images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പതിനൊന്നു്

“മകനേ, മിശിഹായുടെ നാമത്തിൽ ഞാൻ നിന്നോടു സംസാരിക്കുന്നു.”

പ്രേഷിതവേലയ്ക്കുള്ള വിശുദ്ധപട്ടക്കാരൻ ജയിലറയിലെ ചതുപ്പുനിലത്തുനിന്നുകൊണ്ടാണു് സംസാരിക്കുന്നതു്: “കർത്താവായ ദൈവം പാപികളുടെ രക്ഷയ്ക്കുവേണ്ടിയാണു് ക്രൂശിക്കപ്പെട്ടതു്.”

പൊക്കൻ തിരിഞ്ഞുകിടന്നു. പാമ്പുകൾപോലെ ഇരുമ്പുചങ്ങലകൾ നിലത്തുകിടന്നിഴഞ്ഞു. ലേലക്കാരന്റെ പാദരക്ഷയും ചാട്ടവാറും കൂടി ദേഹത്തിലേൽപ്പിച്ച പരിക്കുകൾ ഭയങ്കരമാണു്. മുളകരച്ചു തേച്ചപോലെ സർവ്വാംഗം നീറുന്നുണ്ടു്. ദേഹം മുഴുവൻ അരിച്ചു നടക്കുന്ന ഉറുമ്പുകൾ മുറിവേറ്റ ഭാഗങ്ങളിൽ ഇടയ്ക്കിടെ കടിക്കുന്നുണ്ടു്. ജീവന്റെ ചലനം കെട്ടടങ്ങുന്നതിനുമുമ്പു് ഉറുമ്പുകൾക്കാഹാരമാവുകയോ? അവിടെ എന്തും സംഭവിക്കാം. അങ്ങനെ ഏറെനേരം കിടക്കേണ്ടിവരികയില്ലെന്നു പൊക്കനു തോന്നി. തടിച്ച തലയും നീണ്ട കൊറുങ്ങകളുമുള്ള ഉറുമ്പുകൾ ആർത്തിയോടെ വരിവരിയായി പാഞ്ഞുവരും. ദേഹം മുഴുവൻ പൊതിയും. മാംസത്തിൽ തുളച്ചുകടക്കും. അസ്ഥികൂടത്തിൽ പറ്റിനിൽക്കുന്ന അവസാനത്തെ മാംസക്കഷ്ണംപോലും അവ കാർന്നു തിന്നും. പിന്നെ ആ ചതുപ്പുനിലത്തു് നെടുനീളത്തിൽ ഒരസ്ഥികൂടമങ്ങനെ കിടക്കും. അപ്പോൾ ചങ്ങലയുടെ അറ്റത്തുള്ള കൊളുത്തുകളിലൂടെ കൈയും കാലും എളുപ്പത്തി ഊരിയെടുക്കാം. യഥേഷ്ടം എവിടെ വേണമെങ്കിലും നടക്കാം. സ്വാതന്ത്രം അനുഭവിക്കാം. ഇത്രയും ആലോചിച്ചപ്പോഴാണു് പുതിയൊരു ചോദ്യം പൊങ്ങിവന്നതു്. ആർക്കാണു് സ്വാതന്ത്രം കിട്ടുന്നതു്?

അസ്ഥികൂടത്തിനു്!

ഇരുണ്ട ജയിലറയിലൂടെ അസ്ഥികൂടമങ്ങനെ നടക്കുന്നു!

പൊക്കനു സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉറക്കെ നിലവളിച്ചു: “അമ്മേ!”

വിശുദ്ധപട്ടക്കാരന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു:

“നീയും ഞാനും ജന്മദോഷത്തിന്റെ കർമ്മഫലത്തിനു വിധേയരായവരാണു്, മകനേ.”

പൊക്കനതു കേട്ടു. ആരാണു് പറയുന്നതെറിഞ്ഞുകൂടാ. എങ്കിലും അതിന്റെ പൊരുൾ അവനു മനസ്സിലായി.

എന്താണു ജന്മദോഷം? വളയക്കടപ്പുറത്തു് പാവപ്പെട്ട ഒരു മുക്കുവകുടുംബത്തിൽ ജനിച്ചതോ? ആർക്കുമൊരുപദ്രവവും ചെയ്യാതെ ജീവിച്ചതോ? എത്ര ആലോചിച്ചിട്ടും ജന്മദോഷത്തിന്റെ കർമ്മഫലം കണ്ടെത്താൻ അവനു് കഴിഞ്ഞില്ല. ശ്രദ്ധിക്കാം. പറയുന്നതു് മുഴുവൻ കേട്ടാൽ പക്ഷേ, കണ്ടെത്താൻ കഴിഞ്ഞെന്നുവരും.

“മിശിഹാ നിനക്കുവേണ്ടിക്കൂടിയാണു്, നിന്റെ കൂടി പാപത്തിന്റെ ഭാരമുള്ള കുരിശും താങ്ങിക്കൊണ്ടാണു്, കാൽവരി കയറിയതു്.”

തരക്കേടില്ല. ആരായാലും മിശിഹാ നല്ലവനാണു്. അവന്റെ പേരിൽ എന്തോ ചെയ്തെന്നല്ലേ പറയുന്നതു്? ഈ വിവരം വന്നു പറയാൻ മാത്രം ദയ തോന്നിയ നല്ല മനുഷ്യൻ ആരെന്നു കാണണം. നോക്കി.

തവിട്ടുനിറത്തിലുള്ള മേലങ്കി, ഒരു കൈയിൽ കറുത്ത ചട്ടയാർന്ന വേദപുസ്തകം. മറ്റേതിൽ കൊന്ത. പൊക്കിളോളം നീണ്ടിറങ്ങിക്കിടക്കുന്ന വെളുത്ത താടി. ദയയും വാത്സല്യവും സ്ഫുരിക്കുന്ന നോട്ടം. മൂന്നു് ആണികളിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപം അവന്റെ നേർക്കുയർത്തിയിട്ട ആ വിശുദ്ധപട്ടക്കാരൻ കണ്ണീരൊഴുക്കിക്കൊണ്ടു വീണ്ടും പറഞ്ഞു:

“ഇതാ, സർവ്വവല്ലഭനായ കർത്താവു തന്റെ സത്യസഭയിലേക്കു നിന്നെ ക്ഷണിക്കുന്നു. ഈ തിരുശിരസ്സിൽ തറച്ച മുൾമുടി നീ കാണുന്നില്ലേ കുന്തത്തിൽ കുത്തി തുറക്കപ്പെട്ട ഈ തിരുവിലാവിലേക്കു് നീയൊന്നു നോക്കൂ. നീ ചെയ്ത പാപത്തിന്റെ മൂർച്ചയുള്ള കുന്തമുനയല്ലേ ഈ ഹൃദയത്തെ കുത്തിമുറിച്ചതു്? നീയിവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു; അതു ചെയ്യുക.”

അവൻ ഒന്നും മിണ്ടാതെ മിഴിച്ചുനോക്കി കിടന്നു. വിശുദ്ധപട്ടക്കാരൻ അവനെ അനുഗ്രഹിച്ചു് തിരിച്ചുപോയി. തല പൊക്കാൻ വയ്യാ. അയാൾ ഏതുവഴിക്കാണു് പോകുന്നതെന്നു് നോക്കാമായിരുന്നു. വേണ്ടാ, ജയിലറയുടെ വാതിൽ അടയുന്ന ശബ്ദം കേൾക്കുന്നു. അയാൾ പുറത്തു പോയതാവും. ഇനി വരില്ലേ?

വാതിലടയുന്ന ശബ്ദം മുഴുവനായിട്ടില്ല; അതിഭയങ്കരമായൊരു പൊട്ടിച്ചിരി കേൾക്കുന്നു. ആ കണ്ണു പൊട്ടനാണു്. അയാൾക്കു വക തിരിവില്ല. ജയിലധികാരികളെയും കാവൽക്കാരെയും പരിഹസിക്കും പോലെ, ധിക്കരിക്കുംപോലെ, ആ നല്ല മനുഷ്യനെയും അപമാനിക്കുകയോ? അതുവേണ്ടായിരുന്നെന്നു പൊക്കനു തോന്നി.

ശരീരത്തിന്റെ നീറ്റം കുറയുന്നുണ്ടു്. സ്നേഹവും വാത്സല്യവും കലർന്ന ഒരു ശബ്ദംകേട്ടിട്ടു്, മനുഷ്യോചിതമായ പെരുമാറ്റം അനുഭവിച്ചിട്ടു്, വളരെ ദിവസങ്ങളായി, വിശുദ്ധപട്ടക്കാരനെ ദൈവം പറഞ്ഞയച്ചതാവും. അല്ലെങ്കിൽ, ദയയും സ്നേഹവും എന്തെന്നറിയാത്ത പറങ്കികളെ കബളിപ്പിച്ചു് ആ മനുഷ്യനു ജയിലറയിലേക്കു വരാൻ കഴിയില്ല.

ലേലസ്ഥലത്തുവെച്ചു് ധിക്കാരം കാണിച്ചതിനു് പൊക്കനെ മർദ്ദിച്ചവശനാക്കുകയും വീണ്ടും ട്രോങ്കോവിലേക്കു തിരിച്ചയയ്ക്കുകയുമാണുണ്ടായതു്. കൂട്ടുകാരെ പട്ടാളത്താവളത്തിലേക്കു മാറ്റിത്താമസിപ്പിച്ചു. അവരെ എന്തുചെയ്തെന്നറിഞ്ഞുകുടാ. ഐദ്രോസും കൂട്ടത്തിലുണ്ടു്. കപ്പലിലെ ഇരുട്ടറയിൽ ഒരുമിച്ചാണു് കഴിച്ചുകൂട്ടിയതു്. ലേല സ്ഥലത്തുവെച്ചു കണ്ടു. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഇനി ജീവിതത്തിൽ കണ്ടുമുട്ടുമോ, ആവോ?

പറങ്കികളുടെ പിടിയിൽ നിന്നു് എന്നെങ്കിലുമൊരു ദിവസം വഴുതിച്ചാടണമെന്നു പറഞ്ഞതു് ഐദ്രോസാണു്. ഐദ്രോസ് തരംകിട്ടിയാൽ ചാടിപ്പോയേക്കും. അവനെ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കേണ്ടതായിരുന്നെന്നു് അപ്പോൾ തോന്നി. തന്റെ തൽക്കാലസ്ഥിതി അച്ഛനെയും അമ്മയെയും അറിയിക്കുന്നതു് അവനിഷ്ടമല്ല. കാണാതായപ്പോൾ, ഒന്നുകിൽ മരിച്ചിട്ടുണ്ടാവും, അല്ലെങ്കിൽ സുഖമായി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവും-ഇതിലപ്പുറമൊന്നും അവരാലോചിക്കില്ല. തല്ലുകിട്ടി ശരീരം മുഴുവൻ പൊട്ടിയെന്നോ ജീവനോടെ ഉറുമ്പരിക്കുകയാണെന്നോ ചതുപ്പുനിലത്തു് ചങ്ങലക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നോ ഊഹിക്കാൻ അവർക്കു ന്യായമില്ല. ഐദ്രോസ് എങ്ങനെയെങ്കിലും കടന്നു ചാടി നാട്ടിലെത്തിയാൽ ഇതൊന്നും പറയാൻ അവനു തോന്നരുതേ എന്നു പൊക്കൻ പ്രാർത്ഥിച്ചു.

ദിവസങ്ങൾ വളരെ കഴിഞ്ഞു. ദുഃഖമെല്ലാം മാറ്റിവെച്ചു് അച്ഛൻ കടലിൽ പോവുന്നുണ്ടാവും. അമ്മ വീട്ടുജോലികളിൽ കുറേശ്ശെ ശ്രദ്ധിക്കുന്നുണ്ടാവും. പാഞ്ചാലി! അവളെപ്പറ്റി ചിന്തിച്ചപ്പോൾ അവനു വിഷമം തോന്നി. ചമ്പകപ്പാലയുടെ കടയ്ക്കൽ വന്നു നിന്നു് കടലിലേക്കു നോക്കി അവൾ ദിവസവും കണ്ണീരൊഴുക്കും. ഐദ്രോസ് അവളെ കണ്ടുമുട്ടരുതേ എന്നും പൊക്കൻ പ്രാർത്ഥിച്ചു.

ഉപ്പിട്ടുവേവിച്ച സ്രാവിന്റെ ഇറച്ചിയും ഒരുപിടി പച്ചരിച്ചോറുമായി കാവൽക്കാരൻ കടന്നുവന്നു; ഒരു മരച്ചട്ടിയിൽ കുടിക്കാനുള്ള വെള്ളവും. കഴിഞ്ഞ രണ്ടു ദിവസവും ഇതുപോലുള്ള ആഹാരം കൊണ്ടു വന്നതു് അങ്ങനെതന്നെ കിടപ്പുണ്ടു്. അവൻ തൊട്ടുനോക്കീട്ടില്ല. ഉറുമ്പരിക്കുകയാവും.

കലശലായ ദാഹമുണ്ടു്. മരച്ചട്ടിയിലെ വെള്ളം ഒറ്റ വലിക്കകത്താക്കാൻ തോന്നി. എടുത്തു ചുണ്ടോടടുപ്പിച്ചു. വല്ലാത്ത ദുർഗന്ധം. വെള്ളത്തിന്റെ മണമായിരിക്കയില്ല. ഏതെങ്കിലും മൂലയിൽ കിടന്ന മരച്ചട്ടി കഴുകാതെ കൊണ്ടുവന്നതാവും. ദുർഗന്ധംകൊണ്ടു മൂക്കുപൊളിഞ്ഞാലും വേണ്ടില്ലെന്നു കരുതി ഒരു കവിൾ വെള്ളം വായിലേക്കു വലിച്ചെടുത്തു. അതു കടൽവെള്ളമാണു്. ഉപ്പുരസത്തിന്റെ കാഠിന്യംകൊണ്ടു് ഒരു തുള്ളിയെങ്കിലും താഴോട്ടിറങ്ങുന്നില്ല. കിണഞ്ഞു പരിശ്രമിച്ചു. ഛർദ്ദിക്കുകയാണു്. ദാഹിച്ചുമരിച്ചാലും ആ വെള്ളം അകത്തേക്കു കടത്തിവിടാൻ വയ്യെന്നു തീരുമാനമായപ്പോൾ പൊക്കൻ മരച്ചട്ടി വലിച്ചെറിഞ്ഞു. ദാഹംകൊണ്ടു് അകം മുഴുവൻ നീറുകയാണു്…

പിറ്റേന്നു് കാലത്തും ആ നല്ല മനുഷ്യൻ വന്നു; വിശുദ്ധപട്ടക്കാരൻ. അവനെ നോക്കി, സ്നേഹവും ദയയും കലർന്ന സ്വരത്തിൽ, കഴിഞ്ഞ ദിവസം പറഞ്ഞതുമുഴുവൻ അദ്ദേഹം ആവർത്തിച്ചു. അവനു ദാഹിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൻ പതുക്കെ ചോദിച്ചു: “കൊറച്ചു് വെള്ളം തര്വോ കുടിക്കാൻ?”

“നിശ്ചയമായും, മകനേ!” അദ്ദേഹം അവന്റെ അടുത്തിരുന്നു. മുറിവുകളിൽ തലോടിക്കൊണ്ടു് കൂടെയുള്ള കപ്യാരോടു വെള്ളം കൊണ്ടുവരാൻ ആജ്ഞാപിച്ചു.

വെള്ളം കൊണ്ടുവന്നു.

നല്ല വെള്ളം.

അവൻ ആർത്തിയോടെ വലിച്ചുകുടിച്ചു. എത്രയെന്നു് അവനുതന്നെ അറിഞ്ഞുകൂടാ. നല്ല വെള്ളം കുടിച്ചിട്ടു് വളരെ ദിവസമായി.

വിശുദ്ധപാട്ടക്കരൻ കുറെനേരം അവന്റെ സമീപമിരുന്നു് അവനെ ശുശ്രൂഷിച്ചു. അകത്തും പുറത്തുമുള്ള അവന്റെ മുറിവുകൾ ഉണക്കാൻ ശ്രമിച്ചു. അവന്നു് അത്യാവശ്യമായ പലതും നൽകാമെന്നു് അദ്ദേഹം വാക്കുകൊടുത്തു.

സ്വാതന്ത്ര്യം!

ജോലി!

നല്ല ഭക്ഷണം!

ആ നിമിഷംതൊട്ടു് അവൻ പുതിയൊരു വഴിത്തിരിവിൽ ചെന്നുമുട്ടി നിൽക്കുകയാണു്. ഒരു വശത്തേക്കു തിരിഞ്ഞാൽ അവിടെ അവനെല്ലാമുണ്ടു്. ഭക്ഷണവും ജോലിയും സ്വാതന്ത്ര്യവും. മറുവശത്തേക്കുതിരിഞ്ഞാൽ ജയിലറയും ഇരുട്ടും ചങ്ങലയും ചാട്ടയും പുഴുത്ത കടൽവെള്ളവും മണമേറ്റാൽ ഛർദ്ദിക്കുന്ന സ്രാവിറച്ചിയും!

എങ്ങോട്ടുപോണം?

എല്ലാം അവസാനിപ്പിച്ചവനു് എങ്ങോട്ടു പോയാലെന്തു്? അമ്മയെ കാണാനൊക്കില്ല, അച്ഛനെ കാണാനൊക്കില്ല. പാഞ്ചാലിയെ നിർബന്ധമായി മറക്കണം. വളയക്കടപ്പുറത്തെ പഞ്ചാരപ്പൂഴിയിൽ ഇനി കാലുകുത്താൻ പറ്റില്ല. ഇരുണ്ടു കെട്ട ജയിലറയിലിട്ടു് ആഗ്രഹങ്ങളെ മുഴുവൻ ചവിട്ടിത്തേക്കണം.

ആണായി ജനിച്ചു. അഭ്യാസം പഠിച്ചു. എന്തിനു്? ജയിലിൽ കിടന്നു ദ്രവിക്കാൻ.

അദ്ദേഹം ഇനിയും വരും. ഒന്നു മൂളിയാൽ മതി. ചങ്ങല വലിച്ചെറിയാം. കൈകൾ വീശി, കാലുകൾ വലിച്ചുവെച്ചു മനുഷ്യനെപ്പോലെ നടക്കാം. ഉദയാസ്തമനങ്ങൾ കാണാം. മനുഷ്യരുമായി ഇടപഴകാം.

മതം മാറണമെന്നാണു് അദ്ദേഹത്തിന്റെ നിർബന്ധം.

മാറിയാലെന്തു്?

അച്ഛനും അമ്മയ്ക്കും എന്നെന്നേക്കുമായി പൊക്കൻ നഷ്ടപ്പെട്ടു. പാഞ്ചാലിയും ഒടുവിൽ മറക്കും; മറക്കാതെ നിവൃത്തിയില്ല. പിന്നെ ആർക്കുവേണ്ടി! ഈ ദുരിതമനുഭവിക്കണം?

മതംമാറിയാലെന്തു്? പലതവണ പൊക്കൻ തന്നോടുതന്നെ ചോദിച്ചു. മതം പോയാൽ സ്വാതന്ത്ര്യം കിട്ടും. അതു ചില്ലറനേട്ടമൊന്നുമല്ല. ഐദ്രോസ് പറഞ്ഞപോലെ ചാടിപ്പോകാനും അതു് സൗകര്യമുണ്ടാക്കും.

ചാടിപ്പോകാൻ കഴിഞ്ഞാൽ പകവീട്ടാം.

മതം എന്താണെന്നായി പിന്നത്തെ ആലോചന. എന്താണെന്നവനറിഞ്ഞുകൂടാ. അവനെ അതാരും പഠിപ്പിച്ചിടില്ല. ചെറുപ്പത്തിൽ ഭസ്മവും ചന്ദനവും തൊട്ടിട്ടുണ്ടു്. കുളിച്ചുശുചിയോടെ കാവിൽ പോയിട്ടുണ്ടു്. കോമരം വെളിച്ചപ്പെട്ടു വരുമ്പോൾ രണ്ടാം മുണ്ടെടുത്തു കക്ഷത്തുവെച്ചു ഭയഭക്തിബഹുമാനങ്ങളോടെ നിന്നിട്ടുണ്ടു്. നോൽമ്പെടുത്തിട്ടുണ്ടു്. ജപിച്ചിട്ടുണ്ടു്.

ഇതാണോ മതം?

ആയിരിക്കണം. അല്ലാതെ തന്റെ മതത്തിന്നു് മറ്റൊരു ലക്ഷണവും അവൻ കാണുന്നില്ല. കപ്പലിലെ ഇരുട്ടറയിൽ കിടന്നു് ദാഹിച്ചു പൊരിഞ്ഞപ്പോൾ, നട്ടുച്ചവെയിലിൽ തിളച്ചുമറിഞ്ഞ വെള്ള്യാൻകല്ലിൽ കിടന്നു് തന്റെ മാംസം ചുട്ടുകരിഞ്ഞപ്പോൾ, അവൻ വേട്ടുവശ്ശേരിക്കാവിലമ്മയെ വിളിച്ചിട്ടുണ്ടു്. പറങ്കികൾ മാന്തളിർപോലുള്ള ഒരു പെൺകുട്ടിയെ മാനഭംഗം ചെയ്തു കൊന്നപ്പോ ഗുരുപുണ്യക്കാവിലെ ഭഗവതിയെ അവൻ നൊന്തു വിളിച്ചിട്ടുണ്ടു്.

അവന്റെ വിളി ആരും കേട്ടില്ല.

ഗുരുപുണ്യകാവിലും വേട്ടുവശ്ശേരിക്കാവിലും പോകാൻ കഴിയുമെങ്കിൽ അവനു് മതം മാറണമെന്നില്ല. എങ്ങനെ കഴിയും?

ജയിലറയിലെ കൂരിരുട്ടും നിശ്ശബ്ദതയും മറ്റെന്നത്തെക്കാളുമധികം അവനെ ശല്യപ്പെടുത്തി. ആ കണ്ണുപൊട്ടൻമിണ്ടാതെ കിടക്കുന്നതെന്തു്? വല്ല ശബ്ദവുമുണ്ടാക്കരുതോ?

പൊക്കൻ എഴുന്നേറ്റിരുന്നു. നഗ്നമായ പുറത്തു് ഉറുമ്പരിക്കുന്നുണ്ടു്. തുടച്ചുകളയാൻ കൈ പുറകോട്ടു നീട്ടി. നീട്ടിയ കൈ ഒരു പാത്രത്തിലാണു തട്ടിയതു്.

നിറച്ചും വെള്ളം! പാത്രത്തിനു ദുർഗന്ധമില്ല. അവൻ കുടിച്ചു. മതിവരുവോളം. പാത്രം കീഴെ വെച്ചപ്പോൾ മറ്റൊരു പാത്രത്തിൽ തട്ടി. പൊരിച്ച മത്സ്യവും ഗോതമ്പുറൊട്ടിയുമാണതിൽ. എല്ലാം ആ നല്ല മനുഷ്യൻ തനിക്കു വേണ്ടി ഒരുക്കിവെച്ചതാണു്.

തൃപ്തിയോടെ ഭക്ഷിച്ചു. മനുഷ്യനെപ്പോലെ നീണ്ടു നിവർന്നു കിടന്നുറങ്ങാനാണു് തോന്നിയതു്. ഉറങ്ങി.

പിറ്റേന്നും കപ്യാരെയും കൂട്ടി വിശുദ്ധപട്ടക്കാരൻ വന്നു. മോചനത്തിനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു. ഇത്തവണ എല്ലാം മൂളിക്കൊണ്ടു് അവൻ കേട്ടു. അങ്ങനെ ആ സമാഗമം ഇടതടവില്ലാതെ നടന്നു. “ഇതാ സർവ്വവല്ലഭനായ കർത്താവു് തന്റെ സത്യസഭയിലേക്കു നിന്നെ ക്ഷണിക്കുന്നു.”

ഒരു ദിവസം വിശുദ്ധപട്ടക്കാരൻ ആ വാചകം പൂർത്തിയാക്കും മുമ്പു് പൊക്കൻ ആവേശത്തോടെ വിളിച്ചുപറഞ്ഞു: “ഞാൻ വരുന്നു.”

വിശുദ്ധപട്ടക്കാരൻ സന്തോഷമായി. ത്രികാലജപം ഉച്ചരിച്ചുകൊണ്ടു് കുരിശുരൂപത്തിൽ കൈകൾ ചലിപ്പിച്ചു്, നെറ്റിയിലും മാറത്തും ചുമലുകളിലും സ്പർശിച്ചു്, “ബാവായ്ക്കും പുത്രനും റുഹാദക്കുദിശായിക്കും സ്തുതിയായിരിക്കട്ടെ!” എന്നു മെല്ലെ പറഞ്ഞു.

പൊക്കനെ മുട്ടുകുത്തി ഇരുത്തി. “നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി…”

പട്ടക്കാരൻ പാതി കേട്ടും പാതി കേൾക്കാതെയും പലതും മന്ത്രിച്ചു. ഒടുവിൽ അവനോടായി ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു; “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിന്നെ ജ്ഞാനസ്നാനപ്പെടുത്താൻ പോകുന്നു. ദൈവത്തിൽ വിശ്വസിക്കുന്നോ?”

പൊക്കൻ വിശുദ്ധപട്ടക്കാരന്റെ മുഖത്തുനോക്കി ഒന്നും പറയാതെ മിഴിച്ചിരുന്നു.

“വിശ്വസിക്കുന്നെന്നു പറയൂ.” അദ്ദേഹം കൽപിച്ചു.

“വിശ്വസിക്കുന്നു.” പൊക്കൻപറഞ്ഞു.

“സാത്താനെ ഉപേക്ഷിക്കുന്നോ?” അദ്ദേഹം പിന്നെയും ചോദിച്ചു. പൊക്കൻ പഴയപടി മിണ്ടാതെ ഇരുന്നു. “ഉപേക്ഷിക്കുന്നെന്നു പറയു.” അദ്ദേഹം രണ്ടാമതും കല്പിച്ചു.

“ഉപേക്ഷിക്കുന്നു.” പൊക്കൻ പറഞ്ഞു.

അപ്പോൾ വിശുദ്ധപട്ടക്കാരൻ വലംകൈ ഉയർത്തി അവന്റെ ശിരസ്സിൽ കുരിശടയാളം വരച്ചു. കണ്ണടച്ചു് അസ്പഷ്ടമായി എന്തോ ഉരുവിട്ടു. അവന്റെ ശിരസ്സിനുനേരെ വിശുദ്ധപുസ്തകം ഉയർത്തി കണ്ണുകളടച്ചു പിന്നെയും എന്തോ ഉരുവിട്ടു.

കപ്യാർ കൈയിലെടുത്ത സ്വർണപ്പാത്രത്തിൽ നിന്നു് ആനാംവെളളമെടുത്തു് അവന്റെ ശിരസ്സിൽ തളിച്ചു. വിശുദ്ധ പുസ്തകം മുത്തിച്ചു. തന്റെ കൈകളിൽ ഞാന്നുകിടക്കുന്ന സ്വർണ്ണാങ്കിതമായ അലുക്കുകളണിഞ്ഞ ഉറുമാൽ അഴിച്ചു മുത്തിച്ചു. വിശുദ്ധപട്ടക്കാരൻ അതു കപ്യാരെ ഏൽപ്പിക്കുകയും അവനെ സത്യക്രിസ്ത്യാനിയായി പ്രഖ്യാപിക്കുകയും ചെയ്തു.

അങ്കിയുടെ കീശയിൽ നിന്നു് പരിശുദ്ധവ്യാകുലമാതാവിന്റെ പാപികളെ കടാക്ഷിക്കുന്ന ഒരു പടം പൊക്കനു സമ്മാനിച്ചു. പിന്നീടു്, ക്രിസ്തു മൂന്നാണികളിൽ ക്രൂശിക്കപ്പെട്ടു് അന്ത്യവിശ്രമം കൊള്ളുന്ന ഒരു ചെറിയ വെള്ളിക്കുരിശെടുത്തു് വാഴ്ത്തി ചരടിൽ കോർത്തു് അവന്റെ കഴുത്തിൽ കെട്ടിച്ചു. കറുത്ത കല്ലുകളിൽ വെള്ളിനാരുപാകിയ ഒരു കൊന്തയും കൊടുത്തു. അവന്റെ നെറ്റിയിൽ കുരിശു വരച്ചു. എഴുന്നേൽപ്പിച്ചു മാറോടണച്ചു പുൽകി.

“പാപികളെ രക്ഷിച്ച ക്രിസ്തു നിനക്കു മാപ്പു നൽകിയിരിക്കുന്നു. നീ അവന്റെ നല്ല കുഞ്ഞായി മാറിയിരിക്കുന്നു. ഇന്നുമുതൽ മിശിഹായുടെ നാമത്തിൽ നീ ‘ഫർണാണ്ടസ്’ എന്നു വിളിക്കപ്പെടും”

പൊക്കൻ ‘ഫർണാണ്ടസ്’ ആയി. ജയിലറയുടെ വാതിൽ തുറന്നു. പകൽവെളിച്ചത്തിലേക്കു് അവൻ ഊളിയിട്ടിറങ്ങി. കാലിലും കൈയിലും അപ്പോഴും ചങ്ങലകളുണ്ടായിരുന്നു. അതു് അഴിച്ചുമാറ്റില്ലേ? പിന്നെയും പലനാൾ അവനോടുതന്നെ ആ ചോദ്യം ചോദിക്കേണ്ടിവന്നു.

നഗരത്തിനു് പുറത്തു് വടക്കുകിഴക്കു മാറി മാൻഡവീനദിയുടെ തീരത്തു പറങ്കികൾക്കു് ഒരു കപ്പൽനിർമ്മാണശാലയുണ്ടു്. അവിടെ ആയിരക്കണക്കിൽ അടിമകൾതിരക്കിട്ടു ജോലി ചെയുന്നു. കടൽയുദ്ധത്തിന്നു ധാരാളം കപ്പലുകൾ വേണം. ഓരോ ഏറ്റുമുട്ടലിലും കേടു വന്ന കപ്പലുകൾ പുതുക്കണം. എല്ലാം അവിടെവെച്ചു നടക്കുന്നു. ജോലിക്കാർക്കു നല്ല ഭക്ഷണവും കഷ്ടിച്ചു ബുദ്ധിമുട്ടുകൂടാതെ കഴിച്ചുകൂട്ടാനുള്ള പാർപ്പിടങ്ങളുമുണ്ടു്. പക്ഷെ, സ്വാതന്ത്ര്യം മാത്രമില്ല. എല്ലാവരെയും ചങ്ങലയ്ക്കിട്ടാണു് ജോലിചെയ്യിക്കുന്നതു്. കാവലിന്നു് ആയുധധാരികളായ പട്ടാളക്കാരുമുണ്ടു്.

ഫർണാണ്ടസ്സും ആ മഹാപ്രവാഹത്തിൽ ഒരു മഴത്തുള്ളിയായി ചെന്നുവീണു. അവിടെ വിശുദ്ധപട്ടക്കാരൻ വരാറില്ല. ഞായറാഴ്ച ദിവസം ഒഴിവാണു്. വല്ലവർക്കും ദേവാലയത്തിൽ ചെന്നു പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ പട്ടാളക്കാർ കൊണ്ടുപോകും. വിശുദ്ധപട്ടക്കാരനെ കണ്ടെത്തിയാൽ കാലിനും കൈയ്ക്കുമുള്ള ചങ്ങലകളുടെ കാര്യം പറയാമെന്നു കരുതി രണ്ടുമൂന്നു ഞായറാഴ്ച മുടങ്ങാതെ ഫർണാണ്ടസ് ദേവാലയത്തിലേക്കു പോയി. അവിടെ വിശുദ്ധപട്ടക്കാരനും കപ്യാരുമുണ്ടു്. പക്ഷേ, അവന്നു പരിചമയമുള്ളവരല്ല. സംശയങ്ങളത്രയും ഉള്ളിൽ വെച്ചുകൊണ്ടു തിരിച്ചുപോന്നു. പിന്നെ പോയില്ല.

പണി പൂർത്തിയായ ഒരു കപ്പൽ വെള്ളത്തിലിറക്കുന്നതിനു തീരുമാനിച്ചു. അതു വലിയൊരാഘോഷമാണു്. തൊഴിലാളികൾ മുഴുവൻ ഒത്തുകൂടും. അവർക്കു മധുരപലഹാരങ്ങൾ നൽകും. തൊഴിലാളികൾ നദീതീരത്തു് അങ്ങോട്ടുമിങ്ങോട്ടും മുട്ടിയുരുമ്മി നടന്നു. ചുറ്റുപാടും അലങ്കരിച്ചൊരുക്കീട്ടുണ്ടു്. പട്ടണത്തിൽ നിന്നു നദീതീരം വരെയുള്ള വഴികളിൽ തോരണങ്ങളും കമാനങ്ങളുമുണ്ടു്. വൈസ്രോയിയാണു് കപ്പൽവെള്ളത്തിലറക്കുന്ന ചടങ്ങിനു നേതൃത്വം നൽകുന്നതു്. പട്ടണത്തിലെ പ്രഭുക്കന്മാരും പ്രമാണിമാരും വ്യാപാരികളുമൊക്കെ തടിച്ചുകൂടീട്ടുണ്ടു്. ഉരുക്കുതൊപ്പിയും വെണ്മഴുവുമേന്തിയ പട്ടാളക്കാർ വരിവരിയായി വൈസ്രോയിക്കു് അഭിവാദ്യമർപ്പിക്കാൻ കാത്തുനിൽക്കുന്നു.

ഫർണാണ്ടസ് ലക്ഷ്യമില്ലാതെ നടന്നു. അവൻ ഇപ്പോൾ മതത്തെപ്പറ്റി ചിന്തിക്കാറില്ല. അതൊരു സ്വപ്നംപോലെ മാഞ്ഞുതുടങ്ങിയിരിക്കുന്നു. അല്പം സ്വാത്രന്ത്യം കിട്ടീട്ടുണ്ടു്. അതു വെച്ചുകൊണ്ടു് സദാഭാവി കരുപ്പിടിക്കുന്ന തിരക്കാണു്. തഞ്ചം കിട്ടിയാൽ ചാടണം. അനുഭവിച്ച വേദനകൾക്കു് മുഴുവനും പ്രതികാരം ചെയ്യണം. ആ ഒരു വിചാരമേയുള്ളു. വൈസ്രോയി വരുന്ന ബഹളത്തിൽ ഏതെങ്കിലും വഴിക്കു കടന്നുകളയാൻ തരപ്പെടുമോ? അതാണു് നേട്ടം. നദീതീരത്തിലൂടെ ലക്ഷ്യമില്ലാത്തവനെപ്പോലെ അലഞ്ഞുനടക്കുമ്പോൾ അതിന്റെ ആഴം കണ്ടുപിടിക്കാനുള്ള ശ്രമമാണു് അവൻ നടത്തിയതു്. വലിയ ഒരു ചട്ടി കിട്ടണം. അതിനു് ഒരു തുളയുണ്ടാക്കണം. അതു തലയിൽ കമിഴ്ത്തി നദിയിലേക്കിറങ്ങണം. ആർക്കും സംശയം തോന്നില്ല. പക്ഷേ, വെള്ളം കൂടുതലുണ്ടെങ്കിലാണു് കുഴപ്പം. ചങ്ങലയിട്ട കാലുകൾകൊണ്ടു് അധികനേരം തുഴയനാവില്ല.

പെട്ടെന്നൊരു വിളി കേട്ടു:

“പൊക്കി”

അവൻ ഞെട്ടിത്തിരിഞ്ഞുനോക്കി. ഐദ്രോസ്! ചങ്ങലയുടെ നീളം അനുവദിക്കുവോളം കാലുകൾ നീട്ടി വലിച്ചുവെച്ചു് ഐദ്രോസ് നടന്നു.

“ആ പന്ന്യേള് അന്നെ കൊല്ലാതെ ബിട്ടോ, പഹയാ?” ഐദ്രോസ് അടുത്തുവന്നു ചോദിച്ചു. ഫർണാണ്ടസ് മിണ്ടിയില്ല.

“ജ്ജെന്താ മുണ്ടാത്തത്?”

പിന്നെയും മൗനം. “അന്റെ നാക്ക് പറങ്ക്യേള് അരിഞ്ഞെടുത്തോ? പൊക്കാ?”

“ഞാൻ പൊക്കനല്ല.”

“എന്തു്?” ഐദ്രോസ് പൊക്കനെ സൂക്ഷിച്ചുനോക്കി. ജയിലിൽ കിടന്നും മർദ്ദനമേറ്റും പൊക്കനു ചിത്തഭ്രമം ബാധിച്ചുപോയോ?

“എന്നെയിനി പൊക്കാന്നു് വിളിക്കണ്ടാ. ഞാൻ ഫർണാണ്ടസ്സാ.”

ഐദ്രോസ് ആ കുരിശു കണ്ടു. അവന്റെ മുഖഭാവം മാറി. സൗഹൃദവും വാത്സല്യവും മാഞ്ഞു. അറപ്പും വിദ്വേഷവും അവിടെ സ്ഥലം പിടിച്ചു.

“അപ്പം ജ്ജെന്താ കാണിച്ചതു്?” ഐദ്രോസിന്റെ സ്വരം പരുഷമായിരുന്നു; “മതം മാറിയോ?”

“ഉം.” ഫർണാണ്ടസ് മൂളി.

“ന്റെ ഹമുക്കേ!” ഐദ്രോസിന്റെ കൈ ഊക്കോടെ ഫർണാണ്ടെസിന്റെ പിരടിയിൽ വീണു. ഫർണാണ്ടസ്സ് മരംപോലെ നിന്നു. അവന്റെ മുഖം വികാരശുന്യമായിരുന്നു. ഐദ്രോസ് ക്ഷോഭിക്കുന്നതെന്തിനാണെന്നു് അവനു് മനസ്സിലായില്ല. മറ്റൊരാളുടെ കൈ തന്റെ പിരടിയിൽ വീണിട്ടു് അന്നു് നടാടെയാണു് പകരം ചോദിക്കാൻ തോന്നാതിരുന്നതു്. ഐദ്രോസ് തല്ലിയതെന്തിനെന്നു് അറിഞ്ഞുകൂടെങ്കിലും അതു കേവലം അനാവശ്യമാണെന്നു തോന്നിയില്ല. അർഹിക്കുന്നതാണു് തനിക്കു കിട്ടിയതെന്നു് ഉള്ളിൽനിന്നു് ആരോ പറയുമ്പോലെ. ഐദ്രോസിനു സഹിക്കുന്നില്ല. പല്ലുകടിച്ചുകൊണ്ടു് അവൻ പിന്നെയും പറഞ്ഞു; “എടാ ജ്ജ് ഇത് കണ്ടോ?” മാറത്തും പുറത്തുമുള്ള കറുത്ത വലിയ പാടുകൾ, കടുത്ത മർദ്ദനത്തിന്റെ ഓർമ്മക്കുറിപ്പുകൾപോലെ കിടക്കുന്നു. “ഇതൊക്കെ ഞമ്മക്ക് കിട്ട്യ കൂല്യാ. എന്തിനു്? മതം മാറാഞ്ഞിറ്റ്. ജ്ജ് കേക്ൿണ്ണ്ടോ? മനിസമ്മാരായാല് ഇച്ചിരി ഉസിർ മേണെടാ.” കാർക്കിച്ചു നിലത്തു തുപ്പി തിരിഞ്ഞുനോക്കാതെ ഐദ്രോസ് നടന്നു. നടക്കുമ്പോൾ ഇതുകൂടി പറഞ്ഞു: “ആ ഉസിര്ള്ള ബാല്യേക്കാരന്ണ്ടല്ലോ; പൊക്കൻ-ഓൻ മൈയെത്തായിപ്പോയെടാ.”

ഫർണാണ്ടസ്സ് പിന്നാലെ ചെന്നു. എല്ലാ കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഐദ്രോസ് ചോദിച്ചു: “എന്നാലും ന്റെ സൈത്താനേ, അനക്ക് ചത്തൂടായിനോ?”

അതു പുതിയോരാശയമല്ല. ചാവാൻ തയ്യാറായിരുന്നു. പക്ഷേ, അതിനു തരപ്പെട്ടില്ല. ഒടുവിലാണു് ആ തീരുമാനമെടുത്തതു്. ചാവുന്നതു പകവീട്ടീട്ടു്. മാനഭംഗംചെയ്തു് കൊന്ന പെങ്ങന്മാർക്കുവേണ്ടി, തന്നെപ്പോലെ നരകിക്കുന്ന ആയിരമായിരം ചെറുപ്പക്കാർക്കുവേണ്ടി, പറങ്കികളോടു പകവിട്ടണം. ആ ലക്ഷ്യത്തിനുവേണ്ടി എന്തു വില കൊടുക്കാനും പൊക്കൻ തയ്യാറായിരുന്നു. ആദ്യം പണയപ്പെടുത്തിയതു്: മതത്തെയാണു്. അതൊരു തെറ്റാണെന്നു വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല. ഐദ്രോസ് ക്ഷോഭിച്ച സമയമാണു്. പറഞ്ഞാൽ മനസ്സിലാവില്ല. പൊക്കനും ഫർണാണ്ടസ്സും വിചാരത്തിലും വികാരത്തിലും ഒന്നാണെന്നു പറഞ്ഞു മനസ്സിലാക്കാൻ അവനു കഴിഞ്ഞേനേ. ഐദ്രോസ് ക്ഷോഭിക്കരുതു്. വാദിച്ചു ലഹളകൂട്ടാതെ ആദ്യംമുതൽ മുഴുവനും കേൾക്കാനൊരുങ്ങണം.

ചെവിടടപ്പിച്ചുകൊണ്ടു് ആചാരവെടികൾ മുഴങ്ങി. വൈസ്രോയിയുടെ എഴുന്നള്ളത്താണു്. ജനസമൂഹം ഇരമ്പിമറിഞ്ഞു. തിരക്കിൽ ഫർണാണ്ടസ്സും ഐദ്രോസും രണ്ടുവശത്തേക്കു് ഒഴുകിപ്പോയി. മാൻഡവീനദിയിലെ കൊച്ചോളങ്ങളിൽ തട്ടിവരുന്ന തണുപ്പുകാറ്റേറ്റു് ഫർണാണ്ടസ്സ് പൂഴിയിലിരുന്നു. ചുറ്റുപാടുമുള്ള ബഹളത്തിൽ അവൻ പെട്ടില്ല. വൈസ്രോയിയെ ഒന്നു കാണണമെന്നു് അവൻ തോന്നിയില്ല. ഐദ്രോസിന്റെ പെരുമാറ്റത്തെക്കുറിച്ചുതന്നെ അവൻ ആലോചിച്ചു. മതത്തെപ്പറ്റി ഇത്രയധികം ബഹളംകൂട്ടാനും ശുണ്ഠിപിടിക്കാനും കാരണമെന്തെന്നു് അവനു മനസ്സിലായില്ല. എളുപ്പത്തിൽ മാറാൻ കഴിയുന്ന ഒന്നാണു് മതമെങ്കിൽ മതത്തിന്റെ പേരിൽ ആരും ബഹളംകൂട്ടേണ്ടതില്ലല്ലോ. ആവശ്യമെന്നു തോന്നിയാൽ ഒന്നിൽനിന്നു മാറി മറ്റൊന്നിൽ പോകാം.

ആഘോഷമവസാനിച്ചു. വൈസ്രോയിയടക്കം നഗരത്തിൽനിന്നു് വന്നവരൊക്കെ നഗരത്തിലേക്കു പോയി. അടിമകളുടെ താവളങ്ങളിൽ സന്ധ്യവിളക്കെരിഞ്ഞു. ജനങ്ങൾ ചവിട്ടിക്കുതിർത്ത പൂഴിമണ്ണിലൂടെ ഫർണാണ്ടസ്സ് എഴുന്നേറ്റു നടന്നു. ഒരു കൊല്ലം കഴിഞ്ഞു. എന്നും മരക്കഷ്ണങ്ങൾ ചുമക്കലാണു് ജോലി. മറ്റൊന്നിനോടും ഇപ്പോൾ ബന്ധമില്ല. പുതിയ കൂട്ടുകാരെ സമ്പാദിക്കാനോ സൗഹൃദം സ്ഥാപിക്കാനോ ഫർണാണ്ടസ്സ് ഒരുങ്ങിയില്ല. ഇരുമ്പും ഉരുക്കും കലർത്തി പുതിയൊരു മനുഷ്യനെ വാർത്തെടുക്കുന്ന തിരക്കായിരുന്നു. ആരോടും മമതയില്ലാത്ത, എല്ലാവരേയും വെറുക്കുന്ന, എന്തും നശിപ്പിക്കാനാഗ്രഹിക്കുന്ന, ഒരു പുത്തൻ മനുഷ്യൻ പൊക്കനെ ചവിട്ടിത്താഴ്ത്തി അവന്റെ നെഞ്ചിൽ കാലമർത്തിക്കൊണ്ടു പിളർന്നു അതായിരുന്നു ഫർണാണ്ടസ്. ആരോടും ഒന്നും മിണ്ടാതെ നിരന്തരം ജോലി ചെയ്യും. ജോലിസ്ഥലത്തുവെച്ചു് ഐദ്രോസിനെ പലപ്പോഴും കണ്ടിട്ടുണ്ടു്. മിണ്ടാൻ പോയില്ല. മതി. തനിക്കാരുമില്ലെന്നൊരു വിശ്വാസം, താനാർക്കും ചുമതലപ്പെട്ടവനല്ലെന്നൊരു തോന്നൽ, ഫർണാണ്ടസ്സിൽ വേരുറച്ചുവന്നു. ഒഴിവുസമയത്തു പറങ്കികളുടെ ഭാഷ പഠിക്കാൻ അവൻ ശ്രമിച്ചു. അതിൽ താൽപര്യമുള്ള അടിമകളെ പഠിപ്പിക്കാൻ പാതിരിമാർ വരാറുണ്ടു്. അവൻ തിരക്കിട്ടു പഠിച്ചു. ഉപകാരമുണ്ടാവും.

അറബിക്കടലിലും ഹിന്ദുസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും വിജയകരമായ ഒരു പര്യടനം നടത്തി മസ്കരനസ്സ് തിരിച്ചെത്തിയതു് ആയിടയ്ക്കാണു്. പറങ്കിക്കപ്പിത്താന്മാരുടെ സമുദ്രപര്യടനത്തിനു തട്ടിപ്പറിയും കൈയേറ്റവുമാണെന്നർത്ഥം. അഞ്ചോ പത്തോ കപ്പലുകളും ഏതാനും പടത്തോണികളുമായി കപ്പിത്താന്മാർ പുറപ്പെടും. വഴിയിൽ കാണുന്ന വ്യാപാരക്കപ്പലുകൾ കൊള്ളചെയ്യും. തുറമുഖങ്ങൾ ആക്രമിക്കും. അങ്ങുമിങ്ങുമുള്ള രാജാക്കന്മാരെ പൊറുതികെടുത്തി, തങ്ങളുടെ അധീനത്തിൽ കൊണ്ടുവരും; അധീശത്വം സ്ഥാപിക്കും. ഒടുവിൽ കൊള്ളചെയ്തു കിട്ടിയ മുതലും ധാരാളം അടിമകളെയുംകൊണ്ടു തിരിച്ചുപോരും. ഇതാണു് സമുദ്രപര്യടനം.

മസ്കരനസ്സിന്റെ പര്യടനം വലിയൊരു വിജയമായിരുന്നു. അയാൾ ഗോവാതുറമുഖത്തുനിന്നു പുറപ്പെട്ടതു് ഒരു കൊല്ലംമുമ്പാണു്. നിറഞ്ഞ കപ്പലുകളുമായി തിരിച്ചുവന്നു. മറ്റുള്ള കപ്പിത്താന്മാർ ആ നേട്ടം കണ്ടു് അമ്പരന്നു. കപ്പലുകൾ തുറമുഖത്തടുക്കുമ്പോൾ ഗോവയിലെ മുഴവൻ ജനങ്ങളും സ്വീകരണത്തിനുവേണ്ടി ഓടിക്കിതച്ചെത്തി. തങ്ങളുടെ നേതാവിനെ ആർത്തുവിളിച്ചു് അഭിവാദ്യം ചെയ്തു. കപ്പൽത്തട്ടിൽ വെച്ചു മസ്കരനസ്സിനെ വൈസ്രോയി കെട്ടിപ്പിടിച്ചു ചുംബിച്ചു. അത്ര വലിയൊരു ബഹുമതി മറ്റാർക്കും അതുവരെ കിട്ടിയിട്ടില്ല. ഏലവും കുരുമുളകും ഇഞ്ചിയും ആനക്കൊമ്പും ചുമന്നുകൊണ്ടു് അടിമകൾ പുറത്തേക്കുവന്നു. പുതിയ അടിമകൾ വരിവരിയായി ചങ്ങലകൾ ചലിപ്പിച്ചുകൊണ്ടു നടന്നു. കൂട്ടത്തിൽ ധാരാളം പെണ്ണുങ്ങളുമുണ്ടു്. എത്ര അഭിനന്ദിച്ചാലും അധികമാവാത്ത നേട്ടം.

അന്നുതന്നെ വൈകീട്ടു് ജോ ഡിസിൽവ വൈസ്രോയിയെ കണ്ടു. ചെറുപ്പക്കാരനും അഭ്യാസനിപുണനുമായ ഒരു പട്ടാളമേധാവിയാണു് ജോ ഡിസിൽവ. താനൊരു കപ്പൽപ്പടയെ നയിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്നു് അനുമതി നൽകണമെന്നും അയാൾ വൈസ്രോയിയെ അറിയിച്ചു. കടൽയുദ്ധങ്ങളിൽ പലതിലും പ്രശസ്തമായ പങ്കു വഹിച്ചിട്ടുണ്ടെന്നല്ലാതെ, ഡിസിൽവ അന്നോളമൊരു കപ്പൽ പടയക്കു നേതൃത്വം നൽകിയിട്ടില്ല. ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഭാവിയിലേക്കുള്ള മഹത്തായ വാഗ്ദാനങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു് വൈസ്രോയി മനസ്സിലാക്കി.

ആവേശഭരിതനായിട്ടാണു് ഡിസിൽവ വൈസ്രോയീ മന്ദിരത്തിൽ നിന്നു പുറത്തുകടന്നതു്. അയാളുടെ മനസ്സ് തുറമുഖങ്ങളിൽ നിന്നു തുറമുഖങ്ങളിലേക്കും ദ്വീപുകളിൽ നിന്നു ദ്വീപുകളിലേക്കും ചിറകടിച്ചു പാറി. കപ്പലുകൾ പരിശോധിച്ചൊരുക്കണം. തണ്ടുവലിക്കുള്ള അടിമകളെ തിരഞ്ഞെടുക്കണം. എല്ലാം ധൃതിയിൽ നടക്കണം. അമ്പരപ്പിക്കുന്ന വിജയവുമായി തിരിച്ചെത്തണം. ആ ഒരു വിചാരമേ അപ്പോൾ ഡിസിൽവയ്ക്കുണ്ടായിരുന്നുള്ളൂ.

കപ്പൽജോലിയിലേർപ്പെട്ട അടിമകൾ മുഴുവനും ഒരുനാൾ രാവിലെ നദീതീരത്തെത്തണമെന്നു കല്പനയായി. മിടുക്കുള്ളവരെ ഡിസിൽവയ്ക്കു തിരഞ്ഞെടുക്കണം. അടിമകൾ വരിവരിയായി നിന്നു. ഡിസിൽവ ഏതാനും അനുയായികളോടുകൂടി തിരഞ്ഞെടുപ്പിനു് വന്നു.

പരദുഃഖത്തിൽ സന്തോഷംകൊള്ളുന്ന സ്വഭാവക്കാരനാണു് ഡിസിൽവ. വേദനകൊണ്ടു പിടയുന്ന ജീവികളെ കാണുമ്പോൾ അയാൾക്കു ചിരിവരും. പരിശോധന ഒരു പ്രത്യേക രീതിയിലായിരുന്നു. ഇളംചുവപ്പുനിറത്തിൽ തടിച്ചു് ഉയരംകൂടിയ ആ മനുഷ്യൻ ഓരോ അടിമയേയും സമീപിക്കും. കണ്ണുകളിലേക്കുറ്റുനോക്കും. പെട്ടെന്നു മുഷ്ടിചുരുട്ടി നെഞ്ചിലൊരു ഇടി വെച്ചുകൊടുക്കും. ഇടികൊണ്ടു വീഴുന്ന അടിമയെ നോക്കി പൊട്ടിച്ചിരിക്കും. വീഴാതെ നിൽക്കുന്നവനെ തന്റെ സംഘത്തിലേക്കു ചേർക്കും. ചിലർ വീണു. ചിലർ പിന്നോട്ടാഞ്ഞു. ചിലർ ഓർക്കാപ്പുറത്തു് ഇടി കിട്ടി വാവിട്ടു കരഞ്ഞു.

ഫർണാണ്ടസ്സിനെ കണ്ടപ്പോൾ ഡിസിൽവയ്ക്കു കൗതുകം തോന്നി. വിരിഞ്ഞ മാറും ആയാസദൃഢങ്ങളായ അവയവങ്ങളും. കൊള്ളാം ഒറ്റയ്ക്കൊരു കപ്പൽത്തണ്ടു വലിച്ചു നീക്കാൻ കഴിവുള്ള ചെറുപ്പക്കാരൻ! ഇടിക്കാതെ വിടരുതു്; ഇടിക്കണം. ഡിസിൽവ ഫർണാണ്ടസ്സിനെ സമീപിച്ചു. ഫർണാണ്ടസ്സിന്റെ മുഖത്തു നീണ്ടുവളർന്ന താടി കണ്ടപ്പോൾ മാറിലിടിക്കാനല്ല തോന്നിയതു്. ആ താടിയൊന്നു പിടിച്ചു വലിക്കാനാണു്. ഡിസിൽവ ഫർണാണ്ടസ്സിന്റെ താടി പിടിച്ചു് ഒന്നുകുലുക്കി. ഫർണാണ്ടസ്സിനു് അതു രസിച്ചില്ല. അവൻ ഊക്കിലൊരു തട്ടുകൊടുത്തു. തട്ടുകൊണ്ടു് ഡിസിൽവ പിന്നോട്ടാഞ്ഞു. അതു പ്രതീക്ഷിക്കാത്തതാണു്. വിശേഷിച്ചു്, ഒരടിമ അങ്ങനെ ധിക്കാരമായി പെരുമാറുമെന്നു് ആരും പ്രതീക്ഷിച്ചില്ല. ചുറ്റുമുള്ള അടിമകൾ പേടിച്ചു വിറച്ചു. എന്താണു് സംഭവിക്കാൻ പോകുന്നതെന്നു് ഉറ്റുനോക്കി.

ഒന്നും സംഭവിച്ചില്ല. ഫർണാണ്ടസ്സിന്റെ മാറിൽ തുങ്ങുന്ന കുരിശുഡിസിൽവ കണ്ടു. ആ അടിമയുടെ പേരെന്തെന്നു് സ്വന്തം ഭാഷയിൽ ചോദിച്ചു.

“ഫർണാണ്ടസ്സ്.” അതേ ഭാഷയിൽത്തന്നെ ഫർണാണ്ടസ് ഉത്തരം പറഞ്ഞു.

ഡിസിൽവയ്ക്കു കുടുതൽ ഇഷ്ടമായി. പരീക്ഷണങ്ങൾ പിന്നീടൊന്നും നടന്നില്ല. തിരിച്ചുപോകുമ്പോൾ അടുത്ത ഞായറാഴ്ച രാവിലെ തന്റെ സംഘത്തിലേക്കു തിരഞ്ഞെടുത്ത അടിമകളെ തുറമുഖത്തേക്കു കൊണ്ടുവരാൻ ഡിസിൽവ കല്പിച്ചു.

ജോലിസ്ഥലത്തേക്കു നടക്കുമ്പോൾ ഫർണാണ്ടസ് ആലോചിച്ചു. വളയക്കടപ്പുറത്തുനിന്നു വെള്ള്യാൻകല്ലിലേക്കു്, അവിടെനിന്നു കപ്പലിലെ ഇരുട്ടറയിലേക്കു്, അവിടെനിന്നു ഗോവയിലെ നാശംപിടിച്ച ജയിലിലേക്കു്. പിന്നെ അടിമച്ചന്തയിലേക്കു്, വീണ്ടും ജയിലിലേക്കു്. പൊക്കൻ അവിടെ കിടന്നു മരിച്ചു. അവന്റെ ശവത്തിൽ ചവിട്ടി ഫർണാണ്ടസ് എഴുന്നേറ്റുനിന്നു. ഇനി ഫർണാണ്ടസ്സിന്റെ യാത്രയാണു്. നദീതീരത്തുള്ള തൊഴിൽശാലയിൽ വന്നു. ഇനിയിതാ തുറമുഖത്തേക്കു പുറപ്പെടുന്നു. അതു കഴിഞ്ഞു കടലിലേക്കു്; പിന്നെയോ?

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.