നാടകത്തിന്റെ കാര്യത്തിൽ ആ കലാരൂപവുമായുള്ള പരിചയത്തിലും ഇടപഴകലിലും ഞങ്ങടെ നാട്ടുകാർ കുറേയധികം പിന്നോക്കമാണെന്നു ധരിച്ചെങ്കിൽ കുഴപ്പമില്ല. എന്നാൽ, കഥകളി, കൃഷ്ണാട്ടം കളി തുടങ്ങിയ ക്ലാസ്സിക്ക് കലകളിൽ ഞങ്ങളത്ര മോശക്കാരായിരുന്നില്ല. കടത്തനാടു കോവിലകം വക ഒരു കഥകളിയോഗമുണ്ടായിരുന്നു.
വേനൽക്കാലമായാൽ, പ്രമുഖ നായർ തറവാടുകളിൽ യോഗംവക കളി നടക്കാറുണ്ടു്.
കടത്തനാട്ടുതമ്പുരാൻ ഭൂമി കുടിയാന്മാർക്കു് ചാർത്തിക്കൊടുക്കുമ്പോൾ, ചാർത്താധാരത്തിൽ കൗതുകകരമായ ഒരിനം എഴുതിച്ചേക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. “കാലംതോറും ഇരുപത്തിയഞ്ചുറുപ്പികയും പത്തു നാളികേരവും മുൻചൂത് വെട്ടി മടഞ്ഞ ഓല അമ്പതും ഒരു പനസവും ഒരു കഥകളിയും ഇങ്ങ് ‘പുക്കിച്ച്’ ശീട്ടു വാങ്ങേണ്ടതാകുന്നു.” ഈ ‘പുക്കി’ക്കേണ്ട വസ്തുക്കൾക്കു മുഴുവനും കഥകളിയടക്കം കോടതി ഒരു വില നിശ്ചയിച്ചിട്ടുണ്ടു്. കഥകളി കളിപ്പിക്കാൻ സൗകര്യമില്ലാത്ത കുടിയാൻ കോടതിവില കൊടുത്താൽ മതി. അങ്ങനെ ആധാരനിശ്ചയപ്രകാരമാണോ എന്നു നിശ്ചയമില്ല, കൊല്ലത്തിൽ ഒന്നോ രണ്ടോ കഥകളി കാണാൻ ഞങ്ങൾക്കു സൗകര്യം കിട്ടിയിരുന്നു.
കൃഷ്ണാട്ടം കളിയുടെ കാര്യം മറ്റൊരു രീതിയിലായിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നു തെളിയിക്കാൻ രേഖകളില്ല. എട്ടെട്ടു കൊല്ലം കൂടുമ്പോൾ കൃഷ്ണാട്ടം കളി ഞങ്ങളുടെ പ്രദേശത്തെത്തുന്നു. തുണ്ടിയിൽ പുത്തലത്ത്, തുണ്ടിയിൽ പുനത്തിൽ എന്നിങ്ങനെ സ്ഥാനികളായവരുടെ തറവാടുകളിൽ എട്ടു കളിവീതം അരങ്ങേറുന്നു. മാമ്പഴക്കാലത്തിനൊപ്പമാണ് കൃഷ്ണാട്ടംകളി വരുന്നതു്. പകൽ മുഴുവൻ, കാറ്റു വരുന്നതും മാമ്പഴം വീഴുന്നതും കാത്തു മാഞ്ചുവട്ടിൽ ഞങ്ങൾ കുട്ടികൾ ഉത്സവം ആഘോഷിക്കാറുണ്ട്. സന്ധ്യയായാൽ കുളിച്ചു ഭസ്മക്കുറി വരച്ചു പാവുമുണ്ടും ചുറ്റി കൃഷ്ണാട്ടം കളിക്കു പുറപ്പെടുന്നു. കളിയാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കുളിച്ചു് അമ്പലത്തിൽ തൊഴാൻ പോകുന്നൊരു മട്ടുണ്ടതിനു്. ഭക്തി വിഷയമല്ലേ. കഥ ശ്രീകൃഷ്ണന്റേതാണു്. സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം പോകാം. ഒരു നിയന്ത്രണവുമില്ല.
വീട്ടിലെ മുതിന്നവർ കാലേക്കൂട്ടി കഥ പറഞ്ഞു തരും; കൂട്ടത്തിൽ എട്ടുദിവസത്തെ ആട്ടം, ക്രമപ്രകാരം ഏതൊക്കെയെന്നു മനസ്സിലാക്കാനുള്ള ഒരു സൂത്രവും—‘അ-കാ-രാ-കം-സ്വാ-ബാ-വി-സ്വ’. അതാണു സൂത്രം. എട്ടക്ഷരം. എട്ടു ദിവസത്തെ കഥയുടെ സൂചന: അ = അവതാരം, കാ = കാളിയമർദ്ദനം, രാ = രാസക്രീഡ, കം = കംസവധം, സ്വ = (രുക്മിണീ) സ്വയംവരം, ബാ = ബാണയുദ്ധം, വി = വിവിദവധം, സ്വ = സ്വർഗ്ഗാരോഹണം.
എട്ടു ദിവസത്തെ കളി കഴിഞ്ഞു പിറ്റേന്നു രാവിലെ പെട്ടിയും ചുമന്നു കളിക്കാർ പുറപ്പെടുമ്പോൾ കണ്ണു നിറയും. ശ്രീകൃഷ്ണനെ പിരിയുന്നതിലുള്ള ദുഃഖം. തലേദിവസം രാത്രി സ്വർഗ്ഗാരോഹണവേളയിൽ കുറേ കരഞ്ഞതാണു്. എല്ലാം ശ്രീകൃഷ്ണനെ ചൊല്ലിയുള്ള ദുഃഖം. അവതാരത്തിലെ കുഞ്ഞായി കണ്ടു്, വിഷസർപ്പത്തിന്റെ ഫണത്തിലേറി നൃത്തം ചവിട്ടുന്നതു കണ്ടു്, പലപല ദുഷ്ടന്മാരെ വകവരുത്തുന്നതു കണ്ടു്, ഗോപസ്ത്രീകളുമായി രാസലീലയാടുന്നതു കണ്ടു് അങ്ങനെയങ്ങനെ അടുത്തു പരിചയിച്ചു ഞങ്ങൾ കുട്ടികളോടൊപ്പം ശ്രീകൃഷ്ണനുമുണ്ടെന്നൊരു തോന്നൽ.
കളി കഴിഞ്ഞു വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോഴും ശ്രീകൃഷ്ണനെപ്പറ്റിയാണ് ചിന്ത. എവിടെയാകും കിടക്കുന്നതു്? നല്ല മെത്തയുണ്ടോ? മേടച്ചൂടിൽ വീശിക്കൊടുക്കാനാളുണ്ടോ? ആലോചിച്ചാലോചിച്ച് ഉറങ്ങിപ്പോകും. രാവിലെ ഉണർന്നെണീറ്റാൽ വേഗം സന്ധ്യയാവാനുള്ള പ്രാർത്ഥനയാണു്. സന്ധ്യയായാൽ നേരത്തെ ചെന്നു മുമ്പിൽത്തന്നെ സ്ഥലം പിടിക്കും. അങ്ങനെ ഒരിക്കൽ നാലു തറവാടുകളിൽ കയറിയിറങ്ങി, മുടങ്ങാതെ മുപ്പത്തിരണ്ടു കളി ഞാൻ കാണുകയുണ്ടായി. അതോർക്കുമ്പോൾ ഇന്നും കണ്ണു നനയുന്നു. കൃഷ്ണനെയോർത്തും കൃഷ്ണാട്ടത്തെയോർത്തുമല്ല. ഇന്നത്തെ കുട്ടികളെയോർത്തു്. അവരറിയാതെ, അവരുടെ കുറ്റം കൊണ്ടല്ലാതെ, അവർക്കു നഷ്ടപ്പെട്ടുപോയ സൗഭാഗ്യം. കൃഷ്ണാട്ടം അവർക്കു തിരിച്ചുകിട്ടുമാറാകട്ടെ എന്നു പ്രാർത്ഥിക്കാൻ ഇന്നു വയ്യ. അപ്പോൾ സാമൂതിരി വാഴ്ചയും സാമന്ത പ്രഭുത്വവും ജന്മിത്വവും എട്ടുകെട്ടും നാലുകെട്ടും തറവാടും സ്ഥാനമാനങ്ങളുമൊക്കെ തിരിച്ചുവരട്ടെ എന്നും പ്രാർത്ഥിക്കേണ്ടിവരില്ലേ? അതിനി ഒട്ടും വയ്യല്ലോ.
കുഞ്ഞനന്തൻ നായരുടെ നേതൃത്വത്തിൽ തമിഴ് നാടകങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഇടയിൽ വഴിവിട്ടല്പം സഞ്ചരിക്കേണ്ടിവന്നു. ഞങ്ങളുടെ പ്രദേശത്തു ധാരാളം ഇടവഴികളുണ്ട്. ഓരോ പുരയിടത്തിന്റെ അതിരിലും ആഴമേറിയ ഇടവഴിയാണ്. വീടുകൾ തിരിച്ചറിയാൻ ഉയർന്ന കോണിപ്പടവുകൾ ചവിട്ടിക്കയറി നോക്കണം. ഇല്ലെങ്കിൽ വഴിതെറ്റും. വഴിതെറ്റിയാൽ അവസാനമില്ലാത്തവിധം ഇടവഴികളിലൂടെ ചുറ്റിക്കറങ്ങേണ്ടി വരും. ഈ ഓർമ്മകൾ പകർത്താൻ തൂലികയെടുത്തപ്പോൾ വഴിവിട്ടുള്ള ചുറ്റിക്കറങ്ങലുകൾ കുറേ വേണ്ടിവരുമെന്നു ഞാൻ ഭയപ്പെട്ടതാണ്. അതിവിടെ സംഭവിച്ചുപോയെങ്കിൽ ക്ഷമിക്കുക—നാടകപ്രദർശനത്തിലേക്കുതന്നെ മടങ്ങാം.
ഏഴുദിവസം തുടർച്ചയായി തമിഴ് നാടകങ്ങൾ പ്രദർശിപ്പിച്ചു. ’നല്ലതങ്കാൾ’, ’കോവലൻ ചരിതം’, ’വള്ളിത്തിരുമണം’ തുടങ്ങിയവ. ഏഴിനും ബഹുവർണ്ണ നോട്ടീസുകളുണ്ടായിരുന്നു. ജടുക്കവണ്ടിയും പാട്ടുമുണ്ടായിരുന്നു. നാടകങ്ങളെല്ലാം തന്നെ ജനം കൈയടിച്ചു സ്വീകരിച്ചു. ആഹ്ലാദിച്ചു. ചിരിച്ചാസ്വദിച്ചു. നല്ലണ്ണനും, നല്ലതങ്കാളും, കോവലനും, കണ്ണകിയും എല്ലാം തകർത്തു പാടുകയും അരങ്ങു കുലുക്കി അഭിനയിക്കുകയും ചെയ്തെങ്കിലും ജനം പൂർണ്ണമായും അംഗീകരിച്ചു് അഭിനന്ദിച്ചതു വിദൂഷകനെയായിരുന്നു. അയാൾ ആസ്വാദകരുടെ അമ്പുറ്റ തോഴനായി. എവിടെയും ഏതു മുഹൂർത്തത്തിലും ഓടിക്കയറിവരുന്നു. കഥ പറയുന്നു; പാട്ടുപാടുന്നു.
ഏഴു മക്കളെ കിണറ്റിൽ എറിഞ്ഞുകൊണ്ട് ‘നല്ലതങ്കാൾ’ ആത്മഹത്യ ചെയ്ത സന്ദർഭം. പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു. ഇനി എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാതെ നിശ്ചലരായിരിക്കുമ്പോൾ അതാ കടന്നുവരുന്നു ഒരു ആട്ടിടയൻ. അയാൾ കളി യോഗത്തിലെ വിദൂഷകനാകുന്നു. തോളിലൊരു കമ്പിളി മടക്കിത്തൂക്കിയിട്ടിട്ടുണ്ട്. തണുത്തു വിറച്ചുകൊണ്ടാണു വരവും. വന്നു ചുറ്റും നോക്കി. എവിടെയെങ്കിലും ഇത്തിരി ചൂടു കിട്ടാനുണ്ടോ എന്നാണു നോട്ടം. അതു മനസ്സിലാക്കാൻ ഡയലോഗിന്റെ ആവശ്യമില്ല. നോക്കിനോക്കി, ഹാർമോണിസ്റ്റിന്റെ മേൽ ദൃഷ്ടി പതിഞ്ഞപ്പോൾ സംഗതി ആകെ മാറി. തണുത്തുവിറച്ചു കൂന്നുകൂന്നു നടന്ന ആൾ സ്പ്രിങ് ആക്ഷൻ കൊണ്ടെന്നപോലെ നിവരുന്നു. റിസ്റ്റ് വാച്ച്, കഴുത്തിലും കയ്യിലും സ്വർണ്ണച്ചങ്ങല, പൊടിമീശ, സിൽക്കു ജുബ്ബ, സ്വർണ്ണ ഫ്രെയിമുള്ള കണ്ണട, ഹാർമോണിയം ചക്രവർത്തിയുടെ രൂപം കണ്ണിലൂടെ അല്പാല്പമായി രുചിച്ചുകൊണ്ടു് ആട്ടിടയനെന്ന വിദൂഷകൻ പതുക്കെപ്പതുക്കെ അയാളെ സമീപിക്കുന്നു. എന്നിട്ടു ആദരവോടെ ചോദിക്കുന്നു.
(സ്വരത്തിൽ ആദരവില്ല. അട്ടഹസിച്ചുതന്നെ പറയണം. ഇല്ലെങ്കിൽ തറട്ടിക്കറ്റുകാർ ഒന്നും കേൾക്കില്ല. മൈക്രോഫോണും ലൗഡ് സ്പീക്കറുമില്ലാത്ത കാലം.)
“സ്നഫ് ഇര്ക്കാ?”
മൂക്കുപൊടിയുണ്ടോ എന്നു്
ചോദ്യം തമിഴിലാണെങ്കിലും ജനം ആർത്തു ചിരിച്ചു. ചൂണ്ടുവിരലും തള്ളവിരലും ചേർത്തു് ഒരുനുള്ളു പുകലപ്പൊടിയെടുക്കുന്ന അഭിനയത്തോടെയാണു ചോദ്യം. തണുപ്പകറ്റാൻ അതു് അത്യാവശ്യമെന്നു ധരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ ദീർഘനേരം ചിരിതന്നെ.
സന്ദർഭം ഒന്നുകൂടി വിശദീകരിക്കട്ടെ. രംഗത്തിന്റെ ഒരു കോണിൽ ഉയർത്തിക്കെട്ടിയ ആൾമറയുണ്ടു്. ഒരു കിണർ അവിടെ ഉള്ളതിന്റെ സൂചന. നല്ലതങ്കാൾ ഓരോ കുട്ടിയേയും ഓടിച്ചിട്ടു പിടിച്ചു ആൾമറയ്ക്കപ്പുറത്തേക്കിടുന്നു. അപ്പോൾ തിരശ്ശീലയ്ക്കു പിറകിൽ നിന്നും ആരോ വെള്ളം തേവി വിടുന്നു. ഒരു കുട്ടിയുടെ കഥ കഴിഞ്ഞെന്നർത്ഥം. അങ്ങനെ ഏഴു കുട്ടികളുടെ കഥ കഴിക്കുന്നു. എട്ടാമതു നല്ലതങ്കാളും കിണറ്റിൽ ചാടുന്നു. അങ്ങനെ ഏഴും ഒന്നും എട്ട് ശവം കിടക്കുന്ന കിണറ്റിനടുത്തു നിന്നാണു വിദൂഷകന്റെ ചോദ്യം:
“സ്നഫ് ഇര്ക്കാ?” മൂക്കുപൊടിയുണ്ടോ എന്നു്
ജനത്തിന്റെ ചിരി! അവിടെ കഥയുടെ ഗതിയറ്റു നിലംപതിക്കുന്നു. ചിരിയടങ്ങി, വീണ്ടും കഥയ്ക്കു ജീവൻ വെക്കുന്നു. മിക്കവാറും എല്ലാ നാടകങ്ങളുടെ രീതിയും ഇതായിരുന്നു.
ഈ പരുവത്തിലുള്ള വിദൂഷക പ്രകടനത്തിനു മകുടം ചാർത്തിയ മറ്റൊരു സന്ദർഭം കൂടി ഇവിടെ വിവരിച്ചുകൊള്ളട്ടെ. കോവലൻ ചരിതമാണു വിഷയം. എല്ലാവർക്കും അറിയാവുന്ന കഥ. അതിന്റെ ക്ലൈമാക്സിലേക്കു നീങ്ങുകയാണ്. ചിലമ്പു കട്ട കുറ്റം ആരോപിച്ചു കോവലനെ വധശിക്ഷയ്ക്കു വിധിക്കുന്നു. ശിക്ഷ നടപ്പിലാക്കുന്നു. കണ്ണകിയുടെ രോഷം മധുരാപുരിയിൽ അഗ്നിപ്രളയമുണ്ടാക്കുന്നു. കള്ളം പറഞ്ഞ തട്ടാനെ വകവരുത്താൻ ശൂലവുമായി കണ്ണകി പാഞ്ഞടുക്കുന്നു. മുമ്പിൽ തട്ടാൻ. പിറകിൽ തീപ്പാറുന്ന ശൂലവുമായി കണ്ണകി. രംഗം സജീവം. തട്ടാൻ വേദി ചുറ്റി ഓടുന്നു. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കണ്ണകി പിറകെയുണ്ട്. ഇപ്പോൾ കഥ കഴിയുമെന്നു വിശ്വസിച്ചു കാത്തിരിക്കുന്ന ജനം. പിടികൊടുക്കാതെ തട്ടാൻ ഓടുകയാണ്. ‘കൊല്ലു കൊല്ലെ’ന്നു ജനം ആർത്തുവിളിക്കുന്നു. തട്ടാൻ ഭാഗം അഭിനയിക്കുന്നതു വിദൂഷകനായതുകൊണ്ടു അത്ര വേഗത്തിൽ കൊല്ലാൻപറ്റുകയില്ല.
ഈ മരണവെപ്രാളത്തിലും വിദൂഷകന്റെ നോട്ടം ജനങ്ങളെ ചിരിപ്പിക്കാനെന്തുണ്ടൊരു വഴിയെന്നാണ്. ഉടനെ അവന്റെ മഹാ പ്രതിഭ ഉചിതമായൊരു വഴി കണ്ടുപിടിച്ചു. ഓടിയോടി സദസ്സിലേക്കവൻ എടുത്തു ചാടുന്നു. എന്നിട്ടു മുൻവരിയിൽത്തന്നെ മാന്യസ്ഥാനത്തിരിക്കുന്ന സ്ഥലത്തെ മുൻസിഫിന്റെയും ഭാര്യയുടേയും ഇടയിൽ തറയിൽ ചമ്രം പടിഞ്ഞങ്ങിരിക്കുന്നു. ’ഉം കാണട്ടെ നിന്റെ വധ’മെന്ന മട്ടിൽ കണ്ണകിയെ നോക്കുന്നു. കണ്ണകിക്കവന്റെ പിറകെ ചാടാൻ പറ്റുമോ? ചാടിയില്ലെങ്കിൽ തട്ടാനെ വധിക്കാൻ പറ്റുമോ? തട്ടാനെ വധിച്ചില്ലെങ്കിൽ നാടകം അവസാനിക്കുമോ? വല്ലാത്ത പ്രതിസന്ധി. ജനം ഒന്നായെഴുന്നേറ്റുനിന്നു. ആർത്തു ചിരിച്ചുകൊണ്ടു തട്ടാനെ നോക്കുന്നു. കണ്ണകി ചാടിവന്നാൽ തട്ടാനോടൊപ്പം തങ്ങളേയും വധിക്കുമോയെന്നു ശങ്കിച്ചു മുൻസിഫും ഭാര്യയും പരുങ്ങുന്നു. ഉൽക്കണ്ഠയുടെ കനം തൂങ്ങിയ നിമിഷങ്ങൾ. ഒടുവിൽ സ്റ്റേജ് മാനേജരും സ്ഥലത്തെ ചില ദിവ്യന്മാരും ചേർന്നു സന്ധി പറഞ്ഞു തട്ടാനെ വേദിയിലെത്തിക്കുന്നു. വധകർമ്മം നടക്കുന്നു. ശുഭമായി അവസാനയവനിക വീഴുന്നു.