images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
ഒൻപതു്

സാമൂതിരിപ്പാട്ടിലേക്കു വലിയ സന്തോഷമായി. പ്രസിദ്ധരായ തന്റെ പൂർവികരിൽ പലർക്കും അത്തരമൊരു സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാനസചിവനായ മങ്ങാട്ടച്ചനെ വിളിച്ച അദ്ദേഹം കൽപ്പിച്ചു.

“ഈ സന്തോഷം നാം സ്വന്തമായനുഭവിച്ചാൽ പോരാ; നമ്മുടെ പ്രജകളും ഇതിൽ പങ്കുചേരണം.”

ഈർക്കിലിക്കര പാവുമുണ്ടു ഞാത്തിയുടുത്തു്, മേലെ ഒരു രണ്ടാംമുണ്ടും ചുറ്റി, ഒരു കൈകൊണ്ടു് ആചാരമുറയ്ക്കനുസരിച്ചു വായും പൊത്തി, മഹാരാജാവിന്റെ കല്പന കേൾക്കാൻ സിംഹതുല്യനായ മങ്ങാട്ടച്ചൻ ഒതുങ്ങിനിന്നു. ശത്രുക്കളുടെ രക്തം കുടിച്ചു മടുത്ത ഉടവാൾ സുഖനിദ്രകൊള്ളുന്ന വാളുറ അരയിൽ തൂങ്ങിക്കിടക്കുന്നു. സന്തോഷാധിക്യത്താൽ മതിമറന്ന സാമൂതിരിപ്പാടു് മങ്ങാട്ടച്ചന്റെ അഭിമതംകൂടി അറിയാൻ ഉദ്ദേശിച്ചുകൊണ്ടുതുടർന്നു:

“എന്താ അതല്ലേ ഭംഗി?”

“റാൻ!”

“നാം വേണ്ടപോലെ ഈ വിജയം ആഘോഷിക്കണം.”

“അവിടത്തെ കല്പന കാത്താണടിയൻ നിൽക്കുന്നതു്.”

“തുറമുഖവും നഗരവും അലങ്കരിച്ചു് ഒരു മഹോത്സവത്തിന്റെ ഛായതന്നെ വരുത്തണം.”

“റാൻ!”

“സമയം വളരെ കഷ്ടിയാണു്. അല്ലേ? നാളെ പ്രഭാതത്തിനു തന്നെ അവരിവിടെ എത്തിച്ചേരുമെന്നു കരുതാം.”

“വഴിക്കുകാര്യമായ തടസ്സമൊന്നുമുണ്ടായില്ലെങ്കിൽ നാളെ പത്തുനാഴിക വെളുപ്പിനു മുമ്പേ അവിരിവിടെ എത്തും.”

“ഇനിയെന്തു തടസ്സമുണ്ടാവാൻ?” ആ ചോദ്യത്തിൽ വല്ലാത്ത ഉത്കണ്ഠ കലർന്നിരുന്നു. “തടസ്സമുണ്ടാവുമെന്നു ഭയപ്പെടേണ്ട സ്ഥലങ്ങളൊക്കെ കഴിഞ്ഞില്ലേ?”

“അടിയൻ ഉദ്ദേശിച്ചതതല്ല. കാറ്റു പ്രതികൂലമായാലും താമസം നേരിടാമല്ലോ.”

“ശരിയാ, നാം അത്രതന്നെ അങ്ങു കടന്നാലോചിച്ചില്ല. സന്തോഷം കൂടുതലാവുമ്പോൾ ആലോചന ചുരുങ്ങും. ഇല്ലേ?”

മങ്ങാട്ടച്ചൻ ആ ചോദ്യത്തിനു് ഉത്തരമൊന്നും പറഞ്ഞില്ല. മഹാരാജാക്കന്മാരുടെ ഫലിതമാവുമ്പോൾ അതാസ്വദിക്കുന്നതിലും ചില സമ്പ്രദായമൊക്കെയുണ്ടു്.

“കേട്ടോ, മങ്ങാടൻ, നാം അതിരുകടന്നു സന്തോഷിക്കുന്നതിൽ തെറ്റില്ല. മൺമറഞ്ഞ സാമൂതിരിപ്പാടന്മാർക്കു കൈവരാഞ്ഞ ഭാഗ്യമാണിതു്. നമ്മുടെ കപ്പൽ അറബിക്കടലിലൂടെ സ്വതന്ത്രമായി സഞ്ചരിച്ചിട്ടു വർഷങ്ങളെളെത്ര കഴിഞ്ഞു?”

“ആ സന്തോഷം അനുഭവിക്കാൻ തിരുമനസ്സിലേക്കാണു് ഭാഗ്യമുണ്ടായതു്.”

“അതുപോലെ തനിക്കും തന്റെ പൂർവികർക്കും ഈ ഭാഗ്യം ഉണ്ടായിട്ടില്ല. എല്ലാം തിരുവളയനാട്ടുകാവിലമ്മയുടെ കരുണാകടാക്ഷം. ചെല്ലൂ. നാം കൽപ്പിച്ചതായി എല്ലാവരേയും അറിയിക്കൂ. നാളെ നമുക്കൊരു ഉത്സവമാക്കണം.”

മങ്ങാട്ടച്ചൻ തൊഴുതു വിടവാങ്ങി പിരിഞ്ഞു. സാമൂതിരിപ്പാടു സന്തോഷാധിക്യംകൊണ്ടുള്ള പ്രസരിപ്പോടെ മട്ടുപ്പാവിൽ അങ്ങട്ടുമിങ്ങട്ടും ലാത്തി കഴിഞ്ഞകാലങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങി. പറഞ്ഞുകേട്ടതും നേരിട്ടനുഭവിച്ചതുമായ പല കാര്യങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി.

വ്യാപാരബന്ധമുറപ്പിക്കാൻ വാസ്കോഡഗാമ വന്നു. വളരെ മുമ്പാണു്. അന്നദ്ദേഹം ജനിച്ചിട്ടില്ല. എങ്കിലും ആ പറങ്കിക്കപ്പിത്താൻ രാജ്യത്തോടും പ്രജകളോടും കാണിച്ച മനുഷ്യോചിതമല്ലാത്ത ക്രൂരതകളുടെ പല കഥകളും അദ്ദേഹത്തിന്നറിയാം. ഒന്നും മറക്കത്തക്കതല്ല. ലോകചരിത്രത്തിൽ അത്രയും ഹീനമായ കൂട്ടക്കൊല വേറെ നടന്നിട്ടുണ്ടാവില്ല. കടലിൽ പതിയിരുന്നു നിർദോഷികളായ ജനങ്ങളെ പിടികൂടുക. കൈകാലുകൾ ഛേദിച്ചും വെള്ളത്തിൽ കെട്ടിത്താഴ്ത്തിയും കൊല്ലുക. അന്നൊരു സാമൂതിരിപ്പാടമ്മാമൻ പൊറുതികേടു സഹിക്കാഞ്ഞു പറങ്കികളുമായി സൗഹാർദ്ദത്തിൽ കഴിഞ്ഞുകൂടിക്കളയാമെന്നാശിച്ചു. അതിനുള്ള വഴികൾ ആരാഞ്ഞു. തലപ്പണ്ണനമ്പൂതിരിയെ സൗഹാർദ്ദസംഭാഷണത്തിന്നു പറങ്കിക്കപ്പലിലേക്കയച്ചു. വല്ലതുമൊരു തീരുമാനമുണ്ടാവുമെന്നാശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ മൃഗീയമായ നിലയിൽ കൊലപ്പെടുത്തി, കൈയും കാലും വെട്ടി, ചെവിയരിഞ്ഞു്, ശവശരീരം ഒരു തോണിയിൽ അടക്കം ചെയ്തു് ‘സാമൂതിരിപ്പാടിനു മാംസം വെച്ചു കഴിക്കാൻ’ എന്നൊരു കുറിപ്പോടുകൂടി തിരിച്ചയച്ചു. അതു ചെയ്ത വാസ്കോഡഗാമയാണു്. ഇത്രവലിയ കടുംകൈ ചെയ്ത ആൾ ഒരു മനുഷ്യനാണോ എന്നുകൂടി അന്നുള്ളവർ ശങ്കിച്ചു. ശങ്കിച്ചതിൽ തെറ്റില്ല.

അവിടംകൊണ്ടുമാത്രം ആ മൃഗീയതയ്ക്കു വിരാമമിട്ടോ? ഇല്ല. മംഗലാപുരത്തുനിന്നു് അരിയുമായി വരുന്ന എണ്ണൂറോളം നാവികരെ വളഞ്ഞുപിടിച്ചു് എല്ലാവരെയും കൊന്നു കഷ്ണംവെട്ടി, അരിക്കു പകരം തോണികളിൽ നിറച്ചു് കോഴിക്കോട്ടു തുറമുഖത്തെത്തിച്ചു. ക്രൂരവും ഭയാനകവുമായ ആ കൊലപാതകത്തിനു നേതൃത്വം കൊടുത്തതും വാസ്കോഡഗാമയായിരുന്നു. സാമൂതിരിരാജവംശത്തിന്റെ തറക്കല്ലിളക്കിയേ തിരിച്ചുപോകുൂ എന്ന വാശിയോടെ പറങ്കിപ്പടക്കപ്പലുകൾ കോഴിക്കോട്ടു തുറമുഖത്തടുപ്പിച്ചു്, എല്ലാവരും മതികെട്ടുറങ്ങിക്കിടക്കുന്ന പാതിരാവിൽ നഗരത്തിലേക്കു പീരങ്കിവെടി വെപ്പിച്ചു. നിർദ്ദയവും ഹീനവുമായ ആ നടപടി ആസൂത്രണം ചെയ്തതും വാസ്കോഡഗാമതന്നെ.

തീരാത്ത പകയും ശത്രുത്വവും സൃഷ്ടിച്ചുകൊണ്ടു് ആ കപ്പിത്താൻ മടങ്ങി. ക്രമപ്രകാരം പിന്നെയും കപ്പിത്താന്മാർ വന്നുകൊണ്ടിരുന്നു. മനുഷ്യോചിതമല്ലാത്ത അക്രമങ്ങൾ കാണിക്കുന്നതിൽ അവരും പിന്നോക്കമായിരുന്നില്ല. അറബിക്കടൽ, വന്യമൃഗസങ്കേതമായ വൻകാടുപോലെ, മീൻപിടുത്തക്കാർക്കുപോലും അപ്രാപ്യമായിത്തീർന്നു. തുറമുഖങ്ങൾ പലതും ഉറങ്ങിക്കിടന്നു. വ്യാപാരമാന്ദ്യംകൊണ്ടു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു ബലക്ഷയം ബാധിച്ചു. പറങ്കികളുടെ പ്രധാനലക്ഷ്യം സാമൂതിരിരാജവംശത്തിന്റെ പൂർണനാശമായിരുന്നു.

“മഹാമായേ, ലോകാംബികേ, അവിടുത്തെ കടാക്ഷംകൊണ്ടു ശത്രുക്കളെ ചെറുത്തുനിൽക്കാനും സ്വരൂപത്തിന്റെ മാനം രക്ഷിക്കാനും ഇന്നലെവരെ സാധിച്ചു.” കിഴക്കോട്ടു തിരിഞ്ഞു് ശ്രീവളയനാടുകാവിനു നേർക്കു കൈകൂപ്പി നിന്നുകൊണ്ടു് സാമൂതിരിപ്പാടു പ്രാർത്ഥിച്ചു:

“ഇന്നാവട്ടെ, അടിയനനുഭവിക്കുന്ന ഈ മനസ്സമാധാനവും ശാന്തിയും എന്നും ഈ സ്വരൂപത്തിന്റെ പേരിൽ രാജ്യം ഭരിക്കുന്നവർക്കു നഷ്ടപ്പെടാതിരിക്കണേ?”

കാൽപ്പെരുമാറ്റം കേട്ടു സാമൂതിരിപ്പാടു തിരിഞ്ഞുനോക്കി;

“ആരാ അവിടെ?

“ഞാനാണു്”,

“ആര്? കുഞ്ഞുണ്ണിയോ?” ശബ്ദംകേട്ടു് ആളെ തിരിച്ചറിഞ്ഞതു കൊണ്ടാണങ്ങനെ ചോദിച്ചതു്.

കുഞ്ഞുണ്ണിത്തമ്പുരാൻ അൽപ്പം മുമ്പോട്ടു നീങ്ങി നിന്നു. കാലാൾപ്പടയുടെ നേതൃത്വം വഹിക്കുന്ന കുഞ്ഞുണ്ണിത്തമ്പുരാൻ പതിനഞ്ചാംകൂറാണു്.

“എന്താ വിശേഷം?”

“തുറമുഖത്തൊരു കപ്പലെത്തീട്ടുണ്ടു്”

“ഏതു കപ്പൽ?”

“മംഗലാപുരത്തു പോയ കടൽപ്പടയ്ക്കു് അകമ്പടി സേവിച്ച ഒരു കപ്പൽ.”

“അതുവ്വോ?”

“ഉവ്വു്.”

“അപ്പോൾ അവരൊക്കെ ഇന്നു രാത്രി തന്നെ തുറമുഖത്തു് എത്തിച്ചേരുമെന്നാണോ? അങ്ങനെയാണെങ്കിൽ അടിയന്തരമായി വിവരമയയ്ക്കണം. വഴിയിൽ എവിടെയെങ്കിലും അല്പം വിശ്രമിച്ചു പ്രഭാതത്തിൽ ഇങ്ങട്ടെത്തിയാൽ മതി. തുറമുഖവും മറ്റും അലങ്കരിച്ചൊരുക്കാൻ നാം കൽപിച്ചിട്ടുണ്ടു്.”

“ഇന്നു് രാത്രി അവതരെത്തില്ല. വഴിയിൽ ആപത്തൊന്നും സംഭവിച്ചില്ലെന്ന വിവരം മുൻകൂട്ടി അറിയിക്കാൻ ഒരു കപ്പൽ ധൃതിപ്പെട്ടു പോന്നതാണു്.”

“ആ വിവരം നാം ഉച്ചയ്ക്കുതന്നെ മനസ്സിലാക്കിയല്ലോ. ശരി, ഏതായാലും കുഞ്ഞുണ്ണികൂടി ഒന്നു ചെല്ലു; അലങ്കാരങ്ങളൊക്കെ ഭംഗിയാവണം.”

മങ്ങാട്ടച്ചനെ ഭാരമേൽപ്പിച്ച കാര്യത്തിനു് മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്നു് അനുഭവംകൊണ്ടു് പലകുറി മനസ്സിലാക്കിയ കുഞ്ഞുണ്ണിത്തമ്പുരാൻ അല്പം ചതുരംഗം കളിച്ചാലെന്തെന്ന വിചാരത്തോടെ അതിനൊരാളെത്തേടിക്കൊണ്ടാണു് പുറത്തിറങ്ങിയതു്. സന്ധ്യാവന്ദനത്തിനുള്ള ഒരുക്കത്തോടെ സാമൂതിരിപ്പാടും സ്ഥലംവിട്ടു.

നഗരം മുഴുവനും അന്നു് ഉറങ്ങിയില്ല. ജനങ്ങൾ ഉത്സാഹഭരിതരായി അങ്ങട്ടുമിങ്ങോട്ടും ഓടിനടന്നു. തുറമുഖം കൊടികൾകൊണ്ടും തോരണങ്ങൾകൊണ്ടും നിറഞ്ഞു. പൂഴിപ്പരപ്പിൽ പന്തൽപ്പണി നടന്നു. കുറുവാഴ്ചക്കാർക്കും കരപ്രമാണിമാർക്കും പ്രഭുക്കന്മാർക്കും പടത്തലവന്മാർക്കും വിദേശപ്രതിനിധികൾക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളുണ്ടാക്കി. മഹാരാജാവിന്നു് എളുന്നള്ളിയിരിക്കാനുള്ള വിശേഷമണ്ഡപം പണിതീർത്തു. പ്രധാന രാജവീഥികൾക്കിരുവശത്തുമുള്ള വ്യാപാരസ്ഥലങ്ങളും വീടുകളും കൊടിക്കൂറകളാലും തോരണങ്ങളാലും മോടിപിടിപ്പിച്ചു. അത്തച്ചമയം പ്രമാണിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയ പ്രമുഖവ്യക്തികൾക്കെല്ലാം രാത്രിതന്നെ തിട്ടുരമയച്ചു.

ജോലിത്തിരക്കിൽ നേരം പുലർന്നതു പലരുമറിഞ്ഞില്ല. കോഴിക്കോട്ടൊരു കൊച്ചു ഗന്ധർവ്വനഗരമാണു് പ്രഭാതസൂര്യൻ കണ്ടതു്. ബദ്ധപ്പെട്ടു കുളിയും കുറിയും കഴിഞ്ഞു നഗരവാസികളത്രയും തുറമുഖത്തെത്തി. പകൽവെളിച്ചമോ ജനങ്ങളോ ആദ്യം കടപ്പുറത്തു സ്ഥലം പിടിച്ചതെന്നു തിട്ടപ്പെടുത്താൻ വയ്യ. പരസ്പരം തിരിച്ചറിയാനുള്ള വെട്ടം പരന്നപ്പോൾ പൂഴിപ്പരപ്പു മുഴുവനും ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. വ്യാപാരശാലകൾക്കും അതിനപ്പുറത്തുള്ള വൃക്ഷങ്ങൾക്കുമിടയിലൂടെ ചുവപ്പുരശ്മി ചോർന്നു കിടന്നു. കടപ്പുറത്തു് ഇളം ചൂടു് പരക്കാൻ തുടങ്ങിയപ്പോൾ പ്രധാനരാജവീഥിയിൽ നിന്ന കൊട്ടും കുഴലും കേട്ടു; തുടർന്നു കതിനവെടിയും പല്ലക്കു ചുമക്കുന്നവരുടെ മൂളലും: “ഹൈം ഹോം ഹൈം ഹോം.”

മഹാരാജാവു് എഴുന്നള്ളുന്നു. പല്ലക്കിനു മുമ്പിലും പിമ്പിലുമായി നാടുവാഴികളും പ്രഭുക്കന്മാരും അകമ്പടിസേവിക്കുന്നു. വടക്കുമ്പറം-കിഴക്കുമ്പറം നായന്മാർ പ്രതേക വടിവിലുള്ള തലപ്പാവു് ധരിച്ചു് ജനങ്ങളെ ഒതുക്കിനിർത്തി മഹാരാജാവിന്റെ പല്ലക്കിനു വഴിയുണ്ടാക്കുന്നു.

“ഹൈം ഹോം ഹോം ഹൈം ഹോം.” മഹാരാജാവിനു് എഴുന്നള്ളിയിരിക്കാനുള്ള മണ്ഡപത്തിനടുത്തേക്കു പല്ലക്കു നീങ്ങുകയാണു്.

ആചാരവെടി ചെവിട്ടടപ്പിച്ചുകൊണ്ടു പിന്നെയും പിന്നെയും മുഴങ്ങി.

വെള്ളപ്പട്ടുടുത്തു് കഴുത്തിൽ വൈരക്കല്ലുകൾ ഇടചേർത്തു കോർത്ത മുത്തുമാലയും കാതിൽ വൈരക്കടുക്കനും കൈത്തണ്ടയിൽ രത്നനഖചിതങ്ങളായ വളകളും തലയിൽ തിരുമുടിപ്പട്ടവും ചാർത്തിയ മഹാരാജാവു് പല്ലക്കിൽ നിന്നിറങ്ങി മണ്ഡപത്തിലേക്കു പ്രവേശിച്ചപ്പോൾ ജനങ്ങൾ ഭക്ത്യാദരപുരസ്സരം കൈകൂപ്പി തലതാഴ്ത്തി വന്ദിച്ചു. വെളുത്തു തടിച്ചു് ഒരു യോദ്ധാവിനു ചേർന്ന ശരീരവടിവും പ്രഗല്ഭനായ ഭരണാധികാരിക്കു ചേർന്ന മുഖഭാവവുമുള്ള മഹാരാജാവു് അനുകമ്പാർദ്രമായ നോട്ടംകൊണ്ടും സ്നേഹജന്യമായ മന്ദസ്മിതംകൊണ്ടും ജനങ്ങളെ അനുഗ്രഹിച്ചു. നാടുവാഴികളെയും പ്രഭുക്കന്മാരെയും മന്ത്രിമാരെയും പടത്തലവന്മാരെയും വിദേശപ്രതിനിധികളെയും യഥാസ്ഥാനങ്ങളിലിരിക്കാൻ കൈമുദ്രകൊണ്ടു കൽപ്പിച്ചു് അദ്ദേഹം ഇരുന്നു.

പാറ നമ്പി, ഏറനാട്ടു മേനോൻ, തലച്ചെന്നോർ, നെടുങ്ങനാട്ടു പടനായർ, കിഴക്കുംനാട്ടു നമ്പിടി, കരക്കാട്ടു മൂത്തവൻ, വീട്ടിക്കോട്ടുനായർ, തൃക്കടീരി നായർ, എടക്കുളത്തവൻ, പാലക്കാട്ടവൻ എന്നീ പ്രമുഖന്മാർ മഹാരാജാവിനെ വന്ദിച്ചു് അവരവരുടെ സ്ഥാനങ്ങളിലിരുന്നു.

മംഗലാപുരത്തുനിന്നു തിരിച്ചെത്തുന്ന കപ്പൽസമൂഹത്തെ കടലിൽവെച്ചു സ്വീകരിക്കാൻ പത്തേമ്മാരികളും തോണികളും ചെറുകപ്പലുകളും തുറമുഖത്തു് അലങ്കരിച്ചൊരുക്കിനിർത്തീട്ടുണ്ടു്. മഹാരാജാവിന്റെ മണ്ഡപത്തിനടുത്തു്, അപ്പപ്പോൾ വല്ല നിർദ്ദേശവുമുണ്ടെങ്കിൽ അതു കേൾക്കാനും ഉടനടി വേണ്ടതു പ്രവർത്തിക്കാനും ഒരുങ്ങിക്കൊണ്ടു നിൽക്കുകയാണു് മങ്ങാട്ടച്ചൻ.

സൂര്യൻ ഉദിച്ചുയർന്നു. കടപ്പുറത്തു് വെയിൽ പരന്നു. വടക്കു നിന്നു കപ്പൽ സമൂഹം വരുന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. മഹാരാജാവു മങ്ങാട്ടച്ചനെ കൈയാംഗ്യംകൊണ്ടു് അടുത്തേക്കു വിളിച്ചു ചോദിച്ചു:

“അവരിനിയും വന്നില്ലല്ലോ.”

“റാൻ! പത്തുനാഴിക വെളിപ്പിനുതന്നെ എത്തിച്ചേരേണ്ടതാണു്. താമസിക്കില്ല.”

“ജനങ്ങൾ ഇരുന്നു് മുഷിയുന്നല്ലോ.”

“കൽപ്പിച്ചാൽ അടിയനതിനു പരിഹാരമുണ്ടാക്കാം.”

“എന്തു പരിഹാരം?”

“അത്തച്ചമയം പ്രമാണിച്ചു കിഴക്കൻ മലകളിൽ നിന്നു വേടരും പണിയരും മറ്റും അവരവരുടെ കുലാചാരപ്രകാരമുള്ള ആട്ടവും പാട്ടും തിരുമുമ്പിൽ കാണിക്കാൻ പതിവുപോലെ എത്തിച്ചേർന്നിട്ടുണ്ടു്.”

“അതുകൊണ്ടെന്താ?”

“തിരുവുള്ളക്കേടു തോന്നില്ലെങ്കിൽ നേരമ്പോക്കിനുള്ള വഴിയുണ്ടാക്കാം. എല്ലാവരോടും ഇവിടെ എത്തിച്ചേരാൻ അടിയൻ പറഞ്ഞിട്ടുണ്ടു്”

“ഭേഷ്, അതു നന്നായി. അപ്പോൾ ഇങ്ങനെ താമസിക്കുമെന്നു മങ്ങാടൻ കാലെക്കൂട്ടി ധരിച്ചുവെച്ചിട്ടുണ്ടായിരുന്നോ?”

“അടിയനങ്ങനെ ധരിച്ചിട്ടില്ല. കാറ്റു പ്രതികൂലമായാൽ അമാന്തം പറ്റുമെന്നു ശങ്കിച്ചു.”

“ശരി. കാറ്റു നമുക്കനുകൂലമാവാൻ തുടങ്ങിയില്ലേ?”

“ജഗദംബികയുടെ കടാക്ഷംകൊണ്ടങ്ങനെയാണു്.”

“എന്നാൽ ഇനി താമസിയാതെ തുടങ്ങിക്കൊള്ളു. ഈ മഹാഭാഗ്യം കൊണ്ടുള്ള സന്തോഷമനുഭവിക്കുമ്പോൾ അൽപ്പം വിനോദവുമാവാം.”

ആദ്യം കിഴക്കുമ്പുറം-വടക്കുമ്പുറം നായന്മാരുടെ സൈനികാഭ്യാസപ്രകടനമാണു് നടന്നതു്. ഇരുന്നും നിന്നും ഓടിയും മലക്കം മറിഞ്ഞും തലയ്ക്കു മുകളിലൂടെ പറന്നും വാൾ വീശിയ കിഴക്കുമ്പറം നായന്മാർ ജനങ്ങളെ അമ്പരപ്പിച്ചു. വടക്കുമ്പറം നായന്മാർ കുന്തപ്രയോഗത്തിൽ മിടുക്കുള്ളവരാണു്. വേഗംകൊണ്ടും കൈമിടുക്കുകൊണ്ടും ജനങ്ങളുടെ അഭിനന്ദനം വാങ്ങാൻ അവർക്കൊരു പ്രയാസവുമുണ്ടായില്ല. കുത്തിയും തടുത്തും ഒഴിഞ്ഞുമാറിയും വീറോടെ കയറിയും മിന്നൽവേഗത്തിൽ അഭ്യാസമുറ കാണിച്ച ആ നായർ പടയാളികൾ തന്റെ സ്വരുപത്തിന്റെ മാനം കാക്കാൻ പോന്നവരാണെന്നു് മഹാരാജാവിനു തികച്ചും ബോധ്യമായി.

മണ്ണിന്റെ നിറവും വട്ടമുഖവും കഴുത്തുവരെ നീട്ടിവളർത്തിയ ചുരുണ്ടു ചെമ്പിച്ച തലമുടിയുള്ള ഏലമലയുടെ മക്കളായ കാട്ടുജാതിക്കാർ മരത്തോലുകൊണ്ടുള്ള ഉടുപ്പും പുലിത്തോലുകൊണ്ടുള്ള മാർച്ചട്ടയും ധരിച്ചു് അമ്പും വില്ലുമേന്തി രംഗത്തെത്തിയപ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ പുതുമകൊണ്ടു വിടർന്നു. മനുഷ്യവർഗ്ഗത്തിലേയ്ക്കു് തികച്ചും അംഗീകാരം കിട്ടിക്കഴിയാത്ത ആ വിചിത്രജീവികളെ കാണുന്നതുതന്നെ അവർക്കൊരു വിനോദമായിരുന്നു.

നായാട്ടു പ്രദർശനമാണു് അവരുടെ വിനോദം. കാടിളക്കി കടുവയെയും കാട്ടാനയെയും വിറളിപിടിച്ചോടിച്ചു് കൂർത്തുമൂർത്ത ശരനിരകൊണ്ടു് അവയെ കൊന്നൊടുക്കുകയാണു് അവരുടെ സാമൂഹ്യ വിനോദം. അതു് അവരൊരു കലാപ്രകടനമാക്കിയും കൊണ്ടുനടക്കുന്നു.

പല പ്രായത്തിലും ശരീരപ്രകൃതിയിലുമുള്ള പത്തിരുപതു പേർ പ്രദർശനരംഗത്തേക്കുവന്നു. അവർ തോളോടുതോൾ പിടിച്ചുനിന്നൊരു വൃത്തമുണ്ടാക്കി. ആ വൃത്തത്തിനു പുറത്തു് ഒറ്റതിരിഞ്ഞു് ഒരാൾ നിന്നു. കുലയേറ്റിയ വില്ലിൽ അമ്പുതൊടുത്തു ദൂരത്തെവിടെയോ ലക്ഷ്യംവെച്ചു് കൊണ്ടു് അയാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

“നാലുപുറവുമുറച്ചുനില്ലോ.” അങ്ങനെ മൂന്നു പ്രാവശ്യം വിളിച്ചു പറയുമ്പോൾ ഒടുവിലത്തെ വിളിക്കു് കൂടി നിന്നവർ ഒന്നിച്ചു കൂവും.

“കുക്കൂ! അതു നായാട്ടുവിളിയും കുക്കിയുമാണു്.”

പിന്നെയും അയാൾ വിളിച്ചുപറയും.

“വായ്പിടിയൻ വീണ ദിക്കറിയോ…”

കൂട്ടുകാർ മുന്നാമത്തെ തവണ വിളിക്കുമ്പോൾ ഉച്ചത്തിൽ കൂവും.

നായാട്ടുവിളി കഴിഞ്ഞാൽ മൃഗങ്ങൾ അമ്പരന്നോടാൻ തുടങ്ങും. അപ്പോൾ കൂവാൻ നിന്നവരും വില്ലുകുലയ്ക്കും. അമ്പു തൊടുക്കും, ലക്ഷ്യം കുറിക്കും. പിന്നെ മുറയ്ക്കുള്ള നായാട്ടാണു്. അവരുടെ ചൊടിയും ചുണയും അഭിനയചാതുര്യവും കണ്ടാൽ തങ്ങൾക്കുചുറ്റും ഇളകിയോടുന്ന കടുവകളും കാട്ടാനകളുമുണ്ടെന്ന പ്രതീതി പ്രേക്ഷകരിൽ ജനിക്കും.

പിന്നെയും പ്രദർശനങ്ങൾ പലതും നടന്നു. സൂര്യൻ തലയ്ക്കു മുകളിലെത്താറായി. കടപ്പുറത്തെ മണൽ ചുട്ടുപഴുത്തു. തുറമുഖത്തു കപ്പലിലിരിക്കുന്നവർക്കു വടക്കോട്ടു നോക്കി മടുത്തു. കപ്പൽ സമൂഹം കൺവെട്ടത്തെങ്ങുമില്ല. എന്തു പറ്റി? വടക്കുനിന്നു് ഏതാനും മീൻപിടുത്തക്കാരുടെ വള്ളങ്ങൾ ബദ്ധപ്പെട്ടു വരുന്നതു് കണ്ടു. സംഗതിയെന്താണു്?

സംഗതി നിരാശാജനകമായിരുന്നു. പതിവുപോലെ അന്നു കാലത്തും അവർ മീൻ പിടിക്കാൻ കടലിലിറങ്ങി. വള്ളം വടക്കോട്ടു പോകുംതോറും അവ്യക്തമായ ചില മുഴക്കങ്ങൾ അവർ കേട്ടു. എന്തെന്നു മനസ്സിലായില്ല. അല്പംകൂടി വടക്കോട്ടുമാറി അന്വേഷിക്കാമെന്നു് അവർ നിശ്ചയിച്ചു. അങ്ങനെ ചെന്നപ്പോഴാണു് ആ ഭയങ്കര സംഭവത്തിനു് അവർ സാക്ഷ്യം വഹിക്കേണ്ടിവന്നതു്. വെള്ള്യാൻകല്ലും പരിസരവും പീരങ്കിപ്പുക കൊണ്ടു മൂടിനിൽക്കുന്നു. രണ്ടു വിഭാഗത്തിൽപെട്ടു് കപ്പലുകൾ പരസ്പരം വെടിവെക്കുന്നു. ഇരുണ്ട രാവുകളിലും മഞ്ഞുമൂടിയ പ്രഭാതത്തിലും വെള്ള്യാൻകല്ലിന്റെ മറവിലൊളിഞ്ഞു പറങ്കിക്കപ്പൽ വ്യാപാരികളെ വേട്ടയാടാറുണ്ടു്. അതുപോലൊരു സംഭവമാണെന്നു മനസ്സിലാക്കി കോഴിക്കോട്ടു വിവരമെത്തിക്കാൻ ധൃതിപ്പെട്ടു് അവർ തിരിച്ചുപോന്നു.

സംശയിക്കാനില്ല. മംഗലാപുരത്തുനിന്നു തിരിച്ചുവരുന്ന കപ്പൽസമൂഹമാണു് വിപത്തിനിരയായതു്. ജനങ്ങൾ അമ്പരന്നു. നാടുവാഴികളും പ്രഭുക്കന്മാരും പടത്തലവന്മാരും വിവരംകേട്ടു വിളറി. മങ്ങാട്ടച്ചൻ ഒന്നും പറയാതെ, മഹാരാജാവിന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലാതെ, തലയും താഴ്ത്തിനിന്നു. വിവരം തിരുമനസ്സുണർത്തിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ആ ദുർവ്വഹമായ ചുമതല ‘നന്ദാവനത്തിൽ നമ്പി’ക്കുതന്നെ ഏൽക്കേണ്ടിവന്നു.

മഹാരാജാവു് ഇടി തട്ടിയപോലെ തെല്ലിട നിശ്ചലനായിരുന്നു. പിന്നീടു് ആരോടും ഒന്നും പറയാതെ എഴുന്നേറ്റു. പരിചാരകന്മാർക്കു കാര്യം മനസ്സിലായി. മണ്ഡപത്തിൽനിന്നിറങ്ങുമ്പോൾ മങ്ങാട്ടച്ചനെ കണ്ടു. ഒരു നെടുവീർപ്പോടെ അദ്ദേഹം പറഞ്ഞു: “കാറ്റു നമുക്കു പ്രതികൂലമാണു്, അല്ലേ?”

മങ്ങാട്ടച്ചൻ ഉത്തരമൊന്നും പറഞ്ഞില്ല. ദുഃഖംകൊണ്ടും അപമാനംകൊണ്ടും ആ വീരകേസരിയുടെ തല പിന്നെയും കുനിയുകയാണുണ്ടായതു്.

മഹാരാജാവിന്റെ പല്ലക്കു കടന്നുപോയി. ജനങ്ങൾ കൂട്ടം പിരിഞ്ഞു. മന്ത്രിമാർ അവിടെത്തന്നെ യോഗം ചേർന്നു കൂടിയാലോചന നടത്തി.

വേണ്ടത്ര കപ്പലുകൾ തുറമുഖത്തില്ലാത്തതുകൊണ്ടു് സഹായമെത്തിച്ചു കൊടുക്കാൻ സൗകര്യമില്ല. വ്യാപാരാർത്ഥം കപ്പലുകൾ പല വഴിക്കും അയച്ച സമയമാണു്. അതുകൊണ്ടു യുദ്ധഗതി അകന്നുനിന്നു വീക്ഷിക്കാനും അപ്പപ്പോൾ വിവരം കോഴിക്കോട്ടെത്തിക്കാനും വള്ളക്കാരെ ഏർപ്പാടുചെയ്താണു് മന്ത്രിമാർ പിരിഞ്ഞതു്.

മങ്ങാട്ടച്ചൻ തുറമുഖവുമായി നിരന്തരസമ്പർക്കം പുലർത്തി. വ്യക്തമായ വിവരങ്ങൾ കിട്ടാൻ വലിയ പ്രയാസം. സന്ധ്യവരെ കാത്തു. “യുദ്ധം തുടരുകയാണു്. ജയാപജയങ്ങൾ തീരുമാനിക്കാൻ സമയമായിട്ടില്ല.” ഒടുവിൽ വന്നുചേർന്ന സന്ദേശം അതായിരുന്നു.

രാത്രിയായപ്പോൾ തുറമുഖത്തുള്ള ചെറിയ കപ്പലുകൾക്കു് വേണ്ടത്ര വെടിക്കോപ്പും കരുതി യുദ്ധരംഗത്തേക്കു നീങ്ങാനുള്ള നിർദേശം നൽകി. യുദ്ധം ചെയ്തു തളരുമ്പോൾ എത്ര ലഘുവായ സഹായവും ആശ്വാസപ്രദമായിരിക്കും.

കപ്പലുകൾ പുറപ്പെട്ടു. കാറ്റിന്റെ അനിശ്ചിതാവസ്ഥ യാത്ര ക്ലേശകരമാക്കി. പാതിരാവിനടുത്തേ അവർക്കു വെള്ള്യാൻകല്ലിനെ സമീപിക്കാൻ കഴിഞ്ഞുള്ളൂ. വളരെ വൈകിപ്പോയി. എതിർപ്പോ സഹായമോ അവിടെ ആർക്കും ആവശ്യമുണ്ടായിരുന്നില്ല. മലർന്നും കമിഴ്‌ന്നും ഓളത്തട്ടിലിളകുന്ന നൂറുകണക്കിൽ ശവശരീരങ്ങൾ കപ്പലുകൾ അടുക്കുമ്പോൾ, പ്രതിഷേധിച്ചിട്ടെന്നപോലെ, അകന്നു മാറിത്തുടങ്ങി. അതു കടലല്ല; ലക്ഷണമൊത്തൊരു ചുടലക്കളമായിരുന്നു. കൂരിരുട്ടും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും പൊതിഞ്ഞുനിൽക്കുന്ന ആ പരിസരത്തിൽ കത്തിക്കരിഞ്ഞ കപ്പലുകളുടെ അവശിഷ്ടങ്ങളും ഉടഞ്ഞുതകർന്ന പത്തേമാരികളും വള്ളങ്ങളും കോഴിക്കോടിന്റെ കനത്ത നഷ്ടം പ്രഖ്യാപിച്ചുകൊണ്ടു് അവിടവിടെ കാണപ്പെട്ടു. എല്ലാം നടുക്കത്തോടെ, നെഞ്ചിടിപ്പോടെ, മാത്രമേ നോക്കാൻ കഴിഞ്ഞുള്ളു.

പറങ്കികളെവിടെ?

വെള്ള്യാൻകല്ലിൽ വിജയാഘോഷം അതിന്റെ മുർദ്ധന്യദശയിലെത്തിയപ്പോൾ, എല്ലാം പെട്ടെന്നവസാനിപ്പിക്കാൻ പറങ്കിപ്പടനായകൻ കൽപന കൊടുത്തു. കപ്പലിലെ വെളിച്ചും മുഴുവനണച്ചു. തടവുകാരെ തണ്ടുവലിസ്ഥലത്തു ചങ്ങലയിലുറപ്പിച്ചു. ചാട്ടയും കൈയിലേന്തി ഓരോ പറങ്കിപ്പട്ടാളക്കാരൻ തണ്ടുവലിക്കാർക്കു കാവൽനിന്നു.

ഒരുങ്ങിനിൽക്കുന്ന കപ്പലുകൾക്കും വള്ളങ്ങൾക്കും യാത്രയാരംഭിക്കാനുള്ള അവസാനനിർദ്ദേശം കിട്ടി. ചാട്ടകൾ തുടരെത്തുടരെ ശബ്ദിച്ചു. തടവുകാരുടെ പുറത്തു ചുവപ്പും നീലയും കലർന്ന പാടുകൾ വീണു. തണ്ടുകൾ കടൽവ്വെള്ളത്തെ ഇളക്കിമറിച്ചു. മിന്നൽവേഗത്തിൽ സഞ്ചരിക്കണമെന്നാണു് കല്പന. ഇടത്തും വലത്തും മുമ്പിലും പിമ്പിലും ചാട്ടകൾ മാറി മാറി ചലിച്ചു. കപ്പലിന്റെ വേഗം കൂടിയപ്പോൾ തടവുകാരുടെ പുറംനീറി ചോര കുത്തിയൊലിച്ചു് ഇരിപ്പിടത്തെ നനച്ചു. വേദനയുടെ ഞരക്കങ്ങൾ, ഹിംസയുടെ പൊട്ടിച്ചിരി-രണ്ടും കേൾക്കാൻ വയ്യാത്തവിധം കൂരിരുട്ടിലൂടെ കപ്പലുകൾ കുതിച്ചു.

പൊക്കനും കൂട്ടുകാരും കൊടിക്കപ്പലിൽ ഇരുണ്ട ഒരു മുറിക്കകത്താണു്. എത്രപേരെ അതിലുൾക്കൊള്ളിക്കാമെന്നു കണക്കെടുക്കാതെ എല്ലാവരെയും ഒന്നിച്ചതിൽ തള്ളി വാതിൽപൂട്ടി. കഷ്ടിച്ചു നാലുപേർക്കു കഴിച്ചുകൂട്ടാവുന്ന ഒരു മുറിയിൽ അവർ പത്തുപേരുണ്ടു്. ഇരിക്കാനും കിടക്കാനും ഇടമില്ല. നിൽക്കണം. കൂരിരുട്ടിൽ എന്തൊക്കെയോ തടയുന്നു. വലിയപെട്ടികളുണ്ടു്. ഇരുമ്പുദണ്ഡുകളും മരക്കഷ്ണങ്ങളുമുണ്ടു്.

അന്നു പകൽ മുഴുവൻ ആഹാരം കിട്ടീട്ടില്ല. യജമാനന്മാർക്കു് യുദ്ധത്തിന്റെ തിരക്കായിരുന്നു. അതു കഴിഞ്ഞു വിജയാഘോഷമാരംഭിച്ചപ്പോഴും തടവുകാരെ മറന്നു. ചീറിപ്പായുന്ന വെടിയുണ്ടകൾക്കും, അസ്ത്രങ്ങൾക്കുമിടയിൽ, പ്രാണരക്ഷയ്ക്കുള്ള പഴുതന്വേഷിക്കുന്ന തിരക്കിൽ, വിശപ്പിന്റെ കാര്യം മറന്നു. മാത്രമല്ല, കലശലായ ഉത്കണ്ഠയുമുണ്ടായിരുന്നു. വീർപ്പടക്കിപ്പിടിച്ചാണു് യുദ്ധം കണ്ടതു്. ആരു ജയിക്കും, ആരു തോൽക്കുമെന്ന വിചാരം മനസ്സിനെ അലട്ടി. കോഴിക്കോടു പരാജയപ്പെട്ടാൽ തങ്ങൾക്കു മരണമോ ശാശ്വതമായ അടിമത്തമോ തീർച്ചപ്പെട്ടതുതന്നെ. ഇല്ല; കോഴിക്കോടു പരാജയപ്പെടില്ല. നോക്കി നോക്കി നിൽക്കുമ്പോൾ പ്രതീക്ഷകൾ തകർന്നു. പിന്നെ, ആ വേദനയായി. വിശപ്പിനെപ്പറ്റി ചിന്തിക്കാൻ ഇടകിട്ടിയില്ല. എല്ലാം കഴിഞ്ഞു് എന്തിനുവേണ്ടി എങ്ങോട്ടെന്നറിയാതെ എല്ലാവരെയും കൊണ്ടുപോകുന്നു. ചങ്ങലയ്ക്കിട്ടു മുറികളിലടച്ചു പൂട്ടിയിരിക്കുന്നു. രക്ഷപ്പെടാനുള്ള മാർഗവുമില്ല.

പരസ്പരം ആരും ഒന്നും മിണ്ടിയില്ല. ദാഹംകൊണ്ടു് തൊണ്ടവരളുകയാണു്. കാലത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. അനന്തമായ ഇരുട്ടു്. ചിലപ്പോൾ പെട്ടികൾ ഉരുണ്ടുവീഴും. വല്ലവരുടെയും ദേഹത്തിലതു തട്ടുമ്പോൾ വേദനകൊണ്ടുള്ള ഞരക്കം കേൾക്കാം. അത്രമാത്രം. ഉറക്കമോ ബോധക്കേടോ മരണമോ ഒന്നനുഗ്രഹിക്കാനെത്തിയാൽ വേണ്ടില്ലെന്നു് എല്ലാവരും ആശിച്ചു. ക്രമേണ സ്ഥലകാലങ്ങളെ സംബന്ധിച്ച ബോധം കുറഞ്ഞുകുറഞ്ഞുവന്നു. കപ്പൽത്തട്ടിലെ ഇരുണ്ടൊരറയിലാണു് ചടഞ്ഞുകൂടിയതെന്ന പരമാർത്ഥംപോലും അകന്നകന്നില്ലാതായി.

ഒരിക്കൽ കുറച്ചു വെളിച്ചം ആ ഇരുട്ടിലേക്കു കടന്നുവന്നു. ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞിരിക്കാം. ദൈവത്തിന്നു നന്ദി. ദാഹംകൊണ്ടും വിശപ്പുകൊണ്ടും തളർന്നവശരായ തടവുകാർ തലപൊക്കിനോക്കി. വാതിൽ തുറന്നതാണു്. ഭാഗ്യം വല്ലതും കിട്ടും. വിശപ്പും ദാഹവും തീർക്കാം. ആർത്തിപിടിച്ച നോട്ടം വാതിലിലേക്കു തിരിഞ്ഞു.

പുറത്തുനിന്നാരോ അപ്പക്കഷ്ണങ്ങൾവാരി അകത്തേക്കെറിഞ്ഞു. ഉണങ്ങിയ അപ്പക്കഷണങ്ങൾ. തടവുകാരുടെ കൈകൾ തറയിലൂടെ ഇഴയാൻ തുടങ്ങി. ചങ്ങല കിലുങ്ങി. വഴിക്കുവഴി വന്നുവിഴുന്ന അപ്പക്കഷ്ണങ്ങൾ തനിക്കു തനിക്കു കൂടുതൽ കിട്ടണമെന്ന അത്യാർത്തിയോടെ എല്ലാവരും വാശിപിടിച്ചു. ഉന്തുംതള്ളും പിടിയും വലിയുമായി. കഠിനശത്രുക്കളുടെ നിലയിൽ എല്ലാവരും പെരുമാറി. ഏതാനും അപ്പക്കഷ്ണങ്ങൾ അകത്തേക്കെറിഞ്ഞുകഴിഞ്ഞപ്പോൾ വാതിലടഞ്ഞു. പിന്നെയും ഭയങ്കരമായ ഇരുട്ടു്.

ഇരുട്ടിൽ അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള യുദ്ധം നടക്കുകയാണു്. അടിക്കാനും ഇടിക്കാനും ആരും മടിച്ചില്ല. കൈകളെ വേണ്ടപോലെ പ്രയോഗിക്കാൻ തരപ്പെടില്ലെന്നു കാണുമ്പോൾ എതിരാളിയെ നിർദ്ദാക്ഷിണ്യം കടിച്ചു പറിക്കാനും ചിലരൊരുങ്ങി. ഭയങ്കരമായി ശകാരിച്ചു. ഒരു മഹായുദ്ധത്തിനുശേഷം കൈപ്പിടിയിലൊതുങ്ങിയ അപ്പക്കഷ്ണവും ചവച്ചുകൊണ്ടു് എല്ലാവരും അനങ്ങാതെ നിന്നു.

ഉണങ്ങിയ അപ്പക്കഷ്ണം വരണ്ട തൊണ്ടയിലൂടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ദാഹം വർദ്ധിച്ചു. വെള്ളം കിട്ടിയില്ലെങ്കിൽ മരിക്കുമെന്ന നിലയായി. ആർത്തു വിളിച്ചു. ബഹളംകൂട്ടി. എല്ലാവരും ഒന്നിച്ചു വാതിലിന്നിടിച്ചു ശബ്ദമുണ്ടാക്കി.

“വെള്ളം, വെള്ളം”

മറുകരകാണാത്ത മഹാസമുദ്രത്തിലൂടെ യാത്രചെയ്യുകയാണു്. ശ്രദ്ധിച്ചാൽ തണ്ടുകൾ തട്ടി ഇളകുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാം. ചിലർ നിലത്തുകിടന്നു. തറയിൽ ചെവിയമർത്തിവെച്ചു. വെള്ളത്തിന്റെ ശബ്ദം കേട്ടു. ദാഹം കെടുക്കാൻ ശ്രമിച്ചു. നെഞ്ചുമുഴുവനും നീറിപ്പൊടിയുകയാണു്. വാതിൽ പൊളിച്ചെങ്കിലും വെള്ളം കുടിക്കണമെന്ന തീരുമാനത്തോടെ പിന്നെയും വാതിലിന്നിടിതുടങ്ങി.

“വെള്ളം, വെള്ളം!”

വാതിൽ തുറന്നു. ബഹളുംകൊണ്ടു വിയർത്തൊലിച്ചു തളർന്ന തടവുകാർ എല്ലാവരും ഒന്നിച്ചു പുറത്തേക്കു നോക്കി. യമഭടന്മാരെപ്പോലെ രണ്ടു പറങ്കിപ്പട്ടാളക്കാർ പുറത്തുനിൽക്കുന്നു. കൈയിൽ ചാട്ടയുണ്ടു്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തടവുകാർ ഉച്ചത്തിൽ പിന്നെയും വിളിച്ചുപറഞ്ഞു: “വെള്ളം, വെള്ളം!”

പട്ടാളക്കാർ മുമ്പോട്ടു നീങ്ങി. അകത്തു കടന്നു. ചാട്ടകൾ ആകാശത്തിലേക്കുയർന്നു. ഭയങ്കര ശബ്ദത്തോടെ പാമ്പുകളെപ്പോലെ തടവുകാരുടെ ശരീരത്തിലതു മാറിമാറിപ്പുളഞ്ഞു. കിട്ടാവുന്നത്ര തൊലിമാംസത്തോടുകൂടി പിടിച്ചു പറിച്ചെടുത്തു. തടവുകാർ ബോധം കെട്ടു വീഴുന്നതുവരെ അവർ തല്ലി. ശരീരം മുഴുവൻ പൊട്ടിയും രക്തമൊലിച്ചും അവർ തറയിൽ വീണുകിടന്നു. കലശലായ ദാഹമുണ്ടെജിൽ അതു ശമിക്കാൻമാത്രം അവർക്കിപ്പോൾ സ്വന്തം രക്തംതന്നെ കുടിക്കാം. അതുകുടിച്ചു ദാഹം തീർക്കട്ടെ എന്നൊരു ഭാവം ആ പട്ടാളക്കാരുടെ മുഖത്തുണ്ടായിരുന്നു. അകംമുഴുവൻ ഇരുട്ടാക്കിക്കൊണ്ടു വാതിൽ പിന്നെയും അടഞ്ഞു.

കപ്പൽസമൂഹം ഗോവയിലേക്കു തിരക്കുപിടിച്ചു കടൽവെള്ളത്തിലൂടെ നീന്തുകയാണു്.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.