അഞ്ചാംരംഗത്തിലെ സ്ഥലംതന്നെ. ചാത്തുണ്ണിനായർ കട്ടിലിൽ ചാരിയിരിക്കുന്നു. വിചാരമഗ്നനാണു്. സമീപത്തെവിടെയോനിന്നു കുട്ടികളാരോ കൃത്രിമമായി പൂച്ച കരയുന്ന ശബ്ദം. ചാത്തുണ്ണിനായർ അതു ശ്രദ്ധിക്കുന്നു.
- ബാബു:
- (അല്പം അകലെ ഒളിഞ്ഞുനിന്നു്) മ്യാവു, മ്യാവു…
ചാത്തുണ്ണിനായർ പതുക്കെ ഒന്നു് ചിരിക്കുന്നു.
- ബാബു:
- (വീണ്ടും ശബ്ദം) മ്യാ.
ചാത്തുണ്ണിനായർ ശബ്ദം പുറപ്പെടുന്ന സ്ഥലത്തേക്കു നോക്കി വീണ്ടും ചിരിക്കുന്നു.
- ബാബു:
- (അതേ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു വരുന്നു.) മ്യാ, മ്യാ… (കട്ടിലിനരികിലേക്കു് വന്നു്) അമ്മാമേ, ഇതെന്താണെന്നറിയാമോ ഈ ശബ്ദം?
- ചാത്തുണ്ണി:
- (മന്ദഹസിച്ചു.) രണ്ടു കാലുക്കൂ ഒരു പുച്ചക്കുട്ടിയുടെ ശബ്ദം.
- ബാബു:
- ഈ ശബ്ദം കുറുഞ്ഞിപ്പൂച്ചേടേതോ, കണ്ടം പൂച്ചേടേതോ? പറയൂ! അതാണു് ചോദിച്ചതു്.
- ചാത്തുണ്ണി:
- കണ്ടംപൂച്ചേടെ.
- ബാബു:
- അല്ല! കുറിഞ്ഞിപ്പൂച്ചേടെ ശബ്ദാണു്. അമ്മാമ്മയ്ക്കു് കാണണോ കുറിഞ്ഞിപ്പൂച്ചയെ?
- ചാത്തുണ്ണി:
- കാണണം.
ബാബു താൻ വന്ന വഴിയിലേക്കു വിരൽചൂണ്ടി കണ്ണിറുക്കി, കുസൃതിച്ചിരി ചിരിക്കുന്നു. ചാത്തുണ്ണിനായരുടെ മുഖം സന്തോഷംകൊണ്ടു് കൂടുതൽ വികസിക്കുന്നു. സതി, ഒന്നാംരംഗത്തിൽ ബാബുവിനൊപ്പം സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്നതായിക്കണ്ട പെണ്‍കുട്ടി, പതുക്കെ അല്പമൊരു ലജ്ജയും പരിഭ്രമവുമുള്ള മട്ടിൽ കടന്നുവരുന്നു.
- ബാബു:
- ഇതാ, ഇതാണമ്മാമേ, കുറിഞ്ഞിപ്പൂച്ച.
- സതി:
- (ബാബുവിന്റെ മുഖത്തേക്കു ചാഞ്ഞുനോക്കി) വേണ്ട ബാബൂ.
- ചാത്തുണ്ണി:
- വരൂ മോളേ, ഇങ്ങട്ടു വരു.
സതി ശങ്കിച്ചു നില്ക്കുന്നു.
- ബാബു:
- വന്നോളൂ പേടിക്കേണ്ട. അമ്മാമ്മ ഒന്നും ചെയ്യില്ല! (ചാത്തുണ്ണിനായരോടു്) അമ്മാമേ, അമ്മാമ്മ എത്ര ദിവസമായി ഈ കുറിഞ്ഞിപ്പൂച്ചയെ വിളിച്ചു കൊണ്ടുവരാൻ നിർബന്ധിക്കുന്നു.
- സതി:
- വേണ്ട, ബാബു ഞാൻ പൂവ്വാണു്. (തിരിഞ്ഞുനടക്കുന്നു.)
- ചാത്തുണ്ണി:
- മോളിങ്ങട്ടു വരൂ. ഇനി വിജയൻ പരിഹസിക്കില്ല;
സതി തിരിഞ്ഞുനില്ക്കുന്നു.
- ബാബു:
- ആട്ടെ, അമ്മാമ്മ സതിയെ കണ്ടില്ലേ?
- ചാത്തുണ്ണി:
- കണ്ടു. എനിക്കു വളരെ സന്തോഷമായി. ഇനി നിങ്ങൾ രണ്ടുപേരുംകൂടി ഈ കട്ടിലിൽ കേറിയിരുന്നാൽ അമ്മാമ്മക്കിനിയും സന്തോഷവും.
- ബാബു:
- ഇദാ, ഞാനിപ്പഴേ കേറിയിരുന്നുകഴിഞ്ഞു. (കേറി ഒരു ഭാഗത്തിരിക്കുന്നു. എന്നിട്ടു് സതിയെ നോക്കി)
- സതി:
- (തലയും കഴുത്തും കുടഞ്ഞു് കലശലായി പരിഭവിച്ച മട്ടിൽ) ഞാനിവിടെ നില്ക്കില്ല. ഇങ്ങനെണ്ടോ ഒരു പരിഹാസം!
- ചാത്തുണ്ണി:
- സതി, ഇങ്ങട്ടു വന്നോളൂ. ഇനി വിജയൻ പരിഹസിക്കില്ല. എന്താ, വിജയൻ പറഞ്ഞാലനുസരിക്കാത്തതു്?
- ബാബു:
- ഇല്ലമ്മാമേ.
- ചാത്തുണ്ണി:
- അനുസരണയില്ലാത്ത കുട്ടികളോടു് എനിക്കു് പിണക്കാണു്.
- ബാബു:
- അമ്മാമ്മ തല്ല്വോ?
ചാത്തുണ്ണിനായർ ഒട്ടൊന്നു വല്ലാതാവുന്നു. സതി ചാത്തുണ്ണിനായരെ അമ്പരന്നു നോക്കുന്നു.
- ചാത്തുണ്ണി:
- (വല്ലായ്മ ആവുന്നതും മറച്ചുപിടിച്ചു്) വരൂ, മോളേ, ഇങ്ങട്ടടുത്തു വരൂ.
സതി ശങ്കിച്ചു നില്ക്കുന്നു.
- ബാബു:
- വന്നോളൂ, സതീ; ഈ അമ്മാമ്മ ഒന്നും ചെയ്യില്ല;
സതി പതുക്കെ വരുന്നു; ബാബുവിന്റെ അടുത്തു നില്ക്കുന്നു.
- ബാബു:
- ഇവിടെ കേറി ഇരുന്നോളൂ.
- ചാത്തുണ്ണി:
- വേണ്ട. ഇവിടെ അമ്മാമേടെ അടുത്തു വന്നിരിക്കട്ടെ.
സതി ചാത്തുണ്ണിനായരെ സൂക്ഷിച്ചു നോക്കുന്നു.
- ചാത്തുണ്ണി:
- (കൈ നീട്ടി) ഉം. വരൂ. ഇവിടെ വരൂ. (കട്ടിലിൽ സ്ഥലം കാണിച്ചുകൊണ്ടു്) ഇവിടെ ഇരിക്കൂ.
- ബാബു:
- (സതിയെപ്പിടിച്ച മുൻപോട്ടു് തള്ളി) ചെല്ലൂ, സതീ.
സതി മനമല്ലാമനസ്സോടെ ചാത്തുണ്ണിനായരുടെ അടുത്തേക്കു് ചെല്ലുന്നു.
- ചാത്തുണ്ണി:
- (വലിയ ആശ്വാസത്തോടെ) ഇവിടെ കേറിയിരിക്കൂ.
സതി ചാത്തുണ്ണിനായരുടെ സമീപം ഇരിക്കുന്നു.
- ബാബു:
- (കൈകൊണ്ടു് മുഖം പൊത്തി) മ്യാ, മ്യാ.
- ചാത്തുണ്ണി:
- (സതിയെ പിടിക്കുന്നു) അവനെന്തെങ്കിലും കാണിക്കട്ടെ അങ്ങട്ടു നോക്കേണ്ട… പിന്നെ, സതി കളിക്കാറില്ലേ?
സതി തല കുലുക്കുന്നു.
- ചാത്തുണ്ണി:
- എന്തൊക്ക കളികളാണു്?
- സതി:
- കൈക്കാട്ടിക്കളി കുമ്മി, തൊടുളി, പൂത്താംകല്ലു്, സോസി അതൊക്കെ കളിക്കും.
- ചാത്തുണ്ണി:
- ഇന്നു അമ്മാമ്മ പുതിയൊരു കളി പഠിപ്പിച്ചു തരട്ടെ?
സതി സമ്മതഭാവത്തിൽ തലയാട്ടുന്നു.
- ചാത്തുണ്ണി:
- വിജയാ, അകത്തെ മേശപ്പുറത്തു ചെന്നു് ആ സഞ്ചിഎടുത്തുകൊണ്ടുവരു.
ബാബു ഓടിപ്പോകുന്നു.
- ചാത്തുണ്ണി:
- (ബാബുവിനോടു്) സഞ്ചി തുറന്നുനോക്കാൻ പാടില്ല!
- ബാബു:
- (ഒരോട്ടത്തിനു തിരിച്ചുവരുന്നു) സഞ്ചിമലർത്തി സതിയെ കാണിക്കുന്നു. (അകന്നു നില്ക്കുന്നു.)
- സതി:
- (കട്ടിലിൽനിന്നു ചാടിയിറങ്ങുന്നു.) ഇങ്ങട്ടു തരൂ.
- ബാബു:
- മ്യാ, മ്യാ.
- സതി:
- എന്നാൽ ഞാൻ കളിക്കില്ല. ഞാൻ പൂവ്വാണു്.
- ബാബു:
- (സഞ്ചിയിൽനിന്നു രണ്ടുമണി നിലക്കടല വാരി വായിലാക്കി ചവച്ചുകൊണ്ടു്) മ്യാ, മ്യാ.
- സതി:
- വീട്ടിലെത്തട്ടെ, ഞാനച്ഛനോടിതൊക്കെ പറഞ്ഞുകൊടുക്കും. എന്തൊരു കൊതിയാണു്;
- ബാബു:
- നിനക്കു് കൊതീട്ടില്ലതാനും.
- സതി:
- എനിക്കിത്രേം കൊതീല്ല.
- ബാബു:
- ഓ ഹോ, അതു ഞാനറിഞ്ഞില്ല; എന്നാലിതു് (സഞ്ചിവെച്ചു നീട്ടുന്നു.)
സതി കൈയും നീട്ടി വാങ്ങാനടുക്കുന്നു.
- ബാബു:
- (സഞ്ചി കൊടുക്കാതെ പിന്നിലോട്ടു മാറിനിന്നു്) മ്യാവ്, മ്യാവ്.
- സതി:
- ഇനി ഞാനതു വാങ്ങില്ല. ഞാൻ പൂവ്വാണു് ഞാനച്ഛനോടു മുഴുവനും പറയും. ഇവിടെ വന്നതറിഞ്ഞാൽത്തന്നെ അച്ഛൻ തല്ലും.
അതുവരെ കുട്ടികളുടെ കളികണ്ടു സന്തോഷിച്ച ചാത്തുണ്ണിനായർ പെട്ടെന്നു ഞെട്ടുന്നു. മുഖഭാവം മാറുന്നു.
- ബാബു:
- തല്ലു നിനക്കും കൊള്ളും.
- സതി:
- ആർക്കാ കൊള്ളുന്നതപ്പോക്കാണാം. (പോകാൻ ഭാവിക്കുന്നു.)
- ചാത്തുണ്ണി:
- (തടഞ്ഞു്) വരട്ടെ, വരട്ടെ ഞാൻ പറയാം, വിജയനിവിടെ വരു.
ബാബു അടുത്തുചെല്ലുന്നു.
- ചാത്തുണ്ണി:
- അതു ഞാൻ നിങ്ങൾക്കു കളിക്കാൻ വേണ്ടി വാങ്ങിയതാണു്.
- ബാബു:
- ഇതുകൊണ്ടെങ്ങന്യാ കളിയ്ക്ക്യാ?
- ചാത്തുണ്ണി:
- ഞാൻ പറഞ്ഞുതരാം. അതു നേർപകുതിയായി ഭാഗിച്ചു നിങ്ങൾക്കു രണ്ടാൾക്കും തരാം. എന്നിട്ടു് ഒറ്റയും ഇരട്ടയും പിടിക്കണം. അറിയില്ലേ
- സതി:
- (സന്തോഷിച്ചു്) ഓ! അറിയാം. ഞാനെന്നും ബാബൂനെ തോല്പ്പിക്കാറുണ്ടു്.
- ബാബു:
- അതു കാണിച്ചുതരാം.
- ചാത്തുണ്ണി:
- സതി കേറി ഇവിടെ ഇരിക്കൂ.
രണ്ടുപേരും കട്ടിലിൽ കേറി കളിക്കാൻ പാകത്തിൽ ഇരിക്കുന്നു. ചാത്തുണ്ണി നായർ സഞ്ചിയിലെ നിലക്കടല രണ്ടുപേർക്കും ഭാഗിച്ചുകൊടുക്കുന്നു. രണ്ടു പേരും കളിക്കാൻ തുടങ്ങുന്നു. താന്താങ്ങളുടെ ഓഹരിയിൽനിന്നു് ഓരോ പിടി വാരി ഒറ്റയോ ഇരട്ടയോ എന്നു ചോദിക്കും. ഉത്തരം പറഞ്ഞാൽ നിലത്തുവെച്ചു് എണ്ണും. ഫലത്തിനനുസരിച്ചു കൊടുക്കും; അല്ലെങ്കിൽ വാങ്ങും. ഇങ്ങനെ കളി വളരെ വാശിയായിട്ടു തുടരുന്നു. ചാത്തുണ്ണിനായർ അതു നോക്കിക്കൊണ്ടിരിക്കുന്നു.
- സതി:
- (പെട്ടെന്നു്) നുണ! നുണ!
- ബാബു:
- അല്ല.
- സതി:
- തന്നെ.
- ബാബു:
- എണ്ണം ശരിയാണു്.
- സതി:
- അല്ല തെറ്റിച്ചു. നുണ
- ബാബു:
- ഞാൻ നുണ പറയില്ല
- സതി:
- നീ നുണയേ ചറയു. ഞാൻ കണ്ടില്ലേ നീയിതിൽനിന്നു മാറ്റി വെക്കുന്നതു്.
- ബാബു:
- നുണ.
- സതി:
- നുണ.
- ബാബു:
- (മുഖം കോട്ടി) മ്യാവ്, മ്യാവ്
- സതി:
- (ശുണ്ഠി വന്നു്) ഞഞ്ഞഞഞ്ഞഞ്ഞെ (ബാബുവിന്റെ തലമുടി കേറിപ്പിടിക്കുന്നു.)
- ചാത്തുണ്ണി:
- (പെട്ടെന്നു്) വരട്ടെ, വരട്ടെ, അതൊന്നും പാടില്ല. കളിയിലിങ്ങനെ പിണങ്ങിയാലോ?
- സതി:
- ഇവൻ കള്ളക്കളി കളിക്കുന്നു.
- ബാബു:
- സതിയാണു് കള്ളക്കളി കളിച്ചതു്.
- ചാത്തുണ്ണി:
- സാരമില്ല ഇനി മതി കളിച്ചതു്. ആർക്കെങ്കിലും നഷ്ടം പറ്റിയോ?
- സതി:
- എനിക്കാ അധികം.
- ബാബു:
- ആയി! അതു നിന്റെ മോഹാണു്. എനിക്കാ അധികം.
- ചാത്തുണ്ണി:
- ആർക്കായാലും വേണ്ടില്ല; കിട്ടിയതു് അവരവരെടുത്തോളു. ഇനി കളിച്ചതു മതി.
- സതി:
- (എഴുന്നേറ്റു കടല വാരിയെടുക്കുന്നു) മതി ഇവന്റെ കുടെ ആരും കളിക്കില്ല.
- ബാബു:
- നിന്റെ കൂടേം ആരും കളിക്കില്ല. (എഴുന്നേറ്റു കടല വാരിയെടുക്കുന്നു.)
- ചാത്തുണ്ണി:
- രണ്ടുപേരും പുറപ്പെട്ടതാണോ?
- ബാബു:
- ഞാൻ പോണില്ല.
- സതി:
- ഞാൻ പൂവ്വാണു്. അച്ഛൻ വന്നാൽ അന്വേഷിക്കും.
- ചാത്തുണ്ണി:
- ഇനി ഇടയ്ക്കിടെ അമ്മാമ്മയെ കാണാൻ വരില്ലേ?
- സതി:
- വരും (ബാബുവിനോടു്) എന്നെ വീട്ടിൽകൊണ്ടാക്കിത്തരൂ?
- ചാത്തുണ്ണി:
- ഇത്ര വല്യ പേടിയാണോ സതിക്കു്? ഈ ഇടവഴിയിലൂടെ ഒരോട്ടം വെച്ചുകൊടുത്താൽ പോരേ?
- ബാബു:
- (തലകുലുക്കി) ഓ! പിന്ന്യാരു വേണം?
- സതി:
- അമ്മ പറഞ്ഞിട്ടാണു്. പശു കുത്താൻ വരുന്നു.
- ചാത്തുണ്ണി:
- ശരിയാണു്. വിജയൻ അവളെ വീട്ടിലാക്കിക്കൊടുക്കൂ.
സതി കടലയും വാരിപ്പിടിച്ചു് മുൻപിൽ നടക്കുന്നു.
- ബാബു:
- (പിന്നാലെ പോകുന്നു. കുറച്ചു ചെന്നപ്പോൾ മുഖംകൊണ്ടു ഗോഷ്ടികാണിച്ചു) മ്യാവ്, മ്യാവ്, സതി ശുണ്ഠിപിടിച്ചു തിരിഞ്ഞുനില്ക്കുന്നു. ബാബു പിന്നോക്കം നടക്കുന്നു, സതി ഒന്നു കൊഞ്ഞനംകുത്തി കടന്നുപോകുന്നു.
- ബാബു:
- (തിരിഞ്ഞു ചാത്തുണ്ണിനായരെ നോക്കി) അമ്മാമേ ഇദാ, എത്തിക്കഴിഞ്ഞു. (പോകുന്നു.)
ചാത്തുണ്ണിനായർ കുട്ടികൾ പോകുന്നതും നോക്കി അങ്ങനെ ഇരിക്കുന്നു. അവർ കടന്നുപോകുംതോറും ആ മുഖത്തെ പ്രസാദം കുറഞ്ഞുവരുന്നു. ചിന്താമഗനനായിരിക്കുന്നു.
- രാമൻ:
- (അകത്തുനിന്നു കടന്നുവരുന്നു. കട്ടിലിന്റെ മുകളിലും നിലത്തും മറ്റും നോക്കി) അയ്യയ്യേ! ഈ കട്ടിലിന്റെ മുകളിലും നിലക്കടലത്തൊണ്ടാക്കിയതാരാ? (കട്ടിലിൽനിന്നു് ഓരോന്നായി പെറുക്കുന്നു.)
- ചാത്തുണ്ണി:
- (ശാന്തസ്വരത്തിൽ) അതാ കുട്ടികളാണു് രാമാ.
- രാമൻ:
- അതതേ, ഞാൻ കേട്ടു ബഹളം. എന്തൊരു ബഹളായിരുന്നു! (കടലത്തൊണ്ടു പെറുക്കിക്കഴിഞ്ഞു കിടക്കവിരിയിലെ പൊടി തട്ടിക്കളയുന്നു.) കാക്കയ്ക്കിരിക്കാൻ സ്ഥലം കൊടുത്താൽ…
- ചാത്തുണ്ണി:
- (രാമനതു പറഞ്ഞു മുഴുമിക്കുന്നതു തീരെ ഇഷ്ടമല്ലാത്ത നിലയിൽ) അപ്പോൾ രാമാ, അവരിന്നലെ വരുമെന്നല്ലേ എഴുതിയതു്?
- രാമൻ:
- അതേ.
- ചാത്തുണ്ണി:
- ഇന്നിത്ര നേരായിട്ടും വന്നില്ലല്ലോ.
- രാമൻ:
- അതാ ഞാനും വിചാരിക്കുന്നതു്. വരും. വരാണ്ടിരിക്കില്ല.
- ചാത്തുണ്ണി:
- ഉം. (മൂളുന്നു.)
- രാമൻ:
- ചെറിയ കുട്ടീള്ളതല്ലേ? വിചാരിക്കുമ്പോലെ ചേരാൻ തരപ്പെടില്ല.
- ചാത്തുണ്ണി:
- നേരാണു്. എനിക്കു വിജയന്റെ ആ കുട്ടിയെ ഒന്നു കാണണം. സുഖണ്ടെങ്കിൽ ഒന്നവിടംവരെ പോകായിരുന്നു.
- രാമൻ:
- ഈ വിചാരം വരുമ്പഴയ്ക്കു് വയ്യാതായല്ലോ.
- ചാത്തുണ്ണി:
- (വീണ്ടും മുളുന്നു) ഉം.
- രാമൻ:
- വേദനയെങ്ങിനേണ്ടു്?
- ചാത്തുണ്ണി:
- വേദനയോ? ഒരുഭാഗത്തതും!
- രാമൻ:
- ഞാനൊന്നു തീവണ്ടിയാപ്പീസ്സുവരെ പോയിട്ടു വരട്ടെ?
- ചാത്തുണ്ണി:
- വേണ്ട. അവനു് വഴിയറിയില്ലേ?
- രാമൻ:
- ഇന്നു വരും, വരാണ്ടിരിക്കില്ല. വരണന്നൊന്നു പറഞ്ഞു കേൾക്കാൻ കാത്താരിക്ക്യാണവരു് (നിലത്തെ കടലത്തൊണ്ടുംകൂടി പെറുക്കിക്കഴിഞ്ഞു് അകത്തേക്കു പോകുമ്പോൾ) ഇവിടെ ഒന്നടിക്കണം. (പോകുന്നു.)
ചാത്തുണ്ണിനായർ വീണ്ടും വിചാരമഗ്നനാവുന്നു. ബാബു തിരിച്ചുവരുന്നു. മുഖത്തൊരു കുള്ളച്ചിരിയുണ്ടു്.
- ബാബു:
- അമ്മാമേ, അമ്മാമേ. ചാത്തുണ്ണിനായർ ബാബുവിനെ നോക്കുന്നു.
- ബാബു:
- ഇതാ, അമ്മാമേ, ഒരു ചോദ്യം?
- ചാത്തുണ്ണി:
- എന്താ, വിജയാ?
- ബാബു:
- ഈ അമ്മാമ്മ എന്നെ വിജയനെന്നല്ലാതെ വിളിക്കില്ല.
- ചാത്തുണ്ണി:
- എനിക്കാ പേര് വളരെ ഇഷ്ടമാണു്.
- ബാബു:
- അതെന്താ അമ്മാമേ?
- ചാത്തുണ്ണി:
- അങ്ങനെയാണു്.
- ബാബു:
- അമ്മാമേടെ മകന്റെ പേരെന്താണു്?
ചാത്തുണ്ണിനായർ അസ്വസ്ഥനാവുന്നു.
- ബാബു:
- അമ്മാമ്മ പറയില്ലേ? (അടുത്തേക്കു ചെല്ലുന്നു.)
- ചാത്തുണ്ണി:
- പറയാം.
- ബാബു:
- വിജയനെന്നാണോ?
- ചാത്തുണ്ണി:
- അതേ.
- ബാബു:
- അങ്ങനെ വരട്ടെ… ആ പേരു് എനിക്കിഷ്ടമല്ലെങ്കിലും അമ്മാമ്മയെന്നെ വിജയനെന്നുതന്നെ വിളിച്ചോളൂ.
- ചാത്തുണ്ണി:
- വിജയൻ ഇവിടെ വന്നിരിക്കൂ.
- ബാബു:
- വരട്ടെ, ഞാൻ ചോദ്യം ചോദിച്ചില്ലല്ലോ.
- ചാത്തുണ്ണി:
- ചോദിച്ചോളൂ.
- ബാബു:
- എന്റെ ഈ രണ്ടു കീശയിലും ഓരോ സാധനമുണ്ടു്. ഏതാ അമ്മാമ്മയ്ക്കു വേണ്ടതു്?
- ചാത്തുണ്ണി:
- രണ്ടും വേണം. (വിജയന്റെ മുഖത്തുനോക്കി ചിരിക്കുന്നു.)
- ബാബു:
- അതു പറ്റില്ല; ഏതെങ്കിലും ഒന്നു പറയണം.
- ചാത്തുണ്ണി:
- എനിക്കു വലത്തെ കീശയിലേതു മതി.
- ബാബു:
- ഓ! അമ്മാമ്മയ്ക്കു വല്ലാത്ത സാമർഥ്യമാണു്? (വലത്തെ കീശയിൽനിന്നു് ഒരു കടലാസു് വലിച്ചെടുക്കുന്നു.)
- ചാത്തുണ്ണി:
- ഇനി മറ്റേക്കീശയിലെന്താണു്?
- ബാബു:
- നിലക്കടല; അതമ്മാമയ്ക്കു വേണ്ടല്ലോ. (കൈയിലെ കടലാസു നീട്ടി.) ഇതാ അമ്മാമേടെ സാധനം അമ്മാമ്മ എടുത്തോളൂ.
- ചാത്തുണ്ണി:
- അതെന്താണു്?
- ബാബു:
- കത്തു്.
- ചാത്തുണ്ണി:
- കത്തോ? ആർക്കു്?
- ബാബു:
- അമ്മാമ്മക്കുള്ളതാണു്. (ചാത്തുണ്ണി ആർത്തിയോടെ വാങ്ങുന്നു.) ഇവിടുത്തെ പടിക്കൽനിന്നു തപാൽശിപായി എന്നെ ഏല്പിച്ചതാണു്.
ചാത്തുണ്ണിനായർ കണ്ണടയെടുത്തുവെച്ചു കത്തു പൊളിച്ചു വായിക്കുന്നു. വായിക്കുന്തോറും മുഖഭാവം മാറിവരുന്നു. കണ്ണിൽ വെള്ളം നിറയുന്നു. ബാബു കട്ടിലിൽ കേറിയിരുന്നു് അമ്പരപ്പോടെ ചാത്തുണ്ണിനായരുടെ മുഖത്തേക്കു നോക്കുന്നു. ചാത്തുണ്ണിനായർ കത്തു വായിച്ചു തീർന്നു് കത്തുകൊണ്ടു് കണ്ണുപൊത്തി കിടക്കുന്നു.
- ബാബു:
- (ഒന്നും മനസ്സിലാവാത്ത മട്ടിൽ വിളിക്കുന്നു.) അമ്മാമേ, അമ്മാമേ
- ചാത്തുണ്ണി:
- (തൊണ്ടയിടറി) എന്താ?
- ബാബു:
- എന്തിനാ അമ്മാമ്മ കരയുന്നതു്?
ചാത്തുണ്ണിനായർ ഒന്നും പറയാതെ കത്തു് ബാബുവിന്റെ കൈയിൽ കൊടുക്കുന്നു.
- ബാബു:
- (വാങ്ങി വായിച്ചുനോക്കുന്നു.) അയ്യയ്യോ ഇതിനാണോ അമ്മാമ്മ കരയുന്നതു്? ഇതാരുടെ കത്താണമ്മാമേ… അമ്മാമേടെ മകന്റെ കത്താണോ?
ചാത്തുണ്ണിനായർ അതേ എന്നർഥത്തിൽ തലകുലുക്കുന്നു.
- ബാബു:
- (കടലാസിൽനിന്നു കണ്ണെടുക്കാതെ) പാവം! അമ്മാമേടെ മകനു് അമ്മാമ്മയോടു് എന്തൊരു സ്നേഹമാണു്? ഇതെന്തിനാ അമ്മാമേ, മാപ്പുകൊടുക്കണമെന്നു് എഴുതിയതു്? ഏ? അമ്മാമേ! അമ്മാമേ! (ബാബു ചാത്തുണ്ണിനായരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കുന്നു. ചാത്തുണ്ണിനായർ മുണ്ടു കൊണ്ടു് മുഖം മറച്ചു് കിടക്കുകയാണു്. ബാബു എഴുന്നേറ്റു ചാത്തുണ്ണിനായരുടെ തല വെച്ച ഭാഗത്തു ചെന്നു നിൽക്കുന്നു. എന്നിട്ടു തല പതുക്കെ തടവിക്കൊണ്ടു വിളിക്കുന്നു.) അമ്മാമേ, അമ്മാമേ!
ചാത്തുണ്ണിനായർ മുഖത്തുനിന്നു മുണ്ടു മാറ്റി വിജയനെ നോക്കുന്നു. കണ്ണുകൾ ചുവന്നിട്ടുണ്ടു്. കണ്‍പീലികൾ നനഞ്ഞിട്ടുണ്ടു്. മുഖത്തെ കരുവാളിപ്പു് ഇരട്ടിച്ചിട്ടുണ്ടു്.
- ബാബു:
- അമ്മാമ്മ എന്തിനാ കരയുന്നതു്? അമ്മാമ്മേടെ മകന്റെ കുട്ടിക്കൂ് സുഖക്കേടാണെന്നു് എഴുതിയതുകൊണ്ടോ?
- ചാത്തുണ്ണി:
- (പ്രയാസപ്പെട്ടു്) അതേ.
- ബാബു:
- സാരമിലമ്മാമേ. അതു വേഗം സുഖാവും. എന്നിട്ടു് എല്ലാവരും ഒരുമിച്ചു വരുമെന്നല്ലേ! എഴുതിയതു്?
ചാത്തുണ്ണിനായർ തലകുലുക്കുന്നു.
- ബാബു:
- അമ്മാമ്മേടെ മകനും മകന്റെ മകനും എല്ലാംകൂടി വന്നാൽ എന്തു രസമായിരിക്കും! കുട്ടിക്കു് എത്ര വയസ്സുണ്ടമ്മാമേ?
- ചാത്തുണ്ണി:
- കഷ്ടിച്ചു് രണ്ടുമാസമായിട്ടുണ്ടാവും.
- ബാബു:
- ബലേ, അവൻ മലർന്നുകിടന്നു കളിക്കുമ്പോൾ ഞാൻ ഓടക്കുഴൽ വായിച്ചുകൊടുക്കും. അതു കേട്ടു കയ്യും കാലും കുടഞ്ഞു് അവൻ കളിക്കും പൊട്ടിച്ചിരിക്കും. ഇല്ലേ, അമ്മാമ്മേ?
- ചാത്തുണ്ണി:
- ഉം.
- ബാബു:
- വലുതായാൽ ഞാനവനെ ഒാടക്കുഴൽ വായിക്കാൻ പഠിപ്പിക്കും. (കുറഞ്ഞൊന്നാലോചിച്ചു) അമ്മാമേ, അവരൊക്കെ വന്നാൽപിന്നെ ഞാൻ പതിവായിട്ടിവിടെ വരില്ല;
- ചാത്തുണ്ണി:
- വരണം. എന്റെ വിജയൻ എന്നും വരണം… എപ്പോഴും വരണം… കേട്ടോ വിജയാ. (അടുപ്പിച്ചു പിടിക്കുന്നു.) വിജയൻ വരാതിരിക്കരുതു്. (മുഖത്തു പാരവശ്യത്തോടെ നോക്കി) വരില്ലേ
- ബാബു:
- വരും. (ചാത്തുണ്ണിനായരെ അടിമുടി നോക്കുന്നു) എന്താ അമ്മാമേ, അമ്മാമ്മയ്ക്കു് ഇത്ര പെട്ടെന്നു വേദന വന്നതു്? വല്ലാതെയുണ്ടോ?
- ചാത്തുണ്ണി:
- ഉണ്ടു്.
- ബാബു:
- മരുന്നുകുടിച്ചിട്ടൊനും സുഖല്ല്യേ?
- ചാത്തുണ്ണി:
- ഇല്ല.
- ബാബു:
- (ചാത്തുണ്ണിയുടെ പ്രകൃതം കണ്ടു് ആകപ്പാടെ പരിഭ്രമിക്കുന്നു.) അമ്മാമ്മയ്ക്കു് ഞാൻ ഉഴിഞ്ഞുതരട്ടെ.
- ചാത്തുണ്ണി:
- ഈ വേദന ഉഴിഞ്ഞാൽ മാറില്ല മോനേ.
- രാമൻ:
- (ഒരു കപ്പിൽ എന്തോ മരുന്നു കൊണ്ടുവരുന്നു. പെട്ടെന്നു ചാത്തുണ്ണിനായരുടെ പ്രകൃതം മാറിക്കണ്ടു് അമ്പരക്കുന്നു.) അല്ല, വേദന പിന്നേം അധികായോ?
ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- രാമൻ:
- ഈ മരുന്നു കുടിക്കണം.
ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- ബാബു:
- അമ്മാമേ, അമ്മാമേ!
- ചാത്തുണ്ണി:
- എന്താ?
- ബാബു:
- (രാമന്റെ കൈയിൽനിന്നു മരുന്നു വാങ്ങുന്നു. നെറ്റിതടവിക്കൊണ്ടു്) അമ്മാമ്മ ഈ മരുന്നു കുടിക്കൂ.
ചാത്തുണ്ണി ചാരിക്കിടന്ന കിടപ്പിൽത്തന്നെ വായ തുറന്നു കൊടുക്കുന്നു. ബാബു മരുന്നു് വായിൽ ഒഴിച്ചുകൊടുക്കുന്നു. ചാത്തുണ്ണി മരുന്നു് കഴിച്ചു് ബാബുവിനെ ഒരു കൈകൊണ്ടു് തന്നിലേക്കടുപ്പിച്ചു് പിടിച്ചു മുഖം അവന്റെ നെഞ്ചിൽ അമർത്തി വെച്ചു് അനങ്ങാതെ കിടക്കുന്നു. രാമൻ ബാബുവിന്റെ കൈയിൽനിന്നു കപ്പു വാങ്ങി പകച്ചുനില്ക്കുന്നു.
- ബാബു:
- അമ്മാമ്മേ.
- ചാത്തുണ്ണി:
- (തലയുയർത്തുന്നു. കണ്ണുകൾ നനഞ്ഞിട്ടുണ്ടു്.) വിജയാ, വിജയൻ വീട്ടിൽ പോയിട്ടു വരൂ.
- ബാബു:
- വേണ്ടമ്മാമ്മേ!
- ചാത്തുണ്ണി:
- വേണം, നിന്നെ അവിടെ അന്വേഷിക്കില്ലേ?
- ബാബു:
- സാരമില്ല,
- ചാത്തുണ്ണി:
- വിജയൻ പോയിട്ടു് അല്പം കഴിഞ്ഞുവരൂ. അമ്മാമ്മയ്ക്കു വയ്യ. ഇത്തിരി ഒന്നു കിടന്നുറങ്ങിയാൽ ആശ്വാസം കിട്ടും. അമ്മാമ്മ ഉണരുമ്പോഴേക്കു വരൂ.
- ബാബു:
- എന്നാൽ അമ്മാമ്മ ഉറങ്ങിക്കോളു. ഞാൻ പോയിട്ടു് വരാം. അമ്മാമ്മയ്ക്കു ഉറക്കം വരുന്നതുവരെ ഞാനിവിടെയിരുന്നു് ഉഴിഞ്ഞുതരട്ടെ?
- ചാത്തുണ്ണി:
- വേണ്ട. അമ്മാമ്മയ്ക്കു് ഉഴിഞ്ഞാൽ മാറുന്ന വേദനയല്ല. (തലമുടി തൊട്ടുഴിഞ്ഞുകൊണ്ടു്) വിജയൻ പോയിട്ടു വരൂ… ഉണർന്നാൽ അമ്മാമ്മ കാത്തിരിക്കും. (അതു പറയുമ്പോൾ കണ്ഠം ഇടറുന്നു.).
- ബാബു:
- ഞാൻ വേഗത്തിലു് വരും. (പോകുന്നു.)
ചാത്തുണ്ണിനായർ ബാബുവിനെ ഇമവെട്ടാതെ നോക്കുന്നു. ബാബു ഒന്നുരണ്ടു തവണ സംശയിച്ചിട്ടെന്നപോലെ തിരിഞ്ഞുനിന്നു നോക്കുന്നു. ചാത്തുണ്ണിനായർ ആ കിടപ്പിൽനിന്നുതന്നെ താഴോട്ടു നിരങ്ങി കട്ടിലിൽ മലർന്നു കിടക്കുന്നു.
- രാമൻ:
- (തലയിണയെടുത്തുവെച്ചു കൊടുക്കുന്നു.) എന്താ ഇത്ര പെട്ടെന്നു് സുഖക്കേടധികമായതു്?
ചാത്തുണ്ണിനായർ മിണ്ടുന്നില്ല.
- രാമൻ:
- ഞാനൊന്നു തീവണ്ടിയാപ്പീസിലോളം പോണെന്നു വിചാരിച്ചതായിരുന്നു. അവരാരെങ്കിലും ഈ വണ്ടിക്കു വരാതിരിക്കൂല്ല.
- ചാത്തുണ്ണി:
- വേണ്ട രാമാ, നീ പോണ്ടാ, കത്തു വന്നിരിക്കുന്നു.
- രാമൻ:
- എന്താ വിവരം?
- ചാത്തുണ്ണി:
- അവന്റെ കുട്ടിക്കു ദണ്ണാണത്രേ. അതു മാറീട്ടു പുറപ്പെടുമെന്നു്.
- രാമൻ:
- ഞാനപ്പഴും പറഞ്ഞില്ലേ? വല്ല മുടക്കാവുമില്ലെങ്കിൽ അവരൊക്കെ ഇന്നലെ ഇവിടെ എത്തുമായിരുന്നു.
- ചാത്തുണ്ണി:
- (നെടുവീർപ്പു്) ഉം. അവനെങ്കിലും ഒന്നു വരായിരുന്നു.
- രാമൻ:
- അതെങ്ങിന്യാ ചെറിയ കുട്ട്യെ കാണണന്നല്ലേ, എഴുതിയതു്? സുഖക്കേടിന്റെ വിവരമൊന്നും അറിയിച്ചിട്ടുമില്ല…
- ചാത്തുണ്ണി:
- ശരിയാണു്.
- രാമൻ:
- അപ്പോൾ കുട്ടീടെ ദണ്ണംമാറി വേഗത്തിൽ പുറപ്പെടാൻ കഴിയാഞ്ഞിട്ടു് അവരൊക്കെ അവിടെ കിടന്നു തെരക്കു കൂട്ടുന്നുണ്ടാവും.
- ചാത്തുണ്ണി:
- രാമാ, ആരു് എവിടെ കിടന്നു തെരക്കുകൂട്ടീട്ടും കാര്യമില്ല. അവരെ കാണാതെ മരിക്കാനാണു് യോഗമെങ്കിൽ അങ്ങനെ വരും.
- രാമൻ:
- എന്തൊക്ക്യാ ഈ പറയുന്നതു്?
- ചാത്തുണ്ണി:
- രാമാ, ഇതൊന്നും എന്നെസ്സംബന്ധിച്ചു് ഒട്ടും അധികമല്ല. കണ്ടില്ലേ, ഈ കാലു് അതു ചത്തുകഴിഞ്ഞു. ഇനിയതുകൊണ്ടൊരു പ്രയോജനവുമില്ല. എന്നല്ല, അതിന്റെ വേദന സഹിക്കാനും വയ്യ… (അസഹ്യമായ ദുഃഖം ഭാവിക്കുന്നു) രാമാ, നീയറിയില്ല; ആ കാലുകൊണ്ടാണു് ദുഷ്കൃതങ്ങളധികവും ചെയ്തതു്. എത്ര ആളുകളെ ഞാനതുകൊണ്ടു ചവിട്ടീട്ടുണ്ടു്! എത്ര ആളുകളെ അവശരാക്കീട്ടുണ്ടു്! അവർക്കും അവരുടെ കുടുംബത്തിനും നേരിട്ട വേദന (പല്ലുകടിച്ചു സഹിച്ചുകൊണ്ടു്) ഒരു നിമിഷംകൊണ്ടു ഞാനിപ്പഴനുഭവിച്ചു തീർക്കുന്നു. കൊടുത്തതു കിട്ടും, രാമാ… വെറുതെയും ചിലപ്പോൾ ഞാനാളുക്കളെചവിട്ടീട്ടു് ചാത്തുണ്ണി ഹേഡിന്റെ ഭരണമായിരുന്നു, രാമാ, അന്നു്…
- രാമൻ:
- അതൊന്നും ഇപ്പൊഴാലോചിക്കേണ്ടതില്ല.
- ചാത്തുണ്ണി:
- ഇനി എന്താലോചിച്ചാലും ആലോചിച്ചില്ലെങ്കിലും സമാണു്. എനിക്കു മുതലും പലിശയും കൂട്ടുപലിശയും റൊക്കം കിട്ടാൻ തുടങ്ങി (തൊണ്ടയിടറി) രാമാ, ഞാനെന്റെ മക്കളെ കാണില്ല.
- രാമൻ:
- എന്താ ഇവിടുന്നു പറയുന്നതു്?
- ചാത്തുണ്ണി:
- ഇല്ല, രാമാ. പല മക്കളേയും ഞാൻ അനാഥരാക്കിട്ടുണ്ടു്. അപ്പോൾ, എനിക്കു് ഒടുവിൽ ദശരഥന്റെ അനുഭവം വരണം… അതേ; അതു വരും തീർച്ച… (മുഖം പൊത്തി മലർന്നു, നിശ്ചലനായി കിടക്കുന്നു. ദീർഘശ്വാസം വിടുമ്പോൾ മാർത്തടം ഉയരുകയും താഴുകയും ചെയ്യുന്നതു വ്യക്തമായി കാണാം.)
- രാമൻ:
- ഇവിടുന്നു് അങ്ങിനെയൊന്നും വ്യസനിക്കരുതു്. വിവരത്തിനൊരു കത്തെഴുതിയാൽ വേഗത്തിലവരൊക്കെ എത്തിച്ചേരും.
- ചാത്തുണ്ണി:
- വേണ്ട, രാമാ. വളരെ വൈകിപ്പോയി എന്റെ വിധി ഞാൻ തന്നെ അനുഭവിക്കട്ടെ. അതിനെ മാറ്റാരെന്തിനു ശ്രമിക്കണം ആവൂ! എനിക്കെന്തോ വല്ലാത്ത വല്ലായ്മ അകവും പുറവും നീറുമ്പോലെ തോന്നുന്നു. ഒന്നു വീശൂ രാമാ.
രാമൻ വിശറിയെടുത്തു വീശുന്നു.
- ചാത്തുണ്ണി:
- ഈശ്വരാ, ഭഗവാനേ?
- രാമൻ:
- ഇവിടുന്നൊരിക്കലും ജപിക്കുന്നതു കേൾക്കാറില്ല!
- ചാത്തുണ്ണി:
- (അർത്ഥഗർഭമായി മൂളുന്നു.) ഉം.
- രാമൻ:
- ജപിക്കുന്നതു നല്ലതാ.
- ചാത്തുണ്ണി:
- നല്ലതാണെങ്കിൽ അതും ആവട്ടെ. ഈശ്വരാ ഭഗവാനേ! (ക്ലേശിച്ചാണു് ശബ്ദം പുറപ്പെടുന്നതു്.)
രംഗത്തിലെ വെളിച്ചം പതുക്കെപ്പതുക്കെ കുറയുന്നു.
—യവനിക—