ചാത്തുണ്ണിനായരുടെ മകൻ വിജയന്റെ വീടു്, യവനിക നീങ്ങുമ്പോൾ വിജയൻ മേശപ്പുറത്തുള്ള വലിയ കണ്ണാടിയിൽ നോക്കി തലമുടി ചീകുകയാണു്. മുണ്ടും കയ്യില്ലാത്തൊരു ബനിയനും മാത്രമേ ധരിച്ചിട്ടുള്ളു. തലമുടി ചീകിയൊതുക്കി, ചീർപ്പു താഴെ വെച്ചു്, കൈവിരൽകൊണ്ടു മീശയൊന്നു തടവിയൊതുക്കി, പുരികങ്ങൾ ഒന്നു ഭാഷപ്പെടുത്തി, മേശപ്പുറത്തുള്ള പാക്കറ്റിൽനിന്നു് ഒരു സിഗററ്റെടുത്തു കൊളുത്തുന്നു. വിജയന്റെ ഭാര്യ, ഭാനു അലക്കിത്തേച്ച ഒരു ബുഷർട്ടും എടുത്തുകൊണ്ടു വരുന്നു.
- വിജയൻ:
- (ഷർട്ടു വാങ്ങി ഇട്ടുകൊണ്ടു്) ഭാനു, ഞാനിനി ഉച്ചയ്ക്കു് ഉണ്ണാൻ വരില്ല.
- ഭാനു:
- ഏ? അതെന്താ?
- വിജയൻ:
- ഈ വേനല്ക്കാലം കഴിഞ്ഞല്ലാതെ ഉച്ചയ്ക്കു വരാൻ പറ്റില്ല എന്തൊരു ചൂടാണു്.
- ഭാനു:
- എന്നിട്ടു് ഉച്ചയ്ക്കെന്തു ചെയ്യും?
- വിജയൻ:
- രാവിലെ ഉണ്ടിട്ടു പോകാം. ഉച്ചയ്ക്കു വല്ല ചായയോ പലഹാരമോ മതി.
- ഭാനു:
- രാവിലെ ഉണ്ണാൻ സാധിക്കയില്ല; അതു ശീലിച്ചിട്ടില്ലല്ലോ.
- വിജയൻ:
- ശരിയാണു്. എന്തായാലും ഈ വെയിലത്തു നടക്കാൻ വയ്യ. അല്ലെങ്കിൽ ഉച്ചയ്ക്കു ഹോട്ടലിൽനിന്നുണ്ടാലോ?
- ഭാനു:
- അതു വേണ്ട. ഹോട്ടലിലെ ഊണു വയറിനു പിടിക്കില്ല വയറു തകരാറാവും.
- വിജയൻ:
- ഇതിനെന്തെങ്കിലും ഒരു പോംവഴി കാണണം. (ഷർട്ടിന്റെ കുടുക്കുകൾ ഇട്ടുകഴിഞ്ഞു.) അല്ലാ എന്റെ വാച്ചെവിടെ?
ഭാനു മേശയുടെ അടുത്തേക്കു നീങ്ങുന്നു.
- വിജയൻ:
- ആ മേശയിലുണ്ടാവും ഒന്നു നോക്കൂ.
ഭാനു മേശ തുറന്നു വാച്ചെടുത്തു കൊടുക്കുന്നു.
- വിജയൻ:
- (വാച്ചു മേടിക്കുന്നു.) അവിടെ ഏതാനും കടലാസുകൂടി കാണാം. അതും ഇങ്ങട്ടെടുക്കൂ.
ഭാനു കടലാസുകൾ എടുക്കുന്നു. വിജയൻ വാച്ചു കൈക്കു കെട്ടുന്നു. ഭാനു കടലാസെടുത്തു കൊണ്ടുവന്നു കൊടുക്കുന്നു. വിജയൻ കടലാസുകൾ ഒന്നൊന്നായി നോക്കി കീശയിലിടുന്നു. കൂട്ടത്തിൽ ഒരു കടലാസു പ്രത്യേകമായി പരിശോധിക്കുന്നു. മുഖഭാവം മാറുന്നു. തെല്ലൊരു ശോകച്ഛായ.
- ഭാനു:
- (വിജയന്റെ മുഖഭാവം സൂക്ഷിച്ചുനോക്കുന്നു) എന്താണതു്?
- വിജയൻ:
- ഭാനു, ഇത്തവണയും അച്ഛൻ പണം മടക്കി.
- ഭാനു:
- വഴങ്ങിയില്ലാ?
- വിജയൻ:
- ഇല്ല. എന്താണിനി ചെയ്യേണ്ടതെന്നു എനിക്കു മനസ്സിലാവുന്നില്ല.
- ഭാനു:
- നമുക്കെല്ലാവർക്കുംകൂടി അങ്ങോട്ടു പോകാം.
- വിജയൻ:
- എങ്ങോട്ടു്?
- ഭാനു:
- അച്ഛന്റെ അടുക്കലേക്കു്.
- വിജയൻ:
- നിനക്കെന്റെ അച്ഛനെപറ്റി യാതൊന്നുമറിയില്ല; അറിയുമെങ്കിൽ നീയിതു പറയില്ല. ഓ! എന്തൊരു വാശിയാണെന്നോ ഇതാ, എനിക്കിന്നലെ അവിടെനിന്നൊരു കത്തുണ്ടായിരുന്നു.
അസ്വസ്ഥതയോടെ ഒരു കസേരയിൽ ചെന്നിരിക്കുന്നു.
- ഭാനു:
- (അടുത്തേക്കു ചെന്നു) ആരുടെ കത്തു്?
- വിജയൻ:
- എന്റെ ഒരു സ്നേഹിതന്റെ! എന്തൊക്കെയാണു് അച്ഛനവിടെ കാണിക്കുന്നതു്? വീടു് അടച്ചുപൂട്ടി തനിച്ചവിടെ കഴിച്ചുകൂടുകയാണത്രേ. ആരേയും അങ്ങട്ടു ചെല്ലാനനുവദിക്കില്ല. അച്ഛൻ പുറത്തെവിടേയും പോകാറില്ല. ഏകാന്തവാസം.
- ഭാനു:
- കഷ്ടംതന്നെ!
- വിജയൻ:
- വയസ്സുകാലമാണു്… (നിശ്ശബ്ദത) അച്ഛനു മറ്റുള്ളവരുടെ സഹായം എത്രയും ആവശ്യമായ കാലമാണിതു്… ശേഷിയായ മക്കകളുണ്ടു്. എന്റെ അമ്മയും ഇന്നു ജീവിച്ചിരിക്കുന്നുണ്ടു്… എന്നിട്ടും അച്ഛനിന്നു് ഏകനാണു്.
- ഭാനു:
- ഒരു കാര്യം ചെയ്യൂ.
- വിജയൻ:
- എന്തു കാര്യം ഭാനൂ? ചെയ്യാൻ കഴിവുള്ളത്രയും ഞാൻ ചെയ്യുന്നുണ്ടു്. അച്ഛൻ സ്വീകരിക്കാനൊരുക്കമില്ല… ഇതാ ഇത്തവണയും മണിയോർഡർ മടക്കി ഭാനു, നീയറിയില്ല; അച്ഛന്റെ പെൻഷ്യൻ തുച്ഛമായൊരു സംഖ്യയാണു്. അതുകൊണ്ടു് ഒരു മാസം കഴിച്ചുകൂട്ടാൻ സാധിക്കില്ല;
- ഭാനു:
- ഇതൊന്നും ഇവിടെ ഇരുന്നു് പറഞ്ഞിട്ടു് കാര്യമില്ല.
- വിജയൻ:
- പിന്നെ ഞാനെന്തു വേണമെന്നാണു് ഭാനു പറയുന്നതു്?
- ഭാനു:
- ഉടനെ നമുക്കെല്ലാവർക്കുംകൂടി അങ്ങട്ടു പോകാം.
- വിജയൻ:
- എന്നിട്ടു്?
- ഭാനു:
- അച്ഛനെ ശുശ്രൂഷിച്ചുകൊണ്ടു് അവിടെ പാർക്കാം.
- വിജയൻ:
- ഭാനുവിനു് എന്റെ അച്ഛനെ മനസ്സിലായിട്ടില്ല. അച്ഛനൊന്നു തീർച്ചപ്പെടുത്തിയാൽ അതിനിളക്കമില്ല; ശരിയായാലും, തെറ്റായാലും അച്ഛനതിൽ ഉറച്ചുനില്ക്കും… നമ്മളവിടെ ചെന്നാൽ പടിവാതിലിനു പുറത്തു നിന്നു വ്യസനിച്ചു മടങ്ങിപോരേണ്ടിവരും. അച്ഛൻ അകത്തു കടത്തില്ല
- ഭാനു:
- ഇങ്ങനെ അവിടെയിരുന്നു് അച്ഛനും ഇവിടെയിരുന്നു മക്കളും വേദനിച്ചിട്ടെന്തു ഫലം?
- വിജയൻ:
- എനിക്കു് അച്ഛന്റെ ഭാവിയെക്കുറിച്ചു വലിയ ഭയമുണ്ടു്.
- ഭാനു:
- അച്ഛന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണെന്നു കണ്ടിട്ടും ഈ വയ്യാവേലിക്കു മുതിരേണ്ടിയിരുന്നില്ല.
- വിജയൻ:
- ഏതു വയ്യാവേലി?
- ഭാനു:
- നമ്മുടെ വിവാഹം.
- വിജയൻ:
- നമ്മുടെ വിവാഹം ഇതിലൊന്നും ചെയ്തിട്ടില്ല. ഏതു വിവാഹമായാലും ഇതൊക്കെ സംഭവിക്കും. അച്ഛന്റെ ഇഷ്ടത്തിനനുസരിച്ചു് ഒരു വിവാഹത്തിനു് ഒരിക്കലും ഞാൻ മുതിരുമായിരുന്നില്ല.
- ഭാനു:
- എന്നാൽപിന്നെ, കുഴപ്പമില്ലാതെ കഴിക്കാൻ അവിവാഹതനാവാമായിരുന്നില്ലേ?
- വിജയൻ:
- ഭാനുവിനെ കണ്ടതുകൊണ്ടു് അങ്ങനെ ആവാനും കഴിഞ്ഞില്ല.
- ഭാനു:
- പക്ഷേ, അതിനുപകരം മറ്റൊരു വിഷാദം അനുഭവിക്കേണ്ടിവന്നു.
- വിജയൻ:
- എന്തുതന്നെ പറഞ്ഞാലും ഈ വിഷാദത്തിനു് ഒരു മധുരമുണ്ടു്. അതെന്താണെന്നു വിവരിക്കാൻ എനിക്കു വയ്യ. സ്നേഹത്തിന്റെ പേരിൽ സഹിക്കേണ്ടിവരുന്ന വിഷമങ്ങൾ തീർച്ചയായും കയ്പുള്ളവയല്ല. എല്ലാം എനിക്കു സഹിക്കാമെന്നുണ്ടു്; ഒരു കാര്യം മാത്രം വയ്യ.
- ഭാനു:
- എന്താണതു്?
- വിജയൻ:
- അമ്മയുടെ കാര്യം! അച്ഛനെ പിരിഞ്ഞതിനുശേഷം അമ്മ ഉള്ളിൽത്തട്ടിയൊന്നു ചിരിച്ചിട്ടില്ല; സ്വാദറിഞ്ഞു ഭക്ഷിച്ചിട്ടില്ല. എപ്പോഴും അച്ഛനെക്കുറിച്ചുള്ള വിചാരം.
- ഭാനു:
- അതെന്തായാലും അങ്ങനെയല്ലാതെ വരില്ല; എത്ര കൊല്ലം പഴക്കമുള്ള ദാമ്പത്യമാണു്.
- വിജയൻ:
- ഭാനു, ഈ സ്നേഹമെന്നു പറയുന്നതു വല്ലാത്തൊരു വസ്തുവാണു്. അതിന്നതാണെന്നു പറയാൻ വയ്യ. സത്യം പറഞ്ഞാൽ, അമ്മയുടെ ദാമ്പത്യജീവിതം അത്രയൊന്നും സുഖകരമായിരുന്നില്ല. അച്ഛൻ ചില്ലറക്കാര്യങ്ങൾക്കു കോപിക്കും. തരംകിട്ടുമ്പോഴൊക്കെ കുടിക്കുകയും ചെയ്യും. ഒരിക്കലെങ്കിലും അമ്മയോടൊരു നല്ലവാക്കു പറഞ്ഞു ഞങ്ങൾ കേട്ടിട്ടില്ല. എന്നിട്ടും അമ്മയ്ക്കു് അച്ഛനെച്ചൊല്ലി എന്തൊരു മനോവേദനയാണിന്നു്.
- ഭാനു:
- സ്നേഹം നമ്മളാരും വിചാരിക്കുന്ന തരത്തിലല്ല
- വിജയൻ:
- അല്ല. ഈ വയസ്സുകാലത്തു് അമ്മയെ അച്ഛൻ പുറത്താക്കി. അതും മക്കൾ ചെയ്ത കുറ്റത്തിനു് എന്നിടും അമ്മ അച്ഛനെച്ചൊല്ലി വേദനിക്കുന്നു.
- ഭാനു:
- ഇതുപോലെ അച്ഛൻ അമ്മയെച്ചൊല്ലിയും വേദനിക്കുന്നുണ്ടാവും.
- വിജയൻ:
- എന്തോ?
- ഭാനു:
- അദ്ദേഹത്തിന്റെ മർക്കടമുഷ്ടിയും അഭിമാനവും അദ്ദേഹത്തെ കീഴടക്കിക്കളഞ്ഞതുകൊണ്ടു് ഒന്നും ചെയ്യുന്നില്ലെന്നു മാത്രം.
- വിജയൻ:
- ശരിയായിരിക്കാം. അച്ഛനു വാതരോഗത്തിന്റെ ഉപദ്രവം കുറേശ്ശെ തുടങ്ങീട്ടുണ്ടെന്നു കേട്ടു. ഞാനമ്മയോടതു പറഞ്ഞിട്ടില്ല. പറഞ്ഞാൻ അമ്മ കൂടുതൽ വ്യസനിക്കും… ഭാനു, എല്ലാ സുഖവും ഒരുമിച്ചു മനുഷ്യർക്കുണ്ടാവുകയില്ല അല്ലെങ്കിൽ നമ്മുടെ കുടുംബം ഇന്നിങ്ങനെ വിഷമിക്കേണ്ടതില്ല. ജോലിയുള്ള മക്കൾ. അച്ഛനും അമ്മയും സ്വസ്ഥമായിരുന്നു സുഖിക്കേണ്ട കാലമാണിതു്. നോക്കൂ, എന്തൊരു വിധി.
ഭാനു എന്തോ പറയാൻ ഭാവിക്കുമ്പോൾ അകത്തുനിന്നു് അമ്മ വിളിച്ചുകൊണ്ടുവരുന്നു. തലമുടി നരച്ചു്, മുഖത്തു ചുളിവുകൾ വീണു്, വിഷാദച്ഛായ പരന്നു കഠിനദുഃഖത്തിന്റെ ഒരു പ്രതീകംപോലെയാണു് കാർത്ത്യായിനി അമ്മ. പ്രായം അമ്പതിനു മേലെ.
- കാർത്ത്യായനി അമ്മ:
- (വിളിച്ചുകൊണ്ടു വരുന്നു) വിജയാ, മോനേ, വിജയാ;
- വിജയൻ:
- (തിരിഞ്ഞുനോക്കി) അമ്മേ, എന്താണമ്മേ? (അമ്മ വരുന്ന ഭാഗത്തേക്കു പതുക്കെ നടന്നുചെല്ലുന്നു?
- കാർത്ത്യായനി അമ്മ:
- (മുൻപോട്ടു വന്നു്) ഒന്നൂല്ല. നീ പോയോന്നു് അറിയാൻ വേണ്ടി വിളിച്ചുനോക്കിയതാണു്.
കുറച്ചുകൂടി മുൻപോട്ടു നീങ്ങി ഒരു കസേരയിൽ ചെന്നിരിക്കുന്നു. എന്നിട്ടു് അല്പനേരം ഒന്നും മിണ്ടുന്നില്ല. വിജയനും ഭാനുവും അമ്മയെത്തന്നെ സൂക്ഷിച്ചു നോക്കുന്നു. കാർത്ത്യായനി അമ്മ എന്തോ പറയാൻ ഭാവിക്കുന്നുണ്ടു്. പക്ഷേ, വാക്കുകൾ പുറത്തുവരുന്നില്ല. ഒടുവിൽ ബുദ്ധിമുട്ടി പറയാൻ തുടങ്ങുന്നു.
- കാർത്ത്യായനി അമ്മ:
- പിന്നെ, വിജയാ!
- വിജയൻ:
- (അമ്മ പറയുന്നതെന്തെന്നു കേൾക്കാനുള്ള ബദ്ധപ്പാടോടെ അടുത്തേക്കു ചെല്ലുന്നു.) എന്താണമ്മേ?
- കാർത്ത്യായനി അമ്മ:
- (വാക്കുകൾ മുറിച്ചു മുറിച്ചു സംസാരിക്കുന്നു.) പിന്നെ ഞാൻ… തീരുമാനിച്ചു.
- വിജയൻ:
- എന്തു തിരുമാനിച്ചു, അമ്മേ?
ഭാനു ഉത്കണ്ഠയോടെ കാർത്ത്യായനി അമ്മയെ നോക്കുന്നു.
- കാർത്ത്യായനി അമ്മ:
- (പ്രയാസപ്പെട്ടു്) പോകാൻ.
- ഭാനു:
- എങ്ങട്ടു പോകാനമ്മേ?
- വിജയൻ:
- പറയൂ അമ്മേ, എന്താണെന്നു പറയു.
- കാർത്ത്യായനി അമ്മ:
- മോനേ, പന്ത്രണ്ടാമത്തെ വയസ്സിലാണു് നിന്റെ അച്ഛൻ എന്റെ കഴുത്തിൽ താലികെട്ടിയതു്. (കണ്ഠം അല്പാല്പം ഇടറുന്നു) ഇന്നെനിക്കു് അമ്പത്തിരണ്ടു് വയസ്സായി. (തെല്ലിട നിശ്ശബ്ദത. ഇമവെട്ടാതെ അകലത്തേക്കു നോക്കിയിരിക്കുന്നു. ആരും അന്യോന്യം നോക്കുന്നില്ല. വിജയൻ ഒരു ഭാഗത്തേക്കു് ഭാനു മറ്റൊരു ഭാഗത്തേക്കു്, എല്ലാവരും വിദൂരതയിലേക്കു് നോക്കുകയാണു്. കനക്കെ ചിന്തിക്കുകയാണു്. കാർത്ത്യായിനി അമ്മ തുടരുന്നു) നീ കേൾക്കുന്നുണ്ടോ?
- വിജയൻ:
- (ഞെട്ടിത്തിരിഞ്ഞു്) ഉണ്ടമ്മേ, കേൾക്കുന്നുണ്ടു്.
- കാർത്ത്യായനി അമ്മ:
- ഈ ബന്ധത്തിനു് അത്ര പഴക്കമുണ്ടു്. നിന്റെ അച്ഛൻ ജീവിച്ചിരുക്കുമ്പോൾ ഞാനവിടെയാണു് വേണ്ടതു്.
- ഭാനു:
- (അല്പമൊരു പരിഭ്രമത്തോടെ) അമ്മ, അമ്മ ഇതിപ്പോൾ പറയുന്നതു് ഇവിടെ വല്ല അസുഖവും തോന്നീട്ടാണോ?
- കാർത്ത്യായനി അമ്മ:
- (ഭാനുവിനെ തിരിഞ്ഞുനോക്കി ഒന്നു ചിരിക്കാൻ ശ്രമിക്കുന്നു.) മോളേ, ഇപ്പോൾ നിനക്കിതു പറഞ്ഞാൽമനസ്സിലാവില്ല; നിങ്ങൾ രണ്ടാളോടുമാണു് ഞാൻ പറയുന്നതു്. എനിക്കിവിടെ ഒന്നിനും ഒരു കുറവില്ല. സുഖമാണു്. നിങ്ങളെയൊക്കെ കണ്ടുകൊണ്ടിരിക്കുന്നതിലും വലിയ സുഖം എനിക്കില്ല. പക്ഷേ, മോളേ, വിജയന്റെ അച്ഛൻ അവിടെ തനിച്ചാണു്. ഈ വയസ്സുകാലത്തു തനിച്ചു കഴിഞ്ഞുകൂടുമ്പോൾ എന്തൊക്കെ വിഷമമുണ്ടാകും? ആരാണൊരു സഹായം? വല്ല രോഗവും വന്നുപോയാൽ… എന്താണു് സ്ഥിതി?
- വിജയൻ:
- അമ്മേ ഇതൊന്നും നമ്മുടെ കുറ്റംകൊണ്ടു വന്നതല്ലല്ലോ.
- കാർത്ത്യായനി അമ്മ:
- വാദിച്ചാൽ നിന്നോടു ഞാൻ ജയിക്കില്ല എന്നാലും എന്റെ മനസ്സു സമ്മതിക്കുന്നില്ല മോനേ, കുറ്റപ്പെടുത്താൻ എളുപ്പമാണു്. നിന്റെ അച്ഛൻ നിനക്കും എനിക്കും വേണ്ടി പാടുപെട്ടതു് എത്രയാണെന്നു നിനക്കറിയാമോ? ഇല്ല. ഈ കണ്ണു് അതെല്ലാം കണ്ടറിഞ്ഞതാണു്. അദ്ദേഹം തെറ്റുചെയ്തുവെന്നു നിനക്കു തോന്നും, എനിക്കു് തോന്നില്ല.
- വിജയൻ:
- അമ്മേ, ഞാനാണു് അച്ഛനോടു തെറ്റുചെയ്തതു്. അതുപോലെ വിലാസിനിയും ചെയ്തു. ഞങ്ങൾ രണ്ടുപേരും ഞങ്ങൾക്കിഷ്ടമുള്ളവരെ വിവാഹംകഴിച്ചതു് ഒരു തെറ്റാണോ?
- കാർത്ത്യായനി അമ്മ:
- അല്ല (ഭാനുവിനെ നോക്കി) ഇവളെപോലെ ഇത്രയും നല്ല സ്വഭാവമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതു് ഒരിക്കലും ഒരു തെറ്റല്ല. പക്ഷേ…
- വിജയൻ:
- എന്താണമ്മേ?
- ഭാനു:
- അതമ്മയെക്കൊണ്ടു് നിർബന്ധിച്ചു പറയിക്കേണ്ട. അമ്മയതു ഞാനുള്ളപ്പോൾ പറയില്ല.
- കാർത്ത്യായനി അമ്മ:
- നിനക്കു കേൾക്കാൻ പാടില്ലാത്തതു് ഇനി ഞങ്ങളുടെ കുടുംബത്തിൽ യാതൊന്നുമില്ല. നീയിന്നു ഞങ്ങളുടെ കൂട്ടത്തിൽ ഒരാളാണു്. ഞാനുദ്ദേശിച്ചതു മറ്റൊന്നുമല്ല. വിജയാ, നിന്റെ അച്ഛൻ ഒരു പഴയ മനുഷ്യനാണു്. അദ്ദേഹത്തിനു നിങ്ങളുടെ ഈ സമ്പ്രദായമൊന്നും രുചിക്കില്ല.
- വിജയൻ:
- അമ്മേ, രുചിക്കില്ലെങ്കിൽ അച്ഛൻ ഞങ്ങളെ ശിക്ഷിച്ചോട്ടെ അമ്മയെ വീട്ടിൽനിന്നു പുറത്താക്കിയതെന്തിനു്? അമ്മയിതിലെന്തുപിഴച്ചു?
- കാർത്ത്യായനി അമ്മ:
- ഞാൻ പറഞ്ഞില്ലേ നിന്നോടു വാദിച്ചു ജയിക്കാൻ ഞാനാളല്ലെന്നു്! നിന്റെ ഭാഗത്തു ധാരാളം ന്യായമുണ്ടു്; അതുപോലെ നിന്റെ അച്ഛന്റെ ഭാഗത്തും. നിന്റെ അച്ഛനു് എന്നെ ശിക്ഷിക്കാനധികാരമുണ്ടു്. എനിക്കതിൽ വേദനയില്ല. ഞാനിതുപോലെ എത്രയോ ശിക്ഷ അനുഭവിച്ചിട്ടു്. എന്നാൽ അദ്ദേഹം എന്നെ പുറത്താക്കിയപ്പോൾ ഞാനെന്തിനു് ഇറങ്ങിപ്പോന്നെന്നാണു് ഞാനാലോചിക്കുന്നതു്.
- വിജയൻ:
- പിന്നെ അമ്മ എന്തു ചെയ്യേണ്ടീരുന്നു?
- കാർത്ത്യായനി അമ്മ:
- ഞാൻ പോരാൻ പാടില്ലായിരുന്നു. അദ്ദേഹം ചെയ്യുന്നതൊക്കെ അനുഭവിച്ചു് അവിടെ കൂടി അദ്ദേഹത്തെ ശുശ്രുഷിക്കേണ്ടതായിരുന്നു. (ഭാനുവിനെ നോക്കി) മോളേ ഭാനു, ഈ വിജയൻ നിന്നെ ശുണ്ഠിപിടിപ്പിച്ചു് ഈ വീട്ടിൽനിന്നു് ഇറക്കിവിട്ടെന്നു വരട്ടെ. നീ കടന്നു പോയ്ക്കളയുമോ?
- ഭാനു:
- അങ്ങനെയൊരു നില വന്നാൽ ഞാൻ മറ്റെന്തു ചെയ്യുമമ്മേ?
- വിജയൻ:
- അന്നു് അമ്മ ചെയ്തപോലെ ഭാനുവും ചെയ്യും.
- കാർത്ത്യായനി അമ്മ:
- നിങ്ങൾ രണ്ടാളും അതിനപ്പുറം ആലോചിച്ചിട്ടില്ല. ശുണ്ഠി പിടിക്കുമ്പോഴൊക്കെ പിരിഞ്ഞുപോവുകയാണെങ്കിൽ ഒരു പുരുഷനു് എത്ര ഭാര്യ വേണ്ടിവരും? അതുപോലെ ഒരു സ്ത്രീക്കു് എത ഭർത്താവും! മക്കളേ, ഇക്കാണുന്നതൊന്നുമല്ല ശരി… അതുകൊണ്ടു ഞാൻ തീരുമാനിച്ചു.
- വിജയൻ:
- അവിടെ ചെന്നു തിരിച്ചുപോരേണ്ടിവരും.
- കാർത്ത്യായനി അമ്മ:
- ഇല്ല.
- വിജയൻ:
- അച്ഛൻ അകത്തു കടത്തില്ല.
- കാർത്ത്യായനി അമ്മ:
- ഞാനാ പടിപ്പുറത്തു കിടക്കും.
- വിജയൻ:
- വേണ്ടമ്മേ, വേണ്ട.
- കാർത്ത്യായനി അമ്മ:
- മോനേ, ഈ അസുഖോം മറ്റും ഇന്നു് നാളെ കഴിയുന്നു വിചാരിച്ചു് ഇതുവരെ കഴിച്ചുകൂട്ടി ഇനി ഇങ്ങനെ പോയാൽ ഇതിനൊരവസാനോല്ല.
- ഭാനു:
- അമ്മ ഈ വയസ്സുകാലത്തു എന്തിനിങ്ങനെ ബുദ്ധിമുട്ടാൻപോണം?
- കാർത്ത്യായനി അമ്മ:
- വിജയന്റെ അടുത്തു നിന്നുകൊണ്ടാ നീയിതു പറയുന്നതു് (കണ്ഠമിടറി) അതു നീ മറക്കരുതു്.
- വിജയൻ:
- അമ്മ വാശിപിടിക്കില്ലെങ്കിൽ ഞാനൊന്നു പറയാം.
- കാർത്ത്യായനി അമ്മ:
- പോകാൻ പാടില്ലെന്നാ പറയുന്നതെങ്കിൽ വേണ്ട. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഇന്നലെ ഞാനുറങ്ങീട്ടില്ല. കണ്ണടയ്ക്കുമ്പോഴൊക്കെ ദുഃസ്വപ്നം (അല്പം ഞെട്ടി) ഹൊ! അതു വിചാരിക്കാൻ വയ്യ.
- ഭാനു:
- എന്തായിരുന്നു, അമ്മേ?
- കാർത്ത്യായനി അമ്മ:
- ഇന്നലെ ഞാൻ ചെന്നു കിടന്നു. കുറച്ചു ദിവസമായിട്ടു് എനിക്കു് ഉറക്കം കുറവാണു്. ഓരോന്നു വിചാരിച്ചു കിടക്കും. ഉറക്കം വരില്ല.
- വിജയൻ:
- ഈ നിമിഷങ്ങളൊക്കെ അധികം ആലോചിക്കുന്നതു കൊണ്ടാണമ്മേ.
- കാർത്ത്യായനി അമ്മ:
- ആലോചന കുറച്ചാലും വിഷമങ്ങളുണ്ടാവും
- ഭാനു:
- എന്നിട്ടോ അമ്മേ, സ്വപ്നത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ?
- കാർത്ത്യായനി അമ്മ:
- അങ്ങനെ ആലോചിച്ചാലോചിച്ചു കിടന്നു. വളരെ വൈകുന്നവരെ കിടന്നു. പിന്നെ എപ്പഴാണൊന്നു മയങ്ങ്യേതെന്നറിഞ്ഞതില്ല ആ മയക്കത്തിൽ… ആരോ ഒരാൾ എന്നെ വന്നു വിളിച്ചു. ‘കാർത്ത്യായനീ’ എന്നു് (തൊണ്ടയിടറി) പണ്ടൊക്കെ ജോലി കഴിഞ്ഞു വളരെ വൈകീട്ടു വീട്ടിൽ തിരിച്ചെത്താറുണ്ടു്. അതുവരെ കാത്തിരുന്ന ഞാൻ അപ്പോഴൊന്നു മയങ്ങീട്ടുണ്ടാവും. ആ മയക്കത്തിൽ ഞാൻ കേൾക്കാറുള്ള അതേ വിളി. ആ ശബ്ദത്തിനു് എന്തൊരു ശക്തിയാണെന്നോ! (കാർത്ത്യായനി അമ്മ സ്വപ്നത്തിലെ കഥ വിവരിക്കുമ്പോൾ വിജയന്റെയും ഭാനുവിന്റെയും മുഖത്തു സന്ദർഭത്തിനനുസരിച്ച വികാരങ്ങൾ മാറിമാറി വരുന്നു.)
- കാർത്ത്യായനി അമ്മ:
- (തുടരുന്നു) വിളികേട്ടതും ഞാൻ ഞെട്ടി? എഴുന്നേറ്റു. (തൊണ്ടയിടറി) എന്റെ മുൻപിൽ അദ്ദേഹം നില്ക്കുന്നു. മെലിഞ്ഞു കോലുപോലെയുണ്ടു് ശരീരം. ക്ഷീണംകൊണ്ടു് കിതയ്ക്കുന്നു! ആ കോലം കണ്ടു് ഞാൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു. (കണ്ണീർ തുടയ്ക്കുന്നു) അദ്ദേഹത്തിന്റെ കണ്ണിലും വെള്ളോണ്ടായിരുന്നു. അതു രണ്ടു കവിളിലുംകൂടി ഒഴുകിനിലത്തു വീണു. അദ്ദേഹം ഒന്നും മിണ്ടിയില്ല. കരയാൻ പാടില്ലെന്നു കൈകൊണ്ടു കാട്ടി. തിരിഞ്ഞു നടക്കുമ്പോൾ ആ കാലിനൊരു മന്തുണ്ടു്… ഹോ! അതു വിചാരിക്കാൻ വയ്യ. (കണ്ണുപൊത്തി തേങ്ങുന്നു.)
- വിജയൻ:
- അമ്മേ, അമ്മ എന്തൊക്കെയാണു്? കാണിക്കുന്നതു്?
- കാർത്ത്യായനി അമ്മ:
- ഇല്ല മോനേ, ഇനി അവിടെ ചെന്നല്ലാതെ എനിക്കു് സമാധാനമില്ല. അദ്ദേഹത്തിനു് എന്തോ സുഖക്കുറവുണ്ടു്.
- വിജയൻ:
- ഒന്നുമില്ലമ്മേ. ഇന്നലേക്കൂടി എനിക്കവിടെനിന്നു കത്തുണ്ടായിരുനു.
- കാർത്ത്യായനി അമ്മ:
- ഇല്ലെങ്കിൽ ഇങ്ങനെയൊരു സ്വപ്നം കാണില്ല;
- വിജയൻ:
- അമ്മേ, അമ്മ സ്വസ്ഥമായവിടെ ഇരിയ്ക്കു. ഞാനിന്നു് ആപ്പീസുവിട്ടു നേരെ അങ്ങട്ടുപോകാം.
- കാർത്ത്യായനി അമ്മ:
- എന്നിട്ടു്?
- വിജയൻ:
- കാര്യങ്ങളൊക്കെ ഞാൻ നേരിട്ടന്വേഷിക്കാം. എന്നിട്ടു് വേണമെങ്കിൽ അമ്മയ്ക്കു് പോകാം.
- കാർത്ത്യായനി അമ്മ:
- നേരിട്ടുതന്നെ അന്വേഷിക്കണം. (അല്പം ആലോചിച്ചു്) അല്ലെങ്കിൽ നിനക്കുതന്നെ ഒന്നവിടെ പോയാലെന്താണു്
- വിജയൻ:
- ഒന്നുമില്ലമ്മേ. എനിക്കു് പോകാനിഷ്ടമാണു്. എനിക്കച്ഛനെ കാണാൻ വലിയ കൊതിയുണ്ടു്.
- കാർത്ത്യായനി അമ്മ:
- എന്നാൽ നീയവിടെ ചെല്ലൂ.
- വിജയൻ:
- എന്നെ അങ്ങട്ടു കടത്തിയില്ലെങ്കിലോ?
- ഭാനു:
- അവിടെ പടിവാതിലും മറ്റും അടച്ചു്— (വിജയൻ സൂത്രത്തിൽ പറയരുതെന്നാംഗ്യം കാട്ടുന്നു. ഭാനു മനസ്സിലാക്കുന്നു.)
- കാർത്ത്യായനി അമ്മ:
- (ഭാനുവിനോടു്) പടിവാതിലും മറ്റും അടച്ചു്…
- ഭാനു:
- (പകുതി വിഴുങ്ങി പരുങ്ങി) പിന്നെ, പടിവാതിലും മറ്റും അടച്ചുകണ്ടാൽ വെറുതെയിങ്ങു തിരിച്ചുപോരരുതെന്നു്.
- കാർത്ത്യായനി അമ്മ:
- നേരാണു്, വിളിച്ചു് തുറപ്പിക്കണം. വേണ്ടപോലെ അന്വേഷിക്കണം.
- വിജയൻ:
- എല്ലാം ഞാൻ വേണ്ടപോലെ അന്വേഷിച്ചു വരാം. എന്നിട്ടെന്തും ആലോചിക്കാം. (വിജയൻ പോകാൻ തുടങ്ങുന്നു. കാർത്ത്യായനി അമ്മ പിന്നാലെ ചെല്ലുന്നു)
- കാർത്ത്യായനി അമ്മ:
- മോനേ, എല്ലാം നീ വേണ്ടപോലെ അന്വേഷിച്ചു വരണം… പിന്നെ അച്ഛനെ കണ്ടുവെങ്കിൽ ആ കാലിൽകെട്ടിപ്പിടിച്ചു എല്ലാം പൊറുക്കാൻ പറയൂ. അച്ഛനല്ലേ? എന്താ നിനക്കു മാപ്പു ചോദിച്ചാൽ?
- വിജയൻ:
- അമ്മേ ഞാൻ ആയിരം പ്രാവശ്യം കാൽപിടിക്കാനൊരുക്കമാണു്. മാപ്പു് ചോദിക്കാനും.
- കാർത്ത്യായനി അമ്മ:
- എന്നാൽ അച്ഛൻ കഴിഞ്ഞതൊക്കെ മറക്കും; കേട്ടോ (വിജയൻ പോകുന്നു. കാർത്ത്യായനി അമ്മ വിജയൻ പോയവഴി നിശ്ചലമായി നോക്കിനില്ക്കുന്നു. ഭാനു കാർത്ത്യായനിയമ്മയെ നിർന്നിമേഷയായി നോക്കിനില്ക്കുന്നു.)
—യവനിക—