ഓർമ്മകൾ ഗോവിന്ദേട്ടനെത്തന്നെ വലംവെക്കുന്നു. എനിക്കു മാത്രമല്ല നാട്ടുകാർക്കു മുഴുവനും ഗോവിന്ദേട്ടനായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രം വൈക്കം സത്യാഗ്രഹത്തിൽ നിന്നു വേണമെങ്കിൽ ആരംഭിക്കാം. മതിയാവില്ല, അല്പം കൂടി പിറകോട്ടു പോകേണ്ടിവരും. ഏതനീതിയും എതിർക്കുന്ന സ്വഭാവം. സാഹസകൃത്യമെന്തിനും തയ്യാർ. ശക്തമായ മനസ്സും ശരീരവും. ആളുകളുമായി വഴക്കുകൂടാറുണ്ടു്; അല്ല മദ്യപാനവുമുണ്ടെന്നു ജനസംസാരം. അതു വീട്ടിലറിയുന്നതു മാധവിയമ്മയെന്ന ജനപ്രതിനിധിയിലൂടെയാണ്.
“കേട്ടോ വല്യമ്മേ, ഈ ഗോയിന്നാര് കുറേശ്ശേ കുടിക്കൂന്നു്.”
വല്യമ്മ ഗോവിന്ദേട്ടന്റെ അമ്മയാണ്. എന്റെ പോറ്റമ്മ. എന്നെ കുളിപ്പിക്കുന്നതും ചോറൂട്ടുന്നതും ഒപ്പം കിടത്തി ഉറക്കുന്നതും അവരാണ്. മാധവിയമ്മ എന്തു പറഞ്ഞാലും മൂളിക്കേൾക്കുകയല്ലാത ഒന്നിനും അവർ വിശദീകരണം തേടാറില്ല. മാധവിയമ്മ ചോദ്യത്തിനെതിരാണു്. ആയമ്മയുടെ മനസ്സ് നിറയെ ഉത്തരങ്ങളും വിശദീകരണങ്ങളുമാണു്. ഞങ്ങളുടെ വീട്ടിൽ ഒരു ദിനപത്രത്തിന്റെ സേവനം കൂടി ആയമ്മ അനുഷ്ഠിച്ചിരുന്നു.
“ഇന്നലെ അടി കലശൽ നടന്നു. ഭഗവതീടെ എഴുന്നള്ളത്തു പള്ളിവേട്ടക്കു പുറപ്പെട്ട സമയം. ഗോയിന്നാരു് പുറക്കാട്ടുകാരെ അടിച്ചൂന്നു്. ഭഗവതി കോപം ഉണ്ടാവും. തീർച്ച.”
ഗോവിന്ദേട്ടന്റെ അമ്മ അതൊന്നും കേട്ട ഭാവം നടിക്കില്ല. അവർക്കു് രണ്ടാണ്മക്കളാണു്. ഗോവിന്ദേട്ടന്റെ താഴെ ഒരാണും കൂടിയുണ്ട്, ഗോപാലൻ. ഈ സമയത്തു ജോലിയന്വേഷിച്ചു് ഗോപാലേട്ടൻ സ്ഥലം വിട്ടിരുന്നു. തമിഴ് നാട്ടിലെവിടെയോ സർവേ ഡിപ്പാർട്ടുമെന്റിൽ ജോലി കിട്ടിയെന്നു് ആരോ പറഞ്ഞുകേട്ടിരുന്നു. പോയതിൽപിന്നെ കത്തൊന്നും കിട്ടീട്ടില്ല. ഗോവിന്ദേട്ടനാണെങ്കിൽ ഏതെങ്കിലുമൊരു രാത്രി അസമയത്തു വന്നു അമ്മയെ വിളിച്ചുണർത്തും. ചോറു വാങ്ങിയുണ്ണും. ഉടനെ സ്ഥലം വിടും. മക്കളെ ചൊല്ലിയാവണം, ഗോവിന്ദേട്ടന്റമ്മ എപ്പോഴും ദുഃഖിതയായിരുന്നു. പക്ഷേ, എന്തിനാണു ദുഃഖമെന്നോ എന്താണു ദുഃഖത്തിനു കാരണമെന്നോ ആരോടും പറയില്ല. എല്ലാം മനസ്സിലിട്ടു കഴിക്കും.
ഒരിടയ്ക്കു ഗോവിന്ദേട്ടനൊരു കമ്പം: കോൽക്കളി പഠിക്കാൻ. ഏതാനും ചെറുപ്പക്കാരെ സംഘടിപ്പിച്ചു, ആശാനെ വരുത്തി തകൃതിയായി പഠിക്കാൻ തുടങ്ങി. ഗോവിന്ദേട്ടന്റെ അമ്മയുടെ നെഞ്ചിൽ മുഖമമർത്തി അവരെ കെട്ടിപ്പിടിച്ചുറങ്ങാൻ കിടക്കുമ്പോൾ ഞാൻ കാതോർക്കും. കോൽക്കളിപ്പാട്ടു കേൾക്കുന്നുണ്ടോ? ഉണ്ട്. അതിൽ ഗോവിന്ദേട്ടന്റെ ശബ്ദമുണ്ടെന്ന വിചാരം എനിക്കാഹ്ലാദം തരും. ആരറിഞ്ഞു, അന്നൊക്കെ ഗോവിന്ദേട്ടന്റെ അമ്മയും ആ ശബ്ദത്തിനുവേണ്ടി കാതോർത്തിട്ടുണ്ടാവില്ലെന്നു്.
അങ്ങനെയങ്ങനെ കഴിഞ്ഞുവരവെ കോൽക്കളിപ്പാട്ടുകൾ കേൾക്കാനില്ല. പിറ്റേന്നു വൈകിട്ടു മാധവിയമ്മ വാർത്തയുംകൊണ്ടു വരുന്നു:
“ഇനി കോൽക്കളി ഇല്ല. ഗോയിന്നാര് എവിടോ പോയീന്നു്. വെളുപ്പാങ്കാലത്തെ തീവണ്ടീല് കേറുന്നതു് ആരോ കണ്ടെന്നു്.”
അന്നു ഗോവിന്ദേട്ടന്റമ്മ മൂളിയില്ല. മാധവിയമ്മ കൂടുതലൊന്നും പറഞ്ഞതുമില്ല.
സംഭവം ശരിയായിരുന്നു. കോൽക്കളി കഴിഞ്ഞു രാത്രി അമ്പലച്ചിറയിൽ കുളിക്കാനിറങ്ങി. ചിറക്കടവിൽ വെള്ളമിളകുന്ന ശബ്ദം കേട്ടു മറുകരയിൽ നിന്നാരോ വിളിച്ചുചോദിച്ചു:
“ആരാത്?”
“ഞാനാ—ഗോവിന്ദൻ.”
ആരോടും എവിടെവെച്ചും എന്തിനും കൂസലില്ലാതെ മറുപടി പറയും. ചോദ്യകർത്താവു് ഗോവിന്ദേട്ടനെ തേടിവന്നു. പരസ്പരം കുശലം പറഞ്ഞു പരിചയപ്പെട്ടു. ആളെ നേരിട്ടറിയില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ മുഖവുര കൂടാതെ സംഗതി പറഞ്ഞു:
“വൈക്കത്തു സത്യാഗ്രഹം നടക്കുകയാണ്. വാളണ്ടിയർമാരെ ആവശ്യമുണ്ട്. സവർണ്ണരുടെ ദ്രോഹം ഭയന്നു പലരും വരാൻ മടിക്കുന്നു. ഗോവിന്ദൻ നായർക്കു് വരാമോ?”
“എവിട്യാ വൈക്കം?” ഒരേ ഒരു ചോദ്യം.
“അങ്ങു തെക്കാ.”
“എപ്പ പോണം?”
“എപ്പഴായാലും വേണ്ടില്ല.”
സദാ സാഹസികതയ്ക്കു കൊതിക്കുന്ന മനസ്സ്! ഈറനോടെ പുറപ്പെട്ടുപോയി. നാലഞ്ചുനാൾ കൊണ്ടു സംഗതി പ്രചരിച്ചു. മാധവിയമ്മ അക്ഷമയായി. എന്താണു സംഭവമെന്നറിഞ്ഞു കൂടാ. എങ്കിലും എന്തോ കുഴപ്പമുള്ള കാര്യമാണ്. അതാരോടെങ്കിലും പറയാഞ്ഞിട്ടു വിമ്മിട്ടം.
”വല്യമ്മേ, കഷ്ടം തന്ന്യാ. പോലീസുകാരു പിടിക്കും അടിക്കും എന്നൊക്ക്യാ കേട്ടതു്. അങ്ങു തെക്കു തെക്കൊരു സ്ഥലത്താണത്രെ പോയതു്.”
അന്നു ഗോവിന്ദേട്ടന്റമ്മ നിവർന്നിരുന്നു ഒട്ടും പതറാതെ മാധവിയമ്മക്കു മറുപടി കൊടുത്തു.
“പോയിട്ടു വരട്ടെ പെണ്ണേ. ഗോപാലൻ കാര്യത്തിനു പോയി. ഇവൻ വീര്യത്തിനും.”
മാധവിയമ്മ ചമ്മി. മാറത്തടിയും നിലവിളിയുമൊക്കെ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചതാണ്. ഒന്നുമുണ്ടായില്ല.
സത്യാഗ്രഹസമരത്തിന്റെ വിജയകരമായ പരിസമാപ്തിക്കുശേഷമേ ഗോവിന്ദേട്ടൻ തിരിച്ചുവന്നുള്ളു. ആ വരവു മായാത്തൊരു ചിത്രമായി ഇന്നും എന്റെ മനസ്സിലുണ്ടു്. തൂവെള്ള ഖദറിന്റെ മുട്ടോളമെത്തുന്ന ഒരു ജുബ്ബ. കുപ്പടം ദോത്തിയും വേഷ്ടിയും. ഗാന്ധിത്തൊപ്പി. നല്ലൊരു മീശ. ധൈര്യമായി മുൻവശത്തെ കോണി കയറിത്തന്നെയാണു വരവ്. ഗോവിന്ദേട്ടൻ പൂജപ്പുര ജയിലിൽ കിടക്കുമ്പോഴാണ് വല്യമ്മാമൻ–എന്റെ മുത്തച്ഛൻ–മരിച്ചത്. വിവരം ആരോ കത്തിലൂടെ അറിയിച്ചിരുന്നു. വന്നു കയറിയ പാടെ, എന്നും മുത്തച്ഛനിരിക്കാറുള്ള ചാരുകസേരയ്ക്കരികിൽ ചെന്നു കണ്ണടച്ചു പ്രാർത്ഥിക്കുമ്പോലെ ഗോവിന്ദേട്ടൻ നിന്നു.
അല്പനിമിഷങ്ങൾക്കുശേഷം നിറഞ്ഞൊഴുകുന്ന കണ്ണുകൾ വേഷ്ടികൊണ്ടു തുടയ്ക്കുന്നതാണു കണ്ടതു്. കണ്ണു തുടച്ചു എന്നെ വാരിയെടുത്തു തിണ്ണയിൽ ചെന്നിരുന്നു. ഞാൻ വീർപ്പഴിക്കാൻ കൂടി സമയടുക്കാതെ വിഡ്ഢിത്തങ്ങളനേകം ചോദിച്ചു. എല്ലാറ്റിനും ഗോവിന്ദേട്ടൻ മറുപടി പറഞ്ഞു. എന്താണു സത്യാഗ്രഹമെന്നു ചോദിച്ചപ്പോൾ പഠിപ്പിച്ചുതരാമെന്നു പറഞ്ഞു:
അയിത്തമാകുമോ?
വഴി നടന്നുകൂടെ തമ്പുരാട്ടി—
നായിൽ താണവരോ?
”തമ്പുരാനെന്നു പറഞ്ഞാൽ വൈക്കത്തപ്പൻ.” ഗോവിന്ദേട്ടൻ വിശദീകരിക്കാൻ തുടങ്ങി.
“വൈക്കം വലിയ ക്ഷേത്രമാണ്. അവിടെ എല്ലാ മനുഷ്യർക്കും അടുക്കാൻ പാടില്ല. അതുകൊണ്ടു സത്യാഗ്രഹികളായ ഞങ്ങൾ ഭഗവാനോടു വിളിച്ചു ചോദിക്കുന്നു; അങ്ങട്ടടുത്തുകൂടേ, അയിത്താവ്വോന്നു്.
അതുപോലെ നായ്ക്കൾ നടക്കുന്ന റോഡിലൂടെ ഞങ്ങൾക്ക് നടന്നുകൂടേ? ഞങ്ങൾ നായകളേക്കാൾ താഴ്‌ന്നവരാണോ തമ്പുരാട്ടി? ഈ ചോദ്യം അമ്മ മഹാറാണിയോടാണു്.”
പാട്ടു കൊള്ളാമെങ്കിലും സംഗതി പരമ ബോറായിട്ടെനിക്കു തോന്നി. എനിക്കെന്തു വൈക്കത്തപ്പൻ? എന്തു മഹാറാണി? സംഗതിയുടെ വാലും തലയും പിടികിട്ടാതെ പരുങ്ങുമ്പോൾ ഗോവിന്ദേട്ടൻ പറയുന്നു:
“നിനക്കിതൊന്നും ഇപ്പ പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ടു നീയാ പാട്ടുപഠിച്ചു നന്നായിട്ടു നിന്റെ സ്കൂളിലെ കുട്ടികൾക്കൊക്കെ ചൊല്ലിക്കൊടു്.”
സത്യത്തിൽ ഞാനാ പാട്ടു മുഴുവനും പഠിച്ചു. ഏറെക്കാലം മനസ്സിൽ സൂക്ഷിക്കുകയും പലരേയും ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. പക്ഷേ, ഇന്നു് രണ്ടുവരിയിലപ്പുറം എനിക്കാ പാട്ട് അറിയില്ല. പാട്ടു മറന്നതിലെന്തിരിക്കുന്നു? ഗോവിന്ദേട്ടനെത്തന്നെ ഈ നാടും എന്നെപ്പോലുള്ളവരും മിക്കവാറും മറന്നു കഴിഞ്ഞില്ലേ?
ഗോവിന്ദേട്ടൻ വൈക്കത്തു പുനർജ്ജനിക്കുകയായിരുന്നു. ഒരു പുതിയ മനുഷ്യൻ. പരമശാന്തൻ എല്ലാവരേയും ഒരുപോലെ കാണുന്നു. ആർക്കും ഏതവസരത്തിലും എന്തു സഹായം ചെയ്യാനും തയ്യാർ. വൈക്കത്തുവെച്ചു കേളപ്പജിയെ അടുത്തറിയാനും പഠിക്കാനും അവസരം കിട്ടുന്നു. താമസിയാതെ ഗുരുസ്ഥാനം നല്കി കേളപ്പജിയെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു. അവിടന്നിങ്ങോട്ടുള്ള ജീവിതം ത്യാഗസുന്ദരമായിരുന്നു. പല തവണ ജയിൽവാസം വരിച്ചു. വ്യക്തിസത്യാഗ്രഹത്തിനിറങ്ങിത്തിരിച്ചു ബല്ലാരി വരെ നടന്നു് അവിടെ വെച്ചു അറസ്റ്റു വരിച്ചു ജയിലിൽ കിടന്നു.
പിന്നെ ഗോവിന്ദേട്ടന്റെ ജീവിതത്തിലേക്കു കേളപ്പജിയുടെ മകൻ കുഞ്ഞിരാമൻ കിടാവ് കടന്നുവന്നു. രണ്ടുപേരും ചേർന്നു രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചു. ആഗസ്റ്റ് വിപ്ലവത്തെ തുടർന്നുള്ള നരനായാട്ടിന്റെ നാളുകൾ! കുഞ്ഞിരാമൻ കിടാവു് ഒളിവിൽ പോയി. ഏതു നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചുകൊണ്ടു് ഗോവിന്ദേട്ടൻ കഴിഞ്ഞു. അധികനാളങ്ങനെ കഴിയേണ്ടിവന്നില്ല. പോലീസ് വന്നു കൂട്ടിക്കൊണ്ടുപോയി. ആഗസ്റ്റ് വിപ്ലവത്തെ തുടർന്നുള്ള അട്ടിമറി പ്രവർത്തനങ്ങളെക്കുറിച്ച്, സ്ഫോടകവസ്തു നിർമ്മാണത്തെക്കുറിച്ച് വിശദമായ വിവരം പോലീസിനറിയണം. എന്നും രാവിലെ പോലിസ് ലോക്കപ്പിൽ നിന്നു ഇറക്കി ഇൻസ്പെക്ടറുടെ വീട്ടിലെത്തിക്കും. അവിടെ വെച്ചു മർദ്ദനമാണ്. തുടർച്ചയായ മർദ്ദനം. ഒന്നും ഒളിച്ചുവെക്കുന്നതു് ഗോവിന്ദേട്ടനു് ഇഷ്ടമല്ല. നേരായ പ്രവർത്തനം. ആരു ചോദിച്ചാലും ധൈര്യമായി ഉള്ളതു പറയും. പക്ഷേ, അവർക്കാവശ്യമായ ഉത്തരം ഗോവിന്ദേട്ടന്റെ കെയിലില്ലായിരുന്നു. അറിയാവുന്ന കാര്യം ഗോവിന്ദേട്ടൻ പറഞ്ഞു. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്തതാണു്. പുറത്തുപോയാൽ ഇനിയും ചെയ്യും. അതായിരുന്നു ഗോവിന്ദേട്ടന്റെ മറുപടി. പക്ഷേ, അതൊന്നും കേൾക്കാനുള്ള മനസ്സാന്നിധ്യം പോലീസിനപ്പോൾ ഇല്ലായിരുന്നു. ഗോവിന്ദേട്ടനു് അറിവുള്ള കാര്യം പറഞ്ഞു കേട്ടു് പോലീസ് തളർന്നു പോയി. ഫറൂക്ക് പാലം തകർക്കാൻ സ്ഫോടകവസ്തുക്കൾ തന്റെ തറവാട്ടിൽവെച്ചു താനും കുഞ്ഞിരാമൻ കിടാവും കൂടിയാണുണ്ടാക്കിയതെന്നും കുഞ്ഞിരാമൻ കിടാവാണു് അതു പാലത്തിൽ കൊണ്ടുചെന്നു വെച്ചതെന്നും പറഞ്ഞുകേട്ട പോലീസ് തളർന്നുപോയതിൽ തെറ്റില്ല. ഫറൂക്ക് പാലം കേസ്സിൽ കോമളം അപ്പുട്ടി എന്ന ആളേയും കോരുജിയേയും ശിക്ഷിച്ചുകഴിഞ്ഞിരുന്നു. ആ വിധിപറഞ്ഞ സെഷൻസ് ജഡ്ജി ഇക്കാലത്തു് കോഴിക്കോട്ടു തന്നെ. ഗോവിന്ദേട്ടനെന്തു ചെയ്യാനൊക്കും? കുറെ ഉപദ്രവിച്ചു. ഒടുവിൽ നിരുപാധികം വിട്ടയയ്ക്കുകയാണുണ്ടായതു്.
ഈ സംഭവം ഇവിടം കൊണ്ടവസാനിക്കുന്നില്ല. ഗോവിന്ദേട്ടൻ നിരന്തരമായ മർദ്ദനമേറ്റു് ആകെ അവശനായി ഇൻസ്പെക്ടറുടെ വീട്ടിൽ അവിടത്തെ ചവിട്ടുകല്ലിൽ കിടക്കുമ്പോൾ, ആ വഴി സർക്കീട്ടു പോകുന്ന സബ്ബ് ഡിവിഷനൽ മജിസ്ട്രേട്ട്, ഇൻസ്പെക്ടറെ കാണാൻ വന്നു. പടികയറി വന്ന മജിസ്ട്രേട്ട് ഗോവിന്ദേട്ടനെ കണ്ടു ഇൻസ്പെക്ടറോടു ചോദിച്ചു.
“ഇവനോ? ഇവൻ നമ്മളെയൊക്കെ കൊല്ലാൻ വേണ്ടി ബോംബുണ്ടാക്കിയവനാ. ഫാറൂക്ക് പാലത്തിൽ വെച്ചു പൊട്ടിച്ച ഡയനാമിറ്റ് ഇവന്റെ വീട്ടിൽ വെച്ചാ ഉണ്ടാക്കിയതു്.”
ഇൻസ്പെക്ടറുടെ മറുപടി കേട്ട് മജിസ്ട്രേട്ട് ഒന്നു മാത്രം പറഞ്ഞു:
“കൊല്ലേണ്ട വർഗ്ഗം.”
ഇൻസ്പെക്ടർ ചിരിച്ചു. മജിസ്റ്റ്രേട്ടും ചിരിച്ചു. നിർവികാരനായി അതു കേട്ടുകൊണ്ടു ഗോവിന്ദേട്ടൻ കിടന്നു. കഥകളും കവിതകളും നിറഞ്ഞ കാലം പിന്നേയും മുമ്പോട്ടു നീങ്ങി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി. ഇന്ത്യ റിപ്പബ്ലിക്കായി. ആദ്യത്തെ റിപ്പബ്ലിക്ക് ആഘോഷം. ഞാൻ ആകാശവാണിയിൽ ജോലിയായി പുതിയറ താമസിക്കുന്നു. രണ്ടുദിവസമായി ഗോവിന്ദേട്ടൻ എന്റെ വീട്ടിലുണ്ടു്. റിപ്പബ്ലിൿ ദിനമായ അന്നു വൈകീട്ടു് നഗരം കാണാൻ ഗോവിന്ദേട്ടനിറങ്ങി. എവിടെയൊക്കെയോ ചുറ്റിക്കറങ്ങി. ഒടുവിൽ എട്ടുമണിക്കു തിരിച്ചുവന്നു. ഈസിച്ചെയറിൽ കയറിക്കിടന്നു ഒരു ബീഡി കത്തിച്ചു പുകവിട്ടു. പിന്നെ എന്തോ അർത്ഥം വെച്ചു മൂളി. അല്പം കഴിഞ്ഞു പതുക്കെയൊന്നു ചിരിച്ചു.
ഞാൻ സംഗതി തിരക്കി, അപ്പോൾ ഗോവിന്ദേട്ടൻ പറഞ്ഞു:
“മാനാഞ്ചിറ മൈതാനിയിൽ വലിയ ഘോഷം. പലരും പ്രസംഗിക്കുന്നു. അപ്പോൾ, ഒരദ്ഭുതം. ഖദർ ജുബ്ബയും ഗാന്ധിത്തൊപ്പിയുമായി ഒരാൾ മൈക്കിനടുത്തു വന്നു നിന്നു് പ്രിയപ്പെട്ട നാട്ടുകാരെ വിളിക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. ഞാൻ നിന്നോടന്നു പറഞ്ഞില്ലേ ഒരു മജിസ്ട്രേട്ടിനെപ്പറ്റി. അന്നു് ഇൻസ്പെക്ടറുടെ വീട്ടിൽ വന്ന മനുഷ്യൻ? അയാളാണു് പ്രസംഗിക്കുന്നതു്. തെരഞ്ഞെടുപ്പിൽ ഇവിടത്തെ ഔദ്യോഗിക സ്ഥാനാർത്ഥി അയാളാണത്രേ! രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി, സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടി എല്ലാവരും അയാൾക്കു വോട്ടു ചെയ്യണമത്രേ. ഞാൻ ഒരിക്കൽക്കൂടി ചിരിച്ചു. തുടർന്നു കേൾക്കാൻ നില്ക്കാതെ ഓടി. ബാക്കി ചിരിയാണു് ഇപ്പോൾ നിന്റെ മുമ്പിൽ വെച്ചു ചിരിച്ചതു്.”
ഗോവിന്ദേട്ടന്റെ പിന്നീടുള്ള ജീവിതം, നിർമ്മാണ പ്രവർത്തനത്തിൽ കേളപ്പജിയെ സഹായിച്ചുകൊണ്ടിരുന്നു. പേരിനും പ്രസിദ്ധിക്കും വേണ്ടി ഗോവിന്ദേട്ടൻ ഒന്നും ചെയ്തിട്ടില്ല. ചെയ്യാനൊട്ടറിയുകയുമില്ല. ഒടുവിൽ വിനോബാജിക്കു മൂടാടിയുള്ള വലിയമലയിൽ ദാനഭൂമിയായി കിട്ടിയ സ്ഥലത്തു് ഹരിജൻ കോളണിയുണ്ടാക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുമ്പോഴാണു് അന്ത്യമുണ്ടാവുന്നതു്. നന്നെ രാവിലെ വീട്ടിൽ നിന്നെഴുന്നേറ്റു പോകും. മലകയറും. ജോലിക്കാരോടൊപ്പം വൈകുന്നേരം വരെ നില്ക്കും.
മലമുകളിൽ ഭക്ഷണത്തിനുള്ള സൗകര്യമില്ല. അതിനിടയ്ക്ക് മലയിറങ്ങി വീടെത്തിയിട്ടാണു ഭക്ഷണം. അങ്ങനെ ഒരു നാൾ മലയിറങ്ങിവന്നു് ഭക്ഷണത്തിനു മുമ്പിലിരുന്നപ്പോൾ നെഞ്ചുവേദന. അതു് അവസാനത്തിന്റെ ആരംഭമായിരുന്നു. ഡോക്ടർ വന്നുചേരാൻ ഇടയുണ്ടായില്ല. എന്നെന്നേക്കുമായി ഗോവിന്ദേട്ടൻ കണ്ണടച്ചു. നിശ്ചലമായ ആ കിടപ്പ് ഇന്നും എന്റെ കൺമുമ്പിലുണ്ട്. ’ഇതാ, എനിക്കു സുഖമായി വിശ്രമിക്കാൻ സൗകര്യം കിട്ടിയിരിക്കുന്നു’. നിശ്ചേതനമായ മുഖം അങ്ങനെ വിളിച്ചുപറയും പോലെ തോന്നി.
ആളിക്കത്തുന്ന ചിതയുടെ ചുകന്ന വെളിച്ചത്തിൽ വത്സലശിഷ്യന്റെ മൃതദേഹം ചാമ്പലാകുന്നതും നോക്കി കേളപ്പജി നില്ക്കുന്നു! അടുത്തു് സർവ്വ സേവാസംഘത്തിലെ എസ്. വി. ഗോവിന്ദജിയും.
അനുശോചന മഹായോഗങ്ങൾ നടന്നില്ല. പത്രക്കാരറിഞ്ഞില്ല. എങ്ങനെ അറിയും? ഇവിടെ ഇന്നു പരിഗണനയ്ക്കെടുക്കുന്നതു് ത്യാഗത്തിന്റെ മഹിമയാണോ? അതോ സിംഹാസനത്തിന്റെ ഉയരവും കിരീടത്തിന്റെ വലുപ്പവുമാണോ? ഇങ്ങനെ എത്രയെത്ര സ്വാതന്ത്ര്യ ഭടന്മാർ ആരുമറിയാതെ ഈ പുണ്യഭൂമിയിലെ മണ്ണിലലിഞ്ഞു ചേർന്നു.