images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പന്ത്രണ്ടു്

മുമ്പോട്ടു കുനിയുമ്പോൾ തണ്ടിന്റെ തലപ്പു് കടൽവെള്ളത്തിൽ ആഞ്ഞിറങ്ങും. ഉടനെ പിറകോട്ടു വലിക്കണം. അപ്പോൾ ശരീരം, കുലയേറ്റുന്ന വില്ലുപോലെ വളയും. അങ്ങനെ കുനിഞ്ഞും ഞെളിഞ്ഞും തണ്ടുവലിക്കാൻ തുടങ്ങീട്ടു പത്തു ദിവസമായി. ചരടുവലികൊണ്ടു പ്രവർത്തിക്കുന്ന ഒരു മരപ്പാവപോലെ ഫർണാണ്ടസ് ജോലിചെയ്തു.

തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. കൈകാലുകൾക്കു് തളർച്ചയും സന്ധികളിൽ വേദനയും തോന്നി. അതു പിന്നെ സർവ്വാംഗമായി. വേദനയ്ക്കു മേലെ വേദനയായപ്പോൾ ഒന്നും തിരിച്ചറിയാൻ വയ്യാത്തൊരവസ്ഥ അനുഭവപ്പെട്ടു. തളർന്നാലും വയ്യാഞ്ഞാലും ജോലി ചെയ്യണമെന്നു നിർബന്ധമാണു്. അനങ്ങാതെ ഇരിക്കാനോ ആവലാതി പറയാനോ അവകാശമില്ല. ഇടത്തും വലത്തുമുള്ള തണ്ടു വലിക്കാരായ അടിമകളെ ശ്രദ്ധിച്ചു. കപ്പലിന്റെ മദ്ധ്യത്തിലുള്ള നടപ്പാതയിലൂടെ ചാട്ടവാറും കൈയിലേന്തി പട്ടാളക്കാർ നടക്കും. ചിലപ്പോൾ കപ്പലിന്റെ വേഗം കുറയുന്നെന്നു പറഞ്ഞു തണ്ടുവലിക്കാരുടെ പുറത്തു് അവർ ചാട്ട പ്രയോഗിക്കും. അതു് അവർക്കൊരു വിനോദമാണു്. വ്യായാമവും.

അൻപതു തണ്ടു പിടിപ്പിച്ചതാണു് കൊടിക്കപ്പൽ. കഷ്ടിച്ചു പത്തടി നീളത്തിൽ ഏതാനും ബെഞ്ചുകൾ നടപ്പാതയുടെ ഇരുവശത്തും കിടപ്പുണ്ടു്. അതിലൊരോന്നിലും അയ്യഞ്ചു് അടിമകളെയാണു് ചങ്ങലയ്ക്കിട്ടതു്,. വിയർപ്പും ചളിയും പറ്റി ദുർഗ്ഗന്ധം പരത്തുന്ന ആ ബെഞ്ചുകളിലൊന്നിൽ തന്റെ മറ്റു നാലു സഹജീവികളോടൊപ്പം ഫർണാണ്ടസ്സും മരിച്ചു ജീവിച്ചു. ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം അവിടെ ഇരുന്നുകൊണ്ടുവേണം. പറങ്കികളുടെ കാരുണ്യംകൊണ്ടു് ഉറക്കവും വിശ്രമവും കഴിഞ്ഞ പത്തു ദിവസമായി വേണ്ടിവന്നിട്ടില്ല. അടിമകൾ പിറന്നതു് ജോലി ചെയ്യാനാണു് വിശ്രമിക്കാനല്ല.

പത്തടി നീളമുള്ള ഒരു ബെഞ്ചിൽ അഞ്ചുപേർ അടുത്തടുത്തിരുന്നിട്ടും ആരും പരസ്പരം ശ്രദ്ധിച്ചില്ല; കുശലപ്രശ്നം നടത്തിയില്ല. മനുഷ്യസഹജമായ മമതയോ ജിജ്ഞാസയോ അവരിൽ അവശേഷിച്ചിരുന്നില്ല. കഠിനക്ലേശത്തിന്റെ ചൂടിൽ എല്ലാം വിയർപ്പുതുള്ളികളായി പുറമേക്കൊഴുകിപ്പോയിരുന്നു. നാടിനെപ്പറ്റി, ജനിച്ച വീടിനെപ്പറ്റി, സ്വന്തം ദുർവ്വിധിയെപ്പറ്റി ഓർക്കുമ്പോഴൊക്കെ കൈപ്പിടുത്തംകൊണ്ടു മിനുസപ്പെട്ട കപ്പൽത്തണ്ടു് കൂടുതൽ ശക്തിയോടെ അവർ ആഞ്ഞുവലിക്കും. ചാട്ടവാർ വീണു നീറിപ്പുകയുന്ന പുറത്തൊന്നുഴിയാൻപോലും അവർക്കു സൗകര്യം കിട്ടിയിട്ടില്ല; അനുമതിയും. ഫർണാണ്ടസ്സിനു് പലപ്പോഴും തല്ലുകൊണ്ടിരുന്നു. എന്തിനെന്നറിഞ്ഞുകൂടാ. തുറമുഖത്തുനിന്നു് പുറപ്പെട്ടപ്പോൾ തണ്ടു കൈയിലെടുത്തതാണു്. പിന്നെ അവിരാമമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. കൂട്ടുകാരിൽ പലരും തളർന്നു. അവരെ വിശ്രമിക്കാനനുവദിച്ചു. കൂടുതൽ ഭാരം അവൻ കൈയേറ്റു. ആവലാതിയെന്ന നിലയിലോ അപേക്ഷയെന്ന നിലയിലോ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നിട്ടും തല്ലു കിട്ടി. തല്ലട്ടെ. ഒരു മനുഷ്യന്നു സഹിക്കാൻ കഴിയുന്ന യാതന എത്രയെന്നു കണ്ടെത്താനുള്ള വാശിയോടെ അവൻ എല്ലാം സഹിച്ചു.

ജോ ഡിസിൽവ ഗോവയിൽ നിന്നു പോരുമ്പോൾ തന്റെ നാട്ടിനും നാട്ടാർക്കുമായി മഹത്തായൊരു സേവനമനുഷ്ഠിച്ചു. ജയിലിലും പുറത്തും ഒരുപോലെ നിരന്തരശല്യം ചെയ്തു കൊണ്ടിരുന്ന കണ്ണുപൊട്ടന്റെ ചുമതല ധീരനായ ആ സേനാനി ഏറ്റെടുത്തു. ഒരു പ്രദർശനവസ്തുവെന്ന നിലയിൽ കൊടിക്കപ്പലിന്റെ പാമരത്തിൽ കണ്ണുപൊട്ടനെ പിടിച്ചു കെട്ടിയിട്ടിരിക്കയാണു്. അവിടെയും അയാളൊരു പ്രശ്നമായി. കാൽപെരുമാറ്റം കൊണ്ടു വല്ലവരുടെയും സാമീപ്യം മനസ്സിലാക്കിയാൽ അയാൾ ശകാരം തുടങ്ങും. മരണഭയമില്ലാത്ത അയാൾക്കു് പട്ടാളക്കാരുടെ ചാട്ട ഉണക്കപ്പുല്ലായിരുന്നു.

കഴിഞ്ഞ പത്തുദിവസമായി തണ്ടുവലിക്കാരിൽ തെല്ലെങ്കിലും ആശയും ആവേശവും നിലനിർത്തിയതു് ആ കണ്ണുപൊട്ടന്റെ മുഴങ്ങുന്ന ശബ്ദമായിരുന്നു. ഈശ്വരൻ തോറ്റു പിൻമാറിയ പറങ്കികളെ വെല്ലുവിളിക്കുന്ന ഒരു മനുഷ്യൻ അവരുടെ കൂട്ടത്തിലുണ്ടു്. ആ മനുഷ്യൻ കിഴവനോ കണ്ണുപൊട്ടനോ ദുർബ്ബലനോ എന്തുമാവട്ടെ. അയാളുടെ നാവിനു ചാട്ടവാറിന്റെ കരുത്തുണ്ടു്. കപ്പിത്താനും സേനാനിയുമായ ജോ ഡിസിൽവയടക്കം കപ്പലിലുള്ള പറങ്കികളെ മുഴുവൻ അയാൾ മാറിമാറി ശകാരിച്ചു.

അടിമകളിലാരും ക്ഷീണിക്കാനോ ക്ഷീണംകൊണ്ടു് അവശത അനുഭവിക്കാനോ രോഗം ബാധിച്ചാൽ വിശ്രമിക്കാനോ പാടില്ലെന്നൊരു നിയമം കപ്പലിലുണ്ടു്; തണ്ടുവലിച്ചുതളരുമ്പോൾ ആരെങ്കിലുമൊന്നു കുനിഞ്ഞിരുന്നു വിശ്രമിക്കാൻ തുടങ്ങിയാൽ വെമ്പാലയെപ്പോലെ ചീറിക്കൊണ്ടു് ചാട്ടവാർ അവന്റെ പുറത്തു ചാടിവീഴും. വയ്യെങ്കിലും ഉടനെ തട്ടിപ്പിടഞ്ഞു് തണ്ടിൽ പിടിച്ചു വലിച്ചുതുടങ്ങണം. ഇല്ലെങ്കിൽ തുടങ്ങുന്നതുവരെ ചാട്ട തിരിച്ചുപോവില്ല. ചിലപ്പോൾ തല്ലുകൊണ്ടാലും അനങ്ങാൻ വയ്യാത്ത നിലയിൽ ക്ഷീണിച്ചു ബോധംകെട്ടു പോയവരെ ചങ്ങലയിൽ നിന്നഴിച്ചു നടപ്പാതയിൽ കൊണ്ടുചെന്നു കിടത്തും. സ്വതന്ത്രമായ കടൽക്കാറ്റേൽക്കട്ടെ. കിടത്തിക്കഴിഞ്ഞാൽ ഒരു നിശ്ചിതസമയത്തിനുള്ളിൽ ബോധം തിരിച്ചുവരണമെന്നും ജോലി സ്ഥലത്തേക്കു പോകണമെന്നും നിർബന്ധമാണു്. സംഭവിച്ചില്ലെങ്കിൽ ബോധംകെട്ടു കിടക്കുന്നവന്റെ മേൽ പിന്നെയും ചാട്ട പ്രവർത്തിക്കും. ആദ്യം തൊലി പൊളിയും. പിന്നെ രക്തവും മാംസക്കഷ്ണവും ചിതറി ചുറ്റുപാടും തെറിക്കും. എന്നിട്ടും ബോധം തിരിച്ചെത്തുന്നില്ലെന്നു കണ്ടാൽ വലിച്ചു കടലിലേക്കെറിയും. സൂക്ഷിപ്പുസ്ഥലത്തുനിന്നു പകരം മറ്റൊരടിമയെ കൊണ്ടുവരും. വിചിത്രമായ ഈ പതിവു് ഒന്നും രണ്ടും തവണ ആവർത്തിക്കാത്ത ദിവസമില്ല. അപ്പോഴൊക്കെ കണ്ണുപൊട്ടൻ കഠിനമായി പ്രതിഷേധിക്കും; ശകാരിക്കും.

തുറമുഖത്തുനിന്നു പുറപ്പെട്ട നാലാംദിവസം ഫർണാണ്ടസ്സിന്റെ അടുത്തിരുന്ന അടിമയ്ക്കു പനി തുടങ്ങി. ഉഗ്രമായ പനി. കടൽക്കാറ്റു തട്ടുമ്പോൾ ആലിലപോലെ വിറച്ചു. പകൽ മുഴുവൻ അയാൾ തണ്ടുവലിക്കുകയായിരുന്നു. ഫർണാണ്ടസ് പലതും പറഞ്ഞു് ആശ്വസിപ്പിച്ചു. നാവുകൊണ്ടല്ലാതെ അവിടെ സഹായം ചെയ്യുക സാധ്യമല്ല. രാത്രിയായപ്പോൾ പനി കൂടുതലായി. വെള്ളത്തിനു വേണ്ടി നിലവിളിച്ചു. ക്രമേണ തണ്ടിന്റെ പിടിവിട്ടു. തല കുനിഞ്ഞു കാൽമുട്ടുകളിൽ ചെന്നുപറ്റി. അർദ്ധബോധാവസ്ഥയിൽ പലതും പിറുപിറുത്തു.

“അമ്മേ, വെള്ളം… വെള്ളം!”

പനിച്ചു ബോധംകെട്ടാലെങ്കിലും അമ്മയെ ഒരു നോക്കു കാണാൻ കഴിയുമെന്നു് ഫർണാണ്ടസ് ആശിച്ചു. ആരും അയാളെ ശല്യപ്പെടുത്താതിരിക്കട്ടെ.

“വേണ്ടമ്മേ, പോണ്ടാ… എന്റെ നെറ്റി പിടിച്ചുവെക്ക്! തല മടിയിലെടുത്തുവെക്ക്!”

പാവം! ഒരുകൊച്ചുകുട്ടിയെപ്പോലെ ആഗ്രഹങ്ങളോരോന്നു പറയുകയാണു്. സ്വപ്നത്തിൽ അമ്മ അടുത്തുവന്നു നിൽക്കുന്നുണ്ടാവും. ഭാഗ്യവാൻ!

“ങ്ഹാ! എന്തൊരു സുഖം! നല്ല തണുത്ത കയ്യാണമ്മേ. അവിടെ അനക്കാതെ വെയ്ക്ക്.”

ഫർണാണ്ടസ്സിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അറിയപ്പെടാത്ത ആ അമ്മയോടപേക്ഷിച്ചു:

“മോന്റെ തല മടിയിൽത്തന്നെ വെച്ചോ. അമ്മേ, പനി വേഗം മാറും.”

അമ്മമാർ തലോടിയാൽ മാറാത്ത വേദനയില്ല. ഉള്ളിൽത്തട്ടി അപേക്ഷിച്ചാൽ വിട്ടുനിൽക്കാത്ത പനിയില്ല.

വാക്കുകൾ അസ്പഷ്ടങ്ങളാവുന്നു; അർത്ഥശൂന്യങ്ങളും. രോഗി അർദ്ധബോധാവസ്ഥയും പിന്നിടുകയാണു്.

പട്ടാളക്കാരുടെ പാദരക്ഷ കപ്പൽത്തട്ടു കുലുക്കുന്നു. അവർ എത്തിക്കഴിഞ്ഞു; അന്തകഭടന്മാരെപ്പോലെ.

ചടങ്ങനുസരിച്ചു് കർമ്മങ്ങൾ തുടങ്ങി.ബോധം കെട്ടുകിടക്കുന്ന രോഗിയോടു ചാട്ടവാർ തോറ്റു മടങ്ങി. ചങ്ങലയിൽനിന്നു വേർപെടുത്തി. വലിച്ചു നടപ്പാതയിലിട്ടു. തണുത്ത കടൽക്കാറ്റു സ്വതന്ത്രമായേൽക്കട്ടെ.

നിശ്ചിതസമയമെത്തി. തണ്ടുവലിക്കാർ നിമിഷങ്ങളെണ്ണിക്കഴിയുകയാണു്. അവസാനത്തെ ചടങ്ങു കാണാതെ കഴിക്കാൻ അവർ കണ്ണടച്ചിരുന്നു. തണ്ടുകൾ വെള്ളത്തിലിട്ടിളക്കി ശബ്ദമുണ്ടാക്കി. ചാട്ടയുടെ ചീറ്റം കേൾക്കാതെ കഴിക്കാൻ. എന്നിട്ടും ഒരു ഞെട്ടലോടെ എല്ലാവരും അതു കേട്ടു.

കണ്ണുള്ളവർക്കു പറയാൻ ധൈര്യമില്ലാത്തതു് കണ്ണുപൊട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“മഹാപാപികളേ, നിങ്ങളെ ചുട്ടുവറുക്കാനുള്ള ഇരുമ്പുകടാഹം നരകത്തിൽ ഒരുക്കിക്കഴിഞ്ഞു. അതിന്റെ കീഴിൽ തീ ആളിക്കത്തുകയാണു്. ചെകുത്താനും അറയ്ക്കുന്ന പാതകങ്ങളാണു് നിങ്ങൾ ചെയ്യുന്നതു്. മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യുമെന്ന ദൈവവചനം നിങ്ങളെ തുറിച്ചുനോക്കുന്നു. നിങ്ങളുടെ കൊയ്ത്തു സമീപിച്ചു കഴിഞ്ഞു.”

കടൽവെള്ളത്തിൽ എന്തോ ഊക്കോടെ വീണു. തണ്ടു വലിക്കാർ അതു കേട്ടു എല്ലാവർക്കും മനസ്സിലായി. ചൂടുള്ള നെടുവീർപ്പുകൾ തണുത്ത കടൽക്കാറ്റിനോടൊപ്പം കപ്പൽത്തട്ടിനെ തഴുകിക്കൊണ്ടു കടന്നുപോയി. കണ്ണുപൊട്ടന്റെ ശബ്ദം പിന്നെയും മുഴങ്ങുന്നു.

“നിങ്ങളുടെ മതത്തെ നിങ്ങൾ അവഹേളിക്കുന്നു. ലോകവും അതിലുള്ളുതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിന്നും ഭൂമിക്കും നാഥനാണെന്ന സത്യം നിങ്ങൾ മറക്കുന്നു. നിങ്ങളുടെ കഴുത്തിൽ തൂങ്ങുന്ന കുരിശടയാളത്തെ നിങ്ങൾ അപമാനിക്കുന്നു.”

ഫർണാണ്ടസ് കുനിഞ്ഞു നോക്കി. അവന്റെ വിയർത്ത മാറത്തു കുരിശു പറ്റിപ്പിടിച്ചുനിൽക്കുന്നു. അവനതു് കൈയിലെടുത്തു മൂന്നാണികളിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപം അവൻ കണ്ടു.

പട്ടാളക്കാർ ചാട്ട പൊട്ടിച്ചു് നടപ്പാതയിലൂടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നതിന്റെ അർത്ഥം തണ്ടുവലിക്കു മുറുക്കം കൂട്ടണമെന്നാണു്. മുറുക്കം കൂട്ടി. കപ്പൽ ഭ്രാന്തെടുത്തപോലെ ഓടിത്തുടങ്ങി. എത്രനേരം അങ്ങനെ തണ്ടുവലിച്ചെന്നറിഞ്ഞുകുടാ. വളരെ കഴിഞ്ഞിട്ടുണ്ടാവണം. ആ കണ്ണുപൊട്ടനെ ഒന്നു കാണാനുള്ള ആഗ്രഹത്തോടെ ഫർണാണ്ടസ് തലയുയർത്തി.

മങ്ങിയ വെളിച്ചത്തിൽ ആ മനുഷ്യനെ അവൻ കണ്ടു. താടിയെല്ലു് വലത്തെ തോളിൽ തട്ടുമാറു് തല അല്പമൊന്നു ചെരിച്ചു്, മുഖം കുനിച്ചു നിൽക്കുന്നു. ഒട്ടും ചലനമില്ല. ഉറങ്ങുകയാവണം. പാമരത്തോടു ചേർത്തു കെട്ടിയതുകൊണ്ടു വീഴുമെന്ന ഭയംവേണ്ടാ.

നോക്കുംതോറും അവനു തോന്നി അങ്ങനെയൊരു രൂപം പണ്ടെവിടെയോ കണ്ടിട്ടുണ്ടെന്നു്. എവിടെയായിരിക്കും? ആലോചിച്ചു. വ്യക്തമല്ല. എങ്കിലും കണ്ടിട്ടുണ്ടു്. അക്കാര്യത്തിൽ സംശയമില്ല.

നോക്കി, വീണ്ടും വീണ്ടും നോക്കി. അതേ, എന്തൊരു സാമ്യം! ആ നില്പും മുഖവും-എല്ലാം അതുതന്നെ. തന്റെ കഴുത്തിൽ തുങ്ങുന്ന കുരിശു കൈയിലെടുത്തു അവൻ നോക്കി. ക്രിസ്തുവിന്റെ രൂപം. അതാ പാമരത്തിലും അതുപോലൊന്നു്. അല്ലെങ്കിൽ രണ്ടും ഒന്നാണു്. പറങ്കികളുടെ ഭാഷ പഠിപ്പിക്കാൻവന്ന പാതിരിമാർ മാൻഡവി നദീതടത്തിൽ വച്ചു പറഞ്ഞ കഥകൾ മുഴുവനും അവനാലോചിച്ചു.

ക്രിസ്തു നല്ല കാര്യങ്ങളുപദേശിച്ചു. നല്ലവഴിക്കു നടക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ധർമ മാർഗത്തിൽ നിന്നു വ്യതിചലിക്കാതെ നടന്നു. ഭൂമിയിൽ നിന്നു് പാപകർമ്മങ്ങൾ തുടച്ചുമാറ്റാൻ യത്നിച്ചു. ചീത്ത മനുഷ്യർക്കതു സഹിച്ചില്ല. അവരെല്ലാംകൂടി അദ്ദേഹത്തെപ്പിടിച്ചു തലയിൽ മുൾക്കിരീടം അടിച്ചേറ്റി കുരുശിൽവെച്ചു് ആണി തറച്ചു.

കണ്ണുപൊട്ടനും സത്യസന്ധനാണു്. പാപകർമ്മങ്ങളിൽ നിന്നു മനുഷ്യരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണു്. അയാളുടെ കണ്ണുപൊട്ടിച്ചു. ജയിലറയിലിട്ടു നരകിപ്പിച്ചു. ഇപ്പോൾ പിടിച്ചു കെട്ടിയിരിക്കയാണു്. എന്നും നല്ലതിനുള്ള കൂലി ഇതാണോ?

ഫർണാണ്ടസ് പിന്നെയും കണ്ണുപൊട്ടന്റെ മുഖത്തേക്കു നോക്കി. തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം കാണുന്നു. ഒട്ടിപ്പിടിച്ച കൺ പോളകളുടെ സ്ഥാനത്തു് തിളങ്ങുന്ന കൃഷ്ണമിഴികളാണു്. ചുണ്ടുകളിൽ മന്ദഹാസം വിരിഞ്ഞുനിൽക്കുന്നു. ശരീരത്തിൽ വരിഞ്ഞുകെട്ടിയ കയറുകൾ കാണാനില്ല. അനുഗ്രഹം ചൊരിയാനെന്ന മട്ടിൽ കൈകൾ ആകാശത്തിലുയർന്നു നിൽക്കുന്നു.

അത്ഭുതംകൊണ്ടു ഫർണാണ്ടസ്സിനു ശ്വാസംമുട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല. കണ്ണു തിരുമ്മി കാഴ്ചയ്ക്കു തെളിമ നൽകി. പിന്നെയും സൂക്ഷിച്ചുനോക്കി. പാമരത്തിനരികിൽ ആ കിഴവന്റെ രൂപം മറച്ചുകൊണ്ടു ജോ ഡിസിൽവ കടലിലേക്കു നോക്കിനിൽക്കുന്നു. കടിച്ചു പിടിച്ച ചുരുട്ടിൽനിന്നു പുകച്ചുരുളുകൾ ആകാശത്തിലേക്കു് ഇഴഞ്ഞു കയറുന്നു.

പിന്നെയും നേരം പുലരുന്നു. കണ്ണുകളിലേക്കു തുളച്ചു കയറിക്കൊണ്ടു സൂര്യരശ്മികളെത്തുന്നു. തിളയ്ക്കുന്ന നട്ടുച്ച വെയിലിൽ അടിമകളുടെ ശരീരം ഉരുകിയൊലിക്കുന്നു. പരുപരുത്ത ബഞ്ചിൽ തടി കാൽത്തുടകളിലെ തോലുരിയുന്നു. ശരീരത്തിൽനിന്നു പൊങ്ങുന്ന ആവിയുടെ ദുർഗന്ധമേറ്റു് അടിമകൾ ഛർദ്ദിക്കുന്നു. അവസാനിക്കാത്ത ആ യാത്ര നരകത്തിലേക്കോ ഭൂമിയുടെ അറ്റത്തേക്കോ എന്നു നിർണ്ണയിക്കാൻ അടിമകൾക്കു കഴിഞ്ഞില്ല. തണ്ടുകൾ സദാ ചലിച്ചുകൊണ്ടിരുന്നു.

പത്താംദിവസം പുലർന്നപ്പോൾ അകലത്തൊരു പച്ചനിറം കണ്ടു. കപ്പൽ ഏതോ കരയ്ക്കണയുകയാണു്. അടിമകൾക്കുത്സാഹമായി. പരപ്രേരണ കൂടാതെ തണ്ടുകൾ ആഞ്ഞാഞ്ഞു വെള്ളത്തിൽ വീണു.

ആദ്യം അതൊരു പച്ചപ്പൊട്ടുപോലെ കണ്ടു. പിന്നീടതു വലുതായി. ഉച്ചതിരിഞ്ഞപ്പോൾ കൂടുതൽ അടുപ്പംകിട്ടി. എല്ലാം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. നിറച്ചും തെങ്ങുകൾ വളർന്നു നിൽക്കുന്ന ഒരു ദീപാണു്. ജനവാസത്തിന്റെ ലക്ഷണമില്ല. കപ്പലുകൾ അടുക്കുമ്പോൾ നീർക്കാക്കകളും കടൽക്കൊക്കുകളും ഉയർന്നുപറന്നു.

വിജനമായൊരു ദ്വീപിൽ കപ്പലടുപ്പിക്കില്ല. വീണ്ടും അടിമകൾ നിരാശരായി. രാവിലെ തുടങ്ങിയ ഉത്സാഹം കെട്ടടങ്ങി. ഇനിയും പോണം. എത്രയെന്നറിഞ്ഞുകാടാ. എങ്ങോട്ടെന്നു നിശ്ചയമില്ല.

കേവലം ആകസ്മികമായിട്ടു കപ്പിത്താന്റെ കല്പന പുറപ്പെട്ടു. കപ്പലുകൾക്കു നങ്കൂരമിടാൻ.

ആശ്വാസമായി, പത്തു ദിവസം രാവും പകലും ഇടതടവില്ലാതെ പ്രയത്നിച്ചതിന്നുശേഷം കിട്ടുന്ന വിശ്രമമാണു്. തണ്ടുകൾ ഒന്നിച്ചു ആകാശത്തിലേക്കുയർന്നു. അടിമകൾ ഞെളിഞ്ഞും പിരിഞ്ഞു അവയവങ്ങൾക്കു നേരിട്ടു കഴപ്പു തീർക്കാൻ തുടങ്ങി.

കപ്പിത്താന്റെ മുറിയിൽ തിരക്കിട്ട കൂടിയാലോചനയാണു്. പട്ടാളമേധാവികളിൽ പലരും എത്തിച്ചേർന്നു. എന്തിനുള്ള ഭാവമായിരിക്കും? വല്ല കച്ചവടക്കപ്പലും കണ്ണിൽപ്പെട്ടിട്ടുണ്ടോ? കൊള്ളയടിക്കുള്ള ഭാവമാണോ? എങ്കിൽ ഏറ്റുമുട്ടലും വെടിവെപ്പും മരണവുമുണ്ടാവും. പതിവുപോലെ എല്ലാം നോക്കിയിരിക്കേണ്ടിവരുമെന്നു് ഫർണാണ്ടസ് വിചാരിച്ചു.

കൂടിയാലോചനയ്ക്കുശേഷം കപ്പലിനോടനുബന്ധിച്ചു നിർത്തിയ ചെറിയ തോണികളിലൊന്നു വെള്ളത്തിലിറക്കി. രണ്ടു പട്ടാളക്കാർ ചേർന്നു കണ്ണുപൊട്ടനെ തോണിയിലെത്തിച്ചു. തോണി ദ്വീപിനു നേർക്കു തുഴഞ്ഞുകൊണ്ടു പോയി. തണ്ടുവലിക്കാർ ഉത്ക്കണ്ഠയോടെ നോക്കി ഇരിക്കുകയാണു്. ഒന്നും മനസ്സിലാവുന്നില്ല.

കണ്ണുപൊട്ടനെ ദ്വീപിലിറക്കി. തോണി തിരിച്ചുപോന്നു. അങ്ങനെ ആ ശല്യം ഒഴിവാക്കാനുള്ള ഉപായം ഒടുവിൽ ജോഡിസിൽവ കണ്ടു പിടിച്ചു. കൊല്ലാനുള്ള പുതിയൊരുപായം. തലവെട്ടാതെ, വെടിവെയ്ക്കാതെ കടലിൽ കെട്ടിത്താഴ്ത്താതെ, വിശപ്പിനും വിജനതയ്ക്കും വിട്ടുകൊടുത്തു കൊല്ലുക. ആ അപാരമായ ബുദ്ധിശക്തിക്കു വൈസ്രോയിയിൽനിന്നു് പാരിതോഷികം കിട്ടും, തീർച്ച.

എല്ലാം വേഗത്തിൽ കഴിഞ്ഞു. കടൽവെള്ളത്തിൽ തന്റെ പ്രതിബിംബം ചേർത്തുകൊണ്ടു് ആ കണ്ണുപൊട്ടൻ ഏകാന്തമായ ദ്വീപിന്റെ ഒരറ്റത്തുനിന്നു. തന്നെ വലയം ചെയ്യുന്ന വിപത്തിന്റെ ശക്തി അയാൾ മനസ്സിലാക്കിയോ? മനസ്സിലാക്കിയാലും ഇല്ലെങ്കിലും ആ മനുഷ്യൻ ഒട്ടും കുലുങ്ങിയില്ല. ചുളിവീണു പരന്ന നെറ്റിയും നരച്ചുവളർന്ന താടിയും സംതൃപ്തി വഴിയുന്ന പുഞ്ചിരിയുമായി പച്ചപിടിച്ചു നിൽക്കുന്ന പശ്ചാത്തലഭംഗിയിൽ മിഴിവുറ്റൊരു ചിത്രംപോലെ, അയാൾ അനങ്ങാതെ നിന്നു.

അല്പം കഴിയുമ്പോൾ ആ മനുഷ്യൻ സഹായത്തിനുവേണ്ടി നിലവിളിക്കും. തന്റെ ശബ്ദത്തിന്റെ പ്രതിദ്ധ്വനി കേട്ടു് ആശ്ചസിക്കും. പിന്നെയും പിന്നെയും വിളിക്കും. തപ്പിയും തടഞ്ഞും മുമ്പോട്ടു നടക്കും. മരങ്ങളിൽ തട്ടിമുട്ടി വീഴും. പറ്റിപ്പിടിച്ചെഴുന്നേറ്റു വീണ്ടും നടക്കും. വെള്ളം നിറഞ്ഞ കുണ്ടിലോ കുഴിയിലോ കാലുതെറ്റി വീഴും. എല്ലാം അതോടെ അവസാനിക്കും. ആ നല്ലമനുഷ്യന്റെ അപകടം നിറഞ്ഞ ഭാവിയെക്കുറിച്ചോർത്തു് അടിമകൾ നെടുവീർപ്പിട്ടു.

വീണ്ടും കപ്പൽ പുറപ്പെട്ടപ്പോൾ കടൽവെളളമിളകി. അയാളുടെ പ്രതിബിംബം കടൽവെള്ളത്തിൽ കിടന്നുപുളയുന്നതു ഫർണാണ്ടസ് കണ്ടു. തണ്ടു വലിച്ചുകൊണ്ടു് അവൻ തിരിഞ്ഞുനോക്കി. ആ രൂപം ചെറുതാവുകയാണു്. പച്ച നിറത്തിൽ കറുത്ത ഒരു പുള്ളിക്കുത്തായി അതു് അവശേഷിച്ചു. ക്ഷണത്തിൽ ആ പുള്ളിക്കുത്തും മാഞ്ഞു. ഫർണാണ്ടസ്സിന്റെ കണ്ണുകളിൽ വെള്ളംനിറഞ്ഞു. സത്യസന്ധനായ ഒരു മനുഷ്യന്റെ ദുഃഖപൂർണ്ണമായ ചരിത്രത്തിന്റെ ഇരുണ്ട അവസാനാദ്ധ്യായം പോലെ ആ ദ്വീപുമാത്രം പിറകിൽ കാണുന്നു…

പിന്നെയും അഞ്ചുദിവസം യാത്രചെയ്തു. ആറാംദിവസം പൊന്നാനിത്തുറമുഖത്തു് കപ്പലുകളടുത്തു. പൊന്നാനിക്കോട്ടയുടെ ഭരണാധിപൻ ഗോമസ് ഡിഗ്രാം, ജോ ഡിസിൽവയ്ക്കും കൂട്ടുകാർക്കും ആവേശഭരിതമായൊരു സ്വീകരണം നൽകി. അന്നുരാത്രി കോട്ടയിൽ കുടിയും നൃത്തവുമുണ്ടായി. വളരെ വൈകുന്നതുവരെ പറങ്കികളുടെ പൊട്ടിച്ചിരിയും അട്ടഹാസവും കേട്ടു. അടിമകളെ പാർപ്പിക്കാൻ പറ്റിയ തടവുമുറികളില്ലാത്തതുകൊണ്ടു് എല്ലാവരെയും കോട്ടമുറ്റത്തു ചങ്ങലയ്ക്കിടുകയാണുണ്ടായതു്. ഗോമസ് ഡിഗ്രാം ബുദ്ധിശാലിയായതുകൊണ്ടു് അതിനുള്ള സൗകര്യം കാലേക്കൂട്ടി ചെയ്തിരുന്നു. മൂന്നു ദിവസം തികച്ചും ആ കോട്ടമുറ്റത്തു് മഞ്ഞും വെയിലും സഹിച്ചു് അടിമകൾക്കു കഴിച്ചുകൂട്ടേണ്ടിവന്നു. എന്നാലും തണ്ടുവലിക്കേണ്ടല്ലോ. ഏറ്റവും വലിയ ആശ്വാസം അതായിരുന്നു. മഞ്ഞിന്റെ തണുപ്പും വെയിലിന്റെ ചൂടും അവർ അറിഞ്ഞില്ല.

വമ്പിച്ച പ്രതീക്ഷയോടുകുടിയാണു് ജോ ഡിസിൽവ ഗോവയിൽ നിന്നു പുറപ്പെട്ടതു്. പതിനഞ്ചുദിവസം യാത്ര ചെയ്തിട്ടും പ്രതീക്ഷയ്ക്കൊത്തവിധം ഒന്നും സംഭവിച്ചില്ല. കോഴിക്കോടൻ കടൽപ്പടയുടെ നേതൃത്വം കോട്ടക്കൽ മരയ്ക്കാൻമാർ കൈയേറ്റതോടെ അറബിക്കടലിൽ പണ്ടെന്നപോലെ കൊള്ളയടിക്കാൻ പറങ്കികൾക്കു സൗകര്യം കിട്ടിയില്ല. അവർക്കു പുറംകടലിലൂടെ യാത്ര ചെയ്യേണ്ടിവന്നു. ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലും ചിലപ്പോൾ പരാജയംതന്നെയും പറ്റാതെ കഴിക്കാൻ അതൊന്നേ വഴിയുണ്ടായിരുന്നുള്ളൂ. പുറം കടലിൽ വ്യാപാരക്കപ്പലുകൾ പ്രവേശിക്കാറില്ല. ഒളിച്ചും പതുങ്ങിയും വേണം കൊള്ള നടത്തൽ. ജോ ഡിസിൽവയ്ക്കു തന്റെ യാത്രയിൽ ഒന്നും തരപ്പെട്ടില്ല. വെറും കൈയോടെ ഗോവയിൽ തിരിച്ചുചെന്നാൽ താൻ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പരിഹാസപാത്രമാകും. വൈസ്രോയിയുടെ അതൃപ്തി സമ്പാദിക്കേണ്ടിവരും. അതുകൊണ്ടു് കിണഞ്ഞൊരു പരിശ്രമം നടത്തി വമ്പിച്ച നേട്ടമുണ്ടാക്കാനും അതുവഴി പ്രശസ്തിയാർജ്ജിക്കാനും അയാൾ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഫലമായി പൊന്നാനിത്തുറമുഖത്തുനിന്നു മുന്നു ദിവസത്തെ വിശ്രമത്തിനുശേഷം കപ്പലുകൾ തെക്കോട്ടു പുറപ്പെട്ടു. ബംഗാൾ ഉൾക്കടലും ഹിന്ദുസമുദ്രവുമാണു് ലക്ഷ്യം.

ഫർണാണ്ടസ് തന്റെ ബെഞ്ചിൽ പുതിയ കൂട്ടുകാരാരെങ്കിലുമുണ്ടോ എന്നുനോക്കി. അറ്റത്തൊരാൾ തലകുനിച്ചിരുന്നു തണ്ടുവലിക്കുന്നു. ആരാണതു്? ഐദ്രോസ്. ഗോവയിൽനിന്നു പുറപ്പെടുമ്പോൾ കണ്ടതാണു്. ഫർണാണ്ടസ് ചുമച്ചു ശബ്ദമുണ്ടാക്കി. ഐദ്രോസ് തിരിഞ്ഞുനോക്കി. ഫർണാണ്ടസ് ചിരിച്ചു. ഐദ്രോസ് അപരിചിതനെപ്പോലെ മുഖംതിരിച്ചുകളഞ്ഞു.

ക്ലേശകരമായ ആ യാത്ര ഒരിക്കലും മറക്കാത്ത പല അനുഭവങ്ങളും നിറഞ്ഞതായിരുന്നു. പത്തുമാസംകൊണ്ടു് അവർ ബർമ്മയുടെ തീരത്തെത്തി. വഴിയിൽ ഏറ്റുമുട്ടലുകൾ പലതുമുണ്ടായി. പറയത്തക്ക നേട്ടമൊന്നും ജോ ഡിസിൽവയ്ക്കു കൈവന്നില്ല. നഷ്ടങ്ങളാണെങ്കിൽ അടിക്കടി സംഭവിച്ചുകൊണ്ടിരുന്നു. ബംഗാൾ ഉൾക്കടലിൽവെച്ചു് വലിയൊരു കൊടുങ്കാറ്റിൽപ്പെട്ടു് കപ്പലുകൾ പാതിയുംനശിച്ചു. അടിമകൾ ചത്തൊടുങ്ങി. എന്നിട്ടും പിൻമടങ്ങാനുള്ള ഭാവമില്ല.

ഫർണാണ്ടസ് അകത്തും പുറത്തും ഉറപ്പുകൂടിയ ഒരു പുത്തൻ ഉരുക്കുമനുഷ്യനായിമാറി. പകർച്ചവ്യാധി പിടിപെട്ടു കൂട്ടുകാർ മരിച്ചുവീഴുന്നതു വികാരശുന്യനായി അവൻ നോക്കിയിരുന്നു. കൊടുങ്കാറ്റിൽ ഇളകിവരുന്ന തിരമാലകൾ കപ്പൽത്തട്ടിലടിച്ചു തകരുകയും കപ്പലുകളിൽ വെള്ളം കയറി മുങ്ങുമെന്നു മറ്റുള്ളവർ ഭയപ്പെടുകയും ചെയ്ത സന്ദർഭങ്ങളിൽ സഹായത്തിനുവേണ്ടി വാവിട്ടുകരയാതെ, ബഹളം കൂട്ടാതെ, ഒരാൾ മാത്രം ഉറച്ചിരുന്നു; അതു ഫർണാണ്ടസ്സായിരുന്നു. ലോകത്തിലെ വിപത്തുകൾ മുഴുവൻ ഒത്തൊരുമിച്ചു വന്നാലും കുലുങ്ങില്ലെന്ന മട്ടാണവൻ.

ബഞ്ചിന്റെ പരുപരുത്ത മരപ്പലക തട്ടി കാൽത്തുടകളിലും പൃഷ്ഠഭാഗത്തും വ്രണപ്പെട്ടിട്ടുണ്ടു്. ഉപ്പുവെള്ളം തട്ടുമ്പോൾ അതുനീറും; നീറട്ടെ. ഒരേ ഇരിപ്പിൽ മാസങ്ങൾ കഴിഞ്ഞുപോയതുകൊണ്ടു് കാൽപടങ്ങളിൽ നീരുകെട്ടീട്ടുണ്ടു്. സാരമില്ല; അതു് അവൻ ശ്രദ്ധിക്കാറില്ല. ലോകവിജയത്തിനിറങ്ങിയ കപ്പിത്താനും കൂട്ടുകാരും പ്രകൃതികോപത്തിനു മുമ്പി ചുണ്ടെലികളെപ്പോലെ നിന്നു വിറയ്ക്കുന്നതു കാണുമ്പോൾ അവനു ചിരിവരും. ആ കപ്പലിൽ അവന്നു് ഒരാളോടു മാത്രമേ ബഹുമാനം തോന്നിയുള്ളു; ഐദ്രോസിനോടു്. ഏതു് ആപത്തിലും ഐദ്രോസ് അചഞ്ചലനാണു്. തന്നെപ്പോലെ എല്ലാം സഹിക്കുന്നു. ധീരനും നല്ലവനുമാണു്. അവനുമായി വീണ്ടും സൗഹൃദം സ്ഥാപിക്കാനുള്ള വഴി ഫർണാണ്ടസ് ആലോചിച്ചു. ഇരിക്കട്ടെ, അവസരം വരും.

പരാജയത്തിന്റെ ഭാണ്ഡക്കെട്ടുമായി ജോ ഡിസിൽവ വീണ്ടും അറബിക്കടലിലേക്കു പ്രവേശിച്ചപ്പോൾ കൊല്ലം രണ്ടു കഴിഞ്ഞിരുന്നു. അടിമകൾ പാതിയിലേറെ ചത്തൊടുങ്ങി. ഫർണാണ്ടസിന്റെ ബെഞ്ചിൽ ഇപ്പോൾ രണ്ടുപേരാണുള്ളതു്-അവനും ഐദ്രോസും. ഒന്നും മിണ്ടാതെ, പരസ്പരം നോക്കാതെ, രണ്ടുപേരും രണ്ടറ്റത്തിരുന്നു.

പൊന്നാനിത്തുറമുഖത്തു കപ്പൽ അടുത്തില്ല. രാത്രിയാണു് അതിലേ കടന്നുപോന്നതു് അന്നു വളരെ വൈകീട്ടു ജോ ഡിസിൽവ തന്റെ സൈന്യത്തിലെ മേധാവികളെ വിളിച്ചുവരുത്തി. അവർ ദീർഘനേരം കൂടിയാലോചിച്ചു. അമർത്തിപ്പിടിച്ച വാക്കുകളിൽ ചിലതു ഫർണാണ്ടസ്സിനു കേൾക്കാൻ കഴിഞ്ഞു.

വെറുംകൈയോടെ ഗോവയിൽ തിരിച്ചെത്താൻ കപ്പിത്താനു് വിഷമമുണ്ടു്. വെള്ള്യാൻ കല്ലിനടുത്തു് പതിയിരുന്നു പഴയപടി ഒരു ഭാഗ്യപരീക്ഷ നടത്താനാണു് ഭാവം. സൈന്യ മേധാവികൾ ശക്തിയായി പ്രതിഷേധിച്ചു. ജോ ഡിസിൽവ വിട്ടില്ല. തന്റെ കല്പനയനുസരിച്ചേ കഴിയൂ എന്നു ശഠിച്ചു. ഗത്യന്തരമില്ലെന്നു വന്നപ്പോൾ എല്ലാവരും സമ്മതിച്ചു. പകൽ പുറങ്കടലിലൂടെ യാത്രചെയ്യാനും രാത്രി കരയോരത്തു തിരിച്ചെത്താനും വ്യവസ്ഥചെയ്തു്, എല്ലാവരും പിരിഞ്ഞു.

പുതിയ അനുഭവങ്ങളാണു് വരാൻ പോകുന്നതു്. ഫർണാണ്ടസ്സിന്റെ ഉള്ളിൽ എവിടെയോ ചെറിയൊരു നീറ്റം. പഴയ പൊക്കൻ അവിടെയെങ്ങോ കിടന്നു കൂർക്കം വലിക്കുന്നുണ്ടു്. വെള്ള്യാൻകല്ലിന്റെ പേർ ആ പൊക്കനെ വിളിച്ചുണർത്തുകയാണു്. വളയക്കടപ്പുറവും അച്ഛനും അമ്മയും പാഞ്ചാലിയുമെല്ലാം ആ പേരിലൂടെ പൊങ്ങിവന്നു. എല്ലാം നിസ്സാരമെന്നു കരുതി കുടഞ്ഞുകളയാൻ ഫർണാണ്ടസ്സ് പരിശ്രമിച്ചു.

പൊന്നാനിത്തുറമുഖത്തുനിന്നു വിട്ടു് നാലാംദിവസം രാത്രി കപ്പലുകൾ കരയോരത്തെ ലക്ഷ്യംവെച്ചുകൊണ്ടു നീങ്ങി. ഫർണാണ്ടസ്സിന്റെ നെഞ്ചിടിപ്പു പുറത്തു കേൾക്കാം. അവൻ ഐദ്രോസിനെ നോക്കി. ആ കണ്ണുകളിൽ ഏതോ സവിശേഷഭാവം കളിയാടുന്നതുപോലെ തോന്നി. പറങ്കികളുടെ ഉദ്ദേശ്യം ഐദ്രോസിനു മനസ്സിലായോ? സ്ഥലത്തെപ്പറ്റി വല്ല ബോധവും അവനുണ്ടോ? ഉണ്ടാവണം. ഇല്ലെങ്കിൽ കണ്ണുകളിൽ സ്ഫുരിക്കുന്ന ആ സവിശേഷഭാവത്തിനു മറ്റെന്താണർത്ഥം?

കപ്പലുകൾ ധൃതിവെച്ചു മുമ്പോട്ടോടി. ഏറെ താമസിയാതെ ലക്ഷ്യത്തിലെത്തും. ഫർണാണ്ടസ് ഉറ്റുനോക്കി. എന്താണു് കാണുന്നതു്? ജ്വലിക്കുന്ന ദീവട്ടികൾ. വരിവരിയായി തെളിഞ്ഞു കത്തുന്ന കൊച്ചുവിളക്കുകൾ. വാദ്യഘോഷവും കതിനവെടിയും കേൾക്കാം. ഏതോ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുകയാണു്. ഏതു ക്ഷേത്രത്തിലായിരിക്കും? അവൻ സൂക്ഷിച്ചുനോക്കി. ഗുരുപുണ്യകാവിലാണോ? നെഞ്ചിടിക്കുന്നു.

കപ്പലിലേക്കു് അടിച്ചുകയറുന്ന കരക്കാറ്റിൽ പാലപ്പൂവിന്റെ ഗന്ധമുണ്ടു്. ഫർണാണ്ടസ്സിന്റെ മനസ്സിൽ പൂർവ്വസ്മരണ മദഗജത്തെപ്പോലെ മസ്തകമെടുത്തു പിടിച്ചു്, ചെവികളിട്ടാടി, തുമ്പികൈ ഉയർത്തി നിന്നു് ആ പരിമളത്തെ ആർത്തിയോടെ ആസ്വദിക്കാൻ തുടങ്ങി.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.