images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
പതിനാറു്

കരിങ്കൽപ്പാറയുമായി നിരന്തരസമ്പർക്കമുള്ളതുകൊണ്ടാവണം, ഫർണാണ്ടസ്സിന്റെ മനസ്സിന്നു കടുപ്പം കൂടി. വെട്ടാൻ കൊണ്ടുപോവുന്ന ആടുകളുടെ കരച്ചിൽ കേട്ടാൽ മനസ്സിനിപ്പോൾ ഒട്ടും വിഷമം തോന്നാറില്ല. കടൽത്തിരകളിലും കടലോരത്തെ കുടിലുകളിലും പണ്ടൊക്കെ മനസ്സു പരിഭ്രമിച്ചോടാറുണ്ടായിരുന്നു. ഇന്നു് ഒന്നിലും പരിഭ്രമമില്ല. ഒന്നും ചിന്തിക്കാറുമില്ല. ഇടയ്ക്കിടയ്ക്കു് ആരോ ചെവിയിൽ മന്ത്രിക്കുംപോലെ തോന്നും.

രക്ഷപ്പെടണം.

രാത്രിയായാൽ കൈകളെ ബന്ധിച്ച ചങ്ങല പിടിച്ചു പിരിയുടച്ചു നോക്കും. അതൊന്നുപൊട്ടിയെങ്കിൽ! പലതും ചെയ്യാനുണ്ടു്. യൗവനം ഇങ്ങനെ ചങ്ങലക്കുടുക്കിൽ കിടന്നു ദ്രവിച്ചുപോകാനുള്ളതാണോ? അഭിലാഷങ്ങളൊക്കെ മനസ്സിൽ തളംകെട്ടിനിന്നു വറ്റിപ്പോകുമോ? അതാണു് ഭയം.

എട്ടുകൊല്ലം കഴിഞ്ഞു.

ഇരുമ്പുപട്ടയിട്ടു ഭാരം കേറ്റിയുരുളുന്ന കാളവണ്ടിച്ചക്രം പോലെ കാലം ജീവിതത്തിലൂടെ അരിച്ചരിച്ചു നീങ്ങി. ഒന്നിനും ഒരു മാറ്റമില്ല. ചുറ്റുപാടൊക്കെ അങ്ങനെത്തന്നെയുണ്ടു്. പക്ഷെ, അറവുകാരൻ പരൈരയുടെ ഭാര്യ മക്കളെ പെറ്റുകൂട്ടുന്നു. ആദ്യമാദ്യം പിറന്നതു വലുതാവുന്നു. അതു മാത്രമാണു് മാറ്റത്തിന്റെ തെളിവു്. ഗോവയ്ക്കു പുറത്തുള്ള ലോകത്തിലും ഇങ്ങനെയാണോ? സ്ത്രീകൾ പ്രസവിക്കുന്നതിലും കുഞ്ഞുങ്ങൾ വലുതാവുന്നതിലും കവിഞ്ഞ മാറ്റമൊന്നുമില്ലേ?

ഫർണാണ്ടസ് അറിയുന്നില്ലെന്നു മാത്രം. മിന്നൽ വേഗത്തിലാണു് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു്. ഗോവയിൽപ്പോലും പുതിയ മാറ്റത്തിന്റെ കുലുക്കങ്ങൾ അനുഭവപ്പെട്ടു.

കഴിഞ്ഞ എട്ടുകൊല്ലത്തിനിടയ്ക്കു് മൂന്നുതവണ ഗോവാതുറമുഖത്തു കുഞ്ഞാലിമരയ്ക്കാരുടെ പടക്കപ്പലുകൾ പീരങ്കിയുണ്ടകളുതിർത്തു. നങ്കൂരമിട്ടു നിൽക്കുന്ന കപ്പലുകളിൽ പലതും വെണ്ണീറായി. പോർച്ചുഗലിലേക്കു കടത്തിക്കൊണ്ടുപോകാൻ ശേഖരിച്ചുവെച്ച വിലപിടിപ്പുള്ള സാധനങ്ങൾപലതും കൊള്ളചെയ്തു. കപ്പലുകളിലും തുറമുഖത്തും ജോലി ചെയ്യുന്ന അടിമകളെ മോചിപ്പിച്ചുകൊണ്ടുപോയി.

കറുത്ത മനുഷ്യരുടെ കരബലത്തിനു മുമ്പിൽ വെള്ളക്കാരൻ തല കുനിച്ചു. അറബിക്കടലിൽ സ്വൈരസഞ്ചാരത്തിനും തട്ടിപ്പറിക്കും സൗകര്യമില്ലെന്നായി. എവിടെ നോക്കിയാലും മരയ്ക്കാരുടെ കപ്പൽ വിഴുങ്ങാനൊരുങ്ങിക്കൊണ്ടുവരുന്നു. മരണഭയമില്ലാത്ത നാവികരാണു്. നല്ല പീരങ്കികളുണ്ടു്. നേരിട്ടുള്ള മൽപിടുത്തത്തിലും വാൾപ്പയറ്റിലും അവരെ തോൽപ്പിക്കാൻ പറ്റില്ല. ‘ഞങ്ങൾ സമുദ്രത്തിനധീശരാ’ണെന്നു വീമ്പുപറഞ്ഞുവന്നവർക്കു് തലയും താഴ്ത്തി ഒളിച്ചോടേണ്ടിവന്നു. പോർച്ചുഗലിൽനിന്നു് കപ്പലുകൾക്കു വമ്പിച്ച തോതിൽ സൈനികമായ അകമ്പടികൾ ഏർപ്പെടുത്തേണ്ടിവന്നു. എന്നാൽത്തന്നെയും ഏറ്റുമുട്ടലുകൾ നടക്കും. നടന്നാൽ കനത്ത നഷ്ടമനുഭവിക്കണം. പറങ്കികൾ ഈ അധഃപതനം ഒട്ടും പ്രതീക്ഷിച്ചതല്ല.

വൈസ്രോയിക്കും കപ്പിത്താന്മാർക്കും പോർച്ചുഗലിൽ നിന്നു് അടിക്കടി താക്കീതുകൾ വന്നുകൊണ്ടിരുന്നു. അപരിഷ്കൃതരെന്നു് കണക്കാക്കപ്പെട്ട ഒരു ജനവിഭാഗത്തോടു വെള്ളക്കാർ തോൽക്കുകയോ? പറങ്കികളുടെ രാജാവിന്നു് അതു വിചാരിക്കാൻകൂടി കഴിഞ്ഞില്ല. “എന്തു ചെയ്തും കുഞ്ഞാലിമരയ്ക്കാരെ നശിപ്പിക്കണം. മരയ്ക്കാർകോട്ട തച്ചുടയ്ക്കണം.” രാജാവിന്റെ അതിനിശിതമായ കല്പനവന്നു. “ആരെ വേണമെങ്കിലും കൂട്ടുപിടിക്കാം. ആരോടു വെണമെങ്കിലും സന്ധിയാവാം. എവിടെ വേണമെങ്കിലും ബന്ധുത്വത്തിനു ശ്രമിക്കാം.” അത്രയും കൂടി രാജാവു കൽപിച്ചു. ഒരു നിമിഷം താമസിക്കാതെ കുഞ്ഞാലിമരയ്ക്കാരുടെ ശല്യത്തിൽനിന്നു് അറബിക്കടലിനെ മോചിപ്പിക്കണം. ഭാവിയിലെ നേട്ടങ്ങൾ മുഴുവനും അതിനെ ആശ്രയിച്ചാണു് നിൽക്കുന്നതു്.

ഗോവയിൽ അന്നു് അധികാരത്തിലിരുന്ന വൈസ്രോയി മത്തായിയാസ് ഡി അൽബുക്കർക്കായിരുന്നു. വളരെ ശുദ്ധനായ ഒരു മനുഷ്യൻ. അന്യായവും അക്രമവും പ്രവർത്തിക്കുന്നതിൽ തീരെ വിമുഖനാണു്. മാത്രമല്ല, തന്നെപ്പോലെ മറ്റുള്ളവരെ കണക്കാക്കുന്നതു കൊണ്ടു് കളവും ചതിയും ചെയ്യുന്ന മനുഷ്യരുണ്ടെന്നു വിശ്വസിക്കാൻപോലും അദ്ദേഹം കൂട്ടാക്കിയില്ല. എല്ലാവരും നന്മചെയ്യുന്നവരാണു്. മറിച്ചു കരുതാൻ വയ്യ. കഴിയുന്നതും സംഘട്ടനത്തിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതു പറങ്കികളുടെ പാരമ്പര്യത്തിന്നു് അനുയോജ്യമായിരുന്നില്ല. തന്റെ ഭരണകാലത്തു് ആപത്തുകളൊന്നും സംഭവിക്കാതെ കഴിഞ്ഞാൽ മതിയെന്നു പ്രാർത്ഥിച്ച ഒരു വൈസ്രോയിയേ പറങ്കികൾക്കുണ്ടായിരുന്നുള്ളു. അതാണു് മത്തായിയാസ്.

മത്തായിയാസിന്റെ ശാന്തശീലം കീഴുദ്യോഗസ്ഥന്മാർക്കിടയിൽ കൊള്ളരുതായ്മകൾ വളർത്തി. കൈക്കൂലി സാർവ്വത്രികമായി പടർന്നു പിടിച്ചു. അഴിമതികൾക്കു് കണക്കില്ലാതായി. തരംകിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ ചൂഷണം ചെയ്തു് കീശ തടിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു. കച്ചവടത്തിൽ സത്യസന്ധതയും മര്യാദയും കണികാണാനില്ലാതായി.

ഇക്കാലത്താണു് പാടിമരയ്ക്കാർ മരിച്ചതും കുഞ്ഞാലിമരയ്ക്കാർ പ്രാബല്യത്തിൽ വന്നതും. സാമൂതിരിരാജാവിന്റെ കടൽപ്പടയുടെ നായകനായിരുന്ന പാടിമരയ്ക്കാരാണു് പറങ്കികളുടെ വരവോടുകൂടി ഏറെക്കുറെ കുത്തഴിഞ്ഞു് ഛിന്നഭിന്നമായിക്കിടന്ന നാവികപ്പടയെ പുനഃസംസംഘടിപ്പിച്ചതും പ്രശസ്തിയുടെ കൊടുമുടിയിലേക്കു് ഉയർത്തിക്കൊണ്ടുവന്നതും. സാമൂതിരിരാജാവിനു തന്റേടത്തോടെ സമുദ്രവ്യാപാരം ആരംഭിക്കാൻ കഴിഞ്ഞതും പാടിമരയ്ക്കാരുടെ യുദ്ധപാടവം കൊണ്ടാണു്. നാവികയുദ്ധങ്ങളിൽ തഴക്കവും പഴക്കവും സിദ്ധിച്ച പാടിമരയ്ക്കാർ പടിഞ്ഞാറൻതീരം മുഴുവനും വിദേശീയരുടെ ഭീഷണിയിൽനിന്നു മോചിപ്പിച്ചെടുക്കാനും അറബിക്കടലിലെ വിപത്തൊഴിക്കാനും അതിവിപുലമായ പല പരിപാടികളും ആസൂത്രണം ചെയ്തു. അതിലൊന്നു് കടൽത്തീരങ്ങളിൽ ഏതാനും ബലമേറിയ കോട്ടകൾ പണിയുകയെന്നതായിരുന്നു.

മഹാരാജാവിനെ മുഖം കാണിച്ചു് പാടിമരയ്ക്കാർ പുതിയ പദ്ധതികൾ തിരുമുമ്പിൽ സമർപ്പിച്ചു. ആദ്യമായി ഒരു കോട്ട പണിയാൻ അനുമതിക്കപേക്ഷിച്ചു. മഹാരാജാവു് വളരെ സന്തോഷത്തോടുകൂടി അനുമതി നൽകി. അങ്ങനെയാണു് കോട്ടയ്ക്കലഴിമുഖത്തു് ഉറപ്പിലും വലുപ്പത്തിലും ശില്പചാതുര്യത്തിലും മികച്ചതെന്നു പലരാലും പുകഴ്ത്തപ്പെട്ട മരയ്ക്കാർകോട്ട ഉയർന്നുവന്നതു്.

കോട്ടയ്ക്കു ചുറ്റും ആഴമേറിയ കിടങ്ങുകളുണ്ടു്. ഇരട്ടച്ചുമരുകൾകൊണ്ടു് ബലംകൂട്ടിയ ഉയർന്ന കോട്ടമതിലുകളിൽ അവിടവിടെ പീരങ്കികൾ ഘടിപ്പിച്ച ഗോപുരങ്ങളുണ്ടു്. കടലിൽനിന്നുള്ള കൈയേറ്റത്തെ ചെറുത്തുനിർത്താൻ കരിങ്കല്ലുകൾ പടുത്തുയർത്തിയ കൂറ്റൻ കടൽഭിത്തിയുണ്ടു്. കോട്ടയോടനുബന്ധിച്ചു് പണിതീർത്ത പുതുപ്പട്ടണത്തെ രക്ഷിക്കാൻ അറ്റം കൂർത്ത ഇരിമ്പുകാലുകളിൽകെട്ടി നിർത്തിയ വേലിക്കിടയിൽ ശത്രുക്കളെ ചുട്ടു പുകയ്ക്കാൻ സദാ പീരങ്കികൾ ഉറ്റുനോക്കിനിൽക്കുന്ന കൊത്തളങ്ങളുമുണ്ടു്. ആകെക്കൂടി അറബിക്കടലിലൂടെ കടന്നുപോകുന്ന പറങ്കിക്കപ്പിത്താന്മാർക്കു് അതു് ഒരാപൽസൂചനയും ഭീഷണിയും ദുഃസ്വപ്നവുമായി നിലകൊണ്ടു.

പുതുപട്ടണം മലനാട്ടിലെ മറ്റേതു പട്ടണത്തോടും കിടപിടിക്കത്തക്ക നിലയിൽ ക്ഷണത്തിൽ അഭിവൃദ്ധിയിലേക്കുയർന്നു. സുശക്തമായൊരു നാവികത്താവളത്തിനു പുറമേ കോട്ടയ്ക്കൽത്തുറമുഖം വ്യാപാരകേന്ദ്രമെന്ന നിലയിലും പ്രസിദ്ധിയാർജ്ജിച്ചു.

പാടിമരയ്ക്കാർ തന്റെ ആസ്ഥാനം പുതിയ കോട്ടയിലേക്കുമാറ്റി. ദുർല്ലഭമായേ കടൽപ്പടയെ നയിക്കാറുള്ളൂ. തന്റെ അനന്തരവനായ കുഞ്ഞാലിയുണ്ടു്. പോർമിടുക്കിലും തന്റേടത്തിലും തന്നെക്കാൾ ഒട്ടും പിന്നോക്കമല്ല. അൽപം എടുത്തുചാട്ടമുണ്ടെന്നൊരു കുറ്റം മാത്രം. ആ കുറ്റം ആവുന്നത്ര ശാസിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടു്. കപ്പൽവ്യൂഹത്തെ നയിക്കേണ്ട ചുമതല അനന്തരവന്നു് ഏൽപ്പിച്ചുകൊടുത്തു. പട്ടണത്തിന്റെയും തുറമുഖത്തിന്റെയും അഭിവൃദ്ധിയിൽ ശ്രദ്ധിച്ചുകൊണ്ടു് പാടിമരയ്ക്കാർ സമയം കഴിച്ചു.

പോക്കുവെയിൽ തട്ടി കോട്ടമതിലുകൾ ചുവക്കുമ്പോൾ അറബിക്കടലിലെ തിരമാലകളിലേക്കുറ്റുനോക്കി, ചെമ്പിച്ച വട്ടത്താടിയിൽ വിരലോടിച്ചു് അതികായനായ പാടിമരയ്ക്കാർ തുറമുഖം കാക്കുന്ന ഗോപുരത്തിന്റെ മുകൾത്തട്ടിൽ എന്നും കയറിനിൽക്കുന്നതു കാണാം. മാറ്റമില്ലാത്ത ദിനചര്യകളിലൊന്നാണിതു്. അറ്റം കാണാതെ പരന്നു കിടക്കുന്ന കടൽകാണുമ്പോൾ മരയ്ക്കാരുടെ ഉള്ളിൽ പല ആശയങ്ങളും കുരുത്തുവരും. അതൊക്കെ കല്ലിൽകൊത്തിയപോലെ മനസ്സിലുറപ്പിക്കണം. ആവശ്യം വരുമ്പോൾ കല്ലെഴുത്തെന്നപോലെ വായിക്കാൻ കഴിയണം. മഗരിബ് നിസ്ക്കാരത്തിനുള്ള ബാങ്കുവിളി കേൾക്കുന്നതുവരെ മരയ്ക്കാർ ചിന്താമഗ്നനായവിടെ നിൽക്കും. പായവിരിച്ച തോണികളും കപ്പലുകളും ഇളംകാറ്റിലൂടെ പതുക്കെപ്പതുക്കെ അങ്ങനെ ഒഴുകിപ്പോകുമ്പോൾ മരയ്ക്കാരുടെ കണ്ണുകൾ സന്തോഷംകൊണ്ടു വിടരും. ഹൃദയം അഭിമാനംകൊണ്ടു തുടിക്കും. അപായശങ്കകൂടാതെ കപ്പലുകൾ സഞ്ചരിക്കുന്നു. രാപ്പകലില്ലാതെ മിൻപിടുത്തക്കാർ തോണികളിറക്കുന്നു. ആരെയും പേടിക്കേണ്ടാ. കടലിൽ സമാധാനം പരന്ന കാലമാണു്. ഈ സമാധാനം സ്ഥാപിക്കാൻ താനും കടൽവെള്ളത്തിൽ കുറച്ചു ചോര കലക്കീട്ടുണ്ടെന്നു പാടിമരയ്ക്കാർക്കു് അഭിമാനത്തോടെ പറയാം. എന്നും ഇങ്ങനെ സമാധാനം നിലനിന്നാൽ മതിയെന്നു് ആ വീരസേനാനി പടച്ചവനോടു പ്രാർത്ഥിച്ചു.

കത്തിയവാർതൊട്ടു ലങ്കവരെയുള്ള തീരപ്രദേശങ്ങളിൽനിന്നു് പല നാടുവാഴികളും വിഷമഘട്ടങ്ങളിൽ പാടിമരയ്ക്കാരുടെ സഹായം തേടിയിരുന്നു. വിദേശികൾക്കെതിരായി നാട്ടുകാരെ സഹായിക്കാനുള്ള സന്ദർഭങ്ങളൊന്നും മരയ്ക്കാർ പാഴാക്കിക്കളയാറില്ല. അഭ്യർത്ഥന കിട്ടിയാലുടനെ സന്നാഹവുംകൂട്ടി താനോ അനന്തരവനോ പുറപ്പെടും. ഒരിക്കലും പരാജയത്തിന്റെ അപമാനഭാരവും ചുമന്നുകൊണ്ടു പാടിമരക്കാർക്കു തിരിച്ചുപോരേണ്ടിവന്നിട്ടില്ല; വരികയുമില്ല. പരാജയം നേരിടുമെന്നു് കണ്ടാൽ ജീവനുപേക്ഷിച്ചു കളയണമെന്നാണു് അനുയായികൾക്കും അനന്തരവനും നൽകാറുള്ള നിർദ്ദേശം. അവസാനശ്വാസം വലിക്കുന്നതുവരെ പാടിമരയ്ക്കാർ മലനാട്ടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി. മരണവുമായുള്ള മൽപ്പിടുത്തത്തിൽപ്പോലും നാട്ടിന്റെ കാര്യം ആ ധീരസേനാനി മറന്നില്ല. മരുമകനെ വിളിച്ചു് തന്റെ അന്ത്യാഭിലാഷം അറിയിച്ചു.

“കുഞ്ഞാലീ, ഇനിയും ഈ നാടും നാട്ടാരും നിന്റെ കൈയിലാണു്.” ശ്വാസത്തിനു പതർച്ച തുടങ്ങിയതുകൊണ്ടു് ഇടയ്ക്കിടെ നിർത്തിയും വിഷമിച്ചുമാണു് പാടിമരയ്ക്കാർ സംസാരിച്ചതു്.

“നിന്റെ എടുത്തുചാട്ടം കുറയ്ക്കണം… പൊന്നുതമ്പുരാന്റെ കൽപ്പന കേട്ടു് നടക്കണം. ഇനി പറങ്കികൾ തല പൊക്കരുതു്… നീയവരെ ഇവിടെനിന്നു് അടിച്ചു പായിക്കണം… അതിനു് പടച്ചവന്റെ കൃപ എന്നും നിനക്കുണ്ടാവും…”

എല്ലാം അക്ഷരംപ്രതി നിറവേറ്റാൻ കുഞ്ഞാലിമരയ്ക്കാർ പ്രതിജ്ഞചെയ്തു. ഒന്നുമാത്രം മറന്നുപോയി. എടുത്തുചാട്ടത്തിന്റെ കാര്യം അതു ജന്മസിദ്ധമാണു്. അരുതെന്നു പലപ്പോഴും വിചാരിച്ചിട്ടുണ്ടു് നിയന്ത്രിക്കാൻ വിഷമം.

കുഞ്ഞാലിമരയ്ക്കാർക്കന്നു് നാൽപ്പതുവയസ്സാണു്. കണ്ടാൽ ആരും അമ്പരന്നു നോക്കിനിൽക്കും. അത്ര ലക്ഷണമൊത്ത ശരീരമാണു്. അവയവങ്ങളൊക്കെ കടഞ്ഞെടുത്തതുപോലെ. ഉയർന്ന നാസികയും തിളങ്ങുന്ന വലിയ കണ്ണുകളും ആലവട്ടംപോലെ വെടിനിർത്തിയ വട്ടത്താടിയും നിസ്കാരത്തഴമ്പാർന്ന നെറ്റിയും ചേർന്നു് ആ മുഖത്തിനു് എന്തെന്നില്ലാത്ത ഗൗരവം നൽകിയിരുന്നു. പച്ചവില്ലീസിന്റെ കുപ്പായവും ചിത്രപ്പണികളുള്ള ഉറുമാൽകൊണ്ടു തലയിക്കെട്ടും ധരിച്ചു കപ്പൽത്തട്ടിൽ നിന്നു് അനുയായികൾക്കു കൽപനകൾ നൽകുന്ന കുഞ്ഞാലിമരയ്ക്കാരെ ശത്രുക്കൾപോലും കൗതുകത്തോടെ ഒന്നു നോക്കിപ്പോകും.

ദിനംപ്രതി കുഞ്ഞാലിമരയ്ക്കാരുടെ ശക്തി വർദ്ധിച്ചു. കീർത്തിയും പരന്നു. അടിക്കടി വിജയങ്ങൾ അനുഗ്രഹിച്ചു. ആർക്കും തലകുനിക്കാത്ത സ്വഭാവമാണു്. ഒരു പരിധിക്കപ്പുറം സാമൂതിരിരാജാവിനെപ്പോലും ബഹുമാനിക്കില്ല. തെറ്റു ചെയ്തവരെ കഠിമായി ശിക്ഷിക്കും. നാടുവാഴിയോ പ്രഭുവോ സാധാരണക്കാരനോ എന്ന ചിന്തയില്ല. മറ്റൊരാളുടെ അഭിപ്രായം സ്വീകരിക്കില്ല. ഒന്നിനെപ്പറ്റിയും വീണ്ടു വിചാരം പതിവില്ല. കേട്ടാൽ കേട്ടതിനുനേരേ ചാടിപ്പുറപ്പെടും. ഈ സ്വഭാവം കുഞ്ഞാലിമരയ്ക്കാർക്കു് പല പ്രബലരായ ശത്രുക്കളെയും സൃഷ്ടിച്ചു കൊടുത്തു.

മറ്റുള്ളവരുടെ ഉയർച്ചയിൽ കണ്ണുകടികൊണ്ടും പൊറുത്തുകൂടായ്മകൊണ്ടും വിഷമിക്കുന്നവർ ഏതു് കാലത്തും മനുഷ്യരുടെ ഇടയിൽ പിറന്നിട്ടുണ്ടു്. അത്തരക്കാർ കുഞ്ഞാലിമരയ്ക്കാരെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി. അവർ സാമൂതിരി രാജാവിനെ പറഞ്ഞിളക്കാനാണു് ശ്രമിച്ചതു്. ദിവസംപ്രതി ഒന്നോ രണ്ടോ പേർ ഏഷണിയും കൊണ്ടു് തിരുമുമ്പിലെത്തും.

“ഈ പറയുന്നതിലൊക്കെ വല്ല അർത്ഥവുമുണ്ടോ?”

ഏഷണിക്കാരോടു രാജാവു ചോദിക്കും. “നമ്മുടെ നാട്ടിനും നാട്ടാർക്കുംവേണ്ടിയാണു് കുഞ്ഞാലി കഷ്ടപ്പെടുന്നതു്.”

“അങ്ങനെ കല്പിക്കരുതു്.”

“പിന്നെ?”

“തിരുമനസ്സുകൊണ്ടു മൂർഖൻപാമ്പിനാണു് പാലുകൊടുക്കുന്നതു്. അവസരം വന്നാൽ അതു് കൈവിരലിൽ കൊത്തും.”

“മനസ്സിലായില്ല.”

“തിരുമനസ്സിലെ ആജ്ഞകളൊക്കെ കുഞ്ഞാലിമരയ്ക്കാർ ഇന്നു ലംഘിക്കുകയാണു്.”

“അതുവ്വോ?” നമ്മുടെ ഏതൊക്കെ ആജ്ഞകളാണു് അവൻ ലംഘിച്ചതു്? കേൾക്കട്ടെ.”

“ഇവിടുത്തെ മണ്ണിൽ അവനൊരു രാജ്യംതന്നെ സ്ഥാപിക്കും. എന്നിട്ടു് ഒരു മാപ്പിളരാജാവായി ഭരിക്കും.”

“അസംബന്ധം.”

“അങ്ങനെ കൽപിക്കരുതു്. വേണ്ട സമയത്തു് അടക്കിനിർത്തിയില്ലെങ്കിൽ വ്യസനിക്കേണ്ടിവരും.”

“നാം അവനെ വിളിച്ചു ചോദിക്കട്ടെ.”

“കൽപിച്ചു ചോദിച്ചാൽ അവൻ ഒന്നും സമ്മതിക്കില്ല. അധികാരങ്ങൾ കുറയ്ക്കുകയാണു് വേണ്ടതു്.”

“ആലോചിക്കാം.”

മഹാരാജാവു് ആലോചിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. ചാരവലയത്തിൽത്തന്നെ രണ്ടഭിപ്രായമാണു്.

എന്തുവേണം?

വല്ലാത്ത വിഷമമായി. ഏഷണിക്കാർ വിട്ടില്ല. തരംകിട്ടുമ്പോഴൊക്കെ മഹാരാജാവിന്റെ മനസ്സിൽ വിദ്വേഷത്തിന്റെ വിഷം കലർത്താൻശ്രമിച്ചു. കുന്നലക്കോനാതിരിയുടെ മണ്ണിൽ ഒരു മാപ്പിള രാജാവുഭരണം സ്ഥാപിക്കാൻ ഒരുങ്ങുന്നു.

നേരാണോ?

മഹാരാജാവു പലവട്ടം തന്നോടുതന്നെ ആ ചോദ്യം ചോദിച്ചു. ലോകപരിചയവും പ്രായവും കുറവാണു്. മുപ്പതാമത്തെ വയസ്സിൽ തിരുമുടിപ്പട്ടം ചാർത്താനുള്ള ഭാഗ്യമുണ്ടായി. ഒന്നും വ്യവസ്ഥപോലെ പഠിച്ചുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യകാര്യങ്ങളിൽ വേണ്ടത്ര പിടിപാടായിട്ടില്ല. എല്ലാം ക്രമേണ ശരിപ്പെടുമെന്നു കരുതിയിരിക്കുമ്പോഴാണു് പുതിയൊരു വിപത്തിനെ നേരിടേണ്ടിവന്നതു്.

കുഞ്ഞാലിമരയ്ക്കാർ നാട്ടിന്നൊരു ഭീഷണിയായി വളരുന്നു. പാടില്ല.അധികാരം കുറയ്ക്കണം. നാവികപ്പടയുടെ നായകനെന്ന നിലയിൽ സ്വരൂപത്തിനെതിരായി പലതും ചെയ്യാൻ കഴിയും. അതുകൊണ്ടു വളരെ കരുതിയിരിക്കണം. പെട്ടെന്നു മുഷിപ്പിക്കാതെ, എല്ലാം ഒട്ടൊരു നയത്തോടുകൂടി സാധിക്കണം.

ഏഷണിക്കാർ പിന്നെയും വന്നു.

ക്ഷമിച്ചിരിക്കാൻ വയ്യാ. അവർ പറയുന്നതിൽ സത്യമുണ്ടെങ്കിൽ വലിയൊരാപത്താണു് തലയ്ക്കു മുകളിൽ തൂങ്ങിനിൽക്കുന്നതു്. ഉടനടി വല്ലതും ചെയ്യണം.

പിന്നെയും ഏഷണിക്കാർ. പുതിയ പുതിയ വിവരങ്ങൾ കേട്ടു.

ക്ഷമിച്ചിരിക്കാൻ വയ്യാ. ഉത്തരവു പുറപ്പെട്ടു.

മഹാരാജാവിന്റെ വ്യക്തമായ നിർദ്ദേശവും കലപനയുംകിട്ടാതെ കുഞ്ഞാലിമരയ്ക്കാർ കടൽപ്പടയെ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഉത്തരവു്.

എടുത്തുചാട്ടക്കാരനായ കുഞ്ഞാലിമരയ്ക്കാർ ആ ഉത്തരവിനെ കാറ്റിൽ പറപ്പിച്ചുകളഞ്ഞു. തന്റെ പരിപൂർണനിയന്ത്രണത്തിലാണു് കടൽപ്പട. ഇഷ്ടമുള്ള സമയത്തൊക്കെ എങ്ങോട്ടുവേണമെങ്കിലും നയിക്കാനുള്ള അധികാരം തനിക്കുണ്ടെന്നു കുഞ്ഞാലിമരയ്ക്കാർ ഉറപ്പിച്ചു പറഞ്ഞു.

കാര്യം വിഷമത്തിലായി. നാവികസൈന്യത്തിന്റെ അധിപനും മഹാരാജാവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. മാനസികമായി അവരിരുവരും വളരെ അകന്നു.

കാര്യവിവരമുള്ളവർ ഇരുഭാഗത്തും ഉപദേശങ്ങൾനൽകി. ഒന്നും ഫലിച്ചില്ല. അകൽച്ച വർദ്ധിക്കുകയാണു്.

ആയിടയ്ക്കു കുഞ്ഞാലിമരയ്ക്കാർ പുതുപ്പട്ടണത്തിന്നടുത്തുള്ള ഒരു നായർ പ്രമാണിയുമായി പിണങ്ങി. രാവുണ്ണി അടിയോടി എന്നാണു് പേരു്. കുലമഹിമയും നല്ല സാമ്പത്തികസ്ഥിതിയുമുള്ള ഒരു തറവാട്ടിലെ കാരണവരായിരുന്നു അടിയോടി. സാമൂതിരിരാജാക്കന്മാരിൽ നിന്നു സ്ഥാനമാനങ്ങൾ കണക്കില്ലാതെ കിട്ടീട്ടുണ്ടു്. രാവുണ്ണി അടിയോടിയാണെങ്കിൽ അക്കാലത്തു് നാടുഭരിക്കുന്ന സാമൂതിരിരാജാവിന്റെ പ്രതേക സ്നേഹത്തിനു് പാത്രവുമായിരുന്നു.

അടിയോടി പറങ്കികളുമായി രഹസ്യവേഴ്ച പുലർത്തുന്നുണ്ടെന്നാണു് കുഞ്ഞാലിമരയ്ക്കാരുടെ ആക്ഷേപം. വടകരത്തുറമുഖത്തു നിന്നു് കുരുമുളകും മറ്റും ഒളിച്ചുകടത്തുന്ന ഒരു ഗുഢസംഘത്തെ അടിയോടി സഹായിക്കുന്നുണ്ടെന്നു് മരയ്ക്കാർ എങ്ങനെയോ മനസ്സിലാക്കി.

ഒരു ദിവസം ഒളിച്ചുകടത്തുകാരും മരയ്ക്കാരുടെ അനുയായികളും വടകരത്തുറമുഖത്തുവെച്ചു് ഏറ്റുമുട്ടി. കുഞ്ഞാലിമരയ്ക്കാരുടെ അനുയായികൾക്കു്, എണ്ണത്തിൽ കുറവായതുകൊണ്ടു് രണ്ടുമൂന്നുപേരുടെ ജീവൻ കളഞ്ഞു തോറ്റു പിന്മാറേണ്ടിവന്നു. വിവരം കേട്ടു് കുഞ്ഞാലിമരയ്ക്കാർ ക്ഷുഭിതനായി. അന്നു രാത്രിതന്നെ അടിയോടിയോടു പകരം ചോദിക്കാൻ വലിയൊരു സൈന്യത്തെ പറഞ്ഞയച്ചു. കുഞ്ഞുകുട്ടികളടക്കം കണ്ണിൽക്കണ്ടവരെ മുഴുവനും വെട്ടിക്കൊന്നു് തറവാട്ടുവീടിനു തീയും കൊളുത്തിയാണു് പോയവർ തിരിച്ചുവന്നതു്.

പിറ്റേന്നു പ്രഭാതത്തിൽ വിവരം കാട്ടുതീപോലെ പരന്നു. സാമൂതിരിരാജാവിനെതിരായി കുഞ്ഞാലിമരയ്ക്കാർ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞെന്നു് ആ സംഭവത്തെ മുൻനിർത്തി പലരും തീരുമാനിച്ചു. നാട്ടിലുടനീളം സംഘർഷാവസ്ഥ വളർന്നു.

ഈ കാലഘട്ടത്തിലാണു് മത്തായിയാസിനെ മടക്കിവിളിച്ചതും ഫ്രാൻസിസ്കോ ഡി ഗാമയെ പുതിയ വൈസ്രോയിയായി നിയമിച്ചതും. ‘ആരെ വേണമെങ്കിലും കൂട്ടുപിടിക്കാം, ആരോടു വേണമെങ്കിലും സന്ധിയാവാം, എവിടെ വേണമെങ്കിലും ബന്ധുത്വത്തിനു ശ്രമിക്കാ’മെന്ന പുതിയ നയം നടപ്പാക്കേണ്ടതു ഫ്രാൻസിസ്കോ ഡി ഗാമയാണു്. അധികാരമേറ്റെടുത്ത ദിവസം വൈസ്രോയി ഗോവയിലെ പ്രഭുക്കന്മാരെയും വ്യാപാരികളെയും കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. അതിപ്രധാനമായ ഒരു നിർദ്ദേശം വൈസ്രോയിക്കവരുടെ മുമ്പിൽ സമർപ്പിക്കാനുണ്ടായിരുന്നു. പോർച്ചുഗീസുകാരുടെ ഭാവി കുഞ്ഞാലിമരയ്ക്കാരുടെ അധഃപതനത്തെ ആശ്രയിച്ചാണു് നിൽക്കുന്നതു്. എന്തു വില കൊടുത്തും കുഞ്ഞാലിമരയ്ക്കാരെ നശിപ്പിക്കാൻ തീരുമാനിച്ചതുകൊണ്ടു് പ്രഭുക്കന്മാരും വ്യാപാരികളും ഭരണകൂടത്തെ ഉള്ളഴിഞ്ഞു സഹായിക്കണമെന്നു് വൈസ്രോയി അപേക്ഷിച്ചു.

പത്തു പുതിയ കപ്പലുകൾ യുദ്ധാവശ്യത്തിനുവേണ്ടി സംഭാവന ചെയ്യാമെന്നു് വ്യാപാരികളേറ്റു. പ്രഭുക്കന്മാരും സഹായവാഗ്ദാനങ്ങൾ നൽകി. സന്തോഷഭരിതനായ വൈസ്രോയി നന്ദി പ്രദർശിപ്പിച്ചുകൊണ്ടു് കൂടിക്കാഴ്ച അവസാനിപ്പിച്ചു.

യുദ്ധസന്നാഹങ്ങൾക്കു് സൗകര്യം കൊടുക്കാത്തവിധം മരയ്ക്കാർകോട്ടയെ ഉപരോധിച്ചുനിർത്താനുള്ള പരിപാടിയാണു് വൈസ്രോയി പിന്നീടു് ആസൂത്രണം ചെയ്തതു്. സാമൂതിരിരാജാവും കുഞ്ഞാലിമരയ്ക്കാരുമായുള്ള അസുഖത്തിൽനിന്നു മുതലെടുക്കാനുള്ള പരിശ്രമവും നടന്നു.

തന്റെ ഇളയസഹോദരനെ സർവ്വസൈന്യാധിപനായി നിയമിച്ചു് വലിയൊരു കപ്പൽപ്പടയുമായി ഫ്രാൻസിസ്കോ ഡി ഗാമ കോഴിക്കോട്ടേക്കയച്ചു. സാമൂതിരിരാജാവുമായി പുതിയ കൂടിയാലോചനകൾ ആരംഭിക്കാൻ സൈന്യാധിപനെ ചുമതലപ്പെടുത്തി.

ദീർഘകാലത്തെ ഒഴിവിനുശേഷം കോഴിക്കോട്ടു തുറമുഖത്തു് പറങ്കിക്കപ്പലുകൾ പ്രത്യക്ഷപ്പെട്ടു. ഉദ്യോഗസ്ഥൻമാരും ജനങ്ങളും പരിഭ്രമിച്ചു. ഒരു സന്ദേശവാഹകൻ കപ്പലിൽനിന്നു കൊട്ടാരത്തിലെത്തി.

പഴയ അസുഖങ്ങളും കുറ്റങ്ങളും പരസ്പരം മറണക്കണമെന്നും രാജ്യക്ഷേമത്തിന്നുവേണ്ടി പോർച്ചുഗീസ് രാജാവുമായി സാമൂതിരിരാജാവു് മൈത്രീബന്ധത്തിലേർപ്പെടണമെന്നും വൈസ്രോയി ആഗ്രഹിക്കുന്നതായി സന്ദേശവാഹകൻ അറിയിച്ചു. മന്ത്രിസഭയുമായി ആലോചിച്ചു് തക്ക മറുപടി നൽകാമെന്നു് സാമൂതിരിരാജാവു് സന്ദേശവാഹകനെ അറിയിച്ചു.

മന്ത്രിസഭ യോഗം ചേർന്നു. പറങ്കികളെ വിശ്വസിക്കാൻ പാടില്ലെന്നു പലരും ഉറപ്പിച്ചുപറഞ്ഞു. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന പക എളുപ്പത്തിൽ തുടച്ചുമാറ്റാൻ കഴിയുമായിരുന്തില്ല. രാജാവിന്റെ മനസ്സു് ആടിക്കളിച്ചു. തന്റെ സാമന്തന്മാരോടും നാടുവാഴികളോടും ധിക്കാരം കാണിക്കുകയും തന്റെ ഉത്തരവുകൾ ലംഘിക്കുകയും ചെയ്യുന്ന കുഞ്ഞാലിമരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നു രാജാവിനു മോഹമുണ്ടായിരുന്നു. അതു് അദ്ദേഹം തുറന്നുപറഞ്ഞു. മങ്ങാട്ടച്ചനാണു് അതിനു മറുപടി പറഞ്ഞതു്.

“തിരുമേനീ, ഒരു മുള്ളെടുക്കാൻ മറ്റൊരു മുള്ളുവേണമെന്നു് അടിയൻസമ്മതിച്ചു. പക്ഷേ, കാര്യം അത്രമാത്രം വിഷമത്തിലായിട്ടുണ്ടോ?”

“എന്തുകൊണ്ടില്ല?”

“കുഞ്ഞാലി അത്രയ്ക്കജയ്യനാണെന്നു് അടിയൻ വിശ്വസിക്കുന്നില്ല. കൽപിച്ചാൽ ഇന്നുതന്നെ അടിയനവനെ പിടിച്ചുകെട്ടി തൃക്കാൽക്കൽ കൊണ്ടുവന്നുവയ്ക്കാം.”

“അവൻ ചെറുത്തുനിന്നാലോ?”

“യുദ്ധം ചെയ്യണം.”

“ഛീ, വഷള്! അവനുമായിട്ടൊരു യുദ്ധം നമ്മുടെ സ്വരുപത്തിലേക്കു് അപമാനമാണു്. നാം ആലോചിക്കുന്നതല്ല. ഈ പറങ്കികളുണ്ടല്ലോ, അവർക്കു കുഞ്ഞാലിയെ കണ്ണെടുത്തു കണ്ടുകൂടാ. അവരുമായി ഒരു താൽക്കാലിക സന്ധിയുണ്ടാക്കി കുഞ്ഞാലിയെ നശിപ്പിക്കുന്ന കാര്യം അവർക്കുവിട്ടുകൊടുത്താലെന്താ?

മന്ത്രിസഭ ഒന്നിച്ചു് ആ അഭിപ്രായത്തെ എതിർത്തു. ഏതു നിലയിലും പറങ്കികളുമായി മൈത്രീബന്ധം സ്ഥാപിച്ചുകൂടെന്നാണു് എല്ലാവരും അഭിപ്രായപ്പെട്ടതു്. വ്യക്തമായ തീരുമാനമൊന്നുമെടുക്കാതെ അന്നു യോഗം പിരിഞ്ഞു.

മൂന്നുമാസക്കാലം സൈന്യാധിപൻ കടൽപ്പടയോടുകൂടി കോഴിക്കോട്ടു തുറമുഖത്തു താമസിച്ചു. സാമൂതിരിരാജാവുമായി നിത്യമെന്നോണം സന്ദേശങ്ങൾ കൈമാറി. എന്തുവേണമെന്നു വ്യക്തമായൊരുതീരുമാനമെടുക്കാൻ വിഷമം. ഒരു വശത്തു സന്ധിയാലോചന നടക്കുമ്പോൾ മറുവശത്തു കുഞ്ഞാലിമരയ്ക്കാരുടെ ധിക്കാരത്തിന്റെ കഥകൾ പെരുകിവന്നു.

ഒരു ‘മാപ്പിളരാജ്യം’ സ്ഥാപിക്കാനുള്ള ശ്രമമാണോ? പിന്നെയും പിന്നെയും സാമൂതിരിരാജാവിന്റെ മനസ്സിൽ ആ സന്ദേഹം തേട്ടിക്കൊണ്ടുവന്നു. എത്രകാലം കൈയുംകെട്ടി ഈ ധിക്കാരം നോക്കിക്കൊണ്ടു നിൽക്കും? മന്ത്രിമാരും സൈന്യാധിപന്മാരും എതിർപ്പു പ്രകടിപ്പിച്ചേക്കും. വാക്കിൽ മാത്രം സാരമില്ല. സന്ധിചെയ്യാം. മാന്യമായ സന്ധി. സാമൂതിരിരാജാവു സമ്മതിച്ചു. വിവരം സൈന്യാധിപനെ അറിയിച്ചു.

രണ്ടുകൂട്ടരും യോജിച്ചുകൊണ്ടു് കുഞ്ഞാലിമരയ്ക്കാരെ എതിർക്കാം. അതാണു് പറങ്കികളുടെ നിർദ്ദേശം. സ്വീകരിക്കാൻ വിഷമമുണ്ടു്. ജനങ്ങളെന്തു പറയും? എന്തുപറഞ്ഞാലും വേണ്ടില്ല. തന്റെ മണ്ണിൽ ഒരു മാപ്പിളരാജാവു ഭരിക്കുന്നതു നോക്കിയിരിക്കാൻ വയ്യാ.

അനുമതി നൽകി.

സൈന്യാധിപൻ സന്തോഷിച്ചു് ഗോവയിലേക്കു തിരിച്ചുപോയി. പറങ്കിക്കപ്പലുകൾ കൊച്ചിയിൽ നിന്നും ഗോവയിൽ നിന്നും മരയ്ക്കാർകോട്ടയെ ലക്ഷ്യം വെച്ചുനീങ്ങി. ഉപരോധാവസ്ഥ സൃഷ്ടിക്കുകയാണു്. കടലിൽനിന്നു സഹായങ്ങളൊന്നും കുഞ്ഞാലിമരയ്ക്കാർക്കു കിട്ടരുതു്.

സാമൂതിരിരാജാവുമായുള്ള സന്ധി തന്റെ ആദ്യത്തെ വിജയമായി ഫ്രാൻസിസ്കോ ഡി ഗാമ കണക്കിലെടുത്തു. താമസിയാതെ യുദ്ധ പ്രഖ്യാപനം നടത്തി. പതിവുപോലെ പൊതുമാപ്പു നൽകി തടവുകാരെ സൈന്യത്തിൽ ചേർത്തു. ട്രോങ്കോവിന്റെ വാതിൽ തുറന്നുകിടന്നു. ആഹ്ലാദഭരിതരായ ജനങ്ങൾ ആർത്തുവിളിച്ചു തെരുവീഥികളിലൂടെ നടന്നു. എങ്ങും യുദ്ധത്തെപ്പറ്റിയല്ലാതെ സംസാരമില്ലു.

തടങ്കൽപ്പാളയത്തിൽ നിന്നു ഫർണാണ്ടസ്സിനെയും കൂട്ടുകാരെയും പുറത്തു കൊണ്ടു വന്നു. അനുഭവിച്ചുകഴിഞ്ഞു. ശിഷ്ടമുള്ള ശിക്ഷാകാലം അവർക്കു് ഇളവുചെയ്തുകൊടുത്തു. പക്ഷേ, ചങ്ങല അഴിച്ചുമാറ്റിയില്ല. അതാണത്ഭുതം. ശിക്ഷാകാലം ഇളവുചെയ്തതിൽ ഫർണാണ്ടസ് സന്തോഷിച്ചില്ല. അടിമത്തം അപ്പോഴും ബാക്കിയാണു്.

കോട്ടപ്പുഴയുടെ പരിസരത്തിൽ പട്ടാളക്കാർക്കും കൂലിക്കാർക്കും താമസിക്കാനുള്ള താവളങ്ങൾ തിരക്കിട്ടു് പണി തീരുകയാണു്. കോഴിക്കോട്ടുനിന്നു് ഇരുപതിനായിരം നായർപ്പടയാളികൾ എത്തിച്ചേർന്നിട്ടുണ്ടു്. കണക്കിലേറെ ആശാരിമാരും മരംവെട്ടുകാരുമുണ്ടു്. കടൽയുദ്ധത്തിനു പുതിയ രീതിയിലുള്ള തോണികളും കപ്പലുകളും പണിയാനാണു് തീർച്ചപ്പെടുത്തിയതു്. മരവും കൂലിക്കാരും സാമൂതിരിരാജാവിന്റെ സംഭാവനയാണു്. കപ്പൽനിർമാണത്തിൽ വൈദഗ്ദ്ധ്യയമുള്ള പറങ്കികളെ ഗോവയിൽ നിന്നു് അയച്ചിട്ടുണ്ടു്.

കാടുകളിൽനിന്നു് കുറ്റൻമരങ്ങൾ മുറിഞ്ഞുവീണു. ആനകൾ അതൊക്കെ വലിച്ചു പുഴയിലിട്ടു. കൂലിക്കാർ തുഴഞ്ഞു ജോലിസ്ഥലത്തെത്തിച്ചു. ഈർച്ചക്കാരും ആശാരിമാരും അവിരാമമായി പ്രയത്നിച്ചു് പണിത്തരങ്ങൾ നിർമ്മിച്ചു.

ദിവസമെന്നോണം ഗോവയിൽ നിന്നു് കൂലിക്കാരെയുംകൊണ്ടു് കപ്പലുകൾ കോട്ടപ്പുഴയിലെത്തി. കാടുപിടിച്ചു് വിജനമായിക്കിടന്ന നദീ തീരം ജനനിബിഡമായി.

ഫർണാണ്ടസ്സും സംഘവും ഒരു പാതിരാവിലാണു് അവിടെ കപ്പലിറങ്ങിയതു്. ഏതാണ്ടു കുറച്ചൊക്കെ മറ്റുള്ളവർ പറഞ്ഞുകേട്ടും ബാക്കി ഊഹിച്ചും ഫർണാണ്ടസ് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. കുട്ടിക്കാലം മുതൽ ഫർണാണ്ടസ്സിന്റെ ആരാധനാമൂർത്തിയാണു് കുഞ്ഞാലിമരയ്ക്കാർ. വളയക്കടപ്പുറത്തെ തോണിക്കൊമ്പിലിരുന്നു കുഞ്ഞാലിമരയ്ക്കാരുടെ അപദാനങ്ങൾ വലിയവർ കീർത്തിക്കുന്നതു കേട്ടു് പലപ്പോഴും അവൻ രോമാഞ്ചംകൊണ്ടിട്ടുണ്ടു്. ഒരു ദിവസം കുഞ്ഞാലിമരയ്ക്കാരെപ്പോലെ കടലിലിറങ്ങി പറങ്കികളോടേറ്റുമുട്ടണമെന്നു് അന്നൊക്കെ അവൻ കൊതിച്ചിട്ടുണ്ടായിരുന്നു. ജീവിതത്തിലിന്നോളം കുഞ്ഞാലിമരയ്ക്കാരെ കാണാൻ കഴിഞ്ഞിട്ടില്ല. കാണാൻ വലിയ കൊതിയുണ്ടായിരുന്നു.

ചങ്ങല കുലുക്കിക്കൊണ്ടു് ഇരുട്ടിലൂടെ കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ ഫർണാണ്ടസ് തിരിഞ്ഞു നോക്കി. മരയ്ക്കാർകോട്ട അവിടെയെങ്ങാനുമുണ്ടോ? കടലിൽ താവളമടിച്ചുകൂട്ടിയ പറങ്കിക്കപ്പുലുകളെ എന്തുകൊണ്ടു് മരയ്ക്കാർ തച്ചുടയ്ക്കുന്നില്ല? കോട്ടയെ നശിപ്പിക്കാൻ ചുറ്റുപുറവും നടക്കുന്ന ഈ സംരംഭങ്ങളൊക്കെ മിണ്ടാതെ നോക്കി നിൽക്കുകയാണോ? ആലോചിച്ചിട്ടു് അവനൊരെത്തും പിടിയും കിട്ടുന്നില്ല. സംഭവങ്ങൾ ആകപ്പാടെ തലകിഴുക്കാം തൂക്കായി നിൽക്കുന്നു. തന്റെ പൊന്നുതമ്പുരാൻ ഇന്നു് പറങ്കികളുടെ ഭാഗത്താണു്.

എല്ലാവർക്കും ഭ്രാന്താണോ?

രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിച്ചു് പിന്നെയും പിന്നെയും പറങ്കികൾക്കു മുന്നേറാനുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കുന്ന ഈ നടപടികൾ കൈക്കൊള്ളാൻ പൊന്നുതമ്പുരാനെ പ്രേരിപ്പിച്ചതാരായിരിക്കും? ആലോചനയിൽ മുഴുകിയാണു് ഫർണാണ്ടസ് നടക്കുന്നതു്. ഒന്നും വ്യക്തമല്ല.

ഒരു കാര്യം ഉറപ്പാണു്. കുഞ്ഞാലിമരയ്ക്കാർ കീഴടങ്ങുകയില്ല. ഒരവസരം കാത്തുനിൽക്കുകയായിരിക്കും. അതു് വന്നുചേരുമ്പോൾ പുലിയെപ്പോലെ പുറത്തുചാടും. എല്ലാം അടിച്ചുടയ്ക്കും. കപ്പലുകൾ കത്തി നശിക്കും. പറങ്കികൾ പേടിച്ചോടും. പൊന്നുതമ്പുരാനും ആൾക്കാരും നാണിച്ചു തല താഴ്ത്തും. ആ കാഴ്ച എന്തൊരു രസമായിരിക്കും! ആ ബഹളത്തിൽ, അന്യോന്യമുള്ള ഏറ്റുമുട്ടലിൽ, എല്ലാ ചങ്ങലകളും പൊട്ടും, പിന്നെ സ്വതന്ത്രനാണു്. അന്നു് ഐദ്രോസ് ചെയ്തപോലെ ചങ്ങലകൊണ്ടടിച്ചുതന്നെ പറങ്കികളെ കൊല്ലാം.

ഫർണാണ്ടസ്സിന്റെ നടത്തം മുറുകി.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.