images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പത്തു്

“ട്രോങ്കോ!”

ആ കെട്ടിടത്തിന്റെ പേരു കേട്ടാൽ ചെകുത്താനും വിറയ്ക്കും. നരകത്തിന്റെ പര്യായമാണതു്. ക്രൂരവും പൈശാചികവുമായ മർദ്ദനങ്ങളേറ്റു പല തടവുകാരും അതിൽ കിടന്നു മരിച്ചിട്ടുണ്ടു്. കെട്ടിത്തുങ്ങി ആത്മഹത്യ ചെയ്തിട്ടുണ്ടു്. പറങ്കികളുടെ തലസ്ഥാനമായ ഗോവയിൽ, തടവുകാരെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കുപ്രസിദ്ധമായ കെട്ടിടത്തിന്റെ പേരാണു്, “ട്രോങ്കോ!”

ആറുംതോറും പുതിയ മനുഷ്യരക്തംകൊണ്ടു് അതിന്റെ ഭിത്തികളിൽ ചായപ്പണി നടക്കുന്നു. തറ കണ്ണീരുകൊണ്ടു സദാ ഈർപ്പം കലർന്നതാണു്. വേനൽക്കാലത്തു് കൊതുകും മുട്ടയും മഴക്കാലത്തു് അട്ടയും പുഴുവും തടവുകാരുടെ രക്തത്തിൽ പങ്കുവഹിക്കാനെത്തിച്ചേരുന്നു. ട്രോങ്കോ നാഴികയ്ക്കു യുഗത്തിന്റെ വലിപ്പവും ജീവിതത്തിനു മരണത്തിന്റെ വേദനയും സമ്മാനിക്കുന്നു.

സ്ഥാനമാനങ്ങളും പദവിയും നൽകി, പോർച്ചുഗലിൽ നിന്നു ഭാരതത്തിലേക്കയയ്ക്കുന്ന വൈസ്രോയിമാരുടെ രാജധാനി ഗോവയിലാണു്. തുറമുഖത്തുനിന്നു നോക്കിയാൽ ആ മനോഹരസൗധം കാണാം. വൈസ്രോയിമന്ദിരത്തിനു തൊട്ടാണു് ആയുധശാലയും വെടിമരുന്നു പുരയും. രണ്ടിനുമിടയിൽ “ട്രോങ്കോ”, വിശന്ന സിംഹത്തെപ്പോലെ, തലയും താഴ്ത്തി കാത്തിരിക്കുന്നു.

യുദ്ധത്തിൽ പിടിക്കുന്ന തടവുകാർ രാജാവിന്റെ സ്വത്താണു്. ആരംഭംമുതൽക്കേ അങ്ങനെ വ്യവസ്ഥയുണ്ടായിരുന്നു. പിടിക്കുന്ന തടവുകാരുടെ എണ്ണത്തിനനുസരിച്ചു പട്ടാളക്കാർക്കു പ്രതിഫലമുണ്ട്; ഉദ്യോഗക്കയറ്റവും! ക്രമേണ ആ വ്യവസ്ഥ അനാകർഷകമായിത്തീർന്നു. പട്ടാളക്കാർക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും പ്രതിഫലം പോരെന്നൊരു തോന്നൽ. ഉയർന്ന മണ്ഡലത്തിൽ ഇരിക്കുന്നവർ രഹസ്യമായി കൂടിയാലോചിച്ചു. രാജാവറിയാതെ, നിയമം ലംഘിക്കാൻ അവർ തീരുമാനിച്ചു. തടവുകാരെ ലേലം ചെയ്തു വിൽക്കുക. കച്ചവടക്കാർക്കും കപ്പലുടമകൾക്കും പ്രഭുക്കന്മാർക്കും അടിമകളെ വേണ്ടി വരും. അവർക്കിടയിൽ മത്സരം സൃഷ്ടിക്കാൻ കഴിഞ്ഞാൽ വലിയ വരുമാനം തരപ്പെടും. ആവശ്യക്കാർക്കിടയിലുള്ള മത്സരം ചരക്കിനു വിലകൂട്ടുമല്ലേോ. അങ്ങനെ ആ ഗുഢാലോചന ശക്തിപ്പെട്ടു. രാജാവിന്റെ അറിവോ അനുമതിയോ കൂടാതെ, ഗോവയിൽ ഒരു അടിമച്ചന്ത സ്ഥാപിക്കാൻ അതു വഴിതെളിയിച്ചു.

അടിമച്ചന്ത നിലവിൽവരുന്നതിനുമുമ്പു് തടവുകാരുടെ ദുരിതാനുഭവങ്ങൾ കടുത്തതായിരുന്നു. കപ്പലിൽ തണ്ടു വലിക്കാൻ പറ്റുന്നവരെ അതിനുപയോഗിക്കും. അല്ലാത്തവരെ എന്നും തടവിലടയ്ക്കും. കാരണം കൂടാതെ മർദ്ദിക്കും. മതംമാറ്റത്തിനു പ്രേരിപ്പിക്കും. വഴങ്ങാത്തവരെ പിന്നെയും മർദ്ദിക്കും.

പട്ടാളക്കാരുടെ ചാട്ടവാറടികൊണ്ടു കണ്ണു രണ്ടും പൊട്ടിപ്പോയ ഒരു തടവുകാരൻ ദീർഘകാലമായി ട്രോങ്കോവിലെ അന്തേവാസിയാണു്. കണ്ണില്ലാത്തതുകൊണ്ടു ജോലിക്കു പറ്റില്ല. ആത്മഹത്യചെയ്യുന്നുമില്ല. അയാൾ അധികൃതന്മാർക്കു പുതിയൊരു പ്രശ്നം സൃഷ്ടിച്ചു. എന്തു ചെയ്യണം? വെറുതെ ഭക്ഷണം കൊടുത്തു പോറ്റുന്നതു നഷ്ടമാണു്. ലേലം ചെയ്താൽ എടുക്കാൻ ആളുണ്ടാവില്ല. ഒടുവിൽ തുറന്നുവിടാൻ തീരുമാനിച്ചു. കുരുടനല്ലേ. ഒരു കുഴപ്പവും വരില്ല. നഗരത്തിൽ അങ്ങുമിങ്ങും തെണ്ടിത്തിരിയും. എന്നെങ്കിലും ഒരു ദിവസം കവലയിൽ എവിടെയെങ്കിലും വീണു ചാവും. പോട്ടെ. മാരണം! അധികൃതന്മാർ ആ കുരുടനെ തുറന്നിറക്കി.

തപ്പിയും തടഞ്ഞും അയാൾ നഗരത്തിലൂടെ നടന്നു. വാഹനങ്ങളിലും ഭിത്തികളിലും തട്ടിമുട്ടി വീണു. വീണ്ടും എഴുന്നേറ്റു. ജനങ്ങളെ വിളിച്ചു യാചിക്കാനല്ല അയാൾക്കു തോന്നിയതു്. കനത്ത ശബ്ദത്തിന്റെ ഉടമസ്ഥനായ ആ മനുഷ്യൻ പറങ്കികളുടെ ദുർഭരണത്തിനെതിരായി ശക്തിയേറിയ ഭാഷയിൽ പലതും വിളിച്ചുപറഞ്ഞു. ഗൃഹാന്തർഭാഗങ്ങളിൽ ആ ശബ്ദം മാറ്റൊലിചേർത്തു. കുട്ടികൾ കേട്ടു. അവർ അയാളുടെ പിന്നാലെ കൂടി. അയാൾ വിളിച്ചുപറയുന്നതു കേൾക്കാൻ രസമുണ്ടു്. അവരും അതേറ്റുപറഞ്ഞു. അമ്മമാർ മൂക്കത്തു വിരൽവെച്ചു സ്തംഭിച്ചു നിന്നു. നഗരവീഥിയിൽ ക്രമസമാധാനം പാലിക്കുന്ന പോലീസുകാർ അമ്പരന്നു. അയാളെ വിളിച്ചു ശാസിച്ചു. ഭീഷണിപ്പെടുത്തി.

നഷ്ടപ്പെടാൻ യാതൊന്നുമില്ലാത്ത ആ മനുഷ്യൻ ഒട്ടും കുലുങ്ങാതെ ഉച്ചത്തിലുച്ചത്തിൽ പിന്നെയും വിളിച്ചുപറഞ്ഞു. ട്രോങ്കോവിൽ നടക്കുന്ന മർദ്ദനങ്ങളെപ്പറ്റി, പറങ്കികൾ നടത്തുന്ന കൊള്ളകളെപ്പറ്റി, കൊലപാതകങ്ങളെപ്പറ്റി. വൈസ്രോയി മുതലിങ്ങോട്ടു് എല്ലാവരും വിറച്ചു. തടവുമുറിയുടെ വാതിൽ പിന്നെയും അയാൾക്കുവേണ്ടി തുറന്നു. ചിരപരിചിതമായ ദുർഗന്ധംകൊണ്ടു് ട്രോങ്കോവിന്റെ സാന്നിദ്ധ്യത്തെ അയാൾ മനസ്സിലാക്കി. ഇത്തവണ ചങ്ങലയിൽ കുടുങ്ങേണ്ടിവന്നു. അനങ്ങാതെ ഒരു മൂലയിൽ പിന്നെയും ഇരിപ്പായി.

വാതിലിന്റെ തിരിക്കുറ്റികൾ ശബ്ദിക്കുമ്പോൾ, ചങ്ങലകൾ കിലുങ്ങുമ്പോൾ, കാൽപ്പെരുമാറ്റം അടുത്തുവരുമ്പോൾ, ഒട്ടിപ്പിടിച്ച കൺപോളകൾ ചലിപ്പിച്ചു നെറ്റിയിൽ ചുളിവുകളുണ്ടാക്കി കഴുത്തു നീട്ടിപ്പിടിച്ചു് അയാൾ ശ്രദ്ധിക്കും.

“പുതിയ തടവുകാർ വരുന്നുണ്ടു്. ഭാഗ്യംകെട്ടകൂട്ടർ.” ആ നെറ്റിയിലെ ചുളിവിന്റെ അർത്ഥമതാണു്. എല്ലാ ചലനങ്ങളും അസ്തമിച്ച ഗദ്ഗദങ്ങളും നെടുവീർപ്പും ഉയരുമ്പോൾ നവാഗതരെച്ചൊല്ലി ആ മനുഷ്യൻ അർത്ഥം വച്ചുമൂളും. എല്ലാവരും അതുകേട്ടു് അയാളെ നോക്കും. നിശ്ശബ്ദമായി ശ്രദ്ധിക്കും.

മെലിഞ്ഞു നീണ്ടു് എല്ലുകൾ മുഴച്ചുനിൽക്കുന്ന ശരീരം. നരച്ച താടിയും തലമുടിയും പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുന്ന മുഖം. പോളകൾകൊണ്ടു വാതിലടച്ച കണ്ണുകൾ. ശബ്ദത്തിനുമാത്രം ക്ഷീണം തട്ടിയിട്ടില്ല. അതു കേട്ടാൽ ഏതോ ഗംഭീരപുരുഷന്റെ ആത്മാവു് ആ കുരുടനിൽ ആവേശിച്ചപോലെ തോന്നും.

പുതിയ തടവുകാരെ പരിചയപ്പെട്ടുകഴിഞ്ഞാൽ ട്രോങ്കോവിന്റെ അപദാനങ്ങൾ പലതും അയാൾ അവർക്കു വിവരിച്ചുകൊടുക്കും. കോഴിക്കോടുമായുള്ള കടൽയുദ്ധത്തിൽ തടവുകാരാക്കി പിടിച്ച എഴുപത്തിയഞ്ചു മുസ്ലീങ്ങളിൽ നാല്പത്തൊമ്പതുപേർ ഒരുമിച്ചു് ഒരേ ദിവസം തലപ്പാവുപയോഗിച്ചു വരിവരിയായി അവിടെ കെടിത്തുങ്ങി മരിച്ച കഥ എല്ലാവരോടും വിടാതെ പറയും. അതു കൊല്ലങ്ങൾക്കു മുമ്പാണു്.

“ആ നാല്പത്തൊമ്പതുശവം ഒന്നിച്ചു തുങ്ങിനിന്നപ്പോൾ ഈ മുഖത്തു കണ്ണുണ്ടായിരുന്നു.” കഥ അവസാനിപ്പിക്കുന്നതിങ്ങനെയാണു്. അതു കഴിഞ്ഞു് കണ്ണു പോയ കഥയും പറയും. ഒരു കണ്ണു കാവൽക്കാരൻ കുത്തിപ്പൊട്ടിച്ചതാണു്; മറ്റേതു ചാട്ടവാർ കൊണ്ടും പോയി.

“ഇവിടെ കണ്ണില്ലാത്തതാ സുഖം.” എല്ലാം പറഞ്ഞുതീർന്നാൽ അയാളൊന്നു ചിരിക്കും. അതിന്റെ മുഴക്കത്തിൽ വേദനയുടെ ശബ്ദവും ഗദ്ഗദവും പല്ലിറുമ്മലുമുണ്ടാവും.

കരകാണാത്ത കടലിലൂടെ പത്തു ദിവസത്തെ ധൃതിപിടിച്ച ഓട്ടം. കഴിഞ്ഞു. പതിനൊന്നാംദിവസം പൊക്കനെയും കൂട്ടുകാരെയും വഹിച്ചുകൊണ്ടു പറങ്കിക്കപ്പലുകൾ ഗോവാതുറമുഖത്തെത്തി. രാത്രിയാണു് കപ്പലിറങ്ങിയതു്. ഭൂസ്ഥിതിയെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ. കടപ്പുറത്തെ നനഞ്ഞ പൂഴി പരിചിതമാണു്. നടക്കുമ്പോൾ സുഖം തോന്നി. ശുദ്ധവായു ശ്വസിച്ചിട്ടും നീണ്ടുനിവർന്നൊന്നു നടന്നിട്ടും ദിവസങ്ങളായി. അതു നീണ്ടൊരു ഘോഷയാത്രയായിരുന്നു. ചെമ്മരിയാടിൻ പറ്റത്തെപ്പോലെ, തെളിക്കുന്നവന്റെ കല്പനയ്ക്കുവഴങ്ങി തലയും താഴ്ത്തി അവർ നടന്നു. ഇരുട്ടും ദുർഗന്ധവും ഇടതൂർന്ന ട്രോങ്കോ തടവുമുറിയിലാണു് ആ യാത്ര അവസാനിച്ചതു്.

പന്തംകൊളുത്തിപ്പിടിച്ചു് ഏതാനും പാറാവുകാർ വന്നു് വെണ്മഴുവേന്തിയ പട്ടാളക്കാരിൽനിന്നു തടവുകാരെ ഏറ്റുവാങ്ങി തലങ്ങും വിലങ്ങും തറയിൽ ഉറപ്പിച്ചുനിർത്തിയ വലിയ ഇരുമ്പുപാളങ്ങളിൽ അവരെ പൂട്ടിയിടാൻ തുടങ്ങി. ആരും പ്രതിഷേധിച്ചില്ല. പ്രതിഷേധം മർദ്ദനത്തെ ക്ഷണിച്ചുവരുത്തും. എല്ലാം കഴിഞ്ഞു വാതിലുകളടഞ്ഞു.

പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണു്. പരസ്പരം ഒന്നും സംസാരിക്കാതെ ഇരുട്ടിലേക്കു് തുറിച്ചുനോക്കിക്കൊണ്ടു് അവർ ഇരുന്നു. എവിടെയാണെത്തിയതു്? എത്ര കാലം അവിടെ കഴിച്ചുകൂട്ടേണ്ടിവരും? ഇനി വെളിച്ചംകാണാൻ യോഗമുണ്ടാവില്ലേ? അല്ല, ഇനിയും യാത്ര തുടങ്ങേണ്ടിവരുമോ? വരുമെങ്കിൽ അതെങ്ങോട്ടാവും? ഇത്തിരി വെളിച്ചം കിട്ടുന്ന വല്ല സ്ഥലത്തും കൊണ്ടുപോയാൽ മതിയായിരുന്നു. ഭക്ഷണമില്ലെങ്കിൽ വേണ്ട. ദാഹിച്ച വെള്ളംകൂടി ആവശ്യമില്ല. അൽപം വെളിച്ചമാണു് വേണ്ടതു്. അതു കണ്ടു് ദാഹിച്ചോ വിശന്നോ മരിച്ചോളാം. സങ്കടമില്ല.

തടവുകാർ പലതും അങ്ങനെ ആലോചിച്ചു വിഷമിക്കുമ്പോൾ ജയിലറയുടെ ഒരു കോണിൽ നിന്നു് കനത്ത നിശ്ശൂബ്ദതെയ പിടിച്ചു കുലുക്കിക്കൊണ്ടു് ഘനഗംഭീരമായൊരു ശബ്ദമുയർന്നു:

“അഞ്ചമ്പുണ്ടു് അടുപ്പിലളേ,
അന്തകനുണ്ടു് പുരയ്ക്കലളേ…”

പലരും പണ്ടു പലതവണ കേട്ടു പഴകിയൊരു താരാട്ടുപാട്ടു്. കാമുകസമാഗമത്തെപ്പറ്റി, തന്റെ ഭാര്യയിൽ സംശയമുദിച്ച ഒരു ഭർത്താവു്, പതിവുപോലെ, ഏറുമാടത്തിൽ കാവലിരിക്കാൻ പോയില്ല. അവൻ വരും; അവനെ കൊല്ലണമെന്നു തീരുമാനിച്ചു് ചുട്ടൂ പഴുപ്പിച്ച അമ്പുമായി കുടിയിൽ കാത്തിരുന്നു. കാമുകന്റെ വരവിനു സമയമായെന്നറിഞ്ഞ ഭാര്യ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പാടിയുറക്കാൻ തുടങ്ങി:

“വാവാവം കുഞ്ഞൻ വാവാവം കുഞ്ഞൻ
വായമരത്തിന്റെ ചോട്ടൂടെ
താലോലം കുഞ്ഞൻ താലോലം കുഞ്ഞൻ
താളിമരത്തിന്റെ ചോട്ടൂടെ.”

കാമുകന്റെ കാൽപെരുമാറ്റം കേൾക്കുന്നു. ആപത്തിന്റെ സൂചന വേഗത്തിൽ നൽകണം. അവൾ ഉച്ചത്തിൽ പാടി:

“അഞ്ചമ്പുണ്ടു് അടുപ്പിലളേ…
അന്തകനുണ്ടു് പുരയ്ക്കലളേ…”

തടവുകാരിൽ പലർക്കും പാടാനറിയാവുന്ന ആ പാട്ടാണു് മുഴങ്ങി കേൾക്കുന്നതു്. ആപത്തിന്റെ സൂചനയാവുമോ? അവനവനോടു തന്നെ പലരും ചോദിച്ചു. ഈ നശിച്ച നരകത്തിലിരുന്നു പാടാൻമാത്രം മനഃശ്ശക്തിയുള്ള മനുഷ്യനേതെന്നു് തടവുകാർ അത്ഭുതപ്പെട്ടു. ആളെ കണ്ടാൽ വേണ്ടില്ലെന്നവർക്കുതോന്നി. എങ്ങനെ കാണും? ഇരുട്ടല്ലേ? അത്താഴം കഴിഞ്ഞു്, പൊന്നോമനക്കുഞ്ഞിനെയും കെട്ടിപ്പുണർന്നു പട്ടുമെത്തയിൽ കിടക്കുന്ന ഒരച്ഛന്റെ ആത്മനിർവൃതി മുഴുവനും ആ ശബ്ദത്തിലുണ്ടായിരുന്നു. ഭാഗ്യവാൻ!

ആ ഈരടികൾ പിന്നെയും മുഴങ്ങി. ദുരിതാനുഭവങ്ങൾകൊണ്ടു ജിവിതാശ നശിച്ച തടവുകാരുടെ മനസ്സിൽ അതു പുതുമഴയുടെ അനുഭവം നൽകി. ആശ്വസത്തിന്റെ ഇളംകാറ്റു വീശി. ഓർമ്മയുടെ ചെല്ലത്തളിരിനിടയിൽ സന്തോഷത്തിന്റെ പൂമൊട്ടുകൾ തല നീട്ടി. എല്ലാവരും അവരവരുടെ പാർപ്പിടങ്ങൾ തെളിഞ്ഞു കണ്ടു. ചിലതിൽ അച്ഛനമ്മമാരുണ്ടു്; മറ്റു ചിലതിൽ ഭാര്യയും കുഞ്ഞുങ്ങളുമുണ്ടു്.

അത്താഴം കഴിഞ്ഞു കുഞ്ഞിനു മുലകൊടുത്തുറക്കുന്ന ഭാര്യയുടെ കണ്ണീരിൽക്കുതിർന്ന മുഖം കണ്ടു് ഒരുത്തൻ പൊട്ടിക്കരഞ്ഞു. അതു മറ്റുള്ളവർ കേട്ടു. ചങ്ങല പൂട്ടിയ കൈകൊണ്ടു് എല്ലാവരും കണ്ണുതുടയ്ക്കുന്നു. നൈമിഷികമായ ആ സന്തോഷം നെടുവീർപ്പിന്റെ ചൂടിൽ കരിഞ്ഞുവീണു.

“മക്കളേ” പാടിക്കഴിഞ്ഞ വൃദ്ധൻ തന്റെ ജീവിതകഥയും ആ തുറുങ്കിന്റെ കഥയും, പതിവുപോലെ, വിവരിക്കാൻ തുടങ്ങി. ഭയപ്പെടുത്താനല്ല; എന്തിനും ഒരുങ്ങിയിരിക്കാനുള്ള ശക്തി അവരിലുണ്ടാക്കാൻ വേണ്ടി.

കഥ കേട്ടുകഴിഞ്ഞപ്പോൾ ഇരുട്ടിൽ തങ്ങൾക്കു ചുറ്റും അവിടെ വെച്ചാത്മഹത്യ ചെയ്തവരുടെ പ്രേതങ്ങൾ അലഞ്ഞു നടക്കുന്നുണ്ടെന്നു തടവുകാർക്കു തോന്നി. കഥ കേൾക്കുമ്പോൾ ആരും മൂളിയില്ല; ചോദ്യം ചോദിച്ചതുമില്ല. പൊക്കൻ മാത്രം അല്പം ജിജ്ഞാസുവായി കാണപ്പെട്ടു.

“മൂപ്പരേ” അവൻ പതുക്കെ വിളിച്ചു.

“എന്താ?” കണ്ണുപൊട്ടൻ ചോദിച്ചു.

“ഇപ്പപ്പറഞ്ഞത് നൊണയല്ലേ?”

“ഞാൻ നൊണ പറയില്ല.”

“കയ്യും കാലും ചങ്ങലയ്ക്കിട്ടാൽ എങ്ങനാ തുങ്ങിമരിക്ക്യാ.”

“ഞാനിവിടെ വന്ന കാലത്ത് ആരേം ചങ്ങലയ്ക്കിടാറില്ല. ഇഷ്ടംപോലെ തൂങ്ങിമരിക്കാം.”

“ഇപ്പം സമ്മതിക്ക്യോ തൂങ്ങിമരിക്കാൻ?”

“എന്താ, നിനക്കു മരിക്കണോ?”

“ഞാൻ മരിക്കൂല. ഓലെന്നെ കൊല്ലണം.”

“മിടുക്കൻ! എന്നാലോ, നീയൊന്നു കേട്ടോ. ഓല നിന്നെ മരിക്കാൻ സമ്മതിക്കില്ല; കൊല്ലാനും പോന്നില്ല.”

“പിന്നെ?”

“നിന്നെ ലേലം ചെയ്തു വില്ക്കും?”

“എന്നെ ആരു വാങ്ങും?”

പൊക്കന്റെ ചോദ്യം കേട്ടു കണ്ണുപൊട്ടൻ പതുക്കെയൊന്നു ചിരിച്ചു. പിന്നെ അടിമക്കച്ചവടത്തെക്കുറിച്ചായി വർത്തമാനം. മാടുകളെപ്പോലെ മനുഷ്യന്മാരെ ചന്തയിലേക്കു തച്ചാട്ടിക്കൊണ്ടുപോയി വിലക്കുന്ന സമ്പ്രദായം വിവരിച്ചുകേട്ടപ്പോൾ പ്രേതങ്ങളെക്കുറിച്ചുള്ള പേടി അസ്തമിച്ചു. മറ്റൊരു കുലുക്കംകൊണ്ടു ഹൃദയം നടുങ്ങി.

“നിങ്ങളൊക്കെ ഈ ഞായറാഴ്ച പോവും. പിന്നേം ഞാനിവിടെ ഒറ്റയ്ക്കാവും. അങ്ങനെയിരിക്കുമ്പോൾ പുതിയ കൂട്ടരെത്തും. അവരും പോവും. എത്ര മരണത്തിനു ഞാൻ സാക്ഷി നിന്നു! അതുപോലെ വിൽപനയ്ക്കും!” അത്രയും പറഞ്ഞു പിന്നെയും ആ മനുഷ്യൻ ചിരിച്ചു. ക്രൂരമായ ചിരി.

“നിങ്ങൾക്കു കണ്ണു പൊട്ടിക്കാൻ കഴിയോ? എന്നാൽ രക്ഷയുണ്ട്.”

വെളിച്ചത്തിനുവേണ്ടി ദാഹിക്കുന്നവരോടു കണ്ണുകുത്തിപ്പൊട്ടിക്കാൻ പറയുന്നു!

“കണ്ണു പൊട്ടീറ്റെന്തിനാ ജീവിക്കുന്നത്? പൊക്കൻ ചോദിച്ചു.

“വേണ്ടാ, ജീവിക്കണ്ടാ. എന്നാ നീ മരിച്ചോ, അതു് കഴിയോ നിനക്ക്? നിന്റെ ജീവൻ പറങ്ക്യേളെ കയ്യിലല്ലേ?

“ശരിയാണു്”, എല്ലാവരും മനസ്സിൽ സമ്മതിച്ചു. ജീവിക്കാനും മരിക്കാനും പറങ്കികളുടെ സമ്മതം വേണം. അവരിപ്പോൾ ആരുമല്ല. അവർക്കു ജീവിതമോ ഉദ്ദേശ്യമോ ഒന്നുമില്ല. കണ്ണുകൾ ഉരുട്ടി മിഴിച്ചു കൽപ്രതിമകൾ പോലെ ഇരുട്ടിലേക്കു നോക്കി അവർ ഇരുന്നു. ‘മരണമോ വില്പനയോ’ അതാണു് അവർ ഇരുട്ടിനോടു ചോദിച്ചതു്. രണ്ടായാലും അനുഭവത്തിൽ ഒന്നുതന്നെ. എന്നിട്ടും അവർ അതേ ചോദ്യം പലവുരു ചോദിച്ചുകൊണ്ടിരുന്നു.

ഞായറാഴ്ച വന്നു. പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനുമുള്ള ദിവസം. അന്നു സന്തോഷവും ഉത്സാഹവുമാണു്. പള്ളിയിൽപ്പോക്കും പ്രാർത്ഥനയും കഴിഞ്ഞാൽ പിന്നെയും ദിവസത്തിന്റെ വലിയൊരു ഭാഗം നീണ്ടുകിടക്കുന്നു. ജോലിയൊന്നുമില്ല; ഒഴിവുദിവസമാണു്. തകർത്തു് ആഘോഷിക്കാനുള്ള പഴയ മാർഗങ്ങളൊക്കെ വിരസങ്ങളായിക്കഴിഞ്ഞിരിക്കുന്നു. കുടിക്കാം. പെണ്ണുങ്ങളെയും കൂട്ടി കടൽക്കരയിൽ ചെന്നു കാറ്റുകൊള്ളാം. നിശാക്ലബ്ബുകളിൽ ചെന്നു നൃത്തം വയ്ക്കാം. എല്ലാം പഴയതുതന്നെ. പുതുമയുള്ള വല്ല വിനോദവും കണ്ടെത്തണം. ലോകവിജയത്തിനുവേണ്ടി പുറപ്പെട്ടതാണു്. ഉദ്ദേശ്യം കുറെയൊക്കെ സാധിച്ചിരിക്കുന്നു. ഗോവ ആസ്ഥാനമാക്കിക്കൊണ്ടു പിന്നെയും വീരസാഹസകൃത്യങ്ങൾ തുടരുകയാണു്. പോർച്ചുഗലിന്റെ കൊടി ഒരു ധ്രുവത്തിൽ നിന്നു മറ്റൊരു ധ്രുവത്തോളം ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളിലും പാറിപ്പറക്കണം. ജനങ്ങൾ മുഴുവനും പറങ്കികളുടെ രാജാവിനെ കുമ്പിടണം. മഹത്തായ ഈ ലക്ഷ്യംവെച്ചുകൊണ്ടുള്ള കടലും കരയും കീഴടക്കി മുന്നേറുന്ന ധീരസേനാനികളാവുമ്പോൾ അവരുടെ വിനോദത്തിനും എന്തെങ്കിലുമൊരു പ്രത്യേകത വേണം. അങ്ങനെ കണ്ടെത്തിയതാണു് ‘അടിമച്ചന്ത’. അതു ഞായറാഴ്ച തന്നെ ആഘോഷിക്കണമെന്നും തീരുമാനിച്ചു.

തടവുകാർക്കു് അന്നു കുളിക്കാം. പല്ലു തേയ്ക്കാം. അല്പം വൃത്തിയുള്ള വസ്ത്രം ധരിക്കാം. ഇതിനൊക്കെ അധികൃതന്മാർ അനുമതി നൽകുക മാത്രമല്ല, നിർബ്ബന്ധിക്കുതന്നെ ചെയ്യും. കുളിക്കണം, പല്ലു തേയ്ക്കണം. അല്പം വൃത്തിയുള്ള വസ്ത്രം ധരിക്കണം. ചന്തയിൽകൊണ്ടുചെന്നു പ്രദർശിപ്പിക്കുമ്പോൾ വാങ്ങാൻ വരുന്നവൻ അറപ്പുതോന്നരുതു്. ബലികർമ്മത്തിനു കത്തിയുരുന്നിതിനുമുമ്പു് അരിയും പൂവും കൊടുത്തു് കോഴികളോടൊരു വാത്സല്യം കാണിക്കലുണ്ടു്; അതുതന്നെ.

അന്നു് പൊക്കനും കൂട്ടുകാരും നേരത്തെ കുളിച്ചൊരുങ്ങി. അവരെ കുളിപ്പിച്ചൊരുക്കിയെന്നാണു് പറയേണ്ടതു്. നഗരത്തിന്റെ കിഴക്കേ അതിർത്തിയിൽ ഒരു മൈതാനമുണ്ടു്. അവിടെയാണു് ചന്ത. ചാട്ടവാറേന്തിയ കാവല്ക്കാർ അങ്ങോട്ടു് അവരെ തെളിച്ചു.

വളരെ ദിവസങ്ങൾക്കുശേഷം ഏറ്റവും പ്രിയപ്പെട്ട ഭൂമി കണ്ണു കുളുർക്കെയൊന്നു കാണുകയാണു്. തടവുകാർ ആവേശത്തോടെ എല്ലാ നോക്കിക്കണ്ടു. ഉണങ്ങിയ ഒരു പുൽക്കൊടികൂടി അവരിൽ സന്തോഷമുണ്ടാക്കി.

വ്യാപാരകേന്ദ്രങ്ങളും വാസസ്ഥലങ്ങളും വരിവരിയായി രണ്ടുവശത്തും ഉയർന്നുനിൽക്കുന്ന നഗരവീഥികളും പിന്നിട്ടുകൊണ്ടു് അവർ നടന്നു. ഞൊറിയുള്ള പാവാടയും മേനിയിൽ ഒട്ടിപ്പിടിക്കുന്ന കുപ്പായവും മടമ്പു കൂർത്ത പാദരക്ഷയും ധരിച്ചു്, തലമുടി വെട്ടിയൊതുക്കി ചുണ്ടിൽ ചായം പുരട്ടി നില്ക്കുന്ന വെളുവെളെയുള്ള സുന്ദരിമാർ ഗൃഹാങ്കണങ്ങളിൽ നിന്നു് അവരെ നോക്കി ചിരിച്ചു. വിരൽ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു.

പെരുമ്പറയുടെ ശബ്ദം കേൾക്കുന്നു. ചന്തസ്ഥലത്തു് അന്നു പ്രഭാതംമുതൽ പെരുമ്പറ മുഴങ്ങും. നഗരവാസികൾ അറിയണം. അവർ ബദ്ധപ്പെട്ടു് ഓടിവരണം. വില്പന സ്ഥലത്തെത്തി വാശിപിടിക്കണം. അതിനാണു് പെരുമ്പറ മുഴക്കുന്നതു്. അതു് ഇടതടവില്ലാതെ മുഴങ്ങി. തടവുകാരുടെ ഹൃദയത്തുടിപ്പുകൊണ്ടു് കാവൽക്കാർമാത്രം അതുകേട്ടില്ല.

മൈതാനം മുഴുവനും, പുറമേനിന്നു നോക്കിയാൽ കാണാത്ത വിധം. മറച്ചിരിക്കുകയാണു്. അകത്തു് പ്രഭുക്കന്മാർക്കും വ്യാപാരികൾക്കും പട്ടാളമേധാവികൾക്കും ഇരിക്കാൻ വിശിഷ്ടാസനങ്ങൾ തയ്യാറാക്കിയിട്ടുണ്ടു്. വെറും സന്ദർശകർ നിലത്തിരിക്കണം. ഒരറ്റത്തു് ഉയർത്തിക്കെട്ടിയ ഒരു മണ്ഡപമുണ്ടു്. ഏതു കോണിൽ നിന്നു നോക്കിയാലും കാണത്തക്കവിധമാണു് മണ്ഡപം പണിതീർത്തതു്. അതിന്റെ മുൻവശം ചുവപ്പുനിറത്തിലുള്ള തിരശ്ലീലകൊണ്ടു മൂടിയിരിക്കുന്നു. പള്ളിയിൽപ്പോക്കും പ്രാർത്ഥനയും വലിയ കാര്യമായെടുക്കാത്ത കുറെപ്പേർ സന്ദർശകർക്കുള്ള സ്ഥലത്തു് കാലേക്കൂട്ടി സ്ഥലംപിടിച്ചിട്ടുണ്ടു്. ‘വേഗം വേഗം വരിൻ! ആദായവില മുന്തിയ ചരക്കു്. തീർന്നുപോയാൽ ഖേദിച്ചുപോകു’മെന്നു് അർത്ഥവത്തായ ഒരു പ്രഖ്യാപനം ആ പെരുമ്പറശബ്ദത്തിലടങ്ങീട്ടുണ്ട്; അതു കൊട്ടുന്നവന്റെ മുഖഭാവത്തിലും.

പ്രാർത്ഥന കഴിഞ്ഞു് ദൈവപ്രീതി വരുത്തി പ്രഭുക്കന്മാരും വ്യാപാരികളും പട്ടാളമേധാവികളും വന്നു് അവരവരുടെ സ്ഥാനം അലങ്കരിച്ചു കഴിഞ്ഞപ്പോൾ ചന്തസ്ഥലം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. കൂടുതലാളുകൾ പ്രവേശനദ്വാരത്തു വന്നു ബഹളംകൂട്ടാൻ തുടങ്ങി. അഭിമുഖസംഭാഷണത്തിനു പട്ടാളക്കാരുടെ ചാട്ടവാർ ചെന്നെത്തുന്നതുവരെ ആ ബഹളം തുടരന്നു. എല്ലാം ശാന്തമായി. പെരുമ്പറയുടെ മുഴക്കവും നിന്നു.

മണ്ഡപത്തിൽ തൂങ്ങുന്ന ചുവപ്പു തിരശ്ശീലയുടെ മുമ്പിൽ ലേലക്കാരൻ വന്നു നിന്നു. പച്ചനിറത്തിലുള്ള കാൽസരായിയും ചുവപ്പു മേലങ്കിയും അരയിൽ മുറുക്കിയ പുലിത്തോൽവാറിൽ തിളങ്ങുന്ന കഠാരിയും വലതുകൈയിൽ ചാട്ടവാറും ധരിച്ച ലേലക്കാരൻ പൈശാചികമായ മുഖവും ക്രൂരമായ നോട്ടവുമുള്ള തടിച്ചുപൊക്കം കൂടിയ ഒരു മനുഷ്യനായിരുന്നു. അയാളുടെ ശബ്ദം പരുക്കനായിരുന്നു. തല കുനിച്ചു് സദസ്സിനെ ബഹുമാനിച്ചു് ലേലക്കാരൻ വിളിച്ചു പറഞ്ഞു:

ബഹുമാന്യരേ, ചന്ത തുടങ്ങാറായി. മലയാളക്കരയിൽനിന്നു പിടിച്ചുകൊണ്ടുവന്ന നീലക്കണ്ണും കറുപ്പുനിറവുമുള്ള സുന്ദരികൾ; അദ്ധ്വാനശീലരും തടിമിടുക്കുള്ളവരുമായ മീൻപിടുത്തക്കാർ; ഇന്നു നിങ്ങളുടെ മഹാഭാഗ്യമാണു്. മദ്യലഹരികൊണ്ടു മദോന്മത്താരാവുന്ന നിങ്ങളുടെ കിടപ്പറയിൽ, പള്ളിമെത്തയിൽ, സ്വപ്നം കാണുന്ന കണ്ണുകളും മാംസളങ്ങളായ മാറിടങ്ങളും മുന്തിരിച്ചാറൊഴുകുന്ന അധരങ്ങളും നിങ്ങൾക്കാവശ്യമില്ലേ? അല്ലയോ പ്രഭുക്കന്മാരേ, നിങ്ങളുടെ പണച്ചാക്കുകൾ കെട്ടഴിച്ചു നിരത്തിക്കോളൂ; കപ്പലുടമകളേ, വമ്പിച്ച കൊടുകാറ്റുകൾക്കെതിരേ നിങ്ങളുടെ കപ്പലുകൾ അതിവേഗത്തിൽ സഞ്ചരിക്കണമെങ്കിൽ ഇരുമ്പുമുസലംപോലുള്ള കൈകൾ തണ്ടുകളിൽ ബലമായി അമർന്നിരിക്കണം. അവ ആഞ്ഞാഞ്ഞു വലിക്കാൻ ഉരുക്കുചട്ടപോലെ ഉറപ്പുകൂടിയ മാറിടമുള്ള അടിമയെക്കിട്ടണം. ഓജസ്സും തേജസ്സുമുള്ള യുവജനങ്ങളെ നിങ്ങൾക്കുവേണ്ടി ഞങ്ങളിതാ വില്പനയ്ക്കു വെച്ചിരിക്കുന്നു. എന്തു കൊടുത്താലും അധികമാവില്ല. ആവശ്യക്കാർ അധികമുണ്ടാവും. കൂട്ടിക്കൂട്ടി വില പറയുക! മുതൽമുടക്കിന്റെ പത്തിരട്ടി നിങ്ങൾക്കു ലാഭമുണ്ടാക്കാം.

പൈശാചികമായ മുഖത്തു വികൃതവും ബീഭത്സവുമായ മന്ദസ്മിതം പരത്തിക്കൊണ്ടു് ചാട്ടവാർ ഉയർത്തി ആ മനുഷ്യൻ ആകാശത്തിലൊന്നു പൊട്ടിച്ചു. തിരശ്ശീല ഒരു വശത്തേക്കു മാറി. ജനങ്ങളുടെ ഇടയിൽ ആശ്ചര്യസൂചകമായ ശബ്ദവും പിറുപിറുപ്പും!

അര തറ്റ്, മാറു വിരിഞ്ഞു്, തോളുയർന്നു്, നിരന്തരക്ലേശങ്ങൾക്കുപോലും കീഴടക്കാൻ കഴിയാത്ത ഓജസ്സാർന്നു്, അതാ നിൽക്കുന്നു, നിർഭാഗ്യരായ ഇരുപത്തഞ്ചു ചെറുപ്പക്കാർ. സദസ്യരെ അവർ നോക്കുന്നില്ല. അപമാനഭാരംകൊണ്ടും ദുഃഖാധിക്യംകൊണ്ടും തലകുനിച്ചു നിൽപാണു്.

പറങ്കിക്കപ്പിത്താൻ ഡോൺ മസ്കരനസ്സ് തന്റെ സ്ഥാനത്തിരുന്നുകൊണ്ടു് അടിമകളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. ലേലം ആരംഭിക്കുന്നതിനുമുമ്പു് കപ്പിത്താൻ എഴുന്നേറ്റുനിന്നു് അധികാരസ്വരത്തിൽ കൽപിച്ചു.

“ആ നാലുപേരെ മാറ്റിനിർത്തു!” ഒന്നാമത്തെ വരിയിൽ ഒന്നുമുതൽ നാലുപേരെയാണു് കപ്പിത്താൻ സൂചിപ്പിച്ചതു്. തനിക്കാവശ്യമുള്ള അടിമകളെ ലേലം ചെയ്യാതെ മാറ്റിനിർത്താൻ കപ്പിത്താനു് അധികാരമുണ്ടു്. ലേലക്കാരൻ സവിനയം തലകുനിച്ചു് ആ കല്പന ഉടനടി നിറവേറ്റി. നാലുപേരെ മാറ്റിനിർത്തി. അതിലൊന്നു് പൊക്കനാണു്. തടിമിടുക്കിലും പ്രായത്തിലും പൊക്കനോടു കിടപിടിക്കാവുന്ന മറ്റു മൂന്നുപേരും.

ലേലം തുടങ്ങി. ആരംഭത്തിൽ അല്പം അയഞ്ഞമട്ടായിരുന്നെങ്കിലും സമയം ചെല്ലുന്തോറും വാശി മുഴുത്തു. വില കൂടിക്കൂടിവന്നു. സന്ദർശകർ കൈകൊട്ടിയും ആർത്തുവിളിച്ചും കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചു. തന്റെ ‘ചരക്കി’നു കൂടുതൽ വില കിട്ടാൻ അനുകൂലമായ പ്രലോഭനങ്ങൾ പലതും ലേലക്കാർ കാട്ടി. ചിലപ്പോൾ വില്പനയ്ക്കു വെച്ച അടിമയെ പിടിച്ചു വായ പിളർത്തി ആ മനുഷ്യൻ ഉച്ചത്തിൽ വിളിച്ചുപറയും:

“മാന്യരേ, ഇതു നോക്കണം. ഇവന്റെ പല്ലു് എത്ര ഭംഗിയുള്ളവ! എത്ര ഉറപ്പുള്ളവ! ഇരിമ്പുകഷ്ണം പോലും കടിച്ചു പൊട്ടിക്കാൻ കഴിയും. അതെന്തിന്റെ സൂചനയാണെന്നറിയാമോ? മികച്ച ശരീരബലത്തിന്റെ വാങ്ങണം, ഉള്ളതത്രയും കൊടുത്തു വാങ്ങണം; ഒരു നഷ്ടവും വരില്ല.”

മറ്റു ചിലപ്പോൾ അടിമയുടെ നെഞ്ചിലിടിച്ചു പറയും: “ഹാ! ഇരുമ്പുകോട്ട.”

അങ്ങനെ വഴിക്കുവഴി ഓരോ സംഘത്തെ കൊണ്ടുവന്നു വില്പന നടത്തി. കാഴ്ചയിൽ മിടുക്കുള്ളവരെയെല്ലാം സംഘത്തിൽ നിന്നും കപ്പിത്താൻ സ്വന്താവശ്യത്തിനു തിരിഞ്ഞുവെച്ചു.

അല്പസമയത്തേക്കു ലേലം നിർത്തിവെച്ചു. പ്രഭുക്കന്മാർക്കും വ്യാപാരികൾക്കും ഉച്ചഭക്ഷണത്തിനുള്ള ഒഴിവുസമയമാണു്. കപ്പിത്താനുവേണ്ടി തിരഞ്ഞുവെച്ചു അടിമകളെ പട്ടാളത്താവളത്തിലേക്കു മാറ്റാനാണു് കൽപന. പട്ടാളത്തിന്റെ അകമ്പടിയോടുകൂടി ചെറിയചെറിയ സംഘങ്ങൾ നീങ്ങി.

ഭക്ഷണം കഴിഞ്ഞു് പ്രഭുക്കന്മാരും വ്യാപാരികളും തിരിച്ചെത്തിയപ്പോൾ ലേലക്കാരൻ പിന്നെയും തിരശ്ശീലയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അയാളുടെ മുഖം പ്രസന്നമാണു്. കൂടുതൽ വാചാലനാവേണ്ട സന്ദർഭം അടുത്തെത്തിയിരിക്കുന്നു.

“മാന്യരേ, ഈ വ്യാപാരത്തിലെ നിറപ്പകിട്ടാർന്ന ഇനമാണിനി വരാൻ പോകുന്നതു്. നിങ്ങൾ കഴിക്കുന്ന വീഞ്ഞിനു രുചി വേണോ? നിങ്ങളുടെ മണിയറ സംഗീതമയമാവണോ? എങ്കിൽ, ഇതാ ഇങ്ങട്ടു ശ്രദ്ധിക്കുക.”

ചാട്ടവാർ പൊട്ടി. തിരശ്ശീല നീങ്ങി. സന്ദർശകർ തൊപ്പിയും ഉറുമാലും ആകാശത്തിലേക്കു വലിച്ചെറിഞ്ഞു് ആഹ്ലാദസ്വരമുയർത്തി.

ശരീരവും മനസ്സും ക്ഷീണിച്ചു്, വാടിക്കരിഞ്ഞു ഞെട്ടിയിൽനിന്നു് അടർന്നു വീഴാറായ പിച്ചിപ്പുക്കൾപോലുള്ള ഏതാനും യുവതികളെ രംഗത്തു പ്രദർശിപ്പിച്ചിരിക്കുന്നു. പ്രഭുക്കന്മാരുടെ കാമാസക്തമായ കണ്ണുകൾ, കടന്നലുകളെപ്പോലെ, ആ നിർഭാഗ്യകളുടെ മുഖങ്ങളിൽ പാറിനടന്നു.

എള്ളുനിറത്തിൽ ചടച്ച ശരീരവും നീണ്ട കണ്ണുകളുമുള്ള നീണ്ടീഴഞ്ഞ തലമുടി ദേഹാവരണമായി ചിതറിക്കിടക്കുന്ന, ഒരു യുവതിയെ മുമ്പോട്ടു പിടിച്ചുതള്ളി ലേലക്കാരൻവിളിച്ചുപറഞ്ഞു: “ഇതാ, നിങ്ങൾക്കൊരു യക്ഷി! ഇവൾ സ്വപ്നത്തിലും നിങ്ങളെ സുഖിപ്പിക്കും.”

രംഗത്തിന്റെ ഒരു വശത്തു് ഏതാനും കൂട്ടുകാരോടൊപ്പം പട്ടാളത്താവളത്തിലേക്കു വിളിയും കാത്തിരിക്കുന്ന പൊക്കൻ തലയുയർത്തി നോക്കി. വെള്ള്യാൻകല്ലിൽവെച്ചു കണ്ട ഭയാനകരംഗം അവനോർത്തു.

“ഈ വാനമ്പാടിയെ ആർക്കുവേണം?” അവളുടെ നെറ്റി പിടിച്ചു മുഖമുയർത്തി സദസ്യരെ കാണിക്കാൻശ്രമിച്ചുകൊണ്ടു പിന്നെയും ലേലക്കാരൻ പറഞ്ഞു: “ഇതാ, നിറം മങ്ങിയൊരു ലില്ലിപ്പൂ.” പ്രസംഗം കവിതാമയമാവുകയാണ്: “ഈ കണ്ണുകൾ നിങ്ങളെ ക്ഷണിക്കുന്നില്ലേ?”

അക്ഷമനായി കൈവിരലുകൾ കൂട്ടിത്തിരുമ്മിയിരിക്കുന്ന ഒരറുപതുകാരൻ പ്രഭു വില പറഞ്ഞു. കേൾക്കേണ്ട താമസം, കാട്ടുപന്നിയുടെ മോന്തയുള്ള ഒരു വ്യാപാരി എഴുന്നേറ്റു നിന്നു് കൂടുതൽ വിളിച്ചു പറഞ്ഞു. അവർ തമ്മിൽ മത്സരമായി. സന്ദർശകർ രണ്ടുപേരെയും പ്രോത്സാഹിപ്പിച്ചു. വാശിപിടിപ്പിച്ചു.

പ്രഭുവും വ്യാപാരിയും അവരുടെ പണക്കൊഴുപ്പെടുത്തു പടവെട്ടി. പടയിൽപന്നിമോന്തക്കാരൻ ജയിച്ചു. ലേലം അയാളുടെ പേരിൽ സ്ഥിരപ്പെട്ടു. സദസ്സു് ഒന്നാകെ ആർപ്പുവിളിച്ചു. വ്യാപാരിയെ അഭിനന്ദിച്ചു.

“വരണം, അങ്ങുന്നേ വരണം. വില തന്നു് ഈ വാനമ്പാടിയെ കൈയേറ്റുകൊള്ളണം.”

ഒരു പതിനെട്ടുകാരന്റെ പ്രണയചാപല്യവും ശൃംഗാരവും പ്രദർശിപ്പിച്ചുകൊണ്ടു് വ്യാപാരി രംഗത്തേക്കു ചെന്നു. പണസഞ്ചിയഴിച്ചു ലേലത്തുകയെണ്ണി ബോധ്യപ്പെടുത്തി.

“കൊണ്ടുപോകണം ശ്രീമാൻ, താങ്കളുടെ കിടപ്പറയ്ക്കു പറ്റിയ അലങ്കാരമാണു്.”

വ്യാപാരി കണ്ണിറുക്കി തല കുലുക്കി ചിരിച്ചു. പന്നിയുടെ തേറ്റപോലെ പല്ലുകൾപുറത്തു പ്രത്യക്ഷപ്പെട്ടു.

“വാ, വാ!” ശൃംഗാരച്ചിരിയോടെ വികൃതമാതൃകയും പ്രദർശിപ്പിച്ചുകൊണ്ടയാൾ മുമ്പോട്ടു നീങ്ങി. അവൾ തലയുയർത്തിയില്ല; നോക്കിയില്ല, കാറ്റേറ്റ കരിയിലപോലെ അവൾ വിറയ്ക്കുകയാണു്.

വ്യാപാരി മധുരമനോഹരമായ ഭാവം പ്രദർശിപ്പിച്ചുകൊണ്ടാണെന്ന സങ്കല്പത്തിൽ അവളുടെ കൈ കടന്നുപിടിച്ചു. തീക്കനലിൽ തൊട്ടപോലെ അവൾ ഞെട്ടിപ്പുറകോട്ടു മാറി. ജനങ്ങൾ പരിഹാസച്ചിരികൊണ്ടു ചന്തസ്ഥലം കുലുക്കി. അനുനയങ്ങൾ യാതൊന്നും ഫലിക്കുന്നില്ല. ബലം പ്രയോഗിച്ചുതന്നെ കൊണ്ടുപോണം. ഏറെ മുതൽമുടക്കിയതാണു്.

ആഗ്രഹവും നൈരാശ്യവും ചേർന്നുണ്ടാക്കിയ പ്രസരിപ്പോടെ അയാൾ അവളെ കടന്നുപിടിച്ചു. അവൾ പിടിവിട്ടു കുതറാൻ ശ്രമിച്ചു. ഭയംകൊണ്ടും നിസ്സഹായതകൊണ്ടും മനം കലങ്ങി നിലവിളിച്ചു.

പൊക്കന്റെ ഹൃദയം തുടിക്കുകയാണു്. തലയുയർത്തി നോക്കാൻ ഭയം. നോക്കിയാൽ നിയന്ത്രണം വിട്ടുപോകും.

അവൾ പിടിവിട്ടു കുതറുമെന്നായപ്പോൾ സന്ദർശകർ പിന്നെയും ആർത്തുകൂവി. വ്യാപാരിക്കു ശുണ്ഠിവന്നു. അയാളവളുടെ തലമുടി ചുറ്റിപ്പിടിച്ചു വലിച്ചു.

അവൾ ദയയ്ക്കുവേണ്ടി യാചിച്ചു; കേൾക്കുന്നവരുടെ കരളലിയിക്കുമാറു് കരഞ്ഞു.

തലയുയർത്താതെ വയ്യാ. പൊക്കൻ ഒന്നേ നോക്കിയുള്ളു. കൈയും കാലും ചങ്ങലയ്ക്കിട്ട കാര്യവും പറങ്കികളുടെ തടവുകാരനാണെന്ന പരമാർത്ഥവും മറന്നു് അവനെഴുന്നേറ്റു. ചങ്ങല അനുവദിക്കുന്നത്ര ദൂരത്തോളം കാലുകൾ നിരക്കിവെച്ചു. കൈകൾ ചേർത്തുപിടിച്ചു് ചങ്ങലയോടുകുൂടി വ്യാപാരിയുടെ തലയ്ക്കു് ആഞ്ഞൊരു തല്ലു കൊടുത്തു. ഭയങ്കരമായ അലർച്ചയോടെ വ്യാപാരി പിടിവിട്ടു മറിഞ്ഞു വീണു.

ലേലക്കാരന്റെ കോപം കത്തിക്കാളി. ചാട്ടവാർ ഉണർന്നു പ്രവർത്തിച്ചു. പൊക്കന്റെ ദേഹത്തിലതു പാടുകളുണ്ടാക്കുകയാണു്. അവൻ അനങ്ങിയില്ല; അവനൊട്ടും വേദന തോന്നിയതുമില്ല.

തെല്ലിട സ്തംഭിച്ചുനിന്ന സന്ദർശകർ ആർത്തുവിളിച്ചു. “കൊല്ലണം; ധിക്കാരിയായ അടിമയെ കൊല്ലണം.”

ലേലക്കാരനു് ആവേശം കൂടി. അവൻ പൊക്കനെ തട്ടി മറിച്ചു നിലത്തിട്ടു ചവിട്ടി. ഇരിമ്പാണികളുള്ള പാദരക്ഷകൊണ്ടു മതിവരുവോളം ചവിട്ടി.

പെട്ടെന്നെന്തോ ആവേശം വന്നപോലെ ആ യുവതി തലപൊക്കി നോക്കി. നനഞ്ഞ കണ്ണുകളിലിപ്പോൾ കരുണാരസമില്ല. തീജ്ജ്വാലകളാണു്. ഒരു മിന്നൽക്കൊടിപോലെ അവളൊന്നു പുളഞ്ഞു. നിമിഷംകൊണ്ടു് ലേലക്കാരന്റെ അരപ്പട്ടയിലുള്ള കഠാരി കൈക്കലാക്കി.

അവൾ വീണുകിടക്കുന്ന അടിമയെ നോക്കി. സഹജീവികളെ ഹിംസിക്കുന്നതിൽ രസംകൊള്ളുന്ന സദസ്യരെ നോക്കി. എല്ലാവരോടും പകവീട്ടാനൊരുങ്ങിയ ഒരു ഭാവം ആ മുഖത്തു കളിയാടി. കഠാരപിടിച്ച കൈ ഉയർന്നു. അതാരുടെ നേർക്കാണു് നീളുന്നതു്? എല്ലാവരും ഉറ്റുനോക്കി.

ലേലക്കാരനു കടന്നെത്തി തടയാൻ കഴിയുന്നതിനുമുമ്പു് കഠാരയുടെ കൂർത്ത മുന സ്വന്തം ഹൃദയത്തിലേക്കു് അവൾ കുത്തിയിറക്കി. വേദനകൊണ്ടു പുളയാതെ, കണ്ണീരൊഴുക്കാതെ, നീറിപ്പുകയുന്ന ഹൃദയഭാരം ചാലുകീറി പുറത്തേക്കൊഴുകിയ ഒരു ചാരിതാർത്ഥ്യത്തോടെ, അവൾ പതുക്കെ നിലത്തേക്കു ചാഞ്ഞു. മർദ്ദനംകൊണ്ടു ബോധംകെട്ടു കിടക്കുന്ന പൊക്കന്റെ നെഞ്ചിൽ വാടിത്തളർന്ന കൈത്തണ്ടകളിലൊന്നു വിശ്രമംകൊണ്ടു.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.