രാത്രി എട്ടു മണി.
മഹാനഗരം മുന്നറിയിപ്പു നൽകാതെ കണ്ണുപൂട്ടുന്നു. വിദ്യുച്ഛക്തി പ്രവാഹത്തിൽ തടസ്സം!
സംഗതി ആകെ മാറുന്നു. ഇരുട്ടിന്റെ ബ്രഹ്മപ്രളയം. മഹാനഗരത്തിലെ പിടിച്ചുപറിക്കാരും പൂട്ടുതുറപ്പന്മാരും ചുമരുതുരപ്പന്മാരും കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ആഹ്ലാദിച്ചു തിമർത്തു സംഘഗാനം മുഴക്കുന്നു. തെരുവുകാമുകൻ തെരുവുകാമുകിയുടെ മുടിയിൽ മുല്ലപ്പൂ ചൂടിച്ചു പാടുന്നു:
മധുറം കിള്ളിത്തറൂ…”
അപ്പോൾ ‘അശ്വഹൃദയ’ത്തിലെ ഏക ചാരുകസേരയിൽ കിടന്ന കുഞ്ചുണ്ണിയെന്ന പത്രപ്രവർത്തകൻ ഉറക്കെ ചിന്തിയ്ക്കുകയായിരുന്നു: വാസുമുതലാളിയെ വകവരുത്താനുള്ള മാർഗ്ഗങ്ങൾ. നിശിതങ്ങളായ ആക്ഷേപങ്ങൾ മിനഞ്ഞെടുക്കണം. ശരമാരി കൊണ്ടു മൂടണം, മുതലാളിയെ കീഴടക്കണം. വിദ്യുച്ഛക്തിയുടെ വഞ്ചനയേറ്റു രോഷാകുലനായ കുഞ്ചുണ്ണി ചാടിയെഴുന്നേൽക്കുന്നു. ഉഗ്രമായ വെല്ലുവിളി നടത്തുന്നു.
“ദുഷ്ടനും ദുർമുഖനും ദുരഹങ്കാരിയുമായ വിദ്യുച്ഛക്തികേന്ദ്രമേ, ഇനി ക്ഷമിയ്ക്കില്ല. ഇതു് പരമാവധിയാണു്. ഈ നിമിഷം നിന്നെ ഞാൻ വധിച്ചുകളയാം നിന്റെ കുടൽമാല തോണ്ടിക്കളയാം.”
രോഷാകുലനായി ചാടിയെണീറ്റ കുഞ്ചുണ്ണി ജുബ്ബ വലിച്ചണിയുന്നു. അഴുക്കും വിയർപ്പും പറ്റി ചീഞ്ഞുവീർത്തു് വൃത്തികെട്ട പുറംചട്ടയുള്ള ഡയറിയെടുത്തു് കക്ഷത്തിലിറുക്കുന്നു. ഫൗണ്ടൻപേന ടോപ്പുരി, ശൂലംപോലെ കയ്യിൽ പിടിക്കുന്നു. ഇരുട്ടിലേക്കുളിയിടുന്നു.
ഇരുട്ടിന്റെ തീക്ഷ്ണത അനുഭവപ്പെട്ടപ്പോൾ അശരണരായ നഗരവാസികളെയോർത്തു കുഞ്ചുണ്ണി വിലപിക്കുന്നു:
“നഗരവാസികളേ, നിങ്ങളുടെ ഗതി ഹാ കഷ്ടം!”
ജനങ്ങളുടെ കഷ്ടപ്പാടിൽ ഉരുകിയൊലിയ്ക്കുന്ന വെണ്ണയാണു് കുഞ്ചുണ്ണിയുടെ ഹൃദയം.
കണ്ണുപൊട്ടന്മാരെപ്പോലെ ഭിക്ഷാപാത്രവും കയ്യിലേന്തി റോഡരുകിൽ നിൽക്കുന്ന വിളക്കിൻ കാലുകൾ കുഞ്ചുണ്ണിയെ ക്രൂരമായി ചുംബിക്കുന്നു. അറിയുന്നില്ല. ധാർമ്മികരോഷംകൊണ്ടു് മനസ്സും ശരീരവും മരവിച്ചു പോയിരുന്നു. കയ്യും കാലുമിട്ടടിച്ചു നീന്തി നീന്തി കുഞ്ചുണ്ണിയെന്ന ഏകാന്തപഥികൻ പറ്റുകടയുടെ മുമ്പിൽച്ചെന്നു നങ്കൂരമിടുന്നു. അവിടെ അലയടിച്ചു കയറുന്ന കൂരിരുട്ടിനോടു് മല്ലിട്ടു നിൽക്കുന്ന മെഴുകുതിരിയുടെ തളർന്ന വെളിച്ചത്തിൽ കടക്കാരന്റെ മിന്നുന്ന കണ്ണുകളും വട്ടത്താടിയും പ്രത്യക്ഷപ്പെടുന്നു.
“മെഴുകുതിരി, തീപ്പെട്ടി, പെന്നു നിറച്ചും മഷി”.
കുഞ്ചുണ്ണി വേഗം വേഗം പറയുന്നു. എല്ലാമായപ്പോൾ ഇരുട്ടിലൂടെ മടങ്ങി നീന്തുന്നു. നീന്തുമ്പോൾ ആത്മസംതൃപ്തിയ്ക്കുവേണ്ടി പിറുപിറുക്കുന്നു.
“മഹാനഗരമേ, ക്ഷമിയ്ക്കൂ, ഈ കെടുതി ഇന്നോടെ അവസാനിപ്പിച്ചുകളയാം. ഞാൻ കടുപ്പവും മൂർച്ചയുമുള്ള ഒരാക്ഷേപമെഴുതിക്കോട്ടെ”.
‘അശ്വഹൃദയ’ത്തിൽ മടങ്ങിയെത്തിയപ്പോൾ അവിടെ പുതിയൊരു വിപത്തു് കാത്തിരിയ്ക്കുന്നു.
ഇരിയ്ക്കാനിടമില്ല.
ഏക ചാരുകസേരയിൽ അന്യനൊരുത്തൻ കുടിപാർപ്പാരംഭിച്ചിരിക്കുന്നു!
“ആരെടാ അതു്?”
കുഞ്ചുണ്ണി അലറി.
“ഞാൻ തന്നെ.”
കസേരയിൽനിന്നു തണുത്ത മറുപടി.
“ഉം, എഴുന്നേൽക്കാൻ.”
“സാദ്ധ്യമല്ല.”
പിന്നെ ചീത്ത വാക്കുകൊണ്ടു് തുരെതുരെ കല്ലേറു നടന്നു. ഒച്ചയും ബഹളവും വർദ്ധിച്ചു. അന്തരീക്ഷം ചൂടുപിടിച്ചു. അയൽവാസികൾ കേൾക്കുന്നു. അവർക്ക് വികാരമോ ചലനമോ ഇല്ല. ‘അശ്വഹൃദയ’ത്തിൽ വഴക്കും ബഹളവും എന്നുമുള്ളതാണു്. അവർ ശ്രദ്ധിക്കില്ല, ശല്യം വർദ്ധിക്കുമ്പോൾ അയൽവാസികളിൽ ബുദ്ധിശാലികളായവർ ഒരു കമന്റുകൊണ്ടു് തൃപ്തിപ്പെടും.
“കുതിരപ്പന്തിയല്ലേ, ഇത്രയൊക്കെ പ്രതീക്ഷിച്ചു കൂടു.”
ആ കമന്റിനു് പിന്നിലൊരു കഥയുണ്ടു്. അത് ‘അശ്വഹൃദയ’ത്തിന്റെ പൂർവ്വകാലചരിത്രമാണ്.
ജമാലിന്റെ കുതിര അറബിക്കുതിരയായിരുന്നു. ഒരു നാട്ടുരാജാവിനെയും പട്ടാളക്യാപ്റ്റനേയും വഴിക്കു വഴി സേവിച്ചു് പിന്നീടു് സർക്കസ്സിൽ ചേർന്നു് കുറച്ചഭ്യാസങ്ങളൊക്കെ പ്രദർശിപ്പിച്ചു് പുറത്തു കടന്നപ്പോഴാണു് അവനും ജമാലും കണ്ടുമുട്ടുന്നത്. ഉടനെ പ്രണയമായി. അവന്റെ വാരിഭാഗത്തെ എല്ലുകളൊക്കെ പുറത്തേക്കുന്തിയിരുന്നു. വയറ്റത്തും കാൽതുടകളിലും ചൊറി പിടിച്ചിരുന്നു. ഒരു ചെവി വ്രണപ്പെട്ടിരുന്നു. മറ്റേച്ചെവിയിൽ പാണ്ടു കയറിയിരുന്നു. യൗവ്വനപ്പുളപ്പിന്റെ കാലത്തു് പങ്കെടുത്ത ഒരു ഓട്ടപ്പന്തയത്തിൽ പറ്റിയ വീഴ്ചമൂലം വലത്തേ മുൻകാലിന്നല്പം നൊണ്ടലുണ്ടായിരുന്നു. എന്നിട്ടു ജമാലവനെ വിലയ്ക്കു വാങ്ങി. സംഗതി: അവൻ അറബിക്കുതിരയായിരുന്നു.
“പാഫം.”
ജമാൽ ഓടിനടന്നു് ചങ്ങാതിമാരോടൊക്കെ പറഞ്ഞു. കുതിര ചത്തു വൈധവ്യദുഃഖമനുഭവിക്കുന്ന വണ്ടി വീട്ടുമുറ്റത്തു് ഒരു ടാർപാളിന്നടിയിൽ കിടക്കുകയായിരുന്നു. പൊടിതട്ടി വെടുപ്പാക്കി ടാർപാളിയിട്ടു തിളക്കി വണ്ടിക്കൊരു നവയൗവ്വനമാദകത്വം വരുത്തി. അപ്പോൾ പൊങ്ങിവരുന്നൂ, ഒരു പുത്തൻ പ്രശ്നം. കുതിരപ്പന്തി വേണം. അതു് മഹാനഗരത്തിൽ ഏതെങ്കിലും പ്രമാണപ്പെട്ട സ്ഥലത്താവുകയും വേണം. പലരേയും കണ്ടു പറഞ്ഞു, അപേക്ഷിച്ചു, വിഷമം.
ഒടുവിൽ ജഗദീശ്വരയ്യർ സമ്മതിച്ചു. റെയിൽവേസ്റ്റേഷനും ബസ്സ് സ്റ്റാന്റിനുമൊക്കെ അടുത്തായിട്ടാണു് അയ്യരുടെ ബംഗ്ലാവു്. റിട്ടയർ ചെയ്തതിൽപിന്നെ വല്ല ബിസിനസ്സിലും ഏർപ്പെടണമെന്നു് വിചാരിച്ചിരിക്കുകയായിരുന്നു. ജമാലിന്റെ അപേക്ഷ വന്നപ്പോൾ ബിസിനസ്സ് ഉദ്ഘാടനം കുതിരപ്പന്തികൊണ്ടു് തുടങ്ങിക്കളയാമെന്നു വെച്ചു. പുരയിടത്തിന്റെ ഒരൊഴിഞ്ഞ കോണിൽ കുതിരപ്പന്തി പണിതീർക്കാം. പക്ഷെ, അല്പം ചില വ്യവസ്ഥകളോടെ മാത്രം. കുട്ടികളെ സൗജന്യമായി സ്ക്കൂളിൽ കൊണ്ടുവിടണം, തിരിച്ചുകൊണ്ടുവരണം, പ്രതിമാസം മുപ്പതു രൂപ വാടകയും വേണം.
ഗത്യന്തരമില്ലാത്തതുകൊണ്ടു് ജമാൽ സമ്മതിച്ചു. അറബിക്കുതിരയുടെ കൊട്ടാരം വളരെ വേഗം പണിതീർന്നു. ആർഭാടസമേതം കൊട്ടാരപ്രവേശവും നടന്നു.
അന്നു രാത്രി.
“ങ്ങക്കെന്താന്ന്? അറിയാഞ്ഞിട്ടു് ചോദിയ്ക്ക്യാ.” ജമാലിന്റെ കെട്ടിയോൾ ഫാത്തിമയുടെ ശബ്ദം.
“ഞമ്മക്കോ?” ജമാലിന്റെ ശബ്ദത്തിൽ അല്പം അഹങ്കാരമുണ്ടായിരുന്നു.
“തന്നെ.” ഫാത്തിമ വിടാൻ ഭാവമില്ല.
“കരയ്ക്കു പിടിച്ചിട്ട മീനിന്റെ ചേലിക്കു് ങ്ങളെന്താ ങ്ങനെ ഉരുണ്ടും പിരണ്ടും കളിക്ക്ന്ന്? ങ്ങക്ക് ഒറക്കം ബര്ണില്ലേ?”
“അങ്ങനെ ചോയിക്കെടീ. നാളെ ഞമ്മളെ അറബിക്കുതിര റോട്ടിലെറങ്ങും. ഓന്റെ കുഞ്ചിമുടീം തലയെടുപ്പും ഗാലപ്പും കണ്ടു് മാലോരമ്പരക്കും. നേരം ബെളുക്കട്ടെടീ നീ കണ്ടോ.”
നേരം വെളുത്തു പൂക്കൾ കണ്ണു തുറന്നു. കാറ്റു മൂളുകയും കിളികൾ പാടുകയും ചെയ്തു. സുഖകരമായ ഇളംചൂടിൽ പൂമ്പാറ്റകൾ ചിറകുകളുണക്കി.
ലുങ്കിയുടുത്തു്, പച്ച ബെൽട്ടു് മുറുക്കി കുപ്പായമിട്ടു്, തലയിൽ കെട്ടി, അത്തർ പുരട്ടി, മീശ മിനുക്കി ജമാൽ പുറത്തു കടന്നപ്പോൾ ഫാത്തിമ പറഞ്ഞു:
“ദ്ദാ, ഇതു് കുടിച്ചിറ്റ് ബവുസ്സോടെ പോയ്ക്കോളിൻ.”
ചൂടുള്ള കട്ടൻകാപ്പിയായിരുന്നു. അതു് രണ്ടു വലിയ്ക്കകത്താക്കി വലിഞ്ഞു നടന്നു. പടിയ്ക്കലെത്തി തിരിഞ്ഞുനോക്കിയപ്പോൾ ഫാത്തിമ കോലായിൽ നില്ക്കുന്നു.
കറുത്തിട്ടാണെങ്കിലും അവളൊരു സുന്ദരിയാണെന്നു തോന്നി. പടി കടന്നു നടന്നപ്പോൾ ദുനിയാവാകെ ചന്തംവെച്ചപോലെ തോന്നി.
കൊട്ടാരത്തിന്റെ വാതിൽ തുറന്നു നോക്കിയപ്പോൾ അറബിക്കുതിര സ്വാദോടെ പച്ചപ്പുല്ലു തിന്നുന്നതാണു് കണ്ടതു്. വണ്ടി തള്ളിക്കൊണ്ടുവന്നു് രണ്ടാം വിവാഹം നടത്തി. നിരത്തിലേയ്ക്കു തെളിച്ചുനിർത്തി തുരുതുരെ ഹോണടിച്ചു. പരിസരം ശബ്ദായമാനം!
അയ്യരുടെ ബംഗ്ലാവിൽനിന്നു് ഒരു പഠനസംഘം മാർച്ച് ചെയ്ത് മതിലിന്നടുത്തെത്തി. തല മൊട്ടയടിച്ചു് വെള്ളസ്സാരി ചുറ്റി കൂനികൂനി നടക്കുന്ന അമ്മ്യാർതൊട്ടു് പൊന്നിൻ നൂലിൽ പട്ടുകോണകം വലിച്ചു മുറുക്കി നടക്കുന്ന ശിന്നക്കൊളന്തയടക്കം പഠനസംഘത്തിന്റെ അംഗസംഖ്യ അമ്പത്തിഒന്നു്. എണ്ണിത്തീർന്നപ്പോൾ ജമാലിന്റെ വയറു കത്തി.
കൃത്യം ഒമ്പതു മണിയ്ക്കു് ബാലസംഘം വരുന്നു. ഒരു ഡസൻ. പല വലുപ്പത്തിലും തൂക്കത്തിലും.
“നസ്റ്റം, കനത്ത നസ്റ്റം.”
ബാലസംഘത്തെ കുത്തിനിറച്ചു് വണ്ടി തെളിയ്ക്കുമ്പോൾ ജമാൽ പിറുപിറുത്തു.
കുട്ടികളെ സ്ക്കൂളിൽ വിട്ടു് വണ്ടിയും തെളിച്ചു് ജമാൽ റെയിൽവേസ്റ്റേഷനിൽ പോകും; കാത്തുനില്ക്കും. കോളൊന്നും കിട്ടിയില്ലെങ്കിൽ ബസ്സ് സ്റ്റാന്റിലേക്കു നീങ്ങും. യാത്രക്കാരെ കുത്തിനിറച്ചു് ഓടിപ്പോകുന്ന ടൗൺ ബസ്സും ഓട്ടോറിക്ഷയും നോക്കി നെടുവീർപ്പിടും.
ആരും തിരിഞ്ഞു നോക്കുന്നില്ല. അറബിക്കുതിരയ്ക്കു മുതിര വേണം. ഫാത്തിമയ്ക്കും കുട്ടികൾക്കും ആഹാരം വേണം. അയ്യർക്ക് വാടക കൊടുക്കണം. ഒപ്പിച്ചുപോകാൻ വിഷമം!
അറബിക്കുതിര ക്ഷീണിയ്ക്കുന്നു. ഫാത്തിമയും കുട്ടികളും ക്ഷീണിയ്ക്കുന്നു. അയ്യർ വാടകയ്ക്കു തിരക്കുന്നു.
വളരെ ദിവസങ്ങൾക്കിടയിൽ പാതിരാവണ്ടിക്കൊരു കോളു കിട്ടുന്നു. യാത്രക്കാർ കയറി ഇരുന്നപ്പോൾ, നാട്ടുരാജാവിനേയും പട്ടാളക്യാപ്റ്റനേയും സേവിച്ച അറബിക്കുതിര നടക്കാൻ കൂട്ടാക്കുന്നില്ല. കടുത്ത മർദ്ദനം. സഹികെട്ടപ്പോൾ അവൻ നടന്നു. നേരെയല്ല, വിലങ്ങനെ. ഒരു കൂട്ടനിലവിളിയോടെ വണ്ടി ഗട്ടറിലേക്കു മറിഞ്ഞു. യാത്രക്കാരോടൊപ്പം ജമാൽ ആശുപത്രിയിലെത്തി; അറബിക്കുതിര സ്വർഗ്ഗത്തിലും. ശുഭം!
വിവരമറിഞ്ഞ അയ്യർ പൊണ്ടാട്ടിയോടു പറഞ്ഞൂ: “റൊമ്പ നഷ്ടമാച്ചേ.”
പൊണ്ടാട്ടി അയ്യരോടു ചോദിച്ചു: “കൊളന്തകളെപ്പടി പോഹിറത്?”
കഴിഞ്ഞു!
അടുത്ത ദിവസം കുതിരപ്പന്തിക്കു മുമ്പിൽ കല്ലാശാരി നിൽക്കുന്നു. തൊട്ടടുത്ത ദിവസം കുതിരപ്പന്തിയുടെ മുൻവശം കല്ലുകൾ വെച്ചടയ്ക്കുന്നു. ഒരു വാതിൽ ഘടിപ്പിയ്ക്കുന്നു. വാതിലിന്റെ പൂട്ടിന്മേൽ സുന്ദരനായൊരു പരസ്യം പ്രത്യക്ഷപ്പെടുന്നു.
“വാടകയ്ക്കു കൊടുപ്പാൻ.”
കീഴെ ആംഗലഭാഷയിലും തമിഴിലും പരിഭാഷയുണ്ടായിരുന്നു. ത്രിഭാഷാപദ്ധതി എന്ന ആശയം അന്നാണു് രൂപംകൊള്ളുന്നതു്.
മഹാനഗരം സമൃദ്ധമായ പാർപ്പിടക്ഷാമംകൊണ്ടു വലയുന്ന കാലം. അദ്ധ്യാപകരും വിദ്യാർത്ഥികളും ഡോക്ടർമാരും രോഗികളും വക്കീൽമാരും കക്ഷികളും ചെണ്ടക്കാരും തകിലുകാരും പാട്ടുകാരും നൃത്തക്കാരും രാപ്പകലൊരുപോലെ പാർപ്പിടമന്വേഷിച്ചു മഹാനഗരത്തിലെ റോഡുകളിലൂടെ, ഇടവഴിയിലൂടെ, ഗട്ടർതീരങ്ങളിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. അക്കാമഡേഷൻ കൺട്രോളറെന്ന നിർഭാഗ്യവാൻ അനേക വർഷങ്ങളായി ഒളിവിലാണു്.
കണ്ണൻകുട്ടിമേനൊനെന്ന പകർപ്പു ഗുമസ്ഥനും പാർപ്പിടാന്വേഷികളായ പുരുഷാരത്തിൽ ഒരംഗമാണു്. എന്നും രാവിലെയും വൈകീട്ടും ആത്മാർത്ഥമായ അന്വേഷണയജ്ഞം നടത്തും. അങ്ങനെ നടത്തുമ്പോൾ ഒരു ഭാഗ്യനിമിഷത്തിൽ കൺമുമ്പിലൊരു പരസ്യം പ്രത്യക്ഷപ്പെടുന്നു.
“വാടകക്കു കൊടുപ്പാൻ.”
വിശ്വാസം വരുന്നില്ല. കണ്ണട വെച്ചും വെക്കാതേയും നോക്കി. കണ്ണു് തിരുമ്മിയും തിരുമ്മാതേയും നോക്കി. അഞ്ജനമിട്ടും നോക്കി.
സത്യം, പരമസത്യം!
പിന്നെ താമസിച്ചില്ല. ഉടമയെ കണ്ടുപിടിച്ചു. നിവേദനം സമർപ്പിച്ചു. ജഗദീശ്വരയ്യർ വെങ്കലത്തമിഴിൽ മൊഴിഞ്ഞു:
“വാടഹ സെവണ്ടിഫൈവ്, ത്രീ മന്ത്സ് അഡ്വാൻസ്. എഗ്രീഡ്?”
“എഗ്രീഡ്.” കണ്ണൻകുട്ടിമേനോൻ.
“ചാവി ഇപ്പത്താൻ കൊടുത്തു വിടറേൻ.” അയ്യർ ഉദാരനായി.
അഡ്വാൻസ് കൊടുത്തു് ചാവി വാങ്ങി വാതിൽ തുറന്നപ്പോൾ കുതിരച്ചാണകത്തിന്റെ ഉഗ്രഗന്ധം. ചന്ദനത്തിരി കത്തിച്ചും കർപ്പൂരം പുകച്ചും കുതിരച്ചാണകഗന്ധത്തോടു് പടവെട്ടി. കുതിരപ്പന്തിയിൽ മനുഷ്യവാസം കണ്ടപ്പോൾ വഴിപോക്കൻ ചിരിച്ചു. അവർ ബിരുദം നൽകി. കണ്ണൻകുട്ടിമേനോന്റെ ലോഡ്ജിനെ ബഹുമാനിച്ചു; അശ്വഹൃദയം!
അശ്വഹൃദയത്തിൽ കുഞ്ചുണ്ണിയടക്കം ആറുപേർ വാസം. ആറു കിടക്ക, ആറുകൂട്ടം ചെരുപ്പ്, ആറു പെട്ടി, ആറു കോസടി, ഏക ചാരുകസേര. പിന്നെ സൂചികുത്താനിടമില്ല.
ആ ഏകൻ എന്നുമൊരു യുദ്ധഭൂമിയാണു്. അതിർത്തി കയ്യേറ്റവും വെടിവെപ്പും നടക്കാത്ത ദിവസമില്ല. ആറു മനുഷ്യാത്മാക്കൾ എന്നും അതിനെച്ചൊല്ലി പടവെട്ടും. കുഞ്ചുണ്ണി തീപ്പെട്ടിയുരസി മെഴുകുതിരി കൊളുത്തി. ഇരുട്ടിൽവെച്ചാരംഭിച്ച യുദ്ധം വെളിച്ചത്തു് വീണ്ടും ഉഗ്രതയോടെ തുടർന്നു.
അന്തേവാസികൾ ഒരോരുത്തരായി കൂടണയാൻ തുടങ്ങി. എല്ലാവരുടെ കയ്യിലും മെഴുകുതിരിയുണ്ടു്. സമൃദ്ധമായ വെളിച്ചം. എല്ലാവരും ഒത്തുചേർന്നപ്പോൾ കുഞ്ചുണ്ണി മുഷ്ടി ചുരുട്ടി ആകാശത്തിലിടിച്ചുകൊണ്ടു് പറഞ്ഞു:
“ഇതവസാനിപ്പിയ്ക്കണം.”
ആരും ഒന്നും മിണ്ടിയില്ല. ആരും മിണ്ടാത്തതു കൊണ്ടു് കുഞ്ചുണ്ണി കൂടുതൽ രൂക്ഷതയോടെ തുടർന്നു:
“ഈ അക്രമം അവസാനിപ്പിയ്ക്കണം. കണ്ണൻകുട്ടി മേനോനോടാണു് പറയുന്നതു്.”
“എന്നോടോ?” കണ്ണൻകുട്ടി മേനോൻ പരുങ്ങിക്കൊണ്ടു ചോദിച്ചു. “ഏതക്രമം?”
“ഈ മഹാനഗരത്തിലെ വിദ്യുച്ഛക്തിക്കുഴപ്പത്തെപ്പറ്റി ഞാനൊരാക്ഷേപമെഴുതാൻ പോവുകയാണു്.”
“ഒന്നല്ല മോനേ, ഒരായിരം ഒന്നിച്ചെഴുതു. അത്രയുമുണ്ടു് കഷ്ടപ്പാടു്.” കണ്ണൻകുട്ടിമേനോൻ ആശ്വാസത്തോടെ പറഞ്ഞു:
“എങ്ങിനെയെഴുതും? എവിടെയിരുന്നെഴുതും? കണ്ടില്ലേ ഒരുത്തൻ വലിഞ്ഞുകേറി കിടക്കുന്നതു് ?”
എല്ലാവരും ഏകനെ നോക്കി. അതിലെ കുടി പാർപ്പുകാരനേയും.
“ഒന്നെഴുന്നേറ്റു കൊടുക്കൂ കൃഷ്ണൻകുട്ടി.”
പലരും അപേക്ഷിച്ചു. കൃഷ്ണൻകുട്ടി മിണ്ടിയില്ല. അതുവരെയുള്ള വാങ്മയവ്യായാമംകൊണ്ടു് അവൻ തളർന്നുകിടക്കുകയായിരുന്നു. കൃഷ്ണൻകുട്ടി വഴങ്ങില്ലെന്നു കണ്ടപ്പോൾ മറ്റുള്ളവർ കൂടിയാലോചനയായി. പ്രശ്നം എങ്ങിനെയെങ്കിലും പരിഹരിക്കണം.
ആലോചിച്ചൊരു തീരുമാനം കണ്ടെത്തിയപ്പോൾ കണ്ണൻകുട്ടിമേനോൻ ഉറക്കെ പ്രഖ്യാപിച്ചു:
“നറുക്കിടാം. ഭാഗ്യക്കുറിപോലെ. ആദ്യത്തെ നറുക്കുകാരൻ ആദ്യമിരിയ്ക്കട്ടെ. രണ്ടാമത്തവൻ പിന്നീടും. അങ്ങിനെ ക്രമപ്രകാരം.”
“കൊള്ളാം.” കുഞ്ചുണ്ണി പറഞ്ഞു.
‘കൊള്ളാം.” എതിർകക്ഷിയായ കൃഷ്ണൻകുട്ടിയും സമ്മതിച്ചു.
“പക്ഷെ—” അവനൊരു ഭേദഗതി കൊണ്ടുവന്നു.
“തീരുമാനം നാളെ മുതൽ നടപ്പാക്കാം. ആർക്ക് നറുക്കു കിട്ടിയാലും ഇപ്പോൾ ഞാനെഴുന്നേൽക്കില്ല.”
“അക്രമം.” കുഞ്ചുണ്ണി പൊട്ടിത്തെറിച്ചു.
“മനുഷ്യനായാൽ കുറച്ചു സാമൂഹ്യബോധമൊക്കെ വേണം. മഹാനഗരം ഇരുട്ടിലാണ്ടുകിടക്കുകയാണു്. നഗരവാസികളായ പൗരന്മാരോടു് എല്ലാവർക്കുമുണ്ടു് കടപ്പാടു്. എനിയ്ക്കു മാത്രമല്ല.”
കുഞ്ചുണ്ണി അല്പനിമിഷം മിണ്ടാതെ നിന്നാലോചിച്ചു. പിന്നെ ഗർജ്ജിച്ചു.
“എവൻ മുടക്കിയാലും എന്റെ കടമ ഞാൻ നിറവേറ്റും. ഇന്നുതന്നെ. ഇപ്പോൾ തന്നെ നിറവേറ്റും. കടൽത്തിണ്ണയോ പീടികക്കോലായയോ എനിയ്ക്കഭയം തരും.”
തീപ്പെട്ടിയും മെഴുകുതിരിയും ഡയറിയുമെടുത്തു്, ടോപ്പൂരിയ ഫൗണ്ടൻപേന ശൂലംപോലെ പിടിച്ചു കുഞ്ചുണ്ണി വീണ്ടും ഇരുട്ടിലേക്കൂളിയിട്ടു.