images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കേളപ്പജിയുടെ നാടകം

അതൊരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കേളപ്പജി ഒരു നാടകമെഴുതിയതും അതിലൊരു കഥാപാത്രമായി രംഗത്തു വരാൻ എനിക്കു കഴിഞ്ഞതും, എങ്ങനെ ഏതു നിലയ്ക്കെന്നു ഞാനിന്നോർക്കുന്നില്ല. ആരാണെന്റെ പേരു നിർദ്ദേശിച്ചതെന്നും അറിയില്ല. ആർക്കോ എവിടെയോ പറ്റിയ തെറ്റുകൊണ്ടു് ഞാനതിൽ കടന്നുകൂടി അത്രതന്നെ.

കേളപ്പജി നിസ്വാർത്ഥമതിയായൊരു രാഷ്ട്രീയ നേതാവായിരുന്നു. അയിത്തത്തിന്നും അന്ധവിശ്വാസത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്തിരുന്നു. ഏതു് അനീതിയേയും ധീരതയോടെ ചെറുത്തിരുന്നു. അദ്ദേഹം പ്രഗല്ഭമതിയായ ഒരു പത്രാധിപരായിരുന്നു. കലാസ്നേഹിയും സാഹിത്യനിരൂപകനുമായിരുന്നു. എല്ലാവർക്കും ഈ വസ്തുതകൾ നന്നായിട്ടറിയാം. എന്നാൽ അദ്ദേഹമൊരു നാടകകൃത്തായിരുന്നു എന്നു് അദ്ദേഹത്തിന്റെ ജീവിത ചരിത്രകാരന്മാർ പോലും എവിടേയും രേഖപ്പെടുത്തിയതായറിവില്ല. അതാണ് ഒരു യാദൃച്ഛിക സംഭവമെന്നു് ആദ്യമേ പറഞ്ഞുവെച്ചതു്.

ഒരു പഴയ തറവാടിന്റെ മുറ്റത്തെ മാവിൻ തണലിലായിരുന്നു നാടക പരിശീലനം. ആദ്യവസാനം ഞങ്ങളെ പരിശീലിപ്പിച്ചതും ഉത്സാഹിപ്പിച്ചതുമെല്ലാം കേളപ്പജിയുടെ ഉറ്റബന്ധുവായ കെ. സി. കിടാവായിരുന്നു. പ്രസിദ്ധനായ ചിത്രകാരനും പ്രതിമാശില്പിയുമായിരുന്നു അദ്ദേഹം. മായാത്തൊരു ചിത്രമായി അദ്ദേഹം ഇന്നും എന്റെ മനസ്സിലുണ്ടു്.

ത്വിട്ടോലുമക്ഷികൾ
നരച്ചുവളർന്നു മാറിൽ
തൊട്ടോരു താടി,
ചുളിവീണു പരന്ന നെറ്റി.

സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, അപാരമായ സഹിഷ്ണുതയുടെ, അനുഭവസമ്പത്തിന്റെ പ്രകാശം പരത്തുന്ന അദ്ദേഹത്തിന്റെ നോട്ടവും ചിരിയും, ഞങ്ങളുടെ തെറ്റുകൾക്കു നേരെ ഇടയ്ക്കിടെ ചലിക്കുന്ന വെളുത്ത കൂട്ടുപുരികങ്ങളുടെ താക്കീതും, ഒരു ദിവ്യാനുഭൂതിയായി ഇന്നും ഞാൻ സൂക്ഷിച്ചുപോരുന്നുണ്ടു്.

കേളപ്പജി ഇങ്ങനെയൊരു നാടകമെഴുതാനുണ്ടായ സാഹചര്യം എന്തെന്നു മനസ്സിലാക്കാൻ എന്റെ ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയുംപറ്റി ഏതാനും വാക്കുകളിവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. തെക്കു് വലിയ മലയും പുറമലയും ഓടോക്കുന്നും. ഓടോക്കുന്നിന്റെ ഉച്ചിയിലൊരു വിളക്ക്! എന്നും രാത്രിനേരത്തു കറങ്ങിക്കൊണ്ടു് ഇരുണ്ട മരത്തലപ്പുകളിൽ വെളിച്ചത്തിന്റെ ചന്ദനക്കുറി വരയ്ക്കുന്ന വിളക്കു്; ദീപസ്തംഭം! കിഴക്കു് അകലാപ്പുഴ, വടക്കു് നൈവാരണിത്തോടും ക്ഷേത്രവും. പടിഞ്ഞാറു് അറബിക്കടൽ. ഇവയ്ക്കിടയിൽ ചിങ്ങപുരം, പുറക്കാടു്, പള്ളിക്കര, തൃക്കോട്ടൂർ (തിക്കോടിയെന്നും പറയും) എന്നീ ഗ്രാമങ്ങൾ, നെല്പാടങ്ങളും കൈത്തോടുകളും തെങ്ങിൻ തോപ്പുകളും ആഴമേറിയ ഇടവഴികളും അമ്പലങ്ങളും പള്ളികളും ധാരാളം ഓലപ്പുരകളും ചുരുക്കം ഓടുമേഞ്ഞ മാളികകളും അവിടെ കാണാമായിരുന്നു. ഇന്നു്, ഇടവഴികൾ മിക്കതും പഞ്ചായത്തു റോഡുകളാണു്. ഓലപ്പുരകളിൽ പലതും ടെറസ്സുകളായി വേഷം മാറിയിരിക്കുന്നു. തെങ്ങിൻ തോപ്പുകൾ കടന്നു കയറി നെല്പാടങ്ങളെ കീഴടക്കിയിരിക്കുന്നു. അന്ധവിശ്വാസങ്ങൾ അവിടെ വേണ്ടുവോളമുണ്ടായിരുന്നു; കൂടപ്പിറപ്പായ മന്ത്രവാദവും. അയിത്താചരണം അതികഠിനമായിരുന്നു. സരസ്വതി ക്ഷേത്രങ്ങളുടെ അന്തരീക്ഷം പോലും അയിത്താചരണം കൊണ്ടു് മലീമസമായിരുന്നു.

എന്റെ ക്ലാസ്സിൽ അന്നു് അയിത്ത ജാതിക്കാർ അഞ്ചുപേരുണ്ടായിരുന്നു. അവർക്കു് ഇരിക്കാൻ പ്രത്യേക ബെഞ്ചാണു്. മറ്റു കുട്ടികളോടൊപ്പം കളിക്കാനോ കൂട്ടുചേരാനോ അവർക്കവകാശമില്ല. പഠിക്കാതെ വരുന്നവർക്കും കുറ്റം ചെയ്യുന്നവർക്കും അന്നു കഠിനശിക്ഷ കിട്ടും. നല്ല വയനാടൻ ചൂരൽ കുരിക്കളുടെ മേശയിലുണ്ടു്. അതു പുറത്തെടുക്കുമ്പോൾ കുറ്റം ചെയ്തവൻ കൈരണ്ടും ഒരുമിച്ചു മുന്നോട്ടു നീട്ടണം. കൈവെള്ളകൾ മലർത്തിക്കാട്ടണം. ആദരവോടെ, അമ്പലത്തിൽനിന്നു പ്രസാദം വാങ്ങുമ്പോലെ, കുരിക്കളുടെ തല്ലു സ്വീകരിക്കണം. കരയാം. കണ്ണീരൊഴുക്കാം. പക്ഷേ, ശബ്ദം പുറത്തു കേൾക്കരുതു്. കേട്ടാൽ ശിക്ഷയുടെ അളവും തൂക്കവും വർദ്ധിക്കും.

എന്നാൽ അയിത്തക്കാരായ കുട്ടികളുടെ കാര്യത്തിൽ ശിക്ഷ നടപ്പാക്കുന്ന രീതി വ്യത്യസ്തമാണു്. അവർ കൈനീട്ടി തല്ലു വാങ്ങാൻ പാടില്ല. കാരണം തല്ലു വീഴുമ്പോൾ അയിത്തം ചൂരലിലൂടെ ഇഴഞ്ഞു കയറി കുരിക്കളുടെ ശരീരത്തിലെത്തും. കുരിക്കൾ ശുദ്ധം മാറും. അയിത്തം വിദ്യുച്ഛക്തി പോലെ തൊട്ടാൽ അള്ളിപ്പിടിക്കുന്ന ഒരു വസ്തുവായിരുന്നു. അതുകൊണ്ടു ശിക്ഷ വിധിക്കപ്പെട്ട അയിത്തക്കാരൻ ഉടുമുണ്ടു് മുട്ടോളം പൊക്കി, കണങ്കാലിന്റെ മാംസളമായ ഭാഗം പ്രദർശിപ്പിച്ചുകൊണ്ടു നില്ക്കണം. കുരിക്കൾ ചൂരൽ ആഞ്ഞുവീശി എറിയും. സ്വാഭാവികമായും ജീവനുള്ള ഏതു ജന്തുവും അങ്ങനെയൊരു ആക്രമണം വരുമ്പോൾ തെന്നിമാറുമെന്നു തീർച്ചയല്ലേ? പലപ്പോഴും ശിക്ഷയ്ക്കു വിധേയനായ കുട്ടി ഏറു വരുമ്പോൾ അങ്ങനെ ചെയ്യും. ഏറു ലക്ഷ്യം പിഴയ്ക്കും. അപ്പോൾ കുരിക്കൾ അലറും:

“എടാ, ഞാൻ ശുദ്ധം മാറണോ? ഏ? മാറണോ? മാറിയാൽ നിനക്കു നന്നാവില്ലാ.”

പിന്നെയും എറിയും, പിന്നെയും കുട്ടി മനപ്പൂർവ്വമല്ലാതെ നീങ്ങുകയോ നിരങ്ങുകയോ ചെയ്യും. പിന്നെ രൗദ്രഭീമന്റെ അരങ്ങുതകർക്കലാണു്. ശുദ്ധം മാറിയ കുരിക്കൾ മറ്റൊരു കുട്ടിയെ സഹായത്തിനു വിളിക്കും. അയിത്തക്കാരനെപ്പിടിച്ചു ബെഞ്ചിൽ കമിഴ്ത്തി കിടത്തും. സഹായി, കുട്ടിയുടെ കൈ രണ്ടും ബലമായി ബെഞ്ചോടു ചേർത്തു പിടിക്കും. ചൂരൽ ചൂളംവിളിയോടെ ആഞ്ഞാഞ്ഞു പാവപ്പെട്ട കുട്ടിയുടെ പൃഷ്ഠത്തിൽ വീഴും. അയിത്തത്തിന്റെ തേർവാഴ്ച വിദ്യാലയങ്ങളിൽ പോലും അങ്ങനെയായിരുന്നു.

അന്നു കർഷകരെന്ന ഒരു വിഭാഗമേ അവിടെ ഉണ്ടായിരുന്നില്ല. എല്ലാം കുടിയാന്മാർ. വിരലിലെണ്ണാവുന്ന ജന്മിമാർ ഭൂമിയുടെ ഉടമാവകാശം കൈയടക്കിവെച്ചിരിക്കുന്നു. അവരുടെ കീഴിൽ ഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവരാണു കുടിയാന്മാർ. ഭൂമിയിൽ അവർക്കു സ്ഥിരാവകാശമില്ല. ആറോ പരമാവധി പന്ത്രണ്ടോ കൊല്ലം കാലാവധിവെച്ചു കുടിയാൻ ഭൂമി ചാർത്തി വാങ്ങുന്നു. വാങ്ങുമ്പോൾ വലിയൊരു സംഖ്യ ‘മാനുഷം’ കൊടുക്കണം. ‘മാനുഷ’മെന്നു കേൾക്കുമ്പോൾ മനുഷ്യ നന്മകളുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങളെന്തെങ്കിലുമാണെന്നു ധരിച്ചുകളയരുതു്. ഇന്നാണെങ്കിലതിനെ ’പകിടി’യെന്ന ഓമനപ്പേരിട്ടു വിളിക്കുമായിരുന്നു. കണക്കുപുസ്തകങ്ങളുടെ ഏടുകളിൽ കയറാത്തൊരു വകുപ്പാണതു്. ‘മാനുഷ’ത്തിനു പുറമെ, പാട്ടമെന്ന പേരിൽ ഭാരിച്ചൊരു തുക കൊല്ലം തോറും ജന്മിക്കു പുക്കിക്കുകയും വേണം. ഇതൊക്കെ സംഭവിക്കുന്നതു് ആയിരം നാളികേരത്തിനു പതിനഞ്ചു രൂപ വിലയുള്ള കാലത്താണെന്നും ഓർക്കേണ്ടതുണ്ടു്. അങ്ങനെ നട്ടെല്ലൊടിക്കുന്ന ബാധ്യതകളോടെ ഭൂമി ഏറ്റുവാങ്ങി കൃഷിചെയ്യുന്ന കുടിയാനു പ്രതിഫലമായി കിട്ടുന്നതു മിക്കവാറും അർദ്ധപ്പട്ടിണിയോ മുഴുപ്പട്ടിണിയോ ആയിരിക്കും.

കുടിയാനെ നശിപ്പിക്കുന്ന മറ്റൊരു മഹാവിപത്തായിരുന്നു ‘മേൽച്ചാർത്തു്’. നിസ്സാര കാര്യങ്ങൾക്കു കൈവശക്കാരനെ ഭൂമിയിൽ നിന്നിറക്കിവിടാൻ ജന്മിക്കു സൗകര്യം നല്കുന്ന നീചവും ക്രൂരവുമായ ഒരു നിയമവ്യവസ്ഥയായിരുന്നു അതു്. ജന്മിയെക്കാണുമ്പോൾ തലയിൽനിന്നോ തോളിൽനിന്നോ രണ്ടാം മുണ്ടെടുത്തു കക്ഷത്തു വെച്ചു വാ പൊത്തി ‘ഓച്ഛാനിക്കാത്ത’ കുടിയാന്റെ നേരെ ജന്മി മേൽചാർത്തു പ്രയോഗിക്കുന്നു. ഇതുപോലെ മറ്റനേക കാരണങ്ങൾകൊണ്ടും ജന്മിത്തം അന്നു കുടിയാനെ വഴിയാധാരമാക്കീട്ടുണ്ടു്. അന്യന്റെ മുതൽ തട്ടിപ്പറിച്ചെടുക്കാൻ പണപ്പെട്ടിയും തുറന്നു കാത്തിരിക്കുന്നവർ അന്നുമുണ്ടായിരുന്നു. അവരാണു മേൽച്ചാർത്തു വാങ്ങുന്നത്. വാങ്ങിക്കഴിഞ്ഞാൽ സംഗതി കോടതിയിലെത്തുന്നു. പിന്നെ അന്യായമായി—എത്ര അർത്ഥവത്തായ വാക്ക്!—വിധിയായി, വിധിനടത്തലായി.

പ്രഭാതത്തിൽ ഓർക്കാപ്പുറത്തു് ആമീനും പരിവാരങ്ങളും പടികയറി വരുന്നു. തനിക്കും തന്റെ പിന്മുറക്കാക്കും എന്നും കൈവശം വെച്ചു് അനുഭവിക്കാൻ കഴിയുമെന്ന വിചാരത്തോടെ രാവും പകലും കഠിനാധ്വാനം ചെയ്തു കനകം വിളയിച്ച മണ്ണിൽ നിന്നു കുടുംബസമേതം കുടിയാനെ പറിച്ചെറിയുന്നു. കൂട്ടനിലവിളിയോടെ അവർ പെരുവഴിയിലേക്കിറങ്ങുന്നു. ചാർത്താധാരത്തിനു പകരം പെരുവഴിയാധാരം പെരുകുന്നു.

ചരിത്രത്തിന്റെ എഴുതാപ്പുറങ്ങൾ ഇങ്ങനെ എത്രയെത്ര! ഇവിടെ, ഈ നമ്മുടെ കേരളത്തിൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ അടിമ സമ്പ്രദായം നിലവിലുണ്ടായിരുന്നു. പുലയരും ചെറുമക്കളുമായിരുന്നു അടിമകൾ. അവർക്കു സ്വതന്ത്രമായ ജീവിതമില്ല. പറമ്പിനും നിലത്തിനും ജന്മിമാരുള്ള പോലെ അവർക്കും ജന്മിമാരുണ്ടായി. ഒരു ജന്മിയുടെ കീഴിലുള്ള അടിമകൾക്കു് മറ്റാരുടെ കീഴിലും ജോലി ചെയ്യാൻ പാടില്ല. പൊതുവഴികളിൽ നടക്കാൻ പാടില്ല. ജന്മിയുടെ സമ്മതമില്ലാതെ വിവാഹാഘോഷമോ പുളികുടി അടിയന്തരമോ ഒന്നും തന്നെ നടത്തിക്കൂടാ.

കുട്ടിക്കാലത്ത് എന്റെ വീടിന്റെ വരാന്തയിലിരുന്നു നോക്കിയാൽ കിഴക്കു ഭാഗത്തു കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടം കാണാമായിരുന്നു. പാടത്തിന്റെ നടുവിൽ ചെറിയ ചെറിയ കരകൾ. അതിൽ കഴിഞ്ഞു കൂടുന്നവർ മനുഷ്യഗോത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ളവരായിരുന്നു. പൊതു കിണറുകളോ വഴികളോ അവർക്കു് ഉപയോഗിക്കാൻ പാടില്ല. വിദ്യാലയങ്ങൾ അവർക്കു് നിരോധിക്കപ്പെട്ട സ്ഥലമായിരുന്നു.

കുട്ടിക്കാലത്തു പതിവായിരുന്ന ദയനീയ ദൃശ്യങ്ങൾ പലതാണു്. ചിലപ്പോൾ ഒരു പഴയ മുണ്ടിനോ മഴക്കാലത്താണെങ്കിൽ പാടത്തെ ശീതക്കാറ്റിൽനിന്നു പൊറുതിനേടാൻ ഇത്തിരി ഉണങ്ങിയ വിറകിനോ ദീനം പിടിച്ചുകിടക്കുന്ന കുഞ്ഞിനു കൊടുക്കാൻ എന്തെങ്കിലും മരുന്നിനോ യാചിക്കാനവർ വരും. തിരിച്ചറിയാൻ കഴിയാത്തത്ര അകലെ, പറമ്പിന്റെ ഏതെങ്കിലുമൊരു കോണിൽ, അല്പം കുറ്റിക്കാടും മറവുമുള്ള സ്ഥലത്തു പ്രത്യക്ഷപ്പെട്ടു കരയും പോലെ അവർ വിളിക്കും.

”വല്യപെന്നിച്ചാ”

വീട്ടിലെ വയസ്സു മൂത്ത സ്ത്രീകളെ അവർ ‘വല്യപെന്നിച്ച’ എന്നു വിളിക്കുന്നു. ഇളമുറക്കാർ ‘ചെറിയ പെന്നിച്ച’മാരാണു്. അതുപോലെ പുരുഷന്മാരെ ‘വലിയ പടക്കൊയി’ലെന്നും ‘ചെറിയപടക്കൊയി’ലെന്നും വിളിക്കും. ഏതോ വലിയ ബഹുമാനസൂചകമായ അർത്ഥം ആ വാക്കുകൾക്കു കല്പിച്ചിട്ടുണ്ടാവണം. ഏതായാലും ആ വിളി പരമദയനീയമായിരുന്നു. ചിലപ്പോൾ അല്പം കഞ്ഞിവെള്ളത്തിനാണു വിളിച്ചതെങ്കിൽ അതു കൊടുക്കുന്നതും സ്വീകരിക്കുന്നതും വളരെ വിചിത്രമായ രീതിയിലായിരുന്നു. കഞ്ഞിവെള്ളവും കൊണ്ടു ചെല്ലുമ്പോൾ അവർ അകലത്തേക്കോടിപ്പോകണം. കൊണ്ടുചെന്നു കൊടുക്കുന്നവർ തിരിച്ചു വീട്ടിലെത്തിയാലേ അവർക്കതെടുക്കാൻ പാടൂ. ഈ കൊടുക്കലിനും എടുക്കലിനും ഇടയിലുള്ള സമയത്തു കാക്കകൾ പറന്നുവീണു് അവരുടെ ഓഹരി തട്ടിയെടുത്തെന്നും വരും.

ജന്മിമാരുടെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ അടിമപ്പുലയർ കൂട്ടത്തോടെ വന്നു തീണ്ടാപ്പാടകലത്തു കൂടിയിരുന്നു മാറത്തടിച്ചു നില വിളിക്കണം. അതിനവർക്കു വായ്ത്താരികളുണ്ടായിരുന്നു

ആയ്യോ... ആയയ്യോ, ആയ്യോ ആയയ്യോ...
ഞാളുടെ തമ്പായ്യോ കുഞ്ഞ്യമ്പ്രാനോ
ഞാളുടെ തമ്പായ്യോ മരണപ്പെട്ടോ.
മരണപ്പെട്ടോ, പോയല്ലോ കുഞ്ഞ്യമ്പ്രാനോ
പൊന്നാലെ തടിയല്ലേ ഈ ഇല്ലത്തോ
ഉയിരുകളോ ജീവുകളോ മോളില്ലത്തോ.

ഈ വായ്ത്താരി കുഞ്ഞമ്പ്രാന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്നതായി വളരെയേറെ നീട്ടിക്കൊണ്ടുപോകും. പോകാതെ കഴിയില്ല. ശവസംസ്കാരം കഴിയുവോളം കരച്ചിലുണ്ടായിരിക്കണം. അന്നിതിനെ പുലക്കരച്ചിലെന്നാണു പറഞ്ഞുവന്നതു്. ഈ കരച്ചിലിന്നു് അവർക്കുള്ള കൂലി കളിക്കു് എണ്ണയും നാഴി അരിയുമാണ്.

കേളപ്പജി മലബാർ കലാപത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തുവരുമ്പോൾ ഞങ്ങളുടെ പ്രദേശത്തിന്റെ ഏകദേശചിത്രമിതായിരുന്നു. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി, ഗർഹണീയമായ ജന്മികുടിയാൻ വ്യവസ്ഥയും ജാതിസമ്പ്രദായവും!

യുവാക്കന്മാർ പ്രായേണ അലസരായിരുന്നു. വലിയ ജന്മിമാരുടെ കുടുംബാംഗങ്ങൾക്കു മൂന്നുനേരവും ആഹാരമുണ്ടു്. അവർ ജോലിക്കു പോകേണ്ട ആവശ്യമില്ല. വല്ല ജോലിയും ചെയ്യുന്നതു തറവാടിനു അപമാനമാണു്. കുളിച്ചു കുറിതൊട്ടു് അലക്കിയ വസ്ത്രവും ധരിച്ചു കുളക്കടവിലോ ആൽത്തറയിലോ അമ്പല വഴിയിലോ ഇരുന്നു സമയം കളയും. അല്ലെങ്കിൽ ചീട്ടുകളിക്കും. പാടത്തു പണിയാൻ അടിമകളുണ്ടു്. ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ ദാസിമാരുണ്ടു്. പത്തായം പെറുന്നു; ചക്കി കുത്തി അരിയാക്കുന്നു; ദാസി ചോറു വെച്ചു വിളമ്പുന്നു. പിന്നെന്തിന്നു പണിയെടുക്കണം?

ജയിൽ വിമുക്തനായ കേളപ്പജിയെ ചെറിയൊരു ഘോഷയാത്രയോടെ ഗ്രാമത്തിലേക്കാനയിച്ചു. അന്നു നാഗസ്വരത്തിനു പകരം മുസ്ലീങ്ങളുടെ മുട്ടും മുരിശുമാണ് ഉപയോഗിച്ചതെന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. സ്വീകരണസമ്മേളനം നടന്നതു പള്ളിക്കരയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വളരെപ്പേരൊന്നും വന്നുചേർന്നില്ല.

ജോർജ്ജ് സാർവ്വഭൗമൻ ഭരിക്കുന്ന കാലമാണു്. ‘ചോന്നതൊപ്പിക്കാർ’ എന്നറിയപ്പെടുന്ന പോലീസിനെ പേടിച്ചാണു ജനങ്ങൾ ജീവിക്കുന്നത്. ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം വേണം; വെള്ളക്കാർ ഒഴിഞ്ഞു പോണം എന്നാരെങ്കിലും പരസ്യമായി ഉറക്കെ പറഞ്ഞാൽ കേൾവിക്കാർ ബോധം കെട്ടു വീഴും. മലപ്പുറത്തും പരിസരപ്രദേശങ്ങളിലും സംഹാരതാണ്ഡവമാടിയ പട്ടാളഭരണത്തിന്റെ കിടിലം കൊള്ളിക്കുന്ന ഓർമ്മ ജനങ്ങളെ വേട്ടയാടുന്ന സമയമാണു്.

അന്നു് ആ സമ്മേളനത്തിൽ വെച്ചാവണം, ഇതാണു തന്റെ കർമ്മ ക്ഷേത്രമെന്നദ്ദേഹം തീരുമാനിച്ചതു്. സമൂഹ മനസ്സാക്ഷിയെ തട്ടിയുണർത്തുക, അസമത്വത്തെ തുടച്ചുമാറ്റുക, യുവാക്കളിൽ സ്വാതന്ത്ര്യബോധമുളവാക്കുക. ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ ആദ്യ പടിയായി ഒരു ഗ്രാമീണവായനശാലയ്ക്കു രൂപം നല്കുകയാണു ചെയ്തതു്. ഒപ്പം ഒരു ഗ്രന്ഥാലയത്തിനു വേണ്ടിയുള്ള ശ്രമവും. സാമ്പത്തിക പരാധീനതകൊണ്ടു നാശോന്മുഖമായിത്തുടങ്ങിയ ഒരു ബോർഡ് സ്കൂൾ ഉദ്ധരിക്കാനുള്ള ശ്രമവും അതോടൊപ്പമുണ്ടായി. ഉപകരണങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും പണമുണ്ടാക്കാൻ നാടകപ്രദർശനമാണു നല്ലതെന്നു കേളപ്പജി തീരുമാനിച്ചു.

ആദർശ പ്രചാരണത്തിനു് ഏററവും പറ്റിയ മാധ്യമം നാടകമാണെന്നു മനസ്സിലാക്കിക്കൊണ്ടു് അതിന്റെ സൃഷ്ടിയും അദ്ദേഹം നിർവ്വഹിച്ചു. അനാചാരങ്ങളെ രൂക്ഷമായി പരിഹസിക്കുകയും അസമത്വത്തെ കഠിനമായി ആക്ഷേപിക്കുകയും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ വാരിപ്പുണരാൻ ഉദ്ബോധിപ്പിക്കുകയും ചെയ്ത ആ നാടകം നിരന്തരമായ കൈയടികളോടെയാണു ജനം സ്വീകരിച്ചത്.

ആ നാടകത്തിലെ യാഥാസ്ഥിതികനായ വൃദ്ധന്റെ ഓർമ്മ ഹരിചന്ദനം പോലെ എന്റെ മനസ്സിനെ ഇന്നും കുളിർപ്പിക്കുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.