാദി സ്വരവ്യഞ്ജനങ്ങൾ മിക്കവയും കീഴത്തേതിലുമാണു്. ഇംഗ്ലീഷിൽ, ‘ക്യാപ്പിറ്റൽ’ എന്നു പറയുന്ന വലിയ ലിപികളുടെ തന്നെ ‘ലാർജ്’ (വലിയ) എന്നും, ‘സ്മാൾ’ (ചെറിയ) എന്നും ഉള്ള ഇനങ്ങളും, അക്കങ്ങൾ മുതലായ പലതും മേലത്തേതിലും; സാധാരണയായി വാക്കുകൾ എഴുതുന്ന ‘സ്മാൾ’ എന്ന ചെറിയ ലിപികളും വിരാമാദി ചിഹ്നങ്ങളും ചില കൂട്ടക്ഷരങ്ങളും കീഴത്തേതിലും സൂക്ഷിക്കുന്നു. ഈ അച്ചാണികൾ ഇനംതിരിച്ചു്, ഓരോ ‘അറ’കളിൽ (അല്ലെങ്കിൽ ‘കള്ളി’ കളിൽ) ഇട്ടിരിക്കുന്നതിനാൽ, പകർപ്പിലെ ഒരക്ഷരത്തിന്നു പകരം പെട്ടിയിലെ ഒരറയിൽനിന്നു് ആ അക്ഷരം പതിക്കുന്ന അച്ചാണി പെറുക്കി എടുക്കാൻ എളുപ്പമുണ്ടു്. അച്ചുനിരത്തുകാരൻ, തന്റെ കൈയിൽ എത്തിയിരിക്കുന്ന ‘പകർപ്പു്’ (കോപ്പി) തന്റെ മുമ്പാകെ മേലത്തെ പെട്ടിക്കു മീതെയോ, തന്റെ സ്റ്റിക്കിൽകൂടെ ‘കോപ്പിക്ലിപ്പ്’ (‘പിടിച്ചുമുറുക്കി’) എന്ന ഉപകരണത്തിലോ വെച്ചുകൊണ്ടു്, അതു വായിച്ചു്, അറകളിൽനിന്നു് ഓരോരോ അച്ചാണികൾ പെറുക്കി എടുത്തു തന്റെ കൈയിലുള്ള ‘സ്റ്റിക്ക്’ എന്ന ഉപകരണത്തിൽ നിരത്തുന്നു. സ്റ്റിക്കു് എന്നതു് അച്ചാണികളെ അടുക്കി നിറയ്ക്കാനുള്ള ഒരു ചെറിയ ലോഹപ്പെട്ടിയാണു്; ഇതിന്നു് മേൽമൂടിയില്ല; നാലുവശങ്ങളിൽ ഒന്നു മാത്രം തുറന്നിട്ടുമുണ്ടു്; കൈയിൽ പിടിച്ചുവെച്ചുകൊൾവാൻ വേണ്ടിയും, ആവശ്യംപോലെ നീളം കൂട്ടുന്നതിന്നായും, അടിത്തട്ടും ഒരു വശവും നീട്ടിയിരിക്കുന്നു. പത്രത്തിലേക്കു അച്ചു നിരത്തുമ്പോൾ, സ്റ്റിക്കു് പെട്ടിയുടെ നീളം പത്രപംക്തിയുടെ വീതിക്കു സമമാക്കിയിരിക്കും. ഇതിന്നുള്ളിൽ, സാധാരണമായി, പത്തു പന്ത്രണ്ടു വരി അച്ചാണികൾ നിരത്താം. പകർപ്പിലെ ഓരോ അക്ഷരത്തിനും പകരം ഓരോ അച്ചാണി എടുത്തു നിരത്തുകയും, ക്രമേണ ഓരോ വാക്കുകൾ തികയുകയും, സ്റ്റിക്കു് നിറയുകയും ചെയ്യുന്നു. ഈ അച്ചുനിരത്തു പണിക്കു ഇപ്പോൾ പരിഷ്കൃതയന്ത്രങ്ങളും ഏർപ്പാടിൽ ആയിട്ടുണ്ടു്; ഇതു്, വളരെ മൂലധനശക്തിയുള്ള പത്രങ്ങൾ അച്ചടിക്കുന്ന അച്ചുകൂടങ്ങളിൽ കാണാവുന്നതാണു്. ‘സ്റ്റിക്ക്’ നിറഞ്ഞു കഴിഞ്ഞാൽ, അത്രയും അച്ചാണിക്കൂട്ടത്തിനു് ‘മാറ്റർ’ എന്നു പേരു പറയുന്നു; ഇതു് സ്റ്റിക്കിൽനിന്നു് ഇളക്കി, ഒരു ‘ഗാലി’യിൽ ‘ഇറക്കുന്നു’. ‘ഗാലി’ എന്നതു്, നീണ്ടു് വീതി ചുരുങ്ങിയ ഒരു ചതുരശ്രമായ പാത്രമാണു്; ഇതു്, മരപ്പലകയാലോ, പിത്തള തുടങ്ങിയ ചില ലോഹങ്ങളിൽ ഉള്ള തകിടിനാലോ നിർമ്മിക്കുന്നതാണു്. അടിത്തട്ടും, രണ്ടു നീണ്ട വശങ്ങളിലും ഒരു കുറുകിയ വശത്തിലും മരച്ചട്ടങ്ങളും, വെച്ചുമുറുക്കിയ പാത്രമാണിതു്. ചട്ടങ്ങൾക്കു് അച്ചാണിയുടെ മുക്കാലോളം എകരമേ ആകാവൂ. ഈ പാത്രത്തിന്റെ വീതി പലതരത്തിലാണു്: പത്രപംക്തിയുടെ വീതിയിൽ അല്പം കുറഞ്ഞോ ചിലതു് ഇരട്ടിച്ചോ ഇരിക്കാം. മേൽവിവരിച്ച പ്രകാരം, അച്ചുനിരത്തി, ‘ഫോറം’ ആയി. ഇതുതന്നെയോ; ഇതിന്റെമേൽ ചില പ്രയോഗങ്ങൾ ചെയ്തു സ്റ്റീരിയോ ടൈപ്പ്’ ഉണ്ടാക്കിയെടുത്തു ‘സ്റ്റീരിയോ’വിനേയോ അച്ചടിയന്ത്രത്തിൽ കയറ്റി അച്ചടിക്കുന്നു. ‘സ്റ്റീരിയോ’ എന്നതു് ഉണ്ടാക്കുന്നതായാൽ, മുമ്പു് നിരത്തിവെച്ചിട്ടുള്ള അച്ചാണികൾ, അച്ചടിയന്ത്രത്തിൽ വെച്ചു് അടിപെടാതെ, പൊളിച്ചെടുത്തുകൊള്ളാവുന്നതാണു്. മുറുക്കിയ ഫോറം തന്നെ അച്ചടിക്കുന്നതായാൽ, അച്ചാണികൾക്കു ക്രമേണ തേയ്മാനം വരും. ചിലപ്പോൾ, അച്ചടി നടക്കുമ്പോഴോ, പൊളിച്ചെടുക്കുമ്പോഴോ, അച്ചാണികൾ ഉടഞ്ഞു വീണുപോയേക്കാം. ഇങ്ങനെ വീണുപോകുന്ന അച്ചാണികൾക്കു് ഇംഗ്ലീഷിൽ “പൈ” എന്നു പേരു പറയുന്നു. ‘പൈ’ വീഴുന്നതിനൊപ്പം അച്ചടിപ്പണിക്കാർക്കു ക്ലേശകരമായ സംഭവം മറ്റൊന്നില്ല; അതു ‘തിരിവാൻ’ വളരെ സങ്കടമുള്ള കാര്യമാണു്.

കൈയെഴുത്തു പകർപ്പു് അച്ചു നിരത്തുന്നതിലേക്കായി ഏല്പിക്കുന്നതു തുടങ്ങി, അച്ചടിച്ചു പുറമെ അയയ്ക്കുന്നതുവരെ, അച്ചുകൂടത്തിൽ എന്തൊക്കെ ചടങ്ങുകൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടെന്നു മേലെഴുതിയ വിവരങ്ങളാൽ സ്പഷ്ടമായിട്ടുണ്ടല്ലോ. ഇവയിൽ എന്തെങ്കിലുമൊരു വീഴ്ച കണ്ടാൽ, അതു് ഇന്ന കാരണത്താലുണ്ടായതാണെന്നു ഉടനടി നിർണ്ണയിപ്പാനും, അതിനു പരിഹാരം കല്പിപ്പാനും, ഈ ചടങ്ങുകളുമായി പരിചയം വേണ്ടതാണെന്നും വ്യക്തമായിരിക്കുന്നു. പക്ഷേ, ഈവക നോട്ടങ്ങൾ, അച്ചുകൂടപ്പണികളിൽ മേൽവിചാരം ചെയ്യുന്ന ആളോ, ഉപപത്രാധിപരോ, പ്രൂഫ് തിരുത്തുകാരനോ നടത്തിക്കൊള്ളുമായിരിക്കും; എന്നിരുന്നാലും, റിപ്പോർട്ടർ കൂടെ അവിടെ പണിയെടുക്കുന്ന ആളാണെങ്കിൽ, തന്റെ ലേഖനങ്ങളുടെ പ്രൂഫ് നോക്കി ശരിപ്പെടുത്തിക്കുന്ന ചുമതല റിപ്പോട്ടർ തന്നെ വഹിക്കുന്നതു മേലിൽ ഗുണകരമായിരിക്കുന്നതാണു്. അവന്റെ ലേഖനത്തിന്നു പ്രൂഫ് എടുത്തു കിട്ടുന്നതിനിടയ്ക്കു, പലേ വീഴ്ചകൾ ഉണ്ടായിപ്പോയിരിക്കാം. അവൻ തന്നെ എഴുതിയ പകർപ്പിൽ ബദ്ധപ്പാടുനിമിത്തം വല്ല പിഴകളും വരുത്തിയിരുന്നിരിക്കാം. അച്ചുനിരത്തുകാരൻ ശബ്ദനിശ്ചയം ഇല്ലാതെ ഒന്നിനൊന്നു ധരിച്ചു ഭേദഗതിചെയ്തു ചേർത്തിരിക്കാം; അറകളിൽ അച്ചാണികൾ ഇനംമാറി കിടന്നിരുന്നതുനിമിത്തം, അക്ഷരമാറ്റങ്ങൾ വന്നിരിക്കാം; പ്രൂഫ് എടുക്കവേ വല്ല അച്ചാണിയും ഊർന്നു പോയിരിക്കാം. പകർപ്പുവായിച്ചുകേൾപ്പിക്കുന്ന ആൾ തെറ്റിദ്ധാരണ നിമിത്തം വല്ല പദവും മറ്റൊരുവിധം വായിച്ചിരിക്കാം. ഇപ്രകാരം പലേ വീഴ്ചകൾ പ്രൂഫ് തിരുത്തിക്കഴിയുന്നതിനിടയ്ക്കു്, കണ്ടുപിടിക്കാൻ കഴിയുന്നതാണു്. ചിലപ്പോൾ, പ്രൂഫ് നോക്കുന്ന സമയം കാണുന്ന ചില പിഴകൾ അസാമാന്യമായ ക്ലേശത്തിനു കാരണമാകും; അവയെ ഏറിയ പ്രയത്നം കൂടാതെ തിരുത്തിച്ചേർപ്പാൻ റിപ്പോർട്ടർ ബുദ്ധികൗശലം പ്രയോഗിക്കേണ്ടതായും വരും. സന്ദർഭൗചിത്യം അനുസരിച്ചു് ഒരു പദത്തിനു പകരം മറ്റൊരു പദം വെയ്ക്കയോ, ഒരു ചെറിയ വാക്കിനു പകരം വലിയ വാക്കു് ഉപയോഗിച്ചു് മറ്റു ചില പദങ്ങൾ നീക്കിക്കളകയോ, മറ്റോ ചെയ്യേണ്ടി വന്നേക്കും. ഇതൊക്കെ, റിപ്പോർട്ടറുടെ നോട്ടത്തിങ്കീഴിലായാൽ, അധികം എളുപ്പത്തിൽ നടന്നേക്കും.

കാര്യവിവരവും പഠിപ്പുമുള്ളവനാണു് അച്ചുനിരത്തുകാരനെങ്കിൽ, പ്രൂഫിൽ ഏറെ പിഴകൾ ഉണ്ടായിരിക്കയില്ല; തീരെ അക്ഷരജ്ഞാനമില്ലാത്ത അച്ചുനിരത്തുകാരെകൊണ്ടു് ഉണ്ടാകാവുന്ന ക്ലേശങ്ങൾ, പത്രക്കാർക്കു്, നൂറിരട്ടിച്ചു കാണും. പകർപ്പു നിശ്ശേഷം ശുദ്ധമായും വൃത്തിയായും വ്യക്തമായും എഴുതിയിരുന്നാൽ, പ്രൂഫിൽ തെറ്റുകൾ ചുരുങ്ങിയിരിക്കുമെന്നു ആശിക്കാവുന്നതാണു്; എന്നാൽ, ‘മരത്തല’കളായ അച്ചുനിരത്തുകാർക്കു്, എല്ലാം ഒപ്പംതന്നെയാണു്; അവർ അറപ്പെട്ടികളിൽ അച്ചാണികൾ ഇനം മാറി തിരിഞ്ഞിടുകനിമിത്തം പ്രൂഫ് ഒട്ടേറെ, കുഴപ്പത്തിലാക്കിയിരിക്കും. പ്രൂഫ് തിരുത്തലിൽ കണ്ടുപിടിക്കാവുന്ന പിഴകൾ പലമാതിരിയുണ്ടു്. ചിലതു, അറമാറിപ്പോകയാൽ വരുന്ന അക്ഷരമാറ്റമായിരിക്കും. ‘അവൻ ഇരുളിൽ മറഞ്ഞു’—എന്നതിന്നു്, ‘അവൾ ഇരുളിൽ പറഞ്ഞു’—എന്നു നിരത്തിയിരിക്കാം. ചിലപ്പോൾ അച്ചാണികൾ തമ്മിൽ അല്പമായുള്ള ഭേദത്തെ സൂക്ഷ്മമായി കണ്ടറിയാതെ വരുത്തുന്ന തെറ്റാവാം. “അന്യായക്കാരൻ കുളത്തിൽ കുളിച്ചുനിന്നിരുന്നപ്പോഴാണു് പ്രതി തല്ലിയതു്.”—എന്നതിനെ “…കളത്തിൽ കളിച്ചു നിന്നിരുന്നപ്പോഴാണു്…” എന്നു ചേർത്തിരിക്കാം. ചിലപ്പോൾ, അച്ചാണി തിരിഞ്ഞോ മറിഞ്ഞോ ഇരിക്കും. ‘രാമൻ’ എന്നതു് “origin=c]180രമാൻ” എന്നായിപ്പോയിരിക്കും. ചില സംഗതികളിൽ, വിരാമാദിചിഹ്നങ്ങൾ ഒന്നിനൊന്നു് മാറിപ്പോയിരിക്കും; ചില പദങ്ങൾ തെറ്റായി വായിച്ചുപോയിരിക്കും; ‘വിഷണ്ണൻ’ ‘വിഷണ്ഡൻ’ ആയിപ്പോയിരിക്കും; ചിലപ്പോൾ, വാക്കുകൾ വിട്ടുപോയിരിക്കാം; മറ്റു ചില സംഗതികളിൽ, അടുത്തടുത്തവരികൾ ഒരേ പദം കൊണ്ടു ആരംഭിക്കുന്നവയായിരുന്നാൽ, വരിപിണങ്ങി വീഴ്ചവരാം. ചിലപ്പോൾ, അച്ചുകൾ തരം മാറിവന്നിരിക്കാം; പൈക്കയ്ക്കു പകരം ഗ്രേറ്റ് പ്രൈമറോ, സ്മാൾപൈക്കയോ കുടുങ്ങിയിരിക്കും. ചിലപ്പോൾ, ഇട വേണ്ടടത്തു ഇല്ലാതെയും; വേണ്ടാത്തിടത്തു ഉണ്ടായും ഇരിക്കാം. “രാമൻ മേനവന്റെകൈയ്യിലുള്ളപുസ്തകത്തെ”—ഇപ്രകാരം വന്നിരിക്കാം. ചിലെടത്തു്, ഖണ്ഡിക വെവ്വേറെ തിരിക്കേണ്ട ഭാഗങ്ങൾ കൂട്ടിച്ചേർത്തു് നിരത്തിയിരിക്കാം; നേരെമറിച്ചു്, തുടർന്നുപോകേണ്ട ഭാഗങ്ങളെ വെവ്വേറെ ഖണ്ഡികകളാക്കിയിരിക്കാം. ഇത്തരം പലേ മാതിരി പിഴകളും പ്രത്യേകം ഓരോരോ സങ്കേതങ്ങൾകൊണ്ടാണു് തിരുത്തിക്കാണിക്കാറുള്ളതു്. ഇംഗ്ലീഷിലുള്ള സങ്കേതങ്ങൾതന്നെയാണു് മലയാളത്തിലും ഉപയോഗിച്ചുവരുന്നതു്. അച്ചുകൂടത്തിൽ അയച്ചു് അച്ചുനിരത്തേണ്ടതിന്നായി പകർപ്പുകൾ എഴുതുന്നവരൊക്കെ, ഈ സങ്കേതങ്ങളെ പരിചയിച്ചിരുന്നാൽ, തങ്ങളുടെ പകർപ്പിൽതന്നെയും തിരുത്തേണ്ട ഭാഗങ്ങളെ മേല്പടി സങ്കേതങ്ങൾകൊണ്ടു് തിരുത്തിക്കാണിപ്പാൻ കഴിയുന്നതും, ശുദ്ധമായ വേറെ പകർപ്പു് എഴുതാതെകൂടിയും ആവശ്യം സാധിക്കാവുന്നതും ആകുന്നു. ഇവയിൽ ചില സങ്കേതങ്ങൾ വിശേഷിച്ചു പലപ്പോഴും ആവശ്യപ്പെടുന്നവയാണു്.

അച്ചുനിരത്തുകാരും പകർപ്പുവായിക്കുന്ന ‘ഒത്തുനോക്കു’കാരും മറ്റും കൂടിച്ചേർന്നു്, സാധാരണയായി, എന്തുമാത്രം തെറ്റുകൾ വരുത്തിക്കൂട്ടുമാറുണ്ടെന്നു് പത്രവായനക്കാർ അറിയാറില്ല. പത്രങ്ങളിൽ കാണുന്ന ഒന്നോരണ്ടോ അക്ഷരവീഴ്ചകൾ മാത്രം വായിച്ചിട്ടു്, അച്ചുകൂടപ്പണിക്കാരൊക്കെ ഏറെക്കുറെ സമർത്ഥന്മാരാണെന്നു് വായനക്കാർ വിചാരിച്ചുപോയേക്കാം. അച്ചുനിരത്തുകാരുടെ “പൈത്തിയാറത്തന”ങ്ങൾ പ്രൂഫ് തിരുത്തുകാരനും പത്രാധിപരും കാണുമ്പോലെ മറ്റുള്ളവർ കാണാറില്ല; ചില തെറ്റുകൾ മാത്രം ബീഭത്സമായ വിധത്തിൽ വായനക്കാരുടെ ദൃഷ്ടിയിൽപെടുന്നതിനിടായായേക്കും. ഈ തെറ്റുകളിൽ പ്രധാനമായവ (1) ഒരു വാക്കിലെ അക്ഷരം ഒന്നിനൊന്നു തെറ്റിവായിച്ചു നിരത്തുകയാലും, (2) ഒരു പദത്തിനു പകരം മറ്റൊന്നു തെറ്റിദ്ധരിക്കയാലും, (3) ഒരു വലിയ വാക്യത്തിലെ അന്തർഗ്ഗതവാക്യങ്ങളെ തിരിച്ചുകാണിപ്പാനായി ഉപയോഗിക്കുന്ന ചിഹ്നങ്ങളെ വിട്ടുകളകയോ ഒന്നിനൊന്നായിട്ടോ, വേണ്ടാത്തെടത്തോ വെയ്ക്കുയോ ചെയ്യുന്നതിനാലും ഉണ്ടാകുന്നവയാകുന്നു. ചിലപ്പോൾ, പ്രൂഫിൽ തിരുത്തൽ ചെയ്യുന്നതിനോടുകൂടി അച്ചുനിരത്തുകാരന്നു വല്ല ജ്ഞാപകമോ ശാസനയോ കുറിച്ചിരുന്നാൽ, അതുംകൂടി തിരുത്തലിൽ ഉൾപ്പെടുത്തി അച്ചടിച്ചു വിടാറുണ്ടു്. ഇവയിൽ 1-ഉം 2-ഉം, കൈയെഴുത്തു പകർപ്പിലെ ന്യൂനതനിമിത്തം ഉണ്ടാകുന്ന പ്രമാദങ്ങളാണു്. മലയാളത്തിൽ കൈയെഴുടത്തു് എപ്പോഴും ശുദ്ധമായിരിക്കാറില്ല. ചില സമയങ്ങളിൽ, പ, വ; ന, ഹ; ത, ന; റ, ഠ; ഇ, ള; തി, ത്ര; വി, ഹ; സ, ഡ; ത്ത, ആ; ഇങ്ങനെ പല അക്ഷരങ്ങളും തമ്മിൽ മാറിത്തോന്നിയേക്കും. ആ സന്ദർഭങ്ങളിലാണു് അച്ചുനിരത്തുകാർ, ‘മുഖവുര’യെ ‘മുഖപുര’യാക്കിയും; ‘അവ ഇരിക്കട്ടെ’യെ ‘അവളിരിക്കട്ടെ’യാക്കിയും; ‘ഹവിൽദാർ’ ‘വിവിദൻ’ ആക്കിയും; ‘ഡാറ’യെ ‘ ‘സാറ’യാക്കിയും മറ്റും കൂത്തുകൾ കാട്ടുന്നതു്. മൂന്നാമത്തേതു്, മിക്കവാറും, ലേഖകന്റെ അശ്രദ്ധയാൽ ഉണ്ടാകുന്നതാണെന്നു പറയാം. വലിയ വാക്യങ്ങൾ എഴുതുമ്പോൾ, ഇടവാചകങ്ങളിലെ ഒരു വാക്കിനെ അങ്ങോട്ടോ ഇങ്ങോട്ടോ ചേർത്തുവായിക്കാൻ സൗകര്യമുണ്ടായാൽ, ഇത്തരം തെറ്റുകൾ വരാവുന്നതാണു്; ഇടയ്ക്കു തോട്ടി പോലെ അർത്ഥത്തെ പിടിച്ചു നിർത്തുവാൻ ഉപയോഗിക്കുന്ന അങ്കുശചിഹ്നം വിട്ടുപോയാൽ, പദം ഇളകി, അർത്ഥം, തോന്നിയവഴിക്കു പോയേക്കും. അച്ചുനിരത്തുകാരനു നൽകുന്ന സൂചനകളെക്കൂടെ ലേഖനത്തിനുള്ളിൽ ചേർത്തു അച്ചടിക്കാനിടയാകുന്നതു്, മുഖ്യമായും, അവന്റെ ഭോഷത്തത്തിന്റെ ഫലമാണു്. അച്ചടിയിൽ ഇന്നതരം അക്ഷരം ഉപയോഗിക്കണം എന്നു സൂചിപ്പിച്ചു് “ചെറുകരുക്കൾ ഉപയോഗിക്കണം” എന്നു ഒരു കുറിപ്പു് പകർപ്പിൽ എഴുതിയിരുന്നതുകൂടി ഒരു തലവാചകമായി ചേർത്തു് അച്ചടിച്ചിരിക്കുന്ന ഒരു ഉദാഹരണം ഈയിടെ ഒരു പത്രത്തിൽ കാണുകയുണ്ടായി. എന്നാൽ, ഈ വക പ്രമാദങ്ങൾക്കു് ഒക്കെയും, അവയെ സൂക്ഷ്മമായിത്തിരുത്തി അച്ചടിപ്പിക്കേണ്ടതിനു ചുമതലപ്പെട്ടവർ അപരാധികളാണു്. അച്ചുനിരത്തുകാരൻ, തന്റെ ബദ്ധപ്പാടിൽ, വാക്കുകളുടെ അർത്ഥമെന്തെന്നു വിചാരിച്ചുകൊണ്ടല്ലാ അച്ചുനിരത്തുന്നതു്; അവന്റെ പ്രഥമനോട്ടത്തിനു എങ്ങനെ തോന്നുന്നുവോ അതിൻമണ്ണം അച്ചുപെറുക്കി നിരത്തുന്നു. വാക്കുകളുടെ അർത്ഥംകൂടി നോക്കുന്നില്ലെങ്കിൽ, വാക്യങ്ങളുടെ അർത്ഥത്തെപ്പറ്റി അവന്നു യാതൊരു ബോധവുമുണ്ടാകുന്നില്ലതെന്നെ. അവൻ, മരങ്ങളെ നോക്കി നോക്കിപ്പോകനിമിത്തം വനത്തെ കാണുന്നില്ലാത്തതുപോലെ, അക്ഷരങ്ങൾ മാത്രം നോക്കുക ഹേതുവായി വാക്കുകളോ അർത്ഥമോ ഗ്രഹിക്കുന്നില്ല.

പിഴ പോക്കിവേണം അച്ചടിച്ചു പുറമേ വിടുവാൻ, എന്നു നിർബന്ധം വെയ്ക്കുന്നതു ആവശ്യമാണു്. അതിലേക്കു, ഏതു ലേഖനവും, അതിന്റെ കർത്താവായ റിപ്പോർട്ടറോ, ചുമതലക്കാരനായ പത്രാധിപരോ സമ്മതിച്ച ശേഷമേ അച്ചടിക്കാൻ തുടങ്ങാവൂ എന്നു നിബന്ധയുണ്ടായിരിക്കണം. ഇങ്ങനെയിരുന്നാലും, പത്രം പുറപ്പെടുവിക്കാൻ സമയം വൈകുമ്പോഴേക്കും അച്ചുനിരത്തുകാർക്കു ദുഷ്കരമായ വിധത്തിലുള്ള തിരുത്തലുകൾ എഴുതിക്കൊടുക്കരുതു്. ഈ തിരുത്തൽ പക്ഷേ, ലേഖനത്തിനു ഭംഗി കൂട്ടുമായിരിക്കാം; എന്നാലും, പത്രം പുറപ്പെടേണ്ട സമയമായി എന്നിരിക്കിൽ ഈ പരിഷ്കാരം കൂടാതെ കഴികയാണു് ഉത്തമം. പരിഷ്കാരം ചെയ്യുന്നതൊക്കെ ആദ്യമേ പകർപ്പിൽതന്നെ ആകാമായിരുന്നു. അച്ചടിക്കാൻ കാലമാകുമ്പോൾ, ഒരു വരി ഇടയ്ക്കു തള്ളിക്കളയണമെന്നോ, ചില വാക്കുകൾ ഇടയ്ക്കു കുത്തിത്തിരുകണമെന്നോ; രണ്ടു ഖണ്ഡികകൾ കൂട്ടിച്ചേർത്തു് ഒന്നാക്കണമെന്നോ, ആവശ്യപ്പെട്ടാൽ, എളുപ്പം സാധിക്കയല്ല. ഗാലിയിൽ ഇരിക്കയാണെങ്കിൽകൂടി, ‘മാറ്റർ’ ഇടയ്ക്കു വിടർത്തിയെടുത്തു് “കടത്തു”ക വേണ്ടിവന്നേക്കും; അച്ചടിയന്ത്രത്തിൽ കയറ്റിയശേഷം, അതു ദുഷ്കരവും, സാമാന്യത്തിൽ പത്തിരട്ടി സമയം വേണ്ടിവരുന്നതും ആകുന്നു. ഇത്തരം സന്ദർഭങ്ങളിൽ, റിപ്പോർട്ടറോ, പത്രാധിപരോ അച്ചുനിരത്തുകാരനെ ക്ലേശിപ്പിക്കാതെയും, പത്രം അച്ചടിപ്പാൻ കാലം അതിക്രമിക്കാതെയും ഇരിക്കത്തക്കവണ്ണം ബുദ്ധികൗശലം പ്രയോഗിച്ചു്, എളുപ്പമായ മറ്റൊരുവിധം തിരുത്തൽ ചെയ്യുകയാണു് യുക്തം.

“…ലോകത്തിൽ നടക്കുന്ന സംഗതികളെക്കുറിച്ചു യാതൊരു അനുഭവജ്ഞാനവുമില്ലാത്ത തത്വജ്ഞാനിയെന്നാണർത്ഥം.

മേൽ പറയപ്പെട്ട അഭിപ്രായത്തെപ്പറ്റി ഒരു വിമർശനം ചെയ്യുന്നതിന്നു മുമ്പായി ദാരിദ്ര്യം എന്നു പറയുന്നതു എന്താണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.”

ഈ കാണിച്ച രണ്ടു ഖണ്ഡങ്ങളേയും ഒന്നാക്കുകയും, ഒരു വരി കുറയ്ക്കുകയും ചെയ്യണമെന്നു വിചാരിക്കുക. അച്ചുകൂടപ്പണിക്കാരനു ക്ലേശം തട്ടാതെയും, അച്ചടിപ്പാൻ കാലം വൈകിക്കാതെയും, അർത്ഥത്തിന്നു ഹാനി പറ്റാതെയും, ഇതു എങ്ങനെ സാധിക്കാം? രണ്ടാം ഖണ്ഡികയിലെ “മേൽപറയപ്പെട്ട” എടുത്തു കളഞ്ഞു് പകരം, “ഈ” വെയ്ക്കുകയും, അടുത്ത വരിയിലെ ആരംഭത്തിലുള്ള “റ്റി”യെ മുൻ വരിയുടെ ഒടുവിലേക്കു ‘കടത്തു’കയും ചെയ്തു് ഒന്നാം ഖണ്ഡികയുടെ അവസാനവരിയിലുള്ള ഒഴിഞ്ഞ ഭാഗത്തേക്കു് കയറ്റിയാൽ, രണ്ടു ഖണ്ഡികകളും ഒന്നായിച്ചേർത്തു കഴിഞ്ഞു. പിന്നെ, “ഒരു വമർശനം ചെയ്യുന്നതിന്നു മുമ്പായി ദാരിദ്ര്യം എന്നു പറയുന്നതു് എന്താണെന്നു്” “ഒരു”, “എന്നതിനു്”, “ആയി”, “എന്നു പറയുന്നതു്”—ഇവയെ വിട്ടു കളഞ്ഞു്, “വിമർശനം ചെയ്യുംമുമ്പു്, ദാരിദ്ര്യം എന്താണെന്നു്”—എന്നു സംക്ഷേപിച്ചാൽ, ഒരു വരി കുറയുകയും ആയി. ഇങ്ങനെ ഒരു ഭേദഗതി ചെയ്യുവാൻ, പ്രയാസമില്ല; അച്ചാണികൾ എടുത്തുകളവാനാണു് ആവശ്യപ്പെടുന്നതു്, ഇടയ്ക്കു കുത്തിത്തിരുകുവാനല്ല. ഈ വിധം ചെയ്യാതെ രണ്ടു ഖണ്ഡികകളേയും കൂട്ടിച്ചേർക്കണമെങ്കിൽ, രണ്ടാം ഖണ്ഡികയിലെ വരികളെയെല്ലാം കടത്തിക്കോണ്ടുപോകയും, ഒടുവിൽ വരി കുറയ്ക്കാൻ ക്ലേശപ്പെടുകയും, ചെയ്യേണ്ടിവരും. ഇത്തരം പലേ വിഷമഘട്ടങ്ങൾ പലപ്പോഴും എനിക്കു് അനുഭവമായിട്ടുണ്ടു്. ചിലപ്പോൾ രണ്ടക്ഷരങ്ങൾ മാത്രം ഒരു വരിയിൽ അവസാനിക്കയും, ആവശ്യത്തിൽ കവിഞ്ഞു ഒരു വരി ഉണ്ടായിരിക്കയും ചെയ്യും. മുൻവരികളിലെവാക്കുകൾ യാതൊന്നും നീക്കുവാനും നിവൃത്തികാണുകയില്ല. അപ്പോൾ “സ്പേസ്” (ഇട) എടുത്തുകളകയോ ചുരുക്കുകയോ ചെയ്തിട്ടോ, മുൻ വാക്കുകളിൽ നിന്നു അർത്ഥത്തിന്നു ഭേദം വരുത്താതെ ചില അക്ഷരങ്ങൾ തട്ടിക്കളഞ്ഞിട്ടോ കാര്യം സാധിക്കാം. ഇതിനെക്കാൾ വിഷമമാണു് ഒരു ലേഖനത്തിന്റെ ഇടയ്ക്കുള്ള ഖണ്ഡം, “കോളം” ആക്കുമ്പോൾ, പ്രമാദത്താൽ മറ്റൊരു ഭാഗത്തു അസ്ഥാനത്തിൽ എടുത്തുവെച്ചു മുറുക്കിയിരുന്നാൽ ഉണ്ടാകുന്ന ക്ലേശം. ഈ പ്രമാദം, ‘മാറ്റർ’ ഗാലിയിൽ തന്നെയിരിക്കുമ്പോൾ ഉണ്ടായതായിരുന്നാൽ ഗാലിയിൽ വെച്ചുതന്നെ ശരിപ്പെടുത്താം. എന്നാൽ അച്ചടിപ്പാനായി “ഫോറം” മുറുക്കി, അച്ചടിയന്ത്രത്തിൽ കയറ്റിയിട്ടിരിക്കുമ്പോഴാണു് കാണുന്നതെങ്കിൽ, എന്താണു് ചെയ്ക? ചില സംഗതികളിൽ, ഫോറം താഴത്തിറക്കേണ്ടി വന്നേക്കും. ചിലപ്പോൾ, ബുദ്ധികൗശലം ഉണ്ടെങ്കിൽ സമയോചിതംപോലെ ഉപായം തോന്നും. എന്റെ അനുഭവത്തിൽ പെട്ടിരുന്ന വിഷമഘട്ടങ്ങളിൽ ഒന്നു് താഴെ പറയും പ്രകാരം ചാടിക്കടന്നതായി ഞാൻ ഓർക്കുന്നുണ്ടു്. രണ്ടേമുക്കാൽ “കോളങ്ങൾ” വരുന്ന ഒരു ലേഖനത്തിൽ, ഒന്നാം ‘കോള’ത്തിന്റെ അവസാനഘട്ടത്തിൽ 4-ആം വകുപ്പിൽ ചേർന്നു നില്ക്കേണ്ടതായ ഉദ്ദേശം കാലേ അരയ്ക്കാൽ “കോളം” വക “മാറ്റർ”, ഫോർമാന്റെ പ്രമാദത്താൽ ലേഖനത്തിന്റെ അവസാനത്തിൽ 10-ആം വകുപ്പിനോടു ചേർത്തു മുറുക്കിയിരുന്നു. ഇതു, പത്രം അച്ചടിച്ചു് പുറപ്പെടുവിക്കും മുമ്പുള്ള “പ്രെസ് പ്രൂഫ്” വന്നപ്പോളാണു കണ്ടതു്. ഫോറം ഇറക്കി പൊളിച്ചെടുത്തു് ശരിയാക്കുക എന്നാൽ, ഒരു മണിക്കൂറോളം സമയം വൈകുകയും പത്രം അന്നു പുറപ്പെടുവിക്കാൻ സാധിക്കാതെ പോകയും ചെയ്യുമായിരുന്നു. ഫോർമാൻ വിഷണ്ണനായി ഫോറം ഇറക്കാൻ ഭാവിച്ചു. ആ സമയം എനിക്കു തോന്നിയ ഉപായം ഇതായിരുന്നു. അസ്ഥാനത്തിൽ വന്ന ഭാഗത്തെ “4-ആം വകുപ്പിൽ കൂട്ടിച്ചേർപ്പാൻ” എന്ന ഒരു തലവാചകം നടനാട്ടി വേറാക്കിക്കാണിച്ചു. ലേഖനം ഒരു റെഗുലേഷന്റെ നഖൽ ആയിരുന്നതിനാൽ, ഈ അന്ത്യഘട്ടം ആ നഖലിൽ കൂട്ടിച്ചേർപ്പാനായി പിന്നാലെ എഴുതിച്ചേർത്ത ഒരു പരിഷ്ക്കാരമാണെന്നു വായനക്കാർ ധരിപ്പാനും, ആ വിധത്തിൽ അതിലെ സന്ദർഭവൈഷമ്യം നീങ്ങാനും സംഗതിയായി.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.