ഒന്നു കരഞ്ഞാൽ മനസ്സിന്റെ കനം കുറയും. തേങ്ങിക്കരഞ്ഞാൽ പേരാ; വാവിട്ടു കരയണം. അയൽപക്കത്തുള്ളവർ കേൾക്കണം. ഓടി വരണം. ആശ്വസിപ്പിക്കണം. അങ്ങനെ വലുതായൊന്നു കരയാൻ പാഞ്ചാലി കൊതിച്ചു തുടങ്ങീട്ടു വർഷങ്ങൾ മുന്നുകഴിഞ്ഞു. തരപ്പെട്ടിട്ടില്ല.
എങ്ങനെ കരയും?
ആരെങ്കിലും കാരണം ചോദിച്ചാൽ എന്തു പറയും?
ഒന്നും പറയാനില്ല. അതുകൊണ്ടു് അവൾ നിശ്ശബ്ദമായി സഹിച്ചു. വേദന കടിച്ചിറക്കുന്നതു് എളുപ്പമല്ല. അതോ, സഹിക്കാൻ പാടില്ലാത്ത വേദനയും. ഉള്ളിൽനിന്നു് ഉമിത്തീപോലെ എന്തോ കുമിഞ്ഞുകുമിഞ്ഞു ചങ്കുവരെ എത്തും. കണ്ണുകൾ നനയും. ഒച്ചുയുണ്ടാവാൻ പാടില്ല. എല്ലാം അവിടെ തടഞ്ഞുനിർത്തണം. അതു് എന്തുമാത്രം പ്രയാസമുള്ള കാര്യം! എന്നിട്ടും സഹിച്ചു. നിയന്ത്രണം വിട്ടുപോകുമെന്നു തോന്നുമ്പോൾ പല്ലു കടിച്ചു പതുക്കെ പറയും:
“എന്റമ്മേ!”
അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം തുറന്നു പറയാമായിരുന്നു. അച്ഛനോടു വയ്യാ. തലവേദനയോ പനിയോ വയറുവേദനയോ ആയിരുന്നെങ്കിൽ ആരോടും പറയാം. ഇതങ്ങനെയല്ല. ഹൃദയവേദനയാണു്.
അമ്മയാണെങ്കിൽ പറയാതെന്നെ മനസ്സിലാക്കും. എല്ലാം കണ്ടറിയും. നല്ലവാക്കു പറഞ്ഞു് അവളെ ആശ്വസിപ്പിക്കും. പുറം തടവിക്കൊടുക്കും. കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു് വേദന ശമിപ്പിക്കും.
“എന്റമ്മേ!”
ശബ്ദമില്ലാതെ അവൾ കരഞ്ഞു. കണ്ണീരാണു് കുഴപ്പമുണ്ടാക്കുന്നതു്. തടഞ്ഞാൽ നിൽക്കില്ല. തുടയ്ക്കുന്തോറും കവിളുകൾ നനച്ചുകൊണ്ടു കണ്ണീർ കുത്തിയൊഴുകും.
അവൾ അറിയാതെ പിന്നെയും പലവട്ടം പാല പൂത്തു. ഒരു പൂവെങ്കിലും അവൾ നുള്ളിയില്ല. കുളിയും കണ്ണെഴുത്തും പുച്ചുടലും അവൾ മറന്നു. പൂഴിയിൽചിതറിക്കിടക്കുന്ന പൂക്കൾ ചവുട്ടിയമർത്തിക്കൊണ്ടു പാലച്ചുവട്ടിൽ ചെല്ലും. അതിന്റെ കവരകളിൽ ശരീരം ചാരി കടലിലേക്കുനോക്കി എന്നും സന്ധ്യയ്ക്കു് അവൾ നിൽക്കും. സൂര്യൻ കടലിൽ താഴുന്നതും പടിഞ്ഞാറൻ ചുവപ്പു് പതുക്കെപ്പതുക്കെ മായുന്നതും ഇരുട്ടും ഏകാന്തതയും അരിച്ചരിച്ചെത്തുന്നതും അവൾ അറിയില്ല.
നീലക്കടലിന്റെ മാറിടം പിളർന്നുകൊണ്ടു് ഒരു വള്ളം കരയ്ക്കണയുന്നതും പ്രതീക്ഷിച്ചാണു് അവളുടെ നിൽപു്. വരും വരാതിരിക്കില്ല. ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും വരും. എന്നും അവൾ അതു പ്രതീക്ഷിച്ചു. പക്ഷേ, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞുപോയി. ആ വള്ളം മാത്രം കരയ്ക്കണഞ്ഞില്ല.
പാഞ്ചാലിക്കു് അറിയാം, പൊക്കനു് അവളെ മറക്കാൻ കഴിയില്ലെന്നു്. ഏതു പ്രതിബന്ധമുണ്ടായാലും അതൊക്കെ തട്ടിത്തകർത്തു് അവൻ തിരിച്ചുവരും. എന്തൊക്കെ വാഗ്ദാനങ്ങൾ അവനു നിറവേറ്റാനുണ്ടു്! കടപ്പുറത്തെ പൂഴിയിലും അവളുടെ കുടിയിലുമിരുന്നു് പൊക്കൻ പറഞ്ഞ പല കാര്യങ്ങളും അവൾ ആ നിൽപ്പിൽ ഓർക്കും.
കല്യാണം കഴിഞ്ഞാൽ, അദ്ധ്വാനിച്ചു ജോലി ചെയ്തു മുത്തപ്പനെപ്പോലെ ഒരു മാളികവീടു പണിയിക്കണമെന്നു് ഒരിക്കൽ പറഞ്ഞു.
ഉടനെ അവൾ ചോദിച്ചു
“അതെന്തിനു്?”
“എന്റെ കുട്ട്യോൾക്ക് പാർക്കാൻ!”
“ങ്ങളെ കുട്ട്യോൾക്ക് കുടീ പാർത്തൂടേ?” അവൾ കളിയാക്കിക്കൊണ്ടു ചോദിച്ചു.
“പാടില്ല.” അവൻ ഗൗരവത്തോടെ നിഷേധിച്ചു.
“എന്റെ കുട്ട്യോള് മാളികവീട്ടിൽ പാർക്കണം”
പിന്നീടൊരിക്കൽ അവൻ പറഞ്ഞു:
“നീന്നെ ഞാൻ കെട്ട്യാല്…”
“കെട്ട്യാല്?” മുഴുവൻ കേൾക്കുന്നതിനുമുമ്പു നാണിച്ചു തലതാഴ്ത്തിക്കൊണ്ടു അവൾ ചോദിച്ചു.
“മീനും വിറ്റു നടക്കാൻ നിന്നെ ഞാൻ സമ്മതിക്കൂലാ.”
“പിന്നെ?”
“എന്റെ കെട്ട്യോള് കൊട്ടേം പേറി നടക്കണ്ടാ. കുടീലിരുന്നു കുട്ട്യോളെ നോക്ക്യാമതി.”
അതൊക്കെ പറയുമ്പോൾ എന്തൊരാവേശമായിരുന്നു! പിറക്കാത്ത കുട്ടികളോടും കെട്ടാത്ത പെണ്ണിനോടും എന്തൊരു സ്നേഹമായിരുന്നു! എപ്പോൾ കണ്ടുമുട്ടിയാലും കല്യാണത്തിന്റെ കാര്യമേ പറയാനുള്ളു. അതൊക്കെ ഓർക്കുമ്പോൾ കണ്ണീരടങ്ങുന്നില്ല. അവൾ തന്നത്താനാശ്വസിച്ചു; വരും വരാതിരിക്കില്ല. ഇന്നല്ലെങ്കിൽനാളെ.
അച്ഛൻ വിളിക്കുന്നതുവരെ അവൾ അവിടെ നിൽക്കും. വിളിച്ചാലും ഉടനെ പോവില്ല. ശല്യപ്പെടുത്തണം. ആ പാലച്ചുവട്ടിൽ ചെന്നു നിൽക്കുമ്പോൾ തനിച്ചല്ലെന്നും അടുത്തെവിടെയോ പൊക്കനുണ്ടെന്നും അവൾക്കു് തോന്നും. അതുകൊണ്ടാവണം, അവിടെ എത്ര നിന്നാലും അവൾക്കു മടുക്കില്ല.
“എടീ പാഞ്ചാലീ, നേരം നല്ല ഇരുട്ടായി. ഇനീങ്ങ് പോരീ.” അല്പം അക്ഷമ പ്രദർശിപ്പിച്ചുകൊണ്ടുതന്നെ കുഞ്ഞിക്കണ്ണൻമരയ്ക്കാൻ വിളിച്ചുപറയണം. എന്നാൽ അവൾ പുറപ്പെടും. പുറപ്പെട്ടാലും ഒന്നു തിരിഞ്ഞുനോക്കും. ആ വള്ളം വരുന്നുണ്ടോ? ഒന്നും വ്യക്തമല്ല. കടലിൽ ഇരുട്ടാണു്. ഒരു പക്ഷേ, ഇരുട്ടിലൂടെ വരുന്നുണ്ടെങ്കിലോ? സംശയിച്ചു നിൽക്കും.
“എടീ, പറഞ്ഞതു കേട്ടില്ലേ?”
കേട്ടു. അച്ഛനു് അൽപ്പം ശുണ്ഠിവന്നിട്ടുണ്ടു്. ഇനി നിന്നാൽ പറ്റില്ല. ഒരു നെടിവീർപ്പോടെ അവൾ ആ പരിസരത്തോടു യാത്ര ചോദിക്കും. പിറ്റേന്നും ആ നേരത്തവിടെ തിരിച്ചെത്താൻ. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. പുത്തനായൊന്നും സംഭവിച്ചില്ല. വേദന കുറഞ്ഞില്ല.
അന്നു് ഗുരുപുണ്യകാവിലെ ആറാട്ടായിരുന്നു. പെണ്ണുങ്ങളും കുട്ടികളും ചമഞ്ഞൊരുങ്ങി നേരത്തേ പോയിട്ടുണ്ടു്. ഉച്ചതിരിഞ്ഞാൽ “വരവു്” തുടങ്ങും. ഇളനീർവരവും കരടിവരവും ഉപ്പും തൊണ്ട്യവരവുമുണ്ടാവും. ഓരോ വരവിനൊന്നിച്ചും ആനയുണ്ടാവും.
“നട ഹോയ് നടോ, നടോ!” വലിയ മുളങ്കമ്പിൽ തുക്കിയ കൊടികളും ഇളനീർക്കാവുകളുമെടുത്തു്, പട്ടം കെട്ടിച്ച ആനയെ മുൻനടത്തി, ചെണ്ടയും മുട്ടി, ‘നടത്ത’വും ചൊല്ലി അന്നുച്ചയ്ക്കു് അതിലെ ഒരുപാടു് ആളുകൾ കടന്നുപോകുന്നതു പാഞ്ചാലി കണ്ടിരുന്നു. പണ്ടാണെങ്കിൽ അവൾ ഉത്സാഹത്തോടെ ഓടിച്ചെല്ലും. എവിടെനിന്നെങ്കിലും സമ്പാദിച്ചുവെച്ച ഒരു നാളികേരം ആനയ്ക്കു കൊണ്ടുചെന്നു കൊടുക്കും. ആനയ്ക്കു നാളികേരം കൊടുക്കുന്നതു വലിയപുണ്യമാണു്. ആന ഗണപതിയെന്നാണു് സങ്കല്പം.
ഉത്സാഹത്തോടെ അവൾ കുളിക്കും, തലമുടി ചീകും. കണ്ണെഴുതും, പൊട്ടുതൊടും, ആറാട്ടിനു പോകുന്ന പെണ്ണുങ്ങളുടെ മുമ്പിൽ അവളുണ്ടാവും. അവിടെ ചെന്നു് ആൾത്തിരക്കിലൂടെ നടക്കാനും പൊരികടല വാങ്ങി കൊറിക്കാനും ബഹുരസമാണു്. കുപ്പിവളകളും വാസനത്തൈലവും വിൽക്കുന്നവനെ പെണ്ണുങ്ങൾ ചെന്നു പൊതിയും. കൂട്ടത്തിൽ അവളുമുണ്ടാവും. വാസനത്തൈലം വിൽക്കുന്നവൻ കുപ്പി തുറന്നു തൈലം വിരലുകൾ തൊട്ട വാങ്ങാൻ വരുന്നവരുടെ കൈത്തണ്ടയിൽതേച്ചുകൊടുക്കും. പിന്നെ രണ്ടുദിവസം മുഴുവനും ആ മണം അങ്ങനെത്തന്നെ നിൽക്കും. അത്ര നല്ല മണമാണു്. കുളിച്ചാലും പോവില്ല.
ഉറക്കം വരുന്നതുവരെ ആൾത്തിരക്കിൽ ചുറ്റിപ്പറ്റി നടന്നും കാഴ്ച കണ്ടും സമയം പോക്കും. പിന്നെ മടങ്ങും. മടങ്ങുമ്പോൾ എല്ലാവരുടെ കൈയിലും ‘തേൻകൊയലി’ന്റെ ഓരോ പൊതിയുണ്ടാവും. വീട്ടിലെത്തി ഉറക്കപ്പിച്ചോടെ പൊതിയഴിച്ചു് “തേൻകൊയൽ” കടിക്കുമ്പോൾ അതിൽ നിന്നു തെങ്ങിൻ ചക്കര കുഴമ്പായി വായിലേക്കു പൊട്ടിയൊഴുകും.
ഇന്നു “തേൻകൊയൽ” തിന്നാനും രസമില്ല. എല്ലാറ്റിനോടും വൈരാഗ്യമാണു്. കൂട്ടവെടി മുഴങ്ങുന്നു. സന്ധ്യവിളക്കിനെഴുന്നള്ളിക്കേണ്ട സമയമാണു്. പാഞ്ചാലി എഴുന്നേറ്റു പാലച്ചുവട്ടിലേക്കു നടന്നു.
“മോളേ!” മുറ്റത്തുടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്ന കുഞ്ഞിക്കണ്ണൻമരയ്ക്കാൻ വിളിച്ചു.
ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനിന്നു. എന്തൊരു കോലം! മുഖം വിളറി, കവിളൊട്ടി, കണ്ണിൻതടം കരുവാളിച്ചു്, ശരീരം ചടച്ചു് അവൾ തികച്ചും മാറിയിരിക്കുന്നു. കുഞ്ഞിക്കണ്ണൻമരയ്ക്കാൻ അടുത്തു ചെന്നു. ആകപ്പാടെയുള്ളൊരു മകളാണു്. അവൾ അങ്ങനെ വേദനിച്ചു വേദനിച്ചു് ഇല്ലാതാവുന്നതു കൈയും കെട്ടി നോക്കിനിൽക്കേണ്ടിവന്നു. ഒരക്ഷരം അന്നുവരെ അതിനെപ്പറ്റി അച്ഛനു മകളോടു സംസാരിച്ചിട്ടില്ല. ആ വേദനയുടെ ശക്തി അച്ഛനു് അറിയാം.
പാഞ്ചാലി അച്ഛന്റെ മുഖത്തു നോക്കി ഒന്നും പറയാതെ നിന്നു. എന്തിനുള്ള ആരംഭമാണു്? പാറിപ്പറക്കുന്ന പരുക്കൻതലമുടി തലോടിയൊതുക്കിക്കൊണ്ടു് കുഞ്ഞിക്കണ്ണൻ മരയ്ക്കാൻ ചോദിച്ചു:
“നീ ഇന്നും കുളിച്ചീലേ, മോളേ?”
ഇന്നെന്നല്ല, വളരെ ദിവസമായി കുളിച്ചിട്ടു്. അവൾ മറുപടിയൊന്നും പറഞ്ഞില്ല. പറയേണ്ട കാര്യമില്ല. എല്ലാം അച്ഛന്നറിയാം.
“നീ ആറാട്ടിനും പോയില്ലേ?”
അവളുടെ ജീവിതത്തിലിനി ഉത്സവമുണ്ടാവുമോ? അച്ഛന്റെ ചോദ്യം കേട്ട അവൾ തല കുനിച്ചു.
“നിന്റെ ഒരു വിതി!” ആ കണ്ഠം ഇടറി. തലോടുന്ന കൈ വിറച്ചു. പല നാളായി പറയണമെന്നു വിചാരിച്ചു കാര്യമാണു്. ഒരിക്കലും പറയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ പറയാൻ മാത്രമുള്ള ധൈര്യമുണ്ടായില്ല. ഇന്നും അതു കമ്മിയാണു്. എങ്ങനെയോ തുടങ്ങിയെന്നു മാത്രം. എവിടെച്ചെന്നെത്തുമെന്നറിഞ്ഞുകൂടാ.
“ഒക്കെ മറക്ക്, മോളേ!” അങ്ങനെ പറയാനാണു് തോന്നിയതു്.
അവൾ ചുണ്ടു കടിച്ചമർത്തി. നിയന്ത്രിക്കാൻ കഴിയാത്തവിധം വേദന പൊങ്ങുകയാണു്. നിന്നാൽ പറ്റില്ല. വാവിട്ടുകരഞ്ഞുപോകും. കരഞ്ഞുവീണുപോകും. അച്ഛനതു കണ്ടുനിൽക്കാൻ കഴിയില്ല. എന്തിനു് അച്ചനെക്കുടി വേദനിപ്പിക്കണം? കൂടുതലൊന്നും കേൾക്കാൻനിൽക്കാതെ അവൾ ഓടി. ആ പാലച്ചുവടിൽ ചെന്നു നിന്നാൽ എല്ലാം സഹിക്കാനുള്ള കരുത്തു് അവൾക്കുണ്ടാവും. കവരകളിൽ ചാരി നിന്നപ്പോൾ ഏതോ അഭയസ്ഥാനത്തു ചെന്നെത്തിയ തോന്നൽ. വാത്സല്യപൂർവ്വം ആരോ കരുത്താർന്ന കൈകൾകൊണ്ടു കെട്ടിപ്പുണരുന്ന ഒരനുഭവം.
എല്ലാദുഃഖങ്ങളും തുറന്നു പറയാനുള്ള സ്ഥലമാണതു്. അവൾ പാലക്കൊമ്പിൽ മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു. അന്തംവിട്ടു പോയ കുഞ്ഞിക്കണ്ണൻമരയ്ക്കാൻ മുറ്റത്തെ പൂഴിയിലൊരിടത്തിരുന്നു.
മാളികയ്ക്കൽ നിന്നു മുട്ടും വിളിയും ഒപ്പനപ്പാട്ടും കേൾക്കാനുണ്ടു്. ആലിക്കുട്ടിയുടെ മുത്ത മകൾക്കു് അന്നു വിവാഹമാണു്. പുതിയ മാപ്പിള വരേണ്ടതു വടകരെനിന്നാണു്. വടകരത്തുറമുഖത്തു പാണ്ടികശാലയും മികച്ച വ്യാപാരവുമുള്ള കോയോട്ടിഹാജിയുടെ രണ്ടാമത്തെ മകനാണു് മാപ്പിള, കുട്ട്യാമു. പുതിയമാപ്പിളയെ തേടി രാവിലെത്തന്നെ ആളുകൾ പോയിട്ടുണ്ടു്.
പ്രഭാവത്തിലും പദവിയിലും പണക്കൊഴുപ്പിലും കോയോട്ടി ഹാജിയെക്കാൾ ഒട്ടും പിന്നിലല്ല താനെന്നു വരുത്താൻ ആലിക്കുട്ടി മനസ്സിരുത്തീട്ടുണ്ടു്. ഒന്നു ചെലവാക്കേണ്ട സ്ഥലത്തു പത്തെന്ന തോതിലാണു് എല്ലാം ഒരുക്കിയതു്. കടപ്പുറം മുതൽ വീട്ടുമുറ്റംവരെ പന്തലാണു്. പല സ്ഥലത്തുനിന്നും മികച്ച കോൽക്കളിക്കാരെ വരുത്തീട്ടുണ്ടു്. പാട്ടുകാരായ പെണ്ണുങ്ങളും ആണുങ്ങളും രണ്ടുദിവസം മുമ്പേ എത്തിച്ചേർന്നിട്ടുണ്ടു്. മുന്തിയ ‘മുട്ടുംവിളി’ സംഘം തങ്ങളുടെ കഴിവുകാണിക്കാൻ പ്രഭാതം മുതൽതുടങ്ങിയതാണു്. പന്തലായിനിമുതൽ വടകരവരെ പ്രമാണിമാരായ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടു്. പുതിയ മാപ്പിള ആനപ്പുറത്തു കയറി പട്ടുകുടയുംചൂടി വരുമെന്നാണു് കേട്ടതു്. വരവു കാണാൻ നല്ല രസമുണ്ടാവും. ഗുരുപുണ്യകാവിലെ ആറാട്ടിനു പോകാത്തവരൊക്കെ മാളികയ്ക്കലെ വേലിക്കടുത്തു ചെന്നു സ്ഥലം പിടിച്ചു; പുതിയമാപ്പിള വരുന്നതു കാണാൻ. തെക്കും വടക്കും രണ്ടുത്സവം നടക്കുമ്പോൾ കുടിയിൽ മടിച്ചിരിക്കാൻ ആർക്കും മനസ്സുവരില്ല. വളയക്കടപ്പുറത്തുള്ളവർക്കു് അടുത്തൊന്നും അത്ര വലിയ ഉത്സാഹം തോന്നീട്ടില്ല.
കരഞ്ഞുകരഞ്ഞു മനസ്സിന്റെ ഭാരം കുറഞ്ഞപ്പോൾ പാഞ്ചാലി തലപൊക്കി. നിലാവു പരന്നുകിടക്കുന്ന കടലിലേക്കു നോക്കി അനങ്ങാതെ നിന്നു. നിലാവിന്റെ ഓരോ അലുക്കിലും കടൽവെള്ളത്തിന്റെ ഓരോ തുള്ളിയിലും ഓർമ്മകൾ തങ്ങി നിൽക്കുകയാണു്-കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ.
രാവിലെ വിറകു പെറുക്കാൻ പോയ പെണ്ണുങ്ങളാണു് വിവരം വന്നു പറഞ്ഞതു്. ചുള്ളിക്കാട്ടിൽ ഒരു ശവം കിടപ്പുണ്ടെന്നു്. അവർ പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. ശേഷിയുള്ള ആണുങ്ങൾ മുഴുവനും കടലിൽ പോയതുകൊണ്ടു വേഗത്തിലാരും ചെന്നു നോക്കാനുമുണ്ടായില്ല. എങ്കിലും കുട്ടികൾ ഓടിപ്പോയി; വയ്യാതെ കുടിയിലിരിക്കുന്ന കിഴവന്മാരും കൂട്ടത്തിൽ പൈതൽമരയ്ക്കാനുമുണ്ടായിരുന്നു. പോയവർ തിരിച്ചുവരുന്നതും കാത്തു് പെണ്ണുങ്ങൾ അവിടവിടെ കൂടിനിന്നു. കുറെ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി ആരെയോ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നു. ശവമാണെങ്കിൽ അങ്ങനെ എടുത്തു കൊണ്ടു വരില്ല. ആശ്വാസമായി. പടിക്കലൂടെയാണു് കൊണ്ടുവരുന്നതു്. പാഞ്ചാലി ഓടിച്ചെന്നു നോക്കി.
കുഞ്ഞാലി!
എങ്ങനെപറ്റി? ആരു ചെയ്തു? എന്താണു് കാരണം? അങ്ങനെ പലതും ചോദിക്കാൻ തോന്നി. ആരോടു ചോദിക്കാൻ? അവൾ ചോദിച്ചില്ല. ശരീരം മുഴുവൻ ഉടഞ്ഞു തകർന്നിരിക്കുന്നു. അവിടവിടെയുള്ള മുറിവുകളിൽ നിന്നു് അപ്പോഴും രക്തം വാർന്നൊഴുകുന്നുണ്ടു്.
പാവം!
നേരിയ ശ്വാസമുണ്ടെന്നു് ആരോ പറഞ്ഞു. എന്നാലും ജീവിക്കുന്നകാര്യം പ്രയാസം. നേരേ അവന്റെ കുടിയിലേക്കാണു് കൊണ്ടുപോകുന്നതു്. ഉമ്മയും ബാപ്പയും അതെങ്ങനെ കണ്ടുസഹിക്കും? മറ്റുള്ളവരോടൊപ്പം കുഞ്ഞാലി രാത്രി മുഴുവൻ കടപ്പുറംകാക്കുന്ന ജോലിയിലാണു ഈ ചതി പറ്റിയതു രാത്രിയാണെങ്കിൽ കൂട്ടുകാർ കാണും. പൊക്കനെങ്കിലും കാണാതിരിക്കില്ല. അവർ കൂട്ടം പിരിയാതെ നടക്കുന്നവരാണു്. പുലർച്ചെ മറ്റുള്ളവർ കടലിലേക്കു പോയതിനു ശേഷം സംഭവിച്ചതാവും. ഏതുനിലയിലും ഉച്ചതിരിഞ്ഞാലറിയാം. പാഞ്ചാലിയടക്കം വളയക്കടപ്പുറത്തുള്ള എല്ലാവരും കാത്തിരുന്നു.
ഉച്ചതിരിഞ്ഞു. വള്ളങ്ങൾ ഓരോന്നു കരയ്ക്കണഞ്ഞു. പാഞ്ചാലി കടപ്പുറത്തുതന്നെ കാത്തുനിൽപാണു്. അവളുടെ അച്ഛൻ വന്നു. പിന്നെയും പലരും വന്നു. ഒരാൾ മാത്രം വന്നില്ല. എന്തുപറ്റി? വല്ലവരോടും ചോദിക്കാമെന്നുവച്ചാൽ നാണംകൊണ്ടു നാക്കു പൊങ്ങുന്നില്ല. വരട്ടെ. എല്ലാവരും പിരിഞ്ഞുപോകുന്നതുവരെ അവളൊരു ഭാഗത്തു മാറിനിന്നു. ഇന്നു പുറംകടലിൽ പോയിട്ടുണ്ടാവും. എത്ര പറഞ്ഞാലും കേൾക്കില്ല. അനുസരണക്കേടു കാണിക്കാൻ വലിയ വാസനയാണു്. കൂട്ടംപിരിഞ്ഞുപോകരുതെന്നു പലതവണ ശാസിച്ചതാണു്. വരട്ടെ. കാണിച്ചുകൊടുക്കാം.
വള്ളം കരയ്ക്കണച്ചു പൂഴിയിലേക്കു ചാടിയിറങ്ങി ചിരിച്ചുകൊണ്ടുവരും. കണ്ട ഭാവം നടിക്കില്ല. മുഖം വീർപ്പിച്ചു നിൽക്കും. ചോദിക്കുന്നതിനൊന്നും സമാധാനം പറയില്ല. പിടിച്ചു നുള്ളാൻ വരുമ്പോൾ കൈ തട്ടിക്കളയും. മറ്റുളളവരുടെ മനസ്സു വേദനിപ്പിക്കാൻ വലിയ ഉത്സാഹമാണു്.
അങ്ങനെ പല തീരുമാനങ്ങളുമെടുത്തു് പാഞ്ചാലി കാത്തുനിന്നു. ആ വള്ളംമാത്രം തിരിച്ചുവന്നില്ല. ഉൽക്കണ്ഠയായി. പരിക്രമമായി നെഞ്ചിടിപ്പിനു വേഗം കൂടി. കുടിയിലേക്കു ചെന്നു. അച്ഛനോടു ചോദിച്ചു. ഒരു തുമ്പുമില്ല.
രാത്രിയായി. അച്ഛനും മകളും കുടിയിൽ പരസ്പരം സംസാരിക്കാതെ കഴിച്ചുകൂട്ടുകയാണു്. ഉടനെ കേട്ടു. വലിയൊരുനിലവിളി. കുഞ്ഞിക്കണ്ണൻമരയ്ക്കാൻ മുറ്റത്തിറങ്ങി ശ്രദ്ധിച്ചു. പാഞ്ചാലി വിളിച്ചു ചോദിച്ചു.
“ഏടന്നാണച്ചാ?”
“മോളേ, പൈതൽ മരയ്ക്കാന്റെ കുടീന്നാ. ഞാനൊന്നു ചെന്നു നോക്കട്ടെ.”
“ഞാനും പോരുന്നച്ചാ.” കുടിയുടെ വാതിലടച്ചു പാഞ്ചാലിയും മുറ്റത്തിറങ്ങി. മകൾ ഒന്നിച്ചു പോരേണ്ടെന്നു് അച്ഛനു വിചാരമുണ്ടു്. തടഞ്ഞാലവൾ നിൽക്കില്ല. രണ്ടുപേരും ഒന്നിച്ചോടി. അവൾ മുൻകടന്നു പോയി. വിളിച്ചാൽ കേൾക്കാത്തത്ര ദൂരത്തായി. ഒപ്പമെത്താൻ കുഞ്ഞിക്കണ്ണൻമരയ്ക്കാൻ വിഷമിച്ചു.
പൈതൽമരയ്ക്കാന്റെ കുടിയിലും മുറ്റത്തും ആളുകൾ തിങ്ങിക്കൂടീട്ടുണ്ടു്. എന്താണു് സംഭവിച്ചതു്? കാലുകൾ വിറയ്ക്കുന്നു. ഓടാൻ വയ്യ. നടക്കാനും വിഷമം. അവിടെ ചെന്നു കേറുമ്പോൾ എന്താണു കാണുക, കേൾക്കുക എന്ന വിചാരംകൊണ്ടു മനസ്സു കിടന്നു വിഷമിക്കുന്നു.
ആൾകത്തിരക്കിലൂടെ ആദ്യം അകത്തു കയറിയതു പാഞ്ചാലിയാണു് ദമയന്തി നെഞ്ചിലിടിച്ചു നിലവിളിച്ചു നിലത്തുകീടന്നുരുളുന്നു;
“എന്റെ മോനേ, നീയെന്നെ ചതിച്ചല്ലോ…”
എന്തു ചതിയാണു് പറ്റിയതു്? അവൾ അന്തംവിട്ടുനിന്നു.
“ഞാനെനി ആരെ മോത്തു നോക്കും, മോനേ?”
പിന്നെയും ദമയന്തി ഓരോന്നു പറഞ്ഞുകരയുന്നു. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടെ മുഖത്തുമുണ്ടു് വല്ലായ്മ. പൈതൽമരയ്ക്കാൻ ദമയന്തിയെ ആശ്വസിപ്പിക്കാൻ പാടുപെടുന്നുണ്ടു്. വെറുതെ.
ആരോടും ചോദിക്കാതെതന്നെ പാഞ്ചാലിക്കു കാര്യം കുറേശ്ശ മനസ്സിലായി. ദമയന്തിയുടെ വാക്കുകൾ പല സൂചനകളും അവൾക്കു നൽകി.
അന്നു പൊക്കൻ കടലിൽ വള്ളമിറക്കീട്ടില്ല. വള്ളം കരയ്ക്കുതന്നെ കിടപ്പാണു്. ആരും അതു ശ്രദ്ധിച്ചില്ലെന്നു മാത്രം. എല്ലാവരും തിരിച്ചു വന്നപ്പോൾ അന്വേഷണമായി. അന്വേഷിച്ചപ്പോൾ പരമാർത്ഥം കണ്ടെത്തി.
പാഞ്ചാലിക്കു തല ചുറ്റുന്നെന്നു തോന്നി. അങ്ങനെ നിന്നാൽ വീണുപോകും. പതുക്കെ ഒരു ഭാഗത്തേക്കു നീങ്ങി കുടിലിന്റെ ഓലമറയും ചാരി അവൾ നിന്നു. സ്വന്തം വേദന തന്നെ ദുർഭരമാണു്. കൂട്ടത്തിൽ ഒരു പെറ്റമ്മ വേദന സഹിക്കാത നിലത്തു കിടന്നുരുണ്ടു നെഞ്ചിൽ തൊഴിച്ചു പലതും വിളിച്ചുപറയുന്നു. വിളിച്ചുപറയുന്ന ഓരോ വാക്കും പുതിയ പുതിയ വേദനകൾ സൃഷ്ടിക്കുകയാണു്. കരയാൻ തോന്നി. എങ്ങനെ കരയും? അമ്മയ്ക്കാണെങ്കിൽ കരയാൻ അവകാശമുണ്ടു്. അവൾക്കോ? ആളുകൾ എന്തു വിചാരിക്കും? ചങ്കുവരെ തുളച്ചുകയറിയ കരച്ചിൽ തീക്കട്ടപോലെ വിഴുങ്ങി. അകം മുഴുവൻ നീറുകയാണു്.
കുഞ്ഞാലിയെ ചികിത്സിച്ചു. ക്രമേണ അവനു ബോധം തിരിച്ചു കിട്ടി. കണ്ണു തുറന്നു. കണ്ണു തുറന്നു ചുറ്റുംനോക്കി. അടുത്തിരിക്കുന്നവരെ മനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ അവൻ ആദ്യമായി ചോദിച്ചതു പൊക്കനെപ്പറ്റിയാണു്.
ആ വിപത്തു സംഭവിക്കുമ്പോൾ പൊക്കനും അവന്റെ കൂടെയുണ്ടായിരുന്നെന്നു വ്യക്തം. അതുവരെ ആശയ്ക്കു വഴിയുണ്ടായിരുന്നു.
പൈതൽമരയ്ക്കാനും ദമയന്തിയും തെല്ലൊരാശ്വാസത്തോടെ കാത്തിരുന്നു. മകൻ തിരിച്ചുവരുമെന്നു് അവർ ആശിച്ചു. പക്ഷേ, കുഞ്ഞാലിയുടെ വിവരണം കേട്ടപ്പോൾ ആശകൾ മുഴുവനും തകർന്നു. ദമയന്തി കിടപ്പിലായി. ആരോടും ഒന്നും മിണ്ടാറില്ല. ഏറെ നിർബന്ധിച്ചാൽ മാത്രം രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇത്തിരി ആഹാരം വല്ലതും കഴിക്കും.
ദമയന്തിയെ ശുശ്രൂഷിക്കാനും അവിടെ ഭക്ഷണം പാകം ചെയ്യാനും ഒരാളില്ല. പാഞ്ചാലി പകലത്രയും പൈതൽമരയ്ക്കാന്റെ കുടിയിലാണു്. ആലോചിക്കാനും ദുഃഖിക്കാനും അവൾക്കു സമയം കിട്ടിയില്ല. പിടിപ്പതു ജോലിയുണ്ടു്. എല്ലാം കഴിഞ്ഞു വൈകീട്ടു സ്വന്തം കുടിയിലേക്കു മടങ്ങും. അച്ഛനു വേണ്ടുന്നതൊരുക്കും. അതു കഴിയുമ്പോൾ സന്ധ്യയാവും. എന്നും രാത്രി വന്നെത്താൻ അവൾ പ്രാർത്ഥിച്ചു. ഉറക്കൊഴിച്ചിരുന്നു കരയാം. ആരുംകാണില്ല. ഇഷ്ടതോഴിയോടെന്നവണ്ണം ആരും കാണാതെ കണ്ണീരൊഴുക്കിക്കൊണ്ടു തന്റെ വേദന മുഴുവനും രാത്രിയോടു് അവൾക്കു പറയാം. ആ കാര്യത്തിൽ മാത്രം അവൾ ഭാഗ്യവതിയാണു്.
രോഗം മാറി ശരീരം പൂർവ്വസ്ഥിതിയിലായശേഷം ഒരു ദിവസം കുഞ്ഞാലി അവളെ കാണാൻ വന്നു. ആ സന്ദർഭം അവൾക്കു് ആലോചിക്കാൻ വയ്യാ. പൈതൽമരയ്ക്കാന്റെ വീട്ടിലെ ജോലി കഴിഞ്ഞു കുടിയിൽ തിരിച്ചെത്തി. അടുപ്പിൽ തീപിടിപ്പിക്കുകയാണു്. പുറത്തുനിന്നു് ആരോ വിളിച്ചപോലെ തോന്നി. പരിചയമുള്ള ശബ്ദം. ആരായിരിക്കും? ഓടി മുറ്റത്തെത്തി. മുമ്പിൽ കുഞ്ഞാലി നിൽക്കുന്നു. എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി. വളരെ നാളായി കെട്ടിനിർത്തിയ വേദന ചിറകുപൊട്ടി.
ഓ! അതെന്തു കരച്ചിലായിരുന്നു! മറ്റാരും കാണാത്തതു ഭാഗ്യം. കുഞ്ഞാലിക്കു് എല്ലാമറിയാം. കുഞ്ഞാലിയോടു കൈമാറാത്ത രഹസ്യം പൊക്കനിലായിരുന്നു. സമാധാനിപ്പിക്കാൻ കുഞ്ഞാലി പറഞ്ഞ വാക്കുകളൊന്നും അവൾ കേട്ടില്ല. അന്യന്റെ മുമ്പിൽ അത്ര വലിയ ദൗർബ്ബല്യം കാട്ടുന്നതു് അന്നു നടാടെയാണു്.
കൂട്ടവെടി മുഴങ്ങുന്നതുകേട്ടു് അവൾ ഞെട്ടി. ഗുരുപുണ്യകാവിൽ സന്ധ്യവിളക്കു കഴിഞ്ഞതാവും. അന്നു കുഞ്ഞാലിയുടെ മുമ്പിൽ നിന്നു കരഞ്ഞിട്ടു പിന്നെ കാലമെത്ര കഴിഞ്ഞു! ഹൃദയഭാരം ഇനിയും ചുരുങ്ങീട്ടില്ല; ചുരുങ്ങുകയുമില്ല.
“മോളേ, പാഞ്ചാലീ, ഇങ്ങ് പോര് മോളേ.” അച്ഛൻ വിളിക്കുന്നു. കുറച്ചുകൂടി നിൽക്കാം. തണുപ്പുകാറ്റേൽക്കുമ്പോൾ സുഖം തോന്നുന്നു. ഉള്ളിലെ നീറ്റം കുറയ്ക്കാൻ അതിനു കഴിവില്ലെങ്കിലും പിന്നെയും അവൾ പലതും ആലോചിച്ചുകൊണ്ടു നിന്നു. കടലിൽ നല്ല നിലാവു് പരന്നു കിടക്കുന്നതുകൊണ്ടു വള്ളം വരുന്നതു കാണാം. അവൾ പ്രതീക്ഷിക്കുന്ന വള്ളം അങ്ങനെ മുന്നറിയിപ്പുകൂടാതെ ഒരു ദിവസം കരയ്ക്കണയില്ലേ?
മാളികയ്ക്കൽ പാട്ടും കളിയും നടക്കുന്നു. ആമിനയെ അവൾക്കറിയാം. ചെറിയ കുട്ടിയാണു്. ഇടയ്ക്കിടെ അവളുടെ കുടിയിൽ വരാറുണ്ടു്. കഴിഞ്ഞാഴ്ചകൂടി മറ്റു കുട്ടികളോടൊപ്പം പൂഴിയിലിരുന്നു പുത്താംകല്ലാടുന്നതു കണ്ടിട്ടുണ്ടു്. അവൾക്കു വിവാഹമാണത്രേ.
മുറ്റത്തിരിക്കുന്ന കുഞ്ഞിക്കണ്ണൻമരയ്ക്കാനു തല കനക്കുകയാണു്. ഉറക്കം വരുന്നു. ആ പൂഴിയിൽ തന്നെ ഒന്നു കിടന്നു മയങ്ങിയാലെന്തെന്നു തോന്നി. ഒരു ഓലക്കീറു വലിച്ചെടുത്തു് അതിൽ തല വെച്ചു് കിടന്നു. കിടക്കുമ്പോൾ ഒന്നു വിളിച്ചു:
“മോളേ, പാഞ്ചാലീ.”
“എന്താച്ഛാ?”
അവൾക്കു വരാറായിട്ടില്ല. കുറച്ചുകൂടി അവിടെ നിൽക്കട്ടെ. അവളുടെ മോഹം ഒന്നെങ്കിലും സാധിക്കണ്ടേ? പാവം! സഹിക്കുന്നു. ഒരു പരാതിയും പറയാതെ. ആലോചിച്ചുകൊണ്ടുതന്നെ ഉറങ്ങിപ്പോയി.
പിന്നെ, എന്തോ ബഹളം കേട്ടാണു് ഞെട്ടിയുണർന്നതു്. ഒന്നും മനസ്സിലായില്ല. ആകാശത്തിലേക്കു നോക്കി. നിലാവു് അസ്തമിക്കാൻ തുടങ്ങുന്നു. നേരം പാതിരാവു കഴിഞ്ഞു. പേടിപ്പെടുത്തുന്ന ഇരുട്ടു ചുറ്റും അടിഞ്ഞുകൂടുന്നു. പാഞ്ചാലി വന്നു കിടന്നില്ലേ?
“മോളേ?”
ഉത്തരമില്ല. പാലച്ചുവട്ടിൽ ചെന്നു നോക്കി. കാണാനില്ല. അകത്തു ചെന്നു കിടന്നിട്ടുണ്ടാവും. പറയാതെ ചെന്നു കിടന്നതെന്തു്? കുടിയിലേക്കു കയറി വിളിച്ചു:
“മോളേ”
ഉത്തരമില്ല. മുനിഞ്ഞു കത്തുന്ന വിളക്കിന്റെ തിരി നീട്ടി അകത്താകെ നോക്കി. കാണാനില്ല. പരിഭ്രമമായി. പിന്നെയും വിളിച്ചു. ഉറക്കെ വിളിച്ചു. ഉത്തരമില്ല. വിളക്കു പിടിവിട്ടു താഴെ വീണു.
കുഞ്ഞിക്കണ്ണൻമരയ്ക്കാൻ പുറത്തേക്കു ചാടി വീണ്ടും പാലച്ചുവട്ടിൽ ചെന്നു നോക്കി. ആദ്യം നോക്കിയപ്പോൾ കാണാത്തൊരു വിശേഷം. രണ്ടു പാലക്കൊമ്പുകൾ അടർന്നു വീണുകിടക്കുന്നു. സംശയമായി. അട്ടഹസിച്ചുകൊണ്ടുവിളിച്ചു.
“മോളേ, പാഞ്ചാലീ”
മറുപടിയില്ല. ചുള്ളിക്കാട്ടിൽ നിന്നു പ്രതിദ്ധ്വനി മുഴങ്ങി. ഒന്നും മനസ്സിലാവാതെ, എന്താണു് ചെയ്യേണ്ടതെന്നറിയാതെ, പൂഴിയിലൂടെ അങ്ങട്ടും ഇങ്ങട്ടും ഓടിനടന്നു വിളിച്ചു. ഒരു തുമ്പുമില്ല.
“എന്റെ കാവിലമ്മേ, ചതിച്ചോ?” ആരോടു പറയാൻ? കടപ്പുറത്തൊരു കുട്ടിയില്ല. കൂട്ടിന്നൊരാളെ എവിടെച്ചെന്നു വിളിച്ചാൽ കിട്ടും? കുഞ്ഞിക്കണ്ണൻമരയ്ക്കാൻ മകളുടെ പേരു് ഉച്ചത്തിൽ വിളിച്ചുകൊണ്ടു മാളികയ്ക്കലേക്കോടി.
അവിടെ തിരക്കാണു്. പുതിയമാപ്പിള വന്നുകഴിഞ്ഞു. ക്രമപ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചു. ‘സുപ്ര’വരിക്കാനുള്ള തിരക്കാണു്. ദേഹണ്ഡക്കാരുടെ അട്ടഹാസവും കുട്ടികളുടെ ബഹളവും മുട്ടും മുരിശും ചേർന്നുണ്ടാക്കുന്ന ശബ്ദവും ആകപ്പാടെ കോലാഹലം.
കുഞ്ഞിക്കണ്ണൻമരയ്ക്കാൻ നേരെ മുറ്റത്തുള്ള പന്തലിൽ ചെന്നു. നെഞ്ചിലടിച്ചു കരഞ്ഞുകൊണ്ടു സഹായത്തിനഭ്യർച്ചു. അവിടെ കൂടിയവർ ഒന്നും മനസ്സിലാവാതെ പരസ്പരം മിഴിച്ചുനോക്കി. ആലിക്കുട്ടി ബഹളംകേട്ടു് ഓടിവന്നു. കല്യാണപ്പന്തലിൽവന്നു തൊഴിച്ചു കരയുന്നതു ദുർന്നിമിത്തമാണു്. ആലിക്കുട്ടിക്കതു സഹിച്ചില്ല.
“പോടാ അബുട്ന്ന്” ആലിക്കുട്ടി അലറി.
“എന്റെ ആലിക്കുട്ട്യ്യാപ്ലേ, മോളെ പിടിച്ചോണ്ടു് പോയി.”
കുഞ്ഞിക്കണ്ണൻമരയ്ക്കാൻ പിന്നെയും കരഞ്ഞപേക്ഷിച്ചു. ആലിക്കുട്ടിക്കു് ശുണ്ഠികയറി.
“കടക്കെടാ ബെളിയിൽ!” കഴുത്തു പിടിച്ചു് ഊക്കിൽതള്ളി. കുഞ്ഞിക്കണ്ണൻമരയ്ക്കാൻ മറിഞ്ഞുവീണു. വീണേടത്തു കിടന്നു പിന്നെയും കരഞ്ഞു. ആളുകൾ കൂടി. കേട്ടും കേൾപ്പിച്ചും എല്ലാവരും വിവരമറിഞ്ഞു.
“എന്താടാ അബുടെ? കുട്ട്യാമു, പുതിയമാപ്പിള, വിളിച്ചു ചോദിച്ചു.
“ഒരു പെണ്ണിനെ പുടിച്ചോണ്ടു് പോയി.” ആൾക്കൂട്ടത്തിൽ നിന്നു് ആരോ ഉത്തരംപറഞ്ഞു.
“ആരെടാ പുടിച്ചോണ്ടു് പോയതു്? കുട്ട്യാമു വീണ്ടും ചോദിച്ചു.
“പറങ്ക്യേളാവും.” ദേഹണണ്ഡക്കാരുടെ കൂട്ടത്തിൽനിന്നു കുഞ്ഞാലിയാണു് പറഞ്ഞതു്.
കുട്ട്യാമുവിന്റെ ആജന്മശത്രുക്കളാണു് പറങ്കികൾ. ആ ശബ്ദം കേട്ടു് അവന്റെ കണ്ണുകൾ കലങ്ങി. പുരികം വളഞ്ഞു.
“എടാ, എന്നിറ്റെന്താ ങ്ങനെ മരംപോലെ നോക്കി നിക്ക്ന്നത്?”
തലയിൽക്കെട്ടു വലിച്ചെറിഞ്ഞു് കുട്ട്യാമു പുതിയമാപ്പിള വാളുമെടുത്തുമുമ്പോട്ടോടി; സുപ്രക്കെട്ടു വലിച്ചെറിഞ്ഞു പിന്നാലെ കുഞ്ഞാലിയും. വേറെ ഉശിരുള്ള ചെറുപ്പക്കാർ പലതും കൂട്ടത്തിൽ കൂടി.
ആലിക്കുട്ടി അവരെ തടുക്കാൻ ശ്രമിച്ചു. പുതിയമാപ്പിളയടക്കം ആരും ശ്രദ്ധിച്ചില്ല. എല്ലാവരും ഓടി ഇരുട്ടിലേക്കു മറഞ്ഞു. കല്യാണവീടു ശവപ്പറമ്പുപോലെ നിശ്ശബ്ദമായി.