സത്രത്തിന്റെ വരാന്തയിലെ അരച്ചുമരിൽ ആനപ്പുറത്തെന്നപോലെ ഇരുവശങ്ങളിലേക്കും കാലു് തൂക്കിയിട്ടു കുഞ്ചുണ്ണി ഇരിയ്ക്കുന്നു. കാറ്റേറ്റു കെട്ടു പോകാതിരിയ്ക്കാൻ ഇടതു കൈകൊണ്ട് മെഴുകുതിരി മറച്ചു പിടിച്ചിട്ടുണ്ടു്. മറ്റെ കൈ തുരുതുരെ എഴുതിത്തള്ളുകയാണു്.
അക്ഷരങ്ങൾ ജീവചൈതന്യം കൈക്കൊള്ളുന്നു. വാക്കുകൾ മന്ത്രവീര്യമുൾക്കൊള്ളുന്നു. വാചകങ്ങൾ ശക്തികേന്ദ്രങ്ങളാകുന്നു. തകർപ്പനാക്ഷേപം വാർന്നു വീഴുന്നു.
“ജനങ്ങളുടെ അഭിലാഷങ്ങളെ ചവുട്ടിമെതിച്ചു കൊണ്ട്, അവരുടെ ആവശ്യങ്ങളെ ധിക്കാരപൂർവ്വം നിഷേധിച്ചുകൊണ്ട്, പുച്ഛിച്ചു തള്ളികൊണ്ട്…”
ഓ! ഉഗ്രം! സ്വയം മനസ്സിലുരുവിട്ടപ്പോൾ കുഞ്ചുണ്ണി ചോദിയ്ക്കുന്നു. എഴുതിയത് ഞാൻ തന്നെയോ?
കുഞ്ചുണ്ണി പുളകിതഗാത്രനാകുന്നു!
“മുന്നോട്ടു പോവാമെന്ന വ്യാമോഹം ബാലിശമത്രെ!”…
ഭേഷ്!
“ബഹുജനങ്ങളെ കാണാതെ, ശ്രദ്ധിക്കാതെ, അവരുടെ വീര്യം കണക്കിലെടുക്കാതെ മുന്നൊട്ടു പോകുന്ന സ്ഥാപനങ്ങളുടെ നാശം സമാഗതമായിരിയ്ക്കുന്നു!”…
(വിദ്യുച്ഛക്തികേന്ദ്രമേ, നിനക്കു വിധിച്ചത് അപമൃത്യു)
“ഈ ഇരുട്ടിൽ മുറുമുറുപ്പുണ്ട്. ഇതിന്റെ മറവിൽ ബഹുജനരോഷമെന്ന മഹാ സത്വമിരുന്നു് ആയുധം മൂർച്ചകൂട്ടുകയാണ്.”…
ജിൽ, ജിൽ!
കുഞ്ചുണ്ണി എഴുതിയേടത്തോളം ഒരിയ്ക്കൽ വായിച്ചു നോക്കി. ഉചിതവികാരങ്ങൾ ജനിപ്പിച്ചുകൊണ്ട്, ഇരുട്ടിൽ മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടാണു് വായന. അതു കണ്ട് സത്രത്തിന്റെ കോലായിൽ വിരിവെച്ചു കിടക്കുന്ന കാസശ്വാസക്കാരനും കുഷ്ഠരോഗിയും പേടിച്ചരണ്ട് കണ്ണ് മുറുക്കിയടച്ചു് ഈശ്വരനാമം ജപിച്ചു.
തട്ടിൻപുറത്ത് എലികൾ വിരണ്ടോടുന്നു! വൃത്തികേടിന്റെ കൂമ്പാരങ്ങളിൽ അവിടവിടെ ആരൊക്കെയോ ഇരുന്നു ബീഡി വലിയ്ക്കുന്നു. നേർത്ത ചിരിയുടെ ശബ്ദം കേൾക്കുന്നു.
വളകിലുക്കവും!
വളക്കിലുക്കം?
“ഉം! എല്ലാം കാണും, മഹാനഗരമല്ലേ”.
കുഞ്ചുണ്ണി വീണ്ടും എഴുത്തു് തുടർന്നു:
“ജനദ്രോഹികളുടെ അവസാന വിധി എഴുതിക്കഴിഞ്ഞു അവരുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു…”
മുഴക്കം സാമാന്യം ഭേദപ്പെട്ടതായിരുന്നു!
പോലീസ് വാൻ സത്രത്തിന്റെ മുറ്റത്തു് വന്നു ബ്രേയ്ക്കിട്ടു. ‘ലാത്തി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന വടിയും വീശി പോലീസുകാരിറങ്ങിവന്നു. ബീഡിവലിച്ചവരോടി, വളകിലുക്കിയവരോടി. കാസശ്വാസക്കാരനും കുഷ്ഠരോഗിയുമോടി.
കുഞ്ചുണ്ണി ആഹ്ലാദത്തോടെ നോക്കിയിരുന്നു! സുന്ദരമായ വിഷയം. ആക്ഷേപത്തിന്നു് പുതിയ പുതിയ മേഖലകൾ തുറന്നു കിട്ടുന്നു. പൊടിപ്പനൊരാക്ഷേപം കാച്ചണം.
“എണിയെടാ.”
അലർച്ച. പോലീസ്സുകാരന്റെ കൈവിരലുകൾ മരണക്കൊക്കപോലെ കുഞ്ചുണ്ണിയുടെ കഴുത്തിൽ മുറുകി. കല്യാണസൗഗന്ധികത്തിലെ ഭീമൻ വഴി മുടങ്ങിക്കിടക്കുന്ന ഹനുമാനെയെന്നപോലെ കുഞ്ചുണ്ണി പോലീസ്സുകാരനെയൊന്നു നോക്കി; പുതിയ ആക്ഷേപത്തിന്റെ തലക്കെട്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“പൗരസ്വാതന്ത്ര്യത്തിന്റെ മേൽ നിയമത്തിന്റെ കരാളഹസ്തം.”
കരാളഹസ്തം പരുക്കനായിരുന്നു. പിരടി തരിച്ചു. അരച്ചുമരിൽനിന്നു് കുഞ്ചുണ്ണി തെറിച്ച് മുറ്റത്തുവീണു. വീണേടത്തു കിടന്നു് മറ്റൊരാക്ഷേപത്തിന്റെ തലക്കെട്ടും കാച്ചി.
“നഗ്നവും ഭീഷണവുമായ നരവേട്ട.”
തലക്കെട്ടു മുഴുമിയ്ക്കും മുമ്പ്, രണ്ടുപേർ കൂടി തൂക്കിയെടുത്തു് വാനിലേക്കെറിഞ്ഞു.
തണുത്ത കാറ്റു വന്നു തഴുകി വിളിച്ചപ്പോൾ കണ്ണു തുറന്നു. മഹാനഗരത്തിലെ അരപ്പോക്കിരികളും മുക്കാൽ പോക്കിരികളുമടക്കം എട്ടു പത്തുപേർ. രാത്രിയുടെ സുന്ദരികളൊരഞ്ചെണ്ണം. ലോക്കപ്പിലേയ്ക്കുള്ള എഴുന്നള്ളത്തിൽ അകമ്പടി സേവിക്കുന്നവരെ മിഴിച്ചു നോക്കി മിണ്ടാതിരുന്നുകൊള്ളാം.
പോലീസ്സുകാരൻ ലോക്കപ്പിന്നകത്തേക്കു് കഴുത്തു പിടിച്ചു തള്ളുകയാണു് ചെയ്തതു്. വീഴുമ്പോൾ കൈകുത്തിയതുകൊണ്ട് മൂക്കും പല്ലും രക്ഷപ്പെട്ടു.
വീണേടത്തുതന്നെ കിടക്കുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. മേലാസകലം വേദനയും. കണ്ണു മുറുക്കിയടച്ചു. കഞ്ചാവിന്റെ മയക്കംപോലെ സുഖകരമായൊരനുഭവം തലച്ചോറിനെ പൊതിയുന്നു. ആ മയക്കത്തിൽ കുഞ്ചുണ്ണിയുടെ ആത്മകഥ ചെറിയ ചെറിയ സീക്വൻസായി ചലച്ചിത്ര യവനികയിലെന്നപോലെ ഉപബോധമനസ്സിൽ പ്രത്യക്ഷപ്പെടുന്നു.
നിരന്തരമായ ശകാരം സഹിച്ചുകൊണ്ട് വലുതാവുന്നു! കോണകവാലും തൂക്കി വാനരസന്തതിയെപ്പോലെ നടക്കുന്ന കാലത്തു് ഉരുളൻ കല്ലുകൊണ്ടു് പ്രാണികളെ ചതച്ചു ചതച്ച് കൊല്ലുകയായിരുന്നു ഏറ്റവും രസമുള്ള ജോലി. പ്രാണദണ്ഡമേറ്റ് അവ പിടയുമ്പോൾ പരമാനന്ദത്തിന്റെ ലഹരി തലയ്ക്കു കയറും.
“എടാ, ദുഷ്ടാ, ദ്രോഹി, മഹാപാപം ചെയ്യല്ലടാ!”
അമ്മ വിളിച്ചു പറയും. കൂട്ടാക്കില്ല. തുരുതുരെ ആക്ഷേപിയ്ക്കും. ശ്രദ്ധിയ്ക്കില്ല. ഒടുവിൽ തലയ്ക്കു രണ്ടു കിഴുക്കു കിട്ടിയാൽ ബുദ്ധി തെളിഞ്ഞു് സംതൃപ്തിയോടെ എഴുന്നേറ്റുപോകും. മറ്റൊരിടത്തു ചെന്നിരുന്നു് ജോലി തുടരും. അപ്പോൾ അവിടെ അച്ഛനെത്തും. കിഴുക്കും.
ഇന്നോളം ആക്ഷേപവും യുദ്ധവും തന്നെ.
സ്ക്കൂളിൽ ഒരു ‘റെബലാ’യിരുന്നു. വെറുതെ രസത്തിനുവേണ്ടി അങ്ങനെ ആയതല്ല. എല്ലാവരുംകൂടി ആക്കിയതാണു്. (ഒരു വാചകം ഓർമ്മയിൽ വെക്കുക: സമൂഹം ആവശ്യത്തിനൊത്തു് മനുഷ്യനെ പാകപ്പെടുത്തുന്നു!)
ശാരി ഒരു പനീനീർപ്പൂവായിരുന്നില്ലേ! അവളെ കണ്ടാൽ ആരാണു് പ്രേമിക്കാത്തതു്! പ്രേമിക്കുന്നതൊരു തെറ്റാണെങ്കിൽ ശേഖരൻ മാസ്റ്റർക്കതു് പാടുണ്ടോ? എല്ലാ പെൺകുട്ടികളേയും ശേഖരൻ മാസ്റ്റർ പ്രേമിക്കുന്നുണ്ടെന്നു് ആരാണറിയാത്തതു്? ചിന്നമണി ടീച്ചർ ദേവരാജൻ മാസ്റ്റരെ എന്തിനു് പ്രേമിച്ചു?
പ്രേമിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നു് തീർച്ച! ആ വിശ്വാസത്തോടെ ശാരിയെ കലശലായി പ്രേമിയ്ക്കാൻ ആരംഭിച്ചു. ഇടതുകൈകൊണ്ടു ഒരു പ്രേമലേഖനമെഴുതിത്തയ്യാറാക്കി അവൾക്കു കൊടുത്തു.
ഹോ! എന്തൊരു ഭൂകമ്പം!
വിചാരണ! ശിക്ഷ!
ആർക്കും തല കുനിച്ചില്ല. എല്ലാം കഴിഞ്ഞുനോക്കുമ്പോൾ ശാരി മറുചേരിയിൽ നിൽക്കുന്നു. ഇതെന്തു് പ്രണയം?
-നോൺസൻസ്!
പിന്നെ നൂറു ശതമാനം റെബലായി മാറി!
ഇടതു കൈകൊണ്ടെഴുതാൻ ഭംഗിയായി പരിശീലിച്ചു. ഈ ഭൂമിയിൽ സ്വൈരസമാധാനത്തോടെ ആരും ഇനി പ്രേമിക്കാൻ പാടില്ലെന്നു തീരുമാനിച്ചു. ടീച്ചർമാരെക്കുറിച്ചും സഹപാഠികളെക്കുറിച്ചും നിരന്തരം ഊമക്കത്തുകളെഴുതി. ചുമരെഴുത്തു നടത്തി.
പ്ലേഗ്രൗണ്ടിൽ മതിലിൽ ശേഖരൻ മാസ്റ്ററുടെ ചിത്രം വരച്ചു് ചുവട്ടിൽ കമന്റെഴുതി.
ദേവരാജൻ മാസ്റ്ററും ചിന്നമണി ടീച്ചറും മാലയിട്ടു പരിണയിക്കുന്നതിന്റെ ചിത്രം സ്ക്കൂൾ ചുമരിൽ വരച്ചു.
എല്ലാം കണ്ടുപിടിക്കപ്പെട്ടു.
കഠിനശിക്ഷ കിട്ടി.
ഒട്ടും വേദനിച്ചിട്ടില്ല.
അത്ര വലുതായിരുന്നു ശാരിയെച്ചൊല്ലിയുള്ള വേദന. അതു് കരളിലൊരു തീപ്പൊള്ളലായി നിന്നു. സദാ നീറിക്കൊണ്ടിരുന്നു.
ഭാരം ചുമന്നു നടക്കുന്നവനെപ്പോലെ വഴിയിൽ ചുമടിറക്കിവെച്ചു് വേണ്ടത്ര വിശ്രമിച്ചാണ് വിദ്യാലയത്തിലൂടെ മുന്നോട്ടു നീങ്ങിയതു്.
പഠിച്ചു പഠിച്ചു മുന്നേറിയപ്പോൾ ഒരു കരിങ്കൽ ഭിത്തിപോലെ നിൽക്കുന്നു, എസ്.എസ്.എൽ.സി.
ക്രൂരൻ, അതിക്രൂരൻ!!
മൂന്നു തവണ ചാടി.
കുറുക്കൻ മുന്തിരിക്കുലക്കു് പണ്ടു ചാടിയപോലെ. പിന്നെ ചാട്ടം മതിയാക്കി. വിജയകരമായി പിന്മാറി.
ജീവിതത്തിന്റെ രണ്ടാമങ്കം തുടങ്ങുന്നു:
അച്ഛനാക്ഷേപിക്കുന്നു, അമ്മ ആക്ഷേപിക്കുന്നു. നാട്ടുകാരും അവരുടെ ചേരിയിൽ ചേരുന്നു!
ഒറ്റയ്ക്കു് എല്ലാവരോടും എതിർത്തുനിന്നു. അച്ഛനോടു്, അമ്മയോടു്, സഹോദരീസഹോദരന്മാരോടു്, നാട്ടുകാരോടു്.
ശരണം വിളിച്ചുപോയി.
പലായനമാണു് പിന്നെ. ദേശകാലാവസ്ഥകളെ കണക്കിലെടുക്കാത്ത പലായനം.
ഒടുവിൽ ഈ മഹാനഗരം അഭയം നൽകി.
ആഴവും പരപ്പും കൂടിയതാണു് മഹാനഗരമാണു് മനസ്സിലായി. ജോലിയില്ലാത്തെ അനേകായിരങ്ങൾ. വീടില്ലാത്ത അനേകായിരങ്ങൾ കളവും ചതിയും പിടിച്ചുപറിയും തൊഴിലാക്കിയ അനേകായിരങ്ങൾ. മഹാനഗരത്തെ ആകെയൊന്നു് മനസ്സിലാകാൻ ദിവസങ്ങളെടുത്തു. ചേട്ടത്തിയോടടിച്ചെടുത്തുകൊണ്ടുപോന്ന കാശുമാല തൂക്കിവിറ്റ വകയിൽ കയ്യിരുപ്പുണ്ടായിരുന്നതു് അപ്പോഴേക്കും കലാശിച്ചു.
ഇടയ്ക്കിടെ ശാരിയുടെ സ്മരണ മനസ്സിൽ ഉണർന്നെഴുന്നേൽക്കും. അപ്പോഴൊക്കെ തീപ്പൊള്ളലിന്റെ നീറ്റം അനുഭവപ്പെടുകയും ചെയ്യും. പിന്നെ എല്ലാറ്റിനോടും വെറുപ്പാണു്.
കയ്യിലുള്ള കാശു തീർന്നപ്പോൾ പട്ടിണി പ്രേമിയ്ക്കാനെത്തി.
ഇവിടെ ജീവിതത്തിന്റെ മൂന്നാമങ്കം തുടങ്ങുന്നു!
ബാങ്ക്റോഡിൽ, എപ്പോഴും തണൽ വിരിച്ചു നിൽക്കുന്ന വടവൃക്ഷത്തിന്റെ കീഴിൽ ബോധോദയവും കാത്തെന്നപോലെ ഇരുന്നു.
ചുകപ്പ് മുണ്ടു്, മഞ്ഞ ജുബ്ബ, വാലുവെച്ച പച്ചത്തലയിൽക്കെട്ട്, കറുത്തു നീണ്ട താടി.
“ഭൂതം, വർത്തമാനം, ഭാവി.”
ഇടക്കിടയ്ക്ക് ഈണത്തിലങ്ങനെ വിളിച്ചുപറഞ്ഞു.
മോഹഭംഗക്കാരും അനുരാഗത്തകർച്ചകാരും തൊഴിലില്ലാത്തവരും കുടുംബകലഹക്കാരും ഭാര്യ പിണങ്ങിയവരും ഭർത്താവുപേക്ഷിച്ചവരും ബിസിനസ്സ് തകർന്നവരും ബന്ധുക്കൾ വെറുത്തവരും ആ വിളി കേൾക്കുന്നു.
“ഭൂതം, വർത്തമാനം, ഭാവി.”
വിളികേട്ടു സംശയിച്ചു നിൽക്കുന്നു. മുമ്പോട്ടു നടക്കുന്നു. ചുറ്റും പരുങ്ങി നോക്കി മുമ്പിലിരിയ്ക്കുന്നു, കൈ നീട്ടുന്നു.
“ജുപ്പിറ്റർ ഉഗ്രൻ, ലൈഫ് ലൈൻ സ്റ്റൈൽ.”
കണ്ണടച്ചു ധ്യാനിക്കുന്നു, തുടരുന്നു.
“വൈഫ് ലൈൻ വളരെ ഡിമ്മാണ്. എന്നുവെച്ചാൽ ഭാര്യയെ സൂചിപ്പിക്കുന്ന രേഖ നിറം മങ്ങി കിടക്കുന്നു.”
മറുവശത്തു് നെടുവീർപ്പു്. അപ്പോൾ ഉത്സാഹം കൂടുന്നു.
“ഭാര്യ മരിച്ചിട്ടില്ലെങ്കിലും….”
“മരിച്ചപോലെ കണക്കാക്കിയാൽ മതി.”
മറുഭാഗത്തു് ആർത്തനാദം. മറ്റേക്കയ്യും മലർത്തി കാണിയ്ക്കുന്നു.
“കറക്കറ്റ്.”
വിജയഭേരി. തുടർന്നു് രേഖവായന.
“വൈഫ് ലൈൻ നിറം മങ്ങുകയോ ശനിയെ മുറിച്ചുകടക്കുകയോ ചെയ്താൽ…”
സംശയിച്ചു നിർത്തുന്നു. നിശ്ശബ്ദമായി ആലോചിക്കുന്നു. പ്രാർത്ഥിക്കുന്നു. തുടരുന്നു.
“ഭാര്യ മരിച്ചില്ലെങ്കിലും മരിച്ചപോലെ കണക്കാക്കിയാൽ മതി.”
“ശരിയാണു് പറഞ്ഞതു്.” മറുഭാഗത്തു് ഗദ്ഗദം. “എന്നെ ഉപേക്ഷിച്ചതാണ്. ഞാനായിട്ടൊന്നും ചെയ്തിട്ടില്ല. വീട്ടിൽ കയറരുതെന്നു പറഞ്ഞു.”
“കറക്റ്റ്.”
പിന്നേയും വിജയഭേരി.
“എനിയ്ക്കിപ്പഴും അങ്ങട്ടു് സ്നേഹമാണു്.”
(അതുകൊണ്ടെന്തു പ്രയോജനം ഫൂൾ? ഇങ്ങോട്ടല്ലേ സ്നേഹം വേണ്ടതു്!… ശാരിയുടെ കഥയും ഇതുതന്നെ. ദുനിയാവിലുള്ള പെണ്ണുങ്ങളെല്ലാം ഇങ്ങിനെയാണോ).
കണ്ണിൽ തിരുവാതിര ഞാറ്റുവേല. കണ്ഠത്തിലിടർച്ച. മറുവശം തുടർന്നു് ചോദിയ്ക്കുന്നു.
“പിണങ്ങാനെന്താ കാരണം? വല്ലവരും വല്ലതും ചെയ്തോ?”
കേൾക്കാത്ത ഭാവത്തിൽ കണ്ണടച്ചിരുന്നു കണക്കു കൂട്ടി.
“നാലും മൂന്നും ഏഴ്: ഏഴും ഏഴും പതിനാലു് ”
“അതെ.” മറുവശം കണക്കുകൂട്ടി മുഴുമിക്കാൻ സമ്മതിച്ചില്ല.
“ഒരു കൊല്ലവും രണ്ടു മാസവുമായി പിണങ്ങീട്ടു് ”
“പതിനാലു മാസം.” പ്രവചനം സിമന്റിട്ടൊന്നുറപ്പിച്ചു.
“ഞങ്ങളിനി ഒന്നിച്ചു് ജീവിക്ക്യോ? പഴയപോലെ അവളെന്നെ സ്നേഹിക്ക്യോ?”
ആർത്തനാദം!
അപ്പോൾ ആ നിമിഷം വടവൃക്ഷത്തിറ്റെ തണലിൽവെച്ചു് ബോധോധയമുണ്ടാവുന്നു!
വടവൃക്ഷമേ സ്വസ്തി!
“ജീവിയ്ക്കും.”
ഒരു സംശയവുമില്ലാതെ പറഞ്ഞു.
പുതിയ തൊഴിൽ! പുതിയ ധനാഗമമാർഗ്ഗം.
അവിടെവെച്ച് അപ്പോൾതന്നെ ഒരു പ്രേമലേഖനം കാച്ചിക്കൊടുത്തു. രണ്ടിനും പ്രതിഫലം റൊക്കം.
ഭാഗ്യത്തിലേക്കു ചവുട്ടിക്കേറാനുള്ള കോണിയുടെ ആദ്യത്തെ പടവു്.
ഹസ്തരേഖാശാസ്ത്രം; പ്രേമലേഖനമെഴുത്തു്, മന്ത്രവാദം, ഊമക്കത്തുണ്ടാക്കൽ, വൈദ്യം എല്ലാം വടവൃക്ഷത്തിന്റെ തണലിൽനിന്നു് രൂപംകൊണ്ടു.
ഊമക്കത്തിലൂടെ സാഹിത്യാഭിരുചി വളർത്തിയെടുത്തു. ആ കാലത്തു് തനിയെ ആരും കേൾകാതെ പറഞ്ഞു.
ശാരീ, ഒരു നാൾ ലക്ഷപ്രഭുവായി ഞാൻ തിരിച്ചു വരും! അന്നു് ഞാൻ നിന്നോടു് പകരം ചോദിയ്ക്കും.
ഒരു സുപ്രഭാതത്തിൽ ഉടുപ്പിട്ട രണ്ടു പോലീസുകാർ നടന്നടുക്കുന്നു.
സംഗതി പിശക്!
വീണ്ടും പലായനം.
ആകാശവിമാനത്തെ, കാറ്റിനെ, ശബ്ദത്തെ വേഗതയിൽ വെല്ലുന്ന പലായനം!