ചാത്തുണ്ണിനായരുടെ വീട്ടിന്റെ പുറംതളം. ഒരു കട്ടിൽ, ഒരു മേശ, ഒരു ചാരുകസേര എന്നിങ്ങനെ അത്യാവശ്യത്തിനുള്ള സാധനങ്ങൾ മാത്രം. ചുമരിൽ വാതിലിനു വലത്തുവശത്തായി ഒരു കോട്ട് സ്റ്റാന്റുള്ളതിൽ ഏതാനും പഴയ രോമക്കുപ്പായങ്ങളും കാക്കിയുടുപ്പുകളും തുങ്ങിക്കിടക്കുന്നുണ്ടു്. ചാത്തുണ്ണിനായർ വിചാരമഗ്നനായി ചാരുകസേരയിൽ ഇരിക്കുകയാണു്. ചൂരൽവടി ചാരുകസേരയോടു ചേർത്തുവെച്ചിട്ടുണ്ടു്. രാമൻ ഒരു കപ്പിൽ ചായ കൊണ്ടുവന്നു കൊടുക്കുന്നു. ചാത്തുണ്ണിനായർ നിവർന്നിരുന്നു് അതു വാങ്ങി കുടിക്കുന്നു. ആദ്യത്തെ കവിൾ അകത്തായതോടെ മുഖഭാവം മാറുന്നു. ചാത്തുണ്ണിനായർ രൂക്ഷമായി നോക്കുന്നു.
- രാമൻ:
- (പതിഞ്ഞ സ്വരത്തിൽ) ഇവിടെ പഞ്ചസാരയില്ല
- ചാത്തുണ്ണി:
- (പല്ലുകടിച്ചു്) വാങ്ങായിരുന്നില്ലേ?
- രാമൻ:
- അതിനു കാശുവേണ്ടേ?
ചാത്തുണ്ണിനായർ അസുഖകരമായ ആ സത്യം വേണ്ടത്ര മനസ്സിലാക്കി ചായ ഒരു വീർപ്പിനു് അകത്താക്കുന്നു.
- രാമൻ:
- കുറച്ചുകൂടി കൊണ്ടുവരട്ടേ?
ചാത്തുണ്ണിനായർ ദഹിപ്പിക്കാൻ പാകത്തിൽ രാമന്റെ മുഖത്തു നോക്കുന്നു. കപ്പു ശക്തിയോടെ നീട്ടുന്നു.
- രാമൻ:
- (കപ്പു വാങ്ങിക്കൊണ്ടു പതുക്കെ) ഇനിയും കഴിയണം നാലു് ദിവസം.
- ചാത്തുണ്ണി:
- (രാമന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടു്) എന്തിനു്?
- രാമൻ:
- പെൻഷ്യൻ കിട്ടാൻ.
ചാത്തുണ്ണിനായർ രാമന്റെ മുഖത്തുനിന്നു പിന്നെയും അസുഖകരമായ സത്യം കേൾക്കുന്നു. ഒന്നും മിണ്ടാതെ ചാരുകസേരയിലേക്കു മലർന്നു കിടക്കുന്നു.
- രാമൻ:
- എങ്ങനെ കഴിച്ചുകൂട്ടണന്നു് എനിക്കറിയില്ല;
- ചാത്തുണ്ണി:
- ഇങ്ങനെ കഴിച്ചുകൂട്ടിയാൽ മതി (നേരിയൊരു നെടുവീർപ്പു്).
- രാമൻ:
- അരിയും തീർന്നിരിക്കു. ഇന്നു രാത്രി കഷ്ടിയാണു്.
- ചാത്തുണ്ണി:
- നീ അകത്തേക്കു പോണുണ്ടേോ?
രാമൻ രണ്ടടി പിന്നാക്കം മാറി, അവിടെ നിന്നു തല ചൊറിയുന്നു.
- ചാത്തുണ്ണി:
- എന്തെടാ പോകാത്തതു്?
- രാമൻ:
- നാളേക്കു് അരി വേണ്ടേ?
- ചാത്തുണ്ണി:
- (അല്പം ശാന്തസ്വരത്തിൽ) വേണ്ട.
രാമൻ അമ്പരന്നു നോക്കുന്നു.
- ചാത്തുണ്ണി:
- പട്ടിണി കിടക്കാം. (നിശ്ശബ്ദത) നിനക്കു പട്ടിണികിടക്കാൻ വയ്യെങ്കിൽ എവിടെ വേണന്നിച്ചാൽ പൊയ്ക്കോ.
- രാമൻ:
- എന്റെ കാര്യം വിചാരിച്ചിട്ടല്ല.
- ചാത്തുണ്ണി:
- പിന്നെ? എന്റെ കാര്യം വിചാരിച്ചാണോ? എടാ, എനിക്കു പട്ടിണികിടക്കാനും അറിയാം.
രാമൻ മിണ്ടാതെ നില്ക്കുന്നു.
- ചാത്തുണ്ണി:
- എന്തെടാ പിന്നേം നില്ക്കുന്നതു്.
- രാമൻ:
- ഇങ്ങനെ വാശിപിടിക്കുന്നതെന്തിനാ?
- ചാത്തുണ്ണി:
- എന്തു വാശി?
- രാമൻ:
- ഇന്നലേം വന്നു ഒരു മണിയോഡർ.
- ചാത്തുണ്ണി:
- അതുകൊണ്ടു്?
- രാമൻ:
- ഇനി ഇന്നോ നാളെയോ ഒന്നു വേറേം ഉണ്ടാവും.
- ചാത്തുണ്ണി:
- ഞാനെന്തു വേണെടാ അതിനു്?
- രാമൻ:
- അതു വാങ്ങീരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടണോ?
- ചാത്തുണ്ണി:
- മനസ്സില്ല.
- രാമൻ:
- അവനവന്റെ മക്കളോടെന്തിനാ ഇങ്ങനെ വാശിപിടിക്കുന്നതു്?
- ചാത്തുണ്ണി:
- (നിവർന്നിരിക്കുന്നു. മുഖത്തു കോപവും നൈരാശ്യവും നിഴലിക്കുന്നു.) എന്തെടാ നീ പറഞ്ഞതു്? മക്കളെന്നോ? ഏതു മക്കൾ? ഞാൻ പറഞ്ഞിട്ടില്ലേ, എനിക്കങ്ങനെ ഒരു മകനും മകളും ഇല്ലെന്നു്! സ്നേഹംകെട്ട വക?
- രാമൻ:
- അങ്ങനെ പറയരുതു്.
- ചാത്തുണ്ണി:
- പിന്നെ എങ്ങനെ പറയണം?
- രാമൻ:
- അവര്ക്കിപ്പോം ഇവിടത്തോടു വല്യ സ്നേഹാണു്.
- ചാത്തുണ്ണി:
- എടാ, നീ മിണ്ടരുതു്. (പതുക്കെ എഴുന്നേല്ക്കുന്നു.) അവരെപ്പറ്റി നീയിവിടെ ഒരക്ഷരം മിണ്ടരുതു്. സ്നേഹാണത്രേ, സ്നേഹം! (അസ്വസ്ഥനാവുന്നു. വടിയുംകുത്തി രാമൻ നിൽക്കുന്നതിന്റെ എതിർവശത്തേക്കു് പോകുന്നു. ഒന്നാം രംഗത്തിൽ കണ്ടതിലേറെ അസ്വാസ്ഥ്യം നടക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ടു്.)
- രാമൻ:
- എന്താ ഇവിടുന്നിങ്ങനെ പറയുന്നതു്.
- ചാത്തുണ്ണി:
- (തിരിഞ്ഞുനിന്നു്) എടാ, നിനക്കെന്തറിയും? അറിയാത്തകാര്യത്തെപ്പറ്റി ഒരക്ഷരം മിണ്ടരുതു്.
- രാമൻ:
- ഞാനവിടുത്തെ മക്കളെപ്പറ്റിയല്ലേ പറയുന്നതു്?
- ചാത്തുണ്ണി:
- (കാലിന്റെ അസ്വാസ്ഥ്യം അവഗണിച്ചു് ഒരു രണ്ടടി ധൃതിയിൽ മുൻപോട്ടു വരുന്നു. എന്നിട്ടല്പം വേദന സഹിച്ചു കൊണ്ടു് രാമനോടു കയർക്കുന്നു) മക്കളേ? എന്തു മക്കളെടാ. ഞാൻ പറഞ്ഞില്ലേ, അവരെന്റെ മക്കളല്ലെന്നു്? (അല്പം മൗനമായി നിന്നു് തന്നോടെന്നപോലെ) എന്റെ മക്കളാണെങ്കിൽ എന്നെ അനുസരിക്കും. എന്നെ അവരെന്നു ധിക്കരിച്ചോ, അന്നുമുതൽ അവരെന്റെ മക്കളല്ല.
- രാമൻ:
- അങ്ങന്യൊന്നും മക്കളു് മക്കളല്ലാതാവില്ല;
- ചാത്തുണ്ണി:
- (ശുണ്ഠിപിടിച്ചു പിന്നെയും കാലിന്റെ അസ്വാസ്ഥ്യം മറന്നു മുൻപോട്ടടുക്കുന്നു.) രാമാ, നിന്നെ… (പെട്ടെന്നു കാലിന്റെ വേദന അനുഭവപ്പെട്ടു നില്ക്കുന്നു. പതുക്കെ ചെന്നു കസേരയിലിരിക്കുന്നു.)
കുറച്ചു നിശ്ശബ്ദത.
- രാമൻ:
- എന്താ അവിടുന്നൊന്നും മിണ്ടാത്തതു്?
- ചാത്തുണ്ണി:
- എടാ, നീയെന്നെ അതിരം പിടിപ്പിക്കരുതു്. നീ യാതൊന്നും അറിയില്ല… അവരെ ഞാനെങ്ങനെ വളർത്തിയെന്നു നീ അറിയ്യോ?… ഇല്ല… നീ അറിയില്ല… ആരും അറിയില്ല… ആ നന്ദികെട്ട കഴുതകളും അറിഞ്ഞിട്ടില്ല;
- രാമൻ:
- എന്തൊക്ക്യാ ഈ പറയുന്നതു്? അവരതൊക്കെ അസ്സലായിട്ടു മനസ്സിലാക്കിയിരിക്കുന്നു… സ്നേഹല്ലേങ്കിൽ ആരെങ്കിലും മാസംപ്രതി ഇങ്ങനെ പണം അയക്ക്യോ? ഇവിടുന്നു വാങ്ങാഞ്ഞിട്ടും അവരയയ്ക്കുന്നില്ലേ?
- ചാത്തുണ്ണി:
- (പുച്ഛരസത്തിൽ) അവരുടെ പണം! ആർക്കുമവേണെടാ അവരുടെ പണം?… സ്വന്തം അച്ഛനെ ചവുട്ടിത്തേച്ചവരുടെ പണം!
- രാമൻ:
- അയ്യോ, ഇങ്ങന്യൊന്നും പറയരുതു്;
- ചാത്തുണ്ണി:
- (ശുണ്ഠിയെടുത്തു് കൈ പൊക്കിക്കൊണ്ടു്) എടാ, നീയെന്റെ കൈകൊണ്ടൊന്നു വാങ്ങും.
- രാമൻ:
- ന്നാലും വേണ്ടില്ല;
- ചാത്തുണ്ണി:
- എടാ, നീയീ ചാത്തുണ്ണിഹേഡിനെപ്പറ്റി എന്തറിയും! (അല്പനേരം മിണ്ടാതെ കുനിഞ്ഞിരിക്കുന്നു. എന്നിട്ടു രാമന്റെ മുഖത്തുനോക്കി പതിഞ്ഞ സ്വരത്തിൽ) ഞാൻ ഒരുപാടു കൈക്കുലി വാങ്ങീട്ടുണ്ടന്നു കേട്ടിട്ടില്ലേ?
രാമൻ മിണ്ടുന്നില്ല.
- ചാത്തുണ്ണി:
- ഇല്ലേടാ, കേട്ടിട്ടില്ലേ? സത്യം പറഞ്ഞോ.
- രാമൻ:
- (പതുക്കെ) കേട്ടിട്ടുണ്ടു്.
- ചാത്തുണ്ണി:
- ഞാൻ ആളുകളെ കലശലായി ദ്രോഹിച്ചെന്നു നീ കേട്ടിട്ടില്ലേ?
രാമൻ മിണ്ടാതെ പരുങ്ങുന്നു.
- ചാത്തുണ്ണി:
- എന്തിനു നീ പരുങ്ങുന്നു? കേട്ടതു പറഞ്ഞോ. നീ യാതൊന്നും കേട്ടിട്ടില്ലേ?
- രാമൻ:
- (പതുക്കെ) ഉണ്ടു്.
- ചാത്തുണ്ണി:
- ആളുകളെ തല്ലിക്കൊന്നെന്നു കേട്ടിട്ടില്ലേ?
- രാമൻ:
- എന്നോടൊന്നും ചോദിക്കരുതു്
- ചാത്തുണ്ണി:
- ഉണ്ടട, നീ കേട്ടിടുണ്ടു്. നീ മാതമല്ല, ഇന്നാട്ടിലെല്ലാരും കേട്ടിട്ടുണ്ടു്. ഈ പാപങ്ങളൊക്കെ ചെയ്തിട്ടു ഞാൻ സമ്പാദിച്ച കാശെവിടെ എവിടെയെടാ?
- രാമൻ:
- ഞാനെങ്ങനെയറിയും?
- ചാത്തുണ്ണി:
- ഇവിടെ ഞാൻ സൂക്ഷിച്ചിട്ടുണ്ടോ?
- രാമൻ:
- ഇല്ല
- ചാത്തുണ്ണി:
- ബാങ്കിലിട്ടിട്ടുണ്ടോ?
- രാമൻ:
- അറിയില്ല.
- ചാത്തുണ്ണി:
- ബാങ്കിൽ പണമുണ്ടെങ്കിൽ ഇങ്ങനെ പട്ടിണികിടക്കാൻ എനിക്കു പ്രാന്തുണ്ടോ? എടാ, ഇന്നു ജീവിക്കാൻ എനിക്കെന്റെ പെൻഷൻ വേണം. അതു നിനക്കറിയില്ലേ
- രാമൻ:
- അറിയും
- ചാത്തുണ്ണി:
- പെൻഷ്യൻ തീരുന്നവരെ ആഹാരം കഴിക്കും. ഇല്ലാത്ത ദിവസം പട്ടണി കിടക്കും. എവിടെപ്പോയെടാ എന്റെ കാശത്രയും? ഏ? എവിടെപ്പോയി? (രാമനെ ഇമവെട്ടാതെ നോക്കുന്നു.)
- രാമൻ:
- ഞാനെങ്ങനെ അറിയും?
- ചാത്തുണ്ണി:
- അതാണു് പറഞ്ഞതു്, നിനക്കൊന്നും അറിയില്ലെന്നു്. ഞാനെന്റെ കാശത്രയും അവറ്റയ്ക്കുവേണ്ടി തുലച്ചു—മക്കളെന്നു പറയുന്ന ആ നായ്ക്കൾക്കുവേണ്ടി! (തന്നോടെന്നപോലെ, ശുണ്ഠിയും വേദനയും കലർന്ന സ്വരത്തിൽ.) ഞാനെങ്ങനെ അവരെ വളർത്തിയെന്നോ? ഒരു രാജാവിന്റെ മക്കളെപ്പോലെ അന്നു സൂപ്രേണ്ട് സായ്പിന്റെ മക്കൾക്കുംകൂടി അത്ര പദവിയുണ്ടായിരുന്നില്ല… (അല്പം നേരം മിണ്ടാതിരുന്ന രാമനെ നോക്കി) എന്തെടാ മിണ്ടാത്തതു്?
- രാമൻ:
- ഞാനെന്താ മിണ്ടെണ്ടതു്?
- ചാത്തുണ്ണി:
- നീയെന്നല്ല, ആരും ഒന്നും മിണ്ടരുതു്. ഈ ചാത്തുണ്ണിഹേഡ് ഒന്നു തീർച്ചപ്പെടുത്തിയാൽ അതിളകില്ല… (വീണ്ടും തന്നോടെന്നപോലെ) അങ്ങനെ സകലതും തുലച്ചു. ഞാനവരെ പോറ്റി, പഠിപ്പിച്ചു, ഉദ്യേഗത്തിലാക്കി. (രാമനോടു കലശലായ ശുണ്ഠിയോടെ) എന്നിട്ടവരെന്തെടാ ചെയ്തതു്? ഏ? എന്താ ചെയ്തതു്? അവരു് തിരിഞ്ഞുനിന്നു് എന്റെ നെഞ്ചിൽ ചവുട്ടി… എന്നെ ധിക്കരിച്ചു… എന്റെ മുഖത്തവർ കാറിത്തുപ്പി… അവരുടെ പണം! എടാ പട്ടിണികിടന്നു മരിച്ചാലും എനിക്കതു വേണ്ട… നീ കേൾക്കുന്നുണ്ടോ?
രാമൻ ഒന്നും മിണ്ടുന്നില്ല.
- ചാത്തുണ്ണി:
- നീയവരെപ്പറ്റി എന്നോടൊരക്ഷരം മിണ്ടരുതു്. മിണ്ടിയാൽ നിന്റെ തലമണ്ട ഞാനുടയ്ക്കും. നിനക്കു് ഈ ചാത്തുണ്ണി ഹേഡിനെ വേണ്ടപോലെ മനസ്സിലായിട്ടില്ല…
അകലത്തു പടിവാതിലിൽ ആരോമുട്ടിവിളിക്കുന്ന ശബ്ദം. രാമനും ചാത്തുണ്ണി നായരും ഒപ്പം ശ്രദ്ധിക്കുന്നു. (അകലത്തുനിന്നു് ശബ്ദം) ഹേ…. ഒന്നു വാതിൽ തുറക്കൂ. ഹേ… ഹേ…
- ചാത്തുണ്ണി:
- (കഠിനമായ ശുണ്ഠിയോടെ) ചെന്നു പറ, വാതിൽ തുറക്കില്ലെന്നു്; ഇവിടാരും കടക്കേണ്ടെന്നു്. എനിക്കാരേയും കാണേണ്ട. എന്നെയാരും കാണുകയും വേണ്ട. ഉം. വേഗം ചെല്ലു്. (കസേരയിൽ മലർന്നുകിടക്കുന്നു.)
രാമൻ പോകുന്നു.
- ചാത്തുണ്ണി:
- (അസ്വസ്ഥനായി വീണ്ടും നിവർന്നിരിക്കുന്നു. മനസ്സിലുള്ള വിചാരങ്ങളിൽ ചിലതു് അസ്പഷ്ടമായും മുറിഞ്ഞും പുറത്തേക്കു വരുന്നു!) എന്നെ കാണാൻ വരുന്നു. ആരു കാണാൻ? എന്തിനു കാണാൻ. കണ്ടുകണ്ടു് എനിക്കു മടുത്തു… ഒരിത്തിരി സ്നേഹമുള്ള ഒരാളും വരുന്നില്ലല്ലോ… അതെന്റെ മക്കൾക്കുകൂടിയില്ല… ഉം… (നീട്ടിമുളുന്നു വീണ്ടും ചാരിയിരിക്കുന്നു?)
രാമൻ തിരിച്ചുവന്നു തലചൊറിഞ്ഞു നില്ക്കുന്നു.
- ചാത്തുണ്ണി:
- എന്തെ?
- രാമൻ:
- അയാൾ…
- ചാത്തുണ്ണി:
- ആരെടാ അതു്?
- രാമൻ:
- തപൽശിപ്പായി
- ചാത്തുണ്ണി:
- പൂവ്വാൻ പറഞ്ഞില്ലേ?
- രാമൻ:
- പറഞ്ഞു.
- ചാത്തുണ്ണി:
- എന്നിട്ടു്?
- രാമൻ:
- പോണില്ല.
- ചാത്തുണ്ണി:
- (വടിയെടുക്കുന്നു) എന്തു്? പോണില്ലേ?
- രാമൻ:
- അയാൾക്കു കണ്ടേ കഴിയു എന്നു്.
- ചാത്തുണ്ണി:
- ഞാനെല്ലാറ്റിനേയും തല്ലിയോടിക്കും. പറഞ്ഞാൽ മനസ്സിലാവില്ലേ
- രാമൻ:
- അയാൾക്കു പറഞ്ഞിട്ടു് മനസ്സിലാവുന്നില്ല.
- ചാത്തുണ്ണി:
- എന്നാൽ രണ്ടു കിട്ടണം.
- രാമൻ:
- അയാൾ മണിയോഡർ മടക്കുന്നയാളെകണ്ടിട്ടില്ലത്രേ
- ചാത്തുണ്ണി:
- ആഹാ കണ്ടിട്ടില്ലേ… പോയി വിളിച്ചുകൊണ്ടുവാ. ഇന്നു കാണിച്ചുകൊടുത്തുകളയാം.
രാമൻ പോകുന്നു. ചാത്തുണ്ണിനായർ വടി നിലത്തൂന്നി അതിന്മേൽ താടിയും താങ്ങി മുഖവും വീർപ്പിച്ചിരിക്കുന്നു. മുൻപിൽ രാമനും പിൻപിൽ പോസ്റ്റ്മേനും കടന്നുവരുന്നു. ചാത്തുണ്ണിനായർ പോസ്റ്റ്മേനെ രൂക്ഷമായി നോക്കുന്നു. പോസ്റ്റ്മേൻ അല്പം അടുത്തേക്കു വന്നു് ഒരു സലാം വെക്കുന്നു. ചാത്തുണ്ണിനായർ ശ്രദ്ധിക്കുന്നില്ല.
- പോസ്റ്റ്മേൻ:
- ഒരു മണിയോഡർ ഉണ്ടു്.
- ചാത്തുണ്ണി:
- (തല നിവർത്തി) ആഹാ ഉണ്ടോ? ഉണ്ടെങ്കിൽ വാങ്ങാൻ മനസ്സില്ല. മടക്കിക്കളയു.
- പോസ്റ്റ്മേൻ:
- (അല്പം ശങ്കിച്ചു) നിങ്ങൾക്കു്…
- ചാത്തുണ്ണി:
- (പറഞ്ഞുതീർക്കാൻ സമ്മതിക്കാതെ) മിണ്ടരുതു്. വേണ്ടെന്നു പറഞ്ഞാൽ വേണ്ട.
പോസ്റ്റ്മേൻ അമ്പരന്നു നോക്കുന്നു.
- ചാത്തുണ്ണി:
- (വടിയും കുത്തി എഴുന്നേല്ക്കുന്നു) എന്താ മലയാളം മനസ്സിലാവില്ലേ? വാങ്ങാൻ മനസ്സില്ലെന്നു പറഞ്ഞു് മടക്കികളയൂ. (അകത്തേക്കുള്ള വാതിലിനു നേരെ നടക്കുന്നു.) എടാ, രാമാ എനിയ്ക്കു് കുളിക്കാൻ വെള്ളം ചൂടാക്കീട്ടില്ലേ?
- രാമൻ:
- ഉണ്ടു്.
- ചാത്തുണ്ണി:
- ശരി. വേഗത്തിലവനെ പുറത്താക്കി പടിവാതിലടച്ചു് ഇങ്ങുവാ. (അകത്തേക്കു പോകുന്നു.)
- പോസ്റ്റ്മേൻ:
- (ചാത്തുണ്ണിനായർ പോയ വഴിയേതന്നെ അമ്പരന്നു നോക്കുന്നു. തെല്ലിട കഴിഞ്ഞു) ഏതാ ഈ മനുഷ്യൻ?
- രാമൻ:
- (ശബ്ദം താഴ്ത്തി) പതുക്കെ പറഞ്ഞോളു.
- പോസ്റ്റ്മേൻ:
- പത്തുപതിനഞ്ചു കൊല്ലമായി ഞാനീ ജോലിനോക്കുന്നു. ഇതിനിടയ്ക്കു് ഇങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല.
- രാമൻ:
- നിങ്ങളിവിടെ നടാടെയല്ലേ?
- പോസ്റ്റ്മേൻ:
- ഞാൻ രണ്ടു ദിവസത്തെ ബദൽ നോക്കാൻ വന്നതാണു്. ഇന്നിവിടെ എത്തിയതേയുള്ളു. ഈ മണിയോർഡർ എടുക്കുമ്പോൾ തന്നെ ആപ്പീസിൽ നിന്നു പറഞ്ഞു. എങ്കിലും ആളെ ഒന്നു കണ്ടുകളയാമെന്നുവെച്ചു കയ്യിലെടുത്തതാണു്. എന്താ ഭ്രാന്താണോ?
- രാമൻ:
- പതുക്കെ പറയിൻ. നമ്മൾക്കു രണ്ടാൾക്കും കിട്ടും
- പോസ്റ്റ്മേൻ:
- ആരാ ഈ പണമയയ്ക്കുന്നതു്?
- രാമൻ:
- നിങ്ങൾ നടക്കിൻ. ഞാൻ പറയാം. ഇവിടെനിന്നു പറയുന്ന ശബ്ദമെങ്ങാനും കേട്ടാൽ എന്നെ കൊല്ലും.
- പോസ്റ്റ്മേൻ:
- കുളിക്കാൻ പോയതല്ലേ? തിരിച്ചുവരാൻ താമസിക്കും. നിങ്ങൾ പറയിൻ.
- രാമൻ:
- പണമയയ്ക്കുന്നതു് മക്കളാണു്, ഒരു മകനും മകളും ജോലിയിലുണ്ടു്. മാസത്തിലവർ പണമയയ്ക്കും.
- പോസ്റ്റ്മേൻ:
- ഇയാളെന്താ വാങ്ങാത്തതു്.
- രാമൻ:
- അതു വലിയൊരു കഥയാണു്. (പരിഭ്രമിച്ചു് ഇടയ്ക്കിടെ അകത്തേക്കു നോക്കുന്നു.) മക്കൾ കല്ല്യാണം കഴിച്ചതാണു് കാരണം, ഇദ്ദേഹത്തിനിഷ്ടമില്ലാതെ രണ്ടാളും കല്ല്യാണം കഴിച്ചു. അന്നു തുടങ്ങി പിണക്കം.
- പോസ്റ്റ്മേൻ:
- ഭാര്യയില്ലേ.
- രാമൻ:
- അന്നുമുതൽ അവരേയും പുറത്താക്കി. അവർ മകന്റെ ഒന്നിച്ചാണു്.
- പോസ്റ്റ്മേൻ:
- ഭ്രാന്തുതന്നെ മുഴുത്ത ഭ്രാന്തു്. പേടിക്കണം.
- രാമൻ:
- ഇപ്പോളിവിടെ തനിച്ചാണു്. എപ്പോഴും പടിവാതിൽ അടച്ചു പൂട്ടിയിടും. ഒരാളെ ഇങ്ങോട്ടു കടത്തില്ല; എവിടെയും പോവില്ല.
- പോസ്റ്റ്മേൻ:
- ആട്ടെ, നിങ്ങളാരാ?
- രാമൻ:
- ഞാനിവിടെ സമീപമാണു്. ഇയാൾക്കൊരു സഹായത്തിനു വേണ്ടി ഇവിടെ വന്നു.
- പോസ്റ്റ്മേൻ:
- നങ്ങൾക്കും ഭ്രാന്തായിരിക്കണം. ഇല്ലെങ്കിൽ എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും എന്തൊക്കെ ജാതി മനുഷ്യരാണപ്പാ.
- രാമൻ:
- അതൊക്കെ പിന്നെ തീർച്ചപ്പെടുത്താം. നിങ്ങൾ നടക്കിൽ. എനിക്കു പടിവാതിലടയ്ക്കണം.
- പോസ്റ്റ്മേൻ:
- അതു തുറന്നിട്ടാൽത്തന്നെ ഒരബദ്ധം വരില്ല; ഇവിടെ ആരു കേറും? (നടക്കുന്നു. പിന്നാലെ രാമനും.)
—യവനിക—