ആറാംരംഗത്തിലെ സ്ഥലവും സജ്ജീകരണങ്ങളും അതുപോലെയുണ്ടു്. പക്ഷേ, കട്ടിൽ ഒഴിഞ്ഞുകിടക്കുന്നു. മൂന്നാംരംഗത്തിൽ പരിചയപ്പെട്ട വിജയൻ—ചാത്തുണ്ണി mydots നായരുടെ മകൻ—ആ ഒഴിഞ്ഞ കട്ടിലിന്റെ ഒരു ഭാഗത്തു ചാരിനിൽക്കുന്നു. പഴയ വിജയന്റെ പ്രേതമാണെന്നു കണ്ടാൽ തോന്നും. വല്ലാതെ ചടച്ചിട്ടുണ്ടു്. തലമുടി അശ്രദ്ധമായി കിടക്കുന്നു. മുഖത്തു ക്ഷീണവും വ്യസനവും നിഴലിച്ചു കാണാം. അല്പം മുഷിഞ്ഞൊരു മുണ്ടും ബനിയനുമാണു് വേഷം. കടുത്ത മനഃക്ലേശംകൊണ്ടും ആഹാരമില്ലായ്മകൊണ്ടും വാടിത്തളർന്നിരിക്കുന്നു. വിദൂരതയിലെങ്ങോ നോക്കിനില്ക്കുകയാണു്. രാമൻ ഒരു കപ്പിൽ ചായ കൊണ്ടുവന്നു കട്ടിലിൽ വെക്കുന്നു. എന്നിട്ടു വിജയനെ നോക്കുന്നു. വിളിക്കാനോ വല്ലതും പറയാനോ ധൈര്യമില്ല. ഒരു കടലാസെടുത്തു ചായ മൂടിവെച്ചു ഒരു മൂലയിലേക്കു മാറിനിൽക്കുന്നു. ഭാനു… വിജയന്റെ ഭാര്യ… അകത്തുനിന്നു കടന്നുവരുന്നു. മുഖത്തു വിഷാദച്ഛായയുണ്ടു്. രാമന്റെ നില്പുകണ്ട ഒന്നും മനസ്സിലാവാത്ത മട്ടിൽ ചോദിക്കുന്നു.
- ഭാനു:
- രാമാ, ചായ വെച്ചില്ലേ.
- രാമൻ:
- (കട്ടിലിലേക്കു ചുണ്ടിക്കാട്ടി) അതാ, അവിടെ വെച്ചിട്ടുണ്ടു്…
വിജയൻ ഒന്നും കേൾക്കുകയോ അറിയുകയോ ചെയ്യുന്നില്ല.
- ഭാനു:
- എന്തെങ്കിലുമൊന്നു് കഴിച്ചിട്ടു് രണ്ടുമുന്നു ദിവസായില്ലേ?
വിജയന്റെ അടുത്തേക്കു ചെല്ലുന്നു. രാമൻ അകത്തേക്കു പോകുന്നു.
- ഭാനു:
- (എന്തു വേണമെന്നറിയാതെ തെല്ലിട പരുങ്ങുന്നു.) പിന്നെ, അമ്മ വിളിക്കുന്നു.
വിജയൻ തിരിഞ്ഞുനോക്കാതെ മുണ്ടിന്റെ തലകൊണ്ടു കണ്ണു തുടയ്ക്കുന്നു.
- ഭാനു:
- അങ്ങട്ടു് ചെന്നു് എന്തിനാ വിളിച്ചതെന്നന്വേഷിക്കൂ.
- വിജയൻ:
- (ഒന്നും മനസ്സിലാവാത്ത മട്ടിൽ അതേ നിൽപിൽനിന്നിളകാതെ ചോദ്യരൂപത്തിൽ മൂളുന്നു.) ഉം.
- ഭാനു:
- അമ്മ വിളിക്കുന്നു.
- വിജയൻ:
- എന്തിനു്?
- ഭാനു:
- എനിക്കറിയില്ല!
- വിജയൻ:
- (തൊണ്ടയിടറുന്നു.) നിനക്കു ചോദിക്കായിരുന്നില്ലേ?
- ഭാനു:
- ഞാൻ ചോദിച്ചു.
- വിജയൻ:
- എന്നിട്ടു്.
- ഭാനു:
- ഒന്നു കാണണമെന്നു പറഞ്ഞു.
- വിജയൻ:
- (തിരിഞ്ഞുനോക്കി വിഷാദം ഉള്ളിലൊതുക്കിക്കൊണ്ടു്) എന്തിനു്, ഭാനു എന്റെ മുഖം ഇനി കാണാൻ പറ്റിയതാണോ?
- ഭാനു:
- എന്താ ഞാനിതിനുത്തരം പറയേണ്ടതു്?
- വിജയൻ:
- എന്റെ അച്ഛനു് എന്നെയൊന്നു കാണാൻ കൊതിച്ചു കൊതിച്ചാണു് കണ്ണടച്ചതെന്നു നീ കേട്ടില്ലേ? ഞാൻ മനുഷ്യനാണോ ഭാനൂ?
- ഭാനു:
- ഇതാരുടെ തെറ്റുകൊണ്ടും വന്നതല്ലല്ലോ.
- വിജയൻ:
- ഇനിയും തെറ്റുകണ്ടുപിടിക്കാനാണു് നിങ്ങളുടെയൊക്കെ ശ്രമം. ഇക്കാര്യത്തിൽ ആരാണു്, ഭാനു ശരി ചെയ്തതു്? ഞാനോ? അമ്മയോ? എന്റെ പെങ്ങൾ വിലാസിനിയോ? ആരെക്കിലും ചെയ്തോ?
- ഭാനു:
- എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നോ?
- വിജയൻ:
- ഒരു മകന്റെ കടമ നിറവേറ്റാനെനിക്കു കഴിഞ്ഞില്ല… അവസാനനിമഷമെങ്കിലും അച്ഛനെക്കൊണ്ടു മാപ്പുചോദിക്കാനെനിക്കു കഴിഞ്ഞില്ല; (തൊണ്ട വല്ലാതെ ഇടറുന്നു.) ഞാനൊരു മകനാണോ, ഭാനൂ? പാപത്തിനു പരിഹാരമുണ്ടോ? എനിക്കെന്റെ അച്ഛന്റെ പേരുച്ചരിക്കാൻകൂടി അവകാശമില്ല… ഓ! വല്ലാത്തൊരു വിധി! ഈ ഭൂമിയിൽ ഒരു മകനും ഇങ്ങനെയൊരു വിധിഉണ്ടായിക്കാണില്ല.
- ഭാനു:
- കഴിഞ്ഞതിനെച്ചൊല്ലി ഇങ്ങനെ ദുഃഖിച്ചിട്ടെന്താണു്. ഒരു ചുമതലകൂടിയുള്ളതു് മറക്കരുതു്…
- വിജയൻ:
- എനിക്കിനി എന്തു ചുമതല, ഭാനൂ?
- ഭാനു:
- അമ്മയുടെ കാര്യം മറന്നോ? അമ്മയെ പറഞ്ഞാശ്വസിപ്പിക്കാനും അമ്മയ്ക്കൊരു സമാധാനം കൊടുക്കാനും ഇവിടെ വേറെയാരാണുള്ളതു്? ഇതൊക്കെ കാണുമ്പോൾ അമ്മയുടെ ദുഃഖം ഇരട്ടിക്കില്ലേ… അതുകൊണ്ടു കഴിഞ്ഞതൊക്കെ മറക്കൂ.
- വിജയൻ:
- ഹൃദയത്തിൽ തട്ടിയ, ഈ മുറിവു് ഉണങ്ങില്ല, ഭാനു അതുകൊണ്ടിതു മറക്കാനും വയ്യ…
- ഭാനു:
- ഇതാ ഈ ചായ കുടിച്ചോളൂ. (ചായയെടുത്തുകൊടുക്കുന്നു.)
- വിജയൻ:
- (അകലത്തെവിടെയോ നോക്കി വീണ്ടും ആലോചിക്കുകയാണു്. ഭാനു കൊടുത്ത ചായ സ്വപ്നത്തിലെന്നപോലെ വാങ്ങി കൈയിൽ വെക്കുന്നു. എന്നിട്ടു തന്നത്താൻ പറയുന്നു.) എനിക്കോർമയില്ലെങ്കിലും അച്ഛൻ ഞങ്ങൾക്കു വേണ്ടി വിഷമിച്ച കഥകളൊക്കെ ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടു്. എന്നെയും വിലാസിനിയേയും ഇത്രയേറെ പഠിപ്പിക്കാൻ ഒരു ഹെഡ്കോൺസ്റ്റബിളിന്റെ ശമ്പളംകൊണ്ടു് അച്ഛനു കഴിയുമായിരുന്നില്ല… അപ്പോൾ ഞങ്ങൾക്കുവേണ്ടി അച്ഛൻ ബുദ്ധിമുട്ടി… പാപം ചെയ്തു… അക്രമം ചെയ്തു… ജനങ്ങളുടെ വെറുപ്പു് സമ്പാദിച്ചു… പലരേയും ഹിംസിച്ചു. കൈക്കൂലി വാങ്ങി… (ഭാനുവിന്റെ നേർക്കു തിരിഞ്ഞു) ഇതൊക്കെ എന്തിനുവേണ്ടി, ഭാനു, അച്ഛനു് ചെയ്തതു്? ഞങ്ങൾക്കു വേണ്ടി. എന്നിട്ടോ? അവസാനനിമിഷം അച്ഛനിത്തിരി കസ്തൂരി? ചാലിച്ചുകൊടുക്കാൻ ഞങ്ങളുടെ കൈയെത്തിയില്ല… (കലശലായി തേങ്ങി) അല്ലെങ്കിൽ ഞങ്ങളതു ചെയ്തില്ല;
- ഭാനു:
- ഇങ്ങനെ പറയാൻ തുടങ്ങിയാൽ അവസാനമുണ്ടാവില്ല.
- വിജയൻ:
- പാപം ചെയ്യാൻ അച്ഛൻ. ജനങ്ങളുടെ വെറുപ്പും നിന്ദയും ശകാരവും വാങ്ങിവെയ്ക്കാൻ അച്ഛൻ. സുഖിക്കാനോ ഞങ്ങളും… എങ്ങിനെ സഹിക്കും ഭാനു. (കണ്ണിൽനിന്നു് വെള്ളം ധാരയായൊഴുകുന്നു.)
രാമൻ ഒരു പ്ലെയ്റ്റിൽ പലഹാരമെന്തൊ കൊണ്ടുവരുന്നു. വിജയനും ഭാനുവും തെല്ലിട മിണ്ടാതെ നില്ക്കുന്നു. വിജയന്റെ കണ്ണീരുകണ്ടു ഭാനുവിനും കരച്ചിൽ വരുന്നു. ഭാനു സാരിത്തുമ്പുകൊണ്ടു കണ്ണീരൊപ്പുന്നു.
- ഭാനു:
- (തൊണ്ടയിടറി) ആ ചായ കുറച്ചു കുടിച്ചോളൂ.
- വിജയൻ:
- (പെട്ടെന്നു് ചായയുടെ ഓർമവന്നു് അതൊരു കവിൾ വായിലാക്കുന്നു. വേദന സഹിച്ചുകൊണ്ടെന്നപോലെ ഇറക്കുന്നു.) വേണ്ട, ഭാനു. കുടിക്കാൻ വയ്യ (വെച്ചുനീടുന്നു.) ഭാനു കപ്പു വാങ്ങുന്നു.
- വിജയൻ:
- (നെഞ്ചിൽ തൊട്ടു്) ഇവിടയെന്തോ അടഞ്ഞുനില്ക്കും പോലെ (കപ്പ് ഭാനുവിന്റെ കൈയിൽ കൊടുക്കുമ്പോൾ പിറകിൽ നില്ക്കുന്ന രാമനെ കാണുന്നു.) രാമാ, നിനക്കെങ്കിലും ഒരു വിവരം അറിയിക്കായിരുന്നില്ലേ? അച്ഛന്റെ രോഗം ഇത്ര വർദ്ധിച്ചിട്ടും നീയെന്തിനതൊളിച്ചുവെച്ചു?
- രാമൻ:
- അയ്യോ! ഞാനൊന്നും ചെയ്തിട്ടില്ലേ? അത്രയ്ക്കൊന്നും അധികണ്ടായിരുന്നില്ല; പെട്ടെന്നാണു് അധികമായതു്. പിന്നെ ഞാൻ ചോദിക്കുമ്പോഴൊക്കെ അദ്ദേഹം പറയും, കത്തെഴുതീട്ടുണ്ടെന്നു്.
- വിജയൻ:
- കത്തെഴുതിയതു ശരിയായിരുന്നു, രാമാ. അതു എന്റെ കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു. ഞാൻ വിചാരിച്ചു എന്നോടുള്ള അലോഗ്യം നിലവിലുണ്ടെന്നു്.
- രാമൻ:
- ഒടുവിലൊടുവിൽ നല്ല പട്ടു പോലത്തെ സ്വഭാവമായിരുന്നു.
വിജയൻ ചുണ്ടു കടിച്ചമർത്തി ദുഃഖം ഒതുക്കുന്നു.
- രാമൻ:
- ഒത്തിരി ദേഷ്യം ആരോടും ഇല്ല.
- വിജയൻ:
- എന്നാൽ അച്ഛന്റെ കത്തു കണ്ടാൽ ആർക്കും മനസ്സിലാവില്ല ഒരേ ഒരു വാചകം; കുട്ടിയെ ഒന്നു കാണണം. കൂട്ടത്തിൽ എന്റെ മണിയോർഡർ മടക്കുകയും ചെയ്തു. ഞാനെന്തു വിചാരിക്കണം രാമാ?
- രാമൻ:
- ശരിയാണു്. കുട്ടിയെ കാണാൻ ഒരുപാടു കൊതിച്ചിരുന്നു.
- വിജയൻ:
- കത്തു കിട്ടിയ ദിവസം രാത്രിയാണു് അവനു് അപസ്മാരമിളയതു്. പിറ്റേന്നു കാലത്തെ പുറപ്പെടാൽ തീരുമാനിച്ചതായിരുന്നു
- രാമൻ:
- എന്നോടു പറഞ്ഞു ഒരു ചെറിയ പട്ടുകുപ്പായം തുന്നിച്ചു കൊണ്ടുവരാൻ.
- വിജയൻ:
- (ഉത്കണ്ഠയോടെ) എന്തിനു്, രാമാ?
- രാമൻ:
- അതവിടെ എവിടെയോ കാണും. (കിടക്കയുടെ അടിയിൽ തപ്പുന്നു.)
വിജയനും ഭാനുവും ഉറ്റു നോക്കുന്നു. രാമൻ കിടക്കയുടെ അടിയിൽനിന്നു ചുകപ്പുനിറത്തിൽ ചെറിയൊരു കുപ്പായം പുറത്തേക്കെടുക്കുന്നു. വിജയൻ ധൃതിയിൽ ചെന്നതു വാങ്ങുന്നു. മുഖത്തോടടുപ്പിക്കുന്നു. വിങ്ങിവിങ്ങി ശബ്ദമില്ലാതെ കരയുന്നു. ഭാനു തുടരെത്തുടരെ കണ്ണു തുടയ്ക്കുന്നു.
- വിജയൻ:
- (തേങ്ങി) ഇല്ലച്ഛാ, എന്റെ ഈ കുറ്റത്തിനെനിക്കു മാപ്പില്ല. ആരേയും കാണാതെ, എല്ലാവരേയും അടിച്ചകറ്റി, ഞങ്ങളെ മുഴുവനും വെറുത്ത അച്ഛന്റെ ഉള്ളിലിങ്ങിനെയൊരു സ്നേഹം ഒളിച്ചിരുന്നതു് ഞാനറിഞ്ഞില്ല.
- ഭാനു:
- ആരും അറിഞ്ഞില്ല.
- രാമൻ:
- അവടുത്തെ മരണംപോലെത്തനെ? സ്വഭാവത്തിന്റെ മാറ്റോം പെട്ടെന്നായിരുന്നു.
- വിജയൻ:
- ആരറിഞ്ഞു ഇതൊക്കെ?
- രാമൻ:
- എനിക്കുകൂടി മനസ്സിലായിട്ടില്ല. ഇവിടെ ഒരു കുട്ടി വരാറുണ്ടായിരുന്നു.
- വിജയൻ:
- ഏതു കുട്ടി?
- രാമൻ:
- അയൽവക്കത്തെ കുട്ട്യാണു്. അവൻ വന്നാൽ സ്വാഭാവൊക്കെ മാറും. പിന്നെ കുട്ടികളെപ്പോലെ എന്തും പറയാം ചോദിക്കാം.
- വിജയൻ:
- എനിക്കവനെയൊന്നു് കാണണം.
- രാമൻ:
- ഇവിടെ വരും, വരാതിരിക്കില്ല…
- വിജയൻ:
- ഓ! വിചാരിക്കും തോറും സഹിക്കാൻ കഴയുന്നില്ല, ഭാനു.
- ഭാനു:
- (പെട്ടെന്നു് അകത്തേക്കു നോക്കി) അതാ, അമ്മ വരുന്നുണ്ടു്. ആ മുഖമൊക്കെയൊന്നു് തുടയ്ക്കു (വീണ്ടും അകത്തേക്കു നോക്കി). എങ്ങട്ടാണാവോ പോകുന്നതു്? നോക്കു, അമ്മയുടെ മുൻപിൽനിന്നു കരയരുതേ…
വിജയൻ മുഖം തുടച്ചു് ആവുന്നതും ഭാവം മാറ്റാൻ ശ്രമിക്കുന്നു. വിജയന്റെ അമ്മ—കാർത്ത്യായനി അമ്മ—മൂന്നാംരംഗത്തിൽ കണ്ട സ്ത്രീ പതുക്കെ വാതിൽ കടന്നു കാറ്റത്തെന്നപോലെ മുൻപോട്ടുവരുന്നു. നരച്ച തലമുടി പാറിപ്പറക്കുന്നുണ്ടു്. കണ്ണുകളിൽ ശോകച്ഛായയല്ല, നിശ്ചയദാർഢ്യമാണു് സ്ഫുരിക്കുന്നതു്. എന്തോ ഒന്നു തീരുമാനിച്ച മുഖഭാവം. പുതയ്ക്കാനുപയോഗിച്ച ചുകന്ന ബ്ലാങ്കറ്റ് കൈത്തണ്ടയിൽ തുങ്ങിക്കിടക്കുന്നു. പതുക്കെ ആരേയും ശ്രദ്ധിക്കാതെ നടന്നുവന്നു് കട്ടിലിനരികിൽ നില്ക്കുന്നു. അല്പനേരം ഇമവെട്ടാതെ ആ കട്ടിലിൽത്തന്നെ നോക്കുന്നു. മൂന്നു പ്രാവശ്യം ആ കട്ടിലിൽ തൊട്ടു് മൂർധാവിൽ വെക്കുന്നു. കട്ടിലിൽ ഇരിക്കുന്നു. ഭാനുവും വിജയനും രാമനും വീർപ്പടക്കിപ്പിടിച്ചു് അമ്മയെ ഉറ്റുനോക്കുകയാണു്.
- കാർത്ത്യായനി അമ്മ:
- (മൂന്നുപേരേയും മാറി മാറി നോക്കുന്നു. എന്നിട്ടു് അധികാരസ്വരത്തിൽ വിളിക്കുന്നു.) വിജയാ!
- വിജയൻ:
- അമ്മേ!
- കാർത്ത്യായനി അമ്മ:
- ഒന്നുമില്ല; നിങ്ങളൊക്കെ എന്താ ഇങ്ങിനെ നില്ക്കുന്നതു് (രാമനെ നോക്കി) ഇവിടെ ജോലിയൊന്നുമില്ലേ രാമാ…
- രാമൻ:
- (പതുക്കെ) ഉണ്ടു്.
- കാർത്ത്യായനി അമ്മ:
- എന്നാൽ പോയിട്ടു ചെയ്യരുതേ?
രാമൻ പോകുന്നു.
- കാർത്ത്യായനി അമ്മ:
- ഭാനു
- ഭാനു:
- അമ്മേ!
- കാർത്ത്യായനി അമ്മ:
- കുഞ്ഞെവിടെ?
- ഭാനു:
- ഉറക്കിക്കിടത്തിയിരിക്കുന്നു.
- കാർത്ത്യായനി അമ്മ:
- അവനു് അസുഖോന്നുല്ലല്ലോ.
- ഭാനു:
- ഇല്ല. രണ്ടുമൂന്നു ദിവസായിട്ടു അമ്മ എടുക്കാത്തതു കൊണ്ടു വല്യ ശാഠ്യം.
- കാർത്ത്യായനി അമ്മ:
- ഉണർന്നാലിങ്ങട്ടു കൊണ്ടുവരൂ… മോനേ വിജയാ…
- വിജയൻ:
- എന്താണമ്മേ?
- കാർത്ത്യായനി അമ്മ:
- ഞാനിനി ഇവിടെ (ചുണ്ടുകടിച്ചമർത്തി ദുഃഖം നിയന്ത്രിച്ചിട്ടും കണ്ഠം ഇടറുന്നു.) ഈ കട്ടിലിലാണു് കിടക്കാൻ വിചാരിക്കുന്നതു്.
വിജയൻ ഒന്നും മിണ്ടുന്നില്ല.
- കാർത്ത്യായനി അമ്മ:
- ഇനി നിന്റെ പാരവശ്യങ്ങളൊക്കെ ഒന്നു മതിയാക്കണം, നിങ്ങളൊക്കെകൂടി എന്നെ വിഷമിപ്പിക്കരുതു്. ഇതുവരെ എനിക്കു സഹിക്കാനുള്ള ശക്തിണ്ടായിരുന്നു. ഇന്നതില്ല… എന്റെ മോളാണെങ്കിൽ അവിടെ ദണ്ഡം പിടിച്ചു കിടക്കുന്നു. അവൾക്കിപ്പഴും ഇവിടെ വാരാൻ കഴിഞ്ഞിട്ടില്ല. ഇനി നീയാണു്? നീ നിന്റെ വിചാരങ്ങളൊക്കെ മറക്കണം… മറക്കില്ല…
- വിജയൻ:
- മറക്കാം.
- കാർത്ത്യായനി അമ്മ:
- ഈ കട്ടിൽ കുറച്ചു പഴക്കള്ളതാണു്. നിന്റെ അച്ഛന്റെ അച്ഛനു് ഇതിൽ കിടന്നാണു് മരിച്ചതു്… പിന്നെ… നിന്റെ… (കണ്ണുനീരൊപ്പുന്നു.) … അതുകൊണ്ടു് എല്ലാവരും മരിക്കും… വ്യസനിച്ചിട്ടൊന്നും കാര്യേല്ല.
അകലത്തുനിന്നു നേരിയൊരു വേണുഗാനം. ആരും അതത്ര ശ്രദ്ധിക്കുന്നില്ല. അതു് അടുത്തടുത്തു വരുന്നു. വിജയനും ഭാനുവും കാർത്ത്യായനി അമ്മയും കുറച്ചു നിമിഷം ഒന്നും പറയാതെ അവരവരുടെ വിചാരവുമായി കഴിക്കുകയാണു്. വേണു ഗാനം അടുത്തടുത്തു വരുന്നു.
- രാമൻ:
- (അകത്തുനിന്നു് ബദ്ധപ്പെട്ടുവന്നു) അതാ, ആ കുട്ടി.
വേണുഗാനം കേൾക്കുന്ന ഭാഗത്തേക്കു ചൂണ്ടുന്നു.
- വിജയൻ:
- എവിടെ? നീ ചെന്നു കൂട്ടിക്കൊണ്ടുവരൂ, രാമാ.
- രാമൻ:
- അതാ ഇങ്ങോട്ടാണു് വരുന്നതു്. (എല്ലാവരും അങ്ങോട്ടു് നോക്കുന്നു.)
ബാബു വായിച്ചുകഴിഞ്ഞ ഓടക്കുഴൽ ഉറക്കെ വീശിക്കൊണ്ടു് വരുന്നു. വന്നതോടെ പുതിയ ആളുകളെ കണ്ടു് ഉത്സാഹം നശിച്ചു പെട്ടെന്നു നില്ക്കുന്നു. വിജയൻ ഓടിച്ചെന്നു ബാബുവിനെ വാരിയെടുക്കുന്നു.
- ബാബു:
- (വല്ലാത്തൊരു ലജ്ജയോടെ) വേണ്ട, വേണ്ട, ഞാൻ നടന്നോളാം.
- വിജയൻ:
- നീ നടക്കാഞ്ഞിട്ടല്ല, നിന്നെ ഞാനൊന്നെടുക്കട്ടെ. (എടുത്തുകൊണ്ടു് വരുന്നു. കാർത്ത്യായനി അമ്മയുടെ അടുത്തു കട്ടിലിൽ കൊണ്ടുചെന്നു് ഇരുത്തുന്നു.)
ബാബു ഇരിക്കുന്നില്ല
- കാർത്ത്യായനി അമ്മ:
- (ബാബുവിന്റെ കൈ പിടിച്ചു) ഇരിക്കൂ, മോനേ, ഇവിടെ ഇരിക്കൂ. (ബാബു അനുസരിക്കുന്നു. കാർത്ത്യായനി അമ്മ ബാബുവിനോടു ചേർന്നിരുന്നു് അവന്റെ മൂർധാവിൽ തലോടിക്കൊണ്ടിരിക്കുന്നു.)
ആരും ഒന്നും മിണ്ടുന്നില്ല. ആ നിശ്ശബ്ദത ബാബുവിനെ പൊറുതികെടുത്തുന്നു. അവനങ്ങനെ ഇരിക്കാൻ വയ്യ. എല്ലാവരേയും അവൻ മാറി മാറി നോക്കുന്നു; വിജയനെ കുറച്ചു കൂടുതലായും അങ്ങനെ നോക്കിക്കൊണ്ടിരിക്കെ
- ബാബു:
- (വിജയനോടു് നിങ്ങളാണോ, അമ്മാമേടെ മകൻ
വിജയൻ ചെറുതായൊന്നു ഞെട്ടുന്നു.
- ബാബു:
- എന്തൊരു സ്നേഹായിരുന്നു അമ്മാമ്മയ്ക്കു് നിങ്ങളോടു്.
വിജയൻ ചുണ്ടുകടിച്ചമർത്തി മുഖം തിരിക്കുന്നു. കാർത്ത്യായനി അമ്മ കണ്ണുതുടയ്ക്കുന്നു. ഭാനു മുഖം പൊത്തി വിങ്ങുന്നു.
- ബാബു:
- നിങ്ങളുടെ കത്തു വന്ന ദിവസം അമ്മാമ്മ ഒരുപാടു കരഞ്ഞു.
- വിജയൻ:
- (കട്ടിലിൽ ബാബുവിനടുത്തു ചെന്നിരിക്കുന്നു. അവനെ കെട്ടിപ്പിടിക്കുന്നു.) എന്റെ അച്ഛനു് അവസാനകാലത്തു നീയായിരുന്നു ഒരു തണൽ. നിന്നെ ഞങ്ങൾക്കു് ഒരിക്കലും മറക്കാനാവില്ല!
- ബാബു:
- നിങ്ങളുടെ കുട്ടിയെ കൊണ്ടുവന്നില്ലേ?
- വിജയൻ:
- ഉണ്ടു്.
- ബാബു:
- അവനു് ദിവസവും ഓടക്കുഴൽ വായിച്ചുകൊടുക്കാൻ അമ്മാമ്മ എന്നെ ഏല്പിച്ചിട്ടുണ്ടു്.
വിജയൻ കണ്ണിൽ വെള്ളമൊഴുക്കിക്കൊണ്ടു് ഒന്നും മിണ്ടാതിരിക്കുന്നു. എല്ലാവരും വിങ്ങിക്കരയുകയാണു്.
- ബാബു:
- പിന്നേ, അമ്മാമ്മ നിങ്ങളെയൊക്കെ ഒരുപാടു കാത്തു നിന്നു… (എഴുന്നേല്ക്കുന്നു.) അമ്മാമ്മ എന്നോടു പറഞ്ഞിരിക്കുന്നു. (എല്ലാവരും ഒപ്പം ബാബുവിനെ നോക്കുന്നു.) അതാ, അവിടെ ആ മാവില്ലേ, അതിന്റെ തണലിലു് അമ്മാമ്മ എലപ്പോഴും ഉണ്ടാവുമെന്നു്. (തൊടിയിലേക്കു വിരൽ ചൂണ്ടുന്നു.)
വിജയനും കാർത്ത്യായനി അമ്മയും ഒരുമിച്ചെഴുന്നേറ്റു ബാബു വിരൽചൂണ്ടിയ ഭാഗത്തേക്കു നോക്കുന്നു.
—യവനിക—