ചാത്തുണ്ണിനായരുടെ വീടു്. രണ്ടാംരംഗത്തിലെ അതേ സ്ഥലം. ചാത്തുണ്ണിനായർ കട്ടിലിൽ ഇരിക്കുന്നു. വലത്തുകാലിൽ ഒരു രോമത്തുണി ചുറ്റുകയാണു്. മുഖത്തു് അല്പമൊരു പാരവശ്യമുണ്ടു്. തുണി ചുറ്റുമ്പോൾ കാലിന്റെ വേദന സഹിക്കുന്നതായി മുഖഭാവംകൊണ്ടു തെളിയിക്കുന്നു. ചുറ്റിക്കൊണ്ടിരിക്കുമ്പോൾ അല്പാല്പമായി ചില വാക്കുകൾ പിറുപിറുക്കുന്നു.
- ചാത്തുണ്ണി:
- എനിക്കുള്ളതു ഞാൻതന്നെ അനുഭവിക്കണം… കൂടാതെ കഴിയില്ല… ഈ രോഗം എന്നെ കുഴക്കിക്കളയുന്ന മട്ടാണു്… കിടന്നുപോയാൽ എന്താണു് ഗതി… ആരുണ്ടൊരു സഹായം… (ആലോചനാമഗ്നനായി മുൻപോട്ടു നോക്കി മിണ്ടാതെ അല്പനേരം ഇരിക്കുന്നു.) … ആരും വേണ്ട…
- രാമൻ:
- (ചെറിയ ഒരു പാത്രത്തിൽ കുറച്ചു കുഴമ്പുംകൊണ്ടു വരുന്നു) അല്ലാ ഇതു പുരട്ടണ്ടേ?
- ചാത്തുണ്ണി:
- (ഉറച്ച സ്വരത്തിൽ) വേണ്ട.
- രാമൻ:
- കുറച്ചു പുരട്ടിയിട്ടു ശീലചുറ്റുന്നതാ നല്ലതു്.
- ചാത്തുണ്ണി:
- (രുചിക്കാത്ത മട്ടിൽ മുഖത്തുനോക്കി) വേണ്ടെന്നു പറഞ്ഞില്ലേ…
- രാമൻ:
- ഇതു വാതമാണു്.
- ചാത്തുണ്ണി:
- അതുകൊണ്ടു്?
- രാമൻ:
- കളിപ്പിക്കാൻ പറ്റില്ല.
- ചാത്തുണ്ണി:
- (പുച്ഛസ്വരത്തിൽ) ആഹാ!
- രാമൻ:
- ഞാനൊരു കാര്യം ചെയ്യട്ടെ.
- ചാത്തുണ്ണി:
- എന്തു കാര്യം?
- രാമൻ:
- ഞാൻ പോയിട്ടു് അവരെ ഇങ്ങട്ടു കൂട്ടിക്കൊണ്ടുവരട്ടെ?
- ചാത്തുണ്ണി:
- എടാ, എന്റെ കാലിനു സുഖമില്ലാത്തതു കണക്കാക്കേണ്ട. അനാവശ്യം പറഞ്ഞാൽ ചവിട്ടും.
- രാമൻ:
- ദണ്ഡം വന്നാൽ…
- ചാത്തുണ്ണി:
- വന്നാൽ?
- രാമൻ:
- പറയുംപോലെ ഒക്കെ കേൾക്കണം.
- ചാത്തുണ്ണി:
- ആഹാ! അല്ലാഞ്ഞാൽ പറ്റില്ലേ? എടാ നിനക്കിവിടെ താമസിക്കണന്നിച്ചാൽ ഞാൻ പറയുമ്പോലെ കേട്ടോ അതാണു് നിനക്കു നല്ലതു്.
- രാമൻ:
- ഇവിടെ താമസിക്കുന്നതു് എനിക്കു വേണ്ടീട്ടാണോ?
- ചാത്തുണ്ണി:
- (കോപം) എന്തേ നീ പറഞ്ഞതു്? പിന്ന്യാർക്കുവേണ്ടീട്ടാണു നീ താമസിക്കുന്നതു്? എനിക്കു വേണ്ടീട്ടോ? എടാ, നീയും തുടങ്ങ്യോ അധികപ്രസംഗം? ഹോ, ഇനി നിന്നെപേടികട്ടെ (എഴുന്നേറ്റു ദേഷ്യത്തോടെ അടുത്തുചെല്ലുന്നു. പല്ലു കടിച്ചുകൊണ്ടു്.) ഞാൻ പറയാം, നീയെന്നെ ഉപദേശിക്കാൻ വരരുതു്. വരരുതെന്നാ പറഞ്ഞതു്.
- രാമൻ:
- (തികച്ചും കേൾക്കാത്തമട്ടിൽ പിറുപിറുക്കുന്നു) ഞാൻ എനിക്കു വേണ്ടിട്ടല്ലല്ലോ പറഞ്ഞതു്.
- ചാത്തുണ്ണി:
- (പാത്രത്തിലെ കുഴമ്പു് കൈനീട്ടി വാങ്ങീട്ടു്) എനിക്കു വേണ്ടീട്ടാണു്, അല്ലേ? ആഹാ… എന്നാൽ ഇനിമിണ്ടരുതു്… (കുഴമ്പും പാത്രവും വലിച്ചെറിയുന്നു) എനിക്കു വേണ്ടിട്ടാണത്രേ! എനിക്കുവേണ്ടി ഒരാളും ഒന്നും പറയണ്ട ആവശ്യമില്ല. ഞാനെന്റെ ഇഷ്ടംപോലെ കഴിഞ്ഞോളാം. പോ. എവിടെ വേണന്നിച്ചാൽ പോ…
രാമൻ മിണ്ടാതെ നില്ക്കുന്നു.
- ചാത്തുണ്ണി:
- പോവാനല്ലെ പറഞ്ഞതു്? ഉം! കടന്നുപോ!
രാമൻ പതുക്കെ കടന്നുപോകുന്നു.
- ചാത്തുണ്ണി:
- (തിരിച്ചുവന്നു് കട്ടിലിലിരിക്കുന്നു) എന്നോടെല്ലാവർക്കുമൊരു ദയ… എന്താണാവോ എനിക്കു്… മനസ്സിലാവുന്നില്ല… ദയ കാണിക്കുന്നു… ഹോ! ഈ മനുഷ്യരുടെ ദയയില്ലെങ്കിൽ എന്തു ചുക്കാണു്?… അതില്ലാതെതന്നെ ഞാൻ കഴിഞ്ഞോളും… (ചിന്താഗ്രസ്തനായി മിണ്ടാതെ മിഴിച്ചിരിക്കുന്നു) കാലം മാറിയ മാറ്റം! ഈ ചാത്തുണ്ണിഹേഡിന്റെ ദയയ്ക്ക് ഒരു കാലത്തു് എത്ര ആളുകളാണു് കാത്തിരുന്നതു്? (രാമൻ പോയ വഴി നോക്കി) എടാ, നീയെന്റെ സ്ഥിതി മനസ്സിലാക്കീട്ടില്ല… എത്ര പറഞ്ഞാലും നിനക്കതു മനസ്സിലാവില്ല… നീ നാട്ടിലെ കൊലകൊമ്പന്മാരെ മുഴുവനും ഈ ചാത്തുണ്ണി കിടുകിടെ വിറപ്പിച്ചിട്ടുണ്ടു്… (അല്പനേരം മിണ്ടാതിരിക്കുന്നു. പഴയ ഉദ്യോഗകാലവും പദവിയും ഓരോന്നായി ഓർമയിലേക്കു കടന്നുവരുന്നു. വർത്തമാനകാലം പാടെ മറക്കുന്നു. വിചാരത്തിനനുസരിച്ചു് മുഖത്തെ ഭാവവും മാറി വരുന്നു. സാക്ഷാൽ ചാത്തുണ്ണിഹേഡിന്റെ നേരിയൊരു നിഴൽ ആ കട്ടിലിൽ സ്ഥലം പിടിക്കുന്നു. ഭാവത്തിനൊത്ത അന്തസ്സും ഗൗരവവും കലർന്ന സ്വരത്തിൽ വിളിക്കുന്നു) എടാ രാമാ!
- രാമൻ:
- (അകത്തുനിന്നു്) ഓ…
- ചാത്തുണ്ണി:
- ഇവിടെ വാ.
രാമൻ വരുന്നു
- ചാത്തുണ്ണി:
- (തന്റെ മുമ്പിൽ ഏതോ കുറ്റം ചെയ്തൊരു പുള്ളിയാണു് വന്നു നിൽക്കുന്നതെന്നു തികച്ചും ധരിക്കുന്നു. ഉപബോധ മനസ്സിൽ മായാതെ കിടക്കുന്ന പഴയ വിക്രമങ്ങൾ തലപൊക്കുന്നു. രാമനെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. മറ്റെല്ലാം മറക്കുന്നു) ഇങ്ങുവാ… എന്റെ മുമ്പിൽ വന്നുനില്ക്കു്…
രാമൻ ചാത്തുണ്ണിഹേഡിന്റെ പുതിയ ഭാവം കണ്ടു് അമ്പരക്കുന്നു
- ചാത്തുണ്ണി:
- എടാ, കൈതാഴ്ത്തിയിടു്. (മുഖത്തു സൂക്ഷിച്ചുനോക്കുന്നു. തീപ്പറക്കുന്ന നോട്ടം)
രാമൻ മറ്റൊരാൾ തന്റെ മുഖത്തു രൂക്ഷമായി നോക്കുമ്പോൾ ആർക്കുമുണ്ടാവാറുള്ള പരുങ്ങലോടെ നില്ക്കുന്നു.
- ചാത്തുണ്ണി:
- കള്ളലക്ഷണം! കള്ളലക്ഷണം! (വളരെ ഗൗരവം ഭാവിച്ചു്) എടാ, നിനക്കു ചാത്തുണ്ണിഹേഡിനെ മനസ്സിലായിട്ടുണ്ടോ?
രാമൻ മിണ്ടുന്നില്ല.
- ചാത്തുണ്ണി:
- (ഉറക്കെ) മനസ്സിലായിട്ടുണ്ടോന്നു്? (വീണ്ടും രാമന്റെ മുഖത്തു് സൂക്ഷിച്ചുനോക്കുന്നു) ഉണ്ടോ? മനസ്സിലായിട്ടുണ്ടോ? നിനക്കു മര്യാദയ്ക്കു പോണന്നിച്ചാൽ സത്യം പറഞ്ഞോ! ഉം! വേഗത്തിൽ?
രാമൻ അന്തംവിട്ടു നോക്കുന്നു.
- ചാത്തുണ്ണി:
- എടാ, എട്ടും ചത്തും കൊലപാതകം നടത്തിയവനെ ഈ ചാത്തുണ്ണി വെറുംകയ്യോടെ പിടിച്ചിടുണ്ടു്. എന്റെ ഒരു ഇടി കിട്ടിയാൽ… (മുഷ്ടി ചുരുട്ടിപ്പിടിച്ചു പല്ലുകടിച്ചുകൊണ്ടു് എഴുന്നേല്ക്കുന്നു. കാലിന്റെ വേദന മറക്കുന്നു. പതുക്കെ രാമനെ സംഹരിക്കാനെന്ന മട്ടിൽ ഓരോ അടിവെച്ചു മുൻപോട്ടടുക്കുന്നു.)
രാമൻ പതുക്കെ ഓരോ അടി പിന്നിലേക്കു നീങ്ങുന്നു.
- ചാത്തുണ്ണി:
- (പല്ലുകടിച്ചു്) ഒരു അടി കിട്ടിയാൽ നിന്റെ തലമണ്ട കുപ്പി വീണുടയുംപോലെ ഉടയും… അങ്ങനെ പല തലമണ്ടകളും ഉടഞ്ഞിട്ടുണ്ട്; (മുന്നോട്ടു പതുക്കെ നടക്കുന്നു) ഞാനുടച്ചിടുണ്ടു്. (രൂക്ഷമായി നോക്കിക്കൊണ്ടു വീണ്ടും അടുക്കുന്നു.) സത്യം പറഞ്ഞേ സത്യം! അതാണു് നല്ലതു്?
രാമൻ പിന്നോട്ടു നടന്നു ചുമരിനടുത്തെത്തുന്നു.
- ചാത്തുണ്ണി:
- പറഞ്ഞോ, സത്യം… ഇല്ലെങ്കിൽ…
രാമൻ തീരെ തളർന്നു് അവശനാവുന്നു.
- ചാത്തുണ്ണി:
- നീ പറയില്ലേ, സത്യം? എന്റെ… (മുഷ്ടി ഉയർത്തിക്കാണിക്കുന്നു) ഈ കൈകൊണ്ടു് ഒന്നു കിട്ടിയാൽ…
- രാമൻ:
- (പെട്ടെന്നു്) എന്തെക്കെയാ ഈ കാണിക്കുന്നതു്? എന്തു സത്യം പറയാൻ? ഇതു നല്ല കൂത്തായല്ലോ… എന്നെക്കൊണ്ടു കഴിയില്ല… ഞാനിത്തിരി കുഴമ്പു പുരട്ടാനല്ലേ പറഞ്ഞതു്. അതിലെന്തു കളവാണു്?
ചാത്തുണ്ണിനായർ പെട്ടെന്നു ബോധം വന്നു് അല്പമൊരിളിഭ്യതയോടെ തിരിഞ്ഞു് അകലത്തു നോക്കി നില്ക്കുന്നു. പിന്നീടു സാവധാനം നടക്കുന്നു.
- രാമൻ:
- ഇങ്ങനെ തുടങ്ങ്യാൽ ആരെങ്കിലും ഇവിടെ താമസിക്ക്യോ?
- ചാത്തുണ്ണി:
- (തിരിഞ്ഞുനിന്നു്) നിന്നോടാരാ ഇവിടെ വരാൻ പറഞ്ഞതു്?
- രാമൻ:
- എന്നെ വിളിച്ചിട്ടല്ലേ ഞാനിപ്പഴ് വന്നതു്?
ചാത്തുണ്ണിനായർ പിന്നേയും പിൻതിരിയുന്നു.
- രാമൻ:
- വെറുതെയല്ല മക്കളുംകൂടി വെറുത്തതു്.
ചാത്തുണ്ണിനായർ കട്ടിലിൽ വന്നിരിക്കുന്നു. തലയ്ക്കു കൈകൊടുത്തു താഴോട്ടു നോക്കിയിരുന്നു് ആലോചിക്കുന്നു.
- രാമൻ:
- (അധികാരസ്വരത്തിൽ) അവനവനു വയ്യാതായാൽ മറ്റുള്ളവരു് പറയുന്നതു് കേൾക്കണം. വാശിപിടിക്കരുതു്…
പെട്ടെന്നു് അണിയറയിൽനിന്നു് ഒരു കുട്ടിയുടെ ശബ്ദം.
- ബാബു:
- (അണിയറയിൽനിന്നു്) അവിടെ നിന്നോളൂ, സതീ ഞാൻ പറിച്ചെറിഞ്ഞുതരാം. ഹായ്, എത്രയാണു് പഴുത്തു തുങ്ങിക്കിടക്കുന്നതു്.
രാമൻ ശ്രദ്ധിക്കുന്നു
- രാമൻ:
- പിള്ളരാരോ തൊടിയിൽ വന്നിട്ടുണ്ടെന്നാ തോന്നുന്നതു്. സ്കൂളിൽ പോണ പിള്ളർക്കു് ആ പേരയ്ക്കാമരത്തിലാ കണ്ണു്.
- ബാബു:
- (വീണ്ടും അണിയറയിൽനിന്നു്) ഒന്നു്—രണ്ടു്—മൂന്നു്—അയ്യയ്യോ! ഒരു കയ്യുംകണക്കുമില്ല; പഴുത്തുകിടക്കുന്നു.—സതീ! സതീ! കണ്ടാൽ കൊതി തോന്നും!
- രാമൻ:
- അതേ, ഇവിടുത്തെ തൊടിയിൽനിന്നുതന്നെ. തലമണ്ട ഞാൻ ഇന്നു് ഉടച്ചുവിടും. (ധൃതിയിൽ ഓടിപ്പോവുന്നു)
- ചാത്തുണ്ണി:
- (തലയുയർത്തി നെടുവീർപ്പിടുന്നു) എന്തൊക്ക്യാ ഞാനീ കാണിച്ചതു്? എനിക്കുതന്നെ നിശ്ച്യേല്ല. ആരും സഹായത്തിനില്ലാതായിട്ടും ഞാനെന്റെ മുൻകോപം ഉപേക്ഷിക്കുന്നില്ല. (എഴുന്നേറ്റു് അസ്വസ്ഥതയോടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.) ശരിയല്ലേ രാമൻ പറഞ്ഞതു്? എല്ലാവരും എന്നെ വിട്ടുപോയി. ആർക്കും എന്നെ വേണ്ട… എന്നിട്ടും ഞാൻ പഠിക്കുന്നില്ല… അല്ലെങ്കിൽ എന്തു പഠിക്കാൻ? എനിക്കാരും വേണ്ട… ഞാനിങ്ങനെ ഒറ്റയ്ക്കിരുന്നു… പതുക്കെ… പതുക്കെ… (അസ്വസ്ഥതയോടെ ചുണ്ടു കടിച്ചുമർത്തുന്നു.)
രാമന്റെ ശുണ്ഠിപിടിച്ച സ്വരം കേട്ടുതുടങ്ങുന്നു.
- രാമൻ:
- (അണിയറയിൽനിന്നു്) നടക്കെടാ, നടക്കു്, വേഗം നടക്കു്. ആഹ, നീ വിചാരിച്ചു, എന്നെ തോല്പിച്ചു ചാടിക്കളയാന്നു്. (ബാബുവിന്റെ കഴുത്തിൽ പിടിച്ചു തള്ളിക്കൊണ്ടു കടന്നു വരുന്നു) വയസ്സിത്രയേ ആയിട്ടുള്ളു; കക്കാൻ തുടങ്ങി. വലുതായാൻ അറമുറിക്കും.
തികച്ചും തന്റെ വിചാരത്തിൽനിന്നു വിട്ടുപോന്നിട്ടില്ല. രണ്ടുപേരേയും നിർവികാരനായി നോക്കുന്നു.
- രാമൻ:
- ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോ…
ചാത്തുണ്ണിനായർ ഒന്നും മനസ്സിലാവാത്തപോലെ കട്ടിലിൽ ചെന്നിരിക്കുന്നു.
- രാമൻ:
- ഇദാ, ഇവനെ വെറുതെ വിട്ടാൽ പറ്റില്ല. (പിടിച്ചു മുൻപോട്ടു് കൊണ്ടുവരാൻ ശ്രമിക്കുന്നു. ബാബു കൂട്ടാക്കുന്നില്ല.)
- ചാത്തുണ്ണി:
- (അല്പം ശാന്തസ്വരത്തിൽ) നീ പടിവാതിലടച്ചിട്ടില്ലേ രാമ?
- രാമൻ:
- അടച്ചിട്ടെന്തു കാര്യം എവൻ പെരുച്ചാഴിക്കള്ളനാണു്. (ബാബു പിടിയിൽനിന്നൊഴിയാൻ ശ്രമിക്കുന്നു. രാമൻ മുറുക്കി പിടിക്കുന്നു) ഇവന്റെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
- ചാത്തുണ്ണി:
- അവളും തൊടിയിൽ കേറിയോ?
- രാമൻ:
- ഇല്ല. പുറത്തു വെട്ടുവഴിയിലായിരുന്നു.
ബാബു അപ്പോഴും രാമന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുകയാണു്. രാമൻ പിടി മുറുക്കുന്തോറും അവനു വിഷമം വർധിക്കുന്നുണ്ടു്.
- ചാത്തുണ്ണി:
- (ഇമവെട്ടാതെ ആ കുട്ടിയെത്തന്നെ അല്പനേരം നോക്കിക്കൊണ്ടിരിക്കുന്നു.) രാമാ, നീയവന്റെ കഴുത്തിലെ പിടുത്തം വിടു്.
- രാമൻ:
- വിട്ടാൽ ഇവനോടും. തിരിമുറിച്ച കള്ളനാണു്.
- ചാത്തുണ്ണി:
- പിടിവിട്ടാൽ നീയോടിപ്പോവ്വോ?
- ബാബു:
- (അലക്ഷ്യഭാവത്തിൽ) ഇല്ല,
- ചാത്തുണ്ണി:
- വിട്ടുകളയൂ, രാമാ
രാമൻ പിടി വിടുന്നു. ബാബു അനങ്ങാതെ നില്ക്കുന്നു.
- ചാത്തുണ്ണി:
- (ബാബുവിനോട്) നിന്റെ കൂടെ മറ്റാരുണ്ടായിരുന്നു.
- ബാബു:
- സതി
- ചാത്തുണ്ണി:
- ആരാണു് സതി.
- ബാബു:
- എന്റെ അമ്മാമ്മന്റെ മകൾ.
- രാമൻ:
- അവളെ പിടിക്കാൻ കിട്ടിയില്ല. അന്നു പടിക്കൽനിന്നു പോക്കിരിത്തം കാട്ടിയതും ഇവരാണു്?
- ചാത്തുണ്ണി:
- നീ മിണ്ടാതെ നില്ക്കു്. അവൻ പറയട്ടെ (ബാബുവിനോടു്) സതി വീട്ടിലേയ്ക്കു് പോയോ?
- ബാബു:
- ഉണ്ടാവില്ല
- ചാത്തുണ്ണി:
- (രാമനോടു്) നീ ചെന്നു് അവളെ കൂട്ടിക്കൊണ്ടുവാ. അവളുടെ ഏട്ടൻ വിളിക്കണെന്നു പറ.
- രാമൻ:
- ആ കുട്ടി വരില്ല.
- ചാത്തുണ്ണി:
- നീ ചെല്ലു്.
രാമൻ പോകുന്നു.
- ചാത്തുണ്ണി:
- (ബാബുവിനോടു്) നീ സ്കൂളിൽ പഠിക്കുന്നുണ്ടോ?
- ബാബു:
- ഉണ്ടു്.
- ചാത്തുണ്ണി:
- ഏതു ക്ലാസിലാണു്?
- ബാബു:
- ആറാം ക്ലാസ്സിൽ.
- ചാത്തുണ്ണി:
- ആറാംക്ലാസ്സിൽ കക്കാൻ പാടില്ലാന്നു പഠിപ്പിക്കുന്നില്ലേ?
- ബാബു:
- ഉണ്ടു്.
- ചാത്തുണ്ണി:
- എന്നിട്ടു് നീയെന്തിനെ ഇവിടെ കക്കാൻ വന്നതു്?
- ബാബു:
- ഞാൻ കക്കാൻ വന്നിട്ടില്ല.
- ചാത്തുണ്ണി:
- ആരാന്റെ തൊടിയിൽ വേലി ചാടി കടന്നുവരുന്നതു് പിന്നെന്തിനാണു്?
- ബാബു:
- ഇവിടെ കടക്കാൻ വേറെ വഴിയില്ലാഞ്ഞിടാണു് വേലി ചാടിയതു്. പടിവാതിൽ എപ്പോഴും അടച്ചിടും.
- ചാത്തുണ്ണി:
- (അല്പം അസ്വസ്ഥനാവുന്നു. ബാബുവിന്റെ പെരുമാറ്റവും ഒട്ടും പതറാത്ത ഉത്തരവും കേട്ടു ശുണ്ഠിക്കു പകരം അവനോടു തെല്ലൊരു സ്നേഹമാണു് തോന്നുന്നതു്. പടിയടച്ചിരുന്നതു് ഒരു കുറ്റമാണെന്നു് അത്രയും ചെറിയൊരു കുട്ടി പറഞ്ഞു കേട്ടപ്പോൾ ഒരാത്മപരിശോധന നടത്താനാണു് തോന്നുന്നതു്. ഒന്നും പകരം പറയാൻ കാണുന്നില്ല. ബുദ്ധിമുട്ടി വിഷയംമാറ്റി ചോദിക്കുന്നു.) നിന്റെ പേരെന്താണു്?
- ബാബു:
- വിജയൻ
ചാത്തുണ്ണിനായർ ആ പേരു കേട്ടു ചെറുതായൊന്നു ഞെട്ടുന്നു.
- ബാബു:
- ബാബുവെന്നാണു് വീട്ടിൽ എല്ലാവരും വിളിക്കുന്നതു്.
- ചാത്തുണ്ണി:
- (ഒടുവിൽ പറഞ്ഞതു് കേൾക്കാതെ) വിജയനെന്നോ?
- ബാബു:
- അതേ. എല്ലാവരും വിളിക്കുന്നതു് ബാബൂന്നാണു്.
- ചാത്തുണ്ണി:
- (അല്പം വാത്സല്യം സ്ഫുരിക്കുന്ന സ്വരത്തിൽ) മറ്റുള്ളവരുടെ സാധനം എടുക്കുമ്പോൾ സമ്മതം ചോദിക്കണ്ടേ വിജയാ?
- ബാബു:
- വേണം.
- ചാത്തുണ്ണി:
- എന്നിട്ടു്?
- ബാബു:
- ഇവിടെ ആരേം കാണാറില്ല. പിന്നെ എങ്ങനെ ചോദിക്കും? അതുകൊണ്ടു കേറിപ്പറിച്ചതാണു്.
- ചാത്തുണ്ണി:
- ആ പറഞ്ഞതു കളവല്ലേ?
- ബാബു:
- അല്ല. ഇവിടെ ആർക്കും പേരയ്ക്കു ആവശ്യല്ലല്ലോ?
- ചാത്തുണ്ണി:
- ആരു പറഞ്ഞു.
- ബാബു:
- ഇവിടെ കുട്ടികളാരൂല്ലല്ലോ.
- ചാത്തുണ്ണി:
- ആരാ നിന്നോടിതു് പറഞ്ഞതു്.
- ബാബു:
- സ്കൂളിൽ നിന്നൊരു കുട്ടി പറഞ്ഞതാണു്.
- ചാത്തുണ്ണി:
- എന്തു പറഞ്ഞു?
- ബാബു:
- ഇവിടെ കുട്ടികളാരും ഇല്ല. എല്ലാവരേയും നിങ്ങൾ തല്ലിയോടിച്ചെന്നു്.
- ചാത്തുണ്ണി:
- (അസ്വസ്ഥത ഭാവിക്കുന്നു. ആരുടെ മുൻപിലും അന്നുവരെ തലകുനിക്കാത്ത അഹന്ത ബാബുവിന്റെ മുൻപിൽനിന്നു പരുങ്ങുകയാണു്; ഉത്തരം കിട്ടാൻ വിഷമിക്കുകയാണു്) എന്തു്? തല്ലി ഓടിക്കുകയോ? ഇവിടെ കുട്ടികളാരുമുണ്ടായിരുന്നില്ല; പിന്നെ എങ്ങനെ തല്ലി ഓടിക്കാൻ?
- ബാബു:
- മക്കളെയൊക്കെ നിങ്ങൾ തല്ലിയോടിച്ചതല്ലേ?
ആ ചോദ്യത്തിനു മുൻപിൽ ചാത്തുണ്ണിനായരുടെ തല കുനിയുന്നു. നെറ്റിത്തടം കൈകൊണ്ടു താങ്ങുന്നു. മിണ്ടാതെ കുനിഞ്ഞിരിക്കുന്നു.
- ബാബു:
- (ഒന്നും സംഭവിക്കാത്ത മട്ടിൽ ചുറ്റുപുറവും ആകാശവും ഭൂമിയുമൊക്കെ നോക്കുന്നു. എന്നിട്ടു്) ഞാൻ പോട്ടേ?
- ചാത്തുണ്ണി:
- (തലയുയർത്തിനോക്കുന്നു. കഴിയുന്നത്ര മുഖഭാവം മാറ്റാൻ ശ്രമിക്കുന്നു. ചുണ്ടുകൾ പതുക്കെ ഇളക്കുന്നു. ഒരു ദീനസ്വരം പുറത്തുവരുന്നു.) നീ പേരയ്ക്ക പറിച്ചോ?
- ബാബു:
- പറിച്ചു.
- ചാത്തുണ്ണി:
- എന്നിട്ടെവിടെ?
- ബാബു:
- കുറെ സതിക്കെറിഞ്ഞുകൊടുത്തു. ബാക്കീതാ (ട്രൗസറിന്റെ കീശയിൽനിന്നു നാലഞ്ചു പഴുത്ത പേരയ്ക്ക എടുത്തുകാട്ടുന്നു.)
- ചാത്തുണ്ണി:
- പോരെങ്കിൽ ഇനിയും ചെന്നു പറിച്ചോളു.
- ബാബു:
- വേണ്ട, എനിക്കിതു മതി.
ചാത്തുണ്ണി ബാബുവിനെത്തന്നെ നോക്കിയിരിക്കുന്നു. തെല്ലിട മനം.
- ബാബു:
- ഞാൻ പോട്ടേ?
- ചാത്തുണ്ണി:
- നിന്റെ അനിയത്തി വന്നിടു പോയാൽപ്പോരെ?
- ബാബു:
- അവളിങ്ങട്ടു വരില്ല
- ചാത്തുണ്ണി:
- വിളിക്കാൻ പോയിട്ടില്ലേ?
- ബാബു:
- എന്നാലും അവൾ വരില്ല വന്നാൽ…
- ചാത്തുണ്ണി:
- വന്നാൽ?
- ബാബു:
- വന്നാൽ നിങ്ങളവളെ തല്ലിക്കൊല്ലും. അതാണവൾക്കു പേടി.
- ചാത്തുണ്ണി:
- (വീണ്ടും അവശനാവുന്നു.) ആരേ കുട്ടികളെ, ഈ നുണയൊക്കെ നിങ്ങളോടു് പറഞ്ഞതു്.
- ബാബു:
- ഇതു നുണയല്ല. ഇന്നാട്ടിൽ ഇതെല്ലാർക്കും അറിയാം…
ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- ബാബു:
- ഞാൻ പോട്ടെ…
- ചാത്തുണ്ണി:
- ഉം.
ബാബു തിരിഞ്ഞുനടക്കാൻ തുടങ്ങുന്നു.
- ചാത്തുണ്ണി:
- (വിളിക്കുന്നു) വിജയാ!
ബാബു വാത്സല്യംനിറഞ്ഞ ആ വിളി കേട്ടു. പെട്ടെന്നു തിരിഞ്ഞു നാലഞ്ചടി മുൻപോട്ടു വരുന്നു.
- ചാത്തുണ്ണി:
- (കൈ നീട്ടി) വരു, വരു.
ബാബു നില്ക്കുന്നു
- ചാത്തുണ്ണി:
- ഇങ്ങട്ടുവരു… (കട്ടിലിൽ തൊട്ടുകാണിച്ചു? ഇവിടെ വന്നിരിക്ക…
- ബാബു:
- (നിന്ന നിലയിൽ നിന്നിളകാതെ) ഞാൻ വരില്ല.
- ചാത്തുണ്ണി:
- എന്റെ വിജയനല്ലേ?
- ബാബു:
- അല്ല.
- ചാത്തുണ്ണി:
- (ക്രൂരമായ ആ ഉത്തരം ചാത്തുണ്ണിനായരെ വേദനിപ്പിക്കുന്നു. വളരെ താണപേക്ഷിക്കുന്നു.) ഇവിടെ വരു; കുട്ടീ!
- ബാബു:
- വേണ്ട; എന്നെ തല്ലാനല്ലേ?
- ചാത്തുണ്ണി:
- (മാപ്പുചോദിക്കുന്ന സ്വരത്തിൽ) ഞാൻ നിന്നെ തല്ലില്ല. നി എന്റെ വിജയനല്ലേ, അടുത്തുവരൂ. ഈ അമ്മാമേടെ അടുത്തു വന്നിരിക്കൂ.
- ബാബു:
- ഞാൻ വരില്ല. നിങ്ങടെ മകനെ വിളിച്ചോളൂ.
ചാത്തുണ്ണിനായരുടെ നിയന്ത്രണശക്തി നിശ്ശേഷം തകരുന്നു. അതുവരെ അടക്കിനിർത്തിയ വികാരങ്ങളുടെ ചിറ പൊട്ടുന്നു. വീണ്ടും തല കുനിയുന്നു.
- ബാബു:
- ഞാൻ പൂവ്വാണു്. സതി കാത്തുനില്ക്കുന്നുണ്ടാവും.
ചാത്തുണ്ണിനായർ എഴുന്നേല്ക്കുന്നു. പതുക്കെ മുൻപോട്ടു നടക്കുന്നു. ബാബു പോകുന്നു.
- ചാത്തുണ്ണി:
- (ബാബു പോയ വഴിയിലേക്കു നോക്കി) നില്ക്കൂ, കുട്ടി അവിടെ നില്ക്കു. അടുത്തു വരില്ലെങ്കിൽ വേണ്ട… വിജയാ… വിജയാ… (ഉറക്കെ) നീയിനി എന്നും പേരയ്ക്ക പറിക്കാൻ വന്നോളു. നിന്നെ ആരും ഒന്നും ചെയ്യില്ല. (വിരൽ കടിച്ചു കലശലായ ദുഃഖം ഭാവിച്ചുകൊണ്ടു തിരിച്ചുവരുന്നു. കട്ടിലിൽ വന്നു കിടക്കുന്നു. വീണ്ടും എഴുന്നേറ്റിരിക്കുന്നു. ബാബു പോയ വഴിയിലേക്കു നോക്കുന്നു. പിറുപിറുക്കുന്നു.) ഓ, എന്തൊരു വേദന എനിക്കിതു സഹിക്കാൻ വയ്യ… (കട്ടിലിന്റെ തണ്ടിൽ തലചാച്ചു് ഇരിക്കുന്നു.)
- രാമൻ:
- (പിറുപിറുത്തുകൊണ്ടു്) ആ പൊട്ടിത്തെറിച്ച പെണ്‍കുട്ടിയെ കിട്ടിയില്ല! ശരംവിട്ടതുപോലെ ഒരോട്ടം. (രംഗം മുഴുവനുമൊന്നു നോക്കുന്നു. വിസ്മയത്തോടെ) അല്ല ആ കള്ളനും ചാടിപ്പോയോ? (ചാത്തുണ്ണിനായരുടെ അടുത്തു ചെല്ലുന്നു.) എവിടെ ആ ചെക്കൻ? ചാടിപ്പോയോ?
ചാത്തുണ്ണിനായർ തലയുയർത്താതെ മൂളുന്നു.
- രാമൻ:
- ഞാൻ പറഞ്ഞില്ലേ തിരിമുറിച്ച കള്ളനാണതു്. (ചാത്തുണ്ണി നായരുടെ കിടപ്പുകണ്ടു്) എന്താ കാലു വേദനിക്കുന്നുണ്ടോ?
ചാത്തുണ്ണിനായർ പതുക്കെ തലപൊക്കി രാമനെ നോക്കുന്നു. ആ കണ്ണുകൾ നനഞ്ഞിട്ടുണ്ടു്. മുഖത്തു കലശലായ വേദനയനുഭവിക്കുന്നതിന്റെ ലക്ഷണമുണ്ടു്.
- രാമൻ:
- ആ കുഴമ്പു തേച്ചിരുന്നെങ്കിലോ? നല്ല വേദനയുണ്ടു് ഇല്ലേ? (നിലത്തു് ഇരുന്നു കാലു പതുക്കെ തലോടുന്നു.)
- ചാത്തുണ്ണി:
- കലശലായ വേദനയുണ്ടു്. അല്ലെങ്കിൽ ഞാൻതന്നെ ഇപ്പഴൊരു വേദനയാണു്.
- രാമൻ:
- (മനസ്സിലാവാത്ത മട്ടിൽ മുഖത്തേക്കു നോക്കുന്നു.) ആ ചെക്കന്റെ പിന്നാലെ ഓടീരുന്നോ?
ചാത്തുണ്ണിനായർ ഇല്ലെന്നർഥത്തിൽ തലയാട്ടുന്നു.
- രാമൻ:
- പിന്നെന്തേ ഇങ്ങനെ വേദനിക്കാൻ?
- ചാത്തുണ്ണി:
- രാമാ, എനിക്കു ദാഹിച്ചിട്ടുവയ്യ. കുറച്ചു വെള്ളം വേണം. രാമൻ എഴുന്നേറ്റു വെള്ളം കൊണ്ടുവരാൻ പോകുന്നു.
- ചാത്തുണ്ണി:
- രാമാ
രാമൻ തിരിഞ്ഞു നില്ക്കുന്നു.
- ചാത്തുണ്ണി:
- ആ പടിവാതിലടച്ചിട്ടുണ്ടോ?
- രാമൻ:
- ഉണ്ടു്. അതുകൊണ്ടു കാര്യമില്ല. വേലി ചാടിക്കടന്നല്ലേ പിള്ളരകത്തു വരുന്നതു്. ഇവിടെ നല്ലൊരു പട്ടിയെ പോറ്റണം.
- ചാത്തുണ്ണി:
- (വിഷാദം പുരണ്ടൊരു ചിരി) വേണ്ട, രാമാ ഉപ്പഴുള്ളതു തന്നെ മതി. നീയൊരു കാര്യം ചെയ്യു്.
രാമൻ ഒന്നും മനസ്സിലാവാതെ മിഴിച്ചുനോക്കുന്നു.
- ചാത്തുണ്ണി:
- നീ ചെന്നു് ആ പടിവാതിലു് തുറന്നിടു്! അതിനി ഒരിക്കലും അടയ്ക്കേണ്ട.
- രാമൻ:
- (അദ്ഭുതത്തോടെ) ഏ?
- ചാത്തുണ്ണി:
- തുറന്നു കിടക്കട്ടെ. ചെല്ല്. അതു ചെയ്തിട്ടു മതി എനിക്കു വെളളം.
രാമൻ തെല്ലിട ശങ്കിച്ചു നില്ക്കുന്നു. ചാത്തുണ്ണിനായരുടെ മുഖത്തു് ഒരു തവണ കൂടി നോക്കുന്നു. പടിവാതിൽ തുറക്കാൻവേണ്ടി പോകുന്നു. ചാത്തുണ്ണിനായർ പഴയപടി തല കട്ടിലിന്റെ തണ്ടിൽ ചാച്ചുവെച്ചു് ഇരിക്കുന്നു.
—യവനിക—