images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
അപ്പുണ്ണിസ്സാമി

താമസിയാതെ ‘ശക്തിമന്ദിരം’ കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമാവുന്നു. പല ഭാഗങ്ങളിൽ നിന്നും സാമ്രാജ്യത്വത്തിനെതിരായ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.

കുഞ്ഞിക്കണ്ണൻ നമ്പ്യാർ, പ്രസരിപ്പുള്ള ചെറുപ്പക്കാരൻ. പട്ടാളത്തിലുണ്ടായിരുന്ന ജോലി വലിച്ചെറിഞ്ഞു് കേളപ്പജിയുടെ ശിഷ്യത്വം സ്വീകരിച്ച് രാജ്യസേവനത്തിനിറങ്ങിയ ആ ചെറുപ്പക്കാരനെ ഗ്രാമീണർ ആദരവോടെ, സ്നേഹത്തോടെ സ്വീകരിച്ചതിൽ അദ്ഭുതപ്പെടാനില്ല. ചെറിയ തോതിലെങ്കിലും ദേശീയപ്രസ്ഥാനത്തോടു് ആഭിമുഖ്യം കാണിക്കുന്നവരെ സാധാരണജനങ്ങൾ അതിരു കവിഞ്ഞു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ശക്തിമന്ദിരത്തിന്റെ മുഴുവൻ ചുമതലയും കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഏറ്റെടുത്തു.

അന്നു് അതിർത്തിഗാന്ധിയെന്ന പേരിൽ ഇന്ത്യ മുഴുക്കെ ആദരവോടെ പ്രകീർത്തിച്ചുപോന്ന ബാദ്ഷാഖാന്റെ—ഖാൻ അബ്ദുൾ ഗാഫർഖാന്റെ—നേതൃത്വത്തിലുള്ള ‘ഖുദായി കിത്ത്മത്ഗർ’—ദൈവദാസന്മാർ–എന്ന, ചുവപ്പുകുപ്പായക്കാരായ വാളണ്ടിയർമാരുടെ ത്യാഗോജ്ജ്വലചരിത്രം എങ്ങുമുള്ള യുവജനതയെ ഒന്നുപോലെ ആവേശം കൊള്ളിച്ച കാലമായിരുന്നു. തോക്കു കൊണ്ടു സംസാരിച്ചു ശീലിച്ച അതികായന്മാരായ പത്താൻ പടയാളികൾ, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം സ്വീകരിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെയും പോലീസുകാരുടെയും ക്രൂരമായ മർദ്ദനങ്ങൾക്കു മുമ്പിൽ അടിപതറാതെ നില്ക്കുകയും, ഒട്ടും ക്ഷോഭിക്കാതെ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത കഥകൾ അനുദിനമെന്നോണം പത്രപംക്തികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലൊരു ‘വാളണ്ടിയർ’ സംഘടന രൂപീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മുഴുകി. അതിർത്തി ഗാന്ധിയുടെ വാളണ്ടിയർമാർക്കു് ചുകപ്പു കുപ്പായമായിരുന്നു. ഇവിടെയും ചുകപ്പു കുപ്പായം തന്നെ വേണമെന്നു തീരുമാനിച്ചു. അങ്ങനെ ‘യുവക് സംഘ’മെന്ന ചുകപ്പു കുപ്പായ സംഘടന താമസിയാതെ രൂപം പൂണ്ടു. സംഘടനയുടെ ആസ്ഥാനം ശക്തിമന്ദിരം തന്നെ.

ഒരു യുവജന സംഘടന ഉണ്ടാവുക; സംഘടനയിലെ അംഗങ്ങൾ ചുകപ്പു കുപ്പായം ധരിക്കുക; ബ്രിട്ടീഷ് മേധാവിത്വത്തെയും അവർക്കു വിടുപണി ചെയ്യുന്ന നാടൻ സായ്പന്മരെയും വിറളിപിടിപ്പിക്കാൻ, ഇതിലധികമെന്തു വേണം? അധികൃതർ ‘മന്ദിര’ത്തേയും സംഘടനയേയും ആശങ്കയോടെ വീക്ഷിച്ചു. പല വേഷത്തിൽ, പല ഭാവത്തിൽ അപരിചിതർ വരികയും പോവുകയും ചെയ്തു. നാട്ടുകാർ അവരെ ശ്രദ്ധിച്ചു. അവരുടെ ഓരോ ചലനവും കണ്ടറിയാൻ ആളുകളുണ്ടായി. അപരിചിതരെ കണ്ടാൽ തടഞ്ഞു വെക്കുകയും ചോദ്യം ചെയ്യുകയും പതിവായിത്തീർന്നു. ഈ പതിവിന്റെ ആദ്യത്തെ പരുക്കേറ്റതു് അപ്പുണ്ണിസാമിയ്ക്കായിരുന്നു.

അപ്പുണ്ണിസാമി ആരായിരുന്നു? അതുകൂടി അറിയണ്ടേ? അദ്ദേഹം ആരായാലും ഒരു സംന്യാസിയായിരുന്നില്ല. പിന്നെ ‘സാമി’യെന്ന പേരുവീണതോ? ഒരേയൊരു കാരണമേ അതിനുളളു. വേഷം ഒറ്റ മുണ്ടാണു്. അതു വലിച്ചു കഴുത്തിൽ ബന്ധിച്ചിടും. കണ്ഠനാളത്തിൽ അപ്പോൾ ഒരു പെരുക്കൽ ചിഹ്നം കാണാൻ കഴിയും. ഏതു നാട്ടുകാരനെന്നാർക്കുമറിയില്ല. ചില കാലങ്ങളിൽ വിഷുപ്പക്ഷി പോലെ വരും, പോകും. വരവിന്റെ കഥ വിളിച്ചു പറയാൻ സാമിക്കൊരു പ്രത്യേക ശബ്ദമുണ്ട്. ഗ്രാമത്തിലേക്കു പ്രവേശിക്കുന്ന ഊടു വഴിയുടെ അറ്റത്തുനിന്നോ, അമ്പലച്ചിറയുടെ വക്കിൽനിന്നോ ‘കുത്തിച്ചുളാ’നെപ്പോലെ അപ്പുണ്ണിസ്സാമി ഒരു ശബ്ദമുണ്ടാക്കും ‘ബ്ഭുഹാ’. ഗ്രാമത്തിലുള്ള മുഴുവൻ കുട്ടികളും ആ ശബ്ദം കേട്ടു പിടഞ്ഞെഴുന്നേല്ക്കും. ഓടിച്ചെന്നു സാമിയെ വലയം ചെയ്യും. പിന്നെ സാമി മുമ്പിൽ, പുറകിൽ കുട്ടികളും. സാമി ‘ബ്ഭുഹാ’, കുട്ടികൾ ഒന്നടങ്കം ‘ബ്ഭുഹാ’. അതൊരു ഘോഷയാത്രയായി ഊടുവഴിയിലൂടെ നീങ്ങും. എവിടം വരെ? അവിടെയാണു് രസം. ഗ്രാമത്തിലെ ഏതു വീട്ടിലാണു സദ്യ നടക്കുന്നതെന്നു നാഴികകൾക്കപ്പുറത്തുനിന്നു തന്നെ മണംപിടിച്ചറിയാനുള്ള ഒരു പ്രത്യേക അവയവം സാമിക്കുണ്ടെന്നാണു നാട്ടുകാരുടെ അഭിപ്രായം. അതെന്തായാലും അപ്പുണ്ണിസാമി നയിക്കുന്ന കുട്ടികളുടെ ഘോഷയാത്ര അവസാനിക്കുന്നതു് ഒരു സദ്യയുള്ള വീട്ടിന്റെ പടിക്കലാവും. സാമി പടികയറി സദ്യയിൽ ലയിക്കും. കുട്ടികൾ നിരാശയോടെ വീട്ടിലേക്കു മടങ്ങും.

അപ്പുണ്ണിസ്സാമിയെപ്പറ്റി രണ്ടു കഥകൾ അന്നു പ്രചരിച്ചിരുന്നു. നുണയാണെങ്കിൽ സാമിയുടെ ആത്മാവു ക്ഷമിക്കട്ടെ. ആദ്യത്തെ കഥ ഇതാണ്: പൊടിപൊടിച്ച ഒരു സദ്യ നടക്കുന്നു. വരാന്തയിലും മുറ്റത്തെ പന്തലിലും പല പന്തികളിലായി അതിഥികളിരിക്കുന്നു. ദേഹണ്ഡക്കാർ വിഭവങ്ങളുമായി അങ്ങട്ടുമിങ്ങട്ടും ഓടിനടക്കുന്നു. കൂട്ടത്തിൽ ഒരു പന്തിയിൽ സാമിയും സ്ഥലം പിടിച്ചിട്ടുണ്ടു്. വിളമ്പുകാർ, പദാർത്ഥങ്ങൾ ഓരോന്നായി വിതരണം ചെയ്തുകൊണ്ടു സാമിയെ കടന്നു പോകുന്നു. എല്ലാവർക്കും സാമിയോടു പ്രത്യേകതയാണ്. ഒരു തവി വീഴേണ്ട സ്ഥലത്തു് സാമിക്കാവുമ്പോൾ രണ്ടു തവി. അങ്ങനെയൊരു സൗജന്യം; സാമിക്കു സന്തോഷം. പല്ലില്ലെങ്കിലും സാമി വീണ്ടും വീണ്ടും വറുത്തുപ്പേരി വാങ്ങുമെന്നാണു വിളമ്പുകാരുടെ ഒരു വക്താവിന്റെ റിപ്പോർട്ട്. അങ്ങനെ വിളമ്പലും കഴിക്കലും നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ‘മത്സ്യം’ വരുന്നു. ധൃതിയിൽ വിളമ്പിക്കൊണ്ടു് സാമിയുടെ മുമ്പിലെത്തിയപ്പോൾ വിളമ്പുകാരനൊന്നറച്ചുനിന്നു. സാമി ധൃതിയിൽ ശാപ്പാടു് തട്ടുകയാണു്. വിളമ്പുകാരനു സംശയം. ഇതൊരു സാമിയാണല്ലോ. അറിയാതെ മത്സ്യം വിളമ്പി മഹാപാപം സമ്പാദിക്കാൻ പറ്റില്ല. ചോദിച്ചിട്ടു വിളമ്പാം. അയാൾ ചോദിച്ചു:

“ഇവിടെ മത്സ്യം കഴിക്ക്യോ?”

അപ്പുണ്ണിസ്സാമി കേട്ടഭാവം നടിച്ചില്ല. മുഖമുയർത്തിയില്ല. വിളമ്പുകാരൻ വീണ്ടും ചോദിച്ചു:

“മത്സ്യം കഴിക്ക്യോന്നു്?”

അരിശം വന്ന സാമി മുഖമുയർത്താതെതന്നെ അലറി:

“ഇവിടെ മനുഷ്യനേം തിന്നും”

മറുപടികേട്ടു് പന്തിയിലുള്ളവർ അമ്പരന്നു. വിളമ്പുകാരൻ പിന്നെ ശങ്കിച്ചു നിന്നില്ല.

ഇനി രണ്ടാമത്തെ കഥ. മുഖ്യതൊഴിൽ സദ്യയുണ്ണലാണെങ്കിലും തരംനോക്കി തഞ്ചംനോക്കി സംഭാവന പിരിക്കൽ ഒരു ഉപതൊഴിലായും സാമി സ്വീകരിച്ചിരുന്നു. പിരിവിന്റെ നടപടിക്രമം വിചിത്രമാണു്. രഹസ്യമായി ഒരു നോട്ടുപുസ്തകം സാമി സൂക്ഷിക്കുന്നു. ഭേദപ്പെട്ടവരുടെ വീട്ടിലേ പിരിവിനു കേറുകയുളളു. പടിക്കലെത്തിയാൽ നോട്ടുപുസ്തകം പുറത്തെടുക്കും. പിന്നെ പെൻസിൽ കൊണ്ടതിൽ എഴുതിച്ചേർക്കും.

“കക്കാട്ടിടം വാഴുന്നവർ വരവു് = 50 ക.”

എഴുത്തുകഴിഞ്ഞു പതുക്കെ പടികയറിച്ചെന്നു വാഴുന്നവരെ തൊഴുതു മലർത്തിപ്പിടിച്ച പുസ്തകം മുമ്പിൽ സമർപ്പിക്കും. എന്നിട്ടാദരവോടെ മാറിനിൽക്കും. പുസ്തകമെടുത്തു കണ്ണോടിച്ചു അല്പമൊരമ്പരപ്പോടെ പറയും:

“നല്ല കാര്യം! അമ്പതുറുപ്പികയോ? സാമീ, ഇതൊന്നും ഇവിടെ നടപ്പില്ല. അമ്പതുറുപ്പികയ്ക്കു് ഇപ്പം മൂവായിരം നാളികേരം വേണം. മനസ്സിലായോ?”

വാഴുന്നവർ പുസ്തകം തെല്ലരിശത്തോടെ തിരിച്ചേല്പിച്ചു് എഴുന്നേറ്റകത്തു ചെന്നു് സംഭാവന കൊണ്ടുവന്നു സാമിക്കു കൊടുക്കും. ഒരുറുപ്പിക! സാമിയതു വാങ്ങും. ഒട്ടും പരിഭവമില്ല. പരാതിയില്ല. ഒരിക്കൽക്കൂടി വന്ദിച്ചു പടിയിറങ്ങും. പടിയിറങ്ങിയാൽ ആദ്യം ചെയ്യുന്നതു് നോട്ടുപുസ്തകത്തിൽ പുതിയൊരു ഇനം എഴുതിച്ചേക്കലാണു്:

“കക്കാട്ടിടം വാഴുന്നവർ പേരിൽ ചെലവ് = 49 ഉറപ്പിക.”

വരവു് 50 ഉറുപ്പിക ചെലവ് 49 ഉറുപ്പിക. കണക്ക് കിറുകിറത്യം. ഒരു പിശകുമില്ല. ആളെ കാണുന്നതിനുമുമ്പു വരവെഴുതുക. കിട്ടിയ സംഭാവന കഴിച്ചു ബാക്കിയുള്ളതു് അയാളുടെ പേരിൽ ചെലവെഴുതുക. അപ്പുണ്ണിസാമിയുടെ ഈ മാതൃക സ്വീകരിച്ച പിരിവുകാർ ഇന്നും ചിലർ നമ്മുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ടല്ലോ; രശീതി പുസ്തകവുമായി അമ്പലത്തിന്റെ പേരിലും പള്ളിയുടെ പേരിലും പിരിവിനു നടക്കുന്നവർ! സാമി തെളിയിച്ച വഴി ഹാ! എത്ര സുന്ദരം!

ശക്തിമന്ദിരത്തിന്റെ പരിസരത്തിൽ അക്കാലത്തൊരുദിവസം സാമി എത്തിപ്പെടുന്നു. ഊരും പേരുമില്ലാത്ത സാമിയെപ്പറ്റി പല കഥകളും പ്രചരിച്ച കൂട്ടത്തിൽ സാമിയൊരു സി. ഐ. ഡി. ആണെന്നും ആരോ തട്ടിവിട്ടിരുന്നു. അതിന്റെ പേരിൽ സാമിയെ ചിലർ പിടികൂടി കലശലായി ചോദ്യം ചെയ്തു. പോലീസ് മുറയ്ക്കുള്ള ചോദ്യം ചെയ്യലല്ല. വാക്കുകൊണ്ടുള്ള പ്രഹരമായിരുന്നു. ഒടുവിൽ പൊറുതി മുട്ടിയ സാമി ഒരിക്കലും താൻ ഇനി ആ വഴി വരില്ലെന്നു ശപഥം ചെയ്തു് തടി രക്ഷപ്പെടുത്തി സ്ഥലം വിടുകയാണുണ്ടായത്. പിന്നിടു് സാമിയുടെ ശബ്ദം കേട്ടു് അവിടത്തെ കുട്ടികൾ ആവേശം കൊണ്ടിട്ടില്ല.

വായനശാലയുടെ പ്രവർത്തകരും നാടകക്കാരുമൊക്കെ യുവക് സംഘത്തിൽ ചേർന്നു. എന്നും രാവിലെ ശക്തിമന്ദിരത്തിൽ വാളണ്ടിയർ ട്രെയിനിങ്ങുണ്ടാവും. പട്ടാളമട്ടിലുള്ള ട്രെയിനിങ്ങാണു്. മാസത്തിലൊരിക്കൽ റോഡിലിറങ്ങി പ്രകടനം നടത്തും. അന്നതിനു ശക്തി പ്രകടനമെന്നു പേരുണ്ടായിരുന്നില്ല. വാളണ്ടിയർ ക്യാപ്റ്റനെന്ന നിലയിൽ, വിരിഞ്ഞ മാറിൽ ചുവന്ന കുപ്പായത്തിന്മേൽ സുഭാഷ് ചന്ദ്ര ബോസിന്റെ ബാഡ്ജ് ധരിച്ചു കനത്ത അടിവെപ്പുകളോടെ നടന്നു നീങ്ങുന്ന കുഞ്ഞനന്തൻ നായരെ കാണുമ്പോൾ ഏതു സംഹാരരുദ്രനായ പോലീസ് ഓഫീസറും ഒന്നു നടുങ്ങും. പ്രകടനം കാണാൻ എങ്ങും ഗ്രാമീണർ തടിച്ചു കൂടാറുണ്ടായിരുന്നു. അവർക്കറിയാമായിരുന്നു ഈ പ്രകടനം അടിമത്തിനെതിരാണെന്നു്; സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരാണെന്നു്. എന്നും ഗ്രാമീണ പാഠശാലയിൽനിന്നു് കൊച്ചുകുട്ടികളുടെ കണ്ഠമുയർത്തുന്ന ഭൂപാലമംഗളം കേട്ടു ശീലിച്ചവരാണവർ.

സാർവ്വഭൗമനാം ജോർജ് ഭൂപനേ
സാരമോടെ ഇന്ത്യാരാജ്യം കാത്തുകൊള്ളണേ.

ഇന്ത്യാരാജ്യത്തെ ഒരു കേടും കൂടാതെ തട്ടിപ്പറിക്കാരിൽനിന്നും കൊള്ളക്കാരിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ താണുകേണപേക്ഷിക്കുന്ന ഗാനമായിരുന്നു ഭൂപാലംഗളം. പല തവണ ഭക്തിപുരസ്സരം എനിക്കതു പാടേണ്ടിവന്നിട്ടുണ്ട്. അറിയാതെ, പൊരുളറിയാതെ ഞങ്ങൾ, കുട്ടികൾ, കാലത്തും വൈകീട്ടും അലറിവിളിച്ചിട്ടുണ്ടു്. ഇന്നതാലോചിക്കുമ്പോൾ ‘ഉഷ്ട്രലഗുഡ’ [1] ന്യായത്തിന്റെ ഒളിപ്പിച്ചുവെച്ച ഫലിതത്തെച്ചൊല്ലി ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. മരുഭൂയിയിലൂടെ നടന്നു നീങ്ങുന്ന ഒട്ടകത്തെ, ഗതിവേഗത്തിനുവേണ്ടി സഞ്ചാരി ഇടക്കിടെ തല്ലാനുപയോഗിക്കുന്ന വടി തല്ലുകഴിഞ്ഞാൽ അതിന്റെ പുറത്തുതന്നെ തിരുകിവെക്കുന്നു. തല്ലാനുള്ള വടി താൻ തന്നെ ചുമന്നു നടക്കുന്ന ഒട്ടകത്തെപ്പോലെയായിരുന്നു അന്നു ഞങ്ങൾ. ഇന്ത്യയെ ചൂഷണം ചെയ്യുകയും ഇന്ത്യക്കാരെ അടിമകളാക്കി അടിച്ചമർത്തിനിർത്തുകയും ചെയ്യുന്ന വൈദേശിക മേധാവിത്വം ഇവിടെ നിലനിന്നു കാണാൻ പ്രാർത്ഥിക്കുക. കുട്ടികളായ ഞങ്ങൾ മാത്രമല്ല, മുതിർന്നവരായ പലരും അന്നു് ഒട്ടകങ്ങളായിരുന്നു.

ശക്തിമന്ദിരം അടിമത്തത്തിനെതിരായ ശക്തി സംഭരിക്കുന്നു. യുവക് സംഘത്തിലെ അംഗങ്ങളെ കാത്തു് ഇന്ത്യൻ പീനൽ കോഡെന്ന കാളസർപ്പം പടിക്കൽ ഉറക്കം നടിച്ചു കിടക്കുന്നു.

കുറിപ്പുകൾ
[1]

ഒട്ടകത്തിനു് കുറുന്തടി എന്ന ന്യായം

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.