നമ്മുടെ ഭരണനിർവ്വഹണം ‘വടക്കു’നിന്നു്; അവിടെ നിന്നു തന്നെ നമ്മുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതും. ഇങ്ങ് തെക്കുള്ളവർ ഭക്ത ജനങ്ങൾ. താമരമൊട്ടുപോലെ കൂപ്പുകൈ മൂർദ്ധാവിൽ വെച്ചു എന്നും ഭജന നടത്തുന്നവർ.
ശ്രീകോവിലിനെ സമീപിക്കാനോ, മണ്ഡപത്തിൽ കേറി മണിയടിച്ചു തൊഴാനോ അവകാശമില്ലാത്തവർ. ഇന്നും ഈ നടപടിക്രമത്തിൽ ശ്രദ്ധേയമായ വ്യതിയാനമൊന്നും വന്നുചേർന്നതിനു തെളിവില്ല. എന്നാൽ, ഒരു കാലമുണ്ടായിരുന്നു. വടക്കിന്റെ പ്രവർത്തനശൈലിയും ഉപദേശനിർദ്ദേശങ്ങളും അധികാരത്തിന്റെ പേരിലല്ലാതെ തന്നെ ആദരവോടെ സ്വീകരിക്കാൻ കാത്തിരുന്ന കാലം. പഞ്ചാബും ബംഗാളും അന്നു് ആവേശത്തിന്റെ നീരുറവകളായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ, വിദേശീയമേധാവിത്വത്തിന്നെതിരെ പ്രാണൻ വെടിഞ്ഞു പൊരുതി മുന്നേറിയ ഇതിഹാസപുരുഷന്മാരെ പൂവിട്ടു പൂജിച്ച കാലം. അവരുടെ കാലടിപ്പാടുകൾ പിൻതുടരാൻ ഇവിടത്തെ യുവജനങ്ങൾ ആവേശം കൊണ്ട് മുന്നിട്ടിറങ്ങിയ കാലം.
പുതിയ പുതിയ പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നു; സമരതന്ത്രങ്ങൾ രൂപംകൊള്ളുന്നു. എല്ലാം വിദേശമേധാവിത്വത്തിന്റെ കട പുഴക്കാൻ. അതിലൊന്നായിരുന്നു ‘ശക്തിപ്രസ്ഥാനം’. പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് ആചാര്യ ടി. എൻ. വാസ്വാനി. യുവജനങ്ങളെ മാനസികമായും ശാരീരികമായും ശക്തരാക്കുക പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു. ശക്തിപ്രസ്ഥാനത്തിന്റെ സന്ദേശം താമസിയാതെ രാജ്യം മുഴുവൻ പ്രചരിച്ചു. അതിന്റെ അലയടി ഈ കൊച്ചു കേരളത്തിലും ചലനം സൃഷ്ടിച്ചു. പോരാ, അത് എന്റെ ഗ്രാമത്തിലുമെത്തി. എത്തിയെന്നു മാത്രം പറഞ്ഞാൽ എല്ലാമായില്ല. ഗ്രാമത്തിന്റെ വഴി തെളിയിക്കാനും അതിനു കഴിഞ്ഞു.
മറ്റേതു കാര്യത്തിലുമെന്നപോലെ, ഇതിലും മുന്നിട്ടിറങ്ങിയതു് കേളപ്പജിയായിരുന്നു. ഉറ്റ സഹായിയും സഹപ്രവർത്തകനുമായി കുഞ്ഞിക്കണ്ണൻ നമ്പ്യാരും ഉണ്ടായിരുന്നു. ഞങ്ങളന്നു കേളപ്പജിയേയും കുഞ്ഞിക്കണ്ണൻ നമ്പ്യാരേയും കണ്ടത് കേരളത്തിലെ ഗാന്ധിജിയും നെഹ്റുജിയുമായിട്ടായിരുന്നു. ഇന്നാലോചിക്കുമ്പോഴും ഞങ്ങളുടെ കാഴ്ചപ്പാടു് പിഴച്ചിട്ടില്ലെന്നു തീർത്തു പറയാം. കാരണം, അവരുടെ ആകൃതിയിലും പ്രകൃതിയിലും ഞങ്ങൾ ദർശിച്ചത് അങ്ങനെയായിരുന്നു. നമ്പ്യാർ യുവജനങ്ങളുടെ ആകർഷണകേന്ദ്രം. വെളുത്തു തടിച്ചു ആരും കൗതുകത്തോടെ ഒന്നു നോക്കിപ്പോകുന്ന ശരീരകാന്തി. നരച്ച തലമുടിയും പുരികവും, ഉള്ളിലേക്കു തറച്ചുകയറുന്ന നോട്ടവും തടിച്ചു കുറുതായ ശരീരവുമുള്ള കേളപ്പജിയെ അദ്ദേഹത്തിന്റെ പ്രത്യകതകൊണ്ടു് ആരും രണ്ടു തവണ നോക്കിപ്പോവും. നമ്പ്യാരിൽ സദാ ആവേശം തിളച്ചുമറിയുന്നു. നിസ്തരംഗ സമുദ്രം പോലെ ശാന്തഗംഭീരനാണു കേളപ്പജി. നമ്പ്യാർ സോഷ്യലിസ്റ്റ് ചായ്വുള്ള ആദശത്തിനുടമയാണു്. നൂറു ശതമാനം ഗാന്ധിയൻ തത്ത്വങ്ങൾ നടപ്പിലാക്കാൻ വ്രതബദ്ധനാണ് കേളപ്പജി. ഇവരുടെ കൂടിച്ചേരലിൽ, പരിശ്രമത്തിൽ തിക്കോടിയിൽ ഒരു വലിയ സ്ഥാപനമുണ്ടായി: ‘ശക്തിമന്ദിരം’
കോഴിക്കോടു്-കണ്ണൂർ റോഡിൽ ഇരുപത്തിരണ്ടാമത്തെ നാഴികക്കല്ലിനടുത്തു് ഏതാണ്ട് രണ്ടേക്കർ സ്ഥലം ചാർത്തി വാങ്ങുന്നു. ചുറ്റും വേലികെട്ടി ഉറപ്പിച്ചു്, ആപ്പിസ്സിന്നുള്ള കെട്ടിടം പണിയുന്നു. നിറയെ തെങ്ങും പറങ്കിമാവും മറ്റു ഫലവൃക്ഷങ്ങളും വളർന്നു നില്ക്കുന്ന വിശാലമായ സ്ഥലത്തു്, താമസിയാതെ ഓടു മേഞ്ഞ ഒരു കെട്ടിടം ഉയർന്നുവന്നു. കെട്ടിടത്തിന്റെ തെക്കുവശം, ഒട്ടുമാറി ഒരു കളരിയും സ്ഥാപിച്ചു.
അങ്ങനെ, ആചാര്യ ടി. എൻ. വാസ്വാനിയുടെ മനസ്സിൽ രൂപം പൂണ്ട ശക്തിപ്രസ്ഥാനത്തിന്നു ഇങ്ങു വളരെ തെക്കു്, തിക്കോടിയെന്ന ഗ്രാമത്തിൽ ആർക്കും അഭിമാനിക്കാവുന്നതരത്തിൽ ഒരു സഹോദര സ്ഥാപനമുണ്ടാവുന്നു. മനസ്സിന്നും ശരീരത്തിന്നും ബലം നല്കി യുവജനങ്ങളെ ധീരരായ സ്വാതന്ത്ര്യപ്പോരാളികളാക്കി വളർത്തിക്കൊണ്ടുവരാനുള്ള എല്ലാ പരിപാടികളും അന്നവിടെ ആവിഷ്കരിച്ചിരുന്നു. ഗ്രാമീണവായനശാലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരെല്ലാം തന്നെ ‘ശക്തിമന്ദിര’ത്തിന്റെ പ്രവത്തനങ്ങളിലും സജീവമായി സഹകരിച്ചു.
കളരിപ്പയറഭ്യസിക്കാൻ അനവധി ചെറുപ്പക്കാർ മുമ്പോട്ടുവന്നു. കളരിയഭ്യാസത്തിനു പുറമെ, ബാറിന്മേൽ കളി തുടങ്ങി പല ഇനങ്ങളും അവിടെയുണ്ടായിരുന്നു. അന്നു പരിശീലകരായി വന്നവർ പലരും ഇന്നില്ല. കൂട്ടത്തിൽ ശരീരസൗഷ്ഠവം കൊണ്ടു പലരേയും ആകഷിച്ച രണ്ടുപേർ ഇന്നും എന്റെ മനസ്സിൽ മായാതെ നില്പുണ്ടു്. വടിവൊത്ത ശരീരമുള്ള യുവാക്കളെ കാണുന്നത് അതില്ലാത്തവർക്കു് അത്യാനന്ദകരമായിരിക്കും. അതുകൊണ്ടുതന്നെ അവർ രണ്ടു പേരേയും ആ ശരീരത്തിന്റെ ഉടമകളെന്നനിലയിൽ ഇന്നും കൗതുക ത്തോടെ ഓക്കുന്നു. പില്ക്കാലത്തവർ പഠിച്ചു് അഭിഭാഷകവൃത്തിയിൽ പേരും പെരുമയും പുലർത്തുകയുണ്ടായി. അതെ; ശക്തമായ ശരീരത്തിലേ ശക്തമായ മനസ്സുണ്ടാവൂ എന്ന തത്ത്വം പ്രചരിപ്പിച്ച ആചാര്യജിക്കു പ്രണാമം. പയ്യോളി ബാറിലെ, ശ്രീ വി. വി. സുബ്രഹ്മണ്യയ്യരും കൃഷ്ണമൂർത്തിയുമാണു് ശക്തിമന്ദിരത്തിലെ കായികാഭ്യാസ പരിശീലനത്തിൽ പങ്കെടുത്ത ആ രണ്ടു യുവാക്കൾ!
‘ശക്തിമന്ദിര’ത്തിന്റെ ഉദ്ഘാടനം, ഒരു മഹോത്സവം തന്നെയായിരുന്നു. മന്ദിരവും പരിസരവും അലങ്കരിച്ചൊരുക്കി. തണൽ മരങ്ങളുടെ ശീതളച്ഛായയിൽ പ്രസംഗവേദി ഉയർന്നു. നിശ്ചിതസമയത്തിനു മുമ്പുതന്നെ പല ഭാഗത്തുനിന്നും ജനങ്ങളെത്തിച്ചേർന്നു. ഉദ്ഘാടന യോഗങ്ങളും സാംസ്കാരികസമ്മേളനങ്ങളും ഇന്നത്തെപ്പോലെ സുലഭമല്ലാത്തതുകൊണ്ടു ഗ്രാമീണജനങ്ങൾ വളരെയേറെ താൽപര്യത്തോടെയാണു പങ്കെടുത്തിരുന്നതു്. ഉദ്ഘാടനം ആ ചാര്യ ടി. എൽ. വാസ്വാനിയായിരുന്നു. അദ്ധ്യക്ഷൻ ശ്രീ. മഞ്ചേരി രാമയ്യർ. ഈ കാലമാവുമ്പോഴേക്കു സമ്മേളനങ്ങളിലും യോഗങ്ങളിലും പകലാ ണെങ്കിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കനുവദിച്ചുകിട്ടിയിരുന്നു. അതുകൊണ്ടു് എല്ലാം വിസ്തരിച്ചുതന്നെ ഓർമ്മിക്കാനെനിക്കു കഴിയുന്നു.
ഉദ്ഘാടനസമ്മേളനത്തിന്റെ ഒരു പ്രത്യേകത, കാലത്തു പത്തു മണിക്കായിരുന്നു എന്നതാണു്. അന്നു സമ്മേളനങ്ങൾ കാലത്താണെങ്കിൽ എവിടെയും ശോഷിച്ച സദസ്സായിരിക്കും. പക്ഷേ, ഇതങ്ങനെ യായിരുന്നില്ല. നല്ല സദസ്സായിരുന്നു. ഉദയസൂര്യനഭിമുഖമായി വിശിഷ്ടാതിഥികൾ ഇരിക്കേണ്ടിവരുന്നതു് അവർക്ക് അസൗകര്യമാകുന്നു കരുതി പടിഞ്ഞാട്ടേക്കഭിമുഖമായാണ് അന്നു വേദിയൊരുക്കിയിരുന്നത്. ആദ്യമായി മഹാകവി കുട്ടമത്തിനെ കാണാനുള്ള ഭാഗ്യമെനിക്കു സിദ്ധിച്ചതും ആ സമ്മേളനത്തിൽ വെച്ചായിരുന്നു. അദ്ദേഹം ശക്തി പ്രസ്ഥാനത്തിനു് ഭാവുകം നേർന്നുകൊണ്ട് ഒരു കവിത ചൊല്ലുകയുണ്ടായി. ആ കനത്ത ശബ്ദം. സ്ഫുടമായി തറപ്പിച്ചു തറപ്പിച്ച് ഓരോ വാക്കും ഉച്ചരിക്കുന്ന പ്രത്യേകരീതി. തടിച്ചു കുറുതായ ശരീരം. ശുഭ്ര ഖദർവസ്ത്രത്തിന്റെ തിളക്കം. അദ്ധ്യക്ഷപീഠത്തിന്റെ വലതുവശം മേശയോടു ചേർന്നു നിന്നു് അതിവിനീതനായി സദസ്സിനെ കൂപ്പി അദ്ദേഹം പ്രസ്ഥാനത്തെ ആശംസിച്ചു.
“ജയിക്കുന്നൂ ശക്തി, ജയിക്കുന്നൂ ശക്തി”—തുടക്കത്തിന്റെ മുഴക്കം ഇന്നും എന്റെ കാതുകളിലുണ്ട്. ദേശീയപ്രബുദ്ധതയ്ക്കു് തിളക്കം കൂട്ടിയ എത്രയെത്ര കവിതകളങ്ങനെ മഹാകവിയുടെ തൂലിക നമുക്കു സമ്മാ നിച്ചില്ല! അന്നത്തെ ആ അനുഭൂതിക്കും മഹാകവിയുടെ സ്മരണയ്ക്കും മുമ്പിൽ തലകുനിക്കട്ടെ!
അന്നു്, ശക്തിപ്രസ്ഥാനം പ്രചരിപ്പിക്കാനുദ്ദേശിച്ചുകൊണ്ടു പയ്യന്നൂരിൽ നിന്നു് ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. പേരു് ’ശക്തി’. ഒരു കൊല്ലത്തിലേറെ മുടങ്ങാതെ അതു പ്രസിദ്ധീകരിച്ചെന്നാണറിവു്.
പ്രൊഫസർ രാമമൂർത്തി അന്നത്തെ യുവലോകം ആദരപൂർവ്വം ആരാധിച്ചൊരു അഭ്യാസിയായിരുന്നു. എന്തായിരുന്നു അദ്ദേഹമെന്നു പറയാൻ വയ്യ. സർക്കസ്സുകാരനായിരുന്നോ, ഗുസ്തി വിദഗ്ദ്ധനായിരുന്നോ എന്നൊന്നും അറിഞ്ഞുകൂട. അദ്ദേഹത്തിന്റെ പ്രകടനം മാത്രമേ ഇന്നോർക്കുന്നുള്ളു. നാടും വീടും അറിഞ്ഞു കൂട. അഖിലേന്ത്യാ പ്രസിദ്ധി നേടിയ ആളായിരുന്നു.
അദ്ദേഹത്തെ ശക്തിമന്ദിരത്തിൽ ക്ഷണിച്ചുവരുത്തുകയുണ്ടായി. അവിടെവെച്ച് അന്നദ്ദേഹത്തിന്റെ ഒരദ്ഭുത പ്രകടനം കാണാൻ കഴിഞ്ഞു. ഒരു വലിയ ഫോർഡ് കാർ. അതു ചങ്ങലയ്ക്കിട്ടു പിടിക്കുന്നു. എന്നിട്ടു സ്റ്റാർട്ടു ചെയ്യുന്നു. സ്പീഡ് കൂട്ടുന്നു. രാമമൂർത്തി തോളിലും പിറകിലുമായി ബന്ധിച്ച് കൈപ്പിടിയിൽ ഒതുക്കിയ ചങ്ങലയുമായി നില്ക്കുന്നു. മോട്ടോർ കാറിന്റെ എഞ്ചിൻ അലറുകയും വിറയ്ക്കുകയും ചെയ്തതല്ലാതെ അതിന്റെ ചക്രം അവസാനംവരെ ഒരിഞ്ചു മുന്നോട്ടു നീങ്ങുകയുണ്ടായില്ല. ശ്വാസമടക്കിപ്പിടിച്ചു നിന്നവർ മോട്ടോർ കാർ പരാജയം സമ്മതിച്ചു ശ്വാസമൊതുക്കി നിന്നപ്പോൾ ഭൂമി കുലുങ്ങുമാറു കൈയടിച്ചു് രാമമൂർത്തിയെ പ്രശംസിക്കുകയുണ്ടായി.
ക്ഷണം കൊണ്ട് ശക്തിമന്ദിരം ജനശ്രദ്ധ പിടിച്ചെടുത്തു. അന്നു മലബാർ മുഴുക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത ഓമനപ്പണിക്കരും കോരുക്കുട്ടിപ്പണിക്കരും—രണ്ടുപേരും കളരിയാശാന്മാരാണു്, സഹോദരന്മാരും—ശക്തിമന്ദിരത്തിൽ കളരിയഭ്യാസം പഠിപ്പിക്കാനെത്തിയിരുന്നു. കേളപ്പജിയും കുഞ്ഞിക്കണ്ണൻ നമ്പ്യാരും അവരോടൊപ്പം യുവാക്കളായ മറ്റു പലരും അന്നു പണിക്കന്മാരുടെ ശിക്ഷണത്തിൽ കളരിയഭ്യാസം പരിശീലിക്കുകയുണ്ടായി. ചെറുവടി, ശരീരവടി, കുന്തക്കെട്ടുകാരി തുടങ്ങിയ പയറ്റുമുറകൾ, ചവിട്ടിയുഴിച്ചിൽ, കച്ചകെട്ടി മെയ്യിറക്കഭ്യസിക്കൽ തുടങ്ങി കളരിമുറകൾ പലതും അന്നവിടെ പഠിപ്പിച്ചിരുന്നു. ഓമനപ്പണിക്കരുടെ അദ്ഭുതകരമായ അടവുകളിൽ ഒന്നു് കഠാരിപ്പയറ്റായിരുന്നു. എതിരാളി കഠാരിയു മായി, കുത്തിക്കൊല്ലാനടുക്കുമ്പോൾ രണ്ടാം മുണ്ടുപയോഗിച്ചു് അയാളെ പിടിച്ചു കെട്ടുകയെന്ന ‘മുറ’ പലതവണ കേളപ്പജിയെ പരിശീലിപ്പിക്കുന്നതു ഞങ്ങൾ വലിയൊരു വിഭാഗം ആളുകൾ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ടു്. ചുരുക്കത്തിൽ അന്നു ശക്തിമന്ദിരത്തിലെ ഓരോ നിമിഷവും കർമ്മനിരതമായിരുന്നു.
ഒരു വശത്തു കായികാഭ്യാസ പരിശീലനം നടക്കുമ്പോൾ മറുവശത്തു മാനസിക വികാസത്തിനുള്ള ക്ലാസ്സുകൾ നടന്നിരുന്നു. ഗാന്ധിയൻ ആദർശത്തെക്കുറിച്ചും അഹിംസാ സിദ്ധാന്തത്തെക്കുറിച്ചും പ്രസിദ്ധരായ പല ദേശീയ നേതാക്കളും അന്നവിടെ ക്ലാസ്സെടുക്കുകയുണ്ടായി.
താമസിയാതെ, ശക്തിമന്ദിരം വിദേശ മേൽക്കോയ്മയ്ക്ക് കണ്ണിലെ കരടായി തീർന്നു. കാലം കറുക്കുന്നു. രാഷ്ട്രീയാന്തരീക്ഷത്തിൽ കാർമേഘം ഉരുണ്ടുകൂടുന്നു. അകലങ്ങളിൽ ഇടിമുഴക്കത്തിന്റെ പ്രതിധ്വനി ഉയരുന്നു. ഒരു കൊടുങ്കാറ്റിന്റെ വീറോടെ ജനാഭിലാഷം ഉണരുന്നു. അപ്പോൾ, സിവിൽ നിയമലംഘനത്തിന്റെ കനത്ത കാലൊച്ചകൾ അടുത്തടുത്തു വരുന്നതും കാതോർത്തു ശക്തിമന്ദിരം നിലകൊണ്ടു. വരാനിരിക്കുന്ന കാലത്തിന്റെ, സമരത്തിന്റെ, പരിവർത്തനത്തിന്റെ ചരിത്രരേഖയിൽ അതിന്റേതായ സംഭാവനയ്ക്കുള്ള കരുക്കളൊരുക്കുകയായിരുന്നു. സമരമുന്നണിയിലിറക്കാനുള്ള ഊർജ്ജസ്വലരായ പടയാളികളെ പരിശീലനവേദിയിൽ അണിനിരത്തുകയായിരുന്നു.
അപ്പോൾ സർക്കാരിന്റെ ചാരദൃഷ്ടികളും മന്ദിരത്തെ വട്ടം ചുറ്റാൻ തുടങ്ങി.