SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
വി​മർ​ശ​നം

സം​ഭ​വ​വർ​ണ്ണ​ന​കൾ എഴു​തു​ന്ന വൃ​ത്താ​ന്ത​നി​വേ​ദ​ക​നു ചില സമ​യ​ങ്ങ​ളിൽ ഗു​ണ​ദോഷ നി​രൂ​പ​ണ​പ്ര​വൃ​ത്തി​കൂ​ടെ ചെ​യ്യാ​നു​ണ്ടാ​കും. തന്റെ നില അറി​യു​ന്ന​വ​നു ഇതു ദു​ഷ്ക​ര​മോ അനർ​ത്ഥ​ക​ര​മോ ആക​യി​ല്ല. ഗു​ണ​ദോ​ഷ​ങ്ങൾ തി​രി​ച്ച​റി​വാൻ പ്രാ​പ്തി​യി​ല്ലാ​ത്ത​വർ അതി​ലേ​ക്കു തു​നി​യു​മ്പോ​ഴാ​ണു് ‘വി​ഡ്ഢി​വേ​ഷം’ കെ​ട്ടു​ന്ന​തു. അന്യ​ന്മാ​രു​ടെ പ്ര​വൃ​ത്തി​ക​ളിൽ ഗു​ണ​വും ദോ​ഷ​വും കണ്ടു പറവാൻ തു​നി​യു​ന്ന​വർ അവ​രു​ടെ പ്ര​വൃ​ത്തി​ക​ളു​ടെ ഗു​ണ​ദോ​ഷ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി അറി​യ​ണം. ഈ വി​ഷ​യ​ത്തിൽ അവ​ന്നു ആ അന്യ​ന്മാ​രോ​ള​മെ​ങ്കി​ലും അറിവു ആ സം​ഗ​തി​യിൽ ഉണ്ടാ​യി​രി​ക്ക​ണം. സാ​ധാ​ര​ണ​മാ​യി പത്ര​ലേ​ഖ​ക​ന്മാർ ചെ​യ്യേ​ണ്ടി​വ​രു​ന്ന ഗു​ണ​ദോ​ഷ​നി​രൂ​പ​ണ​ങ്ങൾ നാ​ട​കാ​ഭി​ന​യം, സം​ഗീ​തം, ചി​ത്ര​പ്ര​ദർ​ശ​നം ഇത്യാ​ദി കലാ​വി​ദ്യാ​പ്ര​ക​ട​ന​ങ്ങ​ളെ​പ്പ​റ്റി ആയി​രി​ക്കും. ഇവ​യെ​ക്കു​റി​ച്ചു ലേ​ഖ​ക​ന്മാ​രും പത്രാ​ധി​നാ​ഥ​ന്മാ​രും അറി​ഞ്ഞി​രി​ക്കേ​ണ്ട മു​ഖ്യ​വി​വ​ര​ങ്ങൾ താഴെ പറ​യു​ന്നു.

കൊ​ല്ല​ത്തിൽ മു​ന്നൂ​റ്റി അറു​പ​ത്ത​ഞ്ചു ദിവസം മു​ഴു​വൻ ഇല്ലെ​ങ്കി​ലും ഏറിയ കൂറും നാ​ളു​ക​ളിൽ നാ​ട​കാ​ഭി​ന​യ​ങ്ങൾ നട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മഹാ​ന​ഗ​ര​ങ്ങ​ളു​ണ്ടു്. അവി​ട​ങ്ങ​ളി​ലെ പത്ര​ങ്ങ​ളി​ലാ​ണു നാ​ട​കാ​ഭി​ന​യ​വർ​ണ്ണ​ന​ങ്ങൾ ഒരു പ്ര​ധാന കാ​ര്യ​മാ​യി​രി​ക്കു​ന്ന​തു്. ഈ പ്ര​വൃ​ത്തി​ക്കു് സമർ​ത്ഥ​ന്മാ​രെ​ന്നു നടി​ക്കു​ന്ന ലേ​ഖ​ക​ന്മാർ പല​രു​ണ്ടു്. ലണ്ട​നി​ലെ പത്ര​കാ​ര്യാ​ല​യ​ങ്ങ​ളിൽ പണി കി​ട്ടു​വാൻ അപേ​ക്ഷി​ക്കു​ന്ന ലേ​ഖ​ക​ന്മാർ പത്തി​നൊ​മ്പ​തു വീതം നാ​ട​കാ​ഭി​നയ നി​രൂ​പ​ണ​ത്തി​നു പ്ര​ത്യേ​കം യോ​ഗ്യ​ത​യു​ള്ള​വ​രാ​ണെ​ന്നു തന്നെ​ത്താൻ യോ​ഗ്യ​താ​വർ​ണ്ണ​നം ചെ​യ്യു​ന്ന​വ​രാ​ണു​പോൽ. ഇങ്ങ​നെ​യാ​യി​രു​ന്നാ​ലും, വാ​സ്ത​വ​ത്തിൽ തങ്ങ​ളു​ടെ നി​രൂ​പ​ണ​ലേ​ഖ​ന​ങ്ങൾ​കൊ​ണ്ടു നാ​ട​ക​ക്കാ​രു​ടെ​യോ ബഹു​ജ​ന​ങ്ങ​ളു​ടെ​യോ തൃ​പ്തി​യെ അർ​ഹി​ക്കു​ന്ന​വർ എത്ര​യോ ചു​രു​ക്ക​മാ​ണു്. ലണ്ട​നിൽ നാ​ട​ക​ശാ​ല​ക​ളോ അനേകം; വർ​ത്ത​മാ​ന​പ​ത്ര​ങ്ങൾ അതി​ലെ​ത്ര​യോ അധികം. നാ​ട​ക​ശാ​ല​ക​ളിൽ പോ​കു​ന്ന ജന​ങ്ങ​ളെ അതി​ലേ​ക്കു പ്രേ​രി​പ്പി​ക്കു​ക​യോ, അതിൽ​നി​ന്നു പിൻ​തി​രി​പ്പി​ക്ക​യോ ചെ​യ്യു​ന്ന​തു് പത്ര​ങ്ങ​ളിൽ ആ നാ​ട​ക​ശാ​ല​ക​ളി​ലെ അഭി​ന​യ​ത്തെ​പ്പ​റ്റി പറ​ഞ്ഞു​കാ​ണു​ന്ന ലേ​ഖ​ന​ങ്ങൾ മു​ഖേ​ന​യാ​ണെ​ന്നു പറ​യാ​വു​ന്ന​താ​കു​ന്നു. ഈ സ്ഥി​തി​ക്കു് ജന​ങ്ങൾ പത്ര​ങ്ങ​ളിൽ നാ​ട​കാ​ഭി​നയ വി​വ​ര​ങ്ങ​ളെ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും അവ​രു​ടെ കൗ​തു​ക​ത്തെ സാ​ധി​പ്പാൻ പത്ര​ക്കാർ നാ​ട​ക​ശാ​ല​യി​ലേ​ക്കു ലേ​ഖ​ക​ന്മാ​രെ അയ​ക്കു​ന്ന​തും അഭി​ന​യ​വർ​ണ്ണ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും, എല്ലാ, സ്വാ​ഭാ​വി​കം തന്നെ​യാ​ണു്. എന്നാൽ നാ​ട​കാ​ഭി​ന​യ​നി​രൂ​പ​ണം ചെ​യ്യു​ന്ന​വൻ തന്റെ പണി​യിൽ നി​പു​ണ​ന​ല്ലെ​ങ്കിൽ, പത്ര​ത്തി​നു് ഇടി​ച്ച​ലും, നാ​ട​ക​ക്കാർ​ക്കു് ആശാ​ഭം​ഗ​വും, ജന​ങ്ങൾ​ക്കു മു​ഷി​ച്ച​ലു​മു​ണ്ടാ​യേ​ക്കും. അവൻ എന്തൊ​ക്കെ​യാ​ണു് അറി​ഞ്ഞി​രി​ക്കേ​ണ്ട​തു്? ഒരു നാടക ശാ​ല​യിൽ അഭി​ന​യി​ക്കു​ന്ന നാ​ട​ക​ത്തെ​പ്പ​റ്റി ‘ഉള്ള​തൊ​ക്കെ’ അറി​വാൻ ബഹു​ജ​ന​ങ്ങൾ​ക്കു കൗ​തു​ക​മു​ണ്ടെ​ന്നു ലേഖകൻ ആദ്യ​മേ ഓർ​മ്മ​വെ​യ്ക്ക​ണം. ലോ​കർ​ക്ക​റി​യേ​ണ്ട സം​ഗ​തി​കൾ: (1) നാടകം കാ​ണ്മാൻ കൊ​ള്ളാ​വു​ന്ന​താ​ണോ? (2) അതു കാ​ണ്മാൻ പോ​കു​ന്ന​തി​നു​ത​ക്ക​വ​ണ്ണം അതി​ന്റെ യോ​ഗ്യ​ത​കൾ​ക്കു അധി​ഷ്ഠാ​ന​മെ​ന്തു്? (3) എന്തു​മാ​തി​രി സം​ഗ​തി​യാ​ണു് അതി​ലു​ള്ള​തു്? (4) കേ​ളി​കേ​ട്ട നട​ന്മാ​രു​ണ്ടോ? കേളി കെ​ട്ട​വ​രു​മു​ണ്ടോ? (5) നാ​ട​ക​ക​ഥ​ത​ന്നെ​യെ​ന്താ​ണു്? ഇങ്ങ​നെ​യൊ​ക്കെ​യാ​കു​ന്നു. ഈ ഒടു​വിൽ പറഞ്ഞ സം​ഗ​തി​യി​ലാ​ണു് ലേ​ഖ​ക​ന്മാർ കു​ഴ​ങ്ങു​ന്ന​തു്? നാ​ട​ക​കഥ എങ്ങ​നെ​യെ​ഴു​തി​യാ​ലാ​ണു് വാ​യ​ന​ക്കാർ രസി​ക്കുക? എങ്ങ​നെ​യെ​ഴു​തി​യാ​ലാ​ണു് മു​ഷി​യുക? ഇതു തി​രി​ച്ച​റി​വാൻ കുറെ പണി​യു​ണ്ടു്. ഒരു നാ​ട​ക​ത്തിൽ പറ​യു​ന്ന സം​ഗ​തി​കൾ വാ​സ്ത​വ​ത്തിൽ നടന്ന സം​ഭ​വ​ങ്ങൾ അല്ലെ​ന്നു ഒന്നാ​മ​താ​യി ഓർ​ക്ക​ണം. അവ വാ​സ്ത​വ​ത്തിൽ നട​ന്ന​വ​യാ​യി​രു​ന്നാൽ അവയെ വർ​ണ്ണി​ച്ചെ​ഴു​തു​ന്ന ലേഖനം വാ​യ​ന​ക്കാർ​ക്കു രു​ചി​ച്ചു എന്നു വരും. വെറും ഭാ​വ​നാ​സൃ​ഷ്ട​മായ കഥയെ മു​ഴു​വൻ വി​വ​രി​ച്ചു് ലേ​ഖ​ന​മു​ഖേന കാ​ണ്മാൻ വാ​യ​ന​ക്കാർ​ക്കു ക്ഷ​മ​യു​ണ്ടാ​ക​യി​ല്ല. നാ​ട​ക​ശാ​ല​യിൽ നട​ന്ന​തെ​ന്താ​ണു്? ഏതാ​നും ആളുകൾ ഒന്നാ​യി​ച്ചേർ​ന്നു, നാ​ട​ക​കർ​ത്താ​വാ​യും, നട​നാ​യും, രം​ഗ​വി​ധാന കർ​ത്താ​വാ​യും, ഗാ​യ​ക​നാ​യും, മറ്റും അവ​ര​വ​രു​ടെ കലാ​വി​ദ്യ​ക​ളെ പ്ര​യോ​ഗി​ച്ചു്, സദ​സ്യർ​ക്കു രസി​ക്ക​ത്ത​ക്ക​വ​ണ്ണം, അല്ലെ​ങ്കിൽ മു​ഷി​വു​ണ്ടാ​ക​ത്ത​ക്ക​വ​ണ്ണം, സന്തോ​ഷം, ഉല്ലാ​സം, ആശ, സന്താ​പം ഇത്യാ​ദി മനോ​വി​കാ​ര​ങ്ങ​ളെ രം​ഗ​ത്തിൽ പ്ര​ക​ടി​പ്പി​ച്ചു; ഇതാ​ണു് അവർ നട​ത്തി​യ​തു്. ലേ​ഖ​ക​ന്റെ കർ​ത്ത​വ്യ​മോ, ഈവകയെ വർ​ണ്ണി​ക്കു​ക​യാ​ണു്. നാ​ട​കാ​ഭി​ന​യം സഫ​ല​മാ​ക​യോ വി​ഫ​ല​മാ​ക​യോ ചെ​യ്ത​തി​ന്നു ഹേ​തു​വായ സം​ഗ​തി​ക​ളെ​ന്തൊ​ക്കെ​യാ​ണെ​ന്നു ആദ്യ​മേ ഗ്ര​ഹി​ക്ക​ണം. മു​ഖ്യ​മായ സംഗതി നാ​ട​ക​ക​ഥ​യാ​ണു്; കഥ മു​ഴു​വൻ വി​വ​രി​പ്പാൻ പത്ര​പം​ക്തി​കൾ എത്ര​യോ അധികം ആവ​ശ്യ​പ്പെ​ടും. നാ​നാ​പ്ര​കാ​ര​ങ്ങ​ളി​ലു​ള്ള മറ്റു പലേ കാ​ര്യ​ങ്ങൾ പറ​യേ​ണ്ടി​യി​രി​ക്കെ, അത്ര​യേ​റെ പത്ര​പം​ക്തി നാ​ട​ക​ക​ഥ​യ്ക്കാ​യി വി​നി​യോ​ഗി​ക്കാൻ നിർ​വ്വാ​ഹ​മി​ല്ല. വി​ശേ​ഷി​ച്ചും, കഥ മു​ഴു​വൻ എഴു​തി​യാൽ വാ​യ​ന​ക്കാർ​ക്കു അരോ​ച​ക​വും തോ​ന്നും. ആകയാൽ കഥയിൽ മു​ഖ്യ​മായ ഘട്ട​ങ്ങൾ മാ​ത്രം എടു​ത്തെ​ഴു​തു​ക​യാ​ണാ​വ​ശ്യം; നാടകം സഫലമോ വി​ഫ​ല​മോ ആവാൻ കാ​ര​ണ​മായ കഥാ​ഘ​ട്ട​ങ്ങൾ ഏവ എന്നു സ്ഥാ​പി​ക്കു​ന്ന​തി​നു തക്ക​വി​ധ​ത്തി​ലും, വാ​യ​ന​ക്കാർ കഥ​യു​ടെ മർ​മ്മ​ങ്ങൾ അറി​ഞ്ഞു രസി​ക്കാൻ തക്ക​വ​ണ്ണ​വും, പ്ര​ധാ​ന​മായ ആ ചില ഘട്ട​ങ്ങൾ മാ​ത്രം ചേ​രും​‌​പ​ടി ചേർ​ത്തു അഭി​ന​യ​വർ​ണ്ണ​നം ചെ​യ്യ​ണം. കഥയെ ഇങ്ങ​നെ സദ​സ്യർ​ക്കു കണ്മു​മ്പിൽ പ്ര​തി​ബിം​ബി​പ്പി​ക്കാൻ, നട​ന്മാർ ഏതു​വി​ധം അഭി​ന​യി​ച്ചു എന്നും, രം​ഗ​വി​ധാ​നം എങ്ങ​നെ മോടി പി​ടി​പ്പി​ച്ചി​രു​ന്നു എന്നും, സദ​സ്യർ എങ്ങ​നെ​യാ​യി​രു​ന്നു അഭി​ന​യ​ത്തെ നന്ദി​ച്ച​തു് അല്ലെ​ങ്കിൽ നി​ന്ദി​ച്ച​തു് എന്നും മറ്റും അവ​ശ്യം പറ​യേ​ണ്ട​തൊ​ക്കെ പറ​ഞ്ഞാൽ മതി; നാ​ട​കാ​ഭി​ന​യ​വർ​ണ്ണ​നം പൂർ​ത്തി​വ​ന്നു. ഇത്ര​യൊ​ക്ക​യേ പത്ര​ങ്ങൾ​ക്കു് ആവ​ശ്യ​മു​ള്ളു. എന്നാൽ, ഇനി രണ്ടു​ത​രം നി​രൂ​പ​ണം ഈ വി​ഷ​യ​ത്തി​ലു​ണ്ടു്: ഒന്നു്, നാ​ട്യ​ക​ലാ​വി​ദ്യ​യു​ടെ തോ​തു​കൾ വെ​ച്ചു​ങ്കൊ​ണ്ടു നാ​ട​കാ​ഭി​ന​യ​ത്തെ അള​ന്നു തി​ട്ട​പ്പെ​ടു​ത്തുക, ഇതു പത്ര​ക്കാ​ര​ന്റെ പ്ര​വൃ​ത്തി​യി​ലുൾ​പ്പെ​ട്ട​ത​ല്ല; മറ്റൊ​ന്നു, സദ​സ്യ​രു​ടെ ഗണ​ത്തിൽ ഉൾ​പ്പെ​ട്ട ഒരു​വ​ന്നു നാടകം കണ്ട​പ്പോൾ ഉണ്ടായ അഭി​പ്രാ​യ​മെ​ന്തെ​ന്നു വി​വ​രി​ക്കുക; ഇതു്, സാ​ധാ​ര​ണ​യാ​യി അഭി​ന​യ​വർ​ണ്ണ​ന​ത്തി​നു പ്ര​ത്യേക ലേ​ഖ​ക​ന്മാ​രി​ല്ലാ​ത്ത പക്ഷ​ത്തി​ലേ ഉപ​യോ​ഗ​പ്പെ​ടു​ത്താ​റു​ള്ളൂ; അതു തന്നെ​യും ലേ​ഖ​ക​ന്റെ സ്വ​ന്തം പേ​രു​വ​ച്ചു പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യാ​ണു് നട​പ്പു്. ഏതൊ​ന്നാ​യാ​ലും, നാ​ട​ക​ശാ​ല​യിൽ നട​ന്മാ​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും പണി​ക​ളെ​പ്പ​റ്റി പ്ര​ത്യേ​കം കൂ​റോ​ടു കൂ​ടെ​യി​രി​ക്കു​വാൻ കഴി​യാ​ത്ത​വ​രെ​ക്കൊ​ണ്ടു് യഥാർ​ത്ഥ​മായ വി​മർ​ശ​നം സാ​ധ്യ​മ​ല്ല. എന്നി​രു​ന്നാ​ലും, ലേഖകൻ തന്റെ കടമയെ നട​ത്തു​ന്ന​തു് അവ​ഹി​ത​നാ​യി​ട്ടാ​യി​രി​ക്ക​രു​തു്, അവനെ ബാ​ധി​ക്കാ​വു​ന്ന സം​ഗ​തി​കൾ ചി​ല​തു​ണ്ടു്. അവൻ നാ​ട​ക​ശാ​ലാ​ധി​കാ​രി​ക​ളു​ടെ പക്ഷ​ത്തിൽ​പെ​ട്ടു് അവ​രു​ടെ പ്ര​വൃ​ത്തി​യെ അനർ​ഹ​മാ​യി സ്തു​തി​ക്ക​രു​തു്; അതി​ന്മ​ണ്ണം​ത​ന്നെ, പത്ര​ത്തിൽ കൂ​ലി​ക്കാ​യി നാടക പര​സ്യ​ങ്ങൾ ചേർ​ക്കു​ന്ന ആളുടെ ഭീ​ഷ​ണി​യോ ശി​പാർ​ശ​യോ ഗണ്യ​മാ​ക്കി​ക്കൊ​ണ്ടു് ഒരു നാ​ട​ക​ത്തി​ന്റെ ദൂ​ഷ്യ​ഭാ​ഗ​ങ്ങൾ ഒളി​ച്ചു​വ​യ്ക്ക​യു​മ​രു​തു്. ലേഖകൻ പൊ​തു​ജ​ന​ഭൃ​ത്യ​നാ​ണു്. ജന​ങ്ങൾ തങ്ങ​ളു​ടെ ഹി​താ​ഹി​ത​ങ്ങ​ളെ നോ​ക്കി​ക്കൊൾ​വാൻ ലേ​ഖ​ക​നെ വി​ശ്വ​സി​ച്ചേൽ​പ്പി​ച്ചി​രി​ക്കു​ന്നു. അവർ​ക്കു സന്മാർ​ഗ​നി​ഷ്ഠ​യിൽ ദോ​ഷ​ക​ര​മായ ഒരു നാ​ട​കാ​ഭി​ന​യം കാ​ണ്മാൻ അവരെ പ്രേ​രി​പ്പി​ക്കു​മാ​റു​ള്ള അവാ​സ്ത​വ​വർ​ണ്ണ​നം ചെ​യ്താൽ, അവർ അറി​യാ​തെ സന്മാർ​ഗ്ഗ​ദൂ​ഷ​ക​മായ സം​ഗ​തി​ക​ളിൽ ചാടി പാ​പ​ക്കു​ണ്ടിൽ പതി​ച്ചേ​ക്കും. ഇങ്ങ​നെ വരാ​തി​രി​പ്പാൻ നോ​ക്കേ​ണ്ട​തു് പത്ര​ക്കാ​ര​ന്റെ ചു​മ​ത​ല​യിൽ ഉൾ​പ്പെ​ട്ട കാ​ര്യ​മാ​കു​ന്നു.

നാ​ട​കാ​ഭി​ന​യ​ത്തോ​ടു കൂ​ടി​ച്ചേർ​ന്നോ, തനി​യെ​യോ പോ​കു​ന്ന ഒരു ഏർ​പ്പാ​ടാ​ണു് സം​ഗീ​തം. സം​ഗീ​ത​നാ​ട​ക​ങ്ങൾ ഉണ്ടാ​യി​വ​രു​ന്ന സ്ഥി​തി​ക്കു് ഈ വി​ഷ​യ​ത്തിൽ മല​യാ​ള​പ​ത്ര​ക്കാർ പ്ര​ത്യേ​കം ശ്ര​ദ്ധ​വ​യ്ക്കേ​ണ്ട​താ​യി​ട്ടു​ണ്ടു്. സം​ഗീ​ത​പ്ര​യോ​ഗ​ത്തെ​പ്പ​റ്റി ഗു​ണാ​ഗു​ണ​വി​വേ​ച​നം ചെ​യ്യാൻ ലേ​ഖ​ക​ന്മാർ​ക്കാർ​ക്കും സാ​ധി​ക്കു​മെ​ന്നാ​ണു ചിലർ വി​ചാ​രി​ച്ചു പോ​രു​ന്ന​തു്. ‘ചെ​മ്പട’ എന്നും ‘കാപി’ എന്നും ‘ആദി​താ​ളം’ എന്നും, ‘മധ്യ​മ​താ​ളം’ എന്നും, ‘റവ’ എന്നും, ‘സംഗതി’ എന്നും പലപല സാ​ങ്കേ​തിക ശബ്ദ​ങ്ങൾ ലേ​ഖ​ന​ത്തി​നു​ള്ളിൽ കു​ത്തി​നി​റ​ച്ചു്, സാ​ധാ​രണ വാ​യ​ന​ക്കാ​ര​ന്മാർ​ക്കു മന​സ്സി​ലാ​കാ​ത്ത വി​ധ​ത്തിൽ, വള​ച്ചു​പൊ​ള​ച്ചു വല്ല​തു​മെ​ഴു​തി​യാൽ സംഗീത നി​രൂ​പ​ണ​മാ​യി എന്നാ​ണു അവ​രു​ടെ വി​ചാ​രം. ഈ ശബ്ദ​ങ്ങ​ളൊ​ക്കെ ആവ​ശ്യ​കം അല്ലെ​ന്നു പറ​യു​ന്നി​ല്ല. സംഗീത നി​രൂ​പ​കൻ എന്നു വേണ്ട, കലാ​വി​ദ്യ​ക​ളിൽ ഏതൊ​ന്നി​നേ​യും നി​രൂ​പി​ക്കു​ന്ന​വ​രെ​ല്ലാം, അതാതു കല​ക​ളി​ലെ സാ​ങ്കേ​തിക പദ​ങ്ങ​ളിൽ പരി​ച​യ​പ്പെ​ട്ടി​രി​ക്കേ​ണ്ട​താ​വ​ശ്യ​മാ​ണു്. ആ വക പദ​ങ്ങൾ ലേ​ഖ​ന​ത്തിൽ പ്ര​യോ​ഗി​ക്കേ​ണ്ട​തും ആവ​ശ്യം; എന്നാൽ മു​ഖ്യ​മായ ആവ​ശ്യം അതല്ല: സം​ഗീ​ത​നാ​ട​ക​ക്കാ​രു​ടെ​യോ സം​ഗീ​ത​സം​ഘ​ക്കാ​രു​ടെ​യോ പ്ര​യോ​ഗം എങ്ങ​നെ​യാ​യി​രു​ന്നു എന്നു വാ​യ​ന​ക്കാ​രെ അറി​യി​ക്ക​യാ​ണു് വേ​ണ്ട​തു്. ഇതി​ലേ​ക്കു്, ലേ​ഖ​ക​നു് അവ​രു​ടെ സ്വ​കാ​ര്യ​മായ അഭി​ന​യ​ങ്ങൾ മുൻ​കൂ​ട്ടി​ക്കാ​ണ്മാൻ കഴി​ഞ്ഞി​രു​ന്നാൽ, അഭി​പ്രാ​യം സ്വ​രൂ​പി​പ്പാൻ കുറെ എളു​പ്പ​മു​ണ്ടാ​യി​രി​ക്കും. ലേഖകൻ അക്കൂ​ട്ട​രിൽ പ്ര​മാ​ണി​ക​ളെ​പ്പ​റ്റി ചില വി​വ​ര​ങ്ങൾ റി​പ്പോർ​ട്ടിൽ ചേർ​ക്കു​ന്ന​തു് അനു​ചി​ത​മാ​ക​യി​ല്ല. പാ​ട്ടു​ക​ളു​ടെ കർ​ത്താ​വു് ഇന്ന മട്ടു​കാ​ര​നാ​ണു്, ദേ​ശി​ക​മ​ട്ടോ, സോ​പാ​ന​മ​ട്ടോ, ത്യാ​ഗ​രാ​ജ​ശി​ഷ്യ​നോ, ദീ​ക്ഷി​ത​ശി​ഷ്യ​നോ, പാ​ഴ്സി​നാ​ട​ക​മ​ട്ടു​കാ​ര​നോ, തമി​ഴ്മ​ട്ടു​കാ​ര​നോ എന്നൊ​ക്കെ വാ​യ​ന​ക്കാ​രെ ഗ്ര​ഹി​പ്പി​ക്ക​ണം. പാ​ട്ടു​കാർ​ക്കും വൈ​ണി​ക​ന്മാർ​ക്കും ഫി​ഡിൽ​കാ​രർ​ക്കും മറ്റു കൂ​ട്ടർ​ക്കും വല്ല പ്ര​ത്യേക ഗോ​ഷ്ഠി​ക​ളു​മു​ണ്ടോ എന്ന​റി​യു​ന്ന​തു് അവ​രു​ടെ ഗാ​ന​പ്ര​യോ​ഗ​വി​ശേ​ഷ​ത്തി​ന്റെ കാ​ര​ണ​ങ്ങ​ളെ അറി​വാൻ ഉപ​ക​രി​ക്കും. നാ​ട​ക​ത്തി​ലാ​ണെ​ങ്കിൽ, പാ​ട്ടു​കൾ സന്ദർ​ഭോ​ചി​ത​ങ്ങ​ളാ​യി​രി​ക്കു​ന്നു​ണ്ടോ, ആവ​ശ്യ​ത്തിൽ കവി​ഞ്ഞു് ദീർ​ഘ​മാ​യി​ട്ടു​ണ്ടോ, സ്തോ​ഭം ശരി​യാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്നു​ണ്ടോ, നട​ന്റെ അഭി​ന​യ​ത്തി​നു പാ​ട്ടു നി​മി​ത്തം ക്ലേ​ശം തട്ടു​ന്നു​ണ്ടോ, എന്നെ​ല്ലാം, സൂ​ക്ഷി​ച്ച​റി​ഞ്ഞു പറയണം. സംഗീത നി​രൂ​പ​കൻ അവ​ശ്യം ശ്ര​ദ്ധി​ക്കേ​ണ്ടിയ കാ​ര്യ​ങ്ങൾ: (1) സം​ഗീ​ത​ത്തെ​പ്പ​റ്റി വി​മർ​ശ​നം ചെ​യ്യേ​ണ്ട​തി​ന്റെ ഉദ്ദേ​ശ്യ​മെ​ന്തു് എന്നു് വ്യ​ക്ത​മാ​യി ധരി​ച്ചി​രി​ക്കുക. (2) സം​ഗീ​ത​കല സം​ബ​ന്ധി​ച്ചു​ള്ള ഓരോ പ്ര​മേ​യ​ങ്ങ​ളിൽ തനി​ക്കു പ്ര​ത്യേ​ക​മാ​യു​ള്ള മനോ​ഗ​തി​യും ശീ​ല​വും എന്താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​രി​ക്കുക—ഈ രണ്ടു​മാ​ണു്. ഇവയിൽ ഒന്നാ​മ​ത്തെ​തായ സം​ഗീ​ത​വി​മർ​ശ​ന​ത്തി​നു് ഉദ്ദേ​ശ്യം മു​ഖ്യ​മാ​യി രണ്ടു​ണ്ടു്: ഒന്നു്, തന്റെ ലേഖനം വാ​യി​പ്പാ​നി​ട​യാ​കു​ന്ന​വർ​ക്കു സം​ഗീ​ത​ശാ​ല​യിൽ എത്തി​യി​രു​ന്നു​വെ​ങ്കിൽ ഇന്ന​യി​ന്ന​വി​ധം രസി​ക്കാ​മാ​യി​രു​ന്നു എന്നു ഒരു അഭി​പ്രാ​യം തോ​ന്ന​ത്ത​ക്ക​വ​ണ്ണം ആ സം​ഗീ​ത​പ്ര​ക​ട​ന​ത്തെ​പ്പ​റ്റി ശരി​യാ​യും വി​ശ​ദ​മാ​യു​മു​ള്ള ഒരു വി​വ​ര​ണം കൊ​ടു​ക്കുക; രണ്ടാ​മ​തു്, ആ സം​ഗീ​ത​പ്ര​ക​ട​ന​ത്തെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങൾ അഭി​ന​ന്ദി​ക്ക​യോ നി​ന്ദി​ക്ക​യോ ചെ​യ്യേ​ണ്ട​തെ​ന്നു് തനി​ക്കു തോ​ന്നു​ന്ന അഭി​പ്രാ​യ​ത്തെ പറക. ഇവയിൽ ഒന്നാ​മ​ത്തെ​തി​നു്, സം​ഗീ​ത​ക​ല​യിൽ പരി​ജ്ഞാ​ന​വും, പാ​ട്ടി​ന്റെ ഗു​ണാ​ഗു​ണ​ങ്ങ​ളെ ഉട​നു​ടൻ തി​രി​ച്ച​റി​വാൻ തക്ക​വ​ണ്ണം ശ്ര​വ​ണേ​ന്ദ്രി​യ​ത്തി​നു പരി​ശീ​ല​ന​വും സി​ദ്ധി​ച്ചി​രി​ക്ക​ണം. ഇതു​ണ്ടാ​യാ​ലേ സം​ഗീ​ത​പ്ര​ക​ട​ന​ത്തെ​പ്പ​റ്റി ശരി​യാ​യും വി​ശ​ദ​മാ​യും വർ​ണി​പ്പാൻ സാ​ധി​ക്കൂ. ഈ യോ​ഗ്യത ഇല്ലാ​ത്ത​വർ എത്ര​ത​ന്നെ കോ​ലാ​ഹ​ലം കൂ​ട്ടി​യെ​ഴു​തി​യാ​ലും, അതു യഥാർ​ത്ഥ​മായ സം​ഗീ​ത​നി​രൂ​പ​ണ​മാ​ക​യി​ല്ല. നി​രൂ​പ​ണ​കർ​ത്താ​വു പാ​ട്ടു കേ​ട്ടി​രി​ക്കു​മ്പോൾ ‘ബലേ’ വി​ളി​ച്ച​തു​കൊ​ണ്ടോ, ‘തല​കു​ലു​ക്കി’യതു​കൊ​ണ്ടോ മാ​ത്രം പാ​ട്ടു മെ​ച്ച​മാ​യി എന്നു നിർ​ണ്ണ​യി​പ്പാൻ പാ​ടി​ല്ല. ഗാ​ന​കർ​ത്താ​വി​ന്റെ ആശ​യ​മെ​ന്തെ​ന്ന​റി​വാ​നും, അറി​ഞ്ഞാൽ​കൂ​ടി സാ​ധാ​രണ ഭാ​ഷ​യിൽ പറ​ഞ്ഞ​റി​യി​പ്പാ​നും, എപ്പോ​ഴും സാ​ധ്യ​മ​ല്ല. സം​ഗീ​ത​മോ, മനു​ഷ്യ​ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളെ പുറമെ അറി​യി​ക്കു​ന്ന സമ്പ്ര​ദാ​യം ആകു​ന്നു എന്നു നാം അറി​യ​ണം. സാ​ധാ​രണ ഭാ​ഷ​യി​ലു​ള്ള വാ​ക്കു​കൾ കേ​ട്ടാൽ ഇള​കാ​ത്ത എത്ര​യോ ചി​ത്തം സം​ഗീ​ത​ധ്വ​നി​യു​ടെ ശ്ര​വ​ണ​ത്താൽ അലി​ഞ്ഞു​പോ​കു​മാ​റു​ണ്ടു്. ഹേ​ര​യ​വി​കാ​ര​ങ്ങ​ളെ പറ​ഞ്ഞ​റി​യി​ക്കു​ന്ന​തി​നു വാ​ക്കു​കൾ ഉപ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം സം​ഗീ​ത​ത്തെ ഉപ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഒരു കാലം ഉണ്ടാ​കും എന്നു​കൂ​ടെ ചില മാ​ന​സ​ശാ​സ്ത്ര​ജ്ഞ​ന്മാർ​ക്കു അഭി​പ്രാ​യ​മാ​യി​രി​ക്കു​ന്നു. എത്ര മഹ​ത്തായ സം​ഗീ​ത​ത്തെ നി​രൂ​പ​ണം ചെ​യ്യാൻ പു​റ​പ്പെ​ടു​ന്ന​വർ പാ​ട്ടി​ലെ പദ​ങ്ങ​ളെ​യോ, മാ​തൃ​കാ​മ​ട്ടി​നെ​യോ, മറ്റോ കണ്ടു മാ​ത്രം കോ​ലാ​ഹ​ലം കൂ​ട്ടി​യെ​ഴു​തു​ന്ന​തു​കൊ​ണ്ടു കാ​ര്യ​മാ​ക​യി​ല്ല; സന്ദർ​ഭൗ​ചി​ത്യ​ത്തെ​യും, ശ്രോ​താ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തെ ഇള​ക്കി മറി​പ്പാ​നു​ള്ള ശക്തി​യെ​യും, അനിർ​വാ​ച്യ​മാ​യും സർ​വ്വോ​പ​രി​ഷ്ഠ​മാ​യു​മു​ള്ള ഒരാ​ന​ന്ദ​മ​നു​ഭ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ചൈ​ത​ന്യ​ത്തെ​യും ആ പാ​ട്ടിൽ കാ​ണ്മാൻ കഴി​യ​ണം. ഇത്ത​രം പാ​ട്ടി​നെ ശരി​യാ​യും വി​ശ​ദ​മാ​യും വർ​ണ്ണി​ച്ചു​കാ​ണി​ച്ചാൽ പി​ന്നെ രണ്ടാ​മ​ത്തെ ഉദ്ദേ​ശ്യം, ലേ​ഖ​ക​നു് അതി​നെ​പ്പ​റ്റി തോ​ന്നി​യി​ട്ടു​ള്ള അഭി​പ്രാ​യം പറ​ക​യാ​ണു് എന്നു പറ​ഞ്ഞു​വ​ല്ലോ. ഇതിൽ രണ്ടു പക്ഷ​ക്കാ​രു​ണ്ടു്: ഒരു​കൂ​ട്ടർ, സം​ഗീ​തം ബു​ദ്ധി​ക്കു പരി​ഷ്കാ​രം വരു​ത്തു​ന്നു​ണ്ടോ എന്നു നോ​ക്കു​ന്ന​വ​രും. മറു​കൂ​ട്ടർ, സം​ഗീ​തം ഹൃ​ദ​യ​വി​കാ​ര​ജ​ന​ക​മാ​യി​രി​ക്കു​ന്നു​ണ്ടോ എന്നു അന്വേ​ഷി​ക്കു​ന്ന​വ​രും ആണു്. ഇവരിൽ ഏതു പക്ഷ​മാ​ണോ ലേ​ഖ​ക​നു ഹി​ത​മാ​യു​ള്ള​തു്, അതു നോ​ക്കി അതി​ന്നു തക്ക​തായ അഭി​പ്രാ​യ​മെ​ഴു​തു​ന്ന​തിൽ വി​രോ​ധ​മൊ​ന്നു​മി​ല്ല. എന്നാൽ മറു​പ​ക്ഷ​ക്കാ​രെ വൃഥാ വാ​ക്കു​കൾ കൊ​ണ്ടു ശകാ​രി​ക്കാ​തി​രി​ക്ക​ണം. ലേഖകൻ നീ​തി​ന്യാ​യാ​ധി​പ​ന്റെ നി​ല​യിൽ നിൽ​ക്കു​ക​യ​ല്ലാ​തെ വക്കീ​ലി​ന്റെ നി​ല​യിൽ നി​ന്നു വാ​ദി​ക്ക​രു​തെ​ന്നു പ്ര​ത്യേ​കം ഓർ​മ്മ​വെ​യ്ക്ക​യും വേണം. ചി​ത്ര​പ്ര​ദർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച നി​രൂ​പ​ണ​ത്തി​നു് അത്യാ​വ​ശ്യ​മാ​യി വേ​ണ്ട​തു്, ചി​ത്ര​ക​ലാ​പ​രി​ജ്ഞാ​ന​മാ​ണു്. ഇതി​ല്ലാ​തെ ഒരു ചി​ത്ര​ത്തെ കണ്ടു് വല്ല അഭി​പ്രാ​യ​വും എഴു​താൻ ആർ​ക്കും കഴി​യും. നാം എത്ര​യോ പു​സ്ത​ക​ങ്ങൾ ദി​വ​സ​ന്തോ​റും വാ​യി​ക്കു​ന്നു; അവയിൽ ഇന്ന​തു നല്ല​തു, ഇന്ന​തു ചീത്ത എന്നു ഉടനടി ഒര​ഭി​പ്രാ​യം പറവാൻ തയ്യാ​റ​ല്ല. പറ​ഞ്ഞാൽ കൂ​ടി​യും, അതി​ന്നു ആധാ​ര​മെ​ന്തെ​ന്നു പറവാൻ അറി​ക​വ​യ്യാ. ഇതി​ന്മ​ണ്ണം പലേ ചി​ത്ര​ങ്ങ​ളും നാം മേ​ടി​ക്കു​ന്നു; ഇവ എന്തു പ്ര​മാ​ണ​മ​നു​സ​രി​ച്ചാ​ണു് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു്? പ്ര​ത്യേ​കി​ച്ചൊ​രു തോതും നാം കണ്ടി​ട്ടി​ല്ല. വി​ല്ക്കു​ന്ന​വൻ തരു​ന്നു, നാം മേ​ടി​ക്കു​ന്നു; അത്ര​മാ​ത്രം. പ്ര​മാ​ണ​ത്താൽ അധി​ഷ്ഠാ​ന​പ്പെ​ടു​ത്താ​ത്ത ഇത്ത​രം അഭി​പ്രാ​യ​ങ്ങ​ള​ല്ലാ ചി​ത്ര​നി​രൂ​പ​ക​നായ ലേഖകൻ അറി​യി​ക്കേ​ണ്ട​തു്. എന്നാൽ, ചി​ത്ര​ക​ലാ പ്ര​മാ​ണ​ങ്ങൾ അറി​ഞ്ഞ ആളു​കൾ​ക്കു ഒരു ചി​ത്ര​ത്തെ​പ്പ​റ്റിയ ഗു​ണ​ദോ​ഷ​ങ്ങൾ വാ​ക്കു​ക​ളാൽ എഴുതി അറി​യി​പ്പാൻ ശക്തി​യി​ല്ല എന്നും വരും. പത്ര​ലേ​ഖന തൂ​വ​ലും ചി​ത്ര​ലേ​ഖന തൂ​ലി​ക​യും ഒരേ​പ്ര​കാ​രം നൈ​പു​ണ്യ​ത്തോ​ടെ പ്ര​യോ​ഗി​ക്കു​ന്ന​തി​നു കഴി​വു​ള്ള​വർ അവ​ര​വ​രു​ടെ സ്വ​ന്തം പദ്ധ​തി​ക​ളിൽ പക്ഷ​പാ​തി​ക​ളാ​യു​മി​രി​ക്കും. ഏതാ​യാ​ലും, ചി​ത്ര​ങ്ങ​ളെ​പ്പ​റ്റി ഗു​ണാ​ഗു​ണ​നി​രൂ​പ​ണം ചെ​യ്യു​ന്ന ലേ​ഖ​ക​നു് സാ​ധാ​ര​ണ​മാ​യി ഒരു ചി​ത്ര​ക​ലാ നി​പു​ണ​നു് അവ​ശ്യം വേ​ണ്ട​തായ കലാ​വി​ജ്ഞാ​ന​വും കലാ​പ​രി​ശീ​ല​ന​വും ഉണ്ടാ​യി​രി​ക്ക​ണം; ഈ യോ​ഗ്യത ഇല്ല​ത്ത​വർ നി​രൂ​പണ പ്ര​വൃ​ത്തി​ക്കു് പു​റ​പ്പെ​ട​രു​തു്.

ഗു​ണ​ദോ​ഷ​നി​രൂ​പ​ണ​ത്തി​നു വി​ഷ​യ​മായ മറ്റൊ​രു വകു​പ്പു് പു​സ്ത​ക​ങ്ങൾ ആകു​ന്നു; മറ്റൊ​രു എന്ന​ല്ല, ഇപ്പോൾ എല്ലാ വകു​പ്പു​ക​ളി​ലും മു​ഖ്യ​മാ​യി​ട്ടു​ള്ള​തും ഏറെ വലു​പ്പ​മു​ള്ള​തും ഇതാ​ണെ​ന്നു പറയാം. ലോ​ക​ത്തിൽ സക​ല​സം​ഗ​തി​ക​ളും പു​സ്ത​ക​ങ്ങൾ​ക്കു വി​ഷ​യ​മാ​കു​ന്ന സ്ഥി​തി​ക്കു്, ഈ വകു​പ്പു് ഇത്ര​യേ​റെ മഹ​ത്താ​യി​രി​ക്കു​ന്ന​തു് യു​ക്തം തന്നെ​യാ​ണു്. സാ​ഹി​ത്യ​ര​സി​ക​ന്മാർ ധാ​രാ​ള​മാ​യും, പു​സ്ത​ക​പ്ര​സി​ദ്ധീ​കർ​ത്താ​ക്ക​ന്മാ​രും ഗ്ര​ന്ഥ​കർ​ത്താ​ന്മാ​രും അതി​ന്നൊ​പ്പം എണ്ണ​ത്തിൽ ഏറി​യും വരു​ന്ന രാ​ജ്യ​ങ്ങ​ളിൽ, നാൾ​ക്കു​നാൾ അനേകം പുതിയ പു​സ്ത​ക​ങ്ങൾ പു​റ​പ്പെ​ടു​ന്ന​തു സ്വാ​ഭാ​വി​കം ആണ​ല്ലോ. അത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ പത്ര​ങ്ങൾ​ക്കു് അഭി​പ്രായ പ്ര​ക​ട​നാർ​ത്ഥം കി​ട്ടു​ന്ന പു​സ്ത​ക​ങ്ങ​ളെ​പ്പ​റ്റി ഗു​ണാ​ഗുണ നി​രൂ​പ​ണം ചെ​യ്യാൻ ഒരു കട​മ​കൂ​ടെ ഉണ്ടെ​ന്നു പത്ര​പ്ര​വർ​ത്ത​ക​ന്മാർ അറി​യ​ണം. പു​സ്ത​ക​ങ്ങൾ പൊ​തു​വിൽ ജന​ങ്ങൾ വാ​യി​പ്പാൻ ഉദ്ദേ​ശി​ക്ക​പ്പെ​ട്ട​വ​യും, അവർ വാ​യി​ച്ചു പോ​കാ​വു​ന്ന​വ​യും ആക​കൊ​ണ്ടു്, അവ​യു​ടെ സൽ​ക്കാ​ര​ത്തി​നാ​യോ നി​രാ​ക​ര​ണ​ത്തി​നാ​യോ ജന​ങ്ങ​ളു​ടെ മന​സ്സി​നെ സജ്ജ​മാ​ക്കി​ക്കൊൾ​വാൻ പത്ര​ക്കാ​രൻ ഒരു​മ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ, ചി​ല​പ്പോൾ ക്ഷു​ദ്ര​കൃ​തി​കൾ പൊ​തു​ജന മധ്യ​ത്തിൽ പര​ന്നു് ദോ​ഷ​ബീ​ജ​ങ്ങ​ളെ പര​ത്തി​യെ​ന്നു വന്നേ​ക്കും. പു​സ്ത​ക​നി​രൂ​പ​ണം രണ്ടു മാർ​ഗ്ഗ​ത്തിൽ ഉണ്ടാ​കാം: ഒന്നു്, പു​സ്ത​ക​ങ്ങ​ളു​ടെ സ്വ​രൂ​പ​കർ​ത്താ​ക്ക​ന്മാ​രോ പ്ര​സി​ദ്ധീ​കർ​ത്താ​ക്ക​ന്മാ​രോ അവ​യു​ടെ ഗു​ണ​ദോ​ഷ​ചി​ന്ത​ന​ത്തി​നാ​യി പ്ര​ത്യേ​കം ആവ​ശ്യ​പ്പെ​ട്ടു് അവയെ പത്ര​ക്കാ​ര​നു് അയ​ച്ചു​കൊ​ടു​ക്കുക വഴി​യാ​യി​ട്ടും; മറ്റൊ​ന്നു്, അവർ ആവ​ശ്യ​പ്പെ​ടാ​തെ തന്നെ അന്യ​ന്മാർ സ്വ​യ​മേ അവയെ നി​രൂ​പ​ണം ചെ​യ്തി​ട്ടോ ചെ​യ്യാ​നാ​യി​ട്ടോ അയ​ക്കുക വഴി​യാ​യി​ട്ടും, രണ്ടു​പ്ര​കാ​ര​ത്തിൽ വന്നേ​ക്കാം. ഏതു പ്ര​കാ​ര​ത്തി​ലാ​യാ​ലും ഒരു പു​സ്ത​ക​മെ​ന്ന​തു് ഒരു​വ​ന്റെ പ്ര​വൃ​ത്തി​യാ​ക​കൊ​ണ്ടു് ആ പ്ര​വൃ​ത്തി​യെ എപ്പോൾ പൊ​തു​ജ​ന​ങ്ങ​ള​റി​വാൻ വേ​ണ്ടി പുറമെ കാ​ട്ടു​ന്നു​വോ അപ്പോൾ തു​ട​ങ്ങി അതി​നെ​പ്പ​റ്റി ഗു​ണ​ദോ​ഷ​ങ്ങൾ ചി​ന്തി​ച്ചു് അഭി​പ്രാ​യം പറവാൻ പൊ​തു​ജ​ന​ങ്ങ​ളി​ലാർ​ക്കും അവ​കാ​ശ​മു​ള്ള​തി​നാൽ, അതി​ന്റെ നി​രൂ​പ​ണം അന്യാ​യ​കർ​മ്മം ആയി ഗണി​ക്ക​പ്പെ​ട്ടു​കൂ​ടാ. സാ​ധാ​ര​ണ​മാ​യി, പു​സ്ത​ക​കർ​ത്താ​ക്ക​ന്മാ​രോ തൽ​പ്ര​സി​ദ്ധീ​കർ​ത്താ​ക്ക​ന്മാ​രോ, നേ​രി​ട്ടു​ത​ന്നെ, പത്ര​ങ്ങ​ളിൽ അഭി​പ്ര​ക​ട​നാർ​ത്ഥം പു​സ്ത​ക​ങ്ങൾ അയ​ച്ചു​കൊ​ടു​ക്കു​ന്ന​തു് അവ​രു​ടെ തൊ​ഴി​ലു​ക​ളെ​പ്പ​റ്റി അധികം ജന​ങ്ങൾ അറി​യു​ന്ന​തി​നു​കൂ​ടെ ഒരു വഴി​യാ​യി​ത്തീ​രു​ന്ന​താ​ണു്. ഇങ്ങ​നെ കി​ട്ടു​ന്ന പു​സ്ത​ക​ങ്ങൾ നോ​ക്കി ഗു​ണാ​ഗു​ണ​ങ്ങൾ വി​വേ​ചി​ച്ചു് അഭി​പ്രാ​യം പറ​യേ​ണ്ട ചുമതല പത്ര​ക്കാ​ര​നു​ള്ള​താ​ണെ​ന്നി​രു​ന്നാ​ലും, പു​സ്ത​കം ഒന്നോ രണ്ടോ എണ്ണ​മാ​യി​രു​ന്നാൽ​ക്കൂ​ടി​യും, അനേകം കൃ​ത്യ​ങ്ങ​ളിൽ​പെ​ട്ടു​ഴ​ലു​ന്ന പത്രാ​ധി​പർ ഉടനടി അവ​യെ​പ്പ​റ്റി ഗു​ണ​ദോ​ഷ​നി​രൂ​പ​ണം ചെ​യ്യാൻ ശക്ത​നാ​യി എന്നു വരി​ക​യി​ല്ല. പി​ന്നെ, ദിനേ ദിനേ അനേകം പു​സ്ത​ക​ങ്ങൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വലിയ നഗ​ര​ങ്ങ​ളിൽ പത്ര​ങ്ങൾ​ക്കു് എത്ര​യോ ഏറെ പു​സ്ത​ക​ങ്ങൾ കി​ട്ടു​മ്പോൾ ഇവ​യൊ​ക്കെ എങ്ങ​നെ​യാ​ണു് ഒരാൾ പരി​ശോ​ധി​ക്കുക? ലണ്ടൻ മു​ത​ലായ നഗ​ര​ങ്ങ​ളിൽ പത്രാ​ധി​പ​ന്മാർ തന്നെ പു​സ്ത​ക​നി​രൂ​പ​ണം ചെ​യ്യുക എന്ന നട​പ്പു് ഏറെ​ക്കു​റെ ഇല്ലെ​ന്നു പറയാം; ഗ്ര​ന്ഥ​പ​രി​ശോ​ധ​ക​ന്മാ​രെ​ന്നു കീർ​ത്തി​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ​യോ, അതു​ത​ന്നെ തൊ​ഴി​ലാ​ക്കി​യി​രി​ക്കു​ന്ന ലേ​ഖ​ക​ന്മാ​രെ​യോ ഏല്പി​ച്ചി​ട്ടാ​ണു് ഗു​ണ​ദോ​ഷ​നി​രൂ​പ​ണം ചെ​യ്യു​ന്ന​തു്. ചില പത്ര​കാ​ര്യാ​ല​യ​ങ്ങ​ളിൽ നി​ന്നു് ഓരോ ലേ​ഖ​ക​ന്മാർ ചു​മ​ടു​ചു​മ​ടാ​യി പു​സ്ത​ക​ങ്ങൾ കെ​ട്ടി​പ്പേ​റി നട​ക്കാ​റു​ണ്ടെ​ന്നു പറ​യു​മ്പോൾ അതി​ശ​യോ​ക്ത​മാ​യി തോ​ന്നി​യേ​ക്കാം; എന്നാൽ വാ​സ്ത​വോ​ക്ത​മാ​ണെ​ന്നു ഉറ​പ്പു പറ​യു​ന്നു. പു​സ്ത​കാ​ഭി​പ്രാ​യം എഴു​താൻ പ്ര​യാ​സ​മി​ല്ലെ​ന്നാ​ണു് ഇതു​കൊ​ണ്ടു തോ​ന്നി​പ്പോ​കു​ന്ന​തു്; സാ​ധാ​രണ പത്ര​ങ്ങ​ളിൽ കാ​ണു​ന്ന​തായ അഭി​പ്രാ​യ​ലേ​ഖ​ന​ങ്ങൾ വാ​യി​ച്ചാൽ, അവ തീരെ പ്ര​യാ​സം കൂ​ടാ​തെ​യെ​ഴു​തി​യ​വ​യാ​ണെ​ന്നു മന​സ്സി​ലാ​കും. അതാതു വി​ഷ​യ​ങ്ങ​ളിൽ പ്ര​ത്യേ​കം പഠി​പ്പു​ള്ള​വ​രായ വി​ദ​ഗ്ദൻ​മാർ എഴു​തു​ന്ന നി​രൂ​പ​ണ​ങ്ങൾ​ക്കു​ള്ള വി​ശി​ഷ്ടത പ്ര​ത്യേ​കം തന്നെ​യാ​ണു്. ഏതൊ​ന്നാ​യാ​ലും, പു​സ്ത​ക​നി​രൂ​പ​ണം ചെ​യ്യു​വാൻ പ്ര​ത്യേ​കം സാ​മർ​ത്ഥ്യം ഉണ്ടാ​കേ​ണ​മെ​ങ്കിൽ ഒരുവൻ, സാ​ധാ​ര​ണ​ക്കാ​രെ​ക്കാ​ളെ​ല്ലാം ഏത്ര​യോ ഏറെ ഗ്ര​ന്ഥ​പാ​രാ​യ​ണം ചെ​യ്യു​ക​യും, ലോ​ക​ഗ​തി​ക​ളെ പ്രേ​ക്ഷി​ക്ക​യും ചെ​യ്തി​രി​ക്ക​വേ​ണം; ഈ ഗുണം ഉണ്ടാ​യി​രു​ന്നാ​ലേ ഗ്ര​ന്ഥ​കർ​ത്താ​വി​നോ വാ​യ​ന​ക്കാർ​ക്കോ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഒരു സഭി​പ്രാ​യം എഴു​തു​വാൻ കഴിയൂ. പു​സ്ത​ക​ശോ​ധ​ന​ത്തി​നു് പരി​ശോ​ധ​കൻ പ്ര​ത്യേ​കം ഒരു വി​ഷ​യ​ത്തിൽ കഴി​യു​ന്ന​ത്ര വി​ദ​ഗ്ദ്ധ​നാ​യി​രി​ക്കേ​ണ്ട​താ​വ​ശ്യ​മാ​ണു്. അതി​ലേ​ക്കു്, അവൻ സാ​മാ​ന്യ​ക്കാ​രേ​ക്കാൾ അധികം സാ​ഹി​ത്യ​പാ​രാ​യ​ണ​നാ​യി​രി​ക്ക​ണം; അവ​രേ​ക്കാൾ അധികം പഠി​പ്പു​ള്ള​വ​നാ​യി​രി​ക്ക​ണം; വി​ശേ​ഷി​ച്ചും, സാ​ഹി​ത്യ​ത്തിൽ, പ്ര​ത്യേ​കം ഒരു ഭാഗം അവ​ന്റെ മു​ഖ്യ​മായ പഠ​ന​വി​ഷ​യ​മാ​ക്കി​യി​രി​ക്ക​യും വേണം. എല്ലാ വി​ഷ​യ​ങ്ങ​ളി​ലും പഠി​പ്പു നേ​ടീ​ട്ടി​ല്ലെ​ങ്കി​ലും ഒരു വി​ഷ​യ​ത്തിൽ ഏകാ​ഗ്ര​ചി​ത്ത​നാ​യി​രു​ന്നു പഠി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നാൽ ആ വി​ഷ​യ​ത്തിൽ വരു​ന്ന ഏതു പു​സ്ത​ക​ത്തെ​പ്പ​റ്റി​യും അഭി​പ്രാ​യം പറവാൻ അവ​ന്നു് വി​ശേ​ഷ​യോ​ഗ്യ​ത​യു​ണ്ടെ​ന്നു മറ്റു​ള്ള​വർ സമ്മ​തി​ക്കും. ആ വി​ഷ​യ​ത്തിൽ തന്നെ​യും, സാ​ധാ​ര​ണ​ക്കാ​രായ പു​സ്ത​ക​ശോ​ധ​ക​ന്മാർ എഴു​തു​ന്ന​തി​ലും മെ​ച്ച​മായ കാ​ര്യ​ങ്ങൾ പറവാൻ കഴി​ക​യി​ല്ലെ​ങ്കിൽ, പു​സ്തക ശോ​ധ​ന​പ്ര​വൃ​ത്തി​ക്കു് പു​റ​പ്പെ​ടാ​തി​രി​ക്കു​ക​യാ​ണു് ഉചിതം. ഗ്ര​ന്ഥ​ശോ​ധ​ക​ന്റെ കൃ​ത്യം മു​ഖ്യ​മാ​യും, കലാ​കു​ശ​ല​ന്റെ ചി​ട്ട​ക​ളെ പ്ര​സം​ഗി​പ്പാ​നോ, ബഹു​ജ​ന​ങ്ങ​ളെ വി​നോ​ദി​പ്പി​ക്കാ​നോ, അല്ലാ—ഭാ​ഷ്യ​കാ​ര​നാ​യി​രു​ന്നു് വ്യാ​ഖ്യാ​നി​പ്പാ​നാ​ണു്, എന്നു ഓർ​മ്മ​വെ​യ്ക്ക​ണം. അതാതു വി​ഷ​യ​ങ്ങ​ളിൽ പരി​ജ്ഞാ​ന​വും, തന്റെ അഭി​പ്രാ​യ​ങ്ങ​ളെ എഴുതി ഫലി​പ്പി​ക്കാ​നു​ള്ള നൈ​പു​ണ്യ​വും മാ​ത്രം ഉണ്ടാ​യി​രു​ന്നാൽ പോരാ; ഗ്ര​ന്ഥ​വി​ഷ​യ​ത്തെ അഴി​ച്ചു​പി​രി​ച്ചു്, വകയും തു​ക​യും തി​രി​ച്ചു് മനോ​ദൃ​ഷ്ടി​ക്കു മു​മ്പിൽ നി​ര​ത്തി​വെ​പ്പാൻ തക്ക മനോ​ധർ​മ്മ​വും, അതി​ലേ​ക്കു​വേ​ണ്ട അക്ഷീ​ണ​മായ കരു​ണ​സ്വ​ഭാ​വ​വും ഉണ്ടാ​യി​രി​ക്ക​ണം. ഗ്ര​ന്ഥ​കർ​ത്താ​വി​ന്റെ അഥവാ ഒരു ചി​ത്ര​കാ​ര​ന്റെ തന്നെ​യാ​ക​ട്ടെ ഉദ്ദേ​ശ്യം എന്താ​ണെ​ന്നു കണ്ടു​പി​ടി​പ്പാൻ പരി​ശേ​ധ​ക​ന്നു ഈ അക്ഷീ​ണ​മായ കരുണ സ്വ​ഭാ​വം മു​ഖ്യാ​വ​ശ്യ​മാ​ണു്; ഇതി​ല്ലാ​ഞ്ഞാൽ, പരി​ശോ​ധ​കൻ എത്ര വളരെ മി​ടു​ക്കു ഗ്ര​ന്ഥ​വി​ഷ​യാ​പ​ഗ്ര​ഥ​ന​കാ​ര്യ​ത്തിൽ പ്ര​ക​ടി​പ്പി​ച്ചാ​ലും, നി​രൂ​പ​ണം ഒന്നാ​ന്ത​ര​മാ​ക​യി​ല്ല. ‘കു​റ​വും കു​റ്റ​വും നോ​ക്കി​പ്പ​റ​വാൻ’ പ്ര​യാ​സ​മൊ​ട്ടു​മി​ല്ല; അതു് ഏതു ഭോ​ഷ​നും കഴി​യും; ബു​ദ്ധി​മാ​നാ​യി​രു​ന്നാൽ അതു രസ​ക​ര​മാ​യും ഉത്തേ​ജ​ക​മാ​യു​മു​ള്ള വി​ധ​ത്തിൽ പറ​യു​വാൻ സാ​ധി​ക്കും. പി​ന്നെ ആശാ​രി​യു​ടെ അള​വു​കോ​ലി​നു് അള​ന്നു​നോ​ക്കി നീളം കു​റ​ഞ്ഞു​വെ​ന്നോ, ഏറി​പ്പോ​യി എന്നോ, ആക്ഷേ​പം പറ​വാ​നും, രാ​സ​ശോ​ധ​ക​ന്റെ ശോ​ധ​ന​ക്കു​ഴ​ലിൽ ആക്കി ഓരോരോ ദ്രാ​വ​ക​ങ്ങ​ളു​ടെ പ്ര​യോ​ഗം​കൊ​ണ്ടു് ഇന്ന​യി​ന്ന തത്വ​പ​ദാർ​ത്ഥ​ങ്ങ​ള​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇന്ന​തി​ന്ന​തി​ല്ലെ​ന്നും നിർ​ണ്ണ​യി​ച്ചു വി​ധി​പ്പാ​നും ഇക്കാ​ല​ത്തെ പു​സ്തക പരി​ശോ​ധ​കൻ ബു​ദ്ധി ചു​ഴി​യു​ക​യും വേ​ണ്ടാ. ഗു​ണ​ദോഷ നി​രൂ​പ​ണം കൊ​ണ്ടു് ഒരു​വ​നെ ഹനി​ക്കു​ന്ന​തി​ന​ല്ലാ, അവനെ നന്നാ​ക്കു​വാ​നാ​ണു് ഉദ്ദേ​ശി​ക്കേ​ണ്ട​തു്. ഇതി​ന്നു് അവ​ന്റെ നി​ല​യെ​ന്തെ​ന്ന​റി​യുക അത്യാ​വ​ശ്യ​മാ​കു​ന്നു. ഒരുവൻ ഒരു ജന​സം​ഘ​മ​ധ്യേ പ്ര​സം​ഗി​ക്കു​ന്നു എന്നും, അവ​ന്റെ പ്ര​സം​ഗ​ത്തെ​പ്പ​റ്റി ഗു​ണാ​ഗു​ണ​നി​രൂ​പ​ണം ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു എന്നും വി​ചാ​രി​ക്കുക. പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​ങ്ങൾ വ്യാ​ക​രണ നി​യ​മ​ങ്ങൾ​ക്കു് വി​രു​ദ്ധ​മാ​യി​രു​ന്നു എന്നോ, അതിൽ യു​ക്തി​യി​ല്ലാ എന്നോ, മറ്റോ നി​ഷേ​ധം ചെ​യ്യു​ന്ന​തു​കൊ​ണ്ടു കാ​ര്യ​മാ​ക​യി​ല്ല; അവ​ന്റെ പ്ര​സം​ഗ​ത്തി​നു് ജന​ങ്ങ​ളെ ആകർ​ഷി​പ്പാൻ ശക്തി​യു​ണ്ടാ​യി​രു​ന്നു​വോ, ഇല്ലാ​യി​രു​ന്നു​വോ? അതിനു കാ​ര​ണ​മെ​ന്തു്? ഇതാ​ണു് നി​രൂ​പ​ണം ചെ​യ്ത​റി​യി​ക്കേ​ണ്ട​തു്. ഇതി​ലേ​ക്കു് പ്ര​സം​ഗ​ത്തി​ന്റെ ഉള്ളിൽ കട​ന്നു​നോ​ക്ക​ണം. ഇതി​ന്മ​ണ്ണം​ത​ന്നെ, ഗ്ര​ന്ഥ​കർ​ത്താ​വി​ന്റെ ഉദ്ദേ​ശ്യ​ങ്ങ​ളെ​യും, അയാൾ ആർ​ക്കാ​യി​ട്ടു തന്റെ അനു​ഭ​വ​ങ്ങ​ളെ​യോ അഭി​പ്രാ​യ​ങ്ങ​ളെ​യോ പു​സ്ത​ക​മു​ഖേന പറ​ഞ്ഞു​കൊ​ടു​ക്കു​ന്നു​വോ അവ​രു​ടെ നി​ല​യേ​യും നല്ല​വ​ണ്ണം ഓർ​മ്മ​വെ​ച്ചു​കൊ​ണ്ടു​വേ​ണം പരി​ശോ​ധ​കൻ അയാ​ളു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യെ ഗ്ര​ന്ഥ​ത്തി​ന്റെ ആക്ഷേ​പാർ​ഹ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ക്ഷ​ണി​ക്കു​വാൻ. ഒരുവൻ സാ​ധാ​രണ കൂ​ലി​വേ​ല​ക്കാ​രോ​ടു പ്ര​സം​ഗി​ക്കു​മ്പോൾ ഉപ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഭാ​ഷ​യും ഭാ​വ​ങ്ങ​ളും വി​ദ്വാ​ന്മാർ​ക്കു അല്പ​വും രു​ചി​ക്ക​യി​ല്ലെ​ന്നു വരും; പക്ഷേ, അവർ അവയെ നി​ന്ദ്യ​മെ​ന്നു​കൂ​ടി​യും വി​ചാ​രി​ച്ചേ​ക്കാം. നേ​രെ​മ​റി​ച്ചു, ഒരു വി​ദ്വ​ത്സ​ദ​സ്സിൽ പ്ര​സം​ഗി​ക്കു​മ്പോൾ ഉപ​യോ​ഗി​ക്കു​ന്ന ഭാഷ വി​ദ്വാ​ന്മാർ​ക്കു സമ്മ​ത​മാ​യി​രു​ന്നാ​ലും, സാ​ധാ​ര​ണ​ക്കാർ​ക്കു ‘അശേ​ഷം​ഗീർ​വാ​ണം’ ആയി തോ​ന്നു​ക​യും ചെ​യ്യും. എന്നാൽ, പ്ര​സം​ഗ​കർ​ത്താ​വു അതാതു സഭ​ക​ളിൽ സഫ​ല​മാ​യി പ്ര​സം​ഗി​ച്ചു എന്നു ഓരോ കൂ​ട്ട​രും പ്ര​ശം​സി​ക്ക​ത്ത​ക്ക​വ​ണ്ണം സാ​മർ​ത്ഥ്യം പ്ര​ക​ടി​ച്ചി​രി​ക്കാം. ഈ വി​ജ​യ​ത്തി​ന്റെ കാ​ര​ണ​മെ​ന്തെ​ന്നു നിർ​ണ്ണ​യി​ക്കു​വാൻ പരി​ശോ​ധ​കൻ ഒരേ തോ​ത​ല്ല ഉപ​യോ​ഗി​ക്കു​ന്ന​തെ​ന്നു നി​ശ്ച​യം​ത​ന്നെ. ഗ്ര​ന്ഥ​ശോ​ധ​ന​ത്തി​ലും ഇപ്ര​കാ​ര​മു​ള്ള ഔചി​ത്യ​വി​ചാ​ര​ത്തോ​ടു കൂ​ടീ​ട്ടാ​യി​രി​ക്ക​ണം അഭി​പ്രാ​യം പറവാൻ. ഗ്ര​ന്ഥ​ശോ​ധ​ക​ന്റെ മു​ഖ്യ​മായ ഉദ്ദേ​ശ്യം പു​സ്തക കർ​ത്താ​വി​ന്റെ ആശ​യ​ത്തെ സക​രു​ണം വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രി​ക്ക​ണം എന്നു സൂ​ചി​പ്പി​ച്ചു​വ​ല്ലോ; ഇതി​ലേ​ക്കു് ഒരു ഗ്ര​ന്ഥ​ത്തെ തൽ​കർ​ത്താ​വി​ന്റെ നി​ല​യിൽ നി​ന്നു നോ​ക്കി അയാ​ളു​ടെ ശ്ര​മ​മെ​ന്തു​മാ​ത്ര​മെ​ന്നു മന​സ്സി​ലാ​ക്കുക ആവ​ശ്യ​മാ​കു​ന്നു. എന്നാൽ അയാൾ എന്തെ​ങ്കി​ലും ശ്രമം ചെ​യ്തി​ട്ടു​ണ്ട​ല്ലോ എന്നു വി​ചാ​രി​ച്ചു് ഗ്ര​ന്ഥ​ത്തി​നു് അർ​ഹ​ത​യി​ല്ലാ​ത്ത പ്ര​ശംസ ചെ​യ്തു​കൊ​ളേ​ള​ണ​മെ​ന്നു ഇതി​നാൽ അർ​ത്ഥ​മാ​ക്ക​രു​തു്. ഗ്ര​ന്ഥ​ശോ​ധ​ന​ത്തിൽ, ഇന്ന സം​ഗ​തി​ക​ളെ​പ്പ​റ്റി​വേ​ണം ഗു​ണ​ദോ​ഷ​ങ്ങൾ കണ്ടു​പി​ടി​ച്ചു പറവാൻ എന്നാ​ക​ട്ടെ, ഗ്ര​ന്ഥ​ത്തിൽ ഗു​ണ​മി​ന്ന​തു് ദോ​ഷ​മി​ന്ന​തു് എന്നു നിർ​ണ്ണ​യി​ക്കേ​ണ്ട നിയമം എന്താ​ണെ​ന്നാ​ക​ട്ടെ പ്ര​തി​പാ​ദി​ക്കു​ന്ന​തു് സാ​ഹി​ത്യ​ശാ​സ്ത്ര​ത്തിൽ ഉൾ​പ്പെ​ട്ട​താ​ക​യാൽ ഇവിടെ അവയെ വി​വ​രി​ക്കു​ന്നി​ല്ല.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃ​ത്താ​ന്ത​പ​ത്ര​പ്ര​വർ​ത്ത​നം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള, വൃ​ത്താ​ന്ത​പ​ത്ര​പ്ര​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.