തെക്കുനിന്നും വടക്കുനിന്നും ഒരേസമയത്തു വിളി. രണ്ടറ്റവും കൂട്ടിമുട്ടുമ്പോഴാണല്ലോ പൂർത്തിയാവൽ. തെക്കുനിന്നു പഴവിള രമേശൻ. വടക്കുനിന്നു ശ്രീ ടി. പത്മനാഭൻ. കവിയും കാഥികനും ഇടം വലം നിന്നു പിടിവലി. രണ്ടുപേരും എന്റെ ജീവിതത്തിലേക്കു കടന്നുവന്നതെങ്ങനെയെന്നാണു ഞാനിപ്പോൾ ആലോചിക്കുന്നതു്. അടുത്ത ചില സുഹൃത്തുക്കളുടെ വിവരണങ്ങളിലൂടെയാണു് രണ്ടു പേരെയും ഞാൻ ആദ്യമായി അറിയുന്നതു്. ‘പട്ടത്തുവിള’യും ’പഴവിള’യും കൊല്ലെത്ത പ്രസിദ്ധിയുള്ള രണ്ടു തറവാടുകൾ. പട്ടത്തുവിളയിലൂടെയാണു് പഴവിളയെ ഞാനറിയുന്നതു്.
“നല്ല പയ്യനാണു്.” പൊടിയനൊരിക്കൽ പറഞ്ഞു: “സ്നേഹമുള്ള പയ്യൻ.”
അന്നു് അവിടെവെച്ചു് സ്നേഹമുള്ള പയ്യൻ എന്റെ മനസ്സിൽ കയറിപ്പറ്റി. അതുപോലെ മറ്റൊരിക്കൽ ശ്രീ എം. ഗോവിന്ദന്റെ ഒരു ചോദ്യം:
“പത്മനാഭനെ അറിയില്ലേ? കഥകളിലൂടെ പ്രകാശം പരത്തുന്ന പത്മനാഭൻ?”
ഇല്ലെന്നെങ്ങനെ പറയും? മിസ്റ്റർ പത്മനാഭന്റെ കഥകൾ വായിച്ചിട്ടുണ്ട്; രസിച്ചിട്ടുണ്ടു്. രണ്ടു പേരും രണ്ടു രീതിയിലാണെന്നെ സ്വാധീനിച്ചതെന്നു പറയട്ടെ. പക്ഷേ, അക്കാലത്തൊന്നും രണ്ടു പേരെയും കാണാൻ കഴിഞ്ഞിരുന്നില്ല. കാലം കുറെ ചെന്നപ്പോൾ ഒരു ചെറിയ ആക്രമണമുണ്ടാകുന്നു. വേണമെങ്കിൽ കടലാക്രമണമെന്നു പറയാം. ഇന്ത്യയിലെ കടൽ തീരങ്ങളിലങ്ങോളമിങ്ങോളം സഞ്ചരിച്ചു്, മണ്ണു ശേഖരിച്ചുവരുന്ന കലാകാരന്മാരുടെ ഒരു സംഘം കോഴിക്കോട്ടെത്തിച്ചേരുന്നു. അവരെ സ്വീകരിക്കാൻ ഞങ്ങൾ ചെല്ലുന്നു. പൊടിയനുണ്ടു്, എം. ടി. യുണ്ട്, അരവിന്ദനുണ്ടു്. കടൽത്തീരത്തുവെച്ചല്ലാ, റസ്റ്റ് ഹൗസിൽ വച്ചാണു് അവരെ കാണുന്നതു്. സംഘത്തെ നയിക്കുന്നതു സുപ്രസിദ്ധ ചിത്രകാരനായ മിസ്റ്റർ വിശ്വനാഥൻ. വിശ്വനാഥനെക്കുറിച്ചു് കേരളീയ ജനതയോടു് എന്തെങ്കിലും പറയുന്നതു അധിക പ്രസംഗമായിരിക്കും. അദ്ദേഹത്തെ കേൾക്കാത്തവരും അറിയാത്തവരും ആരുണ്ടിവിടെ. സംഘത്തിൽ ‘കടമ്മനിട്ട’യുണ്ടു്. ‘പഴവിള’യുണ്ടു്. വേറെയും പലരുണ്ടു്. എല്ലാവരേയും വ്യക്തമായോർക്കാൻ കഴിയുന്നില്ല. കാലം ചെല്ലുമ്പോൾ ഇങ്ങനെയൊരു ഓർമ്മക്കുറിപ്പെഴുതേണ്ടിവരുമെന്ന വിചാരമുണ്ടായിരുന്നെങ്കിൽ എല്ലാം വിശദമായി അന്നുതന്നെ കുറിച്ചു വെക്കാമായിരുന്നു. അതുണ്ടായില്ല. ഇനി പറഞ്ഞിട്ടെന്തു കാര്യം? ഇവിടെ വിഷയം പഴവിളയാണല്ലോ. അന്നു് അവിടെവെച്ചു കണ്ടു. എല്ലാവരും ചേർന്നു പൊടിയന്റെ ആതിഥ്യം സ്വീകരിച്ചു. കുറേ മണിക്കൂറുകൾ ചെലവഴിച്ചു.
പിന്നെ പല സന്ദർഭങ്ങളിൽ പല സ്ഥലങ്ങളിൽ വെച്ചും പഴവിളയെ കണ്ടിട്ടുണ്ടു്. സംഭാഷണപ്രിയനാണു്. പ്രമുഖരായ പല വ്യക്തികളുമായി അടുത്ത ബന്ധമുള്ള പഴവിളയ്ക്കു് രസകരങ്ങളായ പല അദ്ഭുത കഥകളും പറയാനുണ്ടാവും, മുഷിപ്പു കൂടാതെ സരസമായതു പറയുകയും ചെയ്യും, ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ കോഴിക്കോട്ടെത്തിച്ചേർന്നപ്പോഴാണു് ഞങ്ങൾ കൂടുതലടുക്കുന്നതു്. ഇവിടെ ഒരല്പ വ്യസനം. പഴവിളയുടെ തിരുവനന്തപുരത്തുള്ള വീടു് ഒരു ഊട്ടുപുരയാണെന്നും ആർക്കു് എപ്പോൾ കയറിച്ചെന്നാലും അവിടെ നിന്നു് ഊണു കിട്ടുമെന്നും എന്നോടു പലരും പറഞ്ഞിട്ടുണ്ടു്. ഊണു് കിട്ടുക മാത്രമല്ല, സുഖമായി ഊണു കഴിച്ചു് എത്ര ദിവസം വേണമെങ്കിലും അവിടെത്തന്നെ കഴിച്ചുകൂട്ടാനും ഒരു വിഷമവുമില്ലെന്നും കേട്ടിട്ടുണ്ടു്. ഒരിക്കലെങ്കിലും അവിടെച്ചെല്ലാനോ, പഴവിളയുടെ ഊട്ടുപുരയിൽ നിന്നു് ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ ഇന്നോളം സാധിച്ചിട്ടില്ല. അതാണാല്പ വ്യസനമെന്നു പറഞ്ഞതു്. പഴവിളയുടെ കോഴിക്കോട്ടെ സങ്കേതം അരവിന്ദന്റെ സങ്കേതം പോലെ സന്തോഷപ്രദങ്ങളായ സായങ്കാലസമ്മേളനങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. ഇടയ്ക്കിടെ വാരിയെടുത്തു പൊടിതട്ടി താലോലിക്കാൻ പറ്റിയ ഓർമ്മയായി മനസ്സിന്റെ അകക്കള്ളിയിൽ ഞാനിന്നുമതു ഭദ്രമായി സൂക്ഷിക്കുന്നു.
ഒത്തുചേരലിനും കൂട്ടം കൂടലിനും അത്രയൊന്നും താൽപര്യം കാണിക്കാത്ത വ്യക്തിയാണു് മിസ്റ്റർ പത്മനാഭൻ. ഒറ്റയാനെന്നു പലരും മിസ്റ്റർ പത്മനാഭനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ടു്. അടുത്തു പരിചയിക്കാൻ കഴിയാത്തവർക്കങ്ങനെ തോന്നുന്നതിലദ്ഭുതമില്ല. “പുറം കഠോരം, പരിശുഷ്കമൊട്ടുക്കുള്ളോ മൃദു സ്വാദുരസാനുവിദ്ധം”—ഇതേതെങ്കിലും കാഥികനെപ്പറ്റി കവി പാടിയതാണോ? എങ്കിൽ മിസ്റ്റർ പത്മനാഭനതു ചേരും. പൂവിതൾ പോലെ മൃദുലമാണു് പത്മനാഭന്റെ മനസ്സ്. പൂങ്കാറ്റുപോലെ നിങ്ങളെ പുല്കാൻ ഒരുങ്ങിനില്ക്കുന്നതാണു് പത്മനാഭന്റെ സൗഹൃദം. അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴൊക്കെ എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നാരു മുഴക്കമുള്ള വാക്കു് ഉയർന്നു വരും: “അബദ്ധം” ഈ വാക്കു പത്മനാഭന്റെ സ്ഥിര മുദ്രാവാക്യമാണെന്നെനിക്കു പലപ്പോഴും തോന്നീട്ടുണ്ടു്. നെറികേടിനുനേരെ, കുത്സിതവൃത്തിക്കുനേരെ വിട്ടുവീഴ്ച കാണിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലല്ലോ. എങ്ങാനുമൊരു പാകപ്പിഴ കണ്ടെത്തിയാൽ ഉടനെ ആ ശബ്ദം മുഴങ്ങും: “അബദ്ധം”. ഈ മുഴക്കം സ്വകാര്യസംഭാഷണത്തിൽ ഒതുങ്ങുന്നില്ല. പ്രസംഗവേദിയിൽ ആയിരങ്ങളുടെ മുമ്പിൽ വെച്ചും അദ്ദേഹമിതു പറയും. ഇങ്ങനെ വെട്ടിത്തുറന്നു പറയുന്ന സമ്പ്രദായം ശത്രുക്കളെ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും അനുഭവപ്പെട്ടിട്ടും ഒറ്റയ്ക്കു വെട്ടിക്കേറാനൊരുമ്പെട്ട മട്ടാണു്. ഇക്കാര്യത്തിൽ വിലക്കുകളോ വിലങ്ങുകളോ അദ്ദേഹത്തെ പിടിച്ചടക്കിയതായറിവില്ല. മിസ്റ്റർ പത്മനാഭനെ കാണുക, അദ്ദേഹവുമായി അല്പനേരം സംസാരിച്ചിരിക്കുക. പല വ്യക്തികളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹത്തിനുള്ള ശക്തിമത്തായ അഭിപ്രായം കേൾക്കുക, എനിക്കു വളരെയേറെ ഇഷ്ടമുള്ള കാര്യമാണു്. പ്രസിദ്ധിക്കുവേണ്ടി, സ്ഥാനമാനങ്ങൾക്കുവേണ്ടി സ്വാഭിപ്രായം ബലികഴിക്കാത്ത സ്ഥിതപ്രജ്ഞനായ പത്മനാഭന്റെ സുഹൃത്താവാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ടു്.
കടമ്മനിട്ടയുടെ പേരിവിടെ പറഞ്ഞല്ലോ. അതങ്ങനെ ഒഴുക്കനായി പറഞ്ഞു വിട്ടുകളയേണ്ട പേരല്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലു അതനുവദിക്കുകയില്ല. അരവിന്ദനാണു് കടമ്മനിട്ടയെ പരിചയപ്പെടുത്തുന്നതു്. അരവിന്ദനുള്ളപ്പോൾ ഇടയ്ക്കിടെ കടമ്മനിട്ട കോഴിക്കാട്ടെത്തും. എത്തിയാൽ അദ്ദേഹം തങ്ങുന്ന ഹോട്ടൽ കണ്ടുപിടിച്ചു ഞാനവിടെയെത്തും. വെറുതെ അന്വേഷിച്ചു ചെല്ലുന്നതല്ല. കവിത കേൾക്കാൻ. കടമ്മനിട്ട ചൊല്ലിക്കേൾക്കുമ്പോൾ കവിതയ്ക്കു പല പല മാനങ്ങളുള്ളതായി അനുഭവപ്പെടും. എന്തൊരു മുഴക്കമുള്ള ശബ്ദം. കോഴിക്കോട്ടെ ടൗൺഹാളിൽ, കോളേജുകളിൽ, സ്വകാര്യസദസ്സുകളിൽ, സുഹൃദ് സമ്മേളനങ്ങളിൽ രാത്രികൾ പകലാക്കുന്ന കവിതാപാരായണങ്ങൾ പലതുമന്നു നടന്നിട്ടുണ്ടു്. കടമ്മനിട്ടയുടെ കവിതാപാരായണത്തിന്റെ ആസ്വാദ്യതയെക്കുറിച്ചൊരു കഥ. ഒരു ദിവസം, അന്നു കോഴിക്കോടു് ഡെന്റൽ കോളേജിൽ പഠിക്കുന്ന മകളോടൊപ്പം കടമ്മനിട്ട എന്റെ വീട്ടിൽ വന്നു. രാത്രി ഒരു പത്തുമണിയായിട്ടുണ്ടാവും. രണ്ടു പോലീസ് ആപ്പീസറന്മാർ വരുന്നു, ഒരു അരമണിക്കൂർനേരത്തേക്കു് കടമ്മനിട്ടയെ വിട്ടുകൊടുക്കണമെന്നു പറഞ്ഞു കൊണ്ടു്. ആ രണ്ടുപേരുമല്ലാത്ത മറ്റേതെങ്കിലും ആപ്പീസറന്മാരാണെങ്കിൽ കടമ്മനിട്ടയെ കൊണ്ടുപോകുന്നതു് ‘ചോദ്യം’ ചെയ്യാനാണെന്നു കരുതി ഞാൻ പരിഭ്രമിക്കും. ഇതങ്ങനെയല്ല; അവർക്കു കടമ്മനിട്ടയുടെ കവിത ചൊല്ലൽ കേൾക്കണം. നിർബ്ബന്ധമാണു്. ഞങ്ങൾ അവരോടൊപ്പം പോയി. സംഗതി പൊടിപൊടിക്കുകയും ചെയ്തു. അങ്ങനെ ഏതൊക്കെ മേഖലകളിൽനിന്നാണു് കടമ്മനിട്ടയ്ക്കു ക്ഷണം വന്നുകൊണ്ടിരുന്നതു്; കൈയും കണക്കുമില്ല. ഉന്നത ശ്രേണിയിൽനിന്നു തുടങ്ങി, താഴേ പടവുവരേയുള്ളവർക്കു് കടമ്മനിട്ട ഒരു ‘ഹര’മായിരുന്നു. അക്കാലത്തൊരു ദിവസം രാത്രി കോഴിക്കോട്ടെ തെരുവിലൂടെ ഞങ്ങൾ നടക്കുന്നു. അപ്പോൾ കടമ്മനിട്ട പറയുന്നു:
“നമുക്കു ഹോട്ടലിലേക്കു പോകാം. ഒരു കവിതയുണ്ട്; വായിക്കാം.”
സന്തോഷം. പരമ സന്തോഷം. ഞാൻ നടത്തത്തിനു വേഗംകൂട്ടി. ഹോട്ടൽ മുറിയിലിരുന്നു ജൂബ്ബയുടെ പോക്കറ്റിൽ നിന്നു കവിതയെടുത്തു് വായന തുടങ്ങി:
കുളികഴിഞ്ഞീറൻ പകർന്നു്
വാർകൂന്തൽ കോതിവകഞ്ഞു്, പുറകോട്ടു വാരിയിട്ടാ-
വളക്കയ്യുകൾ മെല്ലെയിളക്കി…
പതുക്കെ തുടങ്ങി. വളക്കിലുക്കത്തിന്റെ മന്ദ്രസ്വരം കേൾപ്പിച്ചു്, പിന്നെ മുഴക്കത്തിലൂടെ, ഉച്ചസ്ഥായിയിൽ കയറി ആ കവിത അങ്ങനെ നാലുപാടും പടരുകയാണു്. ചൊല്ലുന്നതിനിടയിൽ പറയുന്നു:
”ഇതു പൂർണ്ണമല്ല; എഴുതിത്തുടങ്ങിയതേയുള്ളു.” എങ്കിലും ഉള്ളതു മുഴുവനും അമൃതമായിരുന്നു. അതിന്റെ ആസ്വാദ്യത ഇന്നും മനസ്സിലുണ്ടു്. അതു തേട്ടിവരുമ്പോൾ ഇന്നും അറിയാതെ ഞാൻ മൂളിപ്പോകുന്നു; സംഗീതത്തിന്റെ നാലയലത്തുപോലുമെത്താത്ത എന്റെ അപസ്വരത്തിലുടെ:
നീ വരൂ രാഗവിവശം
സരിത്തുപോൽ
നീ വരൂ ദുഃഖമായ് നീ വരൂ ശക്തിയായ്,
നീ വരൂ സത്യമായ്…
ഇതൊരാത്മാലാപമാണു്; കവിതയെ ഉദ്ദേശിച്ചും കവിയെ ഉദ്ദേശിച്ചും.
എനിക്കിനി ഓർക്കാനും പറയാനുമുള്ളതു് രണ്ടു തമ്പുരാക്കന്മാരെപ്പറ്റിയാണ്—മങ്കട രവിവർമ്മയും ഡോക്ടർ കെ. ടി. രാമവർമ്മയും. രണ്ടു പേരെയും ഞാൻ തമ്പുരാനെന്നു സംബോധനചെയ്യുന്നു. അവർക്കിഷ്ടമായാലും ഇല്ലെങ്കിലും അതല്ലാതെ മറ്റൊരു പേരുകൊണ്ടവരെ സംബാധന ചെയ്യാനെനിക്കു വിഷമം.
ശ്രീ മങ്കട രവിവർമ്മയെ ഞാൻ കാണുന്നതും അടുത്തിടപഴകുന്നതും ഉത്തരായനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണു്. ഒരു സിനിമയിലെ ക്യാമറാമാൻ എന്നു പറഞ്ഞാൽ, ഏതെങ്കിലും വലിയ ഹോട്ടലിൽ താമസിക്കുകയും, പരിചാരകർ ചെന്നു വിളിച്ചുണർത്തി വലിയ കാറിൽ സംഭവസ്ഥലത്തു കൊണ്ടുവന്നിരുത്തി ആദരിക്കുകയും ചെയ്യു ന്ന ഒരു അദ്ഭുതവ്യക്തിയെന്ന നിലയിലാണു് ഞാൻ കരുതിപ്പോന്നതു്. എന്നാൽ എന്റെ ആ അഭിപ്രായം പാടെ തിരുത്തിത്തന്നതു് മങ്കട രവിവർമ്മതമ്പുരാനാണു്. സാധാരണക്കാരിലും സാധാരണക്കാരനായ ഒരു മനുഷ്യൻ. തന്റെ ജോലിയിലാണെങ്കിൽ അതിവിദഗ്ദ്ധൻ. ലൈറ്റ് ബോയി തുടങ്ങി ഡയരക്ടർ വരെ എല്ലാവരോടും ഒരേനിലയിലുള്ള പെരുമാറ്റം. വേണ്ടെടത്തു വേണ്ടത്ര വിനയം. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഒട്ടും അമിതമാവാത്ത ഗൗരവം. തനിക്കു പ്രത്യേകമായ ആനുകൂല്യങ്ങളോ സൗകര്യങ്ങളോ ആവശ്യമില്ല. അറിഞ്ഞു വല്ലവരും വല്ലതും ചെയ്തുപോയാൽ വിനയത്തോടെ അതു നിരസിക്കുകയും ചെയ്യും. എല്ലാവരേയും പോലെയാണു് താനെന്നും തനിക്കൊരു പ്രത്യേകതയുമില്ലെന്നും തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കും. തെറ്റാരുടെ പക്ഷത്തു നിന്നു വന്നാലും അതു ക്ഷമാപൂർവ്വം തിരുത്തിക്കൊടുക്കും. അറിയാത്ത കാര്യങ്ങൾ വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൊണ്ടു കാണിച്ചു ബോദ്ധ്യപ്പെടുത്തിയാണു് പഠിപ്പിക്കുക. അദ്ദേഹം ജോലിചെയ്യുന്നതു കണ്ടുനില്ക്കുന്നതുപോലും വലിയൊരനുഭവമാണു്. ഉത്തരായനത്തിന്റെ വിജയത്തിൽ അദ്ദേഹത്തിനുള്ള പങ്ക് വളരെ വിലപ്പെട്ടതാണെന്നു് അറിയാത്തവരാരുമില്ല. അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ വായിക്കാനിടവന്നപ്പോഴൊക്കെ എനിക്കു തോന്നിയൊരു കാര്യമുണ്ടു്. സാഹിത്യവിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സമയമദ്ദേഹത്തിനു കിട്ടിയിരുന്നെങ്കിൽ, ചലച്ചിത്രത്തിലെന്ന പോലെ അവിടെയുമദ്ദേഹത്തിനു് വലിയൊരു പദവി കിട്ടുമായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം എന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി ഞാൻ സൂക്ഷിക്കുകയാണു്.
അരവിന്ദന്റെ സദസ്സിൽ വെച്ചാണു് കാളപ്പോരിന്റെ നാട്ടിൽ നിന്നു് ഉന്നതബിരുദമെടുത്തു് നാട്ടിൽ തിരിച്ചെത്തിയ ഡോ. കെ. ടി. രാമവർമ്മത്തമ്പുരാനെ ഞാൻ കാണുന്നതു്. ഒഴിവുകിട്ടുമ്പോഴൊക്ക അന്നദ്ദേഹം കോഴിക്കോട്ടു് വരും. അരവിന്ദനും പട്ടത്തുവിളയും എം. ടി. യുമെല്ലാമൊത്തു് കഥപറഞ്ഞും ചിരിച്ചും രസിച്ചും സമയം കഴിക്കും. ഞങ്ങളിലൊരാളായി മാറാനും ഞങ്ങളോടൊപ്പം ഏതു കാര്യത്തിൽ പങ്കുകൊള്ളാനും ആ വലിയ മനുഷ്യനു് ഒരു മടിയും ഉണ്ടായിരുന്നില്ല. ചിത്രകലയെക്കുറിച്ചോ സംഗീതത്തെക്കുറിച്ചോ സാഹിത്യത്തെക്കുറിച്ചോ ‘അതിഗഹനമായ’ ശാസ്ത്രവിഷയങ്ങളെക്കുറിച്ചോ ആധികാരികമായി അഭിപ്രായം പറയാൻ അദ്ദേഹത്തിനു കഴിയും. നല്ല ലളിതമായ ഭാഷയിൽ എഴുതാനുള്ള പാടവം തെളിയിക്കുന്നതാണു് ‘കാളപ്പോരിന്റെ നാട്ടിലെ’ന്ന ഗ്രന്ഥം. നോവലും ജീവചരിത്രവും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇതിലേതെങ്കിലുമൊന്നു മതി; ഒന്നുമാത്രം മതി; അദ്ദേഹത്തിന്റെ കഴിവിന്റെ മാറ്റുരച്ചു കാണിക്കാൻ. മലയാളവായനക്കാരോട് ഇതിലേറെ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹവുമായി അരവിന്ദന്റെ താവളത്തിൽ ചെലവഴിച്ച നിമിഷങ്ങൾ എത്രയും വിലകൂടിയതാണെന്നു പറഞ്ഞു നിർത്തട്ടെ.
ക്ഷമിക്കുക. എന്നോടൊപ്പം എന്റെ സുഖദുഃഖങ്ങളിൽ പങ്കെടുത്തു് ഇതുവരെ വന്നെത്തിയ നിങ്ങൾക്കു് അല്പം കണ്ണീരിന്റെ ഉപ്പുരസം നല്കിക്കൊണ്ടിതു് അവസാനിപ്പിക്കുന്നതിൽ മാപ്പുനല്കുക. എന്റെ ശങ്കരപ്പിള്ള! ശാസ്താംകോട്ട കോളേജിൽ പ്രൊഫസ്സറായ കാലത്തു് നിത്യവും രാത്രി, തിരുവനന്തപുരത്തെത്തി നാടക സംബന്ധിയായ പഠനവും പര്യവേക്ഷണവും പരിശ്രമവും നടത്തിപ്പോന്ന ശ്രീ ജി. ശങ്കരപ്പിള്ളയെപ്പറ്റിയാണു് ഞാൻ ഓർക്കുന്നതും പറയുന്നതും. നാടകരചനയെപ്പറ്റിയും അരങ്ങൊരുക്കലിനെപ്പറ്റിയും സംവിധാനത്തെപ്പറ്റിയുമൊക്കെ ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങൾ അന്നു് തിരുവനന്തപുരത്തുവെച്ചു് മുദ്രണം ചെയ്ത് പുറത്തിറക്കിയിരുന്നു. അവയെല്ലാം തന്നെ പ്രസിദ്ധീകരണത്തിന്റെ ആദ്യതാളിൽ ജി. ശങ്കരപ്പിള്ളയെന്നു വടിവൊത്ത ചെറിയ മലയാളലിപിയിൽ രേഖപ്പെടുത്തി എനിക്കയച്ചു തരുമായിരുന്നു. അമ്പരപ്പോടെയാണു് ഞാനതൊക്കെ കൈപ്പറ്റിയിരുന്നതു്. അന്നു് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞു കേട്ടും വായിച്ചറിഞ്ഞുമുള്ള പരിചയമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നെ ഏതു നിലയിൽ അദ്ദേഹം മനസ്സിലാക്കിയെന്നെനിക്കറിഞ്ഞു കൂടാ. പതിവായെനിക്കു പ്രസിദ്ധീകരണങ്ങൾ അയച്ചു തന്നുകൊണ്ടേയിരുന്നു. അങ്ങനെയങ്ങനെ, കാണാതെ, പരിചയപ്പെടാതെ, സംജാതമായ ബന്ധം തൃശ്ശൂരിൽ വെച്ചാണു് കൂടുതൽ ശക്തിപ്രാപിച്ചതു്. ഞങ്ങൾ രണ്ടുപേരുമന്നു സംഗീതനാടക അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായിരുന്നു. പരസ്പരം കാണാനും അടുക്കാനുമുള്ള സന്ദർഭം അവിടെവച്ചുണ്ടായി. അതു് സഹോദരനിർവിശേഷമായ സ്നേഹമായി പിന്നീടു വളർന്നു: അടുത്ത ഊഴത്തിൽ അദ്ദേഹം അക്കാദമി ചെയർമാനാവുന്നു. അപ്പോഴും പല സംരംഭങ്ങളിലും അദ്ദേഹം എന്നെ പങ്കാളിയാക്കുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിക്കഴിഞ്ഞപ്പോൾ അദ്ദേഹം വിദഗ്ദ്ധസമിതിയിൽ പലതിലും എന്നെ അംഗമാക്കിയെടുത്തു. ശ്രീ വേണുക്കുട്ടൻനായർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു് അരനാട്ടുകരയിലെ വസതിയിൽ കഴിച്ചുകൂട്ടിയ നല്ല ദിവസങ്ങളെക്കുറിച്ചു് ഒരു ഗദ്ഗദത്തോടുകൂടി മാത്രമേ ഇപ്പോൾ ഓർക്കാൻ കഴിയുന്നുള്ളൂ. ഒരു ജീവിതകാലമത്രയും മലയാളനാടകവേദിയുടെ അഭിവൃദ്ധിക്കു വേണ്ടി തളരാതെ അദ്ദേഹം പ്രവർത്തിച്ചു. പഠനവും പരിശീലനവമില്ലാതെ ആർക്കും ഏതു നിലയിലും കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഒരു കലാരൂപമാണു് നാടകമെന്ന വിശ്വാസത്തിനദ്ദേഹം മാറ്റം വരുത്തി. നാടക കലയെ സംബന്ധിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചു. ശാരീരികമായ അസ്വാസ്ഥ്യങ്ങൾ അവഗണിച്ചു് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിച്ചു് നാടകകലയെ സംബന്ധിച്ചുള്ള ചർച്ചാ യോഗങ്ങളും ക്ലാസ്സുകളും നടത്തി, യുവജനങ്ങളിൽ ബോധം വളർത്തി. നിരന്തരമായ യാത്രയിലൂടെ തീവണ്ടിയിലും ബസ്സിലുമായി കഴിച്ചു കൂട്ടിയ ദിവസങ്ങൾക്കു് കൈയും കണക്കുമില്ല.
ഞങ്ങളുടെ അവസാനത്തെ കൂടിച്ചേരൽ. ദൂരദർശനിൽ ഒരു പരിപാടി. ഞങ്ങൾ തൊട്ടുതൊട്ടിരുന്നു. ഒരുമിച്ചു് ഊണുകഴിച്ചു. വിശ്രമിച്ചതും ഒരുമിച്ചുതന്നെ. ഇടയിൽ സുകുമാരൻചേട്ടനെ അദ്ദേഹം ഓർക്കുന്നു. അദ്ദേഹം സുഖമില്ലാതെ കിടപ്പാണു്. ചെന്നു കാണണമെന്നായി. ഉടനെ പുറപ്പെട്ടു. സുകുമാരൻ ചേട്ടനെ കണ്ടു. ഏറെനേരം വർത്തമാനം പറഞ്ഞു. അസുഖം അത്ര സാരമില്ലെന്നും ഉടനെ പഴയപോലെ പുറത്തിറങ്ങാമെന്നും പറഞ്ഞാശ്വസിപ്പിച്ചു് യാത്ര പറഞ്ഞു. വഴിയിൽ വെച്ചദ്ദേഹം പറയുന്നു: ഞാനിന്നു മടക്കമില്ല. വിമൻസ് കോളജിൽ നാളെ ക്ലാസ്സുണ്ടു്. അതു കഴിഞ്ഞാണു് മടക്കം. താമസിയാതെ കോഴിക്കോട്ടു വരാം, കാണാം. ഞങ്ങൾ പിരിയുന്നു. ഒരാഴ്ച. അവസാനരംഗത്തിന്റെ തിരശ്ശീല വീണു് ആ ജീവിതം അവസാനിച്ച വാർത്തയാണു് പിന്നെ കേൾക്കുന്നതു്. ധന്യമായ ആ ജീവിതത്തിന്റെ സ്മരണയ്ക്കു മുമ്പിൽ ഒരിറ്റു കണ്ണീർ!
തീർന്നില്ല. നിങ്ങൾ ‘ഗ്രാമീണ’നെ അറിയുമോ? ഒരുകാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നല്ല വള്ളുവനാടൻ ശൈലിയിൽ, ഗ്രാമീണ ജീവിതത്തിന്റെ അതീവസുന്ദരങ്ങളായ കഥകളെഴുതിയ ഗ്രാമീണനെ—ശ്രീ ടി. നാരായണനമ്പീശനെ നിങ്ങൾ മറന്നുപോയോ? പലപേരിൽ, പല രീതിയിൽ, അതിപ്രഗല്ഭമായ സംഭാവനകൾ കൊണ്ടു മലയാണ്മയെ സമ്പന്നമാക്കിയ നാരായണനമ്പീശൻ ഫാറൂക്കു് കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു. ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രവീണൻ. മാതൃഭൂമിയിൽ കുഞ്ഞപ്പേട്ടന്റെ മുറിയിൽവെച്ചാണു് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നതു്. ആ ദിവസംതൊട്ടു് ഒരു കുടുംബാംഗമെന്ന നിലയിൽ അദ്ദേഹമെന്ന സ്വീകരിച്ചു. ഞാൻ കോഴിക്കോട്ടു താമസിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചു. പെട്ടിയും പ്രമാണവുമായി ഒരു ദിവസം അദ്ദേഹമെന്റെ വീട്ടിൽ കയറിവന്നു്, ഞാനും ഇവിടെ കൂടിക്കളയാമെന്നു പറഞ്ഞു. അന്നദ്ദേഹം ആകാശവാണിയിൽ ഹിന്ദി പാഠം കൈകാര്യം ചെയ്യുകയായിരുന്നു. അതിരാവിലെ വരണം. ആ ബുദ്ധിമുട്ടൊഴിവാക്കാനാണു് എന്റെ കൂടെ താമസിക്കാമെന്നുവെച്ചതു്. പക്ഷേ, അതൊരിക്കലുമുണ്ടായില്ല. ചില നേരങ്ങളിൽ വരും. കുളിച്ചു വൃത്തിയായി പടികടന്നു പോവുകയും ചെയ്യും. ഒരുദിവസം നോക്കുമ്പോൾ അദ്ദേഹത്തിന്റെ പെട്ടിക്കു കീഴിൽ അരിമണികൾ ചിതറിക്കിടക്കുന്നതു കണ്ടു. കാരണറിയാൻവേണ്ടി പെട്ടി തുറന്നു നോക്കുമ്പോൾ നിറച്ചും കൈക്കുത്തരി. സന്തോഷം. അരിക്കു് അതികലശലായ ക്ഷാമമുള്ള കാലം. അദ്ദേഹത്തിന്റെ സമ്മതം ചോദിക്കാൻ ക്ഷമയുണ്ടായില്ല. അരിയെടുത്തു് ഞങ്ങൾ സുഭിക്ഷമായി ചില ദിവസങ്ങൾ ഊണുകഴിച്ചു. ബാബു രാജേന്ദ്രപ്രസാദിന്റെ ആത്മകഥ—ആ ബൃഹദ്ഗ്രന്ഥം—പരിഭാഷപ്പെടുത്തിയ ഗ്രാമീണൻ ഇന്നൊരോർമ്മ മാത്രമാണു്. ആ സ്നേഹസമ്പന്നനായ വലിയ മനുഷ്യൻ എനിക്കെന്റെ ഗുരുനാഥനെപ്പോലെയായിരുന്നു.
നിർത്തട്ടെ. എന്റെ കുടുംബകാര്യമൊന്നും പറഞ്ഞില്ലെന്ന പരാതിയുണ്ടോ? അതും തീർത്തുകളയാം. 1949-ലെ മഴക്കാലം. ആഗസ്റ്റു മാസം പിറന്നിട്ടും മഴയുടെ ശക്തി കുറഞ്ഞില്ല. ഓണം നേരത്തെയാണു്. തോടും പാടവും പുഴയുമൊക്കെ നിറഞ്ഞു നില്ക്കുന്നു. കഴുത്തോളം വെള്ളത്തിലൂടെ നീന്തിയിട്ടു വേണം ഇത്തവണ ഓണത്തിനു കടന്നു വരാനെന്നു പലരും പറഞ്ഞു. വ്യക്തമായി ഓർക്കുന്നു. അന്നു് ഉത്രമാണു്. പിറ്റേന്നു് അത്തവും. ആകാശത്തിന്റെ കനം വിട്ടിട്ടില്ല. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്ന മട്ടാണു്. സന്ധ്യയുടെ കറുപ്പും കരിമേഘത്തിന്റെ മുഴുപ്പും കൂടിയായപ്പോൾ ഒരു ദുർദ്ദിനത്തിന്റെ ലക്ഷണം പൂർത്തിയായി. ഒന്നരവയസ്സായ എന്റെ മകൾ തോളിൽ കിടന്നുറങ്ങുന്നു. അവളുടെ അമ്മ രോഗശയ്യയിൽ. ആയുർവേദക്കാരും അലോപ്പതിക്കാരും മാറിമാറി നോക്കിയിട്ടും രോഗം വിട്ടുമാറുന്നില്ല. മരുന്നിനു തല മടക്കാത്ത പനി. കോഴിക്കോട്ടുനിന്നു വിദഗ്ദ്ധനായ ഡോക്ടർ വന്നു ചികിത്സ നിർദ്ദേശിച്ചു. പനി പിന്മാറുന്നില്ല. രണ്ടു മാസമായി കാട്ടുതീപോലെ കത്തിക്കയറുകയാണു പനി. രാവും മഴക്കാറും കൂടി പകലിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പതുക്കെ ഒരു കാറ്റടിച്ചു. മഴക്കുള്ള ആരംഭം. അപ്പോൾ രോഗശയ്യയിൽ നിന്നു ക്ഷീണിച്ച സ്വരം:
“കുഞ്ഞേട്ടാ.” അടുത്തു ചെന്നു.
“രാത്രിയായോ?” രോഗിണിയുടെ ചാദ്യം.
“ആവുന്നു.”
“ഓ! എന്തൊരിരുട്ടു്. ജാലകം തുറക്കണം.”
“വേണ്ടാ. ശക്തിയായ മഴ വരുന്നു. വിളക്കു കത്തിച്ചിട്ടുണ്ടല്ലോ. അതു പോരേ?”
“പോരാ, ഒന്നും കാണുന്നില്ല. വല്ലാത്ത ഇരുട്ടു്.”
ഒടുവിൽ പറഞ്ഞുനിർത്തുമ്പോൾ കിതപ്പുണ്ടായിരുന്നു. അതു വർദ്ധിച്ചു. ക്രമേണ നേർത്തുനേർത്തു വരുന്ന കിതപ്പ്. കഴിഞ്ഞു. എല്ലാം കഴിഞ്ഞു. മകൾ ഒന്നുമറിയാതെ തോളിൽ കിടന്നുറങ്ങുന്നു. അവളുട അമ്മ കിടക്കയിൽ ദീർഘനിദ്രകൊള്ളുന്നു.
മതി. ഞാനിവിടെ അവസാനിപ്പിക്കട്ടെ. അകലെ എന്റെ അരങ്ങൊരുങ്ങുന്നു. വേദിയിൽ സമൃദ്ധമായ വെളിച്ചം. തിരശ്ശീലയ്ക്കു പിറകിൽ എന്താണെന്നറിഞ്ഞു കൂടാ. ഇരുട്ടോ വെളിച്ചമോ? എന്തായാലും എനിക്കരങ്ങിൽ കേറാതെ വയ്യ. നടനെന്ന പേരു വീണുപോയാൽ അവിടെ കേറിയേ പറ്റൂ. ഞാൻ സന്തോഷത്തോടെ വിടവാങ്ങുന്നു. സദസ്യർക്കു് ആശീർവാദം നേർന്നുകൊണ്ടു് അരങ്ങിനെ ലക്ഷ്യംവെച്ചു നടക്കുന്നു: നമസ്കാരം!