നാലാംരംഗത്തിലെ അതേ സ്ഥലം. രംഗസജ്ജീകരണങ്ങളൊക്കെ അതുതന്നെ. ചാത്തുണ്ണിനായർ കട്ടിലിൽ കിടക്കുന്നു. അരവരെ ഒരു കമ്പിളികൊണ്ടു മൂടീട്ടുണ്ടു്. രാമൻ കാലുഴിയുകയാണു്. രണ്ടുപേരും ഒന്നും സംസാരിക്കുന്നില്ല. അല്പനേരം അങ്ങനെ കഴിയുന്നു. ചാത്തുണ്ണിനായരുടെ കിടപ്പു കണ്ടാൽ നല്ല ഉറക്കമാണെന്നു തോന്നും. രാമൻ കാലുഴിയുന്നതു നിർത്തി ചാത്തുണ്ണിനായരുടെ മുഖത്തേക്കു നോക്കുന്നു. പതുക്കെ വിളിക്കുന്നു.
- രാമൻ:
- പിന്നെയ്… പിന്നെയ്…
ഉത്തരമില്ല; ചലനമില്ല
- രാമൻ:
- (തന്നത്താൻ) ഉറങ്ങീന്നാ തോന്നുന്നതു്. (പതുക്കെ അകത്തേക്കു പോകാൻ തുടങ്ങുന്നു.)
അകലത്തുനിന്നു നേർത്തൊരു വേണുനാദം കേൾക്കുന്നു. രാമൻ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി കൈകൊണ്ടു് നിഷേധാർഥം സൂചിപ്പിക്കുന്നു. അല്പനിമിഷങ്ങൾക്കുള്ളിൽ കൈയിലൊരു ഓടക്കുഴലുമായി ബാബു വരുന്നു.
- ബാബു:
- എത്തി.
- രാമൻ:
- (ശബ്ദം താഴ്ത്തി) പതുക്കെപ്പറയൂ. അദ്ദേഹം ഉറങ്ങ്വാണു്. ശബ്ദമുണ്ടാക്കിയാൽ ഉണരും. എത്ര ദിവസായെന്നോ ഉറങ്ങീട്ടു്! വേദന തന്നെ വേദന.
- ബാബു:
- എന്നാൽ ഞാൻ പൂവ്വാണു്.
- രാമൻ:
- ഞാനിതുവരെ കാലുഴിഞ്ഞുകൊടുത്തു. ആ സുഖംകൊണ്ടു് ഉറങ്ങിയതാവും. ഇങ്ങട്ടു പോന്നോളൂ… അമ്മാമ്മ ഉറങ്ങിക്കോട്ടെ.
ബാബു തലകുലുക്കി സമ്മതിക്കുന്നു. രാമൻ അകത്തേക്കും ബാബു പുറത്തേക്കും പോകുന്നു. രംഗത്തിനു യാതൊരു മാറ്റവുമില്ല. ഉറക്കത്തിനു ശക്തി കൂടുംതോറും ചാത്തുണ്ണിനായരുടെ മാറിടം ശ്വാസഗതികൊണ്ടു വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നതു കാണാം. രംഗത്തിന്റെ നിറം മങ്ങിവരുന്നു. ക്രമേണ എങ്ങുമൊരു ഇളംനീല നിറം പരക്കുന്നു. പശ്ചാത്തലത്തിൽ നേർത്തൊരു സംഗീതം. ചാത്തുണ്ണിനായരുടെ ശ്വാസഗതി വേഗത്തിലാവുന്നു. പെട്ടെന്നു വാതിൽ കടന്നു കാർത്ത്യായനി അമ്മപുറത്തേക്കു വരുന്നു. മൂന്നാംരംഗത്തിൽ കണ്ട സ്ത്രീയാണു്. പക്ഷേ, പ്രായത്തിനു വ്യത്യാസമുണ്ടു്. ഒരു ഇരുപതു കൊല്ലം ചുരുങ്ങിയിരിക്കുന്നു. നല്ലൊരു സാരിചുറ്റിയിരിക്കുന്നു. കൂടെ ഒന്നാംരംഗത്തിൽ പ്രത്യക്ഷപ്പെട്ട ബാബുവുമുണ്ടു്. വളരെ ഓമനിച്ചും താലോലിച്ചും വളർത്തുന്ന കുട്ടിയെപ്പോലെ ബാബുവിനെ കെട്ടിച്ചമയിക്കണം. വേഷാലങ്കാരങ്ങൾ പുതിയതും മോടിയുള്ളതുമായിരിക്കണം. കാർത്ത്യായനി അമ്മയും ബാബുവും മറ്റു കഥാപാത്രങ്ങളുടെ നിലയിൽ രംഗത്തു പെരുമാറാൻ പാടില്ല. ആ നീലവെളിച്ചത്തിലൂടെ അധികം അംഗചലനങ്ങളൊന്നുമില്ലാതെ പതുക്കെയാണവർ ചാത്തുണ്ണിനായരെ സമീപിക്കുന്നതു്. ഏതാണ്ടു് ഒഴുകിവരുന്ന മട്ടിൽ. രണ്ടുപേരും കട്ടിലിനടുത്തെത്തിയപ്പോൾ ചാത്തുണ്ണിനായരുടെ ശ്വാസഗതി ഒന്നുകൂടി വേഗത്തിലാവുന്നു. തല അങ്ങട്ടുമിങ്ങട്ടും ഇളക്കുന്നു. തിരിഞ്ഞുകിടക്കാൻ ഭാവിക്കുന്നു. പക്ഷേ, കഴിയുന്നില്ല. കാർത്ത്യായനി അമ്മയും ബാബുവും ഒരു നേർവരയിലെന്നപോലെ കട്ടിലിന്റെ ഒരു ഭാഗത്തു നില്ക്കുന്നു. ചാത്തുണ്ണിനായർ കാലുവെച്ച ഭാഗത്താണു്. നേരെ വടിപോലെയാണു് നില്പു്. ശരീരം തീരെ ചലിക്കുന്നില്ല. നോട്ടം മുൻപോട്ടുമാത്രം. തല ഇരുവശങ്ങളിലേക്കും ഇളക്കുന്നില്ല.
- കാർത്ത്യായനി അമ്മ:
- (ശരീരം ഇളക്കാതെ ഒരു യുവതിയുടെ സ്വരത്തിൽ) എന്താ സുഖമില്ലേ?
- ചാത്തുണ്ണി:
- (സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയെന്നപോലെ) ഏ? എന്തു്?
- കാർത്ത്യായനി അമ്മ:
- സുഖമില്ലേ?
- ചാത്തുണ്ണി:
- ഇല്ല. തീരെ വയ്യ…
- കാർത്ത്യായനി അമ്മ:
- എന്താ?
- ചാത്തുണ്ണി:
- കാലിനു തീരെ വയ്യ… നീ വന്നതു നന്നായി… ഏ? ഇല്ലേ?
- കാർത്ത്യായനി അമ്മ:
- നന്നായി.
- ചാത്തുണ്ണി:
- കുട്ടികളൊക്കെ തടിച്ചിട്ടുണ്ടോ?
- കാർത്ത്യായനി അമ്മ:
- ഏതായാലും മെലിഞ്ഞിട്ടില്ല; ഇപ്പഴെങ്കിലും വാശി മതിയാക്കാറായില്ലേ? എന്തിനും വാശി! വാശികൊണ്ടാ ഇതൊക്കെ വന്നതു്?
- ചാത്തുണ്ണി:
- എന്തു് നീയെന്താ പറയുന്നതു്?
- കാർത്ത്യായനി അമ്മ:
- വാശി… വാശി… വേണ്ടാത്ത വാശി…
- ചാത്തുണ്ണി:
- (ആ വാക്കുകൾ ആവർത്തിക്കുന്നു.) വാശി, വാശി, വാശി.
അങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു് അകലത്തെവിടെയോ നിന്നു നാഗസ്വരത്തിന്റെ ശബ്ദം കേൾക്കുന്നു. അതു് ഉച്ചത്തിൽ മുഴങ്ങുന്നു. പെട്ടെന്നു രംഗമാകെ ഇരുളുന്നു. ചാത്തുണ്ണിനായരുടെ തലയ്ക്കു പിന്നിൽ—അല്പം മാറി വൃത്താകൃതിയിൽ ഒരു ചെറിയ വെളിച്ചം. ആ വെളിച്ചത്തിൽ കഴുത്തിൽ പൂമാലയുമിട്ടു കല്യാണവേഷവുമണിഞ്ഞു മുന്നാംരംഗത്തിൽ കണ്ട വിജയൻ നില്ക്കുന്നു. നാഗസ്വരം നിലയ്ക്കുന്നു.
- ചാത്തുണ്ണി:
- (ബീഭത്സമായൊരു ശബ്ദം പുറത്തുവിടുന്നു. തുടർന്നു ശകാരവും).പോ ഫെ… കടന്നുഫോ… നീയെന്റെ മകനല്ല. ഫോ ഫോ… (രംഗം മുഴുവനായി ഇരുളുന്നു. അകത്തു നിന്നു രാമന്റെ ശബ്ദം ഉറക്കെ കേൾക്കുന്നു.)
- രാമൻ:
- (അണിയറയിൽനിന്നു്) ആരാ അവിടെ എന്താതു്?
രംഗം തുടക്കത്തിലെന്നപോലെ പ്രകാശമാനമാവുന്നു.
- രാമൻ:
- (ബദ്ധപ്പെട്ടു് കടന്നുവരുന്നു.) ആരോടാണു് ദേഷ്യപ്പെട്ടതു്. ഏ! (ഉറക്കെ വിളിക്കുന്നു.)
ചാത്തുണ്ണിനായർ തലപൊക്കി നോക്കുന്നു.
- രാമൻ:
- ഇവിടെ ആരേ വന്നതു്?
- ചാത്തുണ്ണി:
- (കിതപ്പു നല്ലപോലെ ഒതുങ്ങീട്ടില്ല. ശബ്ദം ഇടറുന്നുണ്ടു്.) ആരും വന്നില്ല.
- രാമൻ:
- ദേഷ്യപ്പെട്ടതു് പിന്നെ ആരോടായിരുന്നു.
- ചാത്തുണ്ണി:
- ഉം. (ആരോടുമില്ലെന്ന അർത്ഥത്തിൽ മൂളുന്നു.)
- രാമൻ:
- ഉറക്കത്തു പറഞ്ഞതാണോ?
- ചാത്തുണ്ണി:
- ഉം. (അനുസരിച്ചു് മൂളുന്നു.)
- രാമൻ:
- പകലെങ്കിൽ പകൽ, കുറച്ചുറങ്ങിയാൽ നന്നായിരുന്നു. ഉറക്കത്തു വല്ലതും കണ്ടൊ?
- ചാത്തുണ്ണി:
- ഉം. (സമ്മതിച്ചു മൂളുന്നു.)
- രാമൻ:
- കുറച്ചെരു ഉറക്കം കിട്ട്യേതു് അങ്ങനേയും പോയി. പകലുറങ്ങുന്നതു ദോഷായിരിക്കും. ഇനീന്നാലുറങ്ങേണ്ട.
ചാത്തുണ്ണിനായർ മിണ്ടുന്നില്ല. വീണ്ടും അകലത്തുനിന്നു വേണുഗാനം കേൾക്കുന്നു. ചാത്തുണ്ണിനായർ തല പൊക്കുന്നു.
- ചാത്തുണ്ണി:
- (അവശസ്വരത്തിൽ) രാമാ…
- രാമൻ:
- ഓ!
- ചാത്തുണ്ണി:
- (പ്രയാസപ്പെട്ടു എഴുന്നേല്ക്കുന്നു. തലയണയെടുത്തു കട്ടിലിന്റെ തണ്ടിൽ ചാരുന്നു. എന്നിട്ടു് ചാരിയിരിക്കുന്നു. ഓടക്കുഴലിന്റെ ശബ്ദം കേട്ട ഭാഗത്തേക്കു ചുണ്ടി) നീയാ കുട്ടിയെ, വിജയനെ ഒന്നു വിളിച്ചുകൊണ്ടുവാ.
രാമൻ പുറത്തേക്കു പോകുന്നു. ചാത്തുണ്ണിനായർ ഓടക്കുഴലിന്റെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്കു് ഇമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്നു. രാമനും പിന്നാലെ ബാബുവും കടന്നുവരുന്നു. രാമൻ അകത്തക്കു പോകുന്നു. ബാബു കുറച്ചു വിട്ടുനില്ക്കുന്നു. ചാത്തുണ്ണിനായർ പ്രയാസപ്പെട്ടു് ഒന്നു ചിരിക്കുന്നു.
- ചാത്തുണ്ണി:
- വരു, മോനേ; ഇങ്ങട്ടു വരൂ.
- ബാബു:
- (ചാത്തുണ്ണിനായരെ സൂക്ഷിച്ചുനോക്കി) അമ്മാമ്മയ്ക്കെന്താ, സുഖക്കേടധികാണോ?
- ചാത്തുണ്ണി:
- അധികായിരുന്നു. ഇപ്പോൾ ഭേദമുണ്ടു്.
- ബാബു:
- അതെങ്ങിനെ?
- ചാത്തുണ്ണി:
- നിന്നെ കണ്ടതുകൊണ്ടു്.
- ബാബു:
- ഞാനെന്താ സുഖക്കേടിനുള്ള മരുന്നാണോ?
- ചാത്തുണ്ണി:
- എന്റെ സുഖക്കേടിനുള്ള മരുന്നു നീയാണു്. നീ അടുത്തു വരു. (കൈ നീട്ടുന്നു.)
- ബാബു:
- വേണ്ട.
- ചാത്തുണ്ണി:
- നീയെന്റെ മടിയിൽ വന്നിരിക്കൂ.
ബാബു നിഷേധാർഥത്തിൻ തലയാട്ടുന്നു.
- ചാത്തുണ്ണി:
- ഇങ്ങടുത്തു വരു. നീയെന്റെ മടിയിലിരിക്കുമെന്നു് പറഞ്ഞിട്ടില്ലേ?
- ബാബു:
- ഇരിക്കും.
- ചാത്തുണ്ണി:
- എപ്പോൾ?
- ബാബു:
- ആയിട്ടില്ല
- ചാത്തുണ്ണി:
- നിനക്കെന്നെ വിശ്വാസമായിട്ടില്ലേ, ഇല്ലേ മോനേ?
- ബാബു:
- അതേ… അതുപിന്നെ… അമ്മാമ്മയ്ക്കു കുട്ടികളെ ഇഷ്ടമല്ല
- ചാത്തുണ്ണി:
- ആരു പറഞ്ഞു നിന്നോടിതു് വിജയാ? കളവാണു്, മോനെ അതൊക്കെ.
- ബാബു:
- അല്ല, നേരാണു്. ഇഷ്ടാണെങ്കിൽ നിങ്ങൾ നിങ്ങളുടെ മക്കളെ… (പറഞ്ഞുതീരുന്നതിനുമുൻപു് ചാത്തുണ്ണിഹെഡ് ചെവിചൊത്തുന്നു. മുഖത്തു ദുസ്സഹമായ വേദന നിഴലിക്കുന്നു.)
- ചാത്തുണ്ണി:
- ഇല്ല. ഞാനാരേം അടിച്ചോടിച്ചിട്ടില്ല; എന്റെ വിജയനെങ്കിലും അതു് വിശ്വസിക്കില്ല?
- ബാബു:
- നിങ്ങളെന്താ എന്നെ വിജയനെന്നു വിളിക്കുന്നതു്?
- ചാത്തുണ്ണി:
- എനിക്കങ്ങനെ വിളിക്കാനാണിഷ്ടാ!
- ബാബു:
- എനിക്കു ബാബൂന്നു വിളിച്ചുകേൾക്കാനാണിഷ്ടം! വിജയൻ അതു പൊട്ടപ്പേരാണു്.
ചാത്തുണ്ണിനായർ എന്തോ ആലോചിച്ചു നെടുവീർപ്പിടുന്നു.
- ബാബു:
- അല്ലേ പൊട്ടപ്പേരല്ലേ?
- ചാത്തുണ്ണി:
- (സ്വപ്നത്തിലെന്നപോലെ) അല്ല… (വീണ്ടും വിജയന്റെ നേരെ കൈ നീട്ടി) നീ വിരില്ലേ? എന്റെ കാലിനു സുഖമുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ വാരിയെടുത്തു് എന്റെ മടിയിലിരുത്തുമായിരുന്നു.
- ബാബു:
- (രണ്ടടി പിന്നാക്കം നിന്നു്) നിങ്ങളുടെ കാലിനുസുഖമില്ലെന്നറിഞ്ഞുതുകൊണ്ടാണു് ഞാനിവിടെ വന്നതു്. അല്ലെങ്കിൽ വരില്ലായിരുന്നു.
- ചാത്തുണ്ണി:
- കഷ്ടം! (തൊണ്ടയിടറുന്നു.) നിനക്കെന്നോടു സ്നേഹമില്ല അല്ലേ (കണ്ണിൽ വെള്ളം നിറയുന്നു. ബാബുവിനെത്തന്നെ ദയനീയമായി നോക്കുന്നു.)
- ബാബു:
- അല്ലേ, നിങ്ങൾ കരയുന്നോ?
ചാത്തുണ്ണിനായർ കണ്ണു തുടയ്ക്കുന്നു.
- ബാബു:
- ഞാനടുത്തുവരാഞ്ഞിട്ടാണോ കരയുന്നതു്?
ചാത്തുണ്ണിനായർ ബാബുവിന്റെ മുഖത്തുനിന്നു കണ്ണു പറിക്കാതെ തലകുലുക്കുന്നു; അതേ എന്ന അർത്ഥത്തിൽ.
- ബാബു:
- എന്നാൽ ഞാൻ അടുത്തുവരാം; മടിയിലിരിക്കില്ല.
- ചാത്തുണ്ണി:
- (തൊണ്ടയിടറി) വേണ്ട.
ബാബു ശങ്കിച്ചു ശങ്കിച്ചു് അടുത്തുചെല്ലുന്നു.
- ചാത്തുണ്ണി:
- (ആശ്വാസഭാവത്തിൽ ബാബുവിന്റെ പുറം തലോടുന്നു.) അമ്മാമേടെ മടീലിരിക്കാൻ വിരോധമാണെങ്കിൽ ഇതാ ഈ കട്ടിലിലിരുന്നോളൂ.
- ബാബു:
- വേണ്ട, ഇവിടെ നിന്നാൽ മതി
- ചാത്തുണ്ണി:
- മോനേ, നിനക്കിപ്പഴെന്നെ വിശ്വാസമായില്ലേ…
ബാബു സമ്മതഭാവത്തിൽ തലകുലുക്കുന്നു.
- ചാത്തുണ്ണി:
- ഞാനാരേം ദ്രോഹിക്കില്ല. നീ കുറച്ചുകൂടി അടുത്തേക്കു നില്ക്കു.
ബാബു അടുത്തേക്കു നില്ക്കുന്നു. ചാത്തുണ്ണിനായർ ബാബുവിനെ നെഞ്ചോടടുപ്പിച്ചു മൂർധാവിൽ മുകരുന്നു. കണ്ണിൽനിന്നു വെള്ളം ധാരയായൊഴുകുന്നു.
- ബാബു:
- എന്തിനാ അമ്മാമ്മ കരയുന്നതു്?
- ചാത്തുണ്ണി:
- ഊഹും. (നിഷേധാർഥത്തിൽ തലയാട്ടുന്നു.)
- ബാബു:
- (ചാത്തുണ്ണിനായരുടെ മുഖത്തേക്കു നോക്കി) ഞാൻ മടിയിലിരിക്കാഞ്ഞിട്ടാണോ?
ചാത്തുണ്ണിനായർ ഒന്നും മിണ്ടുന്നില്ല. നിശ്ചലനായിരിക്കുന്നു.
- ബാബു:
- ഞാൻ മടിയിലിരുന്നാൽ അമ്മാമേടെ കാലു് വേദനിക്കില്ലേ?
- ചാത്തുണ്ണി:
- ഇല്ല മോനേ; അമ്മാമേടെ വേദന മാറും.
- ബാബു:
- എന്നാൽ ഞാനിരിക്കാം. (മടിയിൽ കേറിയിരിക്കുന്നു.)
ചാത്തുണ്ണിനായർ ബാബുവിനെ കെട്ടിപ്പിടിച്ചു തെരുതെരെ മൂർധാവിൽ ചുംബിക്കുന്നു. കണ്ണിൽനിന്നു വെള്ളം ധാരധാരയായൊഴുകുന്നു.
- ബാബു:
- അമ്മാമ്മ എന്തിനാ കരയുന്നതു്
ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- ബാബു:
- കാലു വേദനിച്ചിട്ടാണോ?
പിന്നെയും ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- ബാബു:
- ആയിരിക്കും. ഞാനെഴുന്നേറ്റുകളയാം.
- ചാത്തുണ്ണി:
- (ബാബുവിനെ പിടിച്ചുനിർത്തി) അല്ല മോനേ; മോനിരുന്നോളൂ.
- ബാബു:
- അമ്മാമേടെ കാലിനു ചികിത്സയൊന്നും ചെയ്യുന്നില്ലേ.
- ചാത്തുണ്ണി:
- ഇല്ല.
- ബാബു:
- അതെന്താ, ചികിത്സ ചെയ്യാത്തതു്?
- ചാത്തുണ്ണി:
- ഒന്നും വേണ്ടാഞ്ഞിട്ടുതന്നെ. നീ ദിവസോം വന്നു് അമ്മാമേടെ മടിയിൽ കുറച്ചിങ്ങനെയിരുന്നാൽ ചികിത്സിക്കാതെ തന്നെ അമ്മാമ്മയ്ക്കിതുമാറും.
- ബാബു:
- എന്നാൽ ഞാൻ ദിവസോം വന്നിരിക്കാം. അമ്മാമേടെ മക്കളിരിക്കാത്തതുകൊണ്ടാണോ ഈ സുഖക്കേടു് വന്നതു്?)
ചാത്തുണ്ണിനായർ ചുണ്ടു കടിച്ചമർത്തി ദുഃഖം അടക്കുന്നു. നെഞ്ചുഴിയുന്നു.
- ബാബു:
- അമ്മാമേടെ നെഞ്ചിനും വേദനയുണ്ടോ?
- ചാത്തുണ്ണി:
- (തൊണ്ടയിടറി) നെഞ്ചിനാണധികം വേദന.
- ബാബു:
- (ചാടിയിറങ്ങി) ഞാനുഴിഞ്ഞുതരാം. (ചാത്തുണ്ണിനായർ ഉഴിഞ്ഞ സ്ഥലത്തു തൊട്ടു്) ഇവിടെയല്ലേ വേദന?
- ചാത്തുണ്ണി:
- അതേ.
ബാബു ഉഴിഞ്ഞുകൊടുക്കുന്നു. ചാത്തുണ്ണിനായർ കണ്ണടച്ചിരിക്കുന്നു.
- ബാബു:
- സുഖമില്ലേ അമ്മാമേ?
- ചാത്തുണ്ണി:
- ഉണ്ടു്.
- ബാബു:
- പുറത്തു വേദനയുണ്ടോ?
- ചാത്തുണ്ണി:
- അതു സാരമില്ല, അകത്താണു് കലശലായ വേദന.
- ബാബു:
- അകത്തുഴിയാൻ കഴിയില്ലല്ലോ, അമ്മാമേ.
- ചാത്തുണ്ണി:
- നീ ഉഴിയുമ്പോൾ അകത്തേ വേദനകൂടി മാറുന്നുണ്ടു്. ആട്ടെ സതിയെന്തുകൊണ്ടു് വന്നില്ല.
- ബാബു:
- അവൾക്കു് നല്ല സുഖമില്ല; ജലദോഷമാണു്.
- ചാത്തുണ്ണി:
- അവൾ വരാഞ്ഞതു് കഷ്ടമായി
- ബാബു:
- ഏ? എന്താണമ്മാമേ?
- ചാത്തുണ്ണി:
- നിങ്ങൾക്കു രണ്ടാൾക്കും ഞാനിന്നു സമ്മാനം തരാൻ തീരുമാനിച്ചിരുന്നു.
- ബാബു:
- എന്തു സമ്മാനം?
- ചാത്തുണ്ണി:
- അതു പറയില്ല, സതികൂടി വരട്ടെ.
- ബാബു:
- അതു ഞാൻ സമ്മതിക്കില്ല; എന്റേതെനിക്കു കിട്ടണം.
- ചാത്തുണ്ണി:
- നിർബന്ധമാണോ?
- ബാബു:
- അതേ.
- ചാത്തുണ്ണി:
- എന്നാലിവിടെ നില്ക്കൂ. (പ്രയാസപ്പെട്ടു എഴുന്നേറ്റു് അകത്തു പോവാൻ തുടങ്ങുന്നു. നടക്കാൻ തീരെ വയ്യ. ഒന്നു രണ്ടടിവെച്ചു കലശലായ വേദന സഹിക്കുന്നു.)
- ബാബു:
- വേണ്ടമ്മാമേ; അമ്മാമ്മയ്ക്കു നടക്കാൻ വയ്യ.
- ചാത്തുണ്ണി:
- നിനക്കു സമ്മാനം വേണ്ടേ?
- ബാബു:
- വേണ്ട.
- ചാത്തുണ്ണി:
- എന്നാൽ നീയൊരു കാര്യം ചെയ്യൂ. അകത്തു പോയി അകത്തെ മേശപ്പുറത്തു ചെറിയൊരു സഞ്ചിയുണ്ടു്. അതിങ്ങട്ടെടുത്തുകൊണ്ടുവരൂ…
ബാബു അകത്തേക്കോടിപ്പോകുന്നു. ചാത്തുണ്ണിനായർ പ്രയാസപ്പെട്ടു വീണ്ടും കട്ടിലിലേക്കു തിരിച്ചുപോകുന്നു. ബാബു തിരിച്ചുവന്നു വാതിലിനടുത്തു നില്ക്കുന്നു.
- ചാത്തുണ്ണി:
- സഞ്ചി കണ്ടില്ലേ?
ബാബു ഇല്ലെന്ന അർത്ഥത്തിൽ തലകുലുക്കുന്നു; പക്ഷേ, മുഖത്തൊരു കള്ളച്ചിരിയുണ്ടു്.
- ചാത്തുണ്ണി:
- മേശപ്പുറത്തു നോക്കിയോ?
- ബാബു:
- നോക്കി.
- ചാത്തുണ്ണി:
- കണ്ടില്ലേ.
- ബാബു:
- ഇല്ല (അടുത്തേക്കു ചെല്ലുന്നു.)
- ചാത്തുണ്ണി:
- എന്നാൽ ഞാൻതന്നെ എടുത്തുകൊണ്ടുവരാം.
- ബാബു:
- (ചിരിച്ചുകൊണ്ടു്) വേണ്ടമ്മാമേ.
- ചാത്തുണ്ണി:
- (അല്പം ചിരിയോടെ) എന്നാൽ നിനക്കു കിട്ടീട്ടുണ്ടു്. സഞ്ചിയെവിടെ?
ബാബു ട്രൗസറിന്റെ മുഴച്ചുനില്ക്കുന്ന കീശ രണ്ടും തൊട്ടുകാണിക്കുന്നു.
- ചാത്തുണ്ണി:
- മിടുക്കൻതന്നെ. മുഴുവനും നീയെടുത്തോ?
ബാബു തലകുലുക്കുന്നു.
- ചാത്തുണ്ണി:
- അതു പറ്റില്ല; സതിക്കു കൊടുക്കണം. അവളുടെ ഓഹരി അവിടെ കൊണ്ടുവയ്ക്കൂ.
- ബാബു:
- (പോക്കറ്റിൽനിന്നു നല്ലപോലെ പഴുത്ത ഒരു പേരയ്ക്കയെടുത്തു നോക്കി) ആയ്, എത്ര വലിയ പഴം! (ചാത്തുണ്ണി നായരുടെ സമീപത്തേക്കു ചെല്ലുന്നു.)
- ചാത്തുണ്ണി:
- അതു മുഴുവൻ നീ തിന്നാൻ പറ്റില്ല; സതിക്കു കൊടുക്കണം.
- ബാബു:
- അമ്മാമേ, സതീടെ ജലദോഷം മാറുമ്പോഴേക്കു് ഇതു കെട്ടുപോകും.
- ചാത്തുണ്ണി:
- എന്നാൽ മുഴുവനും നീയെടുത്തോളു. സതിക്കു് ഇനി പഴുത്തിട്ടു് കൊടുക്കാം.
- ബാബു:
- (പഴം കഴിക്കാൻ നോക്കി പെട്ടെന്നു നിർത്തീട്ടു്) അമ്മമ്മേ അമ്മാമ്മ പേരയ്ക്ക തിന്നാറില്ലേ?
- ചാത്തുണ്ണി:
- ഇല്ല.
- ബാബു:
- അതെന്താ അമ്മാമ്മേ?
- ചാത്തുണ്ണി:
- ഒന്നും ഉണ്ടായിട്ടല്ല;
- ബാബു:
- എന്നാൽ അമ്മാമ്മയിന്നു തിന്നണം.
- ചാത്തുണ്ണി:
- എന്റെ വിജയൻ തന്നാൽ തിന്നാം.
- ബാബു:
- (കട്ടിലിൽ ചാത്തുണ്ണിനായരുടെ അരികിൽ കേറിയിരുന്നു കള്ളക്കണ്ണിട്ടു നോക്കിക്കൊണ്ടു്.) പിന്നേം അമ്മാമ്മ എന്നെ വിജയനെന്നു വിളിക്കുന്നു?
- ചാത്തുണ്ണി:
- എനിക്കങ്ങനെ വിളിക്കാനാണിഷ്ടം.
- ബാബു:
- ആഹാ… എന്നാൽ ഇതാ നോക്കിക്കോളൂ… (പേരയ്ക്കയുടെ ഒരു പാതി തോടുകളഞ്ഞു്) ഉം. അമ്മാമ്മ വായ തുറക്കൂ.
- ചാത്തുണ്ണി:
- വേണ്ട, വിജയൻ തിന്നു.
- ബാബു:
- അമ്മാമ്മ തിന്നല്ലാതെ ഞാൻ തിന്നില്ല.
ചാത്തുണ്ണിനായർ ഒന്നും മിണ്ടാതെ ഇരിക്കുന്നു. ബാബു ചാത്തുണ്ണിനായരുടെ താടി പിടിച്ചു വായ പൊളിച്ചു് അതിൽ ഒരു കഷണം പേരയ്ക്ക വെച്ചുകൊടുക്കുന്നു. ബാക്കി കഷണം തന്റെ വായിലേക്കിട്ടു ചവയ്ക്കാൻ തുടങ്ങുന്നു. ചാത്തുണ്ണി നായർ പതുക്കെ ചവയ്ക്കുന്നു. എന്തൊക്കെയോ പഴയ ആലോചനകൾ മനസ്സിൽ തിങ്ങിവിങ്ങുന്നു. മുഖത്തു ദുഃഖച്ഛായ പരക്കുന്നു. കണ്ണിൽ വെള്ളം നിറയുന്നു. അതു കവിളിലൂടെ ഒഴുകിവീഴാൻ തുടങ്ങുന്നു.
- ബാബു:
- എന്തു കടുംമധുരം! പഞ്ചാരപ്പഴംതന്നെ… അമ്മാമേ, പേരയ്ക്ക തിന്നുമ്പോഴും അമ്മാമ്മയ്ക്കു വേദനയുണ്ടു്?
- ചാത്തുണ്ണി:
- എല്ലായ്പോഴും വേദനയാണു്.
- ബാബു:
- എന്നാൽ ഞാൻ ചെന്നു വീട്ടിൽ വല്ല മരുന്നുമുണ്ടൊ എന്നു ചോദിക്കട്ടെ.
- ചാത്തുണ്ണി:
- വേണ്ട, മോനേ വേണ്ട. അമ്മാമ്മയ്ക്കതങ്ങു മാറും. (പിടിച്ചടുപ്പിച്ചു് മൂർധാവിൽ ചുംബിക്കുന്നു.)
- ബാബു:
- അമ്മാമേ ഞാൻ പോയി കൊണ്ടുവരാം.
- ചാത്തുണ്ണി:
- (മുഖമുയർത്തി) പോയാൽ വരണം കേട്ടൊ. അമ്മാമ്മ കാത്തിരിക്കും.
- ബാബു:
- (ചാടിയെണീറ്റു്) വേഗത്തിൽ വരും.
- ചാത്തുണ്ണി:
- വീട്ടിൽ മരുന്നിനൊന്നും ചോദിക്കരുതേ?
- ബാബു:
- അതെന്താ, അമ്മാമേ?
- ചാത്തുണ്ണി:
- അമ്മാമ്മയ്ക്കു് വേണ്ടാഞ്ഞിട്ടാണു്. മരുന്നൊക്കെ ഇവിടെയുണ്ടു്.
- ബാബു:
- ഉണ്ടോ?
- ചാത്തുണ്ണി:
- ഉണ്ടു്.
- ബാബു:
- എന്നിട്ടെന്തേ അമ്മാമ്മ കഴിക്കാത്തതു്?
- ചാത്തുണ്ണി:
- സമയമായാൽ അമ്മാമ്മ എടുത്തു കഴിച്ചോളും. വിജയൻ വീട്ടിൽ പോയിട്ടു വരൂ.
- ബാബു:
- എന്നാൽ ഞാൻ ചോദിക്കുന്നില്ല. (ഒന്നുരണ്ടടി നടന്നു തിരിഞ്ഞുനിന്നു്) അമ്മാമ്മ മരുന്നെടുത്തു് കഴിക്കണേ?
ചാത്തുണ്ണിനായർ തലകുലുക്കുന്നു. ബാബു പോകുന്നു.
- ചാത്തുണ്ണി:
- (ബാബു പോയ വഴിതന്നെ നോക്കി കുറേനേരം അനങ്ങാതിരിക്കുന്നു. എന്നിട്ടു കണ്ണു തുടയ്ക്കുന്നു. അല്പം കഴിഞ്ഞു് അകത്തേക്കു നോക്കി വിളിക്കുന്നു.) രാമാ… രാമാ…
രാമൻ ബദ്ധപ്പെട്ടു് വന്നു നില്ക്കുന്നു.
- ചാത്തുണ്ണി:
- പിന്നേയ്… (എന്തോ പറയാൻ ഭാവിച്ചു് നിർത്തുന്നു)
രാമൻ ഉത്കണ്ഠയോടെ മുഖത്തു നോക്കുന്നു.
- ചാത്തുണ്ണി:
- പിന്നെ… ആ കമ്പി വന്നതു്… ഏതു ദിവസമായിരുന്നു… നിനക്കോർമയുണ്ടോ?
- രാമൻ:
- (മനസ്സിലാവാത്ത മട്ടിൽ) ഏതു കമ്പി?
- ചാത്തുണ്ണി:
- എടാ അന്നൊരു കമ്പി വന്നില്ലേ…
- രാമൻ:
- ആരുടെ കമ്പി?
- ചാത്തുണ്ണി:
- വിജയന്റെ കമ്പി… അവന്റെ…
- രാമൻ:
- (സന്തോഷിച്ചു്) അതതേ… കുട്ടി പിറന്ന വിവരത്തിനുള്ള കമ്പിയല്ലേ?
- ചാത്തുണ്ണി:
- അതേ, ആ കമ്പിതന്നെ.
- രാമൻ:
- അതു ഞാൻ വെച്ചിടുണ്ടു്. എടുത്തുകൊണ്ടുവരാം.
- ചാത്തുണ്ണി:
- വേണ്ട. അവനിന്നൊരു കത്തെഴുതണം… (മിണ്ടാതെ അല്പനേരം ആലോചിക്കുന്നു.) വേണ്ടേ രാമാ?
- രാമൻ:
- വേണം. നിശ്ച്യായിട്ടും വേണം.
ചാത്തുണ്ണിനായർ പിന്നേയും ആലോചനാമഗ്നനായി മിണ്ടാതിരിക്കുന്നു.
- രാമൻ:
- എന്തു വിവരത്തിനാ എഴുതുന്നതു്?
- ചാത്തുണ്ണി:
- (ഉറക്കത്തിൽനിന്നു ഞെട്ടിയിട്ടെന്നപോലെ) ഏ? എന്താ നീ ചോദിച്ചതു്?
- രാമൻ:
- എന്തു വിവരത്തിനാ എഴുതുന്നതു്?
- ചാത്തുണ്ണി:
- (പിന്നേയും ആലോചിക്കുന്നു. തന്നോടെന്നപോലെ പറയുന്നു.) ഇന്നുതന്നെ എഴുതിക്കളയാം. ഇനി താമസിക്കേണ്ട.
- രാമൻ:
- (ബദ്ധപ്പെട്ടു്) ഞാൻ ചെന്നു കടലാസ്സും മഷീം എടുത്തു കൊണ്ടുവരാം.
- ചാത്തുണ്ണി:
- അവിടെ നില്ക്കു്. ആ കമ്പി വന്നതു് എന്നായിരുന്നു?
- രാമൻ:
- കഴിഞ്ഞ മാസം ഒന്നാം തീയതി പെൻഷ്യൻ കിട്ടിയ ദിവസം.
- ചാത്തുണ്ണി:
- (മൂളുന്നു.) ഉം. ഇന്നു പതിനെട്ടല്ലേ രാമാ, തീയതി?
- രാമൻ:
- അതെ.
- ചാത്തുണ്ണി:
- കഴിഞ്ഞമാസം മുപ്പതു്. ഈ മാസം പതിനെട്ടു് നാല്പത്തെട്ടു ദിവസമായി. ഇനിയവർക്കു വന്നൂടെ?
- രാമൻ:
- (അമ്പരന്നു മിഴിക്കുന്നു) ആർക്കു്?
- ചാത്തുണ്ണി:
- (ഒന്നും കേൾക്കാത്ത മട്ടിൽ) ഇപ്പോൾ പുറപ്പെടാൻ വിരോധണ്ടാവില്ല. (പഴയ ഉത്സാഹത്തോടെ എഴുന്നേല്ക്കാൻ തുടങ്ങുന്നു) രാമാ അകത്തുചെന്നിരുന്നിട്ടു കത്തെഴുതാം. (കാലുകുത്തി എഴുന്നേൽക്കാൻ തുടങ്ങുന്നു. വേദന സഹിക്കുന്നില്ല.)
- രാമൻ:
- ഞാൻ പിടിക്കാം. (ചേർന്നുനില്ക്കുന്നു.)
ചാത്തുണ്ണിനായർ രാമന്റെ തോളിൽ കൈ ചേർക്കുന്നു.
—യവനിക—