images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
കോടതികൾ: മഹാജനയോഗങ്ങൾ

വൃത്താന്തനിവേദനപ്രവൃത്തിയിൽ കുറെ പരിചയം ഉണ്ടായാൽ പിന്നെ, കുട്ടിത്തരം റിപ്പോർട്ടർക്കു, മുന്നോട്ടു കടക്കുവാൻ വിരോധമില്ല. മജിസ്ട്രേറ്റ് കോടതിയിലെയും പോലീസ് കച്ചേരിയിലെയും വർത്തമാനങ്ങൾ ശേഖരിപ്പാൻ വേണ്ടിവരുന്നതിലധികം കാര്യശേഷിയും നിപുണതയും ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുണ്ടു്. ഇവ സിവിൽകോടതികൾ, സെഷൻകോടതികൾ, ഹൈക്കോടതി, നഗരപരിപാലകസഭകൾ എന്നിത്തരം വ്യവസ്ഥാപനങ്ങളാണു്. ഇവയിൽ ഓരോന്നിലും പൊതുവിൽ ജനങ്ങൾക്കു കൗതുകമുള്ള പലേ സംഗതികൾ നടക്കുന്നുണ്ടായിരിക്കും. ഈ നടപടികളെ ആവശ്യത്തിന്നനുസരിച്ചു് കുറിച്ചെടുത്തു് റിപ്പോർട്ട് എഴുതുവാൻ കുറെ പഴകിത്തുടങ്ങിയ കൈക്കേ എളുപ്പം സാധ്യമാവൂ. ഒന്നാമതായി, ഓരോന്നിനും ഇത്രയിത്ര പത്രസ്ഥലമേ വിനിയോഗിക്കാവൂ എന്നു നിശ്ചയം ഉണ്ടായിരുന്നേക്കാം. അതിന്നുതക്കവണ്ണം എഴുതുവാൻ മുൻ അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള രചനാസമ്പ്രദായങ്ങൾ ശീലിച്ചിരിക്കണം. ഈ വിഷയത്തിൽ, ഒരു റിപ്പോർട്ടിനെ ഇത്ര വരിയിൽ നിർത്തേണമെന്നു ചിലപ്പോൾ നിഷ്കർഷം ചെയ്യാൻ പാടില്ലെങ്കിലും, ഒരു സംഗതിയെക്കുറിച്ചു പ്രകൃതത്തിനു ഉചിതമായുള്ള സാരഭാഗങ്ങളെ മാത്രം എടുത്തെഴുതുവാൻ ശീലിച്ചിരുന്നാൽ, അതു ഏറെക്കുറെ ഉപകാരമായിത്തീരും. സിവിൽകോടതികളിലെ വ്യവഹാരങ്ങളെപ്പറ്റി റിപ്പോർട്ടു ചെയ്യേണ്ടിവരുമ്പോൾ ഈ പരിചയം ഏറെ പ്രയോജനപ്പെടുന്നതാണു്.

സിവിൽ കോടതികളിൽ നടക്കുന്ന വ്യവഹാരങ്ങൾ എല്ലാം പൊതുവിൽ ജനങ്ങൾക്കു കൗതുകപ്പെട്ടവയായിരിക്കയില്ല. ചിലവ്യവഹാരങ്ങളിൽ, നിയമസംബന്ധമായ വിശേഷവാദപദങ്ങളോ, പൊതുവെ ബാധിക്കുന്ന വല്ല തർക്കങ്ങളോ, ഉൾപ്പെട്ടിരിക്കാം. ഇവയെപ്പറ്റി റിപ്പോർട്ട് എഴുതുന്നതു വിഹിതമായിരിക്കും. റിപ്പോർട്ടർക്കു ഇരു കക്ഷികളുടെയും വാദങ്ങൾ മനസ്സിലാക്കുവാൻ, അവരുടെ വക്കീലന്മാർ ചെയ്യുന്ന പ്രസംഗങ്ങൾ കേട്ടാൽ എളുപ്പം സാധിക്കും. അവയിൽ സാരമായ ഭാഗങ്ങൾ മാത്രം കുറിച്ചെടുക്കയും, വായനക്കാർക്കു സുഗ്രഹമാകുംവണ്ണം ഇരു കക്ഷികളുടെയും വാദങ്ങൾ സംഗ്രഹിച്ചെഴുതുകയും ചെയ്യണം. ന്യായാധിപതി അതിന്മേൽ ചെയ്തിട്ടുള്ള തീർപ്പിനേയും അസന്ദിഗ്ധാർത്ഥമായും സുഗമമായുമുള്ള വാചകങ്ങളിൽ പ്രസ്താവിക്കണം.

സെഷൻസ് കോടതികളിൽ നടക്കുന്ന ക്രിമിനൽക്കേസുകൾ എല്ലാം കൗതുകകരമായിരിക്കയില്ല. ചിലതൊക്കെ ‘ഒച്ചപ്പെടാതെ’ തന്നെ കഴിയുന്നതാണു്. എന്നാൽ, കൊലപാതകം, ലഹള, തീവെപ്പു്, കൊള്ള, വ്യാജപ്രമാണനിർമ്മാണം, കള്ളക്കമ്മിട്ടം, മുതലായ മഹാപാതകസംഗതികളിൽ ജനങ്ങൾ ഏറെക്കുറെ ശ്രദ്ധവെച്ചു നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരിക്കും. ഇവയാണു് ‘ഒച്ചപ്പെട്ട’ കേസുകളായിത്തീരുന്നതു്. ഇവയുടെ നടപടികൾക്കു റിപ്പോർട്ടു തയ്യാറാക്കാൻ പൊലീസ്-മജിസ്ട്രേറ്റ്-കച്ചേരികളിലെ പരിചയം വളരെ സഹായമായിരിക്കുന്നതാണു്. നടപടിരീതികൾക്കു വ്യത്യാസമുണ്ടായിരിക്കുമെങ്കിലും കേസ് വിസ്താരം ചെയ്യുമ്പോൾ, സാക്ഷികളുടെ മൊഴികൾ കുറിച്ചെടുക്കുന്നതും മറ്റും മജിസ്ട്രേറ്റ് കോടതിയിൽവെച്ചു പരിചയിച്ച സമ്പ്രദായമനുസരിച്ചു മതിയാകുന്നതാണു്. സർക്കാർ ഭാഗം വക്കീൽ കേസ് ആരംഭിക്കുമ്പോൾ നടത്തുന്ന പ്രസംഗത്തിൽനിന്നു സാരഭാഗങ്ങൾ കുറിച്ചെടുത്താൽ കേസിന്റെ സംഗ്രഹമായ വിവരം എഴുതാൻ സാധിക്കും. ഓരോ ഭാഗത്തെയും സാക്ഷികളേയും വക്കീലന്മാരേയും വേറുതിരിച്ചറിഞ്ഞെഴുതുവാൻ റിപ്പോർട്ടർ പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതാണു്. കേസ് നടത്തുന്നതു സർക്കാരാകയാൽ അന്യായഭാഗം സർക്കാരാണു്. പ്രതിഭാഗത്തുനിൽക്കുന്നവന്റെ മേലാണു് കുറ്റം ചുമത്തി വിസ്താരം നടത്തുന്നതു്. പ്രതിയെ ഒരു മജിസ്ട്രേറ്റ് കോടതിയിൽനിന്നു കുറ്റം ചുമത്തി വിസ്താരത്തിനായി സെഷൻസിലേക്കയച്ചതായിരിക്കുമ്പോൾ, ഏതു മജിസ്ട്രേറ്റാണു് ‘കമ്മിറ്റ്’ ചെയ്തതു എന്നും മറ്റുമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കണം. സാക്ഷിവിസ്താരം കഴിഞ്ഞു, ഇരുഭാഗം വക്കീലന്മാരുടെയും വാദങ്ങളും, പിന്നെ, ന്യായാധിപതിയുടെ വിധിന്യായവും, അതിന്മേൽ, കോടതിയികൂടിയിട്ടുള്ള ബഹുജനങ്ങളുടെയിടയിലുണ്ടാകുന്ന സന്തോഷസന്താപാദിഭാവങ്ങളും, റിപ്പോർട്ടർ, വഴിതെറ്റിക്കാത്തവിധത്തിൽ കഥിക്കേണ്ടതിനു നിപുണനായിരിക്കണം. ന്യായാധിപതി വിധിപ്രസ്താവിച്ചിട്ടില്ലെങ്കിൽ എപ്പോൾ പ്രസ്താവിക്കുമെന്നു അന്വേഷിച്ചറിഞ്ഞു് പത്രത്തിൽ പറകയും, ആ സമയം വിധിപ്രസ്താവം കേൾപ്പാൻ കോടതിയിൽ എത്തിയിരിക്കയും വേണം. സെഷൻസ് കോടതിയിലുള്ളപോലെ ‘ഒച്ചപ്പെട്ട’ കേസുകൾ ഹൈക്കോടതിയിലും ഉണ്ടായിരിക്കും; അവയെപ്പറ്റിയും ഇതിന്മണ്ണം റിപ്പോർട്ട് എഴുതേണ്ടതാണു്. ഹൈക്കോടതിയിൽ, സാധാരണ, അപ്പീൽ വിചാരണയ്ക്കു, സാക്ഷിവിസ്തരിക്കാറില്ല; കീഴ്കോടതിയിൽ നടന്നവയെപ്പറ്റി നിരൂപണം ചെയ്യുകയാണു് മിക്കവാറും നടക്കുന്നതെങ്കിലും, ചില സംഗതികളിൽ, കൂടുതലായി സാക്ഷികളെ വിളിപ്പിച്ചു് മൊഴി മേടിച്ചു് തെളിവിന്റെ ബലാബലനിർണ്ണയം ചെയ്യാറുണ്ടു്. ഈ സംഗതികളിൽ, വിശേഷാൽ വിളിപ്പിച്ച സാക്ഷികളുടെ മൊഴികളെ റിപ്പോർട്ടിൽ പ്രതിപാദിക്കണം. അല്ലാത്ത സംഗതികളിൽ ഇരുകക്ഷികളുടെ (വക്കീലന്മാരുടെയും) വാദങ്ങൾ സംഗ്രഹിച്ചെഴുതുകയും, ന്യായാധിപതിമാരുടെ ഏകകണ്ഠമായോ ഭിന്നമായോ ഉള്ള തീർച്ചകല്പനകളെ അവസാനത്തിൽ യഥാവൽ പ്രസ്താവിക്കയും ചെയ്യുന്നതു മതിയാകും. ഹൈക്കോടതിയിൽ, ക്രിമിനൽക്കേസ് അപ്പീലിൻ പുറമെ, പലവക ഹർജികളും, സിവിൽകേസ് അപ്പീലുകളും. പത്രപ്രസ്താവയോഗ്യമായ ഇനിയും പലേ കാര്യങ്ങളുമുണ്ടു്; ഇവയെപറ്റിയും ഉചിതമായ വിധം റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.

ദേശക്ഷേമത്തെ അന്വേഷിച്ചു് പരിപാലനം ചെയ്യുന്ന സഭകൾ പലതുണ്ടു്. ഇവയിൽ അതതു കാലങ്ങളിൽ ആലോചിക്കുന്ന കാര്യങ്ങളെപ്പറ്റി ബഹുജനങ്ങൾക്കു് അറിവു നൽകേണ്ടതു് പത്രക്കാരന്റെ കടമകളിൽ ഒന്നാണു്. ഈ വക സഭകൾ ചിലതു് നഗരപരിപാലനസഭകളായും, മറ്റുചിലതു് താലൂക്കു് ക്ഷേമപ്രവർത്തക സംഘങ്ങളായും ഇരിക്കുന്നു. ഇവയ്ക്കു്, ‘മുൻസിപ്പാൾ കൗൺസിൽ’, ‘കാർപ്പൊറേഷൻ’, ‘ടൗൺകൗൺസിൽ’, ടൗൺഇംപ്രൂവ്മെന്റ് കമ്മറ്റി’, ‘താലൂക്കു് ബോർഡ്’, ‘ഡിസ്ട്രിക്ട് ബോർഡ്’—എന്നിങ്ങനെ പല പേരുകൾ യഥോചിതം പറഞ്ഞുവരുമാറുണ്ടു്. ഇവയിലെ നടപടികളെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ പോകുന്ന കുട്ടിത്തരക്കാരനായ റിപ്പോർട്ടർ തുടക്കത്തിൽ കുറെ കുഴങ്ങിയേക്കും. എന്താണു് കുറിച്ചെടുക്കേണ്ടതു്, ഏതാണു് ഉപേക്ഷിക്കേണ്ടതു്, എന്നു നിശ്ചയമില്ലാതെ അവൻ അമ്പരന്നിരിക്കുമ്പോൾ, പഴമപരിചയക്കാരനായ റിപ്പോർട്ടർ തീരെ വാട്ടംതട്ടാതെ സാരഭാഗങ്ങൾ കുറിച്ചെടുക്കുന്നുണ്ടായിരിക്കും. ഇങ്ങനെ കുഴങ്ങിപ്പോവാതിരിക്കേണ്ടതിന്നു്, റിപ്പോർട്ടർ ചെയ്യേണ്ടതായ മുൻകരുതൽ, മേല്പടിസഭകളുടെ കഴിഞ്ഞ യോഗങ്ങളിൽ നടന്ന ആലോചനകളുടെയും മറ്റും റിപ്പോർട്ടുകൾ വായിച്ചു മനസ്സിലാക്കുകയും, അന്നത്തെ പ്രവൃത്തികൾ എന്താണെന്നു മുൻകൂട്ടി അറിയുകയും ആകുന്നു. മുൻയോഗനടപടികളെപ്പറ്റി തന്റെ പത്രത്തിൽ തന്നെയും പ്രസ്താവിച്ചിരിന്നിരിക്കും. ഇവയൊക്കെ ഗ്രഹിച്ചിരുന്നാൽ, താൻ ഹാജരാകുന്ന യോഗത്തിലെ നടപടികളെ എളുപ്പം പിന്തുടരാം: മുമ്പത്തെ റിപ്പോർട്ടുകളെ തുടർന്നുകൊണ്ടുപോവാൻ വേണ്ടിയ വിവരങ്ങൾ മാത്രം കുറിച്ചെടുക്കുകയും ചെയ്യാം. ചിലപ്പോൾ, സഭവക നടപടിവിവരങ്ങൾക്കു്, ‘റിപ്പോർട്ടുകൾ’ സഭയിൽനിന്നുതന്നെ അച്ചടിപ്പിച്ചു് തയ്യാറാക്കിയിരിക്കും; ഇവയിൽ ഒരു പ്രതി കിട്ടിയാൽ, റിപ്പോർട്ടർക്കു ചുരുക്കെഴുത്തിൽ കുറിച്ചെടുക്കേണ്ട പണി കൂടാതെ കഴിയും. എഴുതി വായിക്കുന്ന രേഖകളൊന്നും, വായിക്കുമ്പോൾ, ചുരുക്കെഴുത്തിൽ സംഗ്രഹിക്കാതെ കഴിക്കാം; അവ പിന്നാലെ കുറിച്ചെടുക്കാം. വാചാപ്രസംഗിക്കുന്ന സംഗതികളെയോ സംക്ഷേപിച്ചെഴുതിക്കോള്ളേണ്ടു. സഭകളിൽ ഓരോരോ നിശ്ചയങ്ങൾ സമർപ്പിക്കയും പ്രസംഗിക്കയും ചെയ്യുന്നവരെ തിരിച്ചറിയണം; പേരു് നിശ്ചയമില്ലെങ്കിൽ, സൂചനകൾ കുറിക്കുമ്പോൾ, അവരുടെ അഭിജ്ഞാനം ഉണ്ടാക്കത്തക്ക വല്ല അടയാളവും കുറിച്ചുകൊള്ളുകയും, യോഗം കഴിഞ്ഞശേഷം, വേണ്ട സംശയനിവാരണം ചെയ്തുകൊള്ളുകയും വേണം. ‘നരച്ച കറുപ്പൻ’, ‘കുടവഡ്ഢി’, ‘കണ്ണടക്കാരൻ’, ‘ചെമന്ന തലപ്പാവു്’—ഇത്യാദി ഓരോ അടയാളപ്പേരുപയോഗിക്കാവുന്നതാണു്. യാതൊരാളുടെയും പേരു് മാറിപ്പറയരുതു്; അതുപോലെതന്നെ, യാതൊരുവന്റെയും അഭിപ്രായം മറ്റൊരുവന്റെ വകയായിട്ടും റിപ്പോർട്ടിൽ ചേർക്കരുതു്. ആരാന്റെ കുട്ടികളുടെ അച്ഛനാണു താൻ, എന്നു് അവാസ്തവ വാർത്ത പരത്തുന്നതിനു് യാതൊരുവനും സമ്മതം ഉണ്ടാകയില്ല; അങ്ങനെ തെറ്റിപ്പറഞ്ഞിരുന്നാൽ, സന്തോഷമുണ്ടായിരിക്കയില്ല.

ചില സഭകളിലും, കോടതികളിലും, ചില സന്ദർഭങ്ങളിൽ നടക്കുന്ന സംഗതികൾ പൊതുജനങ്ങളെ അറിയിക്കുന്നതു് വിഹിതമല്ലെന്നു് അധികൃതന്മാർ നിശ്ചയിച്ചിരിക്കാം. ആ സന്ദർഭങ്ങളിൽ പത്ര പ്രതിനിധികളെ അവിടെ കടത്തി വിടുമാറില്ല; റിപ്പോർട്ടർമാർ ഹാജരായിരിക്കുമ്പോഴാണു് ഇങ്ങനെയൊരു സന്ദർഭം വരുന്നതെങ്കിൽ ആ സമയം റിപ്പോർട്ടർമാരോടു വിവരം പറയുകയും, അവർ പുറമെ പോകയും ചെയ്യുന്നു. പക്ഷേ, അവിടെ ഇരുന്നാൽ കൂടി വിവരങ്ങൾ റിപ്പോർട്ടിൽ ചേർക്കയില്ല. കോടതികളിൽ സാധാരണ, ഏതു കേസും പൊതുജനങ്ങൾക്കറിവാൻ തക്ക വിധത്തിലാണു് വിചാരണ ചെയ്യുന്നതു്. ചില കേസുകളിൽ പൊതുജനഹിതത്തിനു ഹാനികരമായ സംഗതികൾ ഉണ്ടായിരുന്നാൽ, അവയെ പത്രങ്ങളിൽ പ്രതിപാദിക്കരുതെന്നു് ന്യായാധിപതിമാർ ആജ്ഞാപിക്കുന്നതിനെ റിപ്പോർട്ടർ അനുസരിക്കേണ്ടതാണു്. കോടതിയുടെ കല്പനയെ ലംഘിക്കുന്ന റിപ്പോർട്ടർമാർ അവരുടെയും പത്രത്തിന്റെയും നിലയെ അപകടപ്പെടുത്തുന്നതായിവരും. മറ്റു ചില സംഘങ്ങൾ ഉണ്ടു്: ഇവ നഗര പരിപാലന സഭകൾക്കൊപ്പം ദേശഭരണകാര്യങ്ങൾക്കായി ഏർപ്പെടുത്തപ്പെട്ടവയായിരിക്കയില്ല; പൊതുജനങ്ങൾക്കു് ഇവയുടെ നടത്തിപ്പിനെപ്പറ്റി അറിഞ്ഞിരിപ്പാൻ അവകാശമുണ്ടായിരിക്കുമെങ്കിലും, ഇവ പകുതിയോളം സ്വകാര്യമായും, ശേഷം മാത്രം പരസ്യമായും നടപടികൾ നടത്തുന്നവയാകയാൽ, ഇവയുടെ നടപടികളെപ്പറ്റി റിപ്പോർട്ടു ചെയ്യുന്നതു കുറെ കരുതി ചെയ്യേണ്ട പ്രവൃത്തിയാണു്. ഒരു കൂട്ടുവ്യാപാരസംഘത്തിലെ ഓഹരിക്കാരുടെ യോഗങ്ങൾ, പഞ്ചായത്തുയോഗങ്ങൾ മുതലായവ ഇത്തരത്തിലുള്ളവയാണു്. ഇവയിൽ പത്രപ്രതിനിധികൾക്കു് പ്രവേശനം ഇല്ല എന്നു വല്ലവരും പറയുന്നതിനെ കേട്ടു് യോഗത്തിൽ ഹാജരാകാതെ പിന്തിരിയരുതു്. പത്രക്കാരന്റെ പ്രവൃത്തി അനുസരിച്ചു്, യോഗസ്ഥലത്തു കൂസൽകൂടാതെ കടക്കണം. യോഗം കൂടുന്നവരിൽ ചിലർ പത്രപ്രതിനിധികളെ അവിടെ ഇരുത്തിക്കൂടുന്നതല്ലെന്നു വിരോധം പറയുമായിരിക്കും. അതു് ഗണ്യമാക്കേണ്ട. യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെടുന്നതു് ആയാൽ അവിടെ നിന്നു പോരുന്നതൊഴികെ, ആരുടെയും ഭീഷണിയെ വിലവെയ്ക്കരുതു്. പക്ഷേ, പത്രപ്രതിനിധികൾക്കു് പ്രവേശം അനുവദിക്കാമോ എന്ന ചോദ്യം യോഗത്തിൻമുമ്പാകെ സഭാംഗങ്ങളിൽ വല്ലവരും ചോദിക്കുമായിരിക്കും. അപ്പോൾ, ഭൂരിപക്ഷം, പത്രപ്രതിനിധികൾക്കു് അനുകൂലമായിരുന്നു എന്നു വരാം. എന്നാൽ, യോഗനടപടികളെപ്പറ്റി റിപ്പോർട്ടെഴുതുമ്പോൾ, ഒരു മുഖ്യകാര്യം ഓർമ്മയിൽ വേണം: യോഗാംഗങ്ങളിൽ വല്ലവരും ഒരാളെപ്പറ്റി അപകീർത്തികരമായ വല്ല സംഗതിയും പ്രസംഗിച്ചിരുന്നാൽ അതു് റിപ്പോർട്ടിൽ ചേർക്കരുതു്; അപകീർത്തിപ്പെടുത്തപ്പെട്ട ആൾ സഭാംഗത്തെ വിട്ടുകളഞ്ഞു് പത്രക്കാരന്റെ പേരിൽ മാനനഷ്ടത്തിനു് വ്യവഹാരപ്പെടുകയോ, അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിച്ചു് ക്രിമിനൽകേസ് ആക്കുകയോ ചെയ്തേക്കാം. സഭാംഗങ്ങൾ അങ്ങനെ പ്രസംഗിച്ചു എന്ന സമാധാനം ഈ സഗതികളിൽ സ്വീകാര്യമായിരിക്കയില്ല. കോടതികൾക്കുള്ളിൽ വ്യവഹാരങ്ങൾ സംബന്ധിച്ചു് വക്കീലന്മാർ നടത്തുന്ന പ്രസംഗങ്ങൾ, അവ്വിധം തന്നെ കക്ഷികളുടെ സതവാങ്മൂലമായ ഹർജികൾ, സാക്ഷികളുടെ മൊഴികൾ, ന്യായാധിപതിയുടെ കല്പനകൾ, വിധികൾ എന്നിവ മറ്റൊരാൾക്കു് എത്രമേൽ അപകീർത്തികരമായിരുന്നാലും, പത്രക്കാരൻ മുറപ്രകാരം അവയെ പ്രസ്താവിക്കുന്നതുകൊണ്ടു് അവന്റെ പേരിൽ അപകീർത്തിപ്പെടുത്തൽകുറ്റം ആരോപിക്കാൻ ന്യായമില്ല. ആ സന്ദർഭങ്ങൾ നിയമത്താൽ പ്രത്യേകം അനുവദിക്കപ്പെട്ടിട്ടിള്ള സന്ദർഭങ്ങളാണു്. അതുപോലെയുള്ള സന്ദർഭങ്ങളല്ലാ, സ്വകാര്യസ്വഭാവത്തിലുള്ള പഞ്ചായത്തു മുതലായവയുടെ യോഗങ്ങൾ, എന്നു് റിപ്പോർട്ടർ അറിഞ്ഞിരിക്കേണ്ടതാണു്. പത്രാധിപസ്ഥാനത്തെത്തുവാൻ ആഗ്രഹമുള്ള റിപ്പോർട്ടർ മേല്പറഞ്ഞ പ്രകാരത്തിലുള്ള മുൻകരുതലോടുകൂടിയും വിവേകപൂർവ്വമായും പ്രവർത്തിച്ചു ശീലിക്കുന്നതു് അവന്നു് ഉപകാരപ്രദമായിട്ടുതന്നെയിരിക്കുന്നതാണു്.

പൊതുജനക്ഷേമകാര്യങ്ങൾ ആലോചിപ്പാൻ കൂടുന്ന മേല്പറഞ്ഞ സഭായോഗങ്ങൾക്കു് പുറമെ, മറ്റൊരുവിധം പൊതുയോഗങ്ങൾ ഉണ്ടു്. ഇവയ്ക്കും അവയ്ക്കും തമ്മിൽ വ്യത്യാസം എന്തെന്നു് പറയാം. ഇവയിൽ ജനങ്ങളുടെ കാര്യങ്ങളെപ്പറ്റി അവർ തന്നെ ആലോചന നടത്തുന്നു; അവയിൽ ആകട്ടെ, ജനങ്ങളുടെ പ്രതിനിധികളാണു് കാര്യാലോചന നടത്തുന്നതു്. ഒരു നാട്ടിലെ ജനങ്ങൾക്കു് പൊതുവിൽ ദോഷകരമായ വല്ല വ്യവസ്ഥകളും ആ നാട്ടിലെ സർക്കാർ ഏർപ്പെടുത്തുന്നു എന്നിരിക്കട്ടെ, അല്ലെങ്കിൽ, ഒരു താലൂക്കുകാർ കൃഷിപ്പിഴ നിമിത്തം കരം കൊടുപ്പാൻ എന്നല്ല, ഉപജീവനം കഴിപ്പാൻകൂടി, കഷ്ടപ്പെടുന്നു എന്നിരിക്കട്ടെ; ഇത്തരം സംഗതികളിൽ, പൊതുജനങ്ങളുടെ സങ്കടങ്ങളെപ്പറ്റി പറവാനും സർക്കാരിനോടു സൗജന്യം അപേക്ഷിപ്പാനുമായി അവർ തന്നെ യോഗം കൂടുന്നു. ഈ മഹാജനയോഗങ്ങൾ അവ്യവസ്ഥയിൽ കൂടുന്നതാകകൊണ്ടു്, നഗരപരിപാലനസഭ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ യോഗനടപടികളെപ്പറ്റി റിപ്പോർട്ടു ചെയ്യാൻ ഉണ്ടാകാറുള്ള സൗകര്യം ഇവയിൽ ഉണ്ടാകാറില്ല. അതിനാൽ, യോഗം കൂടുന്നതിന്നും കുറേ നേരം മുമ്പു യോഗസ്ഥലത്തു് എത്തിയിരിപ്പാൻ ആണു് റിപ്പോട്ടർ ഒന്നാമതായി ഉത്സാഹിക്കേണ്ടതു്. കാലേക്കൂട്ടി എത്തിയാൽ യോഗോദ്ദേശങ്ങൾ എന്താണെന്നും, യോഗത്തിൽ ആരൊക്കെ പ്രസംഗിപ്പാൻ നിശ്ചയിച്ചിട്ടുണ്ടെന്നും, എന്തെല്ലാം പ്രമേയങ്ങളെപ്പറ്റി നിശ്ചയങ്ങൾ ചെയ്വാൻ ആലോചിച്ചിട്ടുണ്ടെന്നും മുൻകൂട്ടി അറിവാൻ കഴിയും. പ്രസംഗകർത്താക്കന്മാരുടെ പേരുകൾ, അവർ പ്രസംഗിപ്പാൻ നിശ്ചയിച്ചിരിക്കുന്ന പ്രമേയങ്ങൾ, യോഗസമക്ഷം വായിപ്പാൻ വെച്ചിട്ടുള്ള രേഖകൾ എന്നിതുകളൊക്കെ പകർത്തെഴുതി വെയ്ക്കാം. വൈകി എത്തിയാൽ ഇതിന്നു സാധിക്കയില്ല; പക്ഷേ, സംഗതികൾ കുറിച്ചെടുക്കുന്നതിനു സൗകര്യപ്പെട്ട സ്ഥാനം ലഭിച്ചില്ലെന്നും വരും.

മഹാജനയോഗങ്ങളിൽ ഹാജറായി നടപടികൾ കുറിച്ചെടുക്കുന്നതു് ഏറെക്കുറെ ശ്രമാവഹമായ പണിയാണു്. യോഗങ്ങളിൽ ചേരുവാൻ ഇത്രയെണ്ണം ആളുകളെ ഉണ്ടാവൂ എന്നു വ്യവസ്ഥയില്ല; ആയരമോ, അയ്യായിരമോ, പതിനായിരമോ ആൾ ചേരുന്നുണ്ടായിരിക്കാം. ഇവരെയൊക്കെ കൊള്ളുവാൻ തക്ക പ്രസംഗശാലകൾ ഉണ്ടായിരുന്നില്ലെങ്കിൽ, മൈതാനങ്ങളിലോ, മറ്റു വെളിപ്പുറങ്ങളിലോ യോഗം ചേർന്നു എന്നു വരാം. സമുദ്രത്തിൽ അലയടിച്ചുകയറും പോലെ, ജനസമൂഹം തിക്കിത്തിരക്കിക്കയറുന്നുണ്ടായിരിക്കാം. ഇവരുടെ ഇടയിൽ കടന്നു് എങ്ങനെയാണു് നടപടികൾ കുറിക്കുക? വല്ല കെട്ടിടത്തിനുള്ളിലും ആയിരുന്നാൽ, ചിലപ്പോൾ, അദ്ധ്യക്ഷന്റെയും പ്രവക്താക്കളുടെയും സമീപത്തുതന്നെ റിപ്പോർട്ടർക്കു കസാലയും മേശയും കൊടുത്തിരുന്നിരിക്കും; ചിപ്പോൾ, മേശ ഉണ്ടായിരുന്നില്ലെന്നും വരാം; ആ സമയങ്ങളിൽ, കാൽമുട്ടിന്മേലോ, ഒറ്റക്കയ്യിന്മേലോ വെച്ചെഴുതാനേ മാർഗ്ഗമുണ്ടായിരിക്കൂ. വെളിപ്പുറങ്ങളിലോ, അദ്ധ്യക്ഷന്നുകൂടിയും കസാല ഉണ്ടായിരിക്കയില്ലാ; റിപ്പോർട്ടറുടെ കഥയോ, പിന്നെ പറവാനില്ലല്ലോ? പ്രസംഗകർത്താക്കന്മാരുടെയും അദ്ധ്യക്ഷന്റെയും സമീപം ചുറ്റിപ്പറ്റിക്കൊള്ളാൻ കഴിയാത്ത റിപ്പോർട്ടർ, കടൽനടുവിൽ വീണതുപോലെ, കര കാണാതെ കുഴങ്ങിപ്പോവും. അവരുടെ അരികിൽ ചുറ്റിപ്പറ്റിയാൽ കൂടിയും യോഗനടപടികളെ പക്ഷേ, തന്റെ മുന്നിൽ നിൽക്കുന്നവന്റെ പുറം മേശയാക്കി വെച്ചുങ്കൊണ്ടു് കുറിച്ചെടുക്കുവാനേ സൗകര്യമുണ്ടായിരിക്കൂ. തിങ്ങിനില്ക്കുന്ന ആൾക്കൂട്ടത്തിൽ, ആ വിധത്തിലെങ്കിലും കുറിച്ചെടുപ്പാൻ റിപ്പോർട്ടർ കുറെയേറെ മിടുക്കുള്ളവനായിരിക്കണം.

ഏതു വിധത്തിലായാലും, ഒരു മഹായോഗത്തിന്റെയോ, ദർബാർ (കൂടിക്കാഴ്ച), തീൻവിരുന്നു് (ബാങ്ക്വെറ്റ്) എന്നിവയുടെയോ, വിവരങ്ങൾക്കു റിപ്പോർട്ടു തയ്യാറാക്കുന്നതിൽ, ഒന്നാമതായി വേണ്ടതു് അതിൽ പ്രമാണികളുടെ പേരുകൾ കുറിക്കുകയാണു്; പിന്നെ, യോഗനടപടികൾ എഴുതുകയാകുന്നു. പത്രത്തിൽ, ഇതിന്നായി എത്രപംക്തി അനുവദിച്ചിട്ടുണ്ടോ, അതിലടങ്ങി നിൽക്കത്തക്കവണ്ണം വേണം റിപ്പോർട്ട് എഴുതുവാൻ, യോഗം വളരെ മുഖ്യമായ കാര്യങ്ങളെ സംബന്ധിച്ചായിരുന്നാൽ, പത്രസ്ഥലം കുറെ അധികം വേണ്ടി വന്നേക്കും. ഇത്തരം യോഗറിപ്പോർട്ടുകളിൽ, പ്രസംഗങ്ങൾ കഴിയുന്നതും മുഴുവൻ കൊടുക്കേണ്ടിയിരിക്കും; ഇടയ്ക്കിടെ അപ്രധാനമായ വാക്യങ്ങളോ വാക്കുകളോ വിട്ടുകളയാം. ഒരു വിഷയത്തെപ്പറ്റി മുമ്പനായി നിൽക്കുന്ന പ്രവക്താവിന്റെ പ്രസംഗം മുഴുവൻ എടുത്താൽ പിന്നെ, ശേഷംപേരുടെ പ്രസംഗങ്ങളിൽ വിശേഷസംഗതികൾ ഉള്ളവ മാത്രം കുറിച്ചാൽ മതിയാകും, സാധാരണമായി കാര്യവിവരത്തോടും ഭാഷാനിപുണതയോടും വക്തൃത്വവിദ്യയിൽ സാമർത്ഥ്യത്തോടും കൂടി പ്രസംഗിക്കുന്നവരുടെ പ്രസംഗങ്ങൾ കുറിച്ചെടുപ്പാൻ ശ്രമം തോന്നുകയില്ല. ഇവർ തങ്ങളുടെ പ്രസംഗവിഷയത്തെ സഭ്യജനങ്ങളുടെ ഉള്ളിൽ പതിപ്പിക്കാൻ തക്ക കൗശലം അറിഞ്ഞവരാകയാൽ, അതിലെ ഓരോ യുക്തിപദങ്ങളും ക്രമമായി തെളിഞ്ഞുവരും. ഉഷസ്സിൽ സൂര്യന്റെ വെളിച്ചം തെളിഞ്ഞുവരുമ്പോൾ താമരകൾ ഏതുപ്രകാരം മെല്ലെമെല്ലെ വിടർന്നു വരുമോ, അതിന്മണ്ണംതന്നെ ഈ പ്രവക്താക്കളുടെ ഉള്ളിൽ നിന്നു ഒരു വിഷയത്തെപ്പറ്റി യുക്തികൾ ക്രമേണ ഉയർന്നുവരുന്തോറും ശ്രോതാക്കളുടെ മനസ്സും വിടർന്നുകൊള്ളും. ഈ സ്ഥിതിക്കു് ഇത്തരം പ്രസംഗങ്ങളെ പിൻതുടർന്നെഴുതാൻ ക്ലേശംതോന്നുകയില്ല. എന്നാൽ മറ്റു ചില പ്രസംഗകർത്താക്കന്മാരുണ്ടു്: ഇവർ പ്രസംഗങ്ങളെ മുൻകൂട്ടി എഴുതിപഠിച്ചു്, സഭമുമ്പാകെ ‘കാണാപ്പാഠം’ പറയുന്നവരാണു്. ഇവരെ പിന്തുടരുവാൻ കുറെ വൈഷമ്യമുണ്ടു്. വീട്ടിലിരുന്നു് പലേഗ്രന്ഥങ്ങൾ നോക്കി മുറിശ്ലോകങ്ങളും കണക്കുകളും പഴമൊഴികളും മറ്റും പകർത്തെടുത്തു് പ്രസംഗത്തിനുള്ളിൽ കുത്തിത്തിരുകി “ഛർദ്ദിക്കുക”യായിരിക്കും ഇവർ ചെയ്യുന്നതു്. റിപ്പോർട്ടർ ഇത്തരക്കാരുടെ കാര്യത്തിൽ കുറെ നല്ലവണ്ണം ശ്രദ്ധവെച്ചിരിക്കണം. ഇവർക്കു ഒരു വിഷയത്തെ പ്രതിപാദിപ്പാൻ ഏതു ഭാഗം തുടങ്ങി വേണം എന്നൊന്നും പരിചയമുണ്ടായിരിക്കയില്ല. അതു നിമിത്തം, ഒരു സംഗതി പ്രസ്താവിച്ചാൽ പിന്നെ അതിനെ പിൻതുടർന്നു വരുന്നതു ഏതായിരിക്കുമെന്നു ഏകദേശമെങ്കിലും മുൻകൂട്ടി ഊഹിപ്പാൻ ശ്രോതാക്കൾക്കു മാർഗ്ഗമേയില്ല. റിപ്പോർട്ടർ അതിനാൽ, എല്ലാ സംഗതികളേയും കുറിച്ചെടുക്കാൻ ഏറെ ക്ലേശിക്കും. വല്ല ഭാഗവും വിട്ടുപോകയോ, സംശയഗ്രസ്തമായി തോന്നുകയോ ചെയ്താൽ പ്രസംഗകർത്താവിനോടു യോഗാനന്തരം ചോദിച്ചു ശരിപ്പെടുത്തിക്കൊള്ളണം. ഇതിനിടയ്ക്കു് വല്ല കത്തോ, വേറെ രേഖയോ വായിച്ചിരുന്നാൽ അവയെ കുറിച്ചെടുപ്പാൻ കഴിഞ്ഞില്ലെങ്കിൽ, ചെറുതായൊരു സൂചനകൊടുത്തിരിക്കണം. പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്ന കത്തുകൾ, നിശ്ചയങ്ങൾ, ശ്ലോകങ്ങൾ, മുതലായവ പ്രത്യേകം ഖണ്ഡികയായിച്ചേർക്കണം; പഴമൊഴികൾ, പദ്യങ്ങൾ മുതലായവ വിട്ടുകളഞ്ഞാൽ, ചിലപ്പോൾ പ്രസംഗങ്ങളുടെ താല്പര്യം പൂർത്തിയായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നു വന്നേക്കും. ഇത്തരം പദ്യങ്ങൾ, പഴമൊഴികൾ മുതലായവ റിപ്പോർട്ടർക്കു പരിചയപ്പെട്ടിരിക്കേണമെന്നും, അതിലേക്കായി അവൻ സാഹിത്യഗ്രന്ഥങ്ങൾ പരിശീലിക്കേണമെന്നും മുൻപു് പറഞ്ഞിട്ടുണ്ടു്. അവന്റെ സാഹിത്യപരിചയം ഈവക കാര്യങ്ങളിൽ സഹായമായിത്തീരുന്നതാണു്. ഒരു പ്രസംഗകർത്താവു് ഒരുപദ്യമോ, പഴമൊഴിയോ, മറ്റുസംഗതികളോ ശരിയല്ലാത്തവിധം പറഞ്ഞിരുന്നാൽ, റിപ്പോർട്ടർ അതേ വിധത്തിൽ തെറ്റുതന്നേ എഴുതേണമോ, അതിനെ ശരിപ്പെടുത്തി എഴുതേണമോ, ഏതാണു് ചെയ്യേണ്ടതു്? നിസ്സാരന്മാരായും കൃത്യശ്രദ്ധയില്ലാത്തവരായുമുള്ള പ്രസംഗകർത്താക്കന്മാർക്കു, അവരുടെ തെറ്റുകളെ തിരുത്തിയാലും ഇല്ലെന്നാലും, ഒന്നും ദൂഷ്യമായി വരാനില്ല. പ്രമാണികളായുള്ളവർ പ്രമാദത്താൽ പറയുന്ന തെറ്റുകളെ അതേവിധം പ്രസ്താവിച്ചിരുന്നാൽ, തെറ്റിപ്പോയതു് പ്രമാണികൾക്കല്ല, റിപ്പോർട്ടർക്കാണു്, എന്നേ പത്രവായനക്കാർ ഗണിക്കയുള്ളൂ. ആകയാൽ, തെറ്റുകളെ തിരുത്തി എഴുതുകയാണു് റിപ്പോർട്ടറുടെയും പത്രത്തിന്റെയും യോഗ്യതയെ രക്ഷിപ്പാൻ ചെയ്യേണ്ടതു്. എന്നാൽ, പ്രത്യേകമായ ഉദ്ദേശത്തോടുകൂടി ഒരു പ്രസംഗകർത്താവു് വല്ല പദ്യത്തെയോ പഴമൊഴിയെയോ, ഭേദപ്പെടുത്തി പറയുന്നതായിരുന്നാൽ, അതിനെ മാറ്റി, ശരിപ്പെടുത്തിയെഴുതരുതു്. ശ്ലോകങ്ങളോ പാട്ടുകളോ, മറ്റു പദ്യകൃതികളോ എടുത്തെഴുതുമ്പോൾ, മൂലം ഓർമ്മയില്ലെങ്കിൽ, അവയുടെ അർത്ഥം സ്വന്തവാക്കിൽ എഴുതുക എന്ന പരാവർത്തനം ചെയ്യാൻ തുനിയരുതു്; അവയെ വിട്ടുകളഞ്ഞാലും വൈഷമ്യമുണ്ടാകയില്ല. സ്വന്തവാചകത്തിൽ അർത്ഥമെഴുതിയാൽ അബദ്ധം പിണഞ്ഞു എന്നു വരാം.

പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കിടെ ആഹ്ലാദസൂചകമായോ, നിന്ദാസൂചകമായോ, അനുമോദനാർത്ഥമായോ, ഓരോരോ ശബ്ദങ്ങൾ ശ്രോതാക്കൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ, അവ യഥാസ്ഥാനം കുറിക്കണം. സദസ്സിന്റെ വല്ല മൂലകളിലുമിരുന്നു് വിരോധപക്ഷക്കാർ, നിന്ദാഗർഭമായി ഒന്നോ രണ്ടോ കൈകൊട്ടുക. ചിരിക്കുക, ചില വ്യാക്ഷേപക ശബ്ദങ്ങൾ പുറപ്പെടുവിക്കുക ഇവയ്ക്കും; സദസ്യർ ഒന്നായി ഉത്സാഹാർത്ഥം കൈകൊട്ടിക്കൊണ്ടിരിക്കെ, ഇടയ്ക്കിടെ ‘കേൾപ്പിൻ’ ‘കേൾപ്പിൻ’ എന്നു അനുകൂലാഭിപ്രായസൂചകമായി പറക, ഇവയ്ക്കും തമ്മിലുള്ള വ്യത്യാസങ്ങളെ റിപ്പോർട്ടർ വളരെ സൂക്ഷ്മമായി അറിഞ്ഞിരിക്കണം. ഇത്തരം ശബ്ദങ്ങൾ യഥാസ്ഥാനം കുറിച്ചിരിക്കേണ്ടതിന്റെ ആവശ്യം, ആ പ്രസംഗത്തെ സദസ്യർ എങ്ങനെയാണു് കൈക്കൊണ്ടതെന്നു് അറിയിപ്പാനായിട്ടു് മാത്രമല്ല, പ്രസംഗത്തിന്റെ ചില ഘട്ടങ്ങൾ ഇവയെക്കൂടാതെ അർത്ഥമാക്കാൻ സാധിക്കയില്ല; പ്രസംഗകർത്താവിന്റെ വാക്കുകൾ തന്റെ അഭിപ്രായത്തെയും വഹിച്ചുകൊണ്ടു് ധടധടാ ഒഴുകിവരുമ്പോൾ, സദസ്യരുടെ ഇടയിൽനിന്നുണ്ടാകുന്ന ശബ്ദങ്ങൾകൊണ്ടു്, ആ വാക്പ്രവാഹത്തിന്റെ മേലാലത്തെ ഗതിക്കു് മാറ്റമുണ്ടായേക്കാം. ഈ ഗതിഭേദം എന്തുകൊണ്ടുണ്ടായി എന്നു ഗ്രഹിപ്പാൻ, പത്രവായനക്കാരനു്, മേപ്പടി വ്യാക്ഷേപകശബ്ദങ്ങളുടെ സഹായംകൂടാതെ സാധിക്കയില്ല.

സഭായോഗങ്ങൾ ദിവസന്തോറും ഉണ്ടായിരിക്കയും അവ പല പല കാര്യങ്ങളെ സംബന്ധിച്ചായിരിക്കയും, ചെയ്യുമ്പോഴാണു് പത്രക്കാരൻ ബുദ്ധിമുട്ടുന്നതു്. അപ്പോഴപ്പോഴുള്ള യോഗനടപടികൾ അതതുകാലത്തുതന്നെ പത്രത്തിൽ പ്രസ്താവിക്കേണ്ടിയിരിക്കകൊണ്ടു്, പ്രസംഗങ്ങൾ സംക്ഷേപിച്ചെഴുതാതെ കഴികയില്ല. ഇവിടെയാണു് റിപ്പോർട്ടറുടെ സാമർത്ഥ്യം അറിയേണ്ടതു്. ഒരു യോഗത്തിലെ പ്രസംഗങ്ങൾ തന്നേയും ആറേഴു പംക്തി നിറയാനുണ്ടായിരുന്നാൽ, പിന്നെ മറ്റുള്ളവയ്ക്കൊക്കെ സ്ഥലമെവിടെ കിട്ടുവാൻപോകുന്നു? ഒരു രണ്ടു മണിക്കൂറു നേരത്തെ യോഗത്തിനു് ‘ഒന്നോ രണ്ടോ പംക്തിയിലധികം റിപ്പോർട്ട് നീളുവാൻ പാടില്ല. ഇതിലേക്കു്, പ്രസംഗങ്ങളെ, സംക്ഷേപിക്കേണ്ടതെങ്ങനെയാണു്? ഒരു പ്രസംഗം ഒരു പംക്തിക്കകത്തടങ്ങുമെങ്കിൽ, മുക്കാലോ, അരേഅരയ്ക്കാലോ പംക്തിവരുവാൻ തക്കവണ്ണം ചുരുക്കുന്നതിനു് ഇടയ്ക്കിടയ്ക്കുനിന്നു് ചില വാക്കുകൾ തട്ടിക്കളയാം, ചില ഭാഗങ്ങൾ പുനരുക്തമായോ, പരിവാഹമായോ, വൃഥാ സ്ഥൂലമായോ ഇരിക്കുമ്പോൾ അതുകൾ തള്ളിക്കളയുന്നതുകൊണ്ടു് ദൂഷ്യം ഉണ്ടാകയില്ല. എന്നാൽ, അതേ പ്രസംഗം ഒരു അർദ്ധപംക്തിയിലോ, അതിലും ചുരുങ്ങിയ സ്ഥലത്തിലോ അടക്കണമെന്നായാൽ, പ്രസംഗത്തിലെ സാരഭാഗങ്ങൾ തേടിപ്പിടിക്കയാണു് അവശ്യം ചെയ്യേണ്ടതു്. ഒരു യോഗത്തിൽ അദ്ധ്യക്ഷനേയും പ്രധാന പ്രസംഗകർത്താവിനേയും കൂടാതെ, മൂന്നുനാലു പേർ ഉപപ്രസംഗങ്ങൾ ചെയ്യുന്നുണ്ടായിരുന്നാൽ, ഇവരുടെയൊക്കെ പ്രസംഗങ്ങൾ ഏതു പ്രകാരത്തിലാണു് സംക്ഷേപിക്കേണ്ടതു്? സഭായോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ തീരെ ചുരുക്കിയും, പ്രസംഗവിവരങ്ങൾ ചിലരുടെതു മാത്രം വിസ്തരിച്ചും, മറ്റുള്ളവ ഒന്നോ രണ്ടോ വരിയിൽ അടക്കിയും എഴുതുന്നതു് യുക്തമായ സമ്പ്രദായമല്ല. “…സഭ…യുടെ അഗ്രാസനാധിപത്യത്തിൽ കൂടുകയും, ആ യോഗത്തിൽ… ‘സംഘവും സംഘോദ്ദേശ്യവും’ എന്ന വിഷയത്തെ സംബന്ധിച്ചു സരസവും സാരഗർഭവുമായ ഒരു ഉപന്യാസം എഴുതിവായിക്കയും, അതിനെ പിന്തുടർന്നു പല മഹാന്മാരും അഭിപ്രായങ്ങൾ പുറപ്പെടുവിക്കയും, ചെയ്തു. അനന്തരം ഹെഡ്മാസ്റ്റർ അല്പനേരം ചെയ്ത വാചാപ്രസംഗം ഈ സംഘത്തിന്റെ ഭാവി ശ്രേയസ്സിനു് ഏറ്റവും ഉതകുന്നതാണെന്നു നിർമ്മത്സരബുദ്ധികളായ ഏവരും ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നതാണു്. പിന്നീടു് യോഗത്തിന്റെ മേൽനടത്തിപ്പിലേക്കുവേണ്ടി തൽക്കാലം ഒരു സ്ഥിരപ്രസിഡണ്ടിനെയും സിക്രട്ടറിയെയും നിയമിച്ചും, ശേഷം ഉദ്യോഗസ്ഥന്മാരെ അടുത്ത യോഗത്തിൽ നിയമിക്കുന്നതാണെന്നു വ്യവസ്ഥചെയ്തും പ്രസിഡണ്ടിന്റെ വിലയേറിയ ഉപസംഹാരപ്രസംഗം കഴിഞ്ഞും മഹാരാജാവു തിരുമനസ്സിലേക്കു ആയുരാരോഗ്യസമ്പൽസമൃദ്ധിയെ കാംക്ഷിച്ചും ആറുമണിയോടുകൂടി യോഗം പിരിഞ്ഞു…” ഇങ്ങനെ റിപ്പോർട്ട് എഴുതുന്നതുകൊണ്ടു് പ്രസംഗങ്ങളെപ്പറ്റി യാതൊരു വിവരവും വായനക്കാർക്കുണ്ടാകയില്ല. “സരസം”, “സാരഗർഭം”, “ശ്രദ്ധാർഹം”, “വിലയേറിയതു്”, “ഗണനീയം”, എന്നിപ്രകാരം ഓരോ വിശേഷണം ചെയ്തുകൊണ്ടുമാത്രം, പ്രസംഗത്തിന്റെ സാരവും, വിലയും, രസവും, ഗണനീയതയും, ശ്രദ്ധാർഹത്വവും, മറ്റും, മറ്റും, വായനക്കാരുടെ ഉള്ളിൽ പതികയില്ല. ഇത്തരം റിപ്പോർട്ടുകൾക്കു പത്രപംക്തി ഉപയോഗിക്കുന്നതു് പാഴ്ചെലവാണു്. റിപ്പോർട്ടർ നടന്ന സംഗതികളെ ആഖ്യാനം ചെയ്യുകയാണു വേണ്ടതു്; അഭിപ്രായം പറകയല്ല. യോഗം, പ്രസംഗങ്ങൾ, മുതലായ പലേ ചടങ്ങുകളേയും പരസ്പരം ചേർച്ചയായിരിക്കുംവണ്ണം വർണ്ണിക്കുന്നതിനു് കുറെ ബുദ്ധി കൗശലം ഉപയോഗിക്കേണ്ടിവരും. ഒരു ഒന്നര പംക്തിയിൽ അടങ്ങേണ്ട റിപ്പോർട്ടിൽ, യോഗപ്രാരംഭം, അദ്ധ്യക്ഷന്റെ ഉപക്രമപ്രസംഗം, കത്തുകൾ വായിച്ചിരുന്നാൽ ആ വിവരം ഇവയൊക്കെ കാൽപംക്തിയിൽ നിറുത്തണം; പ്രധാന പ്രസംഗകർത്താവിന്റെ പ്രസംഗത്തിനായി മുക്കാൽ പംക്തിയും; ശേഷമുള്ളവരുടെ പ്രസംഗങ്ങൾക്കും ഉപസംഹാരത്തിനുമായി അര പംക്തിയും വിനിയോഗിക്കണം. ഈ ക്രമത്തിലായാൽ, റിപ്പോർട്ട് ചേർച്ചയായിരിക്കും. പ്രസംഗങ്ങൾ സംക്ഷേപിക്കുമ്പോൾ ഓർമ്മവെയ്ക്കേണ്ട രണ്ടുകാര്യങ്ങൾ (1) പ്രസംഗകർത്താവിന്റെ ആശയങ്ങൾ ഗ്രഹിക്കുകയും, (2) കഴിയുന്നെടത്തോളം ചുരുക്കമായിട്ടുമാത്രം കടലാസും പെൻസിലും ഉപയോഗപ്പെടുത്തുകയും ആകുന്നു. പ്രസംഗം ചുരുക്കെഴുത്തിൽ കുറിച്ചെടുത്തതുകൊണ്ടായില്ലാ; അതിന്റെ സാരം ഗ്രഹിച്ചിട്ടില്ലാഞ്ഞാൽ സംക്ഷേപിച്ചെഴുതാൻ സാധ്യമല്ല. അതിന്മണ്ണം തന്നെ, ഒട്ടേറെ സൂചനകൾ എഴുതിവെച്ചുകൊണ്ടു് അവയെ വായിച്ചു ക്ലേശപ്പെടുത്തുന്നതിനെക്കാൾ, ആവശ്യമായ സാരഭാഗം മാത്രം കുറിച്ചിരുന്നാൽ, ശ്രമം കുറയും. പത്തുവരിയിൽ സംക്ഷേപിക്കുന്നതിനു് മുപ്പതുവരി സൂചനകൾ എഴുതിയെടുക്കരുതു്. ഒരു പ്രസംഗം നടന്നുകൊണ്ടിരിക്കവേതന്നെ, അതിലെ സാരഭാഗങ്ങൾ കുറിച്ചുകൊള്ളുക റിപ്പോർട്ടു എഴുതിക്കൊള്ളുക—ഈ രണ്ടു പ്രവൃത്തിയും ഒന്നായി ചെയ്യാൻ ശീലമുള്ളവരുണ്ടു്. ഇതു് നല്ലവണ്ണം പഴമപരിചയത്താൽ വശപ്പെടേണ്ടതാണു്. മനസ്സിനെ ഒരു കാര്യത്തിൽത്തന്നെ പിടിച്ചുനിർത്തി ശീലിപ്പിച്ചാലേ ഇപ്രകാരം സാധ്യമാവൂ. പിന്നെ, റിപ്പോർട്ടർ ഓർമ്മവയ്ക്കേണ്ട മറ്റൊരു കാര്യം, ഒരു പ്രസംഗം ചുരുക്കെഴുത്തിൽ എഴുതിയെടുക്കുമ്പോൾ തന്നെ മുഖ്യമായ ഘട്ടങ്ങൾ പ്രത്യേകം വരയിട്ടു് അടായാളപ്പെടുത്തിക്കൊള്ളൂകയാകുന്നു. റിപ്പോർട്ടെഴുതുന്ന സമയം പ്രസംഗം മുഴുവൻ വീണ്ടും വായിച്ചുനോക്കുന്നതിനു പകരം, സംക്ഷേപിപ്പാൻ കഴിയുന്നതാണു്. എല്ലാ പ്രസംഗങ്ങളും ഒരേ വിധത്തിൽ സംക്ഷേപിക്കേണ്ട ആവശ്യമുണ്ടായിരിക്കയില്ല. ചില പ്രസംഗങ്ങളെപ്പറ്റി രണ്ടുമൂന്നു ‘സ്റ്റിക്ക്’ അടങ്ങുന്ന റിപ്പോർട്ടേ ആവശ്യപ്പെടൂ. ഈ സംഗതിയിൽ യാതൊന്നും കുറിച്ചുവെപ്പാൻ ഉദ്യമിക്കരുതു്; ശ്രദ്ധവെച്ചു കേട്ടു് ഓർമ്മയിൽ നിന്നു എഴുതണം. ഇപ്രകാരം ശീലിച്ചാൽ, സാരഭാഗങ്ങൾ അവധാരണം ചെയ്യുന്നതിൽ സാമർത്ഥ്യം വർദ്ധിക്കുന്നതിനും ഓർമ്മശക്തി ബലപ്പെടുത്തുന്നതിനും കഴിയുന്നതാണു്.

പ്രസംഗങ്ങൾ എല്ലാം പ്രവക്താവിന്റെ വാക്കായിട്ടുതന്നെ പ്രതിഫലിപ്പിക്കേണ്ടതായിരിക്കയില്ല. പലതും റിപ്പോർട്ടറുടെ സ്വന്തം വാക്കിൽ കഥിച്ചാൽ മതിയാകും. ഇതിന്നു്, റിപ്പോർട്ടർ, വാക്യരചനയിൽ ‘സാക്ഷാൽസംഭാഷണം’ ‘അന്വാഖ്യാതസംഭാഷണം’ എന്നീ സമ്പ്രദായങ്ങളെ പരിചയിച്ചിരിക്കണം. അതിലേക്കു, വ്യാകരണവിധികളിൽ കാലം, പുരുഷൻ എന്നിതുകളെ സംബന്ധിച്ചു് പ്രത്യേകം ശ്രദ്ധയും വെച്ചിരിക്കണം. “മാന്യസദസ്യരേ ഞാൻ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നതു് ഈ സഭയുടെ കാര്യദർശിയെ യാതൊരു വിധത്തിലും ഒഴികഴിവു പറഞ്ഞയപ്പാൻ നിർവ്വാഹമില്ലാഞ്ഞിട്ടാകുന്നു” എന്നു് ഒരു പ്രസംഗകർത്താവു് പറഞ്ഞിരുന്നാൽ, അതു് റിപ്പോർട്ടറുടെ വാക്കിൽ അന്വാഖ്യാതസംഭാഷണമായി പറയുമ്പോൾ, “ആ മാന്യസദസ്യരെ സംബോധനം ചെയ്തുങ്കൊണ്ടു പ്രസംഗകർത്താവു പറഞ്ഞതെന്തെന്നാൽ, അദ്ദേഹം അപ്പോൾ അവിടെ ചെന്നിരുന്നതു ആ സഭയുടെ കാര്യദർശിയെ യാതൊരു വിധത്തിലും ഒഴികഴിവു പറഞ്ഞയപ്പാൻ നിർവ്വാഹമില്ലാഞ്ഞിട്ടായിരുന്നു എന്നായിരുന്നു” എന്ന രീതിയിൽ എഴുതണം. അപ്രകാരമല്ലാതെ, ഇടയ്ക്കു പ്രഥമപുരുഷനും, ഇടയ്ക്കു ഉത്തമപുരുഷനുമായി ഐകരൂപ്യമില്ലാതെയും, വർത്തമാനകാലവും ഭൂതകാലവും തമ്മിൽ വ്യത്യാസപ്പെടുത്താതെയും കഥനം ചെയ്യരുതു്. സാക്ഷാൽ സംഭാഷണം വേണമെന്നു മേലാവിന്റെ പ്രത്യേകാജ്ഞ ഇല്ലാത്തപക്ഷത്തിൽ, വിഷയഗൗരവം പോലെ, വളരെ പ്രമാണപ്പെട്ടവരുടെ പ്രസംഗങ്ങൾ ഒഴിച്ചു് മറ്റൊക്കെ അന്വാഖ്യാതസംഭാഷണമായി പറകയാണു് നടപ്പു്. ഏതു പ്രകാരത്തിലായാലും, റിപ്പോർട്ടർ പക്ഷപാതമായി പ്രവർത്തിക്കരുതു്. തന്റെ പക്ഷക്കാർക്കു് എതിരായവരുടെ പ്രസംഗത്തിന്നു് നിഷ്കാരണം അപവാദം വരുത്താൻ, അവാസ്തവവർണ്ണനം ചെയ്യുകയോ, ഒരുവന്റെ പ്രസംഗം തന്റെ പക്ഷക്കാരനായ മറ്റൊരുവൻ നിശ്ശേഷം ഖണ്ഡിച്ചു എന്നോ സദസ്യർ നിന്ദിച്ചു എന്നോ മറ്റോ ആക്ഷേപം പറകയോ ചെയ്യുന്നതു്, റിപ്പോർട്ടറുടെ കർത്തവ്യകർമ്മധർമ്മത്തിന്നു യോജിച്ചതല്ല. ഒരുവന്റെ പ്രസംഗത്തിൽ അടങ്ങിയ വാദങ്ങൾ അസംബന്ധമോ യുക്തിരഹിതമോ ആയിരുന്നാൽ, അതു് വായനക്കാർ ഗ്രഹിച്ചുകൊള്ളും. ആ വാദങ്ങളെ ഖണ്ഡിക്കുന്ന യുക്തികൾ മറ്റൊരുവൻ പ്രസംഗിച്ചിരുന്നാൽ, ഇവന്റെ പ്രസംഗം മുമ്പത്തെതിന്റെ ഖണ്ഡനമായിരുന്നു എന്നും വായനക്കാർ മനസ്സിലാക്കിക്കൊള്ളും. ഇതിന്മണ്ണം തന്നെ, ഒരുവന്റെ പ്രസംഗം സ്തുത്യർഹമോ, സാരഗർഭമോ, യുക്തിയുക്തമോ ആയിരുന്നാൽ, അതും വായനക്കാർ നിർണ്ണയിച്ചുകൊള്ളും; റിപ്പോർട്ടർ അങ്ങനെ ഒരു അഭിപ്രായം സകാരണമായോ നിരാധാരമായോ സ്വരൂപിച്ചു് വായനക്കാരന്റെ തലയ്ക്കുള്ളിലേക്കു് തള്ളിക്കയറ്റേണ്ട ആവശ്യമില്ല.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.