കൂട്ടിലിട്ട സിംഹത്തെപ്പോലെ ജോ ഡിസിൽവ അക്ഷമനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. ചുരുട്ടുകൾ പുകഞ്ഞുതീരുന്നു. ഇടയ്ക്കിടെ കപ്പൽ ജോലിക്കാരെ വിളിക്കുന്നു. ശകാരിക്കുന്നു.
ഇതെല്ലാം എന്തിനാണു്?
ഫർണാണ്ടസ്സിനു മനസ്സിലായില്ല.
ഐദ്രോസിനും മനസ്സിലായില്ല.
തണ്ടുവലിക്കുന്ന അടിമകളിൽ ആർക്കുംതന്നെ മനസ്സിലായില്ല.
നങ്കൂരമിട്ടു നിൽക്കുന്ന കപ്പലുകളിൽ തണ്ടുവലിക്കാരിരിക്കുന്ന ബഞ്ചുകൾ മിക്കവാറും ഒഴിഞ്ഞുകിടപ്പാണു്. പകുതിയിലധികംപേരെ പ്രകൃതികോപവും പകർച്ചവ്യാധിയും മർദ്ദനവുംകൂടി പങ്കിട്ടെടുത്തു. ബാക്കിയുള്ളവർ വിശ്രമിക്കുന്നു. ദൈവം കരുണയുള്ളവൻ. അവന്നു സ്തുതി!
ആകാശത്തിന്റെ പടിഞ്ഞാറൻ ചരുവിൽ ചന്ദ്രൻ, ഒരു നാളികേരപ്പൊട്ടുപോലെ, വീണുകിടക്കുന്നു. കടൽവെള്ളത്തിനുമേലെ തത്തിക്കളിക്കുന്ന വെളിച്ചത്തിന്റെ രാപ്പാറ്റകളെ കിഴക്കൻമലയുടെ മൂർദ്ധാവിൽനിന്നു് ആവൽപറ്റംപോലെ പറന്നെത്തിയ ഇരുട്ടു് ഒന്നൊന്നായി പിടിച്ചുതിന്നുന്നു. പടിഞ്ഞാറുള്ള പ്രകാശവലയത്തിന്റെ പരിധി കാണെക്കാണെ കുറയുന്നു. അവ്യക്തതയും ഭയവും മുറ്റിനിൽക്കുന്ന ചുറ്റുപാടിൽ കടൽക്കാറ്റു നിന്നു തേങ്ങുന്നു.
കുത്തനെ നിൽക്കുന്ന തണ്ടുകൾക്കിടയിലൂടെ ഫർണാണ്ടസ് ഇരുണ്ട കടൽവെള്ളത്തിലേക്കു തുറിച്ചുനോക്കി. കാവിലെ ദീവട്ടികളും ദീപങ്ങളും വളരെ അകലത്താണു്. ഇരുട്ടിന്റെ മാറത്തുണ്ടായ “നീർപ്പൊള്ളൻ” പോലെ അവ നിറംമങ്ങി നിൽക്കുകയാണു്.
മുമ്പിൽ സുപരിചിതമായ വഴി. അപ്പനും അപ്പൂപ്പന്മാരും നായാട്ടിനിറങ്ങിയ വഴി. അവരുടെ പങ്കായത്തലപ്പു വരച്ചുണ്ടാക്കിയ രേഖകൾ അപ്പോഴും ആ വെള്ളത്തിൽ മയാതെ കിടപ്പുണ്ടെന്നു് അവനു തോന്നി.
ഇപ്പോൾ ഫർണാണ്ടസ് പൊക്കനെ പൊതിഞ്ഞുനിൽക്കുന്ന ഒരു പുറംതൊണ്ടുമാത്രമാണു്. കനംകുറഞ്ഞ പുറംതൊണ്ടു്. ഇരുട്ടിലൂടെ തുളഞ്ഞുകയഠുന്ന അവന്റെ ദൃഷ്ടികളിൽ വളയക്കടപ്പുറത്തിന്റെ ചിത്രം തെളിഞ്ഞുവന്നു.
ചുള്ളിക്കാടിനും പൂഴിപ്പരപ്പിനുമിടയിൽ വരിവരിയായി നിൽക്കുന്ന കുടിലുകൾ! പൂർവ്വപരിചയം മുൻനിർത്തി അവനോർത്തു:
ഇന്നു കുടിലുകൾ ഒഴിഞ്ഞുകിടക്കും. കടപ്പുറം വിജനമായിരിക്കും. എല്ലാവരും ഉത്സവത്തിനുപോകും.
“അമ്മേ!”
ഒരു തേങ്ങൽപോലെ ആ രണ്ടക്ഷരം പുറത്തുവന്നു.
അമ്മ പോവില്ല. വയ്യാതെ കിടക്കും. എപ്പോഴും മകനെത്തന്നെ ഓർക്കും, കരയും, ആരോടും മിണ്ടില്ല.
ദീർഘകാലം മുത്തപ്പൻ മരണവും കാത്തു കിടന്ന സ്ഥലത്തു് അങ്ങനെ അമ്മയുടെ പായും ചുരുൾ നിവർത്തി. കൈയേന്തിയാൽ തൊടാൻകഴിയുന്ന മട്ടിൽ എല്ലാം അടുത്തു നിൽക്കുമ്പോലെ അവനു തോന്നി. തണുപ്പുകാലത്തു് അച്ഛൻ അടുത്തിരുന്നു തീക്കായുകയും അമ്മ അത്താഴമൊരുക്കുകയും ചെയ്യുന്ന അടുപ്പു്, അതിനു ചുറ്റുമുള്ള മൺചട്ടികൾ, അടുപ്പിനുമേലെ കുടിലിന്റെ മോന്തായത്തിൽ പുകപിടിച്ചു് കറുത്തു തുങ്ങിനിൽക്കുന്ന ഉണക്കമീൻകൊട്ട-എല്ലാമെല്ലാം വ്യക്തമായി കാണുന്നു. നെറ്റിത്തടം കപ്പൽത്തണ്ടിൽ അമർത്തിവെച്ചു് അവൻ പതുക്കെ വിളിച്ചു: “അമ്മേ!”
“ഇതമ്മേ, പൊക്കനിതാ!”
“എണീറ്റ് അച്ഛനു് ചോറു കൊടുക്കമ്മേ. ”
കപ്പലിന്നടുത്തു കടൽവെള്ളത്തിൽ ഒരു മാലാൻ പുളച്ചുചാടി. ആ ശബ്ദം അവനെ യാഥാർത്ഥ്യത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. കൈയും കാലും കെട്ടി നിർത്തിയ ചങ്ങലയ്ക്കു വല്ലാത്ത കനം. ഒരു നെടുവീർപ്പോടെ അവൻ ഇരുട്ടിനോടു് ആവലാതി പറഞ്ഞു:
“എനിക്കു പ്രാന്താണു്.
ഒന്നും ഇനി ആലോചിക്കില്ലെന്നു തീരുമാനിച്ചു. ജനിച്ചു വളർന്ന മണ്ണിന്റെ മണവും പാലപ്പൂവിന്റെ പരിമളവും വഹിച്ചെത്തുന്ന കാറ്റു് അവന്റെ കാതിൽ മന്ത്രിച്ചു.
“അതോ, അതാണു് വളയക്കടപ്പുറം. ”
ആലോചിക്കാതെ വയ്യാ. കുടിലിന്റെ മുറ്റത്തെ മാവു പൂത്തോ? കോടി കായ്ക്കുന്ന മാങ്ങ പൊട്ടിച്ചു് ഉപ്പും കൂട്ടി തിന്നാൻ നല്ല രസമാണെന്നു് അന്നൊരിക്കൽ പാഞ്ചാലി പറഞ്ഞു. തൊട്ടാൽ കൈ കൊത്തിക്കളയുമെന്നു് അവൻ താക്കീതു നലകി.
“ആഹാ, എന്നാക്കാണാലോ!” പെണ്ണു വാശിപിടിച്ചു.
മാവു പൂത്തിരിക്കും. വാശിപിടിക്കാനും പിടിപ്പിക്കാനും ആളില്ലാത്തതുകൊണ്ടു ശ്രദ്ധിക്കാതെ അവളതിലെ കടന്നുപോയിട്ടുണ്ടാവും.
“എത്ര മാങ്ങ വേണെങ്കിലും നീ പൊട്ടിച്ചോ, പാഞ്ചാലീ. ഞാനന്നു കളിയായിട്ടു പറഞ്ഞതാ. ഇനി പറയാനെനിക്കാവില്ല. ഒന്നും വിചാരിക്കണ്ടാ. ” വളയക്കടപ്പുറത്തിന്റെ ഓരോ കോണും മൂലയും തൊട്ടുഴിഞ്ഞുകൊണ്ടു് അവന്റെമനസ്സു സഞ്ചരിച്ചു.
ഒന്നും മാറീട്ടില്ല.
അതാ, പാഞ്ചാലിക്കു പൂക്കൾസമ്മാനിക്കുന്ന ചമ്പകപ്പാല. ഒരു തുള്ളി കണ്ണീരവിടെ അടർന്നുവീണോ? അതിന്റെ മുരടു നനച്ചോ?
കുടിലിൽ അനക്കമില്ല. അവൾ നല്ല ഉറക്കമായിരിക്കും. അസമയമല്ലേ? അതല്ല, ഉത്സവത്തിനു പോയോ? ഹേയു്! പോവില്ല… എങ്ങനെ തീരുമാനിക്കും? പെണ്ണുങ്ങളുടെ മനസ്സല്ലേ…
ചുള്ളിക്കാടിനപ്പുറത്തുനിന്നു മൂങ്ങ ശബ്ദിക്കുന്നു. അങ്ങോട്ടു കുടന്നു. തിരിഞ്ഞുനോക്കാതെ നടന്നു. എങ്ങോട്ടാണീ യാത്ര!
“അല്ലാഹു-അക്ബർ…”
ബാങ്കുവിളി കേൾക്കുന്നു. പിന്നെയും മുമ്പോട്ടു നീങ്ങി.
നൊച്ചിപ്പൊന്തകൾ കാറ്റിൽ തലയാട്ടിനിൽക്കുന്ന പള്ളിപറമ്പു് കുഞ്ഞാലിയവിടെ മണ്ണിന്നടിയിൽ കിടന്നു ദ്രവിച്ചിട്ടുണ്ടാവും.
തലങ്ങും വിലങ്ങും കല്ലുകൾ നാട്ടിയിരിക്കുന്നു.
കുഞ്ഞാലി കിടക്കുന്നതെവിടെയാണു്? കണ്ടുപിടിക്കാൻ വിഷമം. എങ്കിലും അടുത്തെവിടെയോ കുഞ്ഞാലിയുണ്ടെന്നൊരു തോന്നൽ. പണ്ടു തോളിൽ കൈയിട്ടു നടക്കുമ്പോൾ, ക്ഷൗരംചെയ്തു മിനുസപ്പെടുത്തിയ കുഞ്ഞാലിയുടെ തല ചെവിക്കുറ്റിയിലുരഞ്ഞു വേദനിക്കാറുണ്ടായിരുന്നു. സ്നേഹമേൽപ്പിക്കുന്ന വേദനയ്ക്കും ഒരു സുഖമുണ്ടു്.
പൊക്കോ!”
ആരോ വിളിക്കുന്നു. കുഞ്ഞാലിയാണോ?
“പൊക്കോ!” പിന്നെയും വിളിക്കുന്നു. അതേ കുഞ്ഞാലിതന്നെ. ഇതാണു് മരിച്ചാലും മറക്കാത്ത സ്നേഹം.
“അവസാനം നിന്റെ പൊക്കൻ വന്നു, കുഞ്ഞാലീ. പലതും സഹിച്ചിട്ടു വന്നു. ”
കഴിഞ്ഞ കാര്യങ്ങൾ മുഴുവനും തുറന്നുപറയാനൊരു മടി. ഫർണാണ്ടസ്സിനെ കുഞ്ഞാലി വെറുത്തെങ്കിലോ?
അവനെ വെറുപ്പിക്കരുതു്.
“നീ മരിച്ചതു നന്നായി, കുഞ്ഞാലീ. ഒന്നും സഹിക്കാണ്ടും അറിയാണ്ടും നീ മരിച്ചല്ലോ. മരിക്കാനും ഈ പൊക്കനു കഴിഞ്ഞില്ല. നിന്നേം എന്നേം ചതിച്ചതു് ആലിക്കുട്ടിമാപ്പളയാ. ”
ആലിക്കുട്ടിയെപ്പറ്റി ഓർത്തപ്പോൾ വേദനയുടെ സ്ഥാനത്തു വിദ്വേഷം കയറിനിന്നു. കണ്ണീരൊഴുകി മുഖം നനയുന്നെങ്കിലും പല്ലുകൾ കൂട്ടിഞെരിച്ചു നിവർന്നിരുന്നു. ആലിക്കുട്ടിയെ ചതയ്ക്കണം. അവന്റെ സ്നേഹിതനുവേണ്ടി; അവനു വേണ്ടി.
കപ്പലിലെ പെരുമ്പറ ധൃതിയിലും ശക്തിയിലും ശബ്ദിച്ചു. അതു കേട്ടു പിന്നെയുമവൻ യാഥാർത്ഥ്യത്തിന്റെ പരുത്ത പാറപ്പുറത്തേക്കു തലകുത്തിവീണു.
കേട്ടു തഴമ്പിച്ച ശബ്ദമാണതു്.
ആ ശബ്ദത്തിന്നർത്ഥമുണ്ടു്. യാത്രയ്ക്കു തയ്യാറാവണം. തണ്ടുകൾ താഴണം. അടിമകൾ കൽപനയും കാത്തു് ഒരുങ്ങിയിരിക്കണം. അതാണതിന്റെ അർത്ഥം.
കുത്തനെ നിൽക്കുന്ന തണ്ടുകൾ താണു വെള്ളത്തിൽ ശബ്ദമുണ്ടാക്കി. അടിമകൾ തയ്യാറെടുത്തിരുന്നു. ആദ്യത്തെ സൂചന നൽകി പെരുമ്പറ നിശ്ശബ്ദമായപ്പോൾ അവർ പരസ്പരം നോക്കി.
ഏതു നരകത്തിലേക്കാണിനി യാത്ര? പൊള്ളുന്ന വെയിലും മരവിക്കുന്ന മഞ്ഞും കടലിനെ ഭ്രാന്തുപിടിപ്പിക്കുന്ന കാറ്റും പാമരത്തലപ്പത്തിരുന്നു ഗർജ്ജിക്കുന്ന ഇടിയും പ്രളയം സൃഷ്ടിക്കുന്ന മഴയും പ്രാണനെടുക്കാൻ വരുന്ന സന്ദർഭങ്ങൾ ഇനിയും നേരിടേണ്ടിവരുമോ? അടിമകൾക്കതാണു് ഭയം.
ഐദ്രോസ് ഒന്നു ചുമച്ചു. ഫർണാണ്ടസ് തിരിഞ്ഞുനോക്കി. അവരുടെ നോട്ടമിടഞ്ഞു. നോട്ടം കൊണ്ടവർ തെല്ലുനേരം സംസാരിച്ചു. ആശയം മുഴുവനും വ്യക്തമാവുന്നില്ലെന്നു തോന്നി. ഐദ്രോസ് പതുക്കെപ്പറഞ്ഞു;
“ആപത്തുണ്ടു്. ”
അതുണ്ടെന്നു ഫർണാണ്ടസ്സിനുമറിയാം. പക്ഷേ, എങ്ങനെയുള്ള ആപത്തെന്നു മനസ്സിലായില്ല. ഐദ്രോസ് തുടർന്നു:
“അബരെ തോണി പോയതെബിടെയ്ക്കാ?”
ആ ചോദ്യം കേട്ടപ്പോഴാണു് കാര്യത്തിന്റെ ഗൗരവം മുഴുവനും ഫർണാണ്ടസ് കണ്ടെത്തിയതു്. പണ്ടും ഇതുപോലെ സംഭവിച്ചിട്ടുണ്ടു്. പറങ്കികളുടെ ക്രൂരതയ്ക്കു് ആദ്യമായി സാക്ഷ്യം വഹിച്ചതന്നാണു്.
കപ്പലുകൾ നങ്കൂരമിട്ടു നിർത്തി ആരൊക്കെയോ തോണിയും തുഴഞ്ഞുപോയിട്ടുണ്ടു്. ജോ ഡിസിൽവ ക്ഷുഭിതനാണു്. പരാജയബോധം അയാളെ ഭ്രാന്തനാക്കീട്ടുണ്ടു്. രണ്ടുകൊല്ലത്തെ നിരന്തരയാത്രകൊണ്ടു് ഒന്നും നേടാൻ കഴിയാതെ ഗോവയിൽ തിരിച്ചു ചെല്ലണം. ഒരുവശത്തു് അപമാനഭാരം, മറുവശത്തു് അത്യാർഥി-രണ്ടിന്റെയും നടുവിൽ കിടന്നു പിശാചായി മാറിയ ആ മനുഷ്യൻ കൊള്ളയും കൊലയും തീവെപ്പും നടത്താൻ അനുയായികളോടു കൽപ്പിച്ചിട്ടുണ്ടാവും.
ഭാഗ്യംകെട്ട വളയക്കടപ്പുറമാണു് മുമ്പിൽ.
എന്തും സംഭവിക്കാം. ഐദ്രോസ് പറഞ്ഞതു ശരിയാണെന്നു ഫർണാണ്ടസ്സിനു തോന്നി. എന്തു സംഭവിച്ചാലും അതൊക്കെ കൈയും കെട്ടി നോക്കിയിരിക്കണം. എല്ലാറ്റിനും സാക്ഷിയാവണം. അതാണു് കഷ്ടം! സഹിക്കാൻ വയ്യാത്ത ഉദ്വേഗത്തോടെ അവൻ ഇരുട്ടിലേക്കു നോക്കിയിരുന്നു.
“ഇവിടെ കണ്ണില്ലാത്തതാ സുഖം. ”
ഗോവയിലെ തടവുമുറിയിൽ മാറ്റൊലി ചേർത്ത ആ ഘനഗംഭീരമായ ശബ്ദം ഒരശരീരിപോലെ കേൾക്കുന്നു. ഫർണാണ്ടസ് ഞെട്ടി. എന്തു്? എന്താണാക്കാണുന്നതു്?
മെലിഞ്ഞു നീണ്ട എല്ലുകൾ മുഴച്ചുനിൽക്കുന്ന ശരീരം, നരച്ച താടിയും തലയും പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുന്ന മുഖം, കണ്ണുകളുടെ സ്ഥാനത്തു പശതേച്ചൊടിച്ചപോലെ കൺപോളകൾ തമ്മിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന രണ്ടു കുഴി. ഇരുട്ടിൽ കടൽവെള്ളത്തിനുമേലെ ആ രൂപം നിൽക്കുന്നു.
കണ്ണുപൊട്ടൻ.
വിജനമായ ദ്വീപിൽ ജോ ഡിസിൽവ ഉപേക്ഷിച്ചുപോന്ന ആ കണ്ണുപൊട്ടൻ ഇപ്പോഴും കപ്പലുകളെ പിൻതുടരുകയാണോ? ആ മനുഷ്യൻ അടിമകൾക്കു നൽകിയ സന്ദേശം ഇപ്പോഴും കേൾക്കുകയാണോ?
“ഇവിടെ കണ്ണില്ലാത്തതാണു് സുഖം. ” ശ്രദ്ധിച്ചു: അതേ, ആ സന്ദേശംതന്നെ. സൂക്ഷിച്ചുനോക്കി. രൂപവും അതുതന്നെ. എന്തൊരത്ഭുതം! നോക്കുംതോറും ആ രൂപം ഫർണാണ്ടസ്സിനെ മാടിവിളിക്കുംപോലെ തോന്നി.
ആകസ്മികമായി ഐദ്രോസ് വിളിച്ചു; പതിവിനു ചേരാത്ത വിധം കുറച്ചു് ഉച്ചത്തിൽ. എന്തോ സംഭവിച്ചെന്നു കരുതി ഫർണാണ്ടസ് തല തിരിച്ചു.
തോണികൾ ധൃതിവെച്ചു വരുന്ന ശബ്ദം. കപ്പൽത്തട്ടിലുള്ളവർ അങ്ങോട്ടുമിങ്ങോട്ടും ബദ്ധപ്പെട്ടു നടക്കുന്നു. ജോ ഡിസിൽവ പകച്ചു നോക്കുന്നു.
എന്താണു് സംഭവിക്കാൻ പോകുന്നതു്?
നെഞ്ചമർത്തിപ്പിടിച്ചുകൊണ്ടു ഫർണാണ്ടസ് കുനിഞ്ഞിരുന്നു. എന്തും സംഭവിക്കട്ടെ. ഒന്നും കാണാൻ വയ്യാ. എത്ര അമർത്തിപ്പിടിച്ചിട്ടും നെഞ്ചിടിപ്പു കുറയുന്നില്ല.
ബഹളം വർദ്ധിക്കുന്നു. തോണികൾ കപ്പലിന്നടുത്തു വന്നു നിൽക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചുപറയുന്നു. ഒന്നും വ്യക്തമല്ല. ഹൃദയത്തിന്റെ മിടിപ്പു് അത്രയും ഉച്ചത്തിലാണു്. ജീവിതത്തിലൊരിക്കലും ഇത്ര വലിയ ദൗർബല്യം ഫർണാണ്ടസ്സിനെ ബാധിച്ചിട്ടില്ല.
ഐദ്രോസ് വിളിക്കുന്നു.
വിളിക്കട്ടെ.
നിമിഷങ്ങൾ ഇരുമ്പുകട്ടിപോലെ കനത്തു തൂങ്ങുന്നു. ഒട്ടും നീങ്ങുന്നില്ല.
വല്ലാത്ത വിഷമം.
ഒന്നും സംഭവിക്കരുതേയെന്നു ഫർണാണ്ടസ് പ്രാർത്ഥിചു. പണ്ടൊക്കെ എന്തും പല്ലുകടിച്ചു സഹിക്കാമായിരുന്നു. ഇന്നു് ആ കഴിവു നഷ്ടപ്പെട്ടിരിക്കുന്നു.
അതാ, പിന്നെയും ഐദ്രോസ് വിളിക്കുന്നു; വിളിക്കട്ടെ. ഒന്നും കാണാൻ വയ്യാ. തലപൊക്കില്ലെന്നുതന്നെ അവൻ തീരുമാനിച്ചു.
ആളുകൾ ഓടുകയും പിടിച്ചുകയറുകയും ചെയ്യുന്ന ശബ്ദം. കപ്പൽകിടന്നാടുന്നു. നല്ല വെളിച്ചം. പന്തങ്ങൾ തെളിയിച്ചുണ്ടാവും. ആരെങ്കിലും കരയുന്നുണ്ടോ? ഇല്ല.
ഇരിക്കുന്ന ബഞ്ചു കുലുങ്ങി. ഐദ്രോസ് ചങ്ങലക്കെട്ടിൽകിടന്നു പിടയുന്നതെന്തിനു്? കുനിഞ്ഞിരുന്നുകൊണ്ടുതന്നെ അവൻ തീരുമാനമെടുത്തു.
“എന്തുവന്നാലും നോക്കില്ല. ഇവിടെ കണ്ണില്ലാത്തതാണു് സുഖം. ”
കപ്പലിലെ ബഹളം കുറയുകയും പ്രകാശം കൂടുകയും ചെയ്യുന്നു. ജോ ഡിസിൽവയുടെ ശബ്ദം കേൾക്കുന്നു. എന്താണു് കല്പിക്കുന്നതു്?
ഇനിയും തോണികൾ വരാനുണ്ടു്. അവയെപ്പറ്റി അന്വേഷിക്കുകയാണു്.
“എടാ, ഹമുക്കേ!” ഐദ്രോസിന്റെ അട്ടഹാസംകേട്ടു ഫർണാണ്ടസ് ഞെട്ടി. തീരുമാനം മാറ്റിവെച്ചു് കുറ്റബോധത്തോടെ തലപൊക്കി നോക്കി. ഐദ്രോസ് മുറിവേറ്റ സിംഹത്തെപ്പോലെ കപ്പൽത്തട്ടിലേക്കു നോക്കി ഗർജ്ജിക്കുകയാണു്.
എന്താണിവിടെ?
ജ്വലിക്കുന്ന പന്തങ്ങൾ പിടിച്ചു പട്ടാളക്കാർ ചുറ്റിലും നിൽക്കുന്നു. കപ്പിത്താൻ ഉത്സാഹത്തോടെ കൊള്ളമുതൽ പരിശോധിക്കുന്നു.
“എടാ, അവളെ പാമരത്തോടു ചേർത്തു കെട്ടു്. ” കപ്പിത്താൻ സ്വന്തം ഭാഷയിൽ കല്പിച്ചു. ഫർണാണ്ടസ്സിനതറിയാം. “ഇങ്ങനെ കിടത്തിയാൽപോരാ; നല്ലവണ്ണമൊന്നു കാണട്ടെ. ”
ആ നിർഭാഗ്യവതി ആരാണെന്നു ഫർണാണ്ടസ് സൂക്ഷിച്ചുനോക്കി. ആരായിട്ടെന്തു്? ചങ്ങലക്കെട്ടിൽ കുടുങ്ങിയവനെന്തുചെയ്യാൻ കഴിയും? ഈ മഹാപാപത്തിനൊരവസാനമില്ലേ?
കൈകൾ പിന്നിൽ ചേർത്തു് അവളെ കെട്ടുകയാണു്. ചുറ്റും പട്ടാളക്കാരുള്ളതുകൊണ്ടു് കാണാൻ വിഷമം. കെട്ടിക്കഴിഞ്ഞു പട്ടാളക്കാർ പിൻവാങ്ങി.
“ആരാണതു്?”
ഒന്നേ നോക്കിയുള്ളു. തലയോട്ടിൽ ഒരിടിവെടി. ഹൃദയസ്പന്ദനം നിലച്ചു. ഫർണാണ്ടസ് ശവംപോലെ മരവിച്ചിരുന്നു.
അതു പാഞ്ചാലിയായിരുന്നു.
കാലദോഷത്തിന്റെ അവസാനത്തെ അടിയാണേറ്റതു്. ശക്തിമത്തായ അടി. അതു മർമ്മസ്ഥാനത്തുതന്നെ കുടുങ്ങി. അനങ്ങാൻ വയ്യാ. കാലത്തെപ്പറ്റിയും പരിസരത്തെപ്പറ്റിയുമുള്ള ബോധം നശിച്ചു. ശബ്ദവും ചലനവും അസ്തമിച്ചു…
മരിക്കുകയാണോ?
എങ്കിൽ ഭാഗ്യമായിരുന്നു.
ക്രമേണ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു് ഒരു ശബ്ദം ഉയർന്നു വന്നു. അതു ചുണ്ടിലെത്തിയപ്പോൾ ഒരു ദീനവിലാപമായി പുറത്തേക്കൊഴുകി:
“പാ… ഞ്ചാ… ലീ…”
തല കറങ്ങുകയാണു്. കറങ്ങിക്കറങ്ങി കഴുത്തിൽനിന്നതു് ഒടിഞ്ഞുതൂങ്ങി. താടിയെല്ലു നെഞ്ചിൽ ചെന്നുമൂടി…
ഐദ്രോസ് ആ രംഗം കണ്ടു് അമ്പരന്നു.
കൊള്ളമുതൽ പോരാ. അടിമകളെ കിട്ടിയതു പോരാ. കപ്പിത്താൻ കലികൊണ്ടു പട്ടാളക്കാരെ ശകാരിച്ചു. തട്ടിക്കൊണ്ടുവന്ന പെണ്ണുശവംപോലെ ബോധംകെട്ടു കിടക്കുന്നു. പട്ടാളക്കാർ ഭയപ്പെട്ടു പിന്മാറി ഓരോ കോണിൽ ചെന്നു നിന്നു.
ഇനിയും തോണികൾ വരാനുണ്ടു്. കൊള്ളമുതൽ ധാരാളമായികിട്ടും. കൂടുതൽ അടിമകളുണ്ടാവും. അവസാനത്തെ ആശയുംവെച്ചു കപ്പിത്താൻ കടലിലേക്കു നോക്കി നിൽക്കുമ്പോൾ നല്ല നിമിത്തം പോലെ പിന്നെയും തോണികൾവരുന്ന ശബ്ദംകേട്ടു. അവ അടുത്തെത്തുന്നതിനുമുമ്പുതന്നെ അയാൾവിളിച്ചു ചോദിച്ചു;
“കുരുമുളകുണ്ടോ?”
ഉത്തരമില്ല.
“കറുത്ത പെണ്ണുണ്ടോ?”
തോണിയിൽ വെളിച്ചംപോലുമില്ല. എങ്കിലും അവ വരുന്നുണ്ടു്. വരട്ടെ. നല്ല നേട്ടങ്ങളോടുകൂടിയല്ല വരുന്നതെങ്കിൽ എല്ലാറ്റിനെയും ചതച്ചു വിടണമെന്നു കപ്പിത്താൻ തീരുമാനിച്ചു. എല്ലാം വേഗത്തിൽ പരിശോധിക്കാനുള്ള ധൃതിയിൽ പന്തങ്ങളെടുത്തു കടലിലേക്കു നീട്ടിപ്പിടിക്കാൻ കപ്പിത്താന്റെ കൽപ്പനയായി. പട്ടാളക്കാർ അനുസരിച്ചു.
ഐദ്രോസ് ഇരിക്കുന്നതിന്റെ പിറകിൽ എന്തോ ചില ശബ്ദം കേൾക്കുന്നു. അവൻ തിരിഞ്ഞുനോക്കി. എന്താണതു്? ആരൊക്കെയോ നെടുതായി നിശ്വസിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്യുന്നു.
ഏതാനും പേർ കപ്പലിൽ ചാടിക്കയറി. കൈയിൽ വാളുയർത്തി പിടിച്ചിട്ടുണ്ടു്. വെളിച്ചം മറുഭാഗത്തായതുകൊണ്ടു തിരിച്ചറിയാൻ വിഷമം.
പറങ്കികളല്ല. അവരെന്തിനു കപ്പലിൽ ഒളിച്ചുകയറണം? ഐദ്രോസിനു് ആലോചിച്ചു് ഒരു തീരുമാനമെടുക്കാൻ കഴിയുന്നതിനുമുമ്പു് പത്തുപന്ത്രണ്ടുപേർ കപ്പലിൽ കയറിക്കഴിഞ്ഞു. മിന്നൽപ്പിണറിന്റെ വേഗത്തിൽ അവർ മുമ്പോട്ടു ചാടി. കൊള്ളമുതലും അടിമകളും വന്നെത്തുന്നതു പ്രതീക്ഷിച്ചു കടലിലേക്കു നോക്കി നിൽക്കുന്ന കപ്പിത്താനെയും കൂട്ടുകാരെയും അവർ പിൻവശത്തുനിന്നു് എതിർത്തു.
അവിചാരിതമായ സംഭവം. പറങ്കികൾ പരിശ്രമിച്ചു. ആയുധം തേടി ഓടുന്ന തിരക്കിൽ നാലഞ്ചുപേർ വെട്ടേറ്റു വീണു.
“അല്ലാഹു അക്ബർ!” ഐദ്രോസ് ആവേശംകൊണ്ടു് ആർത്തു വിളിച്ചു. മുറയ്ക്കൊരു യുദ്ധമാണു് തുടങ്ങിയതു്. പന്തങ്ങൾ കടലിലേക്കെറിഞ്ഞു പറങ്കികൾ ആയുധം ധരിച്ചു നിമിഷം കൊണ്ടു് പുതിയ ശത്രുക്കളെ ചെറുത്തു.
യുദ്ധമാണു്. മുറയ്ക്കുള്ള യുദ്ധം. വെട്ടലും തടുക്കലും പരസ്പരം ശകാരിക്കലും ഗർജ്ജിക്കലും. അടിമകൾക്കു് ഉത്സാഹമായി. ക്ഷീണിച്ചു വശംകെട്ടു കിടക്കുന്നവരുടെ കണ്ണുകൾ തെളിഞ്ഞു. അവരുടെ ഭാഗ്യവും നിർഭാഗ്യവും തമ്മിലാണു്. സ്വാതന്ത്ര്യവും പാരതന്ത്യവും തമ്മിലാണു്. കപ്പൽത്തട്ടിൽവചു് ഏറ്റുമുട്ടിയതു്. ഏതു ജയിക്കുമെന്നു് അവർ ഉറ്റുനോക്കി.
രക്ഷപ്പെടാനുള്ള ഏറ്റവും വലിയ സന്ദർഭം. ഐദ്രോസ് മുമ്പിലും പിമ്പിലും നോക്കി. ഇരിക്കുന്ന ബഞ്ചുപൊട്ടിക്കണം; ചങ്ങല പൊട്ടിക്കണം. താഴത്തുനിങ്ങിയിരുന്നുകൊണ്ടു് ബഞ്ചിനിടിച്ച നോക്കാം.
ഉള്ള ശക്തിയത്രയും സംഭരിച്ചു് ഇടിച്ചു. ബഞ്ചു കുലുങ്ങി. ഒപ്പം ഫർണാണ്ടസ്സും. കുലുക്കം ഒരനുഗ്രഹമായി. അവൻ കണ്ണുമിഴിച്ചു.
“എടാ, രച്ചപ്പെടണോ?” ഐദ്രോസ് ചോദിച്ചു “ബേണേങ്കിൽ ആണിനെപ്പോലെ പണി നോക്ക്. ”
വാളുകൾ കൂട്ടിമുട്ടുന്നു. ഒരു യുദ്ധമാണു് നടക്കുന്നതു്. മങ്ങിയ വെളിച്ചത്തിൽ അവൻ എല്ലാം കണ്ടു. അപ്പുറം പാഞ്ചാലിയുണ്ടു്. അവന്റെ പാഞ്ചാലി.
“എടാ ഹമുക്കേ, ആണിനെപ്പോലെ കൈയും വീശി നടക്കണോ? ആ പെങ്കുട്ടീനെ രച്ചിക്കണോ?” ഐദ്രോസ് ഫർണാണ്ടസ്സിന്റെ പൗരുഷം ഊതിക്കത്തിക്കുകയാണു്.
അതു കത്തി. അതിന്റെ ജ്വാലകൾ ചുറ്റും പടർന്നു. പാഞ്ചാലിയെ രക്ഷിക്കണം. പറങ്കികളോടു പകരം വീട്ടണം. ഒരതിമാനുഷന്റെ ശക്തിയോടെ ഫർണാണ്ടസ് എഴുന്നേറ്റുനിന്നു. അഭ്യാസബലത്തോടെ അമർന്നു തടിച്ചുയർന്ന തോളിട്ടു ബഞ്ചിനിടിച്ചു.
ബഞ്ചു കുലുങ്ങി. കപ്പൽപ്പലകയോടു ചേർത്തു് ആണിയടിച്ച അതിന്റെ അടിഭാഗം ചിതറി. മറിഞ്ഞുവീണ ബഞ്ചിന്റെ നടുവിൽ ഊക്കോടെ അവൻ ചവിട്ടി. അതു ഭയങ്കരശബ്ദത്തോടെ പൊട്ടുകയും ചിതറുകയും ചെയ്തു.
മോചനത്തിന്റെ ആദ്യകിരണം പ്രത്യക്ഷപ്പെടുകയാണു്. ചങ്ങലയിൽക്കുടുങ്ങിയ കൈ ബഞ്ചിന്റെ കഷ്ണത്തിൽ നിന്നു് രക്ഷപ്പെടുത്തണം. രണ്ടുപേരും കൂടിച്ചേർന്നാൽ അതു എളുപ്പം സാധിക്കും. പിന്നെ പ്രതിബന്ധമൊന്നുമില്ല. എല്ലാറ്റിനെയും അടിച്ചുകൊന്നു പാഞ്ചാലിയെയും എടുത്തുകൊണ്ടു വളയക്കടപ്പുറത്തെത്താം.
പാവം! കുഞ്ഞിക്കണ്ണൻമരയ്ക്കാൻ ഹൃദയംപൊട്ടി മരിക്കുന്നതിനുമുമ്പു മകളെ കൊണ്ടുചെല്ലണം.
രണ്ടുപേരും കുടി ശ്രമിച്ചു. ഐദ്രോസിന്റെ വലത്തുകൈയ്ക്കുള്ള ചങ്ങല പിടിച്ചുമുറുക്കി ഫർണാണ്ടസ് പൊട്ടിച്ചു. അറ്റുതുങ്ങുന്ന ഒരു കഷണം ചങ്ങലയോടുകൂടി ഐദ്രോസിന്റെ ആ കൈ വർഷങ്ങൾക്കു ശേഷം സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചു. മറ്റെ കൈകൂടി രക്ഷപ്പെട്ടാൽ ഒരു നിമിഷംകൊണ്ടു ഫർണാണ്ടസ്സിനെയും മോചിപ്പിക്കാം. ഐദ്രോസ് അതിനുള്ള ശ്രമമായി.
പരസഹായമില്ലാതെ ചങ്ങല പൊട്ടിക്കാൻ ഫർണാണ്ടസ് പരിശ്രമിച്ചു. കൈകൾ സ്വതന്ത്രമായിട്ടു വേണം ഒറ്റക്കുതിക്കു പാമരത്തിനടുത്തെത്താൻ! കെട്ടുകൾ പൊട്ടിക്കണം. പാഞ്ചാലിയെ വാരിയെടുക്കണം. അടുത്തു് അവളെ കണ്ടിട്ടു് കാലമെത്രയായി! താടിയും തലയും വളർന്നു പ്രാകൃതരൂപിയായ തന്നെക്കണ്ടാൽ അവൾക്കു മനസ്സിലാകുമോ? എല്ലാം പറഞ്ഞു മനസ്സിലാക്കാം. സാരമില്ല. ശബ്ദം കേട്ടാൽ അവൾ തിരിച്ചറിയും.
കൊളുത്തിപ്പിടിച്ച പന്തവുമായി പുതിയ ഒരു സംഘം കപ്പലിലേക്കു വന്നു. കൂടുതൽ വെളിച്ചം പരന്നു കണ്ടപ്പോൾ ഫർണാണ്ടസ് തിരിഞ്ഞുനോക്കി. അടുത്ത കപ്പലുകളിൽ നിന്നു് സഹായത്തിനു പറങ്കികൾ വന്നതാണു്.
കുട്ട്യാമുപ്പുതിയമാപ്പിളയും കുഞ്ഞാലിയും പുറത്തോടു പുറം ചേർന്നു് നിന്നു് വീറോടെ പൊരുതുകയാണു്. അവരുടെ വാൾച്ചീറ്റം പറങ്കികളെ കിടിലംകൊള്ളിച്ചു. അഭ്യാസമിടുക്കാർന്ന കരുത്തരായ ആ യോദ്ധാക്കളാരെന്നു ഫർണാണ്ടസ് സൂക്ഷിച്ചുനോക്കി.
കുഞ്ഞാലി!
കണ്ണുകളെ വിശ്വസിക്കാമോ? പിന്നെയും പിന്നെയും നോക്കി. അതെ, കുഞ്ഞാലിതന്നെ. കൈകളിലെ ചങ്ങല പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ടു് ഫർണാണ്ടസ് ആവേശത്തോടെ വിളിച്ചുപറഞ്ഞു:
“ഇതാ, കുഞ്ഞാലീ! നിന്റെ പൊക്കനിതാ. ”
കുഞ്ഞാലിയുടെ കണ്ണുകൾ തിളങ്ങുന്നു. അവൻ ആ ശബ്ദം കേട്ടിരിക്കണം. പുതിയ ചൈതന്യം നേടിക്കൊണ്ടാണു് അവൻ വെട്ടുന്നതു്.
ആർത്തുവിളിച്ചുകൊണ്ടു പിന്നെയും പറങ്കികൾ കപ്പലിലേക്കു കയറിവരുന്നു. ഒരു സംഘം ഫർണാണ്ടസ്സിനെയും ഐദ്രോസിനെയും വളഞ്ഞുപിടിക്കാൻ എത്തുന്നു.
ഭാഗ്യം! ഐദ്രോസിന്റെ ഇടത്തുകൈ പൂർണമായും രക്ഷപ്പെട്ടു. വലത്തുകൈയിലെ ചങ്ങലക്കഷ്ണം ചുഴറ്റിക്കൊണ്ടു് അവൻ മുമ്പോട്ടു നീങ്ങി. ആയുധമേന്തിനിൽക്കുന്ന പറങ്കികളുടെ നടുവിലേക്കു ചാടി. ചങ്ങലക്കഷ്ണം വീശി നാലുപുറവും അവൻ തല്ലി. തല്ലുകൊണ്ടവർ വീണു. വീണവർ എഴുന്നേറ്റില്ല.
അഞ്ചാറുപേർ ഒരുമിച്ചു ഫർണാണ്ടസ്സിന്റെ മേൽ ചാടിവീണു. അവൻ കുതറി നോക്കി. അനങ്ങാൻ വയ്യാ. അവർ പിടിമുറുക്കുകയാണു്. കൈകൾ ചങ്ങലയിൽ നിന്നു രക്ഷപ്പെടാത്തതുകൊണ്ടു് ഒന്നും ചെയ്യാൻ വയ്യാ. പിന്നെയും നിർഭാഗ്യം അവനെ കീഴടക്കുകയാണോ?
ഐദ്രോസിനു തിരിഞ്ഞുനോക്കാൻ വയ്യാ. അവന്റെ നേർക്കുയരുന്ന വാളും വെണ്മഴുവും കണ്ണുതെറ്റിയാൽ പ്രാണനപഹരിക്കും. അല്ലാഹു കരുണയുള്ളവനാണു്. വലതുകൈയിന്റെ മണികണ്ഠത്തിൽ തൂങ്ങുന്ന ചങ്ങലക്കഷ്ണം ഒരു വരായുധമെന്നപോലെ അവനുപയോഗിക്കാൻ കഴിഞ്ഞു. പറങ്കികളിൽ പലരുടെയും തലച്ചോറിന്റെ വലുപ്പം അളന്നുകൊണ്ടു് ആ ചങ്ങല ആകാശത്തിൽ പുളഞ്ഞു. അവന്റെ ലക്ഷ്യം പാമരമാണു്. ഊക്കിൽ തല്ലിക്കൊണ്ടവൻ മുമ്പോട്ടു നീങ്ങി. ലക്ഷ്യം അടുക്കുകയാണു്. ഒന്നിനുപുറകെ മറ്റൊന്നായി പറങ്കികൾ അവന്റെ നേർക്കു പാഞ്ഞടുക്കുന്നുണ്ടു്. അവർ എണ്ണത്തിൽ അത്ര പെരുകീട്ടുണ്ടു്.
ഐദ്രോസ് കൂട്ടാക്കിയില്ല. പാഞ്ചാലിയെ കെട്ടഴിച്ചു് ഒരു കുഞ്ഞിനെയെന്നപോലെ തോളിൽകിടത്തി ശത്രുക്കളെ തള്ളിമാറ്റിയും തള്ളി വീഴ്ത്തിയും ഐദ്രോസ് കപ്പലിന്റെ അറ്റത്തെത്തി; മുമ്പും പിമ്പും നോക്കാതെ കടലിലേക്കെടുത്തുചാടി. ഫർണാണ്ടസ് അതു കണ്ടോ? ഇല്ല. അവനെ ശത്രുക്കൾ വളഞ്ഞു പിടിച്ചു കൈയും കാലും കെട്ടുകയാണു്.
കുട്ട്യാമുവും കുഞ്ഞാലിയും വീറോടെ പൊരുതി. എണ്ണത്തിൽ കൂടുതലുള്ള പറങ്കികളുടെ വെട്ടേറ്റു കൂട്ടുകാർ മുഴുവനും നിലംപൊത്തി. ഒട്ടും പതറാതെ അവർ പിന്നെയും ഉറച്ചുനിന്നു. ഏറെനേരം അങ്ങനെ പൊരുതാനവർക്കു കഴിഞ്ഞില്ല. ആദ്യം വീണതു കുഞ്ഞാലിയാണു്. കുഞ്ഞാലി വീണപ്പോൾ കുട്ട്യാമുവിന്റെ പുറത്തു് അതികഠിനമായൊരു വെട്ടേറ്റു. ആ ധീരനും വീണു.
യുദ്ധം അവസാനിച്ചു. ചോരയിൽകുളിച്ചു കപ്പൽത്തട്ടിൽ വീണു കിടക്കുന്ന കുഞ്ഞാലിയെയും കുട്ട്യാമുവെയും നോക്കി ജോ ഡിസിൽവ അലറി:
“ഈ മുറുകളെ തറച്ചു് അവരുടെ മാംസം കടലിൽ കലക്കൂ. മത്സ്യം തിന്നട്ടെ. എന്നിട്ടു് ആ മത്സ്യത്തെ ചൂണ്ടയിട്ടു പിടിച്ചു് വൈസ്രോയിക്കു് കാഴ്ചവെക്കണം. ”