‘അപർണ്ണ’യും ‘അരുണും’ രണ്ടു പേരക്കിടാങ്ങൾ. കാലത്തു് ആറു മണിമുതൽ ഒമ്പതുമണിവരെയുള്ള സമയവും ഞങ്ങളുടെ വീടും അവർക്കുള്ളതാണു്. പരസ്പരം കുറ്റംപറച്ചിൽ. അട്ടഹാസം. കരച്ചിൽ. ഒരാൾക്കുള്ള സ്കൂൾ ബാഗ് കാണാനില്ലാ, മറ്റേയാൾക്കു് ഇൻസ്ട്രുമെന്റ് ബോക്സ് നഷ്ടപ്പെട്ടിരിക്കുന്നു. അനിയനെടുത്തു് ഒളിപ്പിച്ചതാണെന്നു ചേച്ചി. ചേച്ചി നുണ പറയുന്നു എന്നനിയൻ. ആരും വഴക്കു ശ്രദ്ധിക്കില്ല. ഇടപെടുകയുമില്ല. അപ്പോളതു ശക്തിപ്രാപിക്കും. ശക്തി മഹാശക്തിയാവുമ്പോൾ അവരുടെ അമ്മ—എന്റെ മകൾ–അതിലിടപെടും. ഇപ്പോൾ സംഭവത്തിനു ക്ലൈമാക്സ് കൈവരുന്നു എന്നു നിങ്ങൾക്കു വേണമെങ്കിൽ പറയാം. ആരുടെ ശ്രദ്ധയിലും പെടാതെ പ്രഭാതപത്രത്തിന്റെ അരികുപറ്റി സഞ്ചരിക്കുന്ന എന്റെ മനസ്സിലപ്പോൾ മഹാകവി വള്ളത്തോളിന്റെ ഒരു ശ്ലോകാർദ്ധം പതുക്കെ കടന്നു വരും:
ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ?
ഇതു മനസ്സിൽ കിടന്നു നുരകുത്തുകയല്ലാതെ, ഒട്ടും പുറത്തേക്കു വരില്ല. കാരണം, ജോലിഭാരംകൊണ്ടു തളരുന്നവരോടു പെൻഷൻകാർക്കുണ്ടോ പ്രമാണം ചൊല്ലാനവകാശം? ചുമ്മാ നിമിഷങ്ങൾ പെറുക്കിക്കൂട്ടി പൂത്താങ്കല്ലാടുന്ന ഞാൻ തത്ത്വോപദേശങ്ങൾക്കൊന്നും മുതിരാറില്ല. എങ്കിലും ഞാനുമൊരു മനുഷ്യനായതുകൊണ്ടു ചിലപ്പോൾ, ആട്ടക്കളത്തിലേക്കു ഞാനും ചാടിവീഴാറുണ്ടു്. ഇവിടെ ക്ലൈമാക്സ് എന്ന വിശേഷണം ഒട്ടും ചേരില്ല. വേണമെങ്കിൽ ആന്റി ക്ലൈമാക്സെന്നു വിശേഷിപ്പിക്കാം. പിന്നെ പ്രാതലിന്നിരിക്കുമ്പോൾ ആരും ഒന്നും പരസ്പരം മിണ്ടില്ല.. ഏതോ റസ്റ്റാറണ്ടിലെ തീൻമേശയ്ക്കു മുമ്പിലിരിക്കുന്ന അപരിചിതരെപ്പോലെ പെരുമാറ്റം. പക്ഷേ, കുട്ടികൾക്കുണ്ടോ അതിനു കഴിയുന്നു? ഒരു വികാരത്തിനും ഏറെനേരം അവരെ കീഴടക്കി നിർത്താൻ. കഴിയില്ല. ഈ വഴക്കിലൊന്നും പങ്കില്ലാത്ത, അവരുടെ അച്ഛന്റെ മുഖത്തവർ ഇടയ്ക്കിടെ ചാഞ്ഞു നോക്കും. പിന്നെ, മുത്തച്ഛന്റെ നേർക്കും. അവിടെ, മുത്തച്ഛന്റെ മുഖത്തു്, അവർ ഒരു ചിരി പ്രതിക്ഷിക്കുന്നു. ഒന്നു കഴിഞ്ഞു രണ്ടാമത്തെ നോട്ടത്തിനതവർക്കു കിട്ടുന്നു. മതി. സന്തോഷം. എല്ലാ വിഷമങ്ങളും തീരുന്നു. സംഭവത്തിന്റെ പിരിമുറുക്കത്തിനയവു കിട്ടുന്നു.
പുറപ്പാടിന്റെ ബദ്ധപ്പാടാണു്, പിന്നെ. ഒരാൾ മുടി പിന്നുന്നു: മറ്റെയാൾ ‘ഷൂ’ പോളിഷ് ചെയ്യുന്നു. ധൃതിതന്നെ. എല്ലാം കഴിഞ്ഞു് ഒൻപതു മണിയോടെ യാത്രയാരംഭിക്കുമ്പോൾ പ്രത്യേകം പ്രത്യേകം എല്ലാവർക്കും മുത്തം കൊടുക്കുന്നു. പിന്നെ മകളെ സംബന്ധിച്ചു് ക്ലോക്കിലെ സെക്കന്റ് സൂചിക്കു വേഗക്കൂടുതൽ കൈവന്നപോലെയാണു്. ചെയ്തുതീർക്കേണ്ട ജോലികളും സമയത്തിന്റെ പരിമിതിയും തമ്മിലാണു പിന്നെ സംഘട്ടനം. ചുരുക്കത്തിൽ ഈ പെൻഷൻകാരൻ എല്ലാം കണ്ടുകൊണ്ട് എല്ലാറ്റിനും സാക്ഷിയായിരിക്കുമ്പോൾ, ആപ്പീസ് ജോലിയുടെ നെടുംകയത്തിലേക്കു് എടുത്തുചാടാനുള്ള തയ്യാറെടുപ്പോടെ മകൾ പടിയിറങ്ങുന്നു. ഗേറ്റ് തുറന്നു് പുറത്തേക്കു കടക്കുമ്പോൾ അതുവരെ അറച്ചറച്ചു പുറത്തുനിന്ന ഏകാന്തത ആ പഴുതിലൂടെ അകത്തു കടക്കുന്നു. വളരെ കാലമായി ഞങ്ങൾ സുഹൃത്തുക്കളാണ്; ഞാനും ഏകാന്തതയും! വീട്ടിലവൻ ചുറ്റിപ്പറ്റിനില്ക്കുമ്പോൾ ആരുടെയോ സാന്നിധ്യമുണ്ടെന്ന തോന്നലിന്റെ ആശ്വാസം ഞാൻ അനുഭവിക്കുന്നു. അപ്പോൾ എവിടെനിന്നോ ഉച്ചഭാഷിണിയിലൂടെ ആ ഗാനം പതുക്കെ ഒഴുകിവരുന്നു:
“ഏകാന്തതയുടെ അപാരതീരം…”
അതു കോഴിക്കോടിന്റെ ഗാനമാണു്. കോഴിക്കോടിന്റെ മാത്രം ഗാനം. എന്റെ ആത്മസുഹൃത്തു് ബാബുരാജ് ഈണം നല്കിയ ഗാനം. ഇന്നും ജനഹൃദയങ്ങൾ താലോലിക്കുന്ന ഗാനം. എളിമയിൽ നിന്നു് നിരന്തരമായ പരിശ്രമത്തിലൂടെ, തപസ്യയിലൂടെ, പ്രസിദ്ധിയുടെ കൊടുമുടികൾ കീഴടക്കിയ ബാബുരാജ് വശ്യമായ പുഞ്ചിരിപൊഴിച്ചുകൊണ്ടു്, കൈകൾ ഇരുവശങ്ങളിലേക്കും വീശി വീശി നടന്നടുത്തു് കെട്ടിപ്പിടിച്ചു്, നിർവ്യാജമായ സ്നേഹം കൊണ്ടെന്നെ വീർപ്പു മുട്ടിച്ചതു് ഏതാനും നിമിഷങ്ങൾക്കു മുമ്പായിരുന്നോ? അതോ ഇന്നലെയോ? ഓർമ്മയിൽ ഇന്നും പച്ചപിടിച്ചു നില്ക്കുന്ന ആ കൂടിക്കാഴ്ചകൾക്കു് ഒട്ടും മങ്ങലേറ്റിട്ടില്ല. എങ്കിലും ബാബുരാജ് വെറും സ്മരണയാണെന്ന ദുഃഖസത്യം എന്നെ കൂട്ടിക്കൊണ്ടു പോകുന്നതവിടേക്കാണു്? അവസാനയാത്രയ്ക്കു് അകമ്പടി സേവിക്കാൻ. ശവമഞ്ചത്തിനു പിറകെ ദുഃഖിതരായി സഞ്ചരിക്കുന്ന അനേകം സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. മാത്തോട്ടം പള്ളിയിലെ മാവിൻ തണലിലെ മണ്ണിൽ ആ അനുഗൃഹീത ഗായകൻ അന്ത്യവിശ്രമത്തിനുള്ള സ്ഥലം തേടുമ്പോൾ, നൂറുനൂറു കണ്ണുകൾ നനഞ്ഞൊഴുകുകയായിരുന്നു.
“ഏകാന്തതയുടെ അപാരതീരം” തേടിയുള്ള ആ ഗാനം അവസാനിക്കുന്നു.. ഞാനും എന്റെ കൂട്ടുകാരനായ ഏകാന്തതയും ഇപ്പോൾ മുഖാമുഖം നോക്കിയിരിക്കുകയാണു്. വിരസതയ്ക്കൊരു വ്യതിയാനം വരുത്താൻ തുറന്നിട്ട ജാലകത്തിന്റെ പഴുതിലൂടെ നോക്കി. അലറി പായുന്ന ബസ്സുകൾ! എന്നു കാണാൻ തുടങ്ങിയതാണ്! ഒരു പുതുമയുമില്ലാത്ത ദൃശ്യം. അതു തലങ്ങനെയും വിലങ്ങനെയും ഓടുന്നു. ചിലതു നില്ക്കുന്നു. വൃക്ഷത്തണൽ തേടുന്നു. തണലിൽ കിടന്നു വിശ്രമിക്കുന്നു: തേട്ടിയരയ്ക്കുന്നു. ചില മണിക്കൂറുകൾക്കു ശേഷം ഭീകരരവം മുഴക്കി. പുറപ്പെട്ടു പോകുന്നു. പോകുമ്പോൾ സമൃദ്ധമായ കരിമ്പുക ഞങ്ങൾ പരിസരവാസികൾക്കുവേണ്ടി വിട്ടേച്ചു പോകുന്നു. രാവും പകലും ഒരു പോലെ നടക്കുന്ന ഈ മഹായജ്ഞം കണ്ടു കണ്ടു കണ്ണുകഴച്ചിരിക്കുന്നു. മനസ്സു് മടുത്തിരിക്കുന്നു. പരിസമലിനീകരണവാദക്കാരാരും ഇതു വഴി കടന്നു പോകാറില്ലെന്നും അതുകൊണ്ടാണിതിന്നൊന്നുമൊരു പരിഹാരമില്ലാത്തതെന്നും വെറുതെ ചിന്തിച്ചു പോകുന്നു.
അങ്ങനെയങ്ങനെ ഹൃദ്യമല്ലെങ്കിലും കണ്ടേകഴിയൂവെന്നു വിധിക്കപ്പെട്ട കാഴ്ച കൊണ്ടു തളരുമ്പോൾ ആരോ ഒരാൾ ഗേറ്റു കടക്കുന്നു. ഭാഗ്യം, ഏകാന്തതയോടൊപ്പം മറ്റൊരു കൂട്ടുകാരനും വന്നു ചേർന്നല്ലോ. ഏതു ബോറനായാലും സഹിച്ചു കളയാം. നോക്കിനോക്കിയിരിക്കുമ്പോൾ ആ രൂപം തെളിയുന്നു. ചൊവ്വല്ലൂർ. സാക്ഷാൽ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി. ഞങ്ങൾ പഴയ സുഹൃത്തുക്കളാണു്. വളരെ നന്നായി. ഞാനെഴുന്നേറ്റു സന്തോഷിച്ചു ചിരിച്ചു സ്വാഗതമരുളി. ചൊവ്വല്ലൂരുമായി അല്പനേരം സംസാരിച്ചിരുന്നാൽ വിഭവസമൃദ്ധമായ ഒരു ബ്രാഹ്മണസദ്യയിൽ പങ്കെടുത്ത സുഖമാണു്. പാലട പ്രഥമനും എരിശ്ശേരിയും പുളിശ്ശേരിയും വറുത്തുപ്പേരിയുമെല്ലാമുള്ള സദ്യ. കൈപ്പുണ്യത്തോടെ പാകംചെയ്തെടുത്തത്. ഏതേതിനാണു് സ്വാദു കൂടുതലെന്നു തിട്ടപ്പെടുത്താൻ കഴിയാത്തവിധം എല്ലാം മെച്ചപ്പെട്ടതുതന്നെ. ഏറെ തമാശ പറഞ്ഞു ചിരിച്ചുകഴിഞ്ഞപ്പോൾ ചൊവ്വല്ലൂർ കാര്യത്തിലേക്കു കടക്കുന്നു. സമൃദ്ധമായി ചിരിച്ചുകൊണ്ടു തന്നെ:
“അപ്പോൾ ഒരു കാര്യം വേണമല്ലോ.”
“എന്താവോ?”
“മിഡിൽ പീസ്.”
“ഏ?”
എന്റെ ചോദ്യത്തിൽ അല്പം പരുങ്ങലുണ്ടായിരുന്നു. ഈ മിഡിൽ പീസെന്നവൻ എനിക്കു തീരെ അപരിചിതൻ. ഏതു നാട്ടുകാരനെന്നുപോലും എനിക്കു നിശ്ചയമില്ല. എന്റെ പരുങ്ങലിനുപശാന്തി നല്കിക്കൊണ്ടു് ചൊവ്വല്ലൂരിന്റെ വിശദീകരണം വരുന്നു:
”സ്വല്പം നേരമ്പോക്കു കലർത്തി—അതു പിന്നെ നിങ്ങൾക്കെളുപ്പം കഴിയുമല്ലോ—വല്ലതും എഴുതിത്തരണം. പത്രത്തിനുവേണ്ടിയാണു്. ജനങ്ങൾക്കല്പം നേരമ്പോക്കും മറ്റും കൊടുക്കണ്ടേ?”
വേണെന്നും വേണ്ടെന്നും ഞാൻ പറഞ്ഞില്ല. അങ്ങനെ വല്ലതും പറയാൻ എനിക്കെന്തവകാശം? പിന്നെയാണെങ്കിൽ നേരമ്പോക്കു കലർത്തി വല്ലതും എഴുതണമെങ്കിൽ പീസു പീസായിട്ടുതന്നെ അതു നിർവ്വഹിക്കാൻ കഴിവുള്ള ആളാണു് ചൊവ്വല്ലൂർ. ആ കഴിവും വെച്ചു് എന്നെ തേടി വന്നതിലാണെനിക്കദ്ഭുതം. ഞാൻ അതുമിതും പറഞ്ഞു തടിതപ്പാനുള്ള ശ്രമം നടത്തി. ചൊവ്വല്ലൂരിന്റെ മുമ്പിൽ ഒരു പരിപ്പും വെന്തില്ല. ഞാൻ കീഴടങ്ങി. എഴുത്തുകാരുടെ ഇടയിൽ നേരമ്പോക്കുകാർ അനേകരുള്ളപ്പോൾ എന്നെ തേടിയെത്തിയത് ഏതെങ്കിലും വിധത്തിൽ എന്നെയൊന്നു സഹായിക്കാമെന്നു വെച്ചിട്ടാവും. പിന്നെ വെറും എഴുത്തല്ലല്ലോ. പ്രതിഫലവും കിട്ടും. കൊള്ളാം. മടിച്ചിരിക്കുന്നതു വങ്കത്തമാണു്. പിന്നെ, എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുകയെന്നതു് ഞങ്ങളുടെ സൗഹൃദത്തിനു ചേർന്നതുമല്ല.
ചൊവ്വല്ലൂരിനു നല്ലിയ വാഗ്ദാനത്തിനനുസരിച്ചു് ഞാൻ രണ്ടു നാലു് മിഡിൽ പീസിനെ വകവരുത്തുകയുണ്ടായി. പിന്നെയങ്ങു നിർത്തി. സംഗതി അല്പം ബോറാണെന്ന വിശ്വാസത്തിലാണു നിർത്തിയതു്. ചൊവ്വല്ലൂരെന്നോടു് മുഷിഞ്ഞുവോ ആവോ? ഉണ്ടാവില്ല. അങ്ങനെ ക്ഷിപ്രകോപിയോ നിസ്സാര കാര്യനീരസക്കരനോ അല്ല ചൊവ്വല്ലൂർ.
ഈ വകുപ്പിലിവിടെ രണ്ടുപേരെക്കുറിച്ചുകൂടി എനിക്കു് ഓർക്കേണ്ടതുണ്ടു്—ശ്രീ സി. പി. ശ്രീധരനും, ശ്രീ കൊളാടി ഗോവിന്ദൻ കുട്ടിയും. ചൊവ്വല്ലൂരിനെപ്പോലെ രണ്ടു പേരും നല്ല ഉദ്ദേശം വെച്ച് ഓരോ കാര്യത്തിനുവേണ്ടി എന്നെ സമീപിച്ചവരാണു് മി. ശ്രീധരനെ ഏറെക്കാലത്തെ പരിചയമുണ്ടു്. ദേശാഭിമാനികളുടെ നാടായ പയ്യന്നൂരിൽ നിന്നു വരുന്ന ആൾ. പണ്ഡിതൻ, വാഗ്മി. പിന്നെ നല്ലൊരു സുഹൃത്തു്. പ്രസംഗവേദിയിൽ വെച്ചു് എതിരഭിപ്രായക്കാരെ നിർദ്ദാക്ഷിണ്യം കടിച്ചുകീറുമെങ്കിലും വ്യക്തിബന്ധത്തിന്റെ പാവനത്വം കേടുപറ്റാതെ എന്നും പുലർത്തിപ്പോരുന്ന സ്വഭാവ വൈശിഷ്ട്യത്തിനുടമയാണു് മി. ശ്രീധരൻ. അദ്ദേഹം കത്തയയ്ക്കുന്നു. എന്നെ വന്നു കാണുന്നു. കലശലായി നിർബ്ബന്ധിക്കുന്നു. എന്തിനെന്നല്ലേ? സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ. ഞാനൊരു സ്ഥാനാർത്ഥി ആവണമെന്നു്. നിർബ്ബന്ധം മുഴുത്തപ്പോൾ ഞാനെന്റെ മനസ്സിൽ പറയുകയായിരുന്നു:
“ദൈവമേ, ഈ നല്ല മനുഷ്യൻ എന്നെ മനസ്സിലാക്കിയില്ലല്ലോ. ഈ അശിക്ഷിതനും അനർഹനും അപടുവുമായ എന്നെ സ്ഥാനാർത്ഥിയാക്കുന്നതെന്തിനുവേണ്ടി? ആർക്കു വേണ്ടി?”
ഇതെല്ലാം വാസ്തവത്തിൽ ഉറക്കെ പറയേണ്ടതായിരുന്നു. പറഞ്ഞില്ല. പകരം കളവുകൾ പലതും പറഞ്ഞു. അങ്ങനെ രക്ഷപ്പെട്ടു ഒരുതവണ. പിന്നേയും മി. ശ്രീധരന്റെ നിർബ്ബന്ധമുണ്ടായിരുന്നു. അതിലും ഞാനുഴപ്പി. അന്നൊരു സമ്മതം മൂളിയെങ്കിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ ഞാനൊരു ഡയറക്ടറായേനെ. ചിലപ്പോൾ പ്രസിഡണ്ടുതന്നെയും ആയിക്കൂടെന്നില്ലല്ലോ. അല്ലാ, അങ്ങനെ ആവാൻ പാടില്ലെന്നൊന്നുമില്ലല്ലോ? പ്രിയപ്പെട്ട മി. ശ്രീധരൻ ക്ഷമിക്കൂ. ഇതിനെല്ലാറ്റിനും ഒരു യോഗം വേണമെന്നല്ലേ പണ്ടുള്ളവർ പറഞ്ഞത്. അതെനിക്കില്ലെന്നു ധരിച്ചാൽ മതി. അല്ലാതെ മറ്റൊന്നും എനിക്കു പറയാനില്ല. ധാരാളം ക്ഷമിച്ചു ശീലമുള്ളവനാണല്ലോ താങ്കൾ.
മി. കൊളാടി ഗോവിന്ദൻകുട്ടിയും എന്റെ ചിരകാലസുഹൃത്താണു് അദ്ദേഹത്തിനൊരുനാൾ ഉണ്ടിരിക്കും നേരത്തൊരു വിളി തോന്നി. എന്നെയൊന്നു നന്നാക്കണമെന്നു്. എന്റെ അലസതയുടെ തായ്വേരറുക്കണമെന്നു്. അങ്ങനെ കോഴിക്കോട്ടു വരുന്നു. കാണുന്നു. അദ്ദേഹത്തെ കാണുന്നതു് എന്നും എനിക്കു സന്തോഷപ്രദമായ കാര്യമാണു്. ശരീരസൗഷ്ഠവത്തിന്റെ കാര്യത്തിൽ മാത്രമല്ല, തടവില്ലാത്ത സ്നേഹത്തിന്റെയും ഉദാരമായ പെരുമാറ്റത്തിന്റെയും ഉടമയെന്ന നിലയിൽ, കണ്ട ഉടനെ തന്നെ അദ്ദേഹം കാര്യം പറഞ്ഞു. വളച്ചുകെട്ടില്ല. ചൊവ്വല്ലൂരിനെപ്പോലെ കഥകൾ ധാരാളം പറയുന്ന ശീലമില്ല.
“പിന്നേയ്, ജനയുഗത്തിന്റെ വാരാന്ത്യത്തിൽ ഒരു കോളം മാറ്റർ നിങ്ങളുടെ വക.”
“ഒരു പ്രാവശ്യത്തെ കാര്യമാണോ ഈ പറഞ്ഞതു്?”
“അല്ലാ. എല്ലാ ആഴ്ചയും.”
ഞാനാലോചിച്ചു. അപ്പോൾ കോളം റൈറ്റിങ്. ശിവനെ, ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായവർ മാത്രം പയറ്റിത്തെളിഞ്ഞ വേദിയാണു്. വിവിധ വിഷയങ്ങളിൽ അഗാധജ്ഞാനമുണ്ടാവണം. നല്ല ഭാഷാസ്വാധീനം വേണം. ശൈലീവല്ലഭനായിരിക്കണം. അന്തസ്സുള്ള ഫലിതത്തിനുടമയാവണം. ഇതെല്ലാം ഒത്തുകൂടിയവർക്കു മാത്രമേ മേൽപ്പറഞ്ഞ കാര്യം സമർത്ഥമായി ചെയ്യാൻ പറ്റുകയുള്ളു. ഇതിലൊന്നും എനിക്കില്ല. മി. കൊളാടി എന്റെ ആലോചന പുറത്തു നിന്നു കൊണ്ടു തന്നെ വായിച്ചു മനസ്സിലാക്കി.
“ഇത്രയ്ക്കൊന്നും ചിന്തിക്കാനുളള വിഷയമല്ല. ചുമ്മാ എഴുതണം. എവിടെ വേണമെങ്കിൽ നമുക്കു നിർത്താമല്ലോ. നിങ്ങളെഴുതണം എഴുതിയാൽ മോശമാവില്ല. സംഗതി ഞാൻ തീരുമാനിച്ചുകഴിഞ്ഞു.”
മി. കൊളാടിയെപ്പോലുള്ളൊരു നല്ല സുഹൃത്തിന്റെ കല്പന നിഷേധിക്കുന്നതു വകതിരിവുകേടല്ലേ? അതുകൊണ്ടു ഞാൻ കേറി സംഗതിയേറ്റു. മുൻപൊരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്റെതു കാര്യസ്ഥൻ പശുവിനെ തല്ലലാണെന്നു്. ഞാൻ തല്ലി. കണ്ണും പൂട്ടി തല്ലി. ഏറെ തല്ലിയില്ല. മി. കൊളാടിയോ പത്രാധിപരോ “മതി; നിർത്തു” എന്നു പറയുന്നതിനു മുമ്പേ തല്ലു നിർത്തി ഞാനെന്റെ മാനം കാത്തു.