images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
വർണ്ണനം

വിനോദകളികൾ, കോടതിയിലെ വ്യവഹാരങ്ങൾ, സഭായോഗങ്ങൾ എന്നിങ്ങനെ പലേ സംഗതികളെയും പറ്റി വർത്തമാനങ്ങൾ ശേഖരിച്ചു പത്രത്തിലേക്കു അന്വാഖ്യാനം ചെയ്വാൻ സാമാന്യം ആർക്കും പരിശീലനത്താൽ കഴിയുന്നതാണു്. ഇവയെക്കാട്ടിൽ ഒക്കെ ശ്രമമേറിയ ഒരു പ്രവൃത്തി റിപ്പോർട്ടർമാരുടെ ചുമതലയിൽ ഉണ്ടു്. ഇതു്, ഓരോരോ സംഭവങ്ങളെക്കുറിച്ചു് വർണ്ണനകൾ എഴുതുന്ന പ്രവൃത്തിയാണു്. ഒരു അഗ്നിബാധയോ, വലിയ ഉത്സവാഘോഷമോ, തീവണ്ടിവ്യാപത്തോ, മറ്റു വിശേഷ സംഭവമോ ഉണ്ടായാൽ അതിനെപ്പറ്റി, വായനക്കാരുടെ ഉള്ളിൽ പതിയത്തക്കതായ ഒരു ചിത്രം എഴുതിക്കാണിപ്പാൻ സാധാരണന്മാർക്കു സാധിക്കയില്ല. അതിലേക്കു്, പ്രത്യേകം ചില മനോധർമ്മങ്ങൾ ലേഖകനു് ഉണ്ടായിരിക്കണം. ആ സംഭവത്തിൽ വിചിത്രമായതു് കണ്ടറിക, താൻ കണ്ട കാഴ്ചകളെ ആസ്പദമാക്കിക്കൊണ്ടു് പലേ സംഗതികൾ വിഭാവനം ചെയ്ക, അന്യരുടെ ഹൃദയം ഇളക്കത്തക്കവിധത്തിൽ അവരുടെ ഉള്ളിൽ കടന്നു് അവരുടെ ഹൃദയവേദനങ്ങളുടെ ഗതി അറിക—ഇപ്രകാരമൊക്കെ ചില മനോഗുണങ്ങൾ റിപ്പോർട്ടർക്കു അവശ്യം ഉണ്ടായിരിക്കണം. ഇവ കവികൾക്കെന്നപോലെ, ലേഖകന്നും, അനുഗ്രഹമായി കിട്ടിയിരിക്കണം, എന്നുകൂടി പറയാം. ഒരു കല്യാണപ്പന്തൽ വർണ്ണിക്കയായിരുന്നാൽ, സദിർപ്പന്തൽ തെക്കേഭാഗത്തു്, ആട്ടപ്പന്തൽ വടക്കേഭാഗത്തു്, മുല്ലപ്പന്തൽ കിഴക്കേഭാഗത്തു്, സദ്യപ്പന്തൽ പടിഞ്ഞാറു്, എന്നിങ്ങനെ ആറും നാലും പത്തു് എന്നു പറയുന്ന കൂട്ടത്തിൽ പ്രസ്താവിച്ചാൽ അത്തരം വർണ്ണന ആരുടെയും ഹൃദയത്തെ ആഹ്ലാദിപ്പിക്കയില്ല. ഒരു ചിത്രമെഴുത്തുകാരനു തന്റെ കൈയിലുള്ള വർണ്ണങ്ങളെ ചേർത്തു് മേല്പടി കല്യാണപ്പന്തലിനെ, മനോഹരമായ വിധത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നപോലെ, ലേഖകന്നും തന്റെ കൈവശമുള്ള വാക്കുകളാൽ കല്യാണപ്പന്തലിനെ പ്രതിഫലിപ്പിച്ചുകാണിക്കണമെങ്കിൽ, വൈചിത്ര്യത്തെ ഗ്രഹിപ്പാനുള്ള ശക്തി അവന്റെ ദൃഷ്ടികൾക്കും, തത്തുല്യമായി കടലാസിൽ പകർത്താനുള്ള ശക്തി അവന്റെ വാക്കുകൾക്കും സ്വഭാവസിദ്ധമായിരിക്കണം.

ഒരു ലേഖകൻ ഏതൊരു സംഗതിയും വർണ്ണിപ്പാൻ, അതു താൻതന്നെ കണ്ടിരിക്കയോ, അതുമായി അത്രത്തോളം അടുത്ത പരിചയമുണ്ടായിരിക്കയോ ആവശ്യമാണു്. വല്ല കോണിലുംനിന്നു് ഒന്നു് ഒളിഞ്ഞുനോക്കിയിരുന്നാൽ പോരാ; മുഴുവൻ വഴിപോലെ കണ്ടു പരിചയപ്പെടാനും, അന്യന്മാർ കണ്ടറിഞ്ഞിട്ടില്ലാത്ത പലേ വിശേഷങ്ങൾ അതിൽ നോക്കി മനസ്സിലാക്കാനും സൗകര്യമുണ്ടാക്കുന്ന ഒരു മദ്ധ്യസ്ഥാനത്തുനിന്നു വേണം നോക്കുവാൻ. ഇതിലേക്കു, പലേ പൊതുവക സംഗതികളിലും, പത്രപ്രതിനിധികൾക്കായി പ്രത്യേകസ്ഥാനം ഒഴിഞ്ഞിട്ടിരിക്കാറുണ്ടു്. അപ്പോൾ അവർ കാലേകൂട്ടി എത്തിയിരിക്കയും, ആവശ്യം പോലെ പത്ര പ്രതിനിധിയാണെന്നതിന്നു സാക്ഷ്യപത്രങ്ങൾ കൈക്കൽവെച്ചുകൊള്ളുകയും വേണ്ടതാകുന്നു. എന്നാൽ ഇത്തരം സൗകര്യങ്ങൾ ദർബാറിന്നോ, വലിയ തീൻവിരുന്നുകൾക്കോ, മറ്റോ ഉണ്ടായിരിക്കാവുന്നതല്ലാതെ, സാധാരണയായി, വർണ്ണലേഖനങ്ങൾ എഴുതേണ്ടിവരുന്നതു്, അഗ്നിബാധ, തീവണ്ടി അപകടം, മുതലായ വിശേഷവ്യാപത്തുകളുണ്ടാകുമ്പോഴാകയാൽ, ഈ സംഗതികളിൽ, പത്രക്കാരനു് പ്രത്യേക സൗകര്യമൊന്നും സിദ്ധിക്കാൻ മാർഗ്ഗമില്ല. മലവെള്ളക്കുത്തുപോലെ ആളുകൾ തെരക്കിക്കൂടിക്കൊണ്ടിരിക്കുമ്പൊഴും, “ആപത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഓരോരുത്തർ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുമ്പോഴും, സ്വത്തിന്നും ജീവന്നും രക്ഷയെ കരുതി പോലിസ് അധികൃതന്മാർ ചുറ്റിക്കൂടുമ്പോഴും, പത്രക്കാരനു് ഒരേടത്തു് കാലുറപ്പിച്ചു നില്ക്കുവാൻ സാധിക്കയില്ലതന്നെ. അവൻ പൊലീസധികൃതന്മാരുമായി പരിചിതനായിരുന്നില്ലെങ്കിൽ, പലപ്പോഴും തിക്കിൽപെട്ടു് പിന്നാക്കം തള്ളപ്പെട്ടു എന്നു വന്നേക്കും. അതിനാൽ, അവൻ താനാരാണെന്നു് അവരെ അറിയിപ്പാൻ തക്കതായ ലക്ഷ്യങ്ങളൊക്കെ കരുതിവെച്ചിരിക്കണം. ഇവ കാണിച്ചാൽ, നിർബാധം കടന്നുപോവാൻ സാധിക്കും. എന്നാൽ, വൈകിയെത്തുന്ന പത്രക്കാരന്നു നേരിടുന്ന പ്രതിബന്ധം മുഖ്യമായും ആൾക്കൂട്ടമാണു്. തിക്കും തിരക്കും കടന്നു് ഉള്ളിൽ പറ്റിക്കൂടുവാൻ ഒരു ഭാഗത്തു സാധ്യമായില്ലെങ്കിൽ, മറ്റൊരു ഭാഗത്തുപോയി പ്രവേശദ്വാരമുണ്ടാക്കാൻ ശ്രമിക്കണം. ഈ സന്ദർഭങ്ങളിലാണു് അവന്നു പൊലീസുകാരുടെ സഹായം അത്യന്തം ആവശ്യപ്പെടുന്നതു്. “കാറ്റുള്ളപ്പോൾ തൂറ്റിക്കൊൾക” എന്ന തത്വം അവൻ നല്ലവണ്ണം ഓർമ്മിച്ചുകൊള്ളണം. തരംപോലെ ഉള്ളിൽ കടന്നുകൂടി തനിക്കെത്തേണ്ടടത്തു് എത്തുവാൻ ചില അധികൃതന്മാരുടെ പിന്നാലെ പറ്റിപ്പോകേണ്ടതായുമിരിക്കും. ഇങ്ങനെയെല്ലാം കരുതിപ്രവർത്തിച്ചാലേ, തനിക്കു വേണ്ടതായ വിവരങ്ങളൊക്കെ ലഭിക്കൂ. എന്നാൽ, ഒരു സംഭവത്തെപ്പറ്റി വിവരമറിവാൻ പറ്റിക്കൂടിയാൽ മാത്രംപോരാ: അവിടെ നടക്കുന്ന സംഗതികളൊക്കെ, പ്രത്യേകം അനുകമ്പയോടുകൂടിയ താല്പര്യം വെച്ചു വേണം, നോക്കി അറിവാൻ. ഒരു ഉത്സവഘോഷയാത്ര കാണുമ്പോൾ അന്യരോടൊപ്പം ആഹ്ലാദിപ്പാനോ; ഒരു അഗ്നിബാധയിൽ, സഹതപിപ്പാനോ; ഒരു തീവണ്ടി അപകടത്തിൽ, ആപന്നന്മാരെപ്പറ്റി വ്യാകുലപ്പെടുവാനോ കഴിയാതെയിരിക്കുന്ന ഹൃദയത്തിന്നു് ഇത്തരം വർണ്ണനകൾ എഴുതി ഫലിപ്പിക്കാൻ കഴിയുന്നതല്ല.

വലിയ ആപത്തുകൾ, ലഹളകൾ മുതലായ ഗൗരവപ്പെട്ട സംഭവങ്ങളുടെ വാർത്ത പത്രക്കാരന്റെ ചെവിക്കു്, പോർക്കളത്തിലേക്കു പുറപ്പെടേണ്ടതിന്നായി ഭടന്റെ ചെവികൾക്കുള്ളിൽ തറയ്ക്കുന്ന കാഹളധ്വനിയായിത്തീരുന്നു. അവൻ തന്റെ വീട്ടിൽ കളത്രപുത്രാദികളൊരുമിച്ചു് രാവിലെ ആഹാരം കഴിച്ചുകൊണ്ടു് ഉല്ലസിച്ചിരിക്കവേയാണു് ഒരു മഹാലഹളയുടെ ആരംഭത്തെപ്പറ്റി കർണ്ണാകർണ്ണികയാ അറിയുന്നതു് എന്നു വിചാരിക്കുക. കർത്തവ്യകർമ്മത്തിൽ നിഷ്ഠയുള്ള പത്രക്കാരൻ ഉടൻ ഭക്ഷണം മതിയാക്കി എണീറ്റു്, തന്റെ ഉപകരണങ്ങളുമെടുത്തു്, ഒരുങ്ങിയിറങ്ങി ലഹളസ്ഥലത്തേക്കു പാഞ്ഞെത്തുന്നു. അവിടെ എത്തുമ്പോഴേക്കും പോലീസുകാർ, പട്ടാളക്കാർ എന്നിവർ നാലുപാടും വളഞ്ഞു് പുറമെനിന്നു് ആരെയും അകത്തേക്കു വിടുന്നില്ല. ചുറ്റും ആൾക്കൂട്ടം വർദ്ധിക്കുന്നു. പത്രക്കാരൻ അകത്തു കടക്കാൻ സൗകര്യം കിട്ടാഞ്ഞു് അങ്ങുമിങ്ങും പോയി മുട്ടുന്നു. ലഹളസ്ഥലത്തുനിന്നു, ഒരു കെട്ടിടത്തിലെ മേല്പുരകത്തി പുകപൊങ്ങുന്നതു് അവൻ കാണുന്നു. അവൻ എത്ര മനഃക്ലേശത്തോടുകൂടിയാണു് ഇതു് നോക്കിനിൽക്കുന്നതെന്നു മറ്റുള്ളവർ അറിയുന്നില്ല. പത്രക്കാരനെന്നു അറിയുന്ന ആളുകളും സർക്കാരധികൃതന്മാരും, അവനെ ഒരുവിധത്തിൽ കാണുകയും, അവന്നു അതു നിമിത്തം അകത്തുപോവാൻ സാധിക്കയും ചെയ്യുന്നു അവൻ അവിടെ കാണുന്നതെന്തു്? ഒരു പോലീസ് സ്റ്റേഷനെ തീവെച്ചു നശിപ്പിക്കാൻ ആരോ യത്നിച്ചതിനെ അധികൃതന്മാർ ഒരു വിധത്തിൽ തടുക്കുകയാകുന്നു. സർക്കാരധികൃതന്മാർ പുരപൊളിക്കുന്നു; ഉള്ളിൽ കടന്നു് തടവുമുറിയിലെ പുള്ളികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു; ചിലർ തീ കെടുത്തുന്നു. അവരുടെ മേൽ കൽക്കഷണങ്ങൾ വർഷിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു സ്ഥലത്തു ആൾക്കൂട്ടം വർദ്ധിച്ചു് കൊട്ടാരത്തെ അതിക്രമിപ്പാൻ ഒരുങ്ങുന്നതായി പത്രക്കാരൻ കേൾക്കുന്നു. അവൻ ശീഘ്രം അവിടേക്കു ഓടുന്നു. അവിടെ ഒട്ടേറെ ആളുകൾ കൂടീട്ടുണ്ടു്. ചിലർ കൊട്ടാരത്തിന്റെ നേർക്കു കല്ലെറിയുന്നു. ചിലർ നിലവിളി കൂട്ടുന്നു. പത്രക്കാരൻ സർക്കാരധികൃതന്മാരുടെ പിറകെകൂടി എത്തി ഇതൊക്കെ കാണുന്നു. ഈ സമയമൊക്കെയും, അവന്റെ ഒരു കൈയിലെ പെൻസിലും മറ്റെ കൈയിലെ ഓർമ്മക്കുറിപ്പു പുസ്തകവുമായി പലകുറി തമ്മിൽ ചേരുന്നുണ്ടു്. അവൻ യഥാശക്തി വിവരങ്ങൾ കുറിക്കയാണു് ചെയ്യുന്നതു്. അതാ മജിസ്ട്രേട്ട് കുറ്റക്കാരെ പിടിപ്പാൻ പോലീസിന്നു് അധികാരം കൊടുക്കുന്നു. അവർ അങ്ങിങ്ങോടുന്നു. ചിലരെ ബന്ധിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നതായി പത്രക്കാരൻ കേൾക്കുന്നു. അവൻ ഒരു നിമിഷനേരംകൊണ്ടു് സ്റ്റേഷനിൽ എത്തുന്നു. അതാ ഒരുവനെ ചില കാൺസ്റ്റബിൾമാർ ചെന്നു കൈവിലങ്ങുവെച്ചു ഉന്തിയും തള്ളിയും കൊണ്ടു വരുന്നു; മറ്റൊരുവനെ വേറെ ഒരു കൂട്ടർ ബന്ധിച്ചുകൊണ്ടുവരുന്ന ബഹളം മറ്റൊരു ഭാഗത്തു്. പിടിക്കപ്പെട്ടവരെ കാൺസ്റ്റബിൾമാർ അടിക്കുന്നു, ഇടിക്കുന്നു, ചവിട്ടുന്നു. ഗദകൊണ്ടു പ്രഹരിക്കുന്നു. ഇത്യാദി പലതും കഴിയുന്നു. പോലീസുകാരും പട്ടാളക്കാരും രാജപാതകളിൽനിന്നു ആളുകളെയൊക്കെ അകറ്റിക്കളയുന്നു. ലഹളയുടെ ബഹളവും ശമിക്കുന്നു. പത്രക്കാരന്റെ നില അവിടെ ഉറയ്ക്കുന്നില്ല. അവൻ വായുവേഗത്തിൽ പാഞ്ഞു് കമ്പിയാപ്പീസിൽ എത്തുന്നു. “ഇന്നു രാവിലെ …മണി സമയം …സ്ഥലത്തു ഒരു മഹാലഹള നടന്നിരിക്കുന്നു. അവിടത്തെ പോലീസ് സ്റ്റേഷനു തീവെച്ചു. ചിലഭാഗം വെന്തു. ലഹളക്കാർ കൊട്ടാരത്തെ ആക്രമിപ്പാൻ ഉദ്യമിച്ചു; കടന്നില്ല. കല്ലേറുണ്ടായി. പോലീസുകാർ ചിലരെ കുറ്റക്കാരായി സംശയിച്ചു പിടിച്ചു. അന്വേഷണം നടക്കുന്നു” എന്നു് ചുരുക്കത്തിൽ ഒരു കമ്പിവാർത്ത തന്റെ പത്രത്തിലേക്കയയ്ക്കുന്നു. പിന്നെ, ലഹളയുടെ പലേ വിവരങ്ങളേയും വഴിക്കുവഴിയായി വർണ്ണിച്ചു ദീർഘലേഖനം എഴുതുന്നു. അവൻ എഴുതിപ്പോകുന്തോറും, “പാലാഴി തന്നിൽ തിരമാലകളെന്നപോലെ” അവന്റെ ഉള്ളിൽനിന്നു് തൂവൽത്തുമ്പു വഴിയായി സരസവും ഉചിതവുമായ പദാവലികൾ കടലാസ്സിൽ തള്ളിത്തള്ളിപ്പരക്കുന്നു. ഇടയ്ക്കിട, കൂടുതലായി വിവരങ്ങൾ അറിയുന്തോറും പുതിയ കമ്പിവാർത്തകൾ അയയ്ക്കുന്നു. പിന്നീടു ലേഖനം തുടരുന്നു. തീരുന്നതുതീരുന്നതു ലക്കോട്ടിലാക്കി തപാലിലെക്കയയ്ക്കുന്നു. ഇപ്രകാരം, ലഹളവാർത്തകൾ മുഴുവൻ കഴിയുംവരെയും പത്രക്കാരൻ എഴുതിയെഴുതിത്തള്ളുന്നു. അവന്റെ ശക്തിയും എഴുതേണ്ട വിഷയവും അവസാനിക്കുന്നു. ഇങ്ങനെയാണു് ഒരു സാക്ഷാൽ പത്രക്കാരൻ ചെയ്യുന്നതു്. അവന്നു രാവിലെ ആഹാരം മുഴുവൻ കഴിക്കേണമെന്നും, പിന്നെ സ്വജനങ്ങളുമായി കൂടിയിരുന്നു സല്ലപിച്ചു വിശ്രമിക്കേണമെന്നും, അതും കഴിഞ്ഞിട്ടു ലഹളവാർത്ത അന്വേഷിച്ചുപോകാമെന്നും വിചാരമാണുള്ളതെങ്കിൽ അവനെക്കൊണ്ടു് പത്രക്കാരനായിരിപ്പാൻ ആവുകയില്ല.

അവന്നു് എപ്പൊഴും ഇത്തരം ഭയങ്കര സംഭവങ്ങളെ ഉണ്ടാകുമാറുള്ളു എന്നു വിചാരിക്കരുതു്. ചിലപ്പൊഴൊക്കെ ഉത്സവകാര്യങ്ങൾക്കും കൂടാം. ഏതൊന്നായാലും, അവന്നു നല്ല പ്രേക്ഷാശക്തിയും, താൻ കണ്ടറിഞ്ഞതു് പറഞ്ഞു ഫലിപ്പിക്കാൻ തക്ക വാഗ്വൈഭവവും ഉണ്ടായിരുന്നില്ലെങ്കിൽ, അവന്റെ ശ്രമം നിഷ്പ്രയോജനമായിത്തീരും, നിശ്ചയം. അവൻ നടന്ന വസ്തുസ്ഥിതികളെ രസകരമായവിധം വർണ്ണിച്ചിട്ടില്ലെങ്കിൽ അതു്, വായനക്കാരുടെ ഉള്ളിൽ തട്ടുകയില്ല. അതു അവർക്കു കേവലം ശൂഷ്ക്കതൃണമ്പോലെ തോന്നും. അവന്റെ മനസ്സിൽ പതിഞ്ഞതായ ആശയങ്ങളൊക്കെ നല്ലവണ്ണം പ്രതിഫലിപ്പിക്കണം. ഈ പ്രവൃത്തി ഒരുവൻ തനിയേ ചെയ്യുന്നെടത്തോളം പലർകൂടി ഒത്തു ചേർന്നു ചെയ്താൽ ഫലിക്കയില്ല. ഒരു ഘോഷയാത്രയെ വർണ്ണിപ്പാനായി ഓരോ ഭാഗങ്ങളിൽ ഓരോ പത്രപ്രധിനിധികളെ നിയോഗിച്ചിരിക്കുന്നു എന്നു വിചാരിക്കുക; ഇവരൊക്കെ ഒരേ “ഉന്ന”ത്തോടുകൂടി എഴുതുന്നവരായിരിക്കയില്ല. അവനവന്റെ ഭാഗത്തെപ്പറ്റി എഴുതുന്നവൻ, മറ്റൊരുവന്റെ ഉദ്ദേശ്യത്തെ അനുവർത്തിക്കുന്നില്ല. ഇങ്ങനെ ചെയ്യുമ്പോൾ വർണ്ണനയ്ക്കാകപ്പാടെ രസനീയത ചുരുങ്ങിപ്പോകുന്നു. ഒരാൾ തനിയേ ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോൾ, അയാൾ ഒരേ ഒരു ഉദ്ദേശത്തെ സാധിപ്പാനായി ശ്രദ്ധവെച്ചുങ്കൊണ്ടു് താൻ എഴുതുന്ന എല്ലാ വിവിധ ഭാഗങ്ങളേയും ആ ഉദ്ദേശത്തിലെക്കുതന്നെ വഴി നടത്തിക്കുന്നു; ഇതാണു, വർണ്ണനകളിൽ ശ്രദ്ധവെച്ചു് അറിയേണ്ടതായ കാര്യം. ഒരു മഹായോഗത്തിൽ, വിഖ്യാതനായ ഒരു വക്താവു് പ്രസംഗിക്കുമ്പോൾ, അയാളുടെ പ്രസംഗത്തിന്റെ ഓരോ ഘട്ടം ഓരോ റിപ്പോർട്ടർ കുറിച്ചെടുത്തെഴുതുന്നതുപോലെ ഫലിപ്പിക്കാവുന്നതല്ല വർണ്ണനകൾ. ഇവിടെ ഒരാളുടെ മനസ്സിൽ ഉദിക്കുന്ന വിചാരങ്ങളല്ല മറ്റൊരാളുടെ മനസ്സിൽ തോന്നുക; എന്നാൽ പ്രസംഗം പകർത്തുന്നേടത്താകട്ടെ, അതിനെപ്പറ്റി റിപ്പോർട്ടർമാരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങളെയല്ലാ എഴുതുന്നതു്; മറ്റൊരുവന്റെ വാക്കുകളെയാണു്. വർണ്ണനം ചെയ്യുന്നതിനു ലേഖകൻ അവശ്യം കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ടു്. നടന്ന സംഗതികളെ യഥാസംഭവക്രമം കുറിച്ചുവെച്ചുങ്കൊണ്ടു വേണം വർണ്ണിപ്പാൻ. ഇങ്ങനെയൊരു ആസൂത്രണം (പ്ലാൻ) ചെയ്തുവെച്ചുകൊണ്ടാൽ, താൻ എഴുതുന്ന വിവരങ്ങളെ യഥാക്രമം വരുത്താൻ എളുപ്പമുണ്ടു്. അതല്ലെങ്കിൽ, വർണ്ണന വായിക്കുന്നവർ ‘വാലും തലയും’ തിരിച്ചറിയാൻ കഴിയാതെ കുഴങ്ങിപ്പോവും.

ഒരു ചിത്രമെഴുത്തുകാരൻ, മനസ്സങ്കല്പത്താലോ, പ്രകൃതിവിലാസത്തിന്റെ പകർപ്പായിട്ടോ, ഒരു ചിത്രമെഴുതുവാൻ ഉദ്യമിക്കുമ്പോൾ, ആദ്യമായി, എതു നിലയിൽ നിന്നു നോക്കുമ്പോഴുള്ള രംഗവിധാനമാണു് രമണീയമായി തോന്നുന്നതെന്നു നിശ്ചയിച്ചു ആ നിലയെ ഉറപ്പിക്കുന്നു; പിന്നീടു് പടത്തിൽ അടക്കേണ്ടതായ രൂപങ്ങൾ ഇന്നക്രമത്തിനു വരണമെന്നു കുറിക്കുന്നു. അനന്തരം, ചേരുംപടിക്കുള്ള വർണ്ണങ്ങളെ യഥാസ്ഥാനം പതിക്കുന്നു. ഒരു ആപത്സംഭവത്തെയോ, ഉത്സവാഘോഷത്തെയോ വർണ്ണിച്ചു ലേഖനമെഴുതാൻ ഉദ്യമിച്ചിരിക്കുന്ന പത്രക്കാരനും, ആദ്യമായി, തനിക്കു് രംഗം മുഴുവൻ നല്ല ചമല്കാരകാരകമായി തോന്നിക്കാവുന്ന നിലയിൽനിന്നു് നടന്ന സംഗതികളെ യഥാക്രമം കുറിച്ചുകൊണ്ടു്, ഇവയെ വായനക്കാർക്കു ആകർഷകമായി വരുംവിധത്തിൽ വർണ്ണനം ചെയ്യുന്നതിനു തക്ക വാഗ്വിലാസത്തെ പ്രയോഗിക്കുന്നു. എന്നാൽ, പത്രക്കാരൊക്കെ എപ്പോഴും നിർദ്ദോഷമായ ഭാഷ എഴുതുന്നവരല്ല; ചിലർമാത്രം ഭാഷാശുദ്ധിയെയും പദങ്ങളുടെ ശബ്ദാർത്ഥവിഷയമായ ഭംഗിയേയും നോക്കി ബഹുചമൽകാരമായി എഴുതുന്നു. മറ്റുള്ളവർ ഗദ്യരചനയിൽ നിപുണന്മാരല്ലാതെ, വല്ല പദങ്ങളും വല്ല പ്രകാരവും കൂട്ടിപ്പിടിപ്പിച്ചു്, ലേഖനമെഴുതി, വായനക്കാർക്കു അരോചകം തോന്നിക്കയും, ‘പത്രഭാഷ’ എന്നൊരു പരിഹാസ വചനത്തിനു് സംഗതിയാക്കുകയും ചെയ്യുന്നു. ‘പത്രഭാഷ’ എന്നു വിദ്വാന്മാർ പരിഹസിക്കുമ്പോൾ ‘പത്രക്കാരൻ’ പരിഭവപ്പെടേണ്ട ന്യായമില്ല. വാസ്തവത്തിൽ, എത്രയോ ലേഖനങ്ങൾ, ഒരുവക നപുംസകഭാഷയിലെഴുതി, പത്രപംക്തികൾ നിറച്ചു് വായനക്കാർക്കു, ഭാഷാദൂഷണത്താൽ മനശ്ശല്യമുണ്ടാക്കുന്ന പത്രക്കാർ ഉണ്ടു്. അവർക്കു പദങ്ങളുടെ അർത്ഥനിർണ്ണയമോ, രൂപനിർണ്ണയമോ; പദാവലികളുടെ ഭംഗിയോ അഭംഗിയോ; പദപ്രയോഗങ്ങളുടെ ഔചിത്യം സംബന്ധിച്ച അറിവോ, ഇല്ല. ചിലപ്പോൾ, ലേഖകന്റെ അജ്ഞതകൊണ്ടും, ചിലപ്പോൾ ലേഖകന്റെ ശബ്ദഭണ്ഡാഗാരം തീരെ അല്പിഷ്ഠമായിരിക്കകൊണ്ടും, അവൻ വല്ലെടത്തും കണ്ടിട്ടുള്ള പദങ്ങളോ വാചകങ്ങളോ ഔചിത്യം കൂടാതെ എഴുതിപ്പോകാറുണ്ടു്. നടപ്പുള്ള ഒരു ചെറിയ പദംകൊണ്ടു അർത്ഥം വരുത്താവുന്നെടത്തു് പ്രചാരപ്പെടാത്ത വലിയ പദം എഴുതിയും; സുശബ്ദങ്ങൾ ഇരിക്കെ ഗ്രാമ്യപദങ്ങൾ പ്രയോഗിച്ചും; ഒരർത്ഥത്തെ പര്യായപദങ്ങളാൽ ആവർത്തിക്കാവുന്നെടത്തു് അങ്ങനെചെയ്തു് ശബ്ദവൈചിത്ര്യം വരുത്താതെ ഒരേ പദം വീണ്ടുംവീണ്ടും എഴുതിയും; ചിലപ്പോൾ പുനരുക്തം ചെയ്തും പലപ്രകാരത്തിൽ ഉപന്യാസം വഷളാക്കുമാറുണ്ടു്. ചിലർ പ്രാസംചെയ്തു ഗദ്യമെഴുതുന്നതാണു് രസകരമെന്നു് വിചാരിക്കുന്നു. ഒരു അഗ്നിബാധയെ വർണ്ണിപ്പാൻ, “കാലാഗ്നിയുമല്ലിതു; കാലാരിയുടെ ഫാലാഗ്നിയുമല്ലിതു, മൂലാഗ്നിയുമല്ലിതു… ” ഇത്യാദി പ്രാസപ്രയുക്തഗദ്യം ഒരു കാലത്തു മലയാള പത്രങ്ങളിൽ കണ്ടിരുന്നു. ഇങ്ങനെയൊക്കെ ലേഖനങ്ങളിൽ ‘ഭാഷാഗോഷ്ടികൾ’ കാണിക്കുന്നതു് മിക്കവാറും കുട്ടിത്തരം ലേഖകന്മാരാണു്; ചിലപ്പോൾ, ഒരുവക ‘ഭ്രമം’ മുഴുത്തിട്ടുള്ള പഴയ ലേഖകന്മാർകൂടി തങ്ങളുടെ ചാട്ടവും മറിച്ചിലും ഞാണിന്മേൽ ദണ്ഡിപ്പും പദങ്ങൾകൊണ്ടു തന്നെ പ്രദർശിപ്പിക്കുന്നുണ്ടായിരിക്കും. ഇവയെല്ലാം തടഞ്ഞുകളയാൻ പത്രാധിപന്മാർക്കു ക്ലേശം അല്പമല്ല; ചിലർ ഇതുകളെ എഴുതിവന്ന പ്രകാരത്തിൽതന്നെ പത്രത്തിൽ കടത്തിവിടുന്നതിനാലാണു ‘പത്രഭാഷ’ എന്ന അപവാദം ഉണ്ടാകുന്നതു്. ഇങ്ങനെ പത്രങ്ങളിൽ കാണാറുള്ള ഭാഷാദോഷങ്ങളെയൊക്കെ എടുത്തു് ഉദാഹരിക്കാൻ സൗകര്യമില്ലാ. അവയെ വായനക്കാർ കണ്ടറിഞ്ഞുകൊള്ളുമെന്നു വിശ്വസിക്കുന്നു. അനവീകൃതം, പുനരുക്തം, ച്യുതസംസ്ക്കാരം, ദുഷ്പ്രതീതി, ഭഗ്നപ്രക്രമം, വിരുദ്ധമതികൃത്തു്; എന്നിങ്ങനെ പലേ സാഹിത്യദോഷങ്ങൾ ലേഖകന്മാർ മനസ്സിലാക്കിയിരിക്കേണ്ടതാണു്. ഇതിന്നു് എ. ആർ. രാജരാജവർമ്മ എം. എ. അവർകളുടെ “ഭാഷാഭൂഷണം” എന്ന സാഹിത്യശാസ്ത്രഗ്രന്ഥം ഏറെ ഉപകാരപ്പെടുന്നതാണു്. പദസമ്പത്തു് ചുരുങ്ങിയവർ, ഭാഷാനിഘണ്ടുവിലെ പദങ്ങൾ ഉറ്റു പഠിക്കുന്നതുകൊണ്ടു ഗുണമുണ്ടാകും; അതോടുകൂടി നല്ല ഗ്രന്ഥകാരന്മാരുടെ കൃതികൾ പരിചയിക്കണം. ഗദ്യഗ്രന്ഥങ്ങളിൽ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു തിരുവിതാംകൂർ സർക്കാർ പാഠപുസ്തകസംഘാധ്യക്ഷനായിരുന്നു് എഴുതീട്ടുള്ള ‘അക്ബർ’, ‘ലോകത്തിന്റെ ശൈശവാവസ്ഥ’, ‘വിജ്ഞാനമഞ്ജരി’, ‘ധനതത്ത്വനിരൂപണം’, ‘മൂന്നാം പാഠപുസ്തകം’, ‘ഇന്ത്യാചരിത്രം’, ‘ഇംഗ്ലണ്ടുചരിത്രം’, ‘തിരുവിതാംകൂർ ചരിത്രം’, ‘മഹചരിതസംഗ്രഹം’, ഒ. ചന്തുമേനോന്റെ ‘ഇന്ദുലേഖ’, ‘ശാരദ’, ടി. എം. അപ്പുനെടുങ്ങാടിയവർകളുടെ ‘പ്രാചീനാര്യാവർത്തം’, ‘ചന്ദ്രഹാസൻ’; വേങ്ങയിൽ കുഞ്ഞുരാമൻ നയനാരവർകളുടെ ‘കേസരി’ ലേഖനങ്ങൾ; മുതലായ പലേ പുസ്തകങ്ങൾ മലയാളത്തിലുണ്ടു്; സ്ഥലകാലവർണ്ണനകൾ പ്രശസ്തമായവിധം അടങ്ങീട്ടുള്ള ചില മലയാള നവ്യഗദ്യകാവ്യങ്ങൾ ഉള്ളവ വായിക്കുന്നതുകൊണ്ടു്, ലേഖകന്റെ വിഭാവനാശക്തിയെ പോഷിപ്പിക്കാൻ കഴിയും. ഇവയ്ക്കും പുറമെ, ഭാഷയിൽ നടത്തുന്ന പത്രങ്ങളിലും പത്രഗ്രന്ഥങ്ങളിലും വെച്ചു വാചകശുദ്ധി പദഭംഗി മറ്റു സാഹിത്യഗുണങ്ങൾ ഇവയിൽ പ്രത്യേകം ശ്രദ്ധവെച്ചിട്ടുള്ളവ മാത്രം നിയമേന വായിക്കുകയും വേണം. നല്ല ഗദ്യമെഴുത്തുകാരുടെ ലേഖനങ്ങളോ മറ്റു കൃതികളോ വായിക്കുന്നതിനാലുണ്ടാവുന്ന ഗുണം ചെറുതല്ല; ‘വാഗ്ദേവീ സ്വയം വശ്യ’ ആകാതെ ആ ദേവിയെ ബലാൽകാരേണ പിടിച്ചുവലിച്ചിഴച്ചുകൊണ്ടുവന്നു് ക്ലേശിപ്പിക്കുന്നവരുടെ ഗദ്യം ഒരിക്കലും വായിക്കരുതു്. ഇവർക്കു, പക്ഷേ, സ്വീയപ്രാഭവം കൊണ്ടു് പ്രമാണികൾ ചിലർ കീർത്തിവെച്ചുകെട്ടിയിരുന്നാലും, ഇവരെ ഗണ്യകോടിയിൽ ചേർക്കരുതു്; സ്വതഃസിദ്ധമായ സാഹിത്യവാസനയുള്ളവർ കീർത്തിക്കായി ഇരകോർത്തു് ബളിശം എറിഞ്ഞിരിക്കയില്ലെങ്കിലും അവരുടെ കൃതികൾ അന്വേഷിച്ചു പിടിച്ചു പരിചയപ്പെടണം. ഇത്തരത്തിൽ നല്ല ഗ്രന്ഥകർത്താക്കന്മാരുടെയും, ഗദ്യലേഖനകർത്താക്കന്മാരുടെയും കൃതികൾ വായിക്കുമ്പോൾ, സരസമായോ ഫലിതമായോ അവസരോചിതമായോ തോന്നുന്ന പദങ്ങൾ, വാചകങ്ങൾ, ചതുരോക്തികൾ മുതലായവ പ്രത്യേകം കുറിച്ചെടുത്തുവെച്ചു് പഠിക്കുന്നതുകൊണ്ടും ഗുണമുണ്ടാകും. പദശുദ്ധി, ശബ്ദഭംഗി, വാചകപുഷ്ടി, ഗാംഭീര്യം ഇത്യാദി ഗുണങ്ങൾക്കു് കേരളവർമ്മാവലിയകോയിത്തമ്പുരാൻ തിരുമനസ്സിലേയും ഊർജ്ജസ്വലത, പ്രൗഢി, പ്രസാദം ഇവക്കു് സി. അച്ചുതമേനോൻ അവർകളുടെയും, മാധുര്യത്തിനും ചന്തുമേനോൻ, കുഞ്ഞിരാമൻ നായനാർ എന്നിത്തരക്കാരുടേയും ഗദ്യപ്രബന്ധങ്ങളേയും, വർണ്ണനാചാതുര്യം മനസ്സിലാക്കാൻ ‘മാർത്താണ്ഡവർമ്മ’, ‘ഇന്ദുലേഖ’, ‘കുന്ദലത’, ‘പാറപ്പുറം’, ‘ദുർഗ്ഗേശനന്ദിനി’, ‘ഉദയഭാനു’, ഇത്യാദി നവ്യകഥാഗ്രന്ഥങ്ങളെയും വായിക്കുന്നതു ഉത്തമമാകുന്നു. വ്യാകരണജ്ഞാനം ലഭിപ്പാൻ എ. ആർ. രാജരാജവർമ്മാ അവർകളുടെ ‘കേരളപാണിനീയം’ തുടങ്ങിയ വ്യാകരണഗ്രന്ഥങ്ങളും; സാഹിത്യരചനാതത്ത്വങ്ങൾക്കു് ഇദ്ദേഹത്തിന്റെ ‘സാഹിത്യസാഹ്യ’വും വായിച്ചിരിക്കേണ്ടതാകുന്നു.

എന്നാൽ, മേല്പറഞ്ഞ ഗ്രന്ഥങ്ങൾ വായിക്കുന്നതു് രചനാരീതി അല്ലെങ്കിൽ ഭാഷാസരണി സമ്പാദിപ്പാനായിരിക്കരുതെന്നു പ്രത്യേകം ഉപദേശിക്കേണ്ടിയിരിക്കുന്നു. വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ചു് അവരുടെ ഭാഷാസരണിയെ പകർത്തെടുക്കാം എന്നു വിചാരിക്കുന്നവർ ചിലരുണ്ടു്; ഈ വിചാരം തീരെ അസംബന്ധം എന്നാണു് എനിക്കു് പറവാനുള്ളതു്. ഒരുവന്റെ ഭാഷാസരണിയെ അനുകരിക്കാൻ മറ്റൊരുവനു കഴിയാത്ത വിധത്തിൽ, ഭാഷാസരണി എന്നതു് അതാതാളുകൾക്കു് സ്വഭാവജന്യമായിട്ടുള്ളതാകുന്നു എന്നു നാം ഓർമ്മവെയ്ക്കണം. ഒരുവന്റെ അനുഭവങ്ങളേയും പരിചയങ്ങളേയും അവന്റെ മനോഗതിക്കനുസരിച്ചിട്ടാകുന്നു ഭാഷാരൂപമായി പ്രകാശിപ്പിക്കുന്നതു്; അതേപ്രകാരത്തിലുള്ള മനോഗതി ഉണ്ടാകുവാൻ, മറ്റൊരുവൻ, അതേപ്രകാരത്തിലുള്ള അനുഭവങ്ങളേയും പരിചയങ്ങളേയും അതേ അവസ്ഥയിൽ പ്രാപിക്കുന്നവനായിരിക്കണം. ഇതു സാദ്ധ്യമല്ല തന്നെ. പ്രഖ്യാതന്മാരായ ഗ്രന്ഥകർത്താക്കന്മാരൊക്കെ അവരവരുടെ പ്രകൃതിദത്തമായ മനോഗതി രീതിയനുസരിച്ചാകുന്നു അവരവർക്കു പ്രത്യേകമായുള്ള ഭാഷാസരണികളിൽ എഴുതീട്ടുള്ളതു്. ഈ ഭാഷാസരണി എന്നാലെന്താണു്? ഇതിലെന്താണടങ്ങിയിരിക്കുന്നതെന്നു നോക്കി നിർണ്ണയപ്പെടുത്തി പറവാൻ സാധിക്കാത്ത വിധത്തിൽ, ഇതു്, ക്ഷണപ്രഭാചഞ്ചലവും അവിഭാവ്യമാനവും ആയ എന്തോ ഒന്നാകുന്നു, എന്നല്ലാതെ ഇതിനെ നിർവചിപ്പാൻ പ്രയാസമാകുന്നു. ഉപന്യാസകർത്താവിന്റെ വിഭാവനശക്തിയേയും രസജ്ഞതയേയും കൂട്ടിച്ചേർത്തു് സഹൃദയഹൃദയാഹ്ലാദകമാംവണ്ണം വാക്കുകളെ ഉപയോഗിച്ചു് വാക്യങ്ങൾ രചിക്കുന്ന രീതിയാണിതെന്നു പറഞ്ഞാൽ ഭാഷാസരണിയുടെ ഒരു സ്ഥൂലമായ ജ്ഞാനം കിട്ടി എന്നു വരാം. ഇതു വിലയേറിയ ഒരുവരം ആണെന്നു വിചാരിക്കണം; പഠിപ്പുകൊണ്ടോ പരിശീലനം കൊണ്ടോ ലഭിക്കാവുന്ന വരമല്ല; കേവലം പ്രകൃതിദത്തമാണു്.

വിശിഷ്ടന്മാരായ സാഹിത്യകാരന്മാരുടെ കൃതികൾ വായിക്കേണ്ടതു്, ഭാഷാസരണിയെ പകർത്തെടുക്കേണ്ടതിനായിട്ടല്ല; അതിന്നു സാധിക്കയില്ല. പിന്നെയോ? അവർ ഓരോരോ ആശയങ്ങളെ എങ്ങനെയാണു് വാക്കുകൾകൊണ്ടു ചമയിച്ചു ബഹുജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതെന്നു ഗ്രഹിപ്പാനായിട്ടുവേണം. ഇതിലേയ്ക്കു പ്രത്യേകം ശ്രദ്ധയും അഭിരുചിയും ഉണ്ടായിരിക്കണം. പഴമപരിചയംകൊണ്ടു് ഒരാൾക്കു് ഭാഷാസരണിയെ പരിഷ്കരിക്കാമെന്നല്ലാതെ തനിക്കില്ലാത്ത ഒരു രീതിയെ പകർത്തെടുക്കാൻ സാധിക്കയില്ല. പകർത്തെടുക്കാൻ തുനിഞ്ഞാൽ ഉണ്ടാവുന്ന ഫലം, ‘കാകൻ അന്നനട’ ശീലിച്ചതിന്നൊപ്പം ചിലർ പത്രങ്ങളിൽ എഴുതിക്കൂട്ടാറുള്ളമാതിരി ബീഭൽസങ്ങളായ വാചകങ്ങളായിരിക്കും. തനിക്കു ഒരു പ്രത്യേകാത്മാവുണ്ടെന്നും, തന്റെ പ്രത്യേകത്വം പ്രബലപ്പെടുത്തി കാണിപ്പാൻ തനിക്കും കഴിയുമെന്നും ഉള്ള വിചാരത്തോടു കൂടി ആത്മസ്ഥൈര്യപൂർവ്വം പരിശ്രമിച്ചാൽ, സ്വന്തമായ ഒരു ഭാഷാസരണി തനിക്കുണ്ടായിക്കൊള്ളും; അതു മറ്റാർക്കും അനുകരിപ്പാൻ സാധിക്കയുമില്ല. എന്റെ അനുഭവംകൊണ്ടു പറവാൻ എനിക്കു് അവകാശമുള്ളതിന്നൊപ്പം ഉപദേശിപ്പാൻ അധികാരം കൂടെ ഉണ്ടായിരുന്നാൽ, ഞാൻ ഇപ്രകാരം പറയുമായിരുന്നു: വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ കൃതികളെ വായിക്കുക; എന്നാൽ അതു് അവരുടെ ഭാഷാസരണിയെ കൈവശപ്പെടുത്താമെന്ന ഉദ്ദേശത്തോടുകൂടെയരുതു്. ഞാൻ ഏതെങ്കിലുമൊരു വാചകം മലയാളപത്രത്തിൽ ആദ്യമായി എഴുതീട്ടു് ഒരു പതിനഞ്ചുകൊല്ലം വരും; അക്കാലത്തു് എഴുതീട്ടുള്ള ലേഖനങ്ങൾ നോക്കിയാൽ, ഇപ്പോൾ എനിക്കുതന്നെയും അവയുടെ കർത്തൃത്വത്തെപ്പറ്റി സന്ദേഹം ഉണ്ടായേക്കും. ഈ പതിനഞ്ചു കൊല്ലത്തിനുള്ളിൽ, ഒരു ഭാഷാസരണി കൈവശപ്പെടുത്തുവാൻവേണ്ടി ഞാൻ യാതൊരു വിശേഷ പരിശ്രമവും ചെയ്തിട്ടില്ല; മലയാള ഭാഷയിലെ മിക്ക ഗ്രന്ഥങ്ങളും ശ്രദ്ധവെച്ചു വായിച്ചിട്ടുമില്ല. ശബ്ദങ്ങളുടെ ശുദ്ധാശുദ്ധതയെപ്പറ്റി നിർണ്ണയം വരുത്തിക്കൊൾവാൻ വേണ്ടി, ശബ്ദാഗമബോധമുള്ള പണ്ഡിതന്മാരുടെ കൃതികൾ വായിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഭാഷാസരണിയെ സ്വീകരിപ്പാൻ കരുതിയിരുന്നിട്ടില്ലതാനും. ഇതേവിധം അനുഭവം തന്നെ പലർക്കുമുണ്ടായിരിക്കാൻ സംഗതിയുണ്ടു്. ആകയാൽ ഒരു ഭാഷാസരണി കൈവശപ്പെടുത്തുവാൻ ഉദ്ദേശിച്ചു് അന്യന്മാരുടെ കൃതികളെ ഉരുവിട്ടു പഠിക്കുന്നവരോടു ഉപദേശിപ്പാനുള്ളതിതാണു്: നിങ്ങൾ വായിച്ച ഗ്രന്ഥകാരന്മാരുടെ വാചകങ്ങളെ മറന്നുകളവിൻ; അവർ അവരുടെ ആശയങ്ങളെ പ്രകടീകരിച്ചിരിക്കുന്ന സമ്പ്രദായത്തിന്റെ ആന്തരമായ വൈഭവത്തെ മാത്രം ഓർമ്മവെപ്പിൻ. നിങ്ങൾക്കു പറവാനുള്ളതൊക്കെ നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെ നിങ്ങളെ വ്യാപരിപ്പിക്കുന്ന ചൈതന്യവിശേഷത്തിന്റെ സംജ്ഞാപനങ്ങൾ അനുസരിച്ചു പറഞ്ഞുകൊള്ളുവിൻ. അങ്ങനെയൊരു ചൈതന്യം നിങ്ങളെ പ്രേരിപ്പിക്കുന്നതിനു തക്കവണ്ണം പ്രകടമായ ഉന്നതാശയങ്ങളും രസികതയും നിങ്ങൾക്കില്ലെങ്കിൽ പ്രത്യേകമൊരു ഭാഷാസരണി സ്ഥാപിപ്പാനായി നിങ്ങൾ ശ്രമിക്കേണ്ടാ; സാഹിത്യകാരന്മാരുടെ വരിയോലയിൽ നിങ്ങളുടെ പേരുകൂടെ എഴുതിക്കാണ്മാൻ ആശിക്കയും വേണ്ട. എന്നാൽ ഈ ഒടുവിൽ പറഞ്ഞതായ ആശയോടുകൂടിയല്ലാ വിഖ്യാതന്മാരയ സാഹിത്യ കർത്താക്കന്മാർ പ്രവർത്തിച്ചിട്ടുള്ളതെന്നു ഓർമ്മവെക്കണം. അവർ മിക്കവാറും പ്രതിഫലേച്ഛ കൂടാതെ ലോകോപകാരാർത്ഥമായി മാത്രം പണിയെടുത്തിരുന്നവരാണു്.

ചുരുക്കത്തിൽ ഓർമ്മവെക്കേണ്ടതായ മൂന്നു കാര്യങ്ങളുണ്ടു്. അന്തസ്സാരവിഹീനമായതു ഉപയോഗിക്കാതിരിക്ക, സ്പഷ്ടമായുള്ളതു പറയാതിരിക്കുക. സ്വന്തമല്ലാത്ത രീതി തുടരാതിരിക്കുക. ഈ വക മൂന്നു പാപങ്ങളും പറ്റാതിരിക്കുന്നതിന്നു അവശ്യം വേണ്ടതു്, തന്റെ ഉള്ളിനൊത്തു സംസാരിക്കുമ്പോലെ തന്നെ എഴുതുകയും ചെയ്യുകയാകയാകുന്നു. കപടവേഷവും കപടഭാഷയും അപകടമെന്നു ധരിക്കണം.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.