images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
അണിയറ

എല്ലാം അവനൊരു സ്വപ്നം പോലെയാണു തോന്നിയതു്. ആരോ ഒരാൾ മുഖത്ത് ഏതോ പശതേച്ചു വെളുത്ത താടിരോമം ഒട്ടിക്കുന്നു. മറെറാരാൾ ഇല്ലാത്ത കുടുമയുണ്ടാക്കി വലത്തെ ചെവിക്കു മുകളിൽ കെട്ടിയുറപ്പിക്കുന്നു. പിന്നെ ഭസ്മരേഖ വരയ്ക്കലും ചന്ദനക്കുറി തൊടുവിക്കലും പുളിയിലക്കരമുണ്ടുടുപ്പിക്കലും രണ്ടാം മുണ്ടു് തോളിൽ ഞാത്തിയിടലും… എല്ലാം കഴിഞ്ഞു കൈയിലൊരു ഊന്നുവടി പിടിപ്പിച്ചപ്പോൾ അവർക്കു തൃപ്തിയായി. കൂട്ടത്തിൽ ഒരാൾ അകന്നു നിന്നും അവനെ നോക്കിപ്പറഞ്ഞു:

“ഇപ്പം കിഴവൻ തന്നെ.”

“ശരിയായ കിഴവൻ.”

രണ്ടാമൻ അതു പൂർത്തിയാക്കി. എന്നിട്ടു രണ്ടുപേരും രസിച്ചു ചിരിച്ചു. അപ്പോൾ, പതിനഞ്ചാം വയസ്സിന്റെ പടിവാതിലിലെത്തി നില്ക്കുന്ന ആ പടുകിഴവൻ നെടുവീർപ്പിട്ടു. എന്താണു നടക്കുന്നതെന്നു ഒരു രൂപവും അവനുണ്ടായിരുന്നില്ല.

ആരായിരുന്നു അവൻ?

ഞാൻ തന്നെ. ഈ ഞാൻ. എന്നെ അവരെല്ലാവരും ചേർന്നു നാടകവേഷം കെട്ടിക്കുകയായിരുന്നു. നന്നെ കുട്ടിയായിരിക്കുമ്പോൾ അമ്മാവന്റെ തോളിലിരുന്നു ഞാനൊരു നാടകം കണ്ടിട്ടുണ്ടു്. ആ നാടകത്തെ സംബന്ധിച്ച് ഓർമ്മയിൽ തങ്ങിനില്ക്കുന്നതു് ഒരു ശ്രീകൃഷ്ണന്റെ ചിത്രം മാത്രമാണു്. മുമ്പിൽ തൂങ്ങുന്ന തിരശ്ശീലയിൽ നല്ല ഭംഗിയുള്ള ഒരു ശ്രീകൃഷ്ണന്റെ ചിത്രമുണ്ടായിരുന്നു. ശ്രീകൃഷ്ണനു ചുറ്റും പശുക്കളുണ്ടായിരുന്നു. ശ്രീകൃഷ്ണനു തണൽ വിരിച്ചത് വലിയൊരു ആൽമരമായിരുന്നു. ഇടയ്ക്കിടെ ആ തിരശ്ശീല ശ്രീകൃഷ്ണനോടൊപ്പം മുകളിലോട്ടു ചുരുണ്ടു മടങ്ങിപ്പോകും. അപ്പോൾ കലശലായ ദുഃഖം. വീണ്ടും ചുരുളഴിഞ്ഞു തിരശ്ശീല താഴോട്ടു വന്നു ശ്രീകൃഷ്ണനെ കാണിച്ചുതരുമ്പോൾ പരമമായ സന്തോഷം. അതായിരുന്നു എന്റെ മനസ്സിലുള്ള നാടകം; അതുമാത്രം.

അവരിലൊരാൾ എന്നെപ്പിടിച്ചു ഒരു മുക്കാലിയിൽ ഇരുത്തിയിട്ടു പറഞ്ഞു: “അവിടെ ഇരുന്നോ, എങ്ങും പോണ്ടാ. സമയം ആവുമ്പം വന്നു വിളിക്കാം.”

സമയമാവുമ്പോഴുള്ള വിളിയും കാത്തു് അവിടെ ഇരിക്കുമ്പോൾ പുറത്തു ജനബഹളം. എന്താണു സംഭവിക്കുന്നതെന്നറിയാൻ വലിയ മോഹം. ചുറ്റുമുള്ള ഓലമറയിൽ ഒരു തുളയുണ്ടാക്കിയാൽ പുറത്തു് എന്തു നടക്കുന്നു എന്നറിയാം. ആരെങ്കിലും വഴക്കു പറയുമോ? പതുക്കെ എഴുന്നേറ്റു് ഓലപ്പഴുതിലൂടെ വിരൽ കടത്തി ഒരു സുഷിരമുണ്ടാക്കി. കഷ്ടിച്ചു് ഒരു കണ്ണിലൂടെ പുറം കാഴ്ച കിട്ടും. നോക്കി. ഗ്യാസ് ലൈറ്റിന്റെ പ്രഭാപൂരത്തിൽ ഒരുപാടാളുകൾ കൂടിനിന്നു ബീഡിവലിച്ചു പുകയൂതുകയും എന്തൊക്കെയോ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. സോഡാക്കുപ്പികൾ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ കലശലായ ദാഹം തോന്നി. ചുണ്ടുകൾ നക്കി നനച്ചു കുടിനീരിറക്കി. അപ്പോൾ മുഖത്തു് ഉണങ്ങിപ്പിടിച്ചുനില്ക്കുന്ന പശയുടെ വലിവു വലിയ ശല്യമായി. ഒക്കെപ്പാടെ മാന്തിപ്പൊളിച്ചു കളയാൻ തോന്നി.

വീണ്ടും മുക്കാലിയിൽ ചെന്നിരുന്നു, എപ്പോഴാണു വിളിവരുന്നതെന്നും കാത്തു കൊണ്ടു്. മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ഒരു നൊമ്പരം. അതോ പേടിയോ? അതെ പേടിതന്നെ. നാടകക്കളിയെക്കുറിച്ചുള്ള പേടി. പലതും പറഞ്ഞു തന്നിട്ടുണ്ടു്. പറയേണ്ടതു പഠിപ്പിച്ചിട്ടുമുണ്ട്. വഴിക്രമത്തിൽ എല്ലാം ആലോചിച്ചു. ഒന്നും മറന്നിട്ടില്ല. പക്ഷേ, ജനങ്ങളുടെ മുമ്പിലെത്തുമ്പോൾ പതറിച്ച പറ്റുമോ—അതാണു പേടി. മുമ്പിലുള്ള തിരശ്ശീലയിലെ ശ്രീകൃഷ്ണൻ ചുരുണ്ടു ചുരുണ്ടു മേലോട്ടു പോകുമ്പോൾ അപ്പുറം ജനപ്രളയമായിരിക്കില്ലേ? അവരെ കാണുമ്പോൾ, അവരെന്നെ കാണുമ്പോൾ?… ആലോചന മുഴുമിക്കും മുമ്പു ശ്രീകൃഷ്ണന്റെ രൂപം രക്ഷയ്ക്കെത്തി. ശ്രീകൃഷ്ണനും നാടകക്കളിയുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഒരു പഴയ സംഭവം എന്റെ ഓർമ്മയിലെത്തി.

അന്നു കൊച്ചുകുട്ടിയായിരുന്നു. ഹരിയിലെഴുത്തും ഗണപതിയെഴുത്തുമെല്ലാം മുത്തച്ഛന്റെ വകയായിരുന്നു. പുറത്താരേയും വിളിച്ചില്ല. മുത്തച്ഛൻ വലിയ പണ്ഡിതനായിരുന്നു. ശ്രീകൃഷ്ണചരിതം മണിപ്രവാളവും അമരവും പഠിച്ചു കഴിഞ്ഞു് ഉറപ്പുള്ള ഒരടിത്തറയുണ്ടാക്കീട്ടു സ്കൂളിൽ ചേർത്താൽ മതിയെന്നും മുത്തച്ഛൻ തീരുമാനിച്ചു. ഗണപതിയെഴുത്തിനുശേഷം എന്നെ പഠിപ്പിക്കാൻ ചാത്തുകുരിക്കളെ വരുത്തി. വെളുത്തു തടിച്ചു നല്ല ഉയരമുള്ള ഒരാളായിരുന്നു ചാത്തു കുരിക്കൾ, ഉച്ചിയിൽ നാലിഴരോമമുള്ളതു് എപ്പോഴും ഭംഗിയായി ഒതുക്കിവെച്ചിരിക്കും. വായിൽ ഒരു പല്ലുമില്ല. എങ്കിലും, സദാ നേരമ്പോക്കു പറഞ്ഞു ചിരിക്കുന്ന ചാത്തു കുരിക്കളെ ആരും ഇഷ്ടപ്പെടും. ഇളം പൈതലിന്റെ ചിരിയാണു്. മോണ മുഴുവനും പുറത്തു കാട്ടി സ്നേഹത്തിന്റെ മാത്രം വെളിച്ചമുള്ള ചിരി. കുരിക്കൾ അമരകോശ പദ്യങ്ങൾ പഠിപ്പിക്കാനാണു തുടങ്ങിയതു്. നാരായത്തിലൂടെ അക്ഷരങ്ങൾ എഴുത്തോലയിൽ വാർന്നുവീഴുമ്പോഴുള്ള ‘കിരുകിര’ ശബ്ദം കേട്ടിരിക്കാൻ രസമാണു്. ആദ്യദിവസം എഴുത്തു കഴിഞ്ഞു നാരായം മാറ്റിവെച്ചു ചാത്തു കുരിക്കൾ ചൊല്ലി:

യസ്യജ്ഞാനദയാസിന്ധോ-
രഗാധസ്യാനഘാ ഗുണാഃ
സേവ്യതാമക്ഷയോ ധീരാഃ
സ ശ്രീയേ ചാമൃതായ ച.

പദ്യം ചൊല്ലുമ്പോൾ കുരിക്കളുടെ മുഖത്തുണ്ടാവുന്ന ഭാവവും പല്ലില്ലാത്ത വായിലൂടെ പുറത്തു വരുന്ന വാക്കുകൾക്കു് ഉച്ചാരണശുദ്ധി കൈവരുത്താനുള്ള തീവ്രശ്രമവും ഓർത്തപ്പോൾ എല്ലാം മറന്നു മനം കുളുക്കെ ചിരിക്കണമെന്നു തോന്നി. നാശം! മുഖത്തെ പശത്തേപ്പു് ഉണങ്ങിയപ്പോൾ കവിളും താടിയെല്ലുമൊക്കെ ഏതോ ലോഹത്തകിടു കൊണ്ടു് ഉണ്ടാക്കിവെച്ചതാണെന്നു തോന്നി. പെട്ടുപോയില്ലേ. ഇനി ദുഃഖിച്ചിട്ടെന്തു കാര്യം? ഇവിടെ ഇപ്പോൾ ആശ്വാസത്തിനു ചാത്തു കുരിക്കൾ തന്നെ ശരണം.

അങ്ങനെ ഒരു ദിവസം നാരായത്തുമ്പും എഴുത്തോലയും ചേർന്നുണ്ടാക്കുന്ന ശബ്ദം കേട്ടുകൊണ്ടു ചാത്തു കുരിക്കളുടെ മുമ്പിലിരിക്കുമ്പോൾ ആരോ മൂന്നു നാലാളുകൾ പടികേറി വരുന്നതു കണ്ടു പരിഭ്രമിച്ചു. കാരണം, അന്നൊക്കെ ‘പിടിച്ചുപറിക്കാ’രെന്നൊരു കൂട്ടം ഞങ്ങളുടെ ഗ്രാമത്തിലും പരിസരപ്രദേശത്തുമൊക്കെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. എല്ലാവർക്കും അവരെ പേടിയായിരുന്നു. അവർക്കു കാബൂൾക്കാരെന്നും പേരുണ്ടായിരുന്നു. കൂറ്റൻ തലയിൽക്കെട്ടും മുട്ടോളമെത്തുന്ന മേലങ്കിയും കാൽക്കുപ്പായവും ധരിച്ചു മുറ്റിത്തഴച്ച കൂട്ടുപുരികത്തിനു താഴെ തീപ്പൊരി പാറുന്ന കണ്ണുകളും, കോളാമ്പിപ്പൂപോലുള്ള മൂക്കും, കൊമ്പൻ മീശയുമായി വരുന്ന പുരുഷന്മാരും ചിത്രപ്പണികളുള്ള പാവാടയും നീളൻ കുപ്പായവും കഴുത്തു നിറയെ കല്ലുമാലയുമണിഞ്ഞു വരുന്ന സ്ത്രീകളും സംഘം ചേർന്നു വരുമ്പോൾ പേടിക്കാതെന്തു ചെയ്യും? വീട്ടുകളിൽ കയറി വന്നു മനസ്സിലാവാത്ത ഏതോ ഭാഷയിൽ അട്ടഹസിക്കുകയും ചിലപ്പോൾ കൈയേറ്റത്തിനു മുതിരുകയും ചെയ്യും. നല്ല സംഭാവന വാങ്ങിയല്ലാതെ അവർ മടങ്ങിപ്പോവില്ല. പടികയറി വരുന്നവർ പിടിച്ചുപറിക്കാരാവുമെന്നു കരുതിയാണു് പരിഭ്രമിച്ചതു്. പക്ഷേ, അവർ പാവങ്ങളായിരുന്നു. മുറ്റത്തുകൂടെ നടന്നു തെക്കുവശത്തുള്ള കളപ്പുരയുടെ കോലായിൽ ഭാണ്ഡമിറക്കി അവർ ഒതുങ്ങിപ്പിടിച്ചിരുന്നു. ആശ്വാസം.

അന്നു രാത്രി ഭക്ഷണം കഴിക്കുമ്പോൾ കളപ്പുരയുടെ കോലായിൽ ഇരിക്കുന്നവർ ആരാണെന്നു തിരക്കി. ആരും ഗൗനിച്ചില്ല. പക്ഷേ, അടുക്കളപ്പണിക്കു സഹായിക്കാൻ വീട്ടിൽ താമസിക്കുന്ന മാധവിയമ്മയ്ക്കു്, ഞാനൊരു കുട്ടിയാണെങ്കിലും എന്റെ ചോദ്യത്തിനു ഉത്തരം പറയണമെന്നു തോന്നി.

“മോനേ, അതു നാടകക്കളിക്കാരാ”

“അതെന്തു കളിയാ മാധവ്യമ്മേ”

“മോനു് ഇന്നു രാത്രി കാണാല്ലോ. കംസനാടകം. നല്ല കളിയാ. ഉറങ്ങണ്ട കെട്ടോ”

ഭക്ഷണം കഴിച്ചു വീട്ടുമുറ്റത്തെ നാടകക്കളി കാണാൻ കാത്തിരുന്നു. വിരിച്ചു വെച്ച കിടക്കയിലാണു കാത്തിരുന്നതു്. അതുകൊണ്ടായിരിക്കണം, അറിയാതെ ഉറങ്ങിപ്പോയി. രാവിലെ ഉണർന്നെണീറ്റു നേരെ മാധവ്യമ്മയുടെ അടുത്തു ചെന്നു ദുഃഖത്തോടെ നിന്നു.

“അയ്യേ... നീ കിടന്നുറങ്ങീല്ലേ?” മാധവിയമ്മ അവനെ കളിയാക്കി.

“നല്ല കളിയായിനും. കൃഷ്ണൻ കംസനെ കൊന്നു.”

“കൃഷ്ണനോ, ശ്രീകൃഷ്ണനോ?”

“ആ മോനേ, ശ്രീകൃഷ്ണൻ തന്നെ. ശ്രീകൃഷ്ണനെ കൊല്ലാൻ ആദ്യം ഒരാന വന്നു.”

“ആനയോ?”

അദ്ഭുതവും ദുഃഖവും കലർന്ന ചോദ്യം.

“ജീവനുള്ള ആനയോ?”

“അല്ല മോനേ. ജീവനുള്ള ആനയല്ല. ആന വേഷം.”

“ആന വേഷം?”

“അതെ, ഒരാൾ കമ്പിളി മൂടിപ്പുതച്ചു കുനിഞ്ഞു നില്ക്കും. ഉണ്ണിപ്പിണ്ടികൊണ്ടുണ്ടാക്കിയ രണ്ടു കൊമ്പും വെച്ചു്. അയാൾ കൃഷ്ണനെ കുത്തിക്കൊല്ലാൻ ചെല്ലും. അപ്പോൾ കൃഷ്ണൻ കൊമ്പു രണ്ടും പറിച്ചു് ആനയെ ചവിട്ടിക്കൊല്ലും.”

നാടകത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങുമ്പോഴാണു വിളി:

“വാ, വാ, സമയായി.”

ദൈവമേ, നാടകം തുടങ്ങുന്നു. അയാളുടെ പിറകെ നടന്നു. യവനികയ്ക്കു പിന്നിൽ നിന്നു. സദസ്സിന്റെ മുഴക്കം അപ്പോൾ വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു. അന്നുവരെ പറഞ്ഞതും പഠിപ്പിച്ചതുമൊക്കെ ഓർത്തുകൊണ്ടു് ഒന്നും പിഴയ്ക്കരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട് നില്ക്കുമ്പോൾ മറ്റൊരാൾ വരുന്നു.

“ഇതാ, ഇവിടെ, ഈ കസേരയിൽ നീ ഇരുന്നോ. ആദ്യത്തെ വിസിൽ കേൾക്കുമ്പോ തയ്യാറെടുക്കണം. രണ്ടാമത്തെ വിസിൽ കേൾക്കുമ്പോ കർട്ടൻ പൊങ്ങും. നീ ഗൗരവത്തിലിരുന്നു അകത്തേക്കു നോക്കി വിളിക്കണം—ആരാ, അവിടെ. അപ്പോൾ കാര്യസ്ഥൻ വരും. ഓർമ്മയില്ലേ? കാര്യസ്ഥന്റെ പിറകെ വരുന്ന പണിക്കർക്കു് കാൽ കഴുകാൻ വെള്ളവും ഇരിക്കാൻ പുൽപ്പായയും കൊണ്ടുവരാൻ കല്പിക്കണം കെട്ടോ. പിന്നെയൊക്കെ പറഞ്ഞപോലെ. ഒന്നും മറക്കരുതു്.”

അയാൾ പോയി. ആദ്യവിസിൽ കേട്ടു. കസേരയിൽ ഇരുന്നു. താമസിയാതെ രണ്ടാമത്തെ വിസിൽ. കർട്ടൻ പതുക്കെ ചുറഞ്ഞു മേലോട്ടു കയറാൻ തുടങ്ങി. സദസ്സ് പ്രത്യക്ഷപ്പെടുന്നു. കണ്ണെത്താത്ത ദൂരത്തോളം ഇളകുകയും ആടുകയും ചെയ്യുന്ന തലകൾ. അതിനപ്പുറം കുത്തനെ നില്ക്കുന്ന ജനങ്ങൾ. അവരെവിടംവരെയുണ്ടെന്നു തിട്ടപ്പെടുത്താൻ പ്രയാസം. എല്ലാവരും നോക്കുന്നത് എന്നെയാണ്. അതു മനസ്സിലായപ്പോൾ നെഞ്ചിൻ കൂടിനകത്തു നിന്നും ഇളം ചൂടുള്ള, കുരുവി കുഞ്ഞിനെപ്പോലൊരു വസ്തു മൂർദ്ധാവും പിളർന്നു മുകളിലോട്ടു പറന്നു പോയി. അതിന്റെ ചിറകടിപോലെ ഹൃദയമിടിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. ബോധം കെട്ടില്ല. കസേരയിൽ നിന്നു താഴെ വീണില്ല. പഠിച്ചുറപ്പിച്ച ഭാഗങ്ങളൊന്നും എന്നെ കൈവെടിഞ്ഞില്ല. മഹാഭാഗ്യം!

അയിത്താചാരത്തിനും മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങൾക്കുമെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ഒരു നാടകമായിരുന്നു അത്. പേരോർക്കുന്നില്ല. നാടകകൃത്തു കേളപ്പജിയായിരുന്നു. ചിലപ്പോഴൊക്കെ നാടകം പഠിപ്പിക്കാൻ അദ്ദേഹവും വരുമായിരുന്നു. സമൂഹനന്മയ്ക്കും സാംസ്കാരികോന്നമനത്തിനും സർവ്വോപരി രാഷ്ട്ര സ്വാതന്ത്ര്യത്തിന്നും വേണ്ടി സദാ പ്രവർത്തിച്ചുപോരുന്ന ആദരണീയനായ കേളപ്പജിയാണു നാടകകൃത്തെന്നറിഞ്ഞു് ഒട്ടനേകമാളുകൾ പല ഭാഗത്തു നിന്നും നാടകം കാണാനെത്തിയിരുന്നു. പാകപ്പിഴകളേറെ പറ്റാത്തതുകൊണ്ടും അഭിനേതാക്കൾ മുഴുവനും എന്നെപ്പോലുള്ള കുട്ടികളായതു കൊണ്ടും, ഓരോ രംഗത്തിന്റെ അവസാനവും നീണ്ട കൈയടികളോടെ സദസ്സ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെയങ്ങനെ നാടകം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ, സദസ്സിന്റെ മുൻവരിയിൽ മാന്യസ്ഥാനത്തിരിക്കുന്ന ഒരാൾ എഴുന്നേറ്റു രംഗവേദിയുടെ അടുത്തു വന്നു നിന്നു. അദ്ദേഹം എന്നെ കൈ മാടി വിളിച്ചു. എഴുന്നേറ്റു ചെല്ലാമോ? വിളിക്കുന്നതെന്തിനായിരിക്കും? അറിയാതെ വല്ല അബദ്ധവും പ്രവർത്തിച്ചോ? ഒന്നും നിശ്ചയമില്ല. ഇരുന്നു പരുങ്ങുമ്പോൾ പിറകിൽനിന്നാരോ ശബ്ദമൊതുക്കിപ്പറയുന്നു:

“എഴുന്നേറ്റു ചെല്ലു്, വേഗം.”

എഴുന്നേറ്റു ചെന്നു. അദ്ദേഹം ഒരു ഉറുപ്പിക എന്റെ കൈയിൽ വെച്ചുതന്നു. നിസ്സാരമെന്നു പറഞ്ഞു പുച്ഛിക്കരുത്. അന്നത്തെ ഉറുപ്പികയാണു്. എഡ്വേർഡ് ഏഴാമന്റെ കിരീടം വെക്കാത്ത കഷണ്ടിത്തല മുദ്രണം ചെയ്ത ഉറുപ്പിക. അക്യാബ് അരി ചാക്കൊന്നിനു മൂന്നര ഉറുപ്പിക വിലയുള്ള കാലത്തെ ഉറുപ്പിക. രംഗത്തു് എന്നോടൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും അദ്ദേഹം പാരിതോഷികം നല്കി. ചെവിടടപ്പിക്കുന്ന കൈയടിയും ചൂളം വിളിയും.

എഡ്വേർഡ് ചക്രവർത്തിയുടെ കിരീടം വെക്കാത്ത തലയെക്കുറിച്ചൊരു കഥയുള്ളത് ഈ അവസരത്തിൽ ഓർത്തുപോകുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ കുരിക്കൾ പറഞ്ഞതാണ്. കുട്ടിക്കാലത്തു് ചക്രവർത്തിയാവുന്നതിനെത്രയോ മുമ്പ് അദ്ദേഹം ഒരു കളവുപറഞ്ഞത്രെ. കളവു പറഞ്ഞവർ ചക്രവർത്തിയാവുമ്പോൾ കിരീടംവെക്കാൻ പാടില്ലെന്നാണു നിയമം.

“അതുകൊണ്ട് കുട്ടികളേ, നിങ്ങളാരും ഒരിക്കലും കളവുപറയരുതു കേട്ടോ.”

കുരിക്കൾ കഥ പറഞ്ഞവസാനിപ്പിച്ച് ധർമ്മോപദേശം നടത്തിക്കഴിഞ്ഞപ്പോൾ എന്റെ അടുത്തിരിക്കുന്ന കുഞ്ഞിക്കണ്ണൻ വളരെയേറെ ദുഃഖത്തോടെ പറഞ്ഞു:

“എനിക്കും പറ്റില്ലെടോ കിരീടം വെക്കാൻ, എമ്പാടും കളവു പറഞ്ഞു പോയി.”

പാവം കുഞ്ഞിക്കണ്ണൻ! സത്യം മാത്രം പറഞ്ഞു ജീവിച്ച സത്യവ്രതന്മാർക്കു് ഇവിടെ ഒരിക്കലും കിരീടം കിട്ടില്ലെന്നു് പില്ക്കാലത്തവൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കണം.

എനിക്കന്നു പാരിതോഷികം തന്ന ആളെപ്പറ്റി രണ്ടു വാക്കിവിടെ പറയാതിരിക്കുന്നത് സാഹിത്യത്തോടും കലയോടും ചെയ്യുന്ന വലിയൊരപരാധമായിരിക്കും. അതുകൊണ്ടുമാത്രം പറയുകയാണ്. ക്ഷമിക്കുക

ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെട്ട കുറുമ്പ്രനാട് താലൂക്കിൽ സ്ഥാനം കൊണ്ടും സമ്പത്തുകൊണ്ടും ഒരുകാലത്തു മുൻപന്തിയിൽ നിന്ന ‘കൂത്താളി ഇടം’. ഇടത്തിലെ ഒടുവിലത്തെ മൂപ്പിൽ നായരുടെ മൂത്ത മകൻ അപ്പുക്കുട്ടി നമ്പ്യാർ. ദേശീയപ്രസ്ഥാനങ്ങളോട് എന്നും അനുഭാവം പുലർത്തിപ്പോന്ന, കലാകാരന്മാരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തുപോന്ന വലിയൊരു മനുഷ്യനായിരുന്നു ശ്രീ നമ്പ്യാർ. ഒരിടെ തന്റെ വീടൊരു കലാകേന്ദ്രമായി അദ്ദേഹം മാറ്റുകയുണ്ടായി. മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം നാടകം അന്നു മലബാറിൽ അങ്ങോളമിങ്ങോളം ജനപ്രീതി നേടി മുന്നേറുന്ന കാലമായിരുന്നു. ശ്രീ നമ്പ്യാർ ആ നാടകത്തിന്റെ മഹത്ത്വം മനസ്സിലാക്കുകയും അതിനൊരു പുതിയ മാനം നല്കുകയും ചെയ്തു.

മഹാകവിയെ ‘തിമിരി’യിൽ നിന്നു ക്ഷണിച്ചുകൊണ്ടുവന്നു് തന്റെ വീട്ടിൽ താമസിപ്പിക്കുകയും ബാലഗോപാലം ആട്ടക്കഥയാക്കി അദ്ദേഹത്തെക്കൊണ്ട് എഴുതിക്കുകയും ചെയ്തു. കഥകളിനടന്മാരെ വരുത്തി, വീടൊരു രംഗമണ്ഡപമാക്കി. വാദ്യക്കാരേയും ഭാഗവതർമാരേയും വരുത്തി. ആശാൻ കരുണാകരപ്പണിക്കരുടെ നേതൃത്വത്തിൽ കഥകളി അഭ്യസിക്കാനും തുടങ്ങി. ഗുരു കുഞ്ചുക്കുറുപ്പിനെപ്പോലെ ലോക പ്രസിദ്ധരായ നാട്യാചാര്യന്മാരിൽ പലരും അന്നു ശ്രീ നമ്പ്യാരുടെ അതിഥികളായിരുന്നു. ആശാൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കഥകളിയിലെ ആദ്യപാഠങ്ങൾ അവിടെവെച്ചാണു പഠിച്ചത്. സ്വന്തമായി കളിക്കോപ്പുകൾ നിർമ്മിച്ചു; കളിയോഗമുണ്ടാക്കി. വിജയകരമായ നിലയിൽ ബാലഗോപാലം കഥകളി അവതരിപ്പിക്കുകയും ചെയ്തു. കലാലോകത്തിനു് മറക്കാൻ വയ്യാത്തവിധമുള്ള വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ നമ്പ്യാർ.

അദ്ദേഹത്തിന്റെ കൈകൊണ്ടു ആദ്യമായും അവസാനമായും അഭിനയത്തിനൊരു പാരിതോഷികം വാങ്ങാൻ കഴിഞ്ഞതു് എന്നിലെ നിഷ്കളങ്കനായ കുട്ടിയോടു് അദ്ദേഹത്തിനു തോന്നിയ വാത്സല്യം നിമിത്തമായിരിക്കണം. പക്ഷേ, പരിശുദ്ധിയുടെ പ്രോത്സാഹനത്തിന്റെ ആ പാരിതോഷികം കൈനേട്ടം വാങ്ങിയ ഞാൻ അഭിനയത്തിന്റെ ചമയങ്ങൾ ആ രംഗത്തു തന്നെ വിട്ടേച്ചുപോരുകയാണുണ്ടായത്. നന്നാവാൻ വിധിയില്ല; അതുതന്നെ.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.